SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.1
നീ​വെ​ല്ലിൽ​നി​ന്നു വരും​വ​ഴി കണ്ടു​മു​ട്ടി​യ​ത്

കഴി​ഞ്ഞ​കൊ​ല്ലം (1851) മെയ് മാ​സ​ത്തി​ലെ ഒര​ഴ​കു​ള്ള പ്ര​ഭാ​ത​ത്തിൽ, ഒരു വഴി​പോ​ക്കൻ, ഈ കഥ​യെ​ഴു​തു​ന്ന ആൾ, നീ​വെ​ല്ലി​യിൽ​നി​ന്നു വന്നു ലാ​ഹു​ല്പി​ലേ​ക്കു​ള്ള വഴി​യി​ലേ​ക്ക് തി​രി​ക​യാ​യി​രു​ന്നു.അയാൾ നട​ക്കു​ക​യാ​ണു്. രണ്ടു​വ​രി മര​ങ്ങൾ​ക്കി​ട​യി​ലൂ​ടെ വള​ഞ്ഞു​തി​രി​ഞ്ഞ്, ഇട​യ്ക്കു പൊ​ങ്ങി​യും ഇട​യ്ക്കു താ​ഴ്‌​ന്നും, ഏതാ​ന്റു വമ്പി​ച്ച കടൽ​ത്തി​ര​ക​ളു​ടെ മട്ടിൽ എന്തോ ഒന്നാ​യി​ത്തീർ​ന്നു​കൊ​ണ്ടു്, തൊ​ട്ടു​തൊ​ട്ടു​ള്ള കു​ന്നു​ക​ളെ കയ​റി​ക്ക​ട​ന്നു​പോ​കു​ന്ന ഒരു വി​സ്താ​ര​മേ​റിയ കൽ​വി​രി​പ്പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു അയാ​ളു​ടെ യാത്ര.

അയാൾ ലി​ല്ല്വേ​യും ബ്വാസിന്റ്യ്യർ-​ഇസക്കും കട​ന്നു. പടി​ഞ്ഞാ​റു പു​റ​ത്തു ബ്ര​യിൻ​ലാ​ല്യൂ​ദി​ലെ കല്പ​ലക മേഞ്ഞ ഗോ​പു​രം അയാൾ കണ്ടു; അതി​ന്നു് ഒരു കമ​ഴ്ത്ത്വെ​ച്ച പൂ​ച്ച​ട്ടി​യു​ടെ മട്ടു​ണ്ടു്. കു​റ​ച്ചു​യ​ര​ത്തി​ലു​ള്ള ഒരു കാ​ട്ടു​പ്ര​ദേ​ശം അയാൾ അപ്പോൾ പി​ന്നി​ട്ട​തേ ഉള്ളൂ; വഴി​ത്തി​രി​വി​ന്റെ ഒരു മൂ​ല​യ്ക്കു, പണ്ട​ത്തെ അതി​രു​കോ​ട്ട. നമ്പർ 4, എന്നെ​ഴു​തി​യി​ട്ടു​ള്ള ഒരു​ത​രം പൂ​പ്പൽ പി​ടി​ച്ച കഴു​മ​ര​ത്തി​ന്റെ അരി​കിൽ, നാ​ലും​കൂ​ടി​യേ​ട​ത്തു് എഷബോ സ്വ​കാ​ര്യ കാ​പ്പി​പ്പീ​ടിക എന്നു മുൻ​വ​ശ​ത്തു് അട​യാ​ള​മു​ദ്ര​യോ​ടു​കൂ​ടിയ ഒരു ഹോ​ട്ടൽ കാ​ണ​പ്പെ​ട്ടി​രു​ന്നു.

ഒരു നാ​ഴി​ക​കൂ​ടി മുൻ​പോ​ട്ടു ചെ​ന്ന​പ്പോൾ, അയാൾ വഴി​പ്പാ​ല​ത്തി​ന്റെ കമാ​ന​ത്തി​നു​ള്ളി​ലൂ​ടെ വെ​ള്ള​മൊ​ഴു​കു​ന്ന ഒരു ചെറിയ മല​യി​ഉ​കി​ന്റെ അടി​യിൽ എത്തി​ച്ചേർ​ന്നു. അങ്ങു​മ​മി​ങ്ങു​മാ​യി വെ​ച്ചു​പി​ടി​പ്പി​ക്ക​പ്പെ​ട്ട​തെ​ങ്കി​ലും നല്ല പച്ച​നി​റം പൂണ്ട മര​ക്കൂ​ട്ടം; വഴി​യു​ടെ ഒരു ഭാ​ത്തു, താ​ഴ്‌​വാ​ര​പ്ര​ദേ​ശം മു​ഴു​വ​നും തങ്ങി​നി​ല്ക്കു​ന്നു; മറ്റേ ഭാ​ഗ​ത്താ​ക​ട്ടേ, അതു മൈ​താ​ങ്ങ​ളിൽ​ചെ​ന്നു് ചി​ന്നി​പീ​യു​ന്നു; അങ്ങ​നെ അതു ബ്ര​യിൽ​ലാ​ല്യു​ദി​ന്റെ വഴിയേ ഭം​ഗി​യോ​ടു​കൂ​ടി​യ​തും ഔ വരി​ക്ര​മ​മി​ലാ​തെ​യും പോയി ഒടു​വിൽ മറ​ഞ്ഞു​ക​ള​യു​ന്നു.

വല​തു​വ​ശ​ത്തു, വഴി​ക്ക​ടു​ത്തു​ത​ന്നെ, ഉമ്മ​റ​ത്തു് ഒരു നാലു ചക്ര​മു​ള്ള വണ്ടി​യും, ഒരു വലിയ കെ​ട്ടു​നി​റ​യെ ഒറ്റ​ക്കാൽ​ച്ചാ​ട്ട​ക്ക​ളി​യു​ടെ കാ​ലു​ക​ളും, ഒരു ഉഴു​തു​ക​രി​യും തഴ​ച്ചു​നി​ല്ക്കു​ന്ന ഒരു ചെ​ടി​വേ​ലി​ക്ക​ടു​ത്താ​യി കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന ഉണ​ക്ക​ച്ചി​ല്ല​ക​ളും, ഒരു വട്ട​ക്കു​ഴി​യിൽ​ക്കി​ട​ന്നു പു​ക​യു​ന്ന കു​മ്മാ​യ​വും, വയ്ക്കോൽ​ച്ചു​മ​രോ​ടു​കൂ​ടിയ ഒരു ചാ​യ്ച്ചു​കെ​ട്ടി​യോ​ടു ചേർ​ത്തു​തൂ​ക്കി​യി​ട്ട ഒരു കോ​ണി​യു​മു​ള്ള ഒരു ചാ​രാ​യ​ക്ക​ട​യു​ണ്ടു്. ഒരു പെൺ​കി​ടാ​വു വയ​ലിൽ​നി​ന്നു പു​ല്ലു പറി​ക്കു​ന്നു; അവിടെ എന്തോ ഒരു​ത്സ​വ​ത്തെ നാ​ട്ടു​പു​റ​ത്തെ​ങ്ങോ ഉള്ള കാ​ഴ്ച​യെ, സൂ​ചി​പ്പി​ക്കു​ന്ന ഒരു കൂ​റ്റൻ മഞ്ഞ​പ​ര​സ്യം കാ​റ്റ​ത്തു പാ​റി​ക്ക​ളി​ക്കു​ന്നു. ആ ചാ​രാ​യ​ക്ക​ട​യു​ടെ ഒരു മൂ​ല​യ്ക്ക​ലൂ​ടെ, താ​റാ​വു​ക​ളു​ടെ ഒരു ചെറിയ കപ്പൽ​ക്കൂ​ട്ടം നട​കൊ​ള്ളു​ന്ന ഒരു പൊ​ട്ട​ക്കൂ​ള​ത്തെ തൊ​ട്ടു​കൊ​ണ്ടു, കൽ​വി​രി​പ്പു നന്നാ​യി​ട്ടി​ല്ലാ​ത്ത ഒരു നി​ര​ത്തു. വഴി ചെ​ന്നു ചെ​ടി​പ്പ​ടർ​പ്പു​കൾ​ക്കി​ട​യിൽ ആണ്ടു​ക​ള​യു​ന്നു​ണ്ടു്, വഴി​പോ​ക്കൻ അതി​ലേ​ക്കു കട​ന്നു.

ഒരു കൂർ​ത്ത നെ​റ്റി​പ്പു​റം​കൊ​ണ്ടു പൊ​ന്തി​നി​ല്ക്കു​ന്ന​തും തി​രി​ച്ചും മറി​ച്ചും വെച്ച ഇഷ്ടി​ക​ക​ളോ​ടു​കൂ​ടി​യ​തു​മായ ഒരു പതി​ന​ഞ്ചാം​നൂ​റ്റാ​ണ്ടി​ലെ മതിൽ​ക്കെ​ട്ടി​ന്നു് ‘അരു​വെ​ച്ചു’ കൊ​ണ്ടു്, അയാൾ ഒരു നൂറടി പോ​യ​തി​ന്നു​ശേ​ഷം, ചൊ​വ്വി​ലു​ള്ള താ​ങ്ങു​ക​ല്ലോ​ടു​കൂ​ടി, പതി​ന്നാ​ലാ​മൻ ലൂ​യി​യു​ടെ കാ​ല​ത്തു നട​പ്പു​ണ്ടാ​യി​രു​ന്ന മാ​തി​രി, കല്ലു​കൊ​ണ്ടു കമാ​നാ​കൃ​തി​യി​ലു​ണ്ടാ​ക്ക​പ്പെ​ട്ട​തും രണ്ടു പരന്ന കൊ​ത്തു​ക​ട്ടി​ള​ക​ളോ​ടു​കൂ​ടി​യ​തു​മായ ഒരു വലിയ വാ​തി​ലി​നു മുൻ​പിൽ എത്തി. ആ വാ​തി​ലി​നു മു​ക​ളി​ലാ​യി ഒരു പരു​ക്കൻ പു​റം​ത​ട്ടു​മു​ണ്ടു്; അതി​ന്നെ​തി​രാ​യി ഒരു ഭി​ത്തി ചെ​ന്നു വാ​തി​ലി​ന്മേൽ മു​ട്ടി​യി​രു​ന്നു; അങ്ങ​നെ അതു രണ്ടും​കൂ​ടി ഒരു ഇടു​ങ്ങിയ സമ​കോ​ണു​മു​ണ്ടാ​ക്കി. വാ​തി​ലിൻ മുൻ​പി​ലു​ള്ള പുൽ​ത്ത​കി​ടി​യിൽ മൂ​ന്നു് ഈർ​ച്ച​മ​ര​ങ്ങൾ കി​ട​ന്നി​രു​ന്നു; അവ​യ്ക്കി​ട​യി​ലൂ​ടെ ക്ര​മ​മൊ​ന്നും നോ​ക്കാ​തെ, മെ​യ്മാ​സ​ത്തി​ലെ എല്ലാ പു​ഷ്പ​ങ്ങ​ളും വി​രി​ഞ്ഞു​നി​ല്ക്കു​ന്നു​ണ്ടു്. വാതിൽ അട​ച്ചി​രി​ക്ക​യാ​ണു്. വയ​സ്സേ​റിയ അതി​ന്റെ രണ്ടു കീ​റു​ക​ളും പഴ​യ​താ​യി തു​രു​മ്പി​ച്ച ഒരു വി​ളി​യ​ന്ത്ര​ത്താൽ അല​ങ്ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.

സൂ​ര്യൻ നല്ല ഭം​ഗി​യിൽ പ്ര​കാ​ശി​ക്കു​ന്നു. മെ​യ്മാ​സ​ത്തി​ലെ ആ മൃ​ദു​ല​മായ അന​ക്കം വൃ​ക്ഷ​ചി​ല്ല​ക​ളിൽ വ്യാ​പി​ച്ചി​ട്ടു​ണ്ടു്; കാ​റ്റിൽ​നി​ന്നാ​ണെ​ന്ന​തി​ല​ധി​കം അതു പക്ഷി​ക്കൂ​ടു​ക​ളിൽ​നി​ന്നാ​ണു് പു​റ​പ്പെ​ടു​ന്ന​തെ​ന്നു തോ​ന്നി​പ്പോ​കും. ഒരു​ശീ​രു​ള്ള ചെ​റു​പ​ക്ഷി ഒരു വലിയ മര​ത്തി​ന്റെ മു​ക​ളി​ലി​രു​ന്നു മനോ​രാ​ജ്യ​ത്തിൽ മൂ​ളു​ന്നു.

വഴി​പോ​ക്കൻ കു​നി​ഞ്ഞു​നി​ന്നു വാ​തി​ലി​ന്റെ പു​റം​ചു​മ​രി​നി​ട​യിൽ ഇട​തു​ഭാ​ഗ​ത്തു​ള്ള കല്ലിൽ വൃ​ത്താ​കാ​ര​മാ​യി ഒരു വലിയ ദ്വാ​ര​മു​ള്ള​തി​നെ നോ​ക്കി​ക്ക​ണ്ടു.

ഉടനെ വതിൽ​ക്കീ​റു​കൾ രണ്ടും നീ​ങ്ങി; ഒരു കൃ​ഷി​വ​ല​സ്ത്രീ പു​റ​ത്തേ​ക്കു പ്ര​വേ​ശി​ച്ചു.

അവൾ വഴി​പോ​ക്ക​നെ കണ്ടു; അയാൾ നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്തെ​ന്നു മന​സ്സി​ലാ​ക്കി. ‘ഒരു ഫ്ര​ഞ്ച് പീ​ര​ങ്കി​യു​ണ്ട​യാ​ണു് അതു​ണ്ടാ​ക്കി​ത്തീർ​ത്ത​തു്,’ അവൾ അയാ​ളോ​ടു പറ​ഞ്ഞു. പി​ന്നേ​യും അവൾ തു​ടർ​ന്നു; ‘വാ​തി​ലി​നു് ഒത്ത മു​ക​ളിൽ ഒരാ​ണി​ക്ക​രി​കി​ലാ​യി, നി​ങ്ങൾ ആ കാ​ണു​ന്ന​തു് കോ​ഴി​മു​ട്ട​യു​ടെ വലു​പ്പ​ത്തി​ലു​ള്ള ഒരു കൂ​റ്റൻ ഇരി​മ്പു​ണ്ട തട്ടി​യു​ണ്ടായ സ്വാ​ര​മാ​ണു്. ആ ഉണ്ട മരം തു​ള​ച്ചി​ല്ല.’ ‘ഈ സ്ഥ​ല​ത്തി​ന്റെ പേ​രെ​ന്താ​ണു്?’ വഴി​പോ​ക്കൻ ചോ​ദി​ച്ചു.

‘ഹൂ​ഗോ​മോ​ങ്ങ്,’ ആ കൃ​ഷീ​വ​ല​സ്ത്രീ പറ​ഞ്ഞു.

വഴി​പോ​ക്കൻ നി​വർ​ന്നു​നി​ന്നു. അയാൾ കു​റ​ച്ച​ടി നട​ന്നു; വേ​ലി​കൾ​ക്കു മു​ക​ളി​ലൂ​ടെ അയാൾ നോ​ക്കി. ചക്ര​വാ​ള​ത്തിൽ, മര​ങ്ങൾ​ക്കി​ട​യി​ലൂ​ടെ, ഒരു ചെറിയ കു​ന്നിൻ​പു​റം അയാൾ കണ്ടു; അവിടെ, അത്ര​യും ദൂ​ര​ത്തു​നി​ന്നു നോ​ക്കു​മ്പോൾ, ഒരു സിം​ഹ​ത്തി​ന്റെ ആകൃ​തി​യിൽ എന്തോ ഒന്നും ഉണ്ടാ​യി​രു​ന്നു.

അയാൾ വാ​ട്ടർ​ലൂ യു​ദ്ധ​ഭൂ​മി​യി​ലാ​ണു്.

2.1.2
ഹൂ​ഗോ​മോ​ങ്ങ്

ഹൂ​ഗോ​മോ​ങ്ങ്—ഇതു് ഒരു ചു​ട​ല​ക്ക​ള​മാ​യി​രു​ന്നു. നെ​പ്പോ​ളി​യൻ എന്നു പേരായ യൂ​റോ​പ്പി​ലെ ആ വലിയ കാ​ടു​വെ​ട്ടു​കാ​രൻ വാ​ട്ടർ​ലൂ​വിൽ​വെ​ച്ചു കണ്ടെ​ത്തിയ തട​സ്സ​ത്തി​ന്റെ ആരംഭം— ഒന്നാ​മ​ത്തെ പ്ര​തി​ബ​ന്ധം— അദ്ദേ​ഹ​ത്തി​ന്റെ മഴു​കൊ​ണ്ടു​ള്ള വെ​ട്ടു​കൾ​ക്കു മുൻ​പിൽ പ്ര​ത്യ​ക്ഷീ​ഭ​വി​ച്ച ഒന്നാ​മ​ത്തെ മര​ക്ക​മ്പു്.

ഈ സ്ഥലം ഒരു കോ​ട്ട​യാ​യി​രു​ന്നു; ഇനി എന്നേ​ക്കും ഇതു് ഒരു കൃ​ഷി​സ്ഥ​ല​മ​ല്ലാ​തെ മറ്റൊ​ന്നു​മി​ല്ല. പു​രാ​ത​ന​ച​രി​ത്രാ​ന്വേ​ഷി​ക്കു ഹൂ​ഗോ​മോ​ങ്ങ് യൂ​ഗോ​മോ​ങ്ങാ​ണു്. ഈ കൃ​ഷി​സ്ഥ​ലം പണി​ചെ​യ്യി​ച്ച​തു യൂഗോ ആയി​രു​ന്നു—വി​ല്ലി​യേ​റി​ലെ സന്ന്യാ​സി​മ​ഠ​ത്തിൽ ആറാ​മ​ത്തെ ബോ​ധ​ക​സ്ഥാ​നം ഉണ്ടാ​ക്കി​ച്ച ആൾ​ത​ന്നെ.

വഴി​പോ​ക്കൻ വാതിൽ ഉന്തി​ത്തു​റ​ന്നു. നട​പ്പു​ര​ച്ചു​വ​ട്ടി​ലു​ള്ള ഒരു ‘കാ​ലി​ഷ്’ വണ്ടി​യെ തി​ര​ക്കി നടു​മു​റ്റ​ത്തേ​ക്കു കട​ന്നു. ഈ കളി​മു​റ്റ​ത്തു് ഒന്നാ​മ​താ​യി അയാ​ളു​ടെ ശ്ര​ദ്ധ പതി​ഞ്ഞ​തു പതി​നാ​റാം​നൂ​റ്റാ​ണ്ടി​ലെ ഒരു വാ​തി​ലി​ന്മേ​ലാ​ണു്; അതു് ഒരു സ്തം​ഭ​തോ​ര​ണ​പം​ക്തി​യു​ടെ വേഷം നടി​ക്കു​ന്നു​ണ്ടു്; മറ്റു സക​ല​വും അതിനു ചു​റ്റും നമ​സ്ക​രി​ച്ചു​കി​ട​ക്കു​ന്നു. നശി​ച്ചു കി​ട​ക്കു​ന്ന​തിൽ പല​പ്പോ​ഴും, ഒരു സ്മാ​ര​ക​ഭാ​വം പു​റ​പ്പെ​ടും. ആ സ്തം​ഭ​തോ​ര​ണ​ത്തോ​ട​ടു​ത്തു​ള്ള ഒരു ചു​മ​രിൽ നാ​ലാ​മൻ ആങ്ങ് റി​യു​ടെ കാ​ല​ത്തേ​ക്കു ചേർ​ന്ന മറ്റൊ​രു കമാ​ന​വാ​തി​ലു​ണ്ടു്; അതു് ഒരു തോ​ട്ട​ത്തി​ലെ മര​ക്കൂ​ട്ട​ത്തെ ഒരു​നോ​ക്കു കാ​ട്ടി​ത്ത​രു​ന്നു; ഈ വാ​തി​ലി​ന്റെ അടു​ത്തു് ഒരു വള​ക്കു​ണ്ടും, ‘പി​ക്കാ​സു’ കളും ചില കൈ​ക്കോ​ട്ടു​ക​ളും, ചില വണ്ടി​ക​ളും, പാ​വു​ക​ല്ലോ​ടും ഇരു​മ്പു​തി​രി വട്ട​ത്തോ​ടും കൂടിയ ഒരു പഴയ കി​ണ​റും, ചാ​ടി​ന​ട​ക്കു​ന്ന ഒരു കോ​ഴി​ക്കു​ഞ്ഞും, ചിറകു വി​രു​ത്തിയ ഒരു ‘തുർ​ക്കി’ക്കോ​ഴി​യും, ഒരു ചെറിയ മണി​മാ​ളി​ക​കൊ​ണ്ടു പൊ​ന്തി​നി​ല്ക്കു​ന്ന ഒരു പള്ളി​യും, ആ പള്ളി​യു​ടെ ചു​മ​രി​നോ​ടു ചേർ​ത്തു ഭം​ഗി​യിൽ പടർ​ത്തിയ ഒരു പൂ​ക്കു​ന്ന ‘സബർജൽ’ മരവും— ഈ മു​റ്റ​ത്തെ നോ​ക്കൂ, ഇതു പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു നെ​പ്പോ​ളി​യ​ന്റെ മനോ​രാ​ജ്യ​ങ്ങ​ളിൽ ഒന്നു്. ഭൂ​മി​യു​ടെ ഈ ഒരു മൂല പി​ടി​ച്ചെ​ടു​ക്കു​വാൻ കഴി​ഞ്ഞി​രു​ന്നു​വെ​ങ്കിൽ, അതു് ഒരു സമയം ലോ​ക​ത്തെ മു​ഴു​വ​നും അദ്ദേ​ഹ​ത്തി​നു സമ്മാ​നി​ച്ചേ​നേ. അതിലെ മണ്ണു കോ​ഴി​ക്കു​ഞ്ഞു​ങ്ങൾ കൊ​ക്കു​കൊ​ണ്ടു കൊ​ത്തി​ച്ചി​ന്നു​ന്നു. ഒരു മു​ര​ളി​ച്ച കേൾ​ക്കാ​നു​ണ്ടു്; അതു് ഒരു കൂ​റ്റൻ നാ​യ​യു​ടെ​യാ​ണു്; അവൻ ഇളി​ച്ചു​കാ​ട്ടു​ന്നു; ഇം​ഗ്ല​ണ്ടു​കാ​രു​ടെ സ്ഥാ​നം നായ എടു​ത്തി​രി​ക്ക​യാ​ണു്.

ഇം​ഗ്ല​ണ്ടു​കാർ ഇവിടെ അഭി​ന​ന്ദ​നീ​യ​മാം​വ​ണ്ണം പെ​രു​മാ​റി. ഇവിടെ കു​ക്കി​ന്റെ നാലു രക്ഷി​സൈ​ന്യ​വ​കു​പ്പു​കൾ ഒരു വമ്പി​ച്ച പട​ക്കൂ​ട്ട​ത്തി​ന്റെ തട്ടി​ക്ക​യ​റ​ലോ​ടു് ഏഴു മണി​ക്കൂർ നേരം മാ​റു​കാ​ട്ടി​നി​ന്നു.

ഒരു ഭൂ​പ​ട​ത്തി​ന്റെ ഭാ​ഗ​മാ​യി നോ​ക്കു​മ്പോൾ, കെ​ട്ടി​ട​ങ്ങ​ളാ​ലും, നടു​മു​റ്റ​ങ്ങ​ളാ​ലും ഉണ്ടാ​യി​ത്തീർ​ന്ന ഹൂ​ഗോ​മോ​ങ്ങ്, ഒരു മു​ക്കു മു​ഴു​വ​നും മാ​ച്ചു​ക​ള​യ​പ്പെ​ട്ട ഒരു​ത​രം ചൊ​വ്വി​ല്ലാ​ത്ത സമ​കോ​ണ​ച​തു​ര​മാ​യി കാ​ണ​പ്പെ​ട്ടു. ഈ മതി​ലി​നാൽ കാ​ക്ക​പ്പെ​ട്ട തെ​ക്കേ വാ​തി​ലോ​ടു​കൂ​ടിയ ഈ മാ​യ്ക്ക​പ്പെ​ട്ട ഭാ​ഗ​മാ​ണു് ഒരു പീ​ര​ങ്കി​വെ​ടി​യു​ടെ ദൂ​ര​ത്തു കാ​ണ​പ്പെ​ടു​ന്ന​തു്. ഹൂ​ഗോ​മോ​ങ്ങിൽ രണ്ടു വാ​തി​ലു​ണ്ട്— കോ​ട്ട​യു​ടേ​തായ തെ​ക്കോ​ട്ടു​ള്ള വാ​തി​ലും, കൃ​ഷി​സ്ഥ​ല​ത്തേ​ക്കു വട​ക്കോ​ട്ടു​ള്ള വാ​തി​ലും. ഹൂ​ഗോ​മോ​ങ്ങി​ന്റെ നേരെ നെ​പ്പോ​ളി​യൻ തന്റെ അനു​ജ​നായ ഴേ​റോ​മി​നെ അയ​ച്ചു.

ഫ്വാ [1], ഗിൽ​മി​നോ [1], ബാ​ഷ​ല്യു [1] എന്നി​വ​രു​ടെ സൈ​ന്യ​വി​ഭാ​ഗ​ങ്ങൾ അതി​നു​മേൽ തല​യി​ട്ട​ടി​ച്ചു; റെയി [1] യുടെ സൈ​ന്യം ഏതാ​ണ്ടു മു​ഴു​വ​നും അതിനു നേരെ പ്ര​യോ​ഗി​ക്ക​പ്പെ​ട്ടു. നശി​ച്ചു; ഈ ധീ​രോ​ദാ​ത്ത​മായ മതിൽ​ക്ക​ഷ്ണ​ത്തി​ന്മേൽ കെ​ല്ലെർ​മാ​ന്റെ [1] ഉണ്ട​കൾ മു​ഴു​വ​നും ചെ​ല​വാ​ക്ക​പ്പെ​ട്ടു. ബ്വോ​ദ്വാ​ങ്ങി​നു​ള്ള [1] സൈ​ന്യ​ങ്ങൾ ഹൂ​ഗോ​മോ​ങ്ങി​ന്റെ വട​ക്കു​ഭാ​ഗം തകർ​ത്തു കട​ക്കു​വാൻ മതി​യാ​യി​ല്ല; സോയി [2] യുടെ സൈ​ന്യ​ത്തി​നു തെ​ക്കു​പു​റ​ത്തു് ഒരു വി​ട​വു​ണ്ടാ​ക്കാൻ നോ​ക്കു​ന്ന​തി​ന​ല്ലാ​തെ, അതു പി​ടി​ച്ച​ട​ക്കു​വാൻ അവ​യെ​ക്കൊ​ണ്ടു കഴി​ഞ്ഞി​ല്ല.

കൃ​ഷി​പ്പു​ര​ക​ളാ​ണു് ആ കളി​മു​റ്റ​ത്തി​ന്റെ തെ​ക്കെ അതി​രു്, ഫ്രാൻ​സു​കാ​രാൽ തകർ​ക്ക​പ്പെ​ട്ട വട​ക്കേ വാ​തി​ലി​ന്റെ ഒരു കഷ്ണം ചു​മ​രി​ന്മേൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. വി​ല​ങ്ങ​നെ​യു​ള്ള രണ്ടു മര​ത്ത​ടി​യി​ന്മേൽ ആണി​വെ​ച്ചു​റ​പ്പി​ക്ക​പ്പെ​ട്ട നാലു പല​ക​ക്ക​ഷ്ണ​ങ്ങ​ളാ​ണ​തു്; ആക്ര​മ​ണ​ത്തി​ന്റെ വടു​ക്കൾ അവ​യു​ടെ മേൽ കാ​ണ​പ്പെ​ടു​ന്നു​ണ്ടു്.

ഫ്രാൻ​സു​കാർ തകർ​ത്തു​ക​ള​ഞ്ഞ​തും ചു​മ​രി​ന്മേൽ തൂ​ക്കി​യി​ട്ട കള്ളി​ക​ളു​ടെ സ്ഥാ​ന​ത്തു് ഒരു പലക ചേർ​ക്ക​പ്പെ​ട്ട​തു​മായ വട​ക്കേ വാതിൽ കളി​മു​റ്റ​ത്തി​ന്റെ അറ്റ​ത്തു പകുതി തു​റ​ന്നു​കി​ട​ക്കു​ന്നു; ചു​മ​രി​ന്റെ ഒരു ഭാഗം ചതു​ര​ത്തിൽ വെ​ട്ടി ചു​വ​ട്ടിൽ കല്ലു​കൊ​ണ്ടും മു​ക​ളിൽ ഇഷ്ടി​ക​കൊ​ണ്ടു​മാ​യി പണി​ചെ​യ്ത ആ വാതിൽ വട​ക്കു​പു​റ​ത്താ​യി കാണാം. എല്ലാ കൃ​ഷി​പ്പു​ര​ക​ളി​ലു​മു​ള്ള മാ​തി​രി, ചെ​ത്തി​ന​ന്നാ​ക്കാ​ത്ത രണ്ടു വലിയ കീ​റു​ക​ളോ​ടു​കൂ​ടിയ ഒരു വെറും വണ്ടി​വാ​തി​ലാ​ണ​തു്; പു​ല്പ​റ​മ്പു​കൾ അതി​ന​പ്പു​റ​ത്താ​ണു്. ഈ പ്ര​വേ​ശ​ദ്വാ​ര​ത്തു​വെ​ച്ചു​ണ്ടായ യു​ദ്ധം ഭയ​ങ്ക​ര​മാ​യി​രു​ന്നു. വാ​തി​ല്ക്ക​ട്ടി​ള​ക​ളി​ന്മേൽ ചോ​ര​ക്കൈ​ക​ളു​ടെ എല്ലാ​വിധ പാ​ടു​ക​ളും വള​രെ​ക്കാ​ലം മാ​യാ​തെ കി​ട​ന്നു. ബോ​ദ്വോ​ങ്ങ് കൊ​ല്ല​പ്പെ​ട്ട​തു് ഇവി​ടെ​വ​ച്ചാ​ണു്.

യു​ദ്ധ​ത്തി​ന്റെ ലഹള ഇപ്പോ​ഴും ആ മു​റ്റ​ത്തു ചു​റ്റി​പ്പ​റ്റി നി​ല്ക്കു​ന്നു. അതി​ന്റെ ഭയ​ങ്ക​ര​ത്വം അവിടെ കാ​ണാ​നു​ണ്ടു്; പോ​രാ​ട്ട​ത്തി​ലു​ള്ള പരി​ഭ്ര​മം അവിടെ കല്ല​ച്ചി​രി​ക്കു​ന്നു; അത​വി​ടെ ജനി​ക്കു​ക​യും മരി​ക്കു​ക​യും ചെ​യ്യു​ന്നു. ഇന്ന​ലെ​യാ​ണു് ഇതു് കഴി​ഞ്ഞ​തെ​ന്നു തോ​ന്നും. ചു​മ​രു​കൾ മര​ണ​വേ​ദ​ന​യി​ലാ​ണു്, കല്ലു​കൾ പു​ഴ​ങ്ങി വീ​ഴു​ന്നു. വി​ട​വു​കൾ ഉറ​ക്കെ നി​ല​വി​ളി​ക്കു​ന്നു, ദ്വാ​ര​ങ്ങൾ മു​റി​വു​ക​ളാ​ണു്, കു​നി​യു​ക​യും വി​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന മര​ങ്ങൾ ഓടി​ക്ക​ള​യാൻ നോ​ക്കു​ക​യാ​ണോ എന്നു തോ​ന്നും.

ഈ മു​റ്റ​ത്തി​നു് ഇതി​ലു​മ​ധി​കം വി​സ്താ​രം 1815-ൽ ഉണ്ടാ​യി​രു​ന്നു. അന്നു തകർ​ക്ക​പ്പെ​ട്ടു​പോയ കെ​ട്ടി​ട​ങ്ങൾ പല ആകൃ​തി​വി​ശേ​ഷ​ങ്ങ​ളേ​യും ഇതിനു നൽ​കി​യി​രു​ന്നു.

ഇം​ഗ്ല​ണ്ടു​കാർ ഇവി​ടെ​യാ​ണു് തങ്ങ​ളെ​ക്കൊ​ണ്ടു കോട്ട കെ​ട്ടി​യ​തു്; ഫ്രാൻ​സു​കാർ അക​ത്തു കട​ന്നു എങ്കി​ലും അവർ​ക്കു നി​ല​യു​റ​ച്ചി​ല്ല. ചെ​റു​പ​ള്ളി​ക്കു പുറമെ, കോ​ട്ട​യു​ടെ ഒരു​ഭാ​ഗം​കൂ​ടി— ഹൂ​ഗോ​മോ​ങ്ങി​ലെ പ്ര​ഭു​മ​ന്ദി​ര​ത്തിൽ അങ്ങ​നെ ഒന്നു മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ— ചു​ക്കി​ച്ചു​ളി​ഞ്ഞു നി​ല്ക്കു​ന്നു​ണ്ടു്; കു​ട​രെ​ല്ലാം പോയി നി​ല്ക്കു​ന്നു എന്നു പറയാം. കോട്ട ഒരു തു​റു​ങ്കാ​യും ചെ​റു​പ​ള്ളി തടി​മ​രം​കൊ​ണ്ടു​ള്ള ഒരു കോ​ട്ട​യാ​യും ഉപ​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇവി​ടെ​വ​ച്ച് ആളുകൾ അന്യോ​ന്യം കൊ​ത്തി നു​റു​ക്കി. എല്ലാ ഭാ​ഗ​ത്തു​നി​ന്നും—ചു​മ​രു​ക​ളു​ടെ പി​ന്നിൽ​നി​ന്നും, മാ​ളി​ക​മു​റി​ക​ളു​ടെ മു​ക​ളിൽ​നി​ന്നും, എല്ലാ കി​ളി​വാ​തി​ലു​ക​ളു​ടെ​യും ഉള്ളിൽ​നി​ന്നും, നി​ല​വ​റ​ക​ളു​ടെ ആഴ​ത്തിൽ​നി​ന്നും, എല്ലാ കാ​റ്റിൻ​പ​ഴു​തു​ക​ളിൽ​നി​ന്നും, കല്ലു​ക​ളി​ലു​ള്ള ഓരോ ചെ​റു​ദ്വാ​ര​ത്തിൽ​നി​ന്നും—വെ​ടി​വെ​ക്ക​പ്പെ​ട്ടു. ഫ്രാൻ​സു​കാർ ഉണ​ക്ക​ച്ചു​ള്ളി​കൾ കൊ​ണ്ടു​വ​ന്നു കൂ​ട്ടി ചു​മ​രു​കൾ​ക്കും മനു​ഷ്യർ​ക്കും തീ​ക്കൊ​ടു​ത്തു; വെ​ടി​യു​ണ്ട​ക​ളോ​ടു​ണ്ടായ മറു​പ​ടി തി​യ്യി​ട​ലാ​ണു്.

ഇടി​ഞ്ഞു തകർ​ന്നു​നി​ല്ക്കു​ന്ന ഭാ​ഗ​ത്തു് ഇരു​മ്പ​ഴി​ക​ളാൽ അല​ങ്ക​രി​ക്ക​പ്പെ​ട്ട ജനാ​ല​ക​ളി​ലൂ​ടെ, മോ​ടി​ക​ളെ​ല്ലാം നശി​പ്പി​ച്ചു​ക​ള​ഞ്ഞ മണി​യ​റ​കൾ നഗ്ന​ങ്ങ​ളാ​യി കാ​ണ​പ്പെ​ട്ടി​രു​ന്നു; ആ അറ​ക​ളി​ലാ​ണു് ഇം​ഗ്ലീ​ഷ് രക്ഷി​ഭ​ട​ന്മാർ പതി​യി​രു​ന്ന​തു്; നി​ല​ത്തു​നി​ന്നു് തു​ട​ങ്ങി മേൽ​പ്പു​ര​വ​രെ ഒരു​പോ​ലെ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന പി​രി​ക്കോ​ണി ഒരു പൊ​ട്ടി​പ്പി​ളർ​ന്ന പീ​ര​ങ്കി​യു​ണ്ട​യു​ടെ ഉള്ളു​പോ​ലെ തോ​ന്നി. കോ​ണി​ക്കു രണ്ടു നി​ല​യു​ണ്ടു്; കോ​ണി​യിൽ​വെ​ച്ചെ​തിർ​ക്ക​പ്പെ​ട്ടു മു​കൾ​നി​ല​യിൽ കൂ​ട്ടം​കൂ​ടി​യി​രു​ന്ന ഇം​ഗ്ല​ണ്ടു​കാർ താ​ഴ​ത്തെ കല്പ​ട​ക​ളൊ​ക്കെ ഉട​ച്ചു​ക​ള​ഞ്ഞു. അവ നീ​ല​നി​റ​ത്തി​ലു​ള്ള വലിയ കല്പ​ല​ക​ക​ളാ​യി​രു​ന്നു; അവ ഇപ്പോൾ തൂ​വ​ച്ചെ​ടി​ക​ളു​ടെ ഇയടിൽ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണു്. അഞ്ചു​പ​ത്തെ​ണ്ണം ഇപ്പോൾ ചു​മ​രി​ന്മേൽ പറ്റി​പ്പി​ടി​ച്ചു നി​ല്ക്കു​ന്നു​ണ്ടു്. ഒന്നാ​മ​ത്തേ​തിൽ ഒരു ശൂ​ല​ത്തി​ന്റെ രൂപം കൊ​ത്തി​യി​രി​ക്കു​ന്നു. കയറാൻ വയ്യാ​ത്ത ഈ കല്പ​ട​കൾ ഭി​ത്തി​പ്പ​ഴു​തു​ക​ളിൽ കട്ട​പി​ടി​ച്ചു​നി​ല്ക്കു​ന്നു. ബാ​ക്കി​യെ​ല്ലാം പല്ലു പൊ​യ്പോയ ഒരു താ​ടി​യെ​ല്ലു​പോ​ലെ​യി​രു​ന്നു. അവിടെ രണ്ടു കിഴവൻ മര​ങ്ങ​ളു​ണ്ടു്; ഒന്നു് ചത്തി​രി​ക്കു​ന്നു; മറ്റേ​തി​നു അടി​യിൽ ഒരു മു​റി​വു് പറ്റി​യി​ട്ടു​ണ്ടു്; ഏപ്രിൽ​മാ​സ​ത്തി​ലെ ഇല​പ്പ​ടർ​പ്പു​കൊ​ണ്ടു അതു​ടു​പ്പി​ട്ടി​രു​ന്നു. 1815-നു ശേഷം അതു കോ​ണി​പ്പ​ടി​ക​ളി​ലൂ​ടെ പി​ടി​ച്ചു​വ​ള​രാൻ തു​ട​ങ്ങി​യി​ട്ടു​ണ്ടു്.

ചെ​റു​പ​ള്ളി​യിൽ ഒരു കൂ​ട്ട​ക്കൊല നട​ന്നു. പണ്ട​ത്തെ ശാ​ന്തത വീ​ണ്ടു​കി​ട്ടിയ അതി​ന്റെ അകം അപൂർ​വ​മ​ട്ടി​ലാ​ണു്. ആ പെ​രും​കൊ​ല​യ്ക്കു ശേഷം അവിടെ ഈശ്വ​ര​പ്രാർ​ഥന നട​ന്നി​ട്ടി​ല്ല. എങ്കി​ലും മി​നു​സം വരു​ത്താ​ത്ത മരം​കൊ​ണ്ടു​ള്ള ‘തി​രു​വ​ത്താ​ഴ​മേശ’യു​ണ്ടു് അവിടെ പരു​ക്കൻ കല്ലു​ക​ളു​ടെ മുൻ​പിൽ കി​ട​ക്കു​ന്നു; വെ​ള്ള​തേ​ച്ച നാലു വാ​തി​ലു​കൾ, തി​രു​വ​ത്താ​ഴ​മേ​ശ​യ്ക്കെ​തി​രാ​യി ഒരു വാതിൽ, കമാ​നാ​കൃ​തി​യി​ലു​ള്ള രണ്ടു ചെ​റു​ജ​നാ​ല​കൾ; വാ​തി​ലി​നു മീതെ ഒരു വലിയ മര​ക്കു​രി​ശ്, കു​രി​ശി​നു ചു​വ​ട്ടിൽ ഒരു കെ​ട്ടു് വൈ​ക്കോൽ​കൊ​ണ്ട​ട​ച്ചി​ട്ടു​ള്ള ഒരു പഴു​തു്; നി​ല​ത്തു് ഒരു മൂ​ല​യിൽ ചി​ല്ലൊ​ക്കെ പൊ​ടി​ഞ്ഞു​ത​കർ​ന്ന ഒരു പഴയ ജനാ​ല​ച്ച​ട്ടം— ഇങ്ങ​നെ​യാ​ണു് ആ ചെ​റു​പ​ള്ളി. തി​രു​വ​ത്താ​ഴ​മേ​ശ​യ്ക്ക​ടു​ത്താ​യി പതി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ലെ സെ​യി​ന്റു് ആന്റെ ഒരു മര​പ്ര​തിമ ആണി​വെ​ച്ചു​റ​പ്പി​ച്ചി​ട്ടു​ണ്ടു്; പി​ഞ്ചു​കു​ട്ടി​യായ യേ​ശു​വി​ന്റെ തല ഒരു പീ​ര​ങ്കി​യു​ണ്ട കൊ​ണ്ടു​പോ​യി. ഒരു നി​മി​ഷ​നേ​ര​ത്തേ​ക്കു ചെ​റു​പ​ള്ളി​യു​ടെ ഉട​മ​സ്ഥത കി​ട്ടി​യ​വ​രും​ഉ​ട​നെ ആട്ടി​യ​യ​യ്ക്ക​പ്പെ​ട്ട​വ​രു​മായ ഫ്രാൻ​സു​കാർ അതിനു തീ​ക്കൊ​ളു​ത്തി. ആ കെ​ട്ടി​ടം മു​ഴു​വ​നും അഗ്നി​ജ്വാല നി​റ​ഞ്ഞു; അതു തി​ക​ച്ചും ഒരു ചൂ​ള​ക്കു​ഴി​യാ​യി; വാതിൽ കത്തി; നിലം കത്തി; മരം കൊ​ണ്ടു​ള്ള ക്രി​സ്തു കത്തി​യി​ല്ല. ആ പ്ര​തി​മ​യു​ടെ കാ​ലി​ന്മേൽ തി​യ്യു ചെ​ന്നു പി​ടി​കൂ​ടി; ആ കാ​ലി​ന്റെ കറു​ത്ത കഷ്ണ​ങ്ങൾ മാ​ത്ര​മേ ഇപ്പോൾ കാ​ണാ​നു​ള്ളു; ഉടനെ കത്തി​ക്ക​യ​റൽ നി​ന്നു—അയൽ​പ​ക്ക​ക്കാ​രു​ടെ സി​ദ്ധാ​ന്ത​പ്ര​കാ​രം, ഒര​ത്യ​ത്ഭു​തം. തല കൊ​യ്തു​പോയ യേ​ശു​ക്കു​ട്ടി​ക്കു ക്രി​സ്തു​വി​നോ​ളം​ത​ന്നെ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല.

ചു​മ​രു​ക​ളെ​ല്ലാം ഓരോ എഴു​ത്തു​ക​ളെ​ക്കൊ​ണ്ടു മൂ​ടി​യി​രി​ക്കു​ന്നു. ക്രി​സ്തു​വി​ന്റെ കാ​ല്ക്കൽ എഴു​തി​ക്കാ​ണു​ന്നു; നോ​ക്കുക പി​ന്നെ ഇങ്ങ​നെ: പാ​പി​കൾ​ക്കു മാ​പ്പു കി​ട്ടും. ആശ്ച​ര്യ​ക്കു​റി​പ്പു​ക​ളോ​ടു​കൂ​ടിയ ഫ്ര​ഞ്ച് പേ​രു​ക​ളു​ണ്ട്— ദേ​ഷ്യ​ത്തി​ന്റെ ഒര​ട​യാ​ളം. ചു​മ​രു​ക​ളെ​ല്ലാം 1849-ൽ പു​തു​താ​യി വെള്ള തേ​ച്ചു. രണ്ടു രാ​ജ്യ​ക്കാർ ഇവിടെ വെ​ച്ച് അന്യോ​ന്യം അവ​മാ​നി​ച്ചു.

ഈ ചെ​റു​പ​ള്ളി​യു​ടെ വാ​തിൽ​ക്കൽ​വെ​ച്ചാ​ണു് കൈയിൽ മഴു​വോ​ടു​കൂ​ടിയ ഒരു ശവം തപ്പി​യെ​ടു​ക്ക​പ്പെ​ട്ട​തു്; ആ ശവം ഉപ​സൈ​ന്യ​നാ​യ​ക​നായ ലെ​ഗ്രോ​വി​ന്റേ​യാ​യി​രു​ന്നു. ചെ​റു​പ​ള്ളി​യിൽ​നി​ന്നു് കട​ന്നാൽ ഇട​തു​ഭാ​ഗ​ത്താ​യി ഒരു കിണർ കാണാം. ഈ നടു​മു​റ്റ​ത്തു രണ്ടു കി​ണ​റു​ണ്ടു്. ആളുകൾ ചോ​ദി​ച്ചേ​ക്കും, വെ​ള്ളം കോ​രു​ന്ന പാ​ത്ര​വും കയറും എന്തു​കൊ​ണ്ടി​ല്ല? ഇവിടെ ആരും വെ​ള്ളം കോ​രാ​റി​ല്ല. എന്തു​കൊ​ണ്ടു് വെ​ള്ളം കോ​രു​ന്നി​ല്ല? കിണറു നി​റ​ച്ചും അസ്ഥി​കൂ​ട​ങ്ങ​ളാ​ണു്.

ആ കി​ണ​റ്റിൽ​നി​ന്നു് ഒടു​വിൽ വെ​ള്ളം കോ​രി​യി​ട്ടു​ള്ളാ​ളു​ടെ പേർ ഗിയോം വാൻ കിൽ​സോം എന്നാ​യി​രു​ന്നു. അയാൾ ഹൂ​ഗോ​മോ​ങ്ങിൽ താ​മ​സി​ച്ചി​രു​ന്ന ഒരു കൃ​ഷി​ക്കാ​ര​നാ​ണു്; അയാൾ ഇവിടെ ഒരു തോ​ട്ട​ക്കാ​ര​നാ​യി​രു​ന്നു. 1815-ജൂൺ 18-ആം തീയതി അയാ​ളു​ടെ കു​ടും​ബം ഓടി​പ്പോ​യി കാ​ട്ടിൽ ചെ​ന്നൊ​ളി​ച്ചു.

വി​ല്ലി​യേ​റി​ലെ പള്ളി​ക്കു ചു​റ്റു​മു​ള്ള കാ​ട്ടു​പ്ര​ദേ​ശം അവി​ട​വി​ടെ ചി​ന്നി​പ്പോയ ഈ നിർ​ഭാ​ഗ്യ​ന്മാ​രെ വളരെ ദി​വ​സ​ത്തേ​ക്കു കാ​ത്തു​ര​ക്ഷി​ച്ചു; കത്തി​ച്ച മര​ങ്ങ​ളു​ടെ പഴയ കു​റ്റി​കൾ തു​ട​ങ്ങി ചില അട​യാ​ള​ങ്ങൾ ഇന്നും കാ​ണു​ന്നു​ണ്ടു്; അതുകൾ കു​റ്റി​ക്കാ​ടു​ക​ളു​ടെ ഒത്ത നടു​വിൽ​ച്ചെ​ന്നു് വി​റ​ച്ചു​കൂ​ടിയ ഈ പാ​വ​ങ്ങ​ളു​ടെ വെ​ളി​മ്പാ​ള​യ​ങ്ങൾ എവി​ടെ​യാ​യി​രു​ന്നു എന്നു് കാ​ണി​ക്കു​ന്നു.

ഗിയോം വാൻ കിൽ​സോം ‘കോട്ട കാ​ക്കു​ന്ന​തി​നു​വേ​ണ്ടി’ ഹു​ഗോ​മോ​ങ്ങിൽ​ത്ത​ന്നെ കൂടി; അയാൾ കു​ണ്ട​റ​യിൽ​ച്ചെ​ന്നൊ​ളി​ച്ചു. ഇം​ഗ്ല​ണ്ടു​കാർ അയാളെ അവിടെ വെ​ച്ചു കണ്ടു. അവർ അയാളെ ആ ഒളി​സ്ഥ​ല​ത്തു​നി​ന്നു വലി​ച്ചെ​ടു​ത്തു; ആ പേ​ടി​ച്ച​ര​ണ്ട മനു​ഷ്യ​നെ​ക്കൊ​ണ്ടു് ശത്രു​ക്കൾ വാളു പര​ത്തി​യ​ടി​ച്ച് നിർ​ബ​ന്ധി​ച്ചു പണി​യെ​ടു​പ്പി​ച്ചു. അവർ​ക്കു ദാ​ഹി​ച്ചി​രു​ന്നു; ഈ ഗിയോം അവർ​ക്കു വെ​ള്ളം കൊ​ണ്ടു​ക്കൊ​ടു​ത്തു. ഈ കി​ണ​റ്റിൽ​നി​ന്നാ​ണു് അയാൾ വെ​ള്ളം കോ​രി​യി​രു​ന്ന​തു്. പലരും തങ്ങൾ ചാ​വു​മ്പോ​ഴ​ത്തെ വെ​ള്ളം അതിൽ​നി​ന്നു കു​ടി​ച്ചു. മരി​ച്ചു​പോയ അത്ര​യ​ധി​കം പേർ വെ​ള്ളം കു​ടി​ച്ച​തായ ആ കിണർ സ്വ​യ​മേവ ചാ​വ​ണ​മെ​ന്നാ​യി​രു​ന്നു ഈശ്വ​ര​വി​ധി.

യു​ദ്ധം കഴി​ഞ്ഞ​പ്പോൾ ശവ​ങ്ങ​ളെ​ല്ലാം എടു​ത്തു കു​ഴി​ച്ചു​മൂ​ടു​വാൻ അവർ​ക്കു ബദ്ധ​പ്പാ​ടാ​യി, മര​ണ​ത്തി​നു വി​ജ​യ​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഒരു മട്ടു​ണ്ടു്; ബഹു​മ​തി​യു​ടെ പി​ന്നാ​ലെ അതു പകർ​ച്ച​വ്യാ​ധി​യെ പറ​ഞ്ഞ​യ​യ്ക്കു​ന്നു. ജയ​ത്തി​ന്റെ ഒരു ചങ്ങാ​തി​യാ​ണു് വി​ഷ​ജ്വ​രം. ഈ കി​ണ​റു് നല്ല ആഴ​മു​ള്ള​താ​യി​രു​ന്നു; അതി​നെ​ക്കൊ​ണ്ടു് ഒരു ശവ​ക്കു​ഴി​യു​ണ്ടാ​ക്കി. മു​ന്നൂ​റു ശവം അതിൽ കൊ​ണ്ടി​ട്ടു. ഒരു സമയം വല്ലാ​ത്ത ബദ്ധ​പ്പാ​ടിൽ. അവ​രൊ​ക്കെ ചത്തി​രു​ന്നു​വോ? ഐതി​ഹ്യം പറ​യു​ന്ന​തു് ഇല്ലെ​ന്നാ​ണു്; ശവ​സം​സ്കാ​രം കഴി​ഞ്ഞ അന്നു രാ​ത്രി​കി​ണ​റ്റിൽ​നി​ന്നു ചില ക്ഷീ​ണ​സ്വ​ര​ങ്ങൾ വി​ളി​ച്ചി​രു​ന്ന​തു കേ​ട്ടു​വ​ത്രേ.

ഈ കിണറ് മു​റ്റ​ത്തി​ന്റെ നടു​ക്ക് ഒറ്റ​പ്പെ​ട്ടു നി​ല്ക്കു​ന്നു. പകുതി കല്ലും പകുതി ഇഷ്ടി​ക​യു​മാ​യി, ഒരു ചെറിയ ചതു​ര​മാ​ളി​ക​യു​ടെ നാ​ട്യം നടി​ച്ചു​കൊ​ണ്ടും ഒരു മറ​ശ്ശീ​ല​യു​ടെ രണ്ടു കീ​റു​കൾ​പോ​ലെ മട​ക്കു​ക​ളി​ട്ടു​കൊ​ണ്ടു​മു​ള്ള മൂ​ന്നു ചു​മ​രു​കൾ അതിനെ എല്ലാ ഭാ​ഗ​ത്തും വള​ഞ്ഞി​രി​ക്കു​ന്നു. നാ​ലാ​മ​ത്തെ വശം തു​റ​ന്നി​ട്ട​താ​ണു്. വെ​ള്ളം കോ​രി​യി​രു​ന്ന​തു് അവി​ടെ​നി​ന്നാ​ണു്. ചു​മ​രി​ന്നു് അടി​യി​ലാ​യി ആകൃ​തി​യി​ല്ലാ​ത്ത ഒരു ദ്വാ​ര​മു​ണ്ടു്. ഒരു സമയം വെ​ടി​യു​ണ്ട തട്ടി​യു​ണ്ടാ​യ​താ​യി​രി​ക്കാം അതു്. ഈ ചെ​റു​മാ​ളി​ക​യ്ക്കു മുൻ​പിൽ ഒരു മണ്ഡ​പ​മു​ണ്ടു്; അതി​ന്റെ തുലാം മാ​ത്ര​മേ ബാ​ക്കി​യാ​യി നി​ല്പു​ള്ളൂ. കി​ണ​റി​ന്റെ വല​തു​വ​ശ​ത്തു​ള്ള ഇരി​മ്പു​താ​ങ്ങു​കൾ​കൊ​ന്റു് ഒരു കു​രി​ശു​ണ്ടാ​യി​രി​ക്കു​ന്നു. അതി​ലേ​ക്കു കു​നി​ഞ്ഞു​നോ​ക്കു​മ്പോൾ, നോ​ട്ടം, കു​ന്നു​കൂ​ടിയ നി​ഴ​ലു​ക​ളാൽ നി​റ​യ​പ്പെ​ട്ട ഒര​ഗാ​ധ​മായ ഇഷ്ടി​ക​ക്കു​ഴ​ലി​ലേ​ക്ക് ആണ്ടു​പോ​കു​ന്നു. കി​ണ​റ്റി​നു ചു​റ്റു​മു​ള്ള ചു​മ​രി​ന്റെ അടി മു​ഴു​വ​നും തൂ​വ​ച്ചെ​ടി​ക​ളു​ടെ തഴ​പ്പി​നു​ള്ളിൽ ഒളി​ച്ചി​രി​ക്കു​ന്നു.

ബെൽ​ജി​യ​ത്തി​ലെ എല്ലാ കി​ണ​റു​കൾ​ക്കും ഒരു മൂ​ഖ​ച്ച​ട്ട​യാ​യി​ക്കാ​ണാ​റു​ള്ള ആ വലിയ നി​ല്ക്ക​ല്പ​ലക ഈ കി​ണ​റ്റി​നു മുൻ​പി​ലി​ല്ല. ആ സ്ഥാ​ന​ത്തു് ഒരു തു​ലാ​ത്ത​ണ്ടാ​ണു് ഇതി​ന്നു​ള്ള​തു്; അതി​ന്മേൽ വമ്പി​ച്ച എല്ലു​ക​ളെ​ന്നു തോ​ന്നു​ന്ന അഞ്ചോ ആറോ എണ്ണം ആകൃ​തി​യി​ല്ലാ​ത്ത മു​ര​ട്ടു​ക​ഷ്ണ​ങ്ങൾ ചാ​രി​നി​ല്ക്കു​ന്നു​ണ്ടു്.

തൊ​ട്ടി​യോ ചങ്ങ​ല​യോ ‘കപ്പി’യോ യാ​തൊ​ന്നും അവി​ടെ​യി​ല്ല; വെ​ള്ളം കോരി നി​റ​യ്ക്കു​ന്ന കല്ലു​കൊ​ട്ട​ത്ത​ളം മാ​ത്രം അപ്പോ​ഴു​മു​ണ്ടു്. മഴ​വെ​ള്ളം അതിൽ കെ​ട്ടി നി​ല്ക്കു​ന്നു; ചി​ല​പ്പോ​ഴൊ​ക്കെ അടു​ത്തു​ള്ള കാ​ട്ടിൽ​നി​ന്നു് ഒരു പക്ഷി അവിടെ വന്നു് വെ​ള്ളം കു​ടി​ച്ചു തി​രി​കെ പറ​ന്നു​പോ​കും. ഈ നശി​ച്ചു​പോയ കെ​ട്ടി​ട​ത്തി​ന്റെ ഒരു ഭാ​ഗ​ത്തു് ഇപ്പോ​ഴും ആൾ​പ്പാർ​പ്പു​ണ്ടു്. ആ വീ​ട്ടി​ന്റെ വാതിൽ നടു​മു​റ്റ​ത്തേ​ക്കാ​ണു്. ഈ വാ​തി​ലി​ന്മേൽ ഒരു ചന്ത​മു​ള്ള അപ​രി​ഷ്കൃ​ത​പ്പൂ​ട്ടു​പ​ല​ക​യു​ള്ള​തി​നോ​ട​ടു​ത്തു ചെ​രി​ഞ്ഞ മൂ​ന്നു ലോ​ഹ​പ്പൊ​ടു​പ്പോ​ടു​കൂ​ടിയ ഒരി​രി​മ്പോ​ടാ​മ്പ​ലു​ണ്ടു്. വിൽഡ എന്ന ഹാ​നോ​വേ​റി​യൻ സേ​നാ​പ​തി ആ കൃ​ഷി​പ്പു​ര​യ്ക്ക​ടു​ത്തു കട​ന്നു രക്ഷ​പ്രാ​പി​ക്കു​വാൻ​വേ​ണ്ടി ആ ഓടാ​മ്പൽ കട​ന്നു​പി​ടി​ച്ച ഉടനെ ഒരു ഫ്ര​ഞ്ച് തു​ര​ങ്ക​പ്പ​ട​യാ​ളി ഒരു മഴു​കൊ​ണ്ടു് അയാ​ളു​ടെ കൈ ചെ​ത്തി​ക്ക​ള​ഞ്ഞു.

ഇപ്പോൾ ആ വീ​ട്ടിൽ താ​മ​സി​ച്ചു​വ​ന്ന കു​ടും​ബ​ക്കാ​രു​ടെ മു​ത്ത​ച്ഛ​നാ​ണു് ആ വളരെ മുൻപു മരി​ച്ചു​പോയ പഴയ തോ​ട്ട​ക്കാ​രൻ ഗി​യോം​വാൻ കിൽ​സോം. തല നരച്ച ഒരു സ്ത്രീ ഇതെ​ഴു​ന്നാ​ളോ​ടു് പറ​ഞ്ഞു: ‘ഞാൻ ഇവിടെ ഉണ്ടാ​യി​രു​ന്നു. എനി​ക്ക​ന്നു മൂ​ന്നു വയ​സ്സാ​ണു്. എന്റെ ജേ​ഷ്ഠ​ത്തി പേ​ടി​ച്ചു പൊ​ട്ടി​ക്ക​ര​ഞ്ഞു. ആളുകൾ ഞങ്ങ​ളെ കാ​ട്ടി​ലേ​ക്കെ​ടു​ത്തു​കൊ​ണ്ടു​പോ​യി. എന്നെ എന്റെ അമ്മ​യാ​ണു് എടു​ത്തി​രു​ന്ന​തു്. കേൾ​ക്കു​വാൻ​വേ​ണ്ടി ഞങ്ങൾ ചെ​കി​ടു നി​ല​ത്തൊ​ട്ടി​ച്ചു​വെ​ച്ചു. പീ​ര​ങ്കി​യു​ടെ ഒച്ച ഞാൻ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു; ‘ബും!ബൂം!’ എന്നു ഞാൻ ഉറ​ക്കെ ശ്ശ​ബ്ദി​ക്കും.’

ഇട​തു​ഭാ​ഗ​ത്തു മു​റ്റ​ത്തു​നി​ന്നു കട​പ്പാ​നു​ള്ള വാതിൽ തോ​ട്ട​ത്തി​ലേ​ക്കാ​ണെ​ന്നാ​ണു് പറ​ഞ്ഞു​കേ​ട്ട​തു്. തോ​ട്ടം ഭയ​ങ്ക​ര​മാ​ണു്.

അതു മൂ​ന്നു ഭാ​ഗ​മാ​യി​ട്ടാ​ണു്; മൂ​ന്ന​ങ്ക​മാ​യി​ട്ടെ​ന്നു് ഏതാ​ണ്ടു് പറയാം. ഒന്നാ​മ​ത്തേ​തു് ഒരു പൂ​ങ്കാ​വു്, രണ്ടാ​മ​ത്തേ​തു് ഒരു മര​ത്തോ​പ്പു്, മൂ​ന്നാ​മ​ത്തേ​തു് ഒരു കാടു്. ഈ മൂ​ന്നി​നും​കൂ​ടി ഒരു വേ​ലി​യാ​ണു​ള്ള​തു്. കട​ന്നു​ചെ​ല്ലു​ന്നേ​ട​ത്തു കോ​ട്ട​യും കൃ​ഷി​പ്പു​ര​യും; ഇട​തു​ഭാ​ഗ​ത്തു് ഒരു വേലി, വല​ത്തു​പു​റ​ത്തു് ഒരു മതിൽ, അറ്റ​ത്തും ഒരു മതിൽ. വല​ത്തു​പു​റ​ത്തു​ള്ള മതിൽ ഇഷ്ടി​ക​കൊ​ണ്ടാ​ണു്; അറ്റ​ത്തു​ള്ള​തു കല്ലു​കൊ​ണ്ടും. ആദ്യ​മാ​യി ചെ​ല്ലു​ന്ന​തു പൂ​ന്തോ​പ്പി​ലേ​ക്കാ​ണു്. അതു കീ​ഴ്പോ​ട്ടു ചാ​ഞ്ഞു നി​ല്ക്കു​ന്നു; അരി​നെ​ല്ലി​ച്ചെ​ടി​കൾ അതിൽ വെ​ച്ചു​പി​ടി​പ്പി​ച്ചു​ണ്ടു്; ഒരു​കൂ​ട്ടം പാ​ഴ്ചെ​ടി​കൊ​ണ്ടു് അതു നി​റ​ഞ്ഞ് ശ്വാ​സം​മു​ട്ടു​ന്നു; ഇര​ട്ട​വ​ള​വു​ള്ള കൽ​ത്തൂൺ​വേ​ലി​യോ​ടു​കൂ​ടി വെ​ട്ടു​ക​ല്ലു​കൊ​ണ്ടു​ണ്ടാ​ക്കിയ ഒരു മതിൽ​മേ​ട​കൊ​ണ്ടു് അത​വ​സാ​നി​ക്കു​ന്നു.

അതു് ആദ്യ​ത്തെ ഫ്ര​ഞ്ചു​പ​രി​ഷ്കാ​ര​ത്തി​നു ചേർ​ന്ന ഒരു പ്ര​ഭു​മ​ന്ദി​രോ​ദ്യാ​ന​മാ​യി​രു​ന്നു; ഇപ്പോൾ അതു് മുൾ​ച്ചെ​ടി​ക​ളും ഇഷ്ടി​ക​ക്കൂ​ട്ട​ങ്ങ​ളു​മാ​ണു്. ചതു​ര​ത്തൂ​ണു​കൾ​ക്കു മു​ക​ളിൽ പീ​ര​ങ്കി​യു​ണ്ട​ക​ളെ​പ്പോ​ലു​ള്ള ശി​ലാ​ഗോ​ള​ങ്ങ​ളു​ണ്ടു്. ആ ഗോ​ള​ങ്ങ​ളു​ടെ കൊ​ഴാ​യ​ക​ളിൽ നാ​ല്പ​ത്തി​മൂ​ന്നു ഗു​ളി​ക​ക്കാ​ലു​കൾ ഇന്നും എണ്ണാം. ബാ​ക്കി​യു​ള്ളവ പു​ല്പൊ​ന്ത​യിൽ നമ​സ്ക​രി​ച്ചു​കി​ട​ക്കു​ന്നു. ഏക​ദേ​ശം എല്ലാ​റ്റി​നു​മു​ണ്ടു് വെ​ടി​യു​ണ്ട​കൾ​കൊ​ണ്ടു​ള്ള പോ​റ​ലു​കൾ. ഒരു മു​റി​ഞ്ഞ ഗു​ളി​ക​ക്കാൽ ഒരു മനു​ഷ്യ​ന്റെ തകർ​ന്ന കാ​ലു​പോ​ലെ വാ​തി​ല്ക്ക​മാ​ന​ത്തി​ന്മേൽ എടു​ത്തു​വെ​ച്ചി​രി​ക്കു​ന്നു.

ഈ പൂ​ന്തോ​പ്പിൽ, തോ​ട്ട​ത്തി​ന്റെ​യും അപ്പു​റ​ത്തു​വെ​ച്ചാ​ണു്, അവിടെ വന്നു പെ​ട്ടു പു​റ​ത്തേ​ക്കു​പോ​യി രക്ഷ​പ്പെ​ടാൻ കഴി​വി​ല്ലാ​തായ ആറു കാ​ലാ​ളു​കൾ, പൊ​ത്തു​ക​ളിൽ​വെ​ച്ചു കര​ടി​ക​ളെ​പ്പോ​ലെ നാ​യാ​ടി​പ്പി​ടി​ക്ക​പ്പെ​ട്ടു്, ഒന്നി​ന്റെ കൈയിൽ ചെ​റു​തോ​ക്കു​ക​ളു​ള്ള രണ്ടു ജർ​മൻ​ഭ​ട​സം​ഘ​ത്തോ​ടു യു​ദ്ധം വെ​ട്ടാൻ സന്ന​ദ്ധ​രാ​യ​തു്.

ജർ​മൻ​ഭ​ട​ന്മാർ, ഈ കൽ​ത്തൂൺ​വേ​ലി​ക്കു അക​ശ്ശീ​ല​വെ​ച്ച​പോ​ലെ നി​ര​ന്നു, മു​ക​ളി​ലൂ​ടെ വെ​ടി​വെ​ച്ചു. അടു​ത്തു​ള്ള കു​റ്റി​ക്കാ​ടു​ക​ള​ല്ലാ​തെ മറ്റു രക്ഷാ​സ്ഥാ​ന​മി​ല്ലാ​ത്ത​വ​രായ ആ പദാ​തി​ധീ​ര​ന്മാർ— ഇരു​നൂ​റാ​ളു​കൾ​ക്കു പകരം ആറു​പേർ—അങ്ങൊ​ട്ടും വെ​ടി​വെ​ച്ചു​കൊ​ണ്ടു​നി​ന്നു മരി​ക്കു​ന്ന​തി​നു കാൽ​മ​ണി​ക്കൂർ നേ​ര​മെ​ടു​ത്തു.

ചില കല്പ​ട​കൾ കയ​റി​യാൽ പൂ​ന്തോ​പ്പിൽ​നി​ന്നു മര​ത്തോ​ട്ടിൽ ചെ​ല്ലു​ന്നു. അവിടെ, ആ ഇത്തി​രി വട്ട​ത്തിൽ​വെ​ച്ച് ഒരു മണി​ക്കൂ​റി​നു​ള്ളിൽ ആയി​ര​ത്ത​ഞ്ഞൂ​റു​പേർ പര​ലോ​കം പ്രാ​പി​ച്ചു. മതി​ലു​കൾ വീ​ണ്ടും യു​ദ്ധ​ത്തി​നു തയ്യാ​റാ​ണെ​ന്നു തോ​ന്നും. ഓരോരോ ഉയ​ര​ത്തി​ലാ​യി ഇം​ഗ്ല​ണ്ടു​കാർ തു​ള​ച്ചു​വി​ട്ട മു​പ്പ​ത്തെ​ട്ടു ദ്വാ​ര​ങ്ങൾ ഇപ്പോ​ഴു​മു​ണ്ടു്. ആറാ​മ​ത്ത​തി​നു മുൻ​പിൽ കരി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള രണ്ടു് ഇം​ഗ്ലീ​ഷ് ശവ​കു​ടീ​ര​ങ്ങൾ കാ​ണ​പ്പെ​ടു​ന്നു. തെ​ക്കേ മതി​ലി​ന്മേൽ മാ​ത്ര​മേ പഴു​തു​ക​ളു​ള്ളൂ; ആ ഭാ​ഗ​ത്തു​നി​ന്നാ​ണു് പ്ര​ധാ​നാ​ക്ര​മ​ണ​മു​ണ്ടാ​യ​തു്. ഒരു​യർ​ന്ന വേ​ലി​യാൽ ആ മതിൽ പു​റ​ത്തു നി​ന്നു മറ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; ഒരു വേലി മാ​ത്ര​മേ കവ​ച്ചു​വെ​ക്കേ​ണ്ട​തു​ള്ളു എന്നു കരുതി ഫ്രാൻ​സു​കാർ തള്ളി​ക്ക​യ​റി. അതു കട​ന്നു; അപ്പോ​ളാ​ണു് ഇം​ഗ്ലീ​ഷ് ഭട​ന്മാർ പി​ന്നിൽ കാ​ത്തു​നി​ല്ക്കു​ന്ന ആ മതിൽ, ഒരു തട​സ്സ​വും ഒരു പതി​യി​രി​പ്പു​സ്ഥ​ല​വു​മാ​യി മുൻ​പിൽ പ്ര​ത്യ​ക്ഷീ​ഭ​വി​ച്ച​തു്. ഉടനെ ആ മു​പ്പ​ത്തെ​ട്ടു ദ്വാ​ര​ങ്ങ​ളും ഒപ്പം ഉണ്ട​ക​ളേ​യും തി​ര​ക​ളേ​യും വർ​ഷി​ച്ചു. സോ​യി​യു​ടെ പട​ക്കൂ​ട്ടം അതിനു മുൻ​പിൽ പൊ​ടി​ഞ്ഞു. അങ്ങ​നെ വാ​ട്ടർ​ലൂ​യു​ദ്ധം തു​ട​ങ്ങി​വെ​ച്ചു.

ഏതാ​യാ​ലും മര​ത്തോ​ട്ടം പി​ടി​ച്ച​ട​ക്കി. കോ​ണി​യി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടു ഫ്രാൻ​സു​കാർ നഖം​കൊ​ണ്ടു പി​ടി​ച്ചു​ക​യ​റി. മര​ങ്ങൾ​ക്കി​ട​യിൽ​വെ​ച്ച് അവർ ദ്വ​ന്ദ്വ​യു​ദ്ധം ചെ​യ്തു. ഈ പു​ല്ലു​ക​ളെ​ല്ലാം ചോ​ര​പ്ര​ള​യ​ത്തിൽ മു​ങ്ങി. നാ​സ്സോ​വി​ന്റെ എഴു​നൂ​രു പേ​രു​ള്ള ഒരു സൈ​ന്യം ഇവി​ടെ​വ​ച്ചു നശി​പ്പി​ച്ചു. കെ​ല്ലർ​മാ​ന്റെ രണ്ടു സൈ​ന്യ​ക്കൂ​ട്ട​ങ്ങൾ നി​ര​നി​ന്നി​രു​ന്ന മതി​ലി​ന്റെ പു​റം​ഭാ​ഗ​ത്തെ വെ​ടി​യു​ണ്ട​കൾ കര​ണ്ടി​രി​ക്കു​ന്നു.

മറ്റു​ള്ള​വ​യെ​പ്പോ​ലെ, ഈ മര​ത്തോ​ട്ട​വും മേ​യ്മാ​സ​ത്തിൽ സചേ​ത​ന​മാ​യി​ട്ടു​ണ്ടു്. ചന്ത​മു​ള്ള പു​ഷ്പ​ങ്ങൾ ഇവി​ടെ​യും വി​രി​ഞ്ഞു​നി​ല്ക്കു​ന്നു; പു​ല്ലു​കൾ ഉയരം വെ​ച്ചി​രി​ക്കു​ന്നു; വണ്ടി​ക്കു​തി​ര​കൾ മേ​ഞ്ഞു​ന​ട​ക്കു​ന്നു; വസ്ത്ര​ങ്ങൾ തോ​രാ​നി​ട്ടി​ട്ടു​ള്ള കെ​ട്ടു​വ​ള്ളി​കൾ, മര​ങ്ങൾ​ക്കി​ട​യി​ലു​ള്ള സ്ഥലം കീ​ഴ​ട​ക്കി വഴി​പോ​ക്ക​രെ തല​താ​ഴ്ത്തു​വാൻ നിർ​ബ​ന്ധി​ക്കു​ന്നു; ഈ ഉഴവു ചെ​ല്ലാ​ത്ത സ്ഥ​ല​ത്തു് ആളുകൾ നട​ന്നു​പോ​കു​ന്നു; അവ​രു​ടെ കാ​ലു​കൾ മൺ​പു​റ്റു​ക​ളിൽ ആഴു​ന്നു. പുൽ​ക്കൂ​ട്ട​ത്തിൽ നടു​ക്ക് ഒരു മര​ത്തി​ന്റെ കു​റ്റി മു​ഴു​വ​നും പൊ​ടി​ച്ചു പച്ച​പ്പു നി​ല്ക്കു​ന്നു​ണ്ടു്. ഈ മര​ത്തി​ന്മേൽ ചാ​രി​ക്കി​ട​ന്നി​ട്ടാ​ണു് മേജർ ബ്ലാ​ക്ക്മാൻ മരി​ച്ച​തു്. ഇതി​ന​ടു​ത്തു​ള്ള ഒരു വലിയ വൃ​ക്ഷ​ത്തി​ന്റെ ചു​വ​ട്ടിൽ​വെ​ച്ചു ജർമൻ സൈ​ന്യാ​ധി​പ​നായ ഡ്യൂ​പ്ലാ​റു് കൊ​ല്ല​പ്പെ​ട്ടു— നാ​ന്റെ രാ​ജ​ശാ​സ​നം [3] ദുർ​ബ​ല​മാ​ക്ക​പ്പെ​ട്ട​തോ​ടു​കൂ​ടി ഓടി​പ്പോയ ഒരു ഫ്ര​ഞ്ച് കു​ടും​ബ​ത്തിൽ​നി​ന്ന​ത്രേ ഇദ്ദേ​ഹ​ത്തി​ന്റെ ജനനം. പ്രാ​യം​ത​ട്ടി കു​ന്നു തു​ട​ങ്ങിയ ഒരാ​പ്പിൾ​മ​രം ഒരു ഭാ​ഗ​ത്തേ​ക്ക് ചാ​ഞ്ഞു​കി​ട​ക്കു​ന്നു; വയ്ക്കോ​ലും കളി​മ​ണ്ണും കൂ​ട്ടി അതി​ന്റെ മു​റി​വു വെ​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ടു്. ഏതാ​ണ്ടു് എല്ലാ ആപ്പിൾ​മ​ര​ങ്ങ​ളും പ്രാ​യം​കൊ​ണ്ടു കു​നി​ഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. വെ​ടി​യു​ണ്ട, ഒരു വി​ധ​ത്തി​ലു​ള്ള​ത​ല്ലെ​ങ്കിൽ മറ്റൊ​രു വി​ധ​ത്തി​ലു​ള്ള​ത്. കണ്ടി​ട്ടി​ല്ലാ​ത്ത ഒരു വൃ​ക്ഷ​വും ആ കൂ​ട്ട​ത്തി​ലി​ല്ല. ചത്തു​പോയ മര​ങ്ങ​ളു​ടെ അസ്ഥി​കൂ​ട​ങ്ങൾ ആ മര​ത്തോ​ട്ട​ത്തിൽ എങ്ങു​മു​ണ്ടു്. കാ​ക്ക​കൾ അവ​യു​ടെ കൊ​മ്പു​കൾ​ക്കി​ട​യി​ലൂ​ടെ പറ​ക്കു​ന്നു; അറ്റ​ത്താ​യി ജാ​തി​മ​ല്ലി​ക​ളാൽ നി​റ​യ​പ്പെ​ട്ട ഒരു കാ​ടു​മു​ണ്ടു്.

ബ്വോ​ദ്വോ​ങ്ങി​നെ വധി​ക്കൽ, ഫ്വാ​വെ മു​റി​പ്പെ​ടു​ത്തൽ, തീ​വെ​ക്കൽ, കൂ​ട്ട​ക്കൊല, പെ​രും​കൊ​ലെ, ഇം​ഗ്ലീ​ഷ്ര​ക്തം ഫ്ര​ഞ്ചു​ര​ക്തം ജർ​മൻ​ര​ക്തം എല്ലാം തള്ളി​ച്ചേർ​ന്നു മറി​ഞ്ഞൊ​ഴു​കിയ ഒരു ചെ​റു​ന​ദി, ശവ​ങ്ങൾ​കൊ​ണ്ടു് തി​ങ്ങി​നി​റ​ഞ്ഞ ഒരു കിണർ, നാ​സ്സോ​വി​ന്റേ​യും ബ്രൺ​സു് വി​ക്കി​ന്റേ​യും സൈ​ന്യ​ങ്ങ​ളു​ടെ നാശം, ഡ്യൂ​പ്ലാ​റ്റി​നെ വധി​ക്കൽ; ബ്ലാ​ക്ക്മാ​നെ വധി​ക്കൽ, ഇം​ഗ്ലീ​ഷ് രക്ഷി​ഭ​ട​ന്മാ​രെ കൊ​ത്തി​നു​റു​ക്കൽ, റെ​യി​യു​ടെ നാ​ല്പ​തൂ സൈ​ന്യ​വ​കു​പ്പു​കൾ​ക്കു പുറമേ ഇരു​പ​തു ഫ്ര​ഞ്ച് സൈ​ന്യ​ങ്ങൾ സം​ഹ​രി​ക്ക​പ്പെ​ടൽ, ഹൂ​ഗോ​മോ​ങ്ങി​ലെ ചെ​റ്റ​പ്പു​ര​യ്ക്കു​ള്ളിൽ​വെ​ച്ചു​ത​ന്നെ മു​വ്വാ​യി​രം​പേ​രെ അരി​ഞ്ഞു​ത​ള്ളൽ, തു​ണ്ടു​തു​ണ്ടാ​യി ചെ​ത്തി​യി​ടൽ, വെ​ടി​വെ​ക്കൽ, കഴു​ത്ത​റ​ത്തു​ക​ള​ഞ്ഞു തീ​ക്കൊ​ളു​ത്തൽ—ഇതൊ​ക്കെ എന്തി​നു്? ഇന്നു് ഒരു കൃ​ഷി​ക്കാ​ര​ന്നു വഴി​പോ​ക്ക​നോ​ടു് ഇങ്ങ​നെ പറ​യാൻ​വേ​ണ്ടി: ഇതാ, എനി​ക്ക് മൂ​ന്നു ഫ്രാ​ങ്ക് തരൂ; നി​ങ്ങൾ​ക്കു വേ​ണ​മെ​ങ്കിൽ ഞാൻ വാ​ട്ടർ​ലൂ യു​ദ്ധ​ത്തി​ന്റെ കഥ മു​ഴു​വ​നും പറ​ഞ്ഞു​ത​രാം.

കു​റി​പ്പു​കൾ

[1] പ്ര​സി​ദ്ധ​ന്മാ​രായ ഫ്ര​ഞ്ചു സേ​നാ​പ​തി​കൾ.

[2] പ്ര​സി​ദ്ധ​നായ ഒരു ഫ്ര​ഞ്ച് സേ​നാ​പ​തി.

[3] ഫ്രാൻ​സി​ലെ രാ​ജാ​വാ​യി​രു​ന്ന ആങ്റി നാ​ലാ​മാൻ പു​തു​കൂ​റ്റു​കാർ​ക്ക് മത​സം​ബ​ന്ധി​യായ അഭി​പ്രാ​യ​ത്തിൽ വേണ്ട സ്വാ​ത​ന്ത്ര്യം കൊ​ടു​ത്തു​കൊ​ണ്ടു് പു​റ​പ്പെ​ടു​വി​ച്ച ഒരു രാ​ജ​ശാ​സ​ന​മാ​ണി​തു്; പതി​ന്നാ​ലാ​മൻ ലൂയി ഇതിനെ എടു​ത്തു​ക​ള​ഞ്ഞു.

2.1.3
1815 ജൂൺ 18-ആം തി​യ്യ​തി

നമു​ക്കു പി​ന്നോ​ക്കം നട​ക്കുക—കഥ പറ​യു​ന്ന​വർ​ക്കു​ള്ള അധി​കാ​ര​ങ്ങ​ളിൽ ഒന്നാ​ണി​ത്— ഒന്നു​കൂ​ടി നമു​ക്ക് 1815-ൽ ചെ​ന്നു​കൂ​ടുക; ഈ പു​സ്ത​ക​ത്തി​ന്റെ ആരം​ഭ​ത്തിൽ പറ​ഞ്ഞു​വെ​ച്ച സം​ഭ​വ​ങ്ങൾ നടന്ന കാ​ല​ത്തി​നും കു​റേ​ക്കൂ​ടി അപ്പു​റ​ത്തേ​ക്കു കട​ക്കുക.

1815 ജൂൺ 17-ഉം 18-ഉം തി​യ്യ​തി​കൾ​ക്കി​ട​യി​ലു​ള്ള രാ​ത്രി മഴ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ, യൂ​റോ​പ്പി​ന്റെ ചരി​ത്ര​ഗ​തി മാ​റി​പ്പോ​യേ​നേ. കൂ​റ​ച്ചു വെ​ള്ള​ത്തു​ള്ളി​കൾ നെ​പ്പോ​ളി​യ​ന്റെ അധ:പതനം തീർ​ച്ച​പ്പെ​ടു​ത്തി. ഓസ്തർ​ലി​ത്സു് യു​ദ്ധ​ത്തി​ന്റെ അവ​സാ​നം വാ​ട്ടർ​ലൂ ആക്കി​ത്തീർ​ക്കു​വാൻ ജഗ​ദീ​ശ്വ​ര​ന്നു് കു​റ​ച്ചു​കൂ​ടി മഴ മാ​ത്ര​മേ വേ​ണ്ടി വന്നു​ള്ളൂ; അകാ​ല​ത്തിൽ ആകാ​ശ​ത്തി​ലൂ​ടെ കട​ന്നു​പോയ ഒരു മേ​ഘ​ശ​ക​ലം ഒരു ലോ​ക​ത്തെ മു​ഴു​വ​നും തകർ​ത്തു​ക​ള​യാൻ ത്രാ​ണി​പ്പെ​ട്ടു.

വാ​ട്ടർ​ലൂ യു​ദ്ധം ആരം​ഭി​ക്കു​വാൻ പതി​നൊ​ന്നര മണി​യാ​വു​ന്ന​തു​വ​രെ സാ​ധി​ച്ചി​ല്ല; അതു​കൊ​ണ്ടു ബ്ളൂ​ഷേർ​ക്ക് [4] വന്നു​ചേ​രു​വാൻ സമയം കി​ട്ടി. എന്തു​കൊ​ണ്ടു് സാ​ധി​ച്ചി​ല്ല? നിലം നന​ഞ്ഞി​രു​ന്നു; പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​നു പണി തു​ട​ങ്ങു​വാൻ നിലം കുറെ ഉറ​ച്ചു​കി​ട്ടു​ന്ന​തു​വ​രെ കാ​ത്തു​നി​ല്ക്കേ​ണ്ടി​വ​ന്നു.

നെ​പ്പോ​ളി​യൻ പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​ലെ ഒരു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു; അതു​കൊ​ണ്ടു് പീ​ര​ങ്കി​യു​ടെ ഫലം അദ്ദേ​ഹ​ത്തി​നു നല്ല​വ​ണ്ണ​മ​റി​യാം. ഈ അസാ​ധാ​ര​ണ​നായ സൈ​ന്യാ​ധി​പ​ന്റെ നില മു​ഴു​വ​നും പ്ര​ത്യ​ക്ഷീ​ഭ​വി​ക്കു​ന്ന​തു ഡയ​റ​ക്ടർ​മാർ​ക്ക​യ​ച്ച വി​വ​ര​ണ​ക്കൂ​റി​പ്പിൽ ഇതെ​ഴു​തി​യ​തി​ലാ​ണ്— ‘ഞങ്ങ​ളു​ടെ ആ ഒരു​ണ്ട ആറു​പേ​രെ കൊ​ന്നു.’ വെ​ടി​യു​ണ്ട​കൾ​ക്കു പാ​ക​ത്തി​ലാ​യി​ട്ടാ​ണു് ആ മനു​ഷ്യ​ന്റെ യു​ദ്ധ​രീ​തി​കൾ ക്ര​മ​പ്പെ​ട്ടി​രു​ന്ന​തു്. പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തെ മു​ഴു​വ​നും ഒരു ലക്ഷ്യ​ത്തിൻ നേർ​ക്ക് ഊന്നി​നിർ​ത്തു​ന്ന​താ​ണു് നെ​പ്പോ​ളി​യ​ന്റെ വി​ജ​യ​ര​ഹ​സ്യം. ശത്രു​സൈ​ന്യാ​ധി​പ​ന്റെ യു​ക്തി​യെ ഒരു കോ​ട്ട​യാ​യി സങ്ക​ല്പി​ച്ച് അതി​നു് അദ്ദേ​ഹം ഒരു വി​ട​വു​ണ്ടാ​ക്കും. ആ മർ​മ​ത്തെ അദ്ദേ​ഹം വെ​ടി​യു​ണ്ട​കൊ​ണ്ടു് തകർ​ക്കും; പീ​ര​ങ്കി​കൊ​ണ്ടു് അദ്ദേ​ഹം യു​ദ്ധ​ങ്ങ​ളെ കൂ​ട്ടി​ച്ചേർ​ക്കു​ക​യും ചി​ന്നി​ത്ത​കർ​ക്കു​ക​യും ചെ​യ്യും. അദ്ദേ​ഹ​ത്തി​ന്റെ അതി​ബു​ദ്ധി​യിൽ വെ​ടി​ക്കാ​ര​ന്നു​ള്ള എന്തോ ഒന്നു​ണ്ടു്. അടു​ക്ക​ടു​ക്കാ​യി നശി​പ്പി​ക്കുക, സൈ​ന്യ​ങ്ങ​ളെ ഒര​ടി​യാ​യി പൊ​ടി​ക്കുക, സേ​നാ​പം​ക്തി​ക​ളെ പി​ളർ​ക്കുക, കൂ​ട്ടം​കൂ​ട്ട​ങ്ങ​ളെ തകർ​ത്തു​ചി​ത​റുക—നെ​പ്പോ​ളി​യ​നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം സക​ല​വും നി​ല്ക്കു​ന്ന​തു് ഈ ഒന്നി​ലാ​ണു്. അടി​ക്കുക, അടി​ക്കുക, അടി​ച്ച കു​ഴി​യിൽ​ത്ത​ന്നെ അടി​ക്കുക— ഈ ജോലി അദ്ദേ​ഹം പീ​ര​ങ്കി​യു​ണ്ടെ​യെ ഏല്പി​ച്ചു. ശൗ​ര്യ​മ​യ​മായ ഒരു സമ്പ്ര​ദാ​യം; അതൊ​ന്നു് അസാ​ധാ​ര​ണ​മായ ബു​ദ്ധി​ശ​ക്തി​യോ​ടു കൂ​ടി​ച്ചേർ​ന്ന​പ്പോൾ ഈ വല്ലാ​ത്ത യു​ദ്ധ​മ​ല്ല​നെ പതി​ന​ഞ്ചു കൊ​ല്ല​ത്തേ​ക്ക് അജ​യ്യ്യ​നാ​ക്കി​ത്തീർ​ത്തു.

1815 ജൂൺ 18-ആം തീയതി അദ്ദേ​ഹം തന്റെ പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​ന്മേൽ കു​റേ​ക്കൂ​ടി ചാ​രി​നി​ന്നു; എന്തു​കൊ​ണ്ടെ​ന്നാൽ, അതു ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. വെ​ല്ലി​ങ്ങ്ട​ന്നു് ആകെ ഒരു​നൂ​റ്റ​മ്പ​ത്തൊ​മ്പ​തു തി​യ്യു​വാ​യ​ക​ളേ ഉണ്ടാ​യി​രു​ന്നു​ള്ളു; നെ​പ്പോ​ളി​യ​ന്നോ ഇരു​നൂ​റ്റ​മ്പ​തു്.

നിലം ഉണ​ങ്ങി​യ​താ​ണെ​ന്നും പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​നു നീ​ങ്ങാ​മാ​യി​രു​ന്നു എന്നും സങ്ക​ല്പി​ക്കുക; എന്നാൽ രാ​വി​ലെ ആറു മണി​ക്കു യു​ദ്ധം ആരം​ഭി​ച്ചേ​നെ. രണ്ടു മണി​ക്ക് ജയം നേടി, യു​ദ്ധം കഴി​യു​മാ​യി​രു​ന്നു— എന്നു​വെ​ച്ചാൽ, ഭാ​ഗ്യം ജർമൻ ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​പോ​യ​തി​നു മൂ​ന്നു മണി​ക്കൂർ മുൻ​പു്, ഈ യു​ദ്ധ​ത്തിൽ പരാ​ജ​യം പറ്റി​യ​തിൽ നെ​പ്പോ​ളി​യ​ന്നു് എന്തു പോ​രാ​യ്മ​യു​ണ്ടു്? കപ്പൽ പാ​റ​മേ​ല​ടി​ച്ച​തു് അമ​ര​ക്കാ​ര​ന്റെ കു​റ്റ​മാ​ണോ?

നെ​പ്പോ​ളി​യ​നിൽ വെ​ളി​പ്പെ​ട്ടി​രു​ന്ന ദേ​ഹ​ദൗർ​ബ്ബ​ല്യ​മാ​ണോ ഈ ഘട്ട​ത്തിൽ അന്ത:ശക്തി​ക്ക് ഒരു കു​റ​വു​ണ്ടാ​ക്കി തക​രാ​റു​പി​ണ​ച്ച​തു്? ഇരു​പ​തു കൊ​ല്ല​ത്തെ യു​ദ്ധം വാ​ളി​ന്റെ പി​ടി​ക്കെ​ന്ന​പോ​ലെ അല​കി​നും, ദേ​ഹ​ത്തി​നെ​ന്ന​പോ​ലെ മന​സ്സി​നും, തേ​ച്ചിൽ​ത​ട്ടി​ച്ചു എന്നു​ണ്ടോ? പഴ​ക്കം വന്ന പട​യാ​ളി എന്ന നില ഗ്ര​ഹ​പ്പി​ഴ​യ്ക്കു നേ​തൃ​ത്വ​ത്തിൽ കട​ന്നു തല കാ​ട്ടി​യോ? ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, ഈ അസാ​ധാ​ര​ണ​ബു​ദ്ധി​മാ​നെ, പേ​രു​കേ​ട്ട ചില ചരി​ത്ര​കാ​ര​ന്മാർ വി​ചാ​രി​ച്ചി​രു​ന്ന​തു​പോ​ലെ, ഒരു ക്ഷയം ബാ​ധി​ച്ചി​രു​ന്നു​വോ? തന്റെ ശക്തി​ക്ഷ​യ​ത്തെ തന്നിൽ​നി​ന്നു​ത​ന്നെ മറ​ച്ചു​വെ​ക്കു​വാൻ​വേ​ണ്ടി അദ്ദേ​ഹം ഭ്രാ​ന്തു കാ​ണി​ച്ചു എന്നു​ണ്ടോ? പരാ​ക്ര​മം കാ​ണി​ക്കുക എന്ന ‘കാ​റ്റി’ൽ അദ്ദേ​ഹം തി​രി​യാൻ തു​ട​ങ്ങി​യോ? ആപ​ത്തി​നെ​പ്പ​റ്റി—ഒരു സൈ​ന്യ​നാ​യ​ക​ന്റെ കാ​ര്യ​ത്തിൽ ഇതു ഗൗ​ര​വ​മു​ള്ള​താ​ണ്— അദ്ദേ​ഹ​ത്തി​ന്നു് ഓർ​മ​യി​ല്ലാ​താ​യോ? ഉച്ച​ണ്ഡ​കർ​മാ​ക്കൾ എന്നു പറ​യാ​വു​ന്ന ഇത്ത​രം പ്രാ​പ​ഞ്ചിക മഹാ​ത്മാ​ക്കൾ​ക്ക് അതി​ബു​ദ്ധി​യു​ടെ കാഴ്ച കു​റ​ഞ്ഞു​പോ​കു​ന്ന​തായ ഒരു പ്രാ​യം തട്ട​ലു​ണ്ടോ? ഭാ​വ​നാ​വി​ഷ​യ​ത്തിൽ അതി​ബു​ദ്ധി കാ​ണി​ക്കു​ന്ന​വ​രു​ടെ മേൽ വാർ​ദ്ധ​ക്യ​ത്തി​നു് ഒര​ധി​കാ​ര​വു​മി​ല്ല; എന്തു​കൊ​ണ്ടെ​ന്നാൽ, ദാ​ന്തെ​യും മൈ​ക്കിൽ ഏൻ​ജെ​ലോ​വും പ്രാ​യം​കൊ​ണ്ടു് വൃ​ദ്ധ​ന്മാ​രാ​വു​ന്ന​തു മാ​ഹാ​ത്മ്യ​ത്തിൽ മു​തിർ​ന്നു​വ​രു​ക​യാ​ണു്; ഹാ​നി​ബാൾ​മാ​രേ​യും ബോ​ണോ​പ്പാർ​ട്ടു​മാ​രേ​യും സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം അതു താ​ണു​പോ​വു​ക​യാ​വാ​മോ? വി​ജ​യ​മാർ​ഗ​ത്തെ കണ്ടു​പി​ടി​പ്പാ​നു​ള്ള ഇന്ദ്രിയ വി​ശേ​ഷം നെ​പ്പോ​ളി​യ​നിൽ​നി​ന്നു പോ​യ്പോ​യോ? കടൽ​പ്പാറ കണ്ട​റി​യാൻ, കെ​ണി​യു​ള്ള​തു് ഊഹി​ച്ചെ​ടു​ക്കു​വാൻ, അഗാ​ധ​ഗു​ഹ​ക​ളു​ടെ തക​രു​ന്ന വക്കു​കൾ നോ​ക്കി​ക്കാ​ണു​വാൻ കഴി​യാ​ത്ത ഒരു ഘട്ട​ത്തിൽ അദ്ദേ​ഹം എത്തി​ച്ചേർ​ന്നു​വോ? അത്യാ​പ​ത്തു​ക​ളെ മണ​ത്ത​റി​യു​ന്ന ശക്തി അദ്ദേ​ഹ​ത്തി​നു നഷ്ട​പ്പെ​ട്ടു​വോ? മുൻ​കാ​ല​ങ്ങ​ളിൽ വി​ജ​യ​ത്തി​ലേ​ക്കു​ള്ള എല്ലാ നി​ര​ത്തു​വ​ഴി​ക​ളും അറി​ഞ്ഞി​രു​ന്ന അദ്ദേ​ഹം— അതേ, മി​ന്ന​ല്പി​ണ​രാ​കു​ന്ന തന്റെ തേ​രിൻ​മു​ക​ളിൽ​നി​ന്നു്, ഒരു രാ​ജ​കീ​യാ​ധി​കാ​ര​ത്തോ​ടു​കൂ​ടി അവയെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന മഹാൻ—ഇപ്പോൾ ആ കൈ വി​ര​ലി​ന്മേൽ കൂ​ട്ടി​ക്കെ​ട്ടിയ തന്റെ ക്ഷു​ഭി​ത​സൈ​ന്യ​ത്തെ പാ​താ​ള​ത്തി​ലേ​ക്കു നയി​ക്ക​ത്ത​ക്ക​വ​ണ്ണം അത്ര​മേൽ അപാ​യ​ക​ര​മായ ഒര​മ്പ​ര​പ്പിൽ ചാ​ടി​പ്പോ​യി​യെ​ന്നോ? നാ​ല്പ​ത്താ​റാ​മ​ത്തെ വയ​സ്സിൽ അദ്ദേ​ഹ​ത്തെ ഒരു മഹ​ത്തായ ചി​ത്ത​ഭ്ര​മം ബാ​ധി​ച്ചു കള​ഞ്ഞു​വോ? ദൈ​വ​ഗ​തി​യു​ടെ ആ പടു​കൂ​റ്റ​നായ സാരഥി ഒരു വമ്പി​ച്ച താ​ന്തോ​ന്നി​യ​ല്ലാ​തെ അതി​ല​ധി​ക​മൊ​ന്നു​മി​ല്ലെ​ന്നാ​യോ?

ഞങ്ങൾ അങ്ങ​നെ വി​ചാ​രി​ക്കു​ന്നി​ല്ല.

എല്ലാ​വ​രും സമ്മ​തി​ച്ചി​ട്ടു​ള്ള​വി​ധം, അദ്ദേ​ഹം ആലോ​ചി​ച്ച യു​ക്തി അത്യു​ത്ത​മ​മാ​യി​രു​ന്നു. സങ്ക​ലി​ത​സൈ​ന്യ​ത്തി​ന്റെ ഒത്ത നടു​വി​ലേ​ക്കു നേരെ ചെ​ന്നു​ക​യ​റുക, ശത്രു​ക്ക​ളു​ടെ അണി​യിൽ ഒരു പഴു​തു​ണ്ടാ​ക്കുക. അതിനെ രണ്ടു കഷ്ണ​മാ​യി വെ​ട്ടി​മു​റി​ക്കുക, ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തെ ഹാൽ​പ​ട്ട​ണ​ത്തി​ലേ​ക്കും ജർ​മൻ​സൈ​ന്യ​ത്തെ തോ​ങ്ഗ്പ​ട്ട​ണ​ത്തി​ലേ​ക്കും ആട്ടി​യോ​ടി​ക്കുക, മോ​സോൺ​ങ്ഴാ​ങ് കൈ​യി​ലാ​ക്കുക; ബ്രൂ​സ്സെൽ​സ് പി​ടി​ച്ച​ട​ക്കുക, ജർ​മ​നി​ക്കാ​രെ റയിൻ​ന​ദി​യി​ലേ​ക്കും, ഇം​ഗ്ല​ണ്ടു​കാ​രെ കട​ലി​നു​ള്ളി​ലേ​ക്കും വലി​ച്ചെ​റി​യുക. നെ​പ്പോ​ളി​യ​ന്റെ ആലോ​ച​ന​യിൽ ഇതെ​ല്ലാം ആ യു​ദ്ധ​ത്തിൽ അട​ങ്ങി​യി​രി​ക്കു​ന്നു. പി​ന്നീ​ടു് ആളു​കൾ​ക്കു കാണാം.

വാ​ട്ടർ​ലൂ​യു​ദ്ധ​ത്തി​ന്റെ ഒരു ചരി​ത്രം ഇവിടെ പറ​ഞ്ഞു​ക​ള​യാം എന്നു ഞങ്ങൾ തീർ​ച്ച​യാ​യും ഭാ​വി​ക്കു​ന്നി​ല്ല. ഞങ്ങൾ പറ​ഞ്ഞു​വ​രു​ന്ന കഥ​യു​ടെ അടി​സ്ഥാ​ന​മായ സംഭവം പര​മ്പ​ര​യിൽ ഒന്നു് ഈ യു​ദ്ധ​വു​മാ​യി സം​ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എങ്കി​ലും ആ ഒരു ചരി​ത്ര​മ​ല്ല ഞങ്ങ​ളു​ടെ പ്ര​തി​പാ​ദ​ന​വി​ഷ​യം, എന്നു മാ​ത്ര​മ​ല്ല, ആ ചരി​ത്രം എഴുതി അവ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്നു​താ​നും— അതേ, അതി​ന്റെ ഒരു നി​ല​യി​ലെ രൂപം നെ​പ്പോ​ളി​യ​നും, മറ്റേ നി​ല​യി​ലേ​തു് ഒരു​കൂ​ട്ടം ചരി​ത്ര​കാ​ര​ന്മാർ മു​ഴു​വൻ​കൂ​ടി​യും, ബഹു​സാ​മർ​ഥ്യ​ത്തോ​ടു​കൂ​ടി എഴുതി അവ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്നു.

ഞങ്ങ​ളാ​ക​ട്ടേ, ചരി​ത്ര​കാ​ര​ന്മാ​രെ തമ്മിൽ​ത്ത​ല്ലു​വാൻ വി​ട്ടു​ക​ള​യു​ന്നു; ഞങ്ങൾ ദൂ​ര​ത്തു​നി​ന്നു നോ​ക്കി​ക്കാ​ണു​ന്ന ഒരു സാ​ക്ഷി​മാ​ത്രം. മൈ​താ​ന​ത്തിൽ ഒരു വഴി​പോ​ക്കൻ, മു​ഴു​വ​നും മനു​ഷ്യ​മാം​സം​കൊ​ണ്ടു​ണ്ടാ​യി​ട്ടു​ള്ള ആ കളി​മ​ണ്ണി​ന്മേൽ കു​നി​ഞ്ഞു​നോ​ക്കു​ന്ന—പക്ഷേ, പു​റം​കാ​ഴ്ച​കൾ വാ​സ്ത​വ​ങ്ങ​ളെ​ന്നു മന​സ്സി​ലാ​ക്കു​ന്ന— ഒര​ന്വേ​ഷ​കൻ; നി​ശ്ച​യ​മാ​യും മി​ത്ഥ്യാ​ഭ്ര​മ​ങ്ങൾ കൂ​ടി​ക്ക​ലർ​ന്നി​ട്ടു​ള്ള ഓരോ സം​ഗ​തി​ക​ളു​ടെ കൂ​ട്ട​ത്തെ പ്ര​കൃ​തി​ശാ​സ്ത്ര​ത്തി​ന്റെ പേരും പറ​ഞ്ഞെ​തിർ​ക്കു​വാൻ ഞങ്ങൾ​ക്ക​ധി​കാ​ര​മി​ല്ല; ഒരു പ്ര​സ്ഥാ​ന​വി​ശേ​ഷ​ത്തെ പ്ര​മാ​ണ​പ്പെ​ടു​ത്തു​വാൻ വേണ്ട യു​ദ്ധ​സം​ബ​ന്ധി​യായ പരി​ച​യ​മാ​വ​ട്ടേ, സൂ​ത്ര​ത്തോ​ടു​കൂ​ടിയ സാ​മർ​ത്ഥ്യ​മാ​വ​ട്ടേ, ഞങ്ങൾ​ക്കി​ല്ല; ഞങ്ങ​ളു​ടെ അഭി​പ്രാ​യ​ത്തിൽ, വാ​ട്ടർ​ലൂ​വി​ലെ രണ്ടു സൈ​ന്യ​നേ​താ​ക്ക​ന്മാ​രെ​യും യദൃ​ച്ഛാ​സം​ഭ​വ​ങ്ങ​ളു​ടെ ഒരു ചങ്ങ​ല​കെ​ട്ടു കീ​ഴ്പെ​ടു​ത്തി; വി​ധി​യു​ടെ—ആ നി​ഗൂ​ഢ​ത​ന്ത്ര​നായ ഘാ​തു​ക​ന്റെ— പ്ര​വൃ​ത്തി​ക​ളെ​സം​ബ​ന്ധി​ച്ചാ​വു​മ്പോൾ ഞങ്ങൾ, ആ അതി​സ​മർ​ഥ​നായ ന്യാ​യാ​ധി​പ​തി​യെ​പ്പോ​ലെ, സാ​മാ​ന്യ​ജ​ന​ത്തെ​പ്പോ​ലെ, തീർ​പ്പു​ചെ​യ്യു​ന്നു.

കു​റി​പ്പു​കൾ

[4] വാ​ട്ടർ​ലൂ​യു​ദ്ധ​ത്തിൽ പ്ര​ഷ്യൻ​സൈ​ന്യ​ത്തി​ന്റെ അധി​പ​ത​നാ​യി​രു​ന്നു ഇദ്ദേ​ഹം. ഇദ്ദേ​ഹ​ത്തി​ന്റെ ജാ​ഗ്ര​ത​യും പ്ര​സ​രി​പ്പും കാരണം ‘മാർഷൽ ഫോർ​വേർ​ഡ്’= (സേ​നാ​ധി​പ​തി മു​മ്പോ​ട്ടു്) എന്നൊ​രു നാ​മ​വി​ശേ​ഷം​കൂ​ടി ഉണ്ടാ​യി​ത്തീർ​ന്നു.

2.1.4
A

വാ​ട്ടർ​ലൂ യു​ദ്ധ​ത്തെ​പ്പ​റ്റി ഒരു ശരി​യായ അറി​വു​ണ്ടാ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വർ മന​സ്സു​കൊ​ണ്ടു് നി​ല​ത്തു് A ഇങ്ങ​നെ ഒര​ട​യാ​ള​മി​ട്ടാൽ കഴി​ഞ്ഞു. “എ’ എന്ന ഈ ഇം​ഗ്ലീ​ഷ​ക്ഷ​ര​ത്തി​ന്റെ ഇട​ത്തെ കൈ നീ​വെ​ല്ലി​ലേ​ക്കു​ള്ള വഴി​യും, വല​ത്തെ കൈ​ഗെ​നാ​പ്പി​ലേ​ക്കു​ള്ള നി​ര​ത്തും, നടു​ക്കു​ള്ള കെ​ട്ടു ബ്ര​യിൽ​ലാ​ല്യൂ​ദിൽ​നി​ന്നു് ഒഹെ​ങ്ങി​ലേ​ക്കു​ള്ള കു​ണ്ടു​വ​ഴി​യു​മാ​ണു്. എ (A) യുടെ മു​കൾ​ഭാ​ഗം മോൺ​സാ​ങ്ങ്ഴാ​ങ്ങാ​ണ്—വെ​ല്ലി​ങ്ങ്ടൻ അവിടെ നി​ല്ക്കു​ന്നു: ഇട​ത്തേ ഭാ​ഗ​ത്തു​ള്ള മു​ന​യാ​ണു് ഹൂ​ഗോ​മോ​ങ്ങ്— ഴെറോം, ബോ​ണോ​പ്പാർ​ട്ടോ​ടു​കൂ​ടി റെയി അവി​ടെ​യാ​ണു് വല​ത്തെ ഭാ​ഗ​ത്തു​ള്ള മുന ബെൽ—അലി​യാൻ​സ്— ഇവി​ടെ​യാ​ണു് നെ​പ്പോ​ളി​യ​ന്റെ നി​ല്പു്. രണ്ടു കൈ​യി​ന്റേ​യും​കൂ​ടി​യു​ള്ള ഇട​ക്കെ​ട്ടി​നു നടു​വി​ലാ​യി​ട്ടാ​ണു് യു​ദ്ധ​ത്തി​ന്റെ ശരി​ക്കു​ള്ള ഭര​ത​വാ​ക്യം പാടിയ സ്ഥലം. അവി​ടെ​യാ​ണു് സിം​ഹ​ത്തെ, ചക്ര​വർ​ത്തി​യു​ടെ രക്ഷാ​സൈ​ന്യ​ത്തി​ന്റെ മഹ​ത്തായ ധീ​രോ​ദാ​ത്ത​ത​യ്ക്കു​ള്ള അനൈ​ച്ഛിക ചി​ഹ്ന​ത്തെ നിർ​ത്തി​യി​ട്ടു​ള്ള​തു്.

എ (A) യുടെ മു​കൾ​ബ്ഭാ​ഗ​ത്തു രണ്ടു കൈ​ക​ളും ഇട​ക്കെ​ട്ടും​കൂ​ടി ഉണ്ടാ​കു​ന്ന ത്രി​കോ​ണം മോൺ​സാ​ങ്ങ്ഴാ​ങ്ങ് എന്ന വെ​ളി​മ്പ​റ​മ്പാ​ണു്. ഈ വെ​ളി​മ്പ​റ​മ്പി​നെ​പ്പ​റ്റി​യു​ള്ള തർ​ക്ക​ത്തി​ലൊ​തു​ങ്ങി യു​ദ്ധം മു​ഴു​വ​നും. രണ്ടു സൈ​ന്യ​ങ്ങ​ളു​ടേ​യും വരികൾ ഇട​ത്തും വല​ത്തു​മാ​യി ഗെ​നാ​പ്പും നീ​വെ​ല്ലും​വ​രെ നീ​ണ്ടു​നി​ന്നി​രു​ന്നു; ദർ​ലോ​ങ്ങ് പി​ക്റ്റ​നു നേ​രെ​യും, റെയി ഹി​ല്ലി​നു നേ​രെ​യും തി​രി​ഞ്ഞു നി​ല്ക്കു​ന്നു.

എ (A) യുടെ മു​ക​ളി​ല​ത്തെ മു​ന​യ്ക്കു പി​ന്നിൽ, മോൺ​സാ​ങ്ങ് ഴാ​ങ്ങിൽ വെ​ളി​മ്പ​റ​മ്പി​നു പി​ന്നി​ലാ​യി​ട്ടാ​ണു് സ്വാ​ങ്ങ് കാ​ട്ടു​പ്ര​ദേ​ശം. മൈ​താ​ന​ത്തെ​പ്പ​റ്റി മാ​ത്രം പറ​യ​ക​യാ​ണെ​ങ്കിൽ, അലകൾ, പൊ​ങ്ങു​ന്ന​തു​പോ​ലെ തോ​ന്നു​ന്ന ഒരു പരന്ന സ്ഥലം വാ​യ​ന​ക്കാർ സ്വയം വി​ചാ​രി​ക്ക​ട്ടെ; ഓരോ ഉയർ​ച്ച​യും അതിനു പി​ന്നി​ലു​ള്ള ഉയർ​ച്ച​യെ കാ​ണി​ക്കു​ന്നു; അങ്ങ​നെ മേ​ല്പോ​ട്ടു കയ​റി​ച്ചെ​ന്നാൽ മോൺ​സാ​ങ്ങ്ഴാ​ങ്ങി​ലെ​ത്തും; അവി​ടു​ന്ന​ങ്ങോ​ട്ടു കാ​ട്ടു​പു​റം.

ഒരു യു​ദ്ധ​ക്ക​ള​ത്തി​ലു​ള്ള രണ്ടു ശത്രു​സൈ​ന്യ​ങ്ങൾ രണ്ടു ഗു​സ്തി​പി​ടു​ത്ത​ക്കാ​രാ​ണു്. എതി​രാ​ളി​യു​ടെ അര​യ്ക്കു കെ​ട്ടി​പ്പി​ടി​ക്കു​ന്ന​താ​രെ​ന്നാ​ണു് ചോ​ദ്യം. ഒരാൾ മറ്റെ​യാ​ളെ തട്ടി​മ​റി​ച്ചി​ടു​വാൻ നോ​ക്കു​ന്നു. അവർ കണ്ട​തി​നെ​യെ​ല്ലാം പി​ടി​കൂ​ടും; ഒരു​മ​ര​ച്ചി​ല്ല ഒരു താ​ങ്ങാ​ണു്; ഒരു മതിൽ​മൂല അവ​രു​ടെ ചു​മ​ലി​ന്നു് ഒരൂ​ന്നു കൊ​ടു​ക്കു​ന്നു; കഷ്ടി​ച്ചൊ​ന്നു നി​ല​ക്കൊൾ​വാൻ ഒരു ചെ​റ്റ​ക്കു​ടിൽ കി​ട്ടാ​ഞ്ഞ​തു​കൊ​ണ്ടു് ഒരു സൈ​ന്യ​സ​ഞ്ച​യം നി​ല​തെ​റ്റി​പ്പോ​കു​ന്നു; നി​ല​ത്തു​ള്ള ഒരു നി​ര​പ്പു​കേ​ടി​നു, ഭൂ​ഭാ​ഗ​ങ്ങ​ളിൽ യദൃ​ച്ഛ​യാ​യു​ണ്ടാ​കു​ന്ന ഒരു വള​വി​നും, തത്സ​മ​യ​ത്തു വന്നു​പെ​ട്ട ഒരു വഴി​ത്തി​രി​വി​നു്, ഒരു മര​ത്തോ​പ്പി​നു, സൈ​ന്യ​മെ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ആ പടു​കൂ​റ്റ​ന്റെ കാൽ​മ​ട​മ്പു തട​ഞ്ഞു​ള്ള പി​ന്നോ​ട്ടൊ​ഴി​യ​ലി​നെ നിർ​ത്താൻ സാ​ധി​ക്കും. ആർ കളം വി​ട്ടു പോ​കു​ന്നു​വോ അവൻ തോ​റ്റു; അതു​കൊ​ണ്ടു് എത്ര നി​സ്സാ​ര​മായ മര​ക്കൂ​ട്ട​വും നോ​ക്കി​പ്പ​രീ​ക്ഷ​ണം ചെ​യ്യു​ന്ന​തും, നി​ല​ത്തു​ള്ള എത്ര ചെ​റു​തായ വി​ട​വു​കൂ​ടി​യും ശ്ര​ദ്ധി​ച്ചു മന​സ്സി​ലാ​ക്കു​ന്ന​തും, ഉത്ത​ര​വാ​ദി​ത്വ​മു​ള്ള സൈ​ന്യ​നേ​താ​വി​നു് അത്യാ​വ​ശ്യ​മാ​ണെ​ന്നു വരു​ന്നു. വാ​ട്ടർ​ലൂ എന്നു് ഇപ്പോൾ വി​ളി​ക്ക​പ്പെ​ട്ടു​വ​രു​ന്ന മോൺ​സാ​ങ്ങ് ഴാ​ങ്ങ് മൈ​താ​ന​ത്തെ രണ്ടു സൈ​ന്യാ​ധി​പ​ന്മാ​രും ശരി​ക്കു നോ​ക്കി​പ്പ​ഠി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. വെ​ല്ലി​ങ്ങ്ടൻ മുൻ​കൊ​ല്ല​ത്തിൽ മുൻ​ക​രു​ത​ലി​നു​ള്ള സാ​മർ​ഥ്യ​വി​ശേ​ഷ​ത്തോ​ടു​കൂ​ടി, ഒരു വലിയ യു​ദ്ധം നട​ക്കാ​വു​ന്ന സ്ഥ​ല​മാ​ണെ​ന്നു​വ​ച്ച് ഈ സ്ഥലം നോ​ക്കി​പ്പ​ഠി​ക്കു​ക​യു​ണ്ടാ​യി! അങ്ങ​നെ, ജൂൺ 18-ാം തി​യ്യ​തി​യ​ത്തെ ഈ ദ്വ​ന്ദ്വ​യു​ദ്ധ​ത്തിൽ, വെ​ല്ലി​ങ്ങ്ട​ന്നു നല്ല സ്ഥാ​ന​വും നെ​പ്പോ​ളി​യ​ന്നു ചീത്ത സ്ഥാ​ന​വും കി​ട്ടി. ഇം​ഗ്ലീ​ഷു സൈ​ന്യം മു​ക​ളി​ലും ഫ്ര​ഞ്ചു​സൈ​ന്യം ചു​വ​ട്ടി​ലു​മാ​യി.

1815 ജൂൺ 18-ാം തി​യ്യ​തി പ്ര​ഭാ​ത​ത്തിൽ, കു​തി​ര​പ്പു​റ​ത്തു, കൈയിൽ ദൂ​ര​ദർ​ശി​നി​യു​മാ​യി, റോ​സ്സാം​കു​ന്നി​നു മു​ക​ളിൽ നി​ല്ക്കു​ന്ന നെ​പ്പോ​ളി​യ​ന്റെ തല ഇവിടെ എഴു​തി​ക്കാ​ണി​ക്കു​ന്ന​തു് ഏതാ​ണ്ടു് അനാ​വ​ശ്യ​മാ​ണു്. ഞങ്ങൾ​ക്കു കാ​ണി​ക്കാൻ കഴി​യു​ന്ന​തി​നു മുൻ​പാ​യി അദ്ദേ​ഹ​ത്തെ ലോകം മു​ഴു​വ​നും കണ്ടി​രി​ക്കു​ന്നു. മൂ​ന്നു മൂ​ല​യോ​ടു​കൂ​ടിയ ചെ​റു​തൊ​പ്പി​യു​ടെ ചു​വ​ട്ടി​ലു​ള്ള ആ ശാ​ന്ത​മായ മുഖം, ആ പച്ച നി​റ​ത്തി​ലു​ള്ള ഉടു​പ്പു്, കീർ​ത്തി​മു​ദ്ര​യെ മറ​യ്ക്കു​ന്ന വെ​ള്ള​പ്പ​ട്ടു്, അം​സാ​ഭ​ര​ണ​ങ്ങ​ളെ ഒളി​പ്പി​ക്കു​ന്ന വലിയ പു​റം​കു​പ്പാ​യം, മു​റി​ക്കു​പ്പാ​യ​ത്തി​ന്റെ അടി​യിൽ​നി​ന്നു പതു​ങ്ങി​നോ​ക്കു​ന്ന ചു​ക​പ്പു​നാ​ട​ത്തു​മ്പു്, തോൽ​കൊ​ണ്ടു​ള്ള കാ​ലു​റ​കൾ, മൂ​ല​ക​ളിൽ കി​രീ​ട​രേ​ഖ​യു​ള്ള അട​യാ​ള​ങ്ങ​ളും ഗൃ​ധ്ര​മു​ദ്ര​ക​ളു​മു​ള്ള ധൂ​മ്ര​നീ​രാ​ള​ച്ച​ല്ല​ണ​ത്തോ​ടു​കൂ​ടിയ വെ​ള്ള​ക്കു​തിര, പട്ടു​കീ​ഴ്ക്കാ​ലു​കൾ​ക്കു മീതെ പൊ​ടി​പ്പു​പാ​പ്പാ​സ്സു​കൾ, നീണ്ട ഖഡ്ഗം— അദ്വി​തീ​യ​ന്മാ​രായ ചക്ര​വർ​ത്തി​മാ​രിൽ ഒടു​വി​ല​ത്തെ​യാ​ളു​ടെ ഈ സ്വ​രൂ​പം മു​ഴു​വ​നും എല്ലാ​വ​രു​ടേ​യും മനോ​ദൃ​ഷ്ടി​ക്കു മുൻ​പാ​കെ എപ്പോ​ഴും പരി​ശോ​ഭി​ക്കു​ന്ന​താ​ണു്, ചിലർ അതിനെ കോ​ലാ​ഹ​ല​ത്തോ​ടു​കൂ​ടി അഭി​വാ​ദ്യം ചെ​യ്യു​ന്നു, മറ്റു ചിലർ ഗൗ​ര​വ​ത്തോ​ടു​കൂ​ടി നോ​ക്കി​ക്കാ​ണു​ന്നു.

ആ സ്വ​രൂ​പം കു​റേ​ക്കാ​ല​ത്തേ​ക്കു വെ​ളി​ച്ച​ത്തു​ത​ന്നെ​യാ​യി​രു​ന്നു; ഈ വെ​ളി​ച്ചം അത്ഭു​ത​പു​രു​ഷ​ന്മാ​രിൽ മി​ക്ക​പേ​രെ​യും ചു​റ്റി​നി​ല്ക്കു​ന്ന​തും; സത്യ​ത്തെ എപ്പോ​ഴും ഏറെ​ക്കു​റെ മറ​യ്ക്കു​ന്ന​തു​മായ ഐതി​ഹാ​സി​ക​നി​ഴ​ല്പാ​ടിൽ​നി​ന്നു പൊ​ന്തി​വ​ന്ന​താ​ണു്; എന്നാൽ ഇപ്പോൾ ചരി​ത്ര​വും സൂ​ര്യ​പ്ര​കാ​ശ​വും അവിടെ എത്തി​യി​രി​ക്കു​ന്നു!

ചരി​ത്ര​മെ​ന്നു പറ​യ​പ്പെ​ടു​ന്ന ആ പ്ര​കാ​ശം നിർ​ദ്ദ​യ​മാ​ണു്; അതു ശു​ദ്ധ​മേ പ്ര​കാ​ശ​മാ​യ​തു​കൊ​ണ്ടു്, എന്ന​ല്ല അതു മു​ഴു​വ​നും പ്ര​കാ​ശം​ത​ന്നെ​യാ​യ​തു​കൊ​ണ്ടു്, ആളുകൾ അതേ​വ​രെ പ്ര​കാ​ശ​നാ​ളം കണ്ടി​രു​ന്നേ​ട​ങ്ങ​ളിൽ അതു് ഇരു​ട്ടി​നെ വ്യാ​പി​പ്പി​ക്കു​മെ​ന്നു​ള്ള ആ ദി​വ്യ​വും അസാ​ധാ​ര​ണ​വു​മായ സവി​ശേ​ഷത അതി​ന്നു​ണ്ടു്; ഒറ്റ ആളിൽ​നി​ന്നു​ത​ന്നെ അതു രണ്ടു ഭി​ന്ന​ങ്ങ​ളായ മി​ഥ്യാ​സ്വ​രൂ​പ​ങ്ങ​ളെ പു​റ​പ്പെ​ടു​വി​ക്കു​ന്നു; അവയിൽ ഒന്നു മറ്റ​തി​നെ എതിർ​ക്കു​ക​യും വി​ചാ​ര​ണ​ചെ​യ്തു വിധി കല്പി​ക്കു​ക​യും ചെ​യ്യു​ന്നു; സ്വേ​ച്ഛാ​ധി​കാ​ര​ത്തിൽ നി​ഴ​ലു​കൾ നേ​തൃ​ത്വ​ത്തി​ന്റെ പ്ര​കാ​ശ​വു​മാ​യി കൂ​ട്ടി​മു​ട്ടു​ന്നു. അതു​കൊ​ണ്ടാ​ണു് അതൊരു ജന​സ​മു​ദാ​യ​ങ്ങ​ളു​ടെ ഉറച്ച തീർ​പ്പു​ക​ളിൽ കു​റേ​ക്കൂ​ടി സത്യ​പ്ര​മാ​ണ്യം ഉണ്ടാ​കു​ന്ന​തു്. തകർ​ക്ക​പ്പെ​ട്ട ബാ​ബി​ലോൺ [5] അല​ക്സാൻ​ഡർ ചക്ര​വർ​ത്തി​യെ താ​ഴ്ത്തി; ബന്ധി​ക്ക​പ്പെ​ട്ട റോം രാ​ജ്യം സീസറെ താ​ഴ്ത്തി; തല​യെ​ടു​ക്ക​പ്പെ​ട്ട ജെ​റു​സ​ലം ടൈ​റ്റ​സി​നെ [6] താ​ഴ്ത്തി; ദു​ഷ്ടത ദു​ഷ്ട​നെ പി​ന്തു​ട​രു​ന്നു. മനു​ഷ്യ​ന്നു തന്റെ രൂ​പ​ത്തെ വഹി​ക്കു​ന്ന രാ​ത്രി​യെ പി​ന്നി​ലി​ട്ടും വെ​ച്ചു പോ​കേ​ണ്ടി​വ​രു​ന്ന​തു് അവ​ന്റെ നിർ​ഭാ​ഗ്യ​മാ​ണു്.

കു​റി​പ്പു​കൾ

[5] ക്രി​സ്ത്വാ​ബ്ദ​ത്തി​ന്നു 2300 കൊ​ല്ലം മുൻപു മുതൽ ബാ​ബി​ലോ​ണി​യാ​രാ​ജ്യ​ത്തി​ന്റെ തല​സ്ഥാ​ന​ന​ഗ​രി.

[6] ഒരു പ്ര​സി​ദ്ധ റോമൻ ചക്ര​വർ​ത്തി.

2.1.5
യു​ദ്ധ​ങ്ങ​ളു​ടെ ഗൂ​ഢ​ഭാ​ഗം

ഈ യു​ദ്ധ​ത്തി​ന്റെ ആദ്യ​ഭാ​ഗം എല്ലാ​വർ​ക്കും പരി​ച​യ​പ്പെ​ട്ട​താ​ണു്; അതേ, ക്ഷു​ഭി​ത​വും, അനി​ശ്ചി​ത​വും, സംശയം തീ​രാ​ത്ത​തും, ഇരു​സൈ​ന്യ​ങ്ങ​ളേ​യും പേ​ടി​പ്പെ​ടു​ത്തു​ന്ന​തു​മായ— ഫ്രാൻ​സു​കാ​രെ​ക്കാ​ള​ധി​കം ഭയ​പ്പെ​ടു​ത്തി​യ​തു് ഇം​ഗ്ല​ണ്ടു​കാ​രെ​യാ​ണ്—ആരം​ഭ​ഭാ​ഗം.

രാ​ത്രി മു​ഴു​വ​നും മഴ പെ​യ്തു; ഒരോ തു​ള്ളി​യു​ടേ​യും ശക്തി​കൊ​ണ്ടു നിലം തു​ള​ഞ്ഞു​കീ​റി; പീ​പ്പ​ക​ളി​ലെ​ന്ന​പോ​ലെ, അവിടെ മൈ​താ​ന​ത്തി​ലെ കു​ഴി​ക​ളിൽ

വെ​ള്ളം കെ​ട്ടി; പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​ന്റെ വണ്ടി​യു​ടെ പല്ലു​ച​ക്രം ചില ദി​ക്കിൽ അച്ചു​ത​ണ്ടു​വ​രെ നി​ല​ത്താ​ണ്ടു; കു​തി​ര​ക​ളു​ടെ മേൽ​നി​ന്നു ചളി​വെ​ള്ളം ഇറ്റി​റ്റു വീണു. യു​ദ്ധ​സാ​മ​ഗ്രി​ക​ക​ളോ​ടു​കൂ​ടി പാ​യു​ന്ന സേ​നാ​വി​ഭാ​ഗ​ത്താൽ ചവു​ട്ടി​പ്പു​ഴ​ക്ക​പ്പെ​ട്ട കോ​ത​മ്പും മു​ത്താ​റി​യും​കൊ​ണ്ടു് ചക്ര​ച്ചാ​ലു​കൾ നി​റ​യു​ക​യും, ചക്ര​ങ്ങ​ളു​ടെ ചു​വ​ട്ടിൽ വൈ​ക്കോൽ വി​രി​പ്പു നി​ര​ക്കു​ക​യും ചെ​യ്തി​ട്ടി​ല്ലെ​ങ്കിൽ, പാ​പ്പി​ലോ​ത്തി​നു നേ​രെ​യു​ള്ള ഈ പട​യോ​ട്ടം, വി​ശേ​ഷി​ച്ചും വയ​ലു​ക​ളി​ലൂ​ടെ​യു​ള്ള പോ​ക്ക്, അസാ​ധ്യ​മാ​കു​മാ​യി​രു​ന്നു.

കാ​ര്യം തു​ട​ങ്ങു​വാൻ നേരം വൈകി. ഞങ്ങൾ മുൻപേ പറ​ഞ്ഞ​തു​പോ​ലെ, തന്റെ പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തെ മു​ഴു​വ​നും കൈ​യി​ലെ​ടു​ത്തു് ഒരി​ക്കൽ യു​ദ്ധ​ത്തി​ന്റെ ഒരു ഭാ​ഗ​ത്തേ​ക്കും മറ്റൊ​രി​ക്കൽ മറ്റൊ​രു ഭാ​ഗ​ത്തേ​ക്കു​മാ​യി, ഒരു കൈ​ത്തോ​ക്കി​നെ​യെ​ന്ന​പോ​ലെ, ചൂ​ണ്ടു​ന്ന​താ​ണു് നെ​പ്പോ​ളി​യ​ന്റെ സ്വ​ഭാ​വം; കു​തി​ര​പ്പീ​ര​ങ്കി​കൾ​ക്ക് ഇള​കു​വാ​നും പാ​ഞ്ഞു​ക​യ​റു​വാ​നും തര​പ്പെ​ടു​ന്ന​തു​വ​രെ കാ​ക്കു​ക​യാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്നാ​വ​ശ്യം. അതിനു സൂ​ര്യൻ പു​റ​ത്തേ​ക്കു വന്നു നിലം ഉറ​പ്പു​വ​രു​ത്ത​ണം. ഒന്നാ​മ​ത്തെ പീ​ര​ങ്കി പൊ​ട്ടി​യ​പ്പോൾ ഇം​ഗ്ലീ​ഷ് സേ​നാ​നാ​യ​കൻ കോൾ​വ​യിൽ ഘടി​കാ​ര​മെ​ടു​ത്തു നോ​ക്കി; പതി​നൊ​ന്നു മണി മു​പ്പ​ത്ത​ഞ്ചു മി​നി​ട്ടാ​യി എന്നു കണ്ടു.

ഹൂ​ഗോ​മോ​ങ്ങിൽ നി​ല്ക്കു​ന്ന ഫ്ര​ഞ്ചു​സൈ​ന്യം യു​ദ്ധ​മാ​രം​ഭി​ച്ച​തും ഭയ​ങ്ക​ര​മാ​യി​ട്ടാ​ണ്—ഒരു സമയം ചക്ര​വർ​ത്തി ആഗ്ര​ഹി​ച്ചി​രു​ന്ന​തി​ല​ധി​കം ഭയ​ങ്ക​ര​മാ​യി​ട്ടാ​ണു്. ആ സമ​യ​ത്തു​ത​ന്നെ, ക്വി​യോ​വി​ന്റെ സൈ​ന്യ​ത്തെ ലാ​യി​സാ​ന്തി​ലേ​ക്കു വലി​ച്ചെ​റി​ഞ്ഞു​കൊ​ണ്ടു്, നെ​പ്പോ​ളി​യൻ മധ്യ​ഭാ​ഗ​ത്തെ എതിർ​ത്തു. എന്ന​ല്ല നേ [7] ഇട​തു​ഭാ​ഗ​ത്തു നിർ​ത്തി​യി​ട്ടു​ള്ള ഫ്ര​ഞ്ച്സേ​നാ​വി​ഭാ​ഗ​ത്തെ പാ​പ്പി​ലോ​ത്തിൽ മു​ട്ടി നി​ല്ക്കുന ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​നു നേരെ തള്ളി​ക്ക​യ​റ്റി.

ഹൂ​ഗോ​മോ​ങ്ങി​ലെ യു​ദ്ധം ഒരു​ത​രം തന്ത്ര​മാ​യി​രു​ന്നു; വെ​ലി​ങ്ട​നെ അങ്ങോ​ട്ടു വലി​ച്ചു​വ​രു​ത്തി; ഇട​ത്തോ​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു ആലോ​ചി​ച്ച യു​ക്തി. ഇം​ഗ്ലീ​ഷ് രക്ഷി​സം​ഘ​ത്തി​ലെ നാലു വകു​പ്പു​ക​ളും ബെൽ​ജി​യൻ സൈ​ന്യാ​ധി​പ​നായ പേർ​പ്പോ​ങ്ങ്ഷേ​രു​ടെ കീ​ഴി​ലു​ള്ള സേ​ന​ക​ളും ഉറ​ച്ചു​നി​ല്ക്കാ​തി​രി​ക്കു​ക​യും, വെ​ല്ലി​ങ്ങ്ടൻ തന്റെ സൈ​ന്യ​ങ്ങ​ളെ അവിടെ ഒരു​മി​ച്ചു നിർ​ത്തു​ന്ന​തി​നു​പ​ക​രം, സാ​ഹാ​യ്യ്യ​ത്തി​നാ​യി നാലു രക്ഷി​സം​ഘ​ങ്ങ​ളേ​യും ബ്രൺ​സ്വി​ക്കി​ന്റെ കൂ​ട്ട​ത്തിൽ​നി​ന്നു് ഒരു പട്ടാ​ള​വ​കു​പ്പി​നേ​യും മാ​ത്രം പറ​ഞ്ഞ​യ​യ്ക്കാൻ നോ​ക്കു​ക​യു​മാ​ണു് ചെ​യ്ത​തെ​ങ്കിൽ, ഈ യു​ക്തി കു​റി​ക്കു​കൊ​ള്ളു​മാ​യി​രു​ന്നു.

വല​തു​ഭാ​ഗ​ത്തെ ഫ്ര​ഞ്ച് സൈ​ന്യം പാ​പ്പി​ലോ​ത്തി​നു നേരെ കേറിയ കേ​റ്റം വാ​സ്ത​വ​ത്തിൽ ഇം​ഗ്ല​ണ്ടു​കാ​രു​ടെ ഇട​ത്തെ സൈ​ന്യ​ത്തെ തക​രാ​റാ​ക്കു​ന്ന​തി​നും ബ്രൂ​സൽ​സി​ലേ​ക്കു​ള്ള വഴി തട​യു​ന്ന​തി​നും, വന്നു ചേർ​ന്നേ​ക്കാ​വു​ന്ന ജർ​മ​നി​ക്കാ​രെ തട​യു​ന്ന​തി​നും, മോൺ​സാ​ങ്ങ് ഴാ​ങ്ങ് പി​ടി​ച്ച​ട​ക്കു​ന്ന​തി​നും, വെ​ല്ലി​ങ്ങ്ട​നെ ഹൂ​ഗോ​മോ​ങ്ങി​ലേ​ക്കും അവി​ടെ​നി​ന്നു ബ്രയിൻ-​ലാല്യൂദിലേക്കും അവി​ടെ​നി​ന്നു ഹാ​ലി​ലേ​ക്കും തി​രി​ച്ച​യ​യ്ക്കു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു; ഇതി​ല​ധി​കം എളു​പ്പ​മാ​യി​ട്ടൊ​ന്നി​ല്ല. ചില ചി​ല്ലറ കാ​ര്യ​ങ്ങ​ളെ ഒഴി​ച്ചാൽ ആ തള്ളി​ക്ക​യ​റ്റം സഫ​ല​മാ​കു​ക​ത​ന്നെ ചെ​യ്തു. പാ​പ്പി​ലോ​ത്തു് പി​ടി​ച്ച​ട​ക്കി; ലാ​യി​സാ​ന്തു് കൈ​യി​ലാ​യി.

ഓർ​മ്മി​ക്കേ​ണ്ട ഒരു സംഗതി. ഇം​ഗ്ലീ​ഷ് കാ​ലാൾ​പ്പ​ട​യു​ടെ കൂ​ട്ട​ത്തിൽ, വി​ശേ​ഷി​ച്ചും കെം​റ്റി​ന്റെ സൈ​ന്യ​ത്തിൽ, പു​തു​താ​യി ചേർ​ക്ക​പ്പെ​ട്ട പട്ടാ​ള​ക്കാർ വള​രെ​യ​ധി​ക​മു​ണ്ടാ​യി​രു​ന്നു. ആ ചെ​റു​പ്പ​ക്കാ​രായ ഭട​ന്മാർ നമ്മു​ടെ ധീ​രോ​ദാ​ത്ത​ന്മാ​രായ പദാ​തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തിൽ വലിയ ശൂ​ര​ന്മാ​രാ​യി; അവ​രു​ടെ പരി​ച​യ​ക്കു​റ​വു് അവരെ കൂ​സൽ​കൂ​ടാ​തെ അപ​ക​ട​ത്തിൽ​നി​ന്നു വേർ​പെ​ടു​ത്തി; ചി​ല്ല​റ​പ്പോ​രു​ക​ളിൽ വി​ശേ​ഷി​ച്ചും ഇവ​രെ​ക്കൊ​ണ്ടു​പ​കാ​ര​മു​ണ്ടാ​യി; ചി​ല്ല​റ​പ്പോ​രി​ലേർ​പ്പെ​ടു​ന്ന ഭടൻ, യഥേ​ഷ്ടം പ്ര​വർ​ത്തി​ക്കാ​വു​ന്ന​തു​കൊ​ണ്ടു്, തൽ​ക്കാ​ല​ത്തേ​ക്ക് അവ​ന​വ​ന്റെ സേ​നാ​പ​തി​യാ​യി​ത്തീ​രു​ന്നു. ഈ പു​തു​ഭ​ട​ന്മാർ ഫ്രാൻ​സു​കാ​രു​ടെ ശൗ​ര്യ​വും പരാ​ക്ര​മ​വും കാ​ണി​ച്ചു. തഴ​ക്ക​മി​ല്ലാ​ത്ത ഈ കാ​ലാൾ​പ്പ​ട​യ്ക്കു നല്ല പ്ര​സ​രി​പ്പു​ണ്ടാ​യി​രു​ന്നു. ഇതു് വെ​ല്ലി​ങ്ട​നെ മു​ഷി​പ്പി​ച്ചു.

ലാ​യി​സാ​ന്തു് പി​ടി​ച്ച​തോ​ടു​കൂ​ടി യു​ദ്ധം ഒന്നി​ള​കി.

അന്നു് ഉച്ച​മു​തൽ നാ​ലു​മ​ണി​വ​രേ​യ്ക്ക് ഒരി​രു​ണ്ട വിടവു കാ​ണു​ന്നു: ഈ യു​ദ്ധ​ത്തി​ന്റെ മധ്യ​ഭാ​ഗം അത്ര വ്യ​ക്ത​മ​ല്ല; അതു് ദ്വ​ന്ദ്വ​യു​ദ്ധ​ത്തി​നു​ള്ള അപ്ര​സ​ന്ന​ത​യിൽ​പ്പെ​ടു​ന്നു. അതി​ന്മേൽ സന്ധ്യ കയറി. ആ മങ്ങ​ലിൽ, തല ചു​റ്റി​ക്കു​ന്ന മൃ​ഗ​തൃ​ഷ്ണ​ത​യിൽ, മഹ​ത്ത​ര​ങ്ങ​ളായ ചില ഇള​ക്ക​ങ്ങൾ—ഇന്നു മു​ക്കാ​ലും അജ്ഞാ​ത​ങ്ങ​ളാ​യി​പ്പോയ യു​ദ്ധ​ക്കോ​പ്പു​കൾ—കാ​ണ​പ്പെ​ടു​ന്നു​ണ്ടു്; സാ​ദി​ക​ളു​ടെ പാ​റി​പ്പ​റ​ക്കു​ന്ന തോൽ​സ​ഞ്ചി​കൾ, വാ​റു​കൾ, തീ​ക്കു​ടു​ക്കിൻ തി​ര​പ്പെ​ട്ടി​കൾ, കു​തി​ര​പ്പ​ട​യാ​ളി​നി​ല​യ​ങ്കി​കൾ, ഒരാ​യി​രം ചു​ളി​വു​ക​ളോ​ടു​കൂ​ടിയ പാ​ദ​ര​ക്ഷ​കൾ, നാ​ട​ക​ളെ​ക്കൊ​ണ്ടു മാ​ല​യ​ണി​ഞ്ഞു കനത്ത ശി​രോ​ല​ങ്കാ​ര​ങ്ങൾ, ഇം​ഗ്ല​ണ്ടി​ലെ ചു​ക​ന്ന കാ​ലാൾ​പ്പ​ട​യോ​ടു കൂ​ടി​ക്ക​ലർ​ന്ന​തായ ബ്രൺ​സ്വി​ക്കി​ന്റെ ഏതാ​ണ്ടു് കറു​ത്ത കാ​ലാൾ​ക്കൂ​ട്ടം,അം​സാ​ല​ങ്കാ​ര​ങ്ങൾ​ക്കു പകരം ചു​മ​ലു​ക​ലു​ടെ വളവിൽ വെ​ളു​ത്ത വട്ട​ച്ചെ​റു​മെ​ത്ത​ക​ളോ​ടു​കൂ​ടിയ ഇം​ഗ്ലീ​ഷ്ഭ​ട​ന്മാർ, നീ​ണ്ടു ചതു​ര​ത്തി​ലു​ള്ള ചർ​മ​ശി​ര​സ്ത്ര​ങ്ങ​ളോ​ടു കൂടിയ ജർമൻ കു​തി​ര​പ്പ​ട്ടാ​ളം, നഗ്ന​ങ്ങ​ളായ കാൽ​മു​ട്ടു​ക​ളോ​ടും കള്ളി​ക​ളു​ള്ള വസ്ത്ര​ങ്ങ​ളോ​ടും​കൂ​ടിയ സ്കോ​ട്ലാ​ണ്ടു​കാർ, വെ​ളു​ത്തു വമ്പി​ച്ച വെൺ​പാ​ദ​ര​ക്ഷ​ക​ളോ​ടു​കൂ​ടിയ നമ്മു​ടെ പട്ടാ​ള​ക്കാർ—ഇങ്ങ​നെ യു​ദ്ധ​ത്തി​നു​ത​കു​ന്ന വരി​നി​ര​പ്പു​ക​ള​ല്ല, സാൽ​വ​റ്റർ റോസ [8] ക്ക് ആവ​ശ്യ​മു​ള്ള​വ​യും ഗ്രി​ബോ​വ​ലി [9] ന്റെ ആവ​ശ്യ​ങ്ങൾ​ക്കു യോ​ജി​ക്കാ​ത്ത​വ​യു​മായ ചി​ത്ര​ങ്ങൾ.

എപ്പോ​ഴും യു​ദ്ധ​ത്തോ​ടു കു​റ​ച്ചു കൊ​ടു​ങ്കാ​റ്റു കൂ​ടി​ക്ക​ലർ​ന്നു​നി​ല്ക്കും, ഗൂ​ഢ​മാ​യ​തെ​ന്തോ അതു ദി​വ്യ​മാ​ണു്. പ്രാ​യേണ ഈ ലഹ​ള​യ്ക്കു​ള്ളിൽ​നി​ന്നു് ഓരോ ചരി​ത്ര​കാ​ര​നും തനി​ക്കു രസം തോ​ന്നി​ക്കു​ന്ന ഭാ​ഗ​ത്തെ തപ്പി​യെ​ടു​ക്കു​ന്നു. സേ​നാ​ധി​പ​ന്മാ​രു​ടെ കൂ​ട്ടു​കെ​ട്ടു് എന്തു​ത​ന്നെ​യാ​യാ​ലും ശരി, പൊ​തു​ഭ​ട​സം​ഘ​ത്തി​ന്റെ കയ​റ്റ​ത്തി​നു് ഇന്ന​പ്പോ​ഴെ​ന്നി​ല്ല. ഒരു വേ​ലി​യി​റ​ക്ക​മു​ണ്ടു്. യു​ദ്ധം ചെ​യ്യു​ന്ന സമ​യ​ത്തു് രണ്ടു സേ​നാ​ധി​പ​തി​ക​ളു​ടേ​യും ആലോ​ച​ന​കൾ പര​സ്പ​രം കൂ​ടി​പ്പി​ണ​യു​ക​യും പര​സ്പ​രം രൂ​പ​ഭേ​ദം പ്രാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. യു​ദ്ധ​ക്ക​ള​ത്തി​ന്റെ ഈ ഒരു നില, നന​വേ​റു​ന്നേ​ട​ത്തോ​ളം വേ​ഗ​ത്തിൽ നിലം വെ​ള്ളം കു​ടി​ക്കു​ന്ന​തു​പോ​ലെ, മറ്റു​ള്ള​തി​ല​ധി​കം പോ​രാ​ളി​വർ​ഗ​ത്തെ സാ​പ്പീ​ട്ടു​ക​ള​യു​ന്നു. കരു​തു​ന്ന​തി​ല​ധി​കം പട്ടാ​ള​ങ്ങ​ളെ അവിടെ കൊ​ണ്ടു​നി​റ​ച്ചു കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു; അപ്ര​തീ​ക്ഷി​ത​ങ്ങ​ളായ ഒരു​പാ​ടു ചെ​ല​വു​കൾ; പട​യ​ണി​കൾ നൂ​ലു​പോ​ലെ ഇള​കു​ക​യും ഓളം മറി​യു​ക​യും ചെ​യ്യു​ന്നു; ഒരു ക്ര​മ​വു​മി​ല്ലാ​തെ രക്ത​ച്ചാ​ലു​കൾ തള്ളി​യ​ല​യ്ക്കു​ന്നു; സൈ​ന്യ​ത്തി​ന്റെ മു​ന്ന​ണി​കൾ ചാ​ഞ്ചാ​ടു​ന്നു; സേനകൾ മു​ന്നോ​ട്ടു ചെ​ല്ലു​ക​യും പി​ന്നോ​ട്ടു വാ​ങ്ങു​ക​യും ചെ​യ്യു​മ്പോൾ മു​ന​മ്പു​ക​ളും ചു​ഴി​പ്പു​ക​ളു​മു​ണ്ടാ​കു​ന്നു. ഈ കടൽ​പ്പാ​റ​ക​ളി​ലോ​രോ​ന്നും അതാ​തി​ന്റെ മുൻ​പി​ലൂ​ടെ നി​ല​കൊ​ള്ളാ​തെ സഞ്ച​രി​ക്കു​ന്നു. കാ​ലാൾ​പ്പട നി​ന്നി​രു​ന്നേ​ട​ത്തു പീ​ര​ങ്കി​പ്പ​ട്ടാ​ള​മെ​ത്തു​ന്നു; പീ​ര​ങ്കി​പ്പ​ട്ടാ​ളം നി​ന്നി​രു​ന്ന ദി​ക്കിൽ കു​തി​ര​പ്പ​ട്ടാ​ളം പാ​ഞ്ഞു​ക​യ​റു​ന്നു; പട്ടാ​ള​ങ്ങൾ പു​ക​പോ​ലെ​യാ​ണു്. എന്തോ അവിടെ ഉണ്ടാ​യി​രു​ന്നു; നോ​ക്കൂ, അതു് മറ​ഞ്ഞു​ക​ഴി​ഞ്ഞു; തു​റ​സ്സായ ഇട​ങ്ങൾ സ്ഥലം മാ​റു​ന്നു; മങ്ങിയ മട​ക്കു​കൾ മു​മ്പോ​ട്ടു ചെ​ല്ലു​ക​യും ചെ​യ്യു​ന്നു; ഒരു​ത​രം ചു​ട​ല​ക്കാ​റ്റു് ഈ പി​ട​യു​ന്ന ആൾ​ക്കൂ​ട്ട​ത്തെ മുൻ​പോ​ട്ടു തള്ളു​ക​യും പി​മ്പോ​ട്ടു വലി​ച്ചെ​റി​യു​ക​യും ദൂ​ര​ത്തേ​ക്ക് അക​റ്റു​ക​യും ചി​ത​റു​ക​യും ചെ​യ്യു​ന്നു. കലഹം എന്നാൽ എന്താ​ണു്? ഒരു ചാ​ഞ്ചാ​ട​ലോ? ഗണി​ത​ശാ​സ്ത്ര​യു​ക്തി​യു​ടെ സു​സ്ഥി​ര​ത​യെ കാ​ണി​ക്കു​ന്ന​തു് ഒരു നി​മി​ഷ​മാ​ണു്, ഒരു ദി​വ​സ​മ​ല്ല. ഒരു യു​ദ്ധം ശരി​യാ​യി വര​ച്ചു കാ​ണി​ക്ക​ണ​മെ​ങ്കിൽ, ആരുടെ തൂ​ലി​കാ​ഗ്ര​ത്തി​ലോ പ്ര​ള​യ​കാ​ല​ത്തി​ലെ മഹാ​ക്ഷോ​ഭ​മു​ള്ള​തു് ആ ത്രാ​ണി​യേ​റിയ ചി​ത്ര​കാ​ര​ന്മാ​രിൽ ഒരുവൻ തന്നെ വേ​ണ്ടി​യി​രി​ക്കു​ന്നു. റെം​ബ്രാ​ണ്ടി​നെ [10] ക്കാൾ നല്ല​തു് വാൻ​ദർ​മ്യൂ​ലാ​ങ്ങാ [11] ണു്; എന്നാൽ ഉച്ച​യ്ക്കു സത്യം പറ​യു​ന്ന വാൻ​ദർ​മ്യൂ​ലാ​ങ്ങ് തന്നെ മൂ​ന്നു​മ​ണി​ക്കാ​യാൽ നു​ണ​യ​നാ​വും! ക്ഷേ​ത്ര​ഗ​ണി​തം ചതി​യ​നാ​ണു്. കൊ​ടു​ങ്കാ​റ്റു മാ​ത്ര​മേ വി​ശ്വാ​സ​യോ​ഗ്യ​മാ​യി​ട്ടു​ള്ളു. പൊ​ളി​ബി​സ്സി [12] നെ എതിർ​ത്തു പറയാൻ ഫോർ​ലാർ​ഡി [13] ന്നു് അധി​കാ​രം കൊ​ടു​ക്കു​ന്ന​തു് അതാ​ണു്. ഞങ്ങൾ ഒന്നു​കൂ​ടി തു​ടർ​ന്നു പറ​യ​ട്ടെ— മഹാ​യു​ദ്ധം ഒരു ദ്വ​ന്ദ്വ​യു​ദ്ധ​ത്തി​ലേ​ക്ക് ഇടി​ഞ്ഞു​പോ​കു​ന്ന, അതാതു ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം കനം​പി​ടി​ക്കു​ന്ന, ഒന്നു​ത​ന്നെ പലപല കൂ​ട്ട​ങ്ങ​ളാ​യി​ത്തീ​രു​ന്ന, നെ​പ്പോ​ളി​യൻ​ത​ന്നെ ഒരി​ക്കൽ പറ​ഞ്ഞി​ട്ടു​ള്ള​തു് കടം മേ​ടി​ക്കു​ന്ന​പ​ക്ഷം ‘സൈ​ന്യ​സ​ഞ്ച​യ​ത്തി​ന്റെ ചരി​ത്ര​ത്തെ​ക്കാ​ള​ധി​കം സൈ​ന്യ​വ​കു​പ്പു​ക​ളു​ടെ ജീ​വ​ച​രി​ത്ര​ത്തി​ലേ​ക്കു ചേർ​ന്ന’ അസം​ഖ്യം പരാ​ക്ര​മ​ഭേ​ദ​ങ്ങ​ളാ​യി ചി​ന്നി​ച്ചി​ത​റു​ന്ന, ഒരു സന്ദർ​ഭ​വി​ശേ​ഷ​മു​ണ്ടു്. അതൊ​ന്നിൽ സക​ല​വും കൂ​ട്ടി​യൊ​തു​ക്കു​വാൻ ചരി​ത്ര​കാ​ര​ന്മാർ​ക്കു സ്പ​ഷ്ട​മാ​യി അധി​കാ​ര​മു​ണ്ടു്. യു​ദ്ധ​ത്തി​ന്റെ പ്ര​ധാന ഭാ​ഗ​ങ്ങ​ളെ കട​ന്നു പി​ടി​കൂ​ടു​ക​യ​ല്ലാ​തെ അതി​ല​ധി​ക​മൊ​ന്നും ചെ​യ്വാൻ അവ​രെ​ക്കൊ​ണ്ടാ​വി​ല്ല; എത്ര​ത​ന്നെ സത്യ​വാ​നാ​യാ​ലും ശരി, ഒരെ​ഴു​ത്തു​കാ​ര​നെ​ക്കൊ​ണ്ടും യു​ദ്ധം എന്നു് വി​ളി​ക്ക​പ്പെ​ടു​ന്ന ആ ഭയ​ങ്ക​ര​മേ​ഘ​ത്തി​ന്റെ സ്വ​രൂ​പം തി​ക​ച്ചും ഉറ​പ്പി​ച്ചു​നിർ​ത്തു​വാൻ കഴി​യു​ന്ന​ത​ല്ല.

എല്ലാ യു​ദ്ധ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വാ​സ്ത​വ​മായ ഒരു സംഗതി വാ​ട്ടർ​ലൂ​വി​നെ​പ്പ​റ്റി​യേ​ട​ത്തോ​ളം വി​ശേ​ഷി​ച്ചും വാ​സ്ത​വ​മാ​ണു്.

എന്താ​യാ​ലും ഉച്ച​തി​രി​ഞ്ഞ് ഒരു മണി​സ​മ​യ​ത്തു യു​ദ്ധം വീ​ണ്ടും ഒരു നി​ല​യ്ക്കെ​ത്തി.

കു​റി​പ്പു​കൾ

[7] നെ​പ്പോ​ളി​യ​ന്റെ ഒരു വലിയ സു​ഹൃ​ത്തായ ഇദ്ദേ​ഹ​ത്തെ ചക്ര​വർ​ത്തി മോ​സ്കോ​വി​ലെ രാ​ജാ​വാ​ക്കി. രാ​ജ​വാ​ഴ്ച വീ​ണ്ടും സ്ഥാ​പി​ക്ക​പ്പെ​ട്ട​പ്പോൾ ഇദ്ദേ​ഹം രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കൊ​ല്ല​പ്പെ​ട്ടു.

[8] ഒരു പ്ര​സി​ദ്ധ​നായ ഇറ്റ​ലി​ക്കാ​രൻ ചി​ത്ര​കാ​രൻ. ചരി​ത്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണു് ഇദ്ദേ​ഹം അധി​ക​വും വര​ച്ചി​ട്ടു​ള്ള​തു്.

[9] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[10] ഹോ​ള​ണ്ടു​കാ​ര​നായ ചി​ത്ര​കാ​ര​നും കൊ​ത്തു​പ​ണി​ക്കാ​ര​നും, ‘രാ​ത്രി​യി​ലെ പാ​റാ​വു്’ എന്നു് ഇദ്ദേ​ഹ​ത്തി​ന്റെ ചി​ത്രം ലോ​ക​പ്ര​സി​ദ്ധ​മാ​ണു്.

[11] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[12] ഒരു ഗ്രീ​ക്ക് ചരി​ത്ര​കാ​രൻ.

[13] ഒരു ഫ്ര​ഞ്ചു​ഭ​ട​നും യു​ദ്ധ​യു​ക്തി​ക​ളെ​പ്പ​റ്റി ഒരു ഗ്ര​ന്ഥ​മെ​ഴു​തി​യി​ട്ടു​ള്ളാ​ളും.

2.1.6
ഉച്ച​തി​രി​ഞ്ഞു നാ​ലു​മ​ണി

നാ​ലു​മ​ണി​യോ​ടു​കൂ​ടി ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ സ്ഥി​തി കുറേ ചി​ന്ത​നീ​യ​മാ​യി. ഓറൻജ് രാ​ജ​കു​മാ​രൻ​ന​ടു​ക്കും, ഹിൽ വല​ത്തു​വ​ശ​ത്തും, പി​ക്റ്റൺ ഇട​ത്തു പു​റ​ത്തു​മാ​ണു് നേ​തൃ​ത്വം വഹി​ച്ചി​രു​ന്ന​തു്. ഒരു നോ​ട്ട​വു​മി​ല്ലാ​ത്ത​വ​നും തീരെ ഭയ​ര​ഹി​ത​നു​മാ​യി​രു​ന്ന ഓറൻജ് രാ​ജ​കു​മാ​രൻ ബെൽ​ജി​യ​സൈ​ന്യ​ത്തോ​ടു വി​ളി​ച്ചു പറ​ഞ്ഞു: ‘നസ്സോ! ബ്രൺ​സ്വി​ക്ക്! ഒരി​ക്ക​ലും പിൻ​തി​രി​യ​രു​ത്!’ ക്ഷീ​ണി​ച്ചു​പോയ ഹിൽ ചെ​ന്നു വെ​ല്ലി​ങ്ങ്ട​ന്റെ തണ​ലിൽ​ക്കൂ​ടി; പി​ക്റ്റൺ മരി​ച്ചു. 105-​ാമത്തെ ഫ്ര​ഞ്ച് സൈ​ന്യ​വ​കു​പ്പിൽ​നി​ന്നു് ഇം​ഗ്ല​ണ്ടു​കാർ കൊ​ടി​പി​ടി​ച്ച​ട​ക്കിയ ആ നി​മി​ഷ​ത്തിൽ ഫ്രാൻ​സു​കാർ ഇം​ഗ്ലീ​ഷ് സേ​നാ​നാ​യ​ക​നായ പി​ക്റ്റ​ന്റെ തല​യി​ലൂ​ടെ ഒരു​ണ്ട​യ​യ​ച്ചു കഥ കഴി​ച്ചു. വെ​ല്ലി​ങ്ട​നെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം യു​ദ്ധ​ത്തി​നു പ്ര​ധാ​ന​മാ​യി രണ്ടു സ്ഥ​ല​മാ​ണു​ണ്ടാ​യി​രു​ന്ന​തു്. ഹൂ​ഗോ​മോ​ങ്ങും ലാ​യി​സാ​ന്തും. ഹൂ​ഗോ​മോ​ങ്ങ് അപ്പോ​ഴും പി​ടി​ച്ചു​നി​ല്ക്കു​ന്നു​ണ്ട്— പക്ഷേ, തി​യ്യി​ലാ​ണു്; ലാ​യി​സാ​ന്തു് അന്യാ​ധീ​ന​മാ​യി​ക്ക​ഴി​ഞ്ഞു. അതു കാ​ത്തി​രു​ന്ന ജർ​മ്മൻ​സൈ​ന്യ​ത്തിൽ നാ​ല്പ​ത്തി​ര​ണ്ടു​പേർ മാ​ത്ര​മേ ചാ​വാ​തെ ശേ​ഷി​ച്ചി​ട്ടു​ള്ളൂ; അധി​പ​ന്മാർ അഞ്ചൊ​ഴി​ച്ചു ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം മരി​ച്ചു. അല്ലെ​ങ്കിൽ ബന്ധ​ന​ത്തി​ലാ​യി. ആ കള​പ്പു​ര​യിൽ​വെ​ച്ചു മു​വ്വാ​യി​രം പോ​രാ​ളി​കൾ കൊ​ത്തി​നു​റു​ക്ക​പ്പെ​ട്ടു. ഇം​ഗ്ലീ​ഷ് രക്ഷി​ഭ​ട​ന്മാ​രിൽ ഒരു പ്ര​ധാ​നോ​ദ്യോ​ഗ​സ്ഥൻ, ഇം​ഗ്ല​ണ്ടിൽ​വെ​ച്ചു ഒന്നാ​മ​ത്തെ ഗു​സ്തി​പ്പി​ടു​ത്ത​ക്കാ​രൻ, എന്താ​യാ​ലും തോൽവി പറ്റാ​ത്ത​വ​നെ​ന്നു കൂ​ട്ടാ​ളി​ക​ളാൽ പു​ക​ഴ്ത്ത​പ്പെ​ട്ട​വൻ ഒരു ചെറിയ ചെ​ണ്ട​ക്കാ​രൻ ചെ​ക്ക​നാൽ അവി​ടെ​വെ​ച്ചു വധി​ക്ക​പ്പെ​ട്ടു. ബെ​റി​ങ്ങ് താ​ഴ​ത്തു വീണു; ആൽ​ട്ടൻ വാ​ളി​ന്നി​ര​യാ​യി. അസം​ഖ്യം കൊ​ടി​കൾ പൊ​യ്പോ​യി— ഒന്നു് ആൽ​ട്ട​ന്റെ കൂ​ട്ട​ത്തിൽ​നി​ന്നു്; മറ്റൊ​ന്നു, ല്യൂ​നൻ​ബർ​ഗി​ന്റെ സൈ​ന്യ​ത്തിൽ നി​ന്നു, ദോ​പോ​ങ്ങ് വം​ശ​ത്തിൽ ചേർ​ന്ന ഒരു രാ​ജ​കു​മാ​രൻ കൊ​ണ്ടു​പോ​യി. സ്കോ​ട്ട്ലാ​ണ്ടു​കാ​രു​ടെ ഒരു പട മു​ച്ചൂ​ടും മു​ടി​ഞ്ഞു; പോൺ​സൺ​ബി​യു​ടെ വമ്പി​ച്ച കു​തി​ര​പ്പ​ട്ടാ​ളം സക​ല​വും കഷ്ണം കഷ്ണ​മാ​യി; ആ ധീ​രോ​ദാ​ത്ത​ന്മാ​രായ കു​തി​ര​പ്പ​ട്ടാ​ള​ക്കാർ ബ്രോ​വി​ന്റെ കു​ന്ത​ക്കാ​രു​ടെ​യും ട്രാ​വർ​സി​ന്റെ കവ​ച​ക്കാ​രു​ടെ​യും തള്ള​ലിൽ അമർ​ന്നു; ആകെ​യു​ണ്ടാ​യി​രു​ന്ന ആയി​ര​ത്തി​രു​നൂ​റിൽ അറു​നൂ​റു​ശേ​ഷി​ച്ചു; മൂ​ന്നു പ്ര​ധാ​നോ​ദ്യോ​ഗ​സ്ഥ​ന്മാ​രിൽ രണ്ടു​പേ​രും നി​ലം​പൊ​ത്തി—ഹാ​മിൽ​ട്ടൽ മു​റി​യേ​റ്റി​ട്ടും, മെ​യ്റ്റർ മരി​ച്ചി​ട്ടും; ഏഴു കു​ന്ത​ത്തു​ള​ക​ളാൽ അരി​പ്പ​കു​ത്ത​പ്പെ​ട്ടു പോൺ​സൺ​ബി മറി​ഞ്ഞു​ക​ഴി​ഞ്ഞു. ഗോർഡൻ മരി​ച്ചു. മാർഷ് മരി​ച്ചു. രണ്ടു സൈ​ന്യ​വ​കു​പ്പു​കൾ, അഞ്ചാ​മ​ത്തേ​തും ആറാ​മ​ത്തേ​തും തകർ​ത്തു.

ഹൂ​ഗോ​മോ​ങ്ങ് പരി​ക്കി​ലും ലാ​യി​സാ​ന്തു് പി​ടി​യി​ലും പെ​ട്ടു​ക​ഴി​ഞ്ഞു. ഒരു മർമം മാ​ത്രം ബാ​ക്കി​യു​ണ്ട്—നടു. അതു് അപ്പോ​ഴും ഉറ​ച്ചു​നി​ന്നു. വെ​ല്ലി​ങ്ങ്ടൻ അതിനു രക്ഷ​കൂ​ട്ടി. മേർൾ​ബ്ര​യി​നി​ലു​ണ്ടാ​യി​രു​ന്ന ഹി​ല്ലി​നേ​യും ബ്ര​യിൻ​ലാ​ല്യൂ​ദി​ലാ​യി​രു​ന്ന ഷാ​സ്സെ​യേ​യും അദേഹം അങ്ങോ​ട്ടു വരു​ത്തി.

ഏതാ​ണ്ട് അകം വള​ഞ്ഞ​തും വളരെ ഇട​തൂർ​മ​യു​ള്ള​തും വളരെ കട്ടി​ത്ത​മു​ള്ള​തു​മായ ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ മധ്യ​ഭാ​ഗം ശക്തി​യിൽ ഉറ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. അതി​ന്റെ നിൽ​പ്പു പി​ന്നിൽ ഗ്രാ​മ​ത്തോ​ടും മുൻ​പിൽ അക്കാ​ല​ത്തു നല്ല കു​ത്ത​നെ​യാ​യി​രു​ന്ന മല​മ്പ​ള്ള​യോ​ടും​കൂ​ടിയ മോൺ​സാ​ങ്ങ് ഴാ​ങ്ങ് കു​ന്നിൻ​പു​റ​ത്താ​യി​രു​ന്നു. ആ കാ​ല​ത്തു നീ​വെ​ല്ലി​ലേ​ക്കു ചേർ​ന്നി​രു​ന്ന​തും, വഴികൾ മു​റി​ഞ്ഞു​പോ​കു​ന്നേ​ട​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​തു​മായ ആ കനത്ത ശി​ലാ​ഗൃ​ഹ​ത്തിൽ—പതി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്കു ചേർ​ന്ന​തും, പീ​ര​ങ്കി​യു​ണ്ട​കൾ ഒരു പരി​ക്കും തട്ടി​ക്കാ​തെ പി​ന്നോ​ട്ടു തെ​റി​ക്കു​മാ​റു് അത്ര​യും കരു​ത്തു​ള്ള​തു​മായ ഒരു വലിയ എടു​പ്പിൽ—അതു താവളം പി​ടി​ച്ചു. ഇം​ഗ്ലീ​ഷ് സൈ​ന്യം കു​ന്നി​ന്റെ നാ​ലു​പു​റ​ത്തും വേ​ലി​കൾ​ക്ക് അവി​ട​വി​ടെ പഴു​തു​കൾ തീർ​ത്തു, മര​ങ്ങ​ളിൽ വി​ട​വു​ക​ളു​ണ്ടാ​ക്കി, ഓരോ പീ​ര​ങ്കി​യു​ടേ​യും കഴു​ത്തു മര​ക്കൊ​മ്പു​ക​ളു​ടെ ഉള്ളി​ലേ​ക്കു തി​രു​കി, വന​മ​ണ്ഡ​ല​ത്തെ യു​ദ്ധ​ക്കോ​ട്ട​യാ​ക്കി​യി​രു​ന്നു. അവിടെ പീ​ര​ങ്കി​പ്പ​ട്ടാ​ളം കു​റ്റി​ക്കാ​ട്ടിൽ ഒളി​ച്ചി​രു​ന്നു. വി​ശ്വാ​സ​വ​ഞ്ച​ന​യായ ഈ പ്ര​വൃ​ത്തി— എല്ലാ കെ​ണി​ക​ളും ആവാ​മെ​ന്നു വെ​ച്ചി​ട്ടു​ള്ള യു​ദ്ധ​നീ​തി​യാൽ ഇതു നിർ​വി​വാ​ദം സമ്മ​തി​ക്ക​പ്പെ​ട്ട​തു​ത​ന്നെ—ഏറ്റ​വും ഭം​ഗി​യിൽ ശരി​പ്പെ​ടു​ത്തി വെ​ച്ചി​രു​ന്ന​തു​കൊ​ണ്ടു, രാ​വി​ലെ ഒമ്പ​തു​മ​ണി​സ​മ​യ​ത്തു ശത്രു​ക്ക​ളു​ടെ പീ​ര​ങ്കി​നിര നോ​ക്കി​യ​റി​ഞ്ഞു ചെ​ല്ലു​വാൻ ചക്ര​വർ​ത്തി പറ​ഞ്ഞ​യ​ച്ചി​രു​ന്ന ഹാ​ക്സോ യാ​തൊ​ന്നും കണ്ടി​ല്ല; എന്ന​ല്ല; നീ​വെ​ല്ലി​ലേ​ക്കും ഗെ​നാ​പ്പി​ലേ​ക്കു​മു​ള്ള രണ്ടു നി​ര​ത്തു​വ​ഴി​ക​ളും നി​രോ​ധി​ച്ചി​ട്ടു​ള്ള​ത​ല്ലാ​തെ വേറെ യാ​തൊ​രു തട​സ്സ​വു​മി​ല്ലെ​ന്നു് അയാൾ അവിടെ മട​ങ്ങി​ച്ചെ​ന്ന​റി​യി​ക്കു​ക​കൂ​ടി ചെ​യ്തു. വയൽ​വി​ള​വു​കൾ വളർ​ന്നു​യർ​ന്നു നി​ല്ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അതു്; കൊ​റ്റി​ന്റെ 95-ആം വകു​പ്പി​ലെ ചെ​റു​തോ​ക്കു​പ​ട്ടാ​ള​ക്കാർ മു​ഴു​വ​നും ആ കു​ന്നി​ന്റെ വക്ക​ത്തു നീണ്ട കോ​ത​മ്പ​ച്ചെ​ടി​ക്കു​ള്ളിൽ മറ​യ​പ്പെ​ട്ടി​രു​ന്നു.

ഇങ്ങ​നെ ഉറ​പ്പി​ക്കു​ക​യും താ​ങ്ങു കൊ​ടു​ക്കു​ക​യും ചെ​യ്ത​തി​നാൽ ഇം​ഗ്ലീ​ഷ് ഡച്ചു​സൈ​ന്യ​നി​ര​പ്പി​ന്റെ ധന്യം നല്ല നി​ല​യി​ലാ​യി​രു​ന്നു. ഈ നി​ല്പിൽ അപ​ക​ട​മു​ള്ള​തു യു​ദ്ധ​ഭൂ​മി​ക്കു തൊ​ട്ട​തും ഗ്രോ​യ​നോ​ങ്ങ്ദേൽ, ബ്വാ​ഫോർ എന്ന രണ്ടു കള​ങ്ങൾ​ക്കൊ​ണ്ടു നടു​ക്കു​വെ​ച്ചു മു​റി​ഞ്ഞ​തു​മായ സ്വാ​ങ്ങ് കാ​ട്ടു​പു​റം മാ​ത്ര​മാ​ണു്. അവിടെ വെ​ച്ച് അലി​ഞ്ഞു​പോ​കാ​തെ ഒരു സൈ​ന്യ​ത്തി​നു് അതിലെ പി​ന്മാ​റു​വാൻ വയ്യാ; പട്ടാ​ള​വ​കു​പ്പു​കൾ ഓരോ​ന്നും അവി​ടെ​ച്ചെ​ന്നാൽ ചി​ക്കെ​ന്നു ചി​ന്നി​ക്ക​ള​യും. ചതു​പ്പു​നി​ല​ങ്ങൾ​ക്കു​ള്ളിൽ പീ​ര​ങ്കി​പ്പ​ട്ടാ​ളം പൂ​ഴ്‌​ന്നു​പോ​വും. പി​ന്തി​രി​ഞ്ഞു​ള്ള ഓട്ടം, ആ കലാ​വി​ദ്യ​യിൽ പരി​ച​യ​മു​ള്ള പല​രു​ടേ​യും അഭി​പ്രാ​യ​പ്ര​കാ​രം—മറ്റു ചിലർ എതിർ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും—ഒരു ക്ര​മ​മി​ല്ലാ​ത്ത കൂ​ട്ട​പ്പാ​ച്ചി​ലാ​യി കലാ​ശി​ക്കും.

ഈ മധ്യ​ഭാ​ഗ​ത്തേ​ക്കു വെ​ല്ലി​ങ്ങ്ടൻ വല​തു​വ​ശ​ത്തു​നി​ന്നു ഷാ​സ്സെ​യു​ടെ ഒരു പട്ടാ​ള​വ​കു​പ്പി​നേ​യും ഇട​തു​വ​ശ​ത്തു​നി​ന്നു വിൻ​കി​ന്റെ ഒരു സൈ​ന്യ​ത്തേ​യും ക്ലിൻ​ട​ന്റെ സേ​ന​യോ​ടു​കൂ​ടി വരു​ത്തി​ച്ചേർ​ത്തു. തന്റെ ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​നും, ഹാൽ​കെ​റ്റി​ന്റെ പട്ടാ​ള​വ​കു​പ്പു​കൾ​ക്കും മി​ച്ച​ലി​ന്റെ ചമു വി​ഭാ​ഗ​ത്തി​നും മെ​യി​റ്റ്ല​ണ്ടി​ന്റെ രക്ഷി​ത​ഭ​ട​ന്മാർ​ക്കും വേണ്ട ബല​സ​ഹാ​യ്യ​ങ്ങൾ​ക്കാ​യി ബ്രൺ​സു് വി​ക്കി​ന്റെ കാ​ലാ​ളു​ക​ളേ​യും നാ​സ്സോ​വി​ന്റെ സേ​നാം​ശ​ത്തേ​യും കിൽ​മാൻ​സെ​ഗ്ഗി​ന്റെ ഹനോ​വർ​ക്കാ​രേ​യും ഓം​ടെ​ഡ​യു​ടെ ജർ​മ​നി​ക്കാ​രേ​യും അദ്ദേ​ഹം അയ​ച്ചു​കൊ​ടു​ത്തു. ഇങ്ങ​നെ ഇരു​പ​ത്തി​യാ​റു സൈ​ന്യ​ങ്ങ​ളെ അദ്ദേ​ഹം കൈ​ക്ക​ലാ​ക്കി. ഷാറാ എന്ന ചരി​ത്ര​കാ​രൻ പറ​യും​പോ​ലെ, വല​തു​വ​ശ​ത്തെ സേനയെ നടു​ക്കിൽ കൊ​ണ്ടു തള്ളി. ‘വാ​ട്ടർ​ലൂ കാ​ഴ്ച​ബ​ങ്ക​ളാ​വെ’ന്നു പറ​യ​പ്പെ​ടു​ന്ന​തു നി​ല്ക്കു​ന്നേ​ട​ത്തു് മഹ​ത്തായ ഒരു പീ​ര​ങ്കി​പ്പ​ട്ടാ​ളം മു​ഴു​വ​നും മണ്ണു​ചാ​ക്കു​ക​ളാൽ മറ​യ്ക്ക​പ്പെ​ട്ടി​രു​ന്നു. ഇതിനു പുറമെ ഒരു​യർ​ന്ന സ്ഥ​ല​ത്തി​നു പി​ന്നി​ലാ​യി ആയി​ര​ത്തി​നാ​നൂ​റു സാ​ദി​ക​ളു​ള്ള സോ​മർ​സെ​റ്റി​ന്റെ രക്ഷി​സൈ​ന്യം വെ​ല്ലി​ങ്ങ്ട​ന്റെ കൈ​വ​ശ​മു​ണ്ടു​താ​നും. വാ​സ്തവ പ്ര​സി​ദ്ധി​യു​ള്ള ഇം​ഗ്ലീ​ഷ് കു​തി​ര​പ്പ​ട്ടാ​ള​ത്തി​ന്റെ ശേ​ഷി​ച്ച പകു​തി​യാ​യി​രു​ന്നു അതു്. പോൺ​സൺ​ബി നശി​ച്ചു; സോ​മർ​സെ​റ്റു് ശേ​ഷി​ച്ചു.

മു​ഴു​മി​ച്ചു എങ്കിൽ പ്രാ​യേണ ഒരു കാ​വൽ​ക്കോ​ട്ട​യാ​കു​മാ​യി​രു​ന്ന പീ​ര​ങ്കി​നിര, പൂ​ഴി​ച്ചാ​ക്കു​ക​ളെ​ക്കൊ​ണ്ടും ഒരു വലിയ മണ്ണിൻ​താ​ഴ്‌​വാ​രം​കൊ​ണ്ടു​മു​ള്ള പുറം തേ​പ്പി​നാൽ ദൃ​ഢ​ത​കൂ​ട്ട​പ്പെ​ട്ട ഒരു​യ​രം കു​റ​ഞ്ഞ തോ​ട്ട​മ​തി​ലി​നു പി​ന്നിൽ നിർ​ത്തി​യി​രു​ന്നു. ഈ പണി മു​ഴു​വ​നാ​യി​ല്ല; അതി​ന്നൊ​രു വേ​ലി​ക്കോ​ട്ട​യു​ണ്ടാ​ക്കാൻ സമയം കി​ട്ടി​യി​ല്ല.

അസ്വ​സ്ഥ​നെ​ങ്കി​ലും ക്ഷു​ബ്ധ​ഹൃ​ദ​യ​ന​ല്ലാ​ത്ത വെ​ല്ലി​ങ്ടൻ കു​തി​ര​പ്പു​റ​ത്താ​യി​രു​ന്നു; അതേ​നി​ല​യിൽ അദ്ദേ​ഹം മോൺ​സാ​ങ്ങ്ഴാ​ങ്ങി​ലെ ഇന്നും നിൽ​പ്പു​ള്ള പഴയ ചക്കു​പു​ര​യ്ക്കു കു​റ​ച്ചു മുൻ​പിൽ ഒരി​മ്പ​ക​വൃ​ക്ഷ​ച്ചു​വ​ട്ടിൽ അന്ന​ത്തെ ദിവസം കഴി​ച്ചു; ആ മരം ഒരിം​ഗ്ല​ണ്ടു​കാ​രൻ, ഒരു ശു​ഷ്കാ​ന്തി മു​ഴു​ത്ത കാ​ട്ടാ​ളൻ, ഇരു​നൂ​റു ഫ്രാ​ങ്കു കൊ​ടു​ത്തു വാ​ങ്ങി വെ​ട്ടി​മു​റി​ച്ചു കൊ​ണ്ടു​പോ​യി. വെ​ല്ലി​ങ്ടൻ ഒരു ചഞ്ച​ല​പ്പി​ല്ലാ​ത്ത ധീ​ര​നാ​യി​രു​ന്നു. വെ​ടി​യു​ണ്ട​കൾ ചു​റ്റു​പാ​ടും മഴ പെ​യ്യു​ന്ന പോ​ലെ​യാ​ണു് വീ​ണി​രു​ന്ന​തു്. അദ്ദേ​ഹ​ത്തി​ന്റെ അന്ത​സ്സ​ചി​വ​നായ ഗോൾഡൻ അടു​ക്കൽ​ത്ത​ന്നെ വീണു മരി​ച്ചു. പൊ​ട്ടി​ത്തെ​റി​ച്ച ഒരു തി​യ്യു​ണ്ട ചൂ​ണ്ടി​ക്കാ​ണി​ച്ചു ലോർഡ് ഹിൽ ചോ​ദി​ച്ചു: ‘ഇവി​ടു​ന്നു മരി​ച്ചു​പോ​യാൽ എന്തു ചെ​യ്യ​ണ​മെ​ന്നാ​ണു് കല്പി​ക്കു​ന്ന​തു?’ ‘എന്നെ​പ്പോ​ലെ ചെ​യ്വാൻ,’ വെ​ല്ലി​ങ്ടൻ മറു​പ​ടി പറ​ഞ്ഞു. ക്ലി​ന്റ​നോ​ടു് അദ്ദേ​ഹം സം​ക്ഷി​പ്ത​മാ​യി പറ​ഞ്ഞു: ‘ഒടു​വി​ല​ത്തെ ആൾ​കൂ​ടി ഇവിടം വി​ട​രു​തു്.’ ദിവസം സ്പ​ഷ്ട​മാ​യി അപകടം പി​ടി​ച്ചു​വ​രു​ന്നു. വെ​ല്ലി​ങ്ങ്ടൻ തന്റെ കൂ​ട്ടു​കാ​രോ​ടു വി​ളി​ച്ചു​പ​റ​ഞ്ഞു: ‘എന്റെ കു​ട്ടി​ക​ളേ, പിൻ​മ​ട​ങ്ങുക എന്ന​താ​ലോ​ചി​ക്കാ​മോ? പഴയ ഇം​ഗ്ല​ണ്ടി​നെ വി​ചാ​രി​ക്ക​ണേ!’

നാ​ലു​മ​ണി​യോ​ടു​കൂ​ടി ഇം​ഗ്ലീ​ഷ് സൈ​ന്യ​നിര പി​ന്നോ​ക്കം വാ​ങ്ങി. പെ​ട്ട​ന്നു പി​ര​ങ്കി​പ്പ​ട്ടാ​ള​വും കു​റി​വെ​ടി​ക്കാ​രു​മ​ല്ലാ​തെ മറ്റൊ​ന്നും ആകു​ന്നി​ന്മു​ക​ളിൽ ഇല്ലെ​ന്നാ​യി; ബാ​ക്കി​യെ​ല്ലാം മറ​ഞ്ഞു, പീ​ര​ങ്കി​യു​ണ്ട​ക​ളും ഫ്ര​ഞ്ച് വെ​ടി​യു​ണ്ട​ക​ളും തട്ടി നിലം പറി​ഞ്ഞു​പോയ സൈ​ന്യ​വ​കു​പ്പു​കൾ മോൺ​സാ​ങ്ഴാ​ങി​ലെ കള​പ്പു​ര​യി​ലേ​ക്കു​ള്ള പു​റം​വ​ഴി​യാൽ മു​റി​യ​പ്പെ​ട്ടു. കു​ന്നി​ന്ന​ടി​യി​ലേ​ക്കു മാറി; കീ​ഴ്പോ​ട്ടു​ള്ള ഗതി​യാ​യി; ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ മു​ന്ന​ണി ഒളി​ച്ചു; വെ​ല്ലി​ങ്ടൻ പി​ന്നോ​ട്ടു വാ​ങ്ങി. ‘പിൻ​തി​രി​യ​ലി​ന്റെ ആരംഭം!’ നെ​പ്പോ​ളി​യൻ ഉച്ച​ത്തിൽ പറ​ഞ്ഞു.

2.1.7
നെ​പ്പോ​ളി​യ​ന്നു ബഹു​ര​സം

രോ​ഗ​ത്തി​ലും, അര​ക്കെ​ട്ടി​ന്റെ അടു​ത്തു വേ​ദ​ന​യു​ള്ള​തു​കൊ​ണ്ടു കു​തി​ര​പ്പു​റ​ത്തു​ള്ള ഇരി​പ്പു ശരി​യാ​വാ​ത്ത മട്ടി​ലു​മി​രു​നു എങ്കി​ലും, അന്ന​ത്തെ​പ്പോ​ലെ ബഹു​ര​സ​ത്തിൽ ചക്ര​വർ​ത്തി കാ​ണ​പ്പെ​ട്ടി​ട്ടി​ല്ല. രാ​വി​ലെ മു​ത​ല്ക്ക് അദ്ദേ​ഹ​ത്തി​ന്റെ സ്തോ​ഭ​ര​ഹി​ത​ത്വം പു​ഞ്ചി​രി​യി​ട്ടു​കൊ​ണ്ടി​രു​ന്നു. വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടു​ള്ള മൂ​ടു​പ​ട​മി​ട്ട ആ അഗാ​ധാ​ത്മാ​വു ജൂൺ 18-ാം തി​യ്യ​തി നി​ല​വി​ട്ടു വി​ല​സു​ക​യാ​യി. ഓസു് തെർ​ലി​ത്സു് യു​ദ്ധ​ത്തിൽ പ്ര​സാ​ദ​മേ​റ്റി​രു​ന്ന മനു​ഷ്യൻ വാ​ട്ടർ​ലൂ​വിൽ ആഹ്ലാ​ദി​ച്ചു. നി​യ​തി​യു​ടെ കണ്ണി​ലു​ണ്ണി​കൾ അബ​ദ്ധം കാ​ണി​ക്കു​ന്നു. നമ്മു​ടെ സന്തോ​ഷ​മെ​ല്ലാം നി​ഴ​ലു​കൊ​ണ്ടു​ള്ള​താ​ണു്. മഹ​ത്തായ മന്ദ​സ്മി​തം ഈശ്വ​ര​ന്നു മാ​ത്ര​മേ ഉള്ളൂ.

സീസർ ചി​രി​ക്കു​ന്നു. പോം​പെ​യ് [14] കരയും എന്നു പറ​ഞ്ഞു പണ്ട​ത്തെ റോമൻ പട​യാ​ളി​കൾ. ആ സന്ദർ​ഭ​ത്തിൽ പോം​പെ​യ്ക്കു കരയാൻ യോ​ഗ​മു​ണ്ടാ​യി​ല്ല; പക്ഷേ, സീസർ ചി​രി​ച്ചു എന്ന​തു തീർ​ച്ച​യാ​ണു്. തലേ​ദി​വ​സം രാ​ത്രി ഒരു​മ​ണി​സ്സ​മ​യ​ത്തു കാ​റ്റും മഴ​യു​മു​ള്ള​പ്പോൾ ബെ​ത്രാ​ങ്ങൊ​രു​മി​ച്ചു റോ​സ്സാ​മി​ന്റെ അയൽ​പ്ര​ദേ​ശ​ങ്ങ​ളെ നോ​ക്കി​പ്പ​ഠി​പ്പി​ക്കു​മ്പോൾ, ഫ്രി​ഷ്മോ​ങ്ങ് മുതൽ ബ്ര​യിൻ ലാ​ല്യൂ​ദ്വ​രെ​യു​ള്ള ചക്ര​വാ​ളം മു​ഴു​വ​നു​മെ​ത്തു​മെ​ന്ന ഇം​ഗ്ലീ​ഷ് പട്ടാ​ള​ത്താ​വ​ള​ങ്ങ​ളി​ലെ വി​ള​ക്കു​വ​രി കണ്ടു തൃ​പ്തി​പ്പെ​ട്ട അദ്ദേ​ഹ​ത്തി​നു്, അദ്ദേ​ഹ​ത്താൽ വാ​ട്ടർ​ലൂ യു​ദ്ധ​മാ​കു​ന്ന ഒരു ദിവസം കല്പി​ച്ചു​കൊ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന ഈശ്വ​ര​വി​ധി ആ കരാ​റ​നു​സ​രി​ച്ച് അന്ന​വി​ടെ എത്തി​ച്ചേർ​ന്നി​ട്ടു​ള്ള​താ​യി തോ​ന്നി; അദ്ദേ​ഹം കു​തി​ര​യെ നിർ​ത്തി, മി​ന്ന​ലു​ക​ളെ സൂ​ക്ഷി​ച്ചു​നോ​ക്കി​ക്കൊ​ണ്ടും ഇടി​വെ​ട്ടി​നു ചെവി കൊ​ടു​ത്തു​കൊ​ണ്ടും കു​റ​ച്ചിട ഇള​കാ​തെ ഇരു​ന്നു; ആ അദൃ​ഷ്ട​വാ​ദി അന്ധ​കാ​ര​ത്തി​നു​ള്ളി​ലേ​ക്ക് ഈ ദുർ​ഗ്ര​ഹ​മായ വാ​ക്യ​ത്തെ എറി​യു​ന്ന​താ​യി കേ​ട്ടു; ‘നമ്മൾ യോ​ജി​ച്ചി​രി​ക്കു​ന്നു.’ നെ​പ്പോ​ളി​യ​ന്നു തെ​റ്റി​പ്പോ​യി. അവ​രു​ടെ യോ​ജി​പ്പ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.

ഒരു നി​മി​ഷ​നേ​ര​മെ​ങ്കി​ലും അദ്ദേ​ഹം ഉറ​ങ്ങാൻ നോ​ക്കി​യി​ല്ല; അന്നു രാ​ത്രി​യി​ലെ ഓരോ ക്ഷ​ണ​നേ​ര​വും അദ്ദേ​ഹ​ത്തി​നു് ഓരോ പു​തു​സ​ന്തോ​ഷ​മാ​യി​രു​ന്നു. പാ​ള​യ​ക്കാ​വ​ല്ക്കാ​രോ​ടു് സം​സാ​രി​ക്കു​വാൻ അവി​ട​വി​ടെ നി​ന്നു​കൊ​ണ്ടു് അദ്ദേ​ഹം പ്ര​ധാന പു​റം​കാ​വൽ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സഞ്ച​രി​ച്ചു. രണ്ട​ര​മ​ണി​സ്സ​മ​യ​ത്തു ഹൂ​ഗോ​മോ​ങ്ങി​ലെ കാ​ട്ടു​പു​റ​ത്തി​ന്റെ അടു​ത്തു​വെ​ച്ച് ഒരു പട്ടാള നി​ര​പ്പി​ന്റെ കാൽ​വെ​പ്പു​ശ​ബ്ദം കേ​ട്ടു; അതു വെ​ല്ലി​ങ്ങ്ട​ന്റെ പിൻ​മാ​റ​ലാ​യി​രി​ക്കു​മെ​ന്നാ​ണു് അദ്ദേ​ഹം അപ്പോൾ വി​ചാ​രി​ച്ച​തു്. അദ്ദേ​ഹം പറ​ഞ്ഞു: ‘ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ പി​ന്ന​ണി​കൾ പി​ന്തി​രി​ഞ്ഞോ​ടു​വാൻ​വേ​ണ്ടി വഴി​മാ​റു​ന്ന​താ​ണു്. ഓസ്റ്റെ​ണ്ടിൽ​നി​ന്നു് ഇപ്പോൾ വന്നെ​ത്തിയ ആറാ​യി​രം ഇം​ഗ്ല​ണ്ടു​കാ​രെ ഞാൻ തട​വു​കാ​രാ​ക്കും.’ അദ്ദേ​ഹം ധാ​രാ​ള​മാ​യി സം​സാ​രി​ച്ചു; മാർ​ച്ച് ഒന്നാം​തീ​യ​തി ഫ്രാൻ​സിൽ വന്നു കപ്പ​ലി​റ​ങ്ങി​യ​പ്പോ​ഴ​ത്തെ ഉത്സാ​ഹം അദ്ദേ​ഹ​ത്തി​നു വീ​ണ്ടു​കി​ട്ടി; അന്നു ഴു​വാ​ങ്ങി​ലെ കൃ​ഷീ​വ​ല​നെ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാന സേ​നാ​പ​തി​യോ​ടു് അദ്ദേ​ഹം പറ​യു​ക​യു​ണ്ടാ​യി; ‘ബെർ​ത്രാ​ങ്ങ്, ഇതാ ഇപ്പോൾ​ത്ത​ന്നെ ഒരു സഹാ​യ​സൈ​ന്യം!’ ജൂൺ 17-ആം തീ​യ​തി​മു​തൽ 18-ആം തീ​യ​തി​വ​രെ അദ്ദേ​ഹം വെ​ല്ലി​ങ്ങ്ട​നെ കളി​യാ​ക്കി. ‘അ ഇം​ഗ്ല​ണ്ടു​കാ​രൻ മു​ണ്ട​നെ ഒരു പാഠം പഠി​പ്പി​ക്ക​ണം,’ നെ​പ്പോ​ളി​യൻ പറ​ഞ്ഞു. മഴ ശക്തി​യിൽ പി​ടി​ച്ചു; ചക്ര​വർ​ത്തി സം​സാ​രി​ക്കു​മ്പോൾ കല​ശ​ലാ​യി ഇടി​വെ​ട്ടി.

രാ​വി​ലെ മൂ​ന്ന​ര​മ​ണി​യോ​ടു​കൂ​ടി ഒരു മി​ഥ്യാ​ഭ്ര​മം നശി​ച്ചു; നോ​ക്കി​യ​റി​യു​വാൻ അയ​യ്ക്ക​പ്പെ​ട്ടി​രു​ന്ന ഉദ്യോ​ഗ​സ്ഥ​ന്മാർ മട​ങ്ങി​വ​ന്നു ശത്രു​ക്കൾ​ക്കു യതൊ​രു​രി​ള​ക്ക​വു​മാ​യി​ട്ടി​ല്ലെ​ന്നു​ണർ​ത്തി​ച്ചു. യാ​തൊ​ന്നും അന​ങ്ങി​യി​രു​ന്നി​ല്ല; രാ​ത്രി​യി​ലെ വെ​ളി​മ്പാ​ള​യ​വി​ള​ക്കു​കൾ ഒന്നെ​ങ്കി​ലും കെ​ടു​ത്തി​യി​ട്ടി​ല്ല; ഇം​ഗ്ലീ​ഷ് സൈ​ന്യം ഉറ​ങ്ങു​ക​യാ​ണു്. ഭൂ​മി​യി​ലെ ശാ​ന്തത അതി​നി​ബി​ഡ​മാ​യി​രു​ന്നു; ആകാ​ശ​ത്തു മാ​ത്ര​മേ ഒച്ച​യു​ള്ളു. നാ​ലു​മ​ണി​യോ​ടു​കൂ​ടി ഒറ്റു​കാർ ഒരു കൃ​ഷി​ക്കാ​ര​നെ ചക്ര​വർ​ത്തി മുൻ​പാ​കെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നു; ആ കൃ​ഷി​ക്കാ​രൻ ഇട​ത്തേ അറ്റ​ത്തു​ള്ള ഒഹെ​ങ്ങ് ഗ്രാ​മ​ത്തിൽ ചെ​ന്നു​ചേ​രു​വാൻ പോ​യി​രു​ന്ന ഒരിം​ഗ്ലീ​ഷ് കു​തി​ര​പ്പ​ട്ടാള വകു​പ്പി​ന്— ഒരു സമയം വി​വി​ന്റേ​താ​യി​രി​ക്കാം— വഴി കാ​ട്ടി​യി​രു​ന്നു. അഞ്ചു മണി​ക്കു പട്ടാ​ള​ത്തിൽ ചാ​ടി​പ്പോ​ന്ന രണ്ടു ഡച്ചു​ഭ​ട​ന്മാർ അപ്പോൾ​ത്ത​ന്നെ​യാ​ണു് തങ്ങൾ പട്ടാ​ള​ത്താ​വ​ള​ത്തിൽ​നി​ന്നു വി​ട്ട​തെ​ന്നും, ഇം​ഗ്ല​ണ്ടു​കാർ യു​ദ്ധ​ത്തി​നു തയ്യാ​റാ​യി​രി​ക്കു​ന്നു എന്നും അറി​വു​കൊ​ടു​ത്തു. ‘അത്ര​യും അധികം നന്നാ​യി,’ നെ​പ്പോ​ളി​യൻ ഉച്ച​ത്തിൽ പറ​ഞ്ഞു, ‘അവരെ നശി​പ്പി​ക്കു​ന്ന​താ​ണു് ആട്ടി​പ്പാ​യി​ക്കു​ന്ന​തി​നെ​ക്കാൾ എനി​ക്കി​ഷ്ടം.’

പ്ലാൻ​സ്ന്വാ വഴി​യോ​ടു​കൂ​ടി ഒരു കോണു വര​യ്ക്കു​ന്ന കു​ന്നിൻ​താ​ഴ്‌​വ​ര​യി​ലെ ചളി​യിൽ രാ​വി​ലെ അദ്ദേ​ഹം കു​തി​ര​പ്പു​റ​ത്തി​റ​ങ്ങി. റോ​സ്സോ​മി​ലെ കൃ​ഷി​പ്പു​ര​യിൽ​നി​ന്നു് ഒര​ടു​ക്ക​ള​മേ​ശ​യും ഒരു കൃ​ഷി​വ​ല​ക്ക​സാ​ല​യും വരു​ത്തി, അവിടെ ചെ​ന്നി​രു​ന്നു്, ഒരു വയ്ക്കോൽ​വീ​ശി മേ​ശ​വി​രി​പ്പാ​ക്കി, ആ മേ​ശ​പ്പു​റ​ത്തു യു​ദ്ധ​ഭൂ​മി​യു​ടെ പടം നി​വർ​ത്തി​വെ​ച്ചു; അതു ചെ​യ്യു​മ്പോൾ അദ്ദേ​ഹം സൂൾ​ട്ടോ​ടു [15] പറ​ഞ്ഞു: ‘നല്ല രസ​മു​ള്ള ഒരു ചതു​രം​ഗ​പ്പ​ടം.’

രാ​ത്രി​യി​ലെ മഴ കാരണം കു​തിർ​ന്നു വഴി​യിൽ പൂ​ഴ്‌​ന്നു​പോ​യ​തു​കൊ​ണ്ടു സാ​മാ​ന​വ​ണ്ടി​കൾ​ക്കു രാ​വി​ലേ​ക്ക് എത്തി​ച്ചേ​രു​വാൻ കഴി​ഞ്ഞി​ല്ല; പട്ടാ​ള​ക്കാർ ഉറ​ങ്ങി​യി​ട്ടി​ല്ല; അവർ നന​ഞ്ഞും പട്ടി​ണി​യാ​യും കഴി​ച്ചു. ഇതൊ​ന്നും​ത​ന്നെ, നേ​യോ​ടു് ഇങ്ങ​നെ സസ​ന്തോ​ഷം ഉച്ച​ത്തിൽ പറ​യു​ന്ന​തിൽ നെ​പ്പോ​ളി​യ​നെ തട​ഞ്ഞി​ല്ല: ‘നൂ​റ്റിൽ തൊ​ണ്ണൂ​റും നമു​ക്കു ഗുണം.’ എട്ടു​മ​ണി​യോ​ടു​കൂ​ടി ചക്ര​വർ​ത്തി​യു​ടെ പ്രാ​ത​ലെ​ത്തി. അദ്ദേ​ഹം പലേ സേ​നാ​നാ​യ​ക​ന്മാ​രേ​യും അതിനു ക്ഷ​ണി​ച്ചു. പ്രാ​തൽ സമ​യ​ത്തു, വെ​ല്ലി​ങ്ങ്ടൻ രണ്ടു രാ​ത്രി മുൻ​പു് ബ്രൂ​സ്സൽ​സിൽ റി​ച്ച് മണ്ടു് ഡച്ച​സ്സി​ന്റെ ഒരു നൃ​ത്ത​വി​നോ​ദ​ത്തി​നു പോ​യി​രു​ന്ന​താ​യി ആരോ പറ​ഞ്ഞു: ഒരു പരു​ക്കൻ ഭട​നാ​യി​രു​ന്ന സൂൾ​ട്ടു്, ഒരു പ്രാ​ധാന മെ​ത്രാ​ന്റെ മു​ഖ​ഭാ​വ​ത്തോ​ടു കൂടി, പറ​ഞ്ഞു: ‘നൃ​ത്ത​വി​നോ​ദം നട​ക്കു​ന്ന​തു് ഇന്നാ​ണു്.’ ‘ഇവി​ടു​ത്തെ വരവു കാ​ത്തു​നി​ല്ക്കാൻ മാ​ത്രം വെ​ല്ലി​ങ്ങ്ടൻ അത്ര സാ​ധു​വ​ല്ല’ എന്നു പറഞ്ഞ നേ​യോ​ടു ചക്ര​വർ​ത്തി വെ​ടി​പ​റ​ഞ്ഞു. ഏതാ​യാ​ലും അത​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വ​മാ​ണു്. ‘വെടി പറ​യു​ന്ന​തു് അദ്ദേ​ഹ​ത്തി​നി​ഷ്ട​മാ​ണു്.’ ഫ്ളൂ​റി​ദു് ഷാ​ബൂ​ലോ​ങ്ങ് [16] പറ​യു​ന്നു: ‘ഒരാ​ഹ്ലാ​ദ​ശീ​ല​മാ​ണു് അദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വാ​ന്തർ​ഭാ​ഗ​ത്തു​ള്ള​തു്,’ ഗൂർഗോ [17] അഭി​പ്രാ​യ​പ്പെ​ടു​ന്നു. ‘നേ​രം​പോ​ക്കു​ക​ളെ​ക്കാൾ സവി​ശേ​ഷ​ഗു​ണ​മു​ള്ള തമാ​ശ​ക​ളാ​ണ് അദ്ദേ​ഹ​ത്തിൽ നി​റ​ച്ചും,’ ബെൻ​ജെ​മിൻ കോൺ​സ്റ്റ​ന്റ് [18] പറ​ഞ്ഞി​ട്ടു​ണ്ടു്. ഒര​സാ​ധാ​ര​ണ​ന്റെ ഈ തമാ​ശ​കൾ ഊന്നി​പ്പ​റ​യാൻ അർ​ഹ​ങ്ങ​ളാ​ണു്. സ്വ​ന്തം പട​യാ​ളി​ക​ളെ ‘എന്റെ പി​റു​പി​റു​പ്പു​കാർ’ എന്നു നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​തു് അദ്ദേ​ഹ​മാ​ണു്; അദ്ദേ​ഹം അവ​രു​ടെ ചെവി പി​ടി​യ്ക്കും; അവ​രു​ടെ മേൽ​മീശ വലി​ക്കും. ‘ചക്ര​വർ​ത്തി ഞങ്ങ​ളെ എപ്പോ​ഴും കളി​യാ​ക്കു​ക​ക​യേ ഉള്ളൂ.’ അവ​രി​ലൊ​രാൾ അഭി​പ്രാ​യ​പ്പെ​ട്ട​താ​ണി​തു്. എൽ​ബ​ദ്വീ​പിൽ​നി​ന്നു് ഉപാ​യ​ത്തിൽ ഫ്രാൻ​സി​ലേ​ക്ക് മട​ങ്ങി​പ്പോ​രു​ന്ന വഴി​ക്കു, ഫി​ബ്ര​വ​രി​മാ​സം 27-ആം തീയതി, കട​ലി​ന്റെ നടു​ക്കു​വെ​ച്ചു, ലാ സെഫീർ എന്ന ഫ്ര​ഞ്ച് പട​ക്ക​പ്പൽ, ചക്ര​വർ​ത്തി ഒളി​ച്ചു​ക​യ​റി​യി​രു​ന്ന ലാ​ങ്ങ് കോ​ങ്ങ്സ്താൻ എന്ന കപ്പ​ലു​മാ​യി എത്തി​മു​ട്ടി. നെ​പ്പോ​ളി​യ​ന്റെ കഥ​യെ​ന്താ​ണു് എന്നു ചോ​ദി​ച്ച​പ്പോൾ, എൽ​ബ​ദ്വീ​പി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ​മാ​തി​രി അപ്പോ​ഴും തൊ​പ്പി​യിൽ വെ​ളു​ത്ത നാ​ട​ക്കെ​ട്ടു ധരി​ച്ചി​രു​ന്ന ചക്ര​വർ​ത്തി ചി​രി​ച്ചും​കൊ​ണ്ടു സം​ഭാ​ഷ​ണ​ക്കു​ഴൽ​യ​ന്ത്രം കട​ന്നെ​ടു​ത്തു താൻ​ത​ന്നെ മറു​പ​ടി പറ​ഞ്ഞു. ‘ചക്ര​വർ​ത്തി​ക്കു സു​ഖം​ത​ന്നെ.’ ഈ നി​ല​യിൽ ചി​രി​ക്കു​ന്ന ഒരാൾ എന്തി​നു മുൻ​പി​ലും പരു​ങ്ങി​ല്ല. വാ​ട്ടർ​ലൂ​വി​ലെ പ്രാ​തൽ​സ്സ​മ​യ​ത്തു നെ​പ്പോ​ളി​യൻ വളരെ പ്രാ​വ​ശ്യം ഇത്ത​രം ചിരി പൊ​ട്ടി​ച്ചി​രി​ക്ക​യു​ണ്ടാ​യി. പ്രാ​തൽ കഴി​ഞ്ഞു ഒരു കാൽ​മ​ണി​ക്കൂർ നേരം ധ്യാ​ന​ത്തി​ലി​രു​ന്നു; പി​ന്നീ​ടു് രണ്ടു സേ​നാ​നാ​യ​ക​ന്മാർ കൈയിൽ തൂ​വ​ലും കാൽ​മു​ട്ടി​ന്മേൽ കട​ല്ലാ​സ്സു​മാ​യി വയ്ക്കോൽ​വി​രി​യിൽ ചെ​ന്നി​രു​ന്നു; ചക്ര​വർ​ത്തി അവർ​ക്ക് അന്ന​ത്തെ യു​ദ്ധ​ത്തി​നു​വേ​ണ്ട ആജ്ഞ​കൾ പറ​ഞ്ഞു​കൊ​ടു​ത്തു.

ഒമ്പ​തു മണി​ക്ക് ചാ​രി​നിർ​ത്തിയ കോ​ണി​പോ​ലെ വരി നി​ര​ന്നു്, അഞ്ചു വകു​പ്പു​ക​ളാ​യി നട​ന്നു തു​ട​ങ്ങി ആ മഹ​ത്തായ ഫ്ര​ഞ്ച്സൈ​ന്യം മു​ഴു​വ​നും പര​ന്നു​ക​ഴി​ഞ്ഞ​പ്പോൾ,— സൈ​ന്യ​വ​കു​പ്പു​കൾ രണ്ടു​വ​രി, സേ​നാ​മു​ഖ​ങ്ങൾ​ക്കി​ട​യിൽ പീ​ര​ങ്കി​പ്പ​ട്ടാ​ളം, മുൻ​പി​ലാ​യി സം​ഗീ​തം ഇങ്ങ​നെ ചെണ്ട ആഞ്ഞു​കൊ​ട്ടി​യും കാ​ഹ​ള​ങ്ങൾ ഉച്ച​ത്തി​ലൂ​തി​യും ഗാം​ഭീ​ര​മാ​യി അപാ​ര​മാ​യി ആഹ്ലാ​ദി​ത​മാ​യി ആകാ​ശാ​ന്ത​ത്തിൽ ശി​രോ​ല​ങ്കാ​ര​ങ്ങ​ളു​ടേ​യും വാ​ളു​ക​ളു​ടേ​യും കു​ന്ത​ങ്ങ​ളു​ടേ​യും ഒരു കടൽ​ക്ര​മ​ത്തിൽ

കാൽ​വെ​ച്ചു പോ​കു​ന്ന​തു കണ്ട​പ്പോൾ—ഉള്ളിൽ​ത്ത​ട്ടി ചക്ര​വർ​ത്തി രണ്ടു തവണെ ഉച്ച​ത്തിൽ പറ​ഞ്ഞു: ‘അസ്സൽ!അസ്സൽ! ഒമ്പ​തു മണി​മു​തൽ പത്തര മണി​ക്കു​ള്ളിൽ— കേ​ട്ടാൽ അവി​ശ്വാ​സം തോന്നും-​ ആ മഹ​ത്തായ സൈ​ന്യം മു​ഴു​വൻ, എത്തേ​ണ്ട ദി​ക്കി​ലെ​ത്തി. ആറു​വ​രി​യാ​യി, ചക്ര​വർ​ത്തി​യു​ടെ വാ​ക്ക് ആവർ​ത്തി​ക്ക​യാ​ണെ​ങ്കിൽ, ‘ആറു് വി (V)യുടെ രൂപ’ ത്തിൽ നി​ര​ന്നു​ക​ഴി​ഞ്ഞു. പട​നി​ര​ക്കൽ കഴി​ഞ്ഞു കു​റ​ച്ചു​നി​മി​ഷ​ങ്ങൾ​ശേ​ഷം, ഒരു കൊ​ടു​ങ്കാ​റ്റി​നെ സൂ​ചി​പ്പി​ക്കു​ന്ന ശാ​ന്ത​ത​പോ​ലെ, യു​ദ്ധാ​രം​ഭ​ങ്ങൾ​ക്കു മുൻ​പു​ണ്ടാ​ക​റു​ള്ള നി​ശ്ശ​ബ്ദ​ത​യു​ടെ മധ്യ​ത്തിൽ, തന്റെ കല്പ​ന​പ്ര​കാ​രം വന്ന​വ​രും നീ വെ​ല്ലു് ഗനാ​പ്പു് വഴികൾ ചേർ​ന്നു് മു​റി​യു​ന്നേ​ട​ത്തു​ള്ള മോൺ​സാ​ങ്ങ്ഴാ​ങ്ങ് പി​ടി​ച്ച​ട​ക്കി മൂ​ന്നു​നി​ര​പ്പു നോ​ക്കി​ക്ക​ണ്ടു. ചക്ര​വർ​ത്തി ഹാ​ക്സോ​വി​ന്റെ ചു​മ​ലിൽ താളം പി​ടി​ച്ചു പറ​ഞ്ഞു, ‘അതാ, ഇരു​പ​ത്തി​നാ​ലു സു​ന്ദ​രി​മാ​രായ പെൺ​കി​ടാ​ങ്ങൾ.’

ഗ്രാ​മം പി​ടി​ക്കേ​ണ്ട സമ​യ​മാ​യാൽ ഉടനെ മോൺ​സാ​ങ്ങ്ഴാ​ങ്ങ് തട​യു​വാൻ താൻ നി​യ​മി​ച്ചി​രു​ന്ന തു​ര​ങ്ക​പ്പ​ട​യാ​ളി​സ്സം​ഘം മുൻ​പി​ലൂ​ടെ കട​ന്നു​പോ​യ​പ്പോൾ, യു​ദ്ധ​ത്തി​ന്റെ അവ​സാ​നം ഇന്ന​താ​വു​മെ​ന്നു​ള്ള ഉറ​പ്പോ​ടു​ക്കു​ടി, അദ്ദേ​ഹം അവരെ ഒരു പു​ഞ്ചി​രി​കൊ​ണ്ടു പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഈ എല്ലാ ഗൗ​ര​വ​ത്തി​ന്റെ​യും ഉള്ളിൽ സ്വാ​ഭി​മാ​ന​മായ അനു​ക​മ്പ​യു​ടെ ഒരൊ​റ്റ​ശ​ബ്ദം മാ​ത്രം ഒന്നു വി​ല​ങ്ങ​നെ പാ​യു​ക​യു​ണ്ടാ​യി; ഇന്നു് ഒരു വലിയ ശവ​കു​ടീ​രം നി​ല്കു​ന്നേ​ട​ത്തു തന്റെ ഇട​ത്തു​ഭാ​ഗ​ത്താ​യി ആ അഭി​ന​ന്ദ​നീ​യ​ന്മാ​രായ സ്കോ​ട്ട്ലാ​ണ്ടു​കാ​രായ സാ​ദി​കൾ തങ്ങ​ളു​ടെ എണ്ണം​പ​റ​ഞ്ഞ കു​തി​ര​ളോ​ടു​കൂ​ടി വന്നു വരി​നി​ര​ക്കു​ന്ന​തു കണ്ട​പ്പോൾ അദ്ദേ​ഹം പറ​ഞ്ഞു: ‘കഷ്ടം​ത​ന്നെ.’

പി​ന്നീ​ടു് അദ്ദേ​ഹം കു​തി​ര​പ്പു​റ​ത്തു കയറി, റോ​സ്സോ​മ്മ് വി​ട്ടു​ക​ട​ന്നു, ഗെ​നാ​പ്പിൽ​നി​ന്നു ബ്രൂ​സ്സൽ​സി​ലേ​ക്കു​ള്ള വഴി​യു​ടെ വല​ത്തു​പു​റ​ത്തു് ഒരു കൂർ​ത്ത മൈ​താ​ന​പ്പൊ​ക്കം തനി​ക്കു നി​ന്നു​നോ​ക്കാ​നു​ള്ള സ്ഥ​ല​മാ​യി തി​ര​ഞ്ഞെ​ടു​ത്തു—യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം രണ്ടാ​മ​ത്തെ നി​ല്പി​ടം. വൈ​കു​ന്നേ​രം ഏഴു​മ​ണി​യോ​ടു കൂടി സ്വീ​ക​രി​ച്ച ആ ലാ​ബെൽ​അ​ലി​യാൻ​സി​ന്റേ​യും ലാ​യി​സാ​ന്തി​ന്റേ​യും നടു​ക്കു​ള്ള സ്ഥലം ഭയ​ങ്ക​ര​മാ​ണു്; ഇപ്പോ​ഴു​ള്ള ആ പ്ര​ദേ​ശം ഒരു​യർ​ന്ന കു​ന്നാ​ണു്; അതിനു പി​ന്നിൽ മൈ​താ​ന​ത്തി​ന്റെ പള്ള​യ്ക്കാ​യി രക്ഷി​ഭ​ട​ന്മാർ സം​ഘം​കൂ​ടി, ഈ കു​ന്നി​നു​ചു​റ്റും വഴി​യു​ടെ കൽ​വി​രി​പ്പു​ക​ളിൽ​ത്ത​ട്ടി നെ​പ്പോ​ളി​യൻ നി​ല്ക്കു​ന്നേ​ട​ത്തേ​ക്കു തന്നെ വെ​ടി​യു​ണ്ട​കൽ തെ​റി​ച്ചി​രു​ന്നു. ബ്രി​യെ​നി​ലെ​പ്പോ​ലെ ഉണ്ട​ക​ളു​ടേ​യും പീ​ര​ങ്കി​ക​ളു​ടേ​യും ഇര​മ്പം അദ്ദേ​ഹ​ത്തി​ന്റെ തല​യ്ക്കു മു​ക​ളി​ലൂ​ടെ ചീ​റി​ക്കൊ​ണ്ടി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ കുതിര കാൽ​വെ​ച്ചി​രു​ന്നേ​ട​ത്തു നി​ന്നു മണ്ണു​പി​ടി​ച്ച പീ​ര​ങ്കി​യു​ണ്ട​ക​ളും പഴയ വാ​ള​ല​കു​ക​ളും തു​രു​മ്പു​ക​യ​റി രൂ​പ​ഭേ​ദം​വ​ന്ന ചി​ല്ലു​ക​ളും പെ​റു​ക്കി​യെ​ടു​ത്തി​ട്ടു​ണ്ടു്. കു​റ​ച്ചു കൊ​ല്ല​ത്തി​നു​മുൻ​പു്, അപ്പോ​ഴും മരു​ന്നു പോ​യി​ട്ടി​ല്ലാ​ത്ത​തും ഉണ്ട​പ്പൂ​റം​വ​രെ മു​റി​ഞ്ഞു പൊ​യ്പോയ തോ​ക്കു​തി​ര​യോ​ടു​കൂ​ടി​യ​തു​മായ ഒര​റു​പ​തു റാ​ത്തൽ​പ്പീ​ര​ങ്കി​യു​ണ്ട കു​ഴി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. ഈ ഒടു​വി​ല​ത്തെ സ്ഥാ​ന​ത്തു​വെ​ച്ചാ​ണു് ഒരെ​തിർ​പ​ക്ഷ​ക്കാ​ര​നും പേ​ടി​ത്തൊ​ണ്ട​നു​മായ ലാ​ക്കോ​സ്തു് എന്ന തന്റെ വഴി​കാ​ട്ടി​യോ​ടു ചക്ര​വർ​ത്തി ഇങ്ങ​നെ പറ​ഞ്ഞ​ത്— ഒരു കു​തി​ര​പ്പ​ട​യാ​ളി​യു​ടെ ജീ​നി​യോ​ടു കെ​ട്ടി​യി​ട്ടി​രു​ന്ന ആ മനു​ഷ്യൻ ഓരോ പീ​ര​ങ്കി​ച്ചി​ല്ലു​ണ്ട​യും പൊ​ട്ടു​മ്പോൾ പി​ന്തി​രി​ഞ്ഞു നെ​പ്പോ​ളി​യ​ന്റെ പി​ന്നിൽ​ച്ചെ​ന്നു് ഒളി​ച്ചു നി​ന്നു; ‘വി​ഡ്ഢി, ഇതു നാ​ണ​ക്കേ​ട്! ഒരു​ണ്ട പു​റ​ത്തു വന്നു​കൊ​ണ്ടു നീ അവിടെ കി​ട​ന്നു ചാവും.’ ഇതെ​ഴു​തു​ന്നാൾ​ത​ന്നെ ഈ കു​ന്നിൻ​മു​ക​ളി​ലെ ഉതി​രു​ന്ന മണ്ണിൽ പൂഴി നീ​ക്കി നോ​ക്കി​യ​പ്പോൾ, നാ​ല്പ​ത്താ​റു കൊ​ല്ല​ത്തെ അമ്ല​വാ​യു​പ്ര​സ​ര​ണം കൊ​ണ്ടു നു​റു​ങ്ങിയ ഒരു തി​യ്യു​ണ്ട​ക്ക​ഴു​ത്തി​ന്റെ അവ​ശേ​ഷ​ങ്ങ​ളും, ഉണ​ക്ക​ച്ചി​ല്ല​കൾ പോലെ വി​ര​ലു​കൊ​ണ്ടു പി​ടി​ച്ചു​പൊ​ട്ടി​ക്കാ​വു​ന്ന പഴയ ഇരു​മ്പു​ക​ഷ്ണ​ങ്ങ​ളും കണ്ടി​ട്ടു​ണ്ടു്.

നെ​പ്പോ​ളി​യ​നും വെ​ല്ലി​ങ്ങ്ട​നും കൂ​ടി​യു​ള്ള യു​ദ്ധം നടന്ന മൈ​താ​ന​ത്തിൽ ഇന്നു​ള്ള പലതരം കു​ന്നു​കു​ഴി​ക​ളു​ടെ മട്ടു് 1815 ജൂൺ 18-ആം തീയതി ഉണ്ടാ​യി​രു​ന്ന​വ​യിൽ​നി​ന്നു കേവലം ഭേ​ദ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു് എല്ലാ​വർ​ക്കു​മ​റി​യാം. ഈ വ്യ​സ​ന​ക​ര​മായ സ്ഥ​ല​ത്തു​നി​ന്നു് അതി​ന്റെ ഒരു സ്മാ​ര​ക​സ്തം​ഭം പ്ര​തി​ഷ്ഠി​ക്കു​വാ​നാ​യി കി​ട്ടു​ന്ന​തെ​ല്ലാം എടു​ത്തു​ക​ള​ഞ്ഞു​കൊ​ണ്ടു് അതി​ന്റെ വാ​സ്ത​വ​സ്വ​രൂ​പം പൊ​യ്പ്പൊ​യി. ഭ്ര​മി​ക്ക​പ്പെ​ട്ട ചരി​ത്ര​ത്തി​നു താൻ പറ​യു​ന്ന കഥ​ക​ളോ​ടു സം​ബ​ന്ധി​ക്കു​ന്ന എന്തെ​ങ്കി​ലും ഒന്നു ചൂ​ണ്ടി​ക്കാ​ട്ടാൻ അവിടെ ഇല്ലാ​താ​യി​രി​ക്കു​ന്നു, രണ്ടു​കൊ​ല്ലം കഴി​ഞ്ഞു വാ​ട്ടർ​ലൂ ഒരി​ക്കൽ​കൂ​ടി കണ്ട വെ​ല്ലി​ങ്ങ്ടൻ ഉച്ച​ത്തിൽ പറ​ഞ്ഞു: ‘എന്റെ യു​ദ്ധ​ഭൂ​മി അവർ മാ​റ്റി​ക്ക​ള​ഞ്ഞു!’ ഇന്നു സിം​ഹ​പ്ര​തി​മ​യാൽ പൊ​ന്തി​നി​ല്ക്കു​ന്ന അ വലു​തായ മൺ ‘പി​ര​മി​ഡു’ [19] ള്ളേ​ട​ത്തു നി​വെ​ല്ലു് നി​ര​ത്തി​ലേ​ക്കു ചെ​രി​ഞ്ഞി​റ​ങ്ങി​യി​രു​ന്ന​തും, ഗെ​നാ​പ്പി​ലേ​ക്കു​ള്ള രാ​ജ​പാ​ത​യു​ടെ പാർ​ശ്വ​ത്തിൽ ഏതാ​ണ്ടു കടും​കു​ത്ത​നെ​യു​ള്ള​തു​മായ ഒരു ചെ​റു​കു​ന്നാ​യി​രു​ന്നു. ആ കു​ത്ത​നെ​യു​ള്ള ഭാ​ഗ​ത്തി​ന്റെ ഉയർ​ച്ച ഗെ​നാ​പ്പിൽ​നി​ന്നു ബ്രൂ​സ്സെൽ​സി​ലേ​ക്കു​ള്ള വഴി​ത്തി​രി​വു മു​ട്ടി​നി​ല്ക്കു​ന്ന ആ രണ്ടു കൂ​റ്റൻ ശവ​ക്കു​ടീ​ര​ക്കു​ന്നു​ക​ളെ​ക്കൊ​ന്റു തി​ട്ട​പ്പെ​ടു​ത്താം. ഇം​ഗ്ല​ണ്ടു​കാ​രു​ടേ​തായ ഒന്നു് ഇട​തു​ഭാ​ഗ​ത്തു​ള്ള​താ​ണു്; ജർ​മ​നി​ക്കാ​രു​ടേ​തു വല​ത്തു പു​റ​ത്തു​ള്ള​തും. ഫ്രാൻ​സു​കാ​രു​ടെ വക ശവ​കു​ടീ​ര​മി​ല്ല. ആ മൈ​താ​നം മു​ഴു​വ​നും ഫ്രാൻ​സി​ന്റെ ശ്മ​ശാ​ന​സ്ഥ​ല​മാ​ണു്. നൂ​റ്റ​മ്പ​ത​ടി ഉയ​ര​വും അര​നാ​ഴിക ചു​റ്റ​ള​വു​മു​ള്ള ആ ചെ​റു​കു​ന്നിൻ പ്ര​വൃ​ത്തി​യെ​ടു​ത്തി​രു​ന്ന ശത​സ​ഹ​സ്രം മണ്ണു​വ​ണ്ടി​കൾ​ക്കു നാം നന്ദി​പ​റ​യുക; മോൺ​സാ​ങ്ങ്ഴാ​ങ്ങ് എന്ന പർ​വ​ത​പ്പ​ര​പ്പി​ലേ​ക്ക് ഇപ്പോൾ എളു​പ്പ​ത്തിൽ കയ​റി​ച്ചെ​ല്ലാ​റാ​യി. യു​ദ്ധ​ദി​വ​സം, വി​ശേ​ഷി​ച്ചും ലാ​യി​സാ​ന്തി​ന്റെ ആ ഭാ​ഗ​ത്തു്, അതു കടും​കു​ത്ത​നെ​യു​ള്ള​തും കയ​റി​ച്ചെ​ല്ലു​വാൻ വയ്യാ​ത്ത​തു​മാ​യി​രു​ന്നു. താ​ഴ്‌​വാ​ര​ത്തി​ന്റെ അടി​യി​ലു​ള്ള​തും, യു​ദ്ധ​ത്തി​ന്റെ മദ്ധ്യ​ഭാ​ഗ​വു​മായ കള​സ്ഥ​ലം, ഇം​ഗ്ലീ​ഷു​പീ​ര​ങ്കി​ക്കു നോ​ക്കി​യാൽ കാ​ണാ​തി​രി​ക്ക​ത്ത​ക്ക​വി​ധം, അത്ര​യും കു​ത്ത​നെ​യാ​യി​രു​ന്നു. 1815 ജൂൺ 18-ാം തീയതി മഴ പെ​യ്തി​ട്ടു് ആ മല​ഞ്ചെ​രി​വു കു​റേ​ക്കൂ​ടി തക​രാ​റാ​യി; ചളി​കൊ​ണ്ടു് കയ​റി​ച്ചെ​ല്ലു​വൻ കു​റേ​കൂ​ടി പ്ര​യാ​സ​മാ​യി; ആളുകൾ പി​ന്നോ​ട്ടു​ര​സി​വീ​ണു എന്ന​ല്ല, ചളി​ക്കെ​ട്ടിൽ ഉറ​ച്ചു​പൊ​വു​ക​കൂ​ടി ചെ​യ്തു. ആ പർ​വ​ത​പ്പ​ര​പ്പി​ന്റെ കൊ​ടു​മു​ടി​യി​ലൂ​ടെ ഒരു​ത​രം തോ​ടു​ണ്ടാ​യി​രു​ന്നു; അത​വി​ടെ ഉണ്ടെ​ന്നു ദൂ​ര​ത്തു​നി​ന്നു നോ​ക്കു​ന്ന ഒരാൾ​ക്കു ഊഹി​ക്കാൻ വയ്യാ.

ഈ തോടു് എന്താ​യി​രു​ന്നു? ഞങ്ങൾ വി​വ​രി​ക്ക​ട്ടെ. ബ്രെ​യിൻ ലാ​ല്യൂ​ദു് ഒരു ബെൽ​ജി​യൻ​ഗ്രാ​മ​മാ​ണു്; പി​ന്നെ ഒഹെ​ങ്ങും, ഭൂ​ഭാ​ഗ​ത്തി​ന്റെ വള​വു​ക​ളാൽ മറ​യ​പ്പെ​ട്ട ഈ രണ്ടു ഗ്രാ​മ​ങ്ങ​ളും, മൈ​താ​ന​ത്തി​ന്റെ ഓളം മറ​ഞ്ഞു​നി​ല്ക്കു​ന്ന നി​ല​പ്പ​ര​പ്പി​ലൂ​ടെ പോ​കു​ന്ന​തും ഇട​യ്ക്കു​വെ​ച്ച് നി​ര​ത്തു​വ​ഴി​യെ തട്ടി​യെ​ടു​ക്കു​ന്ന കു​ന്നു​ക​ളിൽ ഒരു​ഴ​വു​ചാ​ലു​പോ​ലെ തി​ര​ക്കി​ക്ക​ട​ന്നു തന്ന​ത്താൻ കു​ഴി​ച്ചു​മൂ​ട​പ്പെ​ടു​ന്ന​തു​മാ​യി ഏക​ദേ​ശം ഒന്ന​ര​ക്കാ​തം നീ​ള​മു​ള്ള ഒരു നി​ര​ത്തു​വ​ഴി​യാൽ കൂ​ട്ടി​ച്ചേർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇന്ന​ത്തെ മാ​തി​രി​ത​ന്നെ, 1815-ൽ ഈ നി​ര​ത്തു ഗെ​നാ​പ്പിൽ​നി​ന്നു; നീ​വെ​ല്ലിൽ​നി​ന്നു​മു​ള്ള രാ​ജ​മാർ​ഗ​ങ്ങൾ​ക്കി​ട​യിൽ​വെ​ച്ചു മോൺ​സാ​ങ്ങ്ഴാ​ങ്ങ് പർ​വ​ത​പ്പ​ര​പ്പി​ന്റെ നി​റു​ക​യെ പി​ളർ​ത്തു​പോ​കു​ന്നു; ഒന്നു​മാ​ത്രം— ഇപ്പോൾ അതു മൈ​താ​ന​ത്തി​ന്റെ നി​ര​പ്പി​ലാ​ണു്; അന്നു് അതൊരു കു​ഴി​ഞ്ഞ വഴി​യാ​യി​രു​ന്നു. അതി​ന്റെ രണ്ടു പള്ള​ക​ളും ശവ​കു​ടീ​ര​ക്കു​ന്നു​ണ്ടാ​ക്കു​വാൻ ഉപ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ വഴി മു​ക്കൽ​ഭാ​ഗ​വും അന്നെ​ന്ന​പോ​ലെ ഇന്നും ഒരു തോ​ടാ​ണു്; ചി​ലേ​ട​ത്തു പത്തു​പ​ന്ത്ര​ണ്ടി ആഴ​മു​ള്ള​തും, വക്കു​കൾ അത്യ​ധി​കം കു​ത്ത​നെ​യാ​യ​തു​കൊ​ണ്ടു് അവി​ട​വി​ടെ, വി​ശേ​ഷി​ച്ചും നല്ല മഴ​ക്കാ​ല​ത്തു്, ഇടി​ഞ്ഞു​വീ​ണി​ട്ടു​ള്ള​തു​മായ ഒരു കു​ഴി​ത്തോ​ടു്. ഇവിടെ അപ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടു്. ബ്രെ​യിൻ​ലാ​ല്യൂ​ദി​ലേ​ക്കു ചെ​ല്ലു​ന്നേ​ട​ത്തു വഴി നന്നേ വീ​തി​കു​റ​ഞ്ഞ​താ​യി​രു​ന്ന​തു​കൊ​ണ്ടു് ഒരു വഴി​പോ​ക്കൻ വണ്ടി​മേൽ​ക്ക​യ​റി അര​യ്ക്ക​പ്പെ​ട്ടു; ശ്മ​ശാ​ന​സ്ഥ​ല​ത്തി​ന്റെ അടു​ത്തു, മരി​ച്ചു പോ​യാ​ളു​ടെ പേരും, മൊ​സ്സ്യു ബേർ​നാർ ദെ​ബ്രി, അപകടം പറ്റിയ തി​യ്യ​തി​യും, 1637 ഫി​ബ്ര​വ​രി— കൊ​ടു​ത്തി​ട്ടു​ള്ള ഒരു കല്ലു​കു​രി​ശു​കൊ​ണ്ടു് ഇതു തെ​ളി​യു​ന്നു. മോൺ​സാ​ങ്ങ്ഴാ​ങ്ങ് പർ​വ​ത​പ്പ​ര​പ്പിൽ അതു് അത്ര​യും കു​ണ്ടു​ള്ള​താ​യ​തു​കൊ​ണ്ടു മാ​ത്തി​യോ നി​ക്ക​യ്സു് എന്ന ഒരു കൃ​ഷീ​വ​ലൻ 1783-ൽ കാൽ​വ​ഴു​തി വീണു ചത​ഞ്ഞു​പോ​യി; സ്ഥലം നന്നാ​ക്കു​ന്ന കൂ​ട്ട​ത്തിൽ മു​കൾ​ഭാ​ഗം കാ​ണാ​താ​യ്പോ​യ​തും, എന്നാൽ ലാ​യി​സാ​ന്തി​ന്റേ​യും മോൺ​സാ​ങ്ങ്ഴാ​ങ്ങ് കള​പ്പു​ര​യു​ടേ​യും മധ്യ​ത്തി​ലു​ള്ള വഴി​യു​ടെ ഇട​തു​വ​ശ​ത്തു​ള്ള പു​ല്ലു നി​റ​ഞ്ഞ താ​ഴ്‌​വാ​ര​ത്തി​ലാ​യി മറ​ഞ്ഞു​കി​ട​ക്കു​ന്ന തറ ഇന്നും കാ​ണാ​വു​ന്ന​തു​മായ മറ്റൊ​രു കല്ലു​കു​രി​ശി​ന്മേൽ ഇതും വി​വ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്.

യു​ദ്ധ​ദി​വ​സം, മോൺ​സാ​ങ്ങ്ഴാ​ങ്ങ് തല​വാ​ര​ത്തെ തൊ​ട്ടു​പോ​കു​ന്ന​തും അങ്ങ​നെ​യൊ​ന്നു​ണ്ടെ​ന്നു് ഒരു​വി​ധ​ത്തി​ലും സൂ​ചി​പ്പി​ക്കാ​ത്ത​തു​മായ ഈ കു​ഴി​നി​ര​ത്തു്, കു​ത്ത​നെ നി​ല്ക്കു​ന്ന ഭാ​ഗ​ത്തി​ന്റെ ഒത്ത മു​ക​ളി​ലു​ള്ള ഈ തോടു്, മണ്ണി​ന്റെ അടി​യിൽ ഒളി​ച്ചു​കി​ട​ക്കു​ന്ന ഈ ഒരു ചാലു്, അദൃ​ശ്യ​മാ​യി​രു​ന്നു; എന്നു​വെ​ച്ചാൽ, ഭയ​ങ്ക​രം.

കു​റി​പ്പു​കൾ

[14] സീ​സ​റു​ടെ എതി​രാ​ളി​യായ പ്ര​സി​ദ്ധ റോ​മൻ​സേ​നാ​പ​തി.

[15] നെ​പ്പോ​ളി​യ​ന്നു് ഇഷ്ട​പ്പെ​ട്ട ഒരു പ്ര​സി​ദ്ധ സേ​നാ​പ​തി.

[16] ഒരു ഫ്ര​ഞ്ച് ചരി​ത്ര​കാ​രൻ.

[17] ഒരു ഫ്ര​ഞ്ച് സേ​നാ​ധി​പ​തി​യും എഴു​ത്തു​കാ​ര​നും. ‘സ്മ​ര​ണ​കൾ’ എന്ന ഇദ്ദേ​ഹ​ത്തി​ന്റെ കൃതി പ്ര​സി​ദ്ധ​മാ​ണു്.

[18] ഫ്രാൻ​സി​ലെ ഒരു പ്ര​സി​ദ്ധ വാ​ഗ്മി​യും രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും ഗ്ര​ന്ഥ​കാ​ര​നും. The Spirit of Conquest and Usurapation എന്ന ഇദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന കൃതി വളരെ ഒച്ച​പ്പാ​ടു​ണ്ടാ​ക്കിയ ഒന്നാ​ണു്.

[19] ഈജി​പ്റ്റി​ലെ പു​രാ​ത​ന​രാ​ജാ​ക്ക​ന്മാ​രു​ടെ സമാ​ധി​സ്ഥ​ലം.

2.1.8
ചക്ര​വർ​ത്തി വഴി​കാ​ട്ടി​യായ ലാ​ക്കോ​സ്തോ​ടു് ഒരു ചോ​ദ്യം ചോ​ദി​ക്കു​ന്നു

അപ്പോൾ, വാ​ട്ടർ​ലൂ​യു​ദ്ധ​ദി​വ​സം രാ​വി​ലെ; നെ​പ്പോ​ളി​യൻ സന്തു​ഷ്ട​നാ​യി​രു​ന്നു.

അദ്ദേ​ഹ​ത്തി​നു തെ​റ്റി​യി​ട്ടി​ല്ല; നമ്മൾ കണ്ട​തു​പോ​ലെ, അദ്ദേ​ഹം കണ്ടു​വെ​ച്ച യു​ദ്ധ​ക്ര​മം തി​ക​ച്ചും അഭി​ന​ന്ദ​നീ​യം​ത​ന്നെ​യാ​ണു്.

യു​ദ്ധം ആരം​ഭി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ, അതി​നു​ണ്ടാ​യി​ക്കൊ​ണ്ടു​വ​ന്ന നാ​നാ​വിധ മാ​റ്റ​ങ്ങൾ— ഹൂ​ഗോ​മോ​ങ്ങി​ന്റെ എതിർ​ത്തു​നി​ല്ക്കൽ; ലാ​യി​സാ​ന്തി​ന്റെ ഉറച്ച പി​ടു​ത്തം; ബൊ​ദ്വാ​ങ്ങി​നെ കൊ​ല​പ്പെ​ടു​ത്തൽ; ഫ്വാ മു​റി​പ്പെ​ടൽ; സോ​യി​യു​ടെ പട്ടാ​ളം തട്ടി​ത്ത​കർ​ന്നു​പോയ ആ അപ്ര​തീ​ക്ഷി​ത​മായ മതീൽ​ക്കെ​ട്ടു്; തു​ര​ങ്ക​പ്പെ​ട്ടി​യാ​വ​ട്ടേ വെ​ടി​മ​രു​ന്നു​ചാ​ക്കു​ക​ളാ​വ​ട്ടേ കൈ​യി​ലി​ല്ലാ​ത്ത സമ​യ​ത്തു് ഗിൽ​മി​നോ കാ​ണി​ച്ച ആ അപാ​യ​ക​ര​മായ കൂ​സ​ലി​ല്ലാ​യ്മ; പീ​ര​ങ്കി​നി​ര​കൾ ചളി​യിൽ പൂ​ഴ്‌​ന്നു​പോ​കൽ: അക്സ്ബ്രി​ഡ്ജി​ന്റെ അടു​ത്തു​ള്ള കു​ഴി​വ​ഴി​യിൽ​വെ​ച്ചു വഴി​കാ​ട്ടാൻ ആളി​ല്ലാ​തെ വന്ന പതി​ന​ഞ്ചു പീ​ര​ങ്കി​കൾ മു​ഴു​വ​നും ആണ്ടു​പോ​കൽ; ഇം​ഗ്ലീ​ഷ്സൈ​ന്യ​നി​ര​പ്പിൽ ചെ​ന്നു​വീ​ണു. മഴ​യ​ത്തു കു​ഴ​ഞ്ഞു​മ​റി​ഞ്ഞ മണ്ണിൽ പൂ​ഴ്‌​ന്നു​പോ​യി. പീ​ര​ങ്കി​ച്ചി​ല്ലു​ണ്ട​യു​ടെ പൊ​ട്ടൽ വെ​ള്ളം​തെ​റി​പ്പി​ക്ക​ലാ​യി​ത്തീ​രു​മാ​റു്, മണ്ണു ചി​ന്നു​ന്ന ഒര​ഗ്നി പർ​വ​ത​പ്പി​ളർ​ച്ച​യെ മാ​ത്ര​മു​ണ്ടാ​ക്കാൻ സാ​ധി​ച്ച തി​യ്യു​ണ്ട​ക​ളു​ടെ നി​ഷ്പ്ര​യോ​ജ​ന​ത്4വം, നശി​ക്കൽ; ബ്ര​യിൻ​ലാ​ല്യൂ​ദിൽ​വെ​ച്ചു പീറെ പ്ര​ക​ടി​പ്പി​ച്ച വൈ​ദ​ഗ്ധ്യം ഫലി​ക്കാ​യ്ക; ഇം​ഗ്ലീ​ഷ്സൈ​ന്യ​നി​ര​പ്പി​ന്റെ വല​ത്തു​ഭാ​ഗം വല്ലാ​തെ പേ​ടി​ച്ച​മ്പ​ര​ക്ക​ലും, ഇട​ത്തു​ഭാ​ഗം മു​റി​ഞ്ഞ​ക​ല​ലും; ഒന്നാം​സൈ​ന്യ​ത്തി​ന്റെ നാലു വി​ഭാ​ഗ​ങ്ങ​ളും കയറാൻ പാ​ക​ത്തി​ലു​ള്ള കോ​ണി​പോ​ലെ നി​ര​ത്തി​നിർ​ത്തു​ന്ന​തി​നു പകരം ഒരു​മി​ച്ചു കൂ​ട്ടി​യ​തിൽ നേ​യ്ക്കു പറ്റി​പ്പോയ അസാ​ധാ​ര​ണാ​ബ​ദ്ധം; ഇരു​പ​ത്തേ​ഴു പേരെ വീ​തി​യി​ലും ഇരു​നൂ​റു പേരെ നീ​ള​ത്തി​ലു​മാ​യി വരി​നിർ​ത്തി തോ​ക്കു​ണ്ട​കൾ​ക്കു ബലി​കൊ​ടു​ക്കൽ; ഈ ആൾ​ക്കൂ​ട്ട​ത്തി​ന്റെ ഇടയിൽ പീ​ര​ങ്കി​യു​ണ്ട​കൾ വരു​ത്തി​ത്തീർ​ത്ത ഭയ​ങ്കര വി​ട​വു​കൾ; എതിർ​ക്കു​ന്ന ഭട​സം​ഘ​ത്തി​ന്റെ ചി​ന്നി​ച്ചി​ത​റൽ; പാർ​ശ്വ​ഭാ​ഗ​ത്തി​ലെ പീ​ര​ങ്കി​നി​ര​കൾ​ക്കു പെ​ട്ട​ന്നു മൂ​ടു​പ​ടം പോകൽ, ബുർ​ഴ്‌​വാ, ദോ​ങ്ങ്സ്ലോ, ദ്യു റ്യു​ത്തു് എന്നി​വർ ശത്രു​ക്ക​ളോ​ടു യോ​ജി​ക്കൽ; ക്വി​യോ​വി​ന്റെ ഓടി​ക്ക​ള​യൽ; നാ​നാ​വിധ ശി​ല്പ​വി​ദ്യാ​പാ​ഠ​ശാ​ല​യിൽ​നി​ന്നും ബി​രു​ദം നേടിയ ആ ഹോർ​ക്ക്യു​ലി​സ്സ്വി​യോ, ഗെ​നാ​പ്പിൽ​നി​ന്നു ബ്രൂ​സ്സൽ​സി​ലേ​ക്കു​ള്ള വഴി​ത്തി​രി​വു മു​ട​ക്കിയ ഇം​ഗ്ലീ​ഷ് പീ​ര​ങ്കി​സൈ​ന്യ​ത്തി​ന്റെ വെടി ഇള​വി​ല്ലാ​തെ കി​ട​ന്നി​ര​മ്പു​മ്പോൾ ഒരു മഴു​വെ​ടു​ത്തു ലാ​യി​സാ​ന്തി​ന്റെ വാതിൽ വെ​ട്ടി​മു​റി​ക്കു​ന്നേ​ട​ത്തു​വെ​ച്ചു മു​റി​പ്പെ​ടൽ; മാർ​ക്കോ​ങ്ങ്യ​യു​ടെ സൈ​ന്യ​ഭാ​ഗം കാ​ലാൾ​പ്പ​ട​യു​ടേ​യും കു​തി​ര​പ്പ​ട്ടാ​ള​ത്തി​ന്റേ​യും നടു​വിൽ​പ്പെ​ടൽ; ബെ​സ്റ്റും പ്യാ​ക്കും കൂടി ആ സേ​നാ​പം​ക്തി​യെ തോ​ക്കിൻ​വാ​യ​യോ​ടു ചേർ​ത്തു​വെ​ച്ചു വെ​ടി​വെ​ച്ച​തു്; പോൺ​സൺ​ബി അവരെ പി​ടി​ച്ചു കൊ​ത്തി​നു​റി​ക്കി​യ​തു്; അയാ​ളു​ടെ പതി​ന​ഞ്ച് പീ​ര​ങ്കി​ക​ളു​ടെ വെ​ടി​ത്തുള അട​ച്ചു​ക​ള​യ​പ്പെ​ട്ട​തു്; കോം​തു് ദോർ​ലോ​ങ്ങ് എത്ര ശ്ര​മി​ച്ചി​ട്ടും സാ​ക്സ്—വീമർ രാ​ജ​കു​മാ​രൻ ഫ്രീ​മോ​ങ്ങി​നേ​യും സ്മൊ​ഹാ​ങ്ങി​നേ​യും കൈ​വി​ടാ​തി​രി​ക്കൽ; 105-ആം 45-ആം സൈ​ന്യ​വ​കു​പ്പു​ക​ളു​ടെ കൊടി പി​ടി​ച്ചെ​ടു​ക്കൽ; വാവർ, പ്ലൻ​സ്ന്വാ എന്നീ പ്ര​ദേ​ശ​ങ്ങൾ​ക്കി​ട​യിൽ ഒറ്റു​നി​ല്ക്കു​മ്പോൾ പ്ര​ഷ്യ​ക്കാ​ര​നായ ആ കറു​ത്ത അശ്വ​ഭ​ട​നെ മു​ന്നൂ​റു കു​തി​ര​പ്പ​ട്ടാ​ള​ങ്ങൾ പറ​ന്നു​പോ​കു​ന്ന​തി​നി​ട​യ്ക്കു കട​ന്നു പി​ടി​കൂ​ടൽ; തട​വു​കാർ പറഞ്ഞ ഭയ​ങ്കര സം​ഗ​തി​കൾ; ഗ്രൂ​ഷി [20] വരാ​നു​ണ്ടായ താമസം; ഒരു മണി​ക്കൂ​റി​നു​ള്ളിൽ ഹൂ​ഗോ​മോ​ങ്ങി​ലെ മര​ത്തോ​ട്ട​ത്തിൽ​വെ​ച്ച് ആയി​ര​ത്ത​ഞ്ഞൂ​റു​പേർ കൊ​ല്ല​പ്പെ​ടൽ; അതി​ലും കു​റ​ച്ചു സമ​യം​കൊ​ണ്ടു് ലാ​യി​സാ​ന്തി​ന​ടു​ത്തു​വെ​ച്ച് ആയി​ര​ത്തെ​ണ്ണൂ​റു​പേർ തോ​ല്പി​ക്ക​പ്പെ​ടൽ— ഇങ്ങ​നെ സർ​വ​ത്തേ​യും ഇള​ക്കി​മ​റി​ച്ചു നെ​പ്പോ​ളി​യ​ന്റെ മു​മ്പി​ലൂ​ടെ പാ​ഞ്ഞു​പോ​യി​രു​ന്ന ഈ യു​ദ്ധ​സം​ബ​ന്ധി​ക​ളായ മേ​ഘ​പ​ട​ല​ങ്ങൾ മു​ഴു​വൻ കൂ​ടി​യി​ട്ടും; അദ്ദേ​ഹ​ത്തി​ന്റെ നോ​ട്ടം അല്പ​മെ​ങ്കി​ലും മങ്ങു​ക​യോ ആ രാ​ജ​കീ​യ​മായ നി​ശ്ച​യ​ദാർ​ഢ്യ​മു​ള്ള മൂ​ഖ​ത്തു നിഴൽ കയ​റു​ക​യോ ഉണ്ടാ​യി​ല്ല. യു​ദ്ധ​ത്തെ കണ്ണി​ള​കാ​തെ നോ​ക്കി​ക്കാ​ണു​വാൻ നെ​പ്പോ​ളി​യൻ പരി​ച​യി​ച്ചി​രി​ക്കു​ന്നു; സു​ന്നം​സു​ന്ന​മാ​യി വന്നു​കൂ​ടു​ന്ന ഹൃ​ദ​യ​ഭേ​ദക സം​ഗ​തി​ക​ളെ നെ​പ്പോ​ളി​യൻ ആകെ​യി​ട്ട​തേ ഇല്ല; വിജയം എന്ന ആക​ത്തുക വരു​ത്തി​യാ​ല​ല്ലാ​തെ, സു​ന്ന​ങ്ങ​ളൊ​ന്നും അദ്ദേ​ഹ​ത്തി​നു വി​ല​യി​ല്ല; ഒടു​വിൽ എല്ലാം തന്റെ കൈ​യി​ലും ഇഷ്ടം പോ​ലെ​യു​മാ​ണെ​ന്നു കരു​തി​യി​രു​ന്ന​തു​കൊ​ണ്ടു് ആരം​ഭ​ങ്ങൾ പി​ഴ​ച്ചു​ക​ണ്ട​തിൽ അദ്ദേ​ഹം പരി​ഭ്ര​മി​ച്ചി​ല്ല; തന്നെ​പ്പ​റ്റി യാ​തൊ​ന്നും ആലോ​ചി​ക്കാ​നി​ല്ലെ​ന്നു​ള്ള വി​ശ്വാ​സം​മൂ​ലം, കാ​ത്തു​നി​ല്ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നു് അദ്ദേ​ഹ​ത്തി​ന​റി​യാ​മാ​യി​രു​ന്നു; അദ്ദേ​ഹം വി​ധി​യെ തന്റെ ഒരു സമാ​ന​നാ​യി കരുതി; അദ്ദേ​ഹം വി​ധി​യോ​ടു പറ​യു​ന്ന​തു​പോ​ലെ തോ​ന്നി: ‘നി​ന​ക്ക​തി​നു ധൈ​ര്യ​മി​ല്ല.’

പകുതി വെ​ളി​ച്ച​ത്താ​ലും പകുതി നി​ഴ​ലാ​ലും നിർ​മ്മി​ക്ക​പ്പെ​ട്ട​തി​നാൽ താൻ നന്മ​യിൽ രക്ഷി​ത​നും തി​ന്മ​യിൽ അദ്വി​ഷ്ട​നു​മാ​ണെ​ന്നു നെ​പ്പോ​ളി​യൻ വി​ചാ​രി​ച്ചു. പു​രാ​ത​ന​ത്വ​ത്തി​ന്റെ അഭേ​ദ്യ​ത​യ്ക്കു ശരി​യാ​യി, തനി​ക്കു ഗുണം വരു​വാൻ എല്ലാ ലൗ​കി​ക​സം​ഭ​വ​ങ്ങ​ളു​ടേ​യും ഒരു മൗ​നാ​നു​വാ​ദം—ഒരു കൂ​ട്ടാ​ളി​ത്തം എന്നു​ത​ന്നെ പറയാം— അദ്ദേ​ഹ​ത്തി​നു കി​ട്ടി​യി​രു​ന്നു; അല്ലെ​ങ്കിൽ അങ്ങ​നെ അദ്ദേ​ഹം കരു​തി​യി​രു​ന്നു.

അതെ​ന്താ​യാ​ലും, ബെ​റെ​സിന [21], ലീ​പ്സി​ഗ്ഗു്, ഫോ​ന്താൻ​ബ്ലോ എന്നിവ ആർ​ക്കും പി​ന്നി​ലു​ള്ള​പ്പോൾ, വാ​ട്ടർ​ലൂ​വി​നെ അവി​ശ്വ​സി​ക്കാ​മെ​ന്നു തോ​ന്നും. ആകാ​ശ​ത്തി​ന്റെ അഗാ​ധ​ഭാ​ഗ​ങ്ങ​ളിൽ​നി​ന്നു് ഒരു ദുർ​ഗ്ര​ഹ​മായ മു​ഖം​ക​റു​ക്കൽ ദൃ​ഷ്ടി​ഗോ​ച​ര​മാ​കു​ന്നു.

വെ​ല്ലി​ങ്ടൻ പിൻ​മാ​റിയ സമ​യ​ത്തു് നെ​പ്പോ​ളി​യൻ വി​റ​ച്ചു. പെ​ട്ട​ന്നു മോൺ സാ​ങ്ങ്ഴാ​ങ്ങി​ലെ മു​കൾ​പ്പ​ര​പ്പു തെ​ളി​യു​ന്ന​താ​യി കണ്ടു; ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ മു​ന്ന​ണി കാ​ണാ​താ​യി. അതു് ഒന്നി​ച്ചു​കൂ​ടി​യി​രു​ന്നു; പക്ഷേ, ഒളി​ക്കു​ക​യാ​ണു്. ചക്ര​വർ​ത്തി ജീ​നി​ച്ച​വി​ട്ടി​ന്മേൽ പകു​തു​യെ​ഴു​ന്നേ​റ്റു നി​ന്നു. വി​ജ​യ​ത്തി​ന്റെ മി​ന്നൽ അദ്ദേ​ഹ​ത്തി​ന്റെ കണ്ണൂ​ക​ളിൽ​നി​ന്നു പാ​ഞ്ഞു:

വെ​ല്ലി​ങ്ങ്ട​നെ സ്വാ​ങ്ങ് കാ​ട്ടു​പു​റ​ങ്ങ​ളിൽ ഒരു മു​ക്കി​ലേ​ക്കോ​ടി​ച്ചു നശി​പ്പി​ക്കുക— ഫ്രാൻ​സു് ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കു​ന്ന​തിൽ ഒടു​വി​ല​ത്തെ കൈ ഇതാ​യി​രു​ന്നു; അതു ചെ​യ്താൽ ക്രെ​സി [22] പോ​യി​റ്റി​യേ​ഴ്സ് [23] മാൽ​പ്ലാ​ക്കെ [24] റാ​മി​ല്ലി​സ് [25] എന്നി​വ​യു​ടെ പ്ര​തി​ക്രി​യ​യാ​യി. മാറിൻ— ഗോ​വി​ന്റെ [26] ഉട​മ​സ്ഥൻ ആസിൻ​കൂ [27] തു​ട​ച്ചു​ക​ള​ഞ്ഞു.

അതി​നാൽ, ആ ഭയ​ങ്ക​ര​മായ ദൈ​വ​പ്രാ​തി​കൂ​ല്യ​ത്തെ​പ്പ​റ്റി വി​ചാ​രി​ച്ചു​കൊ​ണ്ടു് ഒടു​വി​ല​ത്തെ​ത്ത​വണ ചക്ര​വർ​ത്തി തന്റെ ദൂ​ര​ദർ​ശി​നി​ക്ക​ണ്ണാ​ടി​യെ യു​ദ്ധ​ഭൂ​മി​യു​ടെ എല്ലാ ഭാ​ഗ​ത്തേ​ക്കും ഒന്നോ​ടി​ച്ചു തി​രി​ച്ചു. ആയുധം താ​ഴ്ത്തി പി​ന്നിൽ നി​ന്നി​രു​ന്ന സ്വ​ന്തം രക്ഷി​ഭ​ടൻ അദ്ദേ​ഹ​ത്തെ ഒരു മത​സം​ബ​ന്ധി​യായ ഭക്തി​യോ​ടു​കൂ​ടി താ​ഴ​ത്തു​നി​ന്നു നോ​ക്കി​ക്ക​ണ്ടു. അദ്ദേ​ഹം ആലോ​ചി​ച്ചു. മല​മ്പ​ള്ള​ക​ളെ നോ​ക്കി​പ്പ​ഠി​ച്ചു; ഇറ​ക്ക​ങ്ങ​ളെ സൂ​ക്ഷി​ച്ചു​നോ​ക്കി; മര​ക്കൂ​ട്ട​ങ്ങ​ളും കോ​ത​മ്പു​ക​ണ്ട​ങ്ങ​ളും വഴി​യും സനി​ഷ്കർ​ഷ​മാ​യി നോ​ക്കി മന​സ്സി​ലാ​ക്കി; ഓരോ കു​റ്റി​ക്കാ​ടും അദ്ദേ​ഹം എണ്ണു​ന്ന​തു​പോ​ലെ തോ​ന്നി. രണ്ടു രാ​ജ​മാർ​ഗ​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ടു​കാർ ചെ​യ്തു​വെ​ച്ചി​ട്ടു​ള്ള വഴി​മു​ട​ക്ക​ങ്ങ​ളെ അദ്ദേ​ഹം കുറെ ശ്ര​ദ്ധ​യോ​ടു​കൂ​ടി സൂ​ക്ഷി​ച്ചു​നോ​ക്കി— ഒന്നു ലാ​യി​സാ​ന്തി​നു മു​ക​ളിൽ ഗെ​നാ​പ്പി​ലേ​ക്കു​ള്ള​തും— ആകെ​യു​ള്ള ഇം​ഗ്ലീ​ഷ് പീ​ര​ങ്കി​നി​ര​യിൽ, യു​ദ്ധ​ത്തി​ന്റെ അതിർ​ത്തി കാ​ക്കു​ന്ന രണ്ടു പീ​ര​ങ്കി​യു​ള്ള​തു രണ്ടും അവി​ടെ​യാ​ണു്; മറ്റേ​തു നീ​വെ​ല്ലി​ലേ​ക്കു​ള്ള വഴി​യി​ലു​ള്ള​തു​മാ​യി—ഷാ​സ്സെ​യു​ടെ സൈ​ന്യ​ത്തിൽ​പ്പെ​ട്ട ഡച്ച് കു​ന്ത​ങ്ങൾ അവിടെ മി​ന്നു​ന്നു. മര​ങ്ങ​ളെ തള്ളി​യി​ട്ടു കൊ​മ്പു​കൾ കുർ​പ്പി​ച്ചു​ണ്ടാ​ക്കിയ ആ രണ്ടു ചെ​റു​കോ​ട്ട​കൾ അദ്ദേ​ഹം കണ്ടു മന​സ്സി​ലാ​ക്കി. ഈ മാർ​ഗ​നി​രോ​ധ​ത്തി​ന്റെ ഒര​രി​കി​ലാ​യി ബ്ര​യിൻ​ലാ​ല്യൂ​ദി​നോ​ടു തൊട്ട വഴി​മു​റി​വി​ന്റെ കോണിൽ നി​ല്ക്കു​ന്ന​തും, വെ​ള്ള​ച്ചാ​യ​മി​ട്ട​തു​മായ സെ​യി​ന്റു് നി​ക്കൊ​ള​സ്സി​ന്റെ പഴയ ചെ​റു​പ​ള്ളി അദ്ദേ​ഹം കണ്ടു. അദ്ദേ​ഹം തല കു​നി​ച്ചു. ലാ​ക്കോ​സ്തോ​ടു് ഒരു താ​ഴ്‌​ന്ന സ്വ​ര​ത്തിൽ എന്തോ പറ​ഞ്ഞു. ഇല്ലെ​ന്നർ​ഥ​ത്തിൽ വഴി​കാ​ട്ടി തല​യി​ള​ക്കി—അതു പക്ഷേ, വി​ശ്വാ​സ​വ​ഞ്ച​ന​യാ​യി​രി​ക്കാം.

ചക്ര​വർ​ത്തി നി​വർ​ന്നു​നി​ന്നു; അദ്ദേ​ഹം ആലോ​ച​ന​യി​ലാ​ണ്ടു.

വെ​ല്ലി​ങ്ങ്ടൻ പി​ന്നോ​ക്കം വാ​ങ്ങി​യി​രു​ന്നു.

അദ്ദേ​ഹ​ത്തെ ചത​ച്ചു​ക​ള​ഞ്ഞ് ആ പി​ന്മാ​റൽ മു​ഴു​മി​പ്പി​ക്കുക മാ​ത്ര​മേ ഇനി വേ​ണ്ടൂ.

നെ​പ്പോ​ളി​യൻ പെ​ട്ട​ന്നു പി​ന്നോ​ക്കം തി​രി​ഞ്ഞു. യു​ദ്ധം ജയി​ച്ചു എന്നു പര​സ്യ​പ്പെ​ടു​ത്തു​വാൻ ഒരാളെ കഴി​യു​ന്ന വേ​ഗ​ത്തിൽ പാ​രി​സ്സി​ലേ​ക്കോ​ടി​ച്ചു. ഇടി​മി​ന്ന​ലു​ക​ളെ പു​റ​പ്പെ​ടു​വി​ക്കു​ന്ന അത്ത​രം അതി​ബു​ദ്ധി​മാ​ന്മാ​രിൽ ഒരാ​ളാ​ണു് നെ​പ്പോ​ളി​യൻ.

അദ്ദേ​ഹം താ​നു​ണ്ടാ​ക്കിയ ഇടി​വെ​ട്ടു് അതാ, കണ്ടു.

മോൺ​സാ​ങ്ങ്ഴാ​ങ്ങ് പി​ടി​ച്ച​ട​ക്കു​വാൻ മിൽ​ഹോ​വി​ന്റെ കവ​ച​ധാ​രി​സൈ​ന്യ​ത്തി​നു് അദ്ദേ​ഹം ആജ്ഞ​കൊ​ടു​ത്തു.

കു​റി​പ്പു​കൾ

[20] നെ​പ്പോ​ളി​യ​ന്റെ കീഴിൽ പല യു​ദ്ധ​വും നട​ത്തിയ ആൾ, വാ​ട്ടർ​ലൂ​വിൽ പ്ര​ഷ്യ​ക്കാ​രു​ടെ തള്ളി​ക്ക​യ​റ്റം നിർ​ത്താൻ സാ​ധി​ക്കാ​ത്ത​തു് നാ​ടു​ക​ട​ത്ത​പ്പെ​ട്ടു​വെ​ങ്കി​ലും പതി​നെ​ട്ടാ​മൻ ലൂയി മട​ക്കി​വി​ളി​ച്ചു.

[21] നെ​പ്പോ​ളി​യൻ വല്ലാ​തെ തോ​റ്റു​പോയ മൂ​ന്നു പ്ര​ധാന യു​ദ്ധ​ങ്ങൾ.

[22] ഫ്രാൻ​സി​ലെ ഈ ചെ​റു​പ​ട്ട​ണ​ത്തിൽ​വെ​ച്ചാ​ണു് ഇം​ഗ്ല​ണ്ടി​ലെ മൂ​ന്നാ​മൻ എഡ്വേർ​ഡ് 1346-ൽ ഫ്രാൻ​സി​നെ തോ​ല്പി​ച്ച​തു്.

[23] ഫ്രാൻ​സി​ലെ ഈ മറ്റൊ​രു പട്ട​ണ​ത്തിൽ​വെ​ച്ച് ഇം​ഗ്ല​ണ്ടു് ഫ്രാൻ​സി​നെ 1356-ൽ കല​ശ​ലാ​യി തോ​ല്പി​ച്ചു.

[24] ഇം​ഗ്ല​ണ്ടും ഹോ​ള​ന്റും ആസ്ട്രി​യ​യും കൂടി 1709-ൽ ഫ്രാൻ​സി​നെ തോ​ല്പി​ച്ച യു​ദ്ധം.

[25] മാർൾ​ബാ​രോ ഡ്യൂ​ക്ക് ഫ്രാൻ​സി​നേ​യും ബവേ​റി​യ​യെ​യും കൂടി 1706-ൽ ഇവിടെ വെ​ച്ചു തോ​ല്പി​ച്ചു.

[26] നെ​പ്പോ​ളി​യൻ 1900-ൽ ആസ്ട്രി​യ​യെ കല​ശ​ലാ​യി തോ​ല്പി​ച്ച പ്ര​സി​ദ്ധ​യു​ദ്ധം.

[27] 9000 ഇം​ഗ്ലീ​ഷു​ഭ​ട​ന്മാർ 6000 ഫ്ര​ഞ്ച് ഭട​ന്മാ​രെ തി​ക​ച്ചും പരാ​ജ​യ​പ്പെ​ടു​ത്തിയ 1416-ലെ യു​ദ്ധം.

2.1.9
അപ്ര​തീ​ക്ഷി​ത​സം​ഭ​വം

അതിൽ ആകെ മു​വ്വാ​യി​ര​ത്ത​ഞ്ഞൂ​റു​പേ​രു​ണ്ടു്. അവ​രു​ടെ വരി​നി​ര​പ്പു് ഒരു കാ​ല്ക്കാ​തം നീ​ള​മു​ണ്ടാ​യി​രു​ന്നു. അവർ വലിയ കൂ​റ്റ​ന്മാ​രാ​ണു്; അവ​രു​ടെ കു​തി​ര​ക​ളും കൂ​റ്റ​ന്മാർ​ത​ന്നെ, അവർ ആകെ ഇരു​പ​ത്താ​റു ഭാ​ഗ​ങ്ങ​ളാ​ണു്. അവരെ സഹാ​യി​ക്കു​വാൻ പി​ന്നി​ലാ​യി ഒരു നൂ​റ്റാ​റു് ഒന്നാ​ന്ത​രം പദാ​തി​ക​ളും, ആയി​ര​ത്തൊ​രു​നൂ​റ്റി​ത്തൊ​ണ്ണൂ​റ്റേ​ഴു് സാ​ദി​ക​ളും, രക്ഷി​സൈ​ന്യ​ത്തിൽ​പ്പെ​ട്ട എണ്ണൂ​റ്റൊൻ​പ​തു കു​ന്ത​ധാ​രി​ക​ളു​മു​ണ്ടു്. കു​തി​ര​വാ​ലു​ക​ളി​ല്ലാ​ത്ത ശി​രോ​ല​ങ്കാ​ര​ങ്ങ​ളും, ഉരു​ക്കു​കൊ​ണ്ടു​ള്ള മാർ​ച്ച​ട്ട​ക​ളു​മാ​ണു് അവർ ധരി​ച്ചി​രു​ന്ന​തു്; ജീ​നി​സ്സ​ഞ്ചി​യിൽ കൈ​ത്തോ​ക്കു​ക​ളു​മു​ണ്ടു്; കൈയിൽ നീണ്ട ഉറ​വാ​ളു​ക​ളും. അന്നു രാ​വി​ലെ ഒമ്പ​തു​മ​ണി​സ്സ​മ​യ​ത്തു്, എല്ലാ കാ​ഹ​ള​ങ്ങ​ളും ഊതി​ക്കൊ​ണ്ടും, ‘നമു​ക്ക് നമ്മു​ടെ സാ​മ്രാ​ജ്യ​ത്തെ രക്ഷി​ക്കുക’ എന്നു​ള്ള പാ​ട്ടു് എല്ലാ സാ​മ​ഗ്രി​ക​ളോ​ടും​കൂ​ടി പാ​ടി​ക്കൊ​ണ്ടും, ഒരു പീ​ര​ങ്കി​നിര പാർ​ശ്വ​ത്തി​ലും മറ്റൊ​ന്നു നടു​ക്കു​മാ​യി ഒരു​റ​ച്ച കൂ​ട്ടം​ചേർ​ന്നു് അവർ ക്ര​മ​ത്തിൽ നട​ന്നു​വ​ന്നു. ഗെ​നാ​പ്പി​ലേ​ക്കും ഫ്രീ​ഷ്മോ​ങ്ങി​ലേ​ക്കു​മു​ള്ള വഴി​കൾ​ക്കി​ട​യിൽ രണ്ടു വകു​പ്പു​ക​ളാ​യി പര​ക്കെ വരി​നി​ര​ന്നു്, ഇട​ത്തേ അറ്റ​ത്തു നെ​തർ​ല്ലാ​ന്റി​ന്റെ സൈ​ന്യ​ഭാ​ഗ​വും വല​ത്തെ അറ്റ​ത്തു മിൽ​ഹോ​വി​ന്റെ സൈ​ന്യ​ഭാ​ഗ​വു​മായ, രണ്ടു ഇരി​മ്പു ചി​റ​കു​ക​ളോ​ടു​കൂ​ടി​യ​തെ​ന്നു പറ​യാ​വു​ന്ന​വി​ധം നെ​പ്പോ​ളി​യൻ അത്ര​മേൽ സാ​മർ​ഥ്യ​ത്തോ​ടു​കൂ​ടി ഏർ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത ആ ശക്തി​മ​ത്തായ രണ്ടാ​മ​ത്തെ അണി​നി​ര​യിൽ തങ്ങ​ളു​ടെ സ്ഥാ​ന​ത്തു കയ​റി​യ​പ്പോൾ, അന്നു​ള്ള സൈ​നി​കർ അവരെ ഹൃ​ദ​യ​പൂർ​വം അഭി​ന​ന്ദി​ച്ചി​രി​രു​ന്നു.

ചക്ര​വർ​ത്തി​യു​ടെ പരി​ചാ​ര​ക​നായ ബോർ അവി​ടു​ത്തെ കല്പന അവരെ ചെ​ന്ന​റി​യി​ച്ചു. നേ തന്റെ വാ​ളൂ​രി, അവ​രു​ടെ നേ​താ​വാ​യി, ആ മഹ​ത്തായ സേ​നാ​വി​ഭാ​ഗം നട​തു​ട​ങ്ങി.

ഉടനെ ഒരു ഭയ​ങ്ക​ര​കാ​ഴ്ച കാ​ണ​പ്പെ​ട്ടു.

വാ​ളു​കൾ ഉയർ​ത്തി​പ്പി​ടി​ച്ചു, കൊ​ടി​ക​ളും കാ​ഹ​ള​ങ്ങ​ളും ആടി​മ​റി​ഞ്ഞു കൊ​ണ്ടു് ആ കു​തി​ര​പ്പ​ട്ടാ​ളം മു​ഴു​വ​നും രണ്ടു വകു​പ്പു​ക​ളാ​യി വരി​നി​ര​ന്നു്, ഒരാ​ളെ​ന്ന നി​ല​യിൽ ഒരേ ക്ര​മ​ത്തി​ലു​ള്ള നട​ത്തോ​ടു​കൂ​ടി, ഒരു വി​ട​വി​ന്മേൽ കയ​റി​പ്പി​ടി​ച്ചു മതി​ലു​ട​യ്ക്കു​ന്ന പി​ച്ച​ള​യ​ന്ത്ര​മു​ട്ടി​യ്ക്കൊ​ത്ത കണി​ശ​ത്തോ​ടെ, ലീബൈൽ അലീ​യാൻ​സു് കു​ന്നി​റ​ങ്ങി, അനവധി പേർ വീ​ണു​ക​ഴി​ഞ്ഞി​ട്ടു​ള്ള ആ ഭയ​ങ്ക​ര​മായ അഗാ​ധ​സ്ഥ​ല​ത്തു് ആണ്ടു​മു​ങ്ങി, അവിടെ വെ​ടി​പ്പു​ക​യിൽ മറ​ഞ്ഞു, ക്ഷ​ണ​ത്തിൽ ആ നി​ഴ​ല്പാ​ട്ടിൽ​നി​ന്നു പു​റ​ത്തു കട​ന്നു്, അപ്പോ​ഴും ഏകോ​പി​ച്ചും വഴി​തെ​റ്റാ​തേ​യും, നാ​ലു​പു​റ​ത്തും വന്നു​വീ​ഴു​ന്ന വെ​ടി​യു​ണ്ട​ക്കൂ​ട്ട​ത്തി​ന്റെ ലഹ​ള​യി​ലൂ​ടെ, മോൺ​സാ​ങ്ങ്ഴാ​ങ്ങ് മല​മ്പ​ര​പ്പി​ന്റെ ഭയ​ങ്ക​ര​വും ചളി​കെ​ട്ടി​യ​തു​മായ പള്ള​യി​ലേ​ക്ക് അടി​ച്ചു​ക​യ​റു​ന്ന​താ​യി അപ്പു​റ​ത്തു​ള്ള താ​ഴ്‌​വാ​ര​ത്തിൽ വീ​ണ്ടും പ്ര​ത്യ​ക്ഷീ​ഭ​വി​ച്ചു. ഗൗ​ര​വ​ത്തോ​ടു​കൂ​ടി​യും, ഭയം തോ​ന്നി​ക്കു​മാ​റും, പരി​ഭ്ര​മ​മി​ല്ലാ​തെ​യും അവർ മേ​ല്പോ​ട്ടു കയറി; വെ​ടി​യു​ടേ​യും പീ​ര​ങ്കി​യൊ​ച്ച​യു​ടേ​യും ഇട​യ്ക്ക് അവ​രു​ടെ വമ്പി​ച്ച കു​തി​ര​ക​ളു​ടെ കു​ള​മ്പ​ടി​ശ്ശ​ബ്ദം കേൾ​ക്കാ​മാ​യി​രു​ന്നു. രണ്ടു വകു​പ്പു​ക​ളാ​യ​തു​കൊ​ണ്ടു് അവ​രു​ടെ പോ​ക്ക് രണ്ടു ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു; വാ​ത്തി​യു​ടെ ഭാഗം വല​ത്തും ദെ​ലോ​റി​ന്റേ​തു് ഇട​ത്തും. അതു കണ്ടാൽ കു​ന്നി​ന്റെ ഒത്ത മു​ക​ളി​ലേ​ക്കു രണ്ടു വമ്പി​ച്ച ഇരി​മ്പ​ലി​പ്പാ​മ്പു​കൾ അരി​ച്ചു​പോ​കു​ന്ന​താ​യി തോ​ന്നും. അതു് ഒരു രാ​ക്ഷ​സ​സ്വ​രൂ​പി​യെ​പ്പോ​ലെ യു​ദ്ധ​ഭൂ​മി കട​ന്നു.

മോ​സ്കോ​വി​ലെ വലിയ കാ​വ​ല്ക്കോ​ട്ട പി​ടി​ച്ച​തി​നു ശേഷം ഇങ്ങ​നെ​യൊ​രു കാഴ്ച എങ്ങും കണ്ടി​ട്ടി​ല്ല; അന്ന​ത്തെ മ്യൂ​റാ [28] ഇവി​ടെ​യി​ല്ല. എങ്കി​ലും, നേ ഇതി​ലു​മു​ണ്ടു്. ആ ഭട​സം​ഘ​മാ​കെ ഒരു ഭയ​ങ്ക​ര​സ്വ​രൂ​പി​യും ഒരൊ​റ്റ ജീ​വ​നോ​ടു​കൂ​ടി​യ​തു​മാ​യി​ച്ച​മ​ഞ്ഞ​തു​പോ​ലെ തോ​ന്നി. ഒരു സഹ​സ്ര​ശീർ​ഷ​സർ​പ്പ​ത്തി​ന്റെ ഉട​ലു​പോ​ലെ ഓരോ വരി​നി​ര​പ്പും ഓളം മറി​യു​ക​യും വീർ​ത്തു​പൊ​ങ്ങു​ക​യും ചെ​യ്തു. അവി​ട​വി​ടെ പി​ളർ​ത്ത​പ്പെ​ട്ട ഒരു പരന്ന പു​ക​ക്കൂ​ട്ട​ത്തി​നു​ള്ളി​ലൂ​ടെ അവരെ കാ​ണാ​മാ​യി​രു​ന്നു. തൊ​പ്പി​ക​ളു​ടേ​യും കൂ​ക്കി​വി​ളി​ക​ളു​ടേ​യും വാ​ളു​ക​ളു​ടേ​യും പീ​ര​ങ്കി​യൊ​ച്ച​യ്ക്കും കാ​ഹ​ള​ശ​ബ്ദ​ത്തി​നും ഇട​യ്ക്കു​ള്ള കു​തി​ര​ക​ളു​ടെ പിൻ​വ​ശ​ച്ചാ​ട്ട​ങ്ങ​ളു​ടേ​യും, ഒക്കെ​ക്കൂ​ടിയ ഒരു ലഹള ഭയ​ങ്ക​ര​വും ക്ര​മാ​ന്വി​ത​വു​മായ ഒരു ബഹളം; എല്ലാ​റ്റി​നും മു​ക​ളി​ലാ​യി, സഹ​സ്ര​ശീർ​ഷ​സർ​പ്പ​ത്തി​ന്റെ ചെ​ളു​ക്കു​ക​ളെ​പ്പോ​ലെ, ആ ഭട​സം​ഘ​ത്തി​ന്റെ മാർ​ച്ച​ട്ട​കൾ.

ഈ കഥകൾ പൗ​രാ​ണി​ക​കാ​ല​ത്തേ​ക്കു ചേർ​ന്ന​താ​ണെ​ന്നു തോ​ന്നും; ഈ കാ​ഴ്ച​യ്ക്കു സമാ​ന​മായ എന്തെ​ങ്കി​ലു​മൊ​ന്നു മനു​ഷ്യ​ശി​ര​സ്സു​ക​ളോ​ടും അശ്വ​ശ​രീ​ര​ങ്ങ​ളോ​ടും കൂടി പർ​വ​ത​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്ക് ഒരു​ക്കിൽ അരി​ച്ചു​ക​യ​റു​ന്ന ഓരോ വല്ലാ​ത്ത സത്ത്വ​ങ്ങ​ളെ​പ്പ​റ്റി—ഭയ​ങ്ക​ര​ങ്ങ​ളും അഭേ​ദ്യ​ങ്ങ​ളും അലൗ​കി​ക​ങ്ങ​ളു​മായ ദേ​വ​ക​ളേ​യും തി​ര്യ​ക്കു​ക​ളേ​യും കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്ന പു​രാ​ണ​ഗാ​ന​ങ്ങ​ളിൽ നി​ശ്ച​യ​മാ​യും ചി​ല​തു​ണ്ടു്.

അക്ക​ങ്ങ​ളു​ടെ യാ​ദൃ​ച്ഛി​ക​മായ യോ​ജി​പ്പ്— ഇരു​പ​ത്താ​റു പട്ടാ​ള​വ​കു​പ്പു​കൾ ഇരു​പ​ത്താ​റു പട്ടാ​ള​വ​കു​പ്പു​ക​ളോ​ടെ​തിർ​ക്കാൻ ചെ​ന്നു. മു​കൾ​പ്പ​ര​പ്പി​ന്റെ അറ്റ​ത്തി​നു പി​ന്നിൽ, പീ​ര​ങ്കി​നി​ര​യു​ടെ നി​ഴ​ലിൽ, രണ്ടു വകു​പ്പു​കൾ ഒരു ചതു​ര​ത്തി​ലാ​യി പതി​മ്മൂ​ന്നു ചതു​ര​ങ്ങൾ ചേർ​ന്നു്, ഏഴെ​ണ്ണം ഒന്നാ​മ​ത്തേ​തി​ലും ആറെ​ണ്ണം രണ്ടാ​മ​ത്തേ​തി​ലു​മാ​യി രണ്ടു വരി​യൊ​ത്തു, തോ​ക്കു​ക​ളു​ടെ ചട്ട ചു​മ​ലിൽ വെ​ച്ചു, മുൻ​പിൽ കാ​ണു​ന്ന​തി​നു നേരെ ഉന്നം വെ​ച്ചു​കൊ​ണ്ടു് ഇം​ഗ്ലീ​ഷ് കാ​ലാൾ​പ്പട ശാ​ന്ത​മാ​യി നി​ശ്ശ​ബ്ദ​മാ​യി, നി​ശ്ച​ല​മാ​യി കാ​ത്തു​നി​ല്ക്കു​ന്നു. അവർ ആ കവ​ച​ധാ​രി​സൈ​ന്യ​ത്തെ​യും ആ കവ​ച​ധാ​രി​സൈ​ന്യം അവ​രേ​യും കണ്ടി​ട്ടി​ല്ല. ഈ മനു​ഷ്യ​ത്തി​ര​യ​ടി കയ​റി​ക്ക​യ​റി​വ​രു​ന്ന ശബ്ദ​ത്തിൽ അവർ ചെ​വി​യോർ​ത്തു. വലു​പ്പം കൂ​ടി​ക്കൂ​ടി വരു​ന്ന ആ മു​വ്വാ​യി​രം കു​തി​ര​ക​ളു​ടെ ഒച്ച​യും അടി​ച്ചു​ക​യ​റു​ന്ന അവ​യു​ടെ കു​ള​മ്പു​കൾ ഇട​വി​ട്ടും ക്ര​മം​തെ​റ്റാ​തെ​യും നി​ല​ത്ത​ടി​ക്കു​ന്ന കെ​ട​കെട ശബ്ദ​വും, മാർ​ക്ക​വ​ച​ങ്ങ​ളു​ടെ ചി​ല​മ്പി​ച്ച​യും വാ​ളു​ക​ളു​ടെ കി​ലു​ക്ക​വും മഹ​ത്തും ഭയ​ങ്ക​ര​വു​മായ നെ​ടു​വീർ​പ്പും അവർ കേ​ട്ടു. അതാ, അതി​ഭീ​ഷ​ണ​മായ ഒരു നി​ശ്ശ​ബ്ദത; ഉടനെ ഉത്ത​ര​ക്ഷ​ണ​ത്തിൽ, ഉയർ​ത്ത​പ്പെ​ട്ട തോ​ക്കു​ക​ളു​ടേ​യും ചു​ഴ​റ്റ​പ്പെ​ടു​ന്ന വാ​ളു​ക​ളു​ടേ​യും ഒരു നീണ്ട അണി​നിര കു​ന്നിൻ​മു​ക​ളിൽ പ്ര​ത്യ​ക്ഷീ​ഭ​വി​ച്ചു. അതോ​ടു​കൂ​ടി ശി​രോ​ല​ങ്കാ​ര​ങ്ങ​ളും, കാ​ഹ​ള​ങ്ങ​ളും, കൊ​ടി​ക്കൂ​റ​ക​ളും; എന്ന​ല്ല, ഒന്നി​ച്ചു ‘ചക്ര​വർ​ത്തി ജയി​ക്ക​ട്ടെ’ എന്നാർ​ത്തു​കൊ​ണ്ടു നരച്ച മേൽ​മീ​ശ​യോ​ടു​കൂ​ടിയ മു​വ്വാ​യി​രം തല​ക​ളും. ആ കു​തി​ര​പ്പ​ട്ടാ​ളം മു​ഴു​വ​നും കു​ന്നി​ന്മു​ക​ളിൽ ആവിർ​ഭ​വി​ച്ചു; അതു് ഒരു ഭൂ​ക​മ്പ​ത്തി​ന്റെ പു​റ​പ്പാ​ടു​പോ​ലെ​യി​രു​ന്നു.

പെ​ട്ടെ​ന്നു് ഒരു വ്യ​സ​ന​ക​ര​മായ സംഭവം. ഇം​ഗ്ലീ​ഷ്സൈ​ന്യ​ത്തി​ന്റെ ഇട​ത്തു ഭാ​ഗ​ത്തു നമ്മു​ടെ വല​ത്തു​ഭാ​ഗ​ത്തു​മാ​യി, ഒരു ഭയ​ങ്ക​ര​മായ കൂ​ക്കി​വി​ളി​യോ​ടു കൂടി, കവ​ച​ധാ​രി​ഭ​ട​നി​ര​പ്പി​ന്റെ തല പൊ​ന്തി. നിർ​ത്താൻ വയ്യാ​തെ​യും ദേ​ഷ്യം കൊ​ണ്ടു തി​ക​ച്ചും ഭ്രാ​ന്തു​പി​ടി​ച്ചും ശത്രു​ക്ക​ളു​ടെ സൈ​ന്യ​നി​ര​പ്പു​ക​ളും പീ​ര​ങ്കി​ക​ളും നി​ശ്ശേ​ഷം നശി​പ്പി​ച്ചു​ക​ള​യാൻ തന്നെ​യാ​യും ആ കവ​ച​ധാ​രി​സൈ​ന്യം കു​ന്നി​ന്മു​ക​ളി​ന്റെ ഒത്ത നി​റു​ക​യി​ലെ​ത്തി​യ​പ്പോൾ, ഒരു കു​ണ്ടു​വ​ഴി ദൃ​ഷ്ടി​യിൽ​പ്പ​തി​ഞ്ഞു— അവർ​ക്കും ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​നു​മി​ട​യിൽ ഒരു കണ്ടു​വ​ഴി; ഒഹെ​ങ്ങി​ലെ കു​ഴി​ത്തോ​ടാ​യി​രു​ന്നു അതു്.

അതു് ഒരു ഭയ​ങ്കര സന്ദർ​ഭ​മാ​യി​രു​ന്നു. അപ്ര​തീ​ക്ഷി​ത​മാ​യി, വാ​പി​ളർ​ന്നു കൊ​ണ്ടു, കു​തി​ര​ക​ളു​ടെ കു​ള​മ്പി​ന്ന​ടി​യിൽ​ത്ത​ന്നെ, രണ്ടു കു​ന്നി​മ്പ​ള്ള​ക​ളു​ടേ​യും ഇട​യ്ക്കു പന്ത്ര​ണ്ട​ടി ആഴ​ത്തിൽ അതാ ആ ഗുഹ; രണ്ടാ​മ​ത്തെ സൈ​ന്യ​വ​രി ആദ്യ​ത്തേ​തി​നെ അതി​ലേ​ക്കു​ന്തി, മൂ​ന്നാ​മ​ത്തേ​തു രണ്ടാ​മ​ത്തേ​തി​നേ​യും തി​ര​ക്കി​ത്ത​ള്ളി; കു​തി​ര​കൾ പി​ന്നോ​ക്കം വാ​ങ്ങി, പു​റം​കു​ത്തി മറി​ഞ്ഞു, പി​ന്നു​കു​ത്തി​നി​ന്നു, നാലു കാലും മു​ക​ളി​ലേ​ക്കു പൊ​ന്തി​ച്ചു പു​റ​ത്തി​രി​ക്കു​ന്ന​വ​രെ ചത​ച്ചും അര​ച്ചും താ​ഴ​ത്തേ​ക്കു​ര​സി; പി​ന്മാ​റു​വാൻ യാ​തൊ​രു നിർ​വാ​ഹ​വു​മി​ല്ലാ​ഞ്ഞ​തി​നാൽ — അ സൈ​ന്യ​പം​ക്തി ആക​പ്പാ​ടെ പീ​ര​ങ്കി​യിൽ​നി​ന്നു വിട്ട ഒരു ചി​ല്ലു​ണ്ട​യ​ല്ല​തെ മറ്റൊ​ന്നു​മ​ല്ലാ​യി​രു​ന്നു.— ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തെ ചത​ച്ചു​ക​ള​യു​വാൻ എടു​ത്തു കൂ​ട്ടിയ ശക്തി ഫ്ര​ഞ്ച്സൈ​ന്യ​ത്തെ​ത്ത​ന്നെ ചമ്മ​ന്തി​യ​ര​ച്ചു. ആ ചഞ്ച​ലി​പ്പി​ല്ലാ​ത്ത ഗുഹ നി​റ​ഞ്ഞു​ക​ഴി​ഞ്ഞാൽ മാ​ത്ര​മെ കീ​ഴ​ട​ങ്ങു​ക​യു​ള്ളൂ; തമ്മിൽ​ത്ത​മ്മിൽ ചവു​ട്ടി​പ്പൊ​ടി​ച്ചു​കൊ​ണ്ടു്, ആ ഗു​ഹ​യ്ക്കു​ള്ളിൽ അശ്വ​ങ്ങ​ളും അശ്വ​ഭ​ട​ന്മാ​രു​മെ​ല്ലാം ഒരു വലിയ മാം​സ​പി​ണ്ഡം മാ​ത്ര​മാ​യി കൂ​ടി​മ​റി​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടു്; ആ കു​ഴി​ത്തോ​ടു നി​റ​ച്ചും ജി​വ​നു​ള്ള മനു​ഷ്യ​രാ​യ​പ്പോൾ, ശേ​ഷി​ച്ച​വർ അവർ​ക്കു മീതെ ഓടി​ച്ചു കട​ന്നു പോയി. ദ്യ്ബ്വാ​വി​ന്റെ സൈ​ന്യ​ത്തിൽ മൂ​ന്നി​ലൊ​രു ഭാഗം ആ ഗു​ഹ​യിൽ വീണു.

യു​ദ്ധ​ത്തിൽ തോല്മ ഇവി​ടെ​നി​ന്നു തു​ട​ങ്ങി.

ആപ്ര​ദേ​ശ​ത്തെ ഒരൈ​തി​ഹ്യ​പ്ര​കാ​രം—വ്യ​ക്ത​മാ​യി അതു കുറെ കൂ​ട്ടി​പ്പ​റ​യു​ന്നു​ണ്ട്— ഒഹൊ​ങ്ങി​ലെ കു​ണ്ടു​കു​ഴി​യിൽ രണ്ടാ​യി​രം കു​തി​ര​ക​ളും ആയി​ര​ത്ത​ഞ്ഞൂ​റു മനു​ഷ്യ​രും വീണു ചത്തു. യു​ദ്ധ​ത്തി​ന്റെ പി​റ്റേ​ദി​വ​സം ആ ഗു​ഹ​യി​ലേ​ക്കു വലി​ച്ചെ​റി​യ​പ്പെ​ട്ട മറ്റു ശവ​ങ്ങ​ളും ഈ കണ​ക്കിൽ പക്ഷേ, ഉൾ​പ്പെ​ട്ടി​ട്ടു​ണ്ടാ​വാം.

അത്യ​പ​ക​ട​ത്തിൽ​പ്പെ​ട്ട ഈ ദ്യു​ബ്വ്വ​വി​ന്റെ സൈ​ന്യ​മാ​ണു് ഒരു​മ​ണി​ക്കൂർ മുൻ​പു്, ഒരു വശ​ത്തേ​ക്കു തള്ളി​ക്ക​യ​റി, ല്യൂ​നെർ​ബർ​ഗ് പട്ടാ​ള​ത്തി​ന്റെ കൊടി പി​ടി​ച്ചെ​ടു​ത്ത​തെ​ന്നു ഞങ്ങൾ ഓട്ട​ത്തിൽ ഒന്നു പറ​ഞ്ഞു​വെ​ക്ക​ട്ടെ.

മിൽ​ഹോ​വി​ന്റെ കവ​ച​ധാ​രി​സൈ​ന്യ​ത്തി​നു് ഈ തള്ളി​ക്ക​യ​റ്റ​ത്തി​നു​ള്ള ആജ്ഞ കൊ​ടു​ക്കു​ന്ന​തി​നു മുൻ​പു് നെ​പ്പോ​ളി​യൻ ആ സ്ഥലം സൂ​ക്ഷി​ച്ചു​നോ​ക്കി​യി​രു​ന്നു; പക്ഷേ, ആ കു​ണ്ടു​വ​ഴി കാണാൻ കഴി​ഞ്ഞി​ല്ല; അതു് ആ കു​ന്നി​ന്മു​കൾ​പ്പ​ര​പ്പി​ന്റെ സമ​നി​ല​ത്തു് ഒരു ചു​ളി​വു​കൂ​ടി ഉണ്ടാ​ക്കി​യി​രു​ന്നി​ല്ല. എങ്കി​ലും, നീ​വെ​ല്ലു് നി​ര​ത്തു​മാ​യി അതു ചേർ​ന്നു​ണ്ടാ​കു​ന്ന കോ​ണി​നെ സൂ​ചി​പ്പി​ക്കു​ന്ന​തായ ആ വെ​ളു​ത്ത ചെ​റു​പ​ള്ളി​യാൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നു മു​ന്ന​റി​വു് കൊ​ടു​ക്ക​പ്പെ​ട്ടു്, അദ്ദേ​ഹം അവി​ടെ​യെ​ങ്ങാ​നും വല്ല തട​സ്സ​വു​മു​ണ്ടോ എന്നു ലാ​ക്കോ​സ്തോ​ടു പക്ഷേ, ചോ​ദി​ച്ചി​രി​ക്കും. ആ വഴി​കാ​ട്ടി ഇല്ലെ​ന്നു മറു​പ​ടി പറ​ഞ്ഞു. ഒരു കൃ​ഷീ​വ​ല​ന്റെ തല​കൊ​ണ്ടു​ള്ള ആം​ഗ്യ​ത്തിൽ​നി​ന്നു നെ​പ്പോ​ളി​യ​ന്റെ അത്യാ​പ​ത്തു മു​ഴു​വ​നു​മു​ണ്ടാ​യി എന്നു് ഏതാ​ണ്ടു സി​ദ്ധാ​ന്തി​ക്കാം.

മറ്റു ഗ്ര​ഹ​പ്പി​ഴ​കൾ വരു​വാൻ നി​ല്ക്കു​ന്നു.

നെ​പ്പോ​ളി​യൻ ആ യു​ദ്ധ​ത്തിൽ ജയി​ച്ചു എന്നു വരാ​മാ​യി​രു​ന്നു​വോ? ഞങ്ങൾ മറു​പ​ടി പറ​യു​ന്നു, ഇല്ല. എന്തു​കൊ​ണ്ടു്? വെ​ല്ലി​ങ്ങ്ടൻ കാ​ര​ണ​മാ​ണോ? ബ്ളൂ​ഷർ കാ​ര​ണ​മാ​ണോ? അല്ല. ഈശ്വ​രൻ കാരണം.

വാ​ട്ടർ​ലൂ​വിൽ ബോ​ണോ​പ്പാർ​ട്ടു് ജയി​ക്കുക; പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ലെ ലോ​ക​നി​യ​മ​ത്തിൽ അതുൾ​പ്പെ​ട്ടി​ട്ടി​ല്ല; വേറെ ഒരു കൂ​ട്ടം സം​ഭ​വ​ങ്ങൾ അണി​യ​റ​യിൽ ഒരു​ങ്ങു​ന്നു​ണ്ടു്. നെ​പ്പോ​ളി​യ​ന്നു് അവ​യി​ലെ​ങ്ങും ഇട​മി​ല്ല. സം​ഭ​വ​പ​ര​മ്പ​യു​ടെ ദുരഭി പ്രാ​യം വളരെ മുൻ​പു​ത​ന്നെ തീർ​ച്ച​പ്പെ​ട്ടു​തു​ട​ങ്ങി.

ഈ വലിയ മനു​ഷ്യൻ വീ​ഴേ​ണ്ട കാ​ല​മ​യി.

മനു​ഷ്യ​സം​ബ​ന്ധി​യായ ഈശ്വ​ര​വി​ധി​യിൽ ഈ മനു​ഷ്യ​ന്റെ വല്ലാ​ത്ത കനം തു​ലാ​സ്സി​ന്റെ നില തെ​റ്റി​ച്ചു. ലോകം മു​ഴു​വ​നും ഒന്നാ​യി​ക്കൂ​ടി​യ​തി​നേ​ക്കാൾ ഈ ഒരൊ​റ്റ​സ്സ​ത്വം അധികം കനം തൂ​ങ്ങി. എല്ലാ മാ​നു​ഷി​ക​ചൈ​ത​ന്യ​ത്തി​ന്റേ​യും ഈ കവി​ഞ്ഞൊ​ഴു​ക​ലു​കൾ ഒരൊ​റ്റ​ത്ത​ല​യിൽ ഒത്തു​കൂ​ടി; ഒരു മനു​ഷ്യ​ന്റെ തല​ച്ചോ​റി​നു ലോകം മു​ഴു​വ​നും​കൂ​ടി കയ​റി​ച്ചെ​ല്ലുക— ഇതു നി​ല​നി​ല്ക്കു​ന്ന പക്ഷം ലോ​ക​പ​രി​ഷ്കാ​രം നശി​ച്ചു​പോ​കും. ന്യാ​യ​വും സൽ​വോ​ത്കൃ​ഷ്ട​വു​മായ അവ​കാ​ശ​തു​ല്യ​ത​യ്ക്കു തന്റെ യു​ക്തി ഒന്നു മാ​റ്റേ​ണ്ട സമ​യ​മാ​യി. ഭൗ​തി​ക​ലോ​ക​ത്തി​ന്റെ എന്ന​പോ​ലെ മാ​ന​സി​ക​ലോ​ക​ത്തി​ന്റേ​യും നി​യ​മാ​നു​സാ​രി​ക​ളായ കേ​ന്ദ്രാ​കർ​ഷ​ണ​ങ്ങൾ യാ​വ​ചി​ല​വ​യെ ആശ്ര​യി​ച്ചു​നി​ല്ക്കു​ന്നു​വോ. ആവക മൂ​ല​ത​ത്ത്വ​ങ്ങ​ളും മൂ​ല​പ്ര​കൃ​തി​ക​ളും, പക്ഷേ, ആവ​ലാ​തി​പ്പെ​ട്ടി​രി​ക്കാം. പു​ക​യു​ന്ന രക്തം, നി​റ​ഞ്ഞു​വ​ഴി​ഞ്ഞ ശ്മാ​ന​സ്ഥ​ല​ങ്ങൾ, കണ്ണു​നീ​രി​ലാ​ണ്ട അമ്മ​മാർ— ഇവർ എതി​രി​ല്ലാ​ത്ത പക്ഷ​വാ​ദി​ക​ളാ​ണു്. താ​ങ്ങു​പൊ​റു​ക്കാ​ത്ത ഭാ​രം​കൊ​ണ്ടു ഭൂമി കഷ്ട​പ്പെ​ടു​മ്പോൾ നി​ഴ​ലാ​ടു​ക​ളു​ടെ നി​ഗൂ​ഢ​ങ്ങ​ളായ ഞെ​ര​ക്ക​ങ്ങൾ പു​റ​പ്പെ​ടു​ക​യും അഗാധത അവ​യ്ക്കു ചെ​വി​കൊ​ടു​ക്ക​യും ചെ​യ്യു​ന്നു.

അപാ​ര​ത​യിൽ​വെ​ച്ചു നെ​പ്പോ​ളി​യൻ കു​റ്റ​ക്കാ​ര​നെ​ന്നു വി​ധി​ക്ക​പ്പെ​ട്ടു; അദ്ദേ​ഹ​ത്തി​ന്റെ അധ:പതനം തീർ​ച്ച​പെ​ടു​ത്തി​പ്പോ​യി.

അദ്ദേ​ഹം ഈശ്വ​ര​നെ അമ്പ​ര​പ്പി​ച്ചു.

വാ​ട്ടർ​ലൂ ഒരു യു​ദ്ധ​മ​ല്ല; പ്ര​പ​ഞ്ച​ത്തി​ന്റെ ഒരു ചു​വ​ടു​മാ​റ്റ​മാ​ണു്.

കു​റി​പ്പു​കൾ

[28] പ്ര​സി​ദ്ധ​നായ ഫ്ര​ഞ്ചു സേ​നാ​പ​തി. ഇറ്റ​ലി​യി​ലെ രാ​ജാ​വു്. നെ​പ്പോ​ളി​യ​ന്റെ സ്യാ​ലൻ.

2.1.10
മോൺ​സാ​ങ്ങ്ഴാ​ങ്ങി​ലെ മു​കൾ​പ്പ​ര​പ്പ്

മല​പ്പി​ളർ​പ്പി​ന്റേ​തോ​ടു​കൂ​ടി​ത്ത​ന്നെ, പീ​ര​ങ്കി​നി​ര​യു​ടേ​യും വാ​യ്മൂ​ടി തു​റ​ക്ക​പ്പെ​ട്ടു.

അറു​പ​തു പീ​ര​ങ്കി​ക​ളും പതി​മ്മൂ​ന്നു ചതു​ര​പ്പ​ട​ക​ളും ആ കവ​ച​ധാ​രി​ക​ളു​ടെ നേർ​ക്ക് ഉന്നം​വെ​ച്ച് ഇടി​മി​ന്ന​ല​യ​ച്ചു. നിർ​ഭ​യ​നായ ദെലോർ ഇം​ഗ്ലീ​ഷ് പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​ന്നു ഒരു പട്ടാ​ള​സ്സ​ലാം കൊ​ടു​ത്തു.

ഇം​ഗ്ല​ണ്ടു​കാ​രു​ടെ പറ​ന്നു​ന​ട​ക്കു​ന്ന കു​തി​ര​പ്പ​ട്ടാ​ളം മു​ഴു​വ​നും ഓരോ​ട്ട​ത്തി​നു വീ​ണ്ടും ചതു​ര​പ്പ​ട​യിൽ​ക്ക​ട​ന്നു. കവ​ച​ധാ​രി​കൾ​ക്കു നി​ല്ക്കാൻ​കൂ​ടി ഇട കി​ട്ടി​യി​ല്ല. കു​ണ്ടു​വ​ഴി​യിൽ​വെ​ച്ചു പറ്റിയ അപകടം അവ​രു​ടെ എണ്ണം കു​റ​ച്ചു എന്ന​ല്ലാ​തെ അവരെ ഉത്സാ​ഹ​ഭം​ഗ​പ്പെ​ടു​ത്തി​യി​ല്ല. എണ്ണ​ത്തിൽ കു​റ​യു​ന്തോ​റും ധൈ​ര്യ​ത്തിൽ കൂ​ടി​വ​രു​ന്ന അത്ത​രം മനു​ഷ്യ​രിൽ അവ​രുൾ​പ്പെ​ട്ടി​രു​ന്നു.

ആ ആപ​ത്തിൽ വാ​ത്തി​യെ​രു​ടെ സേ​നാ​ഭാ​ഗം മാ​ത്ര​മേ പെ​ട്ടി​രു​ന്നു​ള്ളൂ; ഒരു പതി​യി​രി​പ്പു​പ​ട​യെ​പ്പ​റ്റി എങ്ങ​നെ​യോ മു​ന്ന​റി​വു തോ​ന്നി​യി​ട്ടെ​ന്ന​പോ​ലെ, നേ ഇട​ത്തോ​ട്ടു പര​ത്തി​നിർ​ത്തി​യി​രു​ന്ന ദെ​ലോ​റു​ടെ ഭാ​ഗ​ക്കാർ മു​ഴു​വ​നും എത്തേ​ണ്ടി​ട​ത്തെ​ത്തി.

കവ​ച​ധാ​രി​കൾ ഇം​ഗ്ലീ​ഷ് ചതു​ര​പ്പ​ട​ക​ളു​ടെ മേൽ പാ​ഞ്ഞു​ക​യ​റി.

തി​ക​ച്ചും വേ​ഗ​ത്തിൽ, കടി​ഞ്ഞാൺ വി​ട്ടു​കൊ​ടു​ത്തും, വാ​ളു​കൾ കടി​ച്ചും, കൈ​ത്തോ​ക്കു​കൾ മു​റു​ക്കി​പ്പി​ടി​ച്ചും— ഇങ്ങ​നെ​യാ​യി​രു​ന്നു ആ തള്ളി​ക്കേ​റ്റം.

യു​ദ്ധ​ങ്ങൾ​ക്കി​ട​യ്ക്കു, യു​ദ്ധ​ഭ​ടൻ ഒരു പ്ര​തി​മ​യാ​യി മാ​റു​ക​യും മാം​സ​പി​ണ്ഡം മു​ഴു​വ​നും കരി​ങ്ക​ല്ലാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്ന​തു​വ​രെ ജീവൻ മനു​ഷ്യ​നെ മര​വി​പ്പി​ച്ചു​ക​ള​യു​ന്ന അത്ത​രം ചില സന്ദർ​ഭ​ങ്ങ​ളു​ണ്ടു്. ഒരു നോ​ട്ട​വു​മി​ല്ലാ​തെ കട​ന്നാ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടും ഇം​ഗ്ലീ​ഷ് പട്ടാ​ളം അന​ങ്ങി​യി​ല്ല.

അപ്പോൾ അതു ഭയ​ങ്ക​ര​മാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് ചതു​ര​പ്പ​ട​യു​ടെ എല്ലാ മു​ഖ​പ്പ​ന്തി​ക​ളും ഒന്നി​ച്ചെ​തിർ​ക്ക​പ്പെ​ട്ടു. ഒരു കമ്പം​പി​ടി​ച്ച ചു​ഴ​ലി​ച്ച അവരെ മൂ​ടി​ക്ക​ള​ഞ്ഞു. ആ സ്തോ​ഭ​ര​ഹി​ത​മായ കാ​ലാൾ​പ്പട മര​വി​ച്ച​പോ​ലെ നി​ല​കൊ​ണ്ടു. ഒന്നാ​മ​ത്തെ വരി കു​നി​ഞ്ഞു കവ​ച​ധാ​രി​പ്പ​ട​യെ തങ്ങ​ളു​ടെ കു​ന്ത​ങ്ങ​ളെ​ക്കൊ​ണ്ടു് സ്വാ​ഗ​തം ചെ​യ്തു; രണ്ടാ​മ​ത്തെ വരി അവരെ വെ​ടി​വെ​ച്ച​മർ​ത്തി; രണ്ടാ​മ​ത്തെ വരി​യു​ടെ പി​ന്നി​ലു​ള്ള പീ​ര​ങ്കി​പ്പ​ട​യാ​ളി​കൾ വെടി തു​ട​ങ്ങി; ചതു​ര​പ്പ​ട​യു​ടെ മു​ഖ​പ്പ​ന്തി നീ​ങ്ങി, ഒരു​ക്കു ചി​ല്ലു​ണ്ട​കൾ​ക്കു പാ​യു​വാൻ ഇടം​കൊ​ടു​ത്തു, വീ​ണ്ടും അട​ഞ്ഞു. കവ​ച​ധാ​രി​കൾ അതിനു പകരം അവരെ ചതി​ച്ചു. അവ​രു​ടെ വമ്പി​ച്ച കു​തി​ര​കൾ പിൻ​വാ​ങ്ങി, വരി​നി​ര​പ്പി​ലൂ​ടെ കു​തി​ച്ചു പാ​ഞ്ഞു, കു​ന്ത​ങ്ങൾ​ക്കു മീതേ കവ​ച്ചു​ച്ചാ​ടി, ആ മനു​ഷ്യ​മ​യ​ങ്ങ​ളായ നാലു കി​ണ​റു​കൾ​ക്കു​ള്ളിൽ ശക്തി​യോ​ടു​കൂ​ടി മറി​ഞ്ഞു. കവ​ച​ധാ​രി​പ്പ​ട​യിൽ പീ​ര​ങ്കി​യു​ണ്ട​കൾ ചാ​ലു​കീ​റി; ആ കവ​ച​ധാ​രി​കൾ ചതു​ര​പ്പ​ട​യിൽ വിടവു തു​ള​ച്ചു. കു​തി​ര​ക​ളു​ടെ ഓട്ട​ത്തിൽ പൊ​ടി​ഞ്ഞു​ത​കർ​ന്നു് ആളു​ക​ളു​ടെ അണി​നി​ര​കൾ കാ​ണാ​താ​യി. ആ അശ്വ​ശ​രീ​ര​ന്മാ​രു​ടെ വയ​റു​ക​ളി​ലേ​ക്ക് പട​ക്കു​ന്ത​ങ്ങൾ അണ്ടു​ക​ട​ന്നു; മുൻ​പു് ഒരു ദി​ക്കി​ലും, പക്ഷേ, കണ്ടി​ട്ടി​ല്ലാ​ത്ത മു​റി​വു​ക​ളു​ടെ ഒരെ​ന്തി​ന്നി​ല്ലാ​യ്മ​യു​ണ്ടാ​യി. ആ ഭ്രാ​ന്തു​പി​ടി​ച്ച കു​തി​ര​പ്പ​ട്ടാ​ള​ത്താൽ നശി​ക്ക​പ്പെ​ട്ട ചതു​ര​പ്പ​ട​കൾ ഒരു കാൽ പത​റാ​തെ പി​ന്നേ​യും വരി​ചേർ​ന്നു. ചി​ല്ലു​ണ്ട​ക​ളു​ടെ കാ​ര്യ​ത്തിൽ ദുർ​ഭി​ക്ഷ​മി​ല്ലാ​ത്ത പീ​ര​ങ്കി​പ്പ​ട​കൾ ശത്രു​ക്ക​ളു​ടെ മധ്യ​ത്തി​ലി​ട്ടു വെ​ടി​മു​ഴ​ക്കി. ഈ യു​ദ്ധ​ത്തി​ന്റെ സ്വ​രൂ​പം പൈ​ശാ​ചി​ക​മാ​യി​രു​ന്നു. ഈ ചതു​ര​പ്പ​ട​കൾ പട്ടാ​ള​ക്കാ​ര​ല്ലാ​താ​യി. അവർ അഗ്നി​പർ​വ​ത​ങ്ങ​ളു​ടെ വാ​യ​ക​ളാ​യി; ആ കവ​ച​ധാ​രി​കൾ കു​തി​ര​പ്പ​ട്ടാ​ള​മ​ല്ലാ​താ​യി, അവർ കൊ​ടു​ങ്കാ​റ്റു​ക​ളാ​യി; ഓരോ ചതു​ര​പ്പ​ട​യും ഓരോ മേ​ഘ​പ​ട​ല​ത്താൽ ആക്ര​മി​ക്ക​പ്പെ​ട്ട ഓരോ അഗ്നി​പർ​വ​ത​മാ​യി; ശി​ലാ​ദ്ര​വം ഇടി​മി​ന്ന​ലു​മാ​യി കൂ​ട്ടി​മു​ട്ടി.

വല​ത്തേ അറ്റ​ത്തു​ള്ള ചതു​ര​പ്പട, നി​ല​ത്ത​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ടു് എല്ലാ​റ്റി​ലും വെ​ച്ച് അധികം തു​റ​സ്സിൽ​പ്പെ​ട്ട കൂ​ട്ടം, ഒന്നാ​മ​ത്തെ തള്ളി​ക്ക​യ​റ്റ​ത്തിൽ​ത്ത​ന്നെ അധി​ക​ഭാ​ഗ​വും നശി​ച്ചു. സ്കോ​ട്ട്ലാ​ണ്ടു​കാ​രു​ടെ സൈ​ന്യ​ത്തിൽ 75-ാം ഭാഗം കൊ​ണ്ടാ​ണു് അതു​ണ്ടാ​ക്കി​യി​രു​ന്ന​തു്. നടു​ക്കു നി​ല്ക്കു​ന്ന കു​ഴ​ലൂ​ത്തു​കാ​രൻ കാ​ടു​ക​ളേ​യും തടാ​ക​ങ്ങ​ളേ​യും പറ്റി​യു​ള്ള വി​ചാ​ര​ങ്ങ​ളാൽ നി​റ​യ​പ്പെ​ട്ട തന്റെ വ്യ​സ​ന​മ​യ​ങ്ങ​ളായ നോ​ട്ട​ങ്ങ​ളെ നാ​ലു​പു​റ​വു​മു​ള്ള ആളുകൾ മീ​തെ​യ്ക്കു​മീ​തെ ചത്തു വീ​ഴു​മ്പോൾ തി​ക​ഞ്ഞ അശ്ര​ദ്ധ​യിൽ കീ​ഴ്പൊ​ട്ടു തൂ​ക്കി​യി​ട്ടു; അയാൾ ഒരു ചെ​ണ്ട​മേൽ ചെ​ന്നി​രു​ന്നു തന്റെ രാ​ജ്യ​ത്തു നട​പ്പു​ള്ള ഒരു പു​രാ​ത​ന​ഗാ​നം പാടാൻ തു​ട​ങ്ങി. ഗ്രീ​സ്സു​കാർ ആർ​ഗോ​സ്സു​പ്ര​ദേ​ശം ഓർ​മി​ച്ചു​കൊ​ണ്ടു മരി​ച്ച​തു​പോ​ലെ, ആസ്കോ​ട്ട്ലാ​ണ്ടു​കാർ ബെൻ​ലോ​തി​യൻ പ്ര​ദേ​ശ​ത്തെ വി​ചാ​രി​ച്ചു​കൊ​ണ്ടു മരി​ച്ചു. കു​ഴ​ലും അതു പി​ടി​ച്ചി​ട്ടു​ള്ള കൈയും ചെ​ത്തി​ക്ക​ള​ഞ്ഞ ഒരു കവ​ച​ധാ​രി​ഭ​ട​ന്റെ വാൾ ആ പാ​ട്ടു​കാ​ര​ന്റെ കഥ കഴി​ച്ചു, പാ​ട്ട​വ​സാ​നി​പ്പി​ച്ചു.

ശത്രു​ക്ക​ളു​മാ​യി നോ​ക്കു​മ്പോൾ സ്വ​ത​വേ എണ്ണ​ത്തിൽ കു​റ​ഞ്ഞ​വ​രും, മല​പ്പി​ളർ​പ്പിൽ​വെ​ച്ചു​ണ്ടായ അപ​ക​ട​ത്താൽ കു​റേ​ക്കൂ​ടി എണ്ണം കു​റ​ഞ്ഞ​വ​രു​മായ ആ കവ​ച​ധാ​രി​ക​ളോ​ടെ​തി​രി​ടാൻ ഇം​ഗ്ലീ​ഷ് സേനകൾ ഏതാ​ണ്ടു മു​ഴു​വ​നു​ണ്ടാ​യി​രു​ന്നു; എന്നാൽ അവർ സ്വ​യ​മേവ എണ്ണം​കൂ​ടി, ഒരാൾ പത്തു​പേ​രാ​യി​ത്തീർ​ന്നു. എന്താ​യാ​ലും ചില ജർ​മ്മൻ​പ​ട്ടാ​ള​ക്കാർ പിൻ​വാ​ങ്ങി. വെ​ല്ലി​ങ്ങ്ടൻ അതു കണ്ടു, തന്റെ കു​തി​ര​പ്പ​ട്ടാ​ള​ത്തെ ഓർ​മി​ച്ചു. അതേ​സ​മ​യ​ത്തു നെ​പ്പോ​ളി​യൻ തന്റെ കാലാൾ സൈ​ന്യ​ത്തെ​ക്കൂ​ടി ഓർ​മി​ച്ചി​രു​ന്നു​വെ​ങ്കിൽ, യു​ദ്ധ​ത്തിൽ ചക്ര​വർ​ത്തി ജയി​ച്ചേ​നേ. ഈ മറ​വി​യാ​ണു് അദ്ദേ​ഹ​ത്തി​നു പറ്റിയ മഹ​ത്തും അത്യ​പാ​യ​ക​ര​വു​മായ അബ​ദ്ധം.

പെ​ട്ടെ​ന്നു്, അതേ​വ​രെ എതിർ​ക്കു​ന്ന​വ​രാ​യി​രു​ന്ന കവ​ച​ധാ​രി​കൾ സ്വയം എതിർ​ക്ക​പ്പെ​ട്ട​താ​യി കണ്ടു. ഇം​ഗ്ലീ​ഷ് കു​തി​ര​പ്പട അവ​രു​ടെ പി​ന്നി​ലെ​ത്തി. അവ​രു​ടെ മുൻ​പിൽ രണ്ടു ചതു​ര​പ്പട; പി​ന്നിൽ സോ​മർ​സെ​റ്റു് സേ​നാ​പ​തി; സോ​മർ​സെ​റ്റു് സേ​നാ​പ​തി എന്നു​വെ​ച്ചാൽ രക്ഷി​സം​ഘ​ത്തിൽ​പ്പെ​ട്ട ആയി​ര​ത്തി​നാ​നൂ​റു കു​തി​ര​പ്പ​ട​യാ​ളി​ക​ളാ​ണു്. സോ​മർ​സെ​റ്റി​നു വല​തു​ഭാ​ഗ​ത്താ​യി ജർമൻ കു​തി​ര​പ്പ​ട്ടാ​ള​ങ്ങ​ളോ​ടു​കൂ​ടിയ ഡോർൺ​ബർ​ഗും ഇട​തു​ഭാ​ഗ​ത്തു ബൽ​ജി​യൻ കു​തി​ര​പ്പ​ട​യാ​ളി​ക​ളോ​ടു​കൂ​ടിയ ട്രി​പ്പും ഉണ്ടാ​യി​രു​ന്നു; പാർ​ശ്വ​ങ്ങ​ളിൽ​നി​ന്നും മുൻ​പിൽ​നി​ന്നും പി​ന്നിൽ​നി​ന്നും എതിർ​ക്ക​പ്പെ​ട്ട കവ​ച​ധാ​രി​സം​ഘ​ത്തി​നു നാലു ഭാ​ഗ​ത്തേ​ക്കും തി​രി​ഞ്ഞു യു​ദ്ധം ചെ​യ്യേ​ണ്ടി​വ​ന്നു. അതു​കൊ​ണ്ടു് അവർ​ക്കെ​ന്തു സാരം? അവർ ഒരു ചു​ഴ​ലി​ക്കാ​റ്റാ​യി​രു​ന്നു. അവ​രു​ടെ പരാ​ക്ര​മം എന്തോ അനിർ​വ​ച​നീ​യ​മായ ഒന്നാ​യി​രു​ന്നു.

ഇതിനു പുറമേ, അവർ​ക്കു പി​ന്നിൽ പീ​ര​ങ്കി​നി​ര​യു​ണ്ടു്; അതു് അപ്പോ​ഴും മു​ഴ​ങ്ങി​യി​രു​ന്നു. അതു വേണം; ഇല്ലെ​ങ്കിൽ അവ​രു​ടെ പിൻ​ഭാ​ഗം മു​റി​പ്പെ​ടു​മാ​യി​രു​ന്നി​ല്ല. ഒരു കനത്ത വെ​ടി​യു​ണ്ട​കൊ​ണ്ടു ചുമൽ തു​ള​ഞ്ഞ ഒരു മാർ​ച്ച​ട്ട വാ​ട്ടർ​ലൂ കാഴ്ച ബം​ഗ്ലാ​വിൽ സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ണ്ടു്.

അത്ത​രം ഫ്രാൻ​സു​കാർ​ക്ക് ഇം​ഗ്ല​ണ്ടു​കാർ​ത​ന്നെ വേണം. അതു് ഒരു ദ്വ​ന്ദ്വ​യു​ദ്ധ​മ​ല്ലാ​താ​യി; അതൊരു നി​ഴ​ലാ​ട്ട​മാ​യി​രു​ന്നു, ഒരു ഭ്രാ​ന്തു്, ജീ​വാ​ത്മാ​ക്ക​ളും ധീ​രോ​ദാ​ത്ത​ത​യും തമ്മി​ലു​ള്ള ഒരു തല ചു​റ്റി​ക്കു​ന്ന കൈ​മാ​റ്റം; ഇടി​മി​ന്നു​ന്ന വാ​ളു​ക​ളു​ടെ ഒരു ചു​ഴ​ലി​ക്കാ​റ്റു്. ഒരു നി​മി​ഷം​കൊ​ണ്ടു്, ആയി​ര​ത്തി​നാ​നൂ​റു​ണ്ടാ​യി​രു​ന്ന കു​തി​ര​പ്പ​ട​യാ​ളി​കൾ, എണ്ണൂ​റു മാ​ത്ര​മാ​യി. അവ​രു​ടെ ഉപ​സേ​നാ​പ​തി, ഫു​ള്ളർ, മരി​ച്ചു വീണു. കു​ന്ത​ക്കാ​രോ​ടും ലെ​ഫെ​ബ്വർ—ദെ​നു​യ​ത്തി​ന്റെ കു​തി​ര​പ്പ​ട​യാ​ളി​ക​ളോ​ടും കൂടി നേരെ പാ​ഞ്ഞു​ചെ​ന്നു. മോൺ​സാ​ങ്ങ്ഴാ​ങ്ങ് പി​ടി​ച്ചു​കൊ​ടു​ത്തു. പി​ന്നേ​യും പി​ടി​ച്ചെ​ടു​ത്തു. ഒരി​ക്കൽ​ക്കൂ​ടി പി​ടി​ച്ചെ​ടു​ത്തു. കവ​ച​ധാ​രി​കൾ കാ​ലാൾ​പ്പ​ട​യി​ലേ​ക്ക് മട​ങ്ങി​ച്ചെ​ല്ലാൻ വേണ്ട കു​തി​ര​പ്പ​ട്ടാ​ള​ത്തെ വി​ട്ടു; അല്ലെ​ങ്കിൽ, കു​റേ​ക്കൂ​ടി ശരി​യാ​ക്കി​പ്പ​റ​ക​യാ​ണെ​ങ്കിൽ, ആ ഭയ​ങ്ക​ര​മായ സൈ​ന്യം മറ്റു​ള്ള​വ​രെ വി​ടാ​തെ​ക​ണ്ടു​ത​ന്നെ അന്യോ​ന്യം പി​ടി​കൂ​ടി. ചതു​ര​പ്പട അപ്പോ​ഴും ഉറ​ച്ചു​നി​ന്നു.

ഒരു പന്ത്ര​ണ്ടു പ്രാ​വ​ശ്യ​മു​ണ്ടാ​യി യു​ദ്ധം. നേ​യു​ടെ കാ​ല്ക്കീ​ഴിൽ നാലു കുതിര ചത്തു​വീ​ണു. കവ​ച​ധാ​രി​പ്പ​ട​യിൽ പകുതി കു​ന്നിൻ​പു​റ​ത്തു​ത​ന്നെ നി​ല്ക്കു​ന്നു. ഈ ലഹള രണ്ടു മണി​ക്കൂ​റു​ണ്ടാ​യി.

ഇം​ഗ്ലീ​ഷ് സൈ​ന്യം തി​ക​ച്ചും കു​ലു​ങ്ങി. ആ കു​ണ്ടു​വ​ഴി​യിൽ​വെ​ച്ചു​ണ്ടായ അപ​ക​ടം​കൊ​ണ്ടു് ആദ്യ​ത്തെ എതിർ​ക്ക​ലിൽ ക്ഷീ​ണി​ച്ചു​പോ​യി​രു​ന്നി​ല്ലെ​ങ്കിൽ, ആ കവ​ച​ധാ​രി​കൾ ഇം​ഗ്ലീ​ഷു​സൈ​ന്യ​നി​ര​പ്പി​ന്റെ മധ്യ​ഭാ​ഗം തകർ​ത്തു​ക​ള​ഞ്ഞു, വിജയം തീർ​ച്ച​പ്പെ​ടു​ത്തി​ക്ക​ള​യു​മാ​യി​രു​ന്നു. ഈ അസാ​ധാ​ര​ണ​മായ കു​തി​ര​പ്പട ടാ​ല​വ​രെ​യും [29] ബദ​ഴോ​വും [30] കണ്ടി​ട്ടു​ള്ള ക്ലിൻ​ട​നെ [31] മര​വി​പ്പി​ച്ചു മു​ക്കാൽ​ഭാ​ഗ​വും തോ​ല്പി​ക്ക​പ്പെ​ട്ട വെ​ല്ലി​ങ്ങ്ടൻ അവരെ വീ​രോ​ചി​ത​മാ​യി അഭി​ന​ന്ദി​ച്ചു. അദ്ദേ​ഹം ഒരു താ​ഴ്‌​ന്ന സ്വ​ര​ത്തിൽ പറ​ഞ്ഞു: ‘വി​ശി​ഷ്ടം.’

കവ​ച​ധാ​രി​സൈ​ന്യം പതി​മ്മൂ​ന്നിൽ ഏഴു ചതു​ര​പ്പ​ട​യെ തകർ​ത്തു; അറു​പ​തു വലിയ തോ​ക്കു പി​ടി​ച്ചു, അല്ലെ​ങ്കിൽ വെ​ടി​ത്തു​ള​യ​ട​ച്ചു; ലാബെൽ അലി​യാൻ​സി​ന്നു മുൻ​പിൽ​വെ​ച്ച് ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തിൽ നി​ന്നു് ആറു കൊടി പി​ടി​ച്ചെ​ടു​ത്തു— മൂ​ന്നു കവ​ച​ധാ​രി​ക​ളും രക്ഷി​സം​ഘ​ത്തിൽ​പ്പെ​ട്ട മൂ​ന്നു പാ​ച്ചിൽ​ക്കു​തി​ര​പ്പ​ട​യാ​ളി​ക​ളും​കൂ​ടി അവ ചക്ര​വർ​ത്തി​ക്കു കാ​ഴ്ച​വെ​ച്ചു.

വെ​ല്ലി​ങ്ങ്ട​ന്റെ സ്ഥി​തി പൂർ​വാ​ധി​കം അപ​ക​ട​ത്തി​ലാ​യി, ഈ അസാ​ധാ​രണ യു​ദ്ധം, ക്രോ​ധി​ച്ചു തു​ള്ളി​യും മു​റി​പ്പെ​ട്ടു​മു​ള്ള രണ്ടു​പേർ—ഓരോ​രു​ത്ത​നും അപ്പോ​ഴും കയ​റി​യെ​തിർ​ത്തു​കൊ​ണ്ടും നി​ന്നു തടു​ത്തു​കൊ​ണ്ടും തനി​ക്കു​ള്ള രക്തം മു​ഴു​വൻ അവിടെ ചൊ​രി​യു​ന്നു​ണ്ട്— തമ്മി​ലു​ള്ള ഒരു ദ്വ​ന്ദ്വ​യു​ദ്ധം​പോ​ലെ​യാ​യി​രു​ന്നു.

ആ രണ്ടു​പേ​രിൽ ആദ്യം വീ​ഴു​ന്ന​താ​രാ​യി​രി​ക്കും?

ആ മല​മ്പ​ര​പ്പിൽ​വെ​ച്ചു​ള്ള യു​ദ്ധം നി​ന്നി​ട്ടി​ല്ല.

കവ​ച​ധാ​രി​പ്പ​ട​യു​ടെ കഥ​യെ​ന്താ​യി? ആർ​ക്കും പറയാൻ വയ്യാ​യി​രു​ന്നു. ഒന്നു തീർ​ച്ച​യാ​ണ്— യു​ദ്ധം കഴി​ഞ്ഞു പി​റ്റേ​ദി​വ​സം മോൺ​സാ​ങ്ങ്ഴാ​ങ്ങി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങൾ കയ​റാ​നു​ള്ള കോ​ണി​ക​ളു​ടെ മര​പ്പ​ണി​ക്കി​ട​യിൽ നീ​വെ​ല്ലു്, ഗെ​നാ​പ്പു്, ലാ​ഹൂൾ​പ്പു്, ബ്രൂ​സ്സെൽ​സു് എന്നീ നാ​ലു​ദി​ക്കിൽ​നി​ന്നു​മു​ള്ള വഴികൾ കൂ​ടി​ച്ചേ​രു​ന്ന​തും മു​റി​ഞ്ഞു​പോ​കു​ന്ന​തു​മായ ആ സ്ഥ​ല​ത്തു് ഒരു കവ​ച​ധാ​രി​യും അയാ​ളു​ടെ കു​തി​ര​യും മരി​ച്ചു​കി​ട​ക്കു​ന്ന​താ​യി കണ്ടു. ഈ കു​തി​ര​പ്പ​ട​യാ​ളി ഇം​ഗ്ലീ​ഷ് സൈ​ന്യ​നി​ര​പ്പു​ക​ളെ തു​ള​ച്ചു​ക​ട​ന്നു. ആ ശവം തപ്പി​യെ​ടു​ത്ത​വ​രിൽ ഒരുവൻ ഇപ്പോ​ഴും മോൺ​സാ​ങ്ങ് ഴാ​ങ്ങിൽ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടു്. അയാ​ളു​ടെ പേർ ദെ​ഹാ​സു് എന്നാ​ണു്. അയാൾ​ക്ക​ന്നു് എൺപതു വയ​സ്സാ​യി​രു​ന്നു.

വെ​ല്ലി​ങ്ങ്ട​ന്നു താൻ തോ​റ്റു എന്നു ബോ​ധ​പ്പെ​ട്ടു. മു​ഹൂർ​ത്ത​മ​ടു​ത്തു.

സൈ​ന്യ​നി​ര​പ്പി​ന്റെ മധ്യ​ഭാ​ഗം പി​ളർ​ക്ക​പ്പെ​ടാ​ത്ത​തു​കൊ​ണ്ടു കവ​ച​ധാ​രി​കൾ ജയി​ച്ചു​ക​ഴി​ഞ്ഞി​ല്ല. ആ കു​ന്നിൻ​മു​കൾ​പ്പ​ര​പ്പു് ഓരോ​രു​ത്ത​ന്റേ​യും കൈ​വ​ശ​ത്തിൽ​പ്പെ​ട്ട​തു​കൊ​ണ്ടു്, ആർ​ക്കും പി​ടി​യു​റ​ച്ചി​ല്ല; എന്ന​ല്ല, വാ​സ്ത​വ​ത്തിൽ, അത​ധി​ക​സ​മ​യ​വും ഇം​ഗ്ല​ണ്ടു​കാ​രു​ടെ കൈ​യിൽ​ത്ത​ന്നെ​യാ​യി​രു​ന്നു. ഗ്രാ​മ​വും മു​ക​ളി​ലെ മൈ​താ​ന​വും വെ​ല്ലി​ങ്ങ്ടൺ വി​ട്ടി​ല്ല; നേ​യ്ക്ക് ആ നി​റു​ക​യും താ​ഴ്‌​വാ​ര​വും മാ​ത്ര​മേ കി​ട്ടി​യു​ള്ളൂ. ആ അപാ​യ​ക​ര​മായ നി​ല​ത്തു രണ്ടു ഭാ​ഗ​ക്കാ​രും വേ​രു​റ​ച്ച​തു​പോ​ലെ തോ​ന്നി.

പക്ഷേ, ഇം​ഗ്ല​ണ്ടു​കാർ​ക്കു പറ്റിയ ക്ഷീ​ണം മാ​റാ​ത്ത​താ​ണെ​ന്നു തോ​ന്നി. ആ സൈ​ന്യ​ത്തി​നു പറ്റിയ രക്ത​വാർ​ച്ച ഭയ​ങ്ക​ര​മാ​യി​രു​ന്നു. ഇട​തു​വ​ശ​ത്തു​ള്ള കെം​റ്റു് സഹാ​യ്യ്യം ആവ​ശ്യ​പ്പെ​ട്ടു. ‘ഇവിടെ ഇല്ല,’ വെ​ല്ലി​ങ്ങ്ടൻ മഠു​പ​ടി പറ​ഞ്ഞു, ‘അയാൾ അവി​ടെ​ക്കി​ട​ന്നു മരി​ക്കാൻ നോ​ക്ക​ണം.’ ആ സമ​യ​ത്തു​ത​ന്നെ— രണ്ടു സൈ​ന്യ​ങ്ങ​ളു​ടേ​യും ക്ഷീ​ണാ​വ​സ്ഥ​യെ കു​റി​ക്കു​ന്ന ഒര​ത്ഭു​ത​ക​ര​മായ യദൃ​ച്ഛാ​സം​ഭ​വം—നെ​പ്പോ​ളി​യ​നോ​ടു നേ കാ​ലാൾ​പ്പട ആവ​ശ്യ​പ്പെ​ട്ടു; നെ​പ്പോ​ളി​യൻ ഉച്ച​ത്തിൽ പറ​ഞ്ഞു, ‘കാ​ലാൾ​പ്പട! എനി​ക്ക​തു് എവി​ടെ​നി​ന്നു കി​ട്ടു​മെ​ന്നാ​ണു് അയാ​ളു​ടെ ധാരണ? എനി​ക്ക​തു​ണ്ടാ​ക്കാൻ കഴി​യു​മെ​ന്നു് അയാൾ കരു​തു​ന്നു​ണ്ടോ?’

എന്താ​യാ​ലും രണ്ടിൽ​വെ​ച്ച് ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ സ്ഥി​തി​യാ​യി​രു​ന്നു അധികം കഷ്ടം. ഇരി​മ്പു​കൊ​ണ്ടു​ള്ള കവ​ച​ങ്ങ​ളോ​ടും ഉരു​ക്കു​കൊ​ണ്ടു​ള്ള മാ​റി​ട​ങ്ങ​ളോ​ടും​കൂ​ടിയ ആ കൂ​റ്റൻ കു​തി​ര​പ്പ​ട​യാ​ളി​ക​ളു​ടെ ഭ്രാ​ന്തു​പി​ടി​ച്ച തള്ളി​ക്ക​യ​റ്റം കാ​ലാൾ​പ്പ​ട​യെ ഒന്നി​നും​കൊ​ള്ളാ​ത്ത​വി​ധം അര​ച്ചു​ക​ള​ഞ്ഞു. ഒരു സൈ​ന്യ​വ​കു​പ്പി​ന്റെ സ്ഥാ​നം കാ​ണി​ക്കു​ന്ന ഒരു കൊ​ടി​യു​ടെ ചു​റ്റു​മാ​യി അല്പം പേർ കൂ​ട്ടം കൂ​ടി​യി​ട്ടു​ണ്ടു്; ഇന്ന ഒരു പട്ടാ​ള​ക്കൂ​ട്ട​ത്തിൽ ആധി​പ​ത്യം വഹി​ക്കാൻ ഒരു സേ​നാ​പ​തി​യോ ഒരു​പ​സേ​നാ​പ​തി​യോ മാ​ത്ര​മേ ഉള്ളൂ എന്നാ​യി; ലാ​യി​സെ​ന്തിൽ​വെ​ച്ച് ഒന്നു നല്ല​വ​ണ്ണം കശ​ക്കി​ക്ക​ഴി​ഞ്ഞി​ട്ടു​ള്ള ആൽ​ട്ട​ന്റെ സൈ​ന്യ​വ​കു​പ്പു പ്രാ​യേണ നശി​ച്ചു​ക​ഴി​ഞ്ഞു; വാൻ​ക്ലൂ​സ്സി​ന്റെ ധീ​രോ​ദാ​ത്ത​മായ ബെൽ​ജി​യൻ സൈ​ന്യം നീ​വെ​ല്ലു് നി​ര​ത്തിൽ നെ​ടു​നീ​ളെ കോ​ത​മ്പ​ക്ക​ണ്ട​ങ്ങ​ളിൽ വി​ത​റ​പ്പെ​ട്ടു; 1811-ൽ സ്പെ​യിൻ​കാ​രോ​ടു​കൂ​ടി നമ്മു​ടെ ഭാ​ഗ​ത്തു​നി​ന്നു വെ​ല്ലി​ങ്ങ്ട​നോ​ടു യു​ദ്ധം ചെയ്ത ആ ഡച്ച് പട്ടാ​ള​ങ്ങ​ളിൽ1815-ൽ അവർ ഇം​ഗ്ലീ​ഷ് കൊ​ടി​ക്കു കീ​ഴിൽ​നി​ന്നു നെപ്പോളിയനോടെതിർത്തു-​ ഇനി യാ​തൊ​ന്നും ബാ​ക്കി​യി​ല്ല. ഉദ്യോ​ഗ​സ്ഥ​ന്മാർ നശി​ച്ചു പോ​യി​ട്ടു​ള്ള​തി​നു കണ​ക്കി​ല്ല. പി​റ്റേ​ദി​വ​സം കാൽ മു​ഴു​വ​നും മണ്ണിൻ​ചു​വ​ട്ടി​ലായ ലോർഡ് അക്സ്ബ്രി​ഡ്ജി​ന്റെ കാൽ​മു​ട്ടു തകർ​ന്നു​പോ​യി. കവ​ച​ധാ​രി​പ്പ​ട​യു​ടെ മല്പി​ടു​ത്ത​ത്തിൽ ഫ്രാൻ​സു​കാ​രു​ടെ ഭാ​ഗ​ത്തു ദെലോർ, ലേ​ത്തി​യേർ, കോൾ​ബർ​ട്ടു്, നോ​പ്പ്ബ്ലാൻ​കാർ​ഡ് എന്നി​വർ കൊ​ള്ള​രു​താ​താ​യി​ട്ടു​ണ്ടെ​ങ്കിൽ, ഇം​ഗ്ലീ​ഷി​ന്റെ ഭാ​ഗ​ത്തു് ആൽ​ട്ടൻ മു​റി​പ്പെ​ട്ടു. ബാർൺ മു​റി​പ്പെ​ട്ടു, ഡി​ലാൻ​സി കൊ​ല്ല​പ്പെ​ട്ടു, മാൻ​മീ​രെൻ കൊ​ല്ല​പ്പെ​ട്ടു, ഓം​റ്റീഡ കൊ​ല്ല​പ്പെ​ട്ടു, വെ​ല്ലി​ങ്ങ്ട​ന്റെ സഹാ​യ​സം​ഘം മു​ഴു​വ​നും തീർ​ന്നു; ആ ചോ​ര​പ്ര​ള​യ​ത്തിൽ ഇം​ഗ്ല​ണ്ടു​കാർ​ക്കാ​ണു് അധികം പരി​ക്കു​പെ​ട്ട​തു്, രക്ഷി​സം​ഘ​ത്തിൽ​പ്പെ​ട്ട കാ​ലാൾ​പ്പ​ട​ക​ളിൽ രണ്ടാം​വ​കു​പ്പി​ലേ​ക്കു പന്ത്ര​ണ്ടു​ദ്യോ​ഗ​സ്ഥ​ന്മാർ നഷ്ട​പ്പെ​ട്ടു; 30-ആം വകു​പ്പിൽ ഒന്നാം ഭാ​ഗ​ത്തി​ലേ​ക്കു 24 ഉദ്യോ​ഗ​സ്ഥ​ന്മാ​രും 1200 പട്ടാ​ള​ക്കാ​രും നഷ്ട​മാ​യി; ജർ​മ്മൻ​സൈ​ന്യ​ത്തി​ന്റെ 79-ആം വകു​പ്പി​ലേ​ക്ക് 24 ഉദ്യോ​ഗ​സ്ഥ​ന്മാർ മൂ​റി​പ്പെ​ട്ട​തും, 18 ഉദ്യോ​ഗ​സ്ഥ​ന്മാർ കൊ​ല്ല​പ്പെ​ട്ടും, 450 പട്ടാ​ള​ക്കാർ കൊ​ല്ല​പ്പെ​ട്ടും പൊ​യ്പോ​യി. പി​ന്നീ​ടു വി​ചാ​ര​ണ​ചെ​യ്തു പണി​യിൽ നി​ന്നു പി​രി​ക്ക​പ്പെ​ടു​വാൻ നി​ന്നി​രു​ന്ന കേർണൽ ഹാ​ക്ക് അധി​പ​നായ കമ്പർ​ലാ​ണ്ടി​ലെ കു​തി​ര​പ്പ​ട​യാ​ളി​കൾ, ഒരു സേ​നാ​ഭാ​ഗം മു​ഴു​വൻ, ആ ലഹ​ള​യിൽ പി​ന്തി​രി​ഞ്ഞു, ബ്രൂ​സ്സെൽ​സി​ലേ​ക്കുള വഴി​ക്കെ​ല്ലാം പരാ​ജ​യം വി​ത​ച്ചും​കൊ​ണ്ടു് സ്വാ​ങ്ങ് കാ​ട്ടു​പു​റ​ങ്ങ​ളി​ലേ​ക്കു പാ​ഞ്ഞു. ഫ്രാൻ​സു​കാർ കയ​റി​വ​രു​ന്ന​താ​യും കാ​ട്ടു​പു​റ​ത്തേ​ക്ക് അടു​ക്കു​ന്ന​താ​യും കണ്ടു പട​ക്കോ​പ്പു​ക​പ്പ​ലു​ക​ളും വെ​ടി​മ​രു​ന്നു​വ​ണ്ടി​ക​ളും സമാ​ന​ങ്ങ​ളു​മെ​ല്ലാം അങ്ങോ​ട്ടു കു​തി​കു​തി​ച്ചു. ഫ്ര​ഞ്ചു കു​തി​ര​പ്പ​ട​യാൽ അരി​യ​പ്പെ​ട്ടു ഹോ​ള​ണ്ടു​കാർ ഉറ​ക്കെ നി​ല​വി​ളി​യാ​യി.

ഇന്നും ജീ​വി​ച്ചി​രി​ക്കു​ന്ന പലരും കണ്ടി​ട്ടു​ള്ള​താ​യി പറ​യു​ന്ന​പ്ര​കാ​രം വേർ​കു​ക്കു​വിൽ​നി​ന്നു ഗ്രോ​ആ​ന്താ​ന്തോൽ​വ​രെ, ബ്രൂ​സ്സെൽ​സി​ലേ​ക്കു​ള്ള വഴി​ക്ക് ഏക​ദേ​ശം രണ്ടു കാതം ദൂരം, നി​ര​ത്തി​ലെ​ല്ലാം യു​ദ്ധ​ത്തിൽ​നി​ന്നു പാ​ഞ്ഞു​പോ​യ​വ​രു​ടെ ലഹ​ള​യാ​യി​രു​ന്നു. മോൺ​സ​ങ്ങ്ഴാ​ങ്ങി​ലെ കള​ത്തിൽ ഏർ​പ്പെ​ടു​ത്തി​യി​രു​ന്ന ചി​കി​ത്സാ​മ​ന്ദി​ര​ത്തി​നു പി​ന്നിൽ ചാഞ്ഞ കോ​ണി​പോ​ലെ അണി​നി​ര​ന്ന ചു​രു​ക്കം ചി​ല​രും ഇട​ത്തേ സൈ​ന്യ​നി​ര​പ്പിൽ ചേർ​ന്ന വി​വ​ന്റേ​യും വാൻ​ഡ​ലീ​രു​ടേ​യും സേ​ന​ക​ളും ഒഴികെ വെ​ല്ലി​ങ്ങ്ട​ന്റെ കു​തി​ര​പ്പ​ട്ടാ​ള​ത്തിൽ മറ്റാ​രും ശേ​ഷി​ച്ചി​രു​ന്നി​ല്ല. അസം​ഖ്യം പീ​ര​ങ്കി​നി​ര​കൾ വീ​ണു​കി​ട​ക്കു​ന്നു. ഈ സം​ഗ​തി​കൾ​ക്കെ​ല്ലാം സൈബോൺ സാ​ക്ഷി​പ​റ​യു​ന്നു​ണ്ടു്; പ്രിൻ​ഗി​ളാ​ക​ട്ടേ, അല്പം അതി​ശ​യോ​ക്തി​യോ​ടു​കൂ​ടി, ഇം​ഗ്ലീ​ഷ് ഡച്ച് സൈ​ന്യം ആകെ മു​പ്പ​ത്തി​നാ​ലാ​യി​രം പേർ മാ​ത്ര​മാ​യി​ത്തീർ​ന്നു എന്നു​ത​ന്നെ പറയാൻ ഭാ​വ​മു​ണ്ടു്. ആ ‘ഇരി​മ്പൻ​ഡ്യു​ക്ക്, [32] ഒരു കു​ലു​ക്ക​മി​ല്ലാ​തെ നി​ന്നു; പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ ചു​ണ്ടു​കൾ വി​ളർ​ത്തു. ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ലെ ഉദ്യോ​ഗ​സം​ഘ​ത്തോ​ടു​കൂ​ടി യു​ദ്ധ​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന ആസ്ത്രി​യൻ കമ്മീ​ഷ​ണർ വിൻ​സെ​ന്റും സ്പാ​നി​ഷ്ക​മ്മീ​ഷ​ണർ അല​വ​യും വെ​ല്ലി​ങ്ങ്ടൻ തോ​റ്റു എന്നു വി​ചാ​രി​ച്ചു. അഞ്ചു​മ​ണി​ക്ക് അദ്ദേ​ഹം വാ​ച്ചെ​ടു​ത്തു നോ​ക്കി, ഈ അസ്വ​സ്ഥാ​ക്ഷ​ര​ങ്ങൾ പതു​ക്കെ പി​റു​പി​റു​ക്കു​ന്ന​തു കേ​ട്ടു; ‘ബ്ലൂ​ഷേർ, അല്ലെ​ങ്കിൽ രാ​ത്രി!’

ഏതാ​ണ്ടു് ഈ സമ​യ​ത്താ​ണു് ഫ്രീ​ഷ്മോ​ങ്ങ് വഴി​ക്കു​ള്ള ഉയ​ര​ങ്ങ​ളിൽ ഒരു കു​ന്ത​വ​രി അകലെ മി​ന്നി​ക്ക​ണ്ട​തു്.

ഈ വമ്പി​ച്ച നാ​ട​ക​ത്തി​ന്റെ മു​ഖ​ഭാ​വം മാ​റ്റു​ന്ന​തു് ഇവി​ടെ​യാ​ണു്.

കു​റി​പ്പു​കൾ

[29] സപെ​യിൻ​കാ​രും ഇം​ഗ്ല​ണ്ടു​കാ​രും​കൂ​ടി ഫ്രാൻ​സു​കാ​രെ ഇവി​ടെ​വ​ച്ചു തോ​ല്പി​ച്ചു.

[30] സപെ​യി​നിൽ ഒരു സം​സ്ഥാ​നം. 1806-1809-ൽ ഇതി​ന്റെ തല​സ്ഥാ​നം ആക്ര​മി​ക്ക​പ്പെ​ട്ടു.

[31] ഒരു പ്ര​സി​ദ്ധ​നായ ചരി​ത്ര​ശാ​സ്ത്ര​ജ്ഞൻ.

[32] വെ​ല്ലി​ങ്ങ്ട​ന്നു് ഇങ്ങ​നെ (Iron Duke) ഒരു പേ​രു​ണ്ടാ​യി​രു​ന്നു.

2.1.11
ഒരു ചീത്ത വഴി​കാ​ട്ടി നെ​പ്പോ​ളി​യ​ന്ന്; ഒരു നല്ല വഴി​കാ​ട്ടി ബ്യൂ​ളോ​വി​ന്ന്

വേ​ദ​ന​യോ​ടു​കൂ​ടിയ നെ​പ്പോ​ളി​യ​ന്റെ അമ്പ​ര​പ്പു് അതി​പ്ര​സി​ദ്ധ​മാ​ണു്. ഗ്രൂ​ഷി​യെ കരു​തി​യി​രു​ന്നു; ബ്ലൂ​ഷേർ വരു​ന്നു. ആയു​സ്സി​നു പകരം മരണം.

ഈശ്വ​ര​വി​ധി​ക്ക് ഇങ്ങ​നെ ചില തി​രി​ച്ചൽ തി​രി​യാ​നു​ണ്ടു്; ലോ​ക​ത്തി​നൊ​ട്ടു​ക്കു​മു​ള്ള സിം​ഹാ​സ​നം കാ​ത്തി​രു​ന്നു; മുൻ​പിൽ കണ്ട​തോ സെ​യി​ന്റു് ഹെലിന. [33]

ബ്ലൂ​ഷേ​രു​ടെ സഹാ​യ​ക​നായ ബ്ല്യൂ​ളോ​വി​നു വഴി​കാ​ട്ടി​യി​രു​ന്ന ആ ആട്ടി​ട​യ​ക്കു​ട്ടി, പ്ലാൻ​സ്വാ​വി​ന്റെ പടി​വാ​ര​ത്തി​ലൂ​ടെ എന്ന​തി​നു പകരം, ഫ്രീ​ഷ്മോ​ങ്ങി​ന്റെ മു​ക​ളി​ലു​ള്ള കാ​ട്ടി​ലൂ​ടെ ഇറ​ങ്ങി​ക്കൊൾ​വാ​നാ​ണു് അയാ​ളോ​ടു് ഉപ​ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കിൽ, ഒരു സമയം പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ ആകൃതി മാ​റി​പ്പോ​കു​മാ​യി​രു​ന്നു. നെ​പ്പോ​ളി​യൻ വാ​ട്ടർ​ലൂ യു​ദ്ധം ജയി​ക്കു​മാ​യി​രു​ന്നു. പ്ലാൻ​സ്ന്വാ​വി​ന്റെ അടി​വാ​ര​ത്തി​ലൂ​ടെ​യ​ല്ലാ​തെ മറ്റേ​തു വഴി​ക്കാ​യാ​ലും പ്ര​ഷ്യൻ​സൈ​ന്യം കു​തി​ര​പ്പ​ട്ടാ​ള​ത്തി​നു കട​ക്കാൻ വയ്യാ​ത്ത ഒരു മല​ങ്കു​ഴി​യിൽ പെടും, ബ്ല്യൂ​ളോ എത്തു​മാ​യി​രു​ന്നി​ല്ല.

ഒരു മണി​ക്കൂർ​കൂ​ടി താ​മ​സി​ച്ചു​പോ​യാൽ ബ്ലൂ​ഷേർ ഒരി​ക്ക​ലും വെ​ല്ലി​ങ്ട​നെ ജീ​വ​നോ​ടു​കൂ​ടി കാ​ണു​മാ​യി​രു​ന്നി​ല്ലെ​ന്നു പ്ര​ഷ്യൻ​സേ​നാ​പ​തി​യായ മ്ഫ്ളി​ങ്ങ് തീർ​ത്തു​പ​റ​യു​ന്നു. ‘യു​ദ്ധം തോ​റ്റു​ക​ഴി​ഞ്ഞു.’

ഇനി കാ​ണാ​വു​ന്ന​തു​പോ​ലെ, ബ്ല്യൂ​ളോ​വി​ന് എത്തേ​ണ്ട സമ​യ​മാ​യി. എന്ന​ല്ല, അയാൾ വള​രെ​യ​ധി​കം താ​മ​സി​ച്ചു​പോ​യി. രാ​ത്രി​യിൽ അയാൾ ദിയോങ്ങ്-​ല്-മോങ്ങിൽ പാ​ള​യ​മ​ടി​ച്ചു. പ്ര​ഭാ​ത​ത്തോ​ടു​കൂ​ടി അവി​ടെ​നി​ന്നു പു​റ​പ്പെ​ട്ടു; പക്ഷേ, നി​ര​ത്തി​ലൂ​ടെ നട​ക്കാൻ വയ്യാ​യി​രു​ന്നു; അയാ​ളു​ടെ സൈ​ന്യ​വ​കു​പ്പു​കൾ ചളി​യിൽ പൂ​ഴ്‌​ന്നു, വണ്ടി​ച്ചാ​ലു​കൾ പീ​ര​ങ്കി​ച്ച​ക്ര​ങ്ങ​ളു​ടെ അര​ട​വ​രെ ചെ​ന്നു. എന്ന​ല്ല, അയാൾ​ക്കു ഡയിൽ​ന​ദി​യു​ടെ ആ ഇടു​ങ്ങിയ വാ​വർ​പ്പാ​ല​ത്തി​ന്മേ​ലു​ടെ കട​ക്കേ​ണ്ടി വന്നു; പാ​ല​ത്തി​ലേ​ക്കു​ള്ള തെ​രു​വു ഫ്രാൻ​സു​കാർ ചൂ​ട്ടി​രു​ന്നു; അതി​നാൽ കത്തി​യെ​രി​യു​ന്ന രണ്ടു വരി വീ​ടു​ക​ളു​ടെ നടു​വി​ലൂ​ടെ പോവാൻ വയ്യാ​ത്ത​തു​കൊ​ണ്ടു്,തി​യ്യു മു​ഴു​വ​നും കത്തി​യാ​റു​ന്ന​തു​വ​രെ താ​മ​സി​ക്കേ​ണ്ടി​വ​ന്നു. ബ്യൂ​ളോ​വി​ന്റെ മു​ന്ന​ണി​ക്ക് ഉച്ച​യോ​ടു​കൂ​ടിയ ഷാപ്പേൽ-​സാങ്ങ്-ലാംബെറിൽ എത്തി​ച്ചേ​രാൻ കഴി​ഞ്ഞു​ള്ളൂ.

രണ്ടു മണി​ക്കൂർ മുൻ​പു് യു​ദ്ധം ആരം​ഭി​ച്ചി​രു​ന്നു എങ്കിൽ, നാ​ലു​മ​ണി​ക്കു മുൻ​പാ​യി സക​ല​വും അവ​സാ​നി​ക്കു​ക​യും, ബ്ലൂ​ഷേർ ചെ​ന്നു നെ​പ്പോ​ളി​യൻ വിജയം നേടിയ യു​ദ്ധ​ത്തിൽ മരി​ച്ചു​പോ​ക​യും ചെ​യ്യു​മാ​യി​രു​ന്നു. നമു​ക്കു മന​സ്സി​ലാ​ക്കാൻ കഴി​യാ​ത്ത ആ ഒര​പാ​ര​ത​യു​മാ​യി ഇത്ത​രം വമ്പി​ച്ച അപ​ക​ട​ങ്ങ​ളാ​ണു് വീ​തി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു്.

ചക്ര​വർ​ത്തി​യാ​ണു് ഒന്നാ​മ​താ​യി, നേ​ര​ത്തെ ഉച്ച​യോ​ടു​കൂ​ടി, ചക്ര​വാ​ളാ​ന്ത​ത്തിൽ എന്തോ ഒന്നു​ള്ള​താ​യി തന്റെ ദൂ​ര​ദർ​ശി​നി​കൊ​ണ്ടു നോ​ക്കി​ക്ക​ണ്ട​തു്. അദ്ദേ​ഹം പറ​യു​ക​യു​ണ്ടാ​യി, ‘ഞാൻ അവിടെ ഒരു മൂടൽ കാ​ണു​ന്നു; അതു സൈ​ന്യ​മാ​ണെ​ന്നു തോ​ന്നു​ന്നു.’ അദ്ദേ​ഹം അടു​ത്തു​ള്ള സൈ​ന്യാ​ധി​പ​നോ​ടു ചോ​ദി​ച്ചു, ‘ഷാപ്പേൽ-​സാങ്ങ്-ലാംബെറിനു നേരെ ആ കാ​ണു​ന്ന​തെ​ന്താ​ണു്?’ തന്റെ ദൂ​ര​ദർ​ശി​നി​ക്ക​ണ്ണാ​ടി ശരി​പ്പെ​ടു​ത്തി വെ​ച്ചു​നോ​ക്കൊ ആ സേ​നാ​പ​തി മറു​പ​ടി പറ​ഞ്ഞു: ‘തി​രു​മേ​നി, നാലോ അഞ്ചോ ആയിരം ആളുകൾ; ഗ്രൂ​ഷി​യാ​വ​ണം, പക്ഷേ, ആ കണ്ട​തു മൂ​ട​ലിൽ അന​ങ്ങാ​തെ നി​ന്നു. ചക്ര​വർ​ത്തി ചൂ​ണ്ടി​ക്കാ​ട്ടിയ ‘മൂടൽ’ ഉദ്യോ​ഗ​വ​കു​പ്പിൽ​പ്പെ​ട്ട എല്ലാ​വ​രു​ടേ​യും കണ്ണാ​ടി​ക​ളാൽ നോ​ക്കി​പ്പ​ഠി​ക്ക​പ്പെ​ട്ടു, ചിലർ പറ​ഞ്ഞു: ‘അതു മര​മാ​ണു്., വാ​സ്ത​വ​മെ​ന്തെ​ന്നാൽ ആ മേഘം നീ​ങ്ങി​യി​ല്ല. ദമോ​ങ്ങി​ന്റെ കു​തി​ര​പ്പ​ട്ടാ​ള​ത്തെ വി​ളി​ച്ച് ആ സ്ഥ​ല​ത്തു പോയി അന്വേ​ഷി​ച്ചു വരു​വാൻ ചക്ര​വർ​ത്തി ആജ്ഞാ​പി​ച്ചു.ബ്യൂ​ളോ വാ​സ്ത​വ​ത്തിൽ അന​ങ്ങി​യി​രു​ന്നി​ല്ല, അയാ​ളു​ടെ മു​ന്ന​ണി​പ്പട വല്ലാ​തെ ക്ഷീ​ണി​ച്ചി​രു​ന്നു. അതി​നെ​ക്കൊ​ണ്ടു യാ​തൊ​ന്നും ചെ​യ്യാൻ വയ്യാ. ബാ​ക്കി സൈ​ന്യ​ത്തിൽ എത്തി​ച്ചേ​രു​ന്ന​തു​വ​രെ അയാൾ​ക്കു കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു; യു​ദ്ധ​ക്ക​ള​ത്തിൽ വന്നു​ചേ​രാൻ സൈ​ന്യം മു​ഴു​വ​നും കൂ​ടി​യി​ട്ടു വേ​ണ​മെ​ന്നു് അയാൾ​ക്കു മേ​ല​ധി​കാ​ര​ത്തിൽ​നി​ന്നു കല്പ​ന​യും കി​ട്ടി​യി​രു​ന്നു; പക്ഷേ, അഞ്ചു​മ​ണി​ക്കു വെ​ല്ലി​ങ്ട​ന്റെ കഷ്ട​സ്ഥി​തി കണ്ടൂ, യു​ദ്ധ​ത്തിൽ​ക്കൂ​ടു​വാൻ ബ്യൂ​ഷേർ ബ്ല്യൂ​ളോ​വി​നു കല്പന കൊ​ടു​ത്തു; അയാൾ ഈ സ്മ​ര​ണീ​യ​ങ്ങ​ളായ വാ​ക്കു​കൾ ഉച്ച​രി​ച്ചു: ‘നമു​ക്ക് ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​നു് ഒന്നു കാ​റ്റു​കൊ​ള്ളാൻ ഇട കൊ​ടു​ക്ക​ണം.’

കു​റ​ച്ചു കഴി​ഞ്ഞ​പ്പോൾ ലോ​സ്തിൻ, ഹി​ല്ലർ, ഹെ​യ്ക്ക്, റൈസൽ എന്നി​വ​രു​ടെ സൈ​ന്യ​വ​കു​പ്പു​കൾ ലോ​ബോ​വി​ന്റെ സൈ​ന്യ​ത്തി​നു മുൻ​പിൽ അണി​നി​ര​ന്നു. പ്ര​ഷ്യ​യി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്റെ കു​തി​ര​പ്പ​ട്ടാ​ളം പാ​രി​സ്സി​ലെ കാ​ട്ടു​പു​റ​ങ്ങ​ളിൽ നി​ന്നു് ഇറ​ങ്ങി​വ​ന്നു; പ്ലാൻ​സ്ന്വാ തീ​ക്ക​ത്തി; എന്ന​ല്ല, പ്ര​ഷ്യൻ പീ​ര​ങ്കി​യു​ണ്ട​മഴ നെ​പ്പോ​ളി​യ​ന്റെ പി​ന്നിൽ കാ​ത്തു​നിർ​ത്തി​യി​രു​ന്ന രക്ഷി​സം​ഘ​ത്തിൽ​ക്കൂ​ടി​യും വന്നു പെ​യ്തു​തു​ട​ങ്ങി.

കു​റി​പ്പു​കൾ

[33] വാ​ട്ടർ​ലൂ​യു​ദ്ധ​ത്തിൽ തോറ്റ നെ​പ്പോ​ളി​യൻ ഈ ദ്വീ​പി​ലേ​ക്കാ​ണ​ല്ലോ നാ​ടു​ക​ട​ത്ത​പ്പെ​ട​തു്.

2.1.12
രക്ഷി​സം​ഘം

ഇനി​യ​ത്തെ കഥ എല്ലാവർക്കുമറിയാം-​ മൂ​ന്നാ​മ​ത്തെ ഒരു സൈ​ന്യ​വ​കു​പ്പു തള്ളി​ക്ക​യ​റി; യു​ദ്ധം തകർ​ന്നു​ചി​ന്നി; എൺ​പ​ത്താ​റു പീ​ര​ങ്കി​കൾ ഒന്നി​ച്ചു​പൊ​ട്ടി; പേർ​ച്ച് ഒന്നാ​മ​താ​യി ബ്യൂ​ളോ​വി​നോ​ടേ​റ്റു; സീ​ത്തോ​ങ്ങി​ന്റെ കു​തി​ര​പ്പ​ട്ടാ​ള​ത്തെ ബ്ലൂ​ഷേർ താൻ​ത​ന്നെ മുൻ​നി​ന്നു മുൻ​പോ​ട്ടു വി​ട്ടു; ഫ്രാൻ​സു​കാ​രെ ആട്ടി​പ്പാ​യി​ച്ചു; ഒഹാ​ങ്ങ്മു​കൾ​പ്പ​ര​പ്പിൽ​നി​ന്നു മാർ​ക്കോ​ങ്ങ്യെ പറ​പ​റ​ന്നു; പാ​പ്പി​ലോ​ത്തിൽ നി​ന്നു ദ്യു​റ്യു​ത്തി​നെ ഇറ​ക്കി​യ​യ​ച്ചു. ലോബോ അണി​നി​ര​പ്പി​ന്റെ അറ്റ​ത്തു പെ​ട്ടു. സന്ധ്യ​യാ​യ​തോ​ടു​കൂ​ടി ചി​ന്നി​പ്പോയ നമ്മു​ടെ സൈ​ന്യ​വ​കു​പ്പു​ക​ളിൽ ഒരു പു​തു​യു​ദ്ധം ഉപാ​യ​ത്തിൽ സ്വ​യ​മേവ പൊ​ന്തി​വ​ന്നു; ഇം​ഗ്ലീ​ഷ് സൈ​ന്യ​നി​ര​പ്പു മു​ഴു​വൻ മുൻ​പോ​ട്ടു തള്ളി​ക്ക​യ​റി; ഫ്ര​ഞ്ചു​സൈ​ന്യ​ത്തിൽ ഒരു വമ്പി​ച്ച വി​ട​വു​ണ്ടാ​യി.ഇം​ഗ്ലീ​ഷ് വെ​ടി​യു​ണ്ട​ക​ളും പ്ര​ഷ്യൻ​വെ​ടി​യു​ണ്ട​ക​ളും അന്യോ​ന്യം സഹാ​യി​ച്ചു; ഉന്മൂ​ല​നാ​ശം; മു​മ്പിൽ അപകടം; ഇരു​പു​റ​ത്തും അപകടം; ഇങ്ങ​നെ സർ​വ​വും ഭയ​ങ്ക​ര​മായ വിധം പൊ​ടി​ഞ്ഞു​ത​ക​രു​ന്ന​തി​നു​ള്ളി​ലേ​ക്കു രക്ഷി​സം​ഘം കയ​റി​ച്ചെ​ല്ലു​ന്നു.

മരണം തീർ​ച്ച​യാ​ണെ​ന്നു​ള്ള ബോ​ധ​ത്തോ​ടു​കൂ​ടി അവർ ഉച്ച​ത്തി​ലാർ​ത്തു. ‘ചക്ര​വർ​ത്തി ജയി​ക്ക​ട്ടെ!’ ആഘോ​ഷ​ശ​ബ്ദ​ങ്ങ​ളിൽ പു​റ​പ്പെ​ട്ട ആ മര​ണ​വേ​ദ​ന​യേ​ക്കാ​ള​ധി​കം ഹൃ​ദ​യ​സ്പൃ​ക്കായ മറ്റൊ​ന്നി​നേ​യും ചരി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അന്നു പകൽ മു​ഴു​വ​നും ആകാശം ഇരു​ണ്ടി​രു​ന്നു. പെ​ട്ടെ​ന്നു് ആ സമ​യ​ത്തു തന്നെ-​വൈകുന്നേരം എട്ടു മണിസമയത്ത്-​ആകാശത്തുള്ള മേ​ഘ​പ​ട​ലം പി​ളർ​ന്നു നീ​ങ്ങി, നീ​വെ​ല്ലിൽ നി​ര​ത്തു​വ​ക്കു​ത്തു​ള്ള ഇരി​മ്പ​ക​വൃ​ക്ഷ​ങ്ങൾ​ക്കി​ട​യി​ലൂ​ടെ അസ്ത​മ​യ​സൂ​ര്യ​ന്റെ വി​ശി​ഷ്ട​വും അമം​ഗ​ള​സൂ​ച​ക​വു​മായ വെ​ളി​ച്ച​ത്തി​നു പു​റ​ത്തു​ക​ട​ക്കു​വാൻ ഇടം​കൊ​ടു​ത്തു. ഓസ്തർ​ലി​ത്സു് യു​ദ്ധ​ത്തിൽ അവർ സൂ​ര്യ​ന്റെ ഉദ​യ​മാ​ണു് കണ്ട​തു്.

ഈ അന്തി​മ​വി​പ​ത്തിൽ രക്ഷി​സം​ഘ​ത്തി​ലെ ഓരോ വകു​പ്പി​നും ഓരോ പ്ര​ധാന സൈ​ന്യാ​ധി​പൻ നേ​തൃ​ത്വ​മെ​ടു​ത്തു. ഫ്രി​യാ​ങ്ങ്, മിഷെൽ, റോം​ഷൂ​വെ, ഹാർലെ, മലെ, പൊറെ ദ മൊർ​വാ​ങ്ങ്. എല്ലാ​വ​രും അതി​ലു​ണ്ടാ​യി​രു​ന്നു. കഴു​കിൻ​രൂ​പ​മു​ള്ള കൂ​റ്റൻ​വ​ള്ളി​പ്പൂ​വു​ക​ളോ​ടു​കൂ​ടിയ രക്ഷി​സം​ഘ​ത്തി​ലെ പട​യാ​ളി​ക​ളു​ടെ നീണ്ട തൊ​പ്പി​കൾ അന്ത​സ്സിൽ വരി​യെ​ടു​ത്തു, നി​ശ്ശ​ബ്ദ​മാ​യി ആ ഭയ​ങ്ക​ര​യു​ദ്ധ​ത്തി​നി​ട​യിൽ പ്ര​ത്യ​ക്ഷീ​ഭ​വി​ച്ച​പ്പോൾ ശത്രു​ക്കൾ​ക്കു ഫ്രാൻ​സി​ന്റെ മേൽ ഒരു ബഹു​മാ​നം തോ​ന്നി; ചി​റ​കു​കൾ വി​രു​ത്തി​പ്പി​ടി​ച്ച് ഇരു​പ​തു വി​ജ​യ​ങ്ങൾ യു​ദ്ധ​ഭൂ​മി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തു കാ​ണു​ന്ന​തു​പോ​ലെ അവർ​ക്കു തോ​ന്നി; ജയം നേ​ടി​യി​രു​ന്ന​വർ, തങ്ങൾ തോ​റ്റു​പോ​യി എന്നു് വി​ശ്വാ​സ​ത്തോ​ടു​കൂ​ടി, പിൻ​വാ​ങ്ങി; എന്നാൽ വെ​ല്ലി​ങ്ങ്ടൻ ഉറ​ക്കെ​പ്പ​റ​ഞ്ഞു: ‘എവിടെ രക്ഷി​ഭ​ട​ന്മാർ? ഉന്നം വെ​ക്കു​വിൻ!’ ചു​ക​ന്ന ഉടു​പ്പി​ട്ട ഇം​ഗ്ലീ​ഷ് രക്ഷി​സം​ഘം വേ​ലി​ക്കു പി​ന്നിൽ കമി​ഴ്‌​ന്നു കി​ട​ന്നി​രു​ന്നേ​ട​ത്തു നി​ന്നു പെ​ട്ടെ​ന്നു ചാ​ടി​യെ​ണീ​റ്റു; വെ​ടി​യു​ണ്ടെ​ക​ളെ​ക്കൊ​ണ്ടു​ള്ള ഒരു മേ​ഘ​പ​ട​ലം ബ്രി​ട്ടീ​ഷ് കൊ​ടി​ക്കൂ​റ​യെ തു​ള​തു​ള​യാ​ക്കി നമ്മു​ടെ ഗൃ​ധ്ര​പ​താ​ക​കൾ​ക്കു ചു​റ്റും മൂളി; എല്ലാ​വ​രും മുൻ​പോ​ട്ടു പാ​ഞ്ഞു​ക​യ​റി, അവ​സാ​ന​ത്തെ കൂ​ട്ട​ക്കൊല തു​ട​ങ്ങി, ഇരു​ട്ട​ത്തു, ചക്ര​വർ​ത്തി​യു​ടെ രക്ഷി​സം​ഘ​ത്തി​നു സൈ​ന്യ​ങ്ങ​ളെ​ല്ലാം പി​ന്തി​രി​ഞ്ഞു പാ​യു​ന്നു​ണ്ടെ​ന്ന ബോധം വന്നു; ‘ചക്ര​വർ​ത്തി ജയി​ക്ക​ട്ടെ’ എന്നു​ള്ള ആർ​പ്പു​വി​ളി​യു​ടെ സ്ഥാ​ന​ത്തു് നി​രാ​ശ​ത​യോ​ടു​കൂ​ടിയ പര​ക്കം​പാ​ച്ചി​ലി​ന്റെ ലഹള കേൾ​ക്കു​ന്നു; പി​ന്നിൽ കൂ​ട്ട​പ്പാ​ച്ചി​ലോ​ടു​കൂ​ടി, അധി​ക​മ​ധി​കം ചത​യ​പ്പെ​ട്ടും, ഓരോ കാൽ​വെ​പ്പി​ലും അധി​ക​മ​ധി​കം ആളുകൾ ചത്തു​മ​റി​ഞ്ഞും, അവർ മുൻ​പോ​ട്ടു തന്നെ തള്ളി​ക്ക​യ​റി. ഒരു​ത്ത​നെ​ങ്കി​ലും ശങ്കി​ച്ചു നി​ല്ക്കു​ക​യു​ണ്ടാ​യി​ല്ല; ആ അണി​നി​ര​പ്പിൽ ഒരൊ​റ്റ പേ​ടി​ത്തൊ​ണ്ട​നി​ല്ല. ആ സൈ​ന്യ​ത്തി​ലെ ഓരോ ഭടനും ഓരോ സേ​നാ​പ​തി​യാ​യി​രു​ന്നു. ആ ആത്മ​ഹ​ത്യ​യിൽ ഒരു​ത്ത​നെ​യെ​ങ്കി​ലും കാ​ണാ​തി​രു​ന്നി​ട്ടി​ല്ല.

തി​ക​ച്ചും അമ്പ​ര​ന്നു, മര​ണ​ത്തെ സ്വാ​ഗ​ത​പൂർ​വം സ്വീ​ക​രി​ക്കു​ന്ന​തി​ലു​ള്ള സർ​വ​മാ​ഹാ​ത്മ്യം കൊ​ണ്ടും മഹ​ത്ത​ര​നായ നേ ആ കൊ​ടു​ങ്കാ​റ്റി​ലെ എല്ലാ ആപൽ​പ്ര​വാ​ഹ​ങ്ങൾ​ക്കും മുൻ​പിൽ അവ​ന​വ​നെ കൊ​ണ്ടി​ട്ടു. അവി​ടെ​വെ​ച്ച് അയാ​ളു​ടെ കാ​ല്ക്കീ​ഴിൽ അഞ്ചാ​മ​ത്തെ കുതിര ചത്തു​മ​റി​ഞ്ഞു. വി​യർ​ത്തൊ​ലി​ച്ച് കണ്ണു​കൾ കത്തി​ജ്ജ്വ​ലി​ച്ച്, വാ​യിൽ​നി​ന്നു പത വന്നു​കൊ​ണ്ടു് കു​ടു​ക്കി​ടാ​ത്ത ഉടു​പ്പോ​ടു​കൂ​ടി, ഒര​ശ്വ​ഭ​ട​ന്റെ വെ​ട്ടിൽ തന്റെ അം​സാ​ഭ​ര​ണ​ങ്ങ​ളിൽ ഒന്നു പകുതി മു​റി​ഞ്ഞു​പോ​യി, കഴു​കിൻ​രൂ​പ​മു​ള്ള തന്റെ തൊ​പ്പി​പ്പൂ​വു് ഒരു വെ​ടി​യു​ണ്ട​യാൽ ചത​ഞ്ഞു​മ​ങ്ങി, ആ ചോ​ര​യിൽ മു​ങ്ങി, ചളി​യി​ലാ​ണു്, ഒരു മു​റി​ഞ്ഞ വാൾ കൈ​യി​ലു​മാ​യി, ആർ​ക്കും ബഹു​മാ​നം തോ​ന്നി​ക്കു​ന്ന ആ മഹാൻ നി​ന്നു പറ​ഞ്ഞു: ‘ഒരു ഫ്ര​ഞ്ചു സേ​നാ​പ​തി യു​ദ്ധ​ക്ക​ള​ത്തിൽ മര​ണ​മ​ട​യുക എങ്ങ​നെ​യെ​ന്നു വന്നു കാ​ണു​വിൻ!’ പക്ഷേ, അതു വെ​റു​തെ; അയാൾ മരി​ച്ചി​ല്ല. അയാൾ കണ്ണു നട്ടും ശു​ണ്ഠി​പി​ടി​ച്ചു​മി​രു​ന്നു. ദെർ​ലോ​ങ്ങി​നു നേർ​ക്ക് അയാൾ ഈ ചോ​ദ്യം വലി​ച്ചെ​റി​ഞ്ഞു, ‘നി​ങ്ങൾ ഇവിടെ കി​ട​ന്നു മരി​ക്കു​വാൻ ഭാ​വ​മി​ല്ലേ?’ ഒരു​പ​ടി ജന​ങ്ങ​ളെ അര​ച്ചു​ക​ള​യു​വാൻ​വേ​ണ്ടി നി​ല്ക്കു​ന്ന ആ പീ​ര​ങ്കി​നി​രൗ​ഇ​ടെ​യെ​ല്ലാം നടു​വിൽ​നി​ന്നു് അയാൾ ഉച്ച​ത്തിൽ ആർ​ത്തു പറ​ഞ്ഞു: ‘അപ്പോൾ എനി​ക്കു മാ​ത്രം യാ​തൊ​ന്നു​മി​ല്ല! ഹാ! ഈ ഇം​ഗ്ലീ​ഷ് വെ​ടി​യു​ണ്ട​കൾ മു​ഴു​വ​നും എന്റെ കു​ട​ലിൽ പാ​ഞ്ഞു​ക​യ​റി​യാൽ​കൊ​ള്ളാ​മാ​യി​രു​ന്നു!’ ഭാ​ഗ്യം​കെ​ട്ട മനു​ഷ്യ, ഫ്രാൻ​സു​കാ​രു​ടെ വെ​ടി​യു​ണ്ട​കൾ​ക്കാ​യി​ട്ടാ​ണു് അങ്ങ​യെ ഈശ്വ​രൻ കരു​തി​യി​ട്ടു​ള്ള​ത്!

2.1.13
അത്യാ​പ​ത്ത്

രക്ഷി​സം​ഘ​ത്തി​നു പി​ന്നിൽ നടന്ന കൂ​ട്ട​പ്പാ​ച്ചിൽ വ്യ​സ​ന​ക​ര​മാ​യി​രു​ന്നു.

പെ​ട്ടെ​ന്നു് എല്ലാ ഭാ​ഗ​ത്തു​നി​ന്നും സൈ​ന്യ​ങ്ങൾ പിൻവാങ്ങി-​ ഹൂ​ഗോ​മോ​ങ്ങ്, ലാ​യി​സാ​ന്തു്, പാ​പ്പി​ലോ​ത്തു്, പ്ലാൻ​സ്വ്നാ. ‘ചതി!’ എന്നു​ള്ള നി​ല​വി​ളി​യെ​ത്തു​ടർ​ന്നു ‘കഴി​യു​ന്ന​വർ രക്ഷ​പ്പെ​ട്ടു​കൊൾ​വിൻ’ എന്നു മാ​റ്റൊ​ലി​ക്കൊ​ണ്ടു. ചി​ത​റി​പ്പോ​കു​ന്ന ഒരു സൈ​ന്യം ഒരു മഞ്ഞു​രു​ക്കം​പോ​ലെ​യാ​ണു്. എല്ലാം അലി​യു​ന്നു, തക​രു​ന്നു, പൊ​ട്ടി​ക്കീ​റു​ന്നു, ഒലി​ക്കു​ന്നു, ഒഴു​കു​ന്നു, തള്ളി​വീ​ഴു​ന്നു, തി​ങ്ങി​ഞെ​രു​ങ്ങു​ന്നു, കു​തി​ച്ചു​പാ​യു​ന്നു, ക്ഷ​ണ​ത്തിൽ കഴി​യു​ന്നു. അന്ന​ത്തെ പര​ക്കം​പാ​ച്ചിൽ അഭൂ​ത​പൂർ​വ​മാ​ണു്. നേ ഒരു കു​തി​ര​യെ കടം വാ​ങ്ങി. അതി​ന്മേൽ ചാ​ടി​ക്ക​യ​റി. തൊ​പ്പി​യോ വാളോ കൂ​ടാ​തെ ബ്രൂ​സ്സൽ​സി​ലേ​ക്കു​ള്ള വഴി​യിൽ വി​ല​ങ്ങ​ടി​ച്ചു നി​ന്നു. ഇം​ഗ്ല​ണ്ടു​കാ​രേ​യും ഫ്രാൻ​സു​കാ​രേ​യും ഒരു​പോ​ലെ, തട​ഞ്ഞു. അയാൾ സൈ​ന്യ​ത്തെ മട​ക്കി​വി​ളി​ക്കാൻ ബു​ദ്ധി​മു​ട്ടി ശ്ര​മി​ക്കു​ന്നു; സ്വ​ധർ​മ​ത്തെ കൈ​വി​ടാ​തി​രി​ക്കാൻ അവ​രോ​ടു​പ​ദേ​ശി​ക്കു​ന്നു; അവരെ പു​ച്ഛി​ക്കു​ന്നു; ആ പാ​ച്ചി​ലി​നി​ട​യിൽ അയാൾ പി​ടി​ച്ചു​തൂ​ങ്ങു​ന്നു. അയാൾ അമ്പ​ര​ന്നു. ‘സേ​നാ​പ​തി നേ ചി​ര​കാ​ലം ജയി​ക്ക​ട്ടെ’ എന്നാർ​ത്തും​കൊ​ണ്ടു പട്ടാ​ള​ക്കാർ അയാ​ളു​ടെ മുൻ​പിൽ​നി​ന്നു പാ​ഞ്ഞു. ടാർ​ട്ടർ സൈ​ന്യ​ത്തി​ന്റെ വാ​ളു​കൾ​ക്കും, കെം​റ്റു്, ബെ​സ്റ്റു്, പ്യാ​ക്ക്, റയ്ലാ​ണ്ടു് എന്നി​വ​രു​ടെ സൈ​ന്യ​വ​കു​പ്പു​കൾ ചൊ​രി​യു​ന്ന കൂ​ട്ട​വെ​ടി​കൾ​ക്കും നടു​ക്കു കി​ട​ന്നു് ഓളം​വെ​ട്ടു​ന്ന​തു​പോ​ലെ, ദ്യൂ​റ്യൂ​ത്തി​ന്റെ സൈ​ന്യ​ങ്ങൾ അമ്പ​ര​ന്നു് അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പാ​ഞ്ഞു. ദ്വ​ന്ദ്വ​യു​ദ്ധ​ങ്ങ​ളിൽ​വെ​ച്ച് ഏറ്റ​വും അപ​ക​ടം​പി​ടി​ച്ച​താ​ണു് തോല്മ; രക്ഷ​പ്പെ​ട്ടു കി​ട്ടു​വാൻ​വേ​ണ്ടി സു​ഹൃ​ത്തു​ക്കൾ​ത്ത​ന്നെ അന്യോ​ന്യം കു​ത്തി​ക്കൊ​ല്ലു​ന്നു; യു​ദ്ധ​പ്പു​ഴ​യി​ലെ വമ്പി​ച്ച നു​ര​ക്ക​ട്ട​ക​ളെ​ന്ന​പോ​ലെ, കാ​ലാൾ​പ്പ​ട​ക​ളും കു​തി​ര​പ്പ​ട​ക​ളും ചി​ന്നി​പ്പി​രി​ഞ്ഞു, തമ്മിൽ​ത്ത​മ്മിൽ തട്ടി​ച്ചി​ത​റു​ന്നു. ഒര​റ്റ​ത്തു ലോ​ബോ​വും മറ്റേ അറ്റ​ത്തു റെ​യി​നും ആ കോ​ളേ​റ്റ​ത്തി​ലേ​ക്കു വലി​ഞ്ഞു​പോ​യി, തന്റെ രക്ഷി സം​ഘ​ത്തിൽ​നി​ന്നു ശേ​ഷി​ച്ചു കി​ട്ടിയ സാ​മാ​ന​ങ്ങ​ളെ​ക്കൊ​ണ്ടു് നെ​പ്പോ​ളി​യൻ വെ​റു​തെ അവി​ട​വി​ടെ മതിൽ കെ​ട്ടി; അപ്പോ​ഴും കീഴിൽ നി​ല്ക്കു​ന്ന കു​തി​ര​പ്പ​ട്ടാ​ള​ങ്ങ​ളെ ഒടു​വി​ല​ത്തെ കൈ​യാ​യി അദ്ദേ​ഹം വെ​റു​തെ ചെ​ല​വ​ഴി​ച്ചു​നോ​ക്കി. വി​വി​യ​ന്നു മുൻ​പിൽ ക്വി​യോ​വും, ബ്യൂ​ളോ​വി​നു മുൻ​പിൽ ലോ​ബോ​വും, വാൻ​ഡെ​ല്യൂ​റി​നു മുൻ​പിൽ കെ​ല്ലർ​മാ​നും, പേർ​ച്ചി​നു മു​മ്പിൽ ലോ​ബോ​വും, വാൻ​ഡെ​ല്യൂ​റി​നു മുൻ​പിൽ കെ​ല്ലർ​മ​നും, പേർ​ച്ചി​നു മു​മ്പിൽ മൊ​റാ​ണ്ടും, പ്ര​ഷ്യ​യി​ലെ വി​ല്യം രാ​ജ​കു​മാ​ര​നു മു​മ്പിൽ ദാ​മോ​ങ്ങും സൂ​ബേർ​വി​ക്കും പിൻ​വാ​ങ്ങി; ചക്ര​വർ​ത്തി​യു​ടെ കു​തി​ര​പ്പ​ട്ടാ​ള​ങ്ങൾ​ക്കു നേ​താ​വാ​യി​രു​ന്ന ഗയോ​ട്ടു് ഇം​ഗ്ലീ​ഷ് കു​തി​ര​പ്പ​ട​യാ​ളി​ക​ളു​ടെ കാൽ​ച്ചു​വ​ട്ടിൽ നി​ലം​പൊ​ത്തി. ഓടി​പ്പോ​കു​ന്ന​വ​രു​ടെ മുൻ​പിൽ നെ​പ്പോ​ളി​യൻ പറ​ന്നു​ചെ​ല്ലു​ന്നു. പ്ര​സം​ഗി​ക്കു​ന്നു, തി​ര​ക്കു​ന്നു, പേ​ടി​പ്പെ​ടു​ത്തു​ന്നു, അപേ​ക്ഷി​ക്കു​ന്നു. രാ​വി​ലെ ‘ചക്ര​വർ​ത്തി ജയി​ക്ക​ട്ടെ’ എന്നു് ആർ​ത്തു​വി​ളി​ച്ചി​രു​ന്ന എല്ലാ​വ​രും വായ പൊ​ളി​ച്ചു നി​ല്പാ​യി. അവർ അദ്ദേ​ഹ​ത്തെ കണ്ടി​ട്ടു് അറി​യു​ന്ന​തേ ഇല്ല. പൂ​തു​താ​യി വന്ന പ്ര​ഷ്യൻ കു​തി​ര​പ്പ​ട്ടാ​ളം മുൻ​പോ​ട്ടു് അടി​ച്ചു​ക​യ​റു​ന്നു. പറ​ന്നു​ചെ​ല്ലു​ന്നു, കൊ​ത്തി​നു​റു​ക്കു​ന്നു, തച്ചു​മ​റി​ക്കു​ന്നു, കൊ​ന്നു​ത​ള്ളു​ന്നു, മൂ​ല​നാ​ശം വരു​ത്തു​ന്നു. കു​തി​ര​കൾ കു​ട​ഞ്ഞു​പാ​യു​ന്നു; പീ​ര​ങ്കി​കൾ പറ​പ​റ​ക്കു​ന്നു; പീ​ര​ങ്കി​പ്പ​ട്ടാ​ള​ത്തി​ലെ ഭട​ന്മാർ പീ​ര​ങ്കി​വ​ണ്ടി​കൾ അഴി​ച്ചു​വി​ട്ടു കു​തി​ര​ക​ളെ തങ്ങ​ളു​ടെ രക്ഷ​യ്ക്കു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. നാലു ചക്ര​ങ്ങ​ളും ആകാ​ശ​ത്തു മറി​ഞ്ഞു​കി​ട​ക്കു​ന്ന സാ​മാ​ന​വ​ണ്ടി​കൾ വഴി​മു​ട​ക്കു​ക​യും കൂ​ട്ട​ക്കൊ​ല​കൾ ഉണ്ടാ​ക്കി​ത്തീർ​ക്കു​ക​യും ചെ​യ്യു​ന്നു. ആളുകൾ ചത​ഞ്ഞു, കി​ട​ന്ന​ര​ഞ്ഞു, മറ്റു​ള്ള​വർ ചത്ത​വ​രു​ടേ​യും ചാ​വാ​ത്ത​വ​രു​ടേ​യും മു​ക​ളി​ലൂ​ടെ ചവു​ട്ടി​പ്പോ​യി. ആയു​ധ​ങ്ങ​ളൊ​ന്നും കാ​ണാ​നി​ല്ല. ഈ നാ​ല്പ​തി​നാ​യി​രം ആളു​ക​ളു​ടെ ആക്ര​മ​ണം​കൊ​ണ്ടു മു​ട​ങ്ങി​യി​രി​ക്കു​ന്നു നി​ര​ത്തു​ക​ളും ഊടു​വ​ഴി​ക​ളും പാ​ല​ങ്ങ​ളും കു​ന്നു​ക​ളും വയ​ലു​ക​ളും നി​രാ​ശ​ത​യും പട്ടാ​ള​മാ​റാ​പ്പു​ക​ളും തോ​ക്കു​ക​ളും കോ​ത​മ്പ​ച്ചെ​ടി നി​റ​ഞ്ഞ വയ​ലു​ക​ളിൽ ചെ​ന്നു​വീ​ഴു​ന്നു. വാൾ​വെ​ട്ടു​കൾ വഴി​യു​ണ്ടാ​ക്കു​ന്നു; ചങ്ങാ​തി​മാ​രി​ല്ലാ​താ​യി, ഉദ്യോ​ഗ​സ്ഥ​ന്മാ​രി​ല്ലാ​താ​യി, സേ​നാ​പ​തി​ക​ളി​ല്ലാ​താ​യി, അനിർ​വ​ച​നീ​ന​മായ ഒരു ഭയ​ങ്ക​രത. വാ​ളി​ന്റെ സൗ​ക​ര്യം​പോ​ലെ സി​ത്താ​ങ്ങ് ഫ്രാൻ​സി​നെ മു​റി​ച്ചു​ത​ള്ളി. സിം​ഹ​ങ്ങൾ ആടു​ക​ളാ​യി മാറുക. ഇങ്ങ​നെ​യാ​യി​രു​ന്നു അന്ന​ത്തെ പര​ക്കം പാ​ച്ചിൽ..

ഗെ​നോ​പ്പിൽ​വെ​ച്ചു തി​രി​ഞ്ഞു​നി​ല്ക്കാ​നു​ള്ള, യു​ദ്ധ​ത്തി​നൊ​രു​ങ്ങു​വാ​നു​ള്ള, വരി​നി​ര​ക്കു​വാ​നു​ള്ള, ഒരു ശ്ര​മ​മു​ണ്ടാ​യി. ലോബോ മു​ന്നൂ​റു പേരെ പി​ടി​ച്ചു​കൂ​ട്ടി. അയാൾ ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള വഴി മു​ട​ക്കി; പക്ഷേ, പ്ര​ഷ്യൻ​പീ​ര​ങ്കി​ക​ളു​ടെ ഒന്നാ​മ​ത്തെ വെ​ടി​പൊ​ട്ട​ലോ​ടു​കൂ​ടി എല്ലാം കു​തി​കു​തി​ച്ചു; ലോബോ പി​ടി​ക്ക​പ്പെ​ട്ടു. ഗെ​നാ​പ്പി​ലേ​ക്കു കട​ക്കു​വാൻ കു​റ​ച്ചു നി​മി​ഷ​ങ്ങൾ​കൂ​ടി നട​ക്കേ​ണ​മെ​ന്നു​ള്ളേ​ട​ത്തു വഴി​യു​ടെ വല​തു​വ​ശ​ത്തു​ള്ള ഒരി​ഷ്ടി​ക​പ്പു​ര​യു​ടെ പഴയ നെ​റ്റി​പ്പു​റ​ത്തു് ആ കൂ​ട്ട​വെ​ടി രേ​ഖ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തു് ഇന്നും കാണാം. ധാ​രാ​ള​ത്തി​ല​ധി​കം ജയി​ച്ചി​ല്ലെ​ങ്കി​ലോ എന്നു​വെ​ച്ചു പ്ര​ഷ്യ​ക്കാർ, നി​ശ്ച​യ​മാ​യും, ഭ്രാ​ന്തു​പി​ടി​ച്ചു, ഗെ​നാ​പ്പി​നു നേരെ അടി​ച്ചു​ക​യ​റി. അവ​രു​ടെ പിൻ​ചെ​ല്ലൽ എന്തെ​ന്നി​ല്ലാ​ത്ത​താ​യി​രു​ന്നു. ഉന്മൂ​ല​നാ​ശം ചെ​യ്വാൻ ബ്ലൂ​ഷേർ കല്പ​ന​കൊ​ടു​ത്തു. ഒരു പ്ര​ഷ്യ​ക്കാ​ര​നെ​യെ​ങ്കി​ലും തട​വു​കാ​ര​നാ​യി പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ഏതു് ഫ്ര​ഞ്ച് ഭട​നേ​യും കൊ​ന്നു​ക​ള​യു​മെ​ന്നു പേ​ടി​പ്പെ​ടു​ത്തിയ റോ​ഷു​വേ പരി​താ​പ​ക​ര​മായ ഒരു​ദാ​ഹ​ര​ണം കാ​ണി​ച്ചു​കൊ​ടു​ത്തു. ബ്ലൂ​ഷേ​റാ​ക​ട്ടെ റോ​ഷു​വ​യെ കവ​ച്ചു​വെ​ച്ചു. യു​വാ​ക്ക​ന്മാ​രായ രക്ഷ​ക​രു​ടെ മേ​ലാ​ളായ ദുയേം ഗെ​നാ​പ്പി​ലെ ഒരു ചാ​രാ​യ​ക്ക​ട​യു​ടെ ഉമ്മ​റ​ത്തു​വെ​ച്ചു ഞെ​രു​ക്ക​പ്പെ​ട്ടു് ഒരു യമ​കി​ങ്ക​ര​ന്നു വാൾ വെ​ച്ചു കു​മ്പി​ട്ടു; ആ എതി​രാ​ളി അതു വാ​ങ്ങി തട​വു​കാ​ര​ന്റെ കഥ കഴി​ച്ചു. തോ​റ്റു​പോ​യ​വ​രെ കൊ​ത്തി​നു​റു​ക്കി ജയം മു​ഴു​മി​പ്പി​ച്ചു; ഞങ്ങൾ ചരി​ത്രം പറ​ക​യാ​യ​തു​കൊ​ണ്ടു്, ശി​ക്ഷി​ക്കു​ക​യും ചെ​യ്യ​ട്ടെ; വയ​സ്സ​നായ ബ്ലൂ​ഷേർ തന്നെ​ത്ത​ന്നെ അവ​മാ​നി​ച്ചു. ഈ കൊടും ക്രൂ​രത ആ മഹാ​പാ​വ​ത്തി​നു് ഓപ്പ​മി​ട്ടു. നി​രാ​ശ​ത​യോ​ടു​കൂ​ടിയ ആ പര​ക്കം​പാ​ച്ചിൽ ഗെ​നാ​പ്പു് കട​ന്നു, ക്വാത്തൃ-​ബ്രാ കട​ന്നു, ഗോ​സ്സി​യെ കട​ന്നു, ഫ്രാ​നെ നി​ന്നു​ള്ളൂ. കഷ്ടം! അപ്പോൾ ആരാ​ണു് ആവിധം തി​രി​ഞ്ഞു​നോ​ക്കാ​തെ പാ​ഞ്ഞു​പോ​യ​തു? നെ​പ്പോ​ളി​യ​ന്റെ മഹാ​സൈ​ന്യം!

ഈ തല​ചു​റ്റൽ, ഈ ഭയ​പ്പാ​ടു്, ചരി​ത്ര​ത്തെ അമ്പ​ര​പ്പി​ച്ചി​ട്ടു​ള്ള​വ​യിൽ​വെ​ച്ച് ഏറ്റ​വും ഉൽ​കൃ​ഷ്ട​ത​ര​മായ ധീ​രോ​ദാ​ത്ത​ത​യു​ടെ നാ​ശ​ത്തി​ലേ​ക്കു​ള്ള ഈ അധ:പതനം-​ഇതു കാ​ര​ണ​മി​ല്ലാ​ത്ത​താ​ണോ! അല്ല, വാ​ട്ടർ​ലൂ​വി​ന്നു വി​ല​ങ്ങ​നെ ഒരു വമ്പി​ച്ച നീ​തി​യു​ടെ നെ​ടു​നി​ഴൽ തള്ളി​നി​ല്ക്കു​ന്നു. ഇതു വി​ധി​യു​ടെ ദി​വ​സ​മാ​ണു്. മനു​ഷ്യ​നേ​ക്കാൾ ശക്തി​കൂ​ടിയ ഒരു തേ​ജോ​ബ​ലം അന്ന​ത്തെ ദി​വ​സ​ത്തെ​യു​ണ്ടാ​ക്കി. നെ​റ്റി​ത്ത​ട​ങ്ങ​ളി​ലെ ആ ഭയ​ച്ചു​ളി​വു് അതു​കൊ​ണ്ടാ​ണു്; ആ അത്ര​യും മഹാ​ന്മാർ മു​ഴു​വ​നും വാ​ളു​വെ​ച്ച​തു് അതു​കൊ​ണ്ടാ​ണു്. യൂ​റോ​പ്പു മു​ഴു​വ​നും പി​ടി​ച്ച​ട​ക്കി​യ​താ​രോ അവർ, യാ​തൊ​ന്നും പറ​യ​നാ​വ​ട്ടെ ചെ​യ്യാ​നാ​വ​ട്ടെ കഴി​യാ​തെ ആ നി​ഴ​ല്പാ​ടി​നു​ള്ളിൽ ഒരു ഭയ​ങ്ക​ര​നായ സന്നി​ധാ​ന​മു​ണ്ടെ​ന്നു ബോ​ധ​പ്പെ​ട്ടു, ഭൂ​മി​യിൽ കമി​ഴ്‌​ന്നു​വീ​ണു. ഇതു വി​ധി​ലി​ഖി​ത​മാ​ണു്. ആ ദിവസം മനു​ഷ്യ​ജാ​തി​യു​ടെ കാ​ഴ്ച​പ്പാ​ടു് ഒരു മാ​റ്റം മാറി. പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ന്റെ തി​രി​കു​റ്റി​യാ​ണു് വാ​ട്ടർ​ലൂ. ആ മഹ​ത്തായ ശതാ​ബ്ദ​ത്തി​ന്റെ ആഗ​മ​ന​ത്തി​നു് ആ മഹാ​നായ മനു​ഷ്യ​ന്റെ അന്തർ​ദ്ധാ​നം ആവ​ശ്യ​മാ​യി​രു​ന്നു. ഏതോ ഒരാൾ-​ആരും ഉത്ത​രം പറ​യാ​നി​ല്ലാ​ത്ത ഒരു സത്ത്വം-​ സക​ല​ത്തി​ന്റെ​യും ഉത്ത​ര​വാ​ദി​ത്വം കൈ​യി​ലെ​ടു​ത്തു. ധീ​രോ​ദാ​ത്ത​ന്മാ​രു​ടെ പരി​ഭ്ര​മ​ത്തി​നു സമാ​ധാ​നം പറയാം. വാ​ട്ടർ​ലൂ യു​ദ്ധ​ത്തിൽ ഒരു മേ​ഘ​ത്തി​ലും കവി​ഞ്ഞ എന്തോ ഒന്നുണ്ട്-​ആകാശക്കാഴ്ചയെസ്സംബന്ധിക്കുന്ന എന്തോ ഒന്നു​ണ്ടു്. ഈശ്വ​രൻ അതിലെ കട​ന്നു​പോ​യി.

രാ​ത്രി​യാ​യ​പ്പോൾ, ഗെ​നാ​പ്പി​ന​ടു​ത്തു​ള്ള വയൽ​പ്ര​ദേ​ശ​ത്തു​വെ​ച്ചു, ബേർ​നാ​റും ബേർ​ത്രാ​ങ്ങും കൂടി, കണ്ണു നട്ടു, മനോ​രാ​ജ്യ​ത്തിൽ മു​ങ്ങി, ഭാ​ഗ്യം​കെ​ട്ടു, പടുദു:ഖിയായ ഒരു മനു​ഷ്യ​നെ പു​റം​കു​പ്പാ​യ​ത്തി​ന്റെ വക്കു പി​ടി​ച്ചു​നിർ​ത്തി; കൂ​ട്ട​പ്പാ​ച്ചി​ലി​ന്റെ ഓള​ത്തിൽ അതു​വ​രെ തള്ളി​പ്പോ​ന്നു​പോയ ആ മനു​ഷ്യൻ കു​തി​ര​പ്പു​റ​ത്തു​നി​ന്നി​റ​ങ്ങി, തന്റെ കു​തി​ര​യു​ടെ കടി​ഞ്ഞാൺ കൈ​യിൽ​ച്ചു​റ്റി. അമ്പ​ര​ന്ന നോ​ട്ട​ത്തോ​ടു​കൂ​ടി, തനി​ച്ചു വീ​ണ്ടും വാ​ട്ടർ​ലൂ​വി​ലേ​ക്കു​ത​ന്നെ മട​ങ്ങു​ക​യാ​ണു്. അതു് ഒരി​ക്കൽ​കൂ​ടി മുൻ​പോ​ട്ടു കയ​റി​ച്ചെ​ല്ലാൻ നോ​ക്കു​ന്ന നെപ്പോളിയനായിരുന്നു-​ ആ ചി​ന്നി​ത്ത​കർ​ന്നു​പോയ സ്വ​പ്ന​ത്തി​ലെ പടു​കൂ​റ്റ​നായ സ്വ​പ്നാ​ട​ന​ക്കാ​രൻ.

2.1.14
ഒടു​വി​ല​ത്തെ ചതു​ര​പ്പട

രക്ഷി​സൈ​ന്യ​ത്തി​ലെ പല ചതു​ര​പ്പ​ട​ക​ളും ആ അപ​ജ​യ​പ്പു​ഴ​യു​ടെ നടു​ക്കു, തള്ളി​യൊ​ഴു​കു​ന്ന വെ​ള്ള​ത്തിൽ പാ​റ​ക​ളെ​ന്ന​പോ​ലെ, യാ​തൊ​ര​ന​ക്ക​വു​മി​ല്ലാ​തെ രാ​ത്രി​യാ​വു​ന്ന​തു​വ​രെ നി​ന്ന​നി​ല​യിൽ​ത്ത​ന്നെ നി​ല്ക്കു​ക​യു​ണ്ടാ​യി. രാ​ത്രി വന്നു; അതോ​ടു​കൂ​ടി മര​ണ​വും; ആ രണ്ടു നി​ഴ​ലു​ക​ളു​ടേ​യും കൂ​ടി​യു​ള്ള പു​റ​പ്പാ​ടു് അവർ കാ​ത്തു​നി​ന്നു; അജ​യ്യ​ന്മാ​രായ ആ രക്ഷി​കൾ അവ​യ്ക്കു തങ്ങ​ളെ ചു​റ്റി​വ​ള​യു​വാൻ സമ്മ​തം കൊ​ടു​ത്തു. ഓരോ സൈ​ന്യ​വ​കു​പ്പും, മറ്റു​ള്ള​വ​യിൽ​നി​ന്നു് ഒറ്റ​പ്പെ​ട്ടു.സാ​ക്ഷാൽ സൈ​ന്യ​വു​മാ​യി യാ​തൊ​രു​ബ​ന്ധ​വു​മി​ല്ലാ​തെ, ഓരോ ഭാ​ഗ​വും പ്ര​ത്യേ​കം പ്ര​ത്യേ​കം ചി​ന്നി​ച്ചി​ത​റി, തനി​ച്ചു ചത്തു. ഈ അവ​സാ​ന​ക്രി​യ​യ്ക്ക് അവർ, ചിലർ റോ​സോ​മ്മി​ന്നു മു​ക​ളി​ലും മറ്റു​പേർ മോൺ​സാ​ങ്ഴാ​ങ്ങി​ലെ മു​കൾ​പ്പ​ര​പ്പി​ലു​മാ​യി, തങ്ങ​ളു​ടെ ചു​വ​ടു​റ​പ്പി​ച്ചി​രു​ന്നു. അവിടെ, ആ ഭാ​ഗ്യം​കെ​ട്ട ചതു​ര​പ്പ​ട​കൾ ഉപേ​ക്ഷി​ക്ക​പ്പെ​ട്ടു, തോ​ല്പി​ക്ക​പ്പെ​ട്ടു. ഭയ​ങ്ക​ര​ങ്ങ​ളാ​യി, ഒരു വല്ലാ​ത്ത നി​ല​യിൽ തങ്ങ​ളു​ടെ മര​ണ​വേ​ദ​ന​ക​ളെ അനു​ഭ​വി​ച്ചു. യൂൽം, വാ​ഗ്രാം, ഴെന, ഫ്രീ​ദ്ലാ​ങ് എന്നി​വർ അവ​രോ​ടു​കൂ​ടി മരി​ച്ചു.

ഇരു​ട്ട​ത്തു വൈ​കു​ന്നേ​രം ഒമ്പ​തു മണി​യോ​ടു​കൂ​ടി, അവരിൽ ഒരാൾ മോൺ​സാ​ങ്ഴാ​ങ് കു​ന്നിൻ​പു​റ​ത്തി​ന്റെ അടി​വാ​ര​ത്തിൽ തനി​ച്ചു​പെ​ട്ടു. ആ അപ​ക​ടം​പി​ടി​ച്ച താ​ഴ്‌​വാ​ര​ത്തിൽ, കവ​ച​ധാ​രി​കൾ കയ​റി​പ്പോയ കടും​തൂ​ക്ക​ത്തി​നു ചു​വ​ട്ടിൽ. ഇം​ഗ്ലീ​ഷ് ഭട​സം​ഘം തള്ളി​ക്ക​വി​ഞ്ഞ സ്ഥ​ല​ത്തു, ജയി​ച്ചു​ക​ഴി​ഞ്ഞ ശത്രു​സൈ​ന്യ​ത്തി​ന്റെ കൂ​ട്ട​വെ​ടി​കൾ​ക്കു കീഴിൽ, ഭയ​ങ്ക​ര​മായ വെ​ടി​മ​രു​ന്നു​പു​ക​യു​ടെ ഉള്ളിൽ, ഈ ചതു​ര​പ്പട നി​ന്നു യു​ദ്ധം​വെ​ട്ടി. അതി​ന്റെ നേ​തൃ​ത്വം വഹി​ച്ചി​രു​ന്ന​തു് കാം​ബ്രോ​ന്ന് എന്നു് പേരായ ഒരു നി​സ്സാ​ര​നാ​ണു്. ഓരോ കു​ട്ട​വെ​ടി​യും വന്നു​കൊ​ള്ളു​മ്പോൾ ആ ചതു​ര​പ്പട വി​സ്താ​രം കു​റ​യു​ക​യും പകരം കാ​ണി​ക്കു​ക​യും ചെ​യ്യും. തന്റെ നാലു പുറം ചു​മ​രും ഉള്ളോ​ട്ടു ചു​രു​ങ്ങി​ച്ചു​രു​ങ്ങി​വ​ന്നു് ആ ചതു​ര​പ്പട ശത്രൂ​ക​ളു​ടെ വെ​ടി​യു​ണ്ട​കൾ​ക്ക് ഓരോ കൂ​ട്ട​വെ​ടി​കൊ​ണ്ടു മറു​പ​ടി പറ​ഞ്ഞു. ഓടി​പ്പോ​കു​ന്ന​വർ ദൂ​ര​ത്തു ശ്വാ​സ​മി​ല്ലാ​തെ നി​മി​ഷ​നേ​രം അന​ങ്ങാ​തെ നി​ന്ന് ആ വ്യ​സ​ന​ക​ര​വും അടി​ക്ക​ടി കു​റ​യു​ന്ന​തു​മായ ഇടി​യൊ​ച്ച​യു​ടെ നേർ​ക്ക് ഇരു​ട്ട​ത്തു ചെ​വി​യോർ​ത്തു.

ഈ സൈ​ന്യം ഒരു​പി​ടി​യിൽ കൊ​ള്ളു​ന്നേ​ട​ത്തോ​ള​മാ​യി ചു​രു​ങ്ങി​യ​പ്പോൾ: അവ​രു​ടെ കൊ​ടി​ക്കൂ​റ​യിൽ ഒരു കീ​റ​ത്തു​ണി​ക്ക​ഷ്ണ​മ​ല്ലാ​തെ മറ്റൊ​ന്നും ബാ​ക്കി​യി​ല്ലെ​ന്നാ​യ​പ്പോൾ; വെ​ടി​യു​ണ്ട​ക​ളെ​ല്ലാം തീർ​ന്നു, അവ​രു​ടെ തോ​ക്കു​കൾ വെറും പന്തീ​രാൻ​വെ​ടി​കൾ മാ​ത്ര​മാ​യി എന്നു​വ​ന്ന​പ്പോൾ: ജീവൻ പോയവർ ജീ​വ​നു​ള്ള​വ​രേ​ക്കാൾ വള​രെ​യ​ധി​കം ആയപ്പോൾ-​ ആ യു​ദ്ധ​വി​ജ​യി​ക​ളു​ടെ കൂ​ട്ട​ത്തിൽ. അത്ര​മേൽ ഹൃ​ദ​യ​സ്പൃ​ക്കായ മാ​ഹാ​ത്മ്യ​ത്തോ​ടു​കൂ​ടി ജീ​വ​ത്യാ​ഗം ചെ​യ്യു​ന്ന ആ വീ​ര​പു​രു​ഷർ​ക്കു ചു​റ്റും. ഒര​മാ​നു​ഷ​മായ ഭയ​വി​ശേ​ഷം വ്യാ​പി​ക്കു​ക​യും ഒരു ദീർ​ഘ​ശ്വാ​സ​മി​ട്ടു​കൊ​ണ്ടു് ഇം​ഗ്ലീ​ഷ് പീ​ര​ങ്കി​പ്പട മൗ​ന​മ​വ​ലം​ബി​ക്കു​ക​യും ചെ​യ്തു. ഇതു് ഒരു​ത​രം സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി. ഈ പോ​രാ​ളി​കൾ​ക്കു ചു​റ്റും പ്രേ​ത​സ്വ​രൂ​പി​ക​ളു​ടെ സമൂഹം എന്നു പറ​യാ​വു​ന്ന എന്തോ ഒന്ന്. അശ്വാ​രൂ​ഢ​ന്മാ​രായ ഭട​ന്മാ​രു​ടെ നി​ഴ​ല്പാ​ടു​കൾ. പീ​ര​ങ്കി​ക​ളു​ടെ കറു​ത്ത സ്വ​രൂ​പ​ങ്ങൾ. ചക്ര​ങ്ങ​ളു​ടേ​യും തോ​ക്കു​വ​ണ്ടി​ക​ളു​ടേ​യും ഇട​യി​ലൂ​ടെ കാ​ണ​പ്പെ​ടു​ന്ന വെ​ള്ള​യാ​കാ​ശം, യു​ദ്ധ​ത്തി​ന്റെ അഗാ​ധ​ഭാ​ഗ​ങ്ങ​ളിൽ പു​ക​യ്ക്കു​ള്ളി​ലൂ​ടെ യു​ദ്ധ​വീ​ര​ന്മാർ ഇട​യ്ക്കി​ടെ കണ്ടി​രു​ന്ന ആ വമ്പി​ച്ച മര​ണ​വേ​ദ​ന​യു​ടെ ശി​ര​സ്സു പ്ര​ത്യ​ക്ഷീ​ഭ​വി​ക്കു​ക​യും അതു് അവ​രു​ടെ നേർ​ക്കു പാ​ഞ്ഞു​ചെ​ല്ലു​ക​യും അവരെ തു​റി​ച്ചു​നോ​ക്കു​ക​യും ചെ​യ്തു. ഇരു​ട്ടി​ന്റെ നി​ഴ​ലു​ക​ളി​ലൂ​ടെ തോ​ക്കു നി​റ​യ്ക്കു​ന്ന​തു് അവർ​ക്കു കേൾ​ക്കാ​മാ​യി​രു​ന്നു; രാ​ത്രി​യിൽ നരി​ക​ളു​ടെ കണ്ണു​പോ​ലെ, ഒന്നാ​യി കൊ​ളു​ത്ത​പ്പെ​ട്ട തീ​പ്പെ​ട്ടി​ക്കോ​ലു​കൾ അവ​രു​ടെ തല​യ്ക്കു ചു​റ്റും ഒരു തല​ച്ച​ക്ര​മു​ണ്ടാ​ക്കി; ഇം​ഗ്ലീ​ഷ് പീ​ര​ങ്കി​നി​ര​യു​ടെ അടു​ക്ക​ലേ​ക്കു പഞ്ഞി​ത്തി​രി​കൾ അടു​ത്തു ചെ​ന്നു; ഉടനെ, വി​കാ​രാ​വേ​ശ​ത്തോ​ടു​കൂ​ടി ആ വീ​ര​പു​ര​ഷ​ന്മാ​രു​ടെ മുൻ​പിൽ ‘ധനാ​ശി​പാ​ടൽ’ ഒരു നി​മി​ഷം​കൂ​ടി കഴി​ഞ്ഞി​ട്ടാ​വ​ട്ടെ എന്നു നിർ​ത്തി​വെ​ച്ച്, ഒരു ഇം​ഗ്ലീ​ഷ്സേ​നാ​പ​തി​ചി​ല​രു​ടെ അഭി​പ്രാ​യ​ത്തിൽ കോൾ​വ​യിൽ, മറ്റു ചി​ല​രു​ടെ പക്ഷ​ത്തിൽ മെയ്റ്റ്ലാൻഡ്-​അവരോടു് ഉച്ച​ത്തിൽ വി​ളി​ച്ചു പറ​ഞ്ഞു, ‘കീ​ഴ​ട​ക്കു​വാൻ, ഹേ ധീ​ര​ന്മാ​രായ ഫ്രാൻ​സു​കാ​രേ, ആയുധം വെ​ക്കു​വിൻ.’ കാം​ബ്രോ​ന്ന് മറു​പ​ടി പറ​ഞ്ഞു, ‘മണ്ണാ​ങ്ക​ട്ട!’

കാം​ബ്രോ​ന്നി​ന്റെ മു​ഖ​ത്തു​നി​ന്നു് ആ വാ​ക്കു കേട്ട ഉടനെ, ഇം​ഗ്ലീ​ഷ് സൈ​ന്യം മറു​പ​ടി പറ​ഞ്ഞു, ‘വെടി!’ പീ​ര​ങ്കി​നി​ര​യ്ക്കു തീ​പ്പി​ടി​ച്ചു; കു​ന്നു വി​റ​ച്ചു; ആ മു​ഴ​ങ്ങു​ന്ന മു​ഖ​ങ്ങ​ളിൽ​നി​ന്നെ​ല്ലാം വെ​ടി​യു​ണ്ട​ക​ളു​ടെ ഒടു​വി​ലേ​ത്തേ​തായ ഒരു ഭയ​ങ്ക​ര​ത്തേ​ട്ടൽ കേ​ട്ടു; പൊ​ന്തി​വ​രു​ന്ന ചന്ദ്രി​ക​യിൽ അല്പം വെ​ളു​പ്പു​കൂ​ടിയ ഒരു വമ്പി​ച്ച പു​ക​പ്പ​ര​പ്പു മു​ക​ളി​ലേ​ക്കു മറി​ഞ്ഞു മറി​ഞ്ഞു​കൊ​ണ്ടു തള്ളി​ക്ക​യ​റി; ആ പുക ചി​ന്നി​പ്പോ​യ​പ്പോൾ അവിടെ യാ​തൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ ഭയ​ങ്ക​മായ സേ​നാ​വ​ശേ​ഷം നശി​ച്ചു; ആ രക്ഷി​സം​ഘം മരി​ച്ചു. മനു​ഷ്യ​രാൽ നിർ​മ്മി​ക്ക​പ്പെ​ട്ട ആ കാ​വ​ല്ക്കോ​ട്ട​യു​ടെ നാലു ചു​മ​രു​ക​ളും കമി​ഴ്‌​ന്നു. ആ ശവ​ങ്ങ​ളിൽ, അവി​ട​വി​ടെ​യാ​യി​ട്ടെ​ങ്കി​ലും, ഒര​ന​ക്കം​കൂ​ടി​യി​ല്ല; ഇങ്ങ​നെ​യാ​ണു്, മോൺ​സാ​ങ്ഴാ​ങ്ങിൽ​വെ​ച്ചു, മഴ​വെ​ള്ളം​കൊ​ണ്ടും ചോ​ര​പ്ര​ള​യം​കൊ​ണ്ടും നന​ഞ്ഞു​കു​തിർ​ന്ന മണ്ണിൽ, പ്ര​സാ​ദ​മി​ല്ലാ​തെ നി​ല്ക്കു​ന്ന ധാ​ന്യ​ച്ചെ​ടി​യു​ടെ ഇടയിൽ-​ അതേ, ഇന്ന​ത്തെ​ക്കാ​ല​ത്തു നീ​വെ​ല്ലിൽ​നി​ന്നു​ള്ള തപ്പാൽ​വ​ണ്ടി അടി​ച്ചു​പാ​യി​ക്കു​ന്ന ജോസഫ് ചൂ​ള​വി​ളി​ച്ചു കൊ​ണ്ടു സവാ​രി​പോ​കു​ന്ന​തും പു​ല​രാൻ​കാ​ല​ത്തു നാലു മണി​ക്ക് ആഹ്ലാ​ദ​ത്തോ​ടു​കൂ​ടി സവാ​രി​പോ​കു​ന്ന​തും പു​ല​രാൻ​കാ​ല​ത്തു നാലു മണി​ക്ക് ആഹ്ലാ​ദ​ത്തോ​ടു​കൂ​ടി കു​തി​ര​ക​ളെ തല്ലി​യോ​ടി​ക്കു​ന്ന​തു​മായ അവിടെത്തന്നെ-​ കി​ട​ന്നു റോമൻ സൈ​ന്യ​ത്തേ​ക്കാൾ മഹി​മ​കൂ​ടിയ ഫ്ര​ഞ്ച് സൈ​ന്യം കാ​ല​ധർ​മം പ്രാ​പി​ച്ച​തു്.

2.1.15
ഒരു നേ​താ​വി​നെ എത്ര​വി​ധം തൂ​ക്കി​നോ​ക്കാം

വാ​ട്ടർ​ലൂ​യു​ദ്ധം ഒരു കട​ങ്ക​ഥ​യാ​ണു്. തോ​റ്റു​പോ​യ​വർ​ക്കെ​ന്ന​പോ​ലെ ജയം കി​ട്ടി​യ​വർ​ക്കും അതു നി​ഗൂ​ഢ​മ​ത്രേ. നെ​പ്പോ​ളി​യ​നെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം അതൊരു പരി​ഭ്ര​മ​മാ​യി​രു​ന്നു. ബ്ലൂ​ഷേർ [34] അതിൽ വെ​ടി​യു​ണ്ട​യ​ല്ലാ​തെ മറ്റൊ​ന്നും കാ​ണു​ന്നി​ല്ല. വെ​ല്ലി​ങ്ട​ന്നു് അതി​നെ​പ്പ​റ്റി യാ​തൊ​ന്നും മന​സ്സി​ലാ​യി​ട്ടി​ല്ല. വി​വ​ര​ണ​ക്കൂ​റി​പ്പു​കൾ നോ​ക്കുക. യു​ദ്ധ​വർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ളൊ​ക്കെ ഓരോ​ന്നു പറ​യു​ന്നു, വ്യാ​ഖ്യാ​ന​ങ്ങ​ളെ​ല്ലാം വ്യം​ഗ്യ​മ​യ​ങ്ങൾ. ചിലർ വി​ക്കു​ന്നു, മറ്റു ചിലർ കൊ​ഞ്ഞു​ക​യാ​ണു്. വാ​ട്ടർ​ലൂ​യു​ദ്ധ​ത്തെ ഴോ​മി​നി [35] നാലു കാ​ര്യ​ങ്ങ​ളാ​ക്കി തി​രി​ക്കു​ന്നു; മ്ഫ​ളി​ങ്ങ് അതിനെ മൂ​ന്നു മാ​റ്റ​ങ്ങ​ളാ​യി വെ​ട്ടി​മു​റി​ക്കു​ന്നു; ഷാറാ മാത്രം-​ ചില സം​ഗ​തി​ക​ളിൽ ഞങ്ങൾ നേരെ വി​പ​രീ​താ​ഭി​പ്രാ​യ​ക്കാ​രാ​ണെ​ങ്കി​ലും അദ്ദേ​ഹം മാത്രം-​ തന്റെ സാ​ഹ​ങ്കാ​ര​മായ നോ​ട്ട​ത്താൽ വി​ധി​യോ​ടു മല്ലി​ടു​ന്ന മനു​ഷ്യ​ബു​ദ്ധി​യു​ടെ ആ അത്യാ​പ​ത്തി​ന്റെ ആകൃ​തി​വി​ശേ​ഷ​ങ്ങ​ളെ കട​ന്നു​പി​ടി​ച്ചി​ട്ടു​ണ്ടു്. മറ്റു ചരി​ത്ര​കാ​ര​ന്മാർ​ക്കെ​ല്ലാം ഏതാ​ണ്ട​മ്പ​ര​പ്പു പറ്റി​പ്പോ​കു​ന്നു; ആ അമ്പ​ര​പ്പിൽ അവർ നാലു പാടും തപ്പി​നോ​ക്കു​ന്നു. മി​ന്നൽ​പ്ര​കാ​ശ​ത്തോ​ടു​കൂ​ടിയ ഒരു ദി​വ​സ​മാ​യി​രു​ന്നു അതു്; അതേ, രാ​ജാ​ക്ക​ന്മാ​രു​ടെ തല തി​ക​ച്ചും തി​രി​ഞ്ഞു​പോ​കു​മാ​റു്, എല്ലാ കോ​യ്മ​ക​ളെ​യും തന്റെ പി​ന്നിൽ വലി​ച്ചു​കൂ​ട്ടിയ സൈ​നി​ക​രാ​ജ​ത്വ​ത്തി​ന്റെ ഒരു പൊ​ടി​ഞ്ഞു തകരൽ- ആയു​ധ​ശ​ക്തി​യു​ടെ അധ:പതനം, യു​ദ്ധ​ത്തി​ന്റെ അപജയം.

അമാ​നു​ഷി​ക​മായ ആവ​ശ്യ​ക​ത​യാൽ മു​ദ്ര​വെ​ക്ക​പ്പെ​ട്ട ഈ സം​ഭ​വ​ത്തിൽ മനു​ഷ്യൻ വേ​ഷം​കെ​ട്ടി​യാ​ടി​യി​ട്ടു​ള്ള ഭാഗം സാ​ര​മു​ള്ള​ത​ല്ല.

വെ​ല്ലി​ങ്ട​നിൽ​നി​ന്നും ബ്ലൂ​ഷേ​റിൽ​നി​ന്നും വാ​ട്ടർ​ലൂ​യു​ദ്ധം എടു​ത്തു​ക​ള​യു​ന്ന പക്ഷം, ഞങ്ങൾ ആ പ്ര​കാ​ശ​മാ​ന​മായ ഇം​ഗ്ല​ണ്ടാ​ക​ട്ടേ, ആ പ്ര​താ​പ​വ​ത്തായ ജർ​മ​നി​യാ​ക​ട്ടേ, വാ​ട്ടർ​ലൂ വാ​ദ​പ്ര​തി​വാ​ദ​ത്തിൽ പങ്കെ​ടു​ക്കു​ന്നി​ല്ല. പരി​താ​പ​ക​ര​ങ്ങ​ളായ വാൾ​പ്പ​യ​റ്റു​ക​ളെ കൂ​ട്ടാ​തെ തന്നെ, ഓരോ രാ​ഷ്ട്രീ​യ​സ​മു​ദാ​യ​ങ്ങ​ളും മഹ​ത്ത​ര​ങ്ങ​ളാ​ണ​ല്ലോ എന്നു നമു​ക്ക് ഈശ്വ​ര​നോ​ടു നന്ദി പറയുക. ഇം​ഗ്ല​ണ്ടാ​ക​ട്ടേ, ജർ​മ​നി​യാ​ക​ട്ടേ, ഫ്രാൻ​സാ​ക​ട്ടേ, ഒരു വാൾ​പ്പി​ടി​യിൽ ഒതു​ങ്ങി​ക്കൊ​ണ്ട​ല്ല, വാ​ട്ടർ​ലൂ എന്ന​തു വാ​ളൂ​ക​ളൂ​ടെ ഒരു കൂ​ട്ടി​മു​ട്ടൽ മാ​ത്ര​മാ​യി​രി​ക്കു​ന്ന ഇക്കാ​ല​ത്തു ബ്ലൂ​ഷേർ​ക്കു മു​ക​ളി​ലാ​യി ജർ​മ​നി​ക്ക് ഷി​ല്ല​റു​ണ്ടു്; വെ​ല്ലി​ങ്ട​ന്നു മു​ക​ളിൽ ഇം​ഗ്ല​ണ്ടി​നു ബയ​റ​നും. നമ്മു​ടെ ഈ ശതാ​ബ്ദ​ത്തി​നു​ള്ള സവി​ശേ​ഷത, ഒരു പര​പ്പാ​ലോ​ച​ന​ക​ളു​ടെ അഭൂ​ത​പൂർ​വ​മായ ആവിർ​ഭാ​വ​മാ​ണു്. ആ അരു​ണോ​ദ​യ​ത്തിൽ ഇം​ഗ്ല​ണ്ടി​നും ജർ​മ​നി​ക്കും ഒരു സവി​ശേ​ഷ​മായ പ്ര​കാ​ശ​മു​ണ്ടു്. അതു രണ്ടും ഉൽ​കൃ​ഷ്ട​ങ്ങൾ​ത​ന്നെ, എന്തു​കൊ​ണ്ടു്? അവ ആലോചന ചെ​യ്യു​ന്നു. പരി​ഷ്കാ​ര​ത്തി​ലേ​ക്കു​ള്ള അവ​യു​ടെ വക വരി​കൊ​ടു​ക്ക​ലായ ആ ഉന്ന​ത​നി​ര​പ്പു ജാ​ത്യാ അവയിൽ അന്തർ​ലീ​ന​മ​ത്രേ; അതു് അവയിൽ നി​ന്നു​ത​ന്നെ ഉണ്ടാകുന്നതാണ്-​ അല്ലാ​തെ എന്തോ ഒര​പ്ര​തീ​ക്ഷിത സം​ഭ​വ​ത്തിൽ നി​ന്ന​ല്ല. പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ലേ​ക്ക് ആ രണ്ടു രാ​ജ്യ​ങ്ങ​ളും​കൂ​ടി കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള അഭി​വൃ​ദ്ധി​യു​ടെ ഉത്ഭ്വാ​സ്ഥാ​നം വാ​ട്ടർ​ലൂ​വ​ല്ല. ഒരു ജയ​ത്തി​നു​ശേ​ഷം ക്ഷ​ണ​ത്തിൽ വളർ​ന്നു​പൊ​ന്തുക, വെറും അപ​രി​ഷ്കൃ​ത​ജ​ന​ങ്ങൾ മാ​ത്ര​മാ​ണു്. ഒരു കൊ​ടും​ങ്കാ​റ്റിൽ അല​മ​റി​ക്ക​പ്പെ​ട്ട വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ ക്ഷ​ണി​ക​മായ അഹം​ഭാ​വ​മാ​ണ​തു്. പരി​ഷ്കൃത ജന​ങ്ങൾ, വി​ശേ​ഷി​ച്ചും നമ്മു​ടെ കാ​ല​ത്തു്, ഒരു സൈ​ന്യാ​ധി​പ​ന്റെ നല്ല കാ​ലം​കൊ​ണ്ടോ ചീ​ത്ത​ക്കാ​ലം​കൊ​ണ്ടോ പൊ​ന്തു​ക​യും താ​ഴു​ക​യു​മി​ല്ല. മനു​ഷ്യ​ജാ​തി​ക്കി​ട​യിൽ അവർ​ക്കു​ള്ള സഗൗ​ര​വ​ത്വം ശണ്ഠ​യി​ട​ലിൽ​നി​ന്നു് കു​റേ​ക്കൂ​ടി വലു​തായ ഒന്നിൽ​നി​ന്നു​ണ്ടാ​കു​ന്നു. അവ​രു​ടെ മാ​ന്യത, അവ​രു​ടെ പദവി, അവ​രു​ടെ അറി​വു്, അവ​രു​ടെ അസാ​ധാ​രണ ബു​ദ്ധി, ഇതൊ​ന്നും ആ ചൂതുകളിക്കാർ-​ധീരോദാത്തന്മാരും ലോകവിജയികളും-​ യു​ദ്ധ​ങ്ങ​ളാ​കു​ന്ന ഷോ​ട​തി​യിൽ ഇടു​ന്ന ചില നറു​ക്കു​ക​ള​ല്ല; അഹോ, നമു​ക്ക​തി​നു് ഈശ്വ​ര​നോ​ടു് നന്ദി പറയുക! പല​പ്പോ​ഴും യു​ദ്ധ​ത്തിൽ, തോല്മ പറ്റു​ന്നു; അഭി​വൃ​ദ്ധി കീ​ഴ​ട​ക്ക​പ്പെ​ടു​ന്നു. ബഹു​മ​തി കു​റ​യു​ന്നു, സ്വാ​ത​ന്ത്ര്യം വർ​ദ്ധി​ക്കു​ന്നു. യു​ദ്ധ​ഭേ​രി മി​ണ്ടാ​താ​കു​ന്നു; ആലോ​ച​നാ​ശ​ക്തി സം​സാ​രി​ക്കാൻ തു​ട​ങ്ങു​ന്നു. ആർ തോ​ല്ക്കു​ന്നു​വോ അവൻ ജയി​ക്കു​ന്ന​തായ ഒരു ചൂ​തു​ക​ളി​യാ​ണ​തു്. അതു​കൊ​ണ്ടു വാ​ട്ടർ​ലൂ​വി​ന്റെ രണ്ടു​ഭാ​ഗ​ത്തെ​പ്പ​റ്റി​യും ഞങ്ങൾ മൂ​ഖം​നോ​ക്കാ​തെ പറ​യ​ട്ടെ, ആക​സ്മി​ക​സം​ഭ​വ​ത്തി​ന​വ​കാ​ശ​പ്പെ​ട്ട​തെ​ന്തോ അതു് ആക​സ്മി​ക​സം​ഭ​വ​ത്തി​നു കൊ​ടു​ക്കുക; ഈശ്വ​ര​ന്ന​വ​കാ​ശ​പ്പെ​ട്ട​തെ​ന്തോ അതീ​ശ്വ​ര​നു​ന്നും. വാ​ട്ടർ​ലൂ എന്താ​ണു്? ഒരു ജയ​മാ​ണോ? അല്ല, ഷോ​ട​തി​യിൽ സമ്മാ​നം കി​ട്ടു​ന്ന അക്കം.

ഷോ​ട​തി​യിൽ സമ്മാ​ന​മു​ള്ള അക്ക​ങ്ങ​ള​ഞ്ചും യൂ​റോ​പ്പു കൈ​യി​ലാ​ക്കി; ഫ്രാൻ​സ് സംഖ്യ എണ്ണിക്കൊടുത്തു-​ഇത്രമാത്രം.

അവിടെ ഒരു സിം​ഹ​പ്ര​തിമ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടാൻ അർ​ഹ​ത​യി​ല്ല.

അത്ര​മാ​ത്ര​മ​ല്ല, ചരി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​യിൽ​വ​ച്ച് ഏറ്റ​വും അത്ഭു​ത​ക​ര​മായ ഒരു യു​ദ്ധ​മാ​ണു് വാ​ട്ടർ​ലൂ. നെ​പ്പോ​ളി​യ​നും വെ​ല്ലി​ങ്ട​നും. ഇവർ ശത്രു​ക്ക​ള​ല്ല; ഇവർ വി​പ​ര്യാ​യ​ങ്ങ​ളാ​ണു്; വി​രോ​ധാ​ല​ങ്കാ​ര​ങ്ങ​ളിൽ അത്യ​ധി​കം ഉത്സു​ക​നായ ഈശ്വ​രൻ ഇതി​ല​ധി​കം വി​സ്മ​യ​നീ​യ​മായ ഒരു വൈ​പ​രീ​ത്യ​പ​രി​ശോ​ധ​ന​യിൽ​ഇ​തി​ല​ധി​കം അസാ​ധാ​ര​ണ​മായ ഒരു താരതമ്യവിവേചനത്തിൽ-​ ഏർ​പ്പെ​ട്ടി​ട്ടി​ല്ല. ഒരു ഭാ​ഗ​ത്തു സൂ​ക്ഷ്മത, ദീർ​ഘ​ദൃ​ഷ്ടി, ക്ഷേ​ത്ര​ഗ​ണി​തം, കാ​ര്യ​ബോ​ധം, ഉറച്ച പിൻ​വാ​ങ്ങൽ, വാ​ശി​യേ​റിയ കൂ​സ​ലി​ല്ലാ​യ്മ​യോ​ടു​കൂ​ടി കരു​തി​വെ​ച്ച പിൻ​ബ​ലം, അക്ഷോ​ഭ്യ​മായ ഒരു വ്യ​വ​സ്ഥ, ചു​വ​ടു​നോ​ക്കു​ന്ന​തായ യു​ദ്ധ​നൈ​പു​ണ്യം, പട്ടാ​ള​ത്തി​ന്റെ നി​ല​യ്ക്കി​ള​ക്കം തട്ടി​ക്കാ​തെ നിർ​ത്തു​ന്ന സേ​നാ​വി​ന്യ​സ​ന​സാ​മർ​ഥ്യം, നി​യ​മ​ത്തെ അനു​സ​രി​ച്ചു ചെ​യ്യു​ന്ന കൂ​ട്ട​ക്കൊല, ക്ര​മ​പ്പെ​ടു​ത്തിയ യു​ദ്ധം, കൈ​യിൽ​ത്ത​ന്നെ ഘടി​കാ​രം, ആക​സ്മി​ക​സം​ഭ​വ​ത്തി​നു യാ​തൊ​ന്നും ഒഴി​ച്ചി​ടാ​യ്ക, പണ്ട​ത്തെ ഇതി​ഹാ​സ​ങ്ങ​ളിൽ വർ​ണി​ക്ക​പ്പെ​ട്ട ധൈ​ര്യം, തി​ക​ഞ്ഞ കണിശം; മറ്റേ ഭാ​ഗ​ത്തു സഹ​ജ​ജ്ഞാ​നം, മു​ന്ന​റി​വു്, യു​ദ്ധ​സം​ബ​ന്ധി​യായ വിഷമത, അമാ​നു​ഷ​മായ ജന്മ​വാ​സന, ഒരു തീ​പ്പ​റ​ക്കു​ന്ന നോ​ട്ടം, ഒരു കഴി​കി​നെ​പ്പോ​ലെ സൂ​ക്ഷി​ച്ചു നോ​ക്കു​ന്ന​തും മി​ന്ന​ലു​പോ​ലെ ചെ​ന്നു​കൊ​ള്ളു​ന്ന​തു​മായ എന്തോ ഒര​നിർ​വ​ച​നീ​യ​വ​സ്തു, അഹ​മ്മ​തി​യോ​ടു​കൂ​ടിയ സാ​ഹ​സ​ത്തിൽ ഒരു വല്ലാ​ത്ത സാ​മർ​ഥ്യം, അഗാ​ധ​ത​ര​മായ ഒരാ​ത്മാ​വി​ന്റെ എല്ലാ നി​ഗൂ​ഢ​ഭാ​ഗ​ങ്ങ​ളും, വി​ധി​യു​മാ​യു​ള്ള കൂട്ടുകെട്ട്-​അതേ, പു​ഴ​യേ​യും മൈ​താ​ന​ത്തേ​യും കാ​ട്ടു​പ്ര​ദേ​ശ​ത്തേ​യും കു​ന്നു​ക​ളേ​യും വി​ളി​ച്ചു​വ​രു​ത്തി നിർ​ബ​ന്ധി​ച്ച് തന്നി​ഷ്ടം പ്ര​വർ​ത്തി​പ്പി​ക്കൽ, യു​ദ്ധ​ക്ക​ള​ത്തിൽ​ക്കൂ​ടി​യും തോ​ന്നി​യ​തു കാ​ണി​ക്കാൻ മാ​ത്രം പോന്ന സ്വേ​ച്ഛാ​ധി​കാ​രി​ത്വം; യു​ദ്ധ​സാ​മർ​ഥ്യ​പ​ര​മായ പ്ര​കൃ​തി​ശാ​സ്ത്ര​ത്തോ​ടു കൂടിച്ചേർന്ന-​ അതിനെ ഉയർ​ത്തു​ന്ന​തും എന്നാൽ കലക്കിത്തീർക്കുന്നതുമായ-​ ഒരു ദൈ​വ​യോ​ഗ​വി​ശ്വാ​സം. യു​ദ്ധ​ത്തി​ന്റെ ബറീം ആയി​രു​ന്നു വെ​ല്ലി​ങ്ടൻ; നെ​പ്പോ​ളി​യ​നാ​ക​ട്ടേ അതി​ന്റെ മൈ​ക്കേൽ ഏൻ​ജെ​ലോ​വും. ഈ സന്ദർ​ഭ​ത്തിൽ ഗണി​ത​വി​ദ്യ അതി​ബു​ദ്ധി​യെ കീ​ഴ്പെ​ടു​ത്തി. രണ്ടു ഭാ​ഗ​ക്കാ​രും ഓരോ​രു​ത്ത​രെ കാ​ത്തി​രു​ന്നു. ശരി​ക്കു കണ​ക്കു കൂ​ട്ടി​യ​താ​രോ അയാൾ ജയി​ച്ചു. നെ​പ്പോ​ളി​യൻ ഗ്രൂ​ഷി​യെ കാ​ത്തി​രു​ന്നു; അയാൾ വന്നി​ല്ല. വെ​ല്ലി​ങ്ടൻ ബ്ളൂ​ഷേ​രു​ടെ വരവു കാ​ത്തു; അയാൾ വന്നു.

പണ്ട​ത്തെ യു​ദ്ധ​രീ​തി ചെ​യ്തു പക​രം​വീ​ട്ട​ലാ​ണു് വെ​ല്ലി​ങ്ടൻ. ആദ്യ​കാ​ല​ത്തു നെ​പ്പോ​ളി​യൻ ഇറ്റ​ലി​യിൽ വെ​ച്ച് അദ്ദേ​ഹ​ത്തോ​ടെ​തി​രി​ട്ടു, തി​ക​ച്ചും മണ്ണു കപ്പി​ച്ചു. വൃ​ദ്ധ​നായ കൂമൻ, കു​ട്ടി​യായ കഴു​കി​നു മുൻ​പിൽ പു​റം​തി​രി​ഞ്ഞു പറ​പ​റ​ന്നു. പഴയ യു​ദ്ധ​ച്ച​ട​ങ്ങി​നു് ഇടി​കൊ​ണ്ട​തു​പോ​ലെ​യാ​യി; എന്നു മാ​ത്ര​മ​ല്ല, തല താണു. ആ ഇരു​പ​ത്താ​റു വയ​സ്സു​ള്ള കോർ​സി​ക്ക​ക്കാ​രൻ ആരാ​ണു്? സക​ല​വും തനി​ക്കു പ്ര​തി​ക്കു​ല​മാ​യി, തനി​ക്ക​നു​കൂ​ല​മാ​യി യാ​തൊ​ന്നു​മി​ല്ലാ​തെ, ഭക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ല്ലാ​തെ, വെ​ടി​മ​രു​ന്നി​ല്ലാ​തെ, പീ​ര​ങ്കി​ക​ളി​ല്ലാ​തെ, പാ​ദ​ര​ക്ഷ​ക​ളി​ല്ലാ​തെ, ഏതാ​ണ്ടു സൈ​ന്യം​കൂ​ടി​യി​ല്ലാ​തെ, അസം​ഖ്യം ആളു​ക​ളോ​ടു് ഒരു കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന ഭട​ന്മാ​രെ വെ​ച്ചു​കൊ​ണ്ടു്, ഒന്നി​ച്ചു​കൂ​ടിയ യൂ​റോ​പ്പി​നു മു​ഴു​വ​നും നേരെ നിർ​ദ്ദാ​ക്ഷി​ണ്യ​മാ​യി തന്നെ​ത്ത​ന്നെ വലി​ച്ചെ​റി​യു​ക​യും തി​ക​ച്ചും അസാ​ധ്യ​മായ സ്ഥ​ല​ത്തു് എങ്ങ​നെ​യോ കട​ന്നു​കേ​റി ജയം നേ​ടു​ക​യും ചെയ്ത ആ മഹാ​നായ ശു​ദ്ധ​മ​ന്തൻ എന്തു സൂ​ചി​പ്പി​ച്ചു? ഒരി​ക്കൽ ശ്വാ​സം കഴി​ക്കാൻ​കൂ​ടി നി​ല്ക്കാ​തെ, അതേ നി​ല​യ്ക്കു​ള്ള ചില യു​ദ്ധ​ഭ​ട​ന്മാ​രെ​യും കൈ​യിൽ​വെ​ച്ച്, ഒന്നു കഴി​ഞ്ഞൊ​ന്നാ​യി, ജർ​മൻ​ച​ക്ര​വർ​ത്തി​യു​ടെ അഞ്ചു സൈ​ന്യ​വ​കു​പ്പു​ക​ളെ തട​വി​ലാ​ക്കി​വി​ട്ട ആ ഇടി​മു​ഴ​ങ്ങു​ന്ന ശാ​സ​ന​ക​ളോ​ടു​കൂ​ടിയ തട​വു​പു​ള്ളി എവി​ടെ​നി​ന്നു​ദി​ച്ചു? ഒരു വി​ജ്ഞാ​ന​സൂ​ര്യ​ന്റെ ധി​ക്കാ​ര​ത്തോ​ടു​കൂ​ടിയ ഈ യു​ദ്ധ​ത്തെ​പ്പ​യ​റ്റ​റി​യാ​ത്ത​വൻ ആരാ​ണു്? യു​ദ്ധ​സ​മ്പ്ര​ദാ​യം പഠി​പ്പി​ക്കു​ന്ന സർ​വ​ക​ലാ​ശാല അയാൾ​ക്കു ഭ്ര​ഷ്ടു് കല്പി​ച്ചു; അതൊ​ടു​കൂ​ടി അതി​ന്റെ തറ പു​ഴു​ങ്ങി; പണ്ട​ത്തെ ‘സീസർ’ യു​ദ്ധ​സ​മ്പ്ര​ദാ​യ​ത്തി​നു പു​തി​യ​തി​നോ​ടു​ണ്ടായ എന്തെ​ന്നി​ല്ലാ​ത്ത ദ്വേ​ഷം അതിൽനിന്നാണ്-​ അതേ, സാ​ധാ​ര​ണ​മായ വാ​ളി​നു തീ​പ്പ​റ​ക്കു​ന്ന വാ​ളി​നോ​ടു​ള്ള ദ്വേ​ഷം; ഭണ്ഡാ​ര​ത്തി​നു ബു​ദ്ധി​ശ​ക്തി​യു​ടെ നേ​രെ​യു​ള്ള​തു്. 1815 ജൂൺ 18-ആം തി​യ്യ​തി നാൾ ആ കൊടും പക പകരം ചോ​ദി​ച്ചു; ലോഡി, [36] മോൺട് ബെ​ല്ലോ, [36] മോൺ​ടി​നോ​ട് [36] മാൻ​ച്വ, [36] ആർ​ക്കോള [36] എന്നീ യു​ദ്ധ​ങ്ങൾ​ക്കു ചു​വ​ട്ടിൽ അതെ​ഴു​തി​യി​ട്ടു. ‘വാ​ട്ടർ​ലൂ.’ അധി​ക​ജ​ന​ങ്ങൾ​ക്കും രു​ചി​ക​ര​മായ ഇട​ത്ത​ര​ക്കാ​രു​ടെ ജയം. ഈ കപ​ട​നാ​ട്യ​ത്തി​നു് ഈശ്വ​രാ​ജ്ഞ അനു​വാ​ദം കൊ​ടു​ത്തു. തന്റെ അധ:പത​ന​ത്തിൽ നെ​പ്പോ​ളി​യൻ ചെറിയ വേം​സ​റെ പി​ന്നേ​യും മുൻ​പിൽ കണ്ടു.

വാ​സ്ത​വം നോ​ക്കി​യാൽ വേം​സ​റെ കി​ട്ടു​വാൻ വെ​ല്ലി​ങ്ട​ന്റെ തല​മു​ടി​യൊ​ന്നു വെ​ളു​പ്പി​ച്ചാൽ മതി.

ഒന്നാം​ത​ര​ത്തി​ലു​ള്ള ഒരു യു​ദ്ധം രണ്ടാം​ത​ര​ത്തി​ലു​ള്ള ഒരു സേ​നാ​പ​തി ജയി​ച്ച​താ​ണു് വാ​ട്ടർ​ലൂ.

വാ​ട്ടർ​ലൂ യു​ദ്ധ​ത്തിൽ അഭി​ന​ന്ദ​നീ​യ​മാ​യി​ട്ടു​ള്ള​തു് ഇം​ഗ്ല​ണ്ടാ​ണു്: ഇം​ഗ്ലീ​ഷ് സൈ​ഥ​ര്യം: ഇം​ഗ്ലീ​ഷ് ദൃഢത, ഇം​ഗ്ലീ​ഷ് ധൈ​ര്യം; അവി​ടെ​യു​ണ്ടാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​ലെ ശ്രേഷ്ഠവസ്തു-​ ഞങ്ങൾ ആ രാ​ജ്യ​ത്തെ മുഷിപ്പിക്കുകയല്ല-​ഇംഗ്ലണ്ടു് തന്നെ​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്റെ സൈ​ന്യാ​ധി​പ​ന​ല്ല; ഇം​ഗ്ല​ണ്ടി​ന്റെ സൈ​ന്യം.

തന്റെ സൈ​ന്യം 1815 ജൂൺ 18-ാം തി​യ്യ​തി യു​ദ്ധം ചെയ്ത ആ സൈ​ന്യം ‘ഒര​റ​യ്ക്ക​ത്ത സൈന്യ’മാ​യി​രു​ന്നു എന്നു വെ​ല്ലി​ങ്ടൻ ലോർഡ് ബാ​ത്തർ​സ്റ്റി​ന്നു​ള്ള ഒരു കത്തിൽ, എന്തെ​ന്നി​ല്ലാ​ത്ത കൃ​ത​ഘ്ന​ത​യോ​ടു​കൂ​ടി പറ​ഞ്ഞു​ക​ള​ഞ്ഞു. വാ​ട്ടർ​ലൂ​വി​ലെ ഉഴ​വു​ചാ​ലു​കൾ​ക്കു ചു​വ​ട്ടിൽ കു​ഴി​ച്ചു​മൂ​ട​പ്പെ​ട്ട ആ ദു:ഖമ​യ​മായ മനു​ഷ്യാ​സ്ഥി​സ​ങ്ക​ല​നം അതി​നെ​പ്പ​റ്റി എന്തു വി​ചാ​രി​ക്കു​ന്നു?

വെ​ല്ലി​ങ്ട​ന്റെ കാ​ര്യ​ത്തിൽ ഇം​ഗ്ല​ണ്ടു് വേ​ണ്ട​തി​ല​ധി​കം വിനയം കാ​ണി​ച്ചു. വെ​ല്ലി​ങ്ട​നെ അത്ര​മേൽ വലു​താ​ക്കു​ന്ന​തു് ഇം​ഗ്ല​ണ്ടി​നെ ചെ​റു​താ​ക്കു​ക​യാ​ണു്. മറ്റു പല​രു​മു​ള്ള​തു​പോ​ലെ ഒരു യു​ദ്ധ​വീ​രൻ വെ​ല്ലി​ങ്ട​നും എന്നേ ഉള്ളൂ. ആ സ്കോ​ച്ച് ഭട​ന്മാർ, ആ അശ്വാ​രൂ​ഢ​മായ രക്ഷി​സം​ഘം, ആ മെ​യ്റ്റു് ലാൻ​ഡി​ന്റേ​യും മി​ച്ച​ലി​ന്റേ​യും സൈ​ന്യ​വ​കു​പ്പു​കൾ, ആ പ്യാ​ക്കി​ന്റേ​യും കെം​റ്റി​ന്റേ​യും കാ​ലാ​ളു​കൾ, ആ പോൺ​സൺ​ബി​യു​ടേ​യും സോ​മർ​സെ​റ്റി​ന്റേ​യും കു​തി​ര​പ്പ​ട്ടാ​ളം. വെ​ടി​യു​ണ്ട​കൾ മഴ​പോ​ലെ വന്നു​ചൊ​രി​യു​മ്പോൾ അതി​നു​ള്ളി​ലി​രു​ന്നു പണ്ട​ത്തെ യു​ദ്ധ​ഗാ​ന​ങ്ങൾ പാടിയ ആ സ്കോ​ട്ട്ലാ​ണ്ടി​ലെ നാ​ട്ടു​പു​റ​ത്തു​കാർ, ആ റ്റെ​ലാൻ​ഡി​ന്റെ പട്ടാ​ള​ങ്ങൾ, ഒരു തോ​ക്കെ​ടു​ത്തു ചൂ​ണ്ടേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന​റി​ഞ്ഞു​കൂ​ടാ​തെ എസ്ലി​ങ്ങി​ന്റേ​യും റി​വോ​ളി​യു​ടേ​യും പഴയ ഭട​സം​ഘ​ങ്ങ​ളോ​ടു മാ​റി​ട്ടു​നി​ന്ന ആ വെറും ബാലന്മാർ-​ ഇതൊ​ക്കെ​യാ​ണു് മഹ​ത്ത​രം. വെ​ല്ലി​ങ്ടൻ നല്ല ഉറ​പ്പു​ള്ളാ​ളാ​ണു്; അതി​ലാ​ണു് അദ്ദേ​ഹ​ത്തി​ന്റെ ഗു​ണ​മി​രി​ക്കു​ന്ന​തു്; അതിനെ ഞങ്ങൾ കു​ര​യ്ക്ക​ണ​മെ​ന്നു വി​ചാ​രി​ക്കു​ന്നി​ല്ല; പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ കാ​ലാ​ളൂ​ക​ളി​ലും കു​തി​ര​പ്പ​ട​യാ​ളി​ക​ളി​ലും വെ​ച്ച് എത്ര നി​സ്സാ​ര​വും അദ്ദേ​ഹ​ത്തെ​പ്പോ​ലെ​ത​ന്നെ ഉറ​ച്ചു​നി​ല്ക്കു​മാ​യി​രു​ന്നു. ഇരി​മ്പൻ​ഭ​ട​നും ‘ഇരി​മ്പൻ​ഡ്യൂ​ക്കി’ നെ​പ്പോ​ലെ​ത്ത​ന്നെ വി​ല​യു​ള്ളൊ​ന്നാ​ണു്. ഞങ്ങ​ളെ​സ്സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ, ഞങ്ങൾ ബഹു​മാ​നി​ക്കു​ക​യെ​ല്ലാം ഇം​ഗ്ലീ​ഷ് ഭട​നെ​യാ​ണ്ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തെ, ഇം​ഗ്ലീ​ഷ് ജന​സം​ഘ​ത്തെ. ജയ​സ്മാ​ര​കം പ്ര​തി​ഷ്ഠി​ക്കു​ക​യാ​ണെ​ങ്കിൽ, അതു് ഇം​ഗ്ല​ണ്ടി​ന്നാ​ണു് വേ​ണ്ട​തു്. വാ​ട്ടർ​ലൂ​വി​ലു​ള്ള ജയ​സ്തം​ഭ​ത്തി​നു മു​ക​ളിൽ ഒരു മനു​ഷ്യ​ന്റെ രൂ​പ​ത്തി​നു പകരം ഒരു രാ​ജ്യ​ക്കാ​രു​ടെ പ്ര​തി​മ​യാ​ണു് ഉയ​ര​ത്തിൽ കൊ​ത്തി​വെ​ച്ചി​രു​ന്ന​തെ​ങ്കിൽ, കു​റേ​ക്കൂ​ടി ഉചി​ത​മാ​യേ​നേ.

പക്ഷേ, ഈ മഹ​ത്തായ ഇം​ഗ്ല​ണ്ടു് ഞങ്ങൾ ഇവിടെ പറ​യു​ന്ന​തു കേ​ട്ടാൽ ശു​ണ്ഠി​യെ​ടു​ക്കും. ഇം​ഗ്ല​ണ്ടി​നു സ്വ​ന്ത​മാ​യു​ള്ള 1688-ഉം [37] നമ്മു​ടേ​തായ 1789-ഉം [38] ഇരു​ന്നി​ട്ടും, ഇന്നു പ്ര​ഭു​ത്വ​ബ​ഹു​മാ​ന​മാ​കു​ന്ന ആ മായ വി​ട്ടു​പോ​യി​ട്ടി​ല്ല. വം​ശ​പാ​ര​മ്പ​ര്യ​ത്തി​ലും പൗ​രോ​ഹി​ത്യാ​ധി​കാ​ര​ത്തി​ലും അതു വി​ശ്വ​സി​ക്കു​ന്നു. ശക്തി​യി​ലും മാ​ന്യ​ത​യി​ലും മറ്റാ​രാ​ലും കവ​ച്ചു​വെ​ക്ക​പ്പെ​ടാ​ത്ത ഈ രാ​ജ്യ​ക്കാർ, ഒരു രാ​ജ്യ​ക്കാ​രാ​യി​ട്ടി​ല്ല; ഒരു രാ​ഷ്ട്രീ​യ​സ​മു​ദാ​യ​ക്കാ​രാ​യി​ട്ടാ​ണു് തങ്ങ​ളെ കരു​തു​ന്ന​തു്. ഒരു രാ​ജ്യ​ക്കാർ എന്ന നി​ല​യിൽ അവർ സ്വ​മ​ന​സ്സോ​ടെ, കീ​ഴ്‌​വ​ണ​ങ്ങു​ക​യും തങ്ങ​ളു​ടെ ഏജ​മാ​ന​നാ​യി ഒരു പ്ര​ഭു​വി​നെ സ്വീ​ക​രി​ക്കു​ക​യു​ക​യും ചെ​യ്യു​ന്നു. ഒരു തൊ​ഴി​ലാ​ളി എന്ന നി​ല​യിൽ, സ്വയം പു​ച്ഛി​ക്ക​പ്പെ​ടു​വാൻ ഇം​ഗ്ല​ണ്ടു് സമ്മ​തി​ക്കു​ന്നു; ഒരു പട​യാ​ളി എന്ന നി​ല​യിൽ, സ്വയം മു​ക്കാ​ലി​ന്മേൽ കെ​ട്ടി​യി​ട്ട​ടി​ക്ക​പ്പെ​ടു​വാൻ അതു സമ്മ​തി​ക്കു​ന്നു.

ഇൻ​കെർ​മാ​നി​ലെ യു​ദ്ധ​ത്തിൽ സൈ​ന്യ​ത്തെ മു​ഴു​വ​നും രക്ഷി​ച്ച​താ​യി​ക്കാ​ണു​ന്ന ഒരു ‘സർ​ജ്ജ​ന്റി’ന്റെ പേർ, പ്ര​ധാ​നോ​ദ്യോ​ഗ​സ്ഥ​നിൽ​നി​ന്നു താ​ഴെ​യു​ള്ള ആരെ​യും യു​ദ്ധ​വീ​ര​ന്റെ നി​ല​യിൽ വി​വ​ര​ണ​ക്കു​റി​പ്പിൽ ചേർ​ക്കു​വാൻ ഇം​ഗ്ല​ണ്ടി​ലെ സൈ​നി​ക​പ്ര​ഭു​ത്വം അനു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടു്, എടു​ത്തു​പ​റ​യു​വാൻ ലോർഡ് റാ​ഗ്ലി​ന്നു നി​വൃ​ത്തി​യി​ല്ലാ​തെ​പോ​യ​തു് ഇവിടെ സ്മ​ര​ണീ​യ​മാ​ണു്.

വാ​ട്ടർ​ലൂ​പോ​ലെ​യു​ള്ള ഒരു യു​ദ്ധ​ത്തിൽ ഞങ്ങൾ മറ്റെ​ല്ലാ​റ്റി​ലും​വെ​ച്ച​ധി​കം അഭി​ന​ന്ദി​ക്കു​ന്ന​തു് യദൃ​ച്ഛാ​സം​ഭ​വ​ത്തി​ന്റെ അത്ഭു​ത​ക​ര​മായ ഒരു സാ​മർ​ഥ്യ​മാ​ണു്. രാ​ത്രി ഒരു മഴ, ഹൂ​ഗോ​മോ​ങ്ങി​ലെ മതിൽ, ഒഹെ​ങ്ങി​ലെ കു​ണ്ടു​വ​ഴി, പീ​ര​ങ്കി​യൊ​ച്ച കേൾ​ക്കാ​തെ​പോയ ഗ്രൂ​ഷി, നെ​പ്പോ​ളി​യ​ന്റെ വഴി അദ്ദേ​ഹ​ത്തെ വഞ്ചി​ച്ച​തു, ബ്ല്യൂ​ളോ​വി​ന്റെ വഴി​കാ​ട്ടി അയാളെ സഹായിച്ചത്-​ ഈ അത്യാ​പ​ത്തു് മു​ഴു​വ​നും എത്ര ഭം​ഗി​യിൽ വരു​ത്തി​ക്കൂ​ട്ടി​യി​രി​ക്കു​ന്നു!

എല്ലാം​കൂ​ടി, ഞങ്ങൾ തു​റ​ന്നു​പ​റ​യ​ട്ടെ, വാ​ട്ടർ​ലൂ​വി​ലു​ണ്ടാ​യ​തു് ഒരു യു​ദ്ധ​ത്തെ​ക്കാ​ള​ധി​കം ഒരു കൂ​ട്ട​ക്കൊ​ല​യാ​ണു്.

സേ​ന​ക​ളെ ഉറ​പ്പി​ച്ചു​നിർ​ത്തി​യി​ട്ടു​ള്ള യു​ദ്ധ​ങ്ങ​ളി​ലെ​ല്ലാം​വെ​ച്ച്, അത്ര​യു​മ​സം​ഖ്യം പോ​രാ​ളി​കൾ​ക്കു​കൂ​ടി അത്ര​യും കു​റ​ച്ചു സ്ഥലം ഉപ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒന്നേ ഒന്നു വാ​ട്ടർ​ലൂ​വാ​ണു്. നെ​പ്പോ​ളി​യൻ മു​ക്കാൽ​ക്കാ​ത​മേ എടു​ത്തി​രു​ന്നു​ള്ളൂ; വെ​ല്ലി​ങ്ടൻ അര​ക്കാ​തം; ഓരോ ഭാ​ഗ​ത്തു് എഴു​പ​ത്തീ​രാ​യി​രം പോ​രാ​ളി​ക​ളും. ഈ ഇട​തൂർ​മ​യിൽ​നി​ന്നാ​ണു് കൂ​ട്ട​ക്കൊല പു​റ​പ്പെ​ട്ട​തു്.

താഴെ കാ​ണു​ന്ന കണ​ക്കു തിട്ടപ്പെടുത്തിയിരിക്കുന്നു-​ആൾനഷ്ടം; ഓസ്കർ​ലി​ത്സു് യു​ദ്ധ​ത്തിൽ, ഫ്രാൻ​സു​കാർ​ക്കു നൂ​റ്റു​ക്കു പതി​ന്നാ​ലു്; റഷ്യ​ക്കാർ​ക്കു നൂ​റ്റു​ക്കു മു​പ്പ​തു്; ആസ്ട്രി​യ​ക്കാർ​ക്കു നൂ​റ്റു​ക്കു നാ​ല്പ​ത്തി​നാ​ലു്. വാ​ഗ്രാം [39] യു​ദ്ധ​ത്തിൽ ഫ്രാൻ​സു​കാർ​ക്കു നൂ​റ്റു​ക്കു പതി​മ്മൂ​ന്നു്; ആസ്ത്രി​യ​ക്കാർ​ക്കു നൂ​റ്റു​ക്കു പതി​ന്നാ​ലു്; മോ​സ്കോ​വാ​യു​ദ്ധ​ത്തിൽ ഫ്രാൻ​സു​കാർ​ക്കു നൂ​റ്റു​ക്കു മു​പ്പ​ത്തേ​ഴു്; റഷ്യ​ക്കാർ​ക്ക് നാ​ല്പ​ത്തി​നാ​ലു്. ബോ​ട്സൻ [40] യു​ദ്ധ​ത്തിൽ ഫ്രാൻ​സു​കാർ​ക്കു നൂ​റ്റു​ക്കു പതി​മ്മൂ​ന്നു്; റഷ്യ​ക്കാർ​ക്കും പ്ര​ഷ്യ​ക്കാർ​ക്കും​കൂ​ടി നൂ​റ്റു​ക്കു പതി​ന്നാ​ലു്. വാ​ട്ടർ​ലൂ​വിൽ, ഫ്രാൻ​സു​കാർ​ക്കു നൂ​റ്റു​ക്ക് അമ്പ​ത്താ​റു്. എതിർ​ഭാ​ഗ​ക്കാർ​ക്കു മു​പ്പ​ത്തൊ​ന്നു്. വാ​ട്ടർ​ലൂ​വിൽ ആകെ, നൂ​റ്റു​ക്കു നാ​ല്പ​ത്തൊ​ന്നു്; ആകെ ഒരു ലക്ഷ​ത്തി​നാ​ല്പ​ത്തി​നാ​ലാ​യി​രം പോ​രാ​ളി​കൾ; അറു​പ​തി​നാ​യി​രം പേർ മരി​ച്ചു.

ഇന്നാ​ക​ട്ടെ, ഭൂ​മി​യു​ടെ ശാ​ന്തത, മനു​ഷ്യ​ന്നു​ള്ള ഉദാ​സീ​ന​മായ സഹാ​യ്യം, വാ​ട്ടർ​ലൂ​യു​ദ്ധ​സ്ഥ​ല​ത്തു കാ​ണ​പ്പെ​ടു​ന്നു; അതു മറ്റെ​ല്ലാ മൈ​താ​ന​ങ്ങ​ളു​ടേ​യും മട്ടി​ലി​രി​ക്കു​ന്നു.

അത്ര​മാ​ത്ര​മ​ല്ല, രാ​ത്രി​സ​മ​യ​ത്തു് ഒരു​ത​രം മനോ​രാ​ജ്യ​ക്കാ​രായ മൂ​ടൽ​മ​ഞ്ഞ് ആ വെ​ളി​മ്പ​റ​മ്പിൽ​നി​ന്നു പു​റ​പ്പെ​ടും; അതിലെ ഒരു പാനഥൻ സഞ്ച​രി​ക്കു​ന്നു എങ്കിൽ, അയാൾ ചെ​വി​യോർ​ത്തു​നോ​ക്കു​ന്നു എങ്കിൽ, അയാൾ സൂ​ക്ഷി​ച്ചു​നോ​ക്കു​ന്നു എങ്കിൽ, അപാ​യ​ക​ര​മായ ഫി​ലി​പ്പി​യി​ലെ മൈ​താ​ന​ത്തി [41] വേർജി [42] എന്ന​പോ​ലെ അയാൾ മന​സ്സു​കൊ​ണ്ടു സ്വ​പ്നം കാ​ണു​ന്നു എങ്കിൽ, അവിടെ വെ​ച്ചു​ന്റായ അത്യാ​പ​ത്തി​നെ​സ്സം​ബ​ന്ധി​ച്ച് ഒരു മന:ക്ഷോ​ഭം അയാളെ കട​ന്നു ബാ​ധി​ച്ചു​പോ​കും. ആ ഭയ​ങ്ക​ര​മായ 1815 ജൂൺ 15-ആം തി​യ്യ​തി വീ​ണ്ടും ഉയിർ​ത്തെ​ഴു​ന്നേ​ല്ക്കു​ന്നു; കൃ​ത്രി​മ​മായ ആ ജയ​സ്മാ​ര​ക​മെ​ന്നു് അതാ, അന്തർ​ദ്ധാ​നം ചെ​യൂ​ന്നു; സിം​ഹ​പ്ര​തിമ വാ​യു​മ​ണ്ഡ​ല​ത്തിൽ ലയി​ക്കു​ന്നു; യു​ദ്ധ​ഭൂ​മി അതി​ന്റെ വാ​സ്ത​വ​സ്ഥി​തി കൈ​ക്കൊ​ള്ളു​ന്നു; കാ​ലാൾ​പ്പ​ട​ക​ളു​ടെ അണി​നി​ര​പ്പു​കൾ മൈ​താ​ന​ത്തിൽ ഓളം​മ​റി​യു​ന്നു; ഭയ​ങ്ക​ര​ങ്ങ​ളായ കു​തി​ര​ക്കു​ള​മ്പ​ടി​കൾ ചക്ര​വാ​ള​ന്ത​ത്തെ ചവി​ട്ടി​ക്ക​ട​ക്കു​ന്നു; ആ ഭയ​പ്പെ​ട്ടു​പോയ മനോ​രാ​ജ്യ​ക്കാ​രൻ വാ​ളു​ക​ളു​ടെ മി​ന്നി​ച്ച​യും കു​ന്ത​ങ്ങ​ളു​ടെ തി​ള​ക്ക​വും തി​യ്യു​ണ്ട​ക​ളു​ടെ പാ​ളി​ച്ച​യും ഇടി​മു​ഴ​ക്ക​ങ്ങ​ളു​ടെ വമ്പി​ച്ച സങ്ക​ല​ന​വും കണ്ണു​കൊ​ണ്ടു കാ​ണു​ന്നു; ഒരു ശവ​ക്ക​ല്ല​റ​യു​ടെ അഗാ​ധ​ഭാ​ഗ​ങ്ങ​ളി​ലെ മര​ണ​ത്തി​ന്റെ ചി​ല​മ്പി​ച്ച, യു​ദ്ധ​പ്രേ​ത​ത്തി​ന്റെ അസ്പ​ഷ്ട​മായ നി​ല​വി​ളി എന്നു​ത​ന്നെ പറ​യ​ട്ടെ, അയാൾ കേൾ​ക്കു​ന്നു; ആ നി​ഴ​ലു​ക​ളൊ​ക്കെ പട​യാ​ളി​ക​ളാ​ണു്. ആ വെ​ളി​ച്ച​ങ്ങ​ളൊ​ക്കെ കവ​ച​ധാ​രി​ഭ​ട​ന്മാ​രാ​ണു്; ആ അസ്ഥി​കൂ​ടം നെ​പ്പോ​ളി​യൻ, മറ്റേ അസ്ഥി​കൂ​ടം വെ​ല്ലി​ങ്ടൻ; ഇതൊ​ന്നും ഇപ്പോ​ളി​ല്ല. എങ്കി​ലും അവ കൂ​ട്ടി​മു​ട്ടു​ക​യും അപ്പോ​ഴും ശണ്ഠ​യി​ടു​ക​യും ചെ​യ്യു​ന്നു; എന്ന​ല്ല, മല​മ്പി​ളർ​പ്പു​ക​ളെ​ല്ലാം രക്ത​വർ​ണ​മാ​കു​ന്നു; മര​ങ്ങൾ നി​ന്നു തു​ള്ളി​ത്തു​ട​ങ്ങു​ന്നു; മേ​ഘ​ങ്ങ​ലി​ലും നി​ഴ​ലു​ക​ളി​ലും​കൂ​ടി ലഹ​ള​ത​ന്നെ; ആ ഭയ​ങ്ക​ര​ങ്ങ​ളായ കു​ന്നു​കൾ, ഹൂ​ഗോ​മോ​ങ്ങ്, മോൺ​സാ​ങ്ങ്ഴാ​ങ്ങ്, ഫ്രീ​മോ​ങ്ങ്, പാ​പ്പി​ല​ത്തു്, പ്ലാൻ​സ്ന്വാ എല്ലാം തമ്മിൽ​ത്ത​മ്മിൽ കൊ​ന്നു​ക​ള​യാൻ ഏർ​പ്പെ​ട്ട പലേ പ്രേ​ത​മ​യ​ങ്ങ​ളായ കൊ​ടു​ങ്കാ​റ്റു​ക​ളെ​ക്കൊ​ണ്ടു സമ്മി​ശ്ര​മാ​യ​വി​ധം മു​ടി​ചൂ​ടി നി​ല്ക്കു​ക​യാ​ണെ​ന്നു തോ​ന്നി​പ്പോ​കു​ന്നു.

കു​റി​പ്പു​കൾ

[34] ഒരു യു​ദ്ധം അവ​സാ​നി​ക്കൽ, ഒരു കാ​ര്യം മു​ഴി​മി​ക്കൽ, അബ​ദ്ധ​പ്ര​വൃ​ത്തി​ക​ളെ ശരി​യാ​ക്കൽ, നാ​ളെ​യ്ക്ക് അത്ഭു​ത​പൂർ​വ്വ​ങ്ങ​ളായ ജയ​ങ്ങ​ലെ ഉറപ്പിക്കൽ-​ ഒരു നി​മി​ഷ​ത്തു​ണ്ടായ ആ പരി​ഭ്ര​മം ഇതെ​ല്ലാം തകരാറാക്കി-​നെപ്പോളിയൻ (Dietles de Sainte Heldne) പറ​ഞ്ഞി​രി​ക്കു​ന്നു.

[35] ഒരു ഫ്ര​ഞ്ച് സേ​നാ​പ​തി. ഇദ്ദേ​ഹം ചരി​ത്ര​കാ​ര​നും യു​ദ്ധ​സം​ബ​ന്ധി​യായ പല ഗ്ര​ന്ഥ​ങ്ങൾ എഴു​തിയ ആളു​മാ​ണു്. ‘യു​ദ്ധ​കല’ എന്ന പു​സ്ത​കം അതി​പ്ര​സി​ദ്ധം.

[36] നെ​പ്പോ​ളി​യ​ന്നു ശത്രു​ക്ക​ളു​ടെ മേൽ പരി​പൂർ​ണ്ണ ജയം കി​ട്ടിയ യു​ദ്ധ​ങ്ങൾ.

[37] ഇം​ഗ്ല​ണ്ടി​ലെ പൊ​തു​ജ​ന​ങ്ങൾ​ക്ക് ഇന്നു​ള്ള എല്ലാ അധി​കാ​ര​ങ്ങ​ളും മു​ള​യി​ട്ട​തു് ഈ കൊ​ല്ല​ത്തി​ലാ​ണു്. അവി​ട​ത്തെ രാ​ജ്യ​ഭ​രണ ചരി​ത്ര​ത്തിൽ 1688 എന്നെ​ന്നും സ്മ​ര​ണീ​യ​മ​ത്രേ.

[38] ഫ്രാൻ​സി​ലെ ഭര​ണ​പ​രി​വർ​ത്ത​നം 1769-​ലാണു് ആരം​ച്ച​തു്.

[39] ആസ്ട്രി​യ​യി​ലെ ഒരു കു​ഗ്രാ​മ​മായ ഇവി​ടെ​വെ​ച്ചു നെ​പ്പോ​ളി​യൻ 1739-ൽ ആസ്ത്രി​യ​ക്കാ​രെ തോ​ല്പി​ച്ചു വി​ട്ടു.

[40] ജർ​മ്മ​നി​യി​ലെ ഈ പട്ട​ണ​ത്തിൽ​വെ​ച്ചു ഫ്രാൻ​സു് റഷ്യ​യേ​യും പ്ര​ഷ്യ​യെ​യും പരാ​ജ​യ​പ്പെ​ടു​ത്തി: 1813.

[41] ഇവി​ടെ​വ​ച്ചാ​ണു് ക്രി​സ്ത്വാ​ബ്ദ​ത്തി​നു 42 കൊ​ല്ലം മി​മ്പു് ഓഗ​സ്റ്റ​സ്സും ആന്റ​ണി​യും​കൂ​ടി ബ്രൂ​ട്ട​സ്സി​നൃ​യും കാ​സ്സി​യ​സ്സി​നേ​യും തോ​ല്പി​ച്ച​തു്.

[42] റോമിൽ ഉണ്ടാ​യി​രു​ന്ന മഹാ​ക​വി.

2.1.16
വാ​ട്ടർ​ലൂ നന്നാ​യി എന്നാ​ണോ വി​ചാ​രി​ക്കേ​ണ്ട​ത്

വാ​ട്ടർ​ലൂ​വി​നെ​പ്പ​റ്റി ദ്വേ​ഷം വി​ചാ​രി​ക്കാ​ത്ത​വ​രാ​യി വളരെ മാ​ന്യത കൂടിയ ഒര​ഭി​പ്രാ​യ​ഭേ​ദ​ക്കാർ ഇന്നു​ണ്ടു്. ഞങ്ങൾ ആ കൂ​ട്ട​ത്തിൽ ചേർ​ന്നി​ട്ടി​ല്ല. ഞങ്ങ​ളെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം, വാ​ട്ടർ​ലൂ എന്ന​തു സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അമ്പ​ര​പ്പു​ദി​വ​സം മാ​ത്ര​മാ​ണു്. അത്ത​രം മു​ടു​ക​യിൽ​നി​ന്നു് അത്ത​രം ഒരു കഴുകു പു​റ​ത്തു​വ​ന്ന​തു നി​ശ്ച​യ​മാ​യും അപ്ര​തീ​ക്ഷി​തം​ത​ന്നെ.

ആ വാ​ദ​ത്തിൽ ഒര​ത്യു​ന്ന​ത​സ്ഥാ​ന​ത്തു കയ​റി​നി​ല്ക്കു​ന്ന​പ​ക്ഷം, ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്നെ​തി​രാ​യി മനഃ​പൂർ​വം സമ്പാ​ദി​ച്ചെ​ടു​ത്ത ഒരു ജയ​മാ​ണു് വാ​ട്ടർ​ലൂ. ഫ്രാൻ​സി​നോ​ടു് യൂ​റോ​പ്പു​മു​ഴു​വൻ എതി​രി​ട്ട​താ​ണ​തു്; പീ​റ്റേ​ഴ്സ്ബർ​ഗ്, ബർലിൻ, വിയന, [43] മൂ​ന്നും​കൂ​ടി പാ​രി​സ്സി​നോ​ടെ​തിർ​ത്ത​താ​ണു്; സ്ഥാ​ന​വ​ലു​പ്പം ബു​ദ്ധി​ശ​ക്തി​യോ​ടെ​തിർ​ത്ത​തു്; 1815 മാർ​ച്ച് 20-ആം തി​യ്യ​തി മു​ഖാ​ന്ത​രം 1789 ജൂ​ലാ​യി 14-ആം തി​യ്യ​തി [44] ആക്ര​മി​ക്ക​പ്പെ​ട്ട​തു്. അജ​യ്യ​മായ ഫ്രാൻ​സി​ലെ പൊ​തു​ജ​ന​ക്ഷോ​ഭ​ത്തി​നെ​തി​രാ​യി ഏക​ച്ഛ​ത്രാ​ധി​പ​ത്യ​ങ്ങൾ ചെയ്ത യു​ദ്ധ​സ​ന്നാ​ഹം.ഇരു​പ​ത്താ​റു കൊ​ല്ല​മാ​യി തി​ള​ച്ചു​മ​റി​ഞ്ഞു​നി​ല്ക്കു​ന്ന ആ മഹ​ത്തായ ജന​സം​ഘ​ത്തെ എന്നെ​ന്നേ​ക്കു​മാ​യി നശിപ്പിച്ചുകളയുക-​ ഇതാ​യി​രു​ന്നു മനോ​രാ​ജ്യം. വാ​ട്ടർ​ലൂ​വി​ന്റെ കു​തി​ര​പ്പിൻ​പു​റ​ത്തു ദൈ​വി​ക​മായ അധി​കാ​ര​ശാ​സന തൂ​ങ്ങി​നി​ന്നു. അന്ന​ത്തെ ഫ്ര​ഞ്ച് സാ​മ്രാ​ജ്യം സ്വേ​ച്ഛാ​ധി​കാ​ര​ത്തോ​ടു​കൂ​ടി​യി​രു​ന്ന​തു​കൊ​ണ്ടു, പ്ര​കൃ​തി​സാ​ധാ​ര​ണ​മായ കർ​മ​ഗ​തി​ക്കു വി​ശാ​ല​മ​ന​സ്ക​ത​യോ​ടു​കൂ​ടിയ രാ​ജ്യ​ഭ​ര​ണം കൂ​ടി​യേ​ക​ഴി​യൂ എന്നാ​ക​യും, വാ​ട്ടർ​ലൂ​വിൽ ജയം പ്രാ​പി​ച്ച​വ​രു​ടെ മഹ​ത്ത​ര​മായ ആശാ​ഭം​ഗ​ത്തി​നു്, ഇഷ്ട​പ്ര​കാ​ര​മ​ല്ലെ​ങ്കി​ലും അതി​ന്റെ ഫല​മാ​യി നി​യ​മാ​നു​സൃ​ത​മായ ഒരു ഭര​ണ​രീ​തി ഏർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എന്നു​ള്ള​തു വാ​സ്ത​വ​മാ​ണു്. ഭര​ണ​പ​രി​വർ​ത്ത​ന​മെ​ന്ന ലോ​ക​ഗ​തി വാ​സ്ത​വ​ത്തിൽ അജ​യ്യ​മാ​ക​യാ​ലും, എന്ന​ല്ല അതു കാ​ല​ചോ​ദി​ത​വും, ഈശ്വ​രാ​ജ്ഞ​യാൽ ഉണ്ടാ​ക്ക​പ്പെ​ടു​ന്ന​തു​മാ​ക​കൊ​ണ്ടും, അതു് എപ്പോ​ഴും പു​തു​താ​യി പു​തു​താ​യി പു​റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. വാ​ട്ടർ​ലൂ​വി​നു മുൻപെ, രാ​ജ​കീ​യ​സിം​ഹാ​സ​ന​ങ്ങ​ളെ നെ​പ്പോ​ളി​യൻ ഇള​ക്കി​മ​റി​ച്ച​തിൽ അതു പ്ര​ത്യ​ക്ഷീ​ഭ​വി​ച്ചു; വാ​ട്ടർ​ലൂ​വി​നു ശേഷം, പതി​നെ​ട്ടാ​മൻ ലൂയി സ്വാ​ത​ന്ത്ര്യ​പ​ത്രം കൊ​ടു​ത്ത​തി​ലും അതു കാ​ണ​പ്പെ​ടു​ന്നു; സമ​ത്വ​ത്തെ തെ​ളി​യി​ക്കു​വാ​നാ​യി അസ​മ​ത്വ​ത്തെ ഉപ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു, നേ​പ്പിൾ​സി​ലെ സിം​ഹാ​സ​ന​ത്തിൽ ഒരു വണ്ടി​ക്കാ​ര​നേ​യും സ്വീ​ഡ​നി​ലെ സിം​ഹാ​സ​ന​ത്തിൽ ഒരു ചെ​റു​സൈ​ന്യാ​ധി​പ​നേ​യും ബോ​ണ​പ്പാർ​ട്ടു് പ്ര​തി​ഷ്ഠി​ച്ചു; പതി​നെ​ട്ടാ​മൻ ലൂയിയോസാങ്ങ്-​ ത്വാ​നിൽ വെ​ച്ചു മനു​ഷ്യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അധി​കാ​ര​പ​ത്ര​ത്തിൽ സമ്മ​തി​ച്ചൊ​പ്പി​ട്ടു. ഭര​ണ​പ​രി​വർ​ത്ത​ന​ത്തെ​പ്പ​റ്റി നി​ങ്ങൾ​ക്ക് ഒര​റി​വു​ണ്ടാ​ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ, അതിനെ അഭി​വൃ​ദ്ധി എന്നു വി​ളി​ക്കുക; പി​ന്നെ ആ അഭി​വൃ​ദ്ധി​യെ​പ്പ​റ്റി നി​ങ്ങൾ​ക്ക് ഒര​റി​വു​ണ്ടാ​ക​ണ​മെ​ങ്കിൽ, അതിനെ അഭി​വൃ​ദ്ധി എന്നു വി​ളി​ക്കുക, ആ നാളെ സ്വ​ന്തം ജോലി അപ്ര​തി​ഹ​മാ​യ​വി​ധം നട​ത്തി​വ​രു​ന്നു; എന്ന​ല്ല, ഇന്നു​ത​ന്നെ മു​ഴു​മി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്യു​ന്നു. എത്തി​ച്ചേ​രേ​ണ്ട സ്ഥ​ല​ത്തേ​ക്ക് എപ്പോ​ഴും അത്ഭു​ത​ക​ര​മാ​യ​വി​ധം ചെ​ല്ലു​ന്നു. ഒരു യു​ദ്ധ​ഭ​ടൻ മാ​ത്ര​മാ​യി​രു​ന്ന ഫ്വാ​വി​നെ പി​ടി​ച്ചു വാ​ഗ്മി​യാ​ക്കി​ത്തീർ​ക്കു​വാൻ അതു വെ​ല്ലി​ങ്ട​നെ ഉപ​യോ​ഗി​ക്കു​ന്നു. ഫ്വാ​വാ​ക​ട്ടെ ഹൂ​ഗോ​മോ​ങ്ങിൽ മരി​ച്ചു​വീ​ഴു​ന്നു; ന്യാ​യാ​ധി​കാ​രി​യിൽ വീ​ണ്ടും ഉയിർ​ത്തെ​ഴു​ന്നേ​ല്ക്കു​ന്നു. ഇങ്ങ​നെ​യാ​ണു് അഭി​വൃ​ദ്ധി മു​ന്നോ​ട്ടു പോ​കു​ന്ന​തു്. ആ പണി​ക്കാ​ര​ന്റെ കൈയിൽ ചീ​ത്ത​പ്പ​ണി​യാ​യു​ധ​മാ​യി​ട്ടു് ഒന്നി​ല്ല. എന്താ​യാ​ലും അവ​ന്നു കു​ണ്ഠി​ത​മി​ല്ല; ആൽ​പ്സു് പർ​വ​ത​ത്തെ ചവി​ട്ടി​ക്ക​ട​ന്ന​വ​നേ​യും കാ​ലി​ട​റി​ത്തു​ട​ങ്ങിയ എലി​യ​സി​ലെ [45] മു​തു​മു​തു​ക്ക​നേ​യും തന്റെ ദൈ​വി​ക​മായ പ്ര​വൃ​ത്തി​യി​ലേ​ക്ക് ആ പണി​ക്കാ​രൻ കൊ​ള്ളി​ക്കു​ന്നു. ലോ​ക​വി​ജ​യി​യേ​യും വാ​ത​രോ​ഗി​യേ​യും അവൻ ഉപ​യോ​ഗ​പ്പെ​ടു​ത്തു​ന്നു; ലോ​ക​വി​ജ​യി​യെ പുറമെ, വാ​ത​രോ​ഗി​യെ ഉള്ളിൽ, വാ​ളെ​ടു​ത്തു യൂ​റോ​പ്പി​ലെ സിം​ഹാ​സന പര​മ്പ​ര​യെ വെ​ടി​നി​ര​ത്തു​ന്ന​തു നിർ​ത്തി​ക്ക​ള​ഞ്ഞ​തി​നാൽ, ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​നു മറ്റൊ​രു വഴി​ക്കു തന്റെ പ്ര​വൃ​ത്തി തി​രി​ക്കേ​ണ്ടി​വ​ന്നു എന്ന​ല്ലാ​തെ, വാ​ട്ടർ​ലൂ​യു​ദ്ധം​കൊ​ണ്ടു മറ്റു ഫല​മൊ​ന്നു​ണ്ടാ​യി​ല്ല. വെ​ട്ടി​പ്പൊ​ളി​ക്കാ​രു​ടെ പ്ര​വൃ​ത്തി കഴി​ഞ്ഞു; ആലോ​ച​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി തി​രി​ക്കേ​ണ്ടി​വ​ന്നു എന്ന​ല്ലാ​തെ, വാ​ട്ടർ​ലൂ​യു​ദ്ധം​കൊ​ണ്ടു മറ്റു ഫല​മൊ​ന്നു​ണ്ടാ​യി​ല്ല. വെ​ട്ടി​പ്പൊ​ളി​ക്കാ​രു​ടെ പ്ര​വൃ​ത്തി കഴി​ഞ്ഞു; ആലോ​ച​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി. വാ​ട്ടർ​ലൂ തട​ഞ്ഞു​നിർ​ത്തു​വാൻ പു​റ​പ്പെ​ട്ട ശതാ​ബ്ദം പി​ന്നേ​യും അതി​ന്റെ വഴി​യ്ക്കു നട​ന്നു. ദു:ഖക​ര​മായ ആ യു​ദ്ധ​വി​ജ​യം സ്വാ​ത​ന്ത്ര്യ​ത്താൽ തോ​ല്പി​ക്ക​പ്പെ​ട്ടു.

ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, എന്ന​ല്ല നി​സ്തർ​ക്ക​മാ​യി പറ​ഞ്ഞാൽ വാ​ട്ടർ​ലൂ​വിൽ ജയം നേടിയത്-​വെല്ലിങ്ങ്ടന്റെ പി​ന്നിൽ​നി​ന്നു പുഞ്ചിരിക്കൊണ്ടിരുന്നത്-​ യൂ​റോ​പ്പി​ലെ എല്ലാ സൈ​ന്യാ​ധി​പ​ന്മാ​രു​ടേ​യും ഭട​സ​മൂ​ഹ​ങ്ങ​ളെ, അതിൽ ഫ്രാൻ​സി​ലെ ഒരു സൈ​ന്യാ​ധി​പ​ന്റെ സൈ​ന്യം​കൂ​ടി ഉൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണു് സം​സാ​രം. വെ​ല്ലി​ങ്ങ്ട​ന്റെ കൈയിലെത്തിച്ചുകൊടുത്തത്-​സിംഹപ്രതിമയോടുകൂടി കു​ന്നു പടു​ത്തു​ണ്ടാ​ക്കു​വാൻ മനു​ഷ്യാ​സ്ഥി​ക​ളാൽ നി​റ​യ​പ്പെ​ട്ട കൈ​വ​ണ്ടി​ക​ളെ ഉത്സാ​ഹ​ത്തോ​ടു​കൂ​ടി ഉരുട്ടിക്കൊണ്ടുവന്നത്-​ആ പീ​ഠ​ത്തി​നു മു​ക​ളിൽ ‘1815 ജൂൺ 18-ആം തി​യ്യ​തി’ എന്നു ജയ​ഭേ​രി​യോ​ടു​കൂ​ടി കൊത്തിയിടുവിച്ചത്-​ പറ​പ​റ​ക്കു​ന്ന സൈ​ന്യ​ത്തെ വാ​ളി​ന്നി​ര​യാ​ക്കു​വാൻ, ബ്ലൂ​ഷേ​റെ പ്രോത്സാഹിപ്പിച്ചത്-​അതേ, ഒരു കഴു​കു​ശ​വ​ത്തി​നു​മീ​തേ എന്ന​പോ​ലെ, മോൺ​സാ​ങ്ങ് ഴാ​ങ്ങ് ചെ​റു​കു​ന്നി​നു മു​ക​ളിൽ നി​ന്നു ഫ്രാൻ​സി​നു മീതെ ചു​റ്റി​പ്പ​റ​ന്ന​തെ​ന്തോ അത്ഭ​ര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ എതി​രായ മറ്റൊ​രു പരി​വർ​ത്ത​ന​മാ​ണ്. ആ നി​കൃ​ഷ്ട​വാ​ക്കി​നെ, ‘ഖണ്ഡം​ഖ​ണ്ഡ​മാ​ക്കുക’ എന്ന​തി​നെ, പി​റു​പി​റു​ത്ത​തു് ആ മറ്റൊ​രു പരി​വർ​ത്ത​ന​മാ​യി​രു​ന്നു. പാ​രി​സ്സിൽ മട​ങ്ങി​യെ​ത്തി​യ​പ്പോൾ അതു്. അഗ്നി​പർ​വ​ത​മു​ഖ​ത്തെ അടു​ത്തു് കണ്ടു; തന്റെ കാൽ പൊ​ള്ളി​ച്ച തീ​ക്ക​ട്ട​ക​ളെ അതു തൊ​ട്ടു; അതു തന്റെ അഭി​പ്രാ​യം മാ​റ്റി; ഒരു സ്വാ​ത​ന്ത്ര്യാ​ധി​കാ​ര​പ​ത്ര​ത്തെ വീ​ണ്ടും അതു വി​ക്കി​പ്പ​റ​വാൻ തു​ട​ങ്ങി.

വാ​ട്ടർ​ലൂ​വിൽ ഉള്ള​തെ​ന്തോ അതു​മാ​ത്രം നമു​ക്കു വാ​ട്ടർ​ലൂ​വിൽ കാണുക. സ്വാ​ത​ന്ത്ര്യേ​ച്ഛ​യെ​സ്സം​ബ​ന്ധി​ച്ച യാ​തൊ​ന്നും അതി​ലി​ല്ല. ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ എതി​രായ പരി​വർ​ത്ത​നം യദൃ​ച്ഛ​യാ ഒരു വി​ശാ​ല​മ​ന​സ്ക​ത​യോ​ടു​കൂ​ടി​യ​താ​യി​രു​ന്നു; അതെ​ന്തു​പോ​ലെ​യെ​ന്നാൽ, ആ പ്ര​കൃ​തി​നി​യ​മം​കൊ​ണ്ടു​ത​ന്നെ, നെ​പ്പോ​ളി​യൻ അനൈ​ച്ഛി​ക​മാ​യി ഒരു ഭര​ണ​പ​രി​വർ​ത്ത​ക​നു​മാ​യി​രു​ന്നു. അശ്വാ​രു​ഢ​നായ റോ​ബെ​പി​യേ [46] 1815 ജൂൺ 18-ആം തി​യ്യ​തി ജീ​നി​പ്പു​റ​ത്തു​നി​ന്നു തള്ളി​മ​റി​ക്ക​പ്പെ​ട്ടു.

കു​റി​പ്പു​കൾ

[43] റഷ്യ, ജർ​മ്മ​നി, ആസ്ത്രിയ എന്നീ മൂ​ന്നു രാ​ജ്യ​ങ്ങ​ളു​ടേ​യും തല​സ്ഥാ​ന​ന​ഗ​ര​ങ്ങൾ.

[44] ഫ്രാൻ​സി​ലെ പ്ര​ധാന കാ​രാ​ഗൃ​ഹ​ത്തെ ആൾ​ക്കൂ​ട്ടം ആക്ര​മി​ച്ചു തകർ​ത്ത ദിവസം.

[45] ഫ്രാൻ​സി​ലെ ഭര​ണാ​ധി​കാ​രി​യോ​ഗാ​ധ്യ​ക്ഷ​ന്റെ വാ​സ​സ്ഥ​ലം.

[46] ഒരു വലിയ പ്രാ​സം​ഗി​ക​നും ഭര​ണ​ത​ന്ത്ര​ജ്ഞ​നു​മായ ഇദ്ദേ​ഹ​മാ​ണു് തി​ക​ച്ചും ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ പ്ര​വർ​ത്ത​കൻ. രാ​ജാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേഷം ഇദ്ദേ​ഹം ഭര​ണാ​ധി​കാ​രം കയ്യേ​റ്റു; ഒടു​വിൽ എതി​രാ​ളി​കൾ വർ​ദ്ധി​ച്ച് ഇദ്ദേ​ഹം ശി​ര​ച്ഛേ​ദം ചെ​യ്യു​ന്നു.

2.1.17
ദൈ​വി​ക​മായ രാ​ജാ​ധി​കാ​ര​ത്തി​ന്റെ പു​നഃ​പ്ര​വേ​ശം

സർ​വാ​ധി​കാ​രി​ത്വ​ത്തിൻ​കീ​ഴി​ലു​ള്ള രാ​ജ്യ​ഭ​ര​ണം അവ​സാ​നി​ച്ചു. യൂ​റോ​പ്പു മു​ഴു​വ​നു​മു​ള്ള ഭര​ണ​നീ​തി തകർ​ന്നു. റോം സാ​മ്രാ​ജ്യം ഊർ​ദ്ധ്വൻ വലി​ച്ച​പ്പോ​ഴ​ത്തെ ആ ഒര​ന്ധ​കാ​ര​ത്തിൽ ഫ്രാൻ​സും ആണ്ടു​പോ​യി. അപ​രി​ഷ്കൃ​ത​ന്മാ​രു​ടെ കാ​ല​ത്തു​ള്ള അന്ധ​കാ​രം നാം വീ​ണ്ടും കാ​ണു​ന്നു; ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ എതിർ​പ​രി​വർ​ത്ത​നം എന്ന ഓമ​ന​പ്പേ​രു​കൊ​ണ്ടു വി​ളി​ച്ചേ കഴിയൂ എന്നു​ള്ള 1825-ലെ അപ​രി​ഷ്കൃ​ത​സ്ഥി​തി അധി​ക​കാ​ലം ജീ​വി​ച്ചി​ല്ല; ക്ഷ​ണ​ത്തിൽ കി​ത​ച്ചു​വീ​ണു്, അന​ക്ക​മ​റ്റു. സാ​മ്രാ​ജ്യ​ത്തെ​പ്പ​റ്റി ആളുകൾ കരഞ്ഞു-​ നമു​ക്ക് ആ സത്യാ​വ​സ്ഥ സമ്മതിക്കുക-​ എന്ന​ല്ല, ധീ​രോ​ദാ​ത്ത​ന്മാർ കര​ഞ്ഞു. ഖഡ്ഗ​ത്തെ ഒരു ചെ​ങ്കോ​ലാ​ക്കി മാ​റ്റു​ന്ന​താ​ണു് ബഹു​മ​തി എങ്കിൽ ഫ്ര​ഞ്ച് സാ​മ്രാ​ജ്യം മൂർ​ത്തി​മ​ത്തായ ബഹു​മ​തി​യാ​യി​രു​ന്നു. അതു സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു​ണ്ടാ​ക്കാ​വു​ന്ന പ്ര​കാ​ശം മു​ഴു​വ​നും ഭൂ​മി​യിൽ പരത്തി-​ഒരിരുണ്ട പ്ര​കാ​ശം. ഞങ്ങൾ ഒന്നു​കൂ​ടി പറയും-​ ഒരു നി​ഗൂ​ഢ​മായ പ്ര​കാ​ശം. നല്ല പകൽ​വെ​ളി​ച്ച​ത്തോ​ടു താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാൽ അതു രാ​ത്രി​യാ​ണു്. ആ ഇരു​ട്ടി​ന്റെ മറയൽ ഒരു ഗ്ര​ഹ​ണ​ത്തി​ന്റെ ഫലം ചെ​യ്യു​ന്നു.

പതി​നെ​ട്ട​മൻ ലൂയി വീ​ണ്ടും പാ​രി​സ്സിൽ കട​ന്നു. ജൂ​ലാ​യി 8-ാം തി​യ്യ​തി​യ​ത്തെ വൃ​ത്താ​കാ​ര​നൃ​ത്ത​ങ്ങൾ [47] മാർ​ച്ച് 20-ാം തി​യ്യ​തി​യ​ത്തെ [48] ആഹ്ലാ​ദ​ങ്ങ​ളെ മാ​ച്ചു​ക​ള​ഞ്ഞു. കോർ​സി​ക്ക​ക്കാ​ര​നാ​ക​ട്ടെ ബേർ​ണർ​കാ​ര​ന്റെ [49] വി​രോ​ധാ​ഭാ​സ​മാ​യി. തൂ​ലെ​റി​രാ​ജാ​ധാ​നി​യി​ലെ കൊ​ടി​ക്കൂറ വെ​ളു​ത്തു. രാ​ജ്യ​ഭ്ര​ഷ്ടൻ രാ​ജാ​വാ​യി. പതി​ന്നാ​ലാ​മൻ ലൂ​യി​യു​ടെ രാ​ജ​കീ​യ​ചി​ഹ്നം നി​റ​ഞ്ഞ സിം​ഹാ​സ​ന​ത്തി​നു മുൻ​പിൽ ഹാർ​ട്ടു് വെ​ല്ലി​ലെ [50] ‘പയിൻ’ മരമേശ സ്ഥ​ലം​പി​ടി​ച്ചു. ബൂവി [51] ഫോൺ​തെ​നോ​യ് [52] എന്നീ യു​ദ്ധ​ങ്ങ​ളെ​പ്പ​റ്റി, തലേ​ദി​വ​സ​മു​ണ്ടാ​യ​തു​പോ​ലെ, ആളുകൾ സം​സാ​രി​ച്ചു; ഓസ്തർ​ലി​ത്സു് പഴ​കി​പ്പോ​യി. തി​രു​വ​ത്താ​ഴ​മേ​ശ​യും സിം​ഹാ​സ​ന​വും അന്ത​സ്സിൽ സഹോ​ദ​ര​ത്വം കൈ​കൊ​ണ്ടു. പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ലെ സാ​മു​ദാ​യി​കാ​രോ​ഗ്യ​ത്തി​ന്റെ ഏറ്റ​വും അവി​തർ​ക്കി​ത​ങ്ങ​ളായ രൂ​പ​വി​ശേ​ഷ​ങ്ങ​ളിൽ ഒന്നു ഫ്രാൻ​സിൽ, യൂ​റോ​പ്പിൽ മു​ഴു​വ​നും​ത​ന്നെ, പ്ര​തി​ഷ്ഠാ​പി​ത​മാ​യി; വെ​ളു​ത്ത പട്ടു​നാട [53] യൂ​റോ​പ്പു മു​ഴു​വ​നും സ്വീ​ക​രി​ക്ക​പ്പെ​ട്ടു. ചക്ര​വർ​ത്തു​ര​ക്ഷി​സം​ഘം നി​ന്നി​രു​ന്നേ​ട​ത്തു് ഇപ്പോൾ ഒരു ചു​ക​ന്ന എടു​പ്പാ​യി. വല്ല​വി​ധ​വും സമ്പാ​ദി​ച്ച ജയ​ങ്ങ​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു ഞെ​രു​ങ്ങിയ ആർ​ക്ദ്യു​കാ​റൂ​സെൽ എന്ന സ്ഥലം ഈ പു​തു​മ​ക​ളു​ടെ ഇട​യിൽ​പെ​ട്ടു വല്ലാ​താ​യി; മാ​റൻ​ഗോ, ആർ​ക്കോള എന്നീ യു​ദ്ധ​ങ്ങ​ളെ​പ്പ​റ്റി വി​ചാ​രി​ച്ച് അല്പം ലജ്ജി​ച്ചി​ട്ടാ​വാം, ദ്യു​ക്ദാൻ​ഗു​ലീ​മി​ന്റെ [54] പ്ര​തി​മ​യെ സ്വീ​ക​രി​ച്ച് ആഗ്ര​ഹ​പ്പി​ഴ​യിൽ​നി​ന്നു് ഒഴി​ഞ്ഞു​നി​ന്നു. 1793-ൽ ‘ഒരു ഭയ​ങ്ക​ര​നായ ഇര​പ്പാ​ളി’ യുടെ മറ​വു​നി​ല​മാ​യി​രു​ന്ന മദ​ലി​യെ​നി​ലെ ശ്മ​ശാ​ന​സ്ഥ​ലം, പതി​നാ​റാ​മൻ ലൂ​യി​യു​ടേ​യും രാ​ജ്ഞി​യു​ടേ​യും അസ്ഥി​സ​ഞ്ച​യം അവിടെ മണ്ണ​ടി​ഞ്ഞി​രു​ന്ന​തു​കൊ​ണ്ടു്, സൂ​ര്യ​കാ​ന്ത​ങ്ങ​ളാ​ലും വെ​ണ്ണ​ക്ക​ല്ലു​ക​ളാ​ലും മൂ​ട​പ്പെ​ട്ടു.

നെ​പ്പോ​ളി​യൻ കി​രീ​ടം ചൂടിയ ആ മാ​സ​ത്തിൽ​ത്ത​ന്നെ​യാ​ണു് വിൻ​സെ​ന്നി​ലെ കി​ട​ങ്ങു​കു​ഴി​യിൽ​വെ​ച്ച് ദ്യു​ക്ദാ​ങ്ങി​യാ​ങ്ങ് [55] കാ​ല​ധർ​മ​മ​ട​ഞ്ഞ​തു​ത​ന്നെ വാ​സ്ത​വ​ത്തെ ഓർ​മ്മി​പ്പി​ച്ചു​കൊ​ണ്ടു് ഒരു സ്മാ​ര​ക​സ്തം​ഭം ഭൂ​മി​യിൽ​നി​ന്നു പൊ​ന്തി​വ​ന്നു. ഈ മര​ണ​ത്തി​നു വളരെ അടു​ത്തു​വെ​ച്ചു​ത​ന്നെ പട്ടാ​ഭി​ഷേ​കം നട​ത്തു​ക​യു​ണ്ടായ ഏഴാമൻ പയസു് പോ​പ്പു് ആ ഉന്ന​ഗ​തി​യെ ഏതു നി​ല​യിൽ അനു​ഗ്ര​ഹി​ച്ചു​വോ, അതേ ശാ​ന്തി​യോ​ടു​കൂ​ടി ആ അധോ​ഗ​തി​യേ​യും അനു​ഗ്ര​ഹി​ച്ചു. ഷു​വാ​ങ്ങ്ബ്രൂ​ങ്ങിൽ നാലു വയ​സ്സു​ള്ള ഒരു കു​ട്ടി​യു​ടെ [56] നിഴൽ കി​ട​ന്നി​രു​ന്നു; അതിനെ റോം രാ​ജാ​വെ​ന്നു വി​ളി​ക്കു​ന്ന​തു രാ​ജ​ദ്രോ​ഹ​മാ​യി​ത്തീർ​ന്നു. ഇതൊ​ക്കെ സം​ഭ​വി​ച്ചു; രാ​ജാ​ക്ക​ന്മാർ അതാതു സിം​ഹാ​സ​ന​ങ്ങ​ളിൽ കയ​റി​ക്കൂ​ടി; യൂ​റോ​പ്പി​ന്റെ ഏക​നാ​യ​കൻ ഒരു കൂ​ട്ടി​നു​ള്ളി​ല​ട​യ്ക്ക​പ്പെ​ട്ടു; പഴയ ഭര​ണ​രീ​തി പുതിയ ഭര​ണ​രീ​തി​യാ​യി; ഭൂ​മി​യി​ലെ എല്ലാ നി​ഴ​ലു​ക​ളും എല്ലാ വെ​ളി​ച്ച​ങ്ങ​ളും സ്ഥലംമാറി-​ എന്തു​കൊ​ണ്ടു്? ഏതോ ഒരു വേ​ന​ല്ക്കാ​ല​ത്തു് പക​ലു​ച്ച​യ്ക്ക് ഒരാ​ട്ടി​ട​യൻ ഒരു പ്ര​ഷ്യ​ക്കാ​ര​നോ​ടു് കാ​ട്ടിൽ​വെ​ച്ചു പറ​ഞ്ഞു: ‘അതി​ലെ​യ​ല്ല, ഇതിലെ.’

ഈ 1815 ഒരു​ത​രം ദുഃ​ഖ​മ​യ​മായ വസ​ന്ത​കാ​ല​മാ​യി​രു​ന്നു. പഴ​യ​കാ​ല​ത്തെ ആരോ​ഗ്യ​നാ​ശ​ക​വും വി​ഷ​സ​മ്മി​ശ്ര​വു​മായ സകല മു​ള​യും പു​തു​രൂ​പ​ങ്ങ​ളാൽ മൂ​ട​പ്പെ​ട്ടു. 1789-നെ ഒര​സ​ത്യം പാ​ണി​ഗ്ര​ഹ​ണം ചെ​യ്തു; ദൈ​വി​ക​മായ രാ​ജാ​ധി​കാ​രം ഒരു സ്വാ​ത​ന്ത്ര്യ​പ​ത്ര​ത്തി​നു​ള്ളിൽ ഒളി​ച്ചു​കൂ​ടി; കെ​ട്ടു​ക​ഥ​കൾ നി​യ​മാ​നു​സൃ​ത​ങ്ങ​ളാ​യി; പക്ഷ​ഭേ​ദ​ങ്ങ​ളും അന്ധ​വി​ശ്വാ​സ​ങ്ങ​ളും മനോ​രാ​ജ്യ​ങ്ങ​ളും എല്ലാം വി​ശാ​ല​മ​ന​സ്ക​ത​യാൽ പൂ​ച്ചി​ട​പ്പെ​ട്ടു. അതു പാ​മ്പി​ന്റെ വള​യൂ​ര​ലാ​യി​രു​ന്നു.

നെ​പ്പോ​ളി​യൻ കാരണം മനു​ഷ്യൻ വലു​താ​വു​ക​യും ചെ​റു​താ​വു​ക​യും ചെ​യ്തു. മഹ​ത്ത​ര​മായ ഭൗ​തി​ക​പ്ര​കൃ​തി​യു​ടെ ഈ ഏക​ശാ​സ​ന​വാ​ഴ്ച​യിൽ പര​മ​ത​ത്ത്വ​ത്തി​നു ഭാ​വ​നാ​ശാ​സ്ത്ര​മെ​ന്ന അപൂർ​വ​പ്പേ​രു കി​ട്ടി! ഭാ​വി​യെ പരി​ഹാ​സ​യോ​ഗ്യ​മാ​ക്കുക എന്ന​തു് ഒരു മഹാ​നിൽ സഗൗ​ര​വ​മായ ആലോ​ച​ന​ക്കു​റ​വാ​ണു്. ഏതാ​യാ​ലും പൊതുജനം-​പീരങ്കിക്കാരന്റെ മേൽ അത്ര​യും സ്നേ​ഹ​മു​ള്ള​തായ പീ​ര​ങ്കി​യു​ടെ ആ ഭക്ഷ​ണ​സാ​ധ​നം​അ​ദ്ദേ​ഹ​ത്തെ നോ​ട്ടം​കൊ​ണ്ട​ന്വേ​ഷി​ച്ചു. അദ്ദേ​ഹം എവിടെ? അദ്ദേ​ഹം എന്തു ചെ​യ്യു​ന്നു? ‘നെ​പ്പോ​ളി​യൻ മരി​ച്ചു, മാ​റൻ​ഗോ​വി​ലും വാ​ട്ടർ​ലൂ​വി​ലും യു​ദ്ധം ചെ​യ്തി​ട്ടു​ള്ള ഒരു വൃ​ദ്ധ​ഭ​ട​നോ​ടു വഴി​പോ​ക്കൻ പറ​ഞ്ഞു: ‘അദ്ദേ​ഹം മരി​ച്ചു! നി​ങ്ങൾ​ക്ക് അദ്ദേ​ഹ​ത്തെ അറി​ഞ്ഞു​കൂ​ടാ.’ മറി​ച്ചി​ട​പ്പെ​ട്ടി​ട്ടും ഈ മനു​ഷ്യ​നെ സങ്ക​ല്പം അവി​ശ്വ​സി​ച്ചു. വാ​ട്ടർ​ലൂ​വി​നു ശേഷം യൂ​റോ​പ്പി​ലെ അഗാ​ധ​ത​കൾ മു​ഴു​വ​നും അന്ധ​കാ​രം​കൊ​ണ്ട് നി​റ​ഞ്ഞു. നെ​പ്പോ​ളി​യ​ന്റെ അഭാ​വ​ത്തോ​ടു കൂടെ വമ്പി​ച്ച എന്തോ ഒന്നു വള​രെ​ക്കാ​ലം ശൂ​ന്യ​മാ​യി​ക്കി​ട​ന്നു.

ആ ശൂ​ന്യ​ത​യിൽ രാ​ജാ​ക്ക​ന്മാർ ചെ​ന്നു​നി​ന്നു. ഭര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളേർ​പ്പെ​ട്ട​തു​കൊ​ണ്ടു് അതു​മൂ​ലം പു​രാ​ത​ന​യൂ​റോ​പ്പി​നു ഗുണം കി​ട്ടി. ഒരു പരി​ശു​ദ്ധ​സ​ഖ്യ​മു​ണ്ടാ​യി: ‘കൗ​തു​ക​ക​ര​മായ സഖ്യം.’ ആ ഗ്ര​ഹ​പ്പിഴ പി​ടി​ച്ച വാ​ട്ടർ​ലൂ​യു​ദ്ധ​ക്ക​ളം മുൻ​കൂ​ട്ടി പറ​ഞ്ഞു.

ജീർ​ണ്ണോ​ദ്ധാ​ര​ണം ചെ​യ്യ​പ്പെ​ട്ട ആ പു​രാ​ത​ന​യൂ​റോ​പ്പി​ന്റെ മുൻ​പിൽ വെ​ച്ചും മു​ഖ​ത്തു​വെ​ച്ചും ഒരു പുതിയ ഫ്രാൻ​സി​ന്റെ മു​ഖ​രൂ​പം വര​യ്ക്ക​പ്പെ​ട്ടു. ചക്ര​വർ​ത്തി അടു​പ്പി​ച്ചു​കൂ​ട്ടി​യി​രു​ന്ന ഭാ​വി​രം​ഗ​ത്തു പ്ര​വേ​ശി​ച്ചു. അതി​ന്റെ നെ​റ്റി​ത്ത​ട​ത്തിൽ മു​ദ്ര​യു​ണ്ടാ​യി​രു​ന്നു, സ്വാ​ത​ന്ത്ര്യം എല്ലാ നവീ​ന​പു​രു​ഷാ​ന്ത​ര​ങ്ങ​ളു​ടേ​യും തി​ള​ങ്ങു​ന്ന നോ​ട്ട​ങ്ങൾ ആ മു​ദ്ര​യു​ടെ നേരെ തി​രി​ഞ്ഞു. അത്യാ​ശ്ച​ര്യ​ക​ര​മായ വസ്തുത! പൊ​തു​ജ​ന​ങ്ങൾ സ്വാ​ത​ന്ത്ര്യ​മായ ഭാ​വി​ലോ​ക​ത്തോ​ടും നെ​പ്പോ​ളി​യ​നായ ഭൂ​ത​കാ​ല​ത്തോ​ടും ഒരു സമ​യ​ത്തു​ത​ന്നെ സ്നേ​ഹം കാ​ണി​ച്ചു. തോല്മ തോ​റ്റ​വ​നെ ഒന്നു കൂടി വലു​താ​ക്കി. നി​വർ​ന്നു നി​ല്ക്കു​ന്ന നെ​പ്പോ​ളി​യ​നേ​ക്കാൾ വീ​ണു​കി​ട​ന്ന ബോ​ണോ​പ്പാർ​ട്ടി​നു് ഉയരം തോ​ന്നി. ജയി​ച്ച​വ​രൊ​ക്കെ പക​ച്ചു. അദ്ദേ​ഹ​ത്തെ കരുതി ഇം​ഗ്ല​ണ്ടു് ഹഡ്സൺ​ലോ [57] വിനെ പാ​റാ​വു നിർ​ത്തി; ഫ്രാൻ​സാ​ക​ട്ടേ, അദ്ദേ​ഹ​ത്തി​നു മോ​ങ്ങ്ഷെ​ന്യു​വി​നെ [58] കാ​വ​ലാ​ക്കി. മാ​റോ​ടു ചേർ​ക്ക​പ്പെ​ട്ട അദ്ദേ​ഹ​ത്തി​ന്റെ കൈകൾ രാ​ജ​സിം​ഹാ​സ​ന​ങ്ങൾ​ക്കു പൊ​റു​തി​കേ​ടു​ണ്ടാ​ക്കി. റഷ്യാ​ച​ക്ര​വർ​ത്തി അദ്ദേ​ഹ​ത്തി​നു് ‘എന്റെ ഉറ​ക്ക​മി​ല്ലാ​യ്മ’ എന്നു പേ​രി​ട്ടു. ഈ ഭയം അദ്ദേ​ഹ​ത്തി​ല​ട​ങ്ങിയ ഭര​ണ​പ​രി​വർ​ത്ത​ന​ത്തു​ക​യു​ടെ ഫല​മാ​യി​രു​ന്നു. ബോ​ണോ​പ്പാർ​ട്ടി​ന്റെ ഭര​ണ​രീ​തി​യെ നി​രൂ​പ​ണം ചെ​യ്യു​ന്ന​തും നിർ​ദ്ദോ​ഷ​മാ​ക്കു​ന്ന​തും അതാ​ണു്. ഈ പ്രേ​ത​രൂ​പം പഴയ ലോ​ക​ത്തെ ഇട്ടു വി​റ​പ്പി​ച്ചു. രാ​ജാ​ക്ക​ന്മാർ സിം​ഹാ​സ​ന​സ്ഥ​ന്മാ​രാ​യി; പക്ഷേ, സൈ​ന്റു് ഹെ​ലി​ന​യി​ലെ പാ​റ​പ്പു​റം മുൻ​പി​ലു​ള്ള​തു​കൊ​ണ്ടു് അവ​രു​ടെ ഇരി​പ്പു​റ​ച്ചി​ല്ല.

ലോ​ങ്ങ്വു​ഡ്ഡ് എന്ന കാ​ട്ടു​പു​റ​ത്തു​വെ​ച്ചു നെ​പ്പോ​ളി​യൻ മര​ണ​വു​മാ​യി മല്ലി​ടു​മ്പോൾ വാ​ട്ടർ​ലൂ​യു​ദ്ധ​ഭൂ​മി​യിൽ മരി​ച്ചു​വീണ അറു​പ​തി​നാ​യി​രം പേർ പതു​ക്കെ മണ്ണ​ടി​യു​ക​യാ​യി​രു​ന്നു; അവ​രു​ടെ ശാ​ന്ത​ത​യിൽ എന്തോ ഒരു ഭാഗം ലോ​ക​ത്തി​ലെ​ങ്ങും വ്യാ​പി​ച്ചു. വി​യ​ന്ന​യി​ലെ ജന​പ്ര​തി​നി​ധി​യോ​ഗം 1815-ൽ ഉട​മ്പ​ടി​പ്പ​ത്ര​ങ്ങ​ളെ​ഴു​തി; യൂ​റോ​പ്പു് ഇതി​ന്നു രാ​ജ​ത്വ​യ​ഥാ​സ്ഥാ​പ​നം എന്നു പേർ വി​ളി​ച്ചു.

ഇതാ​ണു് വാ​ട്ടർ​ലൂ.

പക്ഷേ, ആ അപാ​ര​ത​യ്ക്ക് ഇതെ​ല്ലാം എന്തു സാരം- ആ കൊ​ടു​ങ്കാ​റ്റാ​വ​ട്ടേ, ആ മേ​ഘ​സ​മൂ​ഹ​മാ​വ​ട്ടേ, ആ യു​ദ്ധ​മാ​വ​ട്ടേ, പി​ന്നീ​ടു​ണ്ടായ ആ സമാ​ധാ​ന​മാ​വ​ട്ടേ എന്തും? ഒരു പു​ല്ലിൻ​കൊ​ടി​യിൽ​നി​ന്നു മറ്റൊ​രു പു​ല്ലിൻ​കൊ​ടി​യി​ലേ​ക്കു ചാ​ടി​ച്ചെ​ല്ലു​ന്ന ഒരു പച്ച​പ്പ​യ്യി​നേ​യും നോ​ത്തർ​ദാം​പ​ള്ളി​യി​ലെ ഒരു മണി​മാ​ളി​ക​യിൽ​നി​ന്നു മറ്റൊ​രു മണി​മാ​ളി​ക​യി​ലേ​ക്കു പറ​ന്നു​ക​യ​റു​ന്ന കഴു​ക​നേ​യും ഒരു​പോ​ലെ കാ​ണു​ന്ന ആ അപാ​ര​ദൃ​ഷ്ടി​യു​ടെ വെ​ളി​ച്ച​ത്തെ ആ അന്ധ​കാ​ര​മൊ​ന്നും ഒരു നി​മി​ഷ​മെ​ങ്കി​ലും അസ്വാ​സ്ഥ്യ​പ്പെ​ടു​ത്തി​യി​ല്ല.

കു​റി​പ്പു​കൾ

[47] പണ്ട​ത്തെ രാ​ജ​വം​ശ​ക്കാ​രു​ടെ ഭരണം ഫ്രാൻ​സിൽ 1816 ജൂ​ലാ​യ് 8-ാം തി​യ്യ​തി​യാ​ണു് വീ​ണ്ടും ആരം​ഭി​ച്ച​തു്.

[48] നെ​പ്പോ​ളി​യൻ ചക്ര​വർ​ത്തി​ക്ക് മക​നു​ണ്ടാ​യ​തു് 1811 മാർ​ച്ച് 20-ാം തി​യ്യ​തി​യാ​ണു്. ഈ ദിവസം ഫ്രാൻ​സു് മു​ഴു​വ​നും ഒരു വലിയ ആഘോ​ഷ​മാ​യി കൊ​ണ്ടാ​ടി.

[49] ഫ്രാൻ​സി​ലെ രാ​ജാ​വാ​യി​രു​ന്ന....ഈ രാ​ജ്യ​ക്കാ​ര​നാ​ണു്. ഈ രാ​ജാ​വി​നെ ബേർൺ​കാ​രൻ (La Bcarlais) എന്നു പറ​യാ​നു​ണ്ടാ​യി​രു​ന്നു.

[50] ഇം​ഗ്ല​ണ്ടി​ലെ ഈ ഒരു കു​ഗ്രാ​മ​ത്തി​ലാ​ണു് രാ​ജ്യ​ഭ്ര​ഷ്ട​നാ​യി​രു​ന്ന കാ​ല​ത്തു പതി​നെ​ട്ടാ​മൻ ലൂയി താ​മ​സി​ച്ച​തു്.

[51] ഫ്രാൻ​സി​ലെ ഈ ചെ​റു​പ​ട്ട​ണ​ത്തിൽ​വെ​ച്ചു 1214-ൽ ഫ്രാൻ​സി​ലെ രാ​ജാ​വാ​യി​രു​ന്ന ഫി​ലി​പ്പു് ഓശ​സ്ത​സ്സും ഇം​ഗ്ല​ണ്ടു്, ജർ​മ്മ​നി, ഫ്ളാൻ​ഡേർ​ഡ് എന്നീ മൂ​ന്നു രാ​ജ്യ​ങ്ങ​ളും​കൂ​ടി ഒരു യു​ദ്ധ​മു​ണ്ടാ​യി. അതിൽ ഫ്രാൻ​സാ​ണു് ജയി​ച്ച​തു്.

[52] 1745-ലെ ഈ യു​ദ്ധ​ത്തിൽ​വെ​ച്ചു ഫ്രാൻ​സു് ഇം​ഗ്ല​ണ്ടി​നെ തോ​ല്പി​ച്ചു.

[53] ഫ്രാൻ​സി​ലെ രാ​ജ​ക​ക്ഷി​ക്കാ​രു​ടെ അട​യാ​ള​മു​ദ്ര.

[54] ശി​ര​ച്ഛേ​ദം ചെ​യ്യ​പ്പെ​ട്ട രാ​ജ​ദ​മ്പ​തി​ക​ളു​ടെ പു​ത്രി; 1797-ൽ കാ​ര​ഗൃ​ഹ​ത്തി​ലാ​ക്ക​പ്പെ​ട്ടു; ഒടു​വിൽ 1830-ൽ നാ​ടു​ക​ട​ത്ത​പ്പെ​ടു​ക​യും ചെ​യ്തു.

[55] ജനാ​ധി​പ​ത്യ​ഭ​ര​ണ​ത്തി​ന്നെ​തി​രാ​യി യു​ദ്ധം ചെയ്ത ഒരു ഫ്ര​ഞ്ചു രാ​ജ​കു​മാ​രൻ. ജർ​മ്മ​നി​യിൽ​ച്ചെ​ന്നു് അഭ​യം​പ്രാ​പി​ച്ചി​രു​ന്നേ​ട​ത്തു​നി​ന്നു നെ​പ്പോ​ളി​യൻ പി​ടി​ച്ചു​വ​രു​ത്തി വി​ചാ​രണ ചെ​യ്തു വിൻ​സെ​ന്നിൽ​വെ​ച്ചു വെ​ടി​വെ​ച്ചു​കൊ​ന്നു.

[56] നെ​പ്പോ​ളി​യ​ന്റെ മകൻ.

[57] സേർ ഹഡ്സൺ​ലോ: ഇദ്ദേ​ഹ​മാ​യി​രു​ന്നു നെ​പ്പോ​ളി​യൻ നാ​ടു​ക​ട​ത്ത​പ്പെ​ട്ട കാ​ല​ത്തു് സെ​യി​ന്റു് ഹെലിന ദ്വീ​പി​ലെ ഗവർ​ണ്ണർ.

[58] ഫ്രാൻ​സി​ലെ പ്ര​ധാന ഭര​ണാ​ധി​കാ​രി.

2.1.18
രാ​ത്രി​യി​ലെ പോർ​ക്ക​ളം

ആ അപാ​ര​മായ പോർ​ക്ക​ള​ത്തി​ലേ​ക്കു നമു​ക്കു മടങ്ങിച്ചെല്ലുക-​ ഈ പു​സ്ത​ക​ത്തിൽ അതു​കൊ​ണ്ടാ​വ​ശ്യ​മു​ണ്ടു്.

ജൂൺ 18-ാം തി​യ്യ​തി വെ​ളു​ത്ത വാ​വാ​യി​രു​ന്നു. ആ നി​ലാ​വു ബ്ലൂ​ഷേ​റു​ടെ നിർ​ദ്ദ​യ​മായ പാ​ഞ്ഞെ​ത്തി​പ്പി​ടി​ക്ക​ലി​നെ സഹാ​യി​ച്ചു; ഓടി​പ്പോ​യ​വ​രു​ടെ മാർ​ഗ​ത്തെ വെ​ളി​പ്പെ​ടു​ത്തി. അപ​ക​ട​ത്തിൽ​പ്പെ​ട്ട ജന​ക്കൂ​ട്ട​ത്തെ അതു് ആർ​ത്തി​പി​ടി​ച്ചെ​ത്തു​ന്ന പ്ര​ഷ്യൻ​കു​തി​ര​പ്പ​ട്ടാ​ള​ത്തി​ന്റെ കൈയിൽ പി​ടി​ച്ചു​കൊ​ടു​ത്തു; കൂ​ട്ട​ക്കൊ​ല​യെ അതു സഹാ​യി​ച്ചു. രാ​ത്രി​യു​ടെ ഇത്ത​രം പരി​താ​പ​ക​ങ്ങ​ളായ സഹാ​യ്യ്യ​ങ്ങൾ വലിയ ആപ​ത്തു​കൾ​ക്കി​ട​യിൽ ചി​ല​പ്പോൾ ഉണ്ടാ​കാ​റു​ണ്ടു്. ഒടു​വി​ല​ത്തെ പീ​ര​ങ്കി​യു​ണ്ട പൊ​ട്ടി​യ​തി​നു​ശേ​ഷം, മോൺ​സാ​ങ്ഴാ​ങി​ലെ മൈ​താ​ന​സ്ഥ​ലം നിർ​ജ്ജ​ന​മാ​യി. ഫ്ര​ഞ്ചു​പാ​ള​യം ഇം​ഗ്ലീ​ഷ് സൈ​ന്യ​ത്തി​ന്റെ കൈ​യി​ലാ​യി, ജയ​ത്തി​ന്റെ ഒരു സാ​മാ​ന്യ​ല​ക്ഷ​ണ​മാ​ണു് തോ​ല്പി​ക്ക​പ്പെ​ട്ട​വ​രു​ടെ കി​ട​ക്ക​യിൽ കി​ട​ന്നു​റ​ങ്ങു​ന്ന​തു്. അവർ സോ​മ്മി​ന​പ്പു​റ​ത്തു തങ്ങ​ളു​ടെ രാ​ത്രി​കാ​ല​ത്തി​ലെ വെ​ളി​മ്പാ​ള​യ​ത്തെ ഉറ​പ്പി​ച്ചു. തി​രി​ഞ്ഞോ​ടു​ന്ന ഭട​സം​ഘ​ത്തി​ലേ​ക്കു ചങ്ങല വി​ട​പ്പെ​ട്ട പ്ര​ഷ്യൻ​സൈ​ന്യം മുൻ​പോ​ട്ടു തള്ളി​ക്ക​യ​റി. ലോർഡ് ബാ​ത്തർ​സ്റ്റി​ന്നു​ള്ള വി​വ​ര​ണ​ക്കു​റു​പ്പു തയ്യാ​റാ​ക്കു​വാൻ​വേ​ണ്ടി വെ​ല്ലി​ങ്ടൻ വാ​ട്ടർ​ലൂ​വി​ലെ ഗ്രാ​മ​ത്തി​ലേ​ക്കു പോയി.

എപ്പോ​ഴെ​ങ്കി​ലും ‘അങ്ങ​നെ നി​ങ്ങൾ ചെ​യ്യുക, പക്ഷേ, നി​ങ്ങൾ​ക്കാ​യി​ട്ട​ല്ല’ എന്ന​തു യോ​ജ്യ​മാ​യി​ട്ടു​ണ്ടെ​ങ്കിൽ, അതു നി​ശ്ച​യ​മാ​യും ആ വാ​ട്ടർ​ലൂ​ഗ്രാ​മ​ത്തോ​ടാ​ണു്. വാ​ട്ടർ​ലൂ​ഗ്രാ​മം യു​ദ്ധ​ത്തിൽ യാ​തൊ​രു പങ്കു​മെ​ടു​ത്തി​ല്ല; അതു യു​ദ്ധ​സ്ഥ​ല​ത്തു​നി​ന്നു് അര​ക്കാ​തം ദൂ​ര​ത്താ​ണു്. മോൺ​സാ​ങ്ഴാ​ങ് പീ​ര​ങ്കി​ക്കി​ര​യാ​യി; ഹൂ​ഗോ​മോ​ങ്ങ് കത്തി​യ​മർ​ന്നു; ലാ​യി​സാ​ന്തു് ആക്ര​മി​ക്ക​പ്പെ​ട്ടു; പാ​പ്പി​ലോ​ത്തു് കത്തി​യ​മർ​ന്നു; പ്ലാൻ​സ്ന്വാ കത്തി​യ​മർ​ന്നു. രണ്ടു വി​ജ​യി​ക​ളു​ടേ​യും പി​ടി​ച്ചു​പൂ​ട്ടൽ ലാബെൽ അലി​യാൻ​സു് കണ്ടു. ഈ പേ​രു​ക​ളൊ​ന്നും ആരും കേ​ട്ടി​ട്ടി​ല്ല; യു​ദ്ധ​ത്തിൽ യാ​തൊ​ന്നും ചെ​യ്യാ​ത്ത വാ​ട്ടർ​ലൂ ബഹു​മ​തി മു​ഴു​വൻ കൈ​യി​ലാ​ക്കി.

ഞങ്ങൾ യു​ദ്ധ​ത്തെ മേ​നി​കേ​റ്റു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ല​ല്ല; സന്ദർ​ഭം വന്നാൽ അതി​നെ​ക്കു​റി​ച്ചു​ള്ള വാ​സ്ത​വം ഞങ്ങൾ പറയും. യു​ദ്ധ​ത്തി​നു ഭയ​ങ്ക​ര​ങ്ങ​ളായ ചില സൗ​ഭാ​ഗ്യ​ങ്ങ​ളു​ണ്ടു്; ഞങ്ങൾ അവയെ മറ​ച്ചു​വെ​ച്ചി​ട്ടി​ല്ല. അതിനു പൈ​ശാ​ചി​ക​ങ്ങ​ളായ ചില മുഖാവയവങ്ങളുണ്ട്-​ അവയെ ഞങ്ങൾ സമ്മ​തി​ക്കു​ന്നു. യു​ദ്ധം ജയി​ച്ചു​ക​ഴി​ഞ്ഞ​തി​ന്റെ പി​റ്റേ​ദി​വ​സം മരി​ച്ച​വ​രു​ടെ ശരീ​ര​ങ്ങ​ളെ​ല്ലാം നഗ്ന​ങ്ങ​ളാ​കു​ന്ന​താ​ണു് ഏറ്റ​വും അത്ഭു​ത​ക​ര​മായ ഒന്നു്. യു​ദ്ധ​ത്തി​ന്റെ പി​റ്റേ​ദി​വ​സം സൂ​ര്യൻ ഉടു​പ്പി​ല്ലാ​ത്ത ശവ​ങ്ങ​ളും കണ്ടു​കൊ​ണ്ടാ​ണു് എന്നും ഉദി​ക്കാ​റു്.

ഇതാരു ചെ​യ്യു​ന്നു? വി​ജ​യ​ത്തെ ഈവിധം വഷ​ളാ​ക്കു​ന്ന​താ​രാ​ണു്? ജയ​ത്തി​ന്റെ കീ​ശ​യി​ലേ​ക്ക് ഉപാ​യ​ത്തിൽ കട​ന്നു​കൂ​ടു​ന്ന ആ വല്ലാ​ത്ത കള്ള​ക്കൈ ഏതാ​ണു്? ബഹു​മ​തി​യു​ടെ പി​ന്നിൽ​നി​ന്നു കച്ച​വ​ടം ചെ​യ്യു​ന്ന അവർ ഏതു ‘കോ​ന്ത​ല​മു​റി​യ​ന്മാ​രാ’ണു്? ചില തത്ത്വജ്ഞാനികൾ-​ ആ കൂ​ട്ട​ത്തിൽ വോൾ​ട്ട​യ​റു​ണ്ട്ബ​ഹു​മ​തി​യു​ണ്ടാ​ക്കി​യ​വർ​ത്ത​ന്നെ​യാ​ണു് അവരും എന്നു തീർ​ത്തു​പ​റ​യു​ന്നു. അവർ പറ​യു​ക​യാ​ണു്. ആ കൂ​ട്ടർ​ത​ന്നെ​യാ​ണ​തു്; ശു​ശ്രൂ​ഷ​സം​ഘ​മ​ല്ല; നി​വർ​ന്നു നി​ല്ക്കു​ന്ന​വർ ഭൂ​മി​യിൽ വീ​ണു​പോ​യ​വ​രെ കൊ​ള്ള​യി​ടു​ന്നു. പക​ല​ത്തെ യു​ദ്ധ​വീ​രൻ രാ​ത്രി​യി​ലെ ശവം​തീ​നി​പ്പി​ശാ​ചാ​ണു്. ആക​പ്പാ​ടെ, ശവ​ത്തി​ന്റെ കർ​ത്താ​വാ​യി​രി​ക്കെ, അയാൾ​ക്ക് അതി​ന്റെ ഉടു​പ്പു കു​റ​ച്ച​ഴി​ക്കു​വാൻ നി​ശ്ച​യ​മാ​യും അധി​കാ​ര​മു​ണ്ടു്. ഞങ്ങ​ളെ സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ള​മാ​ണെ​ങ്കിൽ, ഞങ്ങൾ​ക്ക് ആ അഭി​പ്രാ​യ​മി​ല്ല; ബഹു​മ​തി സമ്മാ​ന​ങ്ങൾ വാ​ങ്ങി​ക്കു​ക​യും ചത്ത മനു​ഷ്യ​ന്റെ പപ്പാ​സ്സു​കൾ മോ​ഷ്ടി​ക്കു​ക​യും ഒരേ കൈ ചെ​യ്യു​ന്ന​തു് അസാ​ധ്യ​മാ​യി ഞങ്ങൾ​ക്കു തോ​ന്നു​ന്നു.

ഒന്നു തീർ​ച്ച: യു​ദ്ധ​വി​ജ​യി​കൾ പോയ ഉടനെ അവിടെ കള്ള​ന്മാ​രെ​ത്തു​ന്ന​തു സാ​ധാ​ര​ണ​മാ​ണു്. എന്നാൽ പട്ടാ​ള​ക്കാ​ര​നെ, വി​ശേ​ഷി​ച്ച് ഇന്ന​ത്തെ പട്ടാ​ള​ക്കാ​ര​നെ, വി​ശേ​ഷി​ച്ച് ഇന്ന​ത്തെ പട്ടാ​ള​ക്കാ​ര​നെ നമു​ക്കൊ​ഴി​വാ​ക്കുക.

ഓരോ സൈ​ന്യ​വ​കു​പ്പി​ന്റെ പി​ന്നിൽ ഒരു രക്ഷി​സം​ഘ​മു​ണ്ടു്; അതി​നെ​യാ​ണു് കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തു്. പകുതി പി​ടി​ച്ചു​പ​റി​ക്കാ​രും ഭൃ​ത്യ​ന്മാ​രു​മാ​യി കട​വാ​തി​ലി​നെ​പ്പോ​ലു​ള്ള ജന്തു​ക്കൾ; യു​ദ്ധം എന്നു പറ​യു​ന്ന ആ സന്ധ്യാ​സ​മ​യ​ത്താൽ ഉൽ​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന എല്ലാ​ത്ത​രം നരി​ച്ചീ​റു​ക​ളും; യു​ദ്ധ​ത്തിൽ യാ​തൊ​രു പങ്കു​മെ​ടു​ക്കാ​ത്ത യു​ദ്ധ​ഭ​ട​വേ​ഷ​ധാ​രി​കൾ; നാ​ട്യ​ത്തിൽ മു​റി​പ്പെ​ട്ട​വർ; ഭയ​ങ്ക​ര​ന്മാ​രായ നൊ​ണ്ടി​കൾ; ചി​ല​പ്പോൾ ഭാ​ര്യ​മാ​രോ​ടു​കൂ​ടി ചെറിയ കട്ട​വ​ണ്ടി​ക​ളിൽ പതു​ക്കെ സവാരി ചെ​യ്തു കൊ​ണ്ടു, കണ്ട​തു കൈ​യി​ലാ​ക്കി, പി​ന്നീ​ടു കൊ​ണ്ടു​വി​ല്ക്കു​ന്ന കള്ള​പ്പ​ട്ടാ​ള​വ്യാ​പാ​രി​കൾ; പട്ടാ​ള​മേ​ലു​ദ്യോ​ഗ​സ്ഥ​ന്മാർ​ക്ക് വഴി​കാ​ട്ടി​ക​ളാ​യി​ക്കൊ​ള്ളാം എന്നു പറ​ഞ്ഞു​ചെ​ല്ലു​ന്ന യാ​ച​ക​ന്മാർ; പട്ടാ​ള​ക്കാ​രു​ടെ ഭൃ​ത്യ​ന്മാർ; കൊ​ള്ള​ക്കാർ; മുൻകാലങ്ങളിൽ-​ ഞങ്ങൾ പറ​യു​ന്ന​തു് ഇന്ന​ത്തെ കഥയല്ല-​ യു​ദ്ധ​സ്ഥ​ല​ത്തേ​ക്കു യാത്ര തു​ട​രു​ന്ന സൈ​ന്യ​ങ്ങൾ ഇതൊ​ക്കെ​യും പി​ന്നാ​ലെ വലി​ച്ചു​കൊ​ണ്ടു പോ​കാ​റു​ണ്ടു്; അതി​നാൽ സവി​ശേ​ഷ​ഭാ​ഷ​യിൽ അവരെ ‘തെ​ണ്ടി​കൾ’ എന്നു പറയും. ഈ സത്ത്വ​ങ്ങ​ളെ സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം, ഒരു സൈ​ന്യ​വും ഒരു ജന​സ​മു​ദാ​യ​വും ഉത്ത​ര​വാ​ദി​യ​ല്ല; അവർ ഇറ്റാ​ലി​യൻ​ഭാഷ സം​സാ​രി​ച്ചു​കൊ​ണ്ടു് ജർ​മ​നി​ക്കാ​രു​ടെ​കൂ​ടെ കൂടും; പി​ന്നീ​ടു ഫ്ര​ഞ്ചു​ഭാഷ പറ​ഞ്ഞു​കൊ​ണ്ടു് ഇം​ഗ്ല​ണ്ടു​കാ​രു​ടെ കൂ​ട്ട​ത്തിൽ തൂ​ങ്ങും; ഈ നി​കൃ​ഷ്ട വർ​ഗ​ത്തിൽ​പ്പെ​ട്ട ഒരുവനാണ്-​ അതേ, ഫ്ര​ഞ്ചു​ഭാഷ സം​സാ​രി​ച്ചി​രു​ന്ന ഒരു സ്പെ​യിൻ​കാ​രൻ തെണ്ടിയാണ്-​അവന്റെ പേ​ച്ചു കേ​ട്ടു നമ്മു​ടെ ഫ്രാൻ​സു​കാ​ര​നാ​ണെ​ന്നു് ഫേവർ ക്യൂ​വി​ലെ മാർ​ക്കി​സ്സു് തെറ്റിദ്ധരിച്ചു-​ ഒടു​വിൽ ചതി​യാ​യി അദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി. സെ​രി​സോൾ യു​ദ്ധ​വി​ജ​യ​ത്തി​ന്റെ പി​റ്റേ​ദി​വ​സം രാ​ത്രി യു​ദ്ധ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ കൊ​ള്ള​യി​ട്ട​തു്. ആ തെ​മ്മാ​ടി ഇത്ത​രം കൊ​ള്ള​ക്കാ​രു​ടെ കൂ​ട്ട​ത്തിൽ​നി​ന്നു പു​റ​പ്പെ​ട്ട​വ​നാ​ണു്. ആ നി​കൃ​ഷ്ട​പ്പ​ഴ​ഞ്ചൊ​ല്ലു്, ശത്രു​വി​നെ​ക്കൊ​ണ്ടു് ഉപ​ജീ​വി​ക്കുക, എന്ന​താ​ണു് ഈ കു​ഷ്ഠ​രോ​ഗ​ത്തെ ഉണ്ടാ​ക്കി​ത്തീർ​ത്ത​തു്; സനി​ഷ്കർ​ഷ​മായ ഒരു സന്മാർ​ഗ​പ​രി​ശീ​ല​നം​കൊ​ണ്ടു മാ​ത്ര​മേ അതു ശമി​ക്കു​ക​യു​ള്ളൂ. പ്ര​സി​ദ്ധി​ക​ളിൽ ചിലതു ചതി​യ​നാ​യി​ട്ടു​ണ്ടു്; മറ്റു ചില കാ​ര്യ​ങ്ങ​ളിൽ വലിയ മഹാ​ന്മാ​രായ ചില സൈ​ന്യാ​ധി​പ​തി​കൾ, ഇത്ര​മേൽ പൊ​തു​ജ​ന​ങ്ങൾ​ക്കി​ഷ്ട​പ്പെ​ട്ട​വ​രാ​യി​ത്തീ​രാൻ കാ​ര​ണ​മെ​ന്താ​ണെ​ന്നു് എപ്പോ​ഴും നി​ശ്ച​യ​മു​ണ്ടാ​യി എന്നു​വ​രി​ല്ല, കൊ​ള്ള​യി​ടാൻ സമ്മ​തി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണു് ത്യു​റാ [59] ഭട​ന്മാ​രാൽ പൂ​ജി​ക്ക​പ്പെ​ട്ട​തു്. സമ്മ​തി​ക്ക​പെ​ട്ട ദു​ഷ്ട​പ്ര​വൃ​ത്തി സൗ​ശീ​ല്യ​ത്തി​ന്റെ ഒരു ഭാ​ഗ​മാ​യി​ക്കൂ​ടു​ന്നു. രാ​ജ്യ​മാ​കെ കൊ​ത്തി​നു​റു​ക്കു​ക​യോ തി​യ്യി​ട്ടു ചു​ടു​ക​യോ ചെ​യ്വാൻ സമ്മ​തി​ക്ക​ത്ത​ക്ക​വി​ധം ത്യു​റാൻ അത്ര​യും ഗു​ണ​വാ​നാ​യി​രു​ന്നു. സൈ​ന്യാ​ധി​പ​ന്റെ ഗൗ​ര​വ​മ​നു​സ​രി​ച്ചാ​യി​രി​ക്കും അതതു സൈ​ന്യ​ത്തി​ന്റെ പി​ന്നിൽ തൂ​ങ്ങി​ക്കൂ​ടു​ന്ന കൊ​ള്ള​ക്കാ​രു​ടെ ഏറ്റ​ക്കു​റ​വു്. ഹോ​ഷി​ന്റേ​യും [60] മാർ​സോ​വി​ന്റേ​യും കൂടെ തെ​ണ്ടി​ക​ളേ ഇല്ല; വെ​ല്ലി​ങ്ങ്ട​ന്റെ കൂടെ അല്പമുണ്ടായിരുന്നു-​ അദ്ദേ​ഹ​ത്തെ വി​ചാ​രി​ച്ചു മര്യാ​ദ​യ്ക്ക് അതു ഞങ്ങൾ പറ​യേ​ണ്ട​താ​ണു്.

എന്താ​യാ​ലും ജൂൺ 18-ആം തി​യ്യ​തി രാ​ത്രി ശവ​ങ്ങ​ളെ​ല്ലാം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. വെ​ല്ലി​ങ്ങ്ടൻ നി​ഷ്കർ​ഷ​ക്കാ​ര​നാ​ണു്; അങ്ങ​നെ വല്ല​വ​നും ചെ​യ്യു​ന്ന​താ​യി കണ്ടാൽ അവനെ വെ​ടി​വ​ച്ചു​ക​ള​യാൻ അദ്ദേ​ഹം കല്പന കൊ​ടു​ത്തു; പക്ഷേ, കൊ​ള്ള​യി​ടുക എന്ന​തു് ഒരു മർ​ക്ക​ട​മു​ഷ്ടി​ക്കാ​ര​നാ​ണു്. യു​ദ്ധ​ഭൂ​മി​യു​ടെ ഒരു ഭാ​ഗ​ത്തു​വെ​ച്ചു ചില കൊ​ള്ള​ക്കാർ വെ​ടി​വ​യ്ക്ക​പ്പെ​ടു​മ്പോൾ, മറ്റു ചിലർ അങ്ങേ ഭാ​ഗ​ത്തു​നി​ന്നു കി​ട്ടു​ന്ന​തു കൈ​യി​ലാ​ക്കി​യി​രു​ന്നു.

ചന്ദ്രൻ ഈ മൈ​താ​ന​ത്തിൽ അമം​ഗ​ള​ക്കാ​ര​നാ​യി.

അർ​ദ്ധ​രാ​ത്രി​യോ​ടു​കൂ​ടി ഒരു മനു​ഷ്യൻ പതു​ങ്ങി നട​ക്കു​ന്നു​ണ്ടു്; അല്ലെ​ങ്കിൽ, ഒഹാ​ങ്ങി​ലെ കു​ണ്ടു​വ​ഴി​ക്കു നേരെ കയ​റി​പ്പോ​കു​ന്നു​ണ്ടു്. ആക​പ്പാ​ടെ കണ്ടാൽ ആ മനു​ഷ്യൻ ഞങ്ങൾ ഇപ്പോൾ​ത്ത​ന്നെ വി​വ​രി​ച്ച തര​ത്തിൽ പെട്ടവനാണ്-​ ഇം​ഗ്ല​ണ്ടു​കാ​ര​നോ ഫ്രാൻ​സു​കാ​ര​നോ അല്ല; കൃ​ഷീ​വ​ല​നോ യു​ദ്ധ​ഭ​ട​നോ അല്ല; ഒരു മനു​ഷ്യ​നേ​ക്കാ​ള​ധി​കം ശവ​ങ്ങ​ളു​ടെ നാ​റ്റം കേ​ട്ട​ടു​ത്തെ​ത്തിയ ഒരു പി​ശാ​ചാ​ണെ​ന്നു പറയണം; സ്വ​ന്തം ജയ​മാ​യി​ക്കി​ട്ടിയ മോ​ഷ​ണ​പ്പ​ണി​യും​കൊ​ണ്ടു് അവർ വാ​ട്ടർ​ലൂ കൊ​ള്ള​യി​ടു​വാൻ ഇറ​ങ്ങി​യി​രി​ക്ക​യാ​ണു്. ഒരു വലിയ പു​റം​കു​പ്പാ​യ​ത്തി​ന്റെ രീ​തി​യി​ലു​ള്ള ഒന്നാ​ണു് അവൻ മേ​ലി​ട്ടി​ട്ടു​ള്ള​തു്; അവൻ അസ്വ​സ്ഥ​നും അധി​ക​പ്ര​സം​ഗി​യു​മാ​യി​രു​ന്നു; അവൻ മുൻ​പോ​ട്ടു നട​ക്കും, പി​ന്നോ​ക്കം സൂ​ക്ഷി​ച്ചു നോ​ക്കും, ഈ മനു​ഷ്യൻ ആരാ​യി​രു​ന്നു? ഒരു സമയം പക​ലി​നെ​ക്കാ​ള​ധി​കം രാ​ത്രി​ക്കാ​യി​രി​ക്കും അവ​നെ​പ്പ​റ്റി അറി​വു്? അവ​ന്റെ കൈയിൽ ചാ​ക്കി​ല്ല; പക്ഷേ, പു​റം​കു​പ്പാ​യ​ത്തി​നു​ള്ളിൽ വ്യ​ക്ത​മാ​യി​ത്ത​ന്നെ നല്ല ഉള്ളു​ള്ള കീ​ശ​ക​ളു​ണ്ടു്. ഇട​യ്ക്കി​ട​യ്ക്ക് അവൻ നി​ല്ക്കും; തന്നെ ആരെ​ങ്കി​ലും കാ​ണു​ന്നു​ണ്ടോ എന്നു നോ​ക്കു​ന്ന​തു​പോ​ലെ, അവൻ ചു​റ്റു​മു​ള്ള മൈ​താ​ന​ത്തെ നോ​ക്കി​പ്പ​ഠി​ക്കും; പെ​ട്ടെ​ന്നു കു​നി​ഞ്ഞു​നി​ന്നു ശബ്ദ​മി​ല്ലാ​തെ​യും അന​ക്കം കൂ​ടാ​തെ​യും നി​ല​ത്തു​കി​ട​ക്കു​ന്ന എന്തോ ഒന്നി​നെ ഇട്ടു​രു​ട്ടും; എഴു​ന്നേ​റ്റു പി​ന്നേ​യും പായും. അവ​ന്റെ നി​ര​ങ്ങി​ക്കൊ​ണ്ടു​ള്ള പോ​ക്കും, അവ​ന്റെ നി​ല​ക​ളും, അസാ​ധാ​ര​ണ​ങ്ങ​ളും അതി​വേ​ഗ​ത്തി​ലു​ള്ള​വ​യു​മായ അവ​ന്റെ ആം​ഗ്യ​വി​ശേ​ഷ​ങ്ങ​ളും​കൂ​ടി കണ്ടാൽ, ഇടി​ഞ്ഞു​പൊ​ളി​ഞ്ഞു പോയ കെ​ട്ടി​ട​ങ്ങൾ​ക്കു​ള്ളിൽ ഇരു​ട്ട​ത്തു സഞ്ച​രി​ക്കാ​റു​ള്ള പു​ഴു​ക്ക​ളു​ടെ ഛായ തോ​ന്നും.

രാ​ത്രി​സ​ഞ്ചാ​ര​മു​ള്ള ചില ഇഴ​വു​പ​ക്ഷി​കൾ ചതു​പ്പു​നി​ല​ങ്ങ​ളി​ലൂ​ടെ ചി​ല​പ്പോൾ ഇങ്ങ​നെ​യു​ള്ള നി​ഴൽ​മാ​റ്റ​ങ്ങൾ ഉണ്ടാ​ക്കാ​റു​ണ്ടു്.

ആ മങ്ങി​ച്ച മു​ഴു​വ​നും തു​ള​ച്ചു​ക​ട​ക്കാൻ കഴി​യു​ന്ന ഒരു നോ​ട്ടം നോ​ക്കി​യാൽ, കു​റ​ച്ച​ക​ലെ​യാ​യി നേരിയ ഒരു വള്ളി​ക്കൊ​ട്ട​യോ​ടു​കൂ​ടിയ ഒരു​ത​രം ചെറിയ പട്ടാ​ള​ക്ക​ച്ച​വ​ട​ക്കാ​ര​ന്റെ കട്ട​വ​ണ്ടി നി​ന്നേ​ട​ത്തു​നി​ന്നു കടി​വാ​ള​ത്തി​നി​ട​യി​ലൂ​ടെ പു​ല്ലു നു​റു​ക്കു​ന്ന ഒരു ചാ​വാ​ളി​ക്കു​തി​ര​യെ പൂ​ട്ടി​ക്കെ​ട്ടി, മോൺ​സാ​ങ്ഴാ​ങിൽ​നി​ന്നു് ബ്രെ​യിൻ​ലാ​ല്യൂ​ദി​ലേ​ക്കു​ള്ള വഴി​ത്തി​രി​വിൽ നീ​വെ​ല്ലി​ലേ​ക്കു​ള്ള പ്ര​ധാന നി​ര​ത്തി​നു തൊ​ട്ടു​നിൽ​ക്കു​ന്ന ചെ​റ്റ​ക്കു​ടി​ലി​നു പി​ന്നിൽ ഒളി​ച്ചു നി​ല്ക്കു​ന്ന​തു കാണാം; എന്ന​ല്ല, ആ വണ്ടി​യിൽ പെ​ട്ടി​ക​ളു​ടേ​യും ഭാ​ണ്ഡ​ങ്ങ​ളു​ടേ​യും മു​ക​ളി​ലാ​യി എന്തോ ഒരു​ത​രം സ്ത്രീ​യും ഇരി​ക്കു​ന്നു​ണ്ടു്. ഒരു സമയം ആ വണ്ടി​യും ഈ പതു​ങ്ങി നട​ക്കു​ന്ന​വ​നും തമ്മിൽ ഒരു സം​ബ​ന്ധ​മു​ണ്ടെ​ന്നു വരാം.

ആ രാ​ത്രി വി​ശി​ഷ്ട​മാ​യി​രു​ന്നു. ഒരൊ​റ്റ മേ​ഘ​മെ​ങ്കി​ലും തല​യ്ക്കു മു​ക​ളി​ലി​ല്ല. ഭൂമി ചു​ക​ന്നു​പോ​യാൽ എന്താ​ണ്! ചന്ദ്രൻ വെ​ളു​ത്തു​ത​ന്നെ​യി​രി​ക്കു​ന്നു. ഇതൊ​ക്കെ​യാ​നു് ആകാ​ശ​ത്തി​ന്റെ ഉദാ​സീ​ന​ത​കൾ. പറ​മ്പു​ക​ളിൽ, വെ​ടി​യു​ണ്ട​കൊ​ണ്ടു പൊ​ട്ടി​യാ​ലും, വീ​ഴാ​തെ തോ​ലു​കൊ​ണ്ടു പി​ടി​ച്ചു​നി​ല്ക്കു​ന്ന മര​ക്കൊ​മ്പു​കൾ രാ​ത്രി​യി​ലെ മന്ദ​മാ​രു​ത​നിൽ പതു​ക്കെ ചാ​ഞ്ചാ​ടി. ഒരു ശ്വാ​സം, ഏതാ​ണ്ടൊ​രൂ​ത്തു്, ചു​ള്ളി​ക്കാ​ടി​നെ ഒന്ന​ന​ക്കി. ജീ​വാ​ത്മാ​ക്ക​ളു​ടെ യാ​ത്ര​പോ​ലെ​യു​ള്ള ഇള​ക്ക​ങ്ങൾ പു​ല്ലു​ക​ളി​ലൂ​ടെ വ്യാ​പി​ച്ചു.

അക​ല​ത്താ​യി പാ​റാ​വു​കാ​രു​ടെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മു​ള്ള കാൽ​വെ​പ്പു​ക​ളും പാ​ള​യ​ത്തിൽ​നി​ന്നു് ഇം​ഗ്ലീ​ഷ് ഭട​ന്മാ​രു​ടെ കാ​വൽ​ന​ട​ത്ത​ങ്ങ​ളും കേൾ​ക്കാ​മാ​യി​രു​ന്നു.

ഒന്നു പടി​ഞ്ഞാ​റും ഒന്നു കി​ഴ​ക്കും രണ്ടു വലിയ തീ​ജ്വാ​ല​ക​ളാ​യി, ചക്ര​വാ​ള​ത്തിൽ കു​ന്നു​കൾ​ക്കു ചു​റ്റും ഇം​ഗ്ലീ​ഷു വെ​ളി​മ്പാ​ള​യ​ത്തിൽ വരി​വ​രി​യാ​യി വലിയ അർ​ദ്ധ​ച​ന്ദ്രാ​കൃ​തി​യി​ലു​ള്ള അടു​പ്പു​തി​യ്യു​ക​ളോ​ടു കൂ​ടി​ച്ചേർ​ന്നു, പു​ഷ്യ​രാ​ഗ​ക്ക​ണ്ഠ​ശ്ശ​ര​ത്തി​ന്റെ അറ്റ​ത്തു രണ്ടു മാ​ണി​ക്യ​ക്ക​ല്ലു​കൾ​പോ​ലെ, ഹൂ​ഗോ​മോ​ങ്ങും ലാ​യി​സാ​ന്തും അപ്പോ​ഴും നി​ന്നു കത്തു​ക​യാ​ണു്.

ഒഹാ​ങ്ങി​ലേ​ക്കു​ള്ള വഴി​യിൽ​വെ​ച്ചു​ണ്ടായ അത്യാ​പ​ത്തു ഞങ്ങൾ വി​വ​രി​ച്ചി​ട്ടു​ണ്ടു്. ധീ​രോ​ദാ​ത്ത​ന്മാ​രായ അത്ര​യ​ധി​കം യു​ദ്ധ​ഭ​ട​ന്മാർ​ക്ക് ആ മരണം എന്താ​യി​രു​ന്നു എന്നാ​ലോ​ചി​ക്കു​മ്പോൾ ഹൃദയം തക​രു​ന്നു.

ഭയ​ങ്ക​ര​മാ​യി എന്തെ​ങ്കി​ലു​മൊ​ന്നു​ണ്ടെ​ങ്കിൽ, സ്വ​പ്ന​ങ്ങ​ളെ കവ​ച്ചു​വെ​ക്കു​ന്ന ഒരു വാ​സ്ത​വ​മു​ണ്ടെ​ങ്കിൽ, അതി​താ​ണു്; ജീ​വ​നോ​ടു​കൂ​ടി​യി​രി​ക്കുക; ആദി​ത്യ​നെ കാണുക; യൗ​വ​ന​ത്തി​ന്റെ തി​ക​ഞ്ഞ ചോ​ര​ത്തി​ള​പ്പു​ണ്ടാ​യി​രി​ക്കുക; ആരോ​ഗ്യ​വും ആഹ്ലാ​ദ​വും ഉണ്ടാ​യി​രി​ക്കുക; ശൗ​ര്യ​ത്തോ​ടു​കൂ​ടി പൊ​ട്ടി​ച്ചി​രി​ക്കുക; മുൻ​ഭാ​ഗ​ത്തു കണ്ണ​ഞ്ചി​ച്ചു​കൊ​ണ്ടു​ള്ള ഒരു ബഹു​മ​തി​യി​ലേ​ക്കു പാ​ഞ്ഞു​ചെ​ല്ലുക; ശ്വാ​സോ​ച്ഛ ്വാസം ചെ​യ്യു​ന്ന ശ്വാ​സ​കോ​ശ​ങ്ങ​ളും, മി​ടി​ക്കു​ന്ന ഹൃ​ദ​യ​വും, ഗു​ണ​ദോ​ഷ​വി​വേ​ച​നം ചെ​യ്യു​ന്ന അന്ത:കര​ണ​വും നെ​ഞ്ചി​ലു​ണ്ടെ​ന്ന ബോ​ധ​മി​രി​ക്കുക; സം​സാ​രി​ക്കുക, ആലോ​ചി​ക്കുക, സ്നേ​ഹി​ക്കുക, അമ്മ​യു​ണ്ടാ​യി​രി​ക്കുക, ഭാ​ര്യ​യു​ണ്ടാ​യി​രി​ക്കുക, മക്ക​ളു​ണ്ടാ​യി​രി​ക്കുക, അറിവുണ്ടായിരിക്കുക-​ പെ​ട്ടെ​ന്നു്, ഒരു നി​ല​വി​ളി​ക്കു​ള്ള ഇട​യ്ക്ക് ഒരർ​ദ്ധ​നി​മി​ഷ​ത്തി​ന​കം ഒര​ന്ധ​കാ​ര​കു​ണ്ഡ​ത്തിൽ തല​കു​ത്തി​പ്പോ​വുക, ഹാ, വീഴുക, ഉരു​ളുക, ചതയുക, ചത​യ്ക്ക​പ്പെ​ടുക; കോ​ത​മ്പ​ക്ക​തി​രു​കൾ, പു​ഷ്പ​ങ്ങൾ, ഇലകൾ, ചി​ല്ല​കൾ, ഓരോ​ന്നും മുൻ​പിൽ കാണുക; യാ​തൊ​ന്നും പി​ടി​ക്കു​വാൻ കഴി​വി​ല്ലാ​തി​രി​ക്കുക; ചു​വ​ട്ടിൽ മനു​ഷ്യ​രും മു​ക​ളിൽ കു​തി​ര​ക​ളു​മാ​യി വാ​ളൊ​ന്ന​ന​ക്കാൻ നി​വൃ​ത്തി​യി​ല്ലാ​തി​രി​ക്കുക; ഇരു​ട്ട​ത്തു​ള്ള ചവി​ട്ടു പറ്റി എല്ലു മു​ഴു​വ​നും നു​റു​ങ്ങി​യ​തു​കൊ​ണ്ടു കി​ട​ന്നു​പി​ട​ഞ്ഞി​ട്ടു യാ​തൊ​രു ഫല​വു​മി​ല്ലാ​തി​രി​ക്കുക. കണ്ണു രണ്ടും കൺ​കു​ഴി​ക​ളിൽ​നി​ന്നു തെ​റി​ച്ചു ചാ​ടു​ന്ന​വി​ധം ചവി​ട്ടു കൊ​ള്ളുക; ദ്വേ​ഷ്യം സഹി​ച്ചു​കൂ​ടാ​തെ കു​തി​ര​ലാ​ടൻ കടി​ക്കുക; ശ്വാ​സം മു​ട്ടുക, ചക്ര​ശ്വാ​സം വലി​ക്കുക; താഴെ വീ​ണു​കി​ട​ക്കുക; കി​ട​ന്നേ​ട​ത്തു​നി​ന്നു തന്നെ​ത്താൻ പറയുക, ‘ഒരു നി​മി​ഷം മു​മ്പു ഞാനും ജീ​വ​നു​ള്ള​വ​യാ​യി​രു​ന്നു!’

അവിടെ ആ കണ്ണു​നീർ വരു​ത്തു​ന്ന കഷ്ട​സം​ഭ​വം അവസാന ഞെ​ര​ക്കം ഞെ​ര​ങ്ങി​യേ​ട​ത്തു്, ഇന്നെ​ല്ലാം നി​ശ്ശ​ബ്ദ​മാ​യി. വേർ​പെ​ടു​ത്താൻ വയ്യാ​ത്ത​വി​ധം കൂ​ടി​പ്പി​ണ​ഞ്ഞു കു​ന്നു​കൂ​ടിയ അശ്വ​ങ്ങ​ളെ​ക്കൊ​ണ്ടും അശ്വാ​രൂ​ഢ​ന്മാ​രെ​ക്കൊ​ണ്ടും ആ കു​ണ്ടു​വ​ഴി​യു​ടെ വക്കു​കൾ തക​രാ​റാ​യി. ഭയ​ങ്ക​ര​മായ കു​ടു​ക്ക്! അവിടെ ഇടു​ക്കു​ക​ളൊ​ന്നു​മി​ല്ല; വഴി​യും മു​കൾ​പ്പ​ര​പ്പും ശവ​ക്കൂ​ട്ട​ത്താൽ ഒരു നി​ര​പ്പാ​യി; കോ​ത​മ്പു നി​റ​ഞ്ഞ കൊ​ട്ട​പോ​ലെ​യി​രു​ന്നു ആ കു​ണ്ടു​വ​ഴി. മു​ക​ളിൽ ഒരു ശവ​ക്കു​ന്നു്, അടി​യിൽ ഒരു ചോരപ്പുഴ-​ 1815 ജൂൺ 19-ാം തി​യ്യ​തി വൈ​കു​ന്നേ​രം ആ വഴി​യു​ടെ നില ഇതാ​യി​രു​ന്നു. ചോര നീ​വെ​ല്ലു് നി​ര​ത്തി​ലേ​ക്കു​കൂ​ടി ഒലി​ച്ചു തള്ളി. ഇന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന ഒരു സ്ഥ​ല​ത്തു വഴി മു​ട​ക്കു​ന്ന മര​ക്കൂ​ട്ട​ത്തി​നു മുൻ​പി​ലെ കു​ള​ത്തിൽ ചെ​ന്നു ചാടി.

അതി​ന്റെ അങ്ങേ വശ​ത്തു്, ഗെ​നാ​പ്പി​ലേ​ക്കു​ള്ള വഴി പോ​കു​ന്നേ​ട​ത്തു വെ​ച്ചാ​ണു് കവ​ച​ധാ​രി​ഭ​ട​ന്മാർ​ക്ക് ആപ​ത്തു പി​ണ​ഞ്ഞ​തെ​ന്നു് ഓർ​മി​ക്കു​മ​ല്ലോ. കു​ണ്ടു​വ​ഴി​യു​ടെ ആഴ​ത്തി​നൊ​ത്തു ശവ​ങ്ങ​ളു​ടെ അടു​ക്കി​നു് എണ്ണം കു​റ​ഞ്ഞി​രു​ന്നു; നടു​ക്കു, ദി​ലോ​റി​ന്റെ സൈ​ന്യം കട​ന്നു​പോ​യേ​ട​ത്തു്, വഴി അധികം കു​ണ്ടി​ല്ലാ​ത്ത​തു​കൊ​ണ്ടു്. അധികം അടു​ക്കു ശവ​ങ്ങ​ളി​ല്ല.

ഞങ്ങൾ വാ​യ​ന​ക്കാർ​ക്ക് ഇപ്പോൾ​ത്ത​ന്നെ കാ​ട്ടി​ത്ത​ന്ന ആ രാ​ത്രി​ക്കൊ​ള്ള​ക്കാ​രൻ അതി​ലെ​യാ​ണു് പോ​യി​രു​ന്ന​തു്. ആവ​മ്പി​ച്ച ശ്മ​ശാ​ന​ഭൂ​മി പരി​ശോ​ധി​ക്കു​ക​യാ​ണു് അയാൾ. അയാൾ ചു​റ്റും സൂ​ക്ഷി​ച്ചു നോ​ക്കി. ആ മരി​ച്ചു കി​ട​ക്കു​ന്ന​വ​രി​ലെ​ല്ലാം ഒരു പൈ​ശാ​ചി​ക​മായ പരി​ശോ​ധന നട​ത്തി​ക്കൊ​ണ്ടു പോയി. കാൽ ചോ​ര​യിൽ മു​ങ്ങി​ക്കൊ​ണ്ടാ​ണു് ആ മനു​ഷ്യ​ന്റെ നട​ത്തം.

പെ​ട്ടെ​ന്നു് അയാൾ നി​ന്നു.

അയാ​ളു​ടെ മുൻ​പിൽ കു​റ​ച്ച​ടി അകലെ, ആ കു​ണ്ടു​വ​ഴി​യിൽ, ശവ​പു​ഞ്ജ​ത്തി​ന്റെ അവ​സാ​ന​ത്തിൽ ചന്ദ്രി​ക​യാൽ പ്ര​കാ​ശ​മാ​ന​മായ ഒരു തു​റ​ന്ന കൈ ആ മനു​ഷ്യ​ക്കു​ന്നി​ന്റെ ഉള്ളിൽ​നി​ന്നു പു​റ​ത്തേ​ക്കു പൊ​ന്തി​വ​ന്നു. ആ കൈയിൽ മി​ന്നു​ന്ന എന്തോ ഒന്നു​ണ്ടാ​യി​രു​ന്നു; അതൊരു പൊ​ന്മോ​തി​ര​മാ​ണു്.

ആ മനു​ഷ്യൻ അവിടെ കു​നി​ഞ്ഞു: ഒരു നി​മി​ഷം ആ നി​ല​യിൽ താണു കി​ട​ന്നു; അയാൾ എണീ​റ്റ​പ്പോൾ ആ കൈ​യിൽ​നി​ന്നു മോ​തി​രം കാ​ണാ​താ​യി​രി​ക്കു​ന്നു.

അയാൾ തി​ക​ച്ചും എണീ​റ്റി​ല്ല; ശവ​ക്കു​ന്നി​ലേ​ക്കു പുറം ചാരി, മു​ട്ടു​കു​ത്തി ചക്ര​വാ​ള​ത്തെ സൂ​ക്ഷി​ച്ചു​നോ​ക്കി​ക്കൊ​ണ്ടു്, നി​ല​ത്തൂ​ന്നിയ രണ്ടു കൈ​പ്പെ​രു​വി​ര​ലി​ന്റേ​യും സഹാ​യ്യ്യ​ത്താൽ ഉടൽ മു​ഴു​വ​നും പൊ​ക്കി​പ്പി​ടി​ച്ച്, കു​ണ്ടു​വ​ഴി​യു​ടെ വക്കി​നു മു​ക​ളി​ലൂ​ടെ തല​യു​യർ​ത്തി, പതു​ങ്ങി​യും ഭയം കാ​ണി​ക്കു​ന്ന​തു​മായ നി​ല​യിൽ ഇരു​ന്ന​തേ ഉള്ളൂ. കു​റു​ക്ക​ന്റെ നാലു കാ​ല​ടി​ക​ളെ​ക്കൊ​ണ്ടു ചില പറ്റിയ പണി​യു​ണ്ടു്.

ഉടനെ എന്തോ ഒന്നു​റ​ച്ച് അയാൾ എഴു​ന്നേ​റ്റു​നി​ന്നു.

ആ സമ​യ​ത്തു് അയാൾ ഒരു വല്ലാ​ത്ത ഞെ​ട്ടൽ ഞെ​ട്ടി. ആരോ പി​ന്നിൽ​നി​ന്നു പി​ടി​കൂ​ടി​യ​തു​പോ​ലെ അയാൾ​ക്കു തോ​ന്നി.

അയാൾ ഒരു തി​രി​കു​റ്റി​യി​ന്മേ​ലെ​ന്ന​വി​ധം തി​രി​ഞ്ഞു; ആ തു​റ​ന്ന നി​ല​യിൽ കണ്ട കൈ​യാ​ണു്, കൂ​ടി​ച്ചേർ​ന്ന വി​ര​ലു​കൾ​കൊ​ണ്ടു് ആ മനു​ഷ്യ​ന്റെ പു​റം​കു​പ്പാ​യ​മ​ട​ക്കിൽ പി​ടി​ച്ച​തു്.

ഒരു മര്യാ​ദ​ക്കാ​രൻ ഭയ​പ്പെ​ട്ടു​പോ​വും, ഈ മനു​ഷ്യൻ പൊ​ട്ടി​ച്ചി​രി​ച്ചു.

‘ആട്ടെ,’ അയാൾ പറ​ഞ്ഞു, ‘അതൊരു ശവം മാ​ത്ര​മാ​ണു്. എനി​ക്കു പ്രേ​ത​ത്തെ​യാ​ണു് പട്ടാ​ള​ക്കാ​ര​നെ​ക്കാൾ ഇഷ്ടം.’

പക്ഷേ, ആ കൈ തളർ​ന്നു. അയാളെ പി​ടി​വി​ട്ടു. ശ്മ​ശാ​ന​ഭൂ​മി​യി​ലെ ശ്രമം ക്ഷ​ണ​ത്തിൽ ക്ഷീ​ണി​ച്ചു​പോ​വു​ന്നു.

‘എന്നാൽ ആവ​ട്ടെ,’ ആ പതു​ങ്ങി​ക്ക​ള്ളൻ പറ​ഞ്ഞു: ‘ആ ചത്ത​വ​ന്നു ജീ​വ​നു​ണ്ടോ? നോ​ക്ക​ട്ടെ.’

അയാൾ വീ​ണ്ടും കു​നി​ഞ്ഞി​രു​ന്നു; ശവ​ക്കു​ന്നി​നി​ട​യിൽ തപ്പി​നോ​ക്കി. തട​ഞ്ഞ​തൊ​ക്കെ തട്ടി​നീ​ക്കി; ആ കൈ കവർ​ന്നെ​ടു​ത്തു, തന്റേ​തി​നോ​ടു കോർ​ത്തു പി​ടി​ച്ചു; തല കൂ​ട്ട​ത്തിൽ​നി​ന്നു വി​ടു​വി​ച്ചു. ദേഹം പു​റ​ത്തേ​ക്കു വലി​ച്ചു; കു​റ​ച്ചു നേ​രം​കൊ​ണ്ടു് കു​ണ്ടു​വ​ഴി​യി​ലെ നി​ഴ​ലു​കൾ​ക്കു​ള്ളി​ലൂ​ടെ ആ ജീ​വ​ന​റ്റ, അല്ലെ​ങ്കിൽ മോ​ഹാ​ല​സ്യ​ത്തിൽ കി​ട​ക്കു​ന്ന, മനു​ഷ്യ​നെ വലി​ച്ചു​കേ​റ്റി. അതു് ഒരു കവ​ച​ധാ​രി​ഭ​ട​നാ​യി​രു​ന്നു, ഒരു​ദ്യോ​ഗ​സ്ഥൻ. വളരെ ഉയർ​ന്ന നി​ല​യി​ലു​ള്ള ഒരു ഉദ്യോ​ഗ​സ്ഥൻ; കവ​ച​ത്തി​നു​ള്ളിൽ​നി​ന്നു കന​ക​മ​യ​മായ ഒരു വലിയ സ്ഥാ​ന​മു​ദ്ര പതു​ങ്ങി നോ​ക്കു​ന്നു. ആ ഭയ​ങ്ക​ര​മായ വാൾ​വെ​ട്ടു് അയാ​ളു​ടെ മുഖം തക​രാ​റി​ലാ​ക്കി​യി​രി​ക്കു​ന്നു: ചോ​ര​യ​ല്ലാ​തെ മറ്റൊ​ന്നും അവിടെ കാ​ണാ​നി​ല്ല.

ഏതാ​യാ​ലും ആ മനു​ഷ്യ​ന്റെ കൈയും കാലും മു​റി​ഞ്ഞി​ട്ടി​ല്ല, എന്തോ ഭാ​ഗ്യം കൊണ്ട്-​ ആ വാ​ക്കി​വി​ടെ ഉപ​യോ​ഗി​ക്കു​ന്ന​തി​നു വിരോധമില്ലെങ്കിൽ-​അയാളെ ചത​ഞ്ഞു​പോ​കാ​തെ സൂ​ക്ഷി​ച്ചു​കൊ​ണ്ടാ​ണു് ശവ​ങ്ങൾ മീതെ വന്നു മറി​ഞ്ഞ​തു്. അയാ​ളു​ടെ കണ്ണു് അപ്പോ​ഴും അട​ഞ്ഞി​രു​ന്നു.

ബഹു​മ​തി​മു​ദ്ര​യായ വെ​ള്ള​ക്കു​രി​ശ് അയാ​ളു​ടെ കവ​ച​ത്തി​നു മു​ക​ളിൽ കാ​ണ​പ്പെ​ട്ടു.

കൊ​ള്ള​ക്കാ​രൻ ഈ കു​രി​ശു​മു​ദ്ര പറി​ച്ചെ​ടു​ത്തു; അത​വ​ന്റെ വലിയ പുറം കു​പ്പാ​യ​ത്തി​ലെ അഗാ​ധ​ങ്ങ​ളായ ഉൾ​പ്പൊ​ത്തു​ക​ളി​ളൊ​ന്നിൽ മറ​ഞ്ഞു.

ഉടനെ അയാൾ ഉദ്യോ​ഗ​സ്ഥ​ന്റെ ഗഡി​യാൾ​ക്കീശ തൊ​ട്ടു​നോ​ക്കി; അതിൽ ഘടി​കാ​ര​മു​ണ്ടെ​ന്നു കണ്ടു; അതു കൈ​യി​ലാ​ക്കി. പി​ന്നീ​ടു് ഉൾ​ക്കു​പ്പാ​യ​ത്തെ പരീ​ക്ഷ​ണം ചെ​യ്തു; ഒരു പണ​സ്സ​ഞ്ചി​യിൽ കണ്ണെ​ത്തി, അതും തന്റെ കീ​ശ​യി​ലാ​ക്കി.

മരി​ക്കു​വാൻ പോ​കു​ന്ന മനു​ഷ്യ​ന്നു ചെ​യ്തു​പോ​വു​ന്ന ശു​ശ്രൂ​ഷ​കൾ ഇത്ര​ത്തോ​ള​മാ​യ​പ്പോൾ ആ സേ​നാ​ധ്യ​ക്ഷൻ കണ്ണു​മി​ഴി​ച്ചു.

‘നന്ദി,’ അയാൾ ക്ഷീ​ണി​ച്ചു പറ​ഞ്ഞു.

അയാ​ളു​ടെ മേൽ കള്ള​പ്പ​ണി ചെ​യ്യു​ന്ന മനു​ഷ്യ​ന്റെ പ്ര​വൃ​ത്തി​വേ​ഗ​വും, രാ​ത്രി​യു​ടെ കു​ളിർ​മ​യും, ധാ​രാ​ള​മാ​യി ശ്വ​സി​ക്കാൻ കി​ട്ടിയ ശു​ദ്ധ​വാ​യു​വും​കൂ​ടി ആ മനു​ഷ്യ​നെ മോ​ഹാ​ല​സ്യ​ത്തിൽ​നി​ന്നു​ണർ​ത്തി.

കൊ​ള്ള​ക്കാ​രൻ മറു​പ​ടി​യൊ​ന്നും പറ​ഞ്ഞി​ല്ല. അവൻ തല​യൊ​ന്നു​യർ​ത്തി, മൈ​താ​ന​ത്തിൽ​നി​ന്നു കാ​ല്പെ​രു​മാ​റ്റ​ത്തി​ന്റെ ശബ്ദം കേൾ​ക്കാ​മാ​യി​രു​ന്നു; പാ​റാ​വു​കാ​രൻ ആരോ അടു​ത്തു​വ​രു​ന്നു​ണ്ടാ​വാം.

ഉദ്യോ​ഗ​സ്ഥൻ പതു​ക്കെ ചോദിച്ചു-​ മര​ണ​വേ​ദന അപ്പോ​ഴും ആ ഒച്ച​യി​ലു​ണ്ടാ​യി​രു​ന്നു:

‘യു​ദ്ധ​ത്തിൽ ആർ ജയി​ച്ചു?’ ‘ഇം​ഗ്ല​ണ്ടു്.’ ‘എന്റെ കീ​ശ​യിൽ നോ​ക്കൂ; ഒരു ഘടി​കാ​ര​വും ഒരു പണ​സ്സ​ഞ്ചി​യും കാണും. അവ നി​ങ്ങൾ​ക്കെ​ടു​ക്കാം.’

അതു കഴി​ഞ്ഞി​രി​ക്കു​ന്നു.

കൊ​ള്ള​ക്കാ​രൻ ആവ​ശ്യ​മു​ള്ള നാ​ട്യം നടി​ച്ചു; എന്നി​ട്ടു പറ​ഞ്ഞു: ‘അതിൽ യാ​തൊ​ന്നു​മി​ല്ല.’

‘ആരോ കൊ​ള്ള​യി​ട്ടു,’ ഉദ്യോ​ഗ​സ്ഥൻ പറ​ഞ്ഞു: ‘കഷ്ട​മാ​യി, അതുകൾ നി​ങ്ങൾ​ക്കു കി​ട്ടേ​ണ്ട​താ​യി​രു​ന്നു.’

പാ​റാ​വു​ഭ​ട​ന്റെ കാ​ല്പെ​രു​മാ​റ്റ​ശ്ശ​ബ്ദം അധി​ക​മ​ധി​കം വ്യ​ക്ത​മാ​യി​ത്തു​ട​ങ്ങി.

‘ആരോ വരു​ന്നു,’ പോവാൻ തു​ട​ങ്ങു​ന്ന ഒരാ​ളു​ടെ മട്ടോ​ടു​കൂ​ടി ആ കൊ​ള്ള​ക്കാ​രൻ പറ​ഞ്ഞു.

ഉദ്യോ​ഗ​സ്ഥൻ കൈ​യു​യർ​ത്തി, ആ മനു​ഷ്യ​നെ​ത​ട​ഞ്ഞു.

‘നി​ങ്ങൾ എന്റെ ജീവനെ രക്ഷി​ച്ചു, നി​ങ്ങൾ ആരാ​ണു്?’

കൊ​ള്ള​ക്കാ​രൻ വേ​ഗ​ത്തി​ലും താ​ഴ്‌​ന്ന സ്വ​ര​ത്തി​ലും മറു​പ​ടി പറ​ഞ്ഞു: ‘നി​ങ്ങ​ളെ​പ്പോ​ലെ​ത്ത​ന്നെ, ഞാനും ഫ്ര​ഞ്ചു​സൈ​ന്യ​ത്തിൽ​പ്പെ​ട്ട​വ​നാ​ണു്. എനി​ക്കു പോ​കേ​ണ്ടി​യി​രി​ക്കു​ന്നു. അവർ എന്നെ പി​ടി​കി​ട്ടി​യാൽ വെ​ടി​വെ​ച്ചു​ക​ള​യും. ഞാൻ നി​ങ്ങ​ളു​ടെ ജീവനെ രക്ഷി​ച്ചു. ഇനി നി​ങ്ങൾ തന്നെ നി​ങ്ങ​ളു​ടെ പാടു നോ​ക്കുക.’

‘നി​ങ്ങ​ളു​ടെ സ്ഥാ​ന​മെ​ന്താ​ണു്? ‘സർ​ജ​ന്റു്’. ‘നി​ങ്ങ​ളു​ടെ പേരു്?’ ‘തെ​നാർ​ദി​യെൻ.’ ‘ആ പേർ ഞാൻ മറ​ക്കി​ല്ല.’ ആ ഉദ്യോ​ഗ​സ്ഥൻ പറ​ഞ്ഞു; ‘നി​ങ്ങൾ​ക്ക് എന്റെ പേർ ഓർ​മ​യു​ണ്ടോ? എന്റെ പേർ പോ​ങ്ങ്മേർ​സി എന്നാ​ണു്.’

കു​റി​പ്പു​കൾ

[59] യൂ​റോ​പ്പു രാ​ജ്യ​ച​രി​ത്ര​ത്തിൽ സു​പ്ര​സി​ദ്ധ​മായ ‘മു​പ്പ​തു കൊ​ല്ല​ത്തെ യുദ്ധ’ത്തി​ലെ പ്ര​ധാന സേ​നാ​പ​തി.

[60] ലസാർ​ഹോ​ഷ്; ഭര​ണ​പ​രി​വർ​ത്ത​ന​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒരു ഫ്ര​ഞ്ചു സേ​നാ​പ​തി.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.