SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.4
വാ​ക്കു​കൾ​ക്കു യോ​ജി​ച്ച പ്ര​വൃ​ത്തി​കൾ

അദ്ദേ​ഹ​ത്തി​ന്റെ സം​ഭാ​ഷ​ണം ഇണ​ക്ക​ത്തോ​ടു​കൂ​ടി​യ​തും നേരം പോ​ക്കു​ള്ള​തു​മാ​യി​രു​ന്നു. തന്നേ​യും അദ്ദേ​ഹം വള​രെ​ക്കാ​ല​മാ​യി ഒരു​മി​ച്ചു താ​മ​സി​ക്കു​ന്ന ആ രണ്ടു വൃദ്ധ സ്ത്രീ​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. അദ്ദേ​ഹം ചി​രി​ക്കു​മ്പോൾ ഒരു സ്കൂൾ​കു​ട്ടി​യു​ടെ ചി​രി​യാ​ണെ​ന്നു തോ​ന്നും. മദാം മഗ്ല്വാർ അദ്ദേ​ഹ​ത്തെ മഹാ​ത്മാ​വെ​ന്നാ​ണ് വി​ളി​ക്കാ​റ്. ഒരു ദിവസം തന്റെ ചാ​രു​ക​സാ​ല​യിൽ​നി​ന്നെ​ണീ​റ്റ് ഒരു പു​സ്ത​ക​മെ​ടു​ക്കാൻ അദ്ദേ​ഹം വാ​യ​ന​ശാ​ല​യി​ലേ​ക്കു പോയി. അത് ഒരു മു​കൾ​ത്ത​ട്ടി​ലാ​യി​രു​ന്നു. മെ​ത്രാൻ ഏതാ​ണ്ട് ഉയരം കു​റ​ഞ്ഞാ​ളാ​യ​തു​കൊ​ണ്ട്, അതെ​ടു​ക്കാൻ കഴി​ഞ്ഞി​ല്ല. ‘മദാം മഗ്ല്വാർ,’ അദ്ദേ​ഹം പറ​ഞ്ഞു. ‘ഒരു കസാല ഇങ്ങോ​ട്ടെ​ടു​ക്കൂ. എന്റെ മഹാ​ത്മത ആ പു​സ്ത​ക​ത്ത​ട്ടി​ലോ​ളം എത്തു​ന്നി​ല്ല.’

അദ്ദേ​ഹ​ത്തി​ന്റെ ഒര​ക​ന്ന ചാർ​ച്ച​ക്കാ​രി​യായ ലാ കോം​തെ​സ്സ്’ [7] ദ് ലോ തന്റെ മൂ​ന്നാൺ​മ​ക്കൾ​ക്കു വരാ​നി​രി​ക്കു​ന്ന ഭാ​ഗ്യ​ത്തെ​പ്പ​റ്റി അദ്ദേ​ഹ​ത്തി​ന്റെ മുൻ​പിൽ​വെ​ച്ചു സൗ​ക​ര്യം കി​ട്ടു​മ്പോ​ഴെ​ല്ലാം ഒന്നു കണ​ക്കി​ട്ടു നോ​ക്കാ​തെ വി​ടാ​റി​ല്ല. ആ കോം​തെ​സ്സി​നു പലരും ചർ​ച്ച​ക്കാ​രു​ണ്ട്; എല്ലാ​വ​രും വളരെ വയ​സ്സാ​യി, ഏതാ​ണ്ടു മരി​ക്കാ​ന​ടു​ത്തി​രി​ക്കു​ന്നു. അവർ​ക്കെ​ല്ലാ​വർ​ക്കും ന്യാ​യ​പ്ര​കാ​ര​മു​ള്ള അവ​കാ​ശി​ക​ളാ​ണ് ലാ കോം​തെ​റെ മൂ​ന്നു മക്കൾ. ആ മൂ​ന്നാൺ​മ​ക്ക​ളിൽ ഒടു​വി​ല​ത്തെ ആൾ​ക്ക് ഒരു മൂ​ത്ത​മ്മാ​യി​യു​ടെ വക ഒരു ലക്ഷം ഫ്രാ​ങ്കു് വര​വു​ള്ള സ്വ​ത്തു കി​ട്ടാ​നു​ണ്ട്; നടു​വി​ല​ത്തെ മകൻ, അയാ​ളു​ടെ അമ്മാ​മ​ന്റെ മര​ണാ​ന​ന്ത​രം ഒരു ഡ്യൂ​ക്കാ​വാൻ നി​ല്ക്കു​ക​യാ​ണ് [8] എല്ലാ​റ്റി​ലും​വെ​ച്ചു മൂത്ത മകൻ അയാ​ളു​ടെ മു​ത്ത​ച്ഛ​ന്നു​ള്ള പ്ര​ഭു​പ​ട്ട​ത്തി​ന് ഉറ്റ​വ​കാ​ശി​യ​ത്രേ. അമ്മ​മാർ​ക്കു സാ​ധാ​ര​ണ​മാ​യി പറ​യാ​നു​ള്ള നിർ​ദ്ദോ​ഷ​ങ്ങ​ളും ക്ഷ​ന്ത​വ്യ​ങ്ങ​ളു​മായ ഈ മേ​നി​വാ​ക്കു​ക​ളെ​ല്ലാം മെ​ത്രാൻ മി​ണ്ടാ​തി​രു​ന്നു കേൾ​ക്ക​യാ​ണ് പതിവ്. ഒരു ദിവസം അദ്ദേ​ഹം എന്തോ എന്ന​റി​ഞ്ഞി​ല്ല, പതി​വി​ല​ധി​കം വി​ചാ​ര​മ​ഗ്ന​നാ​യി കാ​ണ​പ്പെ​ട്ടു. ലാ കോം​തെ​സ്സ് ഈവക അവ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി​യും ഭാ​വി​ഭാ​ഗ്യ​ങ്ങ​ളെ​പ്പ​റ്റി​യും ഒരി​ക്കൽ​ക്കൂ​ടി വി​സ്ത​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അക്ഷ​മ​യോ​ടു​കൂ​ടി ആ സ്ത്രീ ചോ​ദി​ച്ചു: ‘ഈശ്വ​രാ, എന്താ നി​ങ്ങൾ ഇങ്ങ​നെ​യി​രു​ന്നാ​ലോ​ചി​ക്കു​ന്ന​ത്?’

‘ഞാൻ ആലോ​ചി​ക്കു​ക​യാ​ണ്.’ മെ​ത്രാൻ പറ​ഞ്ഞു. ‘വേ​ദ​പു​സ്ത​ക​ത്തിൽ പറ​ഞ്ഞി​ട്ടു​ള്ള ഈ വാചകം’ എത്ര അർഥവത്ത്-​ ‘നി​ങ്ങൾ​ക്ക് അവ​കാ​ശം​വ​ഴി​ക്കു യാ​തൊ​ന്നും കി​ട്ടാ​നി​ല്ലാ​ത്ത​ത് ആരിൽ​നി​ന്നോ അയാ​ളിൽ നി​ങ്ങ​ളു​ടെ ആഗ്ര​ഹ​ങ്ങ​ളെ​യെ​ല്ലാം സമർ​പ്പി​ക്കുക.’

മറ്റൊ​രി​ക്കൽ നാ​ട്ടു​പു​റ​ത്തു​ള്ള ഒരു മാ​ന്യൻ മരി​ച്ചി​ട്ടു​ള്ള അറി​യി​പ്പു വന്നു; അതിൽ ആ മരി​ച്ചാ​ളു​ടെ പദവി വലു​പ്പ​ങ്ങ​ളെ മാ​ത്ര​മ​ല്ല, അയാൾ​ക്കു​ള്ള ചാർ​ച്ച​ക്കാ​രു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ളേ​യും ഗു​ണ​വി​ശേ​ഷ​ങ്ങ​ളെ​യും കൂടി ഒരു ഭാഗം നിറയെ വി​വ​രി​ച്ചി​രു​ന്നു. അതു കണ്ട് അദ്ദേ​ഹം പറ​ഞ്ഞു: ‘എത്ര കരു​ത്തു​ള്ള ഒരു മു​തു​കാ​ണ് മര​ണ​ത്തി​ന്റേ​ത്. അത് അസാ​ധാ​ര​ണ​മായ എന്തൊ​രു സ്ഥാ​ന​മാ​ന​ച്ചു​മ​ടി​നെ തൃ​ണ​പ്രാ​യം കട​ന്നേ​റ്റി​ക്ക​ള​ഞ്ഞു; എന്ന​ല്ല, ശവ​ക്ക​ല്ല​റ​യെ​ക്കൂ​ടി ദു​ര​ഭി​മാ​ന​ത്തി​ന്റെ ചൊ​ല്പ​ടി​യിൽ കൊ​ണ്ടു​നിർ​ത്ത​ണ​മെ​ങ്കിൽ മനു​ഷ്യർ​ക്ക് എത്ര മനോ​ധർ​മം വേണം!’

സന്ദർ​ഭം​പോ​ലെ ആളു​ക​ളെ പതു​ക്കെ കളി​യാ​ക്കു​ന്ന​തി​ന്നും അദ്ദേ​ഹ​ത്തി​നു സവി​ശേ​ഷ​മായ സാ​മർ​ഥ്യ​മു​ണ്ട്. അതി​ലെ​ല്ലാം മി​ക്ക​പ്പോ​ഴും ഒരു ഗൗ​ര​വ​പ്പെ​ട്ട അർഥം ഒളി​ച്ചു​കി​ട​ക്കു​ന്നു​ണ്ടാ​വും; ഒരു നോൽ​മ്പു​കാ​ല​ത്തു ചെ​റു​പ്പ​ക്കാ​ര​നായ ഒരു​പ​ബോ​ധ​കൻ ഡി.യിൽ വന്നു വലിയ പള്ളി​യിൽ​വെ​ച്ചു പ്ര​സം​ഗി​ച്ചു. അയാൾ ഒരു​മാ​തി​രി വാ​ഗ്മി​യാ​ണ്. അയാ​ളു​ടെ മത​പ്ര​സം​ഗ​ത്തി​ന്റെ വിഷയം ധർ​മ​ശീ​ല​മാ​യി​രു​ന്നു. നരകം കൂ​ടാ​തെ കഴി​ക്കു​ന്ന​തി​നും–അതയാൾ കഴി​യു​ന്ന​തും ഭയ​ങ്ക​ര​മാ​ക്കി വർ​ണി​ച്ചു –സ്വർ​ഗം സമ്പാ​ദി​ക്കു​ന്ന​തി​നു​മാ​യി–അതയാൾ അത്ര​മേൽ ചന്ത​മു​ള്ള​തും കൊതി തോ​ന്നി​ക്കു​ന്ന​തു​മാ​ക്കി കാ​ണി​ച്ചു–സാ​ധു​ക്കൾ​ക്ക് ‘ധർമം’ കൊ​ടു​ക്ക​ണ​മെ​ന്ന് അയാൾ ധന​വാൻ​മാ​രോ​ടു നിർ​ബ​ന്ധി​ച്ചു. അന്ന​ത്തെ ശ്രോ​താ​ക്ക​ളു​ടെ കൂ​ട്ട​ത്തിൽ മൊ​സ്ത്യു ഗെ​ബൊ​റാ​ങ് എന്നു പേ​രാ​യി, തൽ​ക്കാ​ലം കച്ച​വ​ടം അവ​സാ​നി​പ്പി​ച്ചാ​ളും ഏതാ​ണ്ട് അതി​പ​ലി​ശ​ക്കാ​ര​നു​മായ ഒരു ധനി​ക​നു​ണ്ടാ​യി​രു​ന്നു; പരു​ക്കൻ​തു​ണി​യും ചക​ലാ​സ്സും രോ​മം​കൊ​ണ്ടു​ള്ള നാ​ട​ക​ളും ഉണ്ടാ​ക്കി വി​റ്റ് ഏക​ദേ​ശം ഇരു​പ​തു ലക്ഷ​ത്തോ​ളം അയാൾ സമ്പാ​ദി​ച്ചി​ട്ടു​ണ്ട്. പാ​വ​മായ ഏതൊരു യാ​ച​ക​ന്നും മൊ​സ്സ്യു ഗെ​ബൊ​റാ​ങ് ജീ​വ​കാ​ല​ത്തി​നു​ള്ളിൽ ഒരു കാശു കൊ​ടു​ത്തി​ട്ടി​ല്ല. ആ മത​പ്ര​സം​ഗം കഴി​ഞ്ഞ​തി​നു​ശേ​ഷം അയാൾ ഞാ​യ​റാ​ഴ്ച​തോ​റും​വ​ലിയ പള്ളി​യി​ലെ ഗോ​പു​ര​ത്തിൽ​വെ​ച്ച് സാ​ധു​ക്ക​ളും വൃ​ദ്ധ​ക​ളു​മായ യാചക സ്ത്രീ​കൾ​ക്ക് ഓരോ സൂ​നാ​ണ്യം [9] കൊ​ടു​ക്കു​ന്ന​താ​യി കണ്ടു​തു​ട​ങ്ങി. അതു മേ​ടി​ക്കാൻ ആറു​പേ​രു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം അയാൾ ധർമം ചെ​യ്യു​ന്ന​തു മെ​ത്രാൻ കണ്ടു​മു​ട്ടി. അദ്ദേ​ഹം ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി സഹോ​ദ​രി​യോ​ടു പറ​ഞ്ഞും: ‘അതാ. മൊ​സ്സ്യു​ഗെ​ബൊ​റാ​ങ് ഓരോ സു​നാ​ണ്യ​ത്തി​നു​ള്ള സ്വർ​ഗം മേ​ടി​ക്കു​ന്നു.’

ധർമം ആവ​ശ്യ​പ്പെ​ടു​മ്പോൾ, ഇല്ലെ​ന്നു കേ​ട്ടാൽ​ക്കൂ​ടി അദ്ദേ​ഹം കൂ​സാ​റി​ല്ല; അങ്ങ​നെ​യു​ള്ള സന്ദർ​ഭ​ങ്ങ​ളിൽ അദ്ദേ​ഹം ആളു​ക​ളെ ഇരു​ത്തി​യാ​ലോ​ചി​പ്പി​ക്കു​ന്ന സമാ​ധാ​നം പറയും. ഒരു ദിവസം പട്ട​ണ​ത്തി​ലെ ഒരി​രി​പ്പു​മു​റി​യിൽ​വെ​ച്ച് അദ്ദേ​ഹം പാ​വ​ങ്ങൾ​ക്കു കൊ​ടു​പ്പാൻ പണം യാ​ചി​ക്കു​ക​യാ​യി​രു​ന്നു. ആ കൂ​ട്ട​ത്തിൽ ധന​വാ​നും പി​ശു​ക്ക​നു​മായ മാർ​ക്കി [10] ദ് ഷാം​പ്തെർ​സി​യെ എന്ന ഒരു വയ​സ്സ​നു​മു​ണ്ട്. അയാൾ​ക്ക് ഒരേ​സ​മ​യ​ത്ത് എണ്ണം​പ​റ​ഞ്ഞ രാ​ജ്യ​ഭ​ക്ത​നും എണ്ണം​പ​റ​ഞ്ഞ രാ​ജ്യ​ദ്രോ​ഹി​യു​മാ​വാൻ കഴി​യും. അത്ത​ര​ത്തി​ലു​ള്ള മനു​ഷ്യ​രും ഭൂ​മി​യിൽ ജീ​വി​ച്ചി​രി​പ്പു​ണ്ട്. മെ​ത്രാൻ അയാ​ളു​ടെ അടു​ത്തെ​ത്തി​യ​പ്പോൾ കൈ​യി​ന്മേൽ തൊ​ട്ടു​പ​റ​ഞ്ഞു, മൊ​സ്സ്യു മാർ​ക്കി, നി​ങ്ങൾ എന്തെ​ങ്കി​ലും എനി​ക്കു തരണം.’ മാർ​ക്കി അങ്ങോ​ട്ടു തി​രി​ഞ്ഞു നീ​ര​സ​ത്തിൽ പറ​ഞ്ഞു, ‘എനി​ക്കു​മു​ണ്ട് എന്റെ സ്വ​ന്ത​മാ​യി ചില സാ​ധു​ക്കൾ. മോൺ​സി​ന്യേർ.’

‘അവരെ എനി​ക്കു തന്നേ​ക്കു,’ മെ​ത്രാൻ മറു​പ​ടി പറ​ഞ്ഞു.

ഒരു ദിവസം അദ്ദേ​ഹം വലിയ പള്ളി​യിൽ​വെ​ച്ച് ഇങ്ങ​നെ ഒരു മത​പ്ര​സം​ഗം ചെ​യ്തു. ‘എന്റെ ഏറ്റ​വും പ്രി​യ​പ്പെ​ട്ട സഹോ​ദ​ര​ന്മാ​രേ, നല്ല​വ​രായ എന്റെ സു​ഹൃ​ജ്ജ​ന​ങ്ങ​ളേ, ഫ്രാൻ​സു​രാ​ജ്യ​ത്തു പു​റ​ത്തേ​ക്കു മു​മ്മൂ​ന്നു പഴു​തു​കൾ മാ​ത്ര​മു​ള്ള പതി​മൂ​ന്നു​ല​ക്ഷ​ത്തി​രു​പ​തി​നാ​യി​രം കൃ​ഷീ​വ​ല​ഗൃ​ഹ​ങ്ങ​ളു​ണ്ട്; ഒരു വാ​തി​ലും ഒരു കി​ളി​വാ​തി​ലു​മാ​യി രണ്ടു പഴു​തു​കൾ മാ​ത്ര​മു​ള്ള പതി​നെ​ട്ടു ലക്ഷ​ത്തി​പ്പ​തി​നേ​ഴാ​യി​രം ചെ​റ്റ​ക്കു​ടി​ക​ളു​ണ്ട്; ഇവ​യ്ക്കു പുറമേ, വാതിൽ എന്ന ഒരേ ഒരു പഴു​തു​മാ​ത്ര​മു​ള്ള മൂ​ന്നു​ല​ക്ഷ​ത്തി നാ​ല്പ​ത്താ​റാ​യി​രം വഞ്ചി​ക്കൂ​ടു​ക​ളു​ണ്ട്. വയ​സ്സായ തള്ള​മാ​രും ചെറിയ കു​ട്ടി​ക​ളു​മു​ള്ള സാ​ധു​കു​ടും​ബ​ങ്ങ​ളെ ഈവക സ്ഥ​ല​ങ്ങ​ളിൽ ഒന്നു പി​ടി​ച്ചി​ടുക; പനി​ക​ളും പകർ​ച്ച​രോ​ഗ​ങ്ങ​ളും വന്നു​കൂ​ടു​ന്ന​തു കാണാം. കഷ്ടം! ഈശ്വ​രൻ മനു​ഷ്യർ​ക്കാ​യി ശു​ദ്ധ​വാ​യു തരു​ന്നു; നിയമം അതിനെ അവർ​ക്കു വി​ല​യ്ക്കു​വി​ല്ക്കു​ന്നു. ഞാൻ നി​യ​മ​ത്തെ ദു​ഷി​ക്കു​ക​യ​ല്ല; ഈശ്വ​ര​നെ സ്തു​തി​ക്കു​ക​യാ​ണ്. ഇസി​യേ​റി​ലും വാ​റി​ലും ആൽ​പ്സ് പർ​വ​ത​ത്തി​ന്റെ താഴെ, മീതെ എന്ന രണ്ടു ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പാ​വ​ങ്ങ​ളായ കൃ​ഷി​ക്കാർ​ക്ക് ഒറ്റ​ച്ച​ക്ര​ക്കൈ​വ​ണ്ടി​കൾ കൂടി ഇല്ല; അവർ നി​ല​ത്തി​ലേ​ക്കു​ള്ള വളം മനു​ഷ്യ​രു​ടെ മു​തു​ക​ത്തേ​റ്റി​ക്കൊ​ണ്ടു പോ​കു​ന്നു; അവർ​ക്കു മെ​ഴു​തി​രി​യി​ല്ല; അവർ കു​റ​യു​ള്ള മര​ക്കൊ​ള്ളി​ക​ളും കീലിൽ മു​ക്കിയ കയ​റ്റു​ക​ഷ്ണ​ങ്ങ​ളും കത്തി​ക്കു​ന്നു, ദോ​ഫി​നെ​യി​ലെ കു​ന്നിൻ​പു​റ​ങ്ങ​ളിൽ ഏതി​ട​ത്തു​മു​ള്ള സ്ഥി​തി ഇതാണ്. അവർ ആറു​മാ​സ​ത്തേ​ക്കു​ള്ള അപ്പം ഒരി​ക്കൽ ചു​ട്ടു​വെ​ക്കു​ന്നു; ചാ​ണ​ക​വ​ര​ടി​കൊ​ണ്ടാ​ണ് അവരതു വേ​വി​ച്ചെ​ടു​ക്കു​ന്ന​ത്. മഴ​ക്കാ​ല​ങ്ങ​ളിൽ അവർ അപ്പം മഴു​കൊ​ണ്ടു മു​റി​ക്കു​ന്നു. എന്നി​ട്ടു തി​ന്നാ​വു​ന്ന​വി​ധം പതം​വ​ന്നു​കി​ട്ടു​വാൻ ഇരു​പ​ത്തി​നാ​ലു മണി​ക്കു​റു​നേ​രം അതു വെ​ള്ള​ത്തി​ലി​ടു​ന്നു. എന്റെ സഹോ​ദ​ര​ന്മാ​രേ, നി​ങ്ങൾ ദയ വി​ചാ​രി​ക്കു​വിൻ! നി​ങ്ങ​ളു​ടെ നാ​ലു​ഭാ​ഗ​ത്തും കഴി​യു​ന്ന കഷ്ട​പ്പാ​ടു​കൾ വി​ചാ​രി​ച്ചു നോ​ക്കു​വിൻ!

അദ്ദേ​ഹം അതാ​തു​ദി​ക്കിൽ നട​പ്പു​ള്ള ഭാ​ഷ​ക​ളെ​ല്ലാം എളു​പ്പ​ത്തിൽ മന​സ്സി​ലാ​ക്കി. ഇതു​കാ​ര​ണം, ആളു​കൾ​ക്കെ​ല്ലാം അദ്ദേ​ഹ​ത്തി​ന്റെ മേൽ അത്യ​ന്തം സന്തോ​ഷം തോ​ന്നി. എല്ലാ​വ​രോ​ടും അടു​ത്തു പെ​രു​മാ​റു​വാൻ ഇത​ദ്ദേ​ഹ​ത്തെ കു​റ​ച്ചൊ​ന്നു​മ​ല്ല സഹാ​യി​ച്ച​ത്. പുൽ​മേ​ഞ്ഞ കു​ടി​ലു​ക​ളും മലം​പ്ര​ദേ​ശ​ങ്ങ​ളും എല്ലാം അദ്ദേ​ഹ​ത്തി​നു വീ​ടു​പോ​ലെ​യാ​ണ്. ഏറ്റ​വും ആഭാ​സ​മായ ഭാ​ഷാ​ശൈ​ലി​യിൽ ഏറ്റ​വും ഉത്കൃ​ഷ്ട​ങ്ങ​ളായ തത്ത്വ​ങ്ങൾ പറ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് അദ്ദേ​ഹ​ത്തി​ന​റി​യാം. എല്ലാ ഭാ​ഷ​യി​ലും സം​സാ​രി​ക്കാ​മാ​യി​രു​ന്ന​തു​കൊ​ണ്ട്, എല്ലാ​വ​രു​ടെ മന​സ്സി​ലും അദ്ദേ​ഹ​ത്തി​നു ചെ​ല്ലാൻ കഴി​ഞ്ഞു.

എന്ന​ല്ല, പരി​ഷ്കൃ​തർ​ക്കും താ​ഴ്‌​ന്ന​വർ​ഗ​ക്കാർ​ക്കും അദ്ദേ​ഹം ഒരു​ത​ര​ത്തി​ലാ​യി​രു​ന്നു. ഒന്നി​നേ​യും അദ്ദേ​ഹം വേ​ഗ​ത്തിൽ–അതാ​യ​ത് അതി​നെ​സ്സം​ബ​ന്ധി​ച്ചു​ള്ള എല്ലാ വി​വ​ര​വും മന​സ്സി​ലാ​ക്കാ​തെ–കട​ന്നു കു​റ്റ​പ്പെ​ടു​ത്തു​ക​യി​ല്ല. അദ്ദേ​ഹം പറയും, ‘തെ​റ്റു​കൾ നട​ന്നു​പോയ വഴി പരീ​ക്ഷി​ക്ക​ണം.’

ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി താൻ​ത​ന്നെ പറ​യാ​റു​ള്ള​തു​പോ​ലെ, അദ്ദേ​ഹം ഒരു രാ​ജി​വെ​ച്ച പാ​പി​യാ​യ​തു​കൊ​ണ്ടു, തപോ​നി​ഷ്ഠ​യ്ക്ക് കാ​ണാ​റു​ള്ള ചീ​റ്റ​ലു​ക​ളൊ​ന്നും അദ്ദേ​ഹ​ത്തി​ന്നി​ല്ലാ​യി​രു​ന്നു. എല്ലാം ധാ​രാ​ളം വ്യ​ക്ത​ത​യോ​ടു​കൂ​ടി​യും, സദ്വൃ​ത്ത​ന്മാ​രു​ടെ ആ ഒരു ഭയ​ങ്ക​ര​മായ കണ്ണു​രു​ട്ട​ലി​ല്ലാ​തെ​യും അദ്ദേ​ഹം പറ​യാ​റു​ള്ള ഒരു തത്ത്വ​സി​ദ്ധാ​ന്ത​ത്തി​ന്റെ ചു​രു​ക്കം ഇതാണ്:

‘മനു​ഷ്യ​ന് അവ​ന്റെ മേൽ അവ​ന്റെ ദേ​ഹ​വു​മു​ണ്ട്. അത് അവ​ന്നു​ള്ള ഭാ​ര​വും അവ​ന്റെ പ്ര​ലോ​ഭ​ന​സാ​ധ​ന​വു​മാ​ണ്. അതിനെ അവൻ കൂടെ വലി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു; അതി​ന്റെ ആവ​ശ്യ​ങ്ങൾ​ക്ക് അവൻ വഴ​ങ്ങി​ക്കൊ​ടു​ക്കു​ന്നു. അവ​ന്ന് അതിനെ കാ​ക്ക​ണം; കീഴിൽ നിർ​ത്ത​ണം; ശി​ക്ഷി​ക്ക​ണം; ഒടു​വി​ല​ത്തെ കൈ​യാ​യി​മാ​ത്രംം. അവ​ന്ന​തി​നെ അനു​സ​രി​ക്ക​ണം. ഈ അനു​സ​ര​ണ​ത്തിൽ​ക്കൂ​ടി​യും എന്തെ​ങ്കി​ലും തെ​റ്റു​ണ്ടാ​യി​രി​ക്കാം; പക്ഷേ, ആ ചെ​യ്യ​പ്പെ​ടു​ന്ന തെ​റ്റു​ക്ഷ​മി​ക്ക​ത്ത​ക്ക​താ​ണ്. അതൊരു വീ​ഴ്ച​ത​ന്നെ; പക്ഷേ ആ വീഴ്ച കാൽ​മു​ട്ടി​ന്മേ​ല​ത്രേ–അത് ഈശ്വര വന്ദ​ന​ത്തിൽ ചെ​ന്ന​വ​സാ​നി​ക്കാം.

‘ഒരു ഋഷി​യാ​വുക എന്ന​ത് വ്യ​ത്യ​സ്ത​ത​യാ​ണ്; ഒരു സത്യ​വാ​നാ​വു​ക​യാ​ണ് നിയമം. തെ​റ്റു പ്ര​വർ​ത്തി​ക്കുക, അധഃ​പ​തി​ക്കുക, വേ​ണ​മെ​ങ്കിൽ പാപം ചെ​യ്യുക; പക്ഷേ, നി​ങ്ങൾ സത്യ​വാ​നാ​യി​രി​ക്ക​ണം.’

‘കഴി​യു​ന്ന​തും കു​റ​ച്ചു പാപം ചെ​യ്യുക–ഇതാണ് മനു​ഷ്യ​ന്നു​ള്ള നിയമം. പാപം തന്നെ ചെ​യ്യി​ല്ല എന്നു​ള്ള​തു ദേ​വ​ന്മാ​രു​ടെ മനോ​രാ​ജ്യ​മാ​കു​ന്നു. ഭൗ​തി​ക​മായ സക​ല​വും പാ​പ​ത്തി​ന്ന​ധീ​ന​മാ​ണ്. പാപം എന്ന​ത് ഒരു കേ​ന്ദ്രാ​കർ​ഷ​ണ​മ​ത്രേ.’

ഓരോ​രു​ത്ത​നും ഉറ​ക്കെ കട​ന്നു സം​സാ​രി​ച്ചു ലഹ​ള​യു​ണ്ടാ​ക്കു​ക​യും വേ​ഗ​ത്തിൽ ശു​ണ്ഠി​യെ​ടു​ത്തു കല​ശൽ​കൂ​ട്ടു​ക​യും ചെ​യ്യു​ന്ന​തു​ക​ണ്ടാൽ, ‘ഹോ! ഹോ!’ അദ്ദേ​ഹം ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി പറയും; ’നോ​ക്കു​മ്പോൾ, ഇതാണ് ലോകം മു​ഴു​വ​നും പ്ര​വർ​ത്തി​ക്കു​ന്ന ഒരു വലിയ അപ​രാ​ധം. ഇവ​യെ​ല്ലാം പേ​ടി​ച്ചു ഭ്രാ​ന്തു​പി​ടി​ച്ചു​പോയ ഓരോ കള്ള​നാ​ട്യ​ങ്ങ​ളാ​ണ്; വലിയ ബദ്ധ​പ്പാ​ടോ​ടു​കൂ​ടി എന്തോ ചിലതു പറ​ഞ്ഞു നോ​ക്കി​ക്കൊ​ണ്ട് അവ കട​ന്നു രക്ഷ​പ്പെ​ടാൻ ശ്ര​മി​ക്കു​ന്നു.’

മനു​ഷ്യ​സ​മു​ദാ​യ​ത്തി​ന്റെ എല്ലാ ചു​മ​ത​ല​യും തങ്ങി​നിൽ​ക്കു​ന്ന സ്ത്രീ​ക​ളി​ലും സാ​ധു​ക്ക​ളി​ലും അദ്ദേ​ഹം ക്ഷ​മാ​ശീ​ല​നാ​ണ്. അദ്ദേ​ഹം ഒരി​ക്കൽ പറ​ഞ്ഞും: ‘സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ശക്തി​യി​ല്ലാ​ത്ത​വ​രു​ടേ​യും ദരി​ദ്ര​രു​ടേ​യും അക്ഷ​ര​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രു​ടേ​യും തെ​റ്റു​കൾ വാ​സ്ത​വ​ത്തിൽ, ഭർ​ത്താ​ക്ക​ന്മാർ​ക്കും അച്ഛ​ന്മാർ​ക്കും എജ​മാ​ന​ന്മാർ​ക്കും ശക്ത​ന്മാർ​ക്കും ധന​വാ​ന്മാർ​ക്കും അറി​വു​ള്ള​വർ​ക്കു​മു​ള്ള തെ​റ്റു​ക​ളാ​ണ്.’

പി​ന്നേ​യും അദ്ദേ​ഹം പറ​ഞ്ഞു: ‘അറി​വി​ല്ലാ​ത്ത​വ​രെ കഴി​യു​ന്നേ​ട​ത്തോ​ളം കാ​ര്യ​ങ്ങൾ ഗ്ര​ഹി​പ്പി​ക്കുക: പ്ര​തി​ഫ​ല​മി​ല്ലാ​തെ പഠി​പ്പി​ച്ചു​കൊ​ടു​ക്കാ​ത്ത​തു സമു​ദാ​യ​ത്തി​ന്റെ പക്കൽ തെ​റ്റാ​ണ്. അതു​ണ്ടാ​ക്കി​വെ​ക്കു​ന്ന അന്ധ​കാ​ര​ത്തി​ന് അതു​ത​ന്നെ​യാ​ണ് ഉത്ത​ര​വാ​ദി. ജീ​വാ​ത്മാ​വു തി​ക​ച്ചും നി​ഴ​ലു​ക​ളാൽ നി​റ​യ​പ്പെ​ട്ടി​രി​ക്കു​ന്നു; അതു​കൊ​ണ്ട് അതു പാപം ചെ​യ്തു​പോ​കു​ന്നു. പാപം ചെ​യ്ത​വ​ന​ല്ല തെ​റ്റു​കാ​രൻ; ആ നി​ഴ​ലു​ണ്ടാ​ക്കി​യ​വ​നാ​ണ്.’

അതാതു സം​ഗ​തി​ക​ളെ പരീ​ക്ഷ​ണം ചെ​യ്തു തീർ​ച്ച​പ്പെ​ടു​ത്തു​ന്ന​തിൽ അദ്ദേ​ഹ​ത്തി​ന് ഒരു സവി​ശേ​ഷ​സ​മ്പ്ര​ദാ​യം ഉള്ള​താ​യി​ക്കാ​ണാം; അദ്ദേ​ഹം അതു വേ​ദ​പു​സ്ത​ക​ത്തിൽ​നി​ന്നു മന​സ്സി​ലാ​ക്കി​യ​ത​ല്ലേ എന്നു ഞാൻ സം​ശ​യി​ക്കു​ന്നു.

തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു വി​ചാ​ര​ണ​യ്ക്കു വരാ​ന​ടു​ത്ത ഒരു ക്രി​മി​നൽ​ക്കേ​സ്സി​നെ​പ്പ​റ്റി ഒരു ദിവസം പട്ട​ണ​ത്തി​ലെ ഒരി​രി​പ്പു​മു​റി​യിൽ​വെ​ച്ചു സം​സാ​രി​ക്കു​ന്ന​ത് അദ്ദേ​ഹം കേ​ട്ടു. ഒരു ഗതി​കെ​ട്ട മനു​ഷ്യൻ, കഴി​ഞ്ഞു​കൂ​ടു​വാൻ ഒരു മാർ​ഗ​വു​മി​ല്ലെ​ന്നാ​യ​പ്പോൾ, ഒരു സ്ത്രീ​യു​ടെ മേലും അവളിൽ അയാൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള ഒരു കു​ട്ടി​യു​ടെ മേ​ലു​മു​ള്ള പ്രേ​മം കാരണം, കള്ള​നാ​ണ്യ​മു​ണ്ടാ​ക്കാൻ ശ്ര​മി​ച്ചു. അക്കാ​ല​ത്തും കള്ള​നാ​ണ്യ​മു​ണ്ടാ​ക്കി​യാ​ല​ത്തെ ശിക്ഷ മര​ണ​മാ​യി​രു​ന്നു. അയാൾ ഉണ്ടാ​ക്കിയ ഒന്നാ​മ​ത്തെ നാ​ണ്യം ചെ​ല​വാ​ക്കാൻ നോ​ക്കു​ന്നേ​ട​ത്തു​വെ​ച്ച് ആ സ്ത്രീ​യെ പൊ​ല്ലീ​സ്സു​കാർ പി​ടി​കൂ​ടി, അവൾ പി​ടി​ക്ക​പ്പെ​ട്ടു. എന്നാൽ യാ​തൊ​രു തെ​ളി​വും അവ​ളിൽ​നി​ന്നു​ണ്ടാ​യി​ല്ല. അവൾ​ക്കു മാ​ത്ര​മേ അവ​ളു​ടെ കാ​മു​ക​നെ കു​റ്റ​പ്പെ​ടു​ത്താൻ സാ​ധി​ക്കൂ. അവ​ളു​ടെ സമ്മ​തം​കൊ​ണ്ടു മാ​ത്ര​മേ; അയാൾ കൊ​ല്ല​പ്പെ​ടു​ക​യു​ള്ളൂ. അവൾ അതു ചെ​യ്തി​ല്ല; പൊ​ല്ലീ​സ്സു​കാർ നിർ​ബ​ന്ധി​ച്ചു. എന്താ​യി​ട്ടും അവൾ ഇല്ലെ​ന്നു ശാ​ഠ്യം​പി​ടി​ച്ചു​നി​ന്നു. അപ്പോൾ ഗവൺ​മെ​ന്റു​വ​ക്കീ​ലി​ന് ഒരു സൂ​ത്രം തോ​ന്നി. ആ കാ​മു​കൻ അവ​ളു​ടെ നേരേ എന്തോ വി​ശ്വാ​സ​പാ​ത​കം പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് അയാൾ ഒരു കഥ കെ​ട്ടി​യു​ണ്ടാ​ക്കി. അങ്ങ​നെ ഉപാ​യ​ത്തിൽ ഉണ്ടാ​ക്കി​ത്തീർ​ത്ത ചില എഴു​ത്തു​ക​ളു​ടെ കഷ്ണം കാ​ണി​ച്ചു​കൊ​ടു​ത്ത്, അവൾ​ക്ക് ഒരെ​തി​രാ​ളി​യു​ണ്ടെ​ന്നും ആ കാ​മു​കൻ അവളെ വഞ്ചി​ക്കു​ക​യാ​ണ് അതേ​വ​രെ ചെ​യ്തി​രു​ന്ന​തെ​ന്നും ആ സ്ത്രീ​യെ അയാൾ ഒരു​വി​ധം ബോ​ധ​പ്പെ​ടു​ത്തി. ഉടനെ സാ​പ​ത്ന്യം​കൊ​ണ്ടു ശു​ണ്ഠി​യെ​ടു​ത്ത് അവൾ തന്റെ കാ​മു​ക​നെ കു​റ്റ​പ്പെ​ടു​ത്തി: വാ​സ്ത​വ​മെ​ല്ലാം പു​റ​ത്താ​ക്കി; സക​ല​വും തെ​ളി​യി​ച്ചു കൊ​ടു​ത്തു.

ആ മനു​ഷ്യൻ കു​ടു​ങ്ങി. അയാ​ളു​ടേ​യും അയാ​ളു​ടെ കൂ​ട്ടു​കാ​രി​യു​ടേ​യും കാ​ര്യം താ​മ​സി​യാ​തെ വി​ചാ​ര​ണ​യ്ക്കു വരും. അവിടെ കൂ​ടി​യി​ട്ടു​ള്ള​വർ ഈ കഥ പറ​യു​ക​യാ​യി​രു​ന്നു. ഓരോ​രു​ത്ത​നും ആ വക്കീ​ലി​ന്റെ സാ​മർ​ഥ്യം അഭി​ന​ന്ദി​ച്ചു. സപ​ത്നീ മത്സ​രം ഉണ്ടാ​ക്കി​ത്തീർ​ത്ത്, അതു​കൊ​ണ്ടു​ണ്ടായ ദേ​ഷ്യ​ത്തിൽ വാ​സ്ത​വം പു​റ​ത്തു വരു​ത്തി, നീ​തി​ന്യാ​യ​ത്തെ അയാൾ രക്ഷി​ച്ചു. മെ​ത്രാൻ ഈ സം​സാ​ര​മെ​ല്ലാം മി​ണ്ടാ​തി​രു​ന്നു കേ​ട്ടു. അവർ അവ​സാ​നി​പ്പി​ച്ച​പ്പോൾ അദ്ദേ​ഹം ചോ​ദി​ച്ചു, ‘എവി​ടെ​യാ​ണ് അയാ​ളേ​യും ആ സ്ത്രീ​യേ​യും വി​ചാ​ര​ണ​ചെ​യ്യു​ന്ന​ത്?’

‘സെ​ഷ്യൻ​കോ​ട​തി​യിൽ.’

അദ്ദേ​ഹം തു​ടർ​ന്നു പറ​ഞ്ഞു: ‘ആട്ടെ; ആ ഗവർ​മെ​ണ്ടു​വ​ക്കീ​ലി​നെ​യോ, എവിടെ വി​ചാ​ര​ണ​ചെ​യ്യും?’

ഡി.യിൽ ഒരു വ്യ​സ​ന​ക​ര​മായ സംഭവം നട​ന്നു. ഒരു​ത്ത​നെ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​നു മര​ണ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. അയാൾ ഒരു സാ​ധു​വാ​ണ്; ശരി​ക്കു പഠി​പ്പു​ള്ള​വ​ന​ല്ല, തീരെ പഠി​പ്പി​ല്ലാ​ത്ത​വ​നു​മ​ല്ല; ചന്ത​സ്ഥ​ല​ങ്ങ​ളിൽ കോ​മാ​ളി​വേ​ഷം കെ​ട്ടു​ക​യും, ഓരോ ചി​ല്ല​റ​പ്പു​സ്ത​ക​ങ്ങൾ എഴുതി വി​ല്ക്കു​ക​യു​മാ​ണ് പ്ര​വൃ​ത്തി. അയാ​ളു​ടെ കേ​സ്സു​വി​ചാ​രണ രാ​ജ്യ​ത്തെ​ല്ലാം വലിയ ഒച്ച​പ്പാ​ടു​ണ്ടാ​ക്കി. ആ മനു​ഷ്യൻ മര​ണ​ശി​ക്ഷ അനു​ഭ​വി​ക്കേ​ണ്ട ദിവസം വൈ​കു​ന്നേ​രം ജയി​ലി​ലെ പതിവു മത​പ്ര​ബോ​ധ​കൻ ദീ​ന​ത്തി​ലാ​യി. ആ കു​റ്റ​ക്കാ​ര​നെ തു​ക്കി​ക്കൊ​ല്ലു​ന്ന​തി​നു മുൻപ് അയാൾ​ക്കു വേണ്ട ഉപ​ദേ​ശം കൊ​ടു​ക്കാൻ ഒരു മതാ​ചാ​ര്യൻ വേണം.

സഭാ​ബോ​ധ​ക​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. അയാൾ ചെ​ല്ലാൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇങ്ങ​നെ മറു​പ​ടി പറ​ഞ്ഞ​യ​ച്ചു എന്നു തോ​ന്നു​ന്നു; ‘എന്റെ പ്ര​വൃ​ത്തി അതല്ല. ആ രസ​മി​ല്ലാ​ത്ത കാ​ര്യ​ത്തിൽ എനി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല. ആ കോ​മാ​ളി​വേ​ഷ​ക്കാ​ര​നെ എനി​ക്കു കാ​ണേ​ണ്ട​തി​ല്ല; എനി​ക്കും നല്ല സു​ഖ​മി​ല്ല; എന്ന​ല്ല, അതെ​ന്റെ പ്ര​വൃ​ത്തി​യ​ല്ല.’ ഈ വിവരം മെ​ത്രാ​ന്ന​റി​വു കൊ​ടു​ത്തു. അദ്ദേ​ഹം പറ​ഞ്ഞു: സഭാ​ബോ​ധ​ക​ന​വർ​കൾ പറ​യു​ന്ന​തു ശരി​യാ​ണ്; അത് അദ്ദേ​ഹ​ത്തി​ന്റെ പ്ര​വൃ​ത്തി​യ​ല്ല; എന്റെ പ്ര​വൃ​ത്തി​യാ​ണ്.

ഉടനെ അദ്ദേ​ഹം ജയി​ലി​ലേ​ക്കു പോയി; ആ ‘കോ​മാ​ളി​വേ​ഷ​ക്കാ​രൻ’ ഇരി​ക്കു​ന്ന തു​റു​ങ്കി​ലേ​ക്കു കട​ന്നു; അയാളെ വി​ളി​ച്ചു; അയാ​ളു​ടെ കൈ പി​ടി​ച്ചു; അയാ​ളോ​ടു സം​സാ​രി​ച്ചു. അന്ന​ത്തെ ദിവസം മു​ഴു​വ​നും, ഊണും ഉറ​ക്ക​വും മറ​ന്നു് ആ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ന്റെ ആത്മാ​വി​നു​വേ​ണ്ടി ഈശ്വ​ര​നോ​ടു പ്രാർ​ഥി​ച്ചു​കൊ​ണ്ടും, അദ്ദേ​ഹം അവിടെ ഇരു​ന്നു. ഏറ്റ​വും വി​ല​പ്പെ​ട്ട​വ​യും അതി​നാൽ എളു​പ്പ​ത്തിൽ മന​സ്സി​ലാ​ക്കാ​വു​ന്ന​വ​യു​മായ തത്ത്വ​ങ്ങൾ അദ്ദേ​ഹം അയാൾ​ക്കു പറ​ഞ്ഞു​കൊ​ടു​ത്തു. അദ്ദേ​ഹം ആ മനു​ഷ്യ​ന്റെ അച്ഛ​നും സഹോ​ദ​ര​നും സു​ഹൃ​ത്തു​മാ​യി; അനു​ഗ്ര​ഹി​ക്കാൻ വേ​ണ്ടി മാ​ത്രം മെ​ത്രാ​നു​മാ​യി. അദ്ദേ​ഹം അയാളെ സക​ല​വും പഠി​പ്പി​ച്ചു; അയാളെ ധൈ​ര്യ​പ്പെ​ടു​ത്തു​ക​യും സമാ​ധാ​നി​പ്പി​ക്കു​ക​യും ചെ​യ്തു, അയാൾ നി​രാ​ശ​ത​കൊ​ണ്ടു മര​ണ​ത്തി​ന്റെ വക്കോ​ളം എത്തി​യി​രു​ന്നു. മരണം എന്ന​ത് അത്യ​ഗാ​ധ​മായ ഒര​ന്ധ​കാ​ര​കു​ണ്ഡ​മാ​യി അയാൾ​ക്കു തോ​ന്നി. അതി​ന്റെ ദുഃ​ഖ​ക​ര​മായ വക്ക​ത്തു വി​റ​ച്ചു​കൊ​ണ്ടു ചെ​ന്നു​നി​ന്ന​പ്പോൾ അയാൾ ഭയ​പ്പെ​ട്ടു പിൻ​വാ​ങ്ങി. അതിനെ തീരെ അവ​ഗ​ണി​ക്കാ​തി​രി​ക്കാൻ വേ​ണ്ടി​ട​ത്തോ​ളം അറി​വി​ല്ലാ​യ്മ അയാൾ​ക്കി​ല്ല. അയാൾ​ക്കു​ണ്ടായ മരണ ശി​ക്ഷാ​വി​ധി–അത് അയാൾ​ക്കു സഹി​ക്കാൻ വയ്യാ​യി​രു​ന്നു–നാം ജീ​വി​ത​മെ​ന്നു വി​ളി​ക്കു​ന്ന ആ എന്തോ ചി​ല​തു​കൊ​ണ്ടു​ള്ള ചു​മ​രി​ന്മേൽ അവി​ട​വി​ടെ ചില തുളകൾ തു​ള​ച്ചു. ആ അപകടം പി​ടി​ച്ച പഴു​തു​ക​ളി​ലൂ​ടേ അയാൾ പര​ലോ​ക​ത്തേ​ക്കു ഇട​വി​ടാ​തെ സൂ​ക്ഷി​ച്ചു​നോ​ക്കി; വെറും ഇരു​ട്ടു​മാ​ത്ര​മേ കണ്ടു​ള്ളു. മെ​ത്രാൻ അയാൾ​ക്കു വെ​ളി​ച്ചം കാ​ണി​ച്ചു​കൊ​ടു​ത്തു.

പി​റ്റേ ദിവസം ആളുകൾ ആ ഭാ​ഗ്യം​കെ​ട്ട മനു​ഷ്യ​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വാൻ വന്ന​പ്പോ​ഴും മെ​ത്രാൻ അവിടെ ഉണ്ടാ​യി​രു​ന്നു. അദ്ദേ​ഹം അയാളെ പിൻ​തു​ടർ​ന്നു; ചങ്ങ​ല​കൊ​ണ്ടു കെ​ട്ട​പ്പെ​ട്ട ആ തട​വു​പു​ള്ളി​യോ​ടു തൊ​ട്ട​ടു​ത്തു, തന്റെ നി​ല​യ​ങ്കി​യോ​ടും ചു​മ​ലിൽ സ്ഥാ​ന​ചി​ഹ്ന​മായ കു​രി​ശോ​ടും​കൂ​ടി അദ്ദേ​ഹം അവി​ടെ​യു​ള്ള ആൾ​ക്കൂ​ട്ട​ത്തിൽ കാ​ണ​പ്പെ​ട്ടു.

അദ്ദേ​ഹ​വും ആ കൊ​ല​പാ​ത​കി​യു​ടെ കൂടെ കട്ട​വ​ണ്ടി കയറി; അവർ രണ്ടു പേരും ഒരു​മി​ച്ചു ശി​ര​ച്ഛേ​ദ​ന​യ​ന്ത്ര​ത്തിൽ കയറി. തലേ ദിവസം അത്ര​യും മുഖം കരി​ഞ്ഞും ഉശി​രു​കെ​ട്ടു​മി​രു​ന്ന ആ പാവം അന്നു കാ​ഴ്ച​യിൽ സു​പ്ര​സ​ന്ന​നാ​യി​രു​ന്നു. തന്റെ ആത്മാ​വി​ന്നു മാ​പ്പു​കി​ട്ടി എന്ന് അയാൾ​ക്കു ബോധം വന്നു. അയാൾ എല്ലാ ആശ​ക​ളും ഈശ്വ​ര​നിൽ സമർ​പ്പി​ച്ചു. മെ​ത്രാൻ അയാളെ ആലിം​ഗ​നം ചെ​യ്തു; പിൻ​ക​ഴു​ത്തിൽ കത്തി വീ​ഴു​ന്ന സമ​യ​ത്ത് അദ്ദേ​ഹം ഇങ്ങ​നെ പറ​ഞ്ഞു: ‘മനു​ഷ്യൻ കൊ​ല്ലു​ന്ന​താ​രെ​യോ അവനെ ഈശ്വ​രൻ ജീ​വി​പ്പി​ക്കു​ന്നു; സ്വ​ന്തം സഹോ​ദ​ര​ന്മാർ ആരെ ഉപേ​ക്ഷി​ക്കു​ന്നു​വോ, അവൻ ഒരി​ക്കൽ​ക്കൂ​ടി തന്റെ അച്ഛ​നെ കാ​ണു​ന്നു. ഈശ്വ​ര​നെ ധ്യാ​നി​ക്കുക; നി​ന്തി​രു​വ​ടി​യെ വി​ശ്വ​സി​ക്കുക; ജീ​വി​ത​ത്തിൽ പ്ര​വേ​ശി​ക്കുക; അച്ഛൻ അവി​ടെ​യു​ണ്ട്.’ അദ്ദേ​ഹം ആ വധ​സ്ഥ​ല​ത്തു​നി​ന്നു താഴെ ഇറ​ങ്ങി​യ​പ്പോൾ, കാ​ണു​ന്ന​വർ ചൂ​ളി​ക്കൊ​ണ്ടു വഴി മാ​റ​ത്ത​ക്ക​വി​ധം, അദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ത്ത് എന്തോ ഒരു ഭാ​വ​ഭേ​ദ​മു​ണ്ടാ​യി​രു​ന്നു. അതി​ലു​ള്ള നി​റ​ക്കു​റ​വോ അതോ പ്ര​ശാ​ന്ത​ത​യോ ഏതാ​ണ​ധി​കം ബഹു​മാ​നി​ക്കേ​ണ്ട​തെ​ന്ന് അവർ​ക്കു നി​ശ്ച​യ​മി​ല്ലാ​താ​യി. ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി എന്റെ അരമന എന്നു വി​ളി​ക്കാ​റു​ള്ള ആ ചെ​റു​വീ​ട്ടിൽ മട​ങ്ങി​യെ​ത്തി, അദ്ദേ​ഹം സഹോ​ദ​രി​യോ​ടു പറ​ഞ്ഞു: ഞാന്‍ ഇന്നു മെ​ത്രാ​ന്റെ കർമം നട​ത്തി.

ഏറ്റ​വും വൈ​ശി​ഷ്ട്യ​മു​ള്ള​താ​ണ് മന​സ്സി​ലാ​ക്കു​വാൻ ഏറ്റ​വും പ്ര​യാ​സ​മാ​യി​ട്ടു​ള്ള​ത്; മെ​ത്രാ​ന്റെ ഈ പ്ര​വൃ​ത്തി​യെ​പ്പ​റ്റി സം​സാ​രി​ക്കു​മ്പോൾ, ‘ഇതെ​ല്ലാം നാ​ട്യ​മാ​ണ്’ എന്ന​ഭി​പ്രാ​യ​പ്പെ​ടു​വാൻ ചില പരി​ഷ്കാ​രി​ക​ളു​ണ്ടാ​യി.

ഏതാ​യാ​ലും ഈ ഒര​ഭി​പ്രാ​യം പട്ട​ണ​ത്തി​ലെ ഇരി​പ്പു​മു​റി​ക​ളിൽ​മാ​ത്രം കി​ട​ന്നു തി​രി​ഞ്ഞ​തേ ഉള്ളു. ദൈ​വി​ക​ങ്ങ​ളായ കർ​മ​ങ്ങ​ളിൽ യാ​തൊ​രു തമാ​ശ​യും കാ​ണാ​റി​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങൾ​ക്ക് അതു​ള്ളിൽ​ക്കൊ​ള്ളു​ക​യും അവർ അദ്ദേ​ഹ​ത്തെ വാ​സ്ത​വ​മാ​യി ബഹു​മാ​നി​ക്കു​ക​യും ചെ​യ്തു.

മെ​ത്രാ​നാ​ണെ​ങ്കിൽ, ആ ശി​ര​ച്ഛേ​ദ​ന​യ​ന്ത്രം കണ്ട​തു മന​സ്സിൽ വല്ലാ​തെ​ത​ട്ടി; ആ വ്രണം അദ്ദേ​ഹ​ത്തി​ന് ആശ്വാ​സ​പ്പെ​ട്ടു​കി​ട്ടു​വാൻ വള​രെ​ക്കാ​ലം കഴി​യേ​ണ്ടി​വ​ന്നു.

വാ​സ്ത​വ​ത്തിൽ, അതാതു ഭാ​ഗ​ങ്ങ​ളെ​ല്ലാം എടു​ത്തു ഘടി​പ്പി​ച്ചു ശരി​യാ​ക്കിയ ഒരു ശി​ര​ച്ഛേ​ദ​ന​യ​ന്ത്ര​ത്തിൽ, തി​ക​ച്ചും തല ചു​റ്റി​ക്കു​ന്ന എന്തോ ഒന്നു​ണ്ട്. സ്വ​ന്തം കണ്ണു​കൊ​ണ്ട് അങ്ങ​നെ​യൊ​രു സാധനം കാ​ണു​ന്ന​തു​വ​രെ, മരണ ശി​ക്ഷ​യെ ഒരു​വി​ധം തു​ച്ഛ​മാ​യി കരു​തു​ന്ന​വ​രു​ണ്ടാ​വാം; വേ​ണ​മെ​ന്നോ വേ​ണ്ടെ​ന്നോ​വി​ധി കൽ​പി​ക്കു​വാൻ സം​ശ​യി​ക്കു​ന്ന ആളും ഉണ്ടാ​യേ​ക്കും. പക്ഷേ, അതൊ​രാൾ കണ്ടെ​ത്തി​പ്പോ​യാൽ അപ്പോ​ഴ​ത്തെ ക്ഷോ​ഭം ചി​ല്ല​റ​യ​ല്ല; രണ്ടി​ലൊ​ന്നു തീർ​ച്ച​പ്പെ​ടു​ത്തു​വാൻ–അത് വേ​ണ്ട​താ​ണെ​ന്നോ വേ​ണ്ടാ​ത്ത​താ​ണെ​ന്നോ തീർ​ച്ച​പ്പെ​ടു​ത്തു​വാൻ–അയാൾ മയി​സ്ത​റെ [11] പ്പോ​ലെ നിർ​ബ​ദ്ധ​നാ​യി​പ്പോ​കു​ന്നു. ചിലർ അതിനെ കൊ​ണ്ടാ​ടു​ന്നു, മറ്റു​ള്ള​വർ ബി​ക്കാ​റി​യ​യെ​പ്പോ​ലെ അതിനെ ശപി​ക്കു​ന്നു. ശി​ര​ച്ഛേ​ദ​ന​യ​ന്ത്രം ശി​ക്ഷാ​നി​യ​മ​ത്തി​ന്റെ ഉറച്ച കട്ടി​യാ​ണ്. അതിനെ പ്ര​തി​ക്രിയ എന്നു പറ​യു​ന്നു. നി​ഷ്പ​ക്ഷ​മായ നില അതി​ന്നി​ല്ല; അതു നി​ങ്ങ​ളേ​യും നി​ഷ്പ​ക്ഷ​മാ​യി നി​ല്ക്കാൻ സമ്മ​തി​ക്കി​ല്ല. അതു കാ​ണു​ന്ന മനു​ഷ്യ​ന്ന് അത്ര​മേൽ അപൂർ​വ​വും അസാ​ധാ​ര​ണ​വു​മായ ഒരു വിറ വന്നു​പോ​കു​ന്നു. ഈ തല ചെ​ത്തു​ന്ന കത്തി​യു​ടെ ചു​റ്റു​മാ​യി എല്ലാ സാ​മു​ദാ​യി​ക​സം​ശ​യ​ങ്ങ​ളും തങ്ങ​ളു​ടെ ചോ​ദ്യ​ചി​ഹ്ന​ത്തെ കു​ഴി​ച്ചു​നാ​ട്ടു​ന്നു. തൂ​ക്കു​മ​രം ഒരു ഭൂ​ത​മാ​ണ്. തൂ​ക്കു​മ​രം ഒരു​ക​ഷ്ണം ആശാ​രി​പ്പ​ണി​യ​ല്ല; തൂ​ക്കു​മ​രം ഒരു യന്ത്ര​മ​ല്ല; മരം​കൊ​ണ്ടും ഇരി​മ്പു​കൊ​ണ്ടും ചങ്ങ​ല​കൊ​ണ്ടും കെ​ട്ടി​യു​ണ്ടാ​ക്കിയ ഒരു ചൈ​ത​ന്യ​മ​റ്റ യന്ത്ര​ക്ക​ഷ്ണ​മ​ല്ല തൂ​ക്കു​മ​രം.

അതൊരു ജീ​വ​നു​ള്ള സത്ത്വ​മാ​ണെ​ന്നു തോ​ന്നു​ന്നു–എന്താ​ണ് അതി​ന്റെ നീ​ര​സ​മായ പ്ര​വൃ​ത്തി എന്നെ​നി​ക്ക​റി​ഞ്ഞു​കൂ​ടാ; ആ ആശാരി പണി​ക്ക​ഷ്ണം നോ​ക്കി​ക്കാ​ണു​ന്നു​ണ്ടെ​ന്ന്–അതേ, ആ യന്ത്രം കേൾ​ക്കു​ന്നു​ണ്ടെ​ന്ന്–ആ സൂ​ത്ര​പ്പ​ണി കാ​ര്യ​ങ്ങ​ളെ മന​സ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്ന്–ആ മര​ക്ക​ഷ്ണ​ത്തി​ന്ന്, ആ ഇരു​മ്പിൻ​തു​ണ്ട​ത്തി​ന്ന്. ആ ചങ്ങ​ല​ക്കൂ​ട്ട​ത്തി​ന്ന് ബു​ദ്ധി​യു​ണ്ടെ​ന്ന്–വേ​ണ​മെ​ങ്കിൽ പറയാം. അതി​ന്റെ സന്നി​ധാ​നം ആത്മാ​വി​നു​ണ്ടാ​ക്കി​ത്തീർ​ക്കു​ന്ന ഭയ​ങ്ക​ര​മായ മനോ​രാ​ജ്യ​ത്തിൽ തൂ​ക്കു​മ​രം ഒരു ഘോ​ര​വേ​ഷ​മാ​യി കാ​ണ​പ്പെ​ടു​ന്നു; അവിടെ നട​ക്കു​ന്ന സം​ഗ​തി​ക​ളിൽ അതു പങ്കു​കൊ​ള്ളു​ന്ന​പോ​ലെ തോ​ന്നും; മര​ണ​ശി​ക്ഷ നട​ത്തു​ന്ന​വ​ന്റെ കൂ​ട്ടു​കാ​ര​നാ​ണ് തു​ക്കു​മ​രം; അതു വി​ഴു​ങ്ങു​ന്നു, അതു മാംസം കടി​ച്ചു തി​ന്നു​ന്നു. അതു രക്തം വാ​റ്റി​ക്കു​ടി​ക്കു​ന്നു. വി​ധി​കർ​ത്താ​വും ആശാ​രി​യും​കൂ​ടി കെ​ട്ടി​യു​ണ്ടാ​ക്കിയ ഒരു രാ​ക്ഷ​സ​നാ​ണ് തൂ​ക്കു​മ​രം–അതേൽ​പി​ച്ചു​വി​ട്ട ദുർ​മൃ​തി​കൾ മു​ഴു​വ​നും​കൊ​ണ്ടു നി​റ​ഞ്ഞ ഒരു ഭയ​ങ്കര ചൈ​ത​ന്യ​ത്തോ​ടു​കൂ​ടി ഉയിർ​ക്കൊ​ള്ളു​ന്ന​തു​പോ​ലു​ള്ള ഒരു പ്രേ​ത​രൂ​പം.

അതി​നാൽ അതു കണ്ട​തു​കൊ​ണ്ടു​ള്ള ക്ഷോ​ഭം കഠി​ന​വും ഭയ​ങ്ക​ര​വു​മാ​യി​രു​ന്നു; മര​ണ​ശി​ക്ഷ നട​ന്ന​തി​ന്റെ പി​റ്റേ ദി​വ​സ​വും തു​ടർ​ന്നു കുറേ അധിക ദി​വ​സ​ത്തോ​ള​വും മെ​ത്രാൻ ഒരു മൃ​ത​ശ​രീ​രം​പോ​ലെ കാ​ണ​പ്പെ​ട്ടു. ശവ​സം​സ്കാ​രാ​വ​സ​ര​ത്തി​ലെ ആ ഏതാ​ണ്ടു കല​ശ​ലായ ശാ​ന്തത മാറി; സാ​മു​ദാ​യി​ക​മായ നീ​തി​ന്യാ​യ​ത്തി​ന്റെ പ്രേ​തം അദ്ദേ​ഹ​ത്തെ കഷ്ട​പ്പെ​ടു​ത്തി. എല്ലാ പ്ര​വൃ​ത്തി​ക​ളും കഴി​ഞ്ഞു, സം​തൃ​പ്തി​മ​യ​മായ പ്ര​സ​ന്ന​ത​യോ​ടു​കു​ടി മട​ങ്ങി​വ​രാ​റു​ള്ള അദ്ദേ​ഹം, തന്നെ​ത്ത​ന്നെ അധി​ക്ഷേ​പി​ക്കു​ന്ന​തു​പോ​ലെ തോ​ന്ന​പ്പെ​ട്ടു. ചി​ല​പ്പോൾ അദ്ദേ​ഹം തന്നോ​ടു​ത​ന്നെ സം​സാ​രി​ക്കും; ദുഃ​ഖ​മ​യ​ങ്ങ​ളായ ആത്മ​ഗ​ത​ങ്ങ​ളെ അദ്ദേ​ഹം താ​ഴ്‌​ന്ന സ്വ​ര​ത്തിൽ വി​ക്കി​വി​ക്കി​പ്പ​റ​യും. അദ്ദേ​ഹ​ത്തി​ന്റെ സഹോ​ദ​രി ഒരു ദിവസം വൈ​കു​ന്നേ​രം കേ​ട്ട​തും ഓർ​മ​വെ​ച്ചു​തു​മായ അതിലെ ഒരു ഭാഗം ഇതാണ്: ‘അത് അത്ര​യും പൈ​ശാ​ചി​ക​മായ ഒന്നാ​ണെ​ന്നു ഞാൻ വി​ചാ​രി​ച്ചി​ല്ല. മാ​നു​ഷി​ക​നി​യ​മ​ങ്ങ​ളെ കാ​ണാ​താ​ക​ത്ത​ക്ക​വി​ധം ദൈ​വി​ക​നി​യ​മ​ത്തിൽ മു​ങ്ങി​പ്പോ​കു​ന്ന​ത് തെ​റ്റാ​ണ്. മരണം ഈശ്വ​ര​നു മാ​ത്രം അവ​കാ​ശ​പ്പെ​ട്ട​താ​കു​ന്നു. ആ അജ്ഞാ​ത​മായ സാ​ധ​ന​ത്തിൽ മനു​ഷ്യർ എന്ത​ധി​കാ​ര​ത്തി​ന്മേൽ ചെ​ന്നു കൈ​വെ​ക്കു​ന്നു?’

കാ​ല​ക്ര​മം​കൊ​ണ്ട് ഈ ധാ​ര​ണ​കൾ​ക്കു ശക്തി കു​റ​ഞ്ഞു; ഒരു സമയം അവ പോ​യ്പോ​ക​ത​ന്നെ ചെ​യ്തു; ഏതാ​യാ​ലും അതിൽ​പ്പി​ന്നെ വധ​സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പോ​വാ​തി​രി​ക്കാൻ മെ​ത്രാൻ കരു​തു​ന്ന​താ​യി കാ​ണ​പ്പെ​ട്ടു.

ദീ​ന​ത്തിൽ കി​ട​ക്കു​ന്ന​വ​രു​ടേ​യും മരി​ക്കാ​ന​ടു​ത്ത​വ​രു​ടേ​യും അടു​ക്ക​ലേ​ക്ക് ഏതർ​ദ്ധ​രാ​ത്രി​ക്കാ​യാ​ലും മെ​ത്രാ​നെ വി​ളി​ക്കാം. തന്റെ ഏറ്റ​വും മു​ഖ്യ​മായ ചു​മ​ത​ല​യും തനി​ക്കു​ള്ള ഏറ്റ​വും മഹ​ത്തായ പ്ര​വൃ​ത്തി​യും അവി​ടെ​യാ​ണെ​ന്നു​ള്ള വാ​സ്ത​വം അദ്ദേ​ഹം വി​സ്മ​രി​ച്ചി​ല്ല. വൈ​ധ​വ്യം വന്നും അഗാ​ധ​ത​യിൽ​പ്പെ​ട്ടു​മു​ള്ള കു​ടും​ബ​ങ്ങൾ അദ്ദേ​ഹ​ത്തെ വി​ളി​ക്കേ​ണ്ട; സ്വ​ന്തം മന​സ്സാ​ലേ അദ്ദേ​ഹം അവിടെ ചെ​ല്ലും. പ്രേ​മ​ഭാ​ജ​ന​മായ ഭാര്യ മരി​ച്ചു​പോയ ഗൃ​ഹ​സ്ഥ​ന്റേ​യും കു​ട്ടി കഴി​ഞ്ഞു കര​യു​ന്ന അമ്മ​യു​ടേ​യും അരികെ എത്ര നേ​ര​മെ​ങ്കി​ലും ഒര​ക്ഷ​രം​പോ​ലും മി​ണ്ടാ​തി​രി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് അദ്ദേ​ഹ​ത്തി​ന​റി​യാം. അങ്ങ​നെ സം​സാ​രി​ക്കാ​തി​രി​ക്കേ​ണ്ട​ത് എപ്പോൾ എന്ന​റി​യാ​വു​ന്ന​തു​പോ​ലെ, സം​സാ​രി​ക്കേ​ണ്ട​തെ​പ്പോൾ എന്നും അദ്ദേ​ഹ​ത്തി​ന​റി​യാം. ഹാ! സമാ​ധാ​ന​പ്പെ​ടു​ത്തു​ന്ന​തിൽ എന്തു സമർഥൻ! വി​സ്മൃ​തി​കൊ​ണ്ടു ദുഃ​ഖ​ത്തെ മറ​യ്ക്കു​വാ​ന​ല്ല അദ്ദേ​ഹം നോ​ക്കാ​റ്; അതിനെ പ്ര​ത്യാ​ശ​കൊ​ണ്ടു വലു​താ​ക്കി ഗൗ​ര​വ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ ശ്രമം. അദ്ദേ​ഹം പറ​യു​ന്നു; ‘മരി​ച്ച​വ​രെ​പ്പ​റ്റി വി​ചാ​രി​ക്കു​ന്ന​തിൽ നി​ങ്ങൾ മന​സ്സി​രു​ത്ത​ണം. നശി​ച്ചു​പോ​കു​ന്ന ഭാ​ഗ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്ക​രു​ത്. ഇട​വി​ടാ​തെ സൂ​ക്ഷി​ച്ചു​നോ​ക്കുക. മരി​ച്ചു​പോയ പ്രേ​മ​ഭാ​ജ​ന​ങ്ങൾ​ക്കു​ള്ള ശാ​ശ്വ​ത​മായ തേ​ജ​സ്സി​നെ സ്വർ​ഗ​ത്തി​ന്റെ അന്തർ​ഭാ​ഗ​ത്തു നി​ങ്ങൾ കണ്ടെ​ത്തും’ വി​ശ്വാ​സം ഗു​ണ​ക​ര​മാ​ണെ​ന്ന് അദ്ദേ​ഹ​ത്തി​ന്ന​റി​യാം. അദ്ദേ​ഹം സു​ഖ​പ​രി​ത്യാ​ഗി​യെ ചൂ​ണ്ടി​ക്കാ​ണി​ച്ചു നി​രാ​ശ​യിൽ​പ്പെ​ട്ട മനു​ഷ്യ​നെ സമാ​ധാ​നി​പ്പി​ച്ചാ​ശ്വ​സി​പ്പി​ക്കു​വാൻ നോ​ക്കും; ആകാ​ശ​ത്തേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കു​ന്ന ദുഃ​ഖ​ത്തെ കാ​ണി​ച്ചു​കൊ​ടു​ത്തു ശവ​ക്ക​ല്ല​റ​യി​ലേ​ക്കു താ​ഴ്‌​ന്നു സു​ക്ഷി​ച്ചു​നോ​ക്കു​ന്ന ദുഃ​ഖ​ത്തെ മാ​റ്റാൻ ശ്ര​മി​ക്കും.

കു​റി​പ്പു​കൾ

[7] കൗ​ണ്ടി​ന്റെ ഭാര്യ കൗ​ണ്ട​സ്സ് ഫ്ര​ഞ്ചിൽ കോം​തെ​സ്സ്.

[8] രാ​ജാ​വു​ക​ഴി​ഞ്ഞാൽ പദ​വി​വ​ലു​പ്പം​കൊ​ണ്ടു ശ്രേ​ഷ്ഠൻ ഡ്യൂ​ക്കാ​ണു്.

[9] നാലു പൈ വി​ല​യ്ക്കു​ള്ള ഒരു ഫ്ര​ഞ്ചു് ചെ​മ്പു​നാ​ണ്യം.

[10] ഡ്യൂ​ക്കി​നു നേരെ താ​ഴെ​യു​ള്ള പ്ര​ഭു​വി​നെ മാർ​ക്ക്വി​സ്റ്റ്, ഫ്ര​ഞ്ചിൽ മാർ​ക്കി, എന്നു പറ​യു​ന്നു.

[11] ഇദ്ദേ​ഹം ഫ്രാൻ​സി​ലെ പ്ര​സി​ദ്ധ​നായ ഒരെ​ഴു​ത്തു​കാ​ര​നും തത്ത്വ​ജ്ഞാ​നി​യു​മാ​ണു്. രാ​ജ്യ​ഭ​ര​ണ​പ​രി​വർ​ത്ത​ന​ങ്ങ​ളിൽ ഇദ്ദേ​ഹം രാ​ജ​ക​ക്ഷി​യി​ലാ​യി​രു​ന്നു. ആ കക്ഷി​ക്കാർ​ക്ക​നു​കൂ​ല​മാ​യി പല പു​സ്ത​ക​വും എഴു​തി​യി​ട്ടു​ണ്ടു്.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.