SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-17.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.1.1
പി​ഞ്ചു​കു​ട്ടി

പാ​രി​സ്സി​നു് ഒരു കു​ട്ടി​യു​ണ്ടു്; കാ​ട്ടി​നു് ഒരു പക്ഷി​യു​മു​ണ്ടു്; പക്ഷി​ക്കു പേർ കു​രു​കിൽ; കു​ട്ടി​ക്കു പേർ തെ​മ്മാ​ടി​ച്ചെ​ക്കൻ.

ഒന്നിൽ ചൂ​ള​പ്പുര മു​ഴു​വ​നും മറ്റേ​തിൽ പ്ര​ഭാ​തം മു​ഴു​വ​നും അട​ങ്ങിയ ഈ രണ്ടു സങ്ക​ല്പ​ങ്ങ​ളേ​യും കൂ​ട്ടി​യി​ണ​ക്കുക; ഈ രണ്ടു തീപ്പൊരികളെ-​പാരിസ്സും കുട്ടിപ്രായവും-​കൂട്ടിയിണക്കുക; അതാ പു​റ​ത്തു ചാ​ടു​ന്നു, അവ​യിൽ​നി​ന്നു് ഒരു ചെറു സത്ത്വം. കു​ട്ടി​ച്ചാ​ത്തൻ പ്ലൗ​ത്തു​സ് [1] പറ​ഞ്ഞേ​ക്കും.

ഈ ചെ​റു​സ​ത്ത്വ​ത്തി​നു് ആഹ്ലാ​ദ​മേ ഉള്ളൂ. ഒരു ദി​വ​സ​വും അവ​ന്നു ഭക്ഷ​ണ​മി​ല്ല; നന്നെ​ന്നു കണ്ടാൽ, എല്ലാ ദി​വ​സ​വും അവൻ നാ​ട​ക​ത്തി​നു പോവും. അവ​ന്നു ദേ​ഹ​ത്തിൽ ഉൾ​ക്കു​പ്പാ​യ​മി​ല്ല. കാലിൽ പാ​പ്പാ​സ്സി​ല്ല. തല​യ്ക്കു മു​ക​ളിൽ മേ​ല്പു​ര​യി​ല്ല; ഈ പറ​ഞ്ഞ​വ​യൊ​ന്നു​മി​ല്ലാ​ത്ത ആകാ​ശ​ത്തി​ലെ തേ​നീ​ച്ച​ക​ളെ​പ്പോ​ലെ​യാ​ണു് അവൻ. അവ​ന്നു് ഏഴു മുതൽ പതി​മ്മൂ​ന്നു​വ​രെ​യാ​യി​രി​ക്കും പ്രാ​യം. അവൻ സംഘം ചേർ​ന്നു ജീ​വി​ക്കു​ന്നു, തെ​രു​വു​ക​ളിൽ അല​യു​ന്നു, തു​റ​സ്സു സ്ഥ​ല​ത്തു താ​മ​സി​ക്കു​ന്നു; അച്ഛ​ന്റെ രണ്ടു പഴയ കാലുറകളിടുന്നു-​അവ ഞെ​രി​യാ​ണി​കൾ​ക്കു താഴെ കി​ട​ക്കും; മറ്റൊ​ര​ച്ഛ​ന്റെ ഒരു പഴയ തൊപ്പിവെക്കുന്നു-​അതു ചെ​വി​ക്കു താഴെ ഇറ​ങ്ങി​യി​രി​ക്കും; മഞ്ഞ​ച്ച തൊ​ങ്ങ​ലോ​ടു​കൂ​ടിയ ഒരൊ​റ്റ​ച്ചു​മൽ​പ്പ​ട്ട​യേ ഉണ്ടാ​വൂ; അവൻ പാ​യു​ന്നു, പതു​ങ്ങി​യി​രി​ക്കു​ന്നു, കണ്ട​തൊ​ക്കെ വലി​ച്ചി​ട്ടു നോ​ക്കു​ന്നു, സമയം കള​യു​ന്നു, പു​ക​യി​ല​ക്കു​ഴൽ കറു​പ്പി​ക്കു​ന്നു, ഒരു തട​വു​പു​ള്ളി​യെ​പ്പോ​ലെ ആണ​യി​ടു​ന്നു, വീ​ഞ്ഞു​പീ​ടി​ക​യിൽ കൂ​ട​ക്കൂ​ടെ കയ​റി​ച്ചെ​ല്ലു​ന്നു, കള്ള​ന്മാ​രെ കണ്ടു​പി​ടി​ക്കു​ന്നു, തേ​വി​ടി​ശ്ശി​ക​ളെ നീ എന്നു വി​ളി​ക്കു​ന്നു, കന്ന​ഭാഷ സം​സാ​രി​ക്കു​ന്നു, ആഭാ​സ​പ്പാ​ട്ടു പാ​ടു​ന്നു; മന​സ്സിൽ ഒരു കള​ങ്ക​വു​മി​ല്ല. ഇതിനു കാരണം, അവ​ന്റെ ഹൃ​ദ​യ​ത്തിൽ ഒരു മുത്തുമണിയുള്ളതാണ്-​നിർദ്ദോഷത; മു​ത്തു​കൾ ചളി​യിൽ​ക്കി​ട​ന്നു ദ്ര​വി​ക്കാ​റി​ല്ല. മനു​ഷ്യൻ കു​ട്ടി​യാ​യി​രി​ക്കു​ന്നേ​ട​ത്തോ​ളം കാലം നി​ഷ്ക​ള​ങ്ക​നാ​വ​ട്ടെ എന്നാ​ണു് ഈശ്വ​ര​ന്റെ മതം.

ആ വമ്പി​ച്ച നഗ​രി​യോ​ടു് ആരെ​ങ്കി​ലും ‘ഇതാ​രാ​ണു്?’ എന്നു ചോ​ദി​ക്കു​ന്ന പക്ഷം, അവൾ മറു​പ​ടി പറയും: ‘അതെ​ന്റെ കു​ട്ടി​യാ​ണു്.’

കു​റി​പ്പു​കൾ

[1] പ്ലൗ​ത്തൂ​സു് റോ​മി​ലെ ഒരു പ്ര​സി​ദ്ധ​നാ​ട​ക​കർ​ത്താ​വാ​ണു്. ഇദ്ദേ​ഹം ഗ്രീ​ക്കു​ഭാ​ഷ​യി​ലെ നാ​ട​ക​ങ്ങ​ളെ അനു​ക​രി​ച്ചു ലാ​റ്റിൻ ഭാ​ഷ​യിൽ വളരെ ഗ്ര​ന്ഥ​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ടു്.

3.1.2
അവ​ന്നു മാ​ത്ര​മാ​യു​ള്ള ചില മട്ടു​കൾ

പാ​രി​സ്സി​ന്റെ തെമ്മാടിചെക്കൻ-​തെരുവുതെണ്ടി-കൂറ്റന്റെ മു​ണ്ട​നാ​ണു്.

ഞങ്ങൾ കൂ​ട്ടി​പ്പ​റ​യാ​തി​രി​ക്ക​ട്ടെ. ഓവു​ചാ​ലി​ന്റെ ഈ ഓമ​ന​ക്കു​ട്ട​ന്നു ചി​ല​പ്പോൾ ഒരുൾക്കുപ്പായമുണ്ടായിരിക്കും-​പക്ഷേ, ആ ഒന്നു​മാ​ത്രം; അവ​ന്നു ചി​ല​പ്പോൾ പാപ്പാസ്സുണ്ടാവും-​എന്നാൽ അവ​യ്ക്കു മട​മ്പി​ല്ല; അവ​ന്നു ചി​ല​പ്പോൾ ഒരു വീ​ടു​ണ്ടാ​യി​രി​ക്കും; അതവന്നിഷ്ടവുമാണ്-​അവിടെ അവ​ന്റെ അമ്മ​യെ കാണാം; എന്നാൽ അതി​ലു​മി​ഷ്ടം അവ​ന്നു തെരുവാണ്-​അവിടെ അവൻ സ്വാ​ത​ന്ത്ര്യം കാ​ണു​ന്നു. അവ​ന്നു സ്വ​ന്തം കളി​ക​ളു​ണ്ടു്; സ്വ​ന്തം വികൃതിത്തങ്ങളുണ്ട്-​അവയുടെ അടി​സ്ഥാ​ന​മൊ​ക്കെ പ്ര​മാ​ണി​ക​ളോ​ടു​ള്ള ദ്വേ​ഷ്യ​മാ​ണു്; സ്വ​ന്തം അല​ങ്കാര പ്ര​യോ​ഗ​ങ്ങ​ളു​ണ്ടു്. മരി​ക്കുക മേ​ത്തോ​ന്നി​ച്ചെ​ടി വേ​രോ​ടു​കൂ​ടി തി​ന്നു​ക​യാ​ണു്; സ്വ​ന്തം ജോലികളുണ്ട്-​കൂലിവണ്ടി വി​ളി​ച്ചു​വ​രു​ത്തുക, വണ്ടി​ക്കോ​ണി താ​ഴ്ത്തി​യി​ടുക, പേ​മ​ഴ​യ​ത്തു തെ​രു​വി​ന്റെ രണ്ടു​വ​ശ​ത്തേ​ക്കും ഗതാഗതമാർഗമുണ്ടാക്കുക-​ഇതിനു കലാ​കൗ​ശ​ല​പ്പാ​ലം കെ​ട്ടൽ എന്നാ​ണു് അവൻ പേരിട്ടിട്ടുള്ളത്-​ഫ്രാൻസിലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഗു​ണ​ത്തി​നു ഭര​ണാ​ധി​കാ​രി​കൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉത്ത​ര​വു​ക​ളെ ഉറ​ക്കെ​പ്പ​റ​യുക, കൽ​വി​രി​ക​ളി​ലെ വി​ട​വു​കൾ വൃ​ത്തി​പ്പെ​ടു​ത്തുക; സ്വ​ന്തം നാണ്യമടിക്കലുണ്ട്-​തെരുവുകളിൽ കാ​ണ​പ്പെ​ടു​ന്ന ചെ​മ്പു​ത​കി​ടു​ക​ളു​ടെ ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ണു് അവ​ന്റെ നാ​ണ്യം. ‘പപ്ര​ച്ചൻ’ എന്നു പേ​രു​ള്ള ഈ അപൂർ​വ​നാ​ണ്യ​ത്തി​നു കു​ട്ടി​ക​ളു​ടെ ചെ​റു​രാ​ജ്യ​ത്തു മാ​റ്റ​മി​ല്ലാ​ത്ത​തും തി​ക​ച്ചും വ്യ​വ​സ്ഥി​ത​വു​മായ ഒരു പ്ര​ചാ​ര​മു​ണ്ടു്.

പി​ന്നെ, അവ​ന്നു സ്വ​ന്തം ജീവികളുമുണ്ട്-​അവയെ ഓരോ മൂ​ല​ക​ളിൽ അവൻ നോ​ക്കി​ക്കാ​ണു​ന്നു; വണ്ടു്. ചെ​ള്ള്, ഊറാ​മ്പു​ലി, ‘ചേട്ട’-​രണ്ടു കൊ​മ്പു​ക​ളോ​ടു കൂടിയ വാൽ വള​ച്ചു​കു​ത്തി പേ​ടി​പ്പെ​ടു​ത്തു​ന്ന ഒരു കറു​ത്ത പ്രാ​ണി. അവ​ന്നു സ്വ​ന്തം ഇമ്പാച്ചിയുണ്ട്-​വയറ്റിനു താഴെ അട​രു​ക​ളു​ണ്ടെ​ങ്കി​ലും അതൊരു ഗൗ​ളി​യ​ല്ല; അതു പഴയ ചു​ണ്ണാ​മ്പു​ചൂ​ള​ക​ളു​ടേ​യും വെ​ള്ളം വറ്റിയ കി​ണ​റു​ക​ളു​ടേ​യും മൂ​ല​ക​ളിൽ താ​മ​സി​ക്കു​ന്നു; അതു കറു​ത്തു, തൊപ്പ നി​റ​ഞ്ഞ്, ഒട്ട​ലോ​ടു​കൂ​ടി, ചി​ല​പ്പോൾ വേ​ഗ​ത്തി​ലും ചി​ല​പ്പോൾ പതു​ക്കെ​യും അരി​ച്ചു​ന​ട​ക്കു​ന്ന ഒന്നാ​ണു്; അതി​നു് ഒച്ച​യി​ല്ലെ​ങ്കി​ലും ആരും ഒരി​ക്ക​ലും നോ​ക്കി​ക്ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധം അത്ര​യും പേടി തോ​ന്നി​ക്കു​ന്ന ഒരു നോ​ട്ട​മു​ണ്ടു്; ആ ഇമ്പാ​ച്ചി​യെ അവൻ ‘ചെ​കി​ടു​പൊ​ട്ടൻ’ എന്നു വി​ളി​ക്കു​ന്നു. ഈ ‘ചെ​കി​ടു​പൊ​ട്ട​ന്മാ​രെ’ കല്ലു​കൾ​ക്കി​ട​യിൽ അന്വേ​ഷി​ക്കുക എന്ന​തു് അവ​ന്നു് ഒരു വമ്പി​ച്ച നേ​രം​പോ​ക്കാ​ണു്. മറ്റൊ​രു വി​നോ​ദം ഒരു പാ​ത​വി​രി​ക്ക​ല്ലു് പെ​ട്ടെ​ന്നു പൊ​ക്കി മര​ച്ചെ​ള്ളി​നെ ഒരു നോ​ട്ടം നോ​ക്കു​ക​യാ​ണു്. പാ​രി​സ്സി​ന്റെ ഓരോ ഭാ​ഗ​വും, അവി​ട​വി​ടെ കാ​ണു​ന്ന രസം​പി​ടി​ച്ച നി​ക്ഷേ​പ​ങ്ങൾ​ക്കു പ്ര​സി​ദ്ധി നേ​ടി​യ​ത​ത്രേ. ഉൽ​സു​ലെ​ങ്ങി​ലെ മര​പ്പ​ണി​സ്ഥ​ല​ങ്ങ​ളിൽ ചി​കി​ടു​ക​ളു​ണ്ടു്; പങ്തി​യോ​വിൽ തേ​ര​ട്ട (ചേ​ര​ട്ട) കളു​ണ്ടു്; ഷാം​പു് ദു് മറിലെ ഓവു​ചാ​ലു​ക​ളിൽ തവ​ള​പ്പൊ​ട്ടി​ലു​ണ്ടു്.

സു​ഭാ​ഷി​ത​ങ്ങ​ളാ​ണെ​ങ്കിൽ, താ​ലി​റാ​ങ്ങി [1] നെ​പ്പോ​ലെ​ത​ന്നെ അത്ര​യ​ധി​കം ഈ കു​ട്ടി​ക്കും പറ​യാ​നു​ണ്ടു്. സർ​വ​പു​ച്ഛം അവ​ന്നും കു​റ​വി​ല്ല; പക്ഷേ, മര്യാ​ദ​കൂ​ടും. അനിർ​വ​ച​നീ​യ​വും അപ്ര​തീ​ക്ഷി​ത​വു​മായ ഒരു​ത​രം ആഹ്ലാ​ദം​കൊ​ണ്ടു് അവൻ അനു​ഗൃ​ഹീ​ത​നാ​ണു്; ലഹ​ള​പി​ടി​ച്ച പൊ​ട്ടി​ച്ചി​രി​കൊ​ണ്ടു കച്ച​വ​ട​ക്കാ​ര​ന്റെ സ്വ​സ്ഥ​ത​യെ അവൻ തക​രാ​റാ​ക്കു​ന്നു. മേ​ത്ത​രം ഹാ​സ്യ​നാ​ട​ക​ത്തിൽ​നി​ന്നു പു​റാ​ട്ടു​നാ​ട​ക​ത്തി​ലേ​ക്ക് അവൻ കൂ​സൽ​കൂ​ടാ​തെ ചേ​രി​മാ​റു​ന്നു.

ഒരു ശവവും കൊ​ണ്ടു പോ​ക​യാ​ണു്. കൂ​ട്ട​ത്തിൽ ഒരു വൈ​ദ്യ​നു​ണ്ടു്. ‘ഹേ, ഇതാ!’ ഒരു തെ​രു​വു​തെ​ണ്ടി കൂ​ക്കി​വി​ളി​ക്കു​ന്നു, ‘എത്ര കാ​ല​മാ​യി വൈ​ദ്യ​ന്മാർ തങ്ങ​ളു​ടെ പണി​ത്ത​ര​ത്തെ വീ​ട്ടി​ലേ​ക്കു കട​ത്തുക പതി​വാ​യി​ട്ടു്?’

ഒരു കൂ​ട്ട​ത്തിൽ മറ്റൊ​രാ​ളു​ണ്ടു്. കണ്ണ​ട​കൊ​ണ്ടും ചി​ല്ലറ ആഭ​ര​ണ​ങ്ങൾ​കൊ​ണ്ടും അല​ങ്ക​രി​ച്ച ആ ഗൗ​ര​വ​ക്കാ​രൻ ദ്വേ​ഷ്യ​പ്പെ​ട്ടു തി​രി​ഞ്ഞു​നി​ന്നു പറ​യു​ന്നു: എടാ, കൊ​ള്ള​രു​താ​ത്ത​വ​നേ, നി​യ്യെ​ന്തി​നു് എന്റെ ഭാ​ര്യ​യു​ടെ അര​ക്കെ​ട്ടു പി​ടി​ച്ചു!’-‘ഞാനോ, സേർ! എന്റെ കൈ നോ​ക്കൂ!’

കു​റി​പ്പു​കൾ

[1] ഒരു സു​പ്ര​സി​ദ്ധ ഫ്ര​ഞ്ച് രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും ഫലി​ത​ക്കാ​ര​നും.

3.1.3
അവൻ രസി​ക​നാ​ണ്

വൈകുന്നേരം-​കുറച്ചു സു നാ​ണ്യ​ത്തോ​ടു നാം നന്ദി പറയുക; അതു കൈ​യി​ലാ​ക്കാൻ എപ്പോ​ഴും അവൻ വഴി കാണും-​തെമ്മാടിച്ചെക്കൻ നാ​ട​ക​ശാ​ല​യിൽ കട​ന്നു​കൂ​ടും. ആ ഇന്ദ്ര​ജാ​ല​സ്ഥ​ല​ത്തു കട​ന്നാൽ, അവൻ തരം​മാ​റി. അവൻ തെ​രു​വു​തെ​ണ്ടി​യാ​യി​രു​ന്നു; ഇപ്പോൾ കോ​ഴി​ക്കു​ട്ടി​യാ​യി. അടി​ത്ത​ട്ടു് ആകാ​ശ​ത്താ​കു​മാ​റു കീ​ഴു​മേൽ മറി​ഞ്ഞ ഒരു​ത​രം കപ്പ​ലാ​ണു് നാ​ട​ക​ശാല. ആ അടി​ത്ത​ട്ടി​ലാ​ണു് കോ​ഴി​ക്കു​ട്ടി​കൾ കെ​ട്ടി​മ​റി​ഞ്ഞു കി​ട​ക്കുക. ചി​ത​ലും പാ​റ്റ​യും എങ്ങ​നെ​യോ, അങ്ങ​നെ​യാ​ണു് തെ​മ്മാ​ടി​ച്ചെ​ക്ക​നും കോ​ഴി​ക്കു​ട്ടി​യും. ഒറ്റ വസ്തു​ത​ന്നെ, ചി​റ​കു​വെ​ച്ചു, പറ​ക്കു​ന്നു. അവ​ന്നു തനി​ക്കു​ള്ള ആഹ്ലാ​ദ​ത്തോ​ടും, ഉത്സാ​ഹ​ത്തി​ന്റേ​യും ഉന്മേ​ഷ​ത്തി​ന്റേ​യും ലഹ​ള​യോ​ടും, ഒരു ചി​റ​ക​ടി​യു​ടെ മട്ടി​ലു​ള്ള കൈ​കൊ​ട്ട​ലോ​ടു​കൂ​ടി അവിടെ കൂ​ടി​യാൽ മതി; നാറി, വൃ​ത്തി​കെ​ട്ടു്, സു​ഖ​മി​ല്ലാ​ത്ത, അറ​യ്ക്കു​ന്ന ആ കപ്പ​ല​ടി​ത്ത​ട്ടി​നു സ്വർ​ഗം എന്നു പേ​രി​ടാൻ അവർ തയ്യാ​റാ​ണു്.

ഒരു​വ​ന്നു് ആവ​ശ്യ​മി​ല്ലാ​ത്ത​തു കൊ​ടു​ത്തു് ആവ​ശ്യ​മു​ള്ള​തു് എടുത്തുകളയുക-​അതാ, ഒരു തെ​മ്മാ​ടി​ച്ചെ​ക്ക​നാ​യി.

സാ​ഹി​ത്യ​പ്ര​തി​ഭ​യും ഒരു തെ​മ്മാ​ടി​ച്ചെ​ക്ക​നു് ഇല്ലാ​യ്ക​യി​ല്ല. എന്നാൽ അവ​ന്റെ നില- ഇതു ഞങ്ങൾ വേ​ണ്ടേ​ട​ത്തോ​ളം പശ്ചാ​ത്താ​പ​ത്തോ​ടു​കൂ​ടി​ത്ത​ന്നെ​യാ​ണു് പറയുന്നത്-​സാഹിത്യവാസനയ്ക്കു യോ​ജി​ച്ച​ത​ല്ല. പ്ര​കൃ​ത്യാ അവൻ പഠ​ന​ശീ​ല​ന​ല്ല. അങ്ങ​നെ, ഒരു​ദാ​ഹ​ര​ണം പറ​ക​യാ​ണെ​ങ്കിൽ, ഈ ലഹ​ള​കൂ​ട്ടി​ക്കൊ​ണ്ടു​ള്ള കു​ട്ടി​ക​ളു​ടെ സദ​സ്സിൽ മദാം​വ്വ​സേ​ല്ല് മാ​റി​നു​ള്ള [1] പ്ര​സി​ദ്ധി കു​റ​ച്ചു നി​ന്ദാ​സ്തു​തി​കൊ​ണ്ടു രു​ചി​പി​ടി​ക്ക​പ്പെ​ട്ട​താ​ണു്. തെ​മ്മാ​ടി ആ പ്ര​ഭ്വി​യെ മദാം​വ്വ​സേ​ല്ല് മുഷ്-‘ഒളി​ച്ചു​ക​ള​യുക’-​എന്നാണു് വി​ളി​ക്കാ​റു്.

ഈ സത്ത്വം ആർ​പ്പു​വി​ളി​ക്കു​ന്നു, കളി​യാ​ക്കു​ന്നു, പരി​ഹ​സി​ക്കു​ന്നു, ശണ്ഠ​കൂ​ടു​ന്നു; അവൻ ഒരു പി​ഞ്ചു​കു​ട്ടി​യെ​പ്പോ​ലെ കീ​റ​ക്കു​പ്പാ​യ​ങ്ങ​ളും ഒരു തത്ത്വ​ജ്ഞാ​നി​യെ​പ്പോ​ലെ പി​ഞ്ഞി​പ്പൊ​ടി​ഞ്ഞ ഉടു​പ്പു​മി​ടു​ന്നു; ഓവു​ചാ​ലിൽ​നി​ന്നു മത്സ്യം പി​ടി​ക്കു​ന്നു; കു​പ്പ​കൂ​ണ്ടിൽ വേ​ട്ട​യാ​ടു​ന്നു; അസ​ഭ്യ​ത്തിൽ​നി​ന്നു വി​നോ​ദ​ത്തെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്നു; ഫലി​തം​കൊ​ണ്ടു തല്ലി​ത്ത​ല്ലി ശണ്ഠ​യു​ണ്ടാ​ക്കു​ന്നു; ഇളി​ച്ചു​കാ​ട്ടു​ന്നു; കു​ടി​ക്കു​ന്നു, ചൂ​ള​വി​ളി​ക്കു​ന്നു. പാ​ട്ടു പാ​ടു​ന്നു, ഒച്ച​യി​ടു​ന്നു, നി​ല​വി​ളി​കൂ​ട്ടു​ന്നു; കീർ​ത്ത​നം മുതൽ ‘ഭര​ണി​പ്പാ​ട്ടു’ വരെ ഉറ​ക്കെ​പ്പാ​ടു​ന്നു; തി​ര​ഞ്ഞു നോ​ക്കാ​തെ കണ്ടു​പി​ടി​ക്കു​ന്നു; അവ​ന്ന​റി​ഞ്ഞു​കൂ​ടാ​ത്ത​തെ​ന്തെ​ന്നു കണ്ടി​രി​ക്കു​ന്നു; കക്ക​ത്ത​ക്ക​വ​ണ്ണം അവൻ ധീ​ര​നാ​ണു്; ഭ്രാ​ന്തു​പി​ടി​ക്ക​ത്ത​ക്ക​വ​ണ്ണം ജ്ഞാ​നി​യാ​ണു്; അസ​ഭ്യ​ങ്ങൾ പാ​ട​ത്ത​ക്ക​വ​ണ്ണം സം​ഗീ​ത​വാ​സ​ന​ക്കാ​ര​നാ​ണു്; സ്വർ​ഗ​ത്തിൽ പതു​ങ്ങി​ക്കി​ട​ക്കും; ചാ​ണ​ക​ക്കു​ന്നിൽ കി​ട​ന്നു​രു​ളും; അതിൽ​നി​ന്നു നക്ഷ​ത്ര​ങ്ങ​ളെ​ക്കൊ​ണ്ടു മൂടി പു​റ​ത്തേ​ക്കു വരും. പാ​രി​സ്സി​ലെ തെ​മ്മാ​ടി​ച്ചെ​ക്കൻ ചെ​റു​പ്പ​ത്തി​ലെ രബെലെ [2] യാണു്.

ഗഡി​യാൾ​ക്കീ​ശ​യി​ല്ലാ​ഞ്ഞാൽ കാ​ലു​റ​ക​ളെ​ക്കൊ​ണ്ടു് അവ​ന്നു തൃ​പ്തി​യി​ല്ല.

അവൻ വേ​ഗ​ത്തിൽ അത്ഭു​ത​പ്പെ​ടി​ല്ല; അത്ര വേ​ഗ​ത്തിൽ​ത്ത​ന്നെ ഭയ​പ്പെ​ടി​ല്ല. അന്ധ​വി​ശ്വാ​സ​ങ്ങ​ളെ​പ്പ​റ്റി അവൻ പാ​ട്ടു​കെ​ട്ടും; അതി​ശ​യോ​ക്തി​ക​ളിൽ​നി​ന്നു പൊ​ള്ള​പ്പു കളയും; നി​ഗൂ​ഢ​വി​ദ്യ​ക​ളെ ശകാ​രി​ക്കും; പ്രേ​ത​ങ്ങ​ളെ കൊ​ഞ്ഞ​നം കാ​ട്ടും; നാ​ട്യ​ങ്ങ​ളിൽ​നി​ന്നു കവിത കളയും; പു​രാ​ണ​ങ്ങ​ളി​ലെ അതി​ശ​യോ​ക്തി​ക​ളി​ലേ​ക്ക് അവൻ ഹാ​സ്യ​ചി​ത്ര​ങ്ങൾ പ്ര​വേ​ശി​പ്പി​ക്കും. അവൻ അര​സി​ക​നാ​ണെ​ന്ന​ല്ല; നേ​രെ​മ​റി​ച്ച്; പക്ഷേ, വി​ശി​ഷ്ട​ക്കാ​ഴ്ച​യു​ടെ സ്ഥാ​ന​ത്തു് അവൻ പു​റാ​ട്ടു​നാ​ട​ക​ത്തി​ലെ മി​ഥ്യാ​രൂ​പ​ങ്ങ​ളെ മാ​റ്റി​വെ​ക്കും. ആ അദ​മ​സ്തൊ [3] തന്നെ മുൻ​പിൽ പ്ര​ത്യ​ക്ഷ​നാ​യാൽ ഒരു തെ​രു​വു​തെ​ണ്ടി പറയും: ‘ഇതാ, ഇതാ! ഇമ്പാ​ച്ചി!’

കു​റി​പ്പു​കൾ

[1] ഒരാ​ട്ട​ക്കാ​ര​ത്തി.

[2] ഫ്രാൻ​സി​ലെ ഒരു പ്ര​സി​ദ്ധ ഫലി​ത​ക്കാ​ര​നും പരി​ഹാ​സ​ക​വ​ന​ക്കാ​ര​നും, ഇദ്ദേ​ഹ​ത്തി​ന്റെ കൃ​തി​കൾ അതി​ശ​യോ​ക്തി​പ​ര​മായ കഥാ​ഘ​ട​ന​കൊ​ണ്ടും ആഭാ​സ​ത​ര​മായ നേ​രം​പോ​ക്കും​കൊ​ണ്ടും മര്യാദ കു​റ​ഞ്ഞ പരി​ഹാ​സം​കൊ​ണ്ടും നി​റ​ഞ്ഞ​വ​യാ​ണു് (1483-1553).

[3] ഈസ്റ്റു് ഇൻ​ഡി​സ്സി​ലേ​യ്ക്കു​ള്ള യാ​ത്ര​യിൽ വാ​സ്കോ​ഡി​ഗാ​മ​യു​ടെ മുൻ​പിൽ ആവിർ​ഭ​വി​ച്ച​താ​യി പോർ​ച്ചു​ഗീ​സു് മഹാ​ക​വി വി​വ​രി​ച്ചി​ട്ടു​ള്ള ഭയ​ങ്കര രാ​ക്ഷ​സൻ.

3.1.4
അവ​നെ​ക്കൊ​ണ്ടാ​വ​ശ്യ​മു​ണ്ടാ​വാം

പാ​രി​സ്സു് മടി​യ​നോ​ടു​കൂ​ടി​ത്തു​ട​ങ്ങി തെ​രു​വു​തെ​ണ്ടി​യോ​ടു​കൂ​ടി അവ​സാ​നി​ക്കു​ന്നു. മറ്റൊ​രു നഗ​ര​ത്തെ​ക്കൊ​ണ്ടു​ണ്ടാ​ക്കാൻ കഴി​യാ​ത്ത രണ്ടു സത്ത്വ​ങ്ങൾ; സൂ​ക്ഷി​ച്ചു നോ​ക്കി​യ​തു​കൊ​ണ്ടു തൃ​പ്തി​പ്പെ​ടു​ന്ന ഉദാ​സീ​ന​മായ സ്വീ​കാ​ര​വും, അക്ഷ​യ്യ​മായ പ്രാ​രം​ഭ​ശ​ക്തി​യും; പാ​രി​സ്സി​ന്റെ പ്ര​കൃ​തി​ച​രി​ത്ര​ത്തിൽ മാ​ത്ര​മേ ഇങ്ങ​നെ​യൊ​ന്നു​ള്ളു. രാ​ജ​ത്വം മു​ഴു​വ​നും മടി​യ​നിൽ അട​ങ്ങി​യി​രി​ക്കു​ന്നു; അരാ​ജ​ക​ത്വം മു​ഴു​വ​നും തെ​മ്മാ​ടി​ച്ചെ​ക്ക​നി​ലും.

പാ​രി​സു് നഗ​ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ഈ വി​ളർ​ത്ത കു​ട്ടി ജീ​വി​ക്കു​ന്നു, വള​രു​ന്നു, ചാർ​ച്ച​ക​ളു​ണ്ടാ​ക്കു​ന്നു, സാ​മു​ദാ​യി​ക​ങ്ങ​ളായ യാ​ഥാർ​ഥ്യ​ങ്ങ​ളു​ടേ​യും മനു​ഷ്യ സം​ബ​ന്ധി​യായ സക​ല​ത്തി​ന്റേ​യും മുൻപിൽ-​ഒരാലോചനാശീലനായ സാക്ഷി-​ദുഃഖമനുഭവിച്ചു ‘പത​പ്പെ​ടു​ന്നു.’ നി​ഷ്കർ​ഷ​യി​ല്ലാ​ത്ത​വ​നാ​ണു് താൻ എന്നു് അവൻ കരു​തു​ന്നു; അങ്ങ​നെ​യ​ല്ല. അവൻ നോ​ക്കു​ന്നു, പൊ​ട്ടി​ച്ചി​രി​ക്കാ​നു​ള്ള ഭാ​വ​മാ​യി; വേ​റെ​യൊ​ന്നി​നും​കൂ​ടി അവൻ ഭാ​വി​ക്കു​ന്നു​ണ്ടു്. നി​ങ്ങ​ളാ​രാ​യാ​ലും ശരി, നി​ങ്ങ​ളു​ടെ പേർ പക്ഷ​പാ​ത​മോ ശകാ​ര​മോ കഥ​യി​ല്ലാ​യ്മ​യോ ദ്രോ​ഹ​മോ ദു​ഷ്ട​ത​യോ താ​ന്തോ​ന്നി​ത്ത​മോ അനീ​തി​യോ മത​ഭ്രാ​ന്തോ ദു​ഷ്പ്ര​ഭു​ത്വ​മോ എന്തെ​ങ്കി​ലു​മൊ​ന്നാ​ണെ​ങ്കിൽ, കൊ​ഞ്ഞ​നം കാ​ട്ടു​ന്ന തെ​മ്മാ​ടി​ച്ചെ​ക്ക​നെ സൂ​ക്ഷി​ക്ക​ണം.

ആ ചെ​റു​ചെ​ക്കൻ വളർ​ന്നു​വ​രും.

എന്തു മണ്ണു​കൊ​ണ്ടാ​ണു് അവനെ ഉണ്ടാ​ക്കി​യി​ട്ടു​ള്ള​തു? കൈയിൽ കി​ട്ടിയ ആദ്യ​ത്തെ ചളി​കൊ​ണ്ടു്. ഒരു​പി​ടി ചേറും, ഒരൂത്തും-​അതാ, മനു​ഷ്യൻ. ഒരീ​ശ്വ​ര​ന്നു കട​ന്നു​പോ​വാൻ അതു മതി. തെ​രു​വു​തെ​ണ്ടി​ക്കു മീതേ എപ്പോ​ഴും ഒരീ​ശ്വ​രൻ പോ​യി​ട്ടു​ണ്ടു്. ‘ഭാ​ഗ്യം’ ഈ നി​സ്സാ​ര​വ​സ്തു​വിൽ പണി​യെ​ടു​ക്കു​ന്നു. ‘ഭാ​ഗ്യം’ എന്ന വാ​ക്കി​നു ഞങ്ങൾ അർ​ഥ​മാ​ക്കി​യി​ട്ടു​ള്ള​തു് ഏതാ​ണ്ടു് യദൃ​ച്ഛാ​സം​ഭ​വം എന്നാ​ണു്. സാ​ധാ​ര​ണ​മ​ണ്ണു​കൊ​ണ്ടു പീ​ച്ചി​ക്കു​ഴ​ച്ചു​ണ്ടാ​ക്കിയ ആ മു​ണ്ടൻ അജ്ഞനാണ്-​അക്ഷരം തി​രി​യാ​ത്ത​വൻ, കമ്പ​ക്കാ​രൻ, ആഭാസൻ, നീചൻ. അവൻ ഒരു പര​മ​പ​രി​ഷ്കാ​രി​യോ ഒരു പെ​രും​മ​ന്ത​നോ ആയി​ത്തീ​രു​മോ? നിൽ​ക്കൂ, പാ​രി​സ്സി​ന്റെ ദേവത, യദൃ​ച്ഛാ​സം​ഭ​വ​ത്തി​ന്റെ കു​ട്ടി​ക​ളേ​യും അദൃ​ഷ്ട​ത്തി​ന്റെ വകയായ മു​തിർ​ന്ന​വ​രേ​യും സൃ​ഷ്ടി​ച്ചു​വി​ടു​ന്ന ആ പി​ശാ​ച്, പണ്ട​ത്തെ കു​ശ​വ​ന്റെ വിദ്യ മറി​ച്ച്, ഒരു പി​ടി​പ്പാ​ത്രം കൊ​ണ്ടു് ഒരു പി​ടി​മൊ​ന്ത​യു​ണ്ടാ​ക്കു​ന്നു.

3.1.5
അവ​ന്റെ അതിർ​ത്തി​കൾ

തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു പട്ട​ണം ഇഷ്ട​മാ​ണു്; അവനിൽ ഋഷി​ത്വ​ത്തി​ന്റെ ഒരു ഭാ​ഗ​മു​ള്ള​തു​കൊ​ണ്ടു്, അവ​ന്നു വി​ജ​ന​വും ഇഷ്ട​മാ​ണു്, ഫു​സ്ക​സ്സി​നെ [1] പ്പോ​ലെ നഗരം ഇഷ്ട​പ്പെ​ടു​ന്ന​വൻ; ഫ്ളാ​ക്കു​സ്സി [2] നെ​പ്പോ​ലെ നാ​ട്ടു​പു​റം ഇഷ്ട​പ്പെ​ടു​ന്ന​വൻ.

ആലോ​ച​ന​യോ​ടു​കൂ​ടി സഞ്ച​രി​ക്കുക, എന്നു​വെ​ച്ചാൽ മടി​യ​നാ​വുക, തത്ത്വ​ജ്ഞാ​നി​യു​ടെ കണ്ണിൽ ഒരു കൊ​ള്ളാ​വു​ന്ന പണിയാണ്-​വിശേഷിച്ചും കഴി​ച്ചു​കൂ​ട്ടാ​വു​ന്ന വി​ധം​മാ​ത്രം വി​രൂ​പ​മാ​ണെ​ങ്കി​ലും അവ​ല​ക്ഷ​ണം പി​ടി​ച്ച​തും ഇര​ട്ട​പ്ര​കൃ​തി​ക​ളാൽ ഉണ്ടാ​ക്ക​പ്പെ​ട്ട​തു​മാ​യി ചില വലിയ നഗ​ര​ങ്ങ​ളു​ടെ, വി​ശേ​ഷി​ച്ചും പാ​രി​സ്സി​ന്റെ, ചു​റ്റു​മു​ള്ള ആ ഒരു​ത​രം സമ്പ്ര​ദാ​യ​മ​ല്ലാ​ത്ത മൈ​താ​ന​ത്തിൽ ചു​റ്റി​ത്തി​രി​യുക എന്ന​തു്. ഉപ​ഗ്രാ​മ​ങ്ങ​ളെ നോ​ക്കി​പ്പ​ഠി​ക്കു​ന്ന​തും, കര​യി​ലും വെ​ള്ള​ത്തി​ലു​മാ​യി ജീ​വി​ക്കു​ന്ന ജന്തു​വി​നെ നോ​ക്കി​പ്പ​ഠി​ക്ക​ലാ​ണു്. മര​ങ്ങ​ളു​ടെ അവ​സാ​നം, മേ​ല്പു​ര​ക​ളു​ടെ ആരംഭം; പു​ല്ലി​ന്റെ അവ​സാ​നം, കൽ​വി​രി​ക​ളു​ടെ ആരംഭം; ഉഴ​വു​ചാ​ലു​ക​ളു​ടെ അവ​സാ​നം, കച്ച​വ​ട​സ്ഥ​ല​ങ്ങ​ളു​ടെ ആരംഭം, ചക്ര​ച്ചാ​ലു​ക​ളു​ടെ അവ​സാ​നം, വി​കാ​രാ​വേ​ഗ​ങ്ങ​ളു​ടെ ആരംഭം; ദൈ​വി​ക​മായ മന്ത്രി​ക്ക​ലി​ന്റെ അവ​സാ​നം, മാ​നു​ഷി​ക​മായ ഇര​മ്പ​ലി​ന്റെ ആരംഭം. അതു​കൊ​ണ്ടാ​ണു് എന്തെ​ന്നി​ല്ലാ​ത്ത ഒരു രസം.

അതു​കൊ​ണ്ടാ​ണു് പ്ര​ത്യ​ക്ഷ​ത്തിൽ ഉദ്ദേ​ശ്യ​ര​ഹി​ത​ങ്ങ​ളായ മനോ​രാ​ജ്യ​ക്കാ​ര​ന്റെ ലാ​ത്ത​ലു​ക​ളെ​ല്ലാം, വഴി​പോ​ക്ക​രാൽ കു​ണ്ഠി​തം എന്ന വാ​ക്കു മാ​യാ​ത്ത​വി​ധം കൊ​ത്തി​യി​ട​പ്പെ​ട്ട ഈ അത്ര വളരെ ഹൃ​ദ​യാ​കർ​ഷ​ക​ങ്ങ​ള​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​വു​ന്ന​തു്.

ഈ വരി​ക​ളെ​ഴു​തു​ന്നാൾ പാ​രി​സ്സി​ന്റെ അയൽ​പ്ര​ദേ​ശ​ത്തു് അനവധി കാലം ഒരു സഞ്ചാ​രി​യാ​യി​രു​ന്നു; അത​യാ​ളു​ടെ ഹൃ​ദ​യ​പൂർ​വ​ക​ങ്ങ​ളായ സ്മ​ര​ണ​കൾ​ക്ക് ഒരു​റ​വാ​ണു്. ആ പറ്റെ​വെ​ച്ചു മുടി വെ​ട്ടിയ പു​ല്പ​റ​മ്പു്, ആ ചര​ലു​ള്ള വഴികൾ, ആ കൽ​ച്ചു​ണ്ണാ​മ്പു്, ആ പൊ​ട്ട​ക്കു​ള​ങ്ങൾ, തരി​ശും കൃഷി ചെ​യ്യാ​ത്ത​തു​മായ ഭൂ​മി​ക​ളി​ലെ ഒരു രസ​മി​ല്ലാ​ത്ത ഐക​രൂ​പ്യം, പെ​ട്ടെ​ന്നു് ഒരു കു​ണ്ടിൽ പു​റ​പ്പെ​ട്ടു കാ​ണു​ന്ന ആ വി​ല്പ​ന​സാ​ധ​ന​ങ്ങ​ള​ട​ങ്ങിയ തോ​ട്ട​ത്തി​ലെ ചെ​ടി​കൾ, ആ കാ​ട​ന്റേ​യും നാ​ഗ​രി​ക​ന്റേ​യും കൂ​ടി​യു​ള്ള സങ്ക​ല​നം, പട്ടാ​ള​ത്താ​വ​ള​ങ്ങ​ളി​ലെ ചെ​ണ്ട​കൾ ഉച്ച​ത്തിൽ കൊ​ട്ട​ഭ്യ​സി​ക്കു​ന്ന​വ​യും യു​ദ്ധ​ത്തെ ഒരു​വി​ധ​ത്തിൽ കൊ​ഞ്ചി​പ്പ​റ​യു​ന്ന​വ​യു​മായ ആ വി​സ്താ​ര​മേ​റിയ മരു​പ്ര​ദേ​ശ​മൂ​ല​കൾ, ആ പക​ല​ത്തെ സന്ന്യാ​സി​ക​ളും രാ​ത്രി​യി​ലെ കഴു​ത്തു​മു​റി​യ​ന്മാ​രും, ആ കാ​റ്റ​ത്തു തി​രി​യു​ന്ന പോ​ത്തൻ​ച​ക്ക്, കല്ലു​വെ​ട്ടു കു​ഴി​ക​ളി​ലെ പൊ​ന്തി​നി​ല്ക്കു​ന്ന ചക്ര​ങ്ങൾ, ശവ​പ്പ​റ​മ്പു​ക​ളു​ടെ മൂ​ല​യി​ലു​ള്ള ചാ​യ​ത്തോ​ട്ട​ങ്ങൾ; മഹ​ത്ത്വ​ത്തി​ന്റെ നി​ഗൂ​ഢാ​കർ​ഷ​ണം; അവ​ധി​യ​റ്റ​തി​നെ​ക്കൊ​ണ്ടു ചതു​ര​ക്ക​ള്ളി മു​റി​ക്കു​ന്ന ഇരു​ണ്ട മതിൽ​ക്കെ​ട്ടു​കൾ, വെ​യിൽ​നാ​ളം കി​ട​ന്നു് ഓളം വെ​ട്ടു​ന്ന​വ​യും തേ​നീ​ച്ച​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞ​വ​യു​മായ കൂറ്റൻപറമ്പുകൾ-​ഇതൊക്കെ അയാളെ ആകർ​ഷി​ച്ചി​രു​ന്നു.

ഗ്ലാ​സി​യേർ, കു​നേ​തു്, ഗോ​ള​ങ്ങ​ളെ​ക്കൊ​ണ്ടു് മു​ഴു​ക്കെ പു​ള്ളി​കു​ത്തിയ ഗ്രെ​ന​ലി​ലെ ഭയ​ങ്ക​ര​മ​തി​ലു​കൾ, മൊ​ങ്പർ​നാ​സു്, ഫോ​സോ​ലൂ​പു്, മാർൻ​ന​ദീ​തീ​ര​ത്തു​ള്ള ഓബി​യെർ, മൊ​ങ്സൂ​രി​സു്, തുംബ് ഇസ്വാർ, ഇപ്പോൾ കൂൺ മു​ള​പ്പി​ക്കു​വാ​ന​ല്ലാ​തെ മറ്റൊ​ന്നി​നും ഉപ​യോ​ഗ​പ്പെ​ടാ​ത്ത​തും തു​രു​മ്പു​പി​ടി​ച്ച പല​ക​ക​ളെ​ക്കൊ​ണ്ടു​ള്ള തട്ടു​വാ​തി​ലു​ക​ളാൽ നി​ല​ത്തി​ന്റെ നി​ര​പ്പിൽ​വെ​ച്ച​ട​യ്ക്ക​പ്പെ​ട്ട​തു​മായ ഒരു പഴയ കൽ​ക്കു​ഴി​യു​ള്ള പി​യേർ​പ്ലാ​തു് ഷാ​യോ​ങ് എന്നീ അപൂർ​വ​സ്ഥ​ല​ങ്ങ​ളു​മാ​യി പരി​ച​യ​പ്പെ​ടാ​തെ ഭൂ​മി​യിൽ ആരെ​ങ്കി​ലു​മു​ണ്ടോ എന്നു സം​ശ​യ​മാ​ണു്. റോ​മി​ലെ മൈ​താ​നം ഒരു തരം, പാ​രി​സ്സി​ലേ​തു മറ്റൊ​രു തരം; കണ്ണിൻ​മുൻ​പിൽ കി​ട​ക്കു​ന്ന ഒരു പ്ര​ദേ​ശ​ത്തു മു​ഴു​വ​നും വയ​ലു​ക​ളോ വീ​ടു​ക​ളോ മര​ങ്ങ​ളോ മാ​ത്രം കാണുക എന്ന​തു കാ​ഴ്ച​പ്പു​റ​ത്തു​ള്ള നി​ല്പാ​ണു്. ഓരോ​ന്നി​ന്റേ​യും എല്ലാ​വി​ധ​മു​ള്ള കാ​ഴ്ച​ക​ളും ഈശ്വ​ര​വി​ചാ​ര​ങ്ങ​ളാ​ണു്. ഒരു വെ​ളി​മ്പ​റ​മ്പു് ഒരു നഗ​ര​ത്തോ​ടു​കൂ​ടി സന്ധി ചെ​യ്യു​ന്ന സ്ഥലം ഹൃ​ദ​യ​ത്തി​ലേ​ക്കു ചു​ഴി​ഞ്ഞി​റ​ങ്ങു​ന്ന ഒരു കു​ണ്ഠി​തം​കൊ​ണ്ടു മു​ദ്രി​ത​മാ​ണു്. അവി​ടെ​വെ​ച്ചു പ്ര​കൃ​തി​യും മനു​ഷ്യ​ത്വ​വും രണ്ടും നി​ങ്ങ​ളെ വി​ളി​ക്കു​ന്നു. അതാതു ദി​ക്കു​ക​ളി​ലെ അപൂർ​വ​ത​കൾ അവിടെ പ്ര​ത്യ​ക്ഷ​മാ​കു​ന്നു.

നമ്മു​ടെ നഗ​ര​പ്രാ​ന്ത​ങ്ങ​ളോ​ടു തൊ​ട്ട​വ​യും പാ​രി​സ്സി​ന്റെ പ്രേ​ത​ലോ​കം എന്നു നാ​മ​ക​ര​ണം ചെ​യ്യാ​വു​ന്ന​വ​യു​മായ ഈ ഏകാ​ന്ത​ത​ക​ളിൽ, ഞങ്ങ​ളെ​പ്പോ​ലെ ചു​റ്റി​സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ആരും​ത​ന്നെ അവി​ട​വി​ടെ, ഏറ്റ​വും വി​ജ​ന​മായ സ്ഥ​ല​ത്തു്, ഏറ്റ​വും അപ്ര​തീ​ക്ഷി​ത​മായ സമ​യ​ത്തു്, ഒരു മെ​ലി​ഞ്ഞ വേ​ലി​യു​ടെ പി​ന്നി​ലോ ഒരു ദുഃ​ഖി​ത​മായ മതി​ലി​ന്റെ മൂ​ല​യ്ക്ക​ലോ, നാറി ചളി​പി​ടി​ച്ചു പൊ​ടി​പു​ര​ണ്ടു കീ​റി​പ്പ​റി​ഞ്ഞ ഉടു​പ്പി​ട്ടു, തല​മു​ടി പാ​റി​പ്പ​ര​ത്തി​യി​ട്ടു, ചോ​ള​പ്പൂ​ങ്കു​ല​കൊ​ണ്ടു കി​രീ​ട​മ​ണി​ഞ്ഞു, കു​ട്ടി​കൾ ലഹ​ള​കൂ​ടി കൂ​ട്ടം​കൂ​ടി ഒളി​ച്ചു​ക​ളി​ക്കു​ന്ന​തു കണ്ടി​ട്ടു​ണ്ടാ​വ​ണം. അവ​രൊ​ക്കെ ദരി​ദ്ര​കു​ടും​ബ​ങ്ങ​ളിൽ​നി​ന്നു ചാ​ടി​പ്പോ​ന്ന ചെ​റു​പി​ള്ള​രാ​ണു്. നഗ​ര​ബ​ഹിർ​ഭാ​ഗ​ത്തു​ള്ള വെ​ളി​മ്പ​റ​മ്പു​കൾ അവർ​ക്കു ശ്വാ​സം കഴി​ക്കാ​നു​ള്ള പഴു​താ​ണു്. നഗ​ര​പ്രാ​ന്ത​ങ്ങ​ളെ​ല്ലാം അവ​രു​ടെ വക​യാ​ണു്. അവിടെ അവർ കാ​ലാ​കാ​ല​ത്തോ​ളം കളി​ച്ചു​ന​ട​ക്കു​ന്നു. അവി​ടെ​വെ​ച്ച് അവർ തങ്ങ​ളു​ടെ ആഭാ​സ​പ്പാ​ട്ടു​ക​ളു​ടെ പട്ടിക മു​ഴു​വ​നും പാ​ടി​ക്ക​ഴി​ക്കു​ന്നു. ആരുടെ ദൃ​ഷ്ടി​യിൽ നി​ന്നും ദൂ​ര​ത്തു, മെ​യ്മാ​സ​ത്തി​ലെ​യോ ജൂൺ​മാ​സ​ത്തി​ലെ​യോ മനോ​ഹ​ര​മായ വെ​ളി​ച്ച​ത്തിൽ, നി​ല​ത്തു് ഒരു പൊ​ത്തി​നു​മുൻ​പിൽ മു​ട്ടു​കു​ത്തി, കൈ​യി​ന്റെ പെ​രു​വി​ര​ലു​ക​ളാൽ ചര​ലു​ട​ച്ചു​കൊ​ണ്ടു്, അര​ക്കാ​ശി​നെ​പ്പ​റ്റി ശണ്ഠ​കൂ​ടി​ക്കൊ​ണ്ടു്, ഒരു​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ, തോ​ന്നി​യ​തു പറ​ഞ്ഞും​കൊ​ണ്ടു, സ്വാ​ത​ന്ത്ര്യ​ത്തോ​ടും സന്തോ​ഷ​ത്തോ​ടും​കൂ​ടി അവ​ര​വി​ടെ​യു​ണ്ടാ​വും, അല്ലെ​ങ്കിൽ അവ​ര​വി​ടെ​ക്ക​ഴി​യും; നി​ങ്ങ​ളെ ഒരു നോ​ട്ടം കണ്ടാൽ​ത്തീർ​ന്നു, തങ്ങൾ​ക്കൊ​രു വ്യ​വ​സാ​യ​മു​ണ്ടെ​ന്നും ഉപ​ജീ​വ​ന​ത്തി​നു​ള്ള​തു സമ്പാ​ദി​ക്ക​ണ​മെ​ന്നും അവർ​ക്കോർമ വരും; ഉത്ത​ര​ക്ഷ​ണ​ത്തിൽ, വണ്ടു​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞ ഒരു പഴയ ഉൾ​ക്കാ​ലു​റ​യോ ഒരു പൂ​ച്ചെ​ണ്ടോ അവർ വി​ല്പാൻ കൊ​ണ്ടു വരി​ക​യാ​യി. ഈ അസാ​ധാ​ര​ണ​ക്കു​ട്ടി​ക​ളെ കണ്ടു​മു​ട്ടു​ന്ന​തു പാ​രി​സ്സി​ന്റെ അയൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ മനോ​ഹ​ര​ങ്ങ​ളും അപ്പോൾ​ത്ത​ന്നെ മർ​മ​ഭേ​ദ​ക​ങ്ങ​ളു​മായ വി​ശേ​ഷ​ത​ക​ളിൽ ഒന്നാ​ണു്.

ചി​ല​പ്പോൾ ആ ആൺ​കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തിൽ ചെറിയ പെൺകുട്ടികളുണ്ടാവും-​അവർ സഹോ​ദ​രി​മാ​രാ​യി​രി​ക്കു​മോ?-അവർ മെ​ലി​ഞ്ഞു, വര​ണ്ടു, കരു​വാ​ളി​ച്ച കൈ​പ്പ​ട​ങ്ങ​ളോ​ടു​കൂ​ടി, കാ​ക്ക​പ്പു​ള്ളി നി​റ​ഞ്ഞ് അവീൻ​ചെ​ടി​കൊ​ണ്ടും ചെ​റു​കോ​ത​മ്പ​ത്തി​ന്റെ കതി​രു​കൾ​കൊ​ണ്ടും കി​രീ​ടം ചൂടി, കൂ​ത്ത​ടി​ച്ചു​കൊ​ണ്ടു വി​രൂ​പ​ക​ളാ​യി, വെ​റും​കാ​ലോ​ടു​കൂ​ടി, ചെ​റു​പ്പ​ക്കാ​രി​ക​ളായ ഏതാ​ണ്ടു പെൺ​കി​ടാ​ങ്ങ​ളാ​യി​രി​ക്കും. അവർ കോ​ത​മ്പ​ച്ചെ​ടി​കൾ​ക്കി​ട​യി​ലു​ള്ള ചില പഴം വി​ഴു​ങ്ങു​ന്ന​തു കാണാം. വൈ​കു​ന്നേ​രം അവർ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തു കേൾ​ക്കാം. നട്ടു​ച്ച​യ്ക്കു​ള്ള വെ​യി​ല​ത്തു മി​ന്നി​യോ, അല്ലെ​ങ്കിൽ സന്ധ്യാ​സ​മ​യ​ത്തു മങ്ങി​യോ കാ​ണ​പ്പെ​ടു​ന്ന ഈ സം​ഘ​ങ്ങൾ ഒരാ​ലോ​ച​നാ​ശീ​ല​ന്നു വളരെ നേ​ര​ത്തേ​ക്കു​ള്ള പ്ര​വൃ​ത്തി കൊ​ടു​ക്കു​ന്നു. ഈ കാ​ഴ്ച​കൾ അയാ​ളു​ടെ സ്വ​പ്ന​ങ്ങ​ളു​മാ​യി കൂ​ടി​ക്ക​ല​രു​ന്നു.

പാ​രി​സ്സു് കേ​ന്ദ്രം, അയൽ​പ്ര​ദേ​ശ​ങ്ങൾ അതി​ന്റെ വൃ​ത്തം; ഈ കു​ട്ടി​കൾ​ക്കു ഭൂമി മു​ഴു​വ​നും ഇതി​ല​ട​ങ്ങി. അവർ ഒരി​ക്ക​ലും അവി​ടെ​നി​ന്ന​പ്പു​റ​ത്തേ​ക്കു കട​ക്കി​ല്ല. മത്സ്യ​ത്തി​നു വെ​ള്ള​ത്തിൽ​നി​ന്നു പു​റ​ത്തു കട​ക്കാ​വു​ന്ന​തി​ലേ​റെ, ഈ കു​ട്ടി​കൾ​ക്ക് പാ​രി​സു് വാ​യു​മ​ണ്ഡ​ല​ത്തിൽ​നി​ന്നു പു​റ​ത്തു പോവാൻ വയ്യ. അവർ​ക്ക് നഗ​ര​ത്തി​ന്റെ പു​റ​ത്തു് രണ്ടു കാതം കഴി​ഞ്ഞാൽ​പ്പി​ന്നെ യാ​തൊ​ന്നു​മി​ല്ല; ഇവ്രി, യാ​ങ്തി​ലി, അർ​ക്വി, ബെൽ​വിൽ, ഒറ​ബർ​വി​യേർ, മെ​നിൽ​മോ​ങ്ത​ങ്, ഷ്വാ​സി​ല്ര്വാ, ബി​ല്ല​ങ്കുർ, മെദൊ, ഇസി, വാ​ങ്വൃ, സെവ്ര, പുതെ, നുയി,ഴെൻ വി​ല്ലി​യെർ, രൊ​മാ​വിൽ, ഷതു, അനിയർ, ബുഗവ, നൻതെർ, ന്വാ​സി ല്സെ​ക്, നൊ​ഴാ​ങ്, ഗുർനെ, ദ്രാ​ങ്സി, ഗൊ​നെ​സു്; ബ്ര​ഹ്മാ​ണ്ഡം ഇവി​ടെ​വെ​ച്ച​വ​സാ​നി​ക്കു​ന്നു.

കു​റി​പ്പു​കൾ

[1] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[2] ഒരു റോ​മൻ​ക​വി.

3.1.6
ഒരു കഷ്ണം ചരി​ത്രം

ഈ ഗ്ര​ന്ഥ​ത്തിൽ​പ്പ​റ​യു​ന്ന കഥ നടന്ന കാ​ല​ത്തു്, ഇന്ന​ത്തെ മാ​തി​രി ഓരോ തെ​രു​വി​ന്റേ​യും മൂ​ല​യ്ക്കൽ ഓരോ പൊ​ല്ലീ​സ്സു​കാ​രൻ നി​ന്നി​രു​ന്നി​ല്ല. (ഇതു​കൊ​ണ്ടു​ള്ള ഗു​ണ​ത്തെ​പ്പ​റ്റി ഇപ്പോൾ വി​വ​രി​ക്കു​വാൻ ഇട​യി​ല്ല; തെ​ണ്ടി​ക്കു​ട്ടി​കൾ പാ​രി​സ്സിൽ ധാ​രാ​ള​മാ​യി​രു​ന്നു. വേ​ലി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും, പണി കഴി​യാ​ത്ത വീ​ടു​ക​ളി​ലും, പാ​ല​ങ്ങ​ളു​ടെ കമാ​ന​ങ്ങൾ​ക്കു ചു​വ​ട്ടി​ലു​മാ​യി പൊ​ല്ലി​സ്സു​പാ​റാ​വു​കാർ കൊ​ല്ലം​തോ​റും അക്കാ​ല​ത്തു് ഇരു​നൂ​റ്റ​റു​പ​തു വീ​ടി​ല്ലാ​ക്കു​ട്ടി​ക​ളെ ശരാ​ശ​രി​ക്കു കണ്ടു​പി​ടി​ച്ചി​രു​ന്നു എന്നാ​ണു് രേഖ. പ്ര​സി​ദ്ധ​ങ്ങ​ളാ​യി​ത്തീർ​ന്നി​ട്ടു​ള്ള ഈ കൂ​ടു​ക​ളിൽ ഒന്നാ​ണു് ‘ആർ​ക്കോ​ളാ​പ്പാ​ല​ത്തി​ലെ കു​രു​കിൽ​പ്പ​ക്ഷി​ക​ളെ’ ഉണ്ടാ​ക്കി​യ​തു്. എന്ന​ല്ല, സാ​മു​ദാ​യി​ക​രോ​ഗ​നി​ദാ​ന​ങ്ങ​ളിൽ ഏറ്റ​വു​മ​ധി​കം അപകടം പി​ടി​ച്ച​തു് ഇതാ​ണു്. മനു​ഷ്യ​ന്റെ എല്ലാ ദു​ഷ്പ്ര​വൃ​ത്തി​ക​ളും കു​ട്ടി​യു​ടെ അല​ച്ചി​ലിൽ​നി​ന്നു് ആരം​ഭി​ക്കു​ന്നു.

ഏതാ​യാ​ലും പാ​രി​സ്സി​ന്റെ കാ​ര്യ​ത്തിൽ അങ്ങ​നെ​യ​ല്ലെ​ന്നു ഞങ്ങൾ പറ​യ​ട്ടെ, മറ്റു നഗ​ര​ങ്ങ​ളോ​ടു തട്ടി​ച്ചു​നോ​ക്കു​മ്പോൾ, ഞങ്ങൾ ഇപ്പോൾ​ത്ത​ന്നെ പറഞ്ഞ പൂർ​വ​സ്മ​ര​ണ​യി​രു​ന്നാ​ലും, ഈ വ്യ​ത്യ​സ്ത​ന്യാ​യ​മാ​ണു്. മറ്റു് ഏതു വലിയ നഗ​ര​ങ്ങ​ളി​ലെ തെ​ണ്ടി​ച്ചെ​ക്ക​നും നന്നാ​വു​മെ​ന്നു​ള്ള​തി​ല്ല എന്നി​രു​ന്നാ​ലും, ഏതാ​ണ്ടു് എല്ലാ​യി​ട​ത്തും​ത​ന്നെ തോ​ന്നി​യ​തു കാ​ട്ടാൻ വിട്ട കു​ട്ടി മര്യാ​ദ​യേ​യും, മന​സ്സാ​ക്ഷി​യേ​യും വി​ഴു​ങ്ങി​ക്ക​ള​യു​ന്ന എല്ലാ​ത്ത​രം പൊ​തു​ദോ​ഷ​ങ്ങ​ളി​ലും അപാ​യ​ക​ര​മാ​യ​വി​ധം ആണ്ടു​മു​ങ്ങു​വാൻ ഉഴി​ഞ്ഞി​ട്ട​വ​നും വലി​ച്ചെ​റി​യ​പ്പെ​ട്ട​വ​നു​മാ​ണു് എന്നു വന്നാ​ലും, പാ​രി​സ്സി​ലെ തെരുവുതെണ്ടി-​ഇതു ഞങ്ങൾ ഊന്നിപ്പറയുന്നു-​പുറത്തു് എത്ര​ത​ന്നെ വൈ​കൃ​ത​പ്പെ​ട്ടും, എത്ര​ത​ന്നെ പരി​ക്കേ​റ്റു​മി​രു​ന്നാ​ലും, അക​ത്തു് ഏതാ​ണ്ടു് യാ​തൊ​രു കേടും പറ്റാ​തി​രി​ക്കു​ന്നു​ണ്ടു്. സമു​ദ്ര​ത്തി​ലെ വെ​ള്ള​ത്തിൽ ഉപ്പു​പോ​ലെ, പാ​രി​സ്സി​ലെ വാ​യു​മ​ണ്ഡ​ല​ത്തിൽ ഒരു ബോ​ധ​മു​ള്ള​തി​ന്റെ ഫല​മാ​യി ഒര​ക്ഷ​യ​ത്വ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്നു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു് ഒരു വി​ശി​ഷ്ട​കർ​മ​മാ​ണു്; അതു് നമ്മു​ടെ പൊ​തു​ജ​ന​സം​ബ​ന്ധി​ക​ളായ ഭര​ണ​പ​രി​വർ​ത്ത​ന​ങ്ങൾ​ക്കു​ള്ള മഹ​ത്ത​ര​മായ യാ​ഥാർ​ഥ്യ​ത്തിൽ ഉദി​ച്ചു പ്ര​കാ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. പാ​രി​സ്സി​നെ ശ്വ​സി​ക്കൽ ആത്മാ​വി​നെ നി​ല​നിർ​ത്തു​ന്നു.

ഒരു പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കു​ടും​ബ​ത്തി​ന്റെ നൂ​ലു​കൾ ചു​റ്റും പാ​റി​ക്ക​ളി​ക്കു​ന്നു​ണ്ടെ​ന്നു തോ​ന്ന​പ്പെ​ടു​ന്ന ഇത്ത​രം കു​ട്ടി​ക​ളിൽ ഒരു​വ​നെ ഓരോ​രി​ക്ക​ലും കണ്ടെ​ത്തു​മ്പോൾ ഒരാൾ​ക്കു​ണ്ടാ​കു​ന്ന മനോ​വേ​ദ​ന​യെ ഞങ്ങൾ ഈ പറ​ഞ്ഞ​തു് ഒട്ടും തന്നെ ഇല്ലാ​താ​ക്കു​ന്നി​ല്ല. ഇപ്പോ​ഴും അപൂർ​ണ​മാ​യി​ത്ത​ന്നെ​യി​രി​ക്കു​ന്ന ഇന്ന​ത്തെ പരി​ഷ്കാ​ര​ത്തി​നു്, ഈ തകർ​ന്നു​പോയ കു​ടും​ബ​ങ്ങൾ, തങ്ങ​ളു​ടെ സന്താ​ന​ങ്ങൾ​ക്ക് എന്തു പറ്റി എന്നു് നല്ല​വ​ണ്ണം മന​സ്സി​ലാ​ക്കാ​തെ​യും തങ്ങ​ളു​ടെ​ത​ന്നെ കു​ടർ​മാ​ല​ക​ളെ പൊ​തു​വ​ഴി​യിൽ കി​ട​ന്നി​ഴ​യു​വാ​ന​നു​വ​ദി​ച്ചും അന്ധ​കാ​ര​ത്തി​ലേ​ക്കൊ​ഴു​കി​പ്പോ​കു​ന്ന​തു് അത്ര വളരെ അപൂർ​വ​മായ ഒരു കാ​ഴ്ച​യ​ല്ല. ഇങ്ങ​നെ ഈ നി​സ്സാ​ര​ങ്ങ​ളായ ജീ​വി​ത​ങ്ങൾ ഉണ്ടാ​യി​ത്തീ​രു​ന്നു. ഇതിന്നത്രേ-​ഈ വ്യ​സ​ന​ക​ര​മായ സം​ഭ​വ​വും ഒരു ചൊല്ലുണ്ടാക്കിയിട്ടുണ്ട്-​ ‘പാ​രി​സ്സി​ലെ കൽ​വി​രി​ക​ളി​ലേ​ക്കെ​റി​യൽ’ എന്നു പേർ.

കൂ​ട്ട​ത്തിൽ​പ്പ​റ​യ​ട്ടെ, കു​ട്ടി​ക​ളെ ഈവിധം വലി​ച്ചെ​റി​യു​ന്ന​തി​നെ പണ്ട​ത്തെ രാ​ജ​വാ​ഴ്ച വി​ല​ക്കി​യി​രു​ന്നി​ല്ല. കീ​ഴ്‌​നി​ല​ക​ളിൽ കു​റേ​ശ്ശ തെ​ണ്ടി​ത്തി​രി​യൽ ഉണ്ടാ​കു​ന്ന​തു് മേൽ​നി​ല​കൾ​ക്കാ​വ​ശ്യ​മാ​ണു്; അതു് അധി​കാ​രി​ക​ളു​ടെ ഉദ്ദേ​ശ്യ​ങ്ങ​ളെ ശരി​പ്പെ​ടു​ത്തു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ പഠി​പ്പി​ക്കു​ന്ന​തി​നോ​ടു​ള്ള ദ്വേ​ഷം ഒരു വേ​ദ​സി​ദ്ധാ​ന്ത​മാ​യി​രു​ന്നു. ‘പകുതി വെ​ളി​ച്ചം’ കൊ​ണ്ടു് എന്താ​ണാ​വ​ശ്യം? ഇങ്ങ​നെ​യാ​യി​രു​ന്നു മേ​ലൊ​പ്പു്. അപ്പോൾ, അബ​ദ്ധം പ്ര​വർ​ത്തി​ക്കു​ന്ന കു​ട്ടി അറി​ഞ്ഞു കൂ​ടാ​ത്ത കു​ട്ടി​ക​ളു​ടെ ഒരു ‘വാലാ’ണു്.

ഇതിനു പുറമെ, രാ​ജ​വാ​ഴ്ച​യ്ക്കു ചി​ല​പ്പോൾ കു​ട്ടി​കൾ വേ​ണ്ടി​വ​രും; എന്നാൽ അവർ തെ​രു​വു​ക​ളു​ടെ പാട കൂ​ട്ടു​ക​യാ​യി.

പതി​ന്നാ​ലാ​മൻ ലൂ​യി​യു​ടെ കാലത്ത്-​അതിലും അപ്പു​റ​ത്തേ​ക്കു പോകേണ്ട-​രാജാവു് ന്യാ​യ​മാ​യി ഒരു കപ്പൽ​സ്സൈ​ന്യ​മു​ണ്ടാ​ക്കാൻ തീർ​ച്ച​പ്പെ​ടു​ത്തി. ആ വി​ചാ​രം നന്നു്. പക്ഷേ, അതിനു കണ്ടു​പി​ടി​ച്ച വഴി നമു​ക്കാ​ലോ​ചി​ക്കുക. കാ​റ്റു​ക​ളു​ടെ കളി​പ്പാ​ട്ട​മായ പാ​യ​ക്ക​പ്പ​ലി​നു പുറമെ, ആവ​ശ്യം വരു​മ്പോൾ വലി​ച്ചു​കൊ​ണ്ടു പോവാൻ വേ​ണ്ടി, തണ്ടു​കൾ​കൊ​ണ്ടോ ആവി​പ്ര​യോ​ഗം​കൊ​ണ്ടോ ഇഷ്ട​മു​ള്ളേ​ട​ത്തേ​ക്കു പോ​കു​ന്ന പത്തേ​മാ​രി​യി​ല്ലെ​ങ്കിൽ, കപ്പൽ​സ്സൈ​ന്യം എന്നൊ​ന്നി​ല്ല; ഇന്നു തീ​ക്ക​പ്പ​ലു​കൾ​പോ​ലെ​യാ​യി​രു​ന്നു അന്നു നാ​വി​ക​ഭ​ര​ണ​ത്തി​നു പട​ക്ക​പ്പൽ​ത്തോ​ണി​കൾ: അതി​നാൽ പട​ക്ക​പ്പൽ​ത്തോ​ണി​ക​ളെ​ക്കൊ​ണ്ടു് ആവ​ശ്യം വന്നു; പക്ഷേ, തണ്ടു​വ​ലി​ശ്ശി​ക്ഷ​ക്കാ​ര​നു​ണ്ടെ​ങ്കി​ലേ പട​ക്ക​പ്പൽ​ത്തോ​ണി നീ​ങ്ങൂ; അപ്പോൾ തണ്ടു​വ​ലി​ശ്ശി​ക്ഷ​യിൽ​പ്പെ​ട്ട ചില തട​വു​പു​ള്ളി​കൾ വേ​ണ്ട​താ​യി, കൊൽ​ബേർ [1] സം​സ്ഥാ​ന​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ക്കൊ​ണ്ടും നി​യ​മ​നിർ​മാ​ണ​സ​ഭ​ക​ളെ​ക്കൊ​ണ്ടും കഴി​യു​ന്നേ​ട​ത്തോ​ളം തട​വു​പു​ള്ളി​ക​ളെ ഉണ്ടാ​ക്കി​ച്ചു. ഈ കാ​ര്യ​ത്തിൽ വി​ധി​കർ​ത്താ​ക്ക​ന്മാ​രും ധാ​രാ​ളം ഒത്താ​ശ​ചെ​യ്തി​ട്ടു​ണ്ടു്. ഒരു ഘോ​ഷ​യാ​ത്ര പോ​കു​മ്പോൾ ഒരുവൻ തൊ​പ്പി തല​യിൽ​ത്ത​ന്നെ വെച്ചു-​അതു് ഒര​രാ​ജ​ക​ക​ക്ഷി​ക്കാ​ര​ന്റെ നി​ല​യാ​ണു്; അവനെ തണ്ടു​വ​ലി​ശ്ശി​ക്ഷാ​സ്ഥ​ല​ത്തേ​ക്ക​യ​ച്ചു. ഒരു കു​ട്ടി​യെ തെ​രു​വിൽ​വെ​ച്ച് എത്തി​മു​ട്ടി; അവ​ന്നു പതി​ന​ഞ്ചു വയ​സ്സും എവി​ടെ​യാ​ണു് കി​ട​ന്നു​റ​ങ്ങേ​ണ്ട​തെ​ന്നു നി​ശ്ച​യ​മി​ല്ലാ​യ്ക​യും ഒത്തി​ട്ടു​ണ്ടെ​ങ്കിൽ, അവനും നട​ന്നു തണ്ടു​വ​ലി​ശ്ശി​ക്ഷാ​സ്ഥ​ല​ത്തേ​ക്ക്, ഉത്ത​മ​മായ രാ​ജ​വാ​ഴ്ച; ഉത്ത​മ​മായ ശതാ​ബ്ദം.

പതി​ന​ഞ്ചാ​മൻ ലൂ​യി​യു​ടെ കാ​ല​ത്തു പാ​രി​സ്സി​ലെ​ങ്ങും കു​ട്ടി​ക​ളി​ല്ലാ​താ​യി. എന്തു നി​ഗൂ​ഢ​പ്ര​യോ​ഗ​ത്തി​നോ, പൊ​ല്ലീ​സ്സു​കാർ അവരെ കൊ​ണ്ടു​പോ​യി. രാ​ജാ​വി​ന്റെ ചോ​ര​നീ​രാ​ട്ടി​നെ​പ്പ​റ്റി ഭയ​ങ്ക​ര​ങ്ങ​ളായ ഊഹ​ങ്ങൾ ആളുകൾ പേ​ടി​ച്ചും കൊ​ണ്ടു് മന്ത്രി​ച്ചു. ഇവ​യെ​പ്പ​റ്റി ബർ​ബി​യെ [2] ബു​ദ്ധി​പൂർ​വം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ടു്. രക്ഷി​സൈ​ന്യ​ത്തി​ലെ സവി​ശേ​ഷ​സ്വാ​ത​ന്ത്ര്യ​ക്കാർ, തെ​ണ്ടി​ക്കു​ട്ടി​കൾ​ക്കു ദുർ​ഭി​ക്ഷം കണ്ടാൽ, ചി​ല​പ്പോൾ അച്ഛ​നു​ള്ള​വ​രെ പി​ടി​ച്ചു എന്നു​വ​രും. അച്ഛ​ന്മാർ നി​രാ​ശ​ത​യോ​ടു​കൂ​ടി അവരെ എതിർ​ക്കും. അങ്ങ​നെ വന്നാൽ നി​യ​മ​നിർ​മാ​ണ​സഭ ഇട​യിൽ​ക്ക​ട​ന്നു് ഒരു കൂ​ട്ട​രെ തൂ​ക്കി​മ​ര​ത്തി​ലേ​റ്റും. ആരെ? ആ പട്ടാ​ള​ക്കാ​രെ? അല്ല, അച്ഛ​ന്മാ​രെ.

കു​റി​പ്പു​കൾ

[1] ഫ്രാൻ​സി​ലെ ഒരു പ്ര​സി​ദ്ധ ഭര​ണ​ശാ​സ്ത്ര​ജ്ഞൻ.

[2] ഫ്രാൻ​സി​ലെ ഒരു മാ​ഹാ​നായ ഗ്ര​ന്ഥ​കാ​രൻ.

3.1.7
ഇന്ത്യ​യി​ലെ ജാ​തി​വി​ഭാ​ഗ​ത്തിൽ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു് ഒരു സ്ഥാ​നം വേണം

പാ​രി​സ്സി​ലെ തെ​രു​വു​തെ​ണ്ടി​സ്സം​ഘം ഏതാ​ണ്ടു് ഒരു ജാ​തി​യാ​ണു്. ഇതേ​ക​ദേ​ശം പറയാം. ചേ​ര​ണ​മെ​ന്നു​ള്ള​വർ​ക്കെ​ല്ലാം ചേരാൻ സാ​ധി​ക്കി​ല്ല.

ഗമിങ് (=തെ​മ്മാ​ടി​ച്ചെ​ക്കൻ) എന്ന വാ​ക്ക് ഒന്നാ​മ​താ​യി അച്ചിൽ​പ്പെ​ട്ടു, സാ​ഹി​ത്യ​ഭാ​ഷ​യി​ലൂ​ടെ പ്ര​സം​ഗ​പീ​ഠ​ത്തി​ലെ​ത്തി​യ​തു് 1834-​ലാണു്. ക്ലൊ​ദ്ഗ്വെ എന്ന ഒരു ചെറു കൃ​തി​യി​ലാ​ണു് ഈ വാ​ക്കു രം​ഗ​പ്ര​വേ​ശം ചെ​യ്ത​തു്. ലഹള കേ​മ​മാ​യി. വാ​ക്കി​നു പ്ര​ചാ​രം വന്നു.

തെ​മ്മാ​ടി​ച്ചെ​ക്ക​ന്മാർ​ക്കു തമ്മിൽ​ത്ത​മ്മിൽ ‘അവസ്ഥ’ കി​ട്ടു​വാ​നു​ള്ള വഴി പല​താ​ണു്. മണി​മാ​ളി​ക​യു​ടേ​യോ നോ​ത്തൃ​ദാം​പ​ള്ളി​യു​ടേ​യോ മു​ക​ളിൽ​നി​ന്നു് ഒരാൾ താ​ഴ​ത്തേ​ക്കു വീ​ഴു​ന്ന​തു കണ്ടു എന്ന കാ​ര​ണം​കൊ​ണ്ടു വള​രെ​യ​ധി​കം ബഹു​മാ​നി​ക്ക​പ്പെ​ടു​ക​യും പര​ക്കെ അഭി​ന​ന്ദി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന ഒരു​വ​നെ ഞങ്ങൾ​ക്ക​റി​യാ​മെ​ന്ന​ല്ല, പരി​ച​യ​മു​ണ്ടു്; മറ്റൊ​രു​വൻ അനാ​ഥ​പ്പു​ര​യി​ലെ ഗോ​പു​ര​ത്തി​ലു​ള്ള പ്ര​തി​മ​ക​ളെ തൽ​ക്കാ​ലം കൊ​ണ്ടു​വെ​ച്ചി​രു​ന്ന ഒരു പിൻ​ഭാ​ഗ​ത്തെ മു​റ്റ​ത്തേ​ക്കു കട​ന്നു​ചെ​ന്നു് അവ​യിൽ​നി​ന്നു കു​റ​ച്ച് ഈയം ‘കു​ത്തി​യ​ടർ​ത്താൻ’ സാ​ധി​ച്ച​തു​കൊ​ണ്ടാ​ണു്; മൂ​ന്നാ​മ​തൊ​രു​വൻ, ഒരു നാ​ലു​രുൾ​വ​ണ്ടി തല​കീ​ഴ്മ​റി​ഞ്ഞ​തു കണ്ട​തു​കൊ​ണ്ടാ​ണു്; പി​ന്നെ​യു​മൊ​രു​വൻ, ഒരു പൗ​ര​ന്റെ കണ്ണു​തെ​റി​പ്പി​ച്ചു എന്ന നി​ല​യ്ക്കാ​ക്കിയ ഒരു പട്ടാ​ള​ക്കാ​ര​നെ അറി​യു​ന്ന​തു​കൊ​ണ്ടാ​ണു്.

ഒരു പാ​രി​സ്കാ​രൻ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റേ​തായ ഈ പ്രസിദ്ധവാക്ക്-​ഒരു സം​ഭാ​ഷ​ണാ​വ​സാ​ന​ത്തി​ലെ അഗാ​ധ​വാ​ക്യം; അർഥം മന​സ്സി​ലാ​കാ​തെ ആഭാ​സ​ന്മാർ കേ​ട്ടു ചി​രി​ക്കു​ന്ന ഒന്ന്-​ഇതുകൊണ്ടു് സുഗ്രഹമാകുന്നു-​എടടാ! ഞാൻ എന്തു ഭാ​ഗ്യം കെ​ട്ട​വ​നാ​ണ്! അഞ്ചാം​നി​ല​യിൽ ഒരു ജനാ​ല​യിൽ​നി​ന്നു് ഒരുവൻ തല​കു​ത്തി മറി​യു​ന്ന​തു് ഇതു​വ​രെ കണ്ടി​ല്ല​ല്ലോ’ (ഭാ​ഗ്യം എന്ന​തി​നു പാ​ക്യ​മെ​ന്നും നില എന്ന​തി​നു നെല എന്നു​മാ​ണു് ഉച്ചാ​ര​ണം).

നി​ശ്ച​യ​മാ​യും ഒരു കൃ​ഷീ​വ​ല​ന്റെ ഈ വാ​ക്കു രസ​മു​ണ്ടു്; ‘ഫാദർ ഇന്നാ​ളേ, നി​ങ്ങ​ളു​ടെ ഭാര്യ അവ​രു​ടെ ദീ​നം​കൊ​ണ്ടു മരി​ച്ചു; എന്തേ നി​ങ്ങൾ വൈ​ദ്യ​ന്നാ​ളെ​യ​യ​യ്ക്കാ​ഞ്ഞ​തു?’ ‘സേർ, നി​ങ്ങ​ളെ​ന്തോ പറ​യു​ന്നു, ഞങ്ങൾ, സാ​ധു​ക്കൾ, ഞങ്ങ​ളെ​ക്കൊ​ണ്ടു​ത​ന്നെ​യാ​ണു് മരി​ക്കു​ന്ന​തു്.’ കൃ​ഷീ​വ​ല​ന്റെ ഉശി​രി​ല്ലാ​യ്മ മു​ഴു​വ​നും ഈ വാ​ക്കി​ലു​ണ്ടെ​ങ്കിൽ, നഗ​ര​പ്രാ​ന്ത​ങ്ങ​ളി​ലെ ചെ​ക്ക​ന്റെ സ്വ​ത​ന്ത്രാ​ലോ​ച​ന​യോ​ടു​കൂ​ടിയ അരാ​ജ​ക​ത്വം മു​ഴു​വൻ, നി​ശ്ച​യ​മാ​യും, ഈ മറ്റൊ​രു ചൊ​ല്ലിൽ അട​ങ്ങി​യി​രി​ക്കു​ന്നു. മര​ണ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട ഒരുവൻ കൊ​ല​സ്ഥ​ല​ത്തേ​ക്കു​ള്ള വണ്ടി​യി​ലി​രു​ന്നു മതാ​ചാ​ര്യ​ന്റെ പ്ര​സം​ഗം ശ്ര​ദ്ധി​ക്കു​ക​യാ​ണു്. പാ​രി​സി​ന്റെ കു​ട്ടി ഉച്ച​ത്തിൽ പറ​യു​ന്നു; ‘അയാൾ തന്റെ കരും​തൊ​പ്പി​യോ​ടു സം​സാ​രി​ക്കു​ക​യാ​ണ്! ഹാ! ആഭാസൻ!’

മത​വി​ഷ​യ​ത്തി​ലു​ള്ള ഒരു​ത​രം ധൃ​ഷ്ടത തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ ലക്ഷ​ണ​മാ​ണു്. മന​ശ്ശ​ക്തി ഒരു പ്രാ​ധാ​ന​സം​ഗ​തി​യാ​ണു്.

മര​ണ​ശി​ക്ഷാ​സ്ഥ​ല​ത്തെ​ത്തുക ഒരു ചു​മ​ത​ല​യാ​ണു്. അവൻ തൂ​ക്കു​മ​ര​ത്തി​ന​ടു​ക്കൽ ഹാജർ കൊ​ടു​ക്കു​ന്നു; അവൻ ചി​രി​ക്കു​ക​യും ചെ​യ്യു​ന്നു; അതിനെ അവൻ എല്ലാ​ത്ത​രം ഓമ​ന​പ്പേ​രു​കൾ​കൊ​ണ്ടും വി​ളി​ക്കു​ന്നു. ‘സൂ​പ്പി​ന്റെ അവ​സാ​നം, ‘നാ​ലു​രുൾ​വ​ണ്ടി,’ ‘മാന (ആകാശ)ത്തു​ള്ള​മ്മ,’ ‘ഒടു​വി​ല​ത്തെ ഇറ​ക്കൽ,’ മറ്റു മറ്റും. അക്കാ​ര്യ​ത്തിൽ ഒന്നും വി​ട്ടു​പോ​കാ​തി​രി​പ്പാൻ​വേ​ണ്ടി, അവൻ മതി​ലു​ക​ളു​ടെ മീതെ പൊ​ത്തി​പ്പി​ടി​ച്ചു കയറും, ജനാ​ല​പ്പു​റ​ന്ത​ട്ടു​ക​ളി​ലേ​ക്കു തന്ന​ത്താൻ ‘കു​ത്തി​ക്കൊ​ടു​ക്കും,’ മര​ത്തി​ന്മേൽ കേറും, ഇരു​മ്പ​ഴി​ക​ളിൽ ഞാ​ന്നു​കി​ട​ക്കും. പു​ക​ക്കു​ഴ​ലു​ക​ളോ​ടു പറ്റി​നി​ല്ക്കും. ജന്മ​നാ ഒരു കപ്പ​ലോ​ട്ട​ക്കാ​ര​നാ​ണെ​ന്ന​പോ​ലെ​ത്ത​ന്നെ തെ​മ്മാ​ടി​ച്ചെ​ക്കൻ ജനനാൽ ഒരോ​ടു​മേ​ച്ചിൽ​ക്കാ​ര​നു​മാ​ണു്. ഒരു കപ്പൽ​പ്പായ കണ്ടാ​ല​ത്തേ​തിൽ ഒട്ടു​മ​ധി​കം ഒരു മേ​ല്പുര കണ്ടാൽ അവനു പേ​ടി​യി​ല്ല. ഒരു മര​ണ​ശി​ക്ഷ നട​ക്കു​ന്ന​തി​നൊ​ത്ത ഒരു​ത്സ​വം അവ​നി​ല്ല. പ്രോ​ത്സാ​ഹി​പ്പി​ക്കു​വാൻ​വേ​ണ്ടി ആ കൊ​ല്ല​പ്പെ​ടു​ന്ന​വ​നെ അവൻ പു​ച്ഛി​ച്ചാർ​ക്കു​ന്നു. അവൻ ചി​ല​പ്പോൾ അയാളെ അഭി​ന​ന്ദി​ക്കും. ലാ​സെ​നേർ [1] ഒരു തെ​മ്മാ​ടി​ച്ചെ​ക്ക​നാ​യി​രു​ന്ന കാ​ല​ത്തു് ആ വല്ലാ​ത്ത​വ​നായ ദൊതെ [1] ഒരു കൂ​സ​ലി​ല്ലാ​തെ മരി​ക്കു​ന്ന​തു കണ്ടു് ഒരു ഭാവി മു​ഴു​വ​നു​മ​ട​ങ്ങിയ ഈ വാ​ക്കു​കൾ ഉച്ച​രി​ക്ക​യു​ണ്ടാ​യി: ‘എനി​ക്ക​യാ​ളെ​പ്പ​റ്റി അസൂ​യ​തോ​ന്നി.’ തെ​മ്മാ​ടി​ച്ചെ​ക്ക​ന്മാ​രു​ടെ കൂ​ട്ട​ത്തിൽ ആർ​ക്കും വൊൾ​ത്തെ​യ​രു​ടെ പേ​ര​റി​വി​ല്ല; പക്ഷേ, പപ​വ്യാ​ങ് [1] അങ്ങ​നെ​യ​ല്ല. ഓരോ​രു​ത്ത​ന്റെ​യും ഒടു​വി​ല​ത്തെ വേ​ഷ​ത്തെ​പ്പ​റ്റി അവർ​ക്ക് ഓരോ ഐതി​ഹ്യ​മു​ണ്ടു്. തൊ​ല്രോ​ങ്ങി​നു് [1] ഒരു ജല​യ​ന്ത്ര​ക്കാ​ര​ന്റെ തൊ​പ്പി​യു​ണ്ടാ​യി​രു​ന്നു എന്നും, അവ്രി​ലി​നു് [1] ഒരു നീർ​നാ​യ​ത്തൊ​പ്പി​യാ​ണെ​ന്നും, ലൊവെ [1] ഒരു വട്ട​ത്തൊ​പ്പി​വെ​ച്ചി​രു​ന്നു എന്നും, കിഴവൻ ദെ​ല​പൊർ​തു് [1] കഷ​ണ്ടി​ത്ത​ല​യ​നും വെ​റും​ത​ല​യ​നു​മാ​യി​രു​ന്നു എന്നും, കസ്താ​ങ് ആകെ ചു​വ​ന്നി​രു​ന്നു എന്നും കണ്ടാൽ സു​ഭ​ഗ​നാ​ണെ​ന്നും, ബൊ​രി​യെ​യ്ക്ക് [1] ഒരു ഭം​ഗി​യു​ള്ള ചെ​റു​താ​ടി​യു​ണ്ടാ​യി​രു​ന്നു എന്നും, ഴാ​ങ്മർ​തെ​ങ് [1] അപ്പോ​ഴും തന്റെ ചു​മൽ​പ്പ​ട്ട​യോ​ടു​കൂ​ടി​യാ​യി​രു​ന്നു എന്നും, ലെ​ക്കു​ഫെ​യും [1] അമ്മ​യും കൂടി ശണ്ഠ​യി​ട്ടു എന്നും അവർ​ക്കു വി​വ​ര​മു​ണ്ടു്. ആ കല​ശൽ​കൂ​ട്ടു​ന്ന​വ​രോ​ടു് ഒരു തെ​മ്മാ​ടി​ച്ചെ​ക്കൻ കൂ​ക്കി​പ്പ​റ​ഞ്ഞു: ‘നി​ങ്ങ​ളു​ടെ കോ​ട്ട​യ്ക്കു​വേ​ണ്ടി തമ്മിൽ കൊ​ഞ്ഞ​നം കാ​ട്ടാ​തി​രി​ക്കിൻ.’ മറ്റൊ​രു​വൻ, കൂ​ട്ട​ത്തിൽ കുറേ നീളം കു​റ​ഞ്ഞ​വ​നാ​യി​രു​ന്ന​തു​കൊ​ണ്ടു, ദെബകെ [1] പോ​കു​മ്പോൾ ഒരു നോ​ട്ടം കാണാൻ വേ​ണ്ടി പാ​താ​റി​ലെ ഒരു വി​ള​ക്കു​കാൽ പി​ടി​ച്ച് അതി​ന്മേൽ കയറി. അതി​ന്ന​പ്പു​റ​ത്തു നി​ല്ക്കു​ന്ന പട്ടാ​ള​ക്കാ​രൻ നെ​റ്റി ചു​ളി​ച്ചു. ‘ആട്ടെ, ഞാ​നൊ​ന്നും കയറി നോ​ക്കി​ക്കോ​ട്ടെ,’ ആ തെ​മ്മാ​ടി​ച്ചെ​ക്കൻ പറ​ഞ്ഞു. ഭര​ണാ​ധി​കാ​രി​ക​ളെ സമാ​ധാ​നി​പ്പി​ക്കാൻ​വേ​ണ്ടി അവൻ തു​ടർ​ന്നു: ‘ഞാൻ വീ​ഴി​ല്ല.’ ‘നി​യ്യു വീണാൽ എനി​ക്കെ​ന്താ​ണ്!’ ആ പട്ടാ​ള​ക്കാ​രൻ എതിർ​ത്തു പറ​ഞ്ഞു.

തെ​മ്മാ​ടി​ച്ചെ​ക്ക​ന്മാ​രു​ടെ വർ​ഗ​ത്തിൽ സ്മ​ര​ണീ​യ​മായ ഒര​പ​ക​ട​സം​ഭ​വം വളരെ വി​ല​യു​ള്ളൊ​ന്നാ​ണു്. ‘എല്ലാ കാ​ണ​ത്ത​ക്ക​വ​ണ്ണം’ ആഴ​ത്തിൽ ഒരു മു​റി​വു പറ്റി​യാൽ അതു് എന്തെ​ന്നി​ല്ലാ​ത്ത ഒര​വ​സ്ഥ​യാ​ണു്.

ദേ​ഹ​ത്തി​ന്റെ കെ​ല്പു് ഒട്ടും നി​സ്സാ​ര​മായ ഒരു ബഹു​മ​തി​യ​ല്ല. തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു് ഏറ്റ​വും ഇഷ്ട​പ്പെ​ട്ട ഒരു ചൊ​ല്ലി​താ​ണു്: ‘എനി​ക്കി​പ്പോൾ നല്ല ശക്തി​യും ഉശി​രു​മു​ണ്ടു്. ഒന്നു പി​ടി​ച്ചു​നോ​ക്കൂ.’ ‘ഇട​വൻ​ക​യ്യ’നായാൽ അവ​നോ​ടു് എല്ലാ​വർ​ക്കും അസൂ​യ​യാ​ണു്. കോ​ങ്ക​ണ്ണൻ വലിയ ബഹു​മാ​ന​പാ​ത്ര​മ​ത്രേ.

കു​റി​പ്പു​കൾ

[1] അത്ര പ്ര​സി​ദ്ധ​ന്മാ​ര​ല്ല.

3.1.8
ഒടു​വി​ല​ത്തെ രാ​ജാ​വി​ന്റെ ഒരു രസ​ക​ര​മായ ചൊ​ല്ലു് ഇതിൽ വാ​യ​ന​ക്കാർ​ക്കു കാണാം

വേ​ന​ല്ക്കാ​ല​ത്തു് അവൻ ഒരു തവ​ള​യാ​യി വേഷം മാ​റു​ന്നു; വൈ​കു​ന്നേ​രം, സന്ധ്യ​യാ​യാൽ, ഓസ്തെർ​ലി​ത്സ്പാ​ല​ത്തി​ന്റേ​യും യെ​നാ​പാ​ല​ത്തി​ന്റേ​യും മുൻ​പിൽ​വെ​ച്ചു കല്ക്ക​രി​വ​ണ്ടി​ക​ളു​ടേ​യും അല​ക്കു​കാ​രി​ക​ളു​ടെ വഞ്ചി​ക​ളു​ടേ​യും മു​ക​ളിൽ​നി​ന്നു സയിൻ നദി​യി​ലേ​ക്കും മര്യാ​ദ​യു​ടേ​യും പൊ​ല്ലീ​സ്സി​ന്റേ​യും വക നി​യ​മ​ങ്ങൾ​ക്കെ​ല്ലാം അപ്പു​റ​ത്തേ​ക്കും അവൻ ‘മു​ത​ല​ക്കൂ​പ്പു​കു​ത്തും.’ എന്താ​യാ​ലും പൊ​ല്ലീ​സ്സി​ന്റെ കണ്ണു് എപ്പോ​ഴും അവ​നി​ലു​ണ്ടു്; അതി​ന്റെ ഫല​മാ​ണു് സ്മ​ര​ണീ​യ​വും സഹോ​ദ​ര​ത്വ​ത്തെ കാ​ണി​ക്കു​ന്ന​തു​മായ ഒരു നി​ല​വി​ളി പു​റ​പ്പെ​ടു​വാൻ മാ​ത്രം അസാ​ധാ​ര​ണ​മായ ഈയൊരു സംഭവം; ഏക​ദേ​ശം 1830-ൽ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ആ നി​ല​വി​ളി തെ​മ്മാ​ടി​ച്ചെ​ക്ക​ന്മാർ​ക്കു തമ്മിൽ​ത്ത​മ്മിൽ പറ​ഞ്ഞു​കൊ​ടു​ക്കു​വാ​നു​ള്ള ഒരു ബു​ദ്ധി​പൂർ​വ​മായ മു​ന്ന​റി​വു​വാ​ക്കാ​യി; മന്ത്രം​പോ​ലെ അർഥം തി​രി​യാ​ത്ത ഒരു ഗണി​ത​സം​ജ്ഞ​യോ​ടു​കൂ​ടി ഹോ​മ​റു​ടെ ഒരു പദ്യ​ശ​ക​ലം വാ​യി​ക്കു​ന്ന വി​ധ​മാ​ണു് അതു കേ​ട്ടാൽ. അതിതാ: ‘ഏഹേ, കോ​ഴി​ക്കു​ട്ടി, അതാ വരു​ന്നു, തീ​പ്പെ​ട്ടി​ക്കോൽ. അതാ വരു​ന്നു, നി​ങ്ങ​ളു​ടെ കീ​റ​ത്തു​ണി​യും തപ്പി​യെ​ടു​ത്തു പറ​ന്നോ​ളിൻ. ഓവു​ചാ​ലി​ലൂ​ടെ പാ​ഞ്ഞോ​ളിൻ.’

ചി​ല​പ്പോൾ ഈ കൊതുവിന്ന്-​ഇതാണു് അവൾ-​തന്നത്താൻ വി​ളി​ക്കു​ന്ന പേർ-​വായിക്കാനറിയാം; ചി​ല​പ്പോൾ എഴു​താ​ന​റി​യാം; എപ്പോ​ഴും കു​ത്തി​വ​ര​യ്ക്കാ​ന​റി​യാം. പൊ​തു​ജ​ന​ങ്ങൾ​ക്കു​പ​യോ​ഗ​പ്പെ​ടു​ന്ന എല്ലാ വിദ്യകളും-​അന്യോന്യം പഠി​പ്പി​ക്കു​വാ​നു​ള്ള എന്തു നിഗൂഢസാമർഥ്യംവഴിക്കെന്നറിഞ്ഞുകൂടാ-​അവൻ സമ്പാ​ദി​ച്ചു​വെ​ക്കും; 1815 മുതൽ 1830 വരെ അവൻ ചു​മ​രി​ന്മേൽ ‘സബർജൽ’പ്പഴം കു​ത്തി​വ​ര​ച്ചി​രു​ന്നു. വേ​ന​ല്ക്കാ​ല​ത്തു് ഒരു ദിവസം വൈ​കു​ന്നേ​രം ലൂയി ഫി​ലി​പ്പു് കാൽ നട​യാ​യി അര​മ​ന​യി​ലേ​ക്കു തി​രി​ച്ചു​പോ​രും​വ​ഴി​ക്ക്, അവി​ടു​ത്തെ കാൽ​മു​ട്ടു​ക​ളോ​ളം മാ​ത്രം വലി​പ്പ​മു​ള്ള ഒരു ചെ​ക്കൻ, നു​യി​യി​ലെ പടി​ക്ക​ലു​ള്ള തൂ​ണു​ക​ളി​ലൊ​ന്നിൽ ഒരു കൂ​റ്റൻ ‘സബർജൽ’പ്പഴം വര​യ്ക്കാൻ​വേ​ണ്ടി വി​യർ​ത്തു മു​ങ്ങി കയ​റി​പ്പോ​കു​ന്ന​തു കണ്ടു; നാ​ലാ​മൻ ആങ്റി​യിൽ​നി​ന്നു കി​ട്ടിയ സൗ​ശീ​ല്യ​ത്തോ​ടു​കൂ​ടി രാ​ജാ​വു് ആ തെ​മ്മാ​ടി​ച്ചെ​ക്ക​നെ സഹാ​യി​ച്ചു. സബർ​ജൽ​പ്പ​ഴം വര​ച്ചു മു​ഴു​മി​പ്പി​ച്ചു; ഇങ്ങ​നെ പറ​ഞ്ഞു​കൊ​ണ്ടു് ഒരു ലൂയി നാ​ണ്യം അവ​ന്നു കൊ​ടു​ത്തു; ‘അതി​ലു​മു​ണ്ടു് ‘സബർജൽ’പ്പഴം. [1] തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു ലഹള രസ​മാ​ണു്. ഒരു തര​ത്തി​ലു​ള്ള കയ്യേ​റ്റം അവനെ രസി​പ്പി​ച്ചു​ക​ള​യു​ന്നു. ‘മതാ​ചാ​ര്യ​ന്മാ​രോ​ടു്’ അവ​ന്നു വെ​റു​പ്പാ​ണു്. ഒരു ദിവസം, ദ്യു ദു് ലു​നി​വേർ​സി​നെ എന്ന സ്ഥ​ല​ത്തു്, 69-ആം നമ്പർ വീ​ട്ടി​ന്റെ വണ്ടി​പ്പ​ടി​ക്കൽ​വെ​ച്ച് ഈ തെ​ണ്ടി​ക​ളിൽ ഒരുവൻ മൂ​ക്കു​ചീ​റ്റു​ക​യാ​യി​രു​ന്നു. ‘എന്തി​നാ​ണു് പടി​ക്കൽ​വെ​ച്ച് ഇതു ചെ​യ്യു​ന്ന​തു?’ ഒരു വഴി​പോ​ക്കൻ ചോ​ദി​ച്ചു. ആ കു​ട്ടി മറു​പ​ടി പറ​ഞ്ഞു: ‘ഇവിടെ ഒരു മതാ​ചാ​ര്യ​നാ​ണു് താമസം.’ വാ​സ്ത​വ​ത്തിൽ അവി​ടെ​യാ​ണു് പോ​പ്പി​ന്റെ പ്ര​തി​നി​ധി താ​മ​സി​ച്ചി​രു​ന്ന​തു്.

എന്താ​യാ​ലും ചെറിയ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു​ള്ള വോൾ​ത്തെ​യർ​ത്തം എന്തു​ത​ന്നെ​യാ​യാ​ലും, പള്ളി​യിൽ ഗാ​യ​ക​നാ​കാ​നു​ള്ള സൗ​ക​ര്യം മുൻ​പിൽ​പ്പെ​ട്ടാൽ, അവൻ അതു സ്വീ​ക​രി​ക്കു​ക​യാ​ണു് പതി​വു്. എന്നാൽ അവൻ മര്യാ​ദ​യ്ക്കു കുർ​ബ്ബാന നട​ത്തും. രണ്ടു കാ​ര്യ​ത്തി​ലാ​ണു് അവൻ കി​ട​ന്നു ചക്ര​ശ്വാ​സം വലിക്കുന്നത്-​അതു രണ്ടും ആഗ്ര​ഹി​ക്കു​ക​യ​ല്ലാ​തെ ഒരി​ക്ക​ലും അവ​ന്നു സാ​ധി​ക്കു​ന്നി​ല്ല: ഭര​ണാ​ധി​കാ​ര​ത്തെ അടി​ച്ചു​ട​യ്ക്കാ​നും, കാ​ലു​റ​കൾ പി​ന്നേ​യും തു​ന്നി​ക്കു​ത്താ​നും.

ഒരു തി​ക​വെ​ത്തിയ തെ​മ്മാ​ടി​ച്ചെ​ക്ക​നിൽ പാ​രി​സ്സി​ലെ പൊ​ല്ലീ​സ്സു് സൈ​ന്യം മു​ഴു​വ​നു​മു​ണ്ടു്; തന്റെ മുൻ​പിൽ​പ്പെ​ടു​ന്ന ആരു​ടേ​യും​ത​ന്നെ മു​ഖ​ത്തു നോ​ക്കി പേ​രി​ന്ന​താ​ണെ​ന്നു പറവാൻ അവ​ന്നു സാ​ധി​ക്കും. അതൊ​ക്കെ അവർ വി​ര​ലു​കൊ​ണ്ടു കണ​ക്കു പി​ടി​ച്ചു പറയും. അവൻ ആളു​ക​ളു​ടെ സമ്പ്ര​ദാ​യ​ങ്ങ​ളെ നോ​ക്കി​പ്പ​ഠി​ക്കു​ന്നു; ഓരോ​ന്നി​നെ​ക്കു​റി​ച്ചും അവ​ന്റെ വക സവി​ശേ​ഷ​ക്കു​റി​പ്പു​ക​ളു​ണ്ടാ​യി​രി​ക്കും. ഒരു തു​റ​ന്ന പു​സ്ത​കം​പോ​ലെ പൊ​ല്ലീ​സ്സു​കാ​രു​ടെ ആത്മാ​ക്ക​ളെ അവൻ നോ​ക്കി വാ​യി​ക്കു​ന്നു. അവൻ തപ്പു​കൂ​ടാ​തെ​യും കൂ​സ​ലി​ല്ലാ​തെ​യും നി​ങ്ങൾ​ക്കു പറ​ഞ്ഞു​ത​രും: ‘ആ ഒരുവൻ രാ​ജ്യ​ദ്രോ​ഹി​യാ​ണു്; മറ്റ​വൻ ദു​ഷ്ട​നാ​ണു്; മറ്റ​വൻ വലി​യാ​ളാ​ണു്; മറ്റ​വൻ കൊ​ള്ള​രു​താ​ത്ത​വ​നാ​ണു്.’ (രാ​ജ്യ​ദ്രോ​ഹി, ദു​ഷ്ടൻ, വലി​യാൾ, കൊ​ള്ള​രു​താ​ത്ത​വൻ എന്നീ എല്ലാ വാ​ക്കു​കൾ​ക്കും അവ​ന്റെ വാ​യിൽ​നി​ന്നു വരു​മ്പോൾ അർഥം അസാ​ധാ​ര​ണ​മാ​ണു്); ആ ഒരാൾ പൊ​ങ്നെ​പ്ര​ദേ​ശം മു​ഴു​വ​നും തന്റേ​താ​ണെ​ന്നു വിചാരിക്കുന്നു-​ആൾമറയ്ക്കു പു​റ​ത്തു​ള്ള വള​രി​ന്മേ​ലൂ​ടെ ആളു​ക​ളെ നട​ക്കാൻ അയാൾ സമ്മ​തി​ക്കു​ക​യി​ല്ല. ആ മറ്റ​വ​ന്നു കണ്ട​വ​രു​ടെ ചെവി പി​ടി​ച്ചു തി​രി​ക്കു​ന്ന​തിൽ ഒരു കമ്പ​മാ​ണു്; മറ്റും, മറ്റും.

കു​റി​പ്പു​കൾ

[1] അന്ന​ത്തെ കാ​ല​ത്തു ഹാ​സ്യ​ര​സ​പ്ര​ധാ​ന​ങ്ങ​ളായ ചി​ത്ര​ങ്ങ​ളിൽ ഒരു സബർ​ജൽ​പ്പ​ഴ​ത്തി​ന്റെ ഛാ​യ​യി​ലു​ള്ള തല​യോ​ടു​കൂ​ടി പതി​നെ​ട്ടാ​മൻ ലൂ​യി​യെ വര​യ്ക്കുക പതി​വാ​യി​രു​ന്നു.

3.1.9
പഴയ ഫ്രാൻ​സി​ന്റെ പഴയ ജീവൻ

മത്സ്യ​ച്ച​ന്ത​യു​ടെ സന്താ​ന​മായ പൊ​ക്ക​ലെ​ങ്ങിൽ [1] ആ കു​ട്ടി​യു​ടെ ഏതാ​ണ്ടൊ​ന്നു​ണ്ടു്; ബൊ​മെർ​ഷെ​യ്ക്ക് [2] അവ​ന്റെ ഒരു ഭാ​ഗ​മു​ണ്ടു്. പണ്ട​ത്തെ ഫ്രാൻ​സി​ന്റെ ഒരു നി​ഴ​ലാ​ണു് തെ​മ്മാ​ടി​ത്തം. ബു​ദ്ധി​യോ​ടു കൂ​ടി​ച്ചേർ​ന്നാൽ, അതു വീ​ഞ്ഞി​നു റാ​ക്കെ​ന്ന​പോ​ലെ, ഫ്രാൻ​സി​ന്റെ ഉശി​രി​നു ശക്തി കൂ​ട്ടു​ന്നു. ചി​ല​പ്പോൾ അതൊരു കേ​ടാ​യി എന്നും വരും. ഹോമർ എന്നെ​ന്നും തന്നെ​ത്താ​നാ​വർ​ത്തി​ക്കു​ന്നു. സമ്മ​തം; വോൾ​ത്തെ​യർ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ വേ​ഷ​മാ​ടു​ന്നു എന്നു പറയാം. കമിൽ ദെ​മു​ലെ​ങ് [3] ഉപ​ന​ഗ​ര​ങ്ങ​ളി​ലെ ഒരു താ​മ​സ​ക്കാ​ര​നാ​ണു്. ക്രി​സ്തു​വി​ന്റേ​യും മറ്റും അത്ഭു​ത​കർ​മ​ങ്ങ​ളെ നിർ​ദ്ദ​യം അധി​ക്ഷേ​പി​ച്ചു​വി​ട്ട ഷാം​പി​യോ​നെ [4] കൽ​വി​രി​ക​ളിൽ നി​ന്നാ​ണു് പൊ​ന്തി​വ​ന്ന​തു്; ഒരു ചെ​റു​കു​ട്ടി​യാ​യി​രു​ന്ന കാ​ല​ത്തു് അയാൾ സാ​ങ്ഴാ​ങ് ദു് ബൊ​വെ​യു​ടെ​യും സാങ് എതി​യെൻ​ദ്യു​മോ​ങ്ങി​ന്റെ​യും പൂ​മു​ഖ​ങ്ങ​ളിൽ പാ​ഞ്ഞു നട​ന്നി​രു​ന്നു; ഴനൂ​റി​യു​വി​ന്റെ കു​പ്പി​ക്ക് ആവ​ശ്യ​പ്പെ​ടു​വാൻ അവർ അതി​പ​രി​ച​യ​ത്തോ​ടു​കൂ​ടി സാംങ് ഗെ​നെ​വി​യെ​വു് പള്ളി​യിൽ ചെ​ന്നു പറയും. പാ​രി​സ്സി​ലെ തെ​മ്മാ​ടി​ച്ചെ​ക്കൻ മാ​ന്യ​നും നി​ന്ദാ​സ്തു​തി​ക്കാ​ര​നും അധി​ക​പ്ര​സം​ഗി​യു​മാ​ണു്. അവ​ന്റെ പല്ലു​കൾ വികൃതിപ്പല്ലുകളാണ്-​എന്തുകൊണ്ടെന്നാൽ, അവ​ന്റെ ഭക്ഷ​ണം മോ​ശ​വും വയറു തക​രാ​റി​ലു​മ​ത്രേ; അവ​ന്റെ കണ്ണു​കൾ സുഭഗങ്ങളാണ്-​എന്തുകൊണ്ടെന്നാൽ, അവ​ന്നു ഫലിതം കൂടും.

സർ​വ്വേ​ശ്വ​രൻ​ത​ന്നെ മുൻ​പി​ലു​ണ്ടെ​ങ്കി​ലും, അവൻ സ്വർ​ഗ​ത്തി​ലേ​ക്കു​ള്ള കോ​ണി​പ്പ​ടി​കൾ ഒറ്റ​ക്കാ​ലി​ന്മേൽ കൊ​ക്കി​ച്ചാ​ടി​ക്ക​യ​റും. അവൻ കയ്യാം​ക​ളി​യിൽ സമർ​ഥ​നാ​ണു്. എല്ലാ വി​ശ്വാ​സ​ങ്ങ​ളും അവ​ന്നാ​വാം. അവൻ ഓവു​ചാ​ലിൽ കളി​ക്കും; ചു​ണ​യോ​ടു​കൂ​ടി നി​വർ​ന്നു നി​ല്ക്കും; വെ​ടി​യു​ണ്ട​കൾ​ക്കു മുൻ​പി​ലും അവ​ന്റെ ധി​ക്കാ​രം എതിർ​ത്തു​നി​ല്ക്കും; അതേ​വ​രെ അവൻ ആഭാ​സ​നാ​യി​രു​ന്നു, അതാ അപ്പോൾ അവൻ ധീ​രോ​ദാ​ത്ത​നാ​വു​ന്നു; തീ​ബ്സ്കാ​രൻ [5] കു​ട്ടി​യെ പ്പോ​ലെ, അവൻ സിം​ഹ​ത്തി​ന്റെ മേൽ​നി​ന്നു തൊലി പി​ടി​ച്ചു വലി​ക്കു​ന്നു; പട്ടാ​ള​ച്ചെ​ണ്ട​കൊ​ട്ടു​കാ​രൻ ബാര [6] പാ​രി​സ്സി​ലെ ഒരു തെ​മ്മാ​ടി​ച്ചെ​ക്ക​നാ​യി​രു​ന്നു; വേ​ദ​പു​സ്ത​ക​ത്തി​ലെ കുതിര ‘ബോ!’ എന്നു പറ​യും​പോ​ലെ, അവൻ കൂ​ക്കി​വി​ളി​ക്കു​ന്നു: ‘മു​മ്പോ​ട്ട്!’ ഉത്ത​ര​ക്ഷ​ണ​ത്തിൽ അവൻ ചെ​റു​ചെ​ക്ക​നിൽ​നി​ന്നു കട​ന്നു, ഒരു രാ​ക്ഷ​സ​നാ​യി.

ഈ ചേ​റ്റു​കു​ണ്ടി​ന്റെ കു​ട്ടി ആദർ​ശ​ത്തി​ന്റേ​യും കു​ട്ടി​യാ​ണു്. മോ​ളി​യെ​റിൽ​നി​ന്നു ബാ​ര​യി​ലോ​ളം നീ​ണ്ടു​നി​ല്ക്കു​ന്ന ചി​റ​കു​ക​ളു​ടെ ആ പര​പ്പു് ഒന്ന​ള​ന്നു നോ​ക്കുക.

എല്ലാം​കൂ​ടി ഒരു വാ​ക്കു​കൊ​ണ്ടു് പറ​ക​യാ​ണെ​ങ്കിൽ, എപ്പോ​ഴും കളി​ച്ചു നട​ന്നു കഴി​യു​ന്ന ഒരു​വ​ന​ത്രേ തെ​മ്മാ​ടി​ച്ചെ​ക്കൻ. എന്തു​കൊ​ണ്ടു? അവൻ ദുഃ​ഖി​ത​നാ​ണു്.

കു​റി​പ്പു​കൾ

[1] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[2] ഫ്രാൻ​സി​ലെ ഒരു പ്ര​സി​ദ്ധ ധന​ശാ​സ്ത്ര​ജ്ഞ​നും നാ​ട​ക​കർ​ത്താ​വും.

[3] ഒരു ഫ്ര​ഞ്ച് ഭര​ണ​പ​രി​വർ​ത്ത​കൻ, ഗ്ര​ന്ഥ​കാ​രൻ, ഒടു​വിൽ മര​ണ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ടു.

[4] ഒരു ഫ്ര​ഞ്ചു സേ​നാ​പ​തി.

[5] തീ​ബ്സു് യവ​ന​പു​രാ​ണ​ങ്ങ​ളിൽ ധൈ​ര്യ​ത്തി​ന്റേ​യും സാ​ഹ​സ​ത്തി​ന്റേ​യും ആവാ​സ​ഭൂ​മി​യാ​യി വർ​ണ്ണി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഒരു പ്ര​ധാന നഗ​ര​മാ​ണ്.

[6] അത്ര പ്ര​സി​ദ്ധ​ന​ല്ല.

3.1.10
പാ​രി​സ്സി​ല്ല, മനു​ഷ്യ​നു​മി​ല്ല

എല്ലാം ഒന്നു​കൂ​ടി അടി​ച്ചു​കൂ​ട്ടി​പ്പ​റ​യു​ന്ന​പ​ക്ഷം, ഇന്ന​ത്തെ പാ​രി​സ്സു​കാ​രൻ തെ​മ്മാ​ടി​ച്ചെ​ക്കൻ, പണ്ടു റോ​മി​ലു​ണ്ടാ​യി​രു​ന്ന അങ്ങാ​ടി​പ്പി​ള്ള​രെ​പ്പോ​ലെ, നെ​റ്റി​ത്ത​ട​ത്തിൽ വൃ​ദ്ധ​ലോ​ക​ത്തി​ന്റെ ജര​യോ​ടു​കൂ​ടിയ ജന​ക്കൂ​ട്ട​പ്പി​ഞ്ചു​കു​ട്ടി​യാ​ണു്.

തെ​മ്മാ​ടി​ച്ചെ​ക്കൻ ജന​സ​മു​ദാ​യ​ത്തി​നു് ഒരു മോ​ടി​യാ​ണു് - അതോ​ടു​കൂ​ടി​ത്ത​ന്നെ ഒരു രോ​ഗ​വു​മാ​ണു്; മാ​റ്റി​ക്ക​ള​യേ​ണ്ടു​ന്ന ഒരു രോഗം-​എങ്ങനെ? വെ​ളി​ച്ചം കൊ​ണ്ടു്.

വെ​ളി​ച്ചം ആരോ​ഗ്യ​ത്തെ​യു​ണ്ടാ​ക്കു​ന്നു.

വെ​ളി​ച്ചം കത്തു​ന്നു.

ശ്രേ​ഷ്ഠ​ങ്ങ​ളായ എല്ലാ സാ​മു​ദാ​യി​ക​ദീ​പ്തി​ക​ളും പ്ര​കൃ​തി​ശാ​സ്ത്ര​ത്തിൽ നി​ന്നു, സാ​ഹി​ത്യ​ത്തിൽ​നി​ന്നു, കലാ​വി​ദ്യ​ക​ളിൽ​നി​ന്നു, വി​ദ്യാ​ഭ്യാ​സ​ത്തിൽ​നി​ന്നു് ഉദി​ച്ചു​വ​രു​ന്നു. മനു​ഷ്യ​രെ​യു​ണ്ടാ​ക്കുക. മനു​ഷ്യ​രെ​യു​ണ്ടാ​ക്കുക. അവർ നി​ങ്ങൾ​ക്കു​ണർ​വു​ണ്ടാ​ക്കു​ന്ന​തി​നു നി​ങ്ങൾ അവർ​ക്കു വെ​ളി​ച്ചം കൊ​ടു​ക്കുക. പര​മ​സ​ത്യ​ത്തി​ന്റെ അപ്ര​തി​ഹ​താ​ധി​കാ​ര​ത്തോ​ടു​കൂ​ടി, സാർ​വ​ജ​നീ​ന​മായ വി​ദ്യാ​ഭ്യാ​സം എന്ന ഉൽ​ക്കൃ​ഷ്ട​വി​ഷ​യം ഇന്ന​ല്ലെ​ങ്കിൽ നാളെ മനു​ഷ്യ​ബു​ദ്ധി​ക്കു മുൻ​പിൽ പ്ര​ത്യ​ക്ഷ​മാ​വും; അപ്പോൾ, ഫ്രാൻ​സു​കാ​രു​ടെ ജീ​വി​ത​സി​ദ്ധാ​ന്ത​ത്തെ അനു​സ​രി​ച്ചു രാ​ജ്യ​ഭ​ര​ണം ചെ​യ്യു​ന്ന​വർ​ക്ക് ഇവയിൽ ഒന്നു തിരഞ്ഞെടുക്കേണ്ടിവരും-​ഫ്രാൻസിലെ കു​ട്ടി​ക​ളേ​യോ, പാ​രി​സ്സി​ലെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്മാ​രെ​യോ; വെ​ളി​ച്ച​ത്തി​ലെ നാ​ള​ങ്ങ​ളേ​യോ, ഇരു​ട്ടി​ലെ പൊ​ട്ടി​ച്ചൂ​ട്ടു​ക​ളേ​യോ.

തെ​മ്മാ​ടി​ച്ചെ​ക്കൻ പാ​രി​സ്സി​നെ​കാ​ണി​ക്കു​ന്നു, പാ​രി​സ്സു് ലോ​ക​ത്തേ​യും.

എന്തു​കൊ​ണ്ടെ​ന്നാൽ, പാ​രി​സ്സു് ഒരാ​കെ​ത്തു​ക​യാ​ണു്. മനു​ഷ്യ​ജാ​തി​യു​ടെ മേൽ​പ്പു​ര​ത്ത​ട്ടാ​ണു് പാ​രി​സ്സു്. ഈ കൂ​റ്റൻ നഗരം മു​ഴു​വ​നും​കൂ​ടി മരി​ച്ചു​പോയ ആചാ​ര​ങ്ങ​ളു​ടേ​യും ജീ​വി​ച്ചി​രി​ക്കു​ന്ന ആചാ​ര​ങ്ങ​ളു​ടേ​യും ഒരു ചു​രു​ക്ക​മാ​ണു്. പാ​രി​സ്സി​നെ കാ​ണു​ന്ന​വർ, ഇട​യ്ക്കി​ട​യ്ക്കെ​ല്ലാം സ്വർ​ഗ​ത്തോ​ടും നക്ഷ​ത്ര​മ​ണ്ഡ​ല​ത്തോ​ടും​കൂ​ടി സർ​വ​ച​രി​ത്ര​ത്തി​ന്റേ​യും അടി​ത്ത​ട്ടു താൻ കാ​ണു​ന്ന​താ​യി വി​ചാ​രി​ക്കു​ന്നു. പാ​രി​സ്സി​നു് ഒരു തല​സ്ഥാ​ന​മു​ണ്ടു്. ടൗൺ​ഹാൾ; ഒരു പാർ​ത്ത​നൊ [1] വു​ണ്ടു്, നോ​ത്തൃ​ദാം​പ​ള്ളി; ഒരു അവെൻ​തീൻ​കു​ന്നു​ണ്ടു്, അങ്ത്വാ​ങ് പ്ര​ദേ​ശം; ഒരു സർ​വ​ദേ​വ​മ​ണ്ഡ​പ​മു​ണ്ടു്, പങ്തി​യൊ [2] ഒരു കാ​റ്റു​ക​ളു​ടെ അമ്പ​ല​മു​ണ്ടു്, അഭി​പ്രാ​യം; ഗെ​മോ​ണി​യെ​യു​ടെ [3] സ്ഥാ​ന​ത്തു് അതു പരി​ഹാ​സ​ത്തെ​യാ​ക്കി​യി​രി​ക്കു​ന്നു. മറ്റെ​വി​ടെ​യു​ള്ള എന്തൊ​ന്നും പാ​രി​സ്സി​ലു​ണ്ടു്. ദ്യു​മെർ​സേ​യു​ടെ [4] മീൻ​പി​ടു​ത്ത​ക്കാ​രി​ക്കു യൂ​രി​പ്പി​ഡി​സ്സി​ന്റെ [5] കി​ഴ​ങ്ങു​ക​ച്ച​വ​ട​ക്കാ​ര​നോ​ടു പകരം പറയാം. പകി​ട​ക​ളി​ക്കാ​ര​നായ വെ​യാ​നു​സ്സു് കമ്പ​ക്കൂ​ത്താ​ട്ട​ക്കാ​ര​നായ ഫോ​റി​യോ​സോ​വിൽ വീ​ണ്ടും ജീ​വി​ച്ചി​രി​ക്കു​ന്നു. പയി​നു​വാ​ണി​ഭ​ക്കാ​രൻ ദമ​സി​പ്പു​സ്സി​നു് അപൂർ​വ​വ​സ്തു വ്യാ​പാ​രി​ക​ളു​ടെ ഇടയിൽ സു​ഖ​മാ​യി​ക്കൂ​ടാം; അഗോ​റാ​യ്ക്കു [6] ദി​ദെ​രോ​വി​നെ തു​റു​ങ്കി​ലി​ടാൻ കഴി​യു​ന്ന​തു​പോ​ലെ, വിൻ​സ​ന്നു [7] സോ​ക്ര​ട്ടി​സ്സി​നേ​യും പി​ടി​യി​ലൊ​തു​ക്കാൻ സാ​ധി​യ്ക്കും; കുർ​ത്തി​ലു​സു് [8] പൊ​രി​ച്ച മു​ള്ള​മ്പ​ന്നി മാം​സ​മു​ണ്ടാ​ക്കി​യ​തു​പോ​ലെ, ഗ്രി​മോ ദു് ലരെ​യി​ഞ്യേർ​പ്ര​ദേ​ശം വൃ​ത്തി​പ്പെ​ടു​ത്തി​പ്പൊ​രി​ച്ച മൂ​രി​യി​റ​ച്ചി​യും കണ്ടു​പി​ടി​ച്ചു; പ്ലൗ​ത്തു​സ്സി​ന്റെ കൃ​തി​ക​ളി​ലു​ള്ള വി​ഷ​മ​ച​തു​ഷ്കോ​ണ​ക്ഷേ​ത്ര​ത്തെ നാം വീ​ണ്ടും ലെ​ത്വാ​ലി​ലെ കമാ​ന​ത്തി​നു ചു​വ​ട്ടിൽ വെ​ളി​വാ​യി കാ​ണു​ന്നു; അപു​ലെ​യു​സ്സി​നാൽ എതിർ​ക്ക​പ്പെ​ട്ട പൊ​യ്കി​ലു​സ്സി​ലെ വാൾ​തീ​നി പൊ​ങ്നെ​കു​ന്നി​ന്മേ​ലു​ള്ള ഒരു വാൾ വി​ഴു​ങ്ങി​യാ​ണു്; റോ​മി​ലെ നാലു സു​ന്ദ​ര​വി​ഡ്ഢി​കൾ - ആ അൽ​കെ​സി മാർ​കു​സു്, ഫീ​ദ്രോ​മു​സു്, ദി​യ​ബോ​ലൂ​സു്, ആർ​ഗി​രി​പു​സു് എന്നിവർ-​ലബതുവിന്റെ കു​തി​ര​വ​ണ്ടി​യിൽ​നി​ന്നു കു​ത​ല്യേ​യിൽ വന്നി​റ​ങ്ങു​ന്ന​തു കാണാം; പു​ഞ്ചി​നെ​ല്ലോ​വി​നു മുൻ​പിൽ നൊ​ദി​യൊ [9] എത്ര​ക​ണ്ടു നി​ല്ക്കു​മോ അതി​ല​ധി​ക​മൊ​ന്നും കോൺ​ഗ്രി​യോ​വി​ന്നു [10] മുൻ​പിൽ ഗെ​ലി​യു​സ് [11] നി​ന്നി​രി​ക്കി​ല്ല; നേ​ര​മ്പോ​ക്കു​കാ​ര​നായ പന്തൊ​ല​ബു​സ് [12] കഫെ ആൻ​ഗ്ലെ​യിൽ (=ഇം​ഗ്ലീ​ഷ് കാ​പ്പി​ഹോ​ട്ടൽ) വെ​ച്ചു ബദ്ധ​പ്പാ​ടു​കൂ​ടിയ നൊ​മൻ​ത​നു​സ്സി​നെ [12] ഇളി​ച്ചു കാ​ട്ടു​ന്നു; ഹെർ​മോ​ഗെ​നു​സ്സാ​ക​ട്ടെ [13] ഷാം​സെ​ലി​സെ​യി​ലെ ഒരാർ​പ്പു​വി​ളി​യാ​ണു്; അയാൾ​ക്കു ചു​റ്റും ബോ​ബെ​ഷോ​വി​നെ [12] പ്പോ​ലെ ഉടു​പ്പി​ട്ട യാചകൻ ത്രാ​സ്യു​സ് [12] ധർമം വാ​ങ്ങി​ക്കൂ​ട്ടു​ന്നു; തു​ലെ​രി​യിൽ​വെ​ച്ചു നി​ങ്ങ​ളു​ടെ പു​റം​കു​പ്പാ​യ​ക്കു​ടു​ക്കി​ന്മേൽ പി​ടി​കൂ​ടി നിർ​ത്തു​ന്ന ‘സ്വൈ​രം​കൊ​ല്ലി’ രണ്ടാ​യി​രം കൊ​ല്ല​ങ്ങൾ​ക്കു​ശേ​ഷം നി​ങ്ങ​ളെ​ക്കൊ​ണ്ടു തെ​സ്പ്രി​യോ​ന്റെ [12] ഈ സം​ബോ​ധ​നാ​ല​ങ്കാ​ര​ത്തെ ആവർ​ത്തി​പ്പി​ക്കു​ന്നു: ‘എന്റെ കു​പ്പാ​യ​ത്തി​ന്മേൽ ആർ പി​ടി​കൂ​ടു​ന്നു?’ സു​രേ​നി​ലെ വീ​ഞ്ഞ് ആൽ​ബി​യി​ലെ വീ​ഞ്ഞി​ന്റെ ഒര​നു​ക​ര​ണ​വി​ശേ​ഷ​മാ​ണു്; ദെ​സൊ​ഗി​യെ​റി​ലെ ചു​ക​ന്ന അതിർ​വ​ര​മ്പു​കൾ ബല​ത്രോ​വി​ലെ വലിയ വി​ള്ള​ലി​നു കി​ട​നി​ല്ക്കു​ന്നു; എസ്ക്വി​ലി​യാ​യെ [14] പ്പോ​ലെ, രാ​ത്രി​യി​ലെ മഴ​യ​ത്തു പെർ​ല​ഷെ​സ്സും അതേ പ്ര​കാ​ശ​നാ​ള​ങ്ങ​ളെ പു​റ​പ്പെ​ടു​വി​ക്കു​ന്നു; എന്ന​ല്ല, അഞ്ചു​കൊ​ല്ല​ത്തേ​ക്കാ​യി വാ​ങ്ങി​യി​ട്ടു​ള്ള സാ​ധു​ക്ക​ളു​ടെ ശ്മ​ശാ​ന​സ്ഥ​ലം നി​ശ്ച​യ​മാ​യും അടി​മ​യു​ടെ ശവ​മ​ഞ്ച​ക്ക​ടു​ന്നൽ​ക്കൂ​ടി​നു സമാ​ന​മാ​ണു്.

പാ​രി​സ്സി​ലി​ല്ലാ​ത്ത ഒന്നി​നെ തി​ര​ഞ്ഞു​നോ​ക്കുക. ത്രൊ​ഫോ​നി​യു​സ്സി​ന്റെ അരി​പ്പ​ത്തൊ​ട്ടി​യിൽ [15] മെ​സ്മ​രു​ടെ [16] തൊ​ട്ടി​ക്കു​ള്ളിൽ കാ​ണാ​ത്ത യാ​തൊ​ന്നു​മി​ല്ല; ബ്രാ​ഹ്മ​ണ​രു​ടെ അമ്പ​ലം കൊ​ന്തു് ദു് സാങ് ഴെർ​മാ​ങ്ങിൽ [17] വീ​ണ്ടും അവ​ത​രി​ച്ചി​രി​ക്കു​ന്നു; സാ​ങ്മൊ​ദാ​റി​ലെ ശ്മ​ശാ​ന​സ്ഥ​ലം ഡമാ​സ്ക​സ്സി​ലു​ള്ള ഉമു​മി​യെ മു​ഹ​മ്മ​ദീയ പള്ളി​യെ​പ്പോ​ലെ എല്ലാ​ത്ത​രം അത്ഭു​ത​കർ​മ​ങ്ങ​ളും കാ​ണി​ക്കു​ന്നു​ണ്ടു്.

പാ​രി​സ്സി​നു് ഒരു ഈസോ​പ്പും [18] ഒരു കനി​ദി​യ​യു [19] മു​ണ്ടു്, മാം​സെൽ ലെ​നോർ​മാൻ [20] മി​ന്ന​ലാ​ട്ട​ങ്ങ​ളെ​പ്പോ​ലു​ള്ള സ്വ​പ്ന​ക്കാ​ഴ്ച​യു​ടെ യാ​ഥാർ​ഥ്യ​ങ്ങ​ളെ​പ്പ​റ്റി ദെൽ​ഫൊ​സ്സ് [21] പട്ട​ണം​പോ​ലെ, അതു ഭയ​പ്പെ​ടു​ന്നു; ദൊദോന [22] ഇട്ടു മു​ക്കാ​ലി​ക​ളെ തി​രി​ച്ചി​രു​ന്ന​തു​പോ​ലെ അതു മേ​ശ​ക​ളേ​യും തി​രി​ക്കു​ന്നു. സിം​ഹാ​സ​ന​ത്തി​ന്മേൽ റോം സാ​മ്രാ​ജ്യം വേ​ശ്യ​യെ എടു​ത്തു​വെ​ച്ച​തു​പോ​ലെ അവിടെ അതു ദാ​സി​പ്പെ​ണ്ണി​നെ കേ​റ്റി​വെ​ക്കു​ന്നു; എന്ന​ല്ല, എല്ലാം എടു​ത്തു​പ​റ​ക​യാ​ണെ​ങ്കിൽ, പതി​ന​ഞ്ചാ​മൻ ലൂയി ക്ലോ​ദി​യ​സ്സി​നെ [23] ക്കാൾ കൊ​ള്ള​രു​താ​ത്ത​വ​നാ​ണെ​ങ്കിൽ, മദാം ദ്യു ബാറി മെ​സ്സ​ലി​നി​യെ [24] ക്കാൾ ഭേ​ദ​മാ​ണു്. ഇപ്പോ​ഴും നി​ല​നിൽ​ക്കു​ന്ന​തും നമ്മൾ തി​ര​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​മായ ഒര​പൂർ​വ​രീ​തി​യിൽ ഗ്രീ​സ്സി​ലെ നഗ്ന​ത​യേ​യും ഹീ​ബ്രു​ക്കാ​രു​ടെ ദുർ​ന്ന​ട​പ്പി​നേ​യും ഗാ​സ്ക​ണി​യി​ലെ കടം​ക​ഥ​യേ​യും പാ​രി​സു് നഗരം കൂ​ട്ടി​ച്ചേർ​ക്കു​ന്നു. അതു ഡയോ​ജെ​നി​സ്സി​നേ​യും യോ​ബി​നേ​യും [25] ചക്ക​പ്പ​ല​ഹാ​ര​ത്തേ​യും കൂ​ട്ടി​ച്ചേർ​ക്കു​ു​ക​യും ‘കോ​ന്സ്തി​ത്യു​സി​യെ​നെ’ പത്ര​ത്തി​ന്റെ പഴയ കോ​പ്പി​ക​ളിൽ ഒരു പ്രേ​ത​രൂ​പ​ത്തെ കെ​ട്ടി​ച്ച​മ​യി​ക്കു​ക​യും ചെ​യ്തു, ദ്യു​ക്ലോ​വി​നെ [26] നിർ​മി​ക്കു​ന്നു.

പ്ര​ജാ​ദ്രോ​ഹി​ക്ക് ഒരി​ക്ക​ലും വയ​സ്സാ​വു​ന്നി​ല്ലെ​ന്നു് പ്ലു​ത്താർ​ക്ക് [27] അഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഡൊ​മീ​ഷി​യ​ന്റെ [28] യെ​ന്ന​പോ​ലെ സി​ല്ല​യു​ടെ [29] കീഴിൽ റോം വശം കെ​ട്ടു ധാ​ടി​യൊ​ന്നു കു​റ​ച്ചു. വാ​രു​സു് വി​ബി​സ്ക്കൂ​സ് [30] ഉണ്ടാ​ക്കിയ ഈ ഉപ​ദേ​ശ​രൂ​പ​മായ സ്തുതിവാക്യത്തെ-​ഗ്രീസ്സുകാരോടെതിർക്കാൻ നമു​ക്കു ടൈ​ബർ​ന​ദി​യു​ണ്ടു്; വെ​ള്ളം കു​ടി​ക്കാൻ നമു​ക്കു ടൈ​ബർ​ന​ദി​യു​ണ്ടു്; ടൈ​ബർ​ന​ദി​ത​ന്നെ രാ​ജ്യ​ദ്രോ​ഹ​ത്തേ​യും ഘോഷിക്കുന്നു-​വിശ്വസിക്കാമെങ്കിൽ ടൈബർ ഒരു ലീ​ത്തി [31] യാ​യി​രു​ന്നു. പാ​രി​സ്സു് ഒരു ദിവസം പത്തു​ല​ക്ഷം കു​പ്പി​വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടു്; എങ്കി​ലും ഇട​യ്ക്കി​ട​യ്ക്കു നി​ല​വി​ളി​കൂ​ട്ടു​ന്ന​തി​നും ആപൽ​സൂ​ച​ക​മായ മണി​യ​ടി​ക്കു​ന്ന​തി​നും അതി​ന്നു് ഇട​കി​ട്ടാ​യ്ക​യി​ല്ല.

അതൊ​ഴി​ച്ചാൽ, പാ​രി​സ്സു് സൗ​മ്യ​മാ​ണു്, എന്തി​നേ​യും പാ​രി​സ്സു് അന്ത​സ്സിൽ സ്വീ​ക​രി​ക്കു​ന്നു; അതിനു തന്റെ കാ​മ​ദേ​വത ഇന്ന​ത​ര​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നു സി​ദ്ധാ​ന്ത​മി​ല്ല; അതി​ന്റെ സു​ഭ​ഗ​പൃ​ഷ്ടത കാ​ട​ന്റേ​താ​ണു്; അതു ചി​രി​ക്കു​വാൻ വേ​ണ്ടി​യു​ണ്ടാ​ക്ക​പ്പെ​ട്ട​താ​ണെ​ന്നേ ഉള്ളു-​അതു സർ​വ​വും ക്ഷ​മി​ക്കു​ന്നു; വൈ​രൂ​പ്യം അതിനെ ആഹ്ലാ​ദി​പ്പി​ക്കു​ന്നു, വഷ​ള​ത്തം അതിനെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്നു, ദുഃ​സ്വ​ഭാ​വം അതിനെ രസി​പ്പി​ക്കു​ന്നു; കമ്പ​ക്കാ​ര​നാ​വുക, നി​ങ്ങൾ​ക്കു കമ്പ​ക്കാ​ര​നാ​യി കഴി​യാം; ആ മഹ​ത്തായ നി​കൃ​ഷ്ട​ശീ​ലം, കള്ള​ത്ത​രം​പോ​ലും, അതിനെ വെ​റു​പ്പി​ക്കു​ന്നി​ല്ല; ബാ​സി​ലി​നു [32] മുൻ​പിൽ മൂ​ക്കു​പി​ടി​ക്കാ​തി​രി​ക്കാൻ മാ​ത്രം അതിനു സാ​ഹി​ത്യ​കു​ശ​ല​ത​യു​ണ്ടു്; എന്ന​ല്ല, പ്രി​യാ​പ​സ്സി​ന്റെ ‘ചുമ’കൊ​ണ്ടു് ഫോ​റ​സു് എത്ര കണ്ടു് പി​ന്നോ​ക്കം തെ​റി​ച്ചു​വോ അതി​ലൊ​ട്ടു​മ​ധി​കം തർ​ത്തു​ഫി​ന്റെ പ്രാർ​ഥ​ന​കൊ​ണ്ടു് അതു നാ​ണം​കെ​ടു​ക​യി​ല്ല. പാ​രി​സ്സി​ന്റെ മു​ഖാ​കൃ​തി​യിൽ പ്ര​പ​ഞ്ച​മു​ഖ​ത്തി​ന്റെ ഒരം​ശ​വും കാ​ണാ​തെ കണ്ടി​ല്ല. മബൈൽ കളി ഒരി​ക്ക​ലും ജനി​ക്യു​ല​ത്തി​ലെ ‘പാ​ട്ടും കളിയു’മല്ല-​പക്ഷേ, വ്യ​ഭി​ചാ​ര​ത്തി​നു ഏർ​പ്പാ​ടു​ചെ​യ്തു​കൊ​ടു​ക്കു​ന്ന സ്റ്റാ​ഫിയ ലോ​ക​പ​രി​ച​യ​മി​ല്ലാ​ത്ത പ്ലാ​നീ​സി​യ​ത്തെ പി​ടി​കൂ​ടാൻ​വേ​ണ്ടി പതി​യി​രി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ, ഇവി​ട​ത്തെ പെ​ണ്ണു​ങ്ങ​ളു​ടെ ഉടു​പ്പു​വി​ല്പ​ന​ക്കാ​രി തേ​വ​ടി​ശ്ശി​പ്പെ​ണ്ണി​നെ തന്റെ നോ​ട്ട​ങ്ങൾ​കൊ​ണ്ടു് ആകെ വി​ഴു​ങ്ങി​ക്ക​ള​യാ​റു​ണ്ടു്. ബരിയർ ദ്യു​കൊം​ബെ എന്ന പ്ര​ദേ​ശം ഒരി​ക്ക​ലും കൊ​ല്ലൊ​സിയ [33] മല്ല-​പക്ഷേ, സീസർ ചക്ര​വർ​ത്തി നോ​ക്കു​ന്നു​ണ്ടോ എന്നു തോ​ന്നു​മാ​റു് അവി​ടെ​യു​ള്ള ആളു​കൾ​ക്ക് അത്ര​യും കൊ​ടും​ക്രൂ​രത കാ​ണു​ന്നു. സി​റി​യ​യി​ലെ ചാ​രാ​യ​ക്ക​ട​ക്കാ​രി​ക്കു മദർ​സ​ഗ്വേ​ക്കാൾ അന്തസ്സുണ്ട്-​പക്ഷേ, വെർ​ജിൽ റോ​മി​ലെ വീ​ഞ്ഞു​ക​ട​ക​ളിൽ തെ​ണ്ടി​യി​രു​ന്നു​വെ​ങ്കിൽ, ബൽ​സാ​ക് [34] ഷാർലെ [35] എന്നി​വർ പാ​രി​സ്സി​ലെ ചാ​രാ​യ​ക്ക​ട​ക​ളി​ലെ കു​ടി​സ്ഥ​ല​ത്തു് കൂ​ട്ടം​കൂ​ടി​യി​ട്ടു​ണ്ടു്. പാ​രി​സു് ലോകം ഭരി​ക്കു​ന്നു. അപൂർ​വ​ബു​ദ്ധി​മാ​ന്മാർ അവി​ടെ​നി​ന്നു് ഉദി​ച്ചു​വ​രു​ന്നു. ഇടി​യും മി​ന്ന​ലു​മാ​കു​ന്ന പന്ത്ര​ണ്ടു ചക്ര​ങ്ങ​ളോ​ടു​കൂ​ടിയ തന്റെ രഥ​ത്തിൽ അദോനെ [36] എഴു​ന്ന​ള്ളു​ന്നു; സി​ലെ​നു​സ് [37] തന്റെ കഴു​ത​മേൽ കയറി അങ്ങോ​ട്ടു വരു​ന്നു. സി​ലെ​നു​സ്സി​നു​പ​ക​രം റാം​പൊന [38] എന്നു വാ​യി​ക്കുക.

പാ​രി​സ്സു് പ്ര​പ​ഞ്ച​ത്തി​ന്റെ പര്യാ​യ​മാ​ണു്; പാ​രി​സ്സു് അതെൻസാണ്-​സിബരിസ്സു്, [39] യെ​രു​സ​ലം, [40] പന്തിൻ [41] എല്ലാ പരി​ഷ്കാ​ര​ങ്ങ​ളും സം​ക്ഷി​പ്ത​രൂ​പ​ത്തിൽ അവി​ടെ​യു​ണ്ടു്; എല്ലാ കാ​ട​ത്ത​ര​ങ്ങ​ളും, പാ​രി​സ്സു് തനി​യ്ക്കൊ​രു തൂ​ക്കു​മ​രം ഇല്ലാ​യി​രു​ന്നു​വെ​ങ്കിൽ വല്ലാ​തെ കു​ണ്ഠി​ത​പ്പെ​ട്ടേ​യ്ക്കും.

പ്ലാ​സു് ദു് ഗ്രേ​വു് തെ​രു​വി​ന്റെ ഒരു കഷ്ണം ഒരു നല്ല കാ​ര്യ​മാ​ണു്. ഈ ഒരു രസം പി​ടി​പ്പി​ക്ക​ലി​ല്ലെ​ങ്കിൽ, ആ ശാ​ശ്വ​തോ​ത്സ​വം എന്തി​നു കൊ​ള്ളാം? നമ്മു​ടെ രാ​ജ്യ​നി​യ​മ​ങ്ങൾ ബു​ദ്ധി​പൂർ​വം ഏർ​പ്പെ​ടു​ത്ത​പ്പെ​ട്ട​വ​യാ​ണു്; ഈ കത്തി​യ​ല​ക് നോൽ​മ്പിൻ തലേ​ന്നാൾ ചോ​ര​യൊ​ഴു​കു​ന്ന​തി​നു നാം അവ​യോ​ടു നന്ദി പറയുക.

കു​റി​പ്പു​കൾ

[1] അതെൻ​സി​ലെ ഈ സു​പ്ര​സി​ദ്ധ യവ​ന​ക്ഷേ​ത്രം പു​രാ​തന ശി​ല്പ​വി​ദ്യ​യു​ടെ ഒരു മഹാ​സ്മാ​ര​ക​മാ​യി ഇന്നും വി​ജ​യി​ക്കു​ന്നു.

[2] റോം പണി​ചെ​യ്യ​പ്പെ​ട്ട ഏഴു കു​ന്നു​ക​ളു​ള്ള​തിൽ ഒന്ന്.

[3] പണ്ട​ത്തെ റോമിൽ ജയി​ലിൽ​നി​ന്നു തട​വു​പു​ള്ളി​ക​ളു​ടെ ശവം പു​ഴ​യി​ലേ​യ്ക്കെ​ത്തി​ക്കു​വാൻ ഇറ​ക്കി​ക്കൊ​ണ്ടു പോ​കു​ന്ന കൽ​ക്കോ​ണി.

[4] ഒരു ഫ്ര​ഞ്ച് തത്ത്വ​ജ്ഞാ​നി​യും എഴു​ത്തു​കാ​ര​നും പ്രാ​സം​ഗി​ക​നും.

[5] ഗ്രീ​സ്സി​ലെ ഒരു പ്ര​സി​ദ്ധ മഹാ​ക​വി.

[6] പണ്ട​ത്തെ ഗ്രീ​സ്സി​ലെ പൊ​തു​ജ​ന​സഭ രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങൾ നട​ത്താ​നും മറ്റു​മാ​യി ഇതു കൂ​ടു​ന്നു.

[7] പാ​രി​സ്സി​ന​ടു​ത്തു​ള്ള ഒരു പ്ര​ധാന പട്ടാ​ള​ത്താ​വ​ളം.

[8] അതെൻ​സി​ലെ സു​പ്ര​സി​ദ്ധ​ത​ത്ത്വ​ജ്ഞാ​നി ഈശ്വ​ര​വി​ശ്വാ​സി​യ​ല്ലെ​ന്ന​നി​ല​യിൽ മര​ണ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ടു ഒടു​വിൽ ജയി​ലിൽ​വെ​ച്ചു വിഷം കു​ടി​ച്ചു മരി​ച്ചു.

[9] റോ​മി​ലെ ഒരു പരി​ഹാ​സ​ക​വ​ന​കാ​ര​നും തത്ത്വ​ജ്ഞാ​നി​യും ലോ​ക​സ​ഞ്ചാ​രി​യും.

[10] ഒരു ഫ്ര​ഞ്ച് യക്ഷി​ക്ക​ഥാ​കാ​രൻ.

[11] ഔലൂ​സു് ഗെ​ലി​യൂ​സു് ക്രി​സ്ത്വാ​ബ്ദ​ത്തി​നു് ഒരു​നൂ​റി​ല​ധി​കം കൊ​ല്ലം മുൻ​പു് റോ​മി​ലു​ണ്ടാ​യി​രു​ന്ന ഒരെ​ഴു​ത്തു​കാ​ര​നാ​ണ്.

[12] അത്ര പ്ര​സി​ദ്ധി​യി​ല്ല.

[13] ക്രി.മു 450-​ന്നടുത്ത കാ​ല​ത്തു​ണ്ടാ​യി​രു​ന്ന അതെൻ​സി​ലെ ഒരു തത്ത്വ​ജ്ഞാ​നി.

[14] റോം പണി​ചെ​യ്യ​പ്പെ​ട്ട ഏഴു കു​ന്നു​ക​ളിൽ​വെ​ച്ച് ഏറ്റ​വും ഉയ​ര​മേ​റി​യ​തു്. റോം സാ​മ്രാ​ജ്യ​ത്തി​ന്റെ കാ​ല​ത്തു പരി​ഷ്കാ​രി​ക​ളെ​ല്ലാം ഇവി​ടെ​യാ​യി​രു​ന്നു താമസം.

[15] ഗ്രീ​സ്സു​കാ​രു​ടെ ഇതി​ഹാ​സ​ങ്ങ​ളിൽ വർ​ണ്ണി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ശി​ല്പി ഇദ്ദേ​ഹ​ത്തി​നു ദേ​വ​മു​ഖേന കി​ട്ടിയ തൊ​ട്ടി ശി​ല്പ​വി​ഷ​യ​ത്തിൽ പല അത്ഭു​ത​ങ്ങ​ളും കാ​ണി​ച്ചി​രു​ന്നു.

[16] ‘മെ​സ്മ​ര​വി​ദ്യ’യുടെ ആദി​കർ​ത്താ​വ്.

[17] പാ​രി​സ്സി​ന്റെ ഒരു​പ​ന​ഗ​രം അവിടെ ഒരു പരി​ഷ്കൃത പ്ര​ഭു​മ​ന്ദി​ര​വും, കാ​ഴ്ച​ബം​ഗ്ലാ​വു​മു​ണ്ടു് പ്ര​മാ​ണി​കൾ സു​ഖ​മ​നു​ഭ​വി​ക്കാൻ അവിടെ ചെ​ന്നു​കൂ​ടു​ന്നു.

[18] ഗ്രീ​സ്സി​ലെ സു​പ്ര​സി​ദ്ധ​നായ കെ​ട്ടു​ക​ഥ​ക്കാ​രൻ. (ക്രി.മു 619-645).

[19] റോമൻ പു​രാ​തന ചരി​ത്ര​ത്തി​ലെ മന്ത്ര​വാ​ദി​നി.

[20] ഫ്രാൻ​സി​ലെ ഒരു സു​പ്ര​സി​ദ്ധ ജ്യോ​തി​ശ്ശാ​സ്ത്ര​ജ്ഞ; നെ​പ്പോ​ളി​യ​നും മറ്റും ഇവ​രോ​ടു പല കാ​ര്യ​ങ്ങ​ളി​ലും അഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നു​വ​ത്രേ.

[21] അമേ​രി​ക്ക​യിൽ അപ​രി​ഷ്കൃ​തർ താ​മ​സി​ക്കു​ന്ന അല്ലെൻ​ജി​ല്ല​യി​ലു​ള്ള​ത്.

[22] ഗ്രീ​സ്സി​ലെ ഒരു പു​രാ​ത​ന​ന​ഗ​രം സസു് എന്ന ഗ്രീ​സ്സു​കാ​രു​ടെ പണ്ട​ത്തെ മു​ഖ്യ​ദേ​വ​ന്റെ അമ്പ​ല​വും ഏറ്റ​വും പഴയ കൂടിയ വെ​ളി​ച്ച​പ്പാ​ടി​ന്റെ പാർ​പ്പി​ട​വും ഇവി​ടെ​യാ​ണ്.

[23] പ്ര​സി​ദ്ധ​നായ ഒരു റോമൻ ചക്ര​വർ​ത്തി.

[24] ക്ലോ​ദി​യ​സു് ചക്ര​വർ​ത്തി​യു​ടെ പട്ട​മ​ഹി​ഷി.

[25] ബൈ​ബി​ളി​ലെ ഒരു കഥാ​പാ​ത്ര​മായ ഇദ്ദേ​ഹം ക്ഷ​മാ​ശി​ല​ന്മാർ​ക്ക് ഒരാ​ദർ​ശ​പു​രു​ഷ​നാ​ണ്.

[26] ഒരു ഫ്ര​ഞ്ചു ചരി​ത്ര​കാ​ര​നും ധർ​മ്മോ​പ​ദേ​ശ​ക്കാ​ര​നും.

[27] സു​പ്ര​സി​ദ്ധ​നായ യവ​ന​ഗ്ര​ന്ഥ​കാ​രൻ.

[28] ഡേർ​സി​യ​ക്കാ​രോ​ടു കീ​ഴ്‌​വ​ണ​ങ്ങി​നി​ന്ന​തി​നാ​ലും അത്യ​ധി​കം കള്ള​ത്ത​ര​ങ്ങൾ കാ​ണി​ച്ച​തി​നാ​ലും ചരി​ത്ര​പ്ര​സി​ദ്ധി കി​ട്ടിയ ഒരു റോമൻ ചക്ര​വർ​ത്തി.

[29] റോം ഭരി​ച്ചു​പോ​ന്ന ഒരു പ്ര​സി​ദ്ധ സൈ​ന്യാ​ധി​പൻ.

[30] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[31] സ്വർ​ഗ്ഗ​ത്തി​ലേ​ക്കു കട​ക്കു​ന്ന​തി​ന്നു​മുൻ​പാ​യി ആത്മാ​ക്കൾ ഐഹി​ക​ദുഃ​ഖ​ങ്ങ​ളെ​ല്ലാം മറ​ക്കാൻ​വേ​ണ്ടി കു​ടി​ക്കു​ന്ന നര​ക​ത്തി​ലെ വി​സ്മൃ​തി നദി.

[32] പ്ര​സി​ദ്ധ​ന​ല്ല.

[33] റോം​കാർ​ക്കു വി​നോ​ദ​ക്കാ​ഴ്ച​കൾ​ക്കു​ള്ള സ്ഥലം 87,000 പേർ​ക്ക് ഇരു​ന്നു കാ​ണ​ത്ത​ക്ക​വ​ണ്ണം വലു​പ്പ​മു​ള്ള​താ​ണു് അവി​ടെ​വെ​ച്ച് ദ്വ​ന്ദ്വ​യു​ദ്ധ​ങ്ങ​ളും അന്ന​ത്തെ മറ്റു ക്രൂ​ര​വി​നോ​ദ​ങ്ങ​ളും നട​ക്കും.

[34] മഹാ​നായ ഫ്ര​ഞ്ച് നോ​വൽ​കാ​രൻ.

[35] ഫ്രാൻ​സി​ലെ ഒരു ചി​ത്ര​കാ​രൻ.

[36] ബൈ​ബി​ളിൽ ഈശ്വ​ര​ന്റെ ഒരു പേർ.

[37] ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളിൽ പറ​യ​പ്പെ​ടു​ന്ന ഒരു കൂ​മ്പ​ക്കാ​ര​നും ചി​ട​യ​നും കഴു​ത​സ്സ​വാ​രി​ക്കാ​ര​നു​മായ കു​ടി​യൻ​ത​ന്ത.

[38] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[39] ഇറ്റ​ലി​യി​ലെ ഒരു പു​രാ​തന യവ​ന​ന​ഗ​രം.

[40] യഹൂ​ദ​ന്മാ​രു​ടെ തല​സ്ഥാ​ന​ന​ഗ​രി യേ​ശു​ക്രി​സ്തു​വി​ന്റെ ചരി​ത്ര​ത്തി​ലെ പല ഭാ​ഗ​ങ്ങ​ളും ഇവിടെ വെ​ച്ചാ​ണു് നട​ന്നി​ട്ടു​ള്ള​ത്.

[41] ഫ്രാൻ​സി​ലെ ഒരു പ്ര​ധാ​ന​ന​ഗ​രം.

3.1.11
പു​ച്ഛി​ക്കുക കീ​ഴ​ട​ക്കു​ക​യാ​ണ്

പാ​രി​സ്സി​നു അതി​രി​ല്ല. കീ​ഴ​ട​ക്ക​പ്പെ​ട്ട​വ​രെ ചി​ല​പ്പോൾ പു​ച്ഛി​ക്കു​ന്ന​തായ ആ ഒരാ​ധി​പ​ത്യം ഒരു നഗ​ര​ത്തി​നു​മി​ല്ല. ‘അല്ല​യോ അതെൻ​സ്കാ​രേ, നി​ങ്ങ​ളെ സന്തോ​ഷി​പ്പി​ക്കു​വാൻ​വേ​ണ്ടി,’ അലെ​ക്സാൻ​ഡർ പറ​യു​ക​യു​ണ്ടാ​യി. പാ​രി​സു് നി​യ​മ​ത്തേ​ക്കാൾ വലു​തായ ഒന്നിനെയുണ്ടാക്കുന്നു-​അതു പരി​ഷ്കാ​ര​ത്തെ​യു​ണ്ടാ​ക്കു​ന്നു; പാ​രി​സ്സു് പരി​ഷ്കാ​ര​ത്തെ​ക്കാൾ വലു​തായ ഒന്നി​നെ ക്രമപ്പെടുത്തുന്ന-​അതു ദി​ന​സ​രി​യെ ക്ര​മ​പ്പെ​ടു​ത്തു​ന്നു. വേ​ണ​മെ​ന്നു തോ​ന്നി​യാൽ, പാ​രി​സ്സു് വി​ഡ്ഢി​ത്തം പ്ര​വർ​ത്തി​ച്ചേ​യ്ക്കാം; ഈ ധാ​രാ​ളി​ത്തം അതു ചി​ല​പ്പോൾ കാ​ണി​ക്കാ​റു​ണ്ടു്; എന്നാൽ ലോകം മു​ഴു​വ​നും അതി​ന്റെ കൂ​ട്ട​ത്തിൽ​ക്കൂ​ടി, വി​ഡ്ഢി​ത്തം പ്ര​വർ​ത്തി​ക്ക​യാ​യി; ഉത്ത​ര​ക്ഷ​ണ​ത്തിൽ പാ​രി​സ്സു് ഞെ​ട്ടി​യു​ണ​രും; കണ്ണും തു​ട​ച്ചു പറയും. ‘ഞാ​നെ​ന്തു വി​ഡ്ഢി​യാ​ണ്!’ അതു മനു​ഷ്യ​ജാ​തി​യു​ടെ മു​ഖ​ത്തു നോ​ക്കി പൊ​ട്ടി​ച്ചി​രി​ക്കും. ഇങ്ങ​നെ​യു​ള്ള ഒരു നഗരം എന്തൊ​ര​ത്ഭു​ത​വ​സ്തു! ഈ ഗാം​ഭീ​ര്യ​വും ഈ പരി​ഹാ​സ​മ​ട്ടും യോ​ജി​പ്പു​ള്ള രണ്ട​യൽ​പ​ക്ക​ക്കാ​രാ​യി​രി​ക്കു​ന്ന​തും, ഈ വി​ക​ട​ക​വി​ത​ക​ളെ​ക്കൊ​ണ്ടൊ​ന്നും ആ രാ​ജ​കീ​യ​പ്രാ​ഭ​വ​ത്തി​നു തക​രാ​റി​ല്ലാ​തി​രി​ക്കു​ന്ന​തും, ധർ​മ​രാ​ജ​സ​ന്നി​ധി​യി​ലെ വി​ധി​പ​റ​യൽ​കാ​ല​ത്തു​ള്ള കാ​ഹ​ളം​വി​ളി​യെ ഇന്നും, വെറും ഓട​ക്കു​ഴൽ നാ​ദ​ത്തെ നാ​ളെ​യും, ഒറ്റ വാ​യ​ത​ന്നെ പു​റ​പ്പെ​ടു​വി​ക്കുക എന്നു​ള്ള​തും വി​സ്മ​യ​ജ​ന​കം​ത​ന്നെ! പാ​രി​സ്സി​നു് അന്ത​സ്സു​കൂ​ടിയ ഒരു വി​നോ​ദ​ശീ​ല​മു​ണ്ടു്. അതി​ന്റെ ആഹ്ലാ​ദം മേ​ഘ​ഗർ​ജ്ജ​ന​ത്തി​ന്റേ​താ​ണു്; അതി​ന്റെ പൊ​റാ​ട്ടു​ക​ളി ചെ​ങ്കോൽ ധരി​ക്കു​ന്നു.

അതി​ന്റെ കൊ​ടു​ങ്കാ​റ്റു ചി​ല​പ്പോൾ ഒരു മുഖം കറ​ക്ക​ലിൽ​നി​ന്നു പു​റ​പ്പെ​ടു​ന്നു. അതി​ന്റെ വെ​ടി​പൊ​ട്ട​ലു​കൾ, അതി​ന്റെ വി​ശേ​ഷ​ദി​വ​സ​ങ്ങൾ, അതി​ന്റെ പ്ര​ധാന കൃ​തി​കൾ, അതി​ന്റെ അത്ഭു​ത​കർ​മ​ങ്ങൾ, അതി​ന്റെ മഹാ​കാ​വ്യ​ങ്ങൾ, ബ്ര​ഹ്മാ​ണ്ഡ​ത്തി​ന്റെ അതിർ​ക്കി​ട​ങ്ങു​കൾ​വ​രെ തള്ളി​യ​ല​യ്ക്കു​ന്നു; അതു​പോ​ലെ​ത​ന്നെ അതി​ന്റെ പൊ​ട്ട​ക്ക​ഥ​ക​ളും. ഭൂ​മി​യി​ലെ​ങ്ങും ചളി തെ​റി​പ്പി​ക്കു​ന്ന ഒര​ഗ്നി​പർ​വ​ത​മു​ഖ​മാ​ണു് അതി​ന്റെ ചിരി. അതി​ന്റെ നേ​രം​പോ​ക്കു​കൾ തീ​പ്പൊ​രി​ക​ളാ​ണു്. അതു തന്റെ ആദർ​ശ​ത്തെ എന്ന​പോ​ലെ ഹാ​സ്യ​ചി​ത്ര​ങ്ങ​ളേ​യും ആളു​ക​ളെ​ക്കൊ​ണ്ടു് പി​ടി​പ്പി​ക്കു​ന്നു; മാ​നു​ഷ​പ​രി​ഷ്കാ​ര​ത്തി​ന്റെ അത്യു​ന്ന​ത​ങ്ങ​ളായ സ്മാ​ര​ക​സ്തം​ഭ​ങ്ങൾ പാ​രി​സ്സി​ന്റെ കപ​ട​നാ​ട്യ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ക​യും തങ്ങ​ളു​ടെ ശാ​ശ്വ​ത​ത്വ​ത്തെ അതി​ന്റെ വി​കൃ​തി​ത്തം കൂടിയ തു​ള്ളി​ക്ക​ളി​കൾ​ക്കു കടം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. അതു വി​ശി​ഷ്ട​മാ​ണു്; മഹ​ത്ത​ര​മായ അതി​ന്റെ ഒരു ജൂ​ലാ​യി 14-ാം നു് ഭൂ​മ​ണ്ഡ​ല​ത്തെ മു​ഴു​വ​നും സ്വ​ത​ന്ത്ര​മാ​ക്കി​ത്തീർ​ക്കു​ന്നു. വല​പ്പ​ന്തു​ക​ളി​യി​ലെ പ്ര​തി​ജ്ഞ​യെ​ടു​ക്കു​വാൻ അതു സകല രാ​ജ്യ​ങ്ങ​ളെ​യും നിർ​ബ​ന്ധി​ക്കു​ന്നു; പര​സ്സ​ഹ​സ്ര​വർ​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള കു​ടി​യാ​യ്മ​യെ അതി​ന്റെ ഒരാ​ഗ​സ്തു് നാ​ലാം​തി​യ്യ​തി [1] മൂ​ന്നു​മ​ണി​ക്കൂ​റി​ട​കൊ​ണ്ടു തകർ​ത്തു​ക​ള​യു​ന്നു; ഏകീ​കൃ​ത​മായ ഇച്ഛാ​ശ​ക്തി​യു​ടെ മാം​സ​പേ​ശി​യെ അതു തന്റെ ന്യാ​യ​സി​ദ്ധാ​ന്തം​കൊ​ണ്ടു നിർ​മി​ക്കു​ന്നു; ഉൽ​കൃ​ഷ്ട​ത​യു​ടെ എല്ലാ​ത്ത​രം ആകൃ​തി​ഭേ​ദ​ങ്ങ​ളി​ലും അത​വ​ത​രി​ക്കു​ന്നു; വാ​ഷി​ങ്ടൻ, [2] കൊ​ഷ്യ​സ്കോ [3] ബൊ​ലി​വർ, [4] ബൊ​സ്സാ​രി​സു്, [5] ബെം, [6] മാനിൻ, [7] ലോ​പ്പ​സു്, [8] ജോൺ​ബ്രൗൺ, [9] ഗരി​ബാൽ​ദി എന്നി​വ​രെ​യെ​ല്ലാം അതു തന്റെ അറി​വു​കൊ​ണ്ടു നി​റ​ച്ചു. ഭാവി തെ​ളി​യാ​നി​രി​ക്കു​ന്ന എല്ലാ​യി​ട​ത്തും അതുണ്ട്-​ബോസ്റ്റണിൽ 1779-ലും [10] യോനിൽ 1820-ലും [11] പെ​സ്തിൽ 1848-ലും [12] പാ​ലെർ​മോ​വിൽ 1860-ലും [13] ഹാർ​പെ​സു് ഫെ​റി​യി​ലെ [14] ഓടി​ക്കു ചു​റ്റും ഒത്തു​കൂ​ടിയ അമേ​രി​ക്കൻ അടി​മ​വ്യാ​പാര നാ​ശ​ക​ന്മാർ​ക്കു ചെ​കി​ട്ടി​ലും, ഇരു​ട്ട​ത്തു യോഗം കൂടിയ ആൻ​കോ​ണ​യി​ലെ [15] സ്വ​രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ ചെ​കി​ട്ടി​ലും അതു തന്റെ ശക്തി​മ​ത്തായ മോ​ലൊ​പ്പി​നെ മന്ത്രിച്ചു-​സ്വാതന്ത്ര്യം; കാ​ന​റി​സ്സി​നെ [16] അതു സൃ​ഷ്ടി​ച്ചു; ഭൂ​മി​യി​ലെ എല്ലാ മഹാ​ന്മാ​രേ​യും അതാ​ണു് ജ്വ​ലി​പ്പി​ക്കു​ന്ന​തു്; അതി​ന്റെ ഉച്ഛ ്വാ​സ​ത്താൽ തള്ളി​യ​യ​യ്ക്ക​പ്പെ​ടു​ന്നേ​ട​ത്തേ​ക്കു പോ​കു​മ്പോ​ഴാ​ണു് മി​സ്സ​ലോൺ​ഗി​യിൽ [17] വെ​ച്ചു ബയറൻ മൃ​ത​നാ​യ​തും ബാർ​സെ​ലോ​ണ​യിൽ​വെ​ച്ചു മസെബ് [6] മരി​ച്ച​തും; മി​റ​ബോ​വി​ന്റെ [18] കാൽ​ച്ചു​വ​ട്ടി​ലെ പ്ര​സം​ഗ​പീ​ഠ​വും, റൊ​ബെ​പി​യ​രു​ടെ കാൽ​ച്ചു​വ​ട്ടി​ലെ അഗ്നി​പർ​വ​ത​പ്പി​ളർ​പ്പും, അതാ​ണു്; അതി​ന്റെ പു​സ്ത​ക​ങ്ങൾ, അതി​ന്റെ നാ​ട​ക​ശാല, അതി​ന്റെ സു​കു​മാ​ര​ക​ല​കൾ, അതി​ന്റെ പ്ര​കൃ​തി​ശാ​സ്ത്രം, അതി​ന്റെ സാ​ഹി​ത്യം, അതി​ന്റെ തത്ത്വശാസ്ത്രം-​ഇവയൊക്കെ മനു​ഷ്യ​ജാ​തി​യു​ടെ സം​ക്ഷി​പ്ത​ഗ്ര​ന്ഥ​ങ്ങ​ളാ​ണു്; അതിനു പാ​സ്ക​ലു​ണ്ടു് [19] രെ​ഞ്യെ [20] യു​ണ്ടു്, കോർ​ണീ​ലി​യു​ണ്ടു്, ദെ​ക്കാർ​ത്തെ​യു​ണ്ടു്, രു​സ്സൊ​വു​ണ്ടു്. അതി​നു് ഏതു നി​മി​ഷ​ത്തേ​ക്കു​മാ​യി വോൾ​ത്തെ​യ​റും എല്ലാ നൂ​റ്റാ​ണ്ടു​ക​ളി​ലേ​ക്കു​മാ​യി മൊ​ളി​യെ​റു​മു​ണ്ടു്; അതു തന്റെ ഭാഷയെ പ്ര​പ​ഞ്ച​മു​ഖ​ത്തെ​ക്കൊ​ണ്ടു സം​സാ​രി​പ്പി​ക്കു​ക​യും, ആ ഭാ​ഷ​യെ​യാ​വ​ട്ടെ പ്ര​ണ​വ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. അതു സർ​വ​ഹൃ​ദ​യ​ത്തി​ലും അഭി​വൃ​ദ്ധി​യെ​പ്പ​റ്റി​യു​ള്ള വി​ചാ​രം ജനി​പ്പി​ക്കു​ന്നു; അതു​ണ്ടാ​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​സി​ദ്ധ​മ​ന്ത്ര​ങ്ങൾ പു​രു​ഷാ​ന്ത​ര​ങ്ങൾ​ക്കു​ള്ള വി​ശ്വ​സ്ത​സു​ഹൃ​ത്തു​ക്ക​ളാ​ണു്; 1789 മു​ത​ല്ക്ക് എല്ലാ രാ​ജ്യ​ത്തി​ലേ​യും മഹാ​ന്മാർ അതി​ന്റെ തത്ത്വ​ജ്ഞാ​നി​ക​ളു​ടേ​യും അതി​ന്റെ മഹാ​ക​വി​ക​ളു​ടേ​യും ആത്മാ​വു​കൊ​ണ്ടാ​ണു് ഉണ്ടാ​കു​ന്ന​തു്; ഇതു തെ​ണ്ടി​ന​ട​പ്പി​നെ തട​യു​ന്നി​ല്ല; എന്ന​ല്ല, പാ​രി​സ്സെ​ന്നു പറ​യ​പ്പെ​ടു​ന്ന ആ മഹ​ത്തായ അതി​ബു​ദ്ധി സ്വ​ന്തം പ്ര​കാ​ശം​കൊ​ണ്ടു് ലോ​ക​ത്തെ മു​ഴു​വ​നും രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യ്ക്കു തെ​സി​യു​സ്സി​ന്റെ [21] അമ്പ​ല​ച്ചു​മ​രി​ന്മേൽ ബൂ​ഴി​ഞെ​യു​ടെ [6] മു​ക്കു കരി​ക്ക​ട്ട​കൊ​ണ്ടു വര​യ്ക്കു​ക​യും ‘പി​റ​മി​ഡ്ഡി​മേൽ ക്രെ​ദെ​വിൽ കള്ളൻ എന്നു കു​റി​ക്കു​ക​യും ചെ​യ്യു​ന്നു.

പാ​രി​സ്സു് എപ്പോ​ഴും പല്ലു കാ​ട്ടി​ക്കൊ​ണ്ടാ​ണു്; ഇളി​ച്ചു​കാ​ട്ടു​ക​യ​ല്ലാ​ത്ത​പ്പോൾ അതു ചി​രി​ക്കു​ക​യാ​ണു്.

ഇതാ​ണു് പാ​രി​സ്സു്. അതി​ന്റെ മേ​ല്പു​ര​ക​ളിൽ​നി​ന്നു​ള്ള പുക ലോ​ക​ത്തി​ന്റെ വി​ചാ​ര​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്നു. നി​ങ്ങൾ​ക്ക​ങ്ങ​നെ​യാ​ണി​ഷ്ട​മെ​ങ്കിൽ, കല്ലും ചളി​യു​കൊ​ണ്ടു​ള്ള ഒരു കു​ന്നു്; പക്ഷേ, എല്ലാ​റ്റി​നും മു​ക​ളിൽ, ധർ​മാ​ധർ​മ​വി​വേ​ക​മു​ള്ള ഒരു സ്വ​ന്തം. അതു മഹ​ത്തി​ലും അധികമാണ്-​അപരിമേയം. എന്തു​കൊ​ണ്ടു്? അതു​ശി​രു​ള്ള​താ​ണു്.

ഉശിർ കാ​ണി​ക്കുക; അഭി​വൃ​ദ്ധി​ക്കു​ള്ള മൂ​ല്യം അതാ​ണു്.

എല്ലാ ഉൽ​ക്കൃ​ഷ്ട​വി​ജ​യ​ങ്ങ​ളും ഏതാ​ണ്ടു് ഉശി​രി​നു​ള്ള സമ്മാ​ന​ങ്ങ​ളാ​ണു്. ഭര​ണ​പ​രി​വർ​ത്ത​ന​മു​ണ്ടാ​ക​ണ​മെ​ങ്കിൽ, മൊ​ങ്തെ​സ്ക്യു [22] അതു മുൻ​കൂ​ട്ടി കണ്ട​തു​കൊ​ണ്ടും, ദിദരോ അതു പ്ര​സം​ഗി​ച്ച​തു​കൊ​ണ്ടും, ബൊ​മാർ​ഷെ [23] അതു വി​ളി​ച്ചു പറ​ഞ്ഞ​തു​കൊ​ണ്ടും, കൊ​ങ്ദൊർ​സെ [24] അതു കണ​ക്കു​കൂ​ട്ടി​യ​തു​കൊ​ണ്ടും, അരുവെ [6] അതു തയ്യാ​റാ​ക്കി​യ​തു​കൊ​ണ്ടും രു​സ്സൊ അതു മുൻ​കൂ​ട്ടി കണ്ട​തു​കൊ​ണ്ടു​മാ​യി​ല്ല; ദാ​ന്തോ ഉശി​രോ​ടു​കൂ​ടി അതി​ന്നി​റ​ങ്ങു​ക​ത​ന്നെ വേണം.

ധൃ​ഷ്ടത! എന്ന നി​ല​വി​ളി ‘വെ​ളി​ച്ച​മു​ണ്ടാ​ക​ട്ടെ’ എന്ന ഈശ്വ​ര​ക​ല്പ​ന​യാ​ണു്. മനു​ഷ്യ​സ​മു​ദാ​യ​ത്തി​ന്റെ മു​ന്നോ​ട്ടു​ള്ള ഗതി​ക്ക് അഭി​മാ​ന​ജ​ന​ക​ങ്ങ​ളായ ധൈ​ര്യ​പാ​ഠ​ങ്ങൾ എന്നെ​ന്നും മു​കൾ​ഭാ​ഗ​ങ്ങ​ളിൽ ഉണ്ടാ​യി​രി​ക്കു​ന്ന​താ​വ​ശ്യ​മാ​ണു് ഉശി​രോ​ടു​കൂ​ടിയ പ്ര​വൃ​ത്തി​കൾ ചരി​ത്ര​ത്തെ അമ്പ​ര​പ്പി​ക്കു​ന്നു; മനു​ഷ്യ​ന്റെ ജ്ഞാ​ന​ല​ബ്ധി​ക്കു​ള്ള മഹാ​പ​ഥ​ങ്ങ​ളിൽ അതൊ​ന്നാ​ണു്. ഉദി​ച്ചു​വ​രു​ന്ന സമ​യ​ത്തു പ്ര​ഭാ​തം ഉശിർ കാ​ണി​ക്കു​ന്നു. ശ്ര​മി​ക്കുക, മാ​റി​ടുക, ശഠി​ക്കുക, കൊ​ണ്ടു​പി​ടി​ക്കുക, ആത്മാ​വി​നെ വി​ശ്വ​സി​ക്കുക, വി​ധി​യു​മാ​യി ഗു​സ്തി​പി​ടി​ക്കുക, നമു​ക്കു​ണ്ടാ​യി​ക്കാ​ണു​ന്ന ഭയ​ക്കു​റ​വു​കൊ​ണ്ടു കഷ്ട​പ്പാ​ടി​നെ സം​ഭ്ര​മി​പ്പി​ക്കുക, നീ​തി​വി​രു​ദ്ധ​മായ അധി​കാര ശക്തി​യോ​ടു മാ​റി​ടുക, ലഹ​രി​പി​ടി​ച്ച വി​ജ​യ​ത്തെ വീ​ണ്ടും അധി​ക്ഷേ​പി​ക്കുക, നി​ല​വി​ടാ​തി​രി​ക്കുക, ചുവടു മാറാതിരിക്കുക-​ജനസമുദായങ്ങൾക്കത്യാവശ്യമായ സാ​ധ​ന​പാ​ഠം ഇതാ​ണു്; ഇതാ​ണു് അവയിൽ വി​ദ്യു​ച്ഛ​ക്തി കട​ത്തു​ന്ന പ്ര​കാ​ശ​നാ​ളം. ഇതേ അപ്ര​തി​ഹ​ത​മായ മി​ന്ന​ല്പി​ണ​രാ​ണു് പ്രൊ​മൊ​ത്തി​യു​സ്സി​ന്റെ ചൂ​ട്ടിൽ​നി​ന്നു കം​ബ്രോ​ന്നി​ന്റെ പു​ക​യി​ല​ക്കു​ഴ​ലി​ലേ​ക്കു പാ​ഞ്ഞു​ക​ട​ക്കു​ന്ന​തു്.

കു​റി​പ്പു​കൾ

[1] 1789 ആഗ​സ്തു് 4-നു് യാണു് ഫ്രാൻ​സിൽ സ്ഥാന വലു​പ്പ​ങ്ങ​ളെ​ല്ലാം ഒര​ടി​യാ​യി നശി​പ്പി​ച്ചു കള​ഞ്ഞ​ത്.

[2] അമേ​രി​ക്ക​യെ സ്വ​ത​ന്ത്ര​മാ​ക്കിയ മഹാൻ ‘സ്വ​രാ​ജ്യ​ത്തി​ന്റെ അച്ഛൻ’ എന്ന സ്ഥാ​നം സമ്പാ​ദി​ച്ച രാ​ജ്യ​സ്നേ​ഹി (1732-1799).

[3] അമേ​രി​യ്ക്ക​യി​ലെ ഭര​ണ​പ​രി​വർ​ത്ത​ന​ത്തിൽ പേ​രെ​ടു​ത്ത ഈ പോ​ള​ണ്ടു​കാ​രൻ സ്വ​രാ​ജ്യാ​ഭി​മാ​നി സ്വ​രാ​ജ്യ​ത്തു 1794-​ലുണ്ടായ വി​പ്ല​വ​ത്തിൽ നേ​തൃ​ത്വം വഹി​ച്ചു (1746-1817).

[4] ‘തെ​ക്കേ അമേ​രി​ക്ക​യെ സ്വ​ത​ന്ത്ര​മാ​ക്കിയ മഹാൻ’ എന്നു സു​പ്ര​സി​ദ്ധൻ (1783-1830).

[5] ഗ്രീ​സ്സി​ലെ ഒരു മഹാ​നായ സ്വ​രാ​ജ്യ​സ്നേ​ഹി, തുർ​ക്കി​ക​ളു​മാ​യു​ള്ള യു​ദ്ധ​ത്തിൽ കൊ​ല​പ്പെ​ട്ടു (1788-1823).

[6] ഒരു പ്ര​സി​ദ്ധ​നായ പോ​ള​ണ്ടു​കാ​രൻ സൈ​ന്യാ​ധി​പൻ, (1795-1850).

[7] ഇറ്റ​ലി​ക്കാ​രൻ ദേ​ശാ​ഭി​മാ​നി, 1849-ലെ വെ​നീ​സു് ആക്ര​മ​ണ​ത്തിൽ ഭര​ണാ​ധി​കാ​രി​യാ​യി​രു​ന്നു (1804-1857).

[8] ക്യൂ​ബ​ക്കാ​രൻ ഭര​ണ​പ​രി​വർ​ത്ത​കൻ ക്യൂബ കീ​ഴ​ട​ക്കാൻ മൂ​ന്നു​ത​വണ സൈ​ന്യ​ശേ​ഖ​ര​ത്തോ​ടു​കൂ​ടി ചെ​ന്നു ഒടു​വിൽ മര​ണ​ശി​ക്ഷ വി​ധി​യ്ക്ക​പ്പെ​ട്ടു (1790-1862).

[9] അടി​മ​ക്ക​ച്ച​വ​ടം നിർ​ത്തൽ ചെ​യ്വാൻ​വേ​ണ്ടി അത്യ​ധ്വാ​നം ചെ​യ്തു് ഒടു​വിൽ തൂ​ക്കി​ക്കൊ​ല്ല​പ്പെ​ട്ടു​പോയ അമേ​രി​ക്കൻ സ്വ​രാ​ജ്യ​സ്നേ​ഹി (1800-1859).

[10] സ്പെ​യിൻ ഇം​ഗ്ല​ണ്ടോ​ടു യു​ദ്ധം തു​ട​ങ്ങി.

[11] സ്പെ​യി​നി​ലെ ഭര​ണ​പ​രി​വർ​ത്ത​നം 1820 ജനു​വ​രി 1-ാം നു് യാണു് ആരം​ഭി​ച്ച​ത്.

[12] ഹങ്ക​റി​യിൽ ലഹള തു​ട​ങ്ങിയ വർഷം.

[13] ഗരി​ബാൾ​ദി സി​സി​ലി​യു​ടെ തല​സ്ഥാ​ന​മായ പാ​ലെർ​മോ​വിൽ കട​ന്ന​തു് 1860 മെയ് 27-​ആംനു് യാണ്.

[14] ജോൺ​ബ്രൌ​ണി​നെ ഇവി​ടെ​വെ​ച്ചാ​ണു് തൂ​ക്കി​ക്കൊ​ന്ന​ത്.

[15] ഇറ്റ​ലി​യി​ലെ ഒരു സം​സ്ഥാന നഗരം.

[16] 1822-1827-ൽ നടന്ന ഗ്രീ​സ്സി​ലെ ഭര​ണ​പ​രി​വർ​ത്ത​ന​ത്തിൽ പ്ര​ധാ​ന​നാ​യി​രു​ന്ന മഹാൻ, പി​ന്നീ​ടു് ഗ്രീ​സ്സി​ലെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി (1790-1877).

[17] തുർ​ക്കി​കൾ ഗ്രീ​സ്സി​ലേ​തായ ഈ പട്ട​ണം കൈ​യേ​റിയ കാ​ല​ത്തു് ഗ്രീ​സ്സി​ന്റെ ഭാ​ഗ​ത്തു യു​ദ്ധം ചെ​യ്യു​മ്പോ​ഴാ​ണു് ഇം​ഗ്ലീ​ഷ് മഹാ​ക​വി ബയറൻ മരി​ച്ചു​പോ​യ​തു്.

[18] ഫ്രാൻ​സി​ലെ സു​പ്ര​സി​ദ്ധ രാ​ജ്യ​ഭ​ര​ണ​ത​ന്ത്ര​ജ്ഞൻ ഇദ്ദേ​ഹം ഫ്രാൻ​സി​ലെ വാ​ഗ്മി​ക​ളിൽ ഒന്നാ​മ​നാ​യി കരു​ത​പ്പെ​ട്ടു​വ​രു​ന്നു.

[19] ഫ്രാൻ​സി​ലെ മഹാ​നായ ഗണി​ത​ശാ​സ്ത്ര​ജ്ഞൻ.

[20] ഫ്രാൻ​സി​ലെ പ്ര​സി​ദ്ധ വൈ​യാ​ക​ര​ണ​നും നി​ഘ​ണ്ടു​കാ​ര​നും.

[21] ഗ്രീ​സ്സു​കാ​രു​ടെ ഒരു പ്ര​ധാന പു​രാ​ണ​ക​ഥാ​പാ​ത്രം.

[22] ഒരു പ്ര​സി​ദ്ധ​നായ ഫ്ര​ഞ്ച് രാ​ജ്യ​നി​യ​മ​ജ്ഞൻ.

[23] ഒരു പേ​രു​കേ​ട്ട ഫ്ര​ഞ്ച് നാ​ട​ക​കർ​ത്താ​വും ധന​ശാ​സ്ത്ര​ജ്ഞ​നും.

[24] ഒരു ഫ്ര​ഞ്ച് ഗണി​ത​ശാ​സ്ത്ര​ജ്ഞ​നും തത്ത്വ​ജ്ഞാ​നി​യും.

3.1.12
പൊ​തു​ജ​ന​ങ്ങ​ളിൽ അന്തർ​ഭ​വി​ച്ചി​ട്ടു​ള്ള ഭാവി

പാ​രി​സ്സി​ലെ പൊ​തു​ജ​ന​ക്കൂ​ട്ട​മാ​ണെ​ങ്കിൽ, ഒരു മു​തിർ​ന്നാ​ളാ​യാൽ​ക്കൂ​ടി, എപ്പോ​ഴും അതൊരു തെ​രു​വു​തെ​ണ്ടി​യാ​ണു്; കു​ട്ടി​യെ കു​റി​ച്ചു കാ​ണി​ക്കുക എന്ന​തു നഗ​ര​ത്തെ കു​റി​ച്ചു കാ​ണി​ക്കു​ക​യാ​ണു്; അതു​കൊ​ണ്ട​ത്രേ ഈ വെറും കു​രു​കി​ല്പ​ക്ഷി​യിൽ ഞങ്ങൾ കഴു​കി​നെ നോ​ക്കി​പ്പ​ഠി​ച്ച​തു്. എല്ലാ​റ്റി​ലും​വെ​ച്ച് ഉപ​ന​ഗ​ര​ങ്ങ​ളി​ലാ​ണു് പാ​രി​സ്സു​കാ​രൻ അധി​ക​മാ​യി വെ​ളി​പ്പെ​ടു​ന്ന​തെ​ന്നു ഞങ്ങൾ തീർ​ത്തു പറ​യു​ന്നു; അവി​ടെ​യാ​ണു് ആ പരി​ശു​ദ്ധ​ര​ക്തം; അവി​ടെ​യാ​ണു് ആ ശരി​ക്കു​ള്ള മുഖം; അവിടെ വെ​ച്ചാ​ണു് ആ പൊ​തു​ജ​ന​ങ്ങൾ അധ്വാ​നി​ക്കു​ക​യും കഷ്ട​പ്പെ​ടു​ക​യും ചെയ്യുന്നത്-​അധ്വാനിക്കലും കഷ്ട​പ്പെ​ട​ലും മനു​ഷ്യ​ന്റെ രണ്ടു മു​ഖ​ങ്ങ​ളാ​ണു്. അജ്ഞാ​ത​ങ്ങ​ളായ അനവധി സത്വ​ങ്ങൾ അവിടെ കഴി​ഞ്ഞു​കൂ​ടു​ന്നു; ലരി​പെ​യി​ലെ പടി​കാ​വ​ല്ക്കാ​രൻ മുതൽ മൊ​ങ്ഫൊ​സൊ​വി​ലെ കളി​ക്കോ​പ്പു പണി​ക്കാ​രൻ​വ​രെ​യു​ള്ള എല്ലാ അപൂർ​വ​സ​ത്ത്വ​ങ്ങ​ളും അവ​യ്ക്കി​ട​യിൽ കൂ​ട്ടം​കൂ​ടു​ന്നു. തീ​പ്പി​ടി​ക്കു​ന്ന ഇഷ്ടക, സിസറോ ഉച്ച​ത്തിൽ പറ​യു​ന്നു; ലഹ​ള​ക്കൂ​ട്ടം, ബർ​ക്ക് ശു​ണ്ഠി​പി​ടി​ച്ചു തു​ടർ​ന്നു പറ​യു​ന്നു; ആൾ​ക്കൂ​ട്ടം, പു​രു​ഷാ​രം, പൊ​തു​ജ​ന​സം​ഘം ഇതൊ​ക്കെ വാ​ക്കു​ക​ളാ​ണു്; ക്ഷ​ണ​ത്തിൽ പറ​ഞ്ഞു​ക​ഴി​ഞ്ഞു. എന്നാൽ അങ്ങ​നെ​യാ​വ​ട്ടെ, അതു​കൊ​ണ്ടെ​ന്താ​ണു്? അവർ വെ​റും​കാ​ലൊ​ടു​കൂ​ടി​യാ​ണു് നട​ക്കു​ന്ന​തെ​ങ്കിൽ, എനി​യ്ക്കെ​ന്ത്! അവർ​ക്ക് അക്ഷ​ര​മ​റി​ഞ്ഞു​കൂ​ടാ; അത്ര​യും ചീത്ത. അതു​കൊ​ണ്ടു നി​ങ്ങൾ അവരെ ഉപേ​ക്ഷി​ക്കു​മോ? അവ​രു​ടെ കഷ്ട​പ്പാ​ടി​നെ​ക്കൊ​ണ്ടു നി​ങ്ങൾ ഒരു ശാ​പ​മാ​ക്കി​ത്തീർ​ക്കു​മോ? ഈ പൊ​തു​ജ​ന​സം​ഘ​ത്തി​നു​ള്ളി​ലേ​ക്കു വെ​ളി​ച്ച​ത്തി​നു പ്ര​വേ​ശി​ക്കാൻ സാ​ധി​ക്കി​ല്ലേ? നമു​ക്ക് ഈ ഒരു നി​ല​വി​ളി​ത​ന്നെ ആവർ​ത്തി​ക്കുക; വെ​ളി​ച്ചം! നമു​ക്കു പി​ന്നെ​യും പി​ന്നെ​യും അതു​ത​ന്നെ ഊന്നി​പ്പ​റ​യുക! വെ​ളി​ച്ചം! വെ​ളി​ച്ചം! ഈ അസ്വ​ച്ഛ​ത​കൾ സ്വ​ച്ഛ​ങ്ങ​ളാ​യി​ത്തീ​രി​ല്ലെ​ന്നു് ആർ​ക്ക​റി​യാം? ഭര​ണ​പ​രി​വർ​ത്ത​ന​ങ്ങൾ രൂ​പ​മാ​റ്റ​ങ്ങ​ള​ല്ല​യോ? വരു​വിൻ, ഹേ തത്ത്വ​ജ്ഞാ​നി​ക​ളെ, പഠി​പ്പി​ക്കു​വിൻ, അറി​വു​ണ്ടാ​ക്കു​വിൻ, പ്ര​കാ​ശി​പ്പി​ക്കു​വിൻ, ഉറ​ക്കെ ആലോ​ചി​ക്കു​വിൻ, ഉറ​ക്കെ സം​സാ​രി​ക്കു​വിൻ, മഹ​ത്തായ സൂ​ര്യ​നി​ലേ​ക്ക് ആഹ്ലാ​ദ​പൂർ​വം പാ​ഞ്ഞു​ചെ​ല്ലു​വിൻ, പൊ​തു​സ്ഥ​ല​വു​മാ​യി സഹോ​ദ​ര​ത്വം കൈ​ക്കൊ​ള്ളു​വിൻ, നല്ല വർ​ത്ത​മാ​ന​ങ്ങ​ളെ വി​ളി​ച്ചു​പ​റ​യു​വിൻ, നി​ങ്ങ​ളു​ടെ അക്ഷ​ര​മാ​ല​ക​ളെ കയ്യ​ഴ​ച്ചു വി​ത​റി​ക്കൊ​ടു​ക്കു​വിൻ, അധി​കാ​ര​ങ്ങ​ളെ ഘോ​ഷി​ക്കു​വിൻ, രാ​ഷ്ട്രീ​യ​ഗാ​ന​ങ്ങ​ളെ പാ​ടു​വിൻ, ഉത്സാ​ഹ​ബീ​ജ​ങ്ങ​ളെ പര​ക്കെ​പ്പാ​കു​വിൻ, ഓക്കു​മ​ര​ങ്ങ​ളിൽ​നി​ന്നു പച്ച​ച്ചി​ല്ല​ക​ളെ പറി​ച്ചി​ടു​വിൻ, സങ്ക​ല്പ​ത്തെ​ക്കൊ​ണ്ടു് ഒരു കൊ​ടു​ങ്കാ​റ്റു​ണ്ടാ​ക്കു​വിൻ! ഈ ആൾ​ക്കൂ​ട്ട​ത്തെ വി​ശി​ഷ്ട​മാ​ക്കി​ത്തീർ​ക്കാം. ചില സന്ദർ​ഭ​ങ്ങ​ളിൽ മി​ന്നി​ത്തി​ള​ങ്ങു​ക​യും കത്തി​പ്പു​റ​പ്പെ​ടു​ക​യും തു​ള്ളി​യി​ള​കു​ക​യും ചെ​യ്യു​ന്ന ആ ധർ​മ​നി​ഷ്ഠ​ക​ളു​ടേ​യും മനോ​ഗു​ണ​ങ്ങ​ളു​ടേ​യും മഹ​ത്ത​ര​മായ അഗ്നി​പ്ര​ള​യ​ത്തെ എങ്ങ​നെ​യാ​ണു​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നു നമു​ക്കു പഠി​ക്കുക. ഈ നഗ്ന​ങ്ങ​ളായ കാ​ല​ടി​ക​ളെ, ഈ നഗ്ന​ങ്ങ​ളായ കൈകളെ, ഈ കീ​റ​ത്തു​ണി​ക​ളെ, ഈ അജ്ഞ​ത​ക​ളെ, ഈ നി​കൃ​ഷ്ട​ത​ക​ളെ, ഈ അന്ധ​കാ​ര​ങ്ങ​ളെ, ഒരു സമയം ആദർ​ശ​സി​ദ്ധി​ക്കു​പ​യോ​ഗ​പ്പെ​ടു​ത്താം. ഈ പൊ​തു​ജ​ന​സം​ഘ​ത്തി​ന്റെ അപ്പു​റ​ത്തേ​ക്കു സൂ​ക്ഷി​ച്ചു നോ​ക്കുക; നി​ങ്ങൾ സത്യ​ത്തെ കണ്ടെ​ത്തും. നി​ങ്ങൾ കാൽ​കൊ​ണ്ടു ചവി​ട്ടി​പ്പോ​കു​ന്ന ആ നി​സ്സാ​ര​മ​ണ​ലി​നെ തീ​ക്കു​ണ്ഡ​ത്തി​ലേ​ക്കു മറി​ക്കുക; അത​വി​ടെ​ക്കി​ട​ന്നു് ദ്ര​വി​ച്ചു തി​ള​ച്ചു​മ​റി​യ​ട്ടെ; അതൊരു വി​ശി​ഷ്ട​മായ സൂ​ര്യ​കാ​ന്ത​ക്ക​ല്ലാ​വും; ഗലീ​ലി​യോ​വും ന്യൂ​ട്ട​നും നക്ഷ​ത്ര​ങ്ങ​ളെ കണ്ടു​പി​ടി​ക്കു​ന്നു എന്ന​തു്, അതി​നോ​ടു​ള്ള നന്ദി പറ​യ​ലാ​ണു്.

3.1.13
ഗവ്രോ​ഷ് കു​ട്ടി

ഈ കഥ​യു​ടെ രണ്ടാം​ഭാ​ഗ​ത്തു പറഞ്ഞ സം​ഭ​വ​ങ്ങൾ കഴി​ഞ്ഞ് എട്ടോ ഒമ്പ​തോ കൊ​ല്ല​ത്തി​നു​ശേ​ഷം ബുൽ​വാർ ദ്യു തെം​പ്ലി​ലും ഷാ​തൊ​ദൊ എന്ന പ്ര​ദേ​ശ​ത്തും വെ​ച്ച് ആളുകൾ പതി​നൊ​ന്നോ പന്ത്ര​ണ്ടോ വയ​സ്സു​ള്ള ഒരാൺ​കു​ട്ടി​യെ കണ്ടെ​ത്തി​യി​രു​ന്നു; അവ​ന്റെ പ്രാ​യ​ത്തി​നു ചേർ​ന്ന ചിരി ചു​ണ്ട​ത്തു​ള്ള​തോ​ടു​കൂ​ടി, തി​ക​ച്ചും ഇരു​ണ്ട​തും ശൂ​ന്യ​വു​മായ ഒരു ഹൃദയം അവ​നി​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ, ഇതിനു മുൻപേ കു​റി​ച്ചു കാ​ണി​ച്ച തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ മാ​തൃ​ക​യെ ആ കു​ട്ടി ഒരു​വി​ധം ശരി​യാ​യി അനു​ഭ​വ​പ്പെ​ടു​ത്തി​ത്ത​ന്നേ​നേ. ഈ കു​ട്ടി പ്രാ​യം​ചെ​ന്നാ​ളു​ടെ ഒരു ജോടി കാലുറകൊണ്ടും-​പക്ഷേ, അത​വ​ന്നു തന്റെ അച്ഛ​ന്റെ കൈ​യിൽ​നി​ന്നു കിട്ടിയിട്ടുള്ളതല്ല-​ഒരു സ്ത്രീ​യു​ടെ ഉൾക്കുപ്പായംകൊണ്ടും-​പക്ഷേ, അത​വ​ന്നു് തന്റെ അമ്മ​യിൽ​നി​ന്നു കിട്ടിയിട്ടുള്ളതല്ല-​മൂടിപ്പുതച്ചിട്ടുണ്ടു്. ധർ​മ​മാ​യി ഏതോ ചിലർ അവനെ ആ കീ​റ​ത്തു​ണി​കൊ​ണ്ടു പൊ​തി​ഞ്ഞു. എങ്കി​ലും അവ​ന്നൊ​ര​ച്ഛ​നും അമ്മ​യു​മു​ണ്ടു്. പക്ഷേ, അച്ഛൻ അവ​നെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടി​ല്ല; അമ്മ അവനെ സ്നേ​ഹി​ച്ചി​ട്ടി​ല്ല.

എല്ലാ​വ​രി​ലും​വെ​ച്ച് ഏറ്റ​വു​മ​ധി​കം അനു​ക​മ്പ​യെ അർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളിൽ ഒരു​വ​നാ​ണു് അവൻ; അച്ഛ​നു​മ​മ്മ​യു​മു​ണ്ടാ​യി​ട്ടും അനാ​ഥ​രാ​യി​രി​ക്കു​ന്ന കു​ട്ടി​ക​ളിൽ ഒരുവൻ.

തെ​രു​വി​ലാ​കു​മ്പോ​ഴ​ത്തെ​പ്പോ​ലെ സുഖം അവ​ന്നൊ​രി​ക്ക​ലു​മി​ല്ല. അവനെ അമ്മ​യു​ടെ ഹൃ​ദ​യ​ത്തെ​ക്കാൾ കു​റ​ച്ചേ കൽ​വി​രി​കൾ അവ​ന്നു കഠി​ന​ങ്ങ​ളാ​യി​രു​ന്നു​ള്ളു.

അവ​ന്റെ മാ​താ​പി​താ​ക്ക​ന്മാർ അവനെ ജീ​വി​ത​ത്തി​ലേ​ക്ക് ഒരു​ച​വി​ട്ടു ചവി​ട്ടി

അവൻ ഒരൊ​റ്റ പാ​ച്ചിൽ കൊ​ടു​ത്തു.

അവൻ ഒച്ച​യി​ട്ടു​കൊ​ണ്ടു, വി​ളർ​ത്തു, ചു​ണ​യോ​ടു​കൂ​ടി, ആരോ​ഗ്യ​വാ​നെ​ങ്കി​ലും കാ​ഴ്ച​യിൽ ശക്തി കു​റ​ഞ്ഞു, തന്റേ​ട​മു​ള്ള ഒരു പര​പു​ച്ഛ​ക്കാ​രൻ കു​ട്ടി​യാ​ണു്, അവൻ അങ്ങോ​ട്ടും ഇങ്ങോ​ട്ടും പായും. പാ​ട്ടു പാടും, ‘വട്ടു കളി​ക്കും,’ ഓവു​ചാ​ലു​ക​ളിൽ തപ്പും, ചിലതു കക്കും-​എന്നാൽ പൂ​ച്ച​ക​ളേ​യും കു​രു​കി​ല്പ​ക്ഷി​ക​ളേ​യും പോലെ. വി​കൃ​തി എന്നു വി​ളി​ച്ചാൽ അവൻ പൊ​ട്ടി​ച്ചി​രി​ക്കു​ക​യും കള്ളൻ എന്നു വി​ളി​ച്ചാൽ ശു​ണ്ഠി​യെ​ടു​ക്കു​ക​യും ചെ​യ്യും. അവ​ന്നു വീ​ടി​ല്ല. ഭക്ഷ​ണ​മി​ല്ല, തി​യ്യി​ല്ല, സ്നേ​ഹ​മി​ല്ല; പക്ഷേ, സ്വ​ത​ന്ത്ര​നാ​യ​തു​കൊ​ണ്ടു്, എപ്പോ​ഴും ആഹ്ലാ​ദ​മേ​യു​ള്ളൂ.

ഈ സാ​ധു​ജ​ന്തു​ക്കൾ ആൾ​ക്കു​മാ​ത്രം പോ​ന്നാൽ സാ​മു​ദാ​യി​ക​വ്യ​വ​സ്ഥ​യു​ടെ അര​ക​ല്ലു​കൾ അവയെ പി​ടി​കൂ​ടി ചമ്മ​ന്തി​യ​ര​യ്ക്കും; എന്നാൽ കു​ട്ടി​ക​ളാ​യി​രി​ക്കു​ന്നേ​ട​ത്തോ​ളം കാലം, ചെ​റു​പ്പം കാരണം, അവർ രക്ഷ​പ്പെ​ടു​ന്നു. എത്ര ചെറിയ പൊ​ത്തും അവയെ രക്ഷി​ക്കു​ന്നു.

എന്താ​യാ​ലും, ഉപേ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എങ്കി​ലും, രണ്ടോ മൂ​ന്നോ മാസം കൂ​ടു​മ്പൊ​ഴൊ​ക്കെ അവൻ ഇങ്ങ​നെ പറ​യാ​റു​ണ്ടു്, ‘ആട്ടെ, ഞാൻ പോയി അമ്മ​യെ ഒന്നു കാ​ണ​ട്ടെ!’ എന്നാൽ അവൻ നഗരം കട​ന്നു, പൊർത്സാങ്-​മർതെങ് കട​ന്നു, പാ​താ​റി​ലി​റ​ങ്ങി, പാലം കട​ന്നു, കോ​ട്ട​പ്പു​റ​ത്തെ​ത്തി, സൽ​പെ​ത്രി​യേ​റിൽ ചെ​ന്നു് ഒരി​ട​ത്തു നില്ക്കും-​എവിടെ? വാ​യ​ന​ക്കാർ​ക്ക​റി​വു​ള്ള ആ ഇരട്ട നമ്പർ സ്ഥലത്തുതന്നെ-​ഗൊർബോചെറ്റപ്പുരയിൽ.

അക്കാ​ല​ത്തു, സാ​ധാ​ര​ണ​മാ​യി ആരു​മി​ല്ലാ​തി​രി​ക്കു​ന്ന​തും ‘വാ​ട​ക​യ്ക്കു​കൊ​ടു​പ്പാൻ മു​റി​കൾ’ എന്നെ​ഴു​തി​യി​ട്ടു​ള്ള പല​ക​കൊ​ണ്ടു് ഏതു​കാ​ല​ത്തും അല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​തു​മായ 50-58 നമ്പർ ചെ​റ്റ​പ്പുര, പാ​രി​സ്സിൽ എന്നും പതി​വു​ള്ള​തു​പോ​ലെ, അന്യോ​ന്യം യാ​തൊ​രു സം​ബ​ന്ധ​വു​മി​ല്ലാ​ത്ത പല​രും​കൂ​ടി താ​മ​സി​ച്ചു​വ​രു​ന്ന ഒരു സ്ഥ​ല​മാ​യി​ത്തീർ​ന്നു. ദീ​പാ​ളി പി​ടി​ച്ചു​പോയ ആ ഏറ്റ​വും മോ​ശ​ക്കാ​രായ പ്ര​മാ​ണി​ക​ളിൽ​നി​ന്നു വി​ട്ടു​പി​രി​യാൻ തു​ട​ങ്ങി​യ​തും, ചളി വാ​രി​ക്കൂ​ട്ടു​ന്ന ഓവു​ചാ​ല്ക്കാ​ര​നും തു​ണി​ക്ക​ഷ്ണ​ങ്ങൾ പെ​റു​ക്കി​ക്കൂ​ട്ടു​ന്ന കീ​റ​ത്തു​ണി​പ്പെ​റു​ക്കി​ക്കൂ​ട്ടു​ന്ന പരി​ഷ്കാ​ര​ത്തി​ന്റെ അവ​സാ​ന​പ്പ​ടി​ക​ളി​ലെ രണ്ടു സത്ത്വ​ങ്ങ​ളിൽ ചെ​ന്നു​മു​ട്ടു​ന്ന​തു​വ​രെ​യ്ക്ക് സമു​ദാ​യ​ത്തി​ന്റെ അങ്ങേ അറ്റ​ത്തെ അടി​ത്ത​ട്ടി​ലേ​ക്കു, കഷ്ട​പ്പാ​ടിൽ നി​ന്നു കഷ്ട​പ്പാ​ടി​ലേ​ക്കാ​യി, വ്യാ​പി​ച്ചു നി​ല്ക്കു​ന്ന​തു​മായ ആ ദരി​ദ്ര​വർ​ഗ​ത്തിൽ ഉൾ​പ്പെ​ട്ട​വ​രാ​ണു് അവി​ടെ​യു​ള്ള​വ​രെ​ല്ലാം.

ഴാങ് വാൽ​ഴാ​ങ്ങി​ന്റെ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ‘പ്ര​ധാ​ന​പ്പാർ​പ്പു​കാ​രി’ മരി​ച്ചു, ആ മാ​തി​രി​യിൽ​ത്ത​ന്നെ​യു​ള്ള മറ്റൊ​രു​വൾ ആ സ്ഥാ​ന​ത്താ​യി ‘കി​ഴ​വി​കൾ​ക്ക് ഒരു കാ​ല​ത്തും ദുർ​ഭി​ക്ഷ​മി​ല്ല’ എന്നു പറ​ഞ്ഞ​തു് ഏതു തത്ത്വ​ജ്ഞാ​നി​യാ​ണെ​ന്നു് എനി​ക്കോർ​മ​യി​ല്ല.

ഈ പുതിയ കി​ഴ​വി​യു​ടെ പേർ മദാം ബൂർ​ഴോ​ങ് എന്നാ​ണു്. മൂ​ന്നു മു​ള​ന്ത​ത്ത​ക​ള​ട​ങ്ങിയ ഒരു രാ​ജ​വം​ശം അവ​ളു​ടെ ആത്മാ​വിൽ വഴി​ക്കു വഴിയേ രാ​ജ്യ​ഭ​ര​ണം ചെ​യ്തു​പോ​ന്നു എന്ന​ല്ലാ​തെ, അവ​ളു​ടെ ജീ​വ​ദ​ശ​യിൽ എടു​ത്തു​പ​റ​യ​ത്ത​ക്ക​താ​യി വേറെ യാ​തൊ​ന്നു​മി​ല്ല.

ആ ചെ​റ്റ​പ്പു​ര​യിൽ പാർ​ത്തു​പോ​ന്നി​രു​ന്ന​വ​രു​ടെ കൂ​ട്ട​ത്തിൽ​വെ​ച്ച് ഏറ്റ​വും ദാ​രി​ദ്ര്യം പി​ടി​ച്ച​തു്, ഒര​ച്ഛ​നും അമ്മ​യും നല്ല​വ​ണ്ണം മു​തിർ​ന്ന രണ്ടു പെൺ​മ​ക്ക​ളും കൂടി നാ​ലു​പേ​ര​ട​ങ്ങിയ ഒരു കു​ടും​ബ​മാ​ണു്; ആ നാ​ലു​പേ​രും​കൂ​ടി ഞങ്ങൾ ഇതിനു മുൻപേ വി​വ​രി​ച്ചു കഴി​ഞ്ഞ തട്ടിൻ​പു​റ​ത്തു​ള്ള ഗു​ഹ​ക​ളി​ലൊ​ന്നിൽ താ​മ​സി​ക്കു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ട​ത്തിൽ, മഹാ​ദാ​രി​ദ്ര്യ​മ​ല്ലാ​തെ മറ്റൊ​ന്നും ആ കു​ടും​ബ​ത്തി​നു വി​ശേ​ഷ​ത​യാ​യി പറ​യാ​നി​ല്ല; ആ മുറി വാ​ട​ക​യ്ക്കെ​ടു​ത്ത അച്ഛൻ തന്റെ പേർ ഴൊൻ​ദ്രെ​തു് എന്നാ​ണെ​ന്നേ പറ​ഞ്ഞ​തു്. ഴൊൻ​ദ്രെ​തു് അവിടെ പെ​രു​മാ​റാൻ തു​ട​ങ്ങി​യി​ട്ടു് - പ്ര​ധാന പാർ​പ്പു​കാ​രി​യു​ടെ സ്മ​ര​ണീ​യ​മായ അഭി​പ്രാ​യ​ത്തെ കടം വാ​ങ്ങു​ന്ന​പ​ക്ഷം, ആ പെ​രു​മാ​റ്റ​ത്തി​നു യാ​തൊ​ന്നും അവിടെ കട​ന്നു​വ​ന്നി​ട്ടി​ല്ലാ​ഞ്ഞാ​ലു​ള്ള നി​ല​യു​മാ​യി ഒരസാധാരണസാദൃശ്യമുണ്ട്-​കുറച്ചു കഴി​ഞ്ഞ​തി​നു​ശേ​ഷം, അയാൾ, അവിടെ മുൻ​പു​ണ്ടാ​യി​രു​ന്ന​വ​ളെ​പ്പോ​ലെ ഒരു​മി​ച്ചു​ത​ന്നെ പടി​ക്കാ​വ​ല്ക്കാ​രി​യും അടി​ച്ചു തളി​യു​മാ​യി​രു​ന്ന ആ സ്ത്രീ​യോ​ടു പറ​ഞ്ഞു: ‘ഹേ, അമ്മേ-​എന്താ പേര്!-​ഇവിടെ പോ​ള​ണ്ടു​കാ​ര​നെ​യോ, ഇറ്റ​ലി​ക്കാ​ര​നെ​യോ, ഒരു സമയം സ്പെ​യിൻ​കാ​ര​നേ​യോ ആവ​ട്ടെ, സം​ഗ​തി​വ​ശാൽ ആരെ​ങ്കി​ലും അന്വേ​ഷി​ച്ചു​വ​ന്നാൽ അതു ഞാ​നാ​ണു്.’

ഈ കു​ടും​ബ​മാ​യി​രു​ന്നു ആ വെ​റും​കാ​ലോ​ടു​കൂ​ടിയ നേ​ര​മ്പോ​ക്കു​കാ​രൻ കു​ട്ടി​യു​ടേ​തു്. അവൻ അവിടെ വന്നു കഷ്ട​പ്പാ​ടു കണ്ടു: അതി​ലും കഷ്ടം, പു​ഞ്ചി​രി കണ്ടി​ല്ല; ആ തണു​ത്ത അടു​പ്പും കുറേ തണു​ത്ത ഹൃ​ദ​യ​ങ്ങ​ളു​മു​ണ്ടു്. അവൻ അക​ത്തേ​ക്കു കട​ന്ന​പ്പോൾ ആരോ ചോ​ദി​ച്ചു: ‘നി​യ്യെ​വി​ടു​ന്നു വരു​ന്നു?’ അവൻ മറു​പ​ടി പറ​ഞ്ഞു: ‘തെ​രു​വിൽ​നി​ന്നു്.’ അവൻ പോ​കു​മ്പോൾ അവർ ചോ​ദി​ച്ചു: ‘നി​യ്യെ​വി​ടേ​ക്കു പോ​കു​ന്നു?’ അവൻ മറു​പ​ടി പറ​ഞ്ഞു: ‘തെ​രു​വു​ക​ളി​ലേ​ക്ക്.’ അവ​ന്റെ അമ്മ അവ​നോ​ടു ചോ​ദി​ച്ചു: ‘നി​യ്യെ​ന്തി​നു് ഇങ്ങോ​ട്ടു പോ​ന്നു?’

കു​ണ്ട​റ​ക​ളിൽ മു​ള​ച്ചു​ണ്ടാ​കു​ന്ന ചില വി​ളർ​ത്ത ചെ​ടി​ക​ളെ​പ്പോ​ലെ ഈ കു​ട്ടി ഈ സ്നേ​ഹ​ഭാ​വ​ത്തിൽ ജീ​വി​ച്ചു. അതവനെ ദുഃ​ഖി​പ്പി​ച്ചി​ല്ല. അവൻ ആരെ​യും കു​റ​പ്പെ​ടു​ത്തി​യ​തു​മി​ല്ല. ഒര​ച്ഛ​നും അമ്മ​യും ഏതു നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നു് അവൻ ശരി​ക്ക​റി​ഞ്ഞി​ട്ടി​ല്ല.

എന്താ​യാ​ലും അവ​ന്റെ അമ്മ അവ​ന്റെ സഹോ​ദ​രി​മാ​രെ സ്നേ​ഹി​ച്ചി​രു​ന്നു.

ബുൽ​വാർ ദ്യു തെം​പ്ലു് എന്ന പ്ര​ദേ​ശ​ത്തു് ഈ കു​ട്ടി​യെ ആളുകൾ ഗവ്രോ​ഷ്കു​ട്ടി എന്നാ​ണു് വി​ളി​ച്ചു​വ​ന്നി​രു​ന്ന​തെ​ന്നു പറയാൻ ഞങ്ങൾ വി​ട്ടു​പോ​യി. എന്തു​കൊ​ണ്ടാ​ണു് അവനെ ഗവ്രോ​ഷ്കു​ട്ടി എന്നു വി​ളി​ച്ചു​വ​ന്നി​രു​ന്ന​തു?

ഒരു സമയം അവ​ന്റെ അച്ഛ​ന്റെ പേർ ഴൊൻ​ദ്രെ​തു് എന്നാ​യ​തു​കൊ​ണ്ടു്.

പാ​ര​മ്പ​ര്യ​ച്ച​ര​ടു പൊ​ട്ടി​ക്കു​ന്ന​തു് ചില ദരി​ദ്ര​കു​ടും​ബ​ങ്ങ​ളു​ടെ സഹ​ജ​ബു​ദ്ധി​യാ​ണെ​ന്നു തോ​ന്നു​ന്നു.

ഴൊൻ​ദ്രെ​തു് കു​ടും​ബ​ക്കാർ ഗൊർ​ബോ​ചെ​റ്റ​പ്പു​ര​യിൽ അധി​വ​സി​ച്ചി​രു​ന്ന മുറി ഇട​നാ​ഴി​യു​ടെ അറ്റ​ത്തു​ള്ള ഒടു​വി​ല​ത്തേ​താ​ണു്. അതിനു തൊ​ട്ട​ടു​ത്തു​ള്ള ഗു​ഹ​യിൽ മൊ​സ്സ്യു മരി​യു​സു് എന്നു പേ​രു​ള്ള ഒരു മഹാ​ദ​രി​ദ്ര​യു​വാ​വാ​യി​രു​ന്നു താമസം.

ഈ മൊ​സ്സ്യു മരി​യു​സു് ആരാ​ണെ​ന്നു ഞങ്ങൾ വി​വ​രി​ക്ക​ട്ടെ.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.