SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.7
നെ​പ്പോ​ളി​യ​ന്നു ബഹു​ര​സം

രോ​ഗ​ത്തി​ലും, അര​ക്കെ​ട്ടി​ന്റെ അടു​ത്തു വേ​ദ​ന​യു​ള്ള​തു​കൊ​ണ്ടു കു​തി​ര​പ്പു​റ​ത്തു​ള്ള ഇരി​പ്പു ശരി​യാ​വാ​ത്ത മട്ടി​ലു​മി​രു​നു എങ്കി​ലും, അന്ന​ത്തെ​പ്പോ​ലെ ബഹു​ര​സ​ത്തിൽ ചക്ര​വർ​ത്തി കാ​ണ​പ്പെ​ട്ടി​ട്ടി​ല്ല. രാ​വി​ലെ മു​ത​ല്ക്ക് അദ്ദേ​ഹ​ത്തി​ന്റെ സ്തോ​ഭ​ര​ഹി​ത​ത്വം പു​ഞ്ചി​രി​യി​ട്ടു​കൊ​ണ്ടി​രു​ന്നു. വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടു​ള്ള മൂ​ടു​പ​ട​മി​ട്ട ആ അഗാ​ധാ​ത്മാ​വു ജൂൺ 18-ാം തി​യ്യ​തി നി​ല​വി​ട്ടു വി​ല​സു​ക​യാ​യി. ഓസു് തെർ​ലി​ത്സു് യു​ദ്ധ​ത്തിൽ പ്ര​സാ​ദ​മേ​റ്റി​രു​ന്ന മനു​ഷ്യൻ വാ​ട്ടർ​ലൂ​വിൽ ആഹ്ലാ​ദി​ച്ചു. നി​യ​തി​യു​ടെ കണ്ണി​ലു​ണ്ണി​കൾ അബ​ദ്ധം കാ​ണി​ക്കു​ന്നു. നമ്മു​ടെ സന്തോ​ഷ​മെ​ല്ലാം നി​ഴ​ലു​കൊ​ണ്ടു​ള്ള​താ​ണു്. മഹ​ത്തായ മന്ദ​സ്മി​തം ഈശ്വ​ര​ന്നു മാ​ത്ര​മേ ഉള്ളൂ.

സീസർ ചി​രി​ക്കു​ന്നു. പോം​പെ​യ് [14] കരയും എന്നു പറ​ഞ്ഞു പണ്ട​ത്തെ റോമൻ പട​യാ​ളി​കൾ. ആ സന്ദർ​ഭ​ത്തിൽ പോം​പെ​യ്ക്കു കരയാൻ യോ​ഗ​മു​ണ്ടാ​യി​ല്ല; പക്ഷേ, സീസർ ചി​രി​ച്ചു എന്ന​തു തീർ​ച്ച​യാ​ണു്. തലേ​ദി​വ​സം രാ​ത്രി ഒരു​മ​ണി​സ്സ​മ​യ​ത്തു കാ​റ്റും മഴ​യു​മു​ള്ള​പ്പോൾ ബെ​ത്രാ​ങ്ങൊ​രു​മി​ച്ചു റോ​സ്സാ​മി​ന്റെ അയൽ​പ്ര​ദേ​ശ​ങ്ങ​ളെ നോ​ക്കി​പ്പ​ഠി​പ്പി​ക്കു​മ്പോൾ, ഫ്രി​ഷ്മോ​ങ്ങ് മുതൽ ബ്ര​യിൻ ലാ​ല്യൂ​ദ്വ​രെ​യു​ള്ള ചക്ര​വാ​ളം മു​ഴു​വ​നു​മെ​ത്തു​മെ​ന്ന ഇം​ഗ്ലീ​ഷ് പട്ടാ​ള​ത്താ​വ​ള​ങ്ങ​ളി​ലെ വി​ള​ക്കു​വ​രി കണ്ടു തൃ​പ്തി​പ്പെ​ട്ട അദ്ദേ​ഹ​ത്തി​നു്, അദ്ദേ​ഹ​ത്താൽ വാ​ട്ടർ​ലൂ യു​ദ്ധ​മാ​കു​ന്ന ഒരു ദിവസം കല്പി​ച്ചു​കൊ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന ഈശ്വ​ര​വി​ധി ആ കരാ​റ​നു​സ​രി​ച്ച് അന്ന​വി​ടെ എത്തി​ച്ചേർ​ന്നി​ട്ടു​ള്ള​താ​യി തോ​ന്നി; അദ്ദേ​ഹം കു​തി​ര​യെ നിർ​ത്തി, മി​ന്ന​ലു​ക​ളെ സൂ​ക്ഷി​ച്ചു​നോ​ക്കി​ക്കൊ​ണ്ടും ഇടി​വെ​ട്ടി​നു ചെവി കൊ​ടു​ത്തു​കൊ​ണ്ടും കു​റ​ച്ചിട ഇള​കാ​തെ ഇരു​ന്നു; ആ അദൃ​ഷ്ട​വാ​ദി അന്ധ​കാ​ര​ത്തി​നു​ള്ളി​ലേ​ക്ക് ഈ ദുർ​ഗ്ര​ഹ​മായ വാ​ക്യ​ത്തെ എറി​യു​ന്ന​താ​യി കേ​ട്ടു; ‘നമ്മൾ യോ​ജി​ച്ചി​രി​ക്കു​ന്നു.’ നെ​പ്പോ​ളി​യ​ന്നു തെ​റ്റി​പ്പോ​യി. അവ​രു​ടെ യോ​ജി​പ്പ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.

ഒരു നി​മി​ഷ​നേ​ര​മെ​ങ്കി​ലും അദ്ദേ​ഹം ഉറ​ങ്ങാൻ നോ​ക്കി​യി​ല്ല; അന്നു രാ​ത്രി​യി​ലെ ഓരോ ക്ഷ​ണ​നേ​ര​വും അദ്ദേ​ഹ​ത്തി​നു് ഓരോ പു​തു​സ​ന്തോ​ഷ​മാ​യി​രു​ന്നു. പാ​ള​യ​ക്കാ​വ​ല്ക്കാ​രോ​ടു് സം​സാ​രി​ക്കു​വാൻ അവി​ട​വി​ടെ നി​ന്നു​കൊ​ണ്ടു് അദ്ദേ​ഹം പ്ര​ധാന പു​റം​കാ​വൽ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സഞ്ച​രി​ച്ചു. രണ്ട​ര​മ​ണി​സ്സ​മ​യ​ത്തു ഹൂ​ഗോ​മോ​ങ്ങി​ലെ കാ​ട്ടു​പു​റ​ത്തി​ന്റെ അടു​ത്തു​വെ​ച്ച് ഒരു പട്ടാള നി​ര​പ്പി​ന്റെ കാൽ​വെ​പ്പു​ശ​ബ്ദം കേ​ട്ടു; അതു വെ​ല്ലി​ങ്ങ്ട​ന്റെ പിൻ​മാ​റ​ലാ​യി​രി​ക്കു​മെ​ന്നാ​ണു് അദ്ദേ​ഹം അപ്പോൾ വി​ചാ​രി​ച്ച​തു്. അദ്ദേ​ഹം പറ​ഞ്ഞു: ‘ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ പി​ന്ന​ണി​കൾ പി​ന്തി​രി​ഞ്ഞോ​ടു​വാൻ​വേ​ണ്ടി വഴി​മാ​റു​ന്ന​താ​ണു്. ഓസ്റ്റെ​ണ്ടിൽ​നി​ന്നു് ഇപ്പോൾ വന്നെ​ത്തിയ ആറാ​യി​രം ഇം​ഗ്ല​ണ്ടു​കാ​രെ ഞാൻ തട​വു​കാ​രാ​ക്കും.’ അദ്ദേ​ഹം ധാ​രാ​ള​മാ​യി സം​സാ​രി​ച്ചു; മാർ​ച്ച് ഒന്നാം​തീ​യ​തി ഫ്രാൻ​സിൽ വന്നു കപ്പ​ലി​റ​ങ്ങി​യ​പ്പോ​ഴ​ത്തെ ഉത്സാ​ഹം അദ്ദേ​ഹ​ത്തി​നു വീ​ണ്ടു​കി​ട്ടി; അന്നു ഴു​വാ​ങ്ങി​ലെ കൃ​ഷീ​വ​ല​നെ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാന സേ​നാ​പ​തി​യോ​ടു് അദ്ദേ​ഹം പറ​യു​ക​യു​ണ്ടാ​യി; ‘ബെർ​ത്രാ​ങ്ങ്, ഇതാ ഇപ്പോൾ​ത്ത​ന്നെ ഒരു സഹാ​യ​സൈ​ന്യം!’ ജൂൺ 17-ആം തീ​യ​തി​മു​തൽ 18-ആം തീ​യ​തി​വ​രെ അദ്ദേ​ഹം വെ​ല്ലി​ങ്ങ്ട​നെ കളി​യാ​ക്കി. ‘അ ഇം​ഗ്ല​ണ്ടു​കാ​രൻ മു​ണ്ട​നെ ഒരു പാഠം പഠി​പ്പി​ക്ക​ണം,’ നെ​പ്പോ​ളി​യൻ പറ​ഞ്ഞു. മഴ ശക്തി​യിൽ പി​ടി​ച്ചു; ചക്ര​വർ​ത്തി സം​സാ​രി​ക്കു​മ്പോൾ കല​ശ​ലാ​യി ഇടി​വെ​ട്ടി.

രാ​വി​ലെ മൂ​ന്ന​ര​മ​ണി​യോ​ടു​കൂ​ടി ഒരു മി​ഥ്യാ​ഭ്ര​മം നശി​ച്ചു; നോ​ക്കി​യ​റി​യു​വാൻ അയ​യ്ക്ക​പ്പെ​ട്ടി​രു​ന്ന ഉദ്യോ​ഗ​സ്ഥ​ന്മാർ മട​ങ്ങി​വ​ന്നു ശത്രു​ക്കൾ​ക്കു യതൊ​രു​രി​ള​ക്ക​വു​മാ​യി​ട്ടി​ല്ലെ​ന്നു​ണർ​ത്തി​ച്ചു. യാ​തൊ​ന്നും അന​ങ്ങി​യി​രു​ന്നി​ല്ല; രാ​ത്രി​യി​ലെ വെ​ളി​മ്പാ​ള​യ​വി​ള​ക്കു​കൾ ഒന്നെ​ങ്കി​ലും കെ​ടു​ത്തി​യി​ട്ടി​ല്ല; ഇം​ഗ്ലീ​ഷ് സൈ​ന്യം ഉറ​ങ്ങു​ക​യാ​ണു്. ഭൂ​മി​യി​ലെ ശാ​ന്തത അതി​നി​ബി​ഡ​മാ​യി​രു​ന്നു; ആകാ​ശ​ത്തു മാ​ത്ര​മേ ഒച്ച​യു​ള്ളു. നാ​ലു​മ​ണി​യോ​ടു​കൂ​ടി ഒറ്റു​കാർ ഒരു കൃ​ഷി​ക്കാ​ര​നെ ചക്ര​വർ​ത്തി മുൻ​പാ​കെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നു; ആ കൃ​ഷി​ക്കാ​രൻ ഇട​ത്തേ അറ്റ​ത്തു​ള്ള ഒഹെ​ങ്ങ് ഗ്രാ​മ​ത്തിൽ ചെ​ന്നു​ചേ​രു​വാൻ പോ​യി​രു​ന്ന ഒരിം​ഗ്ലീ​ഷ് കു​തി​ര​പ്പ​ട്ടാള വകു​പ്പി​ന്— ഒരു സമയം വി​വി​ന്റേ​താ​യി​രി​ക്കാം— വഴി കാ​ട്ടി​യി​രു​ന്നു. അഞ്ചു മണി​ക്കു പട്ടാ​ള​ത്തിൽ ചാ​ടി​പ്പോ​ന്ന രണ്ടു ഡച്ചു​ഭ​ട​ന്മാർ അപ്പോൾ​ത്ത​ന്നെ​യാ​ണു് തങ്ങൾ പട്ടാ​ള​ത്താ​വ​ള​ത്തിൽ​നി​ന്നു വി​ട്ട​തെ​ന്നും, ഇം​ഗ്ല​ണ്ടു​കാർ യു​ദ്ധ​ത്തി​നു തയ്യാ​റാ​യി​രി​ക്കു​ന്നു എന്നും അറി​വു​കൊ​ടു​ത്തു. ‘അത്ര​യും അധികം നന്നാ​യി,’ നെ​പ്പോ​ളി​യൻ ഉച്ച​ത്തിൽ പറ​ഞ്ഞു, ‘അവരെ നശി​പ്പി​ക്കു​ന്ന​താ​ണു് ആട്ടി​പ്പാ​യി​ക്കു​ന്ന​തി​നെ​ക്കാൾ എനി​ക്കി​ഷ്ടം.’

പ്ലാൻ​സ്ന്വാ വഴി​യോ​ടു​കൂ​ടി ഒരു കോണു വര​യ്ക്കു​ന്ന കു​ന്നിൻ​താ​ഴ്‌​വ​ര​യി​ലെ ചളി​യിൽ രാ​വി​ലെ അദ്ദേ​ഹം കു​തി​ര​പ്പു​റ​ത്തി​റ​ങ്ങി. റോ​സ്സോ​മി​ലെ കൃ​ഷി​പ്പു​ര​യിൽ​നി​ന്നു് ഒര​ടു​ക്ക​ള​മേ​ശ​യും ഒരു കൃ​ഷി​വ​ല​ക്ക​സാ​ല​യും വരു​ത്തി, അവിടെ ചെ​ന്നി​രു​ന്നു്, ഒരു വയ്ക്കോൽ​വീ​ശി മേ​ശ​വി​രി​പ്പാ​ക്കി, ആ മേ​ശ​പ്പു​റ​ത്തു യു​ദ്ധ​ഭൂ​മി​യു​ടെ പടം നി​വർ​ത്തി​വെ​ച്ചു; അതു ചെ​യ്യു​മ്പോൾ അദ്ദേ​ഹം സൂൾ​ട്ടോ​ടു [15] പറ​ഞ്ഞു: ‘നല്ല രസ​മു​ള്ള ഒരു ചതു​രം​ഗ​പ്പ​ടം.’

രാ​ത്രി​യി​ലെ മഴ കാരണം കു​തിർ​ന്നു വഴി​യിൽ പൂ​ഴ്‌​ന്നു​പോ​യ​തു​കൊ​ണ്ടു സാ​മാ​ന​വ​ണ്ടി​കൾ​ക്കു രാ​വി​ലേ​ക്ക് എത്തി​ച്ചേ​രു​വാൻ കഴി​ഞ്ഞി​ല്ല; പട്ടാ​ള​ക്കാർ ഉറ​ങ്ങി​യി​ട്ടി​ല്ല; അവർ നന​ഞ്ഞും പട്ടി​ണി​യാ​യും കഴി​ച്ചു. ഇതൊ​ന്നും​ത​ന്നെ, നേ​യോ​ടു് ഇങ്ങ​നെ സസ​ന്തോ​ഷം ഉച്ച​ത്തിൽ പറ​യു​ന്ന​തിൽ നെ​പ്പോ​ളി​യ​നെ തട​ഞ്ഞി​ല്ല: ‘നൂ​റ്റിൽ തൊ​ണ്ണൂ​റും നമു​ക്കു ഗുണം.’ എട്ടു​മ​ണി​യോ​ടു​കൂ​ടി ചക്ര​വർ​ത്തി​യു​ടെ പ്രാ​ത​ലെ​ത്തി. അദ്ദേ​ഹം പലേ സേ​നാ​നാ​യ​ക​ന്മാ​രേ​യും അതിനു ക്ഷ​ണി​ച്ചു. പ്രാ​തൽ സമ​യ​ത്തു, വെ​ല്ലി​ങ്ങ്ടൻ രണ്ടു രാ​ത്രി മുൻ​പു് ബ്രൂ​സ്സൽ​സിൽ റി​ച്ച് മണ്ടു് ഡച്ച​സ്സി​ന്റെ ഒരു നൃ​ത്ത​വി​നോ​ദ​ത്തി​നു പോ​യി​രു​ന്ന​താ​യി ആരോ പറ​ഞ്ഞു: ഒരു പരു​ക്കൻ ഭട​നാ​യി​രു​ന്ന സൂൾ​ട്ടു്, ഒരു പ്രാ​ധാന മെ​ത്രാ​ന്റെ മു​ഖ​ഭാ​വ​ത്തോ​ടു കൂടി, പറ​ഞ്ഞു: ‘നൃ​ത്ത​വി​നോ​ദം നട​ക്കു​ന്ന​തു് ഇന്നാ​ണു്.’ ‘ഇവി​ടു​ത്തെ വരവു കാ​ത്തു​നി​ല്ക്കാൻ മാ​ത്രം വെ​ല്ലി​ങ്ങ്ടൻ അത്ര സാ​ധു​വ​ല്ല’ എന്നു പറഞ്ഞ നേ​യോ​ടു ചക്ര​വർ​ത്തി വെ​ടി​പ​റ​ഞ്ഞു. ഏതാ​യാ​ലും അത​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വ​മാ​ണു്. ‘വെടി പറ​യു​ന്ന​തു് അദ്ദേ​ഹ​ത്തി​നി​ഷ്ട​മാ​ണു്.’ ഫ്ളൂ​റി​ദു് ഷാ​ബൂ​ലോ​ങ്ങ് [16] പറ​യു​ന്നു: ‘ഒരാ​ഹ്ലാ​ദ​ശീ​ല​മാ​ണു് അദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വാ​ന്തർ​ഭാ​ഗ​ത്തു​ള്ള​തു്,’ ഗൂർഗോ [17] അഭി​പ്രാ​യ​പ്പെ​ടു​ന്നു. ‘നേ​രം​പോ​ക്കു​ക​ളെ​ക്കാൾ സവി​ശേ​ഷ​ഗു​ണ​മു​ള്ള തമാ​ശ​ക​ളാ​ണ് അദ്ദേ​ഹ​ത്തിൽ നി​റ​ച്ചും,’ ബെൻ​ജെ​മിൻ കോൺ​സ്റ്റ​ന്റ് [18] പറ​ഞ്ഞി​ട്ടു​ണ്ടു്. ഒര​സാ​ധാ​ര​ണ​ന്റെ ഈ തമാ​ശ​കൾ ഊന്നി​പ്പ​റ​യാൻ അർ​ഹ​ങ്ങ​ളാ​ണു്. സ്വ​ന്തം പട​യാ​ളി​ക​ളെ ‘എന്റെ പി​റു​പി​റു​പ്പു​കാർ’ എന്നു നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​തു് അദ്ദേ​ഹ​മാ​ണു്; അദ്ദേ​ഹം അവ​രു​ടെ ചെവി പി​ടി​യ്ക്കും; അവ​രു​ടെ മേൽ​മീശ വലി​ക്കും. ‘ചക്ര​വർ​ത്തി ഞങ്ങ​ളെ എപ്പോ​ഴും കളി​യാ​ക്കു​ക​ക​യേ ഉള്ളൂ.’ അവ​രി​ലൊ​രാൾ അഭി​പ്രാ​യ​പ്പെ​ട്ട​താ​ണി​തു്. എൽ​ബ​ദ്വീ​പിൽ​നി​ന്നു് ഉപാ​യ​ത്തിൽ ഫ്രാൻ​സി​ലേ​ക്ക് മട​ങ്ങി​പ്പോ​രു​ന്ന വഴി​ക്കു, ഫി​ബ്ര​വ​രി​മാ​സം 27-ആം തീയതി, കട​ലി​ന്റെ നടു​ക്കു​വെ​ച്ചു, ലാ സെഫീർ എന്ന ഫ്ര​ഞ്ച് പട​ക്ക​പ്പൽ, ചക്ര​വർ​ത്തി ഒളി​ച്ചു​ക​യ​റി​യി​രു​ന്ന ലാ​ങ്ങ് കോ​ങ്ങ്സ്താൻ എന്ന കപ്പ​ലു​മാ​യി എത്തി​മു​ട്ടി. നെ​പ്പോ​ളി​യ​ന്റെ കഥ​യെ​ന്താ​ണു് എന്നു ചോ​ദി​ച്ച​പ്പോൾ, എൽ​ബ​ദ്വീ​പി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ​മാ​തി​രി അപ്പോ​ഴും തൊ​പ്പി​യിൽ വെ​ളു​ത്ത നാ​ട​ക്കെ​ട്ടു ധരി​ച്ചി​രു​ന്ന ചക്ര​വർ​ത്തി ചി​രി​ച്ചും​കൊ​ണ്ടു സം​ഭാ​ഷ​ണ​ക്കു​ഴൽ​യ​ന്ത്രം കട​ന്നെ​ടു​ത്തു താൻ​ത​ന്നെ മറു​പ​ടി പറ​ഞ്ഞു. ‘ചക്ര​വർ​ത്തി​ക്കു സു​ഖം​ത​ന്നെ.’ ഈ നി​ല​യിൽ ചി​രി​ക്കു​ന്ന ഒരാൾ എന്തി​നു മുൻ​പി​ലും പരു​ങ്ങി​ല്ല. വാ​ട്ടർ​ലൂ​വി​ലെ പ്രാ​തൽ​സ്സ​മ​യ​ത്തു നെ​പ്പോ​ളി​യൻ വളരെ പ്രാ​വ​ശ്യം ഇത്ത​രം ചിരി പൊ​ട്ടി​ച്ചി​രി​ക്ക​യു​ണ്ടാ​യി. പ്രാ​തൽ കഴി​ഞ്ഞു ഒരു കാൽ​മ​ണി​ക്കൂർ നേരം ധ്യാ​ന​ത്തി​ലി​രു​ന്നു; പി​ന്നീ​ടു് രണ്ടു സേ​നാ​നാ​യ​ക​ന്മാർ കൈയിൽ തൂ​വ​ലും കാൽ​മു​ട്ടി​ന്മേൽ കട​ല്ലാ​സ്സു​മാ​യി വയ്ക്കോൽ​വി​രി​യിൽ ചെ​ന്നി​രു​ന്നു; ചക്ര​വർ​ത്തി അവർ​ക്ക് അന്ന​ത്തെ യു​ദ്ധ​ത്തി​നു​വേ​ണ്ട ആജ്ഞ​കൾ പറ​ഞ്ഞു​കൊ​ടു​ത്തു.

ഒമ്പ​തു മണി​ക്ക് ചാ​രി​നിർ​ത്തിയ കോ​ണി​പോ​ലെ വരി നി​ര​ന്നു്, അഞ്ചു വകു​പ്പു​ക​ളാ​യി നട​ന്നു തു​ട​ങ്ങി ആ മഹ​ത്തായ ഫ്ര​ഞ്ച്സൈ​ന്യം മു​ഴു​വ​നും പര​ന്നു​ക​ഴി​ഞ്ഞ​പ്പോൾ,— സൈ​ന്യ​വ​കു​പ്പു​കൾ രണ്ടു​വ​രി, സേ​നാ​മു​ഖ​ങ്ങൾ​ക്കി​ട​യിൽ പീ​ര​ങ്കി​പ്പ​ട്ടാ​ളം, മുൻ​പി​ലാ​യി സം​ഗീ​തം ഇങ്ങ​നെ ചെണ്ട ആഞ്ഞു​കൊ​ട്ടി​യും കാ​ഹ​ള​ങ്ങൾ ഉച്ച​ത്തി​ലൂ​തി​യും ഗാം​ഭീ​ര​മാ​യി അപാ​ര​മാ​യി ആഹ്ലാ​ദി​ത​മാ​യി ആകാ​ശാ​ന്ത​ത്തിൽ ശി​രോ​ല​ങ്കാ​ര​ങ്ങ​ളു​ടേ​യും വാ​ളു​ക​ളു​ടേ​യും കു​ന്ത​ങ്ങ​ളു​ടേ​യും ഒരു കടൽ​ക്ര​മ​ത്തിൽ

കാൽ​വെ​ച്ചു പോ​കു​ന്ന​തു കണ്ട​പ്പോൾ—ഉള്ളിൽ​ത്ത​ട്ടി ചക്ര​വർ​ത്തി രണ്ടു തവണെ ഉച്ച​ത്തിൽ പറ​ഞ്ഞു: ‘അസ്സൽ!അസ്സൽ! ഒമ്പ​തു മണി​മു​തൽ പത്തര മണി​ക്കു​ള്ളിൽ— കേ​ട്ടാൽ അവി​ശ്വാ​സം തോന്നും-​ ആ മഹ​ത്തായ സൈ​ന്യം മു​ഴു​വൻ, എത്തേ​ണ്ട ദി​ക്കി​ലെ​ത്തി. ആറു​വ​രി​യാ​യി, ചക്ര​വർ​ത്തി​യു​ടെ വാ​ക്ക് ആവർ​ത്തി​ക്ക​യാ​ണെ​ങ്കിൽ, ‘ആറു് വി (V)യുടെ രൂപ’ ത്തിൽ നി​ര​ന്നു​ക​ഴി​ഞ്ഞു. പട​നി​ര​ക്കൽ കഴി​ഞ്ഞു കു​റ​ച്ചു​നി​മി​ഷ​ങ്ങൾ​ശേ​ഷം, ഒരു കൊ​ടു​ങ്കാ​റ്റി​നെ സൂ​ചി​പ്പി​ക്കു​ന്ന ശാ​ന്ത​ത​പോ​ലെ, യു​ദ്ധാ​രം​ഭ​ങ്ങൾ​ക്കു മുൻ​പു​ണ്ടാ​ക​റു​ള്ള നി​ശ്ശ​ബ്ദ​ത​യു​ടെ മധ്യ​ത്തിൽ, തന്റെ കല്പ​ന​പ്ര​കാ​രം വന്ന​വ​രും നീ വെ​ല്ലു് ഗനാ​പ്പു് വഴികൾ ചേർ​ന്നു് മു​റി​യു​ന്നേ​ട​ത്തു​ള്ള മോൺ​സാ​ങ്ങ്ഴാ​ങ്ങ് പി​ടി​ച്ച​ട​ക്കി മൂ​ന്നു​നി​ര​പ്പു നോ​ക്കി​ക്ക​ണ്ടു. ചക്ര​വർ​ത്തി ഹാ​ക്സോ​വി​ന്റെ ചു​മ​ലിൽ താളം പി​ടി​ച്ചു പറ​ഞ്ഞു, ‘അതാ, ഇരു​പ​ത്തി​നാ​ലു സു​ന്ദ​രി​മാ​രായ പെൺ​കി​ടാ​ങ്ങൾ.’

ഗ്രാ​മം പി​ടി​ക്കേ​ണ്ട സമ​യ​മാ​യാൽ ഉടനെ മോൺ​സാ​ങ്ങ്ഴാ​ങ്ങ് തട​യു​വാൻ താൻ നി​യ​മി​ച്ചി​രു​ന്ന തു​ര​ങ്ക​പ്പ​ട​യാ​ളി​സ്സം​ഘം മുൻ​പി​ലൂ​ടെ കട​ന്നു​പോ​യ​പ്പോൾ, യു​ദ്ധ​ത്തി​ന്റെ അവ​സാ​നം ഇന്ന​താ​വു​മെ​ന്നു​ള്ള ഉറ​പ്പോ​ടു​ക്കു​ടി, അദ്ദേ​ഹം അവരെ ഒരു പു​ഞ്ചി​രി​കൊ​ണ്ടു പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഈ എല്ലാ ഗൗ​ര​വ​ത്തി​ന്റെ​യും ഉള്ളിൽ സ്വാ​ഭി​മാ​ന​മായ അനു​ക​മ്പ​യു​ടെ ഒരൊ​റ്റ​ശ​ബ്ദം മാ​ത്രം ഒന്നു വി​ല​ങ്ങ​നെ പാ​യു​ക​യു​ണ്ടാ​യി; ഇന്നു് ഒരു വലിയ ശവ​കു​ടീ​രം നി​ല്കു​ന്നേ​ട​ത്തു തന്റെ ഇട​ത്തു​ഭാ​ഗ​ത്താ​യി ആ അഭി​ന​ന്ദ​നീ​യ​ന്മാ​രായ സ്കോ​ട്ട്ലാ​ണ്ടു​കാ​രായ സാ​ദി​കൾ തങ്ങ​ളു​ടെ എണ്ണം​പ​റ​ഞ്ഞ കു​തി​ര​ളോ​ടു​കൂ​ടി വന്നു വരി​നി​ര​ക്കു​ന്ന​തു കണ്ട​പ്പോൾ അദ്ദേ​ഹം പറ​ഞ്ഞു: ‘കഷ്ടം​ത​ന്നെ.’

പി​ന്നീ​ടു് അദ്ദേ​ഹം കു​തി​ര​പ്പു​റ​ത്തു കയറി, റോ​സ്സോ​മ്മ് വി​ട്ടു​ക​ട​ന്നു, ഗെ​നാ​പ്പിൽ​നി​ന്നു ബ്രൂ​സ്സൽ​സി​ലേ​ക്കു​ള്ള വഴി​യു​ടെ വല​ത്തു​പു​റ​ത്തു് ഒരു കൂർ​ത്ത മൈ​താ​ന​പ്പൊ​ക്കം തനി​ക്കു നി​ന്നു​നോ​ക്കാ​നു​ള്ള സ്ഥ​ല​മാ​യി തി​ര​ഞ്ഞെ​ടു​ത്തു—യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം രണ്ടാ​മ​ത്തെ നി​ല്പി​ടം. വൈ​കു​ന്നേ​രം ഏഴു​മ​ണി​യോ​ടു കൂടി സ്വീ​ക​രി​ച്ച ആ ലാ​ബെൽ​അ​ലി​യാൻ​സി​ന്റേ​യും ലാ​യി​സാ​ന്തി​ന്റേ​യും നടു​ക്കു​ള്ള സ്ഥലം ഭയ​ങ്ക​ര​മാ​ണു്; ഇപ്പോ​ഴു​ള്ള ആ പ്ര​ദേ​ശം ഒരു​യർ​ന്ന കു​ന്നാ​ണു്; അതിനു പി​ന്നിൽ മൈ​താ​ന​ത്തി​ന്റെ പള്ള​യ്ക്കാ​യി രക്ഷി​ഭ​ട​ന്മാർ സം​ഘം​കൂ​ടി, ഈ കു​ന്നി​നു​ചു​റ്റും വഴി​യു​ടെ കൽ​വി​രി​പ്പു​ക​ളിൽ​ത്ത​ട്ടി നെ​പ്പോ​ളി​യൻ നി​ല്ക്കു​ന്നേ​ട​ത്തേ​ക്കു തന്നെ വെ​ടി​യു​ണ്ട​കൽ തെ​റി​ച്ചി​രു​ന്നു. ബ്രി​യെ​നി​ലെ​പ്പോ​ലെ ഉണ്ട​ക​ളു​ടേ​യും പീ​ര​ങ്കി​ക​ളു​ടേ​യും ഇര​മ്പം അദ്ദേ​ഹ​ത്തി​ന്റെ തല​യ്ക്കു മു​ക​ളി​ലൂ​ടെ ചീ​റി​ക്കൊ​ണ്ടി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ കുതിര കാൽ​വെ​ച്ചി​രു​ന്നേ​ട​ത്തു നി​ന്നു മണ്ണു​പി​ടി​ച്ച പീ​ര​ങ്കി​യു​ണ്ട​ക​ളും പഴയ വാ​ള​ല​കു​ക​ളും തു​രു​മ്പു​ക​യ​റി രൂ​പ​ഭേ​ദം​വ​ന്ന ചി​ല്ലു​ക​ളും പെ​റു​ക്കി​യെ​ടു​ത്തി​ട്ടു​ണ്ടു്. കു​റ​ച്ചു കൊ​ല്ല​ത്തി​നു​മുൻ​പു്, അപ്പോ​ഴും മരു​ന്നു പോ​യി​ട്ടി​ല്ലാ​ത്ത​തും ഉണ്ട​പ്പൂ​റം​വ​രെ മു​റി​ഞ്ഞു പൊ​യ്പോയ തോ​ക്കു​തി​ര​യോ​ടു​കൂ​ടി​യ​തു​മായ ഒര​റു​പ​തു റാ​ത്തൽ​പ്പീ​ര​ങ്കി​യു​ണ്ട കു​ഴി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. ഈ ഒടു​വി​ല​ത്തെ സ്ഥാ​ന​ത്തു​വെ​ച്ചാ​ണു് ഒരെ​തിർ​പ​ക്ഷ​ക്കാ​ര​നും പേ​ടി​ത്തൊ​ണ്ട​നു​മായ ലാ​ക്കോ​സ്തു് എന്ന തന്റെ വഴി​കാ​ട്ടി​യോ​ടു ചക്ര​വർ​ത്തി ഇങ്ങ​നെ പറ​ഞ്ഞ​ത്— ഒരു കു​തി​ര​പ്പ​ട​യാ​ളി​യു​ടെ ജീ​നി​യോ​ടു കെ​ട്ടി​യി​ട്ടി​രു​ന്ന ആ മനു​ഷ്യൻ ഓരോ പീ​ര​ങ്കി​ച്ചി​ല്ലു​ണ്ട​യും പൊ​ട്ടു​മ്പോൾ പി​ന്തി​രി​ഞ്ഞു നെ​പ്പോ​ളി​യ​ന്റെ പി​ന്നിൽ​ച്ചെ​ന്നു് ഒളി​ച്ചു നി​ന്നു; ‘വി​ഡ്ഢി, ഇതു നാ​ണ​ക്കേ​ട്! ഒരു​ണ്ട പു​റ​ത്തു വന്നു​കൊ​ണ്ടു നീ അവിടെ കി​ട​ന്നു ചാവും.’ ഇതെ​ഴു​തു​ന്നാൾ​ത​ന്നെ ഈ കു​ന്നിൻ​മു​ക​ളി​ലെ ഉതി​രു​ന്ന മണ്ണിൽ പൂഴി നീ​ക്കി നോ​ക്കി​യ​പ്പോൾ, നാ​ല്പ​ത്താ​റു കൊ​ല്ല​ത്തെ അമ്ല​വാ​യു​പ്ര​സ​ര​ണം കൊ​ണ്ടു നു​റു​ങ്ങിയ ഒരു തി​യ്യു​ണ്ട​ക്ക​ഴു​ത്തി​ന്റെ അവ​ശേ​ഷ​ങ്ങ​ളും, ഉണ​ക്ക​ച്ചി​ല്ല​കൾ പോലെ വി​ര​ലു​കൊ​ണ്ടു പി​ടി​ച്ചു​പൊ​ട്ടി​ക്കാ​വു​ന്ന പഴയ ഇരു​മ്പു​ക​ഷ്ണ​ങ്ങ​ളും കണ്ടി​ട്ടു​ണ്ടു്.

നെ​പ്പോ​ളി​യ​നും വെ​ല്ലി​ങ്ങ്ട​നും കൂ​ടി​യു​ള്ള യു​ദ്ധം നടന്ന മൈ​താ​ന​ത്തിൽ ഇന്നു​ള്ള പലതരം കു​ന്നു​കു​ഴി​ക​ളു​ടെ മട്ടു് 1815 ജൂൺ 18-ആം തീയതി ഉണ്ടാ​യി​രു​ന്ന​വ​യിൽ​നി​ന്നു കേവലം ഭേ​ദ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു് എല്ലാ​വർ​ക്കു​മ​റി​യാം. ഈ വ്യ​സ​ന​ക​ര​മായ സ്ഥ​ല​ത്തു​നി​ന്നു് അതി​ന്റെ ഒരു സ്മാ​ര​ക​സ്തം​ഭം പ്ര​തി​ഷ്ഠി​ക്കു​വാ​നാ​യി കി​ട്ടു​ന്ന​തെ​ല്ലാം എടു​ത്തു​ക​ള​ഞ്ഞു​കൊ​ണ്ടു് അതി​ന്റെ വാ​സ്ത​വ​സ്വ​രൂ​പം പൊ​യ്പ്പൊ​യി. ഭ്ര​മി​ക്ക​പ്പെ​ട്ട ചരി​ത്ര​ത്തി​നു താൻ പറ​യു​ന്ന കഥ​ക​ളോ​ടു സം​ബ​ന്ധി​ക്കു​ന്ന എന്തെ​ങ്കി​ലും ഒന്നു ചൂ​ണ്ടി​ക്കാ​ട്ടാൻ അവിടെ ഇല്ലാ​താ​യി​രി​ക്കു​ന്നു, രണ്ടു​കൊ​ല്ലം കഴി​ഞ്ഞു വാ​ട്ടർ​ലൂ ഒരി​ക്കൽ​കൂ​ടി കണ്ട വെ​ല്ലി​ങ്ങ്ടൻ ഉച്ച​ത്തിൽ പറ​ഞ്ഞു: ‘എന്റെ യു​ദ്ധ​ഭൂ​മി അവർ മാ​റ്റി​ക്ക​ള​ഞ്ഞു!’ ഇന്നു സിം​ഹ​പ്ര​തി​മ​യാൽ പൊ​ന്തി​നി​ല്ക്കു​ന്ന അ വലു​തായ മൺ ‘പി​ര​മി​ഡു’ [19] ള്ളേ​ട​ത്തു നി​വെ​ല്ലു് നി​ര​ത്തി​ലേ​ക്കു ചെ​രി​ഞ്ഞി​റ​ങ്ങി​യി​രു​ന്ന​തും, ഗെ​നാ​പ്പി​ലേ​ക്കു​ള്ള രാ​ജ​പാ​ത​യു​ടെ പാർ​ശ്വ​ത്തിൽ ഏതാ​ണ്ടു കടും​കു​ത്ത​നെ​യു​ള്ള​തു​മായ ഒരു ചെ​റു​കു​ന്നാ​യി​രു​ന്നു. ആ കു​ത്ത​നെ​യു​ള്ള ഭാ​ഗ​ത്തി​ന്റെ ഉയർ​ച്ച ഗെ​നാ​പ്പിൽ​നി​ന്നു ബ്രൂ​സ്സെൽ​സി​ലേ​ക്കു​ള്ള വഴി​ത്തി​രി​വു മു​ട്ടി​നി​ല്ക്കു​ന്ന ആ രണ്ടു കൂ​റ്റൻ ശവ​ക്കു​ടീ​ര​ക്കു​ന്നു​ക​ളെ​ക്കൊ​ന്റു തി​ട്ട​പ്പെ​ടു​ത്താം. ഇം​ഗ്ല​ണ്ടു​കാ​രു​ടേ​തായ ഒന്നു് ഇട​തു​ഭാ​ഗ​ത്തു​ള്ള​താ​ണു്; ജർ​മ​നി​ക്കാ​രു​ടേ​തു വല​ത്തു പു​റ​ത്തു​ള്ള​തും. ഫ്രാൻ​സു​കാ​രു​ടെ വക ശവ​കു​ടീ​ര​മി​ല്ല. ആ മൈ​താ​നം മു​ഴു​വ​നും ഫ്രാൻ​സി​ന്റെ ശ്മ​ശാ​ന​സ്ഥ​ല​മാ​ണു്. നൂ​റ്റ​മ്പ​ത​ടി ഉയ​ര​വും അര​നാ​ഴിക ചു​റ്റ​ള​വു​മു​ള്ള ആ ചെ​റു​കു​ന്നിൻ പ്ര​വൃ​ത്തി​യെ​ടു​ത്തി​രു​ന്ന ശത​സ​ഹ​സ്രം മണ്ണു​വ​ണ്ടി​കൾ​ക്കു നാം നന്ദി​പ​റ​യുക; മോൺ​സാ​ങ്ങ്ഴാ​ങ്ങ് എന്ന പർ​വ​ത​പ്പ​ര​പ്പി​ലേ​ക്ക് ഇപ്പോൾ എളു​പ്പ​ത്തിൽ കയ​റി​ച്ചെ​ല്ലാ​റാ​യി. യു​ദ്ധ​ദി​വ​സം, വി​ശേ​ഷി​ച്ചും ലാ​യി​സാ​ന്തി​ന്റെ ആ ഭാ​ഗ​ത്തു്, അതു കടും​കു​ത്ത​നെ​യു​ള്ള​തും കയ​റി​ച്ചെ​ല്ലു​വാൻ വയ്യാ​ത്ത​തു​മാ​യി​രു​ന്നു. താ​ഴ്‌​വാ​ര​ത്തി​ന്റെ അടി​യി​ലു​ള്ള​തും, യു​ദ്ധ​ത്തി​ന്റെ മദ്ധ്യ​ഭാ​ഗ​വു​മായ കള​സ്ഥ​ലം, ഇം​ഗ്ലീ​ഷു​പീ​ര​ങ്കി​ക്കു നോ​ക്കി​യാൽ കാ​ണാ​തി​രി​ക്ക​ത്ത​ക്ക​വി​ധം, അത്ര​യും കു​ത്ത​നെ​യാ​യി​രു​ന്നു. 1815 ജൂൺ 18-ാം തീയതി മഴ പെ​യ്തി​ട്ടു് ആ മല​ഞ്ചെ​രി​വു കു​റേ​ക്കൂ​ടി തക​രാ​റാ​യി; ചളി​കൊ​ണ്ടു് കയ​റി​ച്ചെ​ല്ലു​വൻ കു​റേ​കൂ​ടി പ്ര​യാ​സ​മാ​യി; ആളുകൾ പി​ന്നോ​ട്ടു​ര​സി​വീ​ണു എന്ന​ല്ല, ചളി​ക്കെ​ട്ടിൽ ഉറ​ച്ചു​പൊ​വു​ക​കൂ​ടി ചെ​യ്തു. ആ പർ​വ​ത​പ്പ​ര​പ്പി​ന്റെ കൊ​ടു​മു​ടി​യി​ലൂ​ടെ ഒരു​ത​രം തോ​ടു​ണ്ടാ​യി​രു​ന്നു; അത​വി​ടെ ഉണ്ടെ​ന്നു ദൂ​ര​ത്തു​നി​ന്നു നോ​ക്കു​ന്ന ഒരാൾ​ക്കു ഊഹി​ക്കാൻ വയ്യാ.

ഈ തോടു് എന്താ​യി​രു​ന്നു? ഞങ്ങൾ വി​വ​രി​ക്ക​ട്ടെ. ബ്രെ​യിൻ ലാ​ല്യൂ​ദു് ഒരു ബെൽ​ജി​യൻ​ഗ്രാ​മ​മാ​ണു്; പി​ന്നെ ഒഹെ​ങ്ങും, ഭൂ​ഭാ​ഗ​ത്തി​ന്റെ വള​വു​ക​ളാൽ മറ​യ​പ്പെ​ട്ട ഈ രണ്ടു ഗ്രാ​മ​ങ്ങ​ളും, മൈ​താ​ന​ത്തി​ന്റെ ഓളം മറ​ഞ്ഞു​നി​ല്ക്കു​ന്ന നി​ല​പ്പ​ര​പ്പി​ലൂ​ടെ പോ​കു​ന്ന​തും ഇട​യ്ക്കു​വെ​ച്ച് നി​ര​ത്തു​വ​ഴി​യെ തട്ടി​യെ​ടു​ക്കു​ന്ന കു​ന്നു​ക​ളിൽ ഒരു​ഴ​വു​ചാ​ലു​പോ​ലെ തി​ര​ക്കി​ക്ക​ട​ന്നു തന്ന​ത്താൻ കു​ഴി​ച്ചു​മൂ​ട​പ്പെ​ടു​ന്ന​തു​മാ​യി ഏക​ദേ​ശം ഒന്ന​ര​ക്കാ​തം നീ​ള​മു​ള്ള ഒരു നി​ര​ത്തു​വ​ഴി​യാൽ കൂ​ട്ടി​ച്ചേർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇന്ന​ത്തെ മാ​തി​രി​ത​ന്നെ, 1815-ൽ ഈ നി​ര​ത്തു ഗെ​നാ​പ്പിൽ​നി​ന്നു; നീ​വെ​ല്ലിൽ​നി​ന്നു​മു​ള്ള രാ​ജ​മാർ​ഗ​ങ്ങൾ​ക്കി​ട​യിൽ​വെ​ച്ചു മോൺ​സാ​ങ്ങ്ഴാ​ങ്ങ് പർ​വ​ത​പ്പ​ര​പ്പി​ന്റെ നി​റു​ക​യെ പി​ളർ​ത്തു​പോ​കു​ന്നു; ഒന്നു​മാ​ത്രം— ഇപ്പോൾ അതു മൈ​താ​ന​ത്തി​ന്റെ നി​ര​പ്പി​ലാ​ണു്; അന്നു് അതൊരു കു​ഴി​ഞ്ഞ വഴി​യാ​യി​രു​ന്നു. അതി​ന്റെ രണ്ടു പള്ള​ക​ളും ശവ​കു​ടീ​ര​ക്കു​ന്നു​ണ്ടാ​ക്കു​വാൻ ഉപ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ വഴി മു​ക്കൽ​ഭാ​ഗ​വും അന്നെ​ന്ന​പോ​ലെ ഇന്നും ഒരു തോ​ടാ​ണു്; ചി​ലേ​ട​ത്തു പത്തു​പ​ന്ത്ര​ണ്ടി ആഴ​മു​ള്ള​തും, വക്കു​കൾ അത്യ​ധി​കം കു​ത്ത​നെ​യാ​യ​തു​കൊ​ണ്ടു് അവി​ട​വി​ടെ, വി​ശേ​ഷി​ച്ചും നല്ല മഴ​ക്കാ​ല​ത്തു്, ഇടി​ഞ്ഞു​വീ​ണി​ട്ടു​ള്ള​തു​മായ ഒരു കു​ഴി​ത്തോ​ടു്. ഇവിടെ അപ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടു്. ബ്രെ​യിൻ​ലാ​ല്യൂ​ദി​ലേ​ക്കു ചെ​ല്ലു​ന്നേ​ട​ത്തു വഴി നന്നേ വീ​തി​കു​റ​ഞ്ഞ​താ​യി​രു​ന്ന​തു​കൊ​ണ്ടു് ഒരു വഴി​പോ​ക്കൻ വണ്ടി​മേൽ​ക്ക​യ​റി അര​യ്ക്ക​പ്പെ​ട്ടു; ശ്മ​ശാ​ന​സ്ഥ​ല​ത്തി​ന്റെ അടു​ത്തു, മരി​ച്ചു പോ​യാ​ളു​ടെ പേരും, മൊ​സ്സ്യു ബേർ​നാർ ദെ​ബ്രി, അപകടം പറ്റിയ തി​യ്യ​തി​യും, 1637 ഫി​ബ്ര​വ​രി— കൊ​ടു​ത്തി​ട്ടു​ള്ള ഒരു കല്ലു​കു​രി​ശു​കൊ​ണ്ടു് ഇതു തെ​ളി​യു​ന്നു. മോൺ​സാ​ങ്ങ്ഴാ​ങ്ങ് പർ​വ​ത​പ്പ​ര​പ്പിൽ അതു് അത്ര​യും കു​ണ്ടു​ള്ള​താ​യ​തു​കൊ​ണ്ടു മാ​ത്തി​യോ നി​ക്ക​യ്സു് എന്ന ഒരു കൃ​ഷീ​വ​ലൻ 1783-ൽ കാൽ​വ​ഴു​തി വീണു ചത​ഞ്ഞു​പോ​യി; സ്ഥലം നന്നാ​ക്കു​ന്ന കൂ​ട്ട​ത്തിൽ മു​കൾ​ഭാ​ഗം കാ​ണാ​താ​യ്പോ​യ​തും, എന്നാൽ ലാ​യി​സാ​ന്തി​ന്റേ​യും മോൺ​സാ​ങ്ങ്ഴാ​ങ്ങ് കള​പ്പു​ര​യു​ടേ​യും മധ്യ​ത്തി​ലു​ള്ള വഴി​യു​ടെ ഇട​തു​വ​ശ​ത്തു​ള്ള പു​ല്ലു നി​റ​ഞ്ഞ താ​ഴ്‌​വാ​ര​ത്തി​ലാ​യി മറ​ഞ്ഞു​കി​ട​ക്കു​ന്ന തറ ഇന്നും കാ​ണാ​വു​ന്ന​തു​മായ മറ്റൊ​രു കല്ലു​കു​രി​ശി​ന്മേൽ ഇതും വി​വ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്.

യു​ദ്ധ​ദി​വ​സം, മോൺ​സാ​ങ്ങ്ഴാ​ങ്ങ് തല​വാ​ര​ത്തെ തൊ​ട്ടു​പോ​കു​ന്ന​തും അങ്ങ​നെ​യൊ​ന്നു​ണ്ടെ​ന്നു് ഒരു​വി​ധ​ത്തി​ലും സൂ​ചി​പ്പി​ക്കാ​ത്ത​തു​മായ ഈ കു​ഴി​നി​ര​ത്തു്, കു​ത്ത​നെ നി​ല്ക്കു​ന്ന ഭാ​ഗ​ത്തി​ന്റെ ഒത്ത മു​ക​ളി​ലു​ള്ള ഈ തോടു്, മണ്ണി​ന്റെ അടി​യിൽ ഒളി​ച്ചു​കി​ട​ക്കു​ന്ന ഈ ഒരു ചാലു്, അദൃ​ശ്യ​മാ​യി​രു​ന്നു; എന്നു​വെ​ച്ചാൽ, ഭയ​ങ്ക​രം.

കു​റി​പ്പു​കൾ

[14] സീ​സ​റു​ടെ എതി​രാ​ളി​യായ പ്ര​സി​ദ്ധ റോ​മൻ​സേ​നാ​പ​തി.

[15] നെ​പ്പോ​ളി​യ​ന്നു് ഇഷ്ട​പ്പെ​ട്ട ഒരു പ്ര​സി​ദ്ധ സേ​നാ​പ​തി.

[16] ഒരു ഫ്ര​ഞ്ച് ചരി​ത്ര​കാ​രൻ.

[17] ഒരു ഫ്ര​ഞ്ച് സേ​നാ​ധി​പ​തി​യും എഴു​ത്തു​കാ​ര​നും. ‘സ്മ​ര​ണ​കൾ’ എന്ന ഇദ്ദേ​ഹ​ത്തി​ന്റെ കൃതി പ്ര​സി​ദ്ധ​മാ​ണു്.

[18] ഫ്രാൻ​സി​ലെ ഒരു പ്ര​സി​ദ്ധ വാ​ഗ്മി​യും രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും ഗ്ര​ന്ഥ​കാ​ര​നും. The Spirit of Conquest and Usurapation എന്ന ഇദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന കൃതി വളരെ ഒച്ച​പ്പാ​ടു​ണ്ടാ​ക്കിയ ഒന്നാ​ണു്.

[19] ഈജി​പ്റ്റി​ലെ പു​രാ​ത​ന​രാ​ജാ​ക്ക​ന്മാ​രു​ടെ സമാ​ധി​സ്ഥ​ലം.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.