ആ കുന്നിറങ്ങിക്കഴിഞ്ഞപ്പോൾ, അവർ ഭക്ഷണത്തെപ്പറ്റി ആലോചിപ്പാൻ തുടങ്ങി; മിന്നുന്ന ഉടുപ്പിട്ട ആ എട്ടുപേർ, ഒടുവിൽ ഏതാണ്ടു ക്ഷീണിച്ചു ബൊംബാർദയുടെ ഹോട്ടലിൽ ചെന്നുകൂടി-റ്യൂ ദ് റിവോലിയിൽ കാണാവുന്ന ആ പ്രസിദ്ധ ഭക്ഷണശാലാധിപനായ ബൊംബാർദാ അവിടേയും ഒരു ശാഖ ഏർപ്പെടുത്തിയിരുന്നു.
അറ്റത്ത് ഒരുറക്കറയും ഒരു കട്ടിലുമായി വലിയതും വൃത്തികെട്ടതുമായ ഒരുമുറി (ഞായറാഴ്ചത്തെ ആൾത്തിരക്കു കരുതി അവർ ഈ സ്ഥലംകൊണ്ടു കഴിക്കാൻ നിശ്ചയിച്ചു); ഇരിമ്പകമരങ്ങളുടേയും പാതാറിന്റേയും പുഴയുടേയും അപ്പുറത്തേക്കു നോക്കിക്കാണാവുന്ന രണ്ടു ജനാലകൾ; പതുക്കെ ജനാലച്ചില്ലുകളിൽ തലോടുന്ന ഒരു സവിശേഷമായ ആഗസ്ത് മാസവെയിൽ; രണ്ടു മേശകൾ; അവയിലൊന്നിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും തൊപ്പികൾ കൂടിക്കലർന്ന ഒരന്തസ്സുള്ള പൂച്ചെണ്ടുകുന്ന്; മറ്റേതിനടുക്കൽ, വന്തളികളും തളികകളും ഗ്ലാസ്സുകളും കുപ്പികളും കൂടിയുള്ള ഒരു രസംപിടിച്ച ലഹളയ്ക്കു ചുറ്റുമിരിക്കുന്ന ആ നാലു ദമ്പതിമാർ; വീഞ്ഞുകുപ്പികളോട് ഇടകലർന്ന ബീർപ്പാത്രങ്ങൾ; മേശയ്ക്കു മീതെ യാതൊരു ക്രമവുമില്ലായ്മ; മേശയ്ക്കു ചുവട്ടിൽ ഏതാണ്ടു ക്രമക്കേട്;
അവരുണ്ടാക്കീ മേശച്ചുവടിലൊരു ശബ്ദം, കാലിട്ടിളക്കി ‘കെടകെടയെന്നസഹ്യമായ്…’ എന്നു പറയുന്നു മോളിയേ. [21]
രാവിലെ അഞ്ചുമണിക്കാരംഭിച്ച ആ വെറും നാടൻ സരസകവിത വൈകുന്നേരം നാലരമണി കഴിഞ്ഞപ്പോഴേക്ക് ഇങ്ങനെയായി. സൂര്യൻ അസ്തമിക്കുന്നു; അവരുടെ വിശപ്പടങ്ങി.
ഷാം സെലിംസെ മുഴുവൻ സൂര്യപ്രകാശംകൊണ്ടും ആൾക്കൂട്ടം കൊണ്ടുംനിറഞ്ഞു; വെയിലും പൊടിയുമില്ലാതെ മറ്റൊന്നും ഇല്ലാതായി-അതേ, ബഹുമാനത്തെ പൂർണമാക്കുന്ന രണ്ടു സാധനങ്ങൾ. മാർലിക്കുതിരകൾ, ആ ‘ചുരംമാന്തി’ക്കൊണ്ടുള്ള വെണ്ണക്കല്ലുകൾ, ഒരു തങ്കമേഘത്തിന്നുള്ളിലൂടെ കുതിച്ചുചാടുന്നു. സവാരിവണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്നു. സവിശേഷമായ ഉടുപ്പിട്ട രാജകീയ രക്ഷിഭടന്മാരുടെ ഒരു കൂട്ടം, തലയിൽ തങ്ങളുടെ കാഹളങ്ങളുമായി, ആ വന്യു ദ് നയ്യി എന്ന പ്രദേശത്തുനിന്ന് ഇറങ്ങിവരുന്നു; വെള്ളക്കൊടിക്കുറ സന്ധ്യാരാഗം തട്ടി ഒരു മങ്ങിയ പനിനീർപ്പൂനിറത്തിൽ ത്വീലെറിക്കൊട്ടാരത്തിന്റെ ഗോപുരാഗ്രത്തിൽ പാറിക്കളിക്കുന്നു. ഒരിക്കൽക്കൂടി ‘പതിനഞ്ചാമൻ ലൂയിയുടെ സ്ഥല’മായ ആ ‘പൊതുജനയോഗസ്ഥലം’ സുഖമയമായി ലാത്തുന്ന ഭാഗ്യവാന്മാരെക്കൊണ്ടു് തിങ്ങിയിരിക്കുന്നു. വെള്ളനിറത്തിലുള്ള പട്ടുനാടകളിൽ നിന്ന് തുങ്ങിക്കിടക്കുന്ന വെള്ളിമുദ്രകൾ പലരും ധരിച്ചുകാണാനുണ്ട്-1817-ലൊന്നും അതുകൾ കുപ്പായക്കുടുക്കു പഴുതുകളിൽനിന്ന് നിശ്ശേഷം പൊയ്പോക കഴിഞ്ഞിട്ടില്ല. അവിടേയും ഇവിടേയും ചെറിയ പെൺകുട്ടികൾ യോഗംകൂടി, നാലുപുറവും വന്നുകൂടി രസിച്ചഭിനന്ദിക്കുന്ന ആ വഴിപോക്കരുടെ നടുവിൽവെച്ച്, ആ ‘നൂറുകൊല്ലക്കാല’ത്തെ ഇടിവെട്ടേല്പിക്കുന്നതിനുണ്ടായതും.
തിരിച്ചു നതീക ഗെന്റിതിനിന്നുള്ള പിതാവിനെ,- ത്തിരിച്ചുനതിക ഞങ്ങൾക്കായ് ഞങ്ങൾതന്നച്ഛനെ. എന്ന പല്ലവിയുമായുള്ള അന്നത്തെ പ്രസിദ്ധ രാജഭക്തഗാനം ഉച്ചത്തിൽ പാടിവിടുന്നു.
അയൽപ്രദേശങ്ങളിൽ താമസിക്കുന്നവർ കൂട്ടംകൂട്ടമായി, ഞായറാഴ്ചത്തെ ഉടുപ്പിട്ടു, ചിലപ്പോൾ നാഗരികജനങ്ങളെപ്പോലെ മുദ്രകളാൽ അലംകൃതരായി, അവിടവിടെ വന്നുകൂടി. മരക്കുതിരകളിലേറി വട്ടംചുറ്റിക്കളിക്കുന്നു; മറ്റുചിലർ മദ്യപാനം ചെയ്യുന്നു; നടന്ന് അച്ചടിവേല നടത്തുന്നവർ തലയിൽ കടലാസ്സുതൊപ്പിധരിച്ചിട്ടുണ്ട്, അവരുടെ ചിരി ദൂരത്തു കേൾക്കാം. എന്തിനും ഒരു തെളിവുണ്ട്. അവിതർക്കിതമായ സമാധാനത്തിന്റെയും രാജഭക്തന്മാർക്ക് അത്യധികമായ സുഖത്തിന്റെയും കാലമായിരുന്നു അത്. പൊല്ലീസ്സുദ്യോഗസ്ഥമുഖ്യൻ, ആൻഗ്ലെ പാരിസ്സിന്റെ അയൽപ്രദേശങ്ങളെപ്പറ്റി രാജാവിനു മാത്രമായി ഗൂഢമായയച്ച ഒരു വിവരക്കുറിപ്പ ഈ താഴെക്കാണുന്ന വരികളെക്കൊണ്ടവസാനിച്ച കാലമായിരുന്നു അത്.
എല്ലാംകൂടി ആലോചിക്കുമ്പോൾ ഈ പൊതുജനങ്ങളിൽനിന്ന് ഭയപ്പേടേണ്ടതില്ല. അവർ പൂച്ചകളെപ്പോലെ അത്ര സാഹസികളും അലസന്മാരുമാണ്. പുറംരാജ്യങ്ങളിൽ ജനങ്ങൾക്കു സമാധാനമില്ല; എന്നാൽ പാരിസ്സിൽ അങ്ങനെയല്ല. ഇവിടെയുള്ളവരൊക്കെ ഒരുവിധം കൊള്ളരുതാത്തവരാണ്. ഇവിടത്തെ ഒരു രക്ഷിഭടനായിത്തീരുവാൻ, ഇവിടെയുള്ള എല്ലാവരേയും നോക്കിയാൽ, നിശ്ചയമായും ഈരണ്ടു പേരെ കൂട്ടിച്ചേർക്കേണ്ടിവരും. തലസ്ഥാനനഗരമായ പാരിസ്സിലെ പൊതുജനങ്ങളെസ്സംബന്ധിച്ചേടത്തോളം യാതൊന്നില്ല. കഴിഞ്ഞ അമ്പതു കൊല്ലംകൊണ്ട് ഇവിടെയുള്ള ജനങ്ങളുടെ ദേഹവലുപ്പംകൂടി കുറഞ്ഞുപോയിട്ടുള്ളത് സാരംതന്നെയാണ്; അയൽപ്രദേശങ്ങളിലുളളവർ ഭരണപരിവർത്തനകാലത്തേക്കാൾ കുറേക്കൂടി കൃശന്മാരും അശക്തന്മാരുമായിരിക്കുന്നു; യാതൊരപകടവുമില്ല. ചുരുക്കിപ്പറഞ്ഞാൽ, നന്നേ സാധുത്വമുള്ള ഒരുജനസംഘം.’
ഒരു പൂച്ചയ്ക്കു ചിലപ്പോൾ ഒരു സിംഹത്തിന്റെ നിലയിൽ വേഷം മാറാൻ കഴിയുമെന്ന പൊല്ലീസ്സ് മേലാളുകൾക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ഏതായാലും അങ്ങനെ വരാറുണ്ട്; പാരിസ്സിലെ സാധാരണജനങ്ങൾ കാട്ടിക്കൂട്ടിയ അത്ഭുതകർമ്മത്തിന്റെ സാരം ഇതാണ്. കൊംത് ആൻഗ്ലെ എന്ന ആ മുൻ സൂചിപ്പിച്ച ഉദ്യോഗസ്ഥൻ പരിഹസിച്ചുവിട്ട പൂച്ചയ്ക്കു പഴയകാലത്തെ പ്രതിനിധിയോഗങ്ങളുടെയെല്ലാം ബഹുമതി കിട്ടിയിരിക്കുന്നു. അവരുടെ കണ്ണിൽ ആ പൂച്ച മൂർത്തി മത്തായ സ്വാതന്ത്ര്യമാകുന്നു. രാജവാഴ്ച വീണ്ടും ആരംഭിച്ചപ്പോഴത്തെ ആ ആഭിജാത്യമുള്ള പൊല്ലീസ്സൈന്യം പാരിസ്സിലെ പൊതുജനസംഘത്തെ വേണ്ടതിലധികം ‘പ്രഭാതവർണ ത്തിലൂടെയാണ് നോക്കിക്കണ്ടത്; അത് ആ വിചാരിക്കപെട്ടതുപോലെ അത്ര ‘സാധുത്വമുള്ള ഒരു ജനക്കൂട്ട’ മായിരുന്നില്ല. ഗ്രീസ്സുരാജ്യക്കാർക്ക് ഒരതെൻസ്കാരൻ എങ്ങനെയോ അങ്ങനെയാണ് ഫ്രാൻസുകാർക്ക് ഒരു പാരിസ്സുകാരൻ; അവനെപ്പോലെ അത്ര ഗാഢമായി മറ്റാരും ഉറങ്ങുകയില്ല; അവനെപ്പോലെ അത്ര നേരമ്പോക്കുകാരനും മടിയനുമായി മറ്റൊരാളില്ല; അവനെപ്പോലെ ആലോചനയില്ലാതെ മറ്റൊരുത്തൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല; എന്തു തന്നെയായാലും, അവനെ വിശ്വസിക്കരുത്; ആലോചിച്ചു ചെയ്യേണ്ടുന്ന എന്തു പ്രവൃത്തിയും പ്രവർത്തിക്കാൻ ആ മനുഷ്യൻ തയ്യാറാണ്; എന്നാൽ ഒടുവിൽ ബഹുമതി കിട്ടുന്ന കാര്യമാണെങ്കിൽ, എന്തപകടം പിടിച്ച ലഹളയിലും അവൻ അഭിനന്ദനീയമായ നിലയിൽ കടന്നു പ്രവർത്തിക്കും. ഒരു കുന്തം എടുത്തു കൈയിൽ കൊടുക്കുക, അവൻ ആ ആഗസ്ത് 10-ാം തീയതി [22] ഉണ്ടാക്കിത്തീർക്കും; ഒരുതോക്കു കൊടുക്കുക, അതാ ഓസ്തെർലിത്ത് യുദ്ധം തയ്യാറാവുന്നു. അവൻനെപ്പോളിയന്റെ ഊന്നുവടിയും ദാന്തോവിന്റെ [23] രക്ഷയുമാണ്. രാജ്യം കിട്ടുന്ന കാര്യമാണോ, അവൻ പട്ടാളത്തിലുണ്ട്; സ്വാതന്ത്ര്യത്തെപ്പറ്റിയാവട്ടെ തർക്കം, അവൻ നിലത്തുള്ള കൽവിരിപ്പുകൾ പറിച്ചുകളയും, സൂക്ഷിച്ചുകൊൾക! ദേഷ്യംകൊണ്ടുനിറഞ്ഞ അവന്റെ തലരോമം ഒരു മഹാകാവ്യമാണ്. അവന്റെ കൂലിപ്പണിക്കാരൻകുപ്പായം ഒരു പ്രാചീന ഗ്രീസ്സുകാരന്റെ പുറംകുപ്പായത്തിന്റെ ഞെറികൾ പോലെ തന്നത്താൻ ഞെറിയുന്നു. ഓർമവെച്ചുകൊള്ളൂ! ആ വേണ്ട സമയം വന്നാൽ, ഈ കറുകുപ്പായക്കാരന്ന് ഉയരം കൂടിത്തുടങ്ങും; ഈ ചെറുമനുഷ്യൻ കിടന്നിരുന്നേടത്തുനിന്ന് എണീക്കും; അവന്റെ നോട്ടം ഭയങ്കരമാവും; അവന്റെ ശ്വാസോച്ഛ ്വാസം ഒരു കൊടുങ്കാറ്റായിത്തീരും; ആ മെലിഞ്ഞ മാറിടത്തിൽനിന്ന് ആൽപ്സ് പർവതത്തിന്റെ മടക്കുകളെ മാറ്റിമറിക്കാൻപോന്ന കാറ്റു പുറപ്പെടുന്നതു കാണാം. ആയുധമെടുത്തു യൂറോപ്പു രാജ്യത്തെ മുഴുവനും ഭരണപരിവർത്തനം കീഴടക്കാൻ കാരണം അതാണ്-പാരീസ്സിന്റെ അയൽപ്രദേശത്തുള്ള നാട്ടുപുറത്തുകാരനോടു നമുക്കു നന്ദിപറയുക. അവൻ പാട്ടു പാടുന്നു; അത് ആ മനുഷ്യന്ന് ഒരു വിനോദമാണ്. ആ പാട്ടിനെ അവന്റെ പ്രകൃതിയുമായി ക്രമപ്പെടുത്തി നോക്കുക. എന്നാൽ കാണാം! ‘ലാ കാർമഞ്ഞോൾ’ ഗാനമല്ലാതെ മറ്റൊന്നും പാടാനില്ലാത്തേടത്തോളം കാലം, പതിനാറാമൻ ലൂയിയെ മാത്രമേ അവൻ സിംഹാസനത്തിൽനിന്ന് മറിക്കു; ‘മാർസെയിലേ’ ഗാനം അവനെക്കൊണ്ടു പാടിക്കുക, അവൻ ലോകം മുഴുവനുംതന്നെ സ്വതന്ത്രമാക്കും.
കൊംത് ആൻഗ്ലെയുടെ റിപ്പോർട്ടിന്റെ വക്കത്ത്, ഈ കുറിപ്പു കുറിച്ചതിനുശേഷം, നമുക്കു നമ്മുടെ നാലു ദമ്പതിമാരുടെ അടുക്കലേക്കുതന്നെ തിരിച്ചു ചെല്ലുക, ഞങ്ങൾ പറഞ്ഞതുപോലെ, ഭക്ഷണം കഴിയാറായി.
[21] ഫ്രാൻസിലെ ഷെയ്ക്സ്പിയർ എന്നു പറയട്ടെ.
[22] പാരീസ്സിലെ പൊതുജനങ്ങൾ രാജധാനിയെ ആക്രമിച്ച രക്ഷാസൈന്യത്തെ കൊത്തിനുറുക്കി മാജാവിനെ സിംഹാസന്രൂഷ്ടനാക്കിയത് 1792 ആഗസ്ത് 10-ാംന് യാണ്.
[23] ഫ്രാൻസിലെ ഭരണപരിവർത്തനത്തിൽ മുൻനില്ക്കുന്ന പേരുകളിൽ ഇദ്ദേഹത്തിന്റേതു മുഖ്യമായഒന്നാണു്.