ഹൂഗോമോങ്ങ്—ഇതു് ഒരു ചുടലക്കളമായിരുന്നു. നെപ്പോളിയൻ എന്നു പേരായ യൂറോപ്പിലെ ആ വലിയ കാടുവെട്ടുകാരൻ വാട്ടർലൂവിൽവെച്ചു കണ്ടെത്തിയ തടസ്സത്തിന്റെ ആരംഭം— ഒന്നാമത്തെ പ്രതിബന്ധം— അദ്ദേഹത്തിന്റെ മഴുകൊണ്ടുള്ള വെട്ടുകൾക്കു മുൻപിൽ പ്രത്യക്ഷീഭവിച്ച ഒന്നാമത്തെ മരക്കമ്പു്.
ഈ സ്ഥലം ഒരു കോട്ടയായിരുന്നു; ഇനി എന്നേക്കും ഇതു് ഒരു കൃഷിസ്ഥലമല്ലാതെ മറ്റൊന്നുമില്ല. പുരാതനചരിത്രാന്വേഷിക്കു ഹൂഗോമോങ്ങ് യൂഗോമോങ്ങാണു്. ഈ കൃഷിസ്ഥലം പണിചെയ്യിച്ചതു യൂഗോ ആയിരുന്നു—വില്ലിയേറിലെ സന്ന്യാസിമഠത്തിൽ ആറാമത്തെ ബോധകസ്ഥാനം ഉണ്ടാക്കിച്ച ആൾതന്നെ.
വഴിപോക്കൻ വാതിൽ ഉന്തിത്തുറന്നു. നടപ്പുരച്ചുവട്ടിലുള്ള ഒരു ‘കാലിഷ്’ വണ്ടിയെ തിരക്കി നടുമുറ്റത്തേക്കു കടന്നു. ഈ കളിമുറ്റത്തു് ഒന്നാമതായി അയാളുടെ ശ്രദ്ധ പതിഞ്ഞതു പതിനാറാംനൂറ്റാണ്ടിലെ ഒരു വാതിലിന്മേലാണു്; അതു് ഒരു സ്തംഭതോരണപംക്തിയുടെ വേഷം നടിക്കുന്നുണ്ടു്; മറ്റു സകലവും അതിനു ചുറ്റും നമസ്കരിച്ചുകിടക്കുന്നു. നശിച്ചു കിടക്കുന്നതിൽ പലപ്പോഴും, ഒരു സ്മാരകഭാവം പുറപ്പെടും. ആ സ്തംഭതോരണത്തോടടുത്തുള്ള ഒരു ചുമരിൽ നാലാമൻ ആങ്ങ് റിയുടെ കാലത്തേക്കു ചേർന്ന മറ്റൊരു കമാനവാതിലുണ്ടു്; അതു് ഒരു തോട്ടത്തിലെ മരക്കൂട്ടത്തെ ഒരുനോക്കു കാട്ടിത്തരുന്നു; ഈ വാതിലിന്റെ അടുത്തു് ഒരു വളക്കുണ്ടും, ‘പിക്കാസു’ കളും ചില കൈക്കോട്ടുകളും, ചില വണ്ടികളും, പാവുകല്ലോടും ഇരുമ്പുതിരി വട്ടത്തോടും കൂടിയ ഒരു പഴയ കിണറും, ചാടിനടക്കുന്ന ഒരു കോഴിക്കുഞ്ഞും, ചിറകു വിരുത്തിയ ഒരു ‘തുർക്കി’ക്കോഴിയും, ഒരു ചെറിയ മണിമാളികകൊണ്ടു പൊന്തിനില്ക്കുന്ന ഒരു പള്ളിയും, ആ പള്ളിയുടെ ചുമരിനോടു ചേർത്തു ഭംഗിയിൽ പടർത്തിയ ഒരു പൂക്കുന്ന ‘സബർജൽ’ മരവും— ഈ മുറ്റത്തെ നോക്കൂ, ഇതു പിടിച്ചെടുക്കുകയായിരുന്നു നെപ്പോളിയന്റെ മനോരാജ്യങ്ങളിൽ ഒന്നു്. ഭൂമിയുടെ ഈ ഒരു മൂല പിടിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ, അതു് ഒരു സമയം ലോകത്തെ മുഴുവനും അദ്ദേഹത്തിനു സമ്മാനിച്ചേനേ. അതിലെ മണ്ണു കോഴിക്കുഞ്ഞുങ്ങൾ കൊക്കുകൊണ്ടു കൊത്തിച്ചിന്നുന്നു. ഒരു മുരളിച്ച കേൾക്കാനുണ്ടു്; അതു് ഒരു കൂറ്റൻ നായയുടെയാണു്; അവൻ ഇളിച്ചുകാട്ടുന്നു; ഇംഗ്ലണ്ടുകാരുടെ സ്ഥാനം നായ എടുത്തിരിക്കയാണു്.
ഇംഗ്ലണ്ടുകാർ ഇവിടെ അഭിനന്ദനീയമാംവണ്ണം പെരുമാറി. ഇവിടെ കുക്കിന്റെ നാലു രക്ഷിസൈന്യവകുപ്പുകൾ ഒരു വമ്പിച്ച പടക്കൂട്ടത്തിന്റെ തട്ടിക്കയറലോടു് ഏഴു മണിക്കൂർ നേരം മാറുകാട്ടിനിന്നു.
ഒരു ഭൂപടത്തിന്റെ ഭാഗമായി നോക്കുമ്പോൾ, കെട്ടിടങ്ങളാലും, നടുമുറ്റങ്ങളാലും ഉണ്ടായിത്തീർന്ന ഹൂഗോമോങ്ങ്, ഒരു മുക്കു മുഴുവനും മാച്ചുകളയപ്പെട്ട ഒരുതരം ചൊവ്വില്ലാത്ത സമകോണചതുരമായി കാണപ്പെട്ടു. ഈ മതിലിനാൽ കാക്കപ്പെട്ട തെക്കേ വാതിലോടുകൂടിയ ഈ മായ്ക്കപ്പെട്ട ഭാഗമാണു് ഒരു പീരങ്കിവെടിയുടെ ദൂരത്തു കാണപ്പെടുന്നതു്. ഹൂഗോമോങ്ങിൽ രണ്ടു വാതിലുണ്ട്— കോട്ടയുടേതായ തെക്കോട്ടുള്ള വാതിലും, കൃഷിസ്ഥലത്തേക്കു വടക്കോട്ടുള്ള വാതിലും. ഹൂഗോമോങ്ങിന്റെ നേരെ നെപ്പോളിയൻ തന്റെ അനുജനായ ഴേറോമിനെ അയച്ചു.
ഫ്വാ [1], ഗിൽമിനോ [1], ബാഷല്യു [1] എന്നിവരുടെ സൈന്യവിഭാഗങ്ങൾ അതിനുമേൽ തലയിട്ടടിച്ചു; റെയി [1] യുടെ സൈന്യം ഏതാണ്ടു മുഴുവനും അതിനു നേരെ പ്രയോഗിക്കപ്പെട്ടു. നശിച്ചു; ഈ ധീരോദാത്തമായ മതിൽക്കഷ്ണത്തിന്മേൽ കെല്ലെർമാന്റെ [1] ഉണ്ടകൾ മുഴുവനും ചെലവാക്കപ്പെട്ടു. ബ്വോദ്വാങ്ങിനുള്ള [1] സൈന്യങ്ങൾ ഹൂഗോമോങ്ങിന്റെ വടക്കുഭാഗം തകർത്തു കടക്കുവാൻ മതിയായില്ല; സോയി [2] യുടെ സൈന്യത്തിനു തെക്കുപുറത്തു് ഒരു വിടവുണ്ടാക്കാൻ നോക്കുന്നതിനല്ലാതെ, അതു പിടിച്ചടക്കുവാൻ അവയെക്കൊണ്ടു കഴിഞ്ഞില്ല.
കൃഷിപ്പുരകളാണു് ആ കളിമുറ്റത്തിന്റെ തെക്കെ അതിരു്, ഫ്രാൻസുകാരാൽ തകർക്കപ്പെട്ട വടക്കേ വാതിലിന്റെ ഒരു കഷ്ണം ചുമരിന്മേൽ തൂങ്ങിക്കിടക്കുന്നു. വിലങ്ങനെയുള്ള രണ്ടു മരത്തടിയിന്മേൽ ആണിവെച്ചുറപ്പിക്കപ്പെട്ട നാലു പലകക്കഷ്ണങ്ങളാണതു്; ആക്രമണത്തിന്റെ വടുക്കൾ അവയുടെ മേൽ കാണപ്പെടുന്നുണ്ടു്.
ഫ്രാൻസുകാർ തകർത്തുകളഞ്ഞതും ചുമരിന്മേൽ തൂക്കിയിട്ട കള്ളികളുടെ സ്ഥാനത്തു് ഒരു പലക ചേർക്കപ്പെട്ടതുമായ വടക്കേ വാതിൽ കളിമുറ്റത്തിന്റെ അറ്റത്തു പകുതി തുറന്നുകിടക്കുന്നു; ചുമരിന്റെ ഒരു ഭാഗം ചതുരത്തിൽ വെട്ടി ചുവട്ടിൽ കല്ലുകൊണ്ടും മുകളിൽ ഇഷ്ടികകൊണ്ടുമായി പണിചെയ്ത ആ വാതിൽ വടക്കുപുറത്തായി കാണാം. എല്ലാ കൃഷിപ്പുരകളിലുമുള്ള മാതിരി, ചെത്തിനന്നാക്കാത്ത രണ്ടു വലിയ കീറുകളോടുകൂടിയ ഒരു വെറും വണ്ടിവാതിലാണതു്; പുല്പറമ്പുകൾ അതിനപ്പുറത്താണു്. ഈ പ്രവേശദ്വാരത്തുവെച്ചുണ്ടായ യുദ്ധം ഭയങ്കരമായിരുന്നു. വാതില്ക്കട്ടിളകളിന്മേൽ ചോരക്കൈകളുടെ എല്ലാവിധ പാടുകളും വളരെക്കാലം മായാതെ കിടന്നു. ബോദ്വോങ്ങ് കൊല്ലപ്പെട്ടതു് ഇവിടെവച്ചാണു്.
യുദ്ധത്തിന്റെ ലഹള ഇപ്പോഴും ആ മുറ്റത്തു ചുറ്റിപ്പറ്റി നില്ക്കുന്നു. അതിന്റെ ഭയങ്കരത്വം അവിടെ കാണാനുണ്ടു്; പോരാട്ടത്തിലുള്ള പരിഭ്രമം അവിടെ കല്ലച്ചിരിക്കുന്നു; അതവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇന്നലെയാണു് ഇതു് കഴിഞ്ഞതെന്നു തോന്നും. ചുമരുകൾ മരണവേദനയിലാണു്, കല്ലുകൾ പുഴങ്ങി വീഴുന്നു. വിടവുകൾ ഉറക്കെ നിലവിളിക്കുന്നു, ദ്വാരങ്ങൾ മുറിവുകളാണു്, കുനിയുകയും വിറയ്ക്കുകയും ചെയ്യുന്ന മരങ്ങൾ ഓടിക്കളയാൻ നോക്കുകയാണോ എന്നു തോന്നും.
ഈ മുറ്റത്തിനു് ഇതിലുമധികം വിസ്താരം 1815-ൽ ഉണ്ടായിരുന്നു. അന്നു തകർക്കപ്പെട്ടുപോയ കെട്ടിടങ്ങൾ പല ആകൃതിവിശേഷങ്ങളേയും ഇതിനു നൽകിയിരുന്നു.
ഇംഗ്ലണ്ടുകാർ ഇവിടെയാണു് തങ്ങളെക്കൊണ്ടു കോട്ട കെട്ടിയതു്; ഫ്രാൻസുകാർ അകത്തു കടന്നു എങ്കിലും അവർക്കു നിലയുറച്ചില്ല. ചെറുപള്ളിക്കു പുറമെ, കോട്ടയുടെ ഒരുഭാഗംകൂടി— ഹൂഗോമോങ്ങിലെ പ്രഭുമന്ദിരത്തിൽ അങ്ങനെ ഒന്നു മാത്രമേ ബാക്കിയുള്ളൂ— ചുക്കിച്ചുളിഞ്ഞു നില്ക്കുന്നുണ്ടു്; കുടരെല്ലാം പോയി നില്ക്കുന്നു എന്നു പറയാം. കോട്ട ഒരു തുറുങ്കായും ചെറുപള്ളി തടിമരംകൊണ്ടുള്ള ഒരു കോട്ടയായും ഉപയോഗിക്കപ്പെട്ടിരുന്നു. ഇവിടെവച്ച് ആളുകൾ അന്യോന്യം കൊത്തി നുറുക്കി. എല്ലാ ഭാഗത്തുനിന്നും—ചുമരുകളുടെ പിന്നിൽനിന്നും, മാളികമുറികളുടെ മുകളിൽനിന്നും, എല്ലാ കിളിവാതിലുകളുടെയും ഉള്ളിൽനിന്നും, നിലവറകളുടെ ആഴത്തിൽനിന്നും, എല്ലാ കാറ്റിൻപഴുതുകളിൽനിന്നും, കല്ലുകളിലുള്ള ഓരോ ചെറുദ്വാരത്തിൽനിന്നും—വെടിവെക്കപ്പെട്ടു. ഫ്രാൻസുകാർ ഉണക്കച്ചുള്ളികൾ കൊണ്ടുവന്നു കൂട്ടി ചുമരുകൾക്കും മനുഷ്യർക്കും തീക്കൊടുത്തു; വെടിയുണ്ടകളോടുണ്ടായ മറുപടി തിയ്യിടലാണു്.
ഇടിഞ്ഞു തകർന്നുനില്ക്കുന്ന ഭാഗത്തു് ഇരുമ്പഴികളാൽ അലങ്കരിക്കപ്പെട്ട ജനാലകളിലൂടെ, മോടികളെല്ലാം നശിപ്പിച്ചുകളഞ്ഞ മണിയറകൾ നഗ്നങ്ങളായി കാണപ്പെട്ടിരുന്നു; ആ അറകളിലാണു് ഇംഗ്ലീഷ് രക്ഷിഭടന്മാർ പതിയിരുന്നതു്; നിലത്തുനിന്നു് തുടങ്ങി മേൽപ്പുരവരെ ഒരുപോലെ പൊളിഞ്ഞുകിടക്കുന്ന പിരിക്കോണി ഒരു പൊട്ടിപ്പിളർന്ന പീരങ്കിയുണ്ടയുടെ ഉള്ളുപോലെ തോന്നി. കോണിക്കു രണ്ടു നിലയുണ്ടു്; കോണിയിൽവെച്ചെതിർക്കപ്പെട്ടു മുകൾനിലയിൽ കൂട്ടംകൂടിയിരുന്ന ഇംഗ്ലണ്ടുകാർ താഴത്തെ കല്പടകളൊക്കെ ഉടച്ചുകളഞ്ഞു. അവ നീലനിറത്തിലുള്ള വലിയ കല്പലകകളായിരുന്നു; അവ ഇപ്പോൾ തൂവച്ചെടികളുടെ ഇയടിൽ കുന്നുകൂടി കിടക്കുകയാണു്. അഞ്ചുപത്തെണ്ണം ഇപ്പോൾ ചുമരിന്മേൽ പറ്റിപ്പിടിച്ചു നില്ക്കുന്നുണ്ടു്. ഒന്നാമത്തേതിൽ ഒരു ശൂലത്തിന്റെ രൂപം കൊത്തിയിരിക്കുന്നു. കയറാൻ വയ്യാത്ത ഈ കല്പടകൾ ഭിത്തിപ്പഴുതുകളിൽ കട്ടപിടിച്ചുനില്ക്കുന്നു. ബാക്കിയെല്ലാം പല്ലു പൊയ്പോയ ഒരു താടിയെല്ലുപോലെയിരുന്നു. അവിടെ രണ്ടു കിഴവൻ മരങ്ങളുണ്ടു്; ഒന്നു് ചത്തിരിക്കുന്നു; മറ്റേതിനു അടിയിൽ ഒരു മുറിവു് പറ്റിയിട്ടുണ്ടു്; ഏപ്രിൽമാസത്തിലെ ഇലപ്പടർപ്പുകൊണ്ടു അതുടുപ്പിട്ടിരുന്നു. 1815-നു ശേഷം അതു കോണിപ്പടികളിലൂടെ പിടിച്ചുവളരാൻ തുടങ്ങിയിട്ടുണ്ടു്.
ചെറുപള്ളിയിൽ ഒരു കൂട്ടക്കൊല നടന്നു. പണ്ടത്തെ ശാന്തത വീണ്ടുകിട്ടിയ അതിന്റെ അകം അപൂർവമട്ടിലാണു്. ആ പെരുംകൊലയ്ക്കു ശേഷം അവിടെ ഈശ്വരപ്രാർഥന നടന്നിട്ടില്ല. എങ്കിലും മിനുസം വരുത്താത്ത മരംകൊണ്ടുള്ള ‘തിരുവത്താഴമേശ’യുണ്ടു് അവിടെ പരുക്കൻ കല്ലുകളുടെ മുൻപിൽ കിടക്കുന്നു; വെള്ളതേച്ച നാലു വാതിലുകൾ, തിരുവത്താഴമേശയ്ക്കെതിരായി ഒരു വാതിൽ, കമാനാകൃതിയിലുള്ള രണ്ടു ചെറുജനാലകൾ; വാതിലിനു മീതെ ഒരു വലിയ മരക്കുരിശ്, കുരിശിനു ചുവട്ടിൽ ഒരു കെട്ടു് വൈക്കോൽകൊണ്ടടച്ചിട്ടുള്ള ഒരു പഴുതു്; നിലത്തു് ഒരു മൂലയിൽ ചില്ലൊക്കെ പൊടിഞ്ഞുതകർന്ന ഒരു പഴയ ജനാലച്ചട്ടം— ഇങ്ങനെയാണു് ആ ചെറുപള്ളി. തിരുവത്താഴമേശയ്ക്കടുത്തായി പതിനഞ്ചാം നൂറ്റാണ്ടിലെ സെയിന്റു് ആന്റെ ഒരു മരപ്രതിമ ആണിവെച്ചുറപ്പിച്ചിട്ടുണ്ടു്; പിഞ്ചുകുട്ടിയായ യേശുവിന്റെ തല ഒരു പീരങ്കിയുണ്ട കൊണ്ടുപോയി. ഒരു നിമിഷനേരത്തേക്കു ചെറുപള്ളിയുടെ ഉടമസ്ഥത കിട്ടിയവരുംഉടനെ ആട്ടിയയയ്ക്കപ്പെട്ടവരുമായ ഫ്രാൻസുകാർ അതിനു തീക്കൊളുത്തി. ആ കെട്ടിടം മുഴുവനും അഗ്നിജ്വാല നിറഞ്ഞു; അതു തികച്ചും ഒരു ചൂളക്കുഴിയായി; വാതിൽ കത്തി; നിലം കത്തി; മരം കൊണ്ടുള്ള ക്രിസ്തു കത്തിയില്ല. ആ പ്രതിമയുടെ കാലിന്മേൽ തിയ്യു ചെന്നു പിടികൂടി; ആ കാലിന്റെ കറുത്ത കഷ്ണങ്ങൾ മാത്രമേ ഇപ്പോൾ കാണാനുള്ളു; ഉടനെ കത്തിക്കയറൽ നിന്നു—അയൽപക്കക്കാരുടെ സിദ്ധാന്തപ്രകാരം, ഒരത്യത്ഭുതം. തല കൊയ്തുപോയ യേശുക്കുട്ടിക്കു ക്രിസ്തുവിനോളംതന്നെ ഭാഗ്യമുണ്ടായില്ല.
ചുമരുകളെല്ലാം ഓരോ എഴുത്തുകളെക്കൊണ്ടു മൂടിയിരിക്കുന്നു. ക്രിസ്തുവിന്റെ കാല്ക്കൽ എഴുതിക്കാണുന്നു; നോക്കുക പിന്നെ ഇങ്ങനെ: പാപികൾക്കു മാപ്പു കിട്ടും. ആശ്ചര്യക്കുറിപ്പുകളോടുകൂടിയ ഫ്രഞ്ച് പേരുകളുണ്ട്— ദേഷ്യത്തിന്റെ ഒരടയാളം. ചുമരുകളെല്ലാം 1849-ൽ പുതുതായി വെള്ള തേച്ചു. രണ്ടു രാജ്യക്കാർ ഇവിടെ വെച്ച് അന്യോന്യം അവമാനിച്ചു.
ഈ ചെറുപള്ളിയുടെ വാതിൽക്കൽവെച്ചാണു് കൈയിൽ മഴുവോടുകൂടിയ ഒരു ശവം തപ്പിയെടുക്കപ്പെട്ടതു്; ആ ശവം ഉപസൈന്യനായകനായ ലെഗ്രോവിന്റേയായിരുന്നു. ചെറുപള്ളിയിൽനിന്നു് കടന്നാൽ ഇടതുഭാഗത്തായി ഒരു കിണർ കാണാം. ഈ നടുമുറ്റത്തു രണ്ടു കിണറുണ്ടു്. ആളുകൾ ചോദിച്ചേക്കും, വെള്ളം കോരുന്ന പാത്രവും കയറും എന്തുകൊണ്ടില്ല? ഇവിടെ ആരും വെള്ളം കോരാറില്ല. എന്തുകൊണ്ടു് വെള്ളം കോരുന്നില്ല? കിണറു നിറച്ചും അസ്ഥികൂടങ്ങളാണു്.
ആ കിണറ്റിൽനിന്നു് ഒടുവിൽ വെള്ളം കോരിയിട്ടുള്ളാളുടെ പേർ ഗിയോം വാൻ കിൽസോം എന്നായിരുന്നു. അയാൾ ഹൂഗോമോങ്ങിൽ താമസിച്ചിരുന്ന ഒരു കൃഷിക്കാരനാണു്; അയാൾ ഇവിടെ ഒരു തോട്ടക്കാരനായിരുന്നു. 1815-ജൂൺ 18-ആം തീയതി അയാളുടെ കുടുംബം ഓടിപ്പോയി കാട്ടിൽ ചെന്നൊളിച്ചു.
വില്ലിയേറിലെ പള്ളിക്കു ചുറ്റുമുള്ള കാട്ടുപ്രദേശം അവിടവിടെ ചിന്നിപ്പോയ ഈ നിർഭാഗ്യന്മാരെ വളരെ ദിവസത്തേക്കു കാത്തുരക്ഷിച്ചു; കത്തിച്ച മരങ്ങളുടെ പഴയ കുറ്റികൾ തുടങ്ങി ചില അടയാളങ്ങൾ ഇന്നും കാണുന്നുണ്ടു്; അതുകൾ കുറ്റിക്കാടുകളുടെ ഒത്ത നടുവിൽച്ചെന്നു് വിറച്ചുകൂടിയ ഈ പാവങ്ങളുടെ വെളിമ്പാളയങ്ങൾ എവിടെയായിരുന്നു എന്നു് കാണിക്കുന്നു.
ഗിയോം വാൻ കിൽസോം ‘കോട്ട കാക്കുന്നതിനുവേണ്ടി’ ഹുഗോമോങ്ങിൽത്തന്നെ കൂടി; അയാൾ കുണ്ടറയിൽച്ചെന്നൊളിച്ചു. ഇംഗ്ലണ്ടുകാർ അയാളെ അവിടെ വെച്ചു കണ്ടു. അവർ അയാളെ ആ ഒളിസ്ഥലത്തുനിന്നു വലിച്ചെടുത്തു; ആ പേടിച്ചരണ്ട മനുഷ്യനെക്കൊണ്ടു് ശത്രുക്കൾ വാളു പരത്തിയടിച്ച് നിർബന്ധിച്ചു പണിയെടുപ്പിച്ചു. അവർക്കു ദാഹിച്ചിരുന്നു; ഈ ഗിയോം അവർക്കു വെള്ളം കൊണ്ടുക്കൊടുത്തു. ഈ കിണറ്റിൽനിന്നാണു് അയാൾ വെള്ളം കോരിയിരുന്നതു്. പലരും തങ്ങൾ ചാവുമ്പോഴത്തെ വെള്ളം അതിൽനിന്നു കുടിച്ചു. മരിച്ചുപോയ അത്രയധികം പേർ വെള്ളം കുടിച്ചതായ ആ കിണർ സ്വയമേവ ചാവണമെന്നായിരുന്നു ഈശ്വരവിധി.
യുദ്ധം കഴിഞ്ഞപ്പോൾ ശവങ്ങളെല്ലാം എടുത്തു കുഴിച്ചുമൂടുവാൻ അവർക്കു ബദ്ധപ്പാടായി, മരണത്തിനു വിജയത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു മട്ടുണ്ടു്; ബഹുമതിയുടെ പിന്നാലെ അതു പകർച്ചവ്യാധിയെ പറഞ്ഞയയ്ക്കുന്നു. ജയത്തിന്റെ ഒരു ചങ്ങാതിയാണു് വിഷജ്വരം. ഈ കിണറു് നല്ല ആഴമുള്ളതായിരുന്നു; അതിനെക്കൊണ്ടു് ഒരു ശവക്കുഴിയുണ്ടാക്കി. മുന്നൂറു ശവം അതിൽ കൊണ്ടിട്ടു. ഒരു സമയം വല്ലാത്ത ബദ്ധപ്പാടിൽ. അവരൊക്കെ ചത്തിരുന്നുവോ? ഐതിഹ്യം പറയുന്നതു് ഇല്ലെന്നാണു്; ശവസംസ്കാരം കഴിഞ്ഞ അന്നു രാത്രികിണറ്റിൽനിന്നു ചില ക്ഷീണസ്വരങ്ങൾ വിളിച്ചിരുന്നതു കേട്ടുവത്രേ.
ഈ കിണറ് മുറ്റത്തിന്റെ നടുക്ക് ഒറ്റപ്പെട്ടു നില്ക്കുന്നു. പകുതി കല്ലും പകുതി ഇഷ്ടികയുമായി, ഒരു ചെറിയ ചതുരമാളികയുടെ നാട്യം നടിച്ചുകൊണ്ടും ഒരു മറശ്ശീലയുടെ രണ്ടു കീറുകൾപോലെ മടക്കുകളിട്ടുകൊണ്ടുമുള്ള മൂന്നു ചുമരുകൾ അതിനെ എല്ലാ ഭാഗത്തും വളഞ്ഞിരിക്കുന്നു. നാലാമത്തെ വശം തുറന്നിട്ടതാണു്. വെള്ളം കോരിയിരുന്നതു് അവിടെനിന്നാണു്. ചുമരിന്നു് അടിയിലായി ആകൃതിയില്ലാത്ത ഒരു ദ്വാരമുണ്ടു്. ഒരു സമയം വെടിയുണ്ട തട്ടിയുണ്ടായതായിരിക്കാം അതു്. ഈ ചെറുമാളികയ്ക്കു മുൻപിൽ ഒരു മണ്ഡപമുണ്ടു്; അതിന്റെ തുലാം മാത്രമേ ബാക്കിയായി നില്പുള്ളൂ. കിണറിന്റെ വലതുവശത്തുള്ള ഇരിമ്പുതാങ്ങുകൾകൊന്റു് ഒരു കുരിശുണ്ടായിരിക്കുന്നു. അതിലേക്കു കുനിഞ്ഞുനോക്കുമ്പോൾ, നോട്ടം, കുന്നുകൂടിയ നിഴലുകളാൽ നിറയപ്പെട്ട ഒരഗാധമായ ഇഷ്ടികക്കുഴലിലേക്ക് ആണ്ടുപോകുന്നു. കിണറ്റിനു ചുറ്റുമുള്ള ചുമരിന്റെ അടി മുഴുവനും തൂവച്ചെടികളുടെ തഴപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നു.
ബെൽജിയത്തിലെ എല്ലാ കിണറുകൾക്കും ഒരു മൂഖച്ചട്ടയായിക്കാണാറുള്ള ആ വലിയ നില്ക്കല്പലക ഈ കിണറ്റിനു മുൻപിലില്ല. ആ സ്ഥാനത്തു് ഒരു തുലാത്തണ്ടാണു് ഇതിന്നുള്ളതു്; അതിന്മേൽ വമ്പിച്ച എല്ലുകളെന്നു തോന്നുന്ന അഞ്ചോ ആറോ എണ്ണം ആകൃതിയില്ലാത്ത മുരട്ടുകഷ്ണങ്ങൾ ചാരിനില്ക്കുന്നുണ്ടു്.
തൊട്ടിയോ ചങ്ങലയോ ‘കപ്പി’യോ യാതൊന്നും അവിടെയില്ല; വെള്ളം കോരി നിറയ്ക്കുന്ന കല്ലുകൊട്ടത്തളം മാത്രം അപ്പോഴുമുണ്ടു്. മഴവെള്ളം അതിൽ കെട്ടി നില്ക്കുന്നു; ചിലപ്പോഴൊക്കെ അടുത്തുള്ള കാട്ടിൽനിന്നു് ഒരു പക്ഷി അവിടെ വന്നു് വെള്ളം കുടിച്ചു തിരികെ പറന്നുപോകും. ഈ നശിച്ചുപോയ കെട്ടിടത്തിന്റെ ഒരു ഭാഗത്തു് ഇപ്പോഴും ആൾപ്പാർപ്പുണ്ടു്. ആ വീട്ടിന്റെ വാതിൽ നടുമുറ്റത്തേക്കാണു്. ഈ വാതിലിന്മേൽ ഒരു ചന്തമുള്ള അപരിഷ്കൃതപ്പൂട്ടുപലകയുള്ളതിനോടടുത്തു ചെരിഞ്ഞ മൂന്നു ലോഹപ്പൊടുപ്പോടുകൂടിയ ഒരിരിമ്പോടാമ്പലുണ്ടു്. വിൽഡ എന്ന ഹാനോവേറിയൻ സേനാപതി ആ കൃഷിപ്പുരയ്ക്കടുത്തു കടന്നു രക്ഷപ്രാപിക്കുവാൻവേണ്ടി ആ ഓടാമ്പൽ കടന്നുപിടിച്ച ഉടനെ ഒരു ഫ്രഞ്ച് തുരങ്കപ്പടയാളി ഒരു മഴുകൊണ്ടു് അയാളുടെ കൈ ചെത്തിക്കളഞ്ഞു.
ഇപ്പോൾ ആ വീട്ടിൽ താമസിച്ചുവന്ന കുടുംബക്കാരുടെ മുത്തച്ഛനാണു് ആ വളരെ മുൻപു മരിച്ചുപോയ പഴയ തോട്ടക്കാരൻ ഗിയോംവാൻ കിൽസോം. തല നരച്ച ഒരു സ്ത്രീ ഇതെഴുന്നാളോടു് പറഞ്ഞു: ‘ഞാൻ ഇവിടെ ഉണ്ടായിരുന്നു. എനിക്കന്നു മൂന്നു വയസ്സാണു്. എന്റെ ജേഷ്ഠത്തി പേടിച്ചു പൊട്ടിക്കരഞ്ഞു. ആളുകൾ ഞങ്ങളെ കാട്ടിലേക്കെടുത്തുകൊണ്ടുപോയി. എന്നെ എന്റെ അമ്മയാണു് എടുത്തിരുന്നതു്. കേൾക്കുവാൻവേണ്ടി ഞങ്ങൾ ചെകിടു നിലത്തൊട്ടിച്ചുവെച്ചു. പീരങ്കിയുടെ ഒച്ച ഞാൻ പുറപ്പെടുവിച്ചിരുന്നു; ‘ബും!ബൂം!’ എന്നു ഞാൻ ഉറക്കെ ശ്ശബ്ദിക്കും.’
ഇടതുഭാഗത്തു മുറ്റത്തുനിന്നു കടപ്പാനുള്ള വാതിൽ തോട്ടത്തിലേക്കാണെന്നാണു് പറഞ്ഞുകേട്ടതു്. തോട്ടം ഭയങ്കരമാണു്.
അതു മൂന്നു ഭാഗമായിട്ടാണു്; മൂന്നങ്കമായിട്ടെന്നു് ഏതാണ്ടു് പറയാം. ഒന്നാമത്തേതു് ഒരു പൂങ്കാവു്, രണ്ടാമത്തേതു് ഒരു മരത്തോപ്പു്, മൂന്നാമത്തേതു് ഒരു കാടു്. ഈ മൂന്നിനുംകൂടി ഒരു വേലിയാണുള്ളതു്. കടന്നുചെല്ലുന്നേടത്തു കോട്ടയും കൃഷിപ്പുരയും; ഇടതുഭാഗത്തു് ഒരു വേലി, വലത്തുപുറത്തു് ഒരു മതിൽ, അറ്റത്തും ഒരു മതിൽ. വലത്തുപുറത്തുള്ള മതിൽ ഇഷ്ടികകൊണ്ടാണു്; അറ്റത്തുള്ളതു കല്ലുകൊണ്ടും. ആദ്യമായി ചെല്ലുന്നതു പൂന്തോപ്പിലേക്കാണു്. അതു കീഴ്പോട്ടു ചാഞ്ഞു നില്ക്കുന്നു; അരിനെല്ലിച്ചെടികൾ അതിൽ വെച്ചുപിടിപ്പിച്ചുണ്ടു്; ഒരുകൂട്ടം പാഴ്ചെടികൊണ്ടു് അതു നിറഞ്ഞ് ശ്വാസംമുട്ടുന്നു; ഇരട്ടവളവുള്ള കൽത്തൂൺവേലിയോടുകൂടി വെട്ടുകല്ലുകൊണ്ടുണ്ടാക്കിയ ഒരു മതിൽമേടകൊണ്ടു് അതവസാനിക്കുന്നു.
അതു് ആദ്യത്തെ ഫ്രഞ്ചുപരിഷ്കാരത്തിനു ചേർന്ന ഒരു പ്രഭുമന്ദിരോദ്യാനമായിരുന്നു; ഇപ്പോൾ അതു് മുൾച്ചെടികളും ഇഷ്ടികക്കൂട്ടങ്ങളുമാണു്. ചതുരത്തൂണുകൾക്കു മുകളിൽ പീരങ്കിയുണ്ടകളെപ്പോലുള്ള ശിലാഗോളങ്ങളുണ്ടു്. ആ ഗോളങ്ങളുടെ കൊഴായകളിൽ നാല്പത്തിമൂന്നു ഗുളികക്കാലുകൾ ഇന്നും എണ്ണാം. ബാക്കിയുള്ളവ പുല്പൊന്തയിൽ നമസ്കരിച്ചുകിടക്കുന്നു. ഏകദേശം എല്ലാറ്റിനുമുണ്ടു് വെടിയുണ്ടകൾകൊണ്ടുള്ള പോറലുകൾ. ഒരു മുറിഞ്ഞ ഗുളികക്കാൽ ഒരു മനുഷ്യന്റെ തകർന്ന കാലുപോലെ വാതില്ക്കമാനത്തിന്മേൽ എടുത്തുവെച്ചിരിക്കുന്നു.
ഈ പൂന്തോപ്പിൽ, തോട്ടത്തിന്റെയും അപ്പുറത്തുവെച്ചാണു്, അവിടെ വന്നു പെട്ടു പുറത്തേക്കുപോയി രക്ഷപ്പെടാൻ കഴിവില്ലാതായ ആറു കാലാളുകൾ, പൊത്തുകളിൽവെച്ചു കരടികളെപ്പോലെ നായാടിപ്പിടിക്കപ്പെട്ടു്, ഒന്നിന്റെ കൈയിൽ ചെറുതോക്കുകളുള്ള രണ്ടു ജർമൻഭടസംഘത്തോടു യുദ്ധം വെട്ടാൻ സന്നദ്ധരായതു്.
ജർമൻഭടന്മാർ, ഈ കൽത്തൂൺവേലിക്കു അകശ്ശീലവെച്ചപോലെ നിരന്നു, മുകളിലൂടെ വെടിവെച്ചു. അടുത്തുള്ള കുറ്റിക്കാടുകളല്ലാതെ മറ്റു രക്ഷാസ്ഥാനമില്ലാത്തവരായ ആ പദാതിധീരന്മാർ— ഇരുനൂറാളുകൾക്കു പകരം ആറുപേർ—അങ്ങൊട്ടും വെടിവെച്ചുകൊണ്ടുനിന്നു മരിക്കുന്നതിനു കാൽമണിക്കൂർ നേരമെടുത്തു.
ചില കല്പടകൾ കയറിയാൽ പൂന്തോപ്പിൽനിന്നു മരത്തോട്ടിൽ ചെല്ലുന്നു. അവിടെ, ആ ഇത്തിരി വട്ടത്തിൽവെച്ച് ഒരു മണിക്കൂറിനുള്ളിൽ ആയിരത്തഞ്ഞൂറുപേർ പരലോകം പ്രാപിച്ചു. മതിലുകൾ വീണ്ടും യുദ്ധത്തിനു തയ്യാറാണെന്നു തോന്നും. ഓരോരോ ഉയരത്തിലായി ഇംഗ്ലണ്ടുകാർ തുളച്ചുവിട്ട മുപ്പത്തെട്ടു ദ്വാരങ്ങൾ ഇപ്പോഴുമുണ്ടു്. ആറാമത്തതിനു മുൻപിൽ കരിങ്കല്ലുകൊണ്ടുള്ള രണ്ടു് ഇംഗ്ലീഷ് ശവകുടീരങ്ങൾ കാണപ്പെടുന്നു. തെക്കേ മതിലിന്മേൽ മാത്രമേ പഴുതുകളുള്ളൂ; ആ ഭാഗത്തുനിന്നാണു് പ്രധാനാക്രമണമുണ്ടായതു്. ഒരുയർന്ന വേലിയാൽ ആ മതിൽ പുറത്തു നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു; ഒരു വേലി മാത്രമേ കവച്ചുവെക്കേണ്ടതുള്ളു എന്നു കരുതി ഫ്രാൻസുകാർ തള്ളിക്കയറി. അതു കടന്നു; അപ്പോളാണു് ഇംഗ്ലീഷ് ഭടന്മാർ പിന്നിൽ കാത്തുനില്ക്കുന്ന ആ മതിൽ, ഒരു തടസ്സവും ഒരു പതിയിരിപ്പുസ്ഥലവുമായി മുൻപിൽ പ്രത്യക്ഷീഭവിച്ചതു്. ഉടനെ ആ മുപ്പത്തെട്ടു ദ്വാരങ്ങളും ഒപ്പം ഉണ്ടകളേയും തിരകളേയും വർഷിച്ചു. സോയിയുടെ പടക്കൂട്ടം അതിനു മുൻപിൽ പൊടിഞ്ഞു. അങ്ങനെ വാട്ടർലൂയുദ്ധം തുടങ്ങിവെച്ചു.
ഏതായാലും മരത്തോട്ടം പിടിച്ചടക്കി. കോണിയില്ലാതിരുന്നതുകൊണ്ടു ഫ്രാൻസുകാർ നഖംകൊണ്ടു പിടിച്ചുകയറി. മരങ്ങൾക്കിടയിൽവെച്ച് അവർ ദ്വന്ദ്വയുദ്ധം ചെയ്തു. ഈ പുല്ലുകളെല്ലാം ചോരപ്രളയത്തിൽ മുങ്ങി. നാസ്സോവിന്റെ എഴുനൂരു പേരുള്ള ഒരു സൈന്യം ഇവിടെവച്ചു നശിപ്പിച്ചു. കെല്ലർമാന്റെ രണ്ടു സൈന്യക്കൂട്ടങ്ങൾ നിരനിന്നിരുന്ന മതിലിന്റെ പുറംഭാഗത്തെ വെടിയുണ്ടകൾ കരണ്ടിരിക്കുന്നു.
മറ്റുള്ളവയെപ്പോലെ, ഈ മരത്തോട്ടവും മേയ്മാസത്തിൽ സചേതനമായിട്ടുണ്ടു്. ചന്തമുള്ള പുഷ്പങ്ങൾ ഇവിടെയും വിരിഞ്ഞുനില്ക്കുന്നു; പുല്ലുകൾ ഉയരം വെച്ചിരിക്കുന്നു; വണ്ടിക്കുതിരകൾ മേഞ്ഞുനടക്കുന്നു; വസ്ത്രങ്ങൾ തോരാനിട്ടിട്ടുള്ള കെട്ടുവള്ളികൾ, മരങ്ങൾക്കിടയിലുള്ള സ്ഥലം കീഴടക്കി വഴിപോക്കരെ തലതാഴ്ത്തുവാൻ നിർബന്ധിക്കുന്നു; ഈ ഉഴവു ചെല്ലാത്ത സ്ഥലത്തു് ആളുകൾ നടന്നുപോകുന്നു; അവരുടെ കാലുകൾ മൺപുറ്റുകളിൽ ആഴുന്നു. പുൽക്കൂട്ടത്തിൽ നടുക്ക് ഒരു മരത്തിന്റെ കുറ്റി മുഴുവനും പൊടിച്ചു പച്ചപ്പു നില്ക്കുന്നുണ്ടു്. ഈ മരത്തിന്മേൽ ചാരിക്കിടന്നിട്ടാണു് മേജർ ബ്ലാക്ക്മാൻ മരിച്ചതു്. ഇതിനടുത്തുള്ള ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടിൽവെച്ചു ജർമൻ സൈന്യാധിപനായ ഡ്യൂപ്ലാറു് കൊല്ലപ്പെട്ടു— നാന്റെ രാജശാസനം [3] ദുർബലമാക്കപ്പെട്ടതോടുകൂടി ഓടിപ്പോയ ഒരു ഫ്രഞ്ച് കുടുംബത്തിൽനിന്നത്രേ ഇദ്ദേഹത്തിന്റെ ജനനം. പ്രായംതട്ടി കുന്നു തുടങ്ങിയ ഒരാപ്പിൾമരം ഒരു ഭാഗത്തേക്ക് ചാഞ്ഞുകിടക്കുന്നു; വയ്ക്കോലും കളിമണ്ണും കൂട്ടി അതിന്റെ മുറിവു വെച്ചുകെട്ടിയിട്ടുണ്ടു്. ഏതാണ്ടു് എല്ലാ ആപ്പിൾമരങ്ങളും പ്രായംകൊണ്ടു കുനിഞ്ഞുതുടങ്ങിയിരിക്കുന്നു. വെടിയുണ്ട, ഒരു വിധത്തിലുള്ളതല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ളത്. കണ്ടിട്ടില്ലാത്ത ഒരു വൃക്ഷവും ആ കൂട്ടത്തിലില്ല. ചത്തുപോയ മരങ്ങളുടെ അസ്ഥികൂടങ്ങൾ ആ മരത്തോട്ടത്തിൽ എങ്ങുമുണ്ടു്. കാക്കകൾ അവയുടെ കൊമ്പുകൾക്കിടയിലൂടെ പറക്കുന്നു; അറ്റത്തായി ജാതിമല്ലികളാൽ നിറയപ്പെട്ട ഒരു കാടുമുണ്ടു്.
ബ്വോദ്വോങ്ങിനെ വധിക്കൽ, ഫ്വാവെ മുറിപ്പെടുത്തൽ, തീവെക്കൽ, കൂട്ടക്കൊല, പെരുംകൊലെ, ഇംഗ്ലീഷ്രക്തം ഫ്രഞ്ചുരക്തം ജർമൻരക്തം എല്ലാം തള്ളിച്ചേർന്നു മറിഞ്ഞൊഴുകിയ ഒരു ചെറുനദി, ശവങ്ങൾകൊണ്ടു് തിങ്ങിനിറഞ്ഞ ഒരു കിണർ, നാസ്സോവിന്റേയും ബ്രൺസു് വിക്കിന്റേയും സൈന്യങ്ങളുടെ നാശം, ഡ്യൂപ്ലാറ്റിനെ വധിക്കൽ; ബ്ലാക്ക്മാനെ വധിക്കൽ, ഇംഗ്ലീഷ് രക്ഷിഭടന്മാരെ കൊത്തിനുറുക്കൽ, റെയിയുടെ നാല്പതൂ സൈന്യവകുപ്പുകൾക്കു പുറമേ ഇരുപതു ഫ്രഞ്ച് സൈന്യങ്ങൾ സംഹരിക്കപ്പെടൽ, ഹൂഗോമോങ്ങിലെ ചെറ്റപ്പുരയ്ക്കുള്ളിൽവെച്ചുതന്നെ മുവ്വായിരംപേരെ അരിഞ്ഞുതള്ളൽ, തുണ്ടുതുണ്ടായി ചെത്തിയിടൽ, വെടിവെക്കൽ, കഴുത്തറത്തുകളഞ്ഞു തീക്കൊളുത്തൽ—ഇതൊക്കെ എന്തിനു്? ഇന്നു് ഒരു കൃഷിക്കാരന്നു വഴിപോക്കനോടു് ഇങ്ങനെ പറയാൻവേണ്ടി: ഇതാ, എനിക്ക് മൂന്നു ഫ്രാങ്ക് തരൂ; നിങ്ങൾക്കു വേണമെങ്കിൽ ഞാൻ വാട്ടർലൂ യുദ്ധത്തിന്റെ കഥ മുഴുവനും പറഞ്ഞുതരാം.
[1] പ്രസിദ്ധന്മാരായ ഫ്രഞ്ചു സേനാപതികൾ.
[2] പ്രസിദ്ധനായ ഒരു ഫ്രഞ്ച് സേനാപതി.
[3] ഫ്രാൻസിലെ രാജാവായിരുന്ന ആങ്റി നാലാമാൻ പുതുകൂറ്റുകാർക്ക് മതസംബന്ധിയായ അഭിപ്രായത്തിൽ വേണ്ട സ്വാതന്ത്ര്യം കൊടുത്തുകൊണ്ടു് പുറപ്പെടുവിച്ച ഒരു രാജശാസനമാണിതു്; പതിന്നാലാമൻ ലൂയി ഇതിനെ എടുത്തുകളഞ്ഞു.