SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
12
കവി​യു​ടെ വിട
അൽ​ഫോം​സ് ദ് ലമാർ​ത്തീൻ (ALPHONSE DE LAMARTINE (1790-1869))

ആത്മാ​വി​ഷ്കാ​ര​ത്തി​ന്റെ അടി​സ്ഥാ​ന​പ്ര​മാ​ണ​ങ്ങ​ളെ സ്വർ​ശി​ക്കു​ന്ന ലമാർ​ത്തീ​നി​ന്റെ ഈ കവിത ഫ്ര​ഞ്ച് ഭാ​വ​ഗാ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ ഒരു പ്ര​ക​ട​ന​പ​ത്രി​ക​യാ​യ​ണെ​ന്നു പറയാം.

നി​റ​നി​ല​യിൽ​ത്താൻ മദീ​യ​ജീ​വിത–
ചഷകം പെ​ട്ടെ​ന്നു തകർ​ന്നു​പോ​യി​തേ.
നെ​ടു​വീർ​പ്പു​ക​ളാ​യ് നി​മേ​ഷം തോ​റു​മേ
പാ​ല​യ​നം ചെ​യ്യു​ന്നി​വ​ന്റെ ചൈ​ത​ന്യം. [1]
സഹ​താ​പ​ത്തി​നോ ചു​ടു​ക​ണ്ണീ​രി​നോ
കഴി​യു​കി​ല്ലി​തിൻ ഗതി തട​യു​വാൻ.
അണ​ഞ്ഞി​ടു​ന്ന​ന്ത്യ​മു​ഹൂർ​ത്ത​മെ​ന്നു ത–
ന്മണി മു​ഴ​ക്കു​ന്നു മര​ണ​ദേ​വത.
കര​ണീ​യ​മെ​ന്താ​ണി​വ​നീ​യാ​സ​ന്ന–
സ്ഥി​തി​യിൽ കേഴണോ, അതല്ല പാടണോ?
സരി പാ​ട​ട്ടെ ഞാ, നി​നി​യും വീണയെ
വെ​ടി​ഞ്ഞ​തി​ല്ല​യെൻ കര​വി​ര​ലു​കൾ. [2]
കള​ഹം​സ​ത്തി​നു മര​ണ​വേ​ള​യിൽ
ഗള​നാ​ളേ ഗാനം നി​റ​ഞ്ഞൊ​ഴു​കു​ന്നു.
മര​ണ​മാ​വി​ധ​മി​വ​നു​മേ പേർ​ത്തു–
മൊരു നവ​ഗാ​ന​പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ്!
അഭി​കാ​മ്യ​മാ​കും മൃ​ത​ശ​കു​ന​മി–
തെ​നി​ക്കു ജന്മ​നാ ലഭി​ച്ച​താം വരം
പ്ര​ണ​യം, സം​ഗീ​ത​മി​വ​മാ​ത്ര​മാ​ണു [3]
മനുജർ നമ്മൾ​ത​ന്ന​ക​ത​ലം തന്നിൽ
നി​റ​ഞ്ഞി​രി​പ്പ​തെ​ന്ന​രി​കിൽ, നാ​മൂ​ഴി
വി​ടു​ന്ന നേ​ര​ത്തു, വി​ട​പ​റ​യ​ലാ​യ്
പു​തു​ഗാ​ന​മൊ​ന്നു വിയതി വാ​യു​വിൽ
തിരകൾ ചേർ​ത്തു കൊ​ണ്ടു​യർ​ന്നു പോ​ക​ട്ടെ!
തക​രും​വ​ല്ല​കി തട​വെ​ന്യേ തൂകു–
ന്ന​ക​മ​ലി​യി​ക്കു​മൊ​രു ഗാനം കൂടി.
അണയും ദീപിക നവ​ചൈ​ത​ന്യ​മാർ–
ന്ന​ധി​ക​കാ​ന്തി​യിൽ തെ​ളി​ഞ്ഞു​ക​ത്തു​ന്നു;
മൃ​തി​നേ​ര​ത്ത​ന്നം വി​യ​ത്തി​നെ വീ​ക്ഷി–
ച്ചു​റ​ക്കെ​പ്പാ​ടു​ന്നു മി​ക​ച്ച തൻ​ഗാ​നം;
മനുജൻ മാ​ത്രം തൻ​പി​റ​കിൽ നോ​ക്കീ​ട്ടു
ദി​ന​മെ​ണ്ണി​നോ​ക്കി വി​ല​പി​ച്ചീ​ടു​ന്നു! [4]
[5] വി​ല​പി​ച്ചീ​ടു​വാൻ, ഭു​വ​ന​വാ​ഴ്‌​വെ​ന്ന
പ്ര​തി​ഭാ​സ​മി​തിൻ പൊ​രു​ളെ​ന്തൊ​ന്നു​വാൻ?
ഒരു ദിനം, വീ​ണ്ടു​മൊ​രു​ദി​നം, വീ​ണ്ടും
വരു​ന്നി​തി​പ്പോ​ലെ ദി​ന​നി​ക​ര​ങ്ങൾ.
ഒരു ദിനം നമു​ക്ക​രു​ളി​ടു​ന്ന​തു
തി​രി​കെ വാ​ങ്ങി​ടു​ന്ന​പ​ര​മാം ദിനം. [6]
ശ്ര​മ​വി​ശ്രാ​ന്തിക, ഴഴൽ, ചില പൊഴു–
തൊ​രു​സു​ഖ​സ്വ​പ്ന, മിതു തന്നെ ദിനം. [7]
ദി​ന​പ​ര​മ്പ​ര​യ്ക്ക​റു​തി​യിൽ നിത്യ–
നി​ശ​യ​ണ​ഞ്ഞി​ടു​ന്ന​നി​വാ​ര്യ​മാ​യും.
മു​റു​കെ വത്സ​ര​നി​ര​ക​ളെ​ക്കെ​ട്ടി–
പ്പു​ണ​രു​വാ​നാശ പരം പു​ലർ​ത്തു​വോൻ,
തനതു ഭാ​വി​യോ​ടൊ​രു​മി​ച്ചു തന്റെ
നി​ന​വി​ലു​ള്ളാ​ശാ കലി​ക​ക​ളെ​ല്ലാം
വി​ക​സി​ത​മാ​കാ​ത​ടി​വ​തു കാ​ണ്മോൻ
വി​ല​പി​ച്ചീ​ട​ട്ടെ മര​ണ​ഭീ​തി​യിൽ. [8]
ധരയിൽ വേ​രൂ​ന്നാ​ത്തി​വ​ന്ന​നാ​യാസ–
മി​വി​ടെ നി​ന്നു​മേ​മ​റ​യാ​നാ​വു​ന്നു.
ദ്രു​ത​മ​ന്തി​ക്കാ​റ്റി​ന്ന​ടി​യേ​ല്ക്കെ​പ്പൊ​ങ്ങി–
യക​ലെ​പ്പാ​റി​പ്പോം തൃ​ണ​ശ​ക​ലം​പോൽ [9]
തടിനി തൻ തട​സ്ഥ​ലി​യി​ലോ വന–
തരു​വി​ലോ കൂടു പണിതു തങ്ങാ​തെ
സത​ത​സ​ഞ്ചാ​ര​കു​തു​കി​ക​ളാ​യ്പോം
പത​ഗ​ങ്ങൾ​പോ​ലാം കവി​ക​ളും പാർ​ത്താൽ.
കര​വി​ട്ടാ​റ്റി​ന്റെ​യൊ​ഴു​ക്കിൽ താ​രാ​ട്ടേ– [10]
റ്റവ പാ​ടി​പ്പാ​ടി​പ്പ​റ​ന്ന​ക​ലു​ന്നു. [11]
അവ​യെ​പ്പ​റ്റി, ത്ത​ന്മ​നോ​ജ്ഞ​ഗീ​തിക–
ളൊ​ഴി​കെ മറ്റൊ​ന്നു​മ​റി​യി​ല്ല ലോകം. [12]
വി​രു​തെ​ഴാ​ത്ത​തെൻ കര​മെ​ന്നാ​കി​ലും
പ്രി​യ​ത​യേ​റു​മീ വി​പ​ഞ്ചി​മീ​ട്ടു​വാൻ
അതി​നു​ണ്ടാ​യി​ട്ടി​ല്ലി​തേ​വ​രേ​യ്ക്കു​മൊ
രി​ത​ര​മാം കരം വഴി​കാ​ട്ടീ​ടു​വാൻ. [13]
ഹൃ​ദ​യ​ചോ​ദന കഴി​യി​ല്ലാർ​ജ്ജി​ക്കാ–
നപ​ര​ശി​ക്ഷ​ണ​പ​ടു​ത​യി​ലൂ​ടേ.
ഒഴു​കി​പ്പോ​കു​വാ​ന​രു​വി​യും വാനിൻ
വി​രി​മാ​റു പൂ​കാ​ന​രു​മ്പ​റ​വ​യും
നൂ​റു​തേൻ നിർ​മ്മി​ക്കാൻ മധു​മ​ക്ഷി​ക​യും
പഠനം ചെ​യ്യുക പതി​വി​ല്ല​യ​ല്ലോ.
അടി​യേ​ല്ക്കെ പ്പ​ള്ളി​മ​ണി ചൊ​രി​യു​ന്നു
മുദമോ താപമോ കലർ​ന്ന രാ​ഗ​ങ്ങൾ,
വരണം കൊ​ണ്ടാ​ടാൻ, ജനനം കൊ​ണ്ടാ​ടാൻ,
മര​ണ​വൃ​ത്താ​ന്തം വി​ളം​ബ​രം ചെ​യ്യാൻ.
[14] ഉല​യി​ങ്കൽ കേ​ട​റ്റു​രു​കി വന്നൊ​രാ
മണി​ത​ന്നോ​ടു​പോൽ മമ ഹൃ​ദ​ന്ത​വും:
വരു​മോ​രോ​ഭാ​വ​പ്ര​ഹ​ര​മേ​ല്ക്കെ​യെൻ–
കരളിൽ നി​ന്നൂ​റും നവനവ ഗാനം! [15]
ഇര​വി​ലി​മ്പ​ല​ത്തി​ല​നി‘ലനില സാ​ര​ങ്കി’ [16]
യി​ളം​കാ​റ്റു​വ​ന്നു പു​ണർ​ന്നി​ടു​ന്നേ​രം
തനിയെ മൂ​ളു​ന്നു കരു​ണ​സം​ഗീ​തി
തടി​നി​തൻ പാ​ട്ടി​ലി​ണ​ങ്ങി​ച്ചേ​രു​വാൻ.
ചെ​വി​യി​ല​ഗ്ഗീ​ത​മ​ണ​യ​വേ പാ​ന്ഥർ
വഴി​യിൽ നി​ന്ന​തു നു​ക​രും സാ​ത്ഭു​തം.
അറി​യു​കി​ല്ലെ​ന്നാ, ലവർ​ക്കി​സ്സ്വർ​ഗ്ഗീയ
നെ​ടു​വീർ​പ്പു​കൾ​ത​ന്നു​റ​വ​യേ​തെ​ന്ന്
പറ​കി​ലെൻ​വീണ പല​പൊ​ഴു​തു​മേ
ചു​ടു​ക​ണ്ണു​നീ​രാ​ല​ഭി​ഷി​ക്ത​മ​ത്രെ.
മി​ഴി​നീർ​ത്തു​ള്ളി​കൾ വി​ധി​ദ​ത്ത​മായ
വി​ശു​ദ്ധ​വൈ​ഭാ​ത​ഹി​മ​ക​ണ​ങ്ങ​ളാം. [17]
നിയതം കാ​റൊ​ഴി​ഞ്ഞൊ​രു​വാ​നിൻ​കീ​ഴിൽ
പരി​പ​ക്വ​മാ​കാ മനു​ജ​മാ​ന​സം. [18]
ഒഴുകാ, മു​ന്തി​രി​ക്കു​ല​യി​ങ്കൽ നി​ന്നും
പു​തു​ചെ​ഞ്ചാർ ഞെ​ക്കി​പ്പി​ഴി​യു​ന്നി​ല്ലെ​ങ്കിൽ, [19]
പദ​മർ​ദ്ദ​ന​ത്താൽ ചതയവേ ഗന്ധ–
ലത പര​ത്തു​ന്നു സ്വ​കീ​യ​സൗ​ര​ഭം.
നി​രു​പി​ച്ചീ​ടു​കിൽ, നിഖില നായക–
നെ​രി​വീർ​പ്പൊ​ന്നി​നാ​ലു​യി​രി​വ​ന്നേ​കി.
മമ​സ്പർ​ശ​മേ​റ്റ​ത​ഖി​ല​വു​മെ​രി–
ഞ്ഞൊ​ടു​ങ്ങി തജ്ജ്വാ​ലാ​പ്ര​സ​രം ഹേ​തു​വാ​യ്. [20]
മൃ​തി​ക​ര​വ​രം, ദഹി​പ്പൂ ഞാ​നു​മെൻ
പ്ര​ണ​യാ​ധി​ക്യ​ത്തി​ന്നെ​രി​വ​ഹ്നി​യി​ങ്കൽ. [21]
പ്ര​ണ​യാ​ലിം​ഗ​നാ​ല​ട​വി​യെ ച്ചു​ട്ടു–
കരി​യാ​ക്കി​യ​ല്ലോ മറ​യു​ന്നു മി​ന്നൽ. [22]
കഴി​ഞ്ഞി​തെൻ കാല, മി​നി​യി​വ​നുമ–
പ്ര​സ​ക്തൻ കാ​ല​ത്തി, ന്നി​തേ​പോ​ലെൻ പേരും.
ഒരു വ്യർ​ത്ഥ​നാ​ദ​വു​മു​ള​വാ​ക്കീ​ടു​ന്ന
പ്ര​തി​നാ​ദ​മ​ല്ലീ പ്ര​ശ​സ്തി​യെ​ന്ന​തു? [23]
ഒരു നൂ​റ്റാ​ണ്ട​തു മറു നൂ​റ്റാ​ണ്ടി​ന്റെ
ചെ​വി​യിൽ കേൾ​പ്പി​ക്കു, മതി​നു​മ​പ്പു​റം
വരാ​നി​രി​ക്കു​ന്ന തല​മു​റ​കൾ​തൻ–
കര​ങ്ങ​ളി​ല​തു വെറും കളി​പ്പാ​ട്ടം
അതി​ന്നു ഭാ​വി​ത​ന്ന​ന​ന്ത​സാ​മ്രാ​ജ്യ–
മു​റ​പ്പി​ച്ചീ​ടു​ന്ന സു​ഹൃ​ത്സ​മൂ​ഹ​മേ,
മമ വീ​ണാ​ലാ​പ​മി​തൊ​ന്നു ശ്ര​ദ്ധീ​ക്കൂ:
ഞൊ​ടി​യിൽ വാ​യു​വി​ല​തു പോ​യി​ല്ല​യോ? [24]
[25] കു​ടീ​ര​മൊ​ന്നി​നെ​ച്ചു​ഴ​ലു​മെ​ന്നാ​ത്മ–
വി​ല​പ​ന​ത്തി​ന്റെ സ്മൃ​തി​യെ​ക്കാ​ല​വും
അല​യ​ടി​യ്ക്കു​മോ, യൊ​രു​മൃ​ത​ന്നു തൻ
നെ​ടു​വീർ​പ്പോ കീർ​ത്ത​നി​ല​യ​മാ​വ​തു?
അഖി​ല​കാ​ല​ത്തിൻ സ്മരണ ദാനമാ–
യതി​ന്നു നല്കു​വാൻ മു​തിർ​ന്നി​ടു​ന്നോ​രേ,
മൃ​തി​വ​ശ​ഗ​രേ, സ്വ​വ​ശം നി​ങ്ങൾ​ക്കി–
ങ്ങൊ​രു​ദി​നം പോ​ലു​മി​രി​പ്പ​തി​ല്ല​ല്ലോ.
പറവേൻ സത്യ, മീ ധര​ണി​യി​ലി​വൻ
പി​റ​വി​കൊ​ണ്ട​ന്നു മു​തൽ​ക്കി​ന്നോ​ള​വും
മനു​ജ​വി​ഭ്രാ​ന്തി വി​ര​ചി​ച്ച​താ​മി–
പ്പെ​രി​യ​പോ​രി​നെ യൊ​രി​ക്കൽ പോ​ലു​മേ
ഒരു ലഘു​ഹാ​സ​സ​ഹി​ത​മ​ല്ലാ​തെ–
യു​രി​യാ​ടി​യി​ട്ടി​ല്ലി​വ​ന്റെ ചു​ണ്ടു​കൾ.
പൊ​രു​ള​റി​വാൻ ഞാൻ വി​ര​യു​ന്തോ​റു​മി–
പ്പ​ദ​മോ കൂ​ടു​തൽ പരി​ശൂ​ന്യ​മ​ല്ലോ.
വി​ര​സ​മാ​മൊ​രു പഴ​ത്തൊ​ലി​പോ​ലെ
നി​ര​സി​ച്ചേൻ ദൂ​രാ​ല​തി​നെ ഞാൻ മു​ന്നേ.
മനു​ജ​നെ​യേ​ന്തി​ക്കു​തി​കൊ​ള്ളും കാല–
നദി​യിൽ​ത്തൻ യാ​ത്ര​യ്ക്കി​ട​യിൽ പേ​രൊ​ന്ന്
എറി​ഞ്ഞി​ടു​ന്നവ, നതു പക്ഷേ കാല–
ഗതി​യിൽ മു​റ്റു​മേ തളർ​ന്നു പോ​കു​ന്നു.
ചില നൂ​റ്റാ​ണ്ടി​ട​യ​തു മീ​തെ​പ്പോ​ങ്ങി–
ത്ത​ട​വ​റ്റു മു​ന്നോ​ട്ടൊ​ഴു​കി​പ്പോ​യി​ടാം.
ഒടു​വി​ലാ​യ​തു മറ​വി​തൻ കൊടും–
കയ​മ​തി​ലാ​ണ്ടു മറ​ഞ്ഞു പോ​കു​ന്നു. [26]
കര​കാ​ണാ​ക്കാ​ല​ത്തി​ര​മാ​ല​കൾ​ക്കാ–
യൊരു പേ​രെ​ന്റെ​തു​മെ​റി​ഞ്ഞി​ടു​ന്നു ഞാൻ.
[27] അതു പൊ​ങ്ങീ​ട​ട്ടെ, യതു മു​ങ്ങീ​ട​ട്ടെ,
അനി​ലാ​ന്ത​രീ​ക്ഷ​സ്ഥി​തി​കൾ പോലവേ.
വെ​റു​മൊ​രു പേ​രാ​ണി​തു നി​സ്സം​ശയ–
മി​തി​നാൽ ഞാ​നേ​റേ മഹി​ത​നാ​കു​മോ?
മു​തി​രു​മോ മി​ത്യ​ഗ​ഗ​നം പൂ​കു​വാൻ
പറ​ന്നു​പോ​കു​ന്നോ​ര​ര​യ​ന്നം, താഴെ-
ത്ത​ന​തു പത്ര​ത്തിൻ നിഴലു പാ​ഴ്പ്പു​ല്ലിൽ
പതി​യു​ന്നു​ണ്ടോ​യെ​ന്ന​റി​വ​തി​ന്നാ​യി?
‘ശരി, പി​ന്നെ​ന്തി​നാ​യി​തേ​വ​ര​യ്ക്കും നീ
നി​ര​ന്ത​രം ഗാ​ന​നി​ര​ത​നാ’യെ​ന്നോ?
അരി​യ​രാ​പ്പാ​ടി​ക്കു​രു​വി​യോ​ടാ​യി–
സ്സ​ദ​യം ചോ​ദി​ക്കൂ: നി​ശീ​ഥി​നി​ക​ളിൽ
പു​ള​ച്ചു​പാ​യും കാ​ട്ട​രു​വി​ക​ളു​ടെ
കള​ക​ളാ​ലാ​പ​ശ്രു​തി​യോ​ടൊ​പ്പ​മാ​യ് [28]
ജഗ​ത്തി​നെ​യ​വൻ മധു​ര​സം​ഗീത–
സരി​ത്തിൽ മു​ക്കു​വ​തെ​തി​ന്നു വേ​ണ്ടി​യാം?
മനുജൻ വീർ​പ്പി​ടു​ന്ന​തു​പോൽ, പൈ​ങ്കി​ളി
കള​കൂ​ജം ചെ​യ്യു​ന്ന​തു​പോൽ, പൂ​ന്തെ​ന്നൽ
നെ​ടു​നി​ശ്വാ​സ​ങ്ങൾ വി​ടു​ന്ന​തു​പോ​ലെ,
കര​ളി​ലൂ​റു​ന്ന കവ​ന​ധാ​ര​യെ–
യു​ല​കിൻ കർ​ണ്ണ​ത്തി​ലൊ​ഴു​ക്കി​നേൻ ഞാനും! [29]
പ്ര​ണ​യം, പ്രാർ​ത്ഥന, കവനം– തോഴരേ,
ഇവ മാ​ത്ര​മാ​ണി​ങ്ങി​വ​ന്റെ ജീ​വി​തം.
നി​ത​രാം മാ​ന​വ​ന​ഭി​ല​ഷി​പ്പ​താം
വി​ഭ​വ​സ​ഞ്ച​യ​മ​തി​ലൊ​ന്നു​പോ​ലും
ഇട​രി​യ​റ്റു​ന്നി​ല്ലി​വ​ന്നു തെ​ല്ലു​മേ
വി​ട​പ​റ​ഞ്ഞു ഞാൻ പി​രി​ഞ്ഞി​ടു​ന്നേ​രം.
ഉടനെ, മൃ​ത്യു​വിൻ ചി​റ​കി​ലെ​ന്നാ​ത്മാ–
വമ​ല​ദ്യേ​ാ​വി​ലേ​യ്ക്കു​യ​രു​ക​യാ​യി [30]
മനു​ജ​പ്ര​ത്യാശ കതി​രി​ട്ടു നി​ല്ക്കു–
മി​ട​മെ​ങ്ങു, പോ​കു​ന്നി​വ​ന​വി​ടേ​യ്ക്കാ​യ്;
വിലയം പ്രാ​പി​ച്ച​തെ​വി​ടെ​യെൻ​വീ​ണാ–
ക്വ​ണി​ത​ങ്ങ, ളദ്ദി​ക്ക​വ​ന​ണ​യു​ന്നു;
മമ നെ​ടു​വീർ​പ്പിൻ നിവഹം ചെ​ന്ന​തേ–
തിടമോ, ചെ​ല്ലു​ന്നേ​ന​വി​ടേ​യ്ക്കാ​യ് ഞാനും!
കൊടുമ കൂ​ട​മേ​തി​രു​ളി​ലും കണ്ണു–
തെ​ളി​ഞ്ഞു കാ​ണ്മൊ​രു പറ​വ​യെ​പ്പോ​ലെ
[31] മമ വി​ശ്വാ​സ​ത്തിൻ മണി​പ്ര​ദീ​പ​മെ–
ന്നി​രു​ളൊ​ക്കെ നീ​ക്കി വഴി​തെ​ളി​യി​പ്പൂ.
മനു​ജ​ചേ​ത​ന​യ​ണി​യും ചക്ഷു​സ്സാം
മഹി​ത​വി​ശ്വാ​സം വി​ജ​യി​പ്പൂ​താക!
അതി​ന്റെ​യ​ത്ഭു​ത​ക്ക​ഴി​വി​നാ​ലെ​നി–
ക്ക​നാ​വൃ​ത​മെ​ന്റെ വി​ധി​ര​ഹ​സ്യ​ങ്ങൾ.
മൃ​തി​യെ മു​ന്നി​ട്ടു, വി​ടർ​ന്ന ഭാവനാ–
ച്ചി​റ​കിൽ മു​മ്പെ​ത്ര​കു​റി യഥേ​ച്ഛ​മാ​യ്
പരി​പൂ​ത​സ്ഥാ​ന​മ​തു സം​പ്രാ​പി​ച്ചു
പര​മ​നിർ​വൃ​തി നു​കർ​ന്ന​തി​ല്ല ഞാൻ!
സഹ​ജാ​ത​ന്മാ​രേ, യരുതു പേ​രൊ​ന്നു–
മെ​ഴു​ത​രു​തെ​ന്റെ കു​ഴി​യി​ട​ത്തി​ന്മേൽ,
അതിനു മീ​തെ​യാ​യ് കു​ടീ​ര​മൊ​ന്നു​മേ
പണി​യ​രു, തതി​ന്ന​രു​ളാ​യ്ക ഭാരം. [32]
അതു​വ​ഴി പോകും പര​മ​ദുഃ​ഖിത–
ന്ന​വി​ടെ മു​ട്ടൂ​ന്നാ​നി​ട​മേ​കീ​ടാ​വൂ. [33]
കു​റ​യും ഭൂ​ബ​ന്ധം മനു​ജ​നു ശവ–
ക്കു​ഴി​മേൽ കാ​ലൂ​ന്നു​മ​ള​വി​ങ്കൽ നൂനം;
പരം വി​ശാ​ല​മാം ഗഗ​നാ​ന്ത, മു​ള്ളം
ഗത​ഭ​ര​മാ​യു​ന്മു​ഖ​ത​യാർ​ന്നി​ടും.
ഇനി​യെ​ന്നാ​ത്മാ​വിൻ വി​ളി​കൾ​ക്കി​ങ്ങേക–
സ്വ​ര​മാ​യു​ത്ത​ര​മ​രു​ര​ളി​പ്പോ​ന്ന​താം
വി​പ​ഞ്ചി​ക​യി​തു പ്ര​ഭ​ഞ്ജ​നം ചെ​യ്തു
കൊ​ടു​ക്കു കാ​റ്റി​നു, ജല​ത്തി​ന​ഗ്നി​ക്കും.
ഉടനെ വി​ണ്ണോർ​തൻ മണി​വി​പ​ഞ്ചി​യെൻ–
കര​ത​ല​ത്തി​ങ്കൽ മു​ഖ​ര​മാ​യി​ടും.
അമ​ര​ചൈ​ത​ന്യ​മ​വ​രെ​പ്പോ​ലാർ​ന്നി–
ട്ട​മോ​ഘ​സം​ഗീ​ത​ഝ​രി ചൊ​രി​ഞ്ഞു കൊ–
ണ്ട​നു​ന​യി​ച്ചീ​ടു​മി​വ​നൊ, രു​പ​ക്ഷേ,
കു​തു​ക​നിർ​ഭര നഭ​സ്ഥ​ല​ങ്ങ​ളെ. [34]
ഉടനെ ……യെ​ന്തി​തു, മൃ​തി​യു​ടെ കനം
പെ​രു​കും മൂ​ക​മാം, കരാ​ഘാ​ത​ത്തി​നാൽ
തക​രു​ന്നെൻ വീണ, പതി​ഞ്ഞ​താ​മൊ​രു
കരു​ണ​രാ​ഗ​മ​തെ​റി​വു വാ​യു​വിൽ.
ജഡ​മെൻ​വ​ല്ല​കി​യി​നി മൂ​ളു​ക​യി–
ല്ലെ​ടു​ക്കു നി​ങ്ങൾ​തൻ വി​പ​ഞ്ചി​കൾ വേഗം,
പ്രി​യ​തോ​ഴ​ന്മാ​രേ, മമ​ജീ​വൻ ഭവൽ–
സ്വ​ര​രാ​ഗ​മേ​ള​യ​തി​ലാ​മ​ഗ്ന​മാ​യ്
ഒരു ലോകം വി​ട്ടു മറു​ലോ​ക​ത്തേ​യ്ക്കു
തു​ട​ര​ട്ടെ യാത്ര സു​ക​ര​മാം വിധം! [35]

LE POETE MOURANT

കു​റി​പ്പു​കൾ
[1]
മൃ​തി​യി​ലേ​യ്ക്കെ​ന്റെ
ശര​റാ​ന്തൽ​ത്തി​രി
മു​നി​യു​മ്പോൾ
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — തേർ​വാ​ഴ്ച)
ഒരു സ്റ്റെ​ത​സ്കോ​പ്പിൻ ഞര​മ്പി​ലൂ​ട​ന്ത്യ
ചല​ന​വു​മെ​ന്നെ വെ​ടി​ഞ്ഞു പോ​കു​മ്പോൾ
… … …
കി​നാ​വു​പോ​ലെ ഞാൻ പൊ​ലി​ഞ്ഞു​പോ​കു​മ്പോൾ
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — മര​ണ​വാർ​ഡ്)
[2]
ആയതു പോ​ട്ടെ ശയി​ക്കു​ന്ന​തു​ണ്ടി​ങ്ങൊ–
രാ​യ​ത​നേ​ത്ര​യാൾ നീ​ണ്ടു നി​വർ​ന്നി​താ
ചേ​ണാർ​ന്ന​ടു​ത്തു സഖി​പോൽ കി​ട​ക്കു​മീ
വീ​ണ​യെ​ച്ചും​ബി​ക്കു​മാ​സ്യ​പ​ത്മ​ത്തൊ​ടും
തന്ത്രി​ക​ളിൽ​ത്ത​ന്നെ തങ്ങും മൃ​ദു​വി​രൽ
ച്ചെ​ന്ത​ളിർ​മ​ഞ്ജ​രി​യോ​ടും തള​മ​തിൽ
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
[3]
മരു​ളി​യെ​ന്നോ​ണ​മെ​ന്ന​ന്ത​രം​ഗം
മു​ഴു​വ​നും സം​ഗീ​ത​മാ​യി​രു​ന്നു
(ചങ്ങ​മ്പുഴ — മങ്ങി​യ​കി​ര​ണ​ങ്ങൾ)
കര​യെ​ല്ലാം സമ്പ​ന്നം
കര​ളെ​ല്ലാം സം​ഗീ​തം
(വൈ​ലോ​പ്പി​ള്ളി — തു​യി​ലു​ണർ​ത്തൽ)
പ്രേ​മ​ഗാ​ന​ങ്ങ​ളാൽ പൂർ​ണ്ണ​മാ​ക്കീ​ടാ​വൂ
പേർ​ത്തു​മീ​യാ​ന​ന്ദ​ജീ​വി​ത​മ​ന്ദി​രം
(പി. കു​ഞ്ഞി​രാ​മൻ നായർ — പരീ​ക്ഷ)
[4]
മർ​ത്ത്യ​ന​ഹോ കര​യു​ന്നു പി​റ​പ്പി​ലും
മൃ​ത്യു​കാ​ല​ത്തി​ലു​മ​സ്വ​സ്ഥ​നാ​യ്
(വള്ള​ത്തോൾ — എന്റെ കൊ​ച്ചു​മ​കൾ)
[5]
ജീ​വി​തം വെറും മൂ​ന്ന​ക്ഷ​ര​മ​തി–
ന്നീ​വി​ധം നമ്മൾ കണ്ണീ​രൊ​ഴു​ക്ക​ണോ?
നമ്മൾ ജീ​വി​ത​മെ​ന്ന​ഭി​മാ​നി​പ്പ–
തു​ണ്മ​യിൽ മൃ​ത്യു​രൂ​പ​ത്തെ​യ​ല്ല​യോ?
(പാലാ — അകാ​ല​മ​ര​ണം)
[6]
ഹാ സു​ഖ​ങ്ങൾ വെറും ജ്വാല, മാ​ര​റി​വൂ നി​യ​തി​തൻ
ത്രാ​സു പൊ​ങ്ങു​ന്ന​തും താനേ താ​ണു​പോ​വു​ന്ന​തും
(ആശാൻ — കരുണ)
കാലം തരു​ന്നു, തി​രി​ച്ചെ​ടു​ക്കു​ന്നു തൻ
ബാ​ല​രാം നമ്മെ​ക്ക​ളി​പ്പി​ച്ചു കൊ​ണ്ട​ഹോ
(വള്ള​ത്തോൾ — ഇന്ദ്ര​നും മാ​ബ​ലി​യും)
ഒരി​ട​ത്തു സുഖം കതി​രി​ടു​ന്നാ​കി–
ലരി​യു​വാ​നെ​ത്തു​മു​ട​നെ​ദുഃ​ഖ​ങ്ങൾ
(ജി. — പി​ന്ന​ത്തെ വസ​ന്തം)
[7]
ഊഴി​യി​ലോർ​ക്കു​മ്പോ​ഴി​ക്കാ​റ്റി​നും മനു​ഷ്യ​ന്റെ
പാഴാം ജീ​വി​ത​ത്തി​നും ഗതി​യൊ​ന്ന​താ​യ​ത്–
കേഴുക, നെ​ടു​വീർ​പ്പി​ട്ടീ​ടുക, തേ​ങ്ങീ​ടുക,
ചൂ​ഴ​വും ചീ​റി​ക്കു​തി​ച്ചോ​ടുക, പി​ട​യുക.
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
ഉൽ​ക്ക​ട​ചി​ന്ത​യും കണ്ണു​നീ​രു–
മു​ഗ്ര​വി​ഷാ​ദ​വും വേ​ദ​ന​യും
എന്നാ​ലി​ട​യ്ക്കി​ട​യ്ക്ക​ങ്ങു​മി​ങ്ങും
മി​ന്നി​പ്പൊ​ലി​യു​ന്ന പു​ഞ്ചി​രി​യും
(ചങ്ങ​മ്പുഴ — നി​ഴ​ലു​കൾ)
[8]
കൊ​തി​യേ​റി​ടു​മി​ന്ദ്രി​യ​ങ്ങ​ളെ–
പ്പ​തി​വാ​യ്പോ​റ്റി നി​രാ​ശ​നാ​യ് സദാ
മൃ​തി​ഭീ​തി​യെ നീ​ട്ടി വാ​ഴു​മാ–
സ്ഥി​തി ഞാൻ ജീ​വി​ത​മെ​ന്നു ചി​ന്തി​യാ
(ആശാൻ — സീത)
[9]
സ്നേ​ഹ​ഭാ​ജ​ന​ത​യാർ​ന്ന ഹൃ​ത്തി​തിൽ
ദേ​ഹ​മി​ങ്ങി​നെ വെ​ടി​ഞ്ഞു പാ​റ്റ​പോൽ
(ആശാൻ — നളിനി)
തി​രി​ച്ചു പി​ന്നെ വന്നി​ടാ​ത്ത യാ​ത്ര​യാ​ണ​താ​ക​യാൽ
കര​ത്തി​ലു​ള്ള​തൊ​ക്കെ നാ​മ​തിർ​ത്തി​യിൽ ത്യ​ജി​ക്ക​ണം
ഇഹ​ത്തി​ലെ ധനം, സുഖം, യശ​സ്സു, മാ​ഭി​ജാ​ത്യ​വും
വഹി​ച്ചു​കൊ​ണ്ടു​പോ​ക​യി​ല്ല മർ​ത്ത്യ​ന​ന്ത്യ​യാ​ത്ര​യിൽ
(മേരി ജോൺ തോ​ട്ടം — ലോകമേ യാത്ര)
[10]
രോ​ഹി​ണി തന്നൊ​ഴു​ക്കി​ന്നൊ​ലി​യായ
മോ​ഹ​ന​ത്താ​രാ​ട്ടി​നാൽ വളർ​ത്ത​മ്മ​പോൽ
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
[11]
യാ​ന്ത്രി​ക​പ​രി​ഷ്കാ​ര​ഹു​ങ്കാര
ഭ്രാ​ന്തി​ലെൻ സ്വരം ചേർ​ന്ന​ര​യാ​തെ
പാടലേ, ദേ​വ​പാ​ത​യിൽ പാടി–
പ്പാ​ടി​യ​ങ്ങ​നെ പാറലേ കാ​മ്യം
(വൈ​ലോ​പ്പി​ള്ളി — കു​ടി​യൊ​ഴി​ക്കൽ)
[12]
… … …എങ്കി​ലും പി​ന്നെ​യും
കാ​ണാ​ക്കു​യി​ലു​ക​ളാ​യ് ഞങ്ങൾ പാ​ടു​ന്നു
(ഒ. എൻ. വി. കു​റു​പ്പ് — പാ​ടു​ന്നു പക്ഷി​കൾ)
മേ​ലി​ലു​മ​റി​യേ​ണ്ട ഞങ്ങൾ തന്നൂ​രും പേരും
ചേ​ലെ​ഴു​മു​പ​ഹാ​രം സ്വീ​ക​രി​ച്ചെ​ന്നാൽ പോരും
(വി. എ. കേശവൻ നമ്പൂ​തി​രി — പാ​ടു​ന്ന തൂ​ണു​കൾ)
[13]
ഞാ​നൊ​രു ഗു​രു​വി​ന്റെ പാ​ദ​സേ​വ​കൊ​ണ്ട​ല്ലി
ഗ്ഗാ​ന​മ​ഭ്യ​സി​ച്ച​തെ​ന്ന​റി​യാ​മെ​ല്ലാ​വർ​ക്കും
(മേരി ജോൺ തോ​ട്ടം — പൈ​ങ്കി​ളി)
പാ​ടു​ന്നു പക്ഷി​കൾ, ആരോ പഠി​പ്പി​ച്ച
പാ​ഠ​മു​രു​ക്ക​ഴി​ച്ചീ​ടു​ക​യ​ല്ലി​വർ
(ഒ. എൻ. വി. കു​റു​പ്പ് — പാ​ടു​ന്നു പക്ഷി​കൾ)
[14]
ഉലയിൽ ഉരു​ക​ട്ടെ എന്നി​ലെ ഞാ​നി​ന്നി​ന്റെ
തലയിൽ ഒരു ശാ​പ​മാ​കു​വാ​നൊ​രു​ങ്ങി​ല്ല
(കട​മ്മ​നി​ട്ട — ഞാനും തെ​ണ്ടി​യും)
[15]
തബ​ല​യ​ടി​ച്ച​തെൻ കരളോ, മനോ​ഹ​രീ,
തടവും വി​രൽ​ത്തു​മ്പിൽ തം​ബു​രു​വ​ല്ലോ ഞാനും
(ഒ. എൻ. വി. കു​റു​പ്പ് — ആന്ധ്ര​ഗ്രീ​ഷ്മം)
വന്നാ​രാ​നു​ര​സി​യാ​ലാ​ത്മ​സൗ​ര​ഭം വീശും
ചന്ദ​ന​ത്ത​രു​പോ​ലാ​യ്ത്തീ​രു​ക​യാ​ണെൻ ചി​ത്തം
(കൃ​ഷ്ണൻ പറ​പ്പി​ള്ളി — ആത്മ​സൗ​ര​ഭം)
[16]
കാ​റ്റു​ത​ട്ടി​യാൽ തനിയെ മൂ​ളു​ന്ന വീണ (ഇം​ഗ്ലീ​ഷിൽ aeolian harp)
അങ്ങി​നെ​യി​രി​ക്കെ നൽ​ക്ക​മ്പി​കൾ ശ്രു​തി​കൂ​ട്ടി–
യങ്ങു​തൻ കി​ളി​വാ​തി​ലിൽ പടി​മേ​ലൊ​രു രാവിൽ
വെ​ച്ചി​രു​ന്ന​തു വെ​ള്ളി​വീ​ണ​യൊ​ന്നി​ള​ങ്കാ​റ്റു
സ്വ​ച്ഛ​ന്ദ​മ​ടി​ച്ച​തിൽ സ്വ​പ്ന​ങ്ങൾ പൊ​ങ്ങും മട്ടിൽ,
കമ്പി​യിൽ കാ​റ്റ​ടി​ച്ചി​ട്ടോ​രോ​വി​ധം ചെവി–
ക്കി​മ്പ​മാ​മ്മാ​റു പല നാ​ദ​ങ്ങൾ പൊ​ങ്ങീ മന്ദം.
താനേ തന്ത്രി​കൾ തൂവും കാകളി കു​മാ​ര​നു
വാനവർ വി​ണ്ണിൽ വീണ വാ​യി​പ്പി​തെ​ന്നു തോ​ന്നി
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
It was a splendid evening and my soul
Once more made trial of her strength nor lacked
Aeolian visitations, but the harp
Was soon defrauded and banded host
Of harmony dispersed in struggling sounds
And lastly utter silence
(Wordsworh — Prelude)
[17]
ദി​വ്യ​ദ​യാ​മൃ​തം​പോ​ലെ ഹി​മ​ക​ണം
ദീ​ന​ദ​ല​ങ്ങ​ളെ​യു​മ്മ​വ​ച്ചു
(വൈ​ലോ​പ്പി​ള്ളി — പള്ളി​മ​ണി​കൾ)
ചെ​റു​കൈ​ത്താ​രിൽ പക​ര​ട്ടെ ഞാൻ
മി​ഴി​നീർ മു​ത്തിൻ നവ​മ​ണി​കൾ
(പി. കു​ഞ്ഞി​രാ​മൻ നായർ — മേ​ട​ക്കാ​റ്റ്)
[18]
ദുഃ​ഖാ​നു​ഭ​വ​ങ്ങ​ളി​ല്ലാ​തെ മന​സ്സ് പക്വത നേ​ടു​ക​യി​ല്ല.
രു​ച​യാൽ പരി​പ​ക്വ സത്വ​നാ​യ്
(ആശാൻ — സീത)
വി​ശ​സ​നം സു​ഖി​ക​ളെ വി​ജ്ഞ​രാ​ക്കു​ന്നു
(ആശാൻ — കരുണ)
തേഞ്ഞ വജ്ര​ങ്ങൾ കാ​ന്തി ചി​ത​റു​ന്നു, വെ​യി​ലേ​റ്റു
കാഞ്ഞ ചൂ​ത​ങ്ങൾ കനി​യു​തി​രാൻ പൂ​ത്തി​ടു​ന്നു
(ആശാൻ — അദ്ധ്യാ​പ​ക​വൃ​ത്തി)
എങ്കി​ലും കാ​ല​ത്തോ​ടെ​ന്നു​ടെ വാദമ–
ത്തി​ങ്ക​ളീ​യ​ല്ലി​ലാ​ണെ​ന്നു തന്നെ
(നാ​ല​പ്പാ​ടൻ — എങ്കി​ലും)
ശോ​ക​ങ്ങ​ളാ​ചാ​ര്യ​ന്മാർ ജീ​വി​താ​ധാ​ര​മ​ങ്ങു
ലോ​ക​വ്യാ​പി​യാ​ണെ​ന്നു ഞങ്ങൾ​ക്കു ബോ​ദ്ധ്യ​പ്പെ​ട്ട
(ജി. — പു​ഷ്പ​ഗീ​തം)
നി​ര​ന്ത​രാ​ശ്രു​ക്കൾ നനച്ച ചി​ത്തേ
വി​ത​ച്ച ചി​ന്താ​കൃ​ത​മായ ബീജം
ക്ര​മ​ത്തിൽ നന്നാ​യി മു​ള​ച്ചു​യർ​ന്നു
മണം പെറും പൂ​ക്കൾ വി​രി​ഞ്ഞി​ടു​ന്നു
(കെ. എം. പണി​ക്കർ — ചി​ന്താ​ത​രം​ഗി​ണി)
പല​ദുഃഖ വി​പ​ത്ത​ല​യ്ക്കി​ലേ
നര​നൊ​ട്ടൊ​ന്നു മനു​ഷ്യ​നാ​യി​ടൂ
(പി. കു​ഞ്ഞി​രാ​മൻ നായർ — ശ്രീ​രാ​മ​ച​രി​തം)
ശോകമേ, ഹാ തകർ​ന്ന ഹൃ​ദ​യ​ത്തെ
ലോ​ക​ത​ത്വം പഠി​പ്പി​പ്പു നീ സദാ
(ചങ്ങ​മ്പുഴ — ബാ​ഷ്പാ​ഞ്ജ​ലി)
മർ​ത്ത്യ​നിൽ​ച്ചേ​രു​ന്നി​നൈ​ശ്വ​ര്യ ചൈ​ത​ന്യ–
പൂർ​ത്തി, വി​യോ​ഗ​ത്തിൻ ദുഃ​ഖ​വാ​യ്പിൽ
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — ഫി​റാ​ക് ഗോ​ര​ക്പു​രി​യു​ടെ ഗസൽ)
ഈ വിധം കണ്ണു​നീ​രാൽ​ക്ക​ഴു​ക​ണം
ജീ​വി​ത​മ​തിൽ മാ​ധ്വീ പക​രു​വാൻ
(ഒള​പ്പ​മ​ണ്ണ — എന്റെ ജീ​വി​തം)
നോ​വു​ക​ളു​ണ​രാ​ത്ത ഹൃദയം നിർ​ഗ​ന്ധ​മാം
പൂ​വു​താ​ന​ല്ലോ കവി​ഹൃ​ദ​യം സൗ​ഗ​ന്ധി​കം
(എസ്. രമേശൻ നായർ — സൗ​ഗ​ന്ധി​കം)
ശോ​ക​മാ​മ​രി​യ​ചി​പ്പി​യേ​ത​രൂ
പാ​ക​മെ​ത്തിയ മഹാർ​ഹ​മൗ​ക്തി​കം
(യൂ​സ​ഫ​ലി കേ​ച്ചേ​രി — കു​സു​മ​ദർ​ശ​നം)
[19]
മാ​മ​ക​മൃ​ദു​ര​സ​മാ​ദ​ക​ഹൃ​ദ​യം
നീ മടി​യാ​തെ പി​ഴി​ഞ്ഞാ​ലും
(കെ. കെ. രാജാ — നി​ത്യ​ത​യോ​ട്)
[20]
ഭൂ​ഗർ​ഭാ​ഗ്നി​കൊ​ണ്ടു നെ​യ്തെ​ടു​ത്ത നിൻ ഹൃദയം
എന്റെ വർ​ത്ത​മാ​ന​ത്തെ പൊ​ള്ളി​ക്കു​ന്നു
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — നെ​രൂ​ദ​യ്ക്കു സ്തു​തി ഗീതം)
[21]
അഗ്നി​തൻ പ്ര​സാ​ദ​മെൻ ജീ​വി​ത​മെ​ന്നാ​ലി​തേ
യഗ്നി​യി​ങ്ങ​വ​സാ​ന​മെ​ന്നെ​യും ഭക്ഷി​ക്കു​ന്നു
(ഒ. എൻ. വി. കു​റു​പ്പ് — അഗ്നി)
[22]
അത്ര​യേ​റെ ഞാൻ സ്നേ​ഹി​ക്ക​യാ​ലേ
മൃ​ത്യു​വു​മൊ​രു മു​ത്ത​മാ​യ്ത്തേ​ാ​ന്നീ
(വൈ​ലോ​പ്പി​ള്ളി — ഒരു ഗാനം)
[23]
ആകവേ പാർ​ക്കു​കി​ലാ​രു​ടെ കീർ​ത്തി​യും
ലോ​ക​ത്തിൻ വാ​യി​ലെ ലാ​ലാ​ബി​ന്ദു.
ആയതിൽ കാൽ​ക്ഷണ മത്ത​യ്യ​ലേ​റി​നി–
ന്നാ​ടി​ത്ത​കർ​പ്പ​തു പോലെ തോ​ന്നും
(ഉള്ളൂർ — കർ​ണ്ണ​ഭൂ​ഷ​ണം)
സൂ​ക്ഷി​ച്ചി​ടാ​നി​ത്ര കൊ​തി​ച്ചി​ടു​ന്നോ–
രി​ഖ്യാ​തി​യെ​ന്താ​ണ്? നി​ന​ച്ചു​കൊ​ണ്ടാൽ
താൻ​മൂ​ല​മാ​യ് ലോകർ സഹി​ച്ചു​പോ​ന്ന
വൻ സങ്ക​ട​ത്തി​ന്ന​ള​വൊ​ന്നു മാ​ത്രം
(കെ. എം. പണി​ക്കർ — ചി​ന്താ​ത​രം​ഗി​ണി)
What care I for the wreaths that can give only glory
(Byron — All for love)
War, he sung, is toil and trouble
Honour but an empty bubble
(Dryden — Alexander’s Feast or Power of Music)
[24]
കമ്പ​മാർ​ന്ന​തിൽ നി​ല്ക്കു​മീ പ്രേ​മം കാ​റ്റിൽ വീണ–
ക്ക​മ്പി​മേ​ലു​ണ്ടാം ക്ഷ​ണ​സ്ഥാ​യി​യാം നാദം പോലെ
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
[25]
എൽ​വീ​റി​ന്റെ കു​ടീ​രം
[26]
മറവി മാ​ത്രം മര​വി​ച്ചു പോം വെറും
മറവി മാ​ത്രം ജയി​ക്കു​ന്നു ഭൂ​മി​യിൽ,
അതി​ന​ഗാ​ധ​മാം ഗർ​ത്ത​മു​ണ്ടൊ​ന്ന​തി–
ലടി​യ​ണ​മേ​തൊ​ര​ത്ഭു​ത​സി​ദ്ധി​യും
(ചങ്ങ​മ്പുഴ — തപ്ത​സ്മൃ​തി)
[27]
പയസി നീ​ന്ത​ട്ടെ, മു​ങ്ങ​ട്ടെ നീ കാ​ക്കും
പര​സ​ഹ​സ്രാ​യു​ത​ങ്ങ​ളി​ലൊ​ന്നി​തും
(ബാ​ലാ​മ​ണി​യ​മ്മ — തോ​ണി​കൾ)
[28]
പൂ​ഞ്ചോല തൻ ശ്രു​തി​ക്കൊ​പ്പി​ച്ചു പൂ​ങ്കു​യിൽ
പഞ്ച​മ​രാ​ഗാ​ലാ​പം തു​ട​ങ്ങ​വേ
(പി. കു​ഞ്ഞി​രാ​മൻ നായർ — ഉഷ​സ്സു​ന്ദ​രി​യോ​ട്)
അന്തി​ക്കു പാ​ണ​ന്റെ പാ​ട്ടി​നൊ​പ്പ–
മാ​റ്റി​ന്റെ​യോ​ള​മു​ടു​ക്ക​ടി​ച്ചു
(പി. കു​ഞ്ഞി​രാ​മൻ നായർ — പി​ച്ചി​ച്ചീ​ന്തിയ പു​ഷ്പ​ചി​ത്രം)
[29]
കാ​ണാ​നു​മാ​രു​മേ കേൾ​പ്പാ​നു​മാ​യ​ല്ല
തേ​നൊ​ലി നൃ​ത്ത​ഗീ​ത​ങ്ങൾ മു​തിർ​പ്പു ഞാൻ;
ആരുമേ കാ​ണു​വാ​നാ​യ​ല്ല സു​ന്ദര–
നാ​ന​ന്ദ​ലീ​ല​യിൽ മു​ങ്ങു​ന്നു ബാലകൻ;
എന്തി​നി​രു​ളിൽ വി​ട​രു​ന്നു തൂ​മു​ല്ല–
യെ​ന്ന​ത​പ്പൂ​വി​നു തന്നെ​യ​റി​യു​മോ?
(പി. കു​ഞ്ഞി​രാ​മൻ നായർ — കൊ​ച്ചു​നർ​ത്ത​കി)
പൂ​വു​കൾ വി​രി​യും പോൽ ചെ​ടി​യ്ക്കു, പറ​വ​യ്ക്കു
പൂ​ഞ്ചി​റ​കി​ള​കും​പോൽ, എഴു​തി​പ്പോ​വു​ന്നു ഞാൻ
(കൃ​ഷ്ണൻ പറ​പ്പി​ള്ളി — എഴു​തി​പ്പോ​വു​ന്നു ഞാൻ)
[30]
പഴ​യ​ഹേ​മ​ന്ത സു​ഷ​പ്തി​യി​ലേ​യ്ക്കു
തി​രി​ച്ചു പോ​യൊ​രെൻ പി​താ​വി​ലേ​യ്ക്കി​താ
സമാ​ധി​കൊ​ണ്ടു ഞാൻ പറ​ന്നു​പോ​കു​ന്നു
(സച്ചി​ദാ​ന​ന്ദൻ — ഇനി​യും)
[31]
മര​ണാ​ന​ന്തര ജീ​വി​ത​ത്തെ​ക്കു​റി​ച്ചു ഊന്നി​പ്പ​റ​യു​ന്ന ക്രൈ​സ്തവ വി​ശ്വാ​സ​ത്തെ​യാ​ണ് പരാ​മർ​ശി​ച്ചി​ട്ടു​ള്ള​ത്.
വി​ശ്വാ​സ​മ​ല്ലോ വി​ള​ക്കു മനു​ഷ്യ​നു
വി​ശ്വാ​സം ജീ​വ​സർ​വ്വ​സ്വ​മ​ല്ലോ
(ആശാൻ — ദു​ര​വ​സ്ഥ)
[32]
മറ​ചെ​യ്ക പുൽ​ത്ത​ട്ടി​ലെ​ന്നെ, മീതെ–
യൊരു കല്ലു​പോ​ലു​മു​യർ​ത്തി​ടാ​തെ;
കര​ളി​ന്നു ഭാ​ര​മാം–അത്ര​നാ​ളും
ചെ​റു​പ​ല്ലു​മെ​ങ്ങി​നെ കാ​ത്തു​നി​ല്ക്കും
(വൈ​ലോ​പ്പി​ള്ളി — പു​ല്ലു​കൾ)
തു​ച്ഛ​മാ​മി​ശ്ശ​വ​കു​ടീ​ര​ത്തിൽ
വെ​ച്ചി​ടാ​യ്കൊ​രു ദീ​പ​വും:
കൊ​ച്ചു​പാ​റ്റ​തൻ പൂ​ഞ്ചി​റ​കുക–
ളശ്ശി​ഖ​യിൽ കരി​ഞ്ഞി​ടാം.
നട്ടി​ടാ​യ്കൊ​രു കാ​ട്ടു​വ​ള്ളി​യു–
മി​ത്ത​റ​യ്ക്കു​മു​ക​ളി​ലാ​യ്;
അപ്പ​ടർ​പ്പി​ലൊ​ളി​ഞ്ഞു​രാ​പ്പാ​ടി
ദുഃ​ഖ​ഗീ​തം ചൊ​രി​ഞ്ഞി​ടാം
(എസ്. കെ. പൊ​റ്റ​ക്കാ​ട്ട് — കൂ​ട്ടു​കാ​രി (ചെ​റു​കഥ))
Thus let me live unseen, unknown;
Thus unlamented let me die;
Steal from the world, and not a stone
Tell where I lie.
(Alexander Pope — The quiet life)
[33]
പഥിക, നാ​യൊ​രു കണ്ണു​നീർ​ത്തു​ള്ളി​യീ
മഥി​ത​ചി​ത്ത​ത്തി​നാ​യു​തിർ​ക്കേ​ണ​മേ,
അതു സമാ​ശ്വ​സി​ക്ക​ട്ടെ തെ​ല്ലെ​ങ്കി​ലും
ഇവിടെ വന്നൊ​ന്നി​രു​ന്നി​ട്ടു​പോക നീ
(ചങ്ങ​മ്പുഴ — ഇരു​ളിൽ)
[34]
കൂ​ടി​തു വെ​ടി​ഞ്ഞി​പ്പോ​ള​മ​രർ​ക്കി​മ്പം ചേർ​ക്കാൻ
പാ​ടു​ക​യാ​വാം വി​ണ്ണിൻ​വാ​ടി​യിൽ നീ​യെ​ന്നാ​ലും
(യൂ​സ​ഫ​ലി കേ​ച്ചേ​രി — മു​ഹ​മ്മ​ദ് റാഫി.)
ഗന്ധർവ ഗാ​യ​ക​ന്മാ​രു​തിർ​ത്തീ​ടു​ന്ന
ബന്ധു​ര​സം​ഗീ​ത​സാ​രം നു​കർ​ന്നി​തോ?
(യൂ​സ​ഫ​ലി കേ​ച്ചേ​രി — ജാതകം കു​റി​ക്കു​മ്പോൾ)
Where the bright seraphins in burining row
Their loud uplifted angel-​trumpets blow,
And the Cherubic host in thousand quires
Touch their immortal harps of golden wires
(Milton — At a solemn music)
[35]
കി​നാ​വു​പോ​ലെ ഞാൻ പൊ​ലി​ഞ്ഞി​പോ​കു​മ്പോൾ
വരിക ജീ​വ​ന്റെ മെ​ഴു​തി​രി​യു​മാ​യ്
ഒരു തല​യോ​ടി നിറയെ വീ​ഞ്ഞു​മാ​യ്
ഹരി​ത​ചർ​മ്മ​ത്തി​ന്നൊ​ലീ​വി​ല​യു​മാ​യ്
വരിക നീ, ശവ​മു​റി​യിൽ നി​ന്നെ​ന്നെ വി​ളി​ച്ചു​ണർ​ത്തു​വാൻ
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — മര​ണ​വാർ​ഡ്)
പറ​ഞ്ഞി​ടു​ന്നു യാത്ര ഞാൻ ശ്ര​വി​ക്ക മി​ത്ര​ലോ​ക​മേ,
യി​റ​ങ്ങി​ടു​ന്നു, നി​ങ്ങ​ളെ​പ്പി​രി​ഞ്ഞു പോ​യി​ടു​ന്നി​താ.
കു​റ​ച്ചു കാ​ല​മീ​വി​ധം കഴി​ഞ്ഞി​ട​ട്ടെ, മേ​ലി​ലേ
ക്കു​റ​പ്പു​ഞാൻ തരു​ന്നു, ചേർ​ന്നി​ടാം നമു​ക്കു നി​ത്യ​മാ​യ്.
(മേരി ജോൺ തോ​ട്ടം — ലോകമേ യാത്ര)
രാവും പകലും കരളിൽ സാധന ചെ​യ്തേ​നൊ​രു​രാ​ഗം
പോവും മു​മ്പി​ജ്ജീ​വിത, മതു​പ​രി​പൂർ​ണ്ണത പൂ​ണ്ടെ​ങ്കിൽ!
നി​റ​വേ​ലു​ന്നോ​രീ​ജ്ജ​ന്മ​ത്തി​ലെ മമ സന്ദേ​ശ​ത്തെ,
പ്ര​വ​ഹി​പ്പി​ക്കാൻ സാ​ധി​ച്ചെ​ങ്കിൽ പ്ര​പ​ഞ്ച​സം​ഗീത–
പ്ര​പൂർ​ണ്ണ​ന​ദി​വ​ഴി​യ​ന്തി​മ​പാ​രാ​വാ​രം പ്രാ​പി​ക്കാൻ
േനാ​ക്ക​ട്ടെ.
(ടാഗോർ — ഗീ​താ​ഞ്ജ​ലി (ജി.))
Colophon

Title: French Poems (ml: ഫ്ര​ഞ്ച് കവി​ത​കൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മം​ഗ​ലാ​ട്ട് രാഘവൻ, ഫ്ര​ഞ്ച് കവി​ത​കൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.