ചരിത്രത്തിനും തത്ത്വശാസ്ത്രത്തിനും ശാശ്വതങ്ങളായ ചുമതലകളുണ്ടു്; അതോടൊപ്പംതന്നെ, അവ ഞെരുക്കമില്ലാത്തവയുമാണ്-മതാചാര്യന്മാരിൽ ശ്രേഷ്ഠനായ കയഫസ്സോടും [7] സ്തുതികർത്താവായ ദ്രക്കോവോടും [8] നിയമപ്രചാരകനായ ത്രിമാൽക്കിയോനോടും [9] ചക്രവർത്തിയായ തിബെരിയൂസ്സോടും [10] മല്ലിടുക; ഇതു വ്യക്തവും ഋജുവും നിഷ്കളങ്കവുമാണു്; യാതൊരു കലുക്കവും ഇതിലില്ല.
അസൗകര്യങ്ങളും ദുരാചാരങ്ങളും എന്തുതന്നെയുണ്ടായിരുന്നാലും സമുദായത്തിൽനിന്നു വിട്ടുതാമസിക്കാനുള്ള അധികാരം അതിനെ പുറത്തു കാണിക്കുവാനും വിലവെപ്പിക്കുവാനും സിദ്ധാന്തിക്കുന്നു. സന്ന്യാസം എന്നതു് മനുഷ്യ സംബന്ധിയായ ഒരു വാദവിഷയമാണു്.
അബദ്ധത്തിന്റേയും പക്ഷേ, നിഷ്കപടതയുടേയും ഭ്രാന്തിയുടേയും പക്ഷേ, സദ്വിചാരത്തിന്റേയും അജ്ഞതയുടേയും പക്ഷേ, ഭക്തിയുടേയും ദണ്ഡനത്തിന്റേയും പക്ഷേ, ധർമാർത്ഥമായ പീഡാനുഭവത്തിന്റേയും പാർപ്പിടങ്ങളായ കന്യകാമഠങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ ഉവ്വെന്നോ ഇല്ലെന്നോ ഒന്നു തീർത്തുപറയേണ്ട ആവശ്യം എപ്പോഴും ഉണ്ടായി വരുന്നു.
ഒരു കന്യകാമഠം എന്നതു് ഒരു പരസ്പരവിരുദ്ധതയാണു്. അതിന്റെ ഉദ്ദേശ്യം, മുക്തി; അതിലേക്കുള്ള അതിന്റെ വഴി, ത്യാഗം. മഹത്തരമായ നിഷേധം അവസാന ഫലമായിട്ടുള്ള ഒരു മഹത്തരമായ സ്വാർത്ഥബുദ്ധിയാണു് കന്യകാമഠം.
രാജ്യഭരണം കിട്ടുവാനുദ്ദേശിച്ചുകൊണ്ടു വാഴ്ചയൊഴിയുക എന്നതു സന്ന്യാസാശ്രമം കണ്ടുപിടിച്ചിട്ടുള്ള സൂത്രമാണെന്നു തോന്നുന്നു.
സന്ന്യാസാശ്രമത്തിൽ സുഖത്തിനുവേണ്ടി ദുഃഖമനുഭവിക്കുന്നു. മരണവുമായി ഉണ്ടികക്കച്ചവടം നടത്തുന്നു. ഐഹികമായ അന്ധകാരംകൊണ്ടു പാരത്രികമായ പ്രകാശത്തിന്റെ വില കൊടുക്കുന്നു. മരണാനന്തരമുള്ള സ്വർഗത്തിനു വേണ്ടി സന്ന്യാസിമഠത്തിൽ നരകം സ്വീകരിക്കപ്പെടുന്നു.
മുഖാച്ഛാദനമോ കുറുങ്കുപ്പായമോ സ്വീകരിക്കുന്നതു് അനശ്വരത്വം പ്രതിഫലമായിട്ടുള്ള ഒരാത്മഹത്യയാണു്.
ഇങ്ങനെയൊരു വിഷയത്തിൽ പരിഹാസം പാടുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല. അതിനെ സംബന്ധിച്ച സകലവും സഗൗരവമാണ്-നല്ലതും, അതുപോലെത്തന്നെ, ചീത്തയും.
ഉത്തമമനുഷ്യൻ നെറ്റി ചുളിക്കുന്നു; പക്ഷേ, പകയുള്ള ഒരു പരിഹാസത്തോടുകൂടി ഒരിക്കലും പുഞ്ചിരിക്കൊള്ളുകയില്ല. ശുണ്ഠി ഞങ്ങൾക്കു മനസ്സിലാവുന്നുണ്ടു്; എന്നാൽ പക മനസ്സിലാവുന്നില്ല.
[7] വേദപുസ്തകത്തിലെ ഒരു കത്ഥാപാത്രം.
[8] അത്ഥീനിയയിലെ നിയമഗ്രന്ത്ഥത്തിന്റെ ആദികർത്താവു്. അത്രമേൽ കഠിനശിക്ഷകൾ വിധിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ സ്മൃതി രക്തത്തിലാണു് എഴുതിയിരുന്നതെന്നു വിശ്വസിച്ചുപോന്നു.
[9] അത്ര പ്രസിദ്ധനല്ല.
[10] റോമിലെ രണ്ടാമത്തെ ചക്രവർത്തി.