SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
8
പരി​ത്യ​ക്ത
മദാം ദെ​ബോർ​ദ് വൽമോർ (MADAME DESBORDES VALMORE (1786-1859))

ഇളം പ്രാ​യ​ത്തി​ലേ നടി​യാ​യി​രു​ന്ന മദാം ദെ​ബോർ​ദ് വൽമോർ നാ​ട​ക​വേ​ദി​വി​ട്ടു കാ​വ്യ​വേ​ദി​യിൽ പ്ര​വേ​ശി​ച്ചു സ്വ​ന്ത​മാ​യൊ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത പ്ര​തി​ഭാ​ശാ​ലി​നി​യാ​ണ്. അവ​രു​ടെ കവി​ത​യോ​ട് തനി​ക്കു​ള്ള കട​പ്പാ​ട് വെർ​ലേൻ (VERLAINE) വളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നല്കി ഞാൻ നി​ന​യ്ക്കെന്‍ ഹൃദയം, നീ
നല്കി നി​ന്റെ​തെ​നി​യ്ക്കു​മാ​യ്; [1]
ഈ ഹൃ​ദ​യ​വി​നി​മ​യ​ത്തിൽ നാം
നേ​ടി​യ​ദ്വൈ​ത​നിർ​വൃ​തി. [2]
ഹാ, തി​രി​ച്ചു നീ വാ​ങ്ങി നിൻ​ക​രൾ,
ഇല്ലെ​നി​ക്കൊ​ന്നു​മെ​ന്നാ​യി;
ഹാ, തി​രി​ച്ചു നീ വാ​ങ്ങി നിൻ​ക​രൾ,
നഷ്ട​മാ​യെ​നി​ക്കെ​ന്റേ​തു. [3]
വന്നില, പൂവു, കാ​യ്പോ​ലു, മെത്ര [4]
സു​ന്ദ​ര​മാ​യി​രു​ന്ന​തു;
അത്ത​ളി​രു​മ​ത്താ​രു​മാ​യ​തിൻ
വാർ​മ​ണ​വും വർ​ണ്ണാ​ഭ​യും!
ആയ​തി​നെ നീ ചെ​യ്ത​തെ​ന്തൊ​ന്നാം
മാ​മ​ക​പ്രാ​ണ​നാ​യ​കാ?
മാൺ​പി​യ​ന്നൊ​രാ​പ്പു​ണ്യ​പ്പൂൺ​പി​നെ–
യെ​ന്തു ചെ​യ്തെ​ന്തു ചെ​യ്തു നീ? [5]
അമ്മ കൈ​വി​ട്ടു രക്ഷ​യ​റ്റൊ​രു
പാവം കു​ഞ്ഞി​നു തു​ല്യ​യാ​യ് [6]
ഇങ്ങു​ത​ള്ളി നീ​യെ​ന്നെ വാ​ഴ്‌​വി​ന്റെ
കണ്ണു​നീ​രു കു​ടി​യ്ക്കു​വാൻ,
ഇങ്ങു​ത​ള്ളി​വി​ട്ടെ​ന്നെ ദൈ​വ​ത്തിൻ
കണ്ണിൻ മു​മ്പാ​കെ​ത്ത​ന്നെ നീ.
നീ​യ​റി​യു​മോ പൂ​രു​ഷ​നൊ​രു
നാ​ളു​ല​കി​തി​ലേ​ക​നാം;
വെ​മ്പും കൈ​വി​ട്ട പ്രേ​മ​സൗ​ഭ​ഗം
വീ​ണ്ടു​കൊ​ള്ളു​വാ​ന​ന്ന​വൻ.
നീ വി​ളി​ച്ചി​ടും, പക്ഷെ നിൻ വിളി–
ക്കാ​രു​മു​ത്ത​ര​മേ​കി​ല്ല;
നീ വി​ളി​ച്ചി​ടു, മപ്പൊ​ഴു​തി​ലാം
നീ വി​ചി​ന്ത​നം ചെ​യ്വ​തു.
ചി​ന്ത​യിൽ മഗ്ന​നാ​യി വന്നു നീ–
യെ​ന്റെ വാ​തി​ലിൽ മു​ട്ടി​ടും; [7]
വന്ന​ണ​യും നീ ചി​ന്ത​യി​ലാ​ണ്ടു
മു​ന്നെ​പ്പോൽ ഹൃ​ദ​യാ​ലു​വാ​യ്.
[8] ‘ആരു​മി​ല്ല​വ​ള​ന്ത​രി​ച്ചു’വെ–
ന്നാ​രാ​നും നി​ന്നോ​ടോ​തി​ടും;
ഓതു​മാ​രാ​നു, മെ​ന്നാ​ലാർ സഹ–
താ​പാ​ശ്രു നി​ണ​യ്ക്കാ​യ്ത്തൂ​കും? [9]

QU’EN AVEZ-​VOUS FAIT

കു​റി​പ്പു​കൾ
[1]
സദന നി​ക​ട​വർ​ത്തി​യു​ണ്ടൊ​രാൾ
ഹൃ​ദ​യ​മ​ന്ന​വൾ നല്കി​മു​ന്ന​മേ
… … …
വരു​വേൻ പ്രിയ കേ​ണി​ടാ​യ്ക​യെൻ
കരൾ നി​ങ്ക​യ്യിൽ, വപു​സ്സു​മെ​ത്തു​വാൻ
(ആശാൻ — ലീല)
ചെ​ല്ല​മാ​യ്ത്താൻ വളർ​ത്തും മാൻ​കി​ടാ​വെ​യെ–
ന്ന​ല്ല​വൾ​ക്കാ​യ്ത്തൻ ഹൃ​ദ​യ​വു​മേ​കി​നാൻ
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
ഒന്നു​ള്ള​തേ​ക​ന​ടി​യ​റ​വെ​ച്ചു​പോ–
യന്യ​നു നല്കാൻ ഹൃ​ദ​യ​മി​ല്ലെൻ​വ​ശം
(പി. കു​ഞ്ഞി​രാ​മൻ നായർ — പരീ​ക്ഷ)
തൈ​മ​ണി​ക്കാ​റ്റു മു​ല്ല​യോ​ടോ​തി:
നി​ന്മ​ന​മാർ​ക്കു നല്കും നീ?
(പി. കു​ഞ്ഞി​രാ​മൻ നായർ — നീ വരി​ല്ല)
വര​ണ​മാ​ല്യ​ത്തോ​ടൊ​പ്പം പര​സ്പ​രം
കര​ളു​കൈ​മാ​റി നി​ല്ക്കു​ന്ന നി​ങ്ങ​ളെ
(ചങ്ങ​മ്പുഴ — സൗ​ഹൃ​ദ​മു​ദ്ര)
ദമ്പ​തി​മാ​രേ, പര​സ്പ​രം മാനസ–
ച്ച​മ്പ​നീർ​പ്പൂ​മാല മാ​റി​യേ​വം
(ചങ്ങ​മ്പുഴ — ഒരു വിവാഹ മം​ഗ​ളാ​ശംസ)
എടു​ക്കൂ സഖി നി​ന്റെ പൂ​ങ്കര, ളി​താ​യെ​ന്റെ
ചെ​ങ്കര, ളവ പ്രേ​മ​പ്പി​ത്ത​ള​നൂ​ലിൽ കോർ​ക്കാം
(കട​മ്മ​നി​ട്ട — പ്ര​ണ​യ​ഗീ​തം)
My true love hath my heart and I have his
(Sir Sidney — A ditty)
And wilt thou leave me thus
That hath given thee my heart
(Sir T. Wyat — The lover’s appeal)
[2]
ഒന്നാ​യി ജാ​യാ​വ​രർ നി​ങ്ങൾ
(നാ​ല​പ്പാ​ടൻ — കണ്ണു​നീർ​ത്തു​ള്ളി)
ഒത്തു​ചേർ​ന്നാ​ന​ന്ദ​വും ദുഃ​ഖ​വും പ്രാ​പി​ച്ചു​കൊ–
ണ്ട​ദ്വൈ​ത​ഗീ​തം​പാ​ടി​യാ​ടു​ന്ന രണ്ടാ​ത്മാ​ക്കൾ
(വൈ​ലോ​പ്പി​ള്ളി — വി​ര​ഹ​ത്തിൽ)
അറിയാ, തടു​ത്തു​നാ, മുടൻ
ഇരു​മെ​യ്ക​ളി​ലൊ​രു കരൾ തു​ള്ളി
അതിൽ നീറി നെ​യ്ത്തി​രി മാ​തി​രി
ഒരു നോ, വൊരു ലഹരി, യൊ​രൂ​റ്റം
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — പു​ഴ​യൊ​ലി​വിൽ പോ​ള​കൾ​പോ​ലെ)
കൈകൾ കോർ​ത്തും കര​ളു​കൾ ചേർ​ത്തും
മെ​യ്ക​ളി​ലൊ​രേ ചേതന വീർ​ത്തും
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — സാ​വി​ത്രി)
നി​ന്നെ​യെ​ന്നി​ലു​മെ​ന്നെ​നി​ന്നി​ലു–
മൊ​ന്നു​പോൽ ചേർ​ന്നു കണ്ടു ഞാൻ
(ചങ്ങ​മ്പുഴ — വെ​ളി​ച്ച​ത്തി​ന്റെ മു​മ്പിൽ)
രണ്ട​ല്ല നീയും ഞാ​നു​മൊ​ന്നാ​യി​ക്ക​ഴി​ഞ്ഞ​ല്ലൊ
വി​ണ്ട​ലം നമു​ക്കി​നി വേ​റെ​വേ​ണോ?
(ചങ്ങ​മ്പുഴ — ആത്മ​ര​ഹ​സ്യം)
പരി​പൂ​ത​പ്രേ​മ​ത്താ​ലാ​ത്മാ​വൊ​ന്നാ​യ്
പ്പ​രി​പൂർ​ണ്ണ​ത്വ​ത്തിൽ മുഖം കാ​ണു​മ്പോൾ
(പി. കു​ഞ്ഞി​രാ​മൻ നായർ — പ്രേ​മ​പൗർ​ണ്ണ​മി)
ഒന്നാ​ക്കി​ത്തീർ​ത്തി​ത​വ​രെ–
ക്കാ​ട്ടി​ലേ​കാ​ന്ത ജീ​വി​തം
(പി. കു​ഞ്ഞി​രാ​മൻ നായർ — ശ്രീ​രാ​മ​ച​രി​തം)
താ​ള​ല​യ​ത്തിൽ ചു​വ​ടു​കൾ വെ​യ്ക്കെ
നീ​ലി​മ​യാർ​ന്ന നി​കു​ഞ്ജ​ത്തിൽ
പ്ര​ണ​വ​പ്പൊ​രു​ളി​ല​ലി, ഞ്ഞാ​ശ​ബ്ദ–
പ്ര​തി​ര​വ​ധാ​ര​ക​ളിണ ചേർ​ന്നു;
അദ്വൈ​ത​പ്പൊ​രു​ളാ​യി നമ്മു​ടെ
അനു​രാ​ഗ​ത്തിൻ പ്ര​തി​ഭാ​സം
(മം​ഗ​ലാ​ട്ട് സു​കു​മാ​രൻ — നഗ​രാ​ഞ്ജ​ലി)
ഈ മിഴി ചെ​ന്നാ​മി​ഴി​യി​ലെ​ത്തി
ജീ​വി​ത​മു​ത്സ​വ​മേ​ള​യാ​യി
ഉൾ​ക്ക​ള​മാ​കെ വസ​ന്ത​മാ​യി
ദി​ക്കു​ക​ളെ​ല്ലാം നി​ലാ​വു​മാ​യി
(ഒ. വി. ഉഷ — കല്യാ​ണം)
‘ഓമനേ, രണ്ട​ല്ല നമ്മൾ’, എന്നാൽ
നോ​വി​ല്ല നോ​വി​ലു​മെ​ന്റെ ചി​ത്തം
(ഒള​പ്പ​മ​ണ്ണ — കു​തിർ​ന്ന കണ്ണു​കൾ)
അന്യേ​ാ​ന്യ പ്ര​ണ​യ​ത്തി​നാൽ കര​ളി​ന്നൈ​ക്യം ലഭി​ച്ചു​ള്ളൊര–
ത്ത​ന്വീ​പൂ​രു​ഷ​ഹൃൽ​ച്ച​മൽ​ക്കൃ​തി സു​ധാ​സാ​രാ​ഭി വർ​ഷാ​യി​തം.
(കെ. എം. പണി​ക്കർ — ചാ​ടൂ​ക്തി മു​ക്താ​വ​ലി)
രണ്ടു പു​ഞ്ചി​രി​കൾ, രണ്ടൂ​ഷ്മ​ള​വി​കാ​ര​ങ്ങൾ
രണ്ടെ​ന്ന ഭാവം വി​ട്ടി​ട്ടൊ​ന്നാ​യി​ബ്ഭ​വി​ക്കു​മ്പോൾ
(നാ​ലാ​ങ്കൽ — സമാ​ഗ​മം)
ഒന്നാ​യും സൗ​ഖ്യ​ദുഃ​ഖ​ങ്ങ​ളി​ല​നു​ഗു​ണ​മാ​യേ​തു കാ​ല​ത്തു​മുൾ​പ്പൂ–
വി​ന്നു​ള്ളാ​ശ്വാ​സ​മാ​യും പു​ന​ര​പി ജരയാൽ ഭേ​ദി​യാ​തു​ള്ള​താ​യും
(ഭവ​ഭൂ​തി — ഉത്ത​ര​രാ​മ​ച​രി​തം)
(ചാ​ത്തു​ക്കു​ട്ടി മന്നാ​ടി​യാ​രു​ടെ തർ​ജ്ജമ)
ഞാ​നാ​ണ​ല്ലോ നീ, നീ​യാ​ണ​ല്ലോ ഞാൻ
നാ​മാ​ണ​ല്ലോ നന്മ നി​റ​ഞ്ഞ പരി​പൂർ​ണ്ണത
(കട​മ്മ​നി​ട്ട — പു​രു​ഷ​സൂ​ക്തം)
So fold thyself my dearest, thou, and slip
Into my bosom and be lost in me
(Tennyson — Now sleeps the crimson petal, now the white)
In my heart I made him room:
O love my Willie!
(Jean Ingelow — Playing on the Virginals)
Two bodies with one heart and spirit,
Two tapers with one celestial flame,
Two drops of the same essence joined together into one
O, that is what we are Leila
(Prof. Seshagiri Rao Naidu — Leila-​Majnu)
[3]
എങ്കി​ലു​മ​ക​ന്നു നീ, നി​ന​യ്ക്കു ഞാ​നി​ല്ലാ​താ​യ്
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — കള്ള​ദൈ​വ​ങ്ങൾ)
[4]
പാ​ല​യ്ക്കില വന്നു, പൂ​വ​ന്നു, കാ​യ്വ​ന്നു
(അജ്ഞാ​ത​നാ​മാ​വു് — നാ​ടൻ​പാ​ട്ട്)
[5]
കല്ലോ​ല​ക്കൈ​ക​ളിൽ​ത്താ​ലോ​ല​മാ​ട്ടി​യെൻ
ചെ​ല്ല​ത്തെ, ചൊൽ​ക​നീ, യെ​ന്തു ചെ​യ്തു
(ചങ്ങ​മ്പുഴ — ആറ്റു​വ​ക്കിൽ)
[6]
അമ്മ​യി​ല്ലാ​ത്ത കു​ഞ്ഞി​ന്റെ
അകം നീ​റ്റു​ന്ന നോ​വി​ലും
(വി​ഷ്ണു​നാ​രാ​യ​ണൻ നമ്പൂ​തി​രി — അന്ത്യ​യാ​ത്ര)
ജന​യി​ത്രി വെ​ടി​ഞ്ഞ പൈ​തൽ​പോ​ലെൻ
മനമേ, നീ​യ​ഴ​ലേ​തു മേ​ന്തി​ടാ​തെ
(ബാ​ലാ​മ​ണി​യ​മ്മ — അമൃ​ത​ധാര)
ജനനി കൈ​വി​ട്ടു​പോ​യ്പോ​യു​ഴ​യു​ന്ന
തന​യർ​തൻ​ചു​ടു​നി​ശ്വാസ വീ​ചി​കൾ
(അയ്യ​പ്പ​പ്പ​ണി​ക്കർ — നയിനി തടാ​ക​ത്തിൽ)
[7]
മു​ട്ടി വി​ളി​ക്കു​ന്നു പി​ന്നെ​യും വന്ന​വൻ
കൊ​ട്ടി​യ​ട​ച്ച നിൻ​വാ​തി​ലി​ന്മേൽ
ഭീ​ക​ര​രാ​ത്രി​യാ​ണെ​ങ്ങു​മി​രു​ട്ടു​മാ–
ണേ​കാ​കി​യാ​ണ​വ​നെ​ന്തു ചെ​യ്യും?
(ചങ്ങ​മ്പുഴ — ഗായകൻ)
മു​ട്ടു​ക​യാ​ണെ​ന്നു, മെ​ന്റെ ചി​ത്തം
കൊ​ട്ടി​യ​ട​ച്ചൊ​രാ വി​തി​ലി​ങ്കൽ
(ഇട​പ്പ​ള്ളി — ഭി​ക്ഷു)
ഒരി​ക്ക​ലും ലയം​വ​രാ​ത്ത നി​ഷ്ക​ള​ങ്ക രാഗമാ–
ണി​രി​പ്പ​തെ​ന്റെ ഹൃ​ത്തി​ലെ​ന്ന​റി​ഞ്ഞു കൊൾക സത്യ​മാ​യ്
ഒരി​ക്കൽ നീ​യി​തൊ​ക്കെ​യെ​ണ്ണി​യെ​ണ്ണി​യോർ​ത്തു കേ​ണി​ടും,
ധരി​ക്ക ഞാൻ ശപി​ക്ക​യ​ല്ല​നു​ഗ്ര​ഹി​ക്ക തന്നെ​യാം
(മേരി ജോൺ തോ​ട്ടം — പ്ര​ഭാ​വ​തി)
മതി, മതി, യെൻ പൂ​ത​ലി​ച്ച കതകിൽ മു​ട്ടി​ടൊ​ല്ലേ
(വൈ​ലോ​പ്പി​ള്ളി — ഒരുവൾ)
I loved a love once, fairest among women:
Closed are her doors on me, I must not see her-
All, all are gone, the old familiar faces
(Charles Lamb — The old familiar faces)
[8]
എരി​ഞ്ഞു​ചാ​മ്പ​ലാ​യൊ​രെ​ന്റെ ചി​ത്ത​മി​ന്നു കാ​ഴ്ച​യാ​യ്
തരു​ന്നു, നിൻ പദ​ങ്ങ​ളിൽ നമ​സ്ക​രി​ച്ചി​ടു​ന്നു ഞാൻ
(മേരി ജോൺ തോ​ട്ടം — പ്ര​ഭാ​വ​തി)
[9]
മരി​ക്കി​ലി​വ​നെ സ്മ​രി​ച്ചു കര​യാ​നൊ​രു​ത്ത​നി​ല്ല​ല്ലോ
(ചങ്ങ​മ്പുഴ — കാ​മു​ക​ന്റെ സ്വ​പ്ന​ങ്ങൾ)
എന്നെ​യോർ​ത്തു കേ​ഴാ​നൊ​ന്നീ
മന്നി​ലി​ല്ലെ​നി​ക്കൊ​രാ​ളും
(ചങ്ങ​മ്പുഴ — നർ​ത്ത​കി)
Colophon

Title: French Poems (ml: ഫ്ര​ഞ്ച് കവി​ത​കൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മം​ഗ​ലാ​ട്ട് രാഘവൻ, ഫ്ര​ഞ്ച് കവി​ത​കൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.