SFNസായാഹ്ന ഫൌണ്ടേഷൻ
images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
23
വസ​ന്ത​രാ​ത്രി
അൽ​ഫ്രെ​ദ് ദ് മ്യു​സ്സെ (ALFRED DE MUSSET (1810-1857))

സ്വ​ന്തം പ്രേ​മ​ഭം​ഗ​വും നൊ​മ്പ​ര​ങ്ങ​ളും ഉള്ളു​തു​റ​ന്നു പാടിയ കവി​യാ​ണ് അൽ​ഫ്രെ​ദ് ദ് മ്യു​സ്സെ. പ്ര​സ​സ്ത നോ​വ​ലി​സ്റ്റും സ്വ​ത​ന്ത്ര ചി​ന്ത​ക​യു​മായ ഴോർഴ് സാ​ന്തും (GEORGE SAND - 1804–1876) മ്യു​സ്സെ​യും തമ്മി​ലു​ണ്ടാ​യി​രു​ന്ന പ്രേ​മ​ബ​ന്ധ​വും അതി​ന്റെ തകർ​ച്ച​യും അക്കാ​ല​ത്ത് ഫ്ര​ഞ്ച് സാ​ഹി​ത്യ​ലോ​ക​ത്തി​ന്റെ ശ്ര​ദ്ധ​യാ​കർ​ഷി​ച്ച ഒരു സം​ഭ​വ​മാ​യി​രു​ന്നു. ഇരു​വ​രും തെ​റ്റി​പ്പി​രി​ഞ്ഞ​പ്പോൾ മ്യു​സ്സെ​യു​ടെ വ്ര​ണി​ത​ഹൃ​ദ​യ​ത്തിൽ​നി​ന്നു ശോ​ക​ഗീ​ത​ങ്ങ​ളു​ടെ ഒരു പര​മ്പ​ര​ത​ന്നെ ഊർ​ന്നൊ​ഴു​കി. അതി​ലൊ​ന്നാ​ണി​ത്. ആത്മാ​വി​ഷ്കാ​ര​മാ​ണ് കല​യെ​ന്ന തത്വ​ത്തി​ന്നു അടി​വ​ര​യി​ടു​ന്ന ഈ കവി​ത​യി​ലെ ‘പെ​ലി​ക്കാൻ’ പക്ഷി​യു​ടെ ആത്മ​ത്യാ​ഗം, ‘ഫി​നി​ക്സ്’ പക്ഷി​യു​ടെ ഉയർ​ത്തെ​ഴു​ന്നേ​ല്പു​പോ​ലെ, ഒരു യൂ​റോ​പ്യൻ പാ​ര​മ്പ​ര്യ​സ​ങ്ക​ല്പ​മാ​ണ്. തീ​റ്റ​യൊ​ന്നും കി​ട്ടി​യി​ല്ലെ​ങ്കിൽ പെ​ലി​ക്കാൻ സ്വയം കൊ​ത്തി​ക്കീ​റി സ്വ​ന്തം രക്ത​വും മാം​സ​വും കു​ഞ്ഞു​ങ്ങൾ​ക്കു നല്കു​ന്നു​വെ​ന്നാ​ണ് വി​ശ്വാ​സം. ക്രി​സ്തു​വി​ന്റെ ആത്മ​ബ​ലി​യു​മാ​യു​ള്ള സാ​ദൃ​ശ്യം കാരണം ക്രൈ​സ്ത​വ​സ​ഭാ​സാ​ഹി​ത്യ​ത്തിൽ പെ​ലി​ക്കാൻ പണ്ടേ ഒരു പ്ര​തീ​ക​മാ​ണ്. മ്യു​സ്സെ​യും ഈ സാ​ദൃ​ശ്യം സൂ​ച​നാ​ത്മ​ക​മാ​യി സ്പർ​ശി​ക്കു​ന്നു​ണ്ട്.

കാ​വ്യ​ദേ​വത:
വീ​ണ​യേ​ന്തു​നീ, മൽ​ക്ക​വേ, മാൺ​പെ​ഴും
തൂ​വ​സ​ന്തം പി​റ​ക്കു​ന്ന രാ​വി​ത്.
പാർ​ക്കു​കീ ഋതു​സം​ക്ര​മ​സ​ന്ധ്യ​യാൾ
പാ​രി​നേ​കു​ന്ന പു​ത്തൻ പരി​വേ​ഷം.
വീ​ണ്ടു​മു​ന്മേ​ഷ​മുർ​വി​ക്കി​യ​റ്റു​വാൻ
വന്ന​ണ​ഞ്ഞു കവോ​ഷ്ണ​മ​ന്ദാ​നി​ലൻ;
നന്മ​ണം​പൂ​ണ്ട നീ​രാ​ളം ചു​റ്റി രാ–
വി​മ്മ​ണി​ത്തെ​ന്നൽ തന്നെ​യാ​ട്ടീ​ടു​ന്നു;
പച്ച​വീ​ണ്ടും പു​ത​യ്ക്കും വന​ങ്ങ​ളിൽ
പക്ഷി​വൃ​ന്ദം തി​രി​ച്ചെ​ത്തി പാ​ട്ടു​മാ​യ്
കന്നി​റോ​സ​ഭ്യ​സൂ​യ​യാൽ മോഹിത–
വണ്ടി​നെ ത്ത​ന്നി​ലുൾ​ച്ചേർ​ത്തു കൂ​മ്പു​ന്നു; [1]
പൂ​വ​ണി​യു​ന്നു സർ​വ്വ​വും, പാ​രി​ടം [2]
പ്രേമ, സൗരഭ, മർ​മ്മര പൂ​രി​തം
പു​ത്ത​നാം യു​വ​ദ​മ്പ​തി​മാ​രു​ടെ
ഹർ​ഷ​പൂർ​ണ്ണ​മ​ണി​യ​റ​യൊ​ന്നു​പോൽ. [3]
വീ​ണ​യേ​ന്തു നീ, മൽ​ക്ക​വേ, മാൺ​പെ​ഴും
തൂ​വ​സ​ന്തം പി​റ​ക്കു​ന്ന​രാ​വി​ത്!
കവി:
ചെൽ​വ​തെ​ന്തു​വാ, നി​ത്താ​ഴ്‌​വ​ര​യി​ങ്കൽ
വൻ​ത​മ​സ്സാ​ണു കാ​ണ്മു ഞാ​നെ​ങ്ങു​മേ.
പൂ​ത്ത​പുൽ​കൾ ചവി​ട്ടി​ച്ച​ത​ച്ചി​ട്ടു
പുൽ​ത്ത​കി​ടി​യിൽ നി​ന്നാ​ഗ​മി​ച്ച​താം
ആവ​ര​ണ​മ​ണി​ഞ്ഞൊ​രു സത്വമ–
ക്കാ​ടിൻ​മീ​തെ​ച്ച​രി​പ്പ​താ​യ്ത്തേ​ാ​ന്നി​മേ. [4]
ഇപ്പോ, ഴേറെ വി​ചി​ത്ര​മാ​മ​മ്മ​നോ–
ദൃ​ശ്യ​മ​ല്പാ​ല്പം മാ​ഞ്ഞു മാ​റു​ക​യാം.
അമ്പ​ര​പ്പു​ഞാ, നെ​ന്തി​നാ​യെ​ന്റെ ഹൃൽ–
സ്പ​ന്ദ​മി​ത്ര​യും വേ​ഗ​മാർ​ന്നീ​ടു​ന്നു. [5]
എന്ന​ക​ക്ക​ള​മി​ട്ടു​ല​ച്ചീ​ടുവ–
തെ​ന്ത​തെ​ന്നെ​ബ്ഭ​യ​പ്പെ​ടു​ത്തു​ന്നു​തേ.
അർ​ദ്ധ​മൃ​ത്യു​വാ​മെൻ ദീ​പ​നാ​ള​ത്തി–
ന്ന​ല്പ​വെ​ട്ട​വു​മെൻ​കൺ​മ​യ​ക്കു​ന്നു.
എന്തി​നു​ല്ക​മ്പ​മാർ​ന്നി​ടു​ന്നെ​ന്നു​ടൽ?
ആർവരു, ന്നാർ വി​ളി​ക്കു​ന്നു? ഇല്ലാ​രും! [6]
ഏക​നാ​ണു​ഞാൻ, മൂകത ഭഞ്ജി​ക്കാൻ [7]
നാ​ഴി​ക​മ​ണി മാ​ത്ര​മേ​യി​ങ്ങു​ള്ളൂ.
എന്തു​മാ​ത്രം കടു​ത്തൊ​രേ​കാ​ന്തത
എന്തു​മാ​ത്രം കടു​ത്തൊ​രു നി​സ്വത! [8]
കാ​വ്യ​ദേ​വത:
വീ​ണ​യേ​ന്തു​നീ, ചൊൽ​വ​തു ഞാ​ന​ല്ലേ
നി​ന്ന​ന​ശ്വ​ര​ദേ​വത, മൽ​ക്ക​വേ!
ഈ രജ​നി​യിൽ ഖി​ന്ന​നാ​യ്, മൂ​ക​നാ​യ്
നീ മരു​വ​തു കാൺ​ക​യാൽ വി​ണ്ണിൽ​നി–
ന്നി​ങ്ങു​പോ​ന്നു​ഞാൻ നി​ന്നൊ​പ്പം കേ​ഴു​വാൻ, [9]
നീ​ഡ​ത്തിൻ വിളി കേ​ട്ടൊ​രു പക്ഷി​പോൽ. [10]
നീ​റി​ടു​ന്നു നീ യേ​കാ​ന്ത​മാ​മൊ​രു
വേ​ദ​ന​യി​ന്നു നി​ന്നെ​ക്ക​ര​ളു​ന്നു. [11]
കേൾ​പ്പ​തു​ണ്ടു ഞാൻ വ്യ​ക്ത​മാ​യ് മത്സ​ഖേ
നി​ന്റെ യു​ള്ളി​നു​മു​ള്ളി​ലെ​ഗ്ഗ​ദ്ഗ​ദം. [12]
നി​ന്നി​ലു​മൊ​രു പ്രേ​മം കി​ളിർ​ത്തെ​ന്നാം–
നിർ​ണ്ണ​യ​മ​തു​ലോ​ക​സാ​ധാ​ര​ണം,
ആന​ന്ദ​നി​ഴ​ലാ​ട്ട​മൊ​ന്നെ​ന്ന​പോ,
ലൈ​ശ്വ​ര്യ​ത്തി​ന്റെ സ്വ​പ്നാ​നു​ഭൂ​തി​പോൽ.
നീ വരൂ നമു​ക്കൊ​ന്നി​ച്ചു പാ​ടി​ടാ–
മീ​ശ​ചൈ​ത​ന്യം താ​വു​മീ രം​ഗ​ത്തിൽ.
നി​ന്റെ ചി​ന്ത​കൾ, നഷ്ട​സ​മ്മോ​ദ​ങ്ങൾ
നിൻ ഗത​കാ​ല​നോ​വു​ക​ളൊ​ക്കെ​യും
പാ​ടി​ടാ,മൊരു മു​ത്ത​ത്തി​ലൂ​ട​വേ
പോക നാ​മ​ങ്ങൊ​ര​ജ്ഞാ​ത​ലോ​ക​ത്തിൽ. [13]
തൊ​ട്ടു​ണർ​ത്താം നമു​ക്കു നിൻ​വാ​ഴ്‌​വി​ന്റെ
കെ​ട്ട​ട​ങ്ങിയ മാ​റ്റൊ​ലി​യൊ​ക്കെ​യും.
ഹർ​ഷ​വാ​യ്പും ജയ​മ​ഹി​മാ​വും പോൽ
ചാ​പ​ല​ങ്ങ​ളും പേർ​ത്തു​മേ പാ​ടി​ടാം.
ഗാ​ന​മാ​വ​തിൻ​മു​മ്പു നിൻ പൊൻ​കി​നാ–
സ്സൂ​ന​മാ​യവ ചേലിൽ വി​ട​ര​ട്ടെ. [14]
കണ്ടി​ടാം നമു​ക്ക​ങ്ങാ​ത്മ​വി​സ്മൃ​തി
പൂ​ണ്ടു​പാ​ടു​വാൻ പറ്റിയ താവളം. [15]
പോക നാ​മി​രു​പേർ​മാ​ത്ര, മീജഗ–
ത്താ​ക​മാ​നം നമു​ക്കു​ള്ള​താം സഖേ … [16]
ഏതു തങ്ക​ക്കി​നാ​വി​നെ​ത്താ​രാ​ട്ടാൻ
പോ​ന്ന​താ​ക​ണം നമ്മു​ടെ ഗാ​ന​ങ്ങൾ?
ഏതു കണ്ണീർ​ക്ക​ഥ​യാ​ണു പാ​ടു​വാൻ
പോവതു നമ്മൾ? നീ പറ​ഞ്ഞീ​ട​ണം.
വീ​ണ​യേ​ന്തീ​ടു വീ​ണ​യേ​ന്തീ​ടു​നീ
ഈണം തൂ​കാ​തി​രി​ക്കു​വാൻ വയ്യി​നി.
എൻ​ചി​റ​കു വി​ട​രു​ന്നു വാ​സ​ന്ത–
ത്തെ​ന്ന​ലി, ലതെ​ങ്ങ​ന്നെ​യും കൊ​ണ്ടു​പോം.
നി​ന്നിൽ​നി​ന്നു​തിർ​ന്നി​ടു​ന്ന കണ്ണു​നീർ–
ത്തു​ള്ളി​യൊ​ന്നി​നാ​കാം​ക്ഷ കൊൾവൂ ഞാൻ.
കവി:
പ്രേ​ഷ്ഠ​യാം സഖീ, യെൻ​ചു​ണ്ടിൽ​നി​ന്നൊ​രു
മു​ത്ത​വു​മെൻ​മി​ഴി​ക​ളിൽ നി​ന്നു​ള്ള
നീർ​ക്ക​ണി​ക​യും മാ​ത്ര​മേ വേ​ണ്ടു​ള്ളു–
വെ​ങ്കിൽ ഞാനവ നൽ​കി​ടാ​മി​ക്ഷ​ണം.
നീ​യൊ​രാൾ​മാ​ത്ര​മാ​ണെ​ന്നിൽ നിർ​വ്യാജ–
സ്നേ​ഹ​മേ​ലു​വോൾ സത്സ​ഖീ, സോദരീ. [17]
പാ​ടു​കി​ല്ല ഞാൻ പക്ഷേ, പ്ര​ശ​സ്തി​യോ
സു​പ്ര​തീ​ക്ഷ​യോ ഭാ​ഗ്യ​വി​ലാ​സ​മോ.
പാ​ടു​കി​ല്ല ഞാ​നെ​ന്ന​ന്ത​ര​ത്തി​നെ
കാർ​ന്നു​തി​ന്നും കര​മു​ന​പോ​ലു​മേ.
ഹൃ​ത്തു​തേ​ങ്ങി​ക്ക​ര​യു​ന്ന നേ​ര​ത്തു [18]
വക്ത്രം പാ​ലി​പ്പൂ മൂകത, ശ്ര​ദ്ധി​ക്കാൻ.
കാ​വ്യ​ദേ​വത:
എന്തു​വാൻ നി​ന്നെ​ക്കു​റി​ച്ചു നീ,
തപ്ത​ബാ​ഷ്പ​ക്കൊ​തി​യേൽ​വൂ ഞാ​നെ​ന്നോ?
കല്ല​റ​വ​രെ ചെ​ന്ന​ശ്രു​മോ​ന്തി​ടും
കല്ക്ക​ര​ളാർ​ന്ന വൃ​ശ്ചി​ക​ക്കാ​റ്റു​പോൽ, [19]
കേ​വ​ല​മൊ​രു നീർ​ത്തു​ള്ളി​മാ​ത്ര​മാ​യ്
മാ​ന​വ​വ്യഥ കാ​ണ്മ​വൾ ഞാ​നെ​ന്നോ?
ചും​ബ​നം പര​മു​ത്തേ​ജ​നാ​ത്മക–
ചും​ബ​നം ഞാൻ നി​ണ​യ്ക്കാ​ണു നല്കുക.
ഇപ്പ​രി​സ​ര​ത്തീ​ന്നു ഞാൻ നീ​ക്കി​ടാ–
നു​ന്നി​ടു​ന്നൊ​ന്നു മാ​ത്രം: നിൻ നൈ​ഷ്കർ​മ്മ്യം.
താ​വ​ക​വ്യഥ സർ​വ്വ​ജ​ഗ​ന്നിയ–
ന്താ​വിൻ നി​ശ്ചയ, മെ​ന്നാ​ലൊ​ന്നോ​തു​വേൻ:
നിൻ​ക​രൾ​ക്കാ​മ്പി​ല​ക്ക​രിം​മാ​ലാ​ഖാ–
വൃ​ന്ദ​മേ​ല്പി​ച്ച പു​ണ്യ​ക്ഷ​ത​ത്തി​നെ [20]
നീ വിടൂ വളർ​ന്നീ​ടാൻ, നിൻ യൗവനം
തി​ന്നു​മാ​ത​ങ്ക​മെ​ന്തു​താ​നാ​കി​ലും.
ഉന്ന​ത​വ്യ​ഥ​യൊ​ന്നു​പോ​ല​ത്ര​മേ–
ലു​ന്ന​ത​രാ​ക്ക മറ്റൊ​ന്നും നമ്മ​ളെ. [21]
വേ​ദ​ന​പ്പെ​ടു​ന്നെ​ന്ന​തു​കൊ​ണ്ടു നിൻ
നാ​ദ​മി​ങ്ങു നി​ല​യ്ക്കു​വാൻ പാ​ടി​ല്ല. [22]
ഏറെ ദുഃഖം വഴി​യു​ന്ന ഗാ​ന​ങ്ങ–
ളേറെ മാ​ധു​രി​യൂ​റു​ന്ന​താ​യി​ടും;
ഞാ​ന​റി​വേ​ന​ന​ശ്വ​ര​ഗാ​ന​ങ്ങ–
ളേ​റെ​യു​ണ്ടു കലർ​പ്പ​റ്റ തേ​ങ്ങ​ലാ​യ്. [23]
കോ​റ്റു​തേ​ടി ‘പെ​ലി​ക്കൻ’ കട​ലി​ങ്ക–
ലൊ​ട്ടു ദൂ​ര​ത്തു​പോ​യ് പരി​ക്ഷീ​ണ​നാ​യ്
അന്തി​മ​ഞ്ഞിൽ ക്ക​ര​യി​ലെ ത്തൻ​മുള–
ങ്കാ​ട്ടു​ചേ​ക്ക​യി​ലേ​യ്ക്കു തി​രി​ക്കു​മ്പോൾ
നീർ​പ്പ​ര​പ്പൂ​ടെ നീ​ന്തി​യ​ണ​ഞ്ഞി​ടും
താ​ത​നെ​പ്പാർ​ത്തു പൈ​യ്യെ​ഴും പൈ​ത​ങ്ങൾ
കൊ​ക്കു​ക​ളാ​ട്ടി​യോ​ടി​യെ​ത്തീ​ടു​ന്നു,
തീ​റ്റ​യു​ണ്ടെ​ന്ന ധാ​ര​ണ​യോ​ടെ​യാ​യ്.
ഉന്ന​ത​മൊ​രു പാ​റ​മേ​ലേ​യ്ക്ക​വൻ [24]
പൊ​ന്നു​മ​ക്ക​ളെ മെ​ല്ലേ നയി​ക്കു​ന്നു.
വി​സ്തൃ​ത​മാം ചി​റ​കാൽ കി​ടാ​ങ്ങ​ളെ–
പ്പൊ​ത്തി​യ​ത്ത​ന്ത മാ​ന​ത്തു നോ​ക്ക​യാം,
മത്സ്യ​വേ​ട്ട​യ്ക്കു​പോ​യ് വെറും കയ്യോ​ടേ
മാ​ലി​ലാ​ണ്ടു മട​ങ്ങിന കൈ​വർ​ത്തൻ!
വൈ​കി​ടാ​വൻ, കൊ​ത്തി​പ്പി​ളർ​ക്ക​യാ​യ്
തന്നു​ടൽ, ചോര ചു​റ്റും സ്ര​വി​ക്കു​ന്നു.
ആഴി​ത​ന്നിൽ നി​ന്നൊ​ന്നും തട​ഞ്ഞീ​ലാ,
തീ​ര​മാ​ക​ട്ടെ തീരെ നിർ​ജ്ജീ​വും.
ആകെ​ക്കൊ​റ്റാ​യി കൊ​ണ്ടു​വ​ന്നു​ള്ള​തു
സ്നേ​ഹ​സ​മ്പ​ന്ന​ഹൃ​ത്തൊ​ന്നു​മാ​ത്ര​മാം!
ശോ​ക​മൂ​ക​നാ​യ​ക്ക​രി​മ്പാ​റ​മേ–
ലാ​ക്ക​മോ​ടേ കി​ട​ന്ന​വൻ വീ​തി​പ്പൂ
സ്വ​ന്ത​മാം കടൽ​മാല പി​ഞ്ചോ​മന–
സ്സ​ന്ത​തി​കൾ​ക്കു ക്ഷു​ത്ത​ട​ക്കീ​ടു​വാൻ–
അത്യു​ദാ​ത്ത​മാം സ്നേ​ഹ​ത്തി​ല​പ്പി​താ–
വാ​ത്മ​യാ​തന താ​രാ​ട്ടി​ടു​ക​യാം.
തൻ​ചു​ടു​നി​ണ​മി​മ്മൃ​തി​സ​ദ്യ​യിൽ
വാർ​ന്നൊ​ലി​പ്പ​തു കണ്ടു​കൊ​ണ്ട​ങ്ങി​നെ,
താവും നിർ​വൃ​തി, വാ​ത്സ​ല്യം, രൗ​ദ്രത–
ഈ വി​കാ​ര​ങ്ങ​ളാ​ലെ​യു​ന്മ​ത്ത​നാ​യ് [25]
അക്കി​ട​പ്പി​ല​മർ​ന്നും പി​ട​ഞ്ഞും കൊ–
ണ്ടാ​ച​രി​ക്ക​യാ​ണാ​ത്മ​ബ​ലി​യ​വൻ!
[26] ഇ‘ത്തി​രു​ബ​ലി’ മദ്ധ്യ​ത്തിൽ, യാതന
നീ​ട്ടി​നീ​ട്ടി മരി​ക്കാൻ മടു​ക്ക​യാൽ,
ക്ഷു​ത്ത​ട​ങ്ങിയ മക്കൾ സപ്രാ​ണ​നാ​യ്
വി​ട്ടി​ടാം തന്നെ​യെ​ന്നു ഭയ​ക്ക​യാൽ,
ഒന്നെ​ണീ​റ്റ​വൻ നീർ​ത്ത ചി​റ​കി​നാ–
ലാ​ഞ്ഞ​ടി​ച്ചു തൻ​ഗൃ​ഹ​ത്തി​നു സാ​ക്ര​ന്ദം.
അന്തി​നേ​ര​ത്തു ദാ​രു​ണോ​ഗ്ര​ഹം തദീ–
യാ​ന്തി​മാ​ക്ര​ന്ദം കേ​ട്ടു നടു​ങ്ങിന
മറ്റു നീർ​ക്കി​ളി​ക്കൂ​ട്ട​ങ്ങ​ള​ക്ഷ​ണം
വി​ട്ടു​തീര, മൊ​രേ​കാ​ന്ത യാ​ത്രി​കൻ
മൃ​ത്യു​വാ​വ​ഴി പോ​കു​ന്നു​വെ​ന്നോർ​ത്തി–
ട്ടാ​ത്മ​ര​ക്ഷ​ക്കാ​യീ​ശ​നെ​ക്കൂ​പ്പി​നാൻ. [27]
ഈ വി​ധ​മാം കവി​വ​രർ​തൻ കലാ–
ജീ​വി​ത​വൃ​ത്തി യേ​തു​കാ​ല​ത്തു​മേ.
ആനു​ഷം​ഗി​ക​മാ​ണ​വ​ര​സ്ഥിര–
മാ​നു​ഷർ​ക്കേ​കു​മാ​സ്വാ​ദ​നാ​ന​ന്ദം. [28]
അമ്മ​ഹ​ത്തു​ക്കൾ കാ​വ്യേ​ാ​ത്സ​വ​ങ്ങ​ളിൽ
നല്കി​ടും മന​വീ​യ​വി​രു​ന്നു​കൾ [29]
ഇപ്പെ​ലി​ക്കാ​ന്റെ യാ​ത്മ​ബ​ലി​സ​ദ്യ– [30]
ക്കൊ​പ്പ​മാ​യി​ടും മി​ക്ക​പ്പൊ​ഴും കവേ.
മോ​ഹ​ഭംഗ, മാ​ത​ങ്കം, വി​ഗ​ണ​നം,
പ്രേ​മം, ഭാ​ഗ്യ​വി​പ​ര്യ​യ​മൊ​ക്കെ​യും
പാ​ടു​വ​ത​വ​ര​ന്യ​ര​സ​ത്തി​നാ– [31]
യ, ല്ലാ​താ​ക​വേ​യാ​ത്മാ​വി​ഷ്കാ​ര​മാം. [32]
കാ​ട്ടു​ത​വർ വാൾ​പ്പ​യ​റ്റാ​കി​ലും
തങ്ങി​നിൽ​പ്പു​ണ്ടാ​മാ​വാ​ളിൽ ത്ത​ന്നി​ണം. [33]
കവി:
ഗാ​ന​ലോ​ലു​പേ, മൽ​ക്കാ​വ്യ​ദേ​വ​തേ,
പോ​രു​മേ നി​ന്ന​നു​ന​യം പാ​ടു​വാൻ
ആഞ്ഞു​വീ​ശും കൊ​ടു​ങ്കാ​റ്റൽ പൂ​ഴി​മേ–
ലാ​രു​മൊ​ന്നു​മാ​ലേ​ഖ​നം ചെ​യ്തി​ടാ.
താ​രു​ണി​യി​ല​നി​രു​ദ്ധ​നാ​യൊ​രു
ശാ​രി​ക​പോ​ലെ പാ​ടി​യോ​ന​ല്ലി ഞാൻ?
തീ​വ്ര​യാ​ത​ന​യൊ​ന്നി​നാ​ലു​ള്ള​ത്തിൽ
തീ​മ​ഴ​യാ​യ്ക്ക​ഴി​യു​വോ​നി​ന്നു ഞാൻ.
ഈയ​നു​ഭൂ​തി ഗേ​യ​മ​ല്ല​ത്ര​മേൽ
ദാ​രു​ണ​മെ​ന്നു​മാ​ത്രം പറ​ഞ്ഞി​ടാം.
ഞാ​ന​തുൽ​ഗാ​നം ചെ​യ്യാൻ ശ്ര​മി​ക്കി​ലെൻ
വീണ, യീ​റ​പോൽ​പ്പൊ​ട്ടി​ത്ത​കർ​ന്നു​പോം.! [34]

LA NUIT DE MAI

കു​റി​പ്പു​കൾ
[1]
ഒരു വെൺ മല​ര​ല്ലി​യിൽ പതി–
ഞ്ഞൊ​രു തേ​നീ​ച്ച മരി​ച്ചി​രി​ക്ക​യാം
… … …
മലരിൻ മധുരം നു​ണ​ഞ്ഞു നീ
മരണം പൂ​കി​യ​തെ​ന്തു​മ​ക്ഷി​കേ?
(വൈ​ലോ​പ്പി​ള്ളി — ഇതു​പോ​ലെ)
കൂ​മ്പു​ന്നാ​മ്പൽ​പ്പൂ​വി​ന്നു​ള്ളിൽ​ക്കു​മ്പി​ട്ടേ​തോ
ശല​ഭ​മി​രു​ന്നു മരി​ച്ച​തു ഞാനോ?
(കട​മ്മ​നി​ട്ട — പു​രു​ഷ​സൂ​ക്തം)
മത്ത​ടി​ച്ചാർ​ത്തു​ചു​റ്റി​പ്പ​റ​ന്ന വണ്ട​ത്താ​ന്മാർ
സ്വ​സ്ഥ​ചി​ത്ത​രാ​യ് നി​ന്നിൽ തേൻ​കു​ടി​ച്ചു​റ​കൂ​ന്നു.
(ചെ​മ്മ​നം ചാ​ക്കോ — പൂ​വി​ന്റെ ജാതകം)
പൂ​വി​തിൽ പതു​ങ്ങി​യി​ട്ടെൻ ചി​റ​കു​യ​രാ​താ​യ്
പ്രാ​വി​നെ, പ്പ​രു​ന്തി​നെ​ത്ത​ഴു​കും മാറിൽ ചേരാൻ
(ബാ​ലാ​മ​ണി​യ​മ്മ — ഭ്ര​മ​ര​ഗീ​തം)
രാ​വി​ലെൻ മാ​റിൽ​മേ​നി ചാ​യി​ച്ചു കൊ​ണ്ടെൻ പ്രേമ–
ഗായക ഭവാ​നെ​ന്നോ​ടി​ണ​ങ്ങി​ക്കി​ട​ന്നാ​കിൽ
താ​ര​ക​ളാ​കാ​ശ​ത്തി​ലെ​ത്തി​നോ​ക്കു​വാൻ വരും
നേ​ര​മെ​ന്നി​തൾ കൂ​മ്പി​മ​റ​യ്ക്കും ഞാ​ന​ഗ്ഗാ​ത്രം
(ചെ​റി​യാൻ കെ. ചെ​റി​യാൻ — പങ്ക​ജ​ഗീ​തം)
As a shut bud that holds a bee
(Robert Browning — Porphyria’s lover)
[2]
പു​ഷ്പ​മാ​ല​കൾ ചാർ​ത്തി, പു​ഷ്പ​കോ​ടീ​രം ചൂടി
പു​ഷ്പി​താ​ത്മാ​വാ​യെ​ത്തി പു​ത്ത​നാം മധു​ര​മാ​സം
(പി. കു​ഞ്ഞി​രാ​മൻ നായർ — കണ്ണു​നീർ​ത്തു​ള്ളി)
ജഗ​ത്തി​തൊ​ട്ടു​ക്കു വസ​ന്ത​ല​ക്ഷ്മി–
പു​ണർ​ന്ന പൂ​വാ​ടി​ക​യാ​യ്ക്ക​ഴി​ഞ്ഞു.
(നാ​ല​പ്പാ​ടൻ — കണ്ണു​നീർ​ത്തു​ള്ളി)
[3]
… … …പൂ​ത്തു​നി​ല്ക്കും ലതാ–
കഞ്ജം കണ​ക്കെ കാ​ണു​ന്നു മണിയറ
പൂ​നി​ലാ​വും കളിർ കാ​റ്റും മലർ​മ​ണം
ചേർ​ന്ന​മ്മ​ണി​യ​റ​യ്ക്കു​ള്ളിൽ മധു​ര​മാ​യ്……
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
ഹാ സു​രർ​പോ​ലും കൊ​തി​പ്പോ​ന്നേ​വം ശബ്ദ​ച്ഛാ​യോ
ല്ലാ​സി​തം നവ​വ​ധൂ​വ​രർ തൻ നൈ​ശാ​ലാ​പം
(വൈ​ലോ​പ്പി​ള്ളി — കു​റു​മൊ​ഴി)
അന്ന​മ്മ​ണി​യ​റ​യാ​ക​വേ പൂ​ത്തൊ​രു
കൊ​ന്ന​പ്പൂ​ന്തോ​ട്ട​മാ​യ് മി​ന്നി​നി​ല്ക്കേ
(ഉള്ളൂർ — കർ​ണ്ണ​ഭൂ​ഷ​ണം)
മധു​ച​ന്ദ്രി​ക​യിൽ​ക്കു​ളി​ച്ചു​നി​ല്ക്കും
മദ​ക​ര​മാ​മീ മണി​യ​റ​യിൽ
(ചങ്ങ​മ്പുഴ — ആന​ന്ദ​ല​ഹ​രി)
[4]
ഓതിനേ, നു​റ​ങ്ങി​പ്പോ​യ​ല്ലി ഞാൻ, സ്വ​പ്നം കണ്ടേൻ
ഭീ​തി​ദ​മൊ​രു രൂ​പ​മ​സി​തം മഹോ​ന്ന​തം
(വൈ​ലോ​പ്പി​ള്ളി — സാ​വി​ത്രി)
എന്തി​തു ത്രേ​ാ​താ​യു​ഗ​ത്തി​ന്റെ ഭീകര സ്വ​പ്ന–
മണ്ഡ​ല​ത്തിൽ​നി​ന്നു​യിർ​ക്കു​ന്നൊ​രു മഹാ​സ​ത്വം
വക്ഷ​സി വക്ത്രം, ഹസ്ത​ര​ഹി​തം, ഘണ്ടാ​പാ​ദം
പക്ഷി​യും മൃ​ഗ​വു​മ​ല്ലാ​ത്തൊ​രു രക്ഷോ​രൂ​പം
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — ബലി)
[5]
ഹൃ​ത്ത​ട​മെ​ന്താ​ണി​ത്ര ശക്തി​യാ​യ് മി​ടി​ക്കു​ന്നു
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — കള്ള​ദൈ​വ​ങ്ങൾ)
[6]
‘ആരെടി നി​ല്പ​തു വാ​തു​ല്കൽ താഴെവ’–
‘ന്നാ​രേ​യു​മാ​രേ​യും കാ​ണ്മീ​ല​മ്മേ’
(ഉള്ളൂർ — പിംഗള)
[7]
കൂ​രി​രു​ളി​നെ​പ്പു​ല്കി നി​ല്ക്കു​ന്ന​താ–
മാ​രു​മി​ല്ലാ​ത്ത ശൂ​ന്യ​മാം പാ​ത​യിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — അന്തി​മ​രം​ഗം)
[8]
എല്ലാം കൊ​ള്ള​യ​ടി​ക്ക​പ്പെ–
ട്ട​വ​ശം നി​സ്വ​ചി​ത്ത​നാ​യ്
തല​താ​ഴ്ത്തി​യി​രി​പ്പൂ ഞാൻ
തോ​ണി​പ്പു​ര​യി​ലേ​ക​നാ​യ്
(പി. കു​ഞ്ഞി​രാ​മൻ നായർ — തോ​ണി​പ്പു​ര​യിൽ)
[9]
നി​ന്നോ​ടൊ​പ്പം നി​ന്റെ ശോ​ക​ഗാ​നം ആല​പി​ക്കാൻ
[10]
മു​ട്ടി​യി​രി​ക്കു​ന്ന കൂ​ട്ടി​നെ​യം​ബ​രം
മു​ട്ടി​പ്പ​റ​ക്കു​ന്ന പക്ഷി മറ​ക്കു​മോ
(ആശാൻ — ശ്രീ​ബു​ദ്ധ​ച​രി​തം)
[11]
ഗൂ​ഢ​മാ​മേ​തോ നോ​വു​നിൻ കരൾ കര​ളു​ന്നു
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — കള്ള​ദൈ​വ​ങ്ങൾ)
[12]
പ്ര​ണ​യ​സർ​വ്വ​മേ പോരും പരി​ഭ​വം
ഹൃ​ദ​യ​ഗ​ദ്ഗ​ദം കേൾ​ക്കാ​ത്ത​തെ​ന്തു​നീ
(ചങ്ങ​മ്പുഴ — ബാ​ഷ്പാ​ഞ്ജ​ലി)
[13]
മധു​ര​സ്വ​പ്ന​ശ​താ​വ​ലി പൂ​ത്തൊ​രു
മാ​യാ​ലോ​ക​ത്തെ​ത്തീ ഞാൻ
(ചങ്ങ​മ്പുഴ — മന​സ്വി​നി)
[14]
ഗാ​ന​മാ​യൊ​ഴു​കു​ന്ന​തി​നു​മു​മ്പ് അവ ഭാ​വ​ന​യിൽ കരു​പ്പി​ടി​ക്ക​ട്ടെ
[15]
എഴു​താ​ന​റി കല്പന ദി​വ്യ​മൊ–
രഴ​കി​നെ​യെ​ന്നെ മറ​ന്നു ഞാൻ
(ചങ്ങ​മ്പുഴ — മന​സ്വി​നി)
[16]
ആഴ​മോ​രു​വാ​നാ​വാ​ത്താ​ന​ന്ദം നു​കർ​ന്നേ​നീ–
യൂ​ഴി​യും ഗഗ​ന​വു​മൊ​ക്കെ​യു​മെ​ന്റേ​ത​ല്ലോ
(സു​ഗ​ത​കു​മാ​രി — വർ​ഷ​മ​യൂ​രം)
[17]
നീ മാ​ത്ര​മു​ണ്ടെ​നി​ക്കെ​ന്ന​ടു​ത്തെ​പ്പൊ​ഴും
നീരസം തോ​ന്നാ​തെ തങ്ങി​നി​ല്ക്കാൻ,
ഇല്ലെ​നി​ക്കാ​രു​മീ ലോ​ക​ത്തിൽ നീ​യ​ല്ലാ–
തി​ല്ലെ​നി​ക്കാ​രും, ഞാൻ നി​സ്സ​ഹാ​യൻ
(ചങ്ങ​മ്പുഴ — പാ​ടു​ന്ന പി​ശാ​ച്)
[18]
ഹൃ​ത്തു​റ​ക്കെ​ക്കേ​ണു, ശബ്ദ–
മെ​ത്തി​യി​ല്ലെൻ നാ​വിൽ​മാ​ത്രം
(ചങ്ങ​മ്പുഴ — നർ​ത്ത​കി)
[19]
ശി​ശി​ര​ത്തി​ലെ കെ​ടു​തി​ക്കാ​റ്റ്, ഈ കാ​ല​ത്താ​ണ് (നവം​ബ​റിൽ) പരേ​ത​രു​ടെ പെ​രു​ന്നാൾ. അന്നു വാർ​ക്ക​പ്പെ​ടു​ന്ന കണ്ണു​നീർ ഈ ശീ​ത​ക്കാ​റ്റ് വി​ഴു​ങ്ങു​ന്നു.
പടരും വി​ഷാ​ദ​ത്തിൻ വൃ​ശ്ചി​ക​പ്ര​ഭാ​ത​മാ​യ്
(ജി. കു​മാ​ര​പി​ള്ള — ഇല്ല)
ചാവിൻ മണ​വു​മാ​യ് തെ​ക്കു​നി​ന്നെ​ത്തി–
ക്കോ​ലാ​യിൽ കോ​ല​മാ​യ് തു​ള്ളു​ന്നു മഞ്ഞ്.
(സച്ചി​ദാ​ന​ന്ദൻ — വട​ക്കൻ​പാ​ട്ട്)
[20]
തു​മ്പി​കൾ, കരി​ന്തു​മ്പി​കൾ ക്ഷു​ദ്ര​മാം
കൊ​മ്പി​നാ​ലേ തു​ള​ക്കിൽ നിൻ​മാ​റി​ടം
മന്ദി​തോ​ത്സാ​ഹ​നാ​കാ​ത​വ​യൊ​ടു
നന്ദി ചൊൽക വന​മു​ളേ സൗ​മ്യ​നാ​യ്
(ജി. — വന​ഗാ​യ​കൻ)
മൂടുക ഹൃ​ദ​യ​മേ മു​ഗ്ദ്ധ​ഭാ​വ​ന​കൊ​ണ്ടീ–
മൂ​ക​വേ​ദ​ന​ക​ളെ, മു​ഴു​വൻ മു​ത്താ​ക​ട്ടെ
(ജി. — മു​ത്തു​കൾ)
എരി​യും സ്നേ​ഹാർ​ദ്ര​മാ​മെ​ന്റെ ജീ​വി​ത​ത്തി​ന്റെ
തി​രി​യിൽ ജ്വ​ലി​ക്ക​ട്ടെ ദി​വ്യ​മാം ദുഃ​ഖ​ജ്ജ്വാല
(ജി. — നക്ഷ​ത്ര​ഗീ​തം)
നിർ​വൃ​തി​പ​ദ​ങ്ങൾ നൽ​പ്പാ​ലൂ​ട്ടി​പ്പോ​റ്റു​ന്ന​താ–
നീർ​ഭ​രാ​സ്വാ​സ്ഥ്യ​ത്തെ​ത്താ​നെ​ന്നു ഞാ​നോർ​മ്മി​ച്ചീ​ലാ
(ബാ​ലാ​മ​ണി​യ​മ്മ — നി​ലാ​വിൽ)
സു​ഖ​ത്തെ​ക്കാ​ട്ടി​ക്കൊ​ഞ്ചും ലോ​ക​ത്തോ​ടു​ര​യ്ക്ക​യാം
സു​ധൃ​ഷ്ട​മാ​മെൻ വാശി: നേടും ഞാൻ ദുഃ​ഖ​ത്തി​നെ
(ബാ​ലാ​മ​ണി​യ​മ്മ — എന്റെ വാശി)
ദുഃ​ഖ​മേ നീ​യെ​കൂ തൃ​ക്ക​ഴൽ ചേർ​പ്പത–
ങ്ങൊ​ക്കെ​യും ശ്രീ​കോ​വിൽ തന്നെ​യ​ല്ലോ
നിൻ​മു​മ്പി​ലെ​ത്തിയ നെ​ഞ്ചിൽ​പ്പ​തി​യു​ന്നു
നിർ​വാ​ണ​ത്താ​മ​ര​മൊ​ട്ടു​താ​നേ
(നാ​ല​പ്പാ​ടൻ — പു​ള​കാ​ങ്കു​രം)
അതോ തടം​ത​ല്ലി​യ​ല​ച്ച കണ്ണു​നീർ–
ക്ക​ടൽ​ക്ക​കം മു​ത്തു​ക​ളോ കി​ട​പ്പൂ?
(നാ​ല​പ്പാ​ടൻ — കണ്ണു​നീർ​ത്തു​ള്ളി)
എനി​ക്കു ദുഃ​ഖ​മാ​ണ​ല്ലോ,
ദുഃ​ഖ​ത്തെ​ത്ത​ന്നെ​യാ​ണു ഞാൻ
ഭജി​പ്പ​തെൻ സഖേ, ദുഃഖം
സു​ഖ​മെ​ന്നു നി​ന​പ്പു​ഞാൻ
എം. എൻ. പാ​ലൂ​ര്–ഒരു കത്ത്
അഭി​ല​ഷി​പ്പു ഞാ​നി​തു​മാ​ത്രം: നി​ത്യം
തക​രാ​വൂ ചി​ത്തം പ്ര​ണ​യ​ത്താൽ
(ചങ്ങ​മ്പുഴ — പരി​തൃ​പ്തി)
ഹാ മധുരം മധു​ര​മാ​ണെ​നി–
ക്കീ മഹനീയ സങ്ക​ടം
എത്ര മന്ദ​സ്മി​ത​ങ്ങ​ളി​ന്ന​തി–
ന്നി​ദ്ധ​രെ​യെ​നി​ക്കേ​കി​ലും
ഇല്ല ഞാൻ തരി​ല്ലെ​ന്റെ​യി​ക്ക​ണ്ണീർ–
ത്തു​ള്ളി​ക​ളി​ലൊ​ന്നെ​ങ്കി​ലും
(ചങ്ങ​മ്പുഴ — ബാ​ഷ്പോ​പ​ഹാ​രം)
ഊതുക ദുഃ​ഖ​ഗാ​ന​മി​നി​യും നിൻ
ജീ​വി​ത​ത്തി​ന്റെ വേ​ദ​നാ​വേ​ണു​വിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — അന്തി​മ​രം​ഗം)
വേ​റി​ട്ടു​കേൾ​ക്കു​ന്നു തോ​പ്പി​ന്റെ ജീവിത–
വേദന തു​മ്പി തു​ള​ച്ച മു​ള​ക​ളിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — പു​ഷ്പ​വാ​ടി)
വീ​ണ്ടും കരു​ത്തു​തു​ട​ങ്ങ​ട്ട​യോ ദുഃഖ–
ഗാ​ന​ങ്ങൾ മണ്ണു​പി​ടി​ച്ച നിൻ വീ​ണ​യിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — തപോ​വ​നം)
നിർ​ഭ​യം നി​സ്സ​ന്ദേ​ഹം പാ​ടി​നാൻ കവി: ദുഃഖ–
നിർ​ഭ​ര​മാ​വാ​തെ​ന്റെ ചേ​ത​ന​യ്ക്കി​ല്ലാ നാദം
(ഒ. എൻ. വി. കു​റു​പ്പ് — ചോ​റൂ​ണ്)
മർ​ത്ത്യ​ഹൃ​ത്ത​ട​ങ്ങ​ളിൽ വി​ള​യും ദുഃ​ഖ​ത്തി​ന്റെ
മു​ത്തു​വാ​രു​വാ​ന​ത്രേ താ​ണു​പോ​യ്ത​ച്ചേ​തന
(ഒ. എൻ. വി. കു​റു​പ്പ് — സിം​ഹാ​സ​ന​ത്തി​ലേ​യ്ക്കു വീ​ണ്ടും)
അന്തി​യിൽ മെ​ഴു​തി​രി​ത്തു​മ്പി​ലെ​ത്തീ​നാ​മ്പു​കൾ
ചി​ന്നിയ കണ്ണീർ​ത്തു​ള്ളി മു​ത്തു​ക​ളാ​യി​ത്തീർ​ന്നോ ?
(പാലാ — അയൽ​ക്കാ​രൻ)
ഇണ്ട​ലിൻ മു​റി​വാ​ണ​ത​വി​ടു​ന്നു നീ​ലി​ച്ച
വണ്ടാ​യ് തു​ള​ച്ച​താ​ണ​ല്ലോ
അതി​ലൂ​ടെ​യൂ​റും കവർ​പ്പി​ന്റെ കവി​ത​യോ
അവി​ടു​ത്തെ നൈ​വേ​ദ്യ​മ​ല്ലോ
(സു​ഗ​ത​കു​മാ​രി — നൈ​വേ​ദ്യം)
…മു​റി​ച്ചു കാ​ടു​കൾ കട​ന്നു​പോ​ര​ട്ടേ
നി​താ​ന്ത​വേ​ദ​നേ തവ തരം​ഗ​ങ്ങൾ.
വി​ഷാ​ദ​ച​ന്ദ്രി​കേ, യെ​നി​ക്കു നീ നി​ന്റെ
സ്വരം തരൂ, നി​ന​വ​ഖി​ല​വും തരൂ
(ഒ. വി. ഉഷ — വി​ഷാ​ദ​പൗർ​ണ്ണ​മി)
നി​ഗൂ​ഢ​ദീ​പ്തി​യാൽ കു​ളി​രു​ന്നു ജീവൻ
പി​ട​യു​ന്നു തീ​വ്ര​മ​ധു​രാ​സ്വാ​സ്ഥ്യ​ത്താൽ
(ഒ. വി. ഉഷ — സുഖം)
ഉൽ​ക്ക​ട​ശോ​ക​മൊ​ന്നാ​ക​ണം നി​ന്നു​ടെ
ഉൽ​കൃ​ഷ്ട ഗാ​ന​നി​ദാ​നം
(പു​ല​ക്കാ​ട്ട് രവീ​ദ്രൻ — കു​യി​ലി​നോ​ട്)
ഇതു കൊ​ടും​നോ​വോ, കടു​മ​ധു​ര​മോ
ജനിയോ, മൃ​ത്യു​വോ, അറി​യു​ന്നി​ല്ല ഞാൻ.
കഠി​ന​മീ വ്യ​ഥ​യു​റ​ഞ്ഞു മു​ത്താ​യി
പര​മ​ഹർ​ഷ​ത്തിൻ സ്ഫ​ടി​ക​മാ​വ​ട്ടെ
(ദേവി — ഹരി നി​ന​ക്കാ​യി​ക്ക​രു​തി​ക്കാ​ത്തു ഞാൻ)
വിനതേ ഹത​ഭാ​ഗ്യേ നി​ന്ന​ഴൽ
കൊ​ത്തി​യു​ട​യ്ക്ക​യാ​യ്ക​യ​തിൽ ബീജം
ഉണ​ര​ട്ടെ ചി​ര​കു​മു​ള​ച്ചു
കരു​ത്താ​യ് പി​ള​ര​ട്ടെ
(എൻ. എൻ. കക്കാ​ട് — ചിറക്)
വളരൂ പ്രി​യ​പ്പെ​ട്ട ദുഃ​ഖ​ത്തിൻ വാ​ല്മീ​ക​മേ
വളരൂ തപ​സ്യ​യി​ലേർ​പ്പെ​ടു​മെ​ന്നെ​ച്ചു​റ്റി
(എസ്. രമേശൻ നായർ — വാ​ല്മീ​കി)
Still nourishing in thy bewildered brain
That wild unquench’d deep sunken old world pain
(Mathew Arnold — Philomela)
Then welcome each rebuff
That turns earth’s smoothness rough
Each sting that bids, nor sit nor stand but go,
Be our joys three parts pain
(Robert Browning — Rabbi Ben Ezra)
Life is a ‘tapasya’ of pain till death:
To again the terrible value of truth,
Settle all debts by death
(Tagore — On the bank of Rupanarayana)
And pain shall cleans thee like a flame
To purge the dross from thy desire
(Sarojini Naidu — The Soul’s prayer)
[21]
അഥവാ സു​ഖ​ദുർ​ഗ്ഗ​മേ​റു​വാൻ
സ്ഥി​ര​മാ​യ് നി​ന്നൊ​രു കൈ​ശ​രീ​രി​യെ
വ്യ​ഥ​യാം വഴി​യൂ​ടെ​യ​മ്പി​നാൽ
വി​ര​വോ​ടു​ന്തി വി​ടു​ന്നു​ത​ന്നെ​യാം
(ആശാൻ — സീത)
ഉപാ​സി​ക്കു​ന്നു ദുഃ​ഖ​ത്തെ ഞാൻ
(ആശാൻ — ഒരു അനു​താ​പം)
യാ​തൊ​രു ദുഃ​ഖ​ത്താ​ലെ നാം മൃ​തി​പ്പെ​ടു​ന്നീ​ലാ–
യാതന പൂർ​വ്വാ​ധി​കം ശക്ത​രാ​ക്കു​ന്നു നമ്മെ
(വൈ​ലോ​പ്പി​ള്ളി — തൃ​ശ്ശൂ​രി​ലെ തി​രു​വാ​തി​ര​കൾ)
ജീ​വി​ത​പു​ഷ്പ​ത്തി​ന്റെ സൗ​ര​ഭ്യ​മ​ത്രേ ദുഃഖം
(വൈ​ലോ​പ്പി​ള്ളി — വി​ര​ഹ​ത്തിൽ)
ഏതു​നാൾ തൊ​ട്ടെ​ന്നോർ​മ്മ​യി​ല്ലെ​ന്റെ നെ​ഞ്ച​ത്തോ​മൽ
പ്പൈ​ത​ലെ​ന്നോ​ണം പറ്റി​ക്കി​ട​ക്കും കദനമേ,
… … …
പാ​രി​ലെ പ്ര​കാ​ശം നിൻ​കൺ​ക​ളിൽ നി​റ​ഞ്ഞോ​ലും
നേ​ര​മാ​ണെ​ന്നാം വേ​ലി​യേ​റ്റ​മെൻ കഴി​വി​ന്നും
(ബാ​ലാ​മ​ണി​യ​മ്മ — ദുഃഖം)
ഉരി​യാ​ടി​ല്ലൊ​ന്നും ഞങ്ങൾ കൂ​ട്ടിയ തീ​യ്യിൽ
വി​രി​കൺ കല​ങ്ങാ​തെ കാൽ​വെ​ച്ചാൾ മന​സ്വി​നി
ചെ​ന്നു പിൻ​മാ​റ്റി​ദ്രു​തം തൽ​പ്രി​യൻ: ‘മതി​പാർ​ത്തേ–
നി​ന്നു നീ ദുഃ​ഖം​കൊ​ണ്ടു നേടിയ വളർ​ച്ച​യെ’
(ബാ​ലാ​മ​ണി​യ​മ്മ — വി​ഭീ​ഷ​ണൻ)
ഇരു​ണ്ടും ചെ​റു​താ​യു​മു​ല​കം നീ​രാ​ളും ക–
ണ്ണി​ണ​യിൽ​പ്പി​ട​യ്ക്കെ​ത്തൻ പി​ന്നിൽ നി​ല്ക്ക​യാം ദുഃഖം.
‘പോവുക’ കറു​ത്ത മെയ് പു​ല്കി​ക്കൊ​ണ്ട​യാ​ളോ​തി:
നീ വഴി​കാ​ട്ടാ​മെ​നി​ക്കി​വി​ടെ​ത്തി​രി​ച്ചെ​ത്താൻ
(ബാ​ലാ​മ​ണി​യ​മ്മ — വഴി​കാ​ട്ടാൻ)
നിർ​വൃ​തി​പ​ദ​ങ്ങൾ നല്പാ​ലൂ​ട്ടി​പ്പോ​റ്റു​ന്ന​താ
നിർ​ഭ​ര​സ്വാ​സ്ഥ്യ​ത്തെ​ത്താ​നെ​ന്നു ഞാ​നോർ​മ്മി​ച്ചീ​ലാ
(ബാ​ലാ​മ​ണി​യ​മ്മ — നി​ലാ​വിൽ)
അമർ​ത്ത്യാ​രാ​ധ്യം നിൻ യാ​ത​നാ​ധ​നം വെ​ച്ചു
നമി​ക്കൂ നവോ​ദ​യാ​ശം​സി​യാം ഹൃ​ദ​യ​മേ
(ബാ​ലാ​മ​ണി​യ​മ്മ — സന്ധ്യാ​വ​ന്ദ​നം)
ജീ​വി​ത​മ​തിൻ മു​ന്തും​യാ​ത​നാ​മൃ​ത​മേ​കി
ദ്ദേ​വ​ത​യാ​ക്കി​ത്തീർ​ത്തോ​രി​രുൾ​മെ​യ്യാ​ളാം സാ​ധ്വി
(ബാ​ലാ​മ​ണി​യ​മ്മ — ഞങ്ങ​ളു​ടെ അമ്മ)
മു​ത്തു പെ​റു​ക്കി​യെ​ടു​ത്തു കൊ​ള്ള​ട്ടെ പേർ–
ത്തി​ദ്ദീ​ന​രെ​ന്ന കനി​വാ​ല​ല്ല​ല്ലീ
അത്തൽ​ക്ക​ട​ങ്കി​ലാ​ഴ്ത്തി മു​ക്കു​ന്നു നീ
യപ്പ​പ്പോൾ ഞങ്ങ​ളെ മം​ഗ​ളാ​ത്മൻ
(ബാ​ലാ​മ​ണി​യ​മ്മ — ചി​ദ്ര​സ​വർ​ഷി​യാം കാർ​മേ​ഘം നീ)
ആന​ന്ദ​വർ​ഷ​ത്തി​നു​വേ​ണ്ടി​യാ​ണീ
ബ്ഭൂ​വി​ങ്ക​ലെ ദുഃ​ഖ​വി​കാ​ര​താ​പം
പി. കു​ഞ്ഞി​രാ​മൻ നായർ–ശ്രീ​രാ​മ​ച​രി​തം
മി​ഴി​നീ​രി​ലൂ​ടേ ചരി​ച്ച ജീവ–
നഴ​കി​ലാ​റാ​ടി​യ​താ​യി​രി​ക്കും
എരി​യു​മെൻ ചി​ത്ത​മേ മേ​ല്ക്കു​മേ​ലേ
ചൊ​രി​യു​ക​ശ്രു​ക്ക​ളെൻ കണ്ണു​ക​ളേ
(ചങ്ങ​മ്പുഴ — പ്ര​ലോ​ഭ​ന​ങ്ങൾ)
ഒര​ല്ല​ലി​ല്ലെ​ങ്കി​ലെ​നി​ക്കു കല്ലാ–
യി​രി​ക്കു​വാ​നാ​ണി​മേ​ലി​ലി​ഷ്ടം
(കു​റ്റി​പ്പു​റം — ഒരു മഹ​ച്ച​ര​മം)
ആന​ന്ദ​വാർ​ദ്ധി​ക്ക​ക​മെ​ത്തു​വാ​നോ
നീ തീർ​ത്ത​ത​മ്മേ ചു​ടു​ക​ണ്ണു​നീർ​ച്ചാൽ
(എം. ആർ. നായർ — വി​ചാ​ര​വീ​ഥി)
അഴലേ, തവ​മു​മ്പിൽ കൊ​ളു​ത്തി​ട​ട്ടെ​ന്നാ​ത്മാ​വു്
വഴി​യും മണം​പെ​റു​മൊ​രു ചന്ദ​ന​ത്തി​രി
(നാ​ലാ​ങ്കൽ — അഴ​ലി​ന്റെ അഴക്)
എന്നെ​ന്നു​മെൻ പാ​ന​പാ​ത്രം നി​റ​യ്ക്ക​ട്ടെ
നി​ന്ന​സാ​ന്നി​ദ്ധ്യം പക​രു​ന്ന വേദന
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — ആന​ന്ദ​ധാര)
But hail, thou goddess sage and holy
Hail, divinest Melancholy!
Whose saintly visage is too bright,
To hit the sense of human sight,
And therefore to our weaker view
O’ erlaid with black, staid Wisdom’s hue
(Milton — Il Penseroso)
Nothing’s so dainty sweet as lovely melancholy
(J. Fletcher — Melancholy)
Often the dark night of sorrow
has came to my door
armed with only one weapon:
The fearful visage of pain, threats of terror
deceptive in the dark.
Whenever I feared that mask of terror
i suffered meaningless defeat.
(Tagore — often the dark night of sorrow)
[22]
മീ​ട്ടുക കവേ, വീ​ണ്ടും നി​ന്മ​ണി​വീ​ണ​ക്ക​മ്പി
മീ​ട്ടുക നൈ​രാ​ശ്യ​ത്തിൽ നീ മൗനം ഭജി​ച്ചാ​ലോ
(ചങ്ങ​മ്പുഴ — നീ മൗനം ഭജി​ച്ചാ​ലോ)
Bird,
Why do you forget your song at times?
Ahy not sing on ?
A songless dawn is futile
Are you not aware of this?
(Tagore — Bird, why do you forget your song?)
[23]
നോ​വു​തി​ന്നും കര​ളി​നേ പാ​ടു​വാ–
നാവു നി​ത്യ​മ​ധു​ര​മാ​യാർ​ദ്ര​മാ​യ്
(ജി. — വന​ഗാ​യ​കൻ)
കേവലം ഘനീ​ഭൂ​ത​മാ​കിന കണ്ണീ​രാ​ണി–
ബ്ഭൂ​ത​ലം, നെ​ടു​വീർ​പ്പാ​ണീ​യ​ന്ത​രീ​ക്ഷം​പോ​ലും
… … …
പി​ന്നെ​യും ജീർ​ണ്ണി​ക്കു​വാൻ, ശാ​ശ്വ​ത​മൊ​ന്നേ, ദുഃഖം
(ജി. — അന്തർ​ദ്ദാ​ഹം)
കരയും ഞാൻ, കരയും ഞാൻ, കരയു കവി​ക​ളെ–
ക്ക​ഴു​വിൽ​ക്ക​യ​റ്റു​മോ കാലമേ നീ?
കര​ളിൽ​നി​ന്നു​റ​യു​ന്ന കരളിൽ ചെ​ന്ന​ലി​യു​ന്ന
കര​യ​ലിൽ കല​യി​ല്ലേ, കവി​ത​യി​ല്ലേ?
(ചങ്ങ​മ്പുഴ — കരയും ഞാൻ)
അഞ്ചി​ത​രാ​ഗം തമ്മിൽ കൊ​ക്കു​ചേർ​ത്തൊ​രു കൊ​മ്പിൽ–
ത്ത​ഞ്ചി​ടും ക്രൗ​ഞ്ച​ങ്ങ​ളി​ലൊ​ന്നി​നെ വന​വേ​ടൻ
കൊ​ന്നു വീ​ഴ്ത്തിയ നോ​വ​ലാ​ദി​മ​ക​വി വാർ​ത്ത
കണ്ണു​നീ​രൊ​രു പെരും കട​ലാ​യ്പ്പ​ര​ക്കു​ന്നു
(വൈ​ലോ​പ്പി​ള്ളി — ഉജ്ജ്വ​ല​മു​ഹൂർ​ത്തം)
നൊ​ന്തു തു​ടി​ക്കും നി​നാ​ദം–അയ്യാ
എന്തു മധു​ര​സം​ഗീ​തം
(വൈ​ലോ​പ്പി​ള്ളി — ശോകം)
അരു​മ​പ്പെ​ട്ട​വ​യെ​ന്തെ​ല്ലാ–
മാ​ഹു​തി ചെ​യ്യ​പ്പെ​ട്ടി​ട്ടാം
പി​റ​വി​യെ​ടു​പ്പ​തു വി​ശ്വേ​ാ​ത്ത​ര​കല
പീഡകൾ പു​ള​യു​ന്നെ​രി​തീ​യ്യിൽ
(വൈ​ലോ​പ്പി​ള്ളി — അത്ഭു​ത​മ​ണി)
നീ ദുഃഖം മന​സാ​വ​ഹി​ച്ചു, നി​ത​രാ​മേ​കാ​കി, യല്ലെ​ങ്കി​ലി–
സ്സാ​ദു​ത്വം തവ​തേ​നി​നെ​ങ്ങ​നെ വരും, പ്രേ​മോ​ദി​താ​മേ​ദ​വും
(വൈ​ലോ​പ്പി​ള്ളി — മധു​മ​ക്ഷിക)
നി​രു​പി​കി​ലു​ഗ്ര​ദുഃഖ സം–
സ്ക്ക​ര​ണ​ത്താ​ലു​ള​വായ സാ​ഹി​തി–
(വൈ​ലോ​പ്പി​ള്ളി — കവി​യ​ച്ചൻ)
സം​ഘാ​രാ​മ​ത്തി​ലെ​ക്കോ​കില, തവ​മ​ധു​രം ശബ്ദ​രൂ​പാ​ശ്രു​പൂ​രം
(വൈ​ലോ​പ്പി​ള്ളി — കു​മാ​ര​കോ​കി​ലം)
ഇല്ലോർ​ത്താ​ലി​തി​ല​ത്ഭു​തം, രസി​കർ​തൻ ചി​ത്തം കു​ളിർ​പ്പി​ക്കു​വൊ–
ന്ന​ല്ലോ നൽ​പ്പി​നി​നീ​രു​പോ​ലെ നിയതം നിൻ ചുട്ട കണ്ണീ​രു​മേ
(വള്ള​ത്തോൾ — കവിത)
പറ​വ​യി​ല​ലി​വൂർ​ന്നു​വീ​ണൊ​രേ​തിൻ
ചു​ടു​മി​ഴി​നീർ​ക​ണ​മാ​ദി​കാ​വ്യ​മാ​യി
ഇരു​ളി​ലു​ദ​യ​ര​ശ്മി​യാ​ക​മ​ത്തൂ–
ലിക മമ കണ്ണി​നു കാ​ഴ്ച​യേ​കി​ട​ട്ടെ
(പി. കു​ഞ്ഞി​രാ​മൻ നായർ — ശ്രീ​രാ​മ​ച​രി​തം)
ഊഴിതൻ ദുഃ​സ്വ​പ്നം​പോൽ പി​ട​യും കര​ളോ​ലു–
മാ​ഴി​ത​ന്ന​സ്വ​സ്ഥ​മാം തേ​ങ്ങ​ലാ​ണെ​നി​ക്കി​ഷ്ടം
ഉഗ്ര​മാ​മുൾ​ക്ഷോ​ഭ​ത്തിൻ തീ​ജ്ജ്വാല ചു​റ്റും ചി​ന്നു–
മഗ്നി​പർ​വ്വ​ത​ത്തി​ന്റെ യല്ല​ലാ​ണെ​നി​ക്കി​ഷ്ടം
(സു​ഗ​ത​കു​മാ​രി — ഏകാകി)
കണ്ടു​നി​ന്നൊ​രു മുനി വേ​ദ​ന​യോ​ടെ പാടി
കണ്ണു​കൾ നി​റ​യ​വേ കരു​ണാർ​ദ്ര​മാം കാ​വ്യം
(എസ്. രമേശൻ നായർ — വീ​ണ​പൂ​വി​ന്റെ ഓർ​മ്മ​യ്ക്ക്)
നീ കവി​ത​യ്ക്കു​ഴി​ഞ്ഞ നിൻ​പ്രാ​ണൻ
നീറി ചന്ദ​ന​ഗ​ന്ധം പൊ​ഴി​യ്ക്കേ
പാ​ടു​പെ​ട്ടു നീ താ​ണ്ടിയ കണ്ണീർ
പ്പാ​ട​മെ​ങ്ങൾ​ക്ക​മൃ​താ​ബ്ധി​യാ​യി …
സ്ഫേ​ാ​ട​നോൽ​ക്ക​മാ​മ​ഗ്നി​ശൈ​ല​ത്തെ–
പ്പോ​ലെ വെ​ന്ത​കം വി​കൂ​കിൽ​പ്പോ​ലും
നീ​യ​മൃ​തേ ചു​ര​ത്തി​യി​ന്നാ​ട്ടിൻ
സ്നാ​യു​തോ​റും നവോർ​ജ്ജം പകർ​ന്നു
(യൂ​സ​ഫ​ലി കേ​ച്ചേ​രി — നി​ത്യ​ചൈ​ത്രം)
കൊ​ല്ലു​ന്നു പക്ഷി​യെ, പാ​വ​മി​ണ​ക്കി​ളി–
യല്ലൽ​പെ​ടു​ന്നു, രു​ദി​താ​നു​സാ​രി​യാ​യ്
വന്നെ​ത്തി​നി​ല്ക്കും മു​നി​ക്ക​ന്നു​റ​ഞ്ഞൊ​രാ–
ക്ക​ണ്ണു​നീ​ര​മ്മ കവി​ത​യെ​പ്പെ​റ്റു​പോൽ
(യൂ​സ​ഫ​ലി കേ​ച്ചേ​രി — കണ്ണു​നീ​ര​മ്മ)
ഏഹി​സൂ​ന​രി, നീ​യെൻ​മു​ര​ളി​യിൽ
സ്നേ​ഹ​ഗാ​ന​മാ​യൂ​റി നി​ന്നീ​ടു​കിൽ
പൂ​വി​ലു​ള്ള തേൻ​തു​ള്ളി​പോ​ലാ​കു​മെൻ
ജീ​വി​ത​ത്തി​ന്റെ നൊ​മ്പ​രം കൂ​ടി​യും
(ഒള​പ്പ​മ​ണ്ണ — ഏഹി​ന​സൂ​ന​രി)
കട​ഞ്ഞെ​ടു​ത്തേൻ കണ്ണീ​രൊ​ക്കെ–
ക്ക​വി​താ​മാ​ധു​രി​യാ​യ്
(കട​വ​നാ​ട് കു​ട്ടി​കൃ​ഷ്ണൻ — വെ​ട്ടും കി​ള​യും ചെ​ന്ന​മ​ണ്ണ്)
our sweetest songs are those that tell of saddest thought
(Shelley — To a skylark)
And the mute silence hist along
Less philomel will deign a song
In her sweetest saddest plight
Smoothing the rugged brow of night
(Milton — Il Penseroso)
[24]
ക്രി​സ്തു കു​രി​ശു​മ​ര​ണം വരി​ച്ച ഗൊൽ​ഗോ​ഥാ കു​ന്നി​നെ അനു​സ്മ​രി​ക്കു​ന്നു.
[25]
പേ​ടി​യും ഹർ​ഷ​വു​മി​ത്തി​രി​ധാർ​ഷ്ട്യ​വും
കൂ​ടി​ക്ക​ലർ​ന്നോ​രി​ട​യി​ള​ക്കം
(ഇട​ശ്ശേ​രി — നാ​ലി​തൾ​പ്പൂ​വ്)
[26]
ക്രി​സ്തു​വി​ന്റെ ആത്മ​ബ​ലി​യു​മാ​യു​ള്ള സാ​ദൃ​ശ്യം
[27]
ദ്യേ​ാ​വി​നെ വി​റ​പ്പി​ക്കു​മാ​വി​ളി കേ​ട്ടോ മണി–
ക്കോ​വി​ലിൽ മയ​ങ്ങു​ന്ന മാ​ന​വ​രു​ടെ ദൈവം?
എങ്കി​ലു​മ​തു ചെ​ന്നു മാ​റ്റൊ​ലി​ക്കൊ​ണ്ടു പുത്ര–
സങ്ക​ടം സഹി​യാ​ത്ത സഹ്യ​ന്റെ ഹൃ​ദ​യ​ത്തിൽ
(വൈ​ലോ​പ്പി​ള്ളി — സഹ്യ​ന്റെ മകൻ)
[28]
നി​ശ്ചി​ത​കാ​ലം ജീ​വി​ച്ചു മരി​ക്കു​ന്ന സാ​ധാ​രണ മനു​ഷ്യർ. സ്വ​ന്തം കൃ​തി​ക​ളി​ലൂ​ടെ കവികൾ അന​ശ്വ​ര​നെ​ന്നു വ്യം​ഗ്യം.
ഹാ മരി​ച്ചാ​ലി​മ​ന​ശ്വ​ര​നാ​യ്ഗ്ഗാന–
സ്സീ​മ​യിൽ നി​ല്പോ​രു ഗർ​ന്ധ​വ​നാ​ണു​നീ
(ചങ്ങ​മ്പുഴ — രമണൻ)
കാ​ലി​ക​പ്ര​വാ​ഹ​ത്തിൽ​ത്തു​ല​യാം കവി, സാർവ
കാലിക സമു​ദ്ര​ത്തിൻ തി​ര​യാ​യ് തല​പൊ​ക്കാൻ
(കൃ​ഷ്ണൻ പറ​പ്പി​ള്ളി — ശക്തി)
നി​സ്തുല പരാ​ക്ര​മ​ത്തേ​രി​ലൈ​ശ്വ​ര്യം​വീ​ശി
ദി​ഗ്ജ​യം നട​ത്തി​യോർ മൺ​മ​റ​ഞ്ഞു​പോ​യ് പണ്ടേ
വി​സ്തൃത പരി​വർ​ത്തന സാ​ക്ഷി​യാ​മെ​ന്റെ
ഹൃ​ത്ത​ട​മെ​ന്നാ​ലി​ന്നും സ്പ​ന്ദി​പ്പൂ, സ്പർ​ശി​ച്ചോ​ളൂ
(വി. എ. കേശവൻ നമ്പൂ​തി​രി — പാ​ടു​ന്ന തൂ​ണു​കൾ)
Here your earth - born souls still speak
To mortals of their little week
Of their sorrows and delight
Of their passions and sprits
of their glory and shame
(Keats — Ode on the poets)
O may I join the choir invisible
Of those immortal dead who live again
(George Eliot — O may I join the choir invisible)
[29]
ക്ഷി​തി​യി​ല​ഹഹ മർ​ത്ത്യ​ജീ​വി​തം
പ്ര​തി​ജ​ന​ഭി​ന്ന​വി​ചി​ത്ര​മാർ​ഗ്ഗ​മാം
പ്ര​തി​ന​വ​ര​സ​മാ​മ​തോർ​ക്കു​കിൽ
കൃ​തി​കൾ മനു​ഷ്യ​ക​ഥാ​നു​ഗാ​യി​കൾ
(ആശാൻ — ലീല)
[30]
അമ്മ​മാ​രു​ടെ മു​ഗ്ദ്ധ​ക​തി​കൾ​ക്കി–
ങ്ങ​വ​സി​തി​യു​ണ്ടോ ഭു​വ​ന​ത്തിൽ
തന്നെ​ത്ത​ന്നെ തീറ്റ കൊ​ടു​ത്തി​വർ
പോ​റ്റി​യെ​ടു​പ്പീ​ലാ​രാ​രെ ?
(ഇട​ശ്ശേ​രി — ബിം​ബി​സാ​ര​ന്റെ ഇടയൻ)
അടു​ക്ക​ള​ക്കാ​രൻ വയ​സ്സൻ ഞങ്ങൾ​ക്കു
മട​ച്ചു തന്നൊ​രു വിഭവം, തൻ​ദേ​ഹം
ചു​ര​ന്നെ​ടു​ത്തി​ട്ടു മി​ഴി​നീർ ചേർ​ത്താ​ണെ–
ന്ന​റി​ഞ്ഞ​പ്പോ​ഴേ​യ്ക്കും മരി​ച്ചു​പോ​യ​ങ്ങോർ
(പി. നാ​രാ​യ​ണ​ക്കു​റു​പ്പ് — ഭക്ഷ​ണ​ച​ക്രം)
[31]
പാ​ടു​കെൻ ചി​ത്ത​വി​ഹിം​ഗ​മേ, യി​ന്ന​ലെ–
പ്പാ​ടി നി​റു​ത്തിയ പാ​ട്ടിൻ​ശേ​ഷം
അന്യർ​ക്കു കേ​ട്ടു രസി​ക്കു​വാ​ന​ല്ല​തു
നി​ന്നു​ടെ നിർ​വൃ​തി​ക്കാ​യി മാ​ത്രം
(ഇട​പ്പ​ള്ളി — പാടുക)
ഇറു​ത്തെ​ടു​ത്തൊ​രു തൂ​വ​ലി​നാ​ലെൻ
ഹൃ​ദ​യ​ത​ല​ത്തിൻ നോ​വു​ക​ളെ
അമർ​ത്തി​യൊ​പ്പിയ ചോ​ര​യി​ലേ​തോ
പകർ​ത്തി​വെ​ച്ചേ, നെ​വി​ടോ ഞാൻ
(പു​തു​ശ്ശേ​രി രാ​മ​ച​ന്ദ്രൻ — പുതിയ കൊ​ല്ല​നും പു​തി​യൊ​രാ​ല​യും)
[32]
കര​ളാ​ല​നു​ഭ​വി​ച്ചു​ള്ള​വ​യെ​ല്ലാം നാനാ–
നി​റ​മാ​യ് മണ​മാ​യ് നീ​ടു​റ്റ മധു​വാ​യും
ചമ​ച്ചു വി​ര​ചി​ച്ച ചാ​രു​ത​ക​ളെ നി​ങ്കൽ
സമർ​പ്പി​ച്ച​ഭി​മാ​നം​കൊ​ണ്ടു ഞാൻ വളരവേ
(വൈ​ലോ​പ്പി​ള്ളി — വൈകിയ വസ​ന്ത​ത്തിൻ പു​ഷ്പ​ങ്ങൾ)
തന്നു​ടെ വാ​ടാ​പ്പ​ച്ച​ക്കാ​വ്യ​ങ്ങൾ​ക്കെ​ല്ലാ​മു​യിർ
തന്ന​താം നി​ഗൂ​ഢാ​ശ്രു നീ​രു​റ​വി​നെ​പ്പ​റ്റി …
അവ​യെ​പ്പ​റ്റി​പ്പാ​ടൂ, വി​ണ്ണി​ലേ​യ്ക്കെ​ന്നെ​ക്ര​മാ–
ലടു​പ്പി​ച്ചെ​ഴും സൂ​ചി​സോ​പാ​ന​ങ്ങ​ളെ​പ്പ​റ്റി
(ബാ​ലാ​മ​ണി​യ​മ്മ — അവ​യെ​പ്പ​റ്റി)
പ്രാ​ണ​നെ​പ്പ​ക​ത്തു​മുൾ​പ്രേ​ര​ണ​യ​റി​യാ​ത്തോർ
പ്രാ​ണ​നെ​പ്പോ​റ്റും പണി​യാ​യി​തു ഗണി​ച്ചോ​ട്ടെ
(കൃ​ഷ്ണൻ പറ​പ്പി​ള്ളി — കലാ​സൃ​ഷ്ടി)
നോ​വിൽ​വി​ങ്ങും, നി​രാ​ശ​യിൽ നീ​റു​മെൻ
ജീ​വി​ത​ത്തിൻ നിഗൂഢ രഹ​സ്യ​ങ്ങൾ
എത്ര​മേൽ ഞാ​ന​മർ​ത്തി വെ​ച്ചാ​കി​ലും
കേ​ട്ടി​ടാം നാ​യൊ​രു​ദി​നം …
(എൻ. വി. കൃ​ഷ്ണ​വാ​രി​യർ — പ്രാർ​ത്ഥന)
വേ​ദി​യിൽ ഗാ​ന്ധാ​രി കേ​ഴു​ന്നു, ഹാ യുഗ–
വേ​ദ​ന​കൾ വീ​ണ​ലി​യു​ന്ന ഞങ്ങൾ​തൻ
നാ​ദ​ക​ണ​ങ്ങ​ളാൽ പാ​ടു​ന്ന പക്ഷി​കൾ
(ഒ. എൻ. വി. കു​റു​പ്പ് — പാ​ടു​ന്നു പക്ഷി​കൾ)
ഒക്കെ​യും കണ്ടേൻ മന്നിൻ​വേ​ദ​ന​യെ​ന്നാ​ത്മാ​വിൻ
മു​ഗ്ദ്ധ​ഗാ​ന​മായ അല്ല, കാ​വ്യ​മാ​യു​യിർ​ക്കൊൾ​കെ
(നളി​ന​കു​മാ​രി — ആത്മാ​ലാ​പം)
എന്തെ​ഴു​തി​യാ​ലു​മെ​ന്റെ മാ​തി​രി, നാനാ
മു​ഗ്ദ്ധ​രൂ​പ​മാ​യ്, നാ​നാ​ശ​ബ്ദ​ഭേ​ദ​മാ​യെ​ന്നിൽ
വന്നു​കേ​റിയ ലോകം താ​ന​ല്ലി ഞാ​നാം​ഭാ​വം ?
(കട​വ​നാ​ട് കു​ട്ടി​കൃ​ഷ്ണൻ — എന്റെ ചി​ത്രം നി​ന്റെ​തും)
I have suffered what I wrote or viler pain
And so my words have seeds of misery
(Shelley — Triumph of life)
[33]
പൂർ​ണ്ണ​മ​ല്ലെ​ങ്കി​ലും മദ്രേ​ഖ​യോ​രോ​ന്നു–
മാർ​ദ്ര​മെൻ​ചെ​ഞ്ചോ​ര​യി​റ്റി​റ്റു വീ​ഴ്ക​യാൽ
(ജി. കു​മാ​ര​പി​ള്ള — ചി​ത്ര​കാ​രൻ)
കൊ​ത്തി​വി​ഴു​ങ്ങിയ തീ​ക്ക​നൽ​ക്ക​ട്ട​കൾ
പു​ത്ത​നാം തീ​യ്യാ​യ് വെ​ളി​ച്ച​മാ​യ് മാ​റ്റു​വാൻ
ഇന്നും ശ്ര​മി​ക്ക​യാ​ണെൻ​ശ്ര​മ​ത്തിൻ ചോര–
യെ​ന്നു​ടെ കൊ​ക്കി​ലി​റ്റു​ന്നു​ണ്ട​ഹർ​ന്നി​ശം
(പി. ഭാ​സ്ക​രൻ — ഓന്തും ഒട്ട​ക​പ്പ​ക്ഷി​യും)
നീ വി​ര​ചി​ച്ച കാ​വ്യ​മ​ത്ര​യും
നി​ന്റെ ഹൃ​ദ്ര​ക്ത​രേ​ഖ​കൾ
നി​ന്റെ നി​സ്തു​ല​ഗാ​ന​മ​ത്ര​യും
നിൻ​ക​ര​ളിൻ തു​ടി​പ്പു​കൾ
(യൂ​സ​ഫ​ലി കേ​ച്ചേ​രി — വയലാർ)
[34]
കഷ്ടം കൊ​തി​യു​ണ്ടു പാ​ടു​വാ​നെൻ
ചി​ത്ത​മു​ര​ളി തകർ​ന്നു​പോ​യി
(ചങ്ങ​മ്പുഴ — രമണൻ)
Colophon

Title: French Poems (ml: ഫ്ര​ഞ്ച് കവി​ത​കൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മം​ഗ​ലാ​ട്ട് രാഘവൻ, ഫ്ര​ഞ്ച് കവി​ത​കൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.