രാജ്യഭരണം വീണ്ടും രാജാക്കന്മാരിൽത്തന്നെ എത്തിച്ചേർന്നപ്പോഴേക്കും പെത്തി പിക്പ്യൂവിലെ കന്യകാമഠത്തിന്റെ അവസാനകാലമായി; പതിനെട്ടാം നൂററാണ്ടിനുശേഷം മതസംബന്ധികളായ എല്ലാ സംഘങ്ങളും അന്തർദ്ധാനം ചെയ്യവാൻ തുടങ്ങിയ കൂട്ടത്തിൽ ഈ സംഘവും പെട്ടു. ഈശ്വരപ്രാർത്ഥന എന്നപോലെ ഈശ്വരധ്യാനവും മനുഷ്യസമുദായത്തിന്റെ ആവശ്യങ്ങളിൽ ഒന്നാണു്; പക്ഷേ, ഭരണപരിവർത്തനം കൈവെക്കുന്ന സകലത്തേയുംപോലെ, ഇതും ഒന്നു രൂപാന്തരപ്പെട്ടു; സാമൂദായികമായ അഭിവൃദ്ധിക്കു തടസ്സം എന്ന നിലയിൽനിന്നു് അതിനുളള ഒരെളുപ്പവഴി എന്നായിത്തീർന്നു.
പെത്തി പിക്പ്യുവിലെ കന്യകാമഠത്തിൽ ആരുംതന്നെ താമസമില്ലെന്നാവുകയായി. 1840–ൽ ചെറിയ കന്യകാമഠം നശിച്ചു; വിദ്യാലയം പോയി. കിഴവികളാകട്ടേ പെൺകിടാങ്ങളാകട്ടേ അവിടെയെങ്ങും ഇല്ലാതായി; ആദ്യം പറഞ്ഞവരൊക്കെ മരിച്ചു; പിന്നെ പറഞ്ഞവരൊക്കെ പിരിഞ്ഞു.
ശാശ്വതപൂജനത്തിലെ നിയമം അത്രയും കഠിനമായതുകൊണ്ടു് അതാതുകളെ പേടിപ്പെടുത്തി; ആശ്രമജീവിതത്തിലേക്കുളള ക്ഷണങ്ങൾ അതിനു മുൻപാകെ ശങ്കിച്ചു പിന്മാറി; സംഘത്തിലേക്കു പുതുതായി ആരേയും കിട്ടാതെയായി. 1845–ൽ ഇടയ്ക്കും തലയ്ക്കും ചില ആശ്രമപ്രവേശാർഥിനികൾ വന്നുചേർന്നിരുന്നില്ലെന്നല്ല. പക്ഷേ, സന്ന്യാസിനിമാർ ഇല്ലേ ഇല്ല. നാല്പതു കൊല്ലം മുൻപു് നൂറിലധികം സന്ന്യാസിമാരുണ്ടായിരുന്നു; പതിനഞ്ചു കൊല്ലം മുൻപു് ഇരുപത്തെട്ടിൽ ഒട്ടും അധികമില്ല. ഇപ്പോൾ എത്രയുണ്ടു്? 1847–ൽ മഠാധ്യക്ഷ ഒരു യുവതിയായിരുന്നു; തിരഞ്ഞെടുപ്പിനുളള പരിധി വളരെ ചെറുതായി എന്നതിന്റെ അടയാളം. അവൾക്കു വയസ്സു നാല്പതായിട്ടില്ല. ആളുകളുടെ എണ്ണം കുറയുന്തോറും ക്ഷീണം വർദ്ധിക്കുന്നു; ഓരോരുത്തരുടേയും പ്രവൃത്തി സഹിക്കാൻ വയ്യാത്തേടത്തോളമാവുന്നു; സാങ്–ബെന്വാവിന്റെ കഠിനതരമായ ആശ്രമനിയമത്തെ ചുമന്നുനില്ക്കുവാൻ കുനിഞ്ഞതും വേദനപ്പെടുന്നതുമായ ഒരു ‘ഡജൻ’ ചുമൽ മാത്രമേ ഉളളൂ എന്ന നില അടുത്തടുത്തുവരുന്നതായി കണ്ടുതുടങ്ങി. ഏതായാലും ഭാരത്തിനു ചുരുക്കമില്ല; എടുക്കാൻ കുറച്ചാളായാലും അധികമാളായാലും, അതങ്ങനെതന്നെ. അതു കീഴ്പോട്ടിരുത്തുന്നു; ചുമക്കുന്നവരെ ചതയ്ക്കുന്നു. അങ്ങനെ അവർ മരിക്കുന്നു. ഈ ഗ്രന്ഥകർത്താവു് പാരിസ്സിൽ താമസിച്ചിരുന്ന കാലത്തു രണ്ടു പേർ മരിക്കുകയുണ്ടായി. ഒരുവൾക്കു വയസ്സിരുപത്തഞ്ച്; മററവൾക്കിരുപത്തിമൂന്നു്. ഈ നാശം കാരണമാണു് കന്യകാമഠത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതായതു്.
ഈ അസാധാരണഭവനത്തിൽ കടന്നുനോക്കാതെ, അതിന്റെ മുൻപിലൂടെ പോവാൻ ഞങ്ങൾക്കു ധൈര്യമുണ്ടായില്ല; എന്നല്ല, ഞങ്ങളുടെ കൂടെ പോരുന്നവരും ഴാങ് വാൽഴാങ്ങിന്റെ ദുഃഖമയമായ ചരിത്രം ഞങ്ങൾ പറയുന്നതിനെ മനസ്സിരുത്തി കേൾക്കുന്നവരുമായ ജനങ്ങളുടെ—ഒരു സമയം, അതിൽ ചിലരുടെ ഗുണത്തിനാവാം—അങ്ങോട്ടു കൂട്ടിക്കൊണ്ടുപോവാതിരിക്കാനും ഞങ്ങളെക്കൊണ്ടു കഴിഞ്ഞില്ല. ഇന്നു സകലവും പുതുമകളായി തോന്നുന്ന പലേ പുരാതന നടപടികളെക്കൊണ്ടും നിറഞ്ഞ ഈ മതസംബന്ധിയായ സംഘത്തിലേക്കു ഞങ്ങൾ കയറിച്ചെന്നു. അതു് കടന്നുചെല്ലാൻ പാടില്ലാത്ത സ്ഥലമാണു്. ഈ അസാധാരണസ്ഥലത്തെപ്പറ്റി ഞങ്ങൾ സവിസ്തരം വർണിച്ചു; എങ്കിലും, വർണനയും ബഹുമാനവും തമ്മിൽ യോജിച്ചുനില്ക്കുന്നതു് എത്രത്തോളമോ അത്രത്തോളമെങ്കിലും തീർച്ച തന്നെ, ബഹുമാനത്തോടുകൂടിയാണു് ഞങ്ങൾ അതു ചെയ്തിട്ടുള്ളതു്. മുഴുവനും ഞങ്ങൾക്കു മനസ്സിലായിട്ടില്ല; പക്ഷേ, ഒന്നിനേയും ഞങ്ങൾ അവമാനിക്കുന്നില്ല. കൊലയാളിയെ സുഗന്ധാനുലേപനം ചെയ്തുകൊണ്ടു് അവസാനമടഞ്ഞ ഴോസഫ്ദു് മെയ്സ്ട്രിന്റു് [5] ഈശ്വരസ്തുതിയിൽനിന്നും, കുരിശിനെ പരിഹസിക്കുക എന്നിടത്തോളംതന്നെ കടന്നുചെന്ന വോൾത്തെയരുടെ കൊഞ്ഞനംകാട്ടലിൽ നിന്നും ഞങ്ങൾ ഒരേവിധം ദൂരത്താണു്.
കൂട്ടത്തിൽ ഞങ്ങൾ പറഞ്ഞുവെക്കുന്നു, വോൾത്തെയർ ആ ചെയ്തതു് ഒട്ടും നന്നായിട്ടില്ല; എന്തുകൊണ്ടെന്നാൽ, കലയെ [6] താങ്ങിപ്പറഞ്ഞതുപോലെ, യേശുക്രിസ്തുവേയും വോൾത്തെയർക്കു താങ്ങിപ്പറയാമായിരുന്നു; എന്നല്ല, അമാനുഷന്മാരായ അവതാരപുരുഷന്മാർ ഉണ്ടാവാൻ പാടില്ലെന്നു സിദ്ധാന്തിക്കുന്നവർക്കുതന്നെയും ക്രിസ്തുവിന്റെ കുരിശാരോഹണം എന്തിനെയാണു് സൂചിപ്പിക്കുന്നത്? ഋഷിയെ കൊലപ്പെടുത്തിയതിനെ.
ഈ പത്തൊമ്പതാം നൂറ്റാണ്ടിൽ മതസംബന്ധിയായ വിചാരം ഒരു വല്ലാത്ത ദശാസന്ധിയിലാണു് എത്തിയിരിക്കുന്നതു്. ജനങ്ങൾ ചില പഠിപ്പുകളെയെല്ലാം മറന്നുകളയാൻ പോകയാണു്; അതു നല്ലതുതന്നെ; പക്ഷേ, ഒന്നുമാത്രം, ആ മറക്കുന്നതോടുകൂടി അവർ ഇതൊന്നു പഠിക്കണം; മനുഷ്യഹൃദയത്തിൽ ശൂന്യതയില്ല. ചില ഒളിച്ചുനീക്കലുകളെല്ലാം ഉണ്ടാകാറുണ്ടു്; അതു വേണ്ടതുതന്നെ; പക്ഷേ, അതു കഴിഞ്ഞ ഉടനെ അവിടെ വേറെ ചില മരാമത്തുകൾ ആരംഭിക്കണം.
ആയിടയ്ക്ക് ഇല്ലാതായിപ്പോയവയെ നമുക്കു നോക്കിപ്പഠിക്കുക. ഒഴിച്ചുകളയുവാൻവേണ്ടിമാത്രമെങ്കിലും, അവയെ മനസ്സിലാക്കിയിരിക്കുന്നതു് ആവശ്യമാണു്. കഴിഞ്ഞുപോയവയുടെ വേഷധാരികൾ ചിലപ്പോൾ കളളപ്പേരെടുക്കും; അവ തങ്ങൾ വരാനിരിക്കുന്നവയാണെന്നു സസന്തോഷം ഭാവിക്കും. ഈ പ്രേതക്കാഴ്ച, ഈ ഭൂതകാലം, സ്വന്തം യാത്രാനുവാദപത്രത്തെത്തന്നെ അസത്യമാക്കിക്കളയുക പതിവുണ്ടു്. ആ കെണിയെപ്പറ്റി നമുക്കു മുൻകൂട്ടി അറിവുണ്ടാക്കുക. നമുക്കു കരുതിനില്ക്കുക. ഭൂതകാലത്തിന്നു് ഒരു മുഖരൂപമുണ്ടു്—അന്ധവിശ്വാസം; കളളമോന്തയുണ്ടു്—കപടഭക്തി. നമുക്കു ആ മുഖാകൃതിയെ ആക്ഷേപിക്കുക; നമുക്ക് ആ കളളമോന്തയെ പറിച്ചുകളയുക.
കന്യകാമഠങ്ങളെപ്പറ്റിപ്പറയുമ്പോൾ അവ ഒരു വിഷമപ്രശ്നത്തെ മുൻപിൽ കൊണ്ടുനിർത്തുന്നു— പരിഷ്കാരത്തെസ്സംബന്ധിച്ച ഒരു സംശയത്തെ; അതു് അവയെ അധിക്ഷേപിക്കുന്നു; സ്വാതന്ത്ര്യത്തെസ്സംബന്ധിച്ച ഒരു സംശയത്തെ, അതു് അവയെ രക്ഷിക്കുന്നു.
[5] ഇറ്റലിയിലെ ഒരു പ്രസിദ്ധനായ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും.
[6] ഈ ഫ്രഞ്ചുപുതുകുറ്റകാരനെ അന്നു നടപ്പുളള ഭേദ്യയന്ത്രത്തിലിട്ടു ഭേദ്യം ചെയ്തു കൊല്ലുകയാണുണ്ടായതു്. വോൾത്തെയർ രണ്ടുമൂന്നു കൊല്ലത്തെ ശ്രമംകൊണ്ടു് അയാളുടെ കുടുംബത്തെസ്സംബന്ധിച്ചേടത്തോളം ആ ശിക്ഷാവിധി ബാധിക്കാതാക്കിത്തീർത്തു.