SFNസായാഹ്ന ഫൌണ്ടേഷൻ
images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
6
തട​വ​റ​യി​ലെ താ​രു​ണ്യം
അന്ത്രെ ഷെ​നി​യെ (ANDRE CHENIER (1762-1794))

ഫ്ര​ഞ്ച് വി​പ്ല​വ​ത്തെ​ത്തു​ടർ​ന്നു നി​ല​വിൽ വന്ന റൊ​ബെ​സ്പി​യേ​റി​ന്റെ (Robespierre) ഭീ​ക​ര​വാ​ഴ്ച​യിൽ വധി​ക്ക​പ്പെ​ട്ട അനു​ഗ്ര​ഹീത കവി​യാ​ണ് അന്ത്രെ​ഷെ​നി​യെ. വി​പ്ല​വാ​നു​കൂ​ലി​യാ​യി​രു​ന്നി​ട്ടും, അതി​ന്റെ പേരിൽ നടന്ന അക്ര​മ​ങ്ങ​ളെ പര​സ്യ​മാ​യാ​ക്ഷേ​പി​ച്ച​തി​നാ​ണ് അദ്ദേ​ഹം അറ​സ്റ്റി​ലാ​യ​ത്. 1794 ജൂ​ലാ​യ് 25 ന് ‘ഗി​ല്ല​ട്ടിൻ’ യന്ത്ര​ത്തിൽ കഴു​ത്ത​റു​ക്ക​പ്പെ​ട്ട് അദ്ദേ​ഹം മരി​ച്ചു. തന്നോ​ടൊ​പ്പം തട​വി​ലാ​ക്ക​പ്പെ​ട്ട യു​വ​തി​യും സു​ന്ദ​രി​യു​മായ ദ്യു​ഷേ​സ്സ് ദ് ഫ്ളെ​റി (Duchesse de Fleury) യുടെ വി​ചാ​ര​ധാ​ര​യെ സങ്ക​ല്പി​ച്ച് മര​ണ​ത്തി​നു കു​റ​ച്ചു ദിവസം മു​മ്പെ​ഴു​തി​യ​താ​ണി​ത്. ഷെ​നി​യെ​യു​ടെ സങ്ക​ല്പം യാ​ഥാർ​ത്ഥ്യ​മാ​കു​മാ​റ് ദ്യു​ഷേ​സ്സ് ദ് ഹ്ളെ​റി തടവിൽ നി​ന്ന് രക്ഷ​പെ​ടു​ക​യു​ണ്ടാ​യി–ഷെ​നി​യെ​യു​ടെ വധ​ത്തി​നു​ശേ​ഷം രണ്ടു ദി​വ​സ​ത്തി​നു​ള്ളിൽ (1794 ജൂ​ലാ​യ് 27) ഭീ​ക​ര​ഭ​ര​ണം തക​രു​ക​യും റൊ​ബെ​സ്പി​യേർ തന്നെ വധി​ക്ക​പ്പെ​ടു​ക​യും ചെയ്ത ചു​റ്റു​പാ​ടിൽ.

കൊ​യ്ത്തു​വാ​ളി​ന്റെ ഭീ​ഷ​ണി​യേ​ശാ​തെ
മൂ​ത്തു​പോ​രു​ന്നി​ളം​ക​തിർ നാൾ​ക്കു​നാൾ;
അം​ഗ​മാ​ക​വേ ഞെ​ക്കി​പ്പി​ഴി​ഞ്ഞി​ടും
[1] യന്ത്ര​ഭൂ​ത​ത്തെ​യോർ​ത്തു നടു​ങ്ങാ​തെ,
മു​ന്തി​രി, യു​ഷ​സ്സേ​കും സു​ധാ​ര​സം [2]
മോ​ന്തി​ടു​ന്നി​തേ, ഗ്രീ​ഷ്മം മു​ഴു​വ​നും.
കാ​മ്യ​യൗ​വ​ന​സൗ​ഭാ​ഗ്യ​സി​ദ്ധി​കൾ
തൽ​സ​മാ​ന​മി​യ​ന്നി​ടു​മീ​യി​വൾ
ഇന്നെ​ഴു​ന്ന വി​ന​ക​ളെ​ന്താ​കി​ലും
ഇച്ഛ​യേ​ലാ മരി​ക്കു​വാ​നി​പ്പൊ​ഴേ.
കല്ലി​നൊ​ത്ത കര​ളെ​ഴും നി​സ്പൃ​ഹർ
കണ്ണു​നീ​രി​ന്നു​റ​വി​ടം വറ്റി​യോർ
പാ​ഞ്ഞു​ചെ​ല്ല​ട്ടെ ഭീ​ക​ര​മൃ​ത്യു​വെ–
യാ​ഞ്ഞു​പു​ല്കു​വാ​നാ​വേ​ശ​പൂർ​വ​കം.
അശ്രു​ബി​ന്ദു​ക്കൾ വീ​ഴ്ത്തു​ന്നു​വെ​ങ്കി​ലു–
മാ​ശ​വെ​യ്ക്കു​ന്നു ഭാ​വി​യെ​പ്പ​റ്റി ഞാൻ;
അത്ത​ലിൻ കൊ​ടും​കാ​റ്റി​ലു​ല​ഞ്ഞു ഞാ–
നു​ത്ത​ര​ക്ഷ​ണം നി​ല്പൂ നി​വർ​ന്നു താൻ;
തി​ക്ത​കാ​ല​മു​ണ്ടെ​ങ്കി​ലോ, മാ​ധു​രീ–
സിക്ത കാ​ല​വു​മു​ണ്ട​തിൻ പി​മ്പി​ലേ; [3]
ഏതു​വാൻ മടു​പ്പേ​കു​ന്ന പൂമധു,
ഏതു​വാൻ കടൽ കോ​ളെ​ഴാ​തു​ള്ള​തു?
വ്യർ​ത്ഥ​മ​ല്ലാ​ത്ത സ്വ​പ്ന​മൊ​ന്നെ​ന്നു​മെ–
ന്നുൾ​ക്ക​ള​ത്തി​ങ്കൽ വെ​ച്ചു​പോ​റ്റു​ന്നു ഞാൻ.
[4] ആശതൻ ചി​റ​കേ​ന്തു​മെൻ ചൂ​ഴെ​യീ
ഭീ​ഷ​ണ​ബ​ന്ധ​മ​ന്ദി​ര​ഭി​ത്തി​കൾ
പാ​ഴി​ലാ, ണവ​യ്ക്കാ​വു​ക​യി​ല്ല എൻ–
ഭാ​വ​ദാർ​ഢ്യം കു​റ​യ്ക്കു​വാ​ന​ല്പ​വും.
നി​ഷ്ക​രു​ണ​നാം വേടൻ ചതി​ക്കു​വാൻ
തീർ​ത്തു​വെ​ച്ച​താം ജാ​ല​ത്തിൽ​നി​ന്നു​മേ [5]
രക്ഷ​പ്രാ​പി​ച്ച രാ​പ്പാ​ടി മു​ന്നേ​പ്പോൽ
സ്വ​ച്ഛ​സ്വാ​ത​ന്ത്ര്യ​സൗ​ഖ്യം നു​ക​ര​വെ
[6] കൂ​ടു​മാ​മോ​ദ​ചൈ​ത​ന്യ​പൂർ​വ​മുൾ–
നാ​ടു​തോ​റു​മെ പാ​ടി​പ്പ​റ​ന്നി​ടും. [7]
മൃ​ത്യു​വു​മാ​യ​കാ​ലി​ക​വേ​ഴ്ച​യി–
ലേർ​പ്പെ​ടാ​നി​വ​ളാ​ള​ല്ലൊ​രി​ക്ക​ലും.
നി​ദ്ര​യി​ങ്ക​ലോ, ജാ​ഗ​ര​ത്തി​ങ്ക​ലോ
ക്ഷു​ബ്ധ​മ​ല്ലെ​ന്റെ മാനസം ചി​ന്ത​യാൽ.
തെ​റ്റ് ചെ​യ്ത​വ​ള​ല്ല​ഞാ, നാ​ക​യാൽ
കു​റ്റ​ബോ​ധ​മി​ല്ലെ​ന്നെ​ക​ര​ളു​വാൻ.
പു​ത്ത​നാ​മു​ഷ​സ്സോ​രോ​ന്നു തന്നി​ലും
പ്രാ​ണ​നോ​ടെ​ന്നെ​കാൺ​ക​യെ​ല്ലാ​രി​ലും
പ്ര​സ്ഫു​രി​ച്ചി​ടു​ന്നാ​ഹ്ലാ​ദ​സു​സ്മി​തം
മൃ​ത്യു​താ​ണ്ഡ​വ​മാ​ടും തു​റു​ങ്കി​തിൽ. [8]
ദൂ​ന​മാ​മി​പ്പ​രി​സ​രം തന്നി​ലെ
മ്ലാ​നത മു​റ്റി​നി​ല്ക്കും മി​ഴി​ക​ളിൽ
സു​പ്ര​തീ​ക്ഷാ​ഭ​രി​ത​മാ​മെൻ​നില
പാ​വി​ടു​ന്നൊ​രു പു​ത്ത​നാം ചൈ​ത​ന്യം. [9]
ഹന്ത, മഞ്ജീ​വി​തോ​ല്ലാ​സ​യാ​ത്ര ത–
ന്ന​ന്ത്യ​മെ​ത്ര​യും ദൂ​രെ​യാ​ണി​പ്പൊ​ഴും; [10]
ഈ നട​ക്കാ​വിൻ നൽ​ത്ത​ണൽ​വൃ​ക്ഷ​ങ്ങൾ
ഞാൻ കു​റ​ച്ചേ കട​ന്ന​തു​ള്ളി​ന്നി​യും;
ഇപ്ര​ശ​സ്ത​മാം ജീ​വി​ത​സ​ദ്യ​യി–
ലി​പ്പോൾ വന്ന​തു മാ​ത്ര​മേ​യു​ള്ളു ഞാൻ; [11]
പൂർ​ണ്ണ​മാം നി​ല​യ്ക്കി​പ്പൊ​ഴെൻ കൈ​ക​ളിൽ
കാ​ണു​മി​പ്പാ​ന​പാ​ത്രം സതൃ​ഷ്ണ​യാ​യ്
ഞാ​നെ​ടു​ത്തൊ​ന്നു മോ​ന്തു​വാൻ ചു​ണ്ടി​നു
നേരെ വെ​ച്ച​തേ​യു​ള്ളൂ ഞൊ​ടി​യിട. [12]
ഇപ്പൊ​ഴും ഞാൻ വസ​ന്തർ​ത്തു​വി​ങ്ക​ലാ–
ണപ്പു​റ​ത്തു​ള്ള കൊ​യ്ത്തു​മേ കാണണം.
അർ​ക്ക​നെ​പ്പോൽ ഋതു​ക്കൾ പി​ന്നി​ട്ടു​ഞാൻ
പൂർ​ത്തി​യാ​ക്ക​ട്ടെ മജ്ജീ​വി​താ​ബ്ദ​വും.
വല്ലി​ത​ന്മേ​ലെ യു​ദ്യാ​ന​ല​ക്ഷ്മി​തൻ
ഫു​ല്ല​മാ​മ​ഭി​മാ​ന​മെ​ന്നോ​ണ​മാ​യ്
ഉല്ല​സി​യ്ക്കു​ന്ന ഞാ​നി​തഃ​പ​ര്യ​ന്തം
പൊ​ന്നു​ഷ​ദ്ദീ​പ്തി​മാ​ത്ര​മേ കണ്ടു​ള്ളൂ,
കാ​ന്തി​യേ​റു​ന്ന സന്ധ്യ​ത​ന്നാ​ഗ​മാൽ
ശാ​ന്തി​പൂ​ക​ട്ടെൻ ജീ​വി​ത​വാ​സ​രം. [13]
ഹാ, മരണമേ, മാ​റു​നീ, മാ​റു​നീ
കാ​ല​മാ​യ​തി​ല്ലി​ന്നി​യും, കാ​ക്കു​നീ. [14]
മാ​ന​ഹാ​നി​നി​രാ​ശ​താ​ഭീ​തി​കൾ
കാർ​ന്നു​തി​ന്നും കരൾ​ക​ളെ​ക്കാ​ണു​വാൻ
പോക, വൈ​കാ​തെ പോക നീ, ചെ​ന്ന​വ​യ്–
ക്കേ​കു​കാ​ശ്വാ​സ​പീ​യു​ഷ​മ​മ്പി​ലാ​യ്. [15]
എന്നെ​യും​കൊ​ണ്ടു​പോ​കാൻ ‘പലേ’ സിനി [16]
ങ്ങു​ണ്ട​ന​വ​ധി ശാ​ദ്വ​ല​മി​ന്നി​യും,
പ്രേ​മ​ദേ​വ​ത​യ്ക്കെ​ന്ന​കം ചുംബന–
ധാ​ര​കൊ​ണ്ടു നി​റ​യ്ക്ക​ണ​മി​ന്നി​യും,
താ​ള​മേ​ള​ങ്ങ​ളാൽ നവ​ദേ​വി​മാർ [17]
ക്കോ​ള​മെ​ന്നു​ള്ളി​ലേ​റ്റ​ണ​മി​ന്നി​യും.
ഹാ മരണമേ, മാ​റു​നീ, ഞാൻ​വ​രാ,
കാ​ല​മാ​യി​ല്ല, കാ​ക്ക​ണ​മി​ന്നി​യും! [18]
– ഈ വി​ധ​മെൻ വി​പ​ഞ്ചി​യൊ​രു യുവ–
[19] ബന്ദി​നി​യു​ടെ യന്ത​രം​ഗാ​ലാ​പം–
താ​പ​കോ​പാ​ഭി​ലാ​ഷ​ങ്ങൾ തീ​വ്ര​മാ​യ്
താ​വി​ടു​ന്ന​താ​മാ​ത്മ നി​വേ​ദ​നം–
കേ​ട്ടു​ണർ​ന്നി​ടു​ന്നെ​ന്നും തട​വി​തിൽ;
കൂ​ട്ടു​ബി​ന്ദി ഞാൻ സന്ത​പ്ത​നെ​ങ്കി​ലും,
വാടി വന്നി​ടും മജ്ജീ​വ​നാൾ​കൾ​തൻ
ജാ​ഡ്യത വെടി, ഞ്ഞാ​നി​ഷ്ക്ക​ള​ങ്ക​മാം
മഞ്ജു​വ​ക്ത്ര​ത്തിൽ നി​ന്നൂർ​ന്ന വാ​ക്കു​കൾ–
ക്കെൻ​ക​വി​ത​ത​ന്നീ​ണം പക​രു​ന്നു!

LA JEUNE CAPTIVE

കു​റി​പ്പു​കൾ
[1]
വീ​ഞ്ഞു​ണ്ടാ​ക്കു​ന്ന യന്ത്രം
[2]
കാ​ല്യ​കാ​ന്തി മോ​ന്തി​നി​ല്ക്കും
കാ​യ്ക​നി​ത്തൊ​ടി​കൾ തോറും
(ചങ്ങ​മ്പുഴ — നർ​ത്ത​കി)
[3]
അഴ​ലേ​കിയ വേ​നൽ​പോ, മുടൻ
മഴയാം ഭൂ​മി​യി​ലാ​ണ്ടു​തോ​റു​മേ,
കൊ​ഴി​യും തരു​പ​ത്ര​മാ​ക​വേ
വഴിയേ പല്ലവ മാർ​ന്നു പൂ​ത്തി​ടും
(ആശാൻ — സീത)
ഏതു കൂ​രി​രു​ട്ടി​ന്നു​മൊ​ടു​വി​ലു​ഷ​സ്സൊ​ന്നു–
ണ്ടേ​തു കല്പാ​ന്ത​ത്തി​നു​മ​ഗ്ര​ത്തിൽ കൃ​ത​യു​ഗം
(ഉള്ളൂർ — മൃ​ണാ​ളി​നി)
ഊന​മെ​ങ്ങു​മ​ണ​യാ​തി​വ​ണ്ണ​മി​ര​വി​ന്നു പി​മ്പു പകലും സദാ
വേ​ന​ലിൻ പി​റ​കിൽ വർ​ഷ​വും പു​ന​ര​ഴൽ​ക്കു ശേ​ഷ​മൊ​രു സൗ​ഖ്യ​വും
(വള്ള​ത്തോൾ — ചി​ത്ര​യോ​ഗം)
ദുഃ​ഖ​ങ്ങൾ സൗ​ഖ്യ​ത്തി​ന​ക​മ്പ​ടി​ക്കാർ
(വള്ള​ത്തോൾ — കാ​റു​ക​ണ്ട കർഷകൻ)
ഉള്ള​ത​ല്ലോ പകലും വെ​ളി​ച്ച​വു–
മല്ല​ലി​ന്നു​ണ്ടു പി​ന്നി​ലാ​ഹ്ലാ​ദ​വും
(കെ. കെ. രാജാ — എങ്കി​ലും)
ഇരുൾ​പ്പ​ര​പ്പാം മറ​കൊ​ണ്ടു​ത​ന്മെ​യ്
മറ​ച്ചി​രു​ന്നാ​ണ് മരീ​ചി​മാ​ലി
ലോ​ക​ത്തെ​യാ​ഹ്ലാദ വി​കാ​സി​യാ​ക്കി–
ത്തീർ​ക്കും പ്ര​ഭാ​ത​ത്തെ രചി​പ്പ​ത​ല്ലോ
(നാ​ല​പ്പാ​ടൻ — കണ്ണു​നീർ​ത്തു​ള്ളി)
മി​ന്നു​മു​ഷ​സ്സൊ​ന്നു മൊ​ട്ടി​ട്ടു നി​ല്പ​തു–
ണ്ടി​ന്നെ​ന്ന കൂ​രി​രു​ട്ടി​ന്റെ പാ​ഴ്ചി​ല്ല​യിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — കി​ഴ​ക്കും പടി​ഞ്ഞാ​റും)
ഇന്നി​രി​ണ്ടൊ​രീ രാ​ത്രി നാ​ളേ​യ്ക്കു
പൊ​ന്നു​ഷ​സ്സാ​യി​ത്തീ​രി​ല്ലേ?
(പി. കു​ഞ്ഞി​രാ​മൻ നായർ — അനാർ​ക്ക​ലി)
രാ​വി​തു​മാ​യും വീ​ണ്ടും പുലരി തി​രി​ച്ചെ​ത്തും
പാ​ഴ്മ​ഞ്ഞിൻ പു​റ​കി​ലാ​യ് പൂ​ക്കാ​ല​മ​ല്ലേ ദേവി?
(സു​ഗ​ത​കു​മാ​രി — ആശ)
ഇരു​ളാ​ണി​രു​ളാ​ണെ​ല്ലാ​മെ​ങ്കി​ലു–
മി​രു​ളി​നു​മു​ണ്ടു വെ​ളി​ച്ചം
(അയ്യ​പ്പ​പ്പ​ണി​ക്കർ — കു​ടും​ബ​പു​രാ​ണം)
പറ​വ​കൾ​പോ​ലും വി​ളി​ച്ചു​കൂ​വു​ന്നു–
‘ണ്ടി​രു​ളി​ന​പ്പു​റം വെ​ളി​ച്ച​മു​ണ്ട​ല്ലോ’
(എം. എൻ. പാ​ലൂ​ര് — സു​ഗ​മ​സം​ഗീ​തം)
എല്ലാ​മി​രു​ട്ടും വെ​ളി​ച്ച​വും ചേർ​ന്ന​താ–
ണി​ല്ലാ തനി​ച്ചൊ​ന്ന​ഖി​ല​വും സങ്ക​രം
(ചങ്ങ​മ്പുഴ — തമ​സ്സിൽ)
അല്ലെ​ങ്കി​ലും സഖീ വല്ല​കാ​ല​ത്തു​മാ–
നല്ല​കാ​ലം മർ​ത്ത്യ​നി​ല്ലാ​തി​രി​ക്കു​മോ?
(ചങ്ങ​മ്പുഴ — മൗ​ന​ഗാ​നം)
ഉണ്ടാ​കും വല്ല​പ്പോ​ഴും മഴ​വി​ല്ലു​ക​ളെ​ങ്കിൽ
കൊ​ണ്ട​ലാ​ല​ലം നീ​ല​വി​ണ്ട​ല​മി​രു​ണ്ടോ​ട്ടെ
(ചങ്ങ​മ്പുഴ — കൃ​താർ​ത്ഥൻ ഞാൻ)
ശീ​തോ​ഗ്ര വാതമേ, വർ​ഷ​മ​ണ​ഞ്ഞെ​ത്ര
വേ​താ​ള​താ​ണ്ഡ​വ​മാ​ടി​യാ​ലും
ഒട്ടേ​റെ ദൂ​രെ​പ്പു​റ​കി​ലാ​യീ​ടു​മോ
മൊ​ട്ടി​ടും മു​ഗ്ദ്ധ​വ​സ​ന്ത​മാ​സം
(ചങ്ങ​മ്പുഴ — ചി​ത​റി​യ​ചി​ന്ത​കൾ)
കട്ടി​കൂ​ടും കൂ​രി​രു​ട്ടി​ന്റെ പി​ന്നി​ലേ
മൊ​ട്ടി​ടും മു​ഗ്ദ്ധ​മാം സു​പ്ര​ഭാ​തം
(ചങ്ങ​മ്പുഴ — പാ​ടു​ന്ന പി​ശാ​ച്)
Behind the steps that Misery treads
Approaching Comfort view,
The hues of bliss more brightly glow
Chastised by sabler tints of woe
(Thomas Gray — Ode on the pleasure arising from vicissitude)
[4]
മരണം ഭരി​ക്കു​ന്ന മന്ദി​ര​ത്തി​ലു​മാ​ശാ–
കി​ര​ണ​ങ്ങ​ളെ​ച്ചും​ബി​ച്ച​മ​രും ഭ്രാ​താ​ക്ക​ളേ
(വൈ​ലോ​പ്പി​ള്ളി — കവി​യും കു​ഷ്ഠ​രോ​ഗി​യും)
കൂ​രി​രുൾ​മെ​ല്ലെ വി​ഴു​ങ്ങു​മ​ക്ക​ല്ലറ–
ക്കൂ​ട്ടി​ന്ന​ഴി​ക​ളെ​ക്കൊ​ത്തി​മു​റി​ച്ചു​ടൻ
ഇത്തി​രി​നേ​രം പറ​ന്നു കളി​പ്പി​താ–
ച്ചി​ത്തം ചിറകു വി​രു​ത്തി വിൺ​വീ​ഥി​യിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — കാ​രാ​ഗൃ​ഹ​ത്തിൽ)
Stone walls do not a prison make,
Nor iron bars a cage;
Minds innocent and quiet take
That for an hermitage
(Colonel Lovelace — To Althea from prison)
[5]
ജാലം = വല
[6]
Sweet is pleasure after pain
(Dryden — Alexander’s Feast or Power of Music)
[7]
ഞാ​നി​തു​വ​രെ പാ​ടി​പ്പ​റ​ന്നു
ഗാ​ന​സൗ​ന്ദ​ര്യ​സാ​രം പകർ​ന്നു
(ചങ്ങ​മ്പുഴ — രാ​ഗ​പ​രാ​ഗം)
പാ​ടി​ക്കൊ​ണ്ട​പ്പൊ​ഴും പാ​റി​പ്പ​റ​ക്കു​ന്നു
പാ​റി​ക്കൊ​ണ്ടെ​പ്പൊ​ഴും പാ​ടി​ടു​ന്നു
(വൈ​ലോ​പ്പി​ള്ളി — വാ​ന​മ്പാ​ടി)
(Shelley — Ode to a skylark)
നാ​ടു​കൾ തോറും നട​ന്നാ​ടു​ന്നു പാ​ടു​ന്നു നീ
നാ​ടി​ല്ല, കു​ടി​യി​ല്ല, നിൻ​ധ​നം സു​സ്വാ​ത​ന്ത്ര്യം
(കെ. മാ​ധ​വി​യ​മ്മ — കാ​ട്ടി​ലെ കിളി)
വാർ​ദ്ധ​ക​ത്തി​ന്റെ തൂ​വെ​ള്ളി​ക്കൂ​ടും
വാർ​ത്തു, നീ വിധേ, കാ​ത്തി​രി​ക്കാ​യ്ക:
കി​ട്ടു​കി​ല്ലീ വി​ഹം​ഗ​മാ​ജ​ന്മം
സൃ​ഷ്ടി​ഗാ​നം പറ​ന്നു​താൻ പാ​ടി​ടും
(യൂ​സ​ഫ​ലി കേ​ച്ചേ​രി — നി​ത്യ​ച​ക്രം)
And I was filled with such delight
As prisoned birds must find in freedom
Winging wildly across the white
Orchards and dark-​green fields; on, on; and out of sight
(Siegfried Sassoon — Every one sang)
[8]
തലേ​ന്നു വധി​ക്ക​പ്പെ​ട്ട​വ​രിൽ താൻ പെ​ട്ടി​ട്ടി​ല്ലെ​ന്നു കണ്ടു മറ്റു തട​വു​കാർ​ക്കു​ള്ള സന്തോ​ഷം (നി​ത്യേന നൂ​റു​ക​ണ​ക്കിൽ തട​വു​കാ​രെ തല​യ​റു​ത്തു കൊ​ന്നി​രു​ന്നു).
[9]
രാ​ത്രി​യു​ടെ നി​ല​വ​റ​യാ​ണീ മുറി,
തു​റു​ങ്കി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന ഹൃ​ദ​യം​പോ​ലെ
അവ​സാ​ന​ത്തെ ചോ​ര​ത്തു​ള്ളി​യും
ഊറ്റി​യെ​രി​യു​ന്ന വി​ള​ക്ക്
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — ഒരു ദി​നാ​ന്ത്യ​ക്കു​റി​പ്പ്)
[10]
ഇനി​യു​മെ​ത്ര​യോ വഴി​ന​ട​ക്കണ–
മെ​നി​ക്കി​രു​ളാ​യി​ക്ക​ഴി​വ​തിൻ മു​മ്പേ.
(എം. ആർ. നായർ — ഹാ​സ്യാ​ഞ്ജ​ലി)
[11]
ഭാവി ഭദ്ര​മാ​യ് കൊ​ട്ടി​യ​ട​ച്ചു ഞാൻ
ജീ​വി​ത​സ്സ​ദ്യ​യു​ണ്ണാ​നി​രി​ക്ക​വേ
വാ നിറയെ വെ​ളു​ക്ക​ച്ചി​രി​യു​മാ​യ്
വാതിൽ മു​ട്ടി വി​ളി​ക്കു​വ​താ​രി​വൻ?
(കെ. മാ​ധ​വി​യ​മ്മ — വാർ​ദ്ധ​കം)
[12]
സ്മ​യ​മോ​ടു മദ​ന്തി​ക​ത്തിൽ നിർ–
ദ്ദ​യ​മെ​ത്തീ​ടു​വ​തെ​ന്തി​നെൻ മൃതേ
പ്രി​യ​പാ​ത്ര​മി​ത​ങ്ങു​ട​യ്ക്കു​മോ
ഭയ​നി​ഷ്പ​ന്ദി​ത​മെ​ന്റെ ലോചനം
(കെ. കെ. രാജാ — മദ്യ​പാ​നം)
[13]
My times be in thy hand,
Perfect the cup as planned.
Let age approve of youth and death complete the same
(Robert Browning — Rabbi Ben Ezra)
[14]
മരണമേ തവ ശൂന്യ തമ​സ്സി​നെ–
ശ്ശ​ര​ണ​മാ​ക്കു​വ​തെ​ങ്ങി​നെ​യാ​ണ​ഹോ,
കി​ര​ണ​മാ​ലി​യൊ​ഴു​ക്കിയ തങ്ക​നീർ
തി​ര​ളു​മീ​യു​ല​ക​ത്തെ വെ​ടി​ഞ്ഞു ഞാൻ?
ഇല്ല ഞാൻ, മരണ, നിൻ വഴി​യ്ക്കു പോ–
രി​ല്ല​നി​ന്ന​നുജ നിദ്ര ചൊൽ​ക​യാൽ
നല്ല​വ​ണ്ണ​മ​റി​വു​ള്ള​താ​ണെ​നി–
ക്ക​ല്ല​ട​ഞ്ഞ തവ നാ​ട്ടി​ലെ സ്ഥി​തി
(വള്ള​ത്തോൾ — നര​ക​ണ്ടി​ട്ട്)
നി​സ്ത്ര​പം ഭീ​രു​വെ​പ്പോ​ലാ​ത്മ​ഹ​ത്യ​യാൽ
നി​ശ്ച​യം, തോഴീ, വി​മു​ക്ത​യാ​കി​ല്ല ഞാൻ
(ചങ്ങ​മ്പുഴ — തപ്ത​പ്ര​തി​ജ്ഞ)
ഒരു കപട ഭി​ക്ഷു​വാ​യ് ഒടു​വി​ലെൻ ജീ​വ​നേ​യും
ഒരു നാൾ കവർ​ന്നു പറ​ന്നു പോ​കു​വാൻ
നി​ഴ​ലാ​യ്, നി​ദ്ര​യാ​യ് പി​ന്തു​ടർ​ന്നെ​ത്തു​ന്ന
മരണമേ, നീ മാറി നി​ല്ക്ക
(ഒ. എൻ. വി. കു​റു​പ്പ് — പാ​ഥേ​യം)
ഉറ​ക്ക​മാ​കാൻ സമയമാ–
യീ​ല​ര​ങ്ങൊ​ഴി​വ​തിൻ മു–
മ്പെ​നി​ക്കി​നി​യു​മ​ഭി​ന​യി​ക്കാ–
നു​ണ്ടു ലോക നാടകം
(കരൂർ ശശി — മന​സ്സിൽ മണി​മു​ഴ​ക്കം)
[15]
നേ​രാ​മാ​യ​തു ഹാ ശുഭേ ഭയ​ദ​മാം വൻ​തോ​ക്കു​തൻ വാ​യി​ലാ–
വീ​രാ​ഖ്യ​യ്ക്കു കൊ​തി​യ്ക്കു​മെ​ത്ര തരു​ണർ​ക്കാ​ശ്വാ​സ​മേ​കു​ന്നു നീ.
ആരാ​യു​ന്നി​തു രാ​ഗ​പു​ഷ്പ​സൃ​തി​മേൽ മു​ള്ളേ​റ്റ നോ​വാ​റ്റു​വാൻ
താ​രാർ​മേ​നി​കൾ തന്നെ ശീ​ത​ത​ര​മാം നി​ന്നം​ഗ​സം​ഗം​മൃ​തേ.
(ആശാൻ — പ്ര​രോ​ദ​നം)
[16]
പലേസ്–Pales = ഇട​യ​ന്മാ​രു​ടേ​യും ആട്ടിൻ കൂ​ട്ട​ങ്ങ​ളു​ടേ​യും ദേവത.
[17]
സം​ഗീ​ത​സാ​ഹി​ത്യാ​ദി കല​ക​ളു​ടെ ഒൻപതു അധി​ഷ്ഠാന ദേ​വ​ത​മാർ (Muses).
[18]
മരണം!–മരണമോ? മരണം പോലും–കഷ്ടം
മനമേ മതി​യാ​ക്കൂ നി​ന്റെ ജൽ​പ​ന​മെ​ല്ലാം.
ജീ​വി​തം വെറും സ്വ​പ്ന​മാ​ണെ​ങ്കി​ലാ​യി​ക്കോ​ട്ടേ
ഭൂ​വി​ലാ​സ്വ​പ്നം കാ​ണ​ലാ​ണെ​ന്നാ​ലെ​നി​ക്കി​ഷ്ടം.
മരണം തരു​ന്നൊ​ര​പ്പു​ഞ്ചി​രി​ക്കാ​യി​ട്ടു ഞാൻ
വെ​റു​തെ കള​യ​ല്ലി​ജ്ജീ​വി​ത​ബാ​ഷ്പം​തെ​ല്ലും
(ചങ്ങ​മ്പുഴ — മൗ​ന​ഗാ​നം)
പോ​രാ​ടു​ന്ന​തു തീ​രാ​തെ​ങ്ങി​നെ
പോരാൻ ഞാ​നി​നി നീ വി​ളി​ച്ചാ​ലും
(ചങ്ങ​മ്പുഴ — സ്പ​ന്ദി​ക്കു​ന്ന അസ്ഥി​മാ​ടം)
മരി​ക്കി​ല്ല ഞാൻ, മരി​ക്ക​യു​മി​ല്ലെ​ന്നി​ലെ
മനു​ഷ്യൻ മേ​ന്മേൽ ഭാ​വ​നിർ​ഭ​രം വള​രാ​വൂ
(വൈ​ലോ​പ്പി​ള്ളി — കി​ളി​യും മനു​ഷ്യ​നും)
ആരാ​ണെ​ന്നെ വി​ളി​യ്ക്കു​ന്നു
അക്ക​രെ​നി​ന്നും വി​ളി​യ്ക്കു​ന്നു.
ആരാ​യാ​ലും ഞാ​നി​ല്ല
അന്തി​ക​റു​ത്തു കഴി​ഞ്ഞി​ല്ല
ഇക്ക​രെ​യെ​ന്ത​ഴ​കാ​ണ്
ഇക്ക​രെ വി​ടു​വാൻ മടി​യാ​ണ്
(പു​ലാ​ക്കാ​ട്ട് രവീ​ന്ദ്രൻ — അക്ക​രെ​നി​ന്ന്)
എയ്തു തീ​രാ​ത്തൊ​രാ​വ​നാ​ഴി നീ
പെ​യ്തു​തീ​രാ​ത്ത കൊ​ണ്ടൽ നീ
(യൂ​സ​ഫ​ലി കേ​ച്ചേ​രി — വയലാർ)
For there is goodness yet to hear
and fine things to be seen
Beofre we go to paradise
by way of Kensel Green
(G. K. Chesterton — Before the Roman came to Rye)
Tarry a while, o Death, I cannot die
With all my blossoming hopes unharvested,
My joys ungarnered, all my songs unsung.
And all my tears unshed
(Sarojini Naidu — The poet to Death)
“O my God, I say, take me not hence
in the midst of my days,
Thou whose years endure
throughout all generations”
(Bible — Psalms: 102)
[19]
ബന്ദി​നി = തട​വു​കാ​രി
Colophon

Title: French Poems (ml: ഫ്ര​ഞ്ച് കവി​ത​കൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മം​ഗ​ലാ​ട്ട് രാഘവൻ, ഫ്ര​ഞ്ച് കവി​ത​കൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.