SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-20.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.4.1
ചരി​ത്ര​ത്തിൽ​പ്പെ​ടാ​തെ കഷ്ടി​ച്ചു കട​ന്നു​പോ​ന്ന ഒരു സംഘം

പു​റം​കാ​ഴ്ച​യിൽ കേവലം ഉദാ​സീ​ന​മാ​യി​രു​ന്ന ആ കാ​ല​ത്തിൽ ഒരു ഭരണ പരി​വർ​ത്ത​ന​സം​ബ​ന്ധി​യായ വിറ അവ്യ​ക്ത​മാ​യി വ്യാ​പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 1789-​ന്റേയും 1793-​ന്റേയും അഗാ​ധ​ത​ക​ളിൽ​നി​ന്നു പൊ​ന്തി​വ​ന്ന നി​ശ്വാ​സ​ങ്ങൾ വാ​യു​മ​ണ്ഡ​ല​ത്തിൽ നി​ല​നി​ന്നു. യൗ​വ​ന​ത്തി​ന്റെ തൂവൽ കൊഴിയുക-​ഞങ്ങൾ ഈ വാ​ക്കു​പ​യോ​ഗി​ക്കു​ന്ന​തി​നു വാ​യ​ന​ക്കാർ മാ​പ്പു തരണം - എന്ന ദി​ക്കാ​യി. ആളുകൾ കാ​ല​ഗ​തി​യി​ലൂ​ടെ തങ്ങ​ള​റി​യാ​തെ​ത​ന്നെ, ഒന്നു രൂ​പാ​ന്ത​ര​പ്പെ​ടു​ക​യാ​യി​രു​ന്നു. ‘വട​ക്കു​നോ​ക്കി’യുടെ ചു​റ്റും നട​ക്കു​ന്ന സൂചി ആത്മാ​ക്ക​ളി​ലും സഞ്ച​രി​ക്കു​ന്നു. ഓരോ​രു​ത്ത​നും ഒരി​ക്കൽ വെ​ച്ചേ കഴിയൂ എന്നു​ള്ള കാൽ​വെ​പ്പു് മുൻ​കൂ​ട്ടി വെ​ക്കു​ക​യാ​യി. രാ​ജ​ക​ക്ഷി​ക്കാർ സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളാ​യി​ത്തു​ട​ങ്ങി; സ്വാ​ത​ന്ത്ര്യ​വാ​ദി​കൾ പ്ര​ജാ​ധി​പ​ത്യ​പ​ക്ഷ​ക്കാ​രും. വേ​ലി​യി​റ​ക്ക​ത്തി​ന്റെ ഒരാ​യി​രം ഒഴു​ക്കു​ത്തു​ക​ളോ​ടു കൂ​ടി​പ്പി​ണ​ഞ്ഞ ഒരു വേ​ലി​യേ​റ്റ​കാ​ല​മാ​യി​രു​ന്നു അതു്; വേ​ലി​യി​റ​ക്ക​ങ്ങ​ളു​ടെ ഒരു സവി​ശേ​ഷത സങ്ക​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ക​യാ​ണു്; അതു കാരണം അത്യ​ന്തം അപൂർ​വ​ങ്ങ​ളായ ആലോ​ച​ന​ക​ളു​ടെ സങ്ക​ല​ന​മു​ണ്ടാ​കു​ന്നു; ആളുകൾ നെ​പ്പോ​ളി​യ​നേ​യും സ്വാ​ത​ന്ത്ര്യ​ത്തേ​യും ഒപ്പം പൂ​ജി​ച്ചു. ഞങ്ങൾ ഇവിടെ ചരി​ത്ര​മു​ണ്ടാ​ക്കു​ക​യാ​ണു്. ഇവ​യെ​ല്ലാം അക്കാ​ല​ത്തി​ലെ മൃ​ഗ​തൃ​ഷ്ണ​ക​ളാ​യി​രു​ന്നു. അഭി​പ്രാ​യ​ങ്ങൾ പു​റം​കാ​ഴ്ച​ക​ളെ കവ​ച്ചു​പോ​കു​ന്നു. വോൾ​ത്തെ​യർ രാ​ജ്യ​ക​ക്ഷി​ത്വം എന്ന ആ വി​ല​ക്ഷ​ണ​വ​സ്തു​വി​നു് അതി​ലൊ​ട്ടും അസാ​ധാ​ര​ണ​ത്വം കു​റ​യാ​തെ ഒരു വാലുണ്ടായി-​ബോനാപ്പാർത്തു് സ്വാ​ത​ന്ത്ര്യ​വാ​ദി​ത്വം.

മറ്റു മന​സ്സം​ഘ​ങ്ങൾ കു​റെ​ക്കൂ​ടി സഗൗ​ര​വ​ങ്ങ​ളാ​യി​രു​ന്നു. ആ വഴി​ക്ക് അവ​മൂ​ല​ത​ത്ത്വ​ങ്ങ​ളെ അള​ന്നു; അവ യഥാർ​ഥാ​വ​കാ​ശ​ത്തോ​ടു പറ്റി​നി​ന്നു. അവ കേ​വ​ല​ത്വ​ത്തിൽ മതി​മ​റ​ന്നു; അപാ​ര​ങ്ങ​ളായ അനു​ഭ​വ​ങ്ങ​ളെ ഓരോ നോ​ക്കു കണ്ടു. കേ​വ​ല​ത്വം, അതി​ന്റെ കാർ​ക്ക​ശ്യം​കൊ​ണ്ടു, മന​സ്സി​നെ ആകാ​ശ​ത്തേ​ക്ക് ഓടി​ക്കു​ക​യും അതിനെ അതി​ര​റ്റ​തായ ദി​ഗ​ന്ത​ര​ത്തിൽ പറ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മനോ​രാ​ജ്യ​ങ്ങ​ളെ ഇള​ക്കി​വി​ടു​വാൻ സി​ദ്ധാ​ന്തം​പോ​ലെ മറ്റൊ​ന്നി​ല്ല. ഭാ​വി​യെ ഉല്പാ​ദി​പ്പി​ക്കു​വാൻ മനോ​രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ​യും മറ്റൊ​ന്നി​ല്ല. ഇന്നു മനോ​രാ​ജ്യ​സ്വർ​ഗം. നാളെ ജീ​വ​നു​ള്ള വസ്തു.

ഈ കടന്ന അഭി​പ്രാ​യ​ങ്ങൾ​ക്കു രണ്ട​ടി​സ്ഥാ​ന​മു​ണ്ടു്. ‘വ്യ​വ​സ്ഥി​ത​മായ ഭര​ണ​ഗ​തി​യെ’ നി​ഗൂ​ഢ​ത​യു​ടെ ആരംഭം പേ​ടി​പ്പെ​ടു​ത്തി. അതു ശങ്കാ​ജ​ന​ക​വും വഞ്ച​ന​പ​ര​വു​മാ​യി. അങ്ങേ അറ്റ​ത്തോ​ളം ഭര​ണ​പ​രി​വർ​ത്ത​ക​മായ ഒരു ചി​ഹ്നം അധി​കാ​ര​ത്തി​ന്റെ പു​നർ​വി​ചാ​ര​ങ്ങൾ പൊ​തു​ജ​ന​സം​ഘ​ത്തി​ന്റെ പു​നർ​വി​ചാ​ര​ങ്ങ​ളു​മാ​യി ഭൂ​ഗർ​ഭ​ത്തിൽ​വെ​ച്ചു കണ്ടു​മു​ട്ടു​ന്നു. രാ​ജ്യ​ക​ല​ഹ​ങ്ങ​ളെ ‘വി​രി​യി​ക്കൽ’ പ്ര​ജാ​ദ്രോ​ഹ​ത്തി​ന്നാ​യു​ള്ള മൂ​ന്നാ​ലോ​ച​ന​യോ​ടു പകരം ചോ​ദി​ക്കു​ന്നു.

ഫ്രാൻ​സിൽ ഇനി​യും ജർ​മ​നി​യി​ലേ​യും ഇറ്റ​ലി​യി​ലേ​യും മട്ടി​ലു​ള്ള നിഗൂഢ സം​ഘ​ങ്ങൾ ജനി​ച്ചു​ക​ഴി​ഞ്ഞി​ട്ടി​ല്ല; പക്ഷേ, അവി​ടെ​യും ഇവി​ടെ​യും ചില രഹ​സ്യ​ങ്ങ​ളായ തു​ര​ങ്ക​പ്പ​ണി​കൾ പൊ​ടി​ച്ചു​പൊ​ങ്ങാൻ ഒരു​ങ്ങി​നി​ന്നി​രു​ന്നു; എയി​യിൽ കു​ഗുർ​ദ്സം​ഘ​ത്തി​ന്റെ പടു​കു​റി​പ്പു​ണ്ടാ​യി​ക്ക​ഴി​ഞ്ഞു; അത്ത​ര​ത്തിൽ പാ​രി​സ്സി​ലെ മറ്റു സം​ഘ​ങ്ങൾ​ക്കി​ട​യിൽ എബിസി സു​ഹൃ​ത്സം​ഘ​വും ഉണ്ടാ​യി​രു​ന്നു.

ഈ എബിസി സു​ഹൃ​ത്സം​ഘം എന്താ​യി​രു​ന്നു? പുറമെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യും അക​ത്തു മനു​ഷ്യ​രു​ടെ ഉന്ന​മ​ന​ത്തി​നാ​യും ഏർ​പ്പെ​ടു​ത്ത​പ്പെ​ട്ട ഒരു സംഘം.

എബിസി സു​ഹൃ​ത്തു​ക്കൾ എന്നു് അവർ തങ്ങൾ​ക്കു പേരിട്ടു-​എബിസിയുടെ (=നി​കൃ​ഷ്ട​ന്മാർ), എന്നു​വെ​ച്ചാൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ, സു​ഹൃ​ത്തു​ക്കൾ എന്നർ​ഥം. അവർ പൊ​തു​ജ​ന​ങ്ങ​ളെ ഉയർ​ത്തി​ക്കൊ​ണ്ടു വരു​വാൻ ആഗ്ര​ഹി​ച്ചു. ഇതു കേ​ട്ടാൽ ഒരു കടം​ക​ഥ​യാ​ണു്. പക്ഷേ, അതിനെ നോ​ക്കി പു​ഞ്ചി​രി​യി​ടു​ന്ന​തു അബ​ദ്ധ​മാ​യി​രി​ക്കും. കടം​ക​ഥ​കൾ രാ​ഷ്ട്രീ​യ​ലോ​ക​ത്തിൽ ചി​ല​പ്പോൾ സഗൗ​ര​വ​സം​ഗ​തി​ക​ളാ​ണു്; നോ​ക്കൂ, നഗ​ര​ത്തിൽ​വെ​ച്ച് ഉടയെടുത്തത്-​ഇതിൽനിന്നു നാർ​സ​സ്സി​ന്റെ [1] സൈ​ന്യ​ത്തി​ലെ ഒരു സേ​നാ​ധി​പ​തി​യു​ണ്ടാ​യി; മറ്റും മറ്റും.

എബിസി സു​ഹൃ​ത്തു​ക്കൾ വള​രെ​യി​ല്ല; അതു ജരാ​യു​രൂ​പ​ത്തി​ലു​ള്ള ഒരു നി​ഗൂ​ഢ​സം​ഘ​മാ​യി​രു​ന്നു; ചങ്ങാ​തി​ക്കൂ​ട്ട​ങ്ങൾ ധീ​രോ​ദാ​ത്ത​മാ​യി പരി​ണ​മി​ക്കു​മെ​ങ്കിൽ, ചങ്ങാ​തി​ക്കൂ​ട്ടം എന്നു പറ​യ​ട്ടെ. ഇവർ പാ​രി​സ്സിൽ രണ്ടു ഭാ​ഗ​ത്തു​വെ​ച്ചു യോഗം കൂ​ടി​യി​രു​ന്നു; മത്സ്യ​ച്ച​ന്ത​യു​ടെ അടു​ത്തു കൊ​രി​ന്തു് എന്നു പേരായ വീ​ഞ്ഞു പീടികയിലും-​ഇതിനെപ്പറ്റി വഴിയെ വി​സ്ത​രി​ച്ചു പറയാം-​മൂസെങ് കാ​പ്പി​പ്പീ​ടിക എന്നു പേ​രാ​യി റ്യൂ​സാ​ങ് മികേൽ എന്ന പ്ര​ദേ​ശ​ത്തു​ള്ള ഒരു ചെറിയ കാ​പ്പി​പ്പീ​ടി​ക​യി​ലും - ഇതു പി​ന്നീ​ടു തകർ​ത്തു​ക​ള​യ​പ്പെ​ട്ടു; ആദ്യം പറഞ്ഞ യോ​ഗ​സ്ഥ​ലം കൂ​ലി​പ്പ​ണി​ക്കാ​ര​ന​ടു​ത്തും രണ്ടാ​മ​ത്തെ​തു വി​ദ്യാർ​ത്ഥി​കൾ​ക്ക​ടു​ത്തു​മാ​യി​രു​ന്നു.

മൂ​സെ​ങ് കാ​പ്പി​പ്പീ​ടി​ക​യു​ടെ പി​ന്നി​ലു​ള്ള ഒരു മു​റി​യിൽ​വെ​ച്ചാ​ണു് എബിസി സു​ഹൃ​ത്തു​ക്ക​ളു​ടെ യോഗം സാ​ധാ​ര​ണ​മാ​യി കൂ​ടി​യി​രു​ന്ന​തു്.

കാ​പ്പി​പ്പീ​ടി​ക​യിൽ​നി​ന്നു ധാ​രാ​ളം നീ​ങ്ങി​യി​ട്ടു​ള്ള​തും ഒരു നല്ല നീ​ള​മു​ള്ള ഇട​നാ​ഴി​യാൽ കൂ​ട്ടി​ച്ചേർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മായ ഈ മു​റി​ക്കു രണ്ടു ജനാ​ല​യും, റ്യു ദെ ഗ്രെ​സു് എന്ന ചെറു തെ​രു​വി​ലേ​ക്കി​റ​ങ്ങാൻ ഒരു നി​ഗു​ഢ​ക്കോ​ണി​യോ​ടു​കൂ​ടി പു​റ​ത്തേ​ക്കു ഒരു വാ​തി​ലു​മു​ണ്ടു്. ഇവി​ടെ​യി​രു​ന്നു അവർ ചു​രു​ട്ടു വലി​ക്കും. മദ്യം കഴി​ക്കും, ചൂതു കളി​ക്കും, പൊ​ട്ടി​ച്ചി​രി​ക്കും. ഇവി​ടെ​യി​രു​ന്നു് അവർ സക​ല​ത്തെ​ക്കു​റി​ച്ചും ഉച്ച​ത്തി​ലും മറ്റു​ള്ള​വ​യെ​ക്കു​റി​ച്ചു പതു​ക്കെ​യും സം​സാ​രി​ക്കും. പ്ര​ജാ​ഭ​ര​ണ​കാ​ല​ത്തു​ള്ള ഫ്രാൻ​സി​ന്റെ ഒരു ഭൂപടം ചു​മ​രി​ന്മേൽ തറച്ചിട്ടുണ്ട്-​ഒരു പൊ​ല്ലീ​സ്സു​കാ​ര​ന്നു സംശയം ജനി​പ്പി​ക്കു​വാൻ ധാ​രാ​ളം മതി​യായ ഒരു ചി​ഹ്നം.

എബിസി സു​ഹൃ​ത്തു​ക്ക​ളിൽ അധികം പേരും വി​ദ്യാർ​ഥി​ക​ളാ​ണു്: അവർ കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യി വലിയ സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു. പ്ര​മു​ഖ​ന്മാ​രു​ടെ പേർ പറയാം. ഒരു നി​ല​യ്ക്ക് ഈ പേ​രു​ക​ളെ​ല്ലാം ചരി​ത്ര​ത്തോ​ടു ചേർ​ന്ന​വ​യാ​ണ്

ആൻ​ഷൊൽ​രാ, കോം​ബ്ഹെർ, ഴാ​ങ്പ്രു​വെർ, ഫെ​യ്ലി, കുർ​ഫെ​രാ​ക്ക്, ബയോ​രെൽ, ലെഗ്ൽ, ഴൊലി. ഗ്ര​ന്തേർ.

ഈ ചെ​റു​പ്പ​ക്കാർ സൗ​ഹാർ​ദ്ദ​ബ​ന്ധം​വ​ഴി​ക്ക് ഒരു​ത​രം കു​ടും​ബ​മാ​യി​രു​ന്നു. ലെഗ്ൽ ഒഴി​ച്ചു സക​ല​രും തെ​ക്കൻ​പ്ര​ദേ​ശ​ത്തു​കാ​രാ​ണു്.

ഇതൊ​രെ​ണ്ണം​പ​റ​ഞ്ഞ സം​ഘ​മാ​യി​രു​ന്നു. ഇതു നമ്മു​ടെ പി​ന്നിൽ​ക്കി​ട​ക്കു​ന്ന അദൃ​ശ്യ​ക്കു​ണ്ടു​ക​ളിൽ മറ​ഞ്ഞു​പോ​യി. ഈ നാ​ട​ക​ത്തിൽ ഇപ്പോൾ നാം എത്തി​യി​ട്ടു​ള്ള ഭാ​ഗ​ത്തു​നി​ന്നു നോ​ക്കു​മ്പോൾ, ഇനി അവർ വ്യ​സ​ന​ക​ര​മായ ഒരപകട സം​ഭ​വ​ത്തിൽ ആണ്ടു​പോ​കു​ന്ന​താ​യി വാ​യ​ന​ക്കാർ കണ്ടു​ക​ഴി​യും​മുൻ​പെ, ആ യൗ​വ​ന​യു​ക്ത​ങ്ങ​ളായ ശി​ര​സ്സു​കൾ​ക്കു​മേൽ ഒരു വെ​ളി​ച്ചം തട്ടി​ക്കു​ന്ന​തു്. പക്ഷേ, അനാ​വ​ശ്യ​മാ​യി എന്നു വരി​ല്ല.

ഞങ്ങൾ എല്ലാ​റ്റി​ലും​വെ​ച്ച് ആദ്യ​മാ​യി എടു​ത്തു​പ​റ​ഞ്ഞ പേരുകാരൻ-​അതെന്തുകൊണ്ടെന്നു വഴിയേ അറിയാം-​ആൻഷൊൽരാ ഏക​പു​ത്ര​നും ധനി​ക​നു​മാ​ണ്

ഭയ​ങ്ക​ര​നാ​യി​ത്തീ​രാൻ കഴി​യു​മാ​യി​രു​ന്ന ഒരു സു​ഭ​ഗ​യു​വാ​വാ​ണു് ആൻ​ഷൊൽ​രാ. അയാൾ ഒരു ദേ​വ​നെ​പ്പോ​ലെ സു​ന്ദ​ര​നാ​ണു്. അയാൾ ഒരു കാ​ട​നായ ആന്തി​നോ​വു​സ്സാ​ണ് [2] അയാ​ളു​ടെ നോ​ട്ട​ത്തി​ലു​ള്ള ആ സവി​ഷാ​ദ​മായ ആലോ​ച​നാ​ശീ​ലം കാ​ണു​ന്ന​വൻ, അയാൾ മുൻ​ജ​ന്മ​ത്തിൽ​ത്ത​ന്നെ ഭര​ണ​പ​രി​വർ​ത്ത​ന​സം​ബ​ന്ധി​യായ ‘വെ​ളി​പാ​ടു’ കട​ന്നു​പോ​ന്നി​രി​ക്കു​ന്നു എന്നു് പറയും. അതി​ന്റെ കഥ​യൊ​ക്കെ അയാൾ​ക്ക് കണ്ടി​ട്ടു​ള്ള​തിൻ​വ​ണ്ണ​മ​റി​യാം. ആ മഹാ​സം​ഭ​വ​ത്തി​ന്റെ ഏതു നി​സ്സാ​ര​ഭാ​ഗ​വും അയാൾ​ക്കു സു​പ​രി​ചി​ത​മാ​ണു്. ആരാ​ധ​ന​ത്തി​ലും ആയോ​ധ​ന​ത്തി​ലും വൈ​ദ​ഗ്ധ്യ​മു​ള്ള സ്വഭാവം-​ഒരു യു​വാ​വി​ന്റെ ഒര​സാ​ധാ​ര​ണ​വ​സ്തു. അയാൾ ഈശ്വ​രാ​രാ​ധ​ക​നായ ഒരു മതാ​ചാ​ര്യ​നും ഒരു യു​ദ്ധ​വി​ദ​ഗ്ധ​നു​മാ​ണു്: ഇപ്പോ​ഴ​ത്തെ നി​ല​യ്ക്കു നോ​ക്കു​മ്പോൾ, പൊ​തു​ജ​ന​സ്വാ​ത​ന്ത്ര്യ​ത്തി​ന്നു​വേ​ണ്ടി യു​ദ്ധം ചെ​യ്യു​ന്ന ഒരു ഭടൻ; താൽ​ക്കാ​ലി​ക​സ്ഥി​തി​യെ കവ​ച്ചു​നോ​ക്കു​മ്പോൾ, ആദർ​ശ​ത്തി​ന്റെ ഒരാ​രാ​ധ​കൻ. അയാ​ളു​ടെ കണ്ണു​കൾ അഗാ​ധ​ങ്ങ​ളും, കൺ​പോ​ള​കൾ ഇളം ചു​വ​പ്പു​ള്ള​വ​യും, താ​ഴ​ത്തെ ചു​ണ്ടു് കനം കൂ​ടി​യ​തും ക്ഷ​ണ​ത്തിൽ പു​ച്ഛ​മ​യ​മാ​യി​ത്തീ​രു​ന്ന​തും, നെ​റ്റി​ത്ത​ടം ഉയർ​ന്ന​തു​മാ​ണു്. ഒരു മു​ഖ​ത്തു കൂ​ടു​ത​ലാർ​ന്ന നെ​റ്റി​ത്ത​ടം ഒരു ദൂ​ര​ക്കാ​ഴ്ച​യിൽ​കൂ​ടു​ത​ലാർ​ന്ന ആകാ​ശാ​ന്തം​പോ​ലെ​യാ​ണു്. ഈ നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​ത്തി​ലും കഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ത്തി​ലും ചെ​റു​പ്പ​ത്തിൽ​ത്ത​ന്നെ പ്ര​മാ​ണി​ക​ളാ​യി​ത്തീ​രു​ന്ന ചില യു​വാ​ക്ക​ളു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഇയാൾ അതി​യായ യൗ​വ​ന​ത്താൽ അനു​ഗൃ​ഹീ​ത​നും, ഇട​യ്ക്കി​ട​യ്ക്കു വർ​ണ​ഭേ​ദം വരാ​റു​ണ്ടെ​ങ്കി​ലും, ഒരു പെൺ​കു​ട്ടി​യെ​പ്പോ​ലെ ചന്ത​മു​ള്ള തു​ടു​പ്പു​നി​റ​ത്തോ​ടു കൂ​ടി​യ​വ​നു​മാ​യി​രു​ന്നു. ഒരാ​ളോ​ളം പോ​ന്നു​വെ​ങ്കി​ലും, അയാൾ ഒരു കു​ട്ടി​യാ​ണെ​ന്നേ തോ​ന്നു. അയാ​ളു​ടെ ഇരു​പ​ത്തി​ര​ണ്ടു വയ​സ്സി​നു പതി​നേ​ഴി​ന്റേ​യേ മട്ടു​ള്ളു; അയാൾ സഗൗ​ര​വ​നാ​ണു്; ലോ​ക​ത്തിൽ സ്ത്രീ എന്നൊ​രു സാ​ധ​ന​മു​ണ്ടെ​ന്നു് അയാൾ അറി​ഞ്ഞി​ട്ടു​ണ്ടെ​ന്നു തോ​ന്നി​യി​ല്ല. അയാൾ​ക്ക് ഒരു വി​ചാ​ര​മേ ഉള്ളൂ-​ധർമ്മം; ഒരാ​ലോ​ച​ന​യേ ഉള്ളു-​തടസ്സങ്ങളെ തവി​ടാ​ക്ക​ണം. അവ​ന്തിൻ​പർ​വ​താ​ഗ്ര​ത്തിൽ അയാൾ ഗ്രാ​കു​സ്സാ​യി​രി​ക്കും; [3] പ്ര​തി​നി​ധി​യോ​ഗ​ത്തിൽ, സാങ്-​ഴുസ്തും. അയാൾ പനി​നീർ​പ്പൂ കണ്ടി​ട്ടു​ണ്ടോ എന്നു് സം​ശ​യ​മാ​ണു്; അയാൾ വസ​ന്തം നോ​ക്കാ​റി​ല്ല; അയാൾ പക്ഷി​ക​ളു​ടെ ഗാനം കേ​ട്ടി​ട്ടേ ഇല്ല; എവ​ദ്നെ [4] യുടെ കണ്ഠ​ശു​ദ്ധി അരി​സ്തൊ​ഗൈ​തൊ​നെ [5] എത്ര​ക​ണ്ടു് രസി​പ്പി​ക്കു​മാ​യി​രു​ന്നു​വോ അതിൽ ഒട്ടു​മ​ധി​കം അയാ​ളെ​യും രസി​പ്പി​ക്കു​ക​യി​ല്ല; ഹാർ​മോ​ദ്യു​സ്സി​നെ [6] പ്പോ​ലെ വാ​ളൊ​ളി​പ്പി​ക്കു​വാ​ന​ല്ലാ​തെ പു​ഷ്പ​ങ്ങ​ളെ​ക്കൊ​ണ്ടു യാ​തൊ​രു ഗു​ണ​വും അയാൾ കണ്ടി​ട്ടി​ല്ല. സു​ഖാ​നു​ഭ​വ​ങ്ങ​ളിൽ അയാൾ കഠി​ന​നാ​ണു്. പ്ര​ജാ​ധി​പ​ത്യ​മ​ല്ലാ​ത്ത സക​ല​ത്തി​നു​മുൻ​പി​ലും അയാൾ നി​ഷ്ഠ​ത​യോ​ടു​കൂ​ടി കണ്ണു ചി​മ്മും. അയാൾ സ്വ​ത​ന്ത്ര​ത​യു​ടെ വെ​ണ്ണ​ക്കൽ​ക്കാ​മു​ക​നാ​ണു്. അയാ​ളു​ടെ പ്ര​സം​ഗം പരു​ഷ​മായ വി​ധ​ത്തിൽ ഈശ്വ​ര​പ്രേ​രി​ത​മാ​ണു്; അതി​നു് ഒരു കീർ​ത്ത​ന​ത്തി​ന്റെ ഹൃ​ദ​യ​സ്പർ​ശി​ത്വ​മു​ണ്ടു്. ആത്മാ​വി​ന്റെ അപ്ര​തീ​ക്ഷി​ത​ങ്ങ​ളായ സ്ഫു​ടീ​ക​ര​ണ​ങ്ങൾ​ക്ക് അയാൾ വശം​വ​ദ​ന​ത്രേ. അയാ​ളു​ടെ അടു​ക്കൽ​ച്ചെ​ന്നു തല​ത​ല്ലു​ന്ന അനു​രാ​ഗ​ക​ഥ​യു​ടെ കാ​ര്യം കഷ്ടം​ത​ന്നെ! പ്ലാ​സ്പ്രെ​യി​ലെ​യോ റ്യു സാങ് ഴാങ് ദ്-​ബോവെയിലെയോ ഏതെ​ങ്കി​ലും പെൺ​കി​ടാ​വു സർ​വ​ക​ലാ​ശാല വി​ട്ടി​റ​ങ്ങു​ന്ന ആ യു​വാ​വി​ന്റെ മു​ഖ​വും, ആ ഭൃ​ത്യ​വേ​ഷ​വും, ആ നീണ്ട തങ്ക​റി​ന​ക്കൺ​പോ​ള​ക​ളും, നീ​ല​ക്ക​ണ്ണു​ക​ളും, കാ​റ്റ​ത്തു് അല​യ​ടി​ക്കു​ന്ന തല​മു​ടി​യും, തു​ടു​ത്ത കവി​ളു​ക​ളും, നന​വു​ള്ള ചു​ണ്ടു​ക​ളും, മനോ​ഹ​ര​മായ പല്ലും കണ്ടു്, ആ തി​ക​ഞ്ഞ അരു​ണോ​ദ​യ​ത്തി​ന്മേൽ രുചി തോ​ന്നി, തന്റെ സൗ​ന്ദ​ര്യ​ത്തെ ആൻ​ഷൊൽ​രാ​യു​ടെ നേരെ പ്ര​യോ​ഗി​ക്കാൻ പു​റ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ, സം​ഭ്ര​മി​പ്പി​ച്ചു​ക​ള​യു​ന്ന​തും, പേ​ടി​പ്പെ​ടു​ത്തു​ന്ന​തു​മായ ഒരു നോ​ട്ടം പെ​ട്ടെ​ന്നു പാ​താ​ളം അവൾ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും, എസി​കി​യെ​ലൂ​ടെ [7] ശക്തൻ ദേ​വ​ദൂ​ത​നെ ബൊ​മാർ​ഷെ​യു​ടെ രസികൻ ദേ​വ​ദൂ​ത​നു​മാ​യി കൂ​ട്ടി​മ​റി​ച്ചാ​ല​ത്തെ വൈ​ഷ​മ്യം അവളെ പഠി​പ്പി​ക്കു​ക​യും ചെ​യ്യും.

ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ലെ ന്യാ​യ​ശാ​സ്ത്ര​ത്തെ കാ​ണി​ക്കു​ന്ന ആൻ​ഷൊൽ​രാ​യെ​പ്പോ​ലെ കോം​ബ്ഫേർ അതിലെ തത്ത്വ​ശാ​സ്ത്ര​ത്തെ കാ​ണി​ക്കു​ന്നു. ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ലെ ന്യാ​യ​ശാ​സ്ത്ര​ത്തി​നും തത്ത്വ​ശാ​സ്ത്ര​ത്തി​നും തമ്മിൽ ഈയൊരു വ്യത്യാസമുണ്ട്-​അതിന്റെ ന്യാ​യ​ശാ​സ്ത്രം യു​ദ്ധ​ത്തിൽ ചെ​ന്ന​വ​സാ​നി​ച്ചേ​യ്ക്കാം; എന്നാൽ അതി​ന്റെ തത്ത്വ​ശാ​സ്ത്രം സമാ​ധാ​ന​ത്തിൽ മാ​ത്ര​മേ ചെ​ന്നു​നി​ല്ക്കൂ. കോം​ബ്ഫെ​റാ​ക​ട്ടേ ആൻ​ഷൊൽ​രാ​യെ പൂ​രി​പ്പി​ക്കു​ക​യും തെ​റ്റു​തീർ​ക്കു​ക​യും ചെ​യ്യു​ന്നു. അയാൾ​ക്ക് ഔന്ന​ത്യം കു​റ​യും, പക്ഷേ, വി​സ്താ​രം കൂടും. അയാൾ​ക്കാ​വ​ശ്യം, സാ​ധാ​ര​ണ​നി​യ​മ​ങ്ങ​ളു​ടെ വ്യാ​പ്തി കൂടിയ മൂ​ല​ത​ത്ത്വ​ങ്ങ​ളെ എല്ലാ മന​സ്സു​ക​ളി​ലേ​ക്കും സം​ക്ര​മി​പ്പി​ക്കു​ക​യാ​ണു്. അയാൾ പറയും: ‘ഭര​ണ​പ​രി​വർ​ത്ത​നം, പക്ഷേ, മനഃ​പ​രി​ഷ്കാ​രം;’ പർ​വ​ത​ത്തി​ന്റെ കൊ​ടു​മു​ടി​ക്കു ചു​റ്റും അയാൾ നീ​ല​ച്ച ആകാ​ശ​ത്തി​ന്റെ ഒരു പരന്ന കാഴ്ച തു​റ​ന്നു​വെ​ക്കു​ന്നു. ആൻ​ഷൊൽ​രാ​യു​ടെ അടു​ത്തു​ള്ള​തി​ല​ധി​കം കൊം​ബ്ഫെ​റു​ടെ അടു​ക്ക​ലാ​വു​മ്പോ​ഴാ​ണു് ഭര​ണ​പ​രി​വർ​ത്ത​നം ജീ​വി​ത​യോ​ഗ്യ​മാ​വു​ന്ന​തു്. ആൻ​ഷൊൽ​രാ അതി​ന്റെ ദൈ​വി​കാ​വ​കാ​ശ​ത്തെ കാ​ണി​ക്കു​ന്നു; കൊം​ബ്ഫേർ അതി​ന്റെ സഹ​ജാ​വ​കാ​ശ​ത്തെ​യും, ഒന്നാ​മ​ത്തെ​യാൾ അടു​ക്കു​ന്ന​തു രൊ​ബെ​പി​യ​രോ​ടാ​ണു്; രണ്ടാ​മ​ത്തെ​യാൾ കൊ​ങ്ദൊർ​സെ​യോ​ടും, ആൻ​ഷൊൽ​രാ​യെ​ക്കാ​ള​ധി​കം കൊം​ബ്ഫെ​റാ​ണു് ലോ​ക​സാ​ധാ​ര​ണ​മാ​യി ജീ​വി​തം നയി​ക്കു​ന്ന​തു്. ഈ രണ്ടു ചെ​റു​പ്പ​ക്കാർ​ക്കും ചരി​ത്ര​ത്തി​ലെ​ത്താൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കിൽ ഒരാൾ നീ​തി​മാ​നും മറ്റാൾ ജ്ഞാ​നി​യു​മാ​യേ​നേ. ആൻ​ഷൊൽ​രാ​യ്ക്കാ​ണു് അധികം ഉന്മേ​ഷം; കൊം​ബ്ഫെർ​ക്കു ദയ കൂടും. ഉശി​രും മനുഷ്യത്വവും-​അവരുടെ ഭി​ന്ന​സ്വ​ഭാ​വ​ങ്ങ​ളു​ടെ യഥാർ​ഥ​ഫ​ലം ഇതാ​ണു്. പ്ര​കൃ​തി​സി​ദ്ധ​മായ നിർ​മ​ല​ത​യിൽ ആൻ​ഷൊൽ​രാ എത്ര​ക​ണ്ടു കഠി​ന​നോ, കൊം​ബ്ഫെർ അത്ര​ക​ണ്ടു സൗ​മ്യ​നാ​യി​രു​ന്നു. അയാൾ​ക്കു പൗരൻ എന്ന വാ​ക്ക് ഇഷ്ട​മാ​ണു്; പക്ഷേ, മനു​ഷ്യൻ എന്ന പേ​രാ​ണു് തൃ​പ്തി. സ്പെ​യിൻ​കാ​രെ​പ്പോ​ലെ അയാൾ ‘ആൾ’ എന്നു പറ​ഞ്ഞേ​നേ. അയാൾ സക​ല​വും വാ​യി​ക്കും, നാ​ട​ക​ശാ​ല​ക​ളിൽ പോവും; പ്ര​സം​ഗ​ങ്ങ​ളു​ള്ളേ​ട​ത്തൊ​ക്കെ ചെ​ല്ലും; വെ​ളി​ച്ച​ത്തി​ന്റെ പ്ര​സ​ര​ണ​സ്വ​ഭാ​വം അയാൾ അര​ഗോ​വിൽ​നി​ന്നു [8] ധരി​ച്ചി​ട്ടു​ണ്ടു്; മു​ഖ​ത്തേ​യും തല​ച്ചോ​റി​നേ​യും ഉണ്ടാ​ക്കി​ത്തീർ​ക്കു​ന്ന ബാ​ഹ്യാ​ഭ്യ​ന്തര രക്ത​നാ​ഡി​യു​ടെ ഇര​ട്ട​പ്ര​വൃ​ത്തി​ക​ളെ വി​വ​രി​ക്കു​ന്ന ഇയൊ​ഫ്ര​സാ​ങ്തി​ലെ​രു​ടെ [9] ഒരു പ്ര​സം​ഗം അയാ​ളു​ടെ തല​യ്ക്കു പി​ടി​ച്ചു; അപ്പ​പ്പോൾ നട​ക്കു​ന്ന​തെ​ല്ലാം അയാൾ ധരി​ച്ചു​വെ​ക്കും; പ്ര​കൃ​തി​ശാ​സ്ത്ര​ത്തി​ന്റെ പടി​പ​ടി​യാ​യു​ള്ള കയ​റ്റ​ത്തെ അയാൾ പി​ന്തു​ട​രും, സാങ്-​സിമോവിനേയും [10] ഫൂ​രി​യെ​യേ​യും [11] പറ്റി താ​ര​ത​മ്യ​വി​വേ​ച​നം ചെ​യ്യും. പു​രാ​തന ചി​ത്ര​ലി​പി​കൾ വാ​യി​ക്കാൻ പഠി​ക്കും; കണ്ണിൽ​ക്ക​ണ്ട വെ​ള്ളാ​ര​ങ്ക​ല്ലു തച്ചു​ട​ച്ചു ഭൂ​ത​ത്ത്വ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു യു​ക്തി​വാ​ദം ചെ​യ്യും. പട്ടു​നൂൽ​പ്പു​ഴു​വി​നെ ഓർ​മ​വെ​ച്ചു വി​വ​രി​ക്കും; പണ്ഡി​ത​യോ​ഗം​വക നി​ഘ​ണ്ടു​വി​ലെ ഭാ​ഷാ​തെ​റ്റു​കൾ ചൂ​ണ്ടി​ക്കാ​ണി​ക്കും; എന്തൊ​ന്നി​നെ​ത്ത​ന്നെ​യും, അത്ഭു​ത​പ്ര​വൃ​ത്തി​ക​ളെ​ക്കൂ​ടി​യും, സമ്മ​തി​ക്കാ​തി​രി​ക്കും; എന്തൊ​ന്നി​നേ​യും, പ്രേ​ത​ങ്ങ​ളെ​പ്പോ​ലും നി​ഷേ​ധി​ക്കാ​തി​രി​ക്കും; മൊ​നി​ത്യെ പത്ര​ത്തി​ന്റെ പഴയ ലക്ക​ങ്ങൾ മറി​ച്ചു​നോ​ക്കി മനോ​രാ​ജ്യം വി​ചാ​രി​ക്കും; അയാൾ ഭാ​വി​യു​ടെ കി​ട​പ്പു് ഉപാ​ധ്യാ​യ​ന്മാ​രി​ലാ​ണെ​ന്നു സി​ദ്ധാ​ന്തി​ക്കും; അതി​നാൽ വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ങ്ങ​ളിൽ എപ്പോ​ഴും ശ്ര​ദ്ധ​വെ​ക്കും. സദാ​ചാ​ര​ത്തേ​യും അറി​വി​നേ​യും സം​ബ​ന്ധി​ച്ചു​ള്ള സ്ഥി​തി പൊ​ന്തി​ക്കു​വാ​നും, പ്ര​കൃ​തി​ശാ​സ്ത്ര​മു​ണ്ടാ​ക്കു​വാ​നും, അഭി​പ്രാ​യ​ങ്ങ​ളെ പ്ര​ച​രി​പ്പി​ക്കു​വാ​നും, യു​വാ​ക്ക​ന്മാ​രിൽ ഉന്മേ​ഷം വർ​ദ്ധി​പ്പി​ക്കു​വാ​നും ഇട​വി​ടാ​തെ സമു​ദാ​യം യത്നി​ക്ക​ണ​മെ​ന്നാ​ണു് അയാ​ളു​ടെ ആവ​ശ്യം; രീ​തി​വൈ​ചി​ത്ര്യ​ങ്ങൾ​ക്കു​ള്ള ഇന്ന​ത്തെ ദാ​രി​ദ്ര്യ​വും ഭാ​ഷാ​ശു​ദ്ധി​യു​ള്ള​തെ​ന്നു പറ​യ​പ്പെ​ടു​ന്ന രണ്ടു​മൂ​ന്നു നൂ​റ്റാ​ണ്ടോ​ള​മാ​യി സാ​ഹി​ത്യാ​ഭി​വൃ​ദ്ധി​ക്കു​ണ്ടാ​യി​ട്ടു​ള്ള കു​റ​വും, ജ്ഞാ​ന​ല​വ​ദുർ​വി​ദ​ഗ്ദ്ധ​ന്മാ​രു​ടെ പര​മ​ദു​ഷ്ട​ങ്ങ​ളായ സി​ദ്ധാ​ന്ത​ങ്ങ​ളും, പണ്ഡി​ത​ന്മാ​രു​ടെ അന്ധാ​ളി​ത്ത​ങ്ങ​ളും, ആചാ​ര​ങ്ങ​ളും നമ്മു​ടെ സർ​വ​ക​ലാ​ശാ​ല​ക​ളെ​യെ​ല്ലാം കൃ​ത്രി​മ​ങ്ങ​ളായ ചില കക്ക​ത്ത​ട​ങ്ങ​ളാ​ക്കി മാ​റ്റി​ക്ക​ള​യു​മോ എന്ന​യാൾ ഭയ​പ്പെ​ട്ടി​രു​ന്നു. അയാൾ പഠി​പ്പു​ള്ള​വ​നാ​ണു്, ഭാ​ഷാ​ശു​ദ്ധി​ക്കാ​ര​നാ​ണു്, കണി​ശ​ക്കാ​ര​നാ​ണു്, ശി​ല്പ​വി​ദ്യാ​ല​യ​ത്തി​ലെ ഒരു ബി​രു​ദ​ധാ​രി​യാ​ണു്, ഒരു ശ്ര​ദ്ധാ​ലു​വായ ജി​ജ്ഞാ​സു​വാ​ണു്, അതോ​ടൊ​പ്പം തന്നെ ആലോ​ച​നാ​ശീ​ല​നു​മാ​ണു്. ‘വലിയ മനോ​രാ​ജ്യ​ക്കാ​ര​നാ​ണു്,’ അയാ​ളു​ടെ സു​ഹൃ​ത്തു​ക്കൾ പറയും. അയാൾ എല്ലാ​വി​ധം സ്വ​പ്ന​ങ്ങ​ളി​ലും, തീ​വ​ണ്ടി​പ്പ​ണി​ക​ളി​ലും, ശസ്ത്ര​പ്ര​യോ​ഗം​കൊ​ണ്ടു വേദന മാ​റ്റു​ന്ന​തി​ലും, ഇരു​ട്ടു​മു​റി​യിൽ പ്ര​തി​മ​ക​ളെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​ലും, വി​ദ്യു​ച്ഛ​ക്തി​കൊ​ണ്ടു കമ്പി​യ​ടി​ക്കു​ന്ന​തി​ലും, വി​മാ​ന​ങ്ങ​ളോ​ടി​ക്കു​ന്ന​തി​ലും വി​ശ്വ​സി​ച്ചി​രു​ന്നു. എന്ന​ല്ല, അന്ധ​വി​ശ്വാ​സം, സ്വേ​ച്ഛാ​പ്ര​ഭു​ത്വം, പക്ഷ​ഭേ​ദം എന്നി​തു​ക​ളാൽ മനു​ഷ്യ​ന്റെ ഏതു ഭാ​ഗ​ത്തും ഇള​ക്കാൻ വയ്യാ​ത്ത​വി​ധം കെ​ട്ടി​യു​റ​പ്പി​ക്ക​പ്പെ​ട്ട കോ​ട്ട​ക​ളെ​ക്കു​റി​ച്ച് അയാൾ​ക്കു വലിയ ഭയ​മി​ല്ലാ​യി​രു​ന്നു. പ്ര​കൃ​തി​ശാ​സ്ത്രം ഒടു​വിൽ എല്ലാം ശരി​പ്പെ​ടു​ത്തു​മെ​ന്നു​ള്ള വി​ശ്വാ​സ​ക്കാ​രിൽ ഒരാ​ളാ​യി​രു​ന്നു അയാൾ. ആൻ​ഷൊൽ​രാ ഒരു പ്ര​മു​ഖ​നാ​ണു്, കൊം​ബ്ഫെർ ഒരു നേ​താ​വാ​ണു്. ഒരാ​ളു​ടെ കീ​ഴിൽ​നി​ന്നു പൊ​രു​താ​നും മറ്റാ​ളു​ടെ കൂടെ സധൈ​ര്യം മു​മ്പോ​ട്ടു തള്ളി​ക്ക​യ​റാ​നും രസം തോ​ന്നും. കൊം​ബ്ഫെർ​ക്കു യു​ദ്ധം​ചെ​യ്യാൻ വയ്യെ​ന്ന​ല്ല പറ​യു​ന്ന​തു്, തട​സ്സ​വു​മാ​യി നേ​രി​ട്ടു​നി​ന്നു ദ്വ​ന്ദ്വ​യു​ദ്ധം ചെ​യ്വാ​നും ശക്തി​കൊ​ണ്ടു​ത​ന്നെ അതിനെ ഉട​ച്ചു​ക​ള​യാ​നും അയാൾ​ക്കു മടി​യി​ല്ല. പക്ഷേ, മനു​ഷ്യ​ജാ​തി​യെ അതി​ന്റെ ഈശ്വ​ര​വി​ധി​യു​മാ​യി ക്ര​മ​ത്തിൽ വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടും പ്ര​ത്യ​ക്ഷ​പ്ര​മാ​ണ​ങ്ങ​ളു​ടെ പ്ര​ബോ​ധ​നം​കൊ​ണ്ടും ശരി​യായ തത്ത്വ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം​കൊ​ണ്ടും ഇണ​ക്കി​ക്കൊ​ണ്ടു പോ​കു​ന്ന​താ​ണു് അയാൾ​ക്ക് അധികം ഇഷ്ടം. രണ്ടു വെ​ളി​ച്ച​ങ്ങ​ളു​ള്ള​തിൽ, ആളി​ക്ക​ത്തു​ന്ന​തി​നെ​ക്കാൾ കത്തി​പ്ര​കാ​ശി​ക്കു​ന്ന​താ​ണു് അയാൾ​ക്ക് അധികം ഇഷ്ടം. ആളി​ക്ക​ത്തൽ ഒരു പ്ര​ഭാ​പ​രി​ധി​യെ ഉണ്ടാ​ക്കും. സം​ശ​യ​മി​ല്ല. എന്നാൽ എന്തു​കൊ​ണ്ടു പ്ര​ഭാ​ത​ത്തെ​യും കാ​ത്തി​രു​ന്നു​കൂ​ടാ? ഒര​ഗ്നി​പർ​വ​തം കത്തി​പ്ര​കാ​ശി​ക്കു​ന്നു, പക്ഷേ, അരു​ണോ​ദ​യം അതി​ലും നല്ല ഒരു വെ​ളി​ച്ച​ത്തെ ഉണ്ടാ​ക്കി​ത്ത​രു​ന്നു. ഒരു സമയം കൊം​ബ്ഫെർ​ക്കു സൗ​ന്ദ​ര്യ​ത്തി​ന്റെ വെ​ളു​പ്പാ​യി​രി​ക്കാം വി​ശി​ഷ്ട​ത​യു​ടെ മി​ന്ന​ലി​നെ​ക്കാൾ ഇഷ്ട​മേ​റി​യ​തു്. പു​ക​യെ​ക്കൊ​ണ്ടു തക​രാ​റായ വെ​ളി​ച്ചം, അക്രമ പ്ര​വൃ​ത്തി​യാ​കു​ന്ന വില കൊ​ടു​ത്തു വാ​ങ്ങിയ അഭി​വൃ​ദ്ധി, സര​ള​വും സഗൗ​ര​വ​വു​മായ ഈ ആത്മാ​വി​നെ പകു​തി​യേ തൃ​പ്തി​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളു. സത്യ​സ്ഥി​തി​യി​ലേ​ക്കു​ള്ള ഒരു ജന​സ​മു​ദാ​യ​ത്തി​ന്റെ കു​ത്തി​ച്ചാ​ട്ടം, ഒരു 1793, അയാളെ പേ​ടി​പ്പെ​ടു​ത്തി; എങ്കി​ലും കെ​ട്ടി​നി​ല്ക്കൽ അയാൾ​ക്ക് അതി​ലു​മ​ധി​കം നീ​ര​സ​പ്ര​ദ​മാ​ണു്; അതിൽ അളി​യ​ലും നശി​ക്ക​ലു​മാ​ണു് അയാൾ കണ്ട​തു്, ആക​പ്പാ​ടെ വി​ഷ​വാ​യു​വി​നെ​ക്കാ​ള​ധി​കം അഴു​ക്കാ​യി​രു​ന്നു അയാൾ​ക്കി​ഷ്ടം; കു​പ്പ​ക്കു​ണ്ടി​നെ​ക്കാ​ള​ധി​കം വെ​ള്ള​ച്ചാ​ട്ട​മാ​ണു് അയാൾ​ക്കു തൃ​പ്തി; മൊ​ങ്ഫൊ​സൊ​ത​ടാ​ക​ത്തെ​ക്കാ​ളും നയാ​ഗ​രാ നിർ​ഝ​രം. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ നി​ല്പും ഓട്ട​വും അയാൾ​ക്കി​ഷ്ട​മ​ല്ല. ലഹ​ള​ക്കാ​രായ ചങ്ങാ​തി​മാർ കേ​വ​ല​ത്വ​ത്തിൽ മതി​മ​റ​ന്നു മഹ​ത്ത​ര​ങ്ങ​ളായ ഭരണ പരി​വർ​ത്ത​ന​ശ്ര​മ​ങ്ങ​ളെ ആരാ​ധി​ക്കു​ക​യും ആവാ​ഹി​ക്കു​ക​യും ചെ​യ്യു​മ്പോൾ, കൊം​ബ്ഫെർ അഭി​വൃ​ദ്ധി​ക്കു, ശരി​യായ അഭി​വൃ​ദ്ധി​ക്കു, വഴി​വ​ഴ​ങ്ങി​ക്കൊ​ടു​ത്തു നി​ല്ക്കാ​നാ​ണു് ഇഷ്ട​പ്പെ​ട്ടി​രു​ന്ന​തു്; അയാൾ​ക്കു ചൊടി പോരായിരിക്കാം-​പക്ഷേ, ശു​ദ്ധ​നാ​ണു്; അയാൾ ക്ര​മ​പ്ര​കാ​ര​മേ നടക്കു-​പക്ഷേ, നി​രാ​ക്ഷേ​പ​നാ​ണു്; ചുണ കുറഞ്ഞവനാണ്-​പക്ഷേ, അക്ഷോ​ഭ്യൻ. ഭാ​വി​കാ​ല​ത്തെ അതി​ന്റെ സക​ല​മാ​ഹാ​ത്മ്യ​ത്തോ​ടും​കൂ​ടി വന്നെ​ത്താൻ സഹാ​യി​ക്കു​ന്ന​തി​നും മനു​ഷ്യ​വർ​ഗ​ത്തി​ന്റെ അപാ​ര​വും അത്യുൽ​കൃ​ഷ്ട​വു​മായ പരി​ണാ​മ​ഗ​തി​യെ യാ​തൊ​ന്നും തട​യാ​തി​രി​ക്കു​ന്ന​തി​നു​മാ​യി വേ​ണ​മെ​ങ്കിൽ കൊം​ബ്ഫെർ മു​ട്ടു​കു​ത്തി കൈ കെ​ട്ടി ഇരു​ന്നു​കൊ​ള്ളും. ‘നല്ല​തു നിർ​ദ്ദോ​ഷ​മാ​യി​രി​ക്ക​ണം,’ അയാൾ എപ്പോ​ഴും ആവർ​ത്തി​ച്ചി​രു​ന്നു. എന്ന​ല്ല, വാ​സ്ത​വ​ത്തിൽ ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ മാ​ഹാ​ത്മ്യ​മി​രി​ക്കു​ന്ന​തു മുൻ​പിൽ കണ്ണ​ഞ്ചി​ക്കു​ന്ന ആദർ​ശ​ത്തെ വി​ടാ​തെ നിർ​ത്തു​ക​യും തു​ണ്ഡ​ങ്ങൾ​ക്കി​ട​യിൽ തി​യ്യോ​ടും ചോ​ര​യോ​ടും​കൂ​ടി മി​ന്ന​ല്പി​ണ​രു​കൾ​ക്കു​ള്ളി​ലൂ​ടെ അങ്ങോ​ട്ടു പറ​ന്നെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലാ​ണെ​ങ്കിൽ, അഭി​വൃ​ദ്ധി​യു​ടെ സൗ​ഭാ​ഗ്യ​മി​രി​ക്കു​ന്ന​തു നി​ഷ്ക​ള​ങ്ക​ത​യി​ലാ​ണു്; ഒന്നി​നു​ദാ​ഹ​ര​ണ​മായ വാ​ഷി​ങ്ട​ന്നും മറ്റേ​തി​ന്റെ അവ​താ​ര​മൂർ​ത്തി​യായ ദന്തോ​ങ്ങി​നും മധ്യേ അര​യ​ന്ന​ത്തേ​യും കഴു​കിൻ ചി​റ​കോ​ടു​കൂ​ടിയ ദേ​വ​ദൂ​ത​നേ​യും അക​ത്തി​നിർ​ത്തു​ന്ന ആ ഒരു വ്യ​ത്യാ​സ​മു​ണ്ടു്.

ഴാ​ങ്പ്രു​വെ​റാ​ക​ട്ടേ, കൊം​ബ്ഫെ​റെ​ക്കാ​ളും സൗ​മ്യ​നാ​ണു് മധ്യ​കാ​ല​സ​മ്പ്ര​ദാ​യ​ങ്ങ​ളെ വളരെ സനി​ഷ്കർ​ഷ​മാ​യി അഭ്യ​സി​ക്കുക എന്ന​തു പു​റ​പ്പെ​ട്ട ആ ശക്തി​മ​ത്തും അഗാ​ധ​വു​മായ വ്യ​വ​സ്ഥാ​പ​ന​ത്തോ​ടു കൂ​ടി​ക്ക​ലർ​ന്നു ഒരു നി​സ്സാ​ര​ക്ഷ​ണി​ക​ഭ്രാ​ന്തി​യിൽ അയാൾ​ക്ക് ഴഹാങ് എന്നാ​യി​രു​ന്നു ഇട്ട പേർ. ഴാ​ങ്പ്രു​വെർ അനു​രാ​ഗ​ത്തിൽ മു​ങ്ങി​യി​രി​ക്ക​യാ​ണു്; അയാൾ ഒരു ചട്ടി​യിൽ പൂ​ക്കൾ വെ​ച്ചു​പി​ടി​പ്പി​ച്ചു, ഓട​ക്കു​ഴൽ വി​ളി​ച്ചു, പദ്യ​ങ്ങ​ളു​ണ്ടാ​ക്കി, ആളു​ക​ളെ സ്നേ​ഹി​ച്ചു. സ്ത്രീ​ക​ളെ​പ്പ​റ്റി അനു​ക​മ്പ വി​ചാ​രി​ച്ചു. കു​ട്ടി​ക​ളെ​പ്പ​റ്റി കര​ഞ്ഞു, ഒരേ മനോ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​ത്ത​ന്നെ ഈശ്വ​ര​നേ​യും ഭാ​വി​യേ​യും കൂ​ട്ടി​മ​റി​ച്ചു, അങ്ദ്രെ​ഷെ​നി​യെ [12] യു​ടെ​തായ ആ രാ​ജ​ശി​ര​സ്സി​നെ താ​ഴ​ത്തു വീ​ഴി​ച്ച​തിൽ ഭര​ണ​പ​രി​വർ​ത്ത​ന​ത്തെ ദു​ഷി​ച്ചു സാ​ധാ​ര​ണ​മാ​യി അയാ​ളു​ടെ ശബ്ദം സൗ​മ്യ​മാ​ണു്; പക്ഷേ, പെ​ട്ടെ​ന്നു പു​രു​ഷോ​ചി​ത​മാ​യി​ത്തീ​രും പാ​ണ്ഡി​ത്യ​ത്തി​ലെ​ത്ത​ത്ത​ക്ക​വ​ണ്ണം അയാൾ​ക്കു പഠി​പ്പു​ണ്ടു്; ഏതാ​ണ്ടു് ഒരു പൗ​ര​സ്ത്യ​ഭാ​ഷാ​പ​ണ്ഡി​ത​നാ​ണു്. എല്ലാ​റ്റി​നും​പു​റ​മേ, അയാൾ നല്ല​വ​നാ​ണു്; എന്ന​ല്ല, കവി​ത​യിൽ അയാൾ​ക്ക് അപാ​ര​ത​യാ​യി​രു​ന്നു ഇഷ്ടം-​മനോഗുണം എത്ര​ക​ണ്ടു മഹ​ത്ത്വ​ത്തി​ന്റെ വക്ക​ത്തു ചെ​ല്ലു​ന്നു എന്ന​റി​യു​ന്ന​വർ​ക്ക് ഒരു വെറും സാ​ധാ​രണ സംഗതി. അയാൾ​ക്ക് ഇറ്റാ​ലി​യ​നും ലാ​റ്റി​നും ഗ്രീ​ക്കും ഹീ​ബ്രു​വും അറി​യാം: ഇതു​കൊ​ണ്ടു നാലു കവി​ക​ളു​ടെ കൃ​തി​കൾ വാ​യി​ക്കു​വാൻ മാ​ത്ര​മേ അയാൾക്കുപയോഗപ്പെട്ടുള്ളൂ-​ദാന്തേ, ജുവനൽ, എക്സി​ല​സ്സു്, ഇസയ. ഫ്ര​ഞ്ചു​ഭാ​ഷ​യിൽ രസി​നെ​ക്കാ​ള​ധി​കം കൊർ​ണീ​ലി​യെ​യാ​ണു് അയാൾ​ക്കി​ഷ്ടം; കൊർ​ണീ​ലി​യെ​ക്കാ​ള​ധി​കം അഗ്രിപ ദു് ഒബി​ഞെ​യേ​യും, കു​തി​ര​ക്കോ​ത​മ്പും ചോ​ള​വു​മു​ള്ള വയ​ലു​ക​ളി​ലൂ​ടെ ലാ​ത്തു​ന്ന​തു് അയാൾ​ക്കു ബഹു​സ​ന്തോ​ഷ​മാ​ണു്; ഏക​ദേ​ശം ലൗ​കി​ക​സം​ഭ​വ​ങ്ങ​ളെ​ക്കൊ​ണ്ടെ​ന്ന​പോ​ലെ​ത​ന്നെ മേ​ഘ​ങ്ങ​ളെ​ക്കൊ​ണ്ടും അയാൾ സോ​ന്മേ​ഷം സമയം പോ​ക്കും. അയാ​ളു​ടെ മന​സ്സി​ന്നു് രണ്ടു നിലയുണ്ട്-​ഒന്നു് മനു​ഷ്യ​ന്റെ ഭാ​ഗ​ത്തേ​ക്കു തി​രി​ഞ്ഞ​തും, മറ്റ​തു ഈശ്വ​ര​നി​ലേ​ക്കു ചാ​ഞ്ഞ​തും; അയാൾ പഠി​ക്കും, അല്ലെ​ങ്കിൽ മനോ​രാ​ജ്യം വി​ചാ​രി​ക്കും. പകൽ മു​ഴു​വ​നും അയാൾ സാ​മു​ദാ​യി​ക​സം​ഗ​തി​ക​ളി​ലും ശമ്പ​ളം​വ​ര​വി​ലും കച്ച​വ​ട​മൂ​ല​ധ​ന​ത്തി​ലും വ്യാ​പാ​ര​വി​ശ്വാ​സ​ത്തി​ലും വി​വാ​ഹ​ത്തി​ലും മത​ത്തി​ലും വി​ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും നാ​ടു​ക​ട​ത്ത​ലി​ലും ദാ​രി​ദ്ര്യ​ത്തി​ലും യോ​ഗം​കൂ​ട​ലി​ലും വസ്തു​മു​ത​ലി​ലും സമ്പാ​ദ്യ​ത്തി​ലും ധന​വി​ഭാ​ഗ​ത്തി​ലും അന്ധ​കാ​രം​കൊ​ണ്ടു മനു​ഷ്യ​പ്പു​റ്റി​നെ മൂ​ടി​യി​ടു​ന്ന ഈ ഭൂ​ലോ​ക​ക്ക​ടം​ക​ഥ​യി​ലും ചെ​ന്നു് ആണ്ടു​മു​ങ്ങി​ക്കി​ട​ക്കും; രാ​ത്രി​യാ​യാൽ അയാൾ നക്ഷ​ത്ര​ങ്ങ​ളെ, ആ മഹ​ത്ത​ര​ങ്ങ​ളായ സത്ത്വ​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ക​യാ​യി. ആൻ​ഷൊൽ​രാ​യെ​പ്പോ​ലെ​ത​ന്നെ അയാ​ളും ധനി​ക​നും ഏക​പു​ത്ര​നു​മാ​ണു്. അയാൾ പതു​ക്കെ സം​സാ​രി​ക്കും, തല​കു​നി​ക്കും, കീ​ഴ്പ്പോ​ട്ടു നോ​ക്കും. അമ്പ​ര​പ്പോ​ടു​കൂ​ടി പു​ഞ്ചി​രി​യി​ടും, നി​ഷ്കർ​ഷ​യി​ല്ലാ​തെ ഉടു​പ്പു ധരി​ക്കും; അയാൾ​ക്കു കാ​ഴ്ച​യിൽ ഒരു വി​കൃ​ത​മ​ട്ടു​ണ്ടു്; വെ​റു​തെ ലജ്ജി​ക്കും; വലിയ നാ​ണം​കു​ണു​ങ്ങി​യാ​ണു്. എങ്കി​ലും അയാൾ നിർ​ഭ​യ​നാ​യി​രു​ന്നു.

ഫെ​യ്ലി ഒരു കൂ​ലി​വേ​ല​ക്കാ​ര​നാ​യി​രു​ന്നു, ഒരു വി​ശ​റി​പ്പ​ണി​ക്കാ​രൻ; ചെ​റു​പ്പ​ത്തിൽ​ത്ത​ന്നെ അച്ഛ​നും അമ്മ​യും മരി​ച്ചു; ബു​ദ്ധി​മു​ട്ടി ദി​വ​സ​ത്തിൽ മൂ​ന്നു ഫ്രാ​ങ്ക് സമ്പാ​ദി​ക്കും; ഒരു വി​ചാ​ര​മേ അയാൾക്കുള്ളു-​ലോകത്തെ സ്വ​ത​ന്ത്ര​മാ​ക്ക​ണം. ഒരു കാ​ര്യം​കൂ​ടി അയാൾക്കുണ്ടായിരുന്നു-​പഠിക്കുക; ഇതി​നും അയാൾ പറ​യാ​റ്ത​ന്നെ സ്വ​ത​ന്ത്ര​നാ​ക്കുക എന്നാ​ണു്. അയാൾ എഴു​താ​നും വാ​യി​ക്കാ​നും സ്വയം പഠി​ച്ചു; അയാൾ​ക്ക​റി​വു​ള്ള​തെ​ല്ലാം താൻ തനി​ച്ചു പഠി​ച്ചു​ണ്ടാ​ക്കി​യ​താ​ണു്. ഫെ​യ്ലി​യു​ടേ​തു് ഒരു സര​ള​മ​ന​സ്സാ​ണു്. അയാ​ളു​ടെ ആലിം​ഗ​ന​ത്തി​ന്റെ വി​സ്താ​രം അപാ​ര​മ​ത്രേ. ഈ അനാ​ഥ​ശി​ശു ജന​സ​മു​ദാ​യ​ത്തെ ദത്തെ​ടു​ത്തു. അമ്മ അയാളെ വി​ട്ടു​പോ​യ​തു​കൊ​ണ്ടു്, അയാൾ രാ​ജ്യ​ത്തെ​പ്പ​റ്റി വി​ചാ​രി​ച്ചു. പൊ​തു​ജ​ന​നേ​താ​ക്ക​ന്മാ​രു​ടെ അഗാ​ധ​ജ്ഞാ​ന​ദൃ​ഷ്ടി​യോ​ടു​കൂ​ടി, നാ​മി​പ്പോൾ രാ​ഷ്ട്രീ​യ​ബോ​ധം എന്നു വി​ളി​ക്കു​ന്ന ആ ഒരു വസ്തു​വി​നു മിതെ ‘അണ​യി​രു​ന്നു’കൊ​ണ്ടു്, സക​ല​തും മന​സ്സി​ലാ​ക്കി​യേ കഴിയൂ എന്നു​വെ​ച്ച് അയാൾ ചരി​ത്രം പഠി​ച്ചു. പ്ര​ധാ​ന​മാ​യി ഫ്രാൻ​സി​നെ​പ്പ​റ്റി മാ​ത്രം ശ്ര​ദ്ധി​ക്കു​ന്ന ഈ മനോ​രാ​ജ്യ​സ്വർ​ഗ​ക്കാ​രു​ടെ യോ​ഗ​ത്തിൽ അയാൾ ബഹിർ​ലോ​ക​ത്തി​ന്റെ പ്ര​തി​നി​ധി​യാ​യി നി​ന്നു. അയാ​ളു​ടെ സവി​ശേ​ഷ​ശ്ര​ദ്ധ​യിൽ പെ​ട്ടി​ട്ടു​ള്ള​തു ഗ്രീ​സ്സും പോ​ള​ണ്ടും ഹം​ഗ​റി​യും റു​മേ​നി​യ​യും ഇറ്റ​ലി​യു​മാ​ണു്. ധർ​മ്മ​ത്തി​നു​ള്ള ഉറ​പ്പോ​ടു​കൂ​ടി അയാൾ ഈ പേ​രു​ക​ളെ​യെ​ല്ലാം ഇള​വി​ല്ലാ​തെ വേ​ണ്ട​പ്പോ​ഴും വേ​ണ്ടാ​ത്ത​പ്പോ​ഴും ഉച്ച​രി​ച്ചി​രു​ന്നു. ഗ്രീ​സ്സി​നോ​ടു തുർ​ക്കി​യും, വാർ​സൊ​വോ​ടു റഷ്യ​യും, വെ​നീ​സോ​ടു ആസ്ട്രി​യ​യും കാ​ണി​ച്ച അക്ര​മ​ങ്ങൾ അയാളെ ശു​ണ്ഠി​പി​ടി​പ്പി​ച്ചു. എല്ലാ​റ്റി​ലു​മ​ധി​കം 1772-ലെ മഹ​ത്തായ അക്ര​മ​പ്ര​വൃ​ത്തി​യാ​ണു് അയാളെ ഇള​ക്കി​മ​റി​ച്ച​തു്. ശു​ണ്ഠി​ക​യ​റിയ സത്യ​ത്തേ​ക്കാ​ള​ധി​കം പ്രാ​ഭ​വ​മു​ള്ള ഒരു വാ​ഗ്മി​ത്വ​മി​ല്ല; ആ ഒരു വാ​ഗ്മി​ത്വം​കൊ​ണ്ടു് അയാൾ ഒരു വാ​ഗ്മി​യാ​യി​രു​ന്നു. ആ നി​കൃ​ഷ്ട​വർ​ഷ​മായ 1772-​നെപ്പറ്റി - ഉൽ​കൃ​ഷ്ട​വും ധീ​രോ​ദാ​ത്ത​വു​മായ ഒരു ജന​സ​മു​ദാ​യം അനീ​തി​യാൽ അമർ​ത്ത​പ്പെ​ട്ട ആ മു​മ്മു​ന​യു​ള്ള മഹാപാതകത്തെപ്പറ്റി-​അന്നുമുതൽ ഉൽ​കൃ​ഷ്ട​ങ്ങ​ളായ അനവധി രാ​ജ്യ​ങ്ങ​ളെ ബാ​ധി​ച്ച് അവ​യു​ടെ ജന്മാ​വ​കാ​ശ​പ​ത്ര​ത്തെ​ത്ത​ന്നെ, എന്നു പറ​യ​ട്ടെ, വെ​ട്ടി​ക്ക​ള​യി​ച്ച, ആ ഭയ​ങ്ക​ര​ങ്ങ​ളായ എല്ലാ​ത്ത​രം അക്ര​മ​ങ്ങ​ളു​ടേ​യും മൂ​ല​വും മാ​തൃ​ക​യു​മായ ആ പൈശാചികപ്പതിയിരുപ്പുപടയെപ്പറ്റി-​സംസാരിച്ചു തു​ട​ങ്ങി​യാൽ​പ്പി​ന്നെ അയാൾ​ക്കു നി​ല്പി​ല്ല. അക്കാ​ല​ത്തെ എല്ലാ സാ​മു​ദാ​യി​ക​പാ​ത​ക​ങ്ങ​ളു​ടേ​യും ഉത്ഭ​വം പോ​ള​ണ്ടു വി​ഭ​ജ​ന​ത്തിൽ​നി​ന്നാ​ണു്. പോ​ള​ണ്ടു വി​ഭ​ജ​നം ഒരു സി​ദ്ധാ​ന്ത​സൂ​ത്ര​മാ​ണു്; അതി​ന്റെ ഭാ​ഷ്യ​ങ്ങ​ള​ത്രേ രാ​ഷ്ട്രീ​യ​വി​പ്ല​വ​ങ്ങ​ളെ​ല്ലാം. പോ​ള​ണ്ടു വി​ഭ​ജ​ന​ത്തെ ശരി​വെ​ക്കു​ക​യോ സമ്മ​തി​ക്കു​ക​യോ മേ​ലൊ​പ്പു​വെ​ക്കു​ക​യോ പകർ​ത്തെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​ത്ത ഒരു സ്വേ​ച്ഛാ​ധി​കാ​രി​യോ, ഒരു രാ​ജ്യ​ദ്രോ​ഹി​യോ ഒരു നൂ​റ്റാ​ണ്ടി​ന്റെ ഇപ്പു​റ​ത്തെ​ങ്ങും ഉണ്ടാ​യി​ട്ടി​ല്ല. ഇന്ന​ത്തെ രാ​ജ്യ​ദ്രോ​ഹ​ങ്ങ​ളു​ടെ രേഖ പരി​ശോ​ധി​ച്ചാൽ, ആദ്യ​മാ​യു​ണ്ടാ​യി​ട്ടു​ള്ള​തു് അതൊ​ന്നാ​യി​കി​ത്തും. വി​യ​ന​യി​ലെ രാ​ജ​പ്ര​തി​നി​ധി​യോ​ഗം തന്റെ പാ​പ​കർ​മം മു​ഴു​മി​പ്പി​ക്കു​ന്ന​തി​നു​മുൻ​പാ​യി ആ ഒരു ദു​ഷ്കർ​മ​ത്തെ​പ്പ​റ്റി​യാ​ണാ​ലോ​ചി​ച്ച​തു്. 1772 പോ​രി​നു​വി​ളി തു​ട​ങ്ങി​വെ​ച്ചു; 1815-​ലാണു് ആ ചൂ​തു​ക​ളി അവ​സാ​നി​ച്ച​തു്. ഇതാ​ണു് ഫെ​യ്ലി​യു​ടെ സാ​ധാ​ര​ണ​പാ​ഠം. ഈ സാ​ധു​വായ കൂ​ലി​വേ​ല​ക്കാ​രൻ നീ​തി​ന്യാ​യ​ത്തി​ന്റെ അധ്യാ​പ​ക​നാ​യി നി​ന്നു; അതി​ന്റെ പ്ര​ത്യു​പ​കാ​ര​മാ​യി ആ നീ​തി​ല​ക്ഷ്മി അയാളെ മഹാ​നാ​ക്കു​ക​യും ചെ​യ്തു. വാ​സ്ത​വ​മെ​ന്തെ​ന്നാൽ, ധർ​മ​ത്തിൽ അന​ശ്വ​ര​ത്വ​മു​ണ്ടു്. വേ​ഗ​ത്തി​ല​ല്ലെ​ങ്കിൽ പതു​ക്കെ, കീ​ഴ​ടി​ഞ്ഞ ഭാ​ഗ്യം മു​ക​ളി​ലേ​ക്കു പൊ​ന്തി​വ​ന്നു വീ​ണ്ടും വെ​ളി​പ്പെ​ടും. ഗ്രീ​സ്സു് വീ​ണ്ടും ഗ്രീ​സ്സാ​യി; ഇറ്റ​ലി ഒരി​ക്കൽ​ക്കൂ​ടി ഇറ്റ​ലി​യാ​യി കർ​മ​ത്തെ​പ്പ​റ്റി കർ​മ​ത്തി​നു​ള്ള എതിർ​വാ​ദം എന്നെ​ന്നും നി​ല​നി​ല്ക്കും. ഒരു ജന​സ​മു​ദാ​യം ചെയ്ത മോഷണം നട​പ്പ​വ​കാ​ശം​കൊ​ണ്ടു സാ​ധു​വാ​കു​ന്ന​ത​ല്ല. ഈ അന്ത​സ്സി​ലു​ള്ള തെ​മ്മാ​ടി​ത്ത​ര​ങ്ങൾ​ക്ക് ശോ​ഭ​ന​മായ ഭാ​വി​യി​ല്ല. ഒരു കൈ​ലേ​സ്സി​ന്റെ എന്ന​പോ​ലെ, ഒരു ജന​സ​മു​ദാ​യ​ത്തി​ന്റെ അട​യാ​ളം മാ​ച്ചു​ക​ള​യാൻ വയ്യാ.

കുർ​ഫെ​രാ​ക്കി​നു മൊ​സ്സ്യു ദു് കുർ​ഫെ​രാ​ക് എന്നു പേരായ ഒര​ച്ഛ​നു​ണ്ടു്. രാ​ജ​വാ​ഴ്ച​യു​ടെ പു​നഃ​സ്ഥാ​പ​ന​ത്തിൽ പ്ര​ഭു​ക്ക​ന്മാ​രേ​യും നാ​ടു​വാ​ഴി​ക​ളേ​യും സം​ബ​ന്ധി​ച്ചു പ്ര​മാ​ണി​ക​ളു​ടെ ഇടയിൽ ഉണ്ടാ​യി​ത്തീർ​ന്ന അബ​ദ്ധ​ധാ​ര​ണ​ക​ളിൽ ഒന്നു് അവ്യ​യ​ശ​ബ്ദ (‘ദു്’) ത്തോ​ടു​ള്ള ഭക്തി​യാ​ണു്. എല്ലാ​വർ​ക്കും അറി​യാ​വു​ന്ന​തു പോലെ അവ്യ​യ​ത്തി​നു് അർ​ഥ​മി​ല്ല. എന്നാൽ ആ സാ​ധു​വായ ‘ദു്’ എന്ന അവ്യ​യ​ത്തെ പ്ര​മാ​ണി​കൾ അത്ര​മേൽ വി​ല​വെ​ച്ചു​വെ​ന്ന​തു​കൊ​ണ്ടു്, പ്ര​ഭു​ത്വ​ത്തി​ന്റെ മാ​ഹാ​ത്മ്യം കു​റ​ഞ്ഞ കാ​ല​ത്തു് ആളു​കൾ​ക്ക് അതു​പേ​ക്ഷി​ക്കേ​ണ്ട​താ​യി വന്നു. മൊ​സ്സ്യു ദു് ഷെ​വ്ലെ​ങ് സ്വ​യ​മേവ മൊ​സ്സ്യു ഷെ​വ്ലെ​ങ്ങാ​യി; മൊ​സ്സ്യു ദു് കൊ​മർ​തെ​ങ് മൊ​സ്സ്യു കൊ​മർ​തെ​ങ്ങാ​യി; ണൊ​സ്സ്യു ദു് ലഫ​യേ​ത്തു് മൊ​സ്സ്യു ലഫ​യേ​ത്താ​യി; മറ്റു മറ്റും. കുർ​ഫെ​രാ​ക്കി​നു മറ്റു​ള്ള​വ​രു​ടെ പി​ന്നിൽ നി​ല്ക്കാൻ രസ​മി​ല്ലാ​യി​രു​ന്നു, അയാ​ളും വെറും കുർ​ഫെ​രാ​ക്കാ​യി.

കുർ​ഫെ​രാ​ക്കി​നെ​സ്സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ണം ഞങ്ങൾ ഇവിടെ നിർ​ത്താ; ബാ​ക്കി ഭാ​ഗ​ത്തെ​പ്പ​റ്റി ഇങ്ങ​നെ​മാ​ത്രം പറ​ഞ്ഞു, വേ​ണ​മെ​ങ്കിൽ, അവ​സാ​നി​പ്പി​ക്കാം; ‘കുർ​ഫെ​രാ​ക്കി​നെ കാണാൻ തൊ​ലൊ​മി​യെ​യെ നോ​ക്കുക.’

വാ​സ്ത​വ​ത്തിൽ കുർ​ഫെ​രാ​ക്കി​നു മന​സ്സി​ന്റെ പൈ​ശാ​ചി​ക​സൗ​ഭാ​ഗ്യം എന്നു പറ​യാ​വു​ന്ന ആ ചെ​റു​പ്പ​ത്തി​ലെ നേ​ര​മ്പോ​ക്കു​ണ്ടാ​യി​രു​ന്നു. കാ​ല​ക്ര​മ​ത്തിൽ, പൂ​ച്ച​ക്കു​ട്ടി​ക​ളു​ടെ വി​നോ​ദ​ശീ​ലം​പോ​ലെ, അതി​ല്ലാ​താ​യി. ഈയൊരു സൗ​ഭാ​ഗ്യം നാ​ടു​വാ​ഴി​ക​ളിൽ രണ്ടു കാ​ലി​ന്മേ​ലും, കാ​ടൻ​പൂ​ച്ച​യിൽ നാലു കാ​ലി​ന്മേ​ലും ചെ​ന്ന​വ​സാ​നി​ക്കു​ന്നു.

വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ കട​ന്നു​പോ​യി​ട്ടു​ള്ള എല്ലാ യു​വാ​ക്ക​ന്മാ​രു​ടെ കൂ​ട്ട​വും ഈ നേ​രം​പോ​ക്കു​മ​ട്ടു് പി​ന്തു​ടർ​ച്ച​ക്കാർ​ക്ക് കൊ​ടു​ത്തു​പോ​രാ​റു​ണ്ടെ​ന്നു തോ​ന്നു​ന്നു; ഒരു കൂ​ട്ടർ മറ്റൊ​രു കൂ​ട്ടർ​ക്കാ​യി ഇതു കൈ​മാ​റി​പ്പോ​രു​ന്നു; എല്ലാം ഏക​ദേ​ശം ഒന്നാ​യി​രി​ക്കും; അതി​നാൽ ഞങ്ങൾ ഇപ്പോൾ​ത്ത​ന്നെ പറ​ഞ്ഞ​തു​പോ​ലെ, 1828-ൽ കുർ​ഫെ​രാ​ക്കി​ന്റെ സം​സാ​രം കേ​ട്ടി​ട്ടു​ള്ള​വർ 1817-ലെ തൊ​ലൊ​മി​യെ​യു​ടെ സം​സാ​ര​മാ​ണു് കേൾ​ക്കു​ന്ന​തെ​ന്നു വി​ചാ​രി​ക്കും. ഒന്നു​മാ​ത്രം, കുർ​ഫെ​രാ​ക്ക് ഒരു മാ​ന്യ​നാ​ണു്. പുറമെ കാ​ണു​ന്ന പ്ര​ത്യ​ക്ഷ സാ​ദൃ​ശ്യ​ങ്ങൾ​ക്കി​ട​യിൽ, അയാ​ളും തൊ​ലൊ​മി​യ​യും തമ്മി​ലു​ള്ള വ്യ​ത്യാ​സം വളരെ വലു​താ​ണു്. രണ്ടു പേ​രു​ടേ​യും ഉള്ളിൽ മറ​ഞ്ഞു​നി​ല്ക്കു​ന്ന വ്യ​ക്തി​വി​ശേ​ഷം രണ്ടാ​മ​ത്തെ​യാ​ളി​ലു​ള്ള​തിൽ​നി​ന്നു തി​ക​ച്ചും വ്യ​ത്യാ​സ​പ്പെ​ട്ടി​ട്ടാ​ണു് ഒന്നാ​മ​ത്തെ​യാ​ളിൽ നി​ന്നി​രു​ന്ന​തു്. തൊ​ലൊ​മി​യെ​യി​ലു​ള്ള ആൾ ഒരു ജി​ല്ലാ​വ​ക്കീ​ലും, കുർ​ഫെ​രാ​ക്കി​ലെ ആൾ ഒരു തറ​വാ​ടി​യു​മാ​ണു്.

അൻ​ഷൊൽ​രാ അതിലെ പ്ര​മു​ഖ​നാ​യി​രു​ന്നു; കൊം​ബ്ഫെർ നേ​താ​വു്, കുർ​ഫെ​രാ​ക് കേ​ന്ദ്ര​പു​രു​ഷൻ. മറ്റു​ള്ള​വർ വെ​ളി​ച്ചം കൂ​ട്ടി; അയാൾ ചൂടു കൂ​ട്ടി. വാ​സ്ത​വം പറ​ഞ്ഞാൽ, ആ കേ​ന്ദ്ര​ത്തി​ന്നു​ള്ള എല്ലാ ഗു​ണ​ങ്ങ​ളും അയാൾക്കുണ്ട്-​ഗോളാകൃതിയും പ്ര​കാ​ശ​മാ​ന​ത്വ​വും.

ബയോ​രെൽ 1822 ജൂൺ​മാ​സ​ത്തി​ലെ ഭയ​ങ്ക​ര​ല​ഹ​ള​യിൽ, ചെ​റു​പ്പ​ക്കാ​ര​നായ ലല്ലെ​മാ​ന്റെ [13] സം​സ്കാ​ര​സ​മ​യ​ത്തു്, ഒരു പ്ര​ധാന സ്ഥാ​നം വഹി​ച്ചു.

ബയോ​രെൽ ചീത്ത കൂ​ട്ടു​കാ​രോ​ടു ചേർ​ന്ന ഒരു സാ​ധു​മ​നു​ഷ്യ​നും ധീ​ര​നും, ധാ​രാ​ളി​യും ഔദാ​ര്യ​ത്തി​ന്റെ വക്ക​ത്തോ​ള​മെ​ത്തിയ ഒരു മു​ടി​യ​നും വാ​യാ​ടി​യും ചില സമ​യ​ത്തു വാ​ഗ്മി​യും ഔദ്ധ​ത്ത്യ​ത്തിൽ​ചെ​ന്നു മു​ട്ട​ത്ത​ക്ക​വി​ധം ഉൾ​ക്ക​രു​ത്തു​കാ​ര​നു​മാ​യി​രു​ന്നു; ഒന്നാ​ന്ത​രം ഒരാൾ; ആരു​ടേ​യും മുഖം നോ​ക്കാ​ത്ത ഉൾ​ക്കു​പ്പാ​യ​ങ്ങ​ളും തു​ടു​ത്തു​മ​റി​ഞ്ഞ അഭി​പ്രാ​യ​ങ്ങ​ളും അയാൾ​ക്കു​ണ്ടു്; ഒരെ​ണ്ണം​പ​റ​ഞ്ഞ ഒച്ചപ്പാടുകാരൻ-​എന്നുവെച്ചാൽ ശണ്ഠ​കൂ​ട​ലി​നെ​പ്പോ​ലെ മറ്റൊ​ന്നി​നേ​യും ഇഷ്ട​പ്പെ​ടാ​ത്ത ഒരാൾ; അല്ലെ​ങ്കിൽ​പ്പി​ന്നെ ലഹ​ള​യാ​ക​ണം; എന്ന​ല്ല, ലഹ​ള​യെ​പ്പോ​ലെ മറ്റൊ​ന്നും അയാൾ​ക്ക് ഇഷ്ട​മ​ല്ല, അല്ലെ​ങ്കിൽ​പ്പി​ന്നെ ഭര​ണ​പ​രി​വർ​ത്ത​ന​മാ​വ​ണം; എന്താ​ണു​ണ്ടാ​വുക എന്നു കാ​ണാൻ​വേ​ണ്ടി മാ​ത്രം ഒരു ജനാ​ല​ച്ചി​ല്ലു് തച്ചു​ട​യ്ക്കാ​നും, എന്നി​ട്ടു് കൽ​വി​രി മു​ഴു​വ​നും ഇള​ക്കി​മ​റി​ക്കാ​നും, പി​ന്നീ​ടു രാ​ജ​ഭ​ര​ണ​യ​ന്ത്ര​ത്തെ​ത്ത​ന്നെ തവി​ടാ​ക്കാ​നും എപ്പോ​ഴും ഒരു​ങ്ങി​ക്കൊ​ണ്ടു നി​ല്ക്കു​ന്ന ഒരാൾ; പതി​നൊ​ന്നാ​മ​ത്തെ വയ​സ്സിൽ ഒരു വി​ദ്യാർ​ഥി. അയാൾ നി​യ​മ​ത്തി​ന്റെ സ്വാ​ദ​റി​ഞ്ഞി​ട്ടു​ണ്ടു്; പക്ഷേ, വക്കീ​ലാ​യി​രു​ന്നി​ട്ടി​ല്ല. ഇതാ​ണു് അയാ​ളു​ടെ നിയമം; ‘ഒരി​ക്ക​ലും വക്കീ​ലാ​വ​രു​തു്.’ അയാ​ളു​ടെ കവ​ചാ​ദി​കൾ ഇടാൻ ഒരി​രു​ട്ടു​മു​റി​യു​ണ്ടു്; അതിൽ ഒരു ചതു​ര​ത്തൊ​പ്പി കാണാം, നി​യ​മ​വി​ദ്യാ​ല​യ​ത്തി​ന്റെ അടു​ക്ക​ലൂ​ടെ പോകുമ്പോൾ-​അതു വളരെ ചു​രു​ക്ക​മാ​യി​ട്ടേ ഉള്ളു-​അയാൾ തന്റെ മു​റി​ക്കു​പ്പാ​യ​ത്തി​നു കുടുക്കിടും-​മേലങ്കി അന്നു നടപ്പായിട്ടില്ല-​ആരോഗ്യശാസ്ത്രസംബന്ധികളായ മുൻ​ക​രു​ത​ലു​ക​ളെ​ല്ലാം ചെ​യ്യും. പള്ളി​ക്കൂ​ട​ത്തി​ന്റെ പടി​കാ​വ​ല്ക്കാ​ര​നെ​പ്പ​റ്റി അയാൾ പറയും: ‘എന്തൊ​രു കൊ​ള്ളാ​വു​ന്ന കിഴവൻ!’ മൊ​സ്സ്യു ദേൽ​വിൻ​കൂർ എന്ന വി​ദ്യാ​ല​യ​ത്ത​ല​വ​നെ​പ്പ​റ്റി പറയും, ‘എന്തൊ​രു സ്മാ​ര​ക​സ്തം​ഭം’ തന്റെ പ്ര​സം​ഗ​ങ്ങ​ളിൽ​നി​ന്നു പാ​ട്ടി​നു​ള്ള വി​ഷ​യ​ങ്ങ​ളും തന്റെ ഉപാ​ധ്യാ​യ​ന്മാ​രിൽ​നി​ന്നു പരി​ഹാ​സ​ചി​ത്ര​ങ്ങൾ​ക്കു​ള്ള സന്ദർ​ഭ​ങ്ങ​ളും അയാൾ കണ്ടു​പി​ടി​ക്കും. വെ​റു​തെ​യി​രു​ന്നു് ഒരു​ക്കൻ വര​വു​സം​ഖ്യ, കൊ​ല്ല​ത്തിൽ മു​വ്വാ​യി​രം ഫ്രാ​ങ്ക്, അയാൾ ചെ​ല​വാ​ക്കും.

നാ​ട​ന്മാ​രായ മാ​താ​പി​താ​ക്ക​ന്മാർ​ക്കു മക​നെ​ക്കു​റി​ച്ച് ഒരു ബഹു​മാ​നം ഉണ്ടാ​ക്കി​ത്തീർ​ക്കാൻ അയാൾ വി​ദ്യ​യെ​ടു​ത്തു.

അയാൾ അവ​രെ​പ്പ​റ്റി പറയും: ‘അവർ നാ​ട​ന്മാ​രാ​ണു്, പ്ര​മാ​ണി​ക​ള​ല്ല; അവർ​ക്കു ബു​ദ്ധി​യു​ണ്ടാ​വാ​നു​ള്ള കാരണം അതാ​ണു്.

എപ്പോ​ഴും വി​ചാ​രം മാ​റി​ക്കൊ​ണ്ടു​ള്ള ബയോ​രെൽ അനവധി കാ​പ്പി​പ്പീ​ടി​ക​ക​ളി​ലാ​യി കഴി​ഞ്ഞു​കൂ​ടും. മറ്റു​ള്ള​വർ​ക്കൊ​ക്കെ ഒരു സ്വ​ഭാ​വം വീ​ണി​ട്ടു​ണ്ടു്; അയാൾ​ക്ക​തി​ല്ല. അയാൾ തെ​ണ്ടി​ന​ട​ക്കും. തെ​റ്റി​ന​ട​ക്കു​ന്ന​തു മനു​ഷ്യ​ന്റെ പ്ര​കൃ​തി​യാ​ണു്; തെ​ണ്ടി​ന​ട​ക്കു​ന്ന​തു പാ​രി​സ്സു​കാ​ര​ന്റെ പ്ര​കൃ​തി​യാ​ണു്. വാ​സ്ത​വ​ത്തിൽ, അയാൾ​ക്ക് ഉള്ളി​ലേ​ക്കു തു​ള​ഞ്ഞു​ചെ​ല്ലു​ന്ന ഒരു ബു​ദ്ധി​യു​ണ്ടു്; കാ​ഴ്ച​യിൽ തോ​ന്നു​ന്ന​തി​ല​ധി​കം അയാൾ ഒരാ​ലോ​ച​ന​ക്കാ​ര​നാ​ണു്.

എബിസി സു​ഹൃ​ത്തു​ക്ക​ളേ​യും ഇനി ഉണ്ടാ​വാ​നി​രി​ക്കു​ന്ന മറ്റു സം​ഘ​ങ്ങ​ളേ​യും തമ്മിൽ കൂ​ട്ടി​യി​ണ​ക്കു​ന്ന ഒരു ചങ്ങ​ല​ക്ക​ണ്ണി​യാ​യി​രു​ന്നു അയാൾ.

ഈ ചെ​റു​പ്പ​ക്കാ​രു​ടെ തല​കൾ​ക്കി​ട​യിൽ ഒരു കഷ​ണ്ടി​ത്ത​ല​യ​നു​ണ്ടാ​യി​രു​ന്നു.

ഓടി​പ്പോയ കാ​ല​ത്തു് ഒരു കൂ​ലി​വ​ണ്ടി​യിൽ​ക്ക​യ​റാൻ സഹാ​യി​ച്ച​തി​നു പതി​നെ​ട്ടാ​മൻ ലൂയി ഒരു മഹാ​പ്ര​ഭു​വാ​ക്കി​ക്കൊ​ടു​ത്ത മാർ​ക്കി ദവ​രേ​താൻ ഫ്രാൻ​സിൽ മട​ങ്ങി​യെ​ത്തി​യ​ശേ​ഷം, 1814-ൽ രാ​ജാ​വു കലൈ​യിൽ വന്നു കപ്പ​ലി​റ​ങ്ങു​മ്പോൾ, ഒരാൾ രാ​ജാ​വി​ന്റെ കൈയിൽ ഒരു ഹർജി കൊ​ടു​ത്തു എന്നു് ഒരു കഥ പറ​യാ​റു​ണ്ടു്.

‘നി​ങ്ങൾ​ക്കെ​ന്തു വേണം?’ രാ​ജാ​വു ചോ​ദി​ച്ചു.

‘തി​രു​മേ​നി, ഒരു തപ്പാ​ലാ​പ്പീ​സു്.’

‘നി​ങ്ങ​ളു​ടെ പേ​രെ​ന്താ​ണു്?’

‘ലെഗ്ൽ.’ രാ​ജാ​വു മുഖം ചു​ളി​ച്ചു; ഹർ​ജി​യി​ലെ ഒപ്പു നോ​ക്കി​യ​പ്പോൾ ലെഗ്ൽ എന്നു പേ​രെ​ഴു​തി​ക്ക​ണ്ടു. ബോ​നാ​പ്പാർ​ത്തി​ന്റേ​ത​ല്ലാ​ത്ത ഈ അക്ഷ​ര​ശു​ദ്ധി രാ​ജാ​വി​നെ രസി​പ്പി​ച്ചു. അവി​ടു​ന്നു പു​ഞ്ചി​രി​ക്കൊ​ള്ളാൻ തു​ട​ങ്ങി. ‘തി​രു​മേ​നി, ഹർ​ജി​ക്കാ​രൻ വീ​ണ്ടും ആരം​ഭി​ച്ചു. ‘ലെ​ഗ്യുൽ എന്നു പേ​രാ​യി എനി​ക്കൊ​രു പൂർ​വി​ക​നു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹം നാ​യാ​ട്ടു​നാ​യ്ക്ക​ളു​ടെ മേ​ച്ചിൽ​ക്കാ​ര​നാ​ണു് ഈ പേ​ര​ത്രേ എനി​ക്കു കി​ട്ടി​യ​തു്. എനി​ക്കു ലെ​ഗ്യു​ലു് എന്നാ​ണു് പേർ; അതു ചു​രു​ങ്ങി ലേ​ഗി​ലു് എന്നാ​യി; അതു പോയി ലേ​ഗ്ലാ​യി.’ ഇതു കേ​ട്ടു രാ​ജാ​വു നല്ല വി​സ്താ​ര​ത്തിൽ ഒന്നു പു​ഞ്ചി​രി​യി​ട്ടു. പി​ന്നീ​ടു് അവി​ടു​ന്നു് അയാൾ​ക്കു മനഃ​പൂർ​വ​മാ​യോ യാ​ദൃ​ച്ഛി​ക​മാ​യോ മോ​വി​ലെ തപ്പാ​ലാ​പ്പീ​സു് കല്പി​ച്ചു​കൊ​ടു​ത്തു.

സം​ഘ​ത്തി​ലെ കഷ​ണ്ടി​ക്കാ​രൻ ഈ ലേ​ഗ്ലി​ന്റെ മക​നാ​ണു്; അയാൾ ഇങ്ങി​നെ ഒപ്പി​ടും, ലേഗ്ൽ (ദു് മോ). ഒരു ചു​രു​ക്ക​പ്പേർ എന്ന നി​ല​യ്ക്ക് അയാളെ കൂ​ട്ടു​കാർ ബൊ​സ്വെ എന്നു വി​ളി​ക്കു​ന്നു.

ബൊ​സ്വെ ഒരു രസി​ക​നാ​ണു്; പക്ഷേ, ഭാ​ഗ്യ​മി​ല്ല. അയാൾ​ക്കു​ള്ള വി​ശേ​ഷത യാ​തൊ​ന്നി​ലും ജയി​ക്കു​ക​യി​ല്ല എന്നാ​ണു്. അതി​ന്റെ പ്ര​തി​ക്രി​യ​യാ​യി, അയാൾ സക​ല​ത്തേ​യും പറ്റി പു​ച്ഛി​ച്ചു ചി​രി​ക്കും. ഇരു​പ​ത്ത​ഞ്ചാ​മ​ത്തെ വയ​സ്സിൽ അയാൾ കഷ​ണ്ടി​ക്കാ​ര​നാ​യി. അച്ഛൻ ഒരു വീടും ഒരു നി​ല​വും സമ്പാ​ദി​ച്ചു​വെ​ച്ചു; മകൻ ഒരു വി​ഡ്ഢി​ത്ത​ക്ക​ച്ച​വ​ട​ത്തിൽ ചെ​ന്നി​റ​ങ്ങി ആ വീടും ആ നി​ല​വും ക്ഷ​ണ​ത്തിൽ കള​ഞ്ഞു​കു​ളി​ച്ചു. അയാൾ​ക്ക് ഒരു മു​ത​ലു​മി​ല്ലാ​താ​യി. അയാൾ​ക്ക് അറി​വും രസി​ക​ത്ത​വു​മു​ണ്ടു്, പക്ഷേ, ചെ​യ്യു​ന്ന​തൊ​ക്കെ തക​രാ​റി​ലേ ചെ​ന്നു​ചാ​ടൂ. എന്തി​ലും അയാൾ തോ​ല്ക്കും, എല്ലാ​വ​രും അയാളെ തോ​ല്പി​ക്കും; അയാൾ പണി​ചെ​യ്തു​ണ്ടാ​ക്കു​ന്ന​തൊ​ക്കെ അയാ​ളു​ടെ തല​യിൽ​ത്ത​ന്നെ ഇടി​ഞ്ഞു​വീ​ഴും. വിറകു വെ​ട്ടു​ക​യാ​ണെ​ങ്കിൽ, അയാൾ ഒരു വിരൽ മു​റി​ക്കും. ഒരു പത്നി​യു​ണ്ടെ​ങ്കിൽ വേ​ഗ​ത്തിൽ തനി​ക്കൊ​രു കൂ​ട്ടു​കാ​രൻ കൂ​ടി​യു​ണ്ടെ​ന്നു് അയാൾ കണ്ടെ​ത്തും. എന്തെ​ങ്കി​ലും ഓരോ നി​മി​ഷ​ത്തി​ലും ഓരോ ദൗർ​ഭാ​ഗ്യം അയാൾ​ക്കു പറ്റും; അതു കാ​ര​ണ​മാ​ണു് അയാ​ളു​ടെ ആഹ്ലാ​ദ​ശീ​ലം അയാൾ പറയും: ‘ഉരു​ണ്ടു​വീ​ഴു​ന്ന ഓട്ടിൻ​ചു​വ​ട്ടി​ലാ​ണു് എന്റെ താമസം.’ അയാൾ എളു​പ്പ​ത്തിൽ അത്ഭു​ത​പ്പെ​ടു​ക​യി​ല്ല; എന്തു​കൊ​ണ്ടെ​ന്നാൽ; ഏതാ​പ​ത്തും അയാൾ മുൻ​കൂ​ട്ടി കണ്ട​താ​യി​രി​ക്കും. അയാ​ളു​ടെ നിർ​ഭാ​ഗ്യ​ത്തെ അയാൾ ക്ഷോ​ഭ​ര​ഹി​ത​നാ​യി കൈ​ക്കൊ​ണ്ടു; നേ​രം​പോ​ക്കു​കൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒരാ​ളെ​പ്പോ​ലെ അയാൾ വി​ധി​യു​ടെ ദ്രോ​ഹ​ത്തെ നോ​ക്കി പു​ഞ്ചി​രി​യി​ടും. അയാൾ ദരി​ദ്ര​നാ​ണു് പക്ഷേ, അയാ​ളു​ടെ ഫലി​ത​ങ്ങ​ളു​ടെ ഈടു​വെ​പ്പി​നു് അവ​സാ​ന​മി​ല്ല. ഒടു​വി​ല​ത്തെ സൂ നാ​ണ്യ​ത്തിൽ അയാൾ ക്ഷ​ണ​ത്തി​ലെ​ത്തും; ഒടു​വി​ല​ത്തെ പൊ​ട്ടി​ച്ചി​രി​യിൽ ഒരി​ക്ക​ലും അയാൾ ചെ​ന്നി​ട്ടി​ല്ല. ആപ​ത്തു് അക​ത്തേ​ക്കു വരു​മ്പോൾ, ആ പഴയ പരി​ചി​ത​നെ അയാൾ സന്തോ​ഷ​പൂർ​വം സ്വാ​ഗ​തം ചെ​യ്യും; എല്ലാ കഷ്ട​പ്പാ​ടു​ക​ളു​ടേ​യും കു​മ്പ​മേൽ അയാൾ താ​ളം​പി​ടി​ക്കും; ദുർ​വി​ധി​യു​മാ​യി അയാൾ​ക്ക് അത്ര​യും പരി​ച​യ​മാ​യ​തു​കൊ​ണ്ടു്, അതി​നോ​ടു് അയാൾ പറയും, ‘വരൂ, വരൂ, മൂ​പ്പ​രേ!’

ദുർ​വി​ധി​യു​ടെ ദ്രോ​ഹ​ങ്ങൾ അയാളെ സമർ​ഥ​നാ​ക്കി. അനവധി യു​ക്തി​കൾ ആലോ​ചി​ച്ചു​ണ്ടാ​ക്കാൻ അയാൾ​ക്കു സാ​ധി​ക്കും. അയാൾ​ക്കു പണ​മി​ല്ല; പക്ഷേ വേ​ണ​മെ​ന്നു തോ​ന്നു​മ്പോൾ ഒരു നി​ല​നി​ല്പി​ല്ലാ​ത്ത ധാ​രാ​ളി​ത്ത​ത്തിൽ മു​ങ്ങി​മ​റി​യു​വാൻ അയാൾ വഴി​യു​ണ്ടാ​ക്കും. ഒരു ദിവസം ഒരു ചെ​റു​പ്പ​ക്കാ​രി​യോ​ടൊ​രു​മി​ച്ചി​രു​ന്നു് അയാൾ ‘നൂറു ഫ്രാ​ങ്കി’ന്റെ ഒരൂ​ണു​ണ്ണു​ക​കൂ​ടി ചെ​യ്തു; ആ സദ്യ​യ്ക്കി​ട​യിൽ ഈ സ്മ​ര​ണീ​യ​മായ വാ​ക്കു​പ​റ​യാൻ അയാൾ​ക്കു​ത്സാ​ഹം തോ​ന്നി: ‘ഹേ​നൂ​റു ഫ്രാ​ങ്കി​ന്റെ തെ​റി​ച്ചി​പ്പെ​ണ്ണേ, എന്റെ ബൂ​ട്ടു​സ്സ​ഴി​ക്ക്.’

ഒരു വക്കീൽ​ത്തൊ​ഴി​ലി​ലേ​ക്കു ബൊ​സ്വെ പതു​ക്കെ ചെ​ല്ലു​ക​യാ​യി​രു​ന്നു; ബയോ​രെ​ലി​ന്റെ മട്ടിൽ അയാ​ളും നിയമം പഠി​ക്കു​ക​യാ​ണു്. ബൊ​സ്വെ​യ്ക്കു സ്ഥി​ര​താ​മ​സം എന്ന​തു് അധി​ക​മി​ല്ല; ചി​ല​പ്പോൾ ഇല്ല​ത​ന്നെ. ഇന്നു് ഒരാ​ളു​ടെ കൂടെ താ​മ​സി​ക്കും: നാളെ മറ്റൊ​രാ​ളു​ടെ​കൂ​ടെ, മി​ക്ക​പ്പോ​ഴും ഴൊ​ലി​യു​ടെ കൂടെ ഴൊലി വൈ​ദ്യം പഠി​ക്ക​യാ​ണു്. അയാൾ​ക്കു ബൊ​സ്വെ​യെ​ക്കാൾ രണ്ടു വയ​സ്സു കു​റ​യും.

ഴൊലി ഒരു ‘മനോ​രാ​ജ്യ​രോ​ഗി’ ഇള​മ​യാ​ണു്. വൈ​ദ്യ​ത്തിൽ​നി​ന്നു് അയാൾ പഠി​ച്ച​തു വൈ​ദ്യ​നാ​വാ​ന​ല്ല. രോ​ഗി​യാ​വാ​നാ​ണു്. ഇരു​പ​ത്തി​മൂ​ന്നാ​മ​ത്തെ വയ​സ്സിൽ അയാൾ ഒരു സദാ​രോ​ഗി​യാ​യി; കണ്ണാ​ടി​യിൽ നോ​ക്കി നാവു പരി​ശോ​ധി​ച്ചു​കൊ​ണ്ടു് അയാൾ ആയു​സ്സു കഴി​ക്കും. സൂ​ചി​പോ​ലെ മനു​ഷ്യൻ കാ​ന്ത​ത്തി​ന്റെ ആകർ​ഷ​ണ​ത്തി​നു വശ​പ്പെ​ടു​ന്ന​താ​യി അയാൾ സി​ദ്ധാ​ന്തി​ക്കു​ന്നു; രാ​ത്രി ഭൂ​ഗോ​ള​ത്തി​ലെ മഹ​ത്തായ വി​ദ്യുൽ​പ്ര​വാ​ഹ​ത്താൽ തന്റെ രക്ത​പ​രി​സ​ര​ണ​ത്തി​നു തക​രാ​റൊ​ന്നും പറ്റി​പ്പോ​കാ​തി​രി​പ്പാൻ​വേ​ണ്ടി, തെ​ക്കോ​ട്ടു തലയും വട​ക്കോ​ട്ടു കാ​ലു​മാ​യി കി​ട​പ്പാൻ തക്ക​വി​ധം അറയിൽ അയാൾ കട്ടിൽ തി​രി​ച്ചി​ട്ടി​രി​ക്കു​ന്നു. ഇടി​മി​ന്ന​ലു​ള്ള​പ്പോൾ അയാൾ നാഡി പി​ടി​ച്ചു നോ​ക്കും. ഇല്ലാ​ത്ത​പ്പോൾ അയാ​ളാ​ണു് മറ്റെ​ല്ലാ​വ​രി​ലും​വെ​ച്ച് അധികം പ്ര​സ​രി​പ്പു​കാ​രൻ. ചെ​റു​പ്പ​ക്കാ​രും നൊ​സ്സ​ന്മാ​രും വളർ​ച്ച​യെ​ത്താ​ത്ത​വ​രും ആഹ്ലാ​ദ​ശീ​ല​ന്മാ​രു​മായ ഇവ​രെ​ല്ലാം ഒത്തൊ​രു​മി​ച്ചു താ​മ​സി​ക്കു​ന്നു; അതി​ന്റെ ഫല​മാ​ണു് വാ​ലു​ള്ള സ്വ​രാ​ക്ഷ​ര​ങ്ങൾ​ക്കു ദുർ​ഭി​ക്ഷ​മി​ല്ലാ​ത്ത കൂ​ട്ടു​കാ​രെ​ല്ലാം​കൂ​ടി ഴൊ​ല്ലി എന്നു പേ​രി​ട്ട ആ നൊ​സ്സ​നും നല്ല​വ​നു​മായ സത്ത്വം. ‘നി​ങ്ങൾ​ക്ക് ആ രണ്ടു ‘ലി’ന്മേൽ പറ​ക്കാം, ഴാ​ങ്പ്രു​വെർ പറ​ഞ്ഞു.

ഴൊ​ലി​ക്കു വടി​ത്തു​മ്പു​കൊ​ണ്ടു മൂ​ക്ക​ത്തു തൊ​ടു​ന്ന ഒരു വി​ദ്യ​യു​ണ്ടു്; ബു​ദ്ധി​കൂർ​മ​യു​ടെ ഒര​ട​യാ​ളം.

ഇത്ര​മേൽ വ്യ​ത്യാ​സ​പ്പെ​ട്ട​വ​രും ആക​പ്പാ​ടെ ഗൗ​ര​വ​ത്തോ​ടു​കൂ​ടി​യ​ല്ലാ​തെ വി​വ​രി​ക്ക​പ്പെ​ടാൻ വയ്യാ​ത്ത​വ​രു​മായ ഈ എല്ലാ യു​വാ​ക്ക​ന്മാർ​ക്കും​കൂ​ടി ഒരു മത​മാ​യി​രു​ന്നു; അഭി​വൃ​ദ്ധി.

എല്ലാ​വ​രും ഫ്ര​ഞ്ച് ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ നേർ​സ്സ​ന്താ​ന​ങ്ങ​ളാ​ണു്. അവ​രിൽ​വെ​ച്ച് എത്ര​ത​ന്നെ തല​യു​യർ​ന്ന​വ​നും ഈ ഒരു കൊ​ല്ല​ത്തി​ന്റെ പേർ പറ​ഞ്ഞാൽ സഗൗ​ര​വ​നാ​യി; 1789. അവ​രു​ടെ അച്ഛ​ന്മാർ രാ​ജ​ക​ക്ഷി​ക്കാ​രാ​യാ​ലും പ്ര​ജാ​ധി​പ​ത്യ​ക്കാ​രാ​യാ​ലും ശരി; അതു​കൊ​ണ്ടു വി​ശേ​ഷി​ച്ചൊ​ന്നു​മി​ല്ല; ചെ​റു​പ്പ​ക്കാ​രായ ഇവ​രു​ടെ ജന​ന​ത്തി​നു മുൻ​പ​ത്തെ തക​രാ​റൊ​ന്നും ഇവർ​ക്കു ബാ​ധ​ക​മ​ല്ല; ഈ യു​വാ​ക്ക​ന്മാ​രു​ടെ സി​ര​ക​ളി​ലൂ​ടെ നി​യ​മ​നി​ഷ്ഠ​യു​ടെ പരി​ശു​ദ്ധ​ര​ക്ത​മാ​ണു് പാ​ഞ്ഞി​രു​ന്ന​തു്. അവർ നി​ഷ്ക​ള​ങ്ക​മായ ധർ​മ​ത്തേ​യും കേ​വ​ല​മായ മനു​ഷ്യ​മു​റ​യേ​യും ആരാ​ധി​ച്ചു; നടു​ക്കു​ള്ള നി​ല​ക​ളൊ​ന്നും അവർ​ക്കി​ല്ല.

കു​ടും​ബ​മാ​യി ചേർ​ന്ന​വ​രും ഒരു​പോ​ലെ പഠി​ച്ച​വ​രു​മായ ഈ സു​ഹൃ​ത്തു​ക്കൾ പ്രാ​പ്യ​സ്ഥി​തി​യെ നി​ഗു​ഢ​ത​യിൽ കു​റി​ച്ചി​ട്ടു.

ഈ ഉത്സാ​ഹ​ശീ​ല​ന്മാ​രു​ടേ​യും മൂ​ഢ​വി​ശ്വാ​സി​ക​ളു​ടേ​യും ഇടയിൽ ഒരു സം​ശ​യ​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. അയാൾ അവിടെ എങ്ങി​നെ വന്നു​പെ​ട്ടു? സാ​മീ​പ്യം കൊ​ണ്ടു്. ഈ സം​ശ​യ​ക്കാ​ര​ന്റെ പേർ ഗ്ര​ന്തേർ എന്നാ​ണു്; ഈ ചി​ത്ര​ഭാ​ഷ​യി​ലാ​ണു് അയാൾ ഒപ്പി​ടുക പതി​വു്; ആർ. ഗ്ര​ന്തേർ യാ​തൊ​ന്നും വി​ശ്വ​സി​ക്കാ​തി​രി​ക്കാൻ സവി​ശേ​ഷ​മാ​യി മന​സ്സി​രു​ത്തു​ന്ന ഒരാ​ളാ​ണു്, എന്ന​ല്ല, പാ​രി​സ്സി​ലെ വി​ദ്യാ​ല​യ​പ്പാർ​പ്പു കാ​ല​ത്തു കഴി​യു​ന്നേ​ട​ത്തോ​ള​മ​ധി​കം പഠി​ച്ചി​ട്ടു​ള്ള ഒരു വി​ദ്യാർ​ഥി​യാ​ണു് അയാൾ; ഒന്നാം​ത​രം കാ​പ്പി പാ​രി​സ്സിൽ ലെം​ബ്ലാ​ങ് കാ​പ്പി​പ്പീ​ടി​ക​യി​ലാ​ണു് കി​ട്ടുക എന്നും. ഒന്നാ​ന്ത​രം ബി​ല്ലി​യേർ​ഡ് കളി വൊൾ​ത്തെ​യർ എന്നേ​ട​ത്താ​ണെ​ന്നും, നല്ല അപ്പ​ങ്ങ​ളും നല്ല പെൺ​കു​ട്ടി​ക​ളും ഏർ​മി​റ്റേ​ജിൽ കാ​ണാ​മെ​ന്നും, ഒന്നാ​ന്ത​രം കോ​ഴി​ക്കു​ട്ടി​കൾ മദർ സൊ​ഗെ​യു​ടെ ഹോ​ട്ട​ലി​ലാ​ണെ​ന്നും, എണ്ണം പറഞ്ഞ മത്സ്യ​ഭ​ക്ഷ​ണം കു​നെ​ത്തി​ലാ​ണെ​ന്നും, നേർ​ത്തു വെ​ളു​ത്ത ഒരു​ത​രം വീ​ഞ്ഞു ബാ​രി​യേർ ദ്യു​കൊം​പാ​യിൽ കി​ട്ടു​മെ​ന്നും അയാൾ​ക്ക​റി​യാം. എല്ലാ​റ്റി​നു​മു​ള്ള ഒന്നാ​ന്ത​രം സ്ഥലം അയാൾ മന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടു്; പുറമെ, കയ്യാ​ങ്ക​ളി​യും ചവു​ട്ടു​ക​ളി​യും മറ്റു ചില നൃ​ത്ത​വി​നോ​ദ​ങ്ങ​ളും. അയാൾ ഒരു മേ​ലെ​ക്കി​ട​യി​ലു​ള്ള വടി​വീ​ശൽ​ക്കാ​ര​നാ​ണു്. പോ​രാ​ത്ത​തി​നു് അയാൾ അസ്സൽ കുടി കു​ടി​ക്കും. അയാൾ തീരെ പരി​ഷ്കാ​ര​മി​ല്ലാ​ത്താ​ളാ​ണു്; അന്ന​ത്തെ ബൂ​ട്ടു​സു് തു​ന്നൽ​പ്പ​ണി​ക്കാ​രി​ക​ളിൽ​വെ​ച്ച് ഏറ്റ​വും സൗ​ഭാ​ഗ്യ​വ​തി ഇർമ ബ്വാ​സി അയാ​ളു​ടെ പരു​ക്കൻ​മ​ട്ടു​കൊ​ണ്ടു ശു​ണ്ഠി കയറി ഇങ്ങ​നെ ഒരു വിധി വി​ധി​ച്ചു: ‘ഒര​സാ​ധ്യ​മ​നു​ഷ്യൻ’; പക്ഷേ, ഗ്ര​ന്തേ​രു​ടെ മന്ത​ത്ത​രം അക്ഷോ​ഭ്യ​മാ​യി​രു​ന്നു. അയാൾ ശ്ര​ദ്ധ​യോ​ടും വാ​ത്സ​ല്യ​ത്തോ​ടു​കൂ​ടി എല്ലാ സ്ത്രീ​ക​ളേ​യും സൂ​ക്ഷി​ച്ചു നോ​ക്കും; ആ നോ​ട്ട​ത്തിൽ അവ​രെ​ല്ലാ​വ​രോ​ടും അയാൾ ഇങ്ങ​നെ പറ​യു​ന്ന ഒരു മട്ടു​ണ്ടാ​യി​രി​ക്കും: ‘എനി​ക്കി​ഷ്ടം തോ​ന്ന​ണം!’ സകല സ്ത്രീ​ക​ളും തന്നെ ആവ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്നു് അയാൾ കൂ​ട്ടു​കാ​രെ ധരി​പ്പി​ക്കാൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ തോ​ന്നും.

പൊ​തു​ജ​നാ​വ​കാ​ശം, മനു​ഷ്യ​ധർ​മം, സാ​മു​ദാ​യി​ക​ബ​ന്ധം, ഫ്ര​ഞ്ച് ഭര​ണ​പ​രി​വർ​ത്ത​നം, പ്ര​ജാ​ധി​പ​ത്യം, പൊ​തു​ജ​ന​ഭ​ര​ണം, മനു​ഷ്യ​ത്വം, പരി​ഷ്കാ​രം, അഭി​വൃ​ദ്ധി - ഈ വാ​ക്കു​ക​ളെ​ല്ലാം ഗ്ര​ന്തേ​റെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം ഏതാ​ണ്ടു നി​രർ​ഥ​ക​ങ്ങ​ളാ​ണു്. അയാൾ അവ​യു​ടെ നേ​രെ​യൊ​ക്കെ പു​ഞ്ചി​രി​യി​ടും ബു​ദ്ധി​യു​ടെ എല്ലു​തിർ​ച്ച​രോ​ഗ​മായ ആ സം​ശ​യ​വാ​ദം ഒരൊ​റ്റ ആലോ​ച​ന​യെ​ങ്കി​ലും ഗ്ര​ന്തേ​റിൽ ബാ​ക്കി​വെ​ച്ചി​ല്ല. അയാൾ വക്രോ​ക്തി​യു​ടെ കൂടെ താ​മ​സി​ച്ചു​പോ​ന്നു. ഇതാ​ണു് അയാ​ളു​ടെ മു​ഖ്യ​സി​ദ്ധാ​ന്തം: ‘നേ​രാ​യി​ട്ടു് ഒന്നു മാ​ത്ര​മു​ണ്ടു്, എന്റെ നി​റ​ഞ്ഞ പാ​ന​പാ​ത്രം.’ എല്ലാ കക്ഷി​ക്കാ​രി​ലും കാ​ണ​പ്പെ​ടു​ന്ന മനോ​വി​ശ്വാ​സ​ത്തെ അയാൾ പു​ച്ഛി​ച്ചു; അച്ഛ​നേ​യും ശരി, സഹോ​ദ​ര​നേ​യും ശരി; ഇളയ രൊ​ബെ​പി​യ​റേ​യും ല്വാ​സെ​രോ​ലി​നേ​യും. [14] ‘അവർ​ക്കൊ​ക്കെ മരി​ക്കാൻ​മാ​ത്രം പ്രാ​യ​മാ​യി’ അയാൾ ഉച്ച​ത്തിൽ പറയും. കു​രി​ശി​നെ​പ്പ​റ്റി അയാൾ അഭി​പ്രാ​യ​പ്പെ​ട്ടു: ‘ഒരു വി​ജ​യ​മാ​യി കലാ​ശി​ച്ച തൂ​ക്കു​മ​ര​മാ​ണ​തു്.’ ഒരു തെ​ണ്ടി​യും ചൂ​തു​ക​ളി​ക്കാ​ര​നും തെ​മ്മാ​ടി​യും കള്ളു​കു​ടി​യ​നു​മായ അയാൾ ‘നാ​ലാ​മൻ ആങ്റി ജയി​ച്ചി​ട​ട്ടെ’ എന്ന പല്ല​വി​യു​ള്ള പാ​ട്ടു് ഇള​വി​ല്ലാ​തെ പാടി ആ ചെ​റു​പ്പ​ക്കാ​രായ മനോ​രാ​ജ്യ​ക്കാ​രെ​യെ​ല്ലാം മു​ഷി​പ്പി​ക്കും.

ഏതാ​യാ​ലും ഈ സം​ശ​യ​ക്കാ​ര​ന്നു് ഒരു മത​ഭ്രാ​ന്തി​യു​ണ്ടു്. ആ മത​ഭ്രാ​ന്തി ഒരു സി​ദ്ധാ​ന്ത​ത്തോ​ട​ല്ല, ഒരു കാ​ര്യ​ത്തോ​ട​ല്ല; ഒരു കലാ​വി​ദ്യ​യോ​ട​ല്ല, ഒരു ശാ​സ്ത്ര​ത്തോ​ട​ല്ല; ഒരാ​ളോ​ടാ​ണു് -​ആൻഷൊൽരാ. ആൻ​ഷൊൽ​രാ​യെ അയാൾ ബഹു​മാ​നി​ച്ചി​രു​ന്നു, സ്നേ​ഹി​ച്ചി​രു​ന്നു, പൂ​ജി​ച്ചി​രു​ന്നു. കേ​വ​ല​ത്വ​ത്തി​ലൂ​ന്നി​നി​ല്ക്കു​ന്ന ആ മനു​ഷ്യ​മ​ന​സ്സു​ക​ളു​ടെ കൂ​ട്ട​ത്തിൽ ഈ കീ​ഴ​ട​ക്ക​മി​ല്ലാ​ത്ത പരി​ഹാ​സ​ക്കാ​രൻ ആരോ​ടാ​ണു് തന്നെ കൂ​ട്ടി​ക്കെ​ട്ടി​യ​തു്? ഏറ്റ​വു​മ​ധി​കം കേ​വ​ല​ഹൃ​ദ​യ​നോ​ടു്. ഏതു നി​ല​യിൽ ആൻ​ഷൊൽ​രാ അയാളെ കീ​ഴ്പ്പെ​ടു​ത്തി? അയാ​ളു​ടെ അഭി​പ്രാ​യ​ങ്ങ​ളാ​ലാ​ണോ? അല്ല; സ്വ​ഭാ​വം​കൊ​ണ്ടു്, പല​പ്പോ​ഴും കാ​ണാ​വു​ന്ന ഒരു കാഴ്ച. ചേർ​ന്നി​ണ​ങ്ങു​ന്ന വർ​ണ​വി​ശേ​ഷ​ങ്ങ​ളെ​പ്പോ​ലെ, ഒരു സം​ശ​യ​ക്കാ​രൻ ഒരു വി​ശ്വാ​സി​യോ​ടു ചേ​രു​ന്ന​തു പ്ര​കൃ​തി​സാ​ധാ​ര​ണ​മാ​ണു്. നമു​ക്കി​ല്ലാ​ത്ത​തു നമ്മെ ആകർ​ഷി​ക്കു​ന്നു കു​രു​ട​നെ​പ്പോ​ലെ വെ​ളി​ച്ചം ഇഷ്ട​പ്പെ​ടു​ന്ന ആളി​ല്ല. കള്ളൻ പെ​രും​കൂ​റ്റ​നെ ആരാ​ധി​ക്കു​ന്നു. പോ​ക്കാ​ച്ചി​ത്ത​വ​ള​യു​ടെ കണ്ണു് എപ്പോ​ഴും ആകാ​ശ​ത്തൂ​ന്നി​ക്കൊ​ണ്ടാ​ണ് എന്തി​നു്? പറ​ക്കു​ന്ന പക്ഷി​യെ നോ​ക്കി​ക്കാ​ണാൻ? സംശയം ഉള്ളിൽ ചു​രു​ണ്ടു​കി​ട​ക്കു​ന്ന ഗ്ര​ന്തേർ​ക്ക് ആൻ​ഷൊൽ​രാ​യിൽ വി​ശ്വാ​സം പൊ​ങ്ങി​പ്പ​റ​ക്കു​ന്ന​തു കാണുക രസ​മാ​യി​രു​ന്നു. അയാൾ​ക്ക് ആൻ​ഷൊൽ​രാ​യെ​ക്കൊ​ണ്ടാ​വ​ശ്യ​മു​ണ്ടു്. ആ ചരി​ത്ര​ത്തോ​ടും ആരോ​ഗ്യ​ത്തോ​ടും ദൃ​ഢ​ത​യോ​ടും ഋജു​ത്വ​ത്തോ​ടും സ്ഥി​ര​ത​യോ​ടും കല​വ​റ​യി​ല്ലാ​യ്മ​യോ​ടും കൂടിയ പ്ര​കൃ​തി അയാളെ മയ​ക്കി​ക്ക​ള​ഞ്ഞു; ആ കഥ അയാൾ വ്യ​ക്ത​മാ​യ​റി​യു​ക​യാ​വ​ട്ടേ, അങ്ങ​നെ​യൊ​ന്നു​ണ്ടെ​ന്നു തന്നെ​ത്താൻ മന​സ്സി​ലാ​ക്കാൻ ശ്ര​മി​ക്കു​ക​യാ​വ​ട്ടെ ചെ​യ്തി​രു​ന്നി​ല്ല; പ്ര​കൃ​തി​പ്രേ​ര​ണ​യാൽ ആ എതിർ​സ്വ​ഭാ​വി​യെ അയാൾ ബഹു​മാ​നി​ച്ചു. അയാ​ളു​ടെ മൃ​ദു​ക്ക​ളും, അശ​ക്ത​ങ്ങ​ളും, അഴി​ഞ്ഞു​തീർ​ന്ന​വ​യും, രൂ​പ​മ​റ്റ​വ​യു​മായ ആലോ​ച​ന​കൾ, ഒരു തണ്ടെ​ല്ലി​നോ​ടെ​ന്ന​പോ​ലെ, ആൻ​ഷൊൽ​രാ​യോ​ടു പറ്റി​പ്പി​ടി​ച്ചു. അയാ​ളു​ടെ ധാർ​മി​ക​പ്ര​കൃ​തി ആ സ്ഥി​ര​ത​മേൽ ചാ​രി​നി​ന്നു. ആൻ​ഷൊൽ​രാ​യു​ടെ സാ​ന്നി​ധ്യ​ത്തിൽ ഗ്ര​ന്തേർ ഒരി​ക്കൽ​ക്കൂ​ടി ഒരാ​ളാ​യി. എന്ന​ല്ല, പ്ര​ത്യ​ക്ഷ​ത്തിൽ പര​സ്പ​ര​വി​രു​ദ്ധ​ങ്ങ​ളായ രണ്ടു സ്വ​ഭാ​വ​ങ്ങൾ കൂ​ടി​ച്ചേർ​ന്നു​ണ്ടാ​യ​താ​യി​രു​ന്നു ആ മനു​ഷ്യൻ. അയാ​ളിൽ കപ​ട​ത​യു​മു​ണ്ടു്. നി​ഷ്ക​പ​ട​ത​യു​മു​ണ്ടു്. അയാ​ളു​ടെ ഔദാ​സീ​ന്യം സ്നേ​ഹി​ച്ചു. വി​ശ്വാ​സ​ത്തെ​ക്കൂ​ടാ​തെ അയാ​ളു​ടെ മന​സ്സി​നു കഴി​ഞ്ഞു​കൂ​ടാം; പക്ഷേ, സൗ​ഹാർ​ദ്ദ​ത്തെ​ക്കൂ​ടാ​തെ അയാ​ളു​ടെ ഹൃ​ദ​യ​ത്തി​നു കഴി​ഞ്ഞു​കൂ​ടാം; പക്ഷേ, സൗ​ഹാർ​ദ്ദ​ത്തെ​ക്കൂ​ടാ​തെ അയാ​ളു​ടെ ഹൃ​ദ​യ​ത്തി​നു കഴി​ഞ്ഞു​കൂ​ടാൻ വയ്യാ. ഒര​ഗാ​ധ​മായ പര​സ്പ​ര​വി​രു​ദ്ധത; എന്തു​കൊ​ണ്ടെ​ന്നാൽ, സ്നേ​ഹം ഒരു വി​ശ്വാ​സ​മാ​ണു്. അയാ​ളു​ടെ പ്ര​കൃ​തി അങ്ങ​നെ​യാ​യി​രു​ന്നു. അകവും പു​റ​വും എതിർ​വ​ക്കു​മാ​യി​രി​ക്കാൻ വേ​ണ്ടി ജനി​ച്ച​വ​രോ എന്നു തോ​ന്നു​മാ​റു ചില ആളു​ക​ളു​ണ്ടു്. അവ​രാ​ണു് പൊ​ലു​ക്സു്, [15] പത്രൊ​ക്ലെ​സു്, [16] നിസുസ [17] എന്ന​വർ. മറ്റൊ​രാൾ പു​റ​ത്തു താ​ങ്ങു​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​ണു് അവർ നി​ല്ക്കു​ന്ന​തു്; അവ​രു​ടെ പേർ ഒരു തു​ടർ​ച്ച​യാ​ണു്. ഉം എന്ന സമു​ച്ച​യ​ത്തോ​ടു​കൂ​ടി​യേ അതെ​ഴു​ത​പ്പെ​ടാ​റു​ള്ളു; അവ​രു​ടെ ജീ​വി​തം സ്വ​ന്ത​മ​ല്ല; അതു് അവ​രു​ടേ​ത​ല്ലാ​ത്ത ഒരു ജീ​വി​ത​ത്തി​ന്റെ മറു​പു​റ​മാ​ണു്. ഗ്ര​ന്തേർ അത്ത​ര​ക്കാ​രിൽ ഒരാ​ളാ​ണു്. അയാൾ ആർ​ഷൊൽ​രാ​യു​ടെ പു​റ​മാ​യി​രു​ന്നു.

ആൻ​ഷൊൽ​രാ​യു​ടെ ശരി​ക്കു​ള്ള ഉപ​ഗ്ര​ഹ​മായ ഗ്ര​ന്തേർ ഈ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തിൽ താ​മ​സി​ച്ചു; അയാ​ളു​ടെ പാർ​പ്പു് അതി​ലാ​യി​രു​ന്നു; മറ്റെ​വി​ടെ​യും അയാൾ​ക്കു രസ​മി​ല്ല; അയാൾ എല്ലാ​യി​ട​ത്തും അവരെ പിൻ​തു​ടർ​ന്നു. ഈ രൂ​പ​ങ്ങൾ വീ​ഞ്ഞി​ന്റെ പത​യി​ലൂ​ടെ വരു​ന്ന​തും പോ​കു​ന്ന​തും കാ​ണു​ക​യാ​യി​രു​ന്നു അയാൾ​ക്കു രസം, അയാ​ളു​ടെ നേ​രം​പോ​ക്കു​കാ​ര​ണം അവ​ര​യാ​ളെ കൊ​ണ്ടു നട​ന്നു.

വി​ശ്വാ​സി​യായ ആൻ​ഷൊൽ​രാ​യ്ക്ക് ഈ സം​ശ​യ​ക്കാ​ര​നെ ബഹു​പു​ച്ഛ​മാ​യി​രു​ന്നു; മദ്യം തൊ​ടാ​ത്ത അയാൾ​ക്ക് ആ മദ്യ​പ​നെ ബഹു​പ​രി​ഹാ​സ​മാ​യി​രു​ന്നു. കു​റ​ച്ച് അന്ത​സ്സു​കൂ​ടിയ അനു​ക​മ്പ​മാ​ത്രം അയാൾ ആ സേ​വ​ന്റെ നേരെ കാ​ണി​ച്ചു​പോ​ന്നു. ആൻ​ഷൊൽ​രാ​യാൽ എപ്പോ​ഴും നിർ​ദ്ദ​യ​മാ​യി പെ​രു​മാ​റ​പ്പെ​ടു​ന്ന​വ​നും, പരു​ഷ​നി​ല​യിൽ നി​രാ​ക​രി​ക്ക​പ്പെ​ടു​ന്ന​വ​നും, ഉപേ​ക്ഷി​ക്ക​പ്പെ​ട്ടാ​ലും എപ്പോ​ഴും അടു​ത്തു കൂ​ടു​ന്ന​വ​നു​മായ ആ മനു​ഷ്യൻ ആൻ​ഷൊൽ​രാ​യെ​പ്പ​റ്റി പറയും; ‘എന്തു​കൊ​ള്ളാ​വു​ന്ന വെ​ണ്ണ​ക്ക​ല്ലു്.’

കു​റി​പ്പു​കൾ

[1] ഇറ്റ​ലി​യിൽ​നി​ന്നു ഗോ​ത്ത്കാ​രെ ഓടി​ച്ചാ​ളും ചേം​ബർ​ലേ​ന്റെ സു​ഹൃ​ത്തു​മായ ഒരു നപും​സ​ക​രാ​ജ്യ​ത​ന്ത്ര​ജ്ഞൻ.

[2] യവ​നേ​തി​ഹാ​സ​ങ്ങ​ളിൽ മഹാ​പ​തി​വ്ര​ത​യാ​യി വർ​ണ്ണി​ക്ക​പ്പെ​ടു​ന്ന പെ​നി​ലൊ​പ്പി​നെ കൈ​വ​ശ​പ്പെ​ടു​ത്തു​വാൻ തു​നി​ഞ്ഞ അനവധി കാ​മു​ക​ന്മാ​രിൽ​വെ​ച്ചു പ്ര​ധാ​ന​നും വലിയ അധി​ക​പ്ര​സം​ഗി​യും.

[3] ഒരു റോമൻ രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും പ്രാ​സം​ഗി​ക​നും.

[4] യവ​നേ​തി​ഹാ​സ​ങ്ങ​ളിൽ സമു​ദ്ര​ത്തി​ന്റെ അധി​ദേ​വ​ത​യാ​യി​ട്ടു​ള്ള പൊ​സി​ഡോ​ണി​ന്റെ മകൾ.

[5] ഹി​പ്പാർ​ക്ക​സു് എന്ന രാ​ജ്യ​ദ്രോ​ഹി​യായ രാ​ജാ​വോ​ടെ​തിർ​ത്ത ഒര​ഥീ​നി​യ​ക്കാ​രൻ യു​ദ്ധ​ത്തി​ല​ല്ലാ​തെ മറ്റൊ​ന്നി​ലും യാ​തൊ​രു രസ​വു​മി​ല്ലാ​ത്താൾ.

[6] ഹി​പ്പാർ​ക്ക​സ്സോ​ടു യു​ദ്ധം ചെ​യ്തു് ആ രാ​ജാ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ അഥീ​നി​യ​ക്കാ​രൻ യു​വാ​വു്.

[7] പഴയ നി​യ​മ​ത്തി​ലെ ഒരു ഭാഗം എഴു​തിയ ആൾ.

[8] ഒരു പ്ര​സി​ദ്ധ​നായ ഫ്ര​ഞ്ച് ഗണി​ത​ശാ​സ്ത്ര​ജ്ഞ​നും തത്ത്വ​ജ്ഞാ​നി​യും എഴു​ത്തു​കാ​ര​നും.

[9] ഫ്രാൻ​സി​ലെ ഒരു ഗണി​ത​ശാ​സ്ത്ര​ജ്ഞ​നും പ്ര​കൃ​തി​ശാ​സ്ത്ര​ജ്ഞ​നും.

[10] ഫ്രാൻ​സി​ലെ സമ​ഷ്ടി​വാ​ദ​സ്ഥാ​പ​കൻ.

[11] ഒരു ഫ്ര​ഞ്ച് സമ​ഷ്ടി​വാ​ദി.

[12] ഒരു ഫ്ര​ഞ്ച് കവി. ശി​ര​ച്ഛേ​ദം ചെ​യ്യ​പ്പെ​ട്ടു.

[13] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[14] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[15] വ്യാ​ഴ​ത്തി​നു യവ​നേ​തി​ഹാ​സ​പ്ര​കാ​രം സ്പാർ​ട്ട​യി​ലെ രാ​ജാ​വായ തിൻ​ദ​രി​യു​സ്സി​ന്റെ ഭാ​ര്യ​യിൽ ഉണ്ടായ ഇര​ട്ട​പെ​റ്റ കു​ട്ടി​ക​ളിൽ ഒരാൾ.

[16] യവ​നേ​തി​ഹാ​സ​ങ്ങ​ളിൽ വർ​ണ്ണി​ക്ക​പ്പെ​ടു​ന്ന ട്രോ​ജൻ യു​ദ്ധ​ത്തി​ലെ ഒരു പ്ര​മു​ഖൻ; അക്കിൽ​സി​ന്റെ പ്രാ​ണ​സ്നേ​ഹി​തൻ.

[17] വെർ​ജി​ലി​ന്റെ മഹാ​കാ​വ്യ​ത്തി​ലെ ഒരു കഥാ​പാ​ത്രം യു​റി​യാ​ല​സ്സി​ന്റെ മു​ഖ്യ​സു​ഹൃ​ത്തു് ഈ രണ്ടു പേരും എപ്പോ​ഴും ഒരു​മി​ച്ചേ ഉള്ളു.

3.4.2
ബ്ളൊൻ​ദോ​വി​നെ​ക്കു​റി​ച്ചു​ള്ള ചര​മ​പ്ര​സം​ഗം: പ്ര​സാ​ധ​കൻ, ബൊ​സ്വെ

ഇതു​വ​രെ പറ​ഞ്ഞു​പോ​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി ഏതാ​ണ്ടു് ബന്ധ​മു​ള്ള​തെ​ന്നു് ഇനി അറി​യ​പ്പെ​ടാൻ പോ​കു​ന്ന ഒരു ദിവസം ഉച്ച​യ്ക്കു മു​സെ​ങ് കാ​പ്പി​പ്പീ​ടി​ക​യു​ടെ വാ​തി​ല്ക്കൽ ലെഗ്ൽ ദു് മോ വി​ഷ​യ​ല​മ്പ​ട​ന്റെ ഭാ​വ​ത്തോ​ടു​കൂ​ടി ചാ​രി​നി​ല്ക്കു​ക​യാ​യി​രു​ന്നു. അവ​ധി​യെ​ടു​ത്തു​പോ​കു​ന്ന ഒരോ​വു​താ​ങ്ങി​പ്ര​തി​മ​യു​ടെ മട്ടു​ണ്ടു് അയാൾ​ക്ക്; പക്ഷേ, എന്താ​യാ​ലും, മനോ​രാ​ജ്യ​മ​ല്ലാ​തെ മറ്റൊ​ന്നും അയാൾ കൊ​ണ്ടു​പോ​കു​ന്നി​ല്ല. അയാൾ പ്ലാ​സു് സാങ്-​മികേൽപ്രദേശത്തേക്കു തു​റി​ച്ചു​നോ​ക്കു​ക​യാ​യി​രു​ന്നു. ഒന്നി​നോ​ടു പു​റം​ചാ​രു​ന്ന​തു നി​വർ​ന്നു​നി​ല്ക്കെ മലർ​ന്നു കി​ട​ക്കു​ന്ന​തി​നു സമ​മാ​ണു്; ഈ നിലയെ ആലോ​ച​നാ​ശീ​ല​ന്മാർ വെ​റു​ത്തി​ട്ടി​ല്ല. നി​യ​മ​വി​ദ്യാ​ല​യ​ത്തിൽ​വെ​ച്ചു രണ്ടു ദിവസം മുൻപു കഴി​ഞ്ഞ ഒരു ചെറിയ ആപ​ത്തി​നെ​പ്പ​റ്റി, കു​ണ്ഠി​ത​ത്തോ​ടു കൂ​ടാ​തെ, ലെഗ്ൽ ദു് മോ മനോ​രാ​ജ്യം വി​ചാ​രി​ക്ക​യാ​യി​രു​ന്നു; അത​യാ​ളു​ടെ ഭാ​വി​യെ​പ്പ​റ്റി ശരി​പ്പെ​ടു​ത്തി​വെ​ച്ചി​രു​ന്ന യു​ക്തി​ക​ളെ തകരാറാക്കി-​ഏതായാലും ആ യു​ക്തി അത്ര തെ​ളി​ഞ്ഞു കഴി​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു.

മനോ​രാ​ജ്യം ഒരു വണ്ടി കട​ന്നു​പോ​കു​ന്ന​തി​നെ തട​യു​ന്നി​ല്ല; ആ വണ്ടി​യെ മനോ​രാ​ജ്യ​ക്കാ​ര​ന്നു നോ​ക്കി​ക്കാ​ണു​ന്ന​തി​നും വി​രോ​ധ​മി​ല്ല. ഒരു​ത​രം സർ​വ​വ്യാ​പി​യായ അല​സ​ത​യോ​ടു​കൂ​ടി നോ​ട്ട​ങ്ങൾ പാ​റി​ന​ട​ന്നി​രു​ന്ന ലെഗ്ൽ ദ്മോ തന്റെ സ്വ​പ്നാ​ട​ന​ത്തി​നി​ട​യിൽ. ഒരു ഇര​ട്ട​ച്ച​ക്ര​വ​ണ്ടി, നട​ക്കു​ന്ന വേ​ഗ​ത്തി​ലും, ഇന്നേ​ട​ത്തേ​ക്കെ​ന്നി​ല്ലാ​തെ​യും, അതിലെ കട​ന്നു​പോ​കു​ന്ന​തു നോ​ക്കി​ക്ക​ണ്ടു. ആരു​ടേ​യാ​യി​രു​ന്നു ഈ വണ്ടി? എന്താ​ണ​തു് നട​ക്കു​ന്ന വേ​ഗ​ത്തിൽ തെ​ളി​ക്ക​പ്പെ​ടു​ന്ന​തു? ലെഗ്ൽ ഒരു പരി​ശോ​ധന കഴി​ച്ചു. അതിൽ വണ്ടി​ക്കാ​ര​നു പുറമേ ഒരു ചെ​റു​പ്പ​ക്കാ​രൻ കൂ​ടി​യു​ണ്ടു്; ആ ചെ​റു​പ്പ​ക്കാ​ര​ന്നു മുൻ​പിൽ ഒരു പോ​ത്തൻ കൈ​പ്പെ​ട്ടി​യും അതി​ന്മേൽ പറ്റി​ച്ചി​ട്ടു​ള്ള ഒരു കാർ​ഡിൽ കറു​ത്തു വലിയ അക്ഷ​ര​ത്തിൽ, മരി​യു​സു് പൊ​ങ്മേർ​സി എന്ന പേർ അച്ച​ടി​ച്ചി​ട്ടു​ള്ള​തി​നെ അതു വഴി യാ​ത്ര​ക്കാർ​ക്കു കാ​ണി​ച്ചു​കൊ​ടു​ത്തി​രു​ന്നു.

ഈ പേർ ലെ​ഗ്ലി​ന്റെ നിലയെ ഒന്നു ഭേ​ദ​പ്പെ​ടു​ത്തി. അയാൾ നി​വർ​ന്നു​നി​ന്നു വണ്ടി​യി​ലു​ള്ള ചെ​റു​പ്പ​ക്കാ​ര​നു നേരെ ഈയൊരു സം​ബു​ദ്ധി എറി​ഞ്ഞു: ‘മൊ​സ്സ്യു മരി​യു​സു് പൊ​ങ്മേർ​സി!’

ആവിധം സം​ബോ​ധ​നം ചെ​യ്യ​പ്പെ​ട്ട വണ്ടി നി​ന്നു.

അഗാ​ധ​മായ മനോ​രാ​ജ്യ​ത്തിൽ​ത്ത​ന്നെ മു​ങ്ങി​യി​രി​ക്കു​ന്ന ആ ചെ​റു​പ്പ​ക്കാ​രൻ തല​യു​യർ​ത്തി.

‘ഏ?’ അയാൾ ചോ​ദി​ച്ചു.

‘നി​ങ്ങ​ളാ​ണോ മൊ​സ്സ്യു മരി​യു​സു് പൊ​ങ്മേർ​സി?’

‘നി​ശ്ച​യ​മാ​യും.’

‘ഞാൻ നി​ങ്ങ​ളെ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു,’ ലെഗ്ൽ ദു് മോ വീ​ണ്ടും തു​ടർ​ന്നു.

‘അതെ​ങ്ങ​നെ?’ മരി​യു​സു് കല്പി​ച്ചു ചോ​ദി​ച്ചു. എന്തു​കൊ​ണ്ടെ​ന്നാൽ അത​യാ​ളാ​യി​രു​ന്നു; വാ​സ്ത​വ​ത്തിൽ അയാൾ അപ്പോൾ​ത്ത​ന്നെ മു​ത്ത​ച്ഛ​ന്റെ വീ​ട്ടിൽ​നി​ന്നു പോ​ന്ന​തേ ഉള്ളു; തന്റെ മുൻ​പിൽ കാ​ണ​പ്പെ​ട്ട ആ മുഖം അയാൾ അന്നൊ​ന്നാ​മ​താ​യി​ട്ടാ​ണു് കാ​ണു​ന്ന​തു്, ‘ഞാൻ നി​ങ്ങ​ളെ അറി​യി​ല്ല.’

‘നി​ങ്ങ​ളെ ഞാനും അറി​യി​ല്ല,’ ലെഗ്ൽ മറു​പ​ടി പറ​ഞ്ഞു.

ഒരു തമാ​ശ​ക്കാ​ര​നെ​യാ​ണു് താൻ കണ്ടെ​ത്തി​യ​തെ​ന്നു മരി​യു​സു് വി​ചാ​രി​ച്ചു - തു​റ​സ്സായ തെ​രു​വിൽ​വെ​ച്ച് ഒരു നി​ഗൂ​ഢ​ത​യു​ടെ ആരം​ഭ​ത്തെ. ആ സമ​യ​ത്തു് അയാൾ​ക്ക് ആക​പ്പാ​ടെ അത്ര രസ​മി​ല്ലാ​യി​രു​ന്നു. അയാൾ നെ​റ്റി ചു​ളി​ച്ചു. ഒരു സ്തോ​ഭ​ഭേ​ദ​വും കൂ​ടാ​തെ ലെഗ്ൽ ദു് മോ പറ​ഞ്ഞും​കൊ​ണ്ടു​പോ​യി; ‘നി​ങ്ങൾ മി​നി​ഞ്ഞാ​ന്നു പള്ളി​ക്കൂ​ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല.’

‘അങ്ങ​നെ വരാം.’ “അതു തീർ​ച്ച​യാ​ണു്.’ ‘നി​ങ്ങൾ ഒരു വി​ദ്യാർ​ഥി​യാ​ണോ?’ മരി​യു​സു് ചോ​ദി​ച്ചു. ‘അതേ സാർ. നി​ങ്ങ​ളെ​പ്പോ​ലെ. മി​നി​ഞ്ഞാ​ന്നു ഞാൻ യദൃ​ച്ഛ​യാ​യി പള്ളി​ക്കൂ​ട​ത്തിൽ കട​ന്നു. ചി​ല​പ്പോൾ ആളു​കൾ​ക്ക് അങ്ങ​നെ​യൊ​രു കമ്പം തോ​ന്നി​പ്പോ​വു​മെ​ന്നു നി​ങ്ങൾ​ക്ക​റി​യാ​മ​ല്ലോ. അധ്യാ​പ​കൻ ഹാജർ വി​ളി​ക്ക​യാ​യി​രു​ന്നു. ആ സമ​യ​ത്തു് അവർ തീരെ കൊ​ള്ള​രു​താ​ത്ത ഒരു വക​ക്കാ​രാ​യി​രി​ക്കു​മെ​ന്നു നി​ങ്ങൾ അറി​യാ​തെ വരി​ല്ല. മൂ​ന്നാ​മ​ത്തെ വി​ളി​ക്കും ഉത്ത​രം കി​ട്ടാ​ഞ്ഞ​പ്പോൾ നി​ങ്ങ​ളു​ടെ പേർ പട്ടി​ക​യിൽ​നി​ന്നു വെ​ട്ടി​ക്ക​ള​യ​പ്പെ​ട്ടു. അറു​പ​തു ഫ്രാ​ങ്ക് വെ​ള്ള​ത്തിൽ.’

മരി​യു​സു് ശ്ര​ദ്ധി​ക്കാൻ തു​ട​ങ്ങി.

‘ബ്ലൊൻ​ദോ ആണു് പേർ വി​ളി​ച്ച​തു്. നി​ങ്ങൾ അറി​യു​മ​ല്ലോ ബ്ലൊൻ​ദോ​വി​നെ; വളരെ കൂർ​ത്തു ദ്രോ​ഹ​ബു​ദ്ധി​യോ​ടു​കൂ​ടിയ ഒരു മൂ​ക്കാ​ണു് അയാ​ളു​ടേ​തു്; ഇല്ലാ​ത്ത​വ​രെ മണ​ത്ത​റി​യു​ന്ന​തു് അയാൾ​ക്കു ബഹു​ര​സ​മാ​ണു്. അയാൾ ഉപാ​യ​ത്തിൽ ‘പ’ എന്ന അക്ഷ​ര​ത്തിൽ​പ്പി​ടി​ച്ചു. ആ അക്ഷ​ര​ത്തിൽ എനി​ക്ക​ത്ര കാ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടു്, ഞാൻ മന​സ്സു​വെ​ച്ചി​ല്ല. വിളി അത്ര വെ​റു​തെ​യാ​യി​രു​ന്നി​ല്ല. ഒരു വെ​ട്ടു​മു​ണ്ടാ​യി​ല്ല; പ്ര​പ​ഞ്ചം അവിടെ ഹാ​ജ​രു​ണ്ടു്. ബ്ലോൻ​ദോ​വി​നു കു​ണ്ഠി​ത​മാ​യി. ഞാൻ സ്വയം പറ​ഞ്ഞു: ‘ബ്ലോൻ​ദോ, എന്റെ ചങ്ങാ​തി, ഇന്ന​ത്തെ ദിവസം എത്ര ചെറിയ തൂ​ക്കി​ക്കൊ​ല​യ്ക്കും തനി​ക്കു വഴി​കി​ട്ടി​ല്ല.’ ഉട​നെ​ത​ന്നെ ബ്ലൊൻ​ദോ വി​ളി​ച്ചു, ‘മരി​യു​സു് പൊ​ങ്മേർ​സി!’ ആരും മറു​പ​ടി പറ​യു​ന്നി​ല്ല. ഞാൻ വേ​ഗ​ത്തിൽ സ്വയം പറ​ഞ്ഞു: ‘ഇതാ കണിശം കു​റ​ഞ്ഞ ഒരു യഥാർ​ഥ​മ​നു​ഷ്യൻ. അയാൾ ഒരു നല്ല വി​ദ്യാർ​ഥി​യ​ല്ല, ഇതു നി​ങ്ങ​ളു​ടെ കൊ​ള്ളാ​വു​ന്ന​വ​രിൽ ഒരാ​ള​ല്ല; പഠി​ക്കു​ന്ന വി​ദ്യാർ​ഥി​യോ, പൊ​ട്ട​നായ ജ്ഞാ​ന​ല​വ​ദുർ​വി​ദ​ഗ്ധ​നോ’ സാ​ഹി​ത്യ​വും ധർ​മ​ശാ​സ്ത്ര​വും പ്ര​കൃ​തി​ശാ​സ്ത്ര​വും, സർ​വ​ജ്ഞാ​ന​വും ഉള്ളിൽ​ക്ക​ട​ത്തി​യ​വ​നോ ചതു​ര​ത്തിൽ വെ​ട്ടി​ശ​രി​പ്പെ​ടു​ത്തി നിർ​ത്തി​യി​ട്ടു​ള്ള മന്ത​ന്മാ​രിൽ ഒരാളോ അല്ല; ഉദ്യോ​ഗം​കൊ​ണ്ടു് ഒരു നി​സ്സാ​ര​വ​സ്തു. അയാൾ അല​ഞ്ഞു​ന​ട​ക്കു​ക​യും, നാടൻ ലാ​ത്ത​ലു​കൾ അഭ്യ​സി​ക്കു​ക​യും, സ്ത്രീ​ക​ളോ​ടു ലോ​ഗ്യം കൂ​ടു​ക​യും, ഒരു സമയം ഇസ്സ​മ​യ​ത്തു് എന്റെ രഹ​സ്യ​ക്കാ​രി​യോ​ടു​കൂ​ടി രമി​ക്കു​ക​യും ചെ​യ്യു​ന്ന ഒരു മാ​ന്യ​നായ അല​സ​നാ​യി​രി​ക്കും. നമു​ക്ക​യാ​ളെ രക്ഷി​ക്കുക. ബ്ലൊൻ​ദോ പോ​യ്ച്ചാ​വ​ട്ടെ!’ ആ സമ​യ​ത്തു പേർ വെ​ട്ടി കറു​ത്തി​രു​ണ്ട തൂവൽ ബ്ലൊൻ​ദോ മഷി​യിൽ മു​ക്കി. തന്റെ മഞ്ഞ​ക്ക​ണ്ണു​ക​ളെ ആ മു​റി​യി​ലെ​ങ്ങും ഒന്നു വ്യാ​പ​രി​പ്പി​ച്ചു; മൂ​ന്നാ​മ​തും ആവർ​ത്തി​ച്ചു; ‘മരി​യു​സു് പൊ​ങ്മേർ​സി!’ ഞാൻ മറു​പ​ടി പറ​ഞ്ഞു: ‘ഹാജർ ഇതു കൊ​ണ്ടാ​ണു് നി​ങ്ങ​ളു​ടെ പേർ തട​യ​പ്പെ​ടാ​ഞ്ഞ​തു്.’

‘മൊസ്സ്യു-​’ മരി​യു​സു് പറ​ഞ്ഞു.

‘ഇനി എന്റേ​തെ​ങ്ങ​നെ​യെ​ന്ന​ന്നു്,’ ലെഗ്ൽ ദു് മോ തു​ടർ​ന്നു.

‘എനി​ക്കു മന​സ്സി​ലാ​കു​ന്നി​ല്ല.’

ലെഗ്ൽ പറയാൻ തു​ട​ങ്ങി: ‘ക്ഷ​ണ​ത്തിൽ മന​സ്സി​ലാ​ക്കി​ത്ത​രാം, ഞാൻ മറു​പ​ടി പറയാൻ പാ​ക​ത്തിൽ മേ​ശ​യ്ക്ക​ടു​ത്താ​യി​രു​ന്നു; പാ​ഞ്ഞു​ക​ള​യാൻ പാ​ക​ത്തിൽ വാ​തി​ലി​നും. ഒരു​ത​രം കാ​ഠി​ന്യ​ത്തോ​ടു​കൂ​ടി അധ്യാ​പ​കൻ എന്റെ നേരെ സൂ​ക്ഷി​ച്ചു​നോ​ക്കി. പെ​ട്ടെ​ന്നു് ബ്ലൊൻദോ-​ബ്വാലൊ’ [1] സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള ദു​ഷ്ട​മൂ​ക്കൻ അയാളാവണം-​അതാ ‘ല’ എന്ന അക്ഷ​ര​ത്തിൽ ചാടി. ‘ല’ എന്റെ അക്ഷ​ര​മാ​ണു്. ഞാൻ മോ രാ​ജ്യ​ത്തു​കാ​ര​നാ​ണു്; എന്റെ പേർ ലെഗ്ൽ എന്നും’

‘ലെഗ്ൽ’ മരി​യു​സു് തറ​ഞ്ഞു പറ​ഞ്ഞു, ‘എന്തു രസ​മു​ള്ള പേർ.’

മൊ​സ്സ്യു, ബ്ലൊൻ​ദോ കട​ന്നു് ഈ രസ​മു​ള്ള പേ​രി​ലെ​ത്തി, വി​ളി​ച്ചു: ‘ലെഗ്ൽ.’ ഞാൻ മറു​പ​ടി പറ​ഞ്ഞു: ‘ഹാജർ.’ ഉടനെ ബ്ലൊൻ​ദോ എന്റെ നേർ​ക്ക് ഒരു നരി​യു​ടെ സൗ​മ്യ​ത​യോ​ടു​കൂ​ടി തു​റ​ച്ചു​നോ​ക്കി, എന്നോ​ടു പറ​ഞ്ഞു: ‘നി​ങ്ങൾ പൊ​ങ്മേർ​സി​യാ​ണെ​ങ്കിൽ​പ്പി​ന്നെ ലഗ്ല​ല്ല. നി​ങ്ങൾ​ക്കു കേൾ​ക്കു​മ്പോൾ ഒരു നീ​ര​സ​പ്ര​ദ​മായ വാ​ക്യം, പക്ഷേ, എനി​ക്ക​തു് ഒരു വാ​യാ​ടി​ത്ത​മാ​യി​ട്ടു മാ​ത്ര​മേ തോ​ന്നി​യു​ള്ളു. അതും പറ​ഞ്ഞ് അയാൾ എന്റെ പേർ വെ​ട്ടി.’

മരി​യു​സു് ഉച്ച​ത്തിൽ പറ​ഞ്ഞു: ‘ഞാൻ വ്യ​സ​നി​ക്കു​ന്നു സേർ,’

‘ഒന്നാ​മ​തു്’ ലെഗ്ൽ തട​ഞ്ഞു​പ​റ​ഞ്ഞു, ‘തി​ക​ച്ചും ഉള്ളിൽ​ത്ത​ട്ടിയ ചില സ്തു​തി​വാ​ക്കു​ക​ളെ​ക്കൊ​ണ്ടു ബ്ലൊൻ​ദോ​വി​നെ​ക്കു​റി​ച്ചു​ള്ള സ്മരണ നി​ല​നിർ​ത്തു​വാൻ എനി​ക്ക​നു​വാ​ദം തരണം. അയാൾ മരി​ച്ചി​രി​ക്കു​ന്നു എന്നു വെ​ക്ക​ട്ടെ. അയാ​ളു​ടെ മെ​ലി​ച്ച​ലി​നും വി​ളർ​പ്പി​നും തണു​പ്പി​നും ഗന്ധ​ത്തി​നും അതു​കൊ​ണ്ടു് വലിയ മാ​റ്റ​മൊ​ന്നും വരേ​ണ്ട​തി​ല്ല. ഞാൻ പറ​യു​ന്നു: ‘ഇതാ കി​ട​ക്കു​ന്നു ബ്ലൊൻദോ-​മൂക്കൻ ബ്ലൊൻ​ദോ, കീ​ഴ​ട​ക്ക​മേ​റിയ കാള, കു​റി​വാ​ക്കി​നു​ള്ള നാ​യാ​ട്ടു​നായ, പേർ വി​ളി​ക്കാ​നു​ള്ള ദേ​വ​ദൂ​തൻ; അതേ, സത്യ​വാ​നും മര്യാ​ദ​ക്കാ​ര​നും കണി​ശ​ക്കാ​ര​നും വി​ട്ടൊ​ഴി​ച്ച​ലി​ല്ലാ​ത്ത​വ​നും ഋജു​ബു​ദ്ധി​യും ഭയ​ങ്ക​ര​നു​മായ ബ്ലൊൻ​ദോ. അയാൾ എന്റെ പേർ വെ​ട്ടി​ക്ക​ള​ഞ്ഞ​തു​പോ​ലെ ഈശ്വ​രൻ അയാ​ളു​ടെ പേരും വെ​ട്ടി​ക്ക​ള​ഞ്ഞു.’

മരി​യു​സു് തു​ടർ​ന്നു: ‘ഞാൻ വളരെ വ്യസനിക്കുന്നു-​’

‘യു​വാ​വേ,’ ലെഗ്ൽ പറ​ഞ്ഞു: ‘ഇതു നി​ങ്ങൾ​ക്ക് ഒരു പാ​ഠ​മാ​യി​രി​ക്ക​ട്ടെ. മേലാൽ കണി​ശ​മാ​യി​രി​ക്ക​ണം.’

‘ഞാൻ നി​ങ്ങ​ളോ​ടു് ഒരാ​യി​രം മാ​പ്പു ചോ​ദി​ക്കു​ന്നു.’

‘നി​ങ്ങ​ളു​ടെ അയൽ​പ​ക്ക​ക്കാ​ര​ന്റെ പേർ വെ​ട്ടി​പ്പോ​വാൻ ഇട​വ​രു​ത്താ​തി​രി​ക്കുക’

‘ഞാൻ അത്യ​ന്തം വ്യസനിക്കുന്നു-​’

ലെഗ്ൽ പൊ​ട്ടി​ച്ചി​രി​ച്ചു.

‘എനി​ക്കോ സന്തോ​ഷ​മാ​ണു​ള്ള​തു്. ഞാൻ ഏക​ദേ​ശം ഒരു വക്കീ​ലാ​വു​ന്ന​തി​ന്റെ വക്കു​വ​രെ എത്തി. ഈ പേർ​വെ​ട്ടൽ എന്നെ രക്ഷി​ച്ചു. വക്കീൽ​പ്പ​ണി​യി​ലെ വി​ജ​യ​ങ്ങ​ളെ ഞാൻ ഉപേ​ക്ഷി​ക്കു​ന്നു. ഞാൻ വി​ധ​വ​യെ സഹാ​യി​ക്കു​ക​യി​ല്ല; ഞാൻ അനാ​ഥ​ശി​ശു​വി​നെ ഉപ​ദ്ര​വി​ക്കു​ക​യു​മി​ല്ല. മേ​ല​ങ്കി​യി​ല്ല, വേഷം കെ​ട്ട​ലി​ല്ല. എന്റെ പേർ വെ​ട്ടൽ എത്ര കു​റി​ക്കു കൊ​ണ്ടു. ഞാൻ അതിനു നി​ങ്ങ​ളോ​ടാ​ണു് കട​പ്പെ​ട്ടി​രി​ക്കു​ന്ന​തു്. മൊ​സ്സ്യു പൊ​ങ്മേർ​സി, ഞാൻ നി​ങ്ങ​ളെ വന്നു​ക​ണ്ടു് ഒരാ​യി​രം നന്ദി പറ​യ​ണ​മെ​ന്നു വി​ചാ​രി​ക്കു​ന്നു. നി​ങ്ങ​ളു​ടെ താമസം എവി​ടെ​യാ​ണു്?’

‘ഈ കൂ​ലി​വ​ണ്ടി​യിൽ.’ മരി​യു​സു് പറ​ഞ്ഞു.

‘സമ്പ​ന്ന​ത​യു​ടെ ഒര​ട​യാ​ളം.’ ലെഗ്ൽ ശാ​ന്ത​മാ​യി പറ​ഞ്ഞു. ‘ഞാൻ നി​ങ്ങ​ളെ അഭി​ന​ന്ദി​ക്കു​ന്നു. കൊ​ല്ല​ത്തിൽ ഒമ്പ​തി​നാ​യി​രം ഫ്രാ​ങ്ക് വാടക കൊ​ടു​പ്പാ​നു​ള്ള പണി​യാ​യി.’

അസ്സ​മ​യ​ത്തു കുർ​ഫെ​രാ​ക് ഹോ​ട്ട​ലിൽ​നി​ന്നി​റ​ങ്ങി.

മരി​യു​സു് കു​ണ്ഠി​ത​ത്തോ​ടു​കൂ​ടി പു​ഞ്ചി​രി​യി​ട്ടു.

‘ഞാൻ രണ്ടു മണി​ക്കൂ​റി​ന്റെ വാടക കൊ​ടു​ത്തു; ഇതു മേൽ​നി​ന്നു പോയാൽ മതി എന്നാ​യി​രി​ക്കു​ന്നു. പക്ഷേ, ഇതി​നെ​സ്സം​ബ​ന്ധി​ച്ച് ഒരു ചരി​ത്ര​മു​ണ്ടു്; എവി​ടേ​ക്കാ​ണു് പോ​കേ​ണ്ട​തെ​ന്ന​റി​ഞ്ഞു​കൂ​ടാ.’

‘സേർ, എന്റെ സ്ഥ​ല​ത്തേ​ക്കു പോരൂ,’ കുർ​ഫെ​രാ​ക് പറ​ഞ്ഞു.

‘എനി​ക്കാ​ണു് മു​മ്പു്,’ ലെഗ്ൽ അഭി​പ്രാ​യ​പ്പെ​ട്ടു; ‘പക്ഷേ, എനി​ക്കു വീ​ടി​ല്ല.’

‘മി​ണ്ടാ​തി​രി​ക്കൂ, ബൊ​സ്വെ,’ കർ​ഫെ​രാ​ക് പറ​ഞ്ഞു.

‘ബൊ​സ്വെ,’ മരി​യു​സു് പറ​ഞ്ഞു, ‘നി​ങ്ങ​ളു​ടെ പേർ ലെഗ്ൽ എന്നാ​ണെ​ന്നു ഞാൻ വി​ചാ​രി​ച്ചു.’

‘ലെഗ്ൽ ദു് മോ,’ ലെഗ്ൽ മറു​പ​ടി പറ​ഞ്ഞു; ‘രൂ​പ​കാ​ല​ങ്കാ​ര​പ്ര​കാ​രം ബൊ​സ്വെ.’

കുർ​ഫെ​രാ​ക് വണ്ടി​യിൽ​ക്ക​യ​റി.

‘വണ്ടി​ക്കാ​രൻ,’ അയാൾ പറ​ഞ്ഞു, ‘പൊർ​ത്തു് സാങ്-​ഴാക്കിലെ ഹോ​ട്ട​ലി​ലേ​ക്ക്.’

അന്നു വൈ​കു​ന്നേ​രം​ത​ന്നെ മരി​യു​സു് ആ ഹോ​ട്ട​ലി​ലെ ഒരു മു​റി​യിൽ കുർ​ഫെ​രാ​ക്കി​ന്റെ കൂടെ താ​മ​സ​മാ​യി.

കു​റി​പ്പു​കൾ

[1] ഫ്രാൻ​സി​ലെ പ്ര​സി​ദ്ധ​നായ പരി​ഹാ​സ​ക​വ​ന​ക്കാ​രൻ.

3.4.3
മരി​യു​സ്സി​ന്റെ അമ്പ​ര​പ്പു​കൾ

കു​റ​ച്ചു​ദി​വ​സം​കൊ​ണ്ടു മരി​യു​സു് കുർ​ഫെ​രാ​ക്കി​ന്റെ സ്നേ​ഹി​ത​നാ​യി. ക്ഷ​ണ​ത്തി​ലു​ള്ള കൂ​ടി​ച്ചേ​ര​ലി​ന്റേ​യും മു​റി​ക​ളു​ടെ വേ​ഗ​ത്തി​ലു​ള്ള വടു​മാ​യ​ലി​ന്റേ​യും കാ​ല​മാ​ണു് യൗവനം. കുർ​ഫെ​രാ​ക്കി​ന്റെ അടു​ത്താ​യ​പ്പോൾ മരി​യു​സു് സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി ശ്വാ​സം കഴിച്ചു-​അയാളെസ്സംബന്ധിച്ചേടത്തോളം ഒരു പുതുമ. കുർ​ഫെ​രാ​ക് അയാ​ളോ​ടു് ഒരു ചോ​ദ്യ​വും ചെ​യ്തി​ല്ല. അങ്ങ​നെ​യൊ​രു കാ​ര്യ​ത്തെ​പ്പ​റ്റി അയാൾ ആലോ​ചി​ക്കു​ക​ത​ന്നെ​യു​ണ്ടാ​യി​ല്ല. ആ പ്രാ​യ​ത്തിൽ, മു​ഖ​ങ്ങൾ നിന്ന നി​ല​യിൽ​ത്ത​ന്നെ ഉള്ള​തൊ​ക്കെ വെ​ളി​പ്പെ​ടു​ത്തു​ന്നു; വാ​ക്കു​കൾ അനാ​വ​ശ്യ​ച്ചെ​ല​വാ​ണു്. മു​ഖ​ഭാ​വം പി​റു​പി​റെ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നു കാ​ഴ്ച​യിൽ​ത്ത​ന്നെ തോ​ന്നു​ന്ന ചില ചെ​റു​പ്പ​ക്കാ​രു​ണ്ടു്. അവരെ കണ്ടാൽ​ത്തീർ​ന്നു, അവരെ അറി​ഞ്ഞു കഴി​ഞ്ഞു.

ഏതാ​യാ​ലും ഒരു ദിവസം രാ​വി​ലെ, കുർ​ഫെ​രാ​ക് അപ്ര​തീ​ക്ഷി​ത​മാ​യി അയാ​ളോ​ടു് ഈ ചോ​ദ്യം ചോ​ദി​ച്ചു: ‘കൂ​ട്ട​ത്തിൽ ചോ​ദി​ക്ക​ട്ടെ, നി​ങ്ങൾ​ക്കു രാ​ജ്യ​ഭ​രണ വി​ഷ​യ​ത്തിൽ വല്ല അഭി​പ്രാ​യ​വു​മു​ണ്ടോ?’

‘ആലോചന!’ ആ ചോ​ദ്യം​കൊ​ണ്ടു് ഏതാ​ണ്ടു മു​ഷി​ഞ്ഞ മരി​യു​സു് പറ​ഞ്ഞു.

‘നി​ങ്ങൾ ഏതു കക്ഷി​യാ​ണു്?’

‘പ്ര​ജാ​ധി​പ​ത്യം ഇഷ്ട​പ്പെ​ട്ട ഒരു ബോ​നാ​പ്പർ​ത്തു് കക്ഷി.’

‘പേ​ടി​ക്കാ​നി​ല്ലെ​ന്നു കണ്ട എലി​യു​ടെ സ്വ​ത​വേ​യു​ള്ള ചാ​ര​നി​റം.’ കുർ​ഫെ​രാ​ക് അഭി​പ്രാ​യ​പ്പെ​ട്ടു.

പി​റ്റേ ദിവസം കുർ​ഫെ​രാ​ക് മരി​യു​സ്സി​നെ മു​സെ​ങ് കാ​പ്പി​പ്പീ​ടി​ക​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. എന്നി​ട്ടു് അയാൾ മരി​യു​സ്സി​ന്റെ ചെ​കി​ട്ടിൽ ഒരു പു​ഞ്ചി​രി​യോ​ടു കൂടി മന്ത്രി​ച്ചു; ‘ഞാൻ നി​ങ്ങ​ളെ ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.’ അങ്ങ​നെ അയാളെ കുർ​ഫെ​രാ​ക് എബിസി സു​ഹൃൽ​സം​ഘ​ത്തി​ന്റെ സദ​സ്സി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അയാൾ മറ്റു ചങ്ങാ​തി​മാ​രു​മാ​യി ആ അപ​രി​ചി​ത​നെ, മരി​യു​സ്സി​നു് അർഥം മന​സ്സി​ലാ​കാ​തി​രു​ന്ന ഈ വാ​ക്കു പറ​ഞ്ഞ്, പരി​ച​യ​പ്പെ​ടു​ത്തി: ‘ഒരു ശി​ഷ്യൻ.’

ഫലി​ത​ക്കാ​രു​ടെ ഒരു കട​ന്നൽ​ക്കൂ​ട്ടി​ലാ​ണു് മരി​യു​സു് വീ​ണ​തു്. ഏതാ​യാ​ലും, താൻ മൗ​നി​യും സഗൗ​ര​വ​നു​മാ​ണെ​ങ്കി​ലും അയാൾ​ക്കു ചി​റ​കും ആയു​ധ​വു​മു​ണ്ടാ​യി​രു​ന്നു.

അതേ​വ​രെ, ശീ​ലം​കൊ​ണ്ടും വാ​സ​ന​കൊ​ണ്ടും, തനി​ച്ചി​രു​ന്നു മനോ​രാ​ജ്യം വി​ചാ​രി​ക്കു​ക​യും ആത്മ​ഗ​തം ചെ​യ്ക​യു​മാ​യി കഴി​ഞ്ഞു​കൂ​ടി​പ്പോ​ന്ന മരി​യു​സ്സി​നു ചു​റ്റും ആ ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടം വന്നു​കൂ​ടി​യ​പ്പോൾ കു​റ​ച്ചൊ​രു പരി​ഭ്ര​മ​മു​ണ്ടാ​യി. ഈ പലേ പ്രാ​രം​ഭ​ങ്ങ​ളെ​ല്ലാം​കൂ​ടി അയാ​ളു​ടെ ശ്ര​ദ്ധ​യെ പെ​ട്ടെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും, അയാ​ളു​ടെ ഉള്ളി​ലു​ള്ള​തി​നെ പു​റ​ത്തേ​ക്കു വലി​ക്കു​ക​യും ചെ​യ്തു സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി യത്നി​ക്കു​ന്ന അവ​രു​ടെ ലഹള പി​ടി​ച്ച ഉത്സാ​ഹ​ങ്ങൾ അയാ​ളു​ടെ ആലോ​ച​ന​കൾ​ക്കു കമ്പം പി​ടി​പ്പി​ച്ചു. ചി​ല​പ്പോൾ അയാ​ളു​ടെ പരു​ങ്ങ​ലി​നി​ട​യിൽ അവർ വളരെ ദൂ​ര​ത്തേ​ക്കു പാ​ഞ്ഞു​പോ​യ്ക്ക​ള​യും; അവരെ പി​ടി​കൂ​ടാൻ അയാൾ​ക്കു പ്ര​യാ​സ​മാ​ണെ​ന്നു​കൂ​ടി വരും. അവർ തത്ത്വ​ശാ​സ്ത്ര​ത്തേ​യും സാ​ഹി​ത്യ​ത്തേ​യും കലാ​വി​ദ്യ​യേ​യും ചരി​ത്ര​ത്തേ​യും മത​ത്തേ​യും പറ്റി അവി​ചാ​രി​ത​മ​ട്ടിൽ പ്ര​സം​ഗി​ക്കു​ന്ന​തു കേൾ​ക്കാം. അസാ​ധാ​ര​ണ​ങ്ങ​ളായ സ്ഥി​തി​ക​ളെ അയാൾ ഓരോ നോ​ക്കു​കാ​ണും; അതു വേ​ണ്ട​വി​ധം നോ​ക്കി​ക്കാ​ണാ​ഞ്ഞ​തു​കൊ​ണ്ടു താൻ മന​സ്സി​ലാ​ക്കി​യ​തു് അപാ​ര​ശൂ​ന്യ​ത​യ​ല്ലെ​ന്നു് അയാൾ​ക്കു തീർ​ച്ച​പ്പെ​ട്ടി​രു​ന്നി​ല്ല മു​ത്ത​ച്ഛ​ന്റെ അഭി​പ്രാ​യ​ങ്ങ​ളെ​വി​ട്ടു് അച്ഛ​ന്റെ അഭി​പ്രാ​യ​ങ്ങ​ളെ സ്വീ​ക​രി​ച്ച​തിൽ തന്റെ നില ഉറ​ച്ചു​കി​ട്ടി എന്ന​യാൾ വി​ചാ​രി​ച്ചു; പക്ഷേ, ഇപ്പോൾ, അസ്വാ​സ്ഥ്യ​ത്തോ​ടു​കൂ​ടി​യും തന്നോ​ടു തന്നെ സമ്മ​തി​ക്കു​വാൻ ധൈ​ര്യ​മി​ല്ലാ​തെ​യും, വാ​സ്ത​വ​സ്ഥി​തി അങ്ങ​നെ​യ​ല്ലെ​ന്നു് അയാൾ സം​ശ​യി​ച്ചു. അയാൾ എല്ലാം നി​ന്നു നോ​ക്കി​ക്ക​ണ്ടി​രു​ന്ന ചു​വ​ടൊ​ന്നു മാ​റി​ത്തു​ട​ങ്ങി. അയാ​ളു​ടെ തല​ച്ചോ​റി​ന്റെ നി​ല​ക​ളെ​യൊ​ക്കെ എന്തോ ഒരി​ള​ക്കം വന്നു തി​രി​ച്ചു​വി​ട്ടു, ആന്ത​ര​മായ ഒരു വല്ലാ​ത്ത കി​ഴു​മേൽ​മ​റി​യൽ. അയാൾ അതു​കൊ​ണ്ടു കു​ഴ​ങ്ങി.

ആ ചെ​റു​പ്പ​ക്കാർ​ക്കു ‘വി​ശി​ഷ്ട​വ​സ്തു​ക്ക​ളാ​യി’ യാ​തൊ​ന്നു​മി​ല്ലെ​ന്നു തോ​ന്നി. ഏതു വി​ഷ​യ​ത്തി​ലും ചില അപൂർ​വ​ചി​ന്ത​കൾ മരി​യൂ​സു് കേ​ട്ടു; അപ്പോ​ഴും പേടി വി​ടാ​തി​രു​ന്ന അയാ​ളു​ടെ മന​സ്സി​നെ അവ അമ്പ​ര​പ്പി​ച്ചു.

സാ​ഹി​ത്യ​ശു​ദ്ധി​യു​ള്ള​തെ​ന്നു പറ​യ​പ്പെ​ടു​ന്ന പ്രാ​ചീ​ന​നാ​ട​ക​ങ്ങ​ളു​ടെ പട്ടി​ക​യിൽ​നി​ന്നെ​ടു​ത്ത ഒരു ദുഃ​ഖ​പ​ര്യ​വ​സാ​യി​നാ​ട​ക​ത്തി​ന്റെ പേർ മി​ന്നി​ത്തി​ള​ങ്ങു​ന്ന ഒരു നാ​ട​ക​പ്പ​ര​സ്യം കണ്ടു ബയോ​രെൽ പറ​ഞ്ഞു: ‘പ്ര​മാ​ണി​കൾ​ക്കി​ഷ്ട​പ്പെ​ട്ട ദുഃ​ഖ​പ​ര്യ​വ​സാ​യി​നാ​ട​കം കളയണം!’ കൊം​ബ്ഫെർ അതി​നു് ഇങ്ങ​നെ മറു​പ​ടി പറ​ഞ്ഞ​തു മരി​യു​സു് കേ​ട്ടു;

‘ബയൊ​രെൽ, നി​ങ്ങൾ​ക്കു തെ​റ്റി. പ്ര​മാ​ണി​കൾ​ക്കു ദുഃ​ഖ​പ​ര്യ​വ​സാ​യി​നാ​ട​കം ഇഷ്ട​മാ​ണു്; ആ കാ​ര്യ​ത്തിൽ അവരെ ഉപ​ദ്ര​വി​ക്കാ​തെ വിടണം. പാ​ഴ്മു​ടി​യ​ണി​യി​ക്ക​പ്പെ​ട്ട ദുഃ​ഖ​പ​ര്യ​വ​സാ​യി​നാ​ട​ക​ത്തി​നു ജീ​വി​ച്ചി​രി​ക്കാൻ ന്യാ​യ​മു​ണ്ടു്. എസ്കി​ലി​സ്സി​ന്റെ ഉത്ത​ര​വിൻ​പ്ര​കാ​രം അവ​യ്ക്കു ജീ​വി​ച്ചി​രി​ക്കാ​നു​ള്ള അവ​കാ​ശ​ത്തെ എതിർ​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തിൽ ഒരാ​ള​ല്ല ഞാൻ. പ്ര​കൃ​തി​യിൽ വി​കൃ​ത​രൂ​പ​ങ്ങ​ളു​ണ്ടു്; തയ്യാ​റാ​ക്കി​വെ​ച്ചി​ട്ടു​ള്ള വി​ക​ട​ക​വി​ത​ക​ളു​മു​ണ്ടു് സൃ​ഷ്ടി​യിൽ. കൊ​ക്ക​ല്ലാ​ത്ത ഒരു കൊ​ക്ക്, ചി​റ​കു​ക​ള​ല്ലാ​ത്ത ചി​റ​കു​കൾ, ചെ​ളു​ക്ക​ക​ള​ല്ലാ​ത്ത ചെ​ളു​ക്ക​കൾ. തി​ര്യ​ക്പാ​ദ​ങ്ങ​ള​ല്ലാ​ത്ത തി​ര്യ​ക്പാ​ദ​ങ്ങൾ, ചി​രി​ക്കാൻ തോ​ന്നി​ക്കു​ന്ന ഒരു കരച്ചിൽ-​അതാ ഒരു താ​റാ​വു്, പക്ഷി​യു​ടെ അടു​ക്കൽ​ത്ത​ന്നെ താ​റാ​വു​ക​ളു​മു​ള്ള സ്ഥി​തി​ക്കു, പഴ​മ​പ്പെ​ട്ട ദുഃ​ഖ​പ​ര്യ​വ​സാ​യി​നാ​ട​ക​ത്തി​ന്റെ അടു​ക്കൽ എന്തു​കൊ​ണ്ടു്, പു​രാ​തന യവന-​ലത്തീൻഭാഷകളിലെ ദുഃ​ഖ​പ​ര്യ​വ​സാ​യി നാ​ട​ക​ത്തി​നു ജീ​വി​ക്കാൻ പാ​ടി​ല്ല; ഇതെ​നി​ക്കു മന​സ്സി​ലാ​കു​ന്നി​ല്ല.’

അല്ലെ​ങ്കിൽ യദൃ​ച്ഛ​യാ​യി ആൻ​ഷൊൽ​രാ​യു​ടേ​യും കുർ​ഫെ​രാ​ക്കി​ന്റേ​യും നടു​ക്കാ​യി നട​ന്നു​കൊ​ണ്ടു് മരി​യു​സു് റ്യു ഴാങ് ഴാക് റൂസോ എന്ന പ്ര​ദേ​ശ​ത്തൂ​ടെ പോയി.

കുർ​ഫെ​രാ​ക് അയാ​ളു​ടെ കൈ പി​ടി​ച്ചു: ‘നോ​ക്കൂ അറു​പ​തു കൊ​ല്ലം മു​മ്പു് ഒരൊ​റ്റ കു​ടും​ബം ഇവിടെ ഉണ്ടാ​യി​രു​ന്നു എന്ന കാ​ര​ണ​ത്താൽ ഇപ്പോൾ റ്യു ഴാങ് ഴാക് റൂസോ എന്നാ​യി​ത്തീർ​ന്ന റ്യു പ്ലാ​ത്രി​യേർ എന്ന പ്ര​ദേ​ശ​മാ​ണി​തു്. അതിൽ റൂ​സോ​വും തെ​ര​സും ഉൾ​പ്പെ​ട്ടി​രു​ന്നു. ക്ര​മേണ ഇവിടെ കു​ട്ടി​ക​ളു​ണ്ടാ​യി. തെ​രെ​സു് അവരെ പ്ര​സ​വി​ച്ചു; റൂസോ അവരെ അനാ​ഥ​ശി​ശു​ക്ക​ളാ​ക്കി കാ​ണി​ച്ചു.’

അൻ​ഷൊൽ​രാ പരു​ഷ​മാ​യി കുർ​ഫെ​രാ​ക്കോ​ടു പറ​ഞ്ഞു: ‘റൂ​സോ​വി​ന്റെ മു​മ്പിൽ ശബ്ദി​ക്ക​രു​ത്! എനി​ക്ക് ആ മനു​ഷ്യ​നെ ബഹു​മാ​ന​മാ​ണു്, അദ്ദേ​ഹം സ്വ​ന്തം കു​ട്ടി​ക​ളെ ഉപേക്ഷിച്ചു-​ആയിരിക്കാം; പക്ഷേ, പൊ​തു​ജ​ന​ത്തെ ദത്തെ​ടു​ത്തു.’

ഈ ചെ​റു​പ്പ​ക്കാ​രിൽ ഒരാ​ളും ‘ചക്ര​വർ​ത്തി’ എന്ന വാ​ക്കു​ച്ച​രി​ച്ചി​ല്ല. ഴാങ് പ്രു​വേർ മാ​ത്രം ചി​ല​പ്പോൾ നെ​പ്പോ​ളി​യൻ എന്നു പറയും; മറ്റെ​ല്ലാ​വ​രും ‘ബോ​നാ​പ്പാർ​ത്തു്’ എന്നേ പറയൂ. ആൻ​ഷൊൽ​രാ ബ്വൊ​നാ​പ്പാർ​ത്തു് എന്നു​ച്ച​രി​ച്ചി​രു​ന്നു.

മരി​യു​സു് ഏതാ​ണ്ടു് അത്ഭു​ത​പ്പെ​ട്ടു. അറി​വി​ന്റെ ആരംഭം.

3.4.4
മു​സെ​ങ് കാ​പ്പി​പ്പീ​ടി​ക​യു​ടെ പി​ന്നി​ലെ മുറി

മരി​യു​സ്സു​ള്ള​പ്പോ​ഴും അയാൾ കൂ​ടി​ച്ചേർ​ന്നും നട​ന്നി​രു​ന്ന ആ ചെ​രു​പ്പ​ക്കാ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളിൽ ഒന്നു് അയാളെ പി​ടി​ച്ച് ഒരു വല്ലാ​ത്ത കു​ലു​ക്കൽ കു​ലു​ക്കി.

മു​സെ​ങ് കാ​പ്പി​പ്പീ​ടി​ക​യു​ടെ പിൻ​വ​ശ​ത്തെ മു​റി​യിൽ​വെ​ച്ചാ​ണു് ഈ സം​സാ​ര​മു​ണ്ടാ​യ​തു്. എബിസി സു​ഹൃ​ത്തു​ക്കൾ മി​ക്ക​പേ​രും അന്ന​ത്തെ യോ​ഗ​ത്തിൽ ഹാ​ജ​രു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​വി​ള​ക്കു സഗൗ​ര​വ​മാ​യി കത്തു​ന്നു. ക്ഷോ​ഭം കൂ​ടാ​തെ​യും ഒച്ച​യോ​ടു​കൂ​ടി​യും അവർ അന്യോ​ന്യം സം​സാ​രി​ക്കു​ന്നു. മി​ണ്ടാ​തി​രു​ന്ന ആൻ​ഷൊൽ​രാ​യും മരി​യു​സ്സും ഒഴി​ച്ച്, മറ്റെ​ല്ലാ​വ​രും ഇട​യ്ക്കി​ട​യ്ക്ക് ഓരോ പ്ര​സം​ഗം പ്ര​സം​ഗി​ക്കു​ന്നു​ണ്ടു്. ചങ്ങാ​തി​മാർ തമ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങൾ ചി​ല​പ്പോൾ ഇത്ത​രം സമാ​ധാ​ന​പ​ര​ങ്ങ​ളായ ലഹ​ള​ക​ളു​ണ്ടാ​ക്കും. അതൊരു സം​ഭാ​ഷ​ണ​മെ​ന്ന​പോ​ലെ ഒരു ചൂ​തു​ക​ളി​യും ഒരു ലഹ​ള​യു​മാ​ണു്. അവർ വാ​ക്കു​ക​ളെ അന്യോ​ന്യം എറി​ഞ്ഞു​കൊ​ടു​ക്കു​ക​യും മാറി മാറി പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. അവർ എല്ലാ​യി​ട​ത്തു​മി​രു​ന്നു വെടി പറ​ക​യാ​ണു്.

ഈ മു​റി​യിൽ സ്ത്രീ​ക​ളെ കട​ക്കാൻ സമ്മ​തി​ച്ചി​രു​ന്നി​ല്ല; എന്നു​വെ​ച്ചാൽ കാ​പ്പി​പ്പീ​ടി​ക​യി​ലെ പാ​ത്ര​ങ്ങൾ മോ​റു​ന്ന ല്വാ​സൊ മാ​ത്രം ‘ഓവറ’യി​ലേ​ക്കു പാ​ത്ര​ങ്ങ​ളും കൊ​ണ്ടു് ഇട​യ്ക്കി​ട​യ്ക്ക് ആ വഴിയെ പോകും.

തി​ക​ച്ചും കു​ടി​ച്ചു മത്ത​നായ ഗ്ര​ന്തേർ, താൻ ചെ​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന മൂല മു​ഴു​വ​നും യു​ക്തി​വാ​ദ​ങ്ങ​ളെ​ക്കൊ​ണ്ടും കഴി​യു​ന്ന​തും ഉച്ച​ത്തി​ലു​ള്ള എതിർ​വാ​ദ​ങ്ങ​ളെ​ക്കൊ​ണ്ടും ഒച്ച​യി​ടൽ​കൊ​ണ്ടും ഇട്ടു മു​ഴു​ക്കു​ക​യാ​യി​രു​ന്നു

‘എനി​ക്കു ദാഹം. ഹേ നശി​ച്ചു​പോ​കു​ന്ന മനു​ഷ്യ​രേ, ഞാൻ സ്വ​പ്നം കാ​ണു​ക​യാ​ണു്, ഹൈ​ദെൽ​ബർ​ഗി​ലെ മദ്യ​ത്തൊ​ട്ടി​ക്കു രക്ത​മൂർ​ച്ച; അതിൽ പി​ടി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന പന്ത്ര​ണ്ടു് അട്ട​ക​ളിൽ ഒന്നു ഞാ​നാ​യി​രി​ക്കും. എനി​ക്കൊ​രു കുടി വേ​ണ്ടി​യി​രു​ന്നു. എനി​ക്കു ജീ​വി​തം മറ​ക്ക​ണം. എനി​ക്ക്, ഇന്ന ആളെ​ന്ന​റി​ഞ്ഞു​കൂ​ടാ​ത്ത ഒരാ​ളു​ടെ ഒരു പൈ​ശാ​ചി​ക​സൃ​ഷ്ടി​യാ​ണു് ജീ​വി​തം. അതു നി​ല​നി​ല്ക്കു​ന്ന​തേ​യി​ല്ല, അതു സാ​ര​വു​മി​ല്ല. ജീ​വി​ച്ചി​രി​ക്ക​ലിൽ മനു​ഷ്യൻ കഴു​ത്തു പൊ​ട്ടി​ക്കു​ന്നു. കട​ക്കാ​വു​ന്ന പഴു​തു​കൾ ഇല്ലെ​ന്നു​ത​ന്നെ പറ​യാ​വു​ന്ന ഒരു നാ​ട​ക​ശാ​ല​യാ​ണു് ജീ​വി​തം. സുഖം എന്ന​തു ഒരു ഭാ​ഗ​ത്തു​മാ​ത്രം ചി​ത്ര​മെ​ഴു​തി​യി​ട്ടു​ള്ള ഒരു പഴയ പള്ളി​പ്പെ​ട്ടി​യാ​ണു്. സഭാ​പ്ര​സം​ഗ​ഗ്ര​ന്ഥം പറ​യു​ന്നു; ‘എല്ലാം മാ​യ​യാ​ണു്.’ ഒരു സമയം ജനി​ച്ചി​ട്ടേ ഇല്ലാ​ത്ത ആ കൊ​ള്ളാ​വു​ന്ന ഗ്ര​ന്ഥ​കർ​ത്താ​വോ​ടു ഞാൻ യോ​ജി​ക്കു​ന്നു. തീരെ നഗ്ന​നാ​യി നട​ക്കാൻ ഇഷ്ട​മി​ല്ലാ​ഞ്ഞി​ട്ടു സു​ന്നം തന്നെ​ത്താൻ മാ​യ​യെ​കൊ​ണ്ടു മൂടി. ഹാ മായ! എല്ലാ​റ്റി​നേ​യും വലിയ വാ​ക്കു​ക​ളെ​ക്കൊ​ണ്ടു കെ​ട്ടി​പ്പൊ​തി​ഞ്ഞു വെ​ക്കൽ! ഒര​ടു​ക്കള ഒരു വി​ദ്യാ​പ​രി​ശോ​ധ​ന​ശാ​ല​യാ​ണു്. ഒരു നൃ​ത്ത​ക്കാ​രൻ ഒര​ധ്യാ​പ​നാ​ണു്; ഒര​ഭ്യാ​സി ഒരു ഗു​രു​ക്ക​ളാ​ണു്; ഒരു തല്ലു​കാ​രൻ ഗു​സ്തി​ക്കാ​ര​നാ​ണു്; ഒരു വൈ​ദ്യൻ ഒരു ഔഷ​ധ​ജ്ഞ​നാ​ണു്; ഒരു പാഴു് മു​ടി​പ്പ​ണി​ക്കാ​രൻ ഒരു കലാനി പു​ണ​നാ​ണു്; ഒരു കു​മ്മാ​യ​പ്പ​ണി​ക്കാ​രൻ ഒരു ശി​ല്പി​യാ​ണു്; ഒരു കു​തി​ര​ക്ക​ച്ച​വ​ട​ക്കാ​രൻ ഒരു നാ​യാ​ട്ടു​കാ​ര​നാ​ണു്. മാ​യ​യ്ക്ക് ഒരു നല്ല ഭാ​ഗ​വും ഒരു ചീത്ത ഭാ​ഗ​വു​മു​ണ്ടു്. നല്ല ഭാഗം കഥയില്ലായ്മയാണ്-​അതു പള​ങ്കു​മ​ണി​ക​ളോ​ടു​കൂ​ടിയ കാ​പ്പി​രി; ചീ​ത്ത​ഭാ​ഗം വങ്കത്തരമാണ്-​അതു കീ​റ​ത്തു​ണി​ക​ളോ​ടു​കൂ​ടിയ തത്ത്വ​ജ്ഞാ​നി. ഒരാ​ളെ​പ്പ​റ്റി ഞാൻ കര​യു​ന്നു; മറ്റാ​ളെ​പ്പ​റ്റി ഞാൻ ചി​രി​ക്കു​ന്നു. സ്ഥാ​ന​ങ്ങ​ളെ​ന്നും പദ​വി​ക​ളെ​ന്നും വി​ളി​ക്ക​പ്പെ​ടു​ന്നവ എന്നി​ല്ല​ത​ന്നെ. പദ​വി​യും സ്ഥാ​ന​വും സാ​ധാ​ര​ണ​മാ​യി ഓട്ടു​പ​ണി​യാ​ണു്. മനു​ഷ്യ​രു​ടെ അഭി​മാ​ന​ത്തെ​ക്കൊ​ണ്ടു രാ​ജാ​ക്ക​ന്മാർ കളി​ക്കോ​പ്പു​ക​ളു​ണ്ടാ​ക്കു​ന്നു. കാ​ലി​ഗുല [1] ഒരു കു​തി​ര​യെ​പ്പി​ടി​ച്ച് ഒരു രാ​ജ​പ്ര​തി​നി​ധി​യാ​ക്കി; രണ്ടാ​മൻ ഷാർൽ ഒരു ഗോ​മാ​സ​ക്ക​ഷ​ണ​ത്തെ​ക്കൊ​ണ്ടു് ഒരു പ്ര​ഭു​വി​നെ ഉണ്ടാ​ക്കി. അപ്പോൾ ഇൻ​സി​താ​തു​സു് (=കുതിര) രാ​ജ​പ്ര​തി​നി​ധി​യു​ടേ​യും റോ​സ്റ്റു് ബീഫ് (=പൊ​രി​ച്ച ഗോ​മാം​സം) പ്ര​ഭു​വി​ന്റേ​യും ഇട​യ്ക്ക് നി​ങ്ങൾ പു​ത​ച്ചു​മൂ​ടു​വിൻ. ജന​സ​മു​ദാ​യ​ത്തി​ന്റെ ആന്ത​ര​മായ വി​ല​യെ​പ്പ​റ്റി​യാ​ണെ​ങ്കിൽ, അതി​ന്നി​നി ഒരു ലേ​ശ​മെ​ങ്കി​ലും മാ​ന്യ​ത​യി​ല്ല. അയൽ​പ​ക്ക​ക്കാ​രൻ അയൽ​പ​ക്ക​ക്ക​ര​നെ​പ്പ​റ്റി ചെ​യ്യു​ന്ന സ്തു​തി​ക്കു ചെ​വി​കൊ​ടു​ക്കുക. വെ​ള്ള​യെ​പ്പ​റ്റി പറ​യു​മ്പോൾ വെ​ള്ള​ഭ​യ​ങ്ക​ര​മാ​ണു്; ആമ്പൽ​പ്പൂ​വി​നു സം​സാ​രി​ക്കാൻ കഴി​യു​മെ​ങ്കിൽ, അതു പി​റാ​വി​നെ എന്തു കൊ​ള്ള​രു​താ​ത്ത​താ​ക്കും. ഒരു മത​ഭ്രാ​ന്തു​കാ​രി​യെ​പ്പ​റ്റി പു​ല​മ്പു​ന്ന ഒരീ​ശ്വ​ര​ഭ​ക്ത അണ​ലി​യെ​ക്കാ​ളും കരി​മൂർ​ഖ​നെ​ക്കാ​ളും വി​ഷ​മേ​റി​യ​താ​ണു്. എനി​ക്കു പഠി​ച്ച​റി​വി​ല്ലാ​ത്ത​തു പോ​രാ​യ്മ​യാ​യി; അല്ലെ​ങ്കിൽ ഒരു​പ​ടി എണ്ണ​ങ്ങൾ ഞാൻ നി​ങ്ങൾ​ക്കെ​ടു​ത്തു കാ​ട്ടി​ത്ത​ന്നേ​നെ; പക്ഷേ, എനി​ക്കൊ​ന്നും അറി​വി​ല്ല. പറയാം. ഞാൻ എന്നും ഫലി​ത​ക്കാ​ര​നാ​ണു്; ഞാൻ ചി​ത്ര​മെ​ഴു​ത്തു ഗ്രോ​വി​ന്റെ കീഴിൽ പഠി​ക്കു​ക​യാ​യി​രു​ന്ന​പ്പോൾ, പൊ​ട്ട​ച്ചെ​റു​ചി​ത്ര​ങ്ങൾ കു​ത്തി​ക്കു​റി​ക്കു​ന്ന​തി​നു പകരം ആപ്പിൾ​പ്പ​ഴ​ങ്ങൾ മോ​ഷ്ടി​ക്കു​ന്ന​തി​ലാ​ണു് എന്റെ സമയം കള​ഞ്ഞ​തു്; റാ​പ്പിൻ (= ചി​ത്ര​കാ​ര​ന്റെ ശി​ഷ്യ​നു കന്ന​ഭാ​ഷ​യി​ലു​ള്ള വാ​ക്ക്) എന്ന​തു റാ​പ്പി​നി (റാ​പ്പൈൻ=തട്ടി​പ്പ​റ്റി) എന്ന​തി​ന്റെ പു​ല്ലിം​ഗ​മാ​ണു്. എന്നെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം ഇങ്ങ​നെ. നി​ങ്ങ​ളെ​പ്പ​റ്റി​യാ​ണെ​ങ്കിൽ, എന്നെ​ക്കാ​ള​ധി​കം വില നി​ങ്ങ​ളെ വി​റ്റാ​ലും കി​ട്ടി​ല്ല. നി​ങ്ങ​ളു​ടെ പരി​പൂർ​ണ​ത​ക​ളേ​യും മേ​ന്മ​ക​ളേ​യും മഹി​മ​ക​ളേ​യും പറ്റി എനി​ക്കു പു​ച്ഛ​മാ​ണു്. ഓരോ ശീ​ല​ഗു​ണ​വും ഓരോ വി​ഡ്ഢി​ത്ത​ത്തി​ന്മേ​ലേ​ക്കാ​ണു് ചെ​ല്ലു​ന്ന​തു്. പണ​ത്തി​ന്മേ​ലു​ള്ള നോ​ട്ടം ദു​ര​യി​ന്മേൽ ചെ​ന്നു​മു​ട്ടു​ന്നു; ഉദാ​ര​ശീ​ലൻ ഒരു കാ​ലെ​ടു​ത്തു​വെ​ച്ചാൽ ധാ​രാ​ളി​യാ​യി; ധീ​ര​മ​നു​ഷ്യൻ നി​ല്ക്കു​ന്ന​തു തെ​മ്മാ​ടി​യു​മാ​യി മു​ട്ടി​യു​രു​മ്മി​ക്കൊ​ണ്ടാ​ണു്; വലിയ ഈശ്വ​ര​ഭ​ക്തൻ എന്നു പറ​ഞ്ഞാൽ ഏതാ​ണ്ടു മത​ഭ്രാ​ന്തൻ; ഡയോ​ജി​നി​സ്സി​ന്റെ പു​റം​കു​പ്പാ​യ​ത്തിൽ എത്ര ദ്വാ​ര​ങ്ങ​ളു​ണ്ടോ അത്ര ചീ​ത്ത​ത്ത​ങ്ങ​ളു​ണ്ടു് നന്മ​യിൽ, നി​ങ്ങൾ​ക്കാ​രെ​യാ​ണു് ബഹു​മാ​നം, കൊ​ന്ന​വ​നെ​യോ, കൊ​ല്ല​പ്പെ​ട്ട​വ​നെ​യോ?-​ബ്രൂട്ടസ്സിനെയോ, സീ​സ​റെ​യോ? [2] സാ​ധാ​ര​ണ​മാ​യി കൊ​ന്ന​വ​രു​ടെ ഭാ​ഗ​ത്താ​ണു് ആളുകൾ; ബ്രൂ​ട്ട​സു് ആയു​ഷ്മാ​നാ​യി​രി​ക്ക​ട്ടെ, അയാ​ളാ​ണ​ല്ലോ കൊ​ന്ന​ത്! അതാ​ണു് ശീ​ല​ഗു​ണം. ശീ​ല​ഗു​ണം സമ്മ​തി​ച്ചു; പക്ഷേ, ഭ്രാ​ന്തും. ആവക മഹാ​ന്മാ​രു​ടെ ജീ​വി​ത​ത്തിൽ നേ​ര​മ്പോ​ക്കു​ള്ള ചില പു​ള്ളി​ക്കു​ത്തു​ക​ളു​മു​ണ്ടു്. സീസറെ കൊ​ല​പ്പെ​ടു​ത്തിയ ബ്രൂ​ട്ട​സ്സി​നു് ഒരാൺ​കു​ട്ടി​യു​ടെ പ്ര​തി​മ​യോ​ടാ​യി​രു​ന്നു അനു​രാ​ഗം. ആ പ്ര​തിമ ഗ്രീ​ക്കു കൊ​ത്തു​പ​ണി​ക്കാ​ര​നായ സ്ത്രൊൻ ഗി​ലി​യൊ​ന്റെ കൈ​വേ​ല​യാ​യി​രു​ന്നു; ഇദ്ദേ​ഹം​ത​ന്നെ​യാ​ണു് ‘സൗ​ന്ദ​ര്യം തി​ക​ഞ്ഞ​കാൽ’ എന്ന നി​ല​യിൽ സു​പ്ര​സി​ദ്ധ​വും നീറോ എവിടെ പോ​കു​മ്പോ​ഴും കൊ​ണ്ടു നട​ന്നി​രു​ന്ന​തു​മായ യു​ക്നെ​മോ​സു് എന്ന ശൗ​ര്യ​വ​തി​യു​ടെ രൂപം കൊ​ത്തി​യ​തു്. ഈ സ്ത്രൊൻ​ഗി​ലി​യോൻ നീ​റോ​വി​നേ​യും ബ്രൂ​ട്ട​സി​നേ​യും കൂ​ട്ടി​യ​ടു​പ്പി​ച്ച രണ്ടു പ്ര​തി​മ​ക​ളെ ഇട്ടും​വെ​ച്ചു​പോ​യി. ഒന്നി​നോ​ടു ബ്രൂ​ട്ട​സ്സി​നു് അനു​രാ​ഗ​മാ​യി; മറ്റ​തി​നോ​ടു നീ​റോ​വി​നും. ചരി​ത്രം മു​ഴു​വൻ മടു​പ്പു​ണ്ടാ​ക്കു​ന്ന വെറും ആവർ​ത്തി​ക്ക​ല​ല്ലാ​തെ മറ്റൊ​ന്നു​മ​ല്ല. ഒരു നൂ​റ്റാ​ണ്ടു മറ്റൊ​രു നൂ​റ്റാ​ണ്ടി​ന്റെ മോ​ഷ​ണ​ക്കാ​ര​നാ​ണു്. മാ​റെൻ​ഗോ​യു​ദ്ധം പിഡ്ന യു​ദ്ധ​ത്തെ പകർ​ത്തു​ന്നു; ക്ലോ​വി​സ്സി​ന്റെ [3] ടോൾ​ബി​യാ​ക് യു​ദ്ധ​വും നെ​പ്പോ​ളി​യ​ന്റെ ഓസെ​തർ​ലി​ത്സു് യു​ദ്ധ​വും രണ്ടു വെ​ള്ള​ത്തു​ള്ളി​കൾ പോലെ തമ്മിൽ സാ​മ്യ​മു​ള്ള​വ​യാ​ണു്. ജയ​ത്തി​നു ഞാൻ വലിയ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നി​ല്ല. കീ​ഴ​ട​ക്കു​ന്ന​തു​പോ​ലെ വി​ഡ്ഢി​ത്തം മറ്റൊ​ന്നു​മി​ല്ല; ബോ​ധ​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണു് വാ​സ്ത​വ​ത്തി​ലു​ള്ള മാ​ഹാ​ത്മ്യ​മി​രി​ക്കു​ന്ന​തു്; ഒന്നി​നെ തെ​ളി​യി​ക്കു​വാൻ ശ്ര​മി​ക്കൂ! ജയം​കൊ​ണ്ടു നി​ങ്ങൾ​ക്കു തൃ​പ്തി​യാ​കു​ന്ന​പ​ക്ഷം, എന്തു നി​സ്സാ​രം! കീ​ഴ​ട​ക്കി​യ​തു​കൊ​ണ്ടു് മതി​യാ​വു​മെ​ങ്കിൽ, എന്തു മോശം! കഷ്ടം, ഡംഭും ഭീ​രു​ത്വ​വും മാ​ത്ര​മേ ഉള്ളൂ എവി​ടെ​യും. എന്തൊ​ന്നും ജയ​ത്തെ ഓച്ഛാ​നി​ച്ചു നില്ക്കുന്നു-​വ്യാകരണം കൂടി. ആചാരം സമ്മ​തി​ച്ചാൽ?’ ഹോ​റ​സ്സു് പറ​യു​ന്നു. അതു​കൊ​ണ്ടു് മനു​ഷ്യ​വർ​ഗ​ത്തെ എനി​ക്കു പു​ച്ഛ​മാ​ണു്. നമ്മൾ ആ കൂ​ട്ട​ത്തി​ലേ​ക്ക് ഇറ​ങ്ങി​ച്ചെ​ല്ല​ണ​മോ? ജന​സ​മു​ദാ​യ​ത്തെ ഞാൻ ബഹു​മാ​നി​ക്കാൻ തു​ട​ങ്ങ​ണ​മെ​ന്നു നി​ങ്ങൾ പറ​യു​ന്നു​വോ? എവി​ടെ​യു​ള്ള ജന​സ​മു​ദാ​യം? പറ​ഞ്ഞു​കേൾ​ക്കാ​മോ? ഗ്രീ​സ്സോ? ഏതെൻ​സു് കാർ-​അതായതു് പണ്ട​ത്തെ പാരിസ്സുകാർ-​ഫോഷിയൊനെ [4] -​അവരുടെ കൊ​ലി​ഞി​യെ [5] എന്നു പറയട്ടെ-​വധിച്ചുകളഞ്ഞു; അവർ ദു​ഷ്ട​ന്മാ​രു​ടെ സേവ പി​ടി​ച്ചി​രു​ന്നു; അതാ​ണു് അന​സെ​ഫൊ​ര​സ് [6] പി​സി​സ്ത്രാ​തു​സ്സി​നെ [7] പ്പ​റ്റി ഇങ്ങ​നെ പറ​ഞ്ഞ​തു്: അയാ​ളു​ടെ മൂ​ത്രം ഈച്ച​ക​ളെ ആകർ​ഷി​ക്കു​ന്നു. അമ്പ​തു​കൊ​ല്ല​ത്തേ​ക്കു​ഗ്രീ​സ്സി​ലു​ള്ള​വ​രിൽ വെ​ച്ചു പ്ര​മു​ഖൻ ഫി​ലെ​താ​സ് [8] എന്ന വൈ​യാ​ക​ര​ണ​നാ​ണു്, കാ​റ്റ​ത്തു പറ​ന്നു​പോ​കാ​തി​രി​പ്പാൻ ബൂ​ട്ടു​സി​നു​ള്ളിൽ ഈയം നി​റ​ച്ചി​ട്ടു നട​ക്ക​ത്ത​ക്ക​വി​ധം ആ മനു​ഷ്യൻ അത്ര​മേൽ ചെ​റി​യ​വ​നും മെ​ലി​ഞ്ഞ​വ​നു​മാ​യി​രു​ന്നു. കോ​റി​നി​ലെ പ്ര​ധാ​ന​വ​ഴി​സ്ഥ​ല​ത്തു സി​ല​നി​യൊൻ കൊ​ത്തി​യു​ണ്ടാ​ക്കിയ ഒരു പ്ര​തിമ നി​ല്ക്കു​ന്നു​ണ്ടു്; ആ പ്ര​തിമ എപ്പി​സ്താ​തെ​സ്സി​ന്റേ​താ​ണു്. എപ്പി​സ്താ​തെ​സു് എന്തു ചെ​യ്തു? അയാൾ ഒരു തെ​റി​ച്ച നട​ത്തം കണ്ടു​പി​ടി​ച്ചു. അതു ഗ്രീ​സ്സി​ന്റേ​യും മാ​ഹാ​ത്മ്യ​ത്തി​ന്റേ​യും ആകെ​ത്തു​ക​യാ​ണു്. നമു​ക്കു മറ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കട​ക്കുക. ഞാൻ ഇം​ഗ്ല​ണ്ടി​നെ ബഹു​മാ​നി​ക്ക​ണ​മോ? ഞാൻ ഫ്രാൻ​സി​നെ ബഹു​മാ​നി​ക്കേ​ണ​മോ, ഫ്രാൻ​സി​നെ? എന്തി​നു്? പാ​രി​സ്സു് കാരണം? അതെൻ​സി​നെ​പ്പ​റ്റി എനി​ക്കു​ള്ള അഭി​പ്രാ​യം ഇപ്പോൾ​ത്ത​ന്നെ പറ​ഞ്ഞു. ഇം​ഗ്ല​ണ്ടോ? എന്തി​നു്? ലണ്ടൻ കാരണം? എനി​ക്കു കാർ​ത്തേ​ജ് പട്ട​ണ​ത്തോ​ടു ബഹു വെ​റു​പ്പാ​ണു്. പി​ന്നീ​ടു, ലണ്ടൻ, വി​ഷ​യ​സു​ഖ​സ​മൃ​ദ്ധി​യു​ടെ ആസ്ഥാ​ന​ന​ഗ​ര​മായ ലണ്ടൻ, കഷ്ട​പ്പാ​ടി​ന്റെ തല​സ്ഥാ​ന​മാ​ണു്. ചാറിങ്-​ക്രോസ്സു് എന്ന അം​ശ​ത്തിൽ മാ​ത്രം നോ​ക്കി​യാൽ പട്ടി​ണി​കൊ​ണ്ടു് ഒരു കൊ​ല്ല​ത്തിൽ നൂറു മര​ണ​മു​ണ്ടു്. ഇതാ​ണു് ഇം​ഗ്ല​ണ്ടു്. ഞാൻ അങ്ങേ അറ്റം പറ​യ​ട്ടെ, ഒരിം​ഗ്ലീ​ഷു സ്ത്രീ പനി​നീർ​പ്പൂ​മാ​ല​യ​ണി​ഞ്ഞു നീ​ല​ക​ണ്ണ​ട​യും വെ​ച്ചു നൃ​ത്ത​മാ​ടു​ന്ന​തു ഞാൻ കണ്ടി​ട്ടു​ണ്ടു്. അപ്പോൾ ഇം​ഗ്ല​ണ്ടു്, മണ്ണാ​ങ്ക​ട്ട! ഇം​ഗ്ല​ണ്ടു​കാ​ര​നെ എനി​ക്കു ബഹു​മാ​നം പോ​രെ​ങ്കിൽ, അമേ​രി​ക്ക​ക്കാ​ര​നെ? അടി​മ​ക​ളെ വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ സഹോ​ദ​ര​നെ എനി​ക്കൊ​ട്ടും പറ്റി​യി​ട്ടി​ല്ല. ‘സമയം പണ​മാ​ണു്’ എന്നതെടുത്തുകളയുക-​ഇംഗ്ലണ്ടിൽ പി​ന്നെ എന്തു​ണ്ടു്? ‘പരു​ത്തി രാ​ജാ​വാ​ണു്’ ഇതു് അമേ​രി​ക്ക​യിൽ​നി​ന്നും നീക്കിക്കളക-​അമേരിക്കയിൽ പി​ന്നെ എന്തു​ണ്ടു്? ജർമനി നീ​രാ​ണു്; ഇറ്റ​ലി പി​ത്ത​വും. റഷ്യ​യെ​പ്പ​റ്റി​യാ​ണു് നമു​ക്ക് കമ്പം പി​ടി​ക്കേ​ണ്ട​തെ​ന്നു​ണ്ടോ? വൊൾ​ത്തെ​യർ​ക്കു റഷ്യ​യെ ബഹു​മാ​ന​മാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​നു ചൈ​ന​യെ​പ്പ​റ്റി​യും ബഹു​മാ​നം​ത​ന്നെ​യാ​ണു്. റഷ്യ​യ്ക്കും സ്വ​ന്ത​മാ​യി ചില ഗുണങ്ങളുണ്ട്-​പലതിന്റേയും കൂ​ട്ട​ത്തിൽ, ഒരു​റ​പ്പു​ള്ള സ്വേ​ച്ഛാ​ധി​പ​ത്യം; എന്നാൽ പ്ര​ജാ​ദ്രോ​ഹി​ക​ളോ​ടു് എനി​ക്ക​നു​ക​മ്പ​യാ​ണു്. അവ​രു​ടെ ആരോ​ഗ്യ​ത്തി​നു ശക്തി​യി​ല്ല, തല കൊ​യ്യ​പ്പെ​ട്ട ഒരു അലെ​ക്സി​സു്, കട്ടാ​രം കു​ത്തി​യി​റ​ക്ക​പ്പെ​ട്ട ഒരു പീ​റ്റർ, കഴു​ത്തു പി​ടി​ച്ചു ഞെ​രി​ക്ക​പ്പെ​ട്ട ഒരു പോൾ, മു​ട്ടൻ​വ​ടി​കൊ​ണ്ടു കു​ത്തി​ച്ച​ത​യ്ക്ക​പ്പെ​ട്ട മറ്റൊ​രു പോൾ, ഞെ​രി​ച്ചു കഴു​ത്ത​റ​ക്ക​പ്പെ​ട്ട പല ഐവാൻ​മാർ, വിഷം കു​ടി​പ്പി​ച്ചു കൊ​ല്ല​പ്പെ​ട്ട അനവധി നി​ക്കോ​ള​സ്സ്മാ​രും, ബസിൽമാരും-​ഇതെല്ലാം റഷ്യൻ ചക്ര​വർ​ത്തി​മാ​രു​ടെ കൊ​ട്ടാ​രം വെ​ളി​വിൽ​ത്ത​ന്നെ ആരോ​ഗ്യ​നാ​ശ​ക​മായ ഒരു നി​ല​യി​ലാ​ണു് നി​ല്ക്കു​ന്ന​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്നു. ആലോ​ച​നാ ശീ​ല​മു​ള്ള​വ​രു​ടെ ബഹു​മാ​ന​ത്തി​നു് ഇതൊ​ക്കെ​യാ​ണു് എല്ലാ പരി​ഷ്കൃ​ത​ജ​ന​സ​മു​ദാ​യ​ങ്ങ​ളും മുൻ​പിൽ കൊ​ണ്ടു​നിർ​ത്തു​ന്ന​തു്; യു​ദ്ധം; എന്നാൽ യു​ദ്ധം, പരി​ഷ്കൃ​ത​രീ​തി​യി​ലു​ള്ള യു​ദ്ധം, എല്ലാ​ത്ത​രം ഘാ​ത​ക​ത്വ​ത്തേ​യും ആകെ​ത്തു​ക​യി​ടു​ക​യും ചെ​യ്ത​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ‘ആ!’ നി​ങ്ങൾ എന്നോ​ടു പറയും, ‘എന്നാൽ യൂ​റോ​പ്പു് എന്തു​കൊ​ണ്ടും ഏഷ്യ​യേ​ക്കാൾ ഭേ​ദ​മാ​ണു്?’ ഏഷ്യ ഒരു പൊ​റാ​ട്ടു​ക​ളി​യാ​ണെ​ന്നു ഞാൻ സമ്മ​തി​ക്കു​ന്നു; എന്നാൽ രാ​ജ​ത്വ​ത്തി​ന്റെ എല്ലാ വൃത്തികേടുകളേയും-​ഇസാബെലാരാജ്ഞിയുടെ ചളി​പി​ടി​ച്ച ഉള്ള​ങ്കി മുതൽ ദോ​ഫിൻ​രാ​ജ​കു​മാ​ര​ന്റെ മണി​യ​റ​ക്ക​സാ​ല​വ​രെ​യു​ള്ള സർവവും-​എടുത്തു നി​ങ്ങ​ളു​ടെ പരി​ഷ്കാ​ര​ങ്ങ​ളോ​ടും അന്ത​സ്സു​ക​ളോ​ടും കൂ​ട്ടി​ക്ക​ലർ​ത്തി​യി​രി​ക്കു​ന്ന നി​ങ്ങൾ, പാ​ശ്ചാ​ത്യ​രാ​ജ്യ​ക്കാ​രായ നി​ങ്ങൾ, ഗ്രാൻ​ഡ്ലാ​മ​യിൽ [9] പരി​ഹ​സി​ക്ക​ത്ത​ക്ക​താ​യി എന്താ​ണു് കണ്ടെ​ത്തു​ന്ന​തെ​ന്നു് എനി​ക്കു മന​സ്സി​ലാ​കു​ന്നി​ല്ല. മനു​ഷ്യ ജാ​തി​യിൽ​പ്പെ​ട്ട മാ​ന്യ​രേ, ഞാൻ പറ​യു​ന്നു, ഒരു വസ്തു​വു​മി​ല്ല! ബ്രൂ​സ്സൽ​സി​ലാ​ണു് അധികം ബീർ ചെ​ല​വാ​വു​ന്ന​തു്; സ്റ്റോ​ക്ക് ഹോ​മി​ലാ​ണു് ബ്രാ​ണ്ടി; മേ​ഡ്രി​ലാ​ണു് കൊ​ക്കോ​സ​ത്തു്; ആം​സ്റ്റർ​ഡാ​മി​ലാ​ണു് റാ​ക്ക്; ലണ്ട​നി​ലാ​ണു് വീ​ഞ്ഞ്; കോൺ​സ്റ്റാ​ന്റി​നോ​പ്പി​ളി​ലാ​ണു് കാ​പ്പി; പാ​രി​സ്സി​ലാ​ണു് ‘ആബ്സി​ന്തു്’ മദ്യം, ഉപ​യോ​ഗ​മു​ള്ള എല്ലാ പാ​നീ​യ​ങ്ങ​ളു​മാ​യി. ചു​രു​ക്ക​ത്തിൽ, മെ​ച്ച​മെ​ടു​ത്ത​തു് പാ​രി​സ്സാ​ണു്. പാ​രി​സ്സിൽ കീ​റ​ത്തു​ണി​പ്പെ​റു​ക്കി​കൾ​കൂ​ടി വി​ഷ​യ​ല​മ്പ​ട​ന്മാ​രാ​ണു്; പിറൊ എന്ന പ്ര​ദേ​ശ​ത്തു് ഒരു തത്ത്വ​ജ്ഞാ​നി​യാ​യി​ക്ക​ഴി​യു​ന്ന​തി​നേ​ക്കാൾ പ്ലാ​സു് മോ​ബേ​റിൽ ഒരു കീ​റ​ത്തു​ണി​പ്പെ​റു​ക്കി​യാ​വു​ന്ന​താ​യി​രി​ക്കും ഡയോ​ജി​നി​സ്സി​നു് അധികം ഇഷ്ടം. ഇതു​കൂ​ടി മന​സ്സി​ലാ​ക്കി​ക്കൊ​ള്ളൂ; കീ​റ​ത്തു​ണി​പ്പെ​റു​ക്കി​ക​ളു​ടെ വീ​ഞ്ഞു​ഷാ​പ്പു​കൾ​ക്കു കള്ളു​ഷാ​പ്പു​കൾ എന്നാ​ണു് പേർ; ‘ചട്ടി’ എന്നും ‘കശാ​പ്പു​വീ​ടു്’ എന്നും പേ​രു​ള്ള രണ്ടെ​ണ്ണ​മാ​ണു് അവ​യിൽ​വെ​ച്ചു സു​പ്ര​സി​ദ്ധ​ങ്ങൾ. ഇങ്ങ​നെ ഓരോ കൂ​ട്ടർ​ക്കും വെ​വ്വേ​റെ കു​ടി​സ്ഥ​ല​ങ്ങ​ളും അവ​യ്ക്കു വെ​വ്വേ​റെ പേ​രു​ക​ളു​മു​ണ്ടു്. ഞാൻ ഏറ്റു​പ​റ​യു​ന്നു, ഞാ​നൊ​രു വി​ഷ​യ​ല​മ്പ​ട​നാ​ണു്; ഒരു ഭക്ഷ​ണ​ത്തി​നു നാ​ല്പ​തു സൂ കൊ​ടു​ത്തു റി​ഷെ​റി​ന്റെ ഭക്ഷ​ണ​ശാ​ല​യി​ലേ ഞാൻ ഭക്ഷ​ണം കഴി​ക്കൂ. നഗ്ന​യായ ക്ലി​യോ​പ്പാ​റ്റ്റ​യ്ക്ക് കി​ട​ന്നു​രു​ളാ​വു​ന്ന പേർ​ഷ്യൻ പര​വ​താ​നി​കൾ തന്നെ എനി​ക്കും കി​ട്ട​ണം. ഈ ക്ലി​യോ​പ്പാ​റ്റ്റ എവിടെ? ഹാ അപ്പോൾ ഇതു നി​ങ്ങ​ളാ​ണു്, ല്വാ​സൊ? വന്ദ​നം.’

പാ​ടു​ള്ള​തി​ല​ധി​കം ലഹരി പി​ടി​ച്ച ഗ്ര​ന്തേ​റാ​ക​ട്ടെ കാ​പ്പി​പ്പീ​ടി​ക​യു​ടെ പിൻ​മു​റി​യി​ലെ സ്വ​ന്തം മു​ക്കി​ലി​രു​ന്നു് അതിലേ പോ​കു​ന്ന പാ​ത്രം​തേ​പ്പു​കാ​രി​യെ പി​ടി​കൂ​ടി​ക്കൊ​ണ്ടു പ്ര​സം​ഗി​ക്ക​യാ​യി.

ബൊ​സ്വെ കൈ നീ​ട്ടി അയാ​ളോ​ടു മി​ണ്ടാ​തി​രി​ക്കാൻ ആവ​ശ്യ​പ്പെ​ട്ടു നോ​ക്കി; ഗ്ര​ന്തേർ മുൻ​പ​ത്തേ​ക്കാ​ള​ധി​കം ലഹ​ള​കൂ​ടി​കൊ​ണ്ടു വീ​ണ്ടും തു​ട​ങ്ങി

‘നഖം വി​രു​ത്താ​തെ കൈ​യെ​ടു​ക്കു. അർ​ത​ക്സെർ​കെ​സ്സി​ന്നു [10] കൗ​തു​ക​വ​സ്തു കൊ​ടു​ക്കി​ല്ലെ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു​ള്ള ഹി​പ്പോ​ക്രാ​റ്റി​സ്സി​ന്റെ മട്ടി​ലു​ള്ള നി​ങ്ങ​ളു​ടെ കൈ​യാം​ഗ്യം​കൊ​ണ്ടു് എന്നെ​സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം വലിയ ഫല​മൊ​ന്നു​മി​ല്ല. എന്നെ സമാ​ധാ​ന​പ്പെ​ടു​ത്തു​ന്ന പണി​യിൽ​നി​ന്നു നി​ങ്ങ​ളെ ഞാൻ ഒഴി​വാ​ക്കി​ത്ത​രു​ന്നു; എന്ന​ല്ല, എനി​ക്കു സു​ഖ​മി​ല്ല. ഞാൻ നി​ങ്ങ​ളോ​ടു് എന്തു പറ​യ​ണ​മെ​ന്നാ​ണു് നി​ങ്ങൾ​ക്കാ​ഗ്ര​ഹം? മനു​ഷ്യൻ ദു​ഷ്ട​നാ​ണു്, മനു​ഷ്യൻ വി​കൃ​ത​നാ​ണു്; തേ​നീ​ച്ച ഒരു വി​ജ​യ​മാ​ണു്, മനു​ഷ്യൻ ഒരു പരാ​ജ​യ​വും. ആ ജന്തു​വി​നെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം ഈശ്വ​ര​ന്നു് ഒര​ബ​ദ്ധം പി​ണ​ഞ്ഞു. വൈ​രൂ​പ്യ​ത്തെ നോ​ക്കി തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന​ത്രേ ഒരു ജന​ക്കൂ​ട്ടം പറ​യു​ന്ന​തു്. ആദ്യം വന്ന​തു് ഒരു നി​കൃ​ഷ്ട​നാ​ണു്. ഫെം (=സ്ത്രീ) എന്ന​തു് ഇൻഫേം (=നി​കൃ​ഷ്ടം) എന്ന​തി​നോ​ടു ചേർ​ത്താൽ അന്ത്യ​പ്രാ​സ​മു​ണ്ടു്. അതേ, എനി​ക്കു മന​സ്സു​ഖ​മി​ല്ല; അതോ​ടു​കൂ​ടി ചി​ന്താ​ശീ​ല​വും; പി​ന്നെ, കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ചാ​രം; പോ​രാ​ത്ത​തി​നു്, ആധി​യും. എനി​ക്കു ശു​ണ്ഠി​വ​രു​ന്നു; ദ്വേ​ഷ്യം തോ​ന്നു​ന്നു; കോ​ട്ടു​വാ​യ​യി​ടാൻ തോ​ന്നു​ന്നു. ഒരു രസ​വു​മി​ല്ല; എനി​ക്കു ചത്താൽ​മ​തി; ഞാ​നൊ​രു മന്ത​നാ​ണു്. ഈശ്വ​രൻ ചെ​ന്നു കഴു​വേ​റ​ട്ടെ!’

‘എന്നാൽ മി​ണ്ടാ​തി​രി​ക്കൂ, ആന​ക്ക​ള്ള.’ ബൊ​സ്വെ തു​ടർ​ന്നു; അയാൾ ഇട​യ്ക്കു​വെ​ച്ചു നി​യ​മ​സം​ബ​ന്ധി​യായ ഒരു വാദം വാ​ദി​ക്ക​യാ​യി​രു​ന്നു; കോ​ട​തി​യെ സം​ബ​ന്ധി​ച്ചു​ള്ള കന്ന​ഭാ​ഷ​യിൽ അയാൾ അരവരെ ആണ്ടി​രു​ന്നു; അതി​ന്റെ അവസാന ഭാഗം ഇതാ​ണു്: ‘എന്നെ​പ്പ​റ്റി പറ​ക​യാ​ണെ​ങ്കിൽ, ഞാൻ ഒട്ടും ഒരു നി​യ​മ​ജ്ഞ​ന​ല്ലെ​ങ്കി​ലും ഏറി​യാൽ ഒരു ചി​ല്ലറ വക്കീൽ മാ​ത്ര​മാ​ണെ​ങ്കി​ലും, ഈയൊരു കാ​ര്യം ഏറ്റു പറയാം: നോർ​മൻ​ദി​യി​ലെ പു​രാ​ത​നാ​ചാ​ര​പ്ര​കാ​രം സാ​ങ്മി​കേൽ എന്ന ദി​ക്കിൽ ഒരു കൊ​ല്ല​ത്തേ​ക്കു, ജന്മി​ക്കു​ള്ള ആദാ​യ​ത്തി​ന്റെ ഒരു സമ​ഭാ​ഗം എല്ലാ​വ​രും, ഉട​മ​സ്ഥ​ന്മാ​രും പാ​ര​മ്പ​ര്യ​വ​ഴി​ക്കു കൈവശം വന്ന​വ​രും എല്ലാം, കൊ​ടു​ക്ക​ണ​മെ​ന്നും, എല്ലാം പാ​ട്ടം അനു​ഭ​വം കൈവശം പണയം ചൂ​ണ്ടി​പ്പ​ണ​യം’

‘ആവ​ലാ​തി​യു​ള്ള വന​ദേ​വ​ത​മാ​രേ, ഏറ്റു​പാ​ടു​വിൻ.’ ഗ്ര​ന്തേർ മൂളി.

ഗ്ര​ന്തേ​രു​ടെ അടു​ത്തു് ഏതാ​ണ്ടു് നി​ശ്ശ​ബ്ദ​മാ​യി​ക്കി​ട​ക്കു​ന്ന ഒരു മേ​ശ​യും ഒരു കട​ലാ​സ്സു​ചു​രു​ളും രണ്ടു മദ്യ​ഗ്ലാ​സ്സു​കൾ​ക്കി​ട​യി​ലു​ള്ള ഒരു മഷി​ക്കു​പ്പി​യും തൂ​വ​ലും കൂടി, ഒരു പരി​ഹാ​സ​നാ​ട​കം കു​ത്തി​ക്കു​റി​ക്കേ​ണ്ട​തു​ണ്ടെ​ന്നു സൂ​ചി​പ്പി​ച്ചി​രു​ന്നു.

ഈ മഹ​ത്തായ വി​ഷ​യ​ത്തെ​പ്പ​റ്റി ഒരു താന്ന സ്വ​ര​ത്തിൽ ആലോചന നട​ന്നു; അതിൽ പ്ര​വർ​ത്തി​ച്ചി​രു​ന്ന രണ്ടു തലയും ഇങ്ങ​നെ തമ്മിൽ​ത്തൊ​ട്ടു: ‘നമു​ക്കാ​ദ്യം പേ​രു​കൾ കണ്ടു​പി​ടി​ക്കുക. പേ​രു​കൾ കൈ​യി​ലാ​യാൽ വിഷയം കി​ട്ടി​ക്ക​ഴി​ഞ്ഞു’

‘അതു ശരി​യാ​ണു്. പറ​ഞ്ഞോ​ളൂ. ഞാ​നെ​ഴു​താം.’

‘മൊ​സ്സ്യു ദൊ​രി​മോ​ങ്.’

‘ഒരു പ്ര​മാ​ണി?’

‘തീർ​ച്ച​യാ​യും.’

‘മകൾ, സെ​ലെ​സ്താ​ങ്.’

‘-താങ്. പി​ന്നെ?’

‘കേർണൽ സെങ് വാൽ.’

‘സെങ് വാൽ പഴ​കി​പ്പോ​യി. ഞാൻ പറയുക വൽ​സെ​ങ് എന്നാ​ണു്.’

പരി​ഹാ​സ​നാ​ട​ക​മെ​ഴു​താൻ കൊ​ണ്ടു​പി​ടി​ക്കു​ന്ന​വ​രു​ടെ അടു​ത്തു​ത​ന്നെ. അവി​ടെ​ത്തെ ലഹ​ള​കൊ​ണ്ടു പതു​ക്കെ സം​സാ​രി​ക്കാൻ തഞ്ചം കണ്ടു മറ്റൊ​രു കൂ​ട്ടർ, ഒരു ദ്വ​ന്ദ്വ​യു​ദ്ധ​ത്തെ​പ്പ​റ്റി ആലോ​ചി​ച്ചി​രു​ന്നു. മു​പ്പ​തു വയ​സ്സു​ള്ള ഒരു കിഴവൻ ചങ്ങാ​തി പതി​നെ​ട്ടു വയ​സ്സു​ള്ള ഒരു ചെ​റു​പ്പ​ക്കാ​ര​നോ​ടു​പ​ദേ​ശി​ക്കു​ക​യാ​ണു്. എന്തൊ​രു​ത​രം എതി​രാ​ളി​യോ​ടാ​ണു് കൂ​ട്ടി​മു​ട്ടേ​ണ്ടി​യി​രി​ക്കു​ന്ന​തെ​ന്നു് അയാൾ മറ്റാൾ​ക്കു പറ​ഞ്ഞു​കൊ​ടു​ക്കു​ന്നു.

‘തേങ്ങ! നി​ങ്ങൾ​ത​ന്നെ ആലോ​ചി​ച്ചു​നോ​ക്കൂ. അയാൾ ഒരൊ​ന്നാ​ന്ത​രം വാൾ​പ്പ​യ​റ്റു​കാ​ര​നാ​ണു്. അയാ​ളു​ടെ പണി​ക്കു വൃ​ത്തി​യു​ണ്ടു്. അയാൾ​ക്കു ചു​ണ​യു​ണ്ടു് അനാ​വ​ശ്യ​മായ ഓങ്ങ​ലു​ക​ളി​ല്ല, പി​ടു​ത്ത​ത്തി​നു​റ​പ്പു​ണ്ടു്, തള്ളി​ച്ച​യു​ണ്ടു്, വേ​ഗ​മു​ണ്ടു്, ഒന്നാ​ന്ത​രം അഭ്യാ​സ​മു​ണ്ടു്, കണി​ശ​ത്തോ​ടു​കൂ​ടിയ ചു​വ​ടു​ക​ളു​ണ്ടു്; ഇടവൻ കൈ​യാ​ണു്.’

ഗ്ര​ന്തേ​റു​ടെ എതിർ​ഭാ​ഗ​ത്തെ മു​ക്കിൽ ഴൊ​ലി​യും ബയോ​രെ​ലും കൂ​ടി​യി​രു​ന്നു പേ​ച്ചു​ക​ളി കളി​ക്കു​ക​യാ​ണു്; കൂ​ട്ട​ത്തിൽ അവർ അനു​രാ​ഗ​ത്തെ​പ്പ​റ്റി സം​സാ​രി​ക്കു​ന്നു​ണ്ടു്.

‘നി​ങ്ങൾ​ക്കു ഭാ​ഗ്യ​മു​ണ്ടു്, ഉണ്ടു്,’ ഴൊലി പറ​യു​ക​യാ​ണു് ‘എപ്പോ​ഴും ചി​രി​ക്കു​ന്ന ഒരു പത്നി നി​ങ്ങൾ​ക്കു​ണ്ട​ല്ലോ.’

‘അത​വ​ളു​ടെ ഒരു കു​റ്റ​മാ​ണു്.’ ബയോ​രെൽ മറു​പ​ടി പറ​ഞ്ഞു. ‘ഒരു രഹ​സ്യ​ക്കാ​രി ചി​രി​ക്കു​ന്ന​തു തെ​റ്റാ​ണു്. അപ്പോൾ അവളെ ചതി​ക്കാൻ തോ​ന്നി​ക്ക​ള​യും അവ​ളു​ടെ ആഹ്ലാ​ദം നി​ങ്ങ​ളു​ടെ പശ്ചാ​ത്താ​പ​ത്തെ നീ​ക്കി​ക്ക​ള​യു​ന്നു; അവൾ വ്യ​സ​നി​ക്കു​ന്ന​താ​യി​ക്ക​ണ്ടാൽ, മന​സ്സാ​ക്ഷി നി​ങ്ങ​ളെ കു​ത്തി​ത്തു​ട​ങ്ങും.’

‘നന്ദി​കെ​ട്ട മനു​ഷ്യ!; ചി​രി​ക്കു​ന്ന ഒരു സ്ത്രീ എന്തു രസ​മു​ള്ള​താ​ണ്! പി​ന്നെ, നി​ങ്ങൾ ശണ്ഠ​കൂ​ടാ​റി​ല്ല.’

‘അതു ഞങ്ങൾ ചെ​യ്തു​വെ​ച്ചി​ട്ടു​ള്ള ഒരു​ട​മ്പ​ടി​കൊ​ണ്ടാ​ണു്. ഞങ്ങ​ളു​ടെ ചു​രു​ങ്ങിയ സ്വ​യം​വ​രം നട​ത്തു​മ്പോൾ, ഓരോ​രു​ത്ത​രു​ടേ​യും അതിർ​ത്തി​വ​ര​മ്പു് ഇന്നി​ന്ന​തെ​ന്നു ഞങ്ങൾ അന്യോ​ന്യം തീർ​ച്ച​പ്പെ​ടു​ത്തി; ആ അതിർ​ത്തി​യെ ഞങ്ങൾ ആക്ര​മി​ക്കാ​റി​ല്ല, മഴ​ക്കാ​ല​ത്തി​ന്റെ ഭാ​ഗ​ത്തേ​ക്കു ചേർ​ന്ന​തൊ​ക്കെ സ്ത്രീ​ക്ക്; കാ​റ്റി​ന്റെ ഭാ​ഗ​ത്തേ​ക്കു​ള്ള​തൊ​ക്കെ പു​രു​ഷ​ന്ന്. ഇതു​കൊ​ണ്ടാ​ണു് സമാ​ധാ​നം.’

‘സുഖം ദഹി​ച്ചു. ദേ​ഹ​ത്തിൽ പി​ടി​ക്കു​ന്ന​താ​ണു് സമാ​ധാ​നം.’

‘അപ്പോൾ, നി​ങ്ങൾ ഴൊ​ല്ലി നി​ങ്ങ​ളും മാംസെലുമായുള്ള-​ആളെ നി​ങ്ങൾ​ക്കു മനസ്സിലായല്ലോ-​കെട്ടിമറിച്ചൽ എവിടെ എത്തി​യി​രി​ക്കു​ന്നു?’

‘ഒരു ദയ​യി​ല്ലാ​ത്ത ക്ഷ​മ​യോ​ടു​കൂ​ടി അവൾ എന്നെ കൊ​ഞ്ഞ​നം കാ​ട്ടു​ന്നു.’

‘എങ്കി​ലും ധൈ​ര്യ​പൂർ​വം മന​സ്സു പതം​വ​രു​ത്തു​ന്ന ഒരു കാ​മു​ക​നാ​ണ​ല്ലോ നി​ങ്ങൾ.’

‘കഷ്ടം!’

‘ഞാ​നാ​ണു് നി​ങ്ങ​ളു​ടെ സ്ഥാ​ന​ത്തെ​ങ്കിൽ, ഞാ​ന​വ​ളെ ഇഷ്ടം​പോ​ലെ നട​ന്നു കൊ​ള്ളാൻ വിടും.’

‘അതു പറയാൻ എളു​പ്പ​മാ​ണു്.’

‘ചെ​യ്യാ​നും. അവ​രു​ടെ പേർ മു​സി​ക്കെ​ത്ത എന്ന​ല്ലേ?’

‘അതേ. ഹാ! എന്റെ സാധു ബയോ​രെൽ, അവൾ നല്ല പഠി​പ്പും ഭം​ഗി​യു​മു​ള്ള കാ​ല​ടി​ക​ളും ചെറിയ കൈ​ക​ളു​മു​ള്ള ഒര​ന്ത​സ്സു​കൂ​ടിയ പെൺ​കു​ട്ടി​യാ​ണു്; അവൾ ചന്ത​ത്തിൽ ഉടു​പ്പി​ടും; വെ​ളു​ത്ത, കവിൾ​ക്കു​ഴി​ക​ളോ​ടും ഒരു ലക്ഷ​ണം പറ​യു​ന്ന​വ​രു​ടെ കണ്ണു​ക​ളോ​ടും കൂടിയ അവ​ളെ​പ്പ​റ്റി വാ​സ്ത​വ​ത്തിൽ എനി​ക്കു ഭ്രാ​ന്തു പി​ടി​ച്ചി​രി​ക്കു​ന്നു.’

‘എന്റെ പൊ​ന്നു​ച​ങ്ങാ​തി, എന്നാൽ അവളെ സന്തോ​ഷി​പ്പി​ക്കാൻ നി​ങ്ങ​ളും ഒര​ന്ത​സ്സു​കാ​ര​നാ​വ​ണം; കാൽ​മു​ട്ടു​ക​ളെ​ക്കൊ​ണ്ടു ഭ്ര​മി​പ്പി​ക്ക​ണം. സ്തൗ​ബി​ന്റെ പീ​ടി​ക​യിൽ​പ്പോ​യി കഞ്ഞി​പ്പ​ശ​കൂ​ടിയ തു​ണി​കൊ​ണ്ടു​ള്ള ഒരു കൂ​ട്ടു കാലുറ വാ​ങ്ങി​ക്കൂ. അതു​കൊ​ണ്ടു ഗു​ണ​മു​ണ്ടാ​കും.’

‘എന്തു​വില വരും?’ ഗ്ര​ന്തേർ ഉച്ച​ത്തിൽ ചോ​ദി​ച്ചു.

മൂ​ന്നാ​മ​ത്തെ മൂ​ല​ക​വി​താ​സം​ബ​ന്ധി​യായ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു നീ​ക്കി​യി​ട്ടി​രി​ക്ക​യാ​ണു്. വി​ഗ്ര​ഹാ​രാ​ധ​ക​ന്മാ​രു​ടെ ദേ​വ​താ​കഥ ക്രി​സ്ത്യാ​നി​ക​ളു​ടെ ദേ​വ​താ​ക​ഥ​യു​മാ​യി മല്ലി​ടു​ന്നു. ഒലിം​പ​സ്സി​നെ​പ്പ​റ്റി​യാ​ണു് തർ​ക്കം; അസാ​ധാ​ര​ണ​ത്വ​ത്തോ​ടു​ള്ള വെറും പ്ര​തി​പ​ത്തി​കൊ​ണ്ടു​മാ​ത്രം, ആ ഭാഗം പി​ടി​ച്ചി​രു​ന്ന​തു ഴാങ് പ്രു​വെ​റാ​ണു്.

ഉറ​ക്ക​ത്തിൽ മാ​ത്ര​മേ ഴാ​ങ്പ്രു​വെർ ഭീ​രു​വാ​യി​രു​ന്നു​ള്ളു. ഒരി​ക്കൽ ക്ഷോ​ഭി​ച്ചു കഴി​ഞ്ഞാൽ പി​ന്നെ ലഹ​ള​യാ​യി, ഒരു​ത​രം ആഹ്ലാ​ദം അയാ​ളു​ടെ ഉന്മേ​ഷ​ത്തെ ശക്തി പി​ടി​പ്പി​ക്കും; പി​ന്നെ അയാൾ പൊ​ട്ടി​ച്ചി​രി​യും കീർ​ത്ത​ന​ക​വി​ത​യും രണ്ടും കൂ​ടി​യാ​യി.

‘നമു​ക്ക് ദേ​വ​ന്മാ​രെ അവ​മാ​നി​ക്കാ​തി​രി​ക്കുക. ദേ​വ​ന്മാർ ഒരു​സ​മ​യം പോ​യി​ക്ക​ഴി​ഞ്ഞി​ട്ടി​ല്ലാ​യി​രി​ക്കും. വ്യാ​ഴ​ദേ​വൻ മരി​ച്ച​താ​യി​ട്ടു് എനി​ക്കു തോ​ന്നു​ന്നി​ല്ല. ദേ​വ​ന്മാർ സ്വ​പ്ന​ങ്ങ​ളാ​ണെ​ന്നു നി​ങ്ങൾ പറ​യു​ന്നു. ശരി, ഇന്നു​കാ​ണു​ന്ന​വി​ധം. പ്ര​കൃ​തി​യിൽ​കൂ​ടി​യും, ഈവക സ്വ​പ്ന​ങ്ങൾ നീ​ങ്ങി​പ്പോ​യ​തി​ന്നു​ശേ​ഷം പി​ന്നെ​യും, പണ്ട​ത്തെ വി​ഗ്ര​ഹാ​രാ​ധ​ക​ന്മാ​രു​ടെ മഹ​ത്ത​ര​മായ ദേ​വ​താ​ക​ഥ​കൾ മു​ഴു​വ​നും നാം കണ്ടെ​ത്തു​ന്നു​ണ്ടു്. ഒരു കോ​ട്ട​യു​ടെ മു​ഖാ​കൃ​തി​യോ​ടു​കൂ​ടി ഇന്ന​യോ​രൂ മല-​ഉദാഹരണത്തിനു വിഞ്മാൽ-​ഇപ്പോഴും എനി​ക്കു സി​ബെ​ലി​ന്റെ [11] ശി​രോ​ല​ങ്കാ​ര​മാ​യി​ത്തോ​ന്നു​ന്നു; രാ​ത്രി​യിൽ പാൻ [12] ഇറ​ങ്ങി​വ​ന്നു് അല​രി​വൃ​ക്ഷ​ത്തി​ന്റെ പൊ​ള്ള​ത്ത​ടി​യി​ലേ​ക്കു, ദ്വാ​ര​ങ്ങ​ളെ​യെ​ല്ലാം കൈ​വി​ര​ലു​കൾ കൊ​ണ്ടു മാറി മാറി അട​ച്ചു​കൊ​ണ്ടു്, ഊതി നി​റ​യ്ക്കു​ന്നി​ല്ലെ​ന്നു് എനി​ക്കാ​രും തെ​ളി​വു തന്നി​ട്ടി​ല്ല. എന്ന​ല്ല പിസു് വാ​ക്കി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ കാ​ര്യ​ത്തിൽ അയോ​വി​നു [13] എന്തോ ഒരു കൈ​യു​ണ്ടെ​ന്നാ​ണു് എന്റെ എന്ന​തേ​യും വി​ശ്വാ​സം.’

ഒടു​വി​ല​ത്തെ മു​ക്കിൽ രാ​ഷ്ട്രീ​യ​വി​ഷ​യ​ത്തെ​പ്പ​റ്റി​യാ​യി​രു​ന്നു സം​സാ​രം. നാ​ട്ടു​കാർ​ക്കു കല്പി​ച്ചു​കി​ട്ടിയ അവ​കാ​ശ​പ​ത്ര​ത്തെ അവർ എടു​ത്തു ഞെ​ക്കി​ക്ക​ശ​ക്കു​ക​യാ​ണു്. കൊം​ബ്ഫെർ അതിനെ പതു​ക്കെ പി​ന്താ​ങ്ങു​ന്നു​ണ്ടു്. കർ​ഫെ​രാ​ക് ഉന്മേ​ഷ​ത്തോ​ടു​കൂ​ടി അതിനെ ചീ​ന്തി​നോ​ക്കു​ന്നു. ആ സു​പ്ര​സി​ദ്ധ​മായ തുകെ അവ​കാ​ശ​പ​ത്ര​ത്തി​ന്റെ ഒരു ഭാ​ഗ്യം​കെ​ട്ട പ്രതി മേ​ശ​പ്പു​റ​ത്തു കി​ട​ക്കു​ന്നു. കുർ​ഫെ​രാ​ക് അതു കട​ന്നെ​ടു​ത്തു്, ആ കട​ലാ​സ്സു​പാ​യ​യു​ടെ കി​രു​കി​രു​ക്ക​ലോ​ടു തന്റെ വാ​ദ​മു​ഖ​ങ്ങ​ളെ കൂ​ട്ടി​ക്ക​ലർ​ത്തി​ക്കൊ​ണ്ടു്, അതിനെ ചു​ഴ​റ്റു​ന്നു.

‘ഒന്നാ​മ​താ​യി എനി​ക്കൊ​രു രാ​ജാ​വും ആവ​ശ്യ​മി​ല്ല; ചെ​ല​വി​നെ​പ്പ​റ്റി​മാ​ത്രം നോ​ക്കി​യി​ട്ടാ​ണെ​ങ്കിൽ, എനി​ക്കൊ​രാ​ളും വേ​ണ്ടാ, ഒരു രാ​ജാ​വു് കണ്ട​വ​രു​ടെ ഒരു ‘കാൽ​തി​രു​മ്മി’യാണു്. ധർ​മ​മാ​യി രാ​ജാ​ക്ക​ന്മാ​രെ കി​ട്ടി​ല്ല. ഇതു കേ​ട്ടോ​ളു: രാ​ജാ​ക്ക​ന്മാർ​ക്കു​ള്ള പ്രി​യം ഒന്നാം​ഫ്രാ​ങ്ക്സ്വാ​വി​ന്റെ മര​ണ​കാ​ല​ത്തു മു​പ്പ​തി​നാ​യി​രം ലിവർ പലി​ശ​യു​ള്ള ഒരു സം​ഖ്യ​യോ​ളം എത്തി​യി​രി​ക്കു​ന്നു; പതി​ന്നാ​ലാ​മൻ ലൂ​യി​യു​ടെ മര​ണ​കാ​ല​ത്തു് മാർ​ക്കി​നു് ഇരു​പ​ത്തെ​ട്ടു ലി​വർ​പ്ര​കാ​രം അതു് ഇരു​നൂ​റ്റ​റു​പ​തു​കോ​ടി​യാ​യി; അതു 1760-ൽ ദെ​മാർ​തെ​യു​ടെ [14] അഭി​പ്രാ​യ​ത്തിൽ നാ​നൂ​റ്റ​മ്പ​തു കോ​ടി​യോ​ളം വരും; ഇന്ന​ത്തെ നി​ല​യ്ക്ക് നോ​ക്കി​യാൽ ആയി​ര​ത്തി​രു​നൂ​റു കോ​ടി​ക്കു സമം. രണ്ടാമതു-​ഞാൻ കൊം​ബ്ഫെ​റെ മുഷിപ്പിക്കുകയല്ല-​കല്പിച്ചു കി​ട്ടു​ന്ന ഒര​വ​കാ​ശ​പ​ത്രം പരി​ഷ്കാ​ര​ത്തി​ന്റെ ഒരു നി​സ്സാ​ര​യു​ക്തി മാ​ത്ര​മാ​ണു്. സ്ഥി​തി​മാ​റ്റ​ത്തെ കൂ​ടാ​തെ കഴി​പ്പാൻ വഴി​ക്കു​ള്ള ബു​ദ്ധി​മു​ട്ടു കു​റ​യ്ക്കാൻ, പരി​ഭ്ര​മ​ത്തെ മന്ദി​പ്പി​ക്കാൻ, നി​യ​മാ​നു​സാ​രി​ക​ളായ കെ​ട്ടു​ക​ഥ​ക​ളെ​ക്കൊ​ണ്ടു രാ​ജ​വാ​ഴ്ച​യിൽ​നി​ന്നു പ്ര​ജാ​വാ​ഴ്ച​യി​ലേ​ക്കു ജന​ങ്ങൾ അറി​യാ​തെ കട​ന്നു​കൂ​ടു​ന്ന​തി​നു തരപ്പെടുത്താൻ-​എന്തു നി​കൃ​ഷ്ട​ങ്ങ​ളായ കാ​ര​ണ​ങ്ങ​ളാ​ണു് ഇതെ​ല്ലാം! പാ​ടി​ല്ല! പാ​ടി​ല്ല! കള്ള​പ്പു​ലർ​ക്കാ​ലം​കൊ​ണ്ടു നമു​ക്കു ആളു​കൾ​ക്കു വെ​ളി​ച്ച​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്തു​കൂ​ടാ. നി​ങ്ങ​ളു​ടെ നി​യ​മാ​നു​സാ​രി​യായ കു​ണ്ട​റ​യ്ക്കു​ള്ളിൽ മൂ​ല​ത​ത്ത്വ​ങ്ങ​ളെ​ല്ലാം ചു​ങ്ങു​ക​യും വി​യർ​ക്കു​ക​യും ചെ​യ്യു​ന്നു. രാ​ജാ​വിൽ​നി​ന്നു പ്ര​ജ​കൾ​ക്കു പ്ര​മാ​ണ​വി​രു​ദ്ധ​മായ യാ​തൊ​ന്നും ആവ​ശ്യ​മി​ല്ല; ഒരു രാ​ജി​യും ഉണ്ടാ​യി​ക്കി​ട്ടേ​ണ്ടാ; ഒര​വ​കാ​ശ​ദാ​ന​വും വേ​ണ്ട​തി​ല്ല. ഈവക അവ​കാ​ശ​ദാ​ന​ങ്ങ​ളി​ലെ​ല്ലാം അവയെ തി​രി​ച്ചെ​ടു​ക്കാ​വു​ന്ന അധി​കാ​ര​വും കി​ട​പ്പു​ണ്ടു്. തരു​ന്ന കൈ​യി​ന്റെ അടു​ത്തു​ത​ന്നെ തട്ടി​പ്പ​റി​ക്കു​ന്ന കഴു​ന​ഖ​ങ്ങ​ളു​മു​ണ്ടു്. നി​ങ്ങ​ളു​ടെ അവ​കാ​ശ​പ​ത്ര​ത്തെ ഞാൻ മു​ഖ​ത്തു നോ​ക്കി വലി​ച്ചെ​റി​യു​ന്നു. ഒര​വ​കാ​ശ​പ​ത്രം ഒരു പേ​മു​ഖ​മാ​ണു്, അസ​ത്യം അതി​ന്നു​ള്ളിൽ പറ്റി​ക്കൂ​ടി​നി​ല്ക്കു​ന്നു. ഒര​വ​കാ​ശ​പ​ത്ര​ത്തെ സ്വീ​ക​രി​ക്കു​ന്ന ജന​സ​മു​ദാ​യം തന്റെ വാ​ഴ്ച​യൊ​ഴി​യു​ക​യാ​ണു് ചെ​യ്യു​ന്ന​തു്. പരി​പൂർ​ണ​മാ​യി​ട്ടു​ള്ള​പ്പൊ​ഴേ നിയമം നി​യ​മ​മാ​കു​ന്നു​ള്ളൂ. വേ​ണ്ടാ! അവ​കാ​ശ​പ​ത്ര​മേ വേ​ണ്ടാ!’

മഴ​ക്കാ​ല​മാ​യി​രു​ന്നു. അടു​പ്പിൽ​ക്കി​ട​ന്നു ചില വി​റ​കിൻ​ക​ഷ്ണ​ങ്ങൾ കി​രു​കി​രു​ക്കു​ന്നു​ണ്ടു്, അതൊരു രസം തോ​ന്നി​ച്ചു; ഇങ്ങ​നെ ചെ​യ്യാ​തി​രി​ക്കാൻ കുർ​ഫെ​രാ​ക്കി​നെ​ക്കൊ​ണ്ടു കഴി​ഞ്ഞി​ല്ല. ആ പാ​വ​മായ അവ​കാ​ശ​പ​ത്ര​ത്തെ അയാൾ കൈ​യി​ലി​ട്ടു ചു​രു​ട്ടി​ത്തി​രു​മ്മി തി​യ്യി​ലേ​ക്ക് ഒരേറു കൊ​ടു​ത്തു. കട​ലാ​സു് ആളി​ക്ക​ത്തി. പതി​നെ​ട്ടാ​മൻ ലൂ​യി​യു​ടെ ആ പ്ര​ധാ​ന​കൃ​തി കത്തി​യെ​രി​യു​ന്ന​തി​നെ കുർ​ഫെ​രാ​ക് ഒരു തത്ത്വ​ജ്ഞാ​നി​യു​ടെ മട്ടിൽ നോ​ക്കി​ക്ക​ണ്ടു; ഇങ്ങ​നെ പറ​ഞ്ഞ് അയാൾ തൃ​പ്തി​പ്പെ​ട്ടു:

‘അവ​കാ​ശ​പ​ത്രം തീ​ജ്വാ​ല​യാ​യി വേഷം മാറി.’

പരി​ഹാ​സ​വാ​ക്കു​കൾ, അസം​ബ​ന്ധ​ങ്ങൾ, നേ​രം​പോ​ക്കു​കൾ, നല്ല​തും ചീ​ത്ത​യു​മായ മനോ​വൃ​ത്തി​കൾ, കൊ​ള്ളാ​വു​ന്ന​തും കൊ​ള്ള​രു​താ​ത്ത​തു​മായ ആലോചനകൾ-​സംഭാഷണത്തിന്റെ ഈവക കരി​മ​രു​ന്നു​പ്ര​യോ​ഗ​ങ്ങ​ളെ​ല്ലാം ആ മു​റി​യു​ടെ എല്ലാ ഭാ​ഗ​ത്തു​നി​ന്നും പൊ​ന്തി​പ്പു​റ​പ്പെ​ട്ടു്, തമ്മിൽ കൂ​ടി​ക്ക​ലർ​ന്നു്, അവ​രു​ടെ തല​യ്ക്കു​മീ​തെ ഒരു​ത​രം ആഹ്ലാ​ദ​ക​ര​മായ പീ​ര​ങ്കി​വെ​ടി​യു​ണ്ടാ​ക്കി.

കു​റി​പ്പു​കൾ

[1] റോമൻ ചക്ര​വർ​ത്തി ‘റോ​മി​ലു​ള്ള​വർ​ക്കെ​ല്ലാം​കൂ​ടി ഒരു തല​യാ​യി​രു​ന്നു​വെ​ങ്കിൽ എത്ര നന്നു് എനി​ക്ക​തു ചെ​ത്തി​ക്ക​ള​യാ​മ​ല്ലോ’ എന്നു പറ​ഞ്ഞു​വെ​ന്നു പ്ര​സി​ദ്ധി​യു​ള്ളാൾ.

[2] റോ​മി​ലെ സീസർ ചക്ര​വർ​ത്തി​യെ ബ്രൂ​ട്ട​സു് എന്ന​യാൾ കൊ​ല​പ്പെ​ടു​ത്തി.

[3] ഫ്രാൻ​സി​ന​റെ സ്ഥാ​പ​ക​നെ​ന്നു പറ​യ​പ്പെ​ടു​ന്ന രാ​ജാ​വ്.

[4] അതെൻ​സി​ലെ ഒരു പ്ര​സി​ദ്ധ​സേ​നാ​പ​തി, വലിയ സ്വ​രാ​ജ്യ​സ്നേ​ഹി.

[5] ഫ്രാൻ​സി​ലെ ഒരു പ്ര​സി​ദ്ധ യു​ദ്ധ​ഭ​ടൻ; ഒരു കൂ​ട്ട​ക്കൊ​ല​യിൽ​വെ​ച്ചു കൊ​ല്ല​പ്പെ​ട്ടു.

[6] അത്ര പ്ര​സി​ദ്ധ​ന​ല്ല.

[7] അതെൻ​സു​കാ​രൻ ഒരു രാ​ജ്യ​ദ്രോ​ഹി, രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും കലാ​കു​ശ​ല​നും.

[8] ഒരു പഴയ യവ​ന​ക​വി​യും നി​രൂ​പ​ക​നും.

[9] ബു​ദ്ധ​ന്റെ ജീവൻ നി​ല​നി​ന്നു​വ​രു​ന്ന​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ബു​ദ്ധ​മത സന്ന്യാ​സി.

[10] ഈജി​പ്തു് പി​ടി​ച്ച​ട​ക്കിയ പേർ​ഷ്യൻ രാ​ജാ​വ്.

[11] ദേ​വ​ന്മാ​രു​ടെ അമ്മ.

[12] ആട്ടി​ട​യ​ന്മാ​രു​ടെ അധി​ദേ​വത.

[13] ജു​പി​റ്റർ​ക്ക് ഇഷ്ട​മു​ണ്ടെ​ന്നു് കണ്ട​തു​കൊ​ണ്ടു ഭാര്യ ഒരു പശു​ക്കു​ട്ടി​യാ​ക്കി വിട്ട സു​ന്ദ​രി.

[14] കൊർ​സി​ക്ക പി​ടി​ച്ചെ​ടു​ത്ത ഒരു ഫ്ര​ഞ്ച് സേ​നാ​പ​തി.

3.4.5
ആകാ​ശാ​ന്ത​ത്തി​ന്റെ വലു​പ്പം​വെ​ക്കൽ

ചെ​റു​പ്പ​ക്കാ​രു​ടെ മന​സ്സു​കൾ​ക്ക് അവ​രു​ടെ ഇട​യിൽ​വെ​ച്ചു​ത​ന്നെ ഉണ്ടാ​യി​ത്തീ​രു​ന്ന ക്ഷോ​ഭ​ങ്ങൾ​ക്ക് അഭി​ന​ന്ദ​നീ​യ​മായ ഒരു ഗു​ണ​മു​ണ്ടു്; അതിൽ​നി​ന്നു​ള്ള തീ​പ്പൊ​രി ആർ​ക്കും മുൻ​കൂ​ട്ടി കാണാൻ വയ്യാ-​ഇന്നു് ഒരു മി​ന്നൽ പു​റ​പ്പെ​ടു​മെ​ന്നു് ആർ​ക്കും ലക്ഷ​ണം പറയാൻ വയ്യാ. ഈ സമ​യ​ത്തു് എന്താ​ണു് ചാ​ടി​പ്പു​റ​പ്പെ​ടുക? ആർ​ക്കും അറി​ഞ്ഞു​കൂ​ടാ. ഒരു സൗ​മ്യ​ത​ര​മായ വി​കാ​ര​ത്തിൽ​നി​ന്നാ​ണു് ചിരി പൊ​ട്ടുക.

നേ​രം​പോ​ക്കി​ന്റെ സമ​യ​ത്തു ഗൗരവം കട​ന്നു​വ​രു​ന്നു. യദൃ​ച്ഛ​യാ​യി വരു​ന്ന ആദ്യ​ത്തെ വാ​ക്കി​ലാ​ണു് ക്ഷോ​ഭ​ങ്ങ​ളു​ടെ നില. ഒരോ​ന്നി​ന്റേ​യും ചൈ​ത​ന്യം പ്രാ​ഭ​വ​മേ​റി​യ​താ​ണു്. അപ്ര​തീ​ക്ഷി​ത​ത്തോ​ടു യു​ദ്ധ​ത്തി​നി​റ​ങ്ങാൻ നേ​രം​പോ​ക്കു മതി. കാ​ഴ്ച​പ്പാ​ടു​കൾ പെ​ട്ടെ​ന്നു മാ​റി​പ്പോ​കു​ന്ന അപ്ര​തീ​ക്ഷി​ത​ത്തി​രി​വു​ക​ളോ​ടു കൂടിയ സം​ഭാ​ഷ​ണ​ങ്ങ​ളാ​ണിവ. അത്ത​രം സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ അര​ങ്ങു​വി​ചാ​രി​പ്പു​കാ​രൻ യദൃ​ച്ഛാ​സം​ഭ​വ​മാ​ണു്.

വാ​ക്കു​ക​ളു​ടെ കൂ​ട്ടി​മു​ട്ട​ലിൽ​നി​ന്നു കട​ന്നു പു​റ​പ്പെ​ടു​ന്ന ഒരു സഗൗ​ര​വ​മായ ആലോചന ഗ്ര​ന്തേ​റും ബയോ​രെ​ലും പ്രു​വേ​റും ബൊ​സ്വെ​യും കൊം​ബ്ഫെ​റും കുർ​ഫെ​രാ​ക്കും​കൂ​ടി കെ​ട്ടി​പ്പി​ണ​ഞ്ഞു വേ​ലി​കെ​ട്ടി​യി​രു​ന്ന ഈ കൊ​ള്ളി​വാ​ക്കേ​റു​കൾ​ക്കി​ട​യി​ലൂ​ടെ പെ​ട്ടെ​ന്നു പാ​ഞ്ഞു​പോ​യി.

ഒരു സം​ഭാ​ഷ​ണ​ത്തി​നി​ട​യിൽ എങ്ങ​നെ​യാ​ണു് ഒരു വാ​ക്യം കൈയിൽ വരു​ന്ന​തു്? ശ്രോ​താ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തിൽ പതി​ഞ്ഞു​പോ​ക​ത്ത​ക്ക​വി​ധം അതെ​വി​ടെ നി​ന്നും വരു​ന്നു? ഞങ്ങൾ ഇപ്പോൾ​ത്ത​ന്നെ പറ​ഞ്ഞു​വ​ല്ലോ, അതി​നെ​പ്പ​റ്റി യാ​തൊ​ന്നും ആർ​ക്കും അറി​ഞ്ഞു​കൂ​ടാ. ആ ലഹ​ള​ക്കി​ട​യിൽ പെ​ട്ടെ​ന്നു ബൊ​സ്വെ കുർ​ഫെ​രാ​ക്കോ​ടു് എന്തോ പറ​ഞ്ഞി​രു​ന്ന​തു് ഈ തി​യ്യ​തി​യോ​ടു​കൂ​ടി അവിടെ നിർ​ത്തി. ‘ജൂൺ 18, 18 15: വാ​ട്ടർ​ലൂ.’

ഈ വാ​ട്ടർ​ലൂ എന്ന ശബ്ദം പു​റ​പ്പെ​ട്ട​തോ​ടു​കൂ​ടി. മേ​ശ​പ്പു​റ​ത്തു് ഒരു ഗ്ലാ​സ്സു വെ​ള്ള​മു​ള്ള​തി​ന്ന​ടു​ത്തു കൈ​മു​ട്ടു് കു​ത്തി ഇരു​ന്നി​രു​ന്ന മരി​യു​സു് കവി​ളിൻ ചു​വ​ട്ടിൽ​നി​ന്നു കൈ​പ്പ​ടം മാ​റ്റി, ആ സദ​സ്യ​രെ ഉറ്റു​നോ​ക്കാൻ തു​ട​ങ്ങി.

‘ഹാ!’ കുർ​ഫെ​രാ​ക് ഉച്ച​ത്തിൽ പറ​ഞ്ഞു, ആ 18 എന്ന അക്കം വല്ലാ​ത്ത​താ​ണു്, അതു് എന്റെ ഉള്ളി​ലേ​ക്ക് പാ​ഞ്ഞു​ക​ട​ക്കു​ന്നു. അതു ബൊ​നാ​പ്പാർ​ത്തി​നു​ള്ള ഭാ​ഗ്യം കെട്ട അക്ക​മാ​ണു്. ലൂ​യി​യെ മു​മ്പി​ലും ബ്രു​മെ​യ​റെ [1] പി​ന്നി​ലും നിർത്തുക-​ആ മനു​ഷ്യ​ന്റെ ഈശ്വ​ര​വി​ധി മു​ഴു​വ​നും നി​ങ്ങ​ളു​ടെ കൈ​യി​ലാ​യി; ഈ ഒരു വി​ശേ​ഷ​ത​മാ​ത്ര​മു​ണ്ടു്, ആരം​ഭ​ത്തി​ന്റെ കാൽ​മു​ട​മ്പു തൊ​ട്ടും​കൊ​ണ്ടു് അവ​സാ​നം വരു​ന്നു’

ഈ ഘട്ടം​വ​രെ ഒന്നും മി​ണ്ടാ​തി​രു​ന്ന ആൻ​ഷൊൽ​രാ മൗനം വി​ട്ടു കൊം​ബ്ഫെ​റോ​ടു് ഈ അഭി​പ്രാ​യം പു​റ​പ്പെ​ടു​വി​ച്ചു; ‘ദു​ഷ്ക്കർ​മ​വും അതി​ന്റെ പ്രാ​യ​ശ്ചി​ത്ത​വും എന്നാ​ണോ നി​ങ്ങൾ അർഥം വി​ചാ​രി​ക്കു​ന്ന​തു?’

അപ്ര​തീ​ക്ഷി​ത​മാ​യി വാ​ട്ടർ​ലൂ എന്ന വാ​ക്കു പു​റ​പ്പെ​ട്ട​തോ​ടു​കൂ​ടി വല്ലാ​തെ ക്ഷോ​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന മരി​യു​സ്സി​നെ ഈ ദു​ഷ്ക്കർ​മം എന്ന ശബ്ദം നി​ല​ക്കൊ​ള്ളാ​താ​ക്കി.

അയാൾ എണീ​റ്റു, ചു​മ​രി​ന്മേൽ നി​വർ​ത്തി​വെ​ച്ചി​ട്ടു​ള്ള ഫ്രാൻ​സി​ന്റെ പട​ത്തി​ന്ന​ടു​ക്ക​ലേ​ക്കു പതു​ക്കെ ചെ​ന്നു്, അതി​ന്റെ അടി​യിൽ ഒന്നു വി​ട്ടു​നി​ല്ക്കു​ന്ന ഒരു ദ്വീ​പി​ന്മേൽ കൈ​വെ​ച്ചു പറ​ഞ്ഞു. ‘കോർ​സി​ക്ക, ഫ്രാൻ​സി​നെ വലു​താ​ക്കി​ത്തീർ​ത്ത ഒരു ചെ​റു​ദ്വീ​പു്.’

ഇതു മഞ്ഞിൻ​ത​ണു​പ്പു​ള്ള ഒരു കാ​റ്റ​ടി​പോ​ലെ​യാ​യി​രു​ന്നു. എല്ലാ​വ​രും സം​സാ​രം നിർ​ത്തി. എന്തോ ഒന്നു സം​ഭ​വി​ക്കാൻ ഭാ​വ​മു​ണ്ടെ​ന്നു് എല്ലാ​വർ​ക്കും തോ​ന്നി.

ബൊ​സ്വെ​യോ​ടു മറു​പ​ടി പറ​യു​ന്ന ബയോ​രെൽ തനി​ക്കു സാ​ധാ​ര​ണ​മ​ട്ടാ​യി​ത്തീർ​ന്നി​ട്ടു​ള്ള കബ​ന്ധ​നില എടു​ക്കു​ക​യാ​യി​രു​ന്നു. ശ്ര​ദ്ധി​ച്ചു കേൾ​ക്കു​വാൻ വേ​ണ്ടി അയാൾ അതു വേ​ണ്ടെ​ന്നു വെ​ച്ചു.

ആരു​ടേ​യും മേൽ തന്റെ നീ​ല​ക്ക​ണ്ണു​ക​ളെ പതി​പ്പി​ക്കാ​തെ​യും ദി​ഗ​ന്ത​ര​ത്തി​ലേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കു​ന്ന​തു​പോ​ലെ​യു​മി​രു​ന്ന ആൻ​ഷൊൽ​രാ മരി​യു​സ്സി​നു നേരെ നോ​ക്കാ​തെ മറു​പ​ടി പറ​ഞ്ഞു: ‘ഫ്രാൻ​സി​നു വലു​താ​കു​വാൻ കോർ​സി​ക്ക ആവ​ശ്യ​മി​ല്ല. ഫ്രാൻ​സാ​യ​തു​കൊ​ണ്ടു​ത​ന്നെ ഫ്രാൻ​സു് വലു​താ​ണു് പേർ സിം​ഹ​മാ​യ​തു​കൊ​ണ്ടു്.

മരി​യു​സു് പി​ന്തി​രി​ക്കു​വാൻ ഭാ​വി​ച്ചി​ട്ടി​ല്ല; അയാൾ ആൻ​ഷൊ​രാ​യ്ക്കു നേരെ നോ​ക്കി; തന്റെ ആത്മാ​വി​ന്നാ​കെ ബാ​ധി​ച്ച ഒരു വി​റ​യിൽ​നി​ന്നു​ണ്ടായ ഒരി​ടർ​ച്ച​യോ​ടു​കൂ​ടി അയാൾ ഉച്ച​ത്തിൽ പറ​ഞ്ഞു: ‘ഫ്രാൻ​സി​നെ ഇടി​ക്കു​വാൻ ഈശ്വ​രൻ എനി​ക്കു സംഗതി വരു​ത്തു​ക​യി​ല്ല! പക്ഷേ, നെ​പ്പോ​ളി​യ​നെ ഫ്രാൻ​സി​നോ​ടു കൂ​ട്ടി​ച്ചേർ​ക്കു​ന്ന​തു ഫ്രാൻ​സി​നെ ഇടി​ക്കു​ക​യ​ല്ല. വരൂ നമു​ക്ക് തർ​ക്കി​ക്കാം. ഞാൻ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തിൽ പു​തു​താ​യി വന്ന​താ​ണു്; എങ്കി​ലും നി​ങ്ങൾ എന്നെ അമ്പ​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നു ഞാൻ സമ്മ​തി​ക്കു​ന്നു. നമ്മു​ടെ നി​ല​യെ​ന്താ​ണു്? നമ്മൾ ആരാ​ണു്? നി​ങ്ങൾ ആരാ​ണു്? ഞാ​നാ​രാ​ണു്? ചക്ര​വർ​ത്തി​യെ​പ്പ​റ്റി നമു​ക്കു പറ​യാ​നു​ള്ള​തു പറ​ഞ്ഞു​തീർ​ക്കുക. രാ​ജ​ക​ക്ഷി​ക്കാ​രു​ടെ ഉച്ചാ​ര​ണ​വി​ശേ​ഷ​ത്തോ​ടു​കൂ​ടി ബ്വോ​നാ​പ്പാർ​ത്തു് എന്നു നി​ങ്ങൾ പറ​യു​ന്ന​തു കേ​ട്ടു. എന്റെ മു​ത്ത​ച്ഛ​ന്റെ ഉച്ചാ​ര​ണ​മാ​ണു് നി​ങ്ങ​ളു​ടേ​തി​ലും ഭേദം; അദ്ദേ​ഹം പറ​യാ​റു് ബ്വോ​ണാ​പ്പാർ​ത്തേ [2] എന്നാ​ണു് നി​ങ്ങൾ ചെ​റു​പ്പ​ക്കാ​ര​നാ​ണെ​ന്നു ഞാൻ വി​ചാ​രി​ച്ചു. അപ്പോൾ നി​ങ്ങ​ളു​ടെ ഉന്മേ​ഷ​മെ​വി​ടെ? അതി​നെ​ക്കൊ​ണ്ടു് നി​ങ്ങൾ എന്തു ചെ​യ്യു​ന്നു? ചക്ര​വർ​ത്തി​യെ നി​ങ്ങൾ പു​ക​ഴ്ത്തു​ന്നി​ല്ലെ​ങ്കിൽ പി​ന്നെ ആരെ​യാ​ണു് പു​ക​ഴ്ത്തു​ന്ന​തു്? ഇതി​ല​ധി​കം എന്താ​ണ് നി​ങ്ങൾ​ക്ക് വേ​ണ്ട​തു്? ആ മഹാ​ന്റെ ഗു​ണ​ങ്ങ​ളി​ലൊ​ന്നും നി​ങ്ങൾ​ക്കാ​വ​ശ്യ​മി​ല്ലെ​ങ്കിൽ ഏതു മഹാ​ന്മാ​രെ​യാ​ണു് നി​ങ്ങൾ ഇഷ്ട​പ്പെ​ടുക? അദ്ദേ​ഹ​ത്തി​നു സർ​വ​വു​മു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹം പരി​പൂർ​ണ​നാ​യി​രു​ന്നു. മനു​ഷ്യ​ബു​ദ്ധി​യു​ടെ ആകെ​ത്തുക അദ്ദേ​ഹ​ത്തി​ന്റെ തല​ച്ചോ​റി​ലു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹം ജസ്റ്റി​നി​യ​നെ​പ്പോ​ലെ നി​യ​മ​മു​ണ്ടാ​ക്കി; സീ​സ​റെ​പ്പോ​ലെ ആജ്ഞ നട​ത്തി; അദ്ദേ​ഹ​ത്തി​ന്റെ സം​സാ​ര​ത്തിൽ പാ​സ്ക്ക​ലി​ന്റെ മി​ന്ന​ല്പി​ണ​രു​ക​ളും ടാ​സി​റ്റ​സ്സി​ന്റെ ഇടി​വെ​ട്ടു​ക​ളും കൂ​ടി​ക്ക​ലർ​ന്നി​രു​ന്നു; അദ്ദേ​ഹം ചരി​ത്ര​മു​ണ്ടാ​ക്കി, അതെ​ഴു​തി; അദ്ദേ​ഹ​ത്തി​ന്റെ വൃ​ത്താ​ന്ത​ക​ഥ​ന​ങ്ങൾ ഹോ​മർ​ക്ക​വി​ത​ക​ളാ​യി​രു​ന്നു; അദ്ദേ​ഹം ന്യു​ട്ട​ന്റെ ഗു​ഢ​ലി​പി​യും മു​ഹ​മ്മ​ദി​ന്റെ രൂ​പ​കാ​ല​ങ്കാ​ര​വും കൂ​ട്ടി​യി​ണ​ക്കി; അദ്ദേ​ഹം പൗ​ര​സ്ത്യ​രാ​ജ്യ​ങ്ങ​ളിൽ ‘പി​ര​മി​ഡു’ കളെ​പ്പോ​ലെ മഹ​ത്ത​ര​ങ്ങ​ളായ വാ​ക്കു​ക​ളെ നി​ക്ഷേ​പി​ച്ചു​പോ​ന്നു; ടിൽ​സി​റ്റിൽ ചക്ര​വർ​ത്തി​ക​ളെ പ്രാ​ഭ​വം പഠി​പ്പി​ച്ചു; ശാ​സ്ത്രീയ പണ്ഡി​ത​സ​ഭ​ക​ളിൽ​വെ​ച്ചു ലപ്ല​സ്സോ​ടു സമാ​ധാ​നം പറ​ഞ്ഞു; ആലോ​ച​ന​സ​ഭ​ക​ളിൽ​വെ​ച്ചു മേർ​ലി​നോ​ടു വാ​ദി​ച്ചു​നി​ന്നു; ആദ്യ​ത്തെ ആളുടെ ക്ഷേ​ത്ര​ഗ​ണി​ത​ത്തി​നും ഒടു​വി​ല​ത്തെ ആളുടെ ദു​സ്തർ​ക്ക​ങ്ങൾ​ക്കും അദ്ദേ​ഹം ജീവൻ വെ​പ്പി​ച്ചു; അദ്ദേ​ഹം നി​യ​മ​ജ്ഞ​ന്മാർ​ക്ക് നി​യ​മ​കർ​ത്താ​വും ഗണി​ത​ജ്ഞ​ന്മാർ​ക്ക് നക്ഷ​ത്ര​ഗ​തി​യു​മാ​യി​രു​ന്നു; രണ്ടു മെ​ഴു​തി​രി​യു​ണ്ടെ​ങ്കിൽ ഒന്നു കെ​ടു​ത്തു​ന്ന ക്രോം​വ​ല്ലി​നെ​പ്പോ​ലെ, ഒരു മറ​ശ്ശീ​ല​പ്പൊ​ടി​പ്പി​നെ​പ്പ​റ്റി അദ്ദേ​ഹം പിശകി വാ​ദി​ച്ചു; അദ്ദേ​ഹം എല്ലാം കണ്ടി​രു​ന്നു, എല്ലാം അറി​ഞ്ഞി​രു​ന്നു; അതു​കൊ​ണ്ടാ​ന്നും തന്റെ പി​ഞ്ചു​കു​ട്ടി​യു​ടെ തൊ​ട്ടി​ലി​ന്റെ അരി​കിൽ നി​ന്നു സന്തോ​ഷ​പൂർ​വം ചി​രി​ക്കു​ന്ന​തിൽ അദ്ദേ​ഹം മടി​ച്ചി​ല്ല, പെ​ട്ടെ​ന്നു, പേ​ടി​ച്ചു നടു​ങ്ങി​പ്പോയ യു​റോ​പ്പു ചെ​വി​യോർ​ത്തു, സേനകൾ നട​ന്നു​തു​ട​ങ്ങി, പീ​ര​ങ്കി​പ്പ​ട​യു​ടെ ശബ്ദം മു​ഴ​ങ്ങി, തി​ര​പ്പ​ത്തോ​ണി​കൾ പു​ഴ​യിൽ പര​ന്നു. ലഹ​ള​യി​ലൂ​ടെ കു​തി​ര​പ്പ​ട​യു​ടെ കൂ​ട്ടം പാ​ഞ്ഞു​ക​യ​റി; നി​ല​വി​ളി​കൾ, കാ​ഹ​ള​ശ​ബ്ദ​ങ്ങൾ, എല്ലാ ഭാ​ഗ​ത്തു​നി​ന്നും സിം​ഹാ​സ​ന​ങ്ങ​ളു​ടെ ഇള​ക്ക​ങ്ങൾ, ഭൂ​പ​ട​ത്തിൽ കി​ട​ന്നു നാ​ട​തിർ​ത്തി​ക​ളു​ടെ ഇഴച്ചിലുകൾ-​ഇവയ്ക്കിടയിൽനിന്നും ഉറ​യു​രിയ ഒര​മാ​നുഷ ഖഡ്ഗ​ത്തി​ന്റെ ഒച്ച കേൾ​ക്കാ​റാ​യി; ആളുകൾ അദ്ദേ​ഹ​ത്തെ കണ്ടു-​കൈയിൽ ഒരു മി​ന്നു​ന്ന വാ​ളോ​ടും കണ്ണു​ക​ളിൽ ഒരു മി​ന്നി​ച്ച​യോ​ടും​കൂ​ടി ഇടി​യൊ​ച്ച​യു​ടെ നടു​ക്കു മഹ​ത്തായ സൈ​ന്യ​വും പഴയ രക്ഷി​സം​ഘ​വു​മാ​കു​ന്ന തന്റെ രണ്ടു ചി​റ​കു​പ​ര​ത്തി അദ്ദേ​ഹം ആവിർ​ഭ​വി​ച്ചു. ചക്ര​വാ​ള​ത്തിൽ നി​വർ​ന്നു​നി​ല്ക്കു​ന്ന അദ്ദേ​ഹ​ത്തെ അവർ കണ്ടു; അദ്ദേ​ഹം ആ യു​ദ്ധ​ദേ​വ​ത​യാ​യി​രു​ന്നു.’

എല്ലാ​വ​രും മി​ണ്ടാ​തി​രു​ന്നു; ആൻ​ഷൊൽ​രാ തല കു​നി​ച്ചു. മൗ​ന​ത്തി​നു് എപ്പോ​ഴും സമ്മ​ത​ത്തി​ന്റെ -​എതിരാളി തോ​റ്റു മിണ്ടാതായിപ്പോയതിന്റെ-​ഒരു ഛാ​യ​യു​ണ്ടു് മരി​യു​സു് ഒന്നു ശ്വാ​സം കഴി​ക്കാൻ​കൂ​ടി നി​ല്ക്കാ​തെ വർ​ദ്ധി​ച്ച ഉന്മേ​ഷ​ത്തോ​ടു കൂടി പി​ന്നെ​യും തു​ട​ങ്ങി:

‘എന്റെ ചങ്ങാ​തി​മാ​രേ, നമു​ക്കു ന്യാ​യം നോ​ക്കുക. അങ്ങ​നെ​യു​ള്ള ഒരു ചക്ര​വർ​ത്തി​യു​ടെ സാ​മ്രാ​ജ്യ​മാ​യി​ത്തീ​രാൻ സാ​ധി​ക്കു​ന്ന​തു് ഒരു രാ​ജ്യ​ത്തി​നു് എന്തൊ​രു ഭാ​ഗ്യ​മാ​ണ്! എന്ന​ല്ല, ആ രാ​ജ്യ​മോ ഫ്രാൻ​സും അതി​നു് സ്വ​ത​വേ ഉള്ള അതി​ബു​ദ്ധി​യോ​ടു് ആ മനു​ഷ്യ​ന്റെ അതി​ബു​ദ്ധി​കൂ​ടി ചേർ​ന്നി​ണ​ങ്ങുക! കണ്ടാൽ രാ​ജാ​വാ​വുക. ചെ​ന്നാൽ രാ​ജ്യം പി​ടി​ക്കുക; എല്ലാ തല​സ്ഥാ​ന​ന​ഗ​രി​ക​ളും താ​വ​ള​ങ്ങ​ളാ​യി നി​ല്ക്കുക; സ്വ​ന്തം പട്ടാ​ള​ക്കാ​രെ എടു​ത്തു രാ​ജാ​ക്ക​ന്മാ​രാ​യി വാ​ഴി​ക്കുക. രാ​ജ​കു​ടും​ബ​ങ്ങ​ളു​ടെ അധഃ​പ​ത​ന​ത്തെ ആജ്ഞാ​പി​ക്കുക; ഒരു തള്ളി​ക്ക​യ​റ്റ​ത്തി​ന്റെ അടി​വെ​പ്പ​നു​സ​രി​ച്ച് യൂ​റോ​പ്പി​നെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തുക; എതിർ​നി​ല്ക്കു​മ്പോൾ നി​ങ്ങൾ ഈശ്വ​ര​ന്റെ വാർ​പ്പി​ടി​യി​ന്മേ​ലാ​ണു് കൈ​വെ​ക്കു​ന്ന​തെ​ന്നു നി​ങ്ങൾ​ക്കു​ത​ന്നെ തോ​ന്നി​ക്കുക; ഹാ​നി​ബോ​ളും സീ​സ​റും ഷാർ​ലി​മാ​നും ഒരൊ​റ്റാ​ളിൽ തു​ടർ​ന്നു് വരുക; നി​ങ്ങൾ ഉണർ​ന്നു​വ​രു​ന്ന​തോ​ടു​കൂ​ടി ഓരോ യു​ദ്ധ​വും ജയി​ച്ച​താ​യി അറി​വു​ത​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒരാ​ളു​ടെ പ്ര​ജ​ക​ളാ​വുക; പു​ലർ​ച്ചെ നി​ങ്ങ​ളെ ഉണർ​ത്തു​വാൻ അനാ​ഥ​പ്പു​ര​യി​ലെ പീ​ര​ങ്കി​യു​ണ്ട​യാ​യി​രി​ക്കുക; എന്നെ​ന്നും ജ്വ​ലി​ച്ചു​കൊ​ണ്ടു​ള്ള മറെൻ​ഗോ, ആർ​ക്കോ​ളാ, ഓസ്തെർ​ലി​ത്സു്, യെന്ന, വഗ്രം എന്നീ മഹ​ത്ത​ര​ങ്ങ​ളായ വാ​ക്കു​ക​ളെ അഗാ​ധ​തേ​ജഃ​കു​ണ്ഡ​ങ്ങ​ളി​ലേ​ക്കു വലി​ച്ചെ​റി​യുക! നൂ​റ്റാ​ണ്ടു​ക​ളു​ടെ ഒത്ത മു​ക​ളിൽ​നി​ന്നു് ഓരോ നി​മി​ഷ​ത്തി​ലും വി​ജ​യ​ങ്ങ​ളാ​കു​ന്ന നക്ഷ​ത്ര​ക്കൂ​ട്ട​ങ്ങ​ളെ പു​റ​പ്പെ​ടു​വി​ക്കുക; ഫ്ര​ഞ്ചു സാ​മ്രാ​ജ്യ​ത്തെ റോ​മൻ​സാ​മ്രാ​ജ്യ​ത്തി​ന്റെ ഒരു താ​ലി​യാ​ക്കുക; മഹ​ത്തായ ജന​സ​മു​ദാ​യ​മാ​യി​ത്തീർ​ന്ന മഹ​ത്തായ സേനയെ ഉണ്ടാ​ക്കി​ത്തീർ​ക്കുക; എല്ലാ ഭാ​ഗ​വും ജയി​ച്ചു​വ​രു​വാ​നാ​യി ഒരു മല തന്റെ കഴു​കു​ക​ളെ പറ​ഞ്ഞ​യ​യ്ക്കു​ന്ന​തു​പോ​ലെ, ആ സൈ​ന്യ​ത്തിൽ​നി​ന്നു ഭട​സം​ഘ​ങ്ങ​ളെ ഭൂ​മി​യി​ലെ​വി​ടേ​ക്കും പറ​പ്പി​ക്കുക; സർ​വ​വും കീ​ഴ​ട​ക്കി നി​ല്ക്കുക; മി​ന്ന​ലു​ക​ളെ ചാ​ട്ടുക; മഹി​മ​കൊ​ണ്ടു ഭം​ഗി​പി​ടി​പ്പി​ച്ച ഒരു ജന​സ​മു​ദാ​യ​മാ​യി യൂ​റോ​പ്പിൽ വർ​ത്തി​ക്കുക; പൗ​രാ​ണി​ക​ക​ഥ​യി​ലെ കാ​ഹ​ളം​വി​ളി​യെ നൂ​റ്റാ​ണ്ടു​കൾ​ക്കു​ള്ളി​ലൂ​ടെ വ്യാ​പി​പ്പി​ക്കുക; ജയം​കൊ​ണ്ടും അമ്പ​ര​പ്പി​ക്കൽ​കൊ​ണ്ടും ലോ​ക​ത്തെ രണ്ടു പ്രാ​വ​ശ്യം കീഴടക്കുക-​ഇതു വി​ശി​ഷ്ട​മാ​ണു്; ഇതി​ലും മഹ​ത്ത​ര​മാ​യി മറ്റെ​ന്തു​ണ്ട്!’

‘സ്വ​ത​ന്ത്ര​രാ​വുക,’ കൊം​ബ്ഫെർ പറ​ഞ്ഞു.

തല കു​നി​ക്കൽ ഇക്കു​റി മരി​യു​സ്സി​ന്റെ വക​യാ​യി. ആ ഒരു വെറും വാ​ക്ക് ഒരു​രു​ക്കു​വാ​ള​ല​കു​പോ​ലെ അയാ​ളു​ടെ പു​രാ​ണ​പ​ഠ​ന​ത്തി​ലൂ​ടെ പാ​ഞ്ഞു​ക​ട​ന്നു. അത​യാ​ളു​ടെ ഉള്ളി​ലേ​ക്കി​റ​ങ്ങി ആണ്ടു​പോ​യ​താ​യി അനു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ടു് അയാൾ തല​യു​യർ​ത്തി നോ​ക്കി​യ​പ്പോൾ കൊം​ബ്ഫെർ അവി​ടെ​നി​ന്നു പോ​യി​രി​ക്കു​ന്നു. ഒരു സമയം ആ ചൈ​ത​ന്യ​പ്ര​ദാ​ന​മ​ന്ത്ര​ത്തി​നു മറു​പ​ടി പറ​ഞ്ഞ​തു​കൊ​ണ്ടു് തൃ​പ്തി​പ്പെ​ട്ടു് അയാൾ അവി​ടെ​നി​ന്നു പോ​യ​താ​യി​രി​ക്കും. ആൻ​ഷൊൽ​രാ ഒഴി​ച്ചു മറ്റെ​ല്ലാ​വ​രും അയാളെ പിൻ​തു​ടർ​ന്നി​രി​ക്കു​ന്നു. ആ അകം ഒഴി​ഞ്ഞു. മരി​യു​സ്സും താനും മാ​ത്ര​മാ​യി​പ്പെ​ട്ട ആൻ​ഷൊൽ​രാ അയാളെ സഗൗ​ര​വ​മാ​യി സൂ​ക്ഷി​ച്ചു​നോ​ക്കു​ന്നു. ഏതാ​യാ​ലും ആലോ​ച​ന​ക​ളെ വീ​ണ്ടും വാ​രി​ക്കെ​ട്ടിയ മരി​യു​സു് താൻ തോ​റ്റു​ക​ഴി​ഞ്ഞ​താ​യി വി​ചാ​രി​ച്ചി​ല്ല; അയാ​ളു​ടെ ഉള്ളിൽ വി​ചാ​ര​ങ്ങ​ളു​ടെ ഒരു തി​ള​ച്ചു​മ​റി​യൽ അപ്പോ​ഴും തീരെ അപ്ര​ത്യ​ക്ഷ​മാ​യി​ട്ടി​ല്ലാ​യി​രു​ന്നു; നി​ശ്ച​യ​മാ​യും അയാൾ അതു​ക​ളെ ആൻ​ഷൊൽ​രാ​വി​നു നേരേ പ്ര​യോ​ഗി​ക്കാ​നു​ള്ള വാ​ദ​സി​ദ്ധാ​ന്ത​ങ്ങ​ളാ​ക്കി മാ​റ്റു​വാൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു; പെ​ട്ടെ​ന്നു് താ​ഴ​ത്തേ​ക്കു പോ​കു​ന്ന ആരോ കോ​ണി​ത്ത​ട്ടിൽ​നി​ന്നു പാ​ടു​ന്ന​തു കേ​ട്ടു, അതു കൊം​ബ്ഫെ​റാ​യി​രു​ന്നു. അയാൾ പാ​ടി​യി​രു​ന്ന​തു് ഇതാ​ണു്:

‘സീ​സ​റെ​നി​ക്കേ​റെ മേ​ന്മ​യും യു​ദ്ധ​വും

തന്നു​വെ​ന്നാ​ലു​മ​തി​ന്റെ കൂടെ

എന്ന​മ്മ തന്നു​ടെ സ്നേ​ഹം വിടുവതി-​

ന്നെ​ന്നോ​ടു നിർ​ബ്ബ​ന്ധി​ക്കു​ന്ന​താ​യാൽ

അമ്മ​ഹാ​നാ​കു​ന്ന സീ​സ​റോ​ടോ​തും ഞാൻ:

‘അങ്ങോ​ട്ടെ​ടു​ത്തി​ടാം നി​ന്റെ ചെ​ങ്കോൽ;

അങ്ങു​തൻ തേരും തി​രി​ച്ചെ​ടു​ക്കാ;മെനി-

ക്ക​മ്മ​തൻ സ്നേ​ഹ​മാ​ണേ​റെ​യി​ഷ്ടം!’

കൊം​ബ്ഫെ​റു​ടെ സൗ​മ്യ​വും അപ​രി​ഷ്കൃ​ത​വു​മായ സ്വ​ര​വി​ശേ​ഷം ഈ പാ​ട്ടി​നു് ഒര​സാ​ധാ​ര​ണ​വൈ​ശി​ഷ്ട്യം കൊ​ടു​ത്തു. ആലോ​ച​ന​യിൽ മു​ങ്ങി​യും തട്ടി​ന്മേൽ നോ​ട്ടം ഊന്നി​ത്ത​റ​ച്ചു​മി​രു​ന്ന മരി​യു​സു് ഏതാ​ണ്ടു് ഒരു യന്ത്ര​പ്പ​ണി​പോ​ലെ ആവർ​ത്തി​ച്ചു: ‘എന്റെ അമ്മ?’

അസ്സ​മ​യ​ത്തു് ആൻ​ഷൊൽ​മാ​വു​ന്റെ കൈ അയാ​ളു​ടെ ചു​മ​ലിൽ ഇരു​ന്ന​താ​യി തോ​ന്നി.

‘പൗരൻ,’ ആൻ​ഷൊൽ​രാ അയാ​ളോ​ടു പറ​ഞ്ഞു, ‘എന്റെ അമ്മ പ്ര​ജാ​ധി​പ​ത്യ​മാ​ണു്.’

കു​റി​പ്പു​കൾ

[1] ഫ്രാൻ​സി​ലെ ഒന്നാ​മ​ത്തെ പ്ര​ജാ​വാ​ഴ്ച​യു​ടെ, രണ്ടാ​മ​ത്തെ മാസം.

[2] ഇതാ​വു​മ്പോൾ ശരി​യ്ക്കു കാടൻ എന്നാ​യി.

3.4.6
ഭയ​ങ്കര സം​ഗ​തി​കൾ

അന്നു വൈ​കു​ന്നേ​രം മരി​യു​സു് വല്ലാ​തെ കു​ലു​ങ്ങി​പ്പോ​യ​തു​പോ​ലി​രു​ന്നു; അയാ​ളു​ടെ ആത്മാ​വിൽ ഒരു വ്യ​സ​ന​മ​യ​മായ മൂ​ട​ലും വ്യാ​പി​ച്ചി​രു​ന്നു; വി​ത്തി​നെ ഉള്ളിൽ സ്ഥാ​പി​ക്കു​വാൻ​വേ​ണ്ടി ഇരി​മ്പു​ക​രി​യാൽ പി​ളർ​ത്ത​പ്പെ​ടു​ന്ന സമ​യ​ത്തു ഭൂ​മി​യു​ടെ വി​കാ​ര​മെ​ന്താ​യി​രി​ക്കു​മോ അത​ന്നു മരി​യു​സ്സി​നും തോ​ന്നി: മു​റി​വു മാ​ത്രം അതിനു ബോ​ധ​പ്പെ​ടു​ന്നു; മു​ള​യു​ടെ ഇള​ക്ക​വും ഫല​മു​ണ്ടാ​കു​ന്ന സന്തോ​ഷ​വും വരു​ന്ന​തു പി​ന്നെ മാ​ത്ര​മാ​ണു്.

മരി​യു​സ്സി​നു സു​ഖ​മി​ല്ലാ​യി​രു​ന്നു. അയാ​ളു​ടെ ആലോ​ച​ന​കൾ​ക്ക് അപ്പോൾ മാ​ത്ര​മേ ഒരു പി​ടി​വ​ള്ളി കി​ട്ടി​യി​രു​ന്നു​ള്ളൂ; അതിനെ അയാൾ തള്ളി​ക്ക​ള​യ​ണ​മെ​ന്നോ? ഒരി​ക്ക​ലു​മി​ല്ലെ​ന്നു് അയാൾ സ്വയം തീർ​ത്തു​പ​റ​ഞ്ഞു. സം​ശ​യി​ക്കു​ക​യി​ല്ലെ​ന്നു് അയാൾ ഉറ​പ്പി​ച്ചു; എത്ര ഉറ​പ്പി​ച്ചി​ട്ടും അയാൾ സം​ശ​യി​ക്കാൻ തു​ട​ങ്ങി. ഒന്നിൽ​നി​ന്നു തീരേ വി​ട്ടു​പോ​ന്നി​ട്ടി​ല്ലാ​ത്ത​തും മറ്റൊ​ന്നി​ലേ​ക്കു പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​തു​മായ രണ്ടു മത​ങ്ങൾ​ക്കി​ട​യിൽ നി​ല്ക്കു​ന്ന​തു സഹി​ച്ചു​കൂ​ടാ​ത്ത ഒരു നി​ല്പാ​ണു്; കട​വാ​തി​ലി​നെ​പ്പോ​ലെ​യു​ള്ള ജീ​വി​കൾ​ക്കു മാ​ത്ര​മേ സന്ധ്യാ​സ​മ​യം ഇഷ്ട​പ്പെ​ടു. മരി​യു​സ്സി​ന്റെ കണ്ണി​നു തക​രാ​റി​ല്ല. അയാൾ​ക്കു ശരി​ക്കു​ള്ള വെ​ളി​ച്ചം കി​ട്ട​ണം. സം​ശ​യ​ത്തി​നു​ള്ള അർ​ദ്ധ​പ്ര​കാ​ശ​ങ്ങൾ അയാളെ വേ​ദ​ന​പ്പെ​ടു​ത്തി, നി​ല്ക്കു​ന്നേ​ട​ത്തു​ത​ന്നെ നി​ല്ക്കാ​നു​ള്ള ആഗ്ര​ഹം എത്ര​ത​ന്നെ​യാ​യാ​ലും, അയാൾ​ക്ക​വി​ടെ നി​ല്ക്കാൻ കഴി​ഞ്ഞി​ല്ല; പി​ന്നെ​യും നട​ക്കാൻ, മുൻ​പോ​ട്ടു പോ​കു​വാൻ, പരി​ശോ​ധി​ക്കു​വാൻ, ആലോ​ചി​ക്കു​വാൻ, വീ​ണ്ടും നട​ന്നു​പോ​കു​വാൻ, എതി​രി​ല്ലാ​ത്ത​വി​ധം എന്തോ ഒന്നു് അയാളെ നിർ​ബ​ന്ധി​ച്ചു. ഇത​യാ​ളെ എവി​ടേ​ക്കെ​ത്തി​ക്കും? അച്ഛ​ന്റെ അടു​ക്ക​ലേ​ക്കു ചേർ​ന്നു​കൂ​ടു​വാൻ അത്ര​യു​മ​ധി​കം അടി​യെ​ടു​ത്തു​വെ​ച്ചി​ട്ടു​ള്ള സ്ഥി​തി​ക്ക്, ഇപ്പോൾ​വെ​ച്ച് ആ അച്ഛ​നിൽ​നി​ന്നു് അത്ര​യും അക​ത്തി​ക്ക​ള​യു​ന്ന ഒരു കാൽ​വെ​പ്പു് വെ​ക്കു​വാൻ അയാൾ ശങ്കി​ച്ചു. ഉണ്ടാ​യി​ത്തീർ​ന്ന ആലോ​ച​ന​ക​ളെ​ക്കൊ​ണ്ടെ​ല്ലാം​കൂ​ടി അയാ​ളു​ടെ അസ്വാ​സ്ഥ്യം വർ​ദ്ധി​ച്ചു, അയാ​ളു​ടെ ചു​റ്റം ഒരു കി​ട​ങ്ങു​ണ്ടാ​യി. മു​ത്ത​ച്ഛ​നോ​ടു​കൂ​ടി​യും സ്നേ​ഹി​ത​ന്മാ​രോ​ടു​കൂ​ടി​യും അയാൾ യോ​ജി​ക്കു​ന്നി​ല്ല; ഒരാ​ളു​ടെ നോ​ട്ട​ത്തിൽ അയാൾ അധി​ക​പ്ര​സം​ഗി, മറ്റ​വ​രു​ടെ നോ​ട്ട​ത്തിൽ പഴ​മ​ക്കാ​രൻ; രണ്ടു​വി​ധ​ത്തിൽ, വാർ​ദ്ധ​ക്യ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നും യൗ​വ​ന​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നും, താൻ ഒറ്റ​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന വാ​സ്ത​വം അയാൾ​ക്കു ബോ​ധ​പ്പെ​ട്ടു. അയാൾ മു​സെ​ങ് കാ​പ്പി​പ്പീ​ടി​ക​യി​ലേ​ക്കു​ള്ള പോ​ക്കു നിർ​ത്തി.

മന​സ്സി​ന്റെ അസ്വ​സ്ഥ​ത​യ്ക്കി​ട​യിൽ ജീ​വി​ത​ത്തി​ന്റെ ചില സഗൗ​ര​വ​ഭാ​വ​ങ്ങ​ളെ​പ്പ​റ്റി അയാൾ ഓർ​മി​ച്ചി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ന്റെ പര​മാർ​ഥ​സ്ഥി​തി​കൾ തങ്ങ​ളെ വി​സ്ത​രി​ച്ചു​ക​ള​യാൻ സമ്മ​തി​ക്കി​ല്ല. അവ വേ​ഗ​ത്തിൽ അയാളെ തി​ക്കി​ത്തി​ര​ക്കി.

ഒരു ദിവസം രാ​വി​ലെ ഹോ​ട്ട​ലു​ട​മ​സ്ഥൻ മരി​യു​സ്സി​ന്റെ മു​റി​യിൽ വന്നു പറ​ഞ്ഞു: ‘മൊ​സ്സ്യു കുർ​ഫെ​രാ​ക് നി​ങ്ങൾ​ക്കു​വേ​ണ്ടി ഇട പറ​ഞ്ഞു.’

‘ഉവ്വു്.’

‘പക്ഷേ, എനി​ക്കെ​ന്റെ സംഖ്യ കി​ട്ട​ണം.’

‘കുർ​ഫെ​രാ​ക്കോ​ടു് എനി​ക്കു ചിലതു സം​സാ​രി​ക്കാൻ​വേ​ണ്ടി ഇങ്ങോ​ട്ടു വരാൻ പറയൂ.’ മരി​യു​സു് പറ​ഞ്ഞു.

കുർ​ഫെ​രാ​ക് വന്ന​തോ​ടു​കൂ​ടി ഹോ​ട്ട​ലു​ട​മ​സ്ഥൻ പു​റ​ത്തേ​ക്കു പോയി അതേ​വ​രെ പറ​യ​ണ​മെ​ന്നു തോ​ന്നി​യി​ട്ടി​ല്ലാ​ത്ത ഒരു കാര്യം-​ലോകത്തിൽ താൻ​ത​നി​ച്ചേ ഉള്ളൂ; ബന്ധു​ക്ക​ളാ​യി​ട്ടാ​രു​മി​ല്ല എന്നു-​മരിയുസു് അയാളെ ധരി​പ്പി​ച്ചു.

‘നി​ങ്ങൾ​ക്ക് എന്തു വരാൻ​പോ​കു​ന്നു?’ കുർ​ഫെ​രാ​ക് ചോ​ദി​ച്ചു.

‘എനി​ക്ക് ലേ​ശ​മെ​ങ്കി​ലും അറി​ഞ്ഞു​കൂ​ടാ,’ മരി​യു​സു് മറു​പ​ടി പറ​ഞ്ഞു.

‘നി​ങ്ങൾ എന്തു ചെ​യ്വാൻ പോ​കു​ന്നു?’

‘എനി​ക്ക​റി​ഞ്ഞു​കൂ​ടാ.’

‘കൈയിൽ പണം വല്ല​തു​മു​ണ്ടോ?’

‘പതി​ന​ഞ്ചു ഫ്രാ​ങ്ക്.’

‘നി​ങ്ങൾ​ക്കു വല്ല​തും കടം വേണമോ?’

‘ഒരി​ക്ക​ലും വേ​ണ്ടാ.’

‘നി​ങ്ങൾ​ക്ക് ഉടു​പ്പു​ണ്ടോ?’

‘ഉള്ള​തു് ഇതാ​ണു്.’

‘ചെ​റു​ത​രം ആഭ​ര​ണ​ങ്ങ​ളു​ണ്ടോ?’

‘ഒരു ഘടി​കാ​രം.’

‘വെ​ള്ളി?’

‘സ്വർ​ണ​മാ​ണു്; അതിതാ.’

‘പു​റം​കു​പ്പാ​യ​വും കാ​ലു​റ​യും വി​റ്റു നി​ങ്ങൾ​ക്കു പണ​മാ​ക്കാൻ തഞ്ച​ത്തിൽ ഒരു വസ്ത്ര​വ്യാ​പാ​രി​യെ ഞാ​ന​റി​യും.’

‘അതു നന്നാ​യി.’

അപ്പോൾ നി​ങ്ങൾ​ക്ക് ഒരു​കൂ​ട്ടു കാ​ലു​റ​യും ഒരുൾ​ക്കു​പ്പാ​യ​വും ഒരു തൊ​പ്പി​യും മാ​ത്ര​മേ ഉണ്ടാ​വൂ.’

‘എന്റെ ബൂ​ട്ടൂ​സ്സോ?’

എന്തു? നി​ങ്ങൾ വെറും കാ​ലാ​യി നട​ക്കു​ക​യോ? എന്തു ധന​പു​ഷ്ടി!’

‘അതു മതി.’

‘നി​ങ്ങ​ളു​ടെ ഘടി​കാ​രം മേ​ടി​ക്കാൻ ഒരു ഘടി​കാ​ര​പ്പ​ണി​ക്കാ​ര​നെ ഞാ​ന​റി​യും.’

‘അതു നന്നാ​യി.’

‘ഇല്ല; നന്നാ​യി​ല്ല. അതു കഴി​ഞ്ഞാൽ പി​ന്നെ നി​ങ്ങ​ളെ​ന്തു ചെ​യ്യും?’

‘എന്തു വേണം, അത്-​എന്നു വെ​ച്ചാൽ മര്യാ​ദ​യാ​യി​ട്ടു​ള്ള​തെ​ന്തും.’

‘നി​ങ്ങൾ​ക്ക് ഇം​ഗ്ലീ​ഷ​റി​യാ​മോ?’

‘ഇല്ല.’

‘ജർമൻ അറി​യാ​മോ?’

‘ഇല്ല.’

‘അതു നന്നാ​യി​ല്ല.’

‘എന്തു​കൊ​ണ്ടു്?’

‘എന്റെ ഒരു സ്നേ​ഹി​തൻ, ഒരു പു​സ്ത​ക​പ്ര​സി​ദ്ധീ​ക​ര​ണ​ക്കാ​രൻ, ഒരു​ത​രം സർ​വ​ജ്ഞാ​ന​നി​ധി​ഗ്ര​ന്ഥം തയ്യാ​റാ​ക്കി​വ​രു​ന്നു​ണ്ടു്; അതി​ലേ​ക്ക് ഇം​ഗ്ലീ​ഷോ ജർമനോ ഉപ​ന്യാ​സ​ങ്ങൾ നി​ങ്ങൾ​ക്കു ഭാ​ഷാ​ന്ത​ര​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. അതു നന്നേ സാ​മ്പാ​ദ്യം കു​റ​ഞ്ഞ ഒരു പണി​യാ​ണു്; പക്ഷേ, അതു​കൊ​ണ്ടു ജീ​വി​ച്ചി​രി​ക്കാം.’

‘ഞാൻ ഇം​ഗ്ലീ​ഷും ജർ​മ​നും പഠി​ക്കും.’

‘അതു​വ​രെ?’

‘അതു​വ​രെ ഞാ​നെ​ന്റെ ഉടു​പ്പു​ക​ളും ഘടി​കാ​ര​വും​കൊ​ണ്ടു കഴി​ച്ചു​കൂ​ട്ടും.’

വസ്ത്ര​വ്യാ​പാ​രി​ക്ക് ആളെ​യ​യ​ച്ചു. ആ ഉപേ​ക്ഷി​ക്ക​പ്പെ​ട്ട ഉടു​പ്പു​കൾ​ക്ക് അയാൾ ഇരു​പ​തു് ഫ്രാ​ങ്ക് കൊ​ടു​ത്തു. അവർ ഘടി​കാ​ര​പ്പ​ണി​ക്കാ​ര​ന്റെ അടു​ക്ക​ലേ​ക്കു പോയി. അയാൾ ആ ഘടി​കാ​രം നാ​ല്പ​ത്ത​ഞ്ചു ഫ്രാ​ങ്ക് കൊ​ടു​ത്തു മേ​ടി​ച്ചു.

‘തര​ക്കേ​ടി​ല്ല.’ ഹോ​ട്ട​ലി​ലേ​ക്കു മട​ങ്ങും​വ​ഴി​ക്കു മരി​യു​സു് കുർ​ഫെ​രാ​ക്കോ​ടു പറ​ഞ്ഞു, ‘എന്റെ പതി​ന​ഞ്ചു ഫ്രാ​ങ്ക് കൂ​ടി​യാ​യാൽ എൺപതു ഫ്രാ​ങ്കാ​യി.

‘ഹോ​ട്ട​ലി​ലെ കണ​ക്ക്?’ കുർ​ഫെ​രാ​ക് ചോ​ദി​ച്ചു.

‘ഹേ, അതു ഞാൻ മറ​ന്നു.’

ഹോ​ട്ട​ലു​ട​മ​സ്ഥൻ കണ​ക്കു കൊ​ടു​ത്തു; അതു് ആ നി​ന്ന​നി​ല്പിൽ കൊ​ടു​ത്തു തീർ​ക്ക​ണം. അതു് എഴു​പ​തു ഫ്രാ​ങ്കോ​ള​മാ​യി.

‘എന്റെ കൈയിൽ ഇനി പത്തു ഫ്രാ​ങ്ക് ബാ​ക്കി​യു​ണ്ടു്.’

‘മണ്ണാ​ങ്ക​ട്ട,’ കുർ​ഫെ​രാ​ക് ഉച്ച​ത്തിൽ പറ​ഞ്ഞു. ഇം​ഗ്ലീ​ഷ് പഠി​ക്കു​ന്ന​തോ​ടു​കൂ​ടി നി​ങ്ങൾ അഞ്ചു ഫ്രാ​ങ്ക് തി​ന്നു​ക​ഴി​ക്കും; ജർമൻ പഠി​ക്കു​മ്പോൾ ബാ​ക്കി അഞ്ചും. അതു​ത​ന്നെ ഒരു ഭാഷ കുറേ വേ​ഗ​ത്തിൽ വി​ഴു​ങ്ങ​ലാ​ണു്; അല്ലെ​ങ്കിൽ, അമ്പ​തു​സൂ നന്നെ പതു​ക്കെ.’

ഈയി​ട​യ്ക്ക് ആക​പ്പാ​ടെ ചു​ഴി​ഞ്ഞു​നോ​ക്കി​യാൽ, ബു​ദ്ധി​മു​ട്ടിൽ​പ്പെ​ട്ട​വ​രോ​ടു് അനു​ക​മ്പ​യു​ള്ള​വ​ളായ മദാം ഗിൽ​നോർ​മാൻ ഒടു​വിൽ മരി​യു​സ്സി​ന്റെ വാ​സ​സ്ഥ​ലം കണ്ടു​പി​ടി​ച്ചു.

ഒരു ദിവസം രാ​വി​ലെ, നി​യ​മ​വി​ദ്യാ​ല​യ​ത്തിൽ​നി​ന്നും മട​ങ്ങി​വ​ന്ന​പ്പോൾ അയാൾ തന്റെ വലി​യ​മ്മ​യു​ടെ ഒരു കത്തും അറു​പ​തു പിസ്റ്റളും-​എന്നുവെച്ചാൽ ഒരു മു​ദ്ര​വെ​ക്ക​പ്പെ​ട്ട പെ​ട്ടി​ക്കു​ള്ളിൽ അറു​നൂ​റു ഫ്രാ​ങ്കി​ന്റെ സ്വർണനാണ്യം-​കാത്തിരിക്കുന്നതായി കണ്ടു.

മരി​യു​സു് അതിൽ മു​പ്പ​തു ലൂയി അങ്ങോ​ട്ടു​ത​ന്നെ തി​രി​ച്ച​യ​ച്ചു; കൂടെ ബഹു​മാ​ന​സൂ​ച​ക​മായ ഒരു കത്തും; അതിൽ അയാൾ​ക്കി​പ്പോൾ കഴി​ഞ്ഞു​കൂ​ടാൻ വക​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും മേലാൽ ആവ​ശ്യ​ങ്ങൾ​ക്കെ​ല്ലാം കൈ​യിൽ​നി​ന്നു​ത​ന്നെ എടു​ക്കാ​നു​ണ്ടാ​വു​മെ​ന്നും എഴു​തി​യി​രു​ന്നു. അസ്സ​മ​യ​ത്തു് അയാ​ളു​ടെ പക്കൽ മൂ​ന്നു ഫ്രാ​ങ്ക് ബാ​ക്കി​യു​ണ്ടു്.

ഈ മട​ക്കി​യ​യ​യ്ക്ക​ലി​നെ​പ്പ​റ്റി വലി​യ​മ്മ മു​ത്ത​ച്ഛ​നെ ഒന്നും അറി​യി​ച്ചി​ല്ല; അദ്ദേ​ഹം ശു​ണ്ഠി​യെ​ടു​ത്തെ​ങ്കി​ലോ എന്നു ഭയ​പ്പെ​ട്ടു. എന്ന​ല്ല, അദ്ദേ​ഹം പറ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു​വ​ല്ലോ, ‘ആ ചോ​ര​കു​ടി​യ​ന്റെ പേർ ഇനി ഞാൻ ഒരി​ക്ക​ലും കേൾ​ക്കാ​തി​രി​ക്ക​ട്ടെ!’ എന്നു്.

മരി​യു​സു് ആ സാ​ങ്ഴാ​ക്കി​ലെ ഹോ​ട്ട​ലിൽ​നി​ന്നു വി​ട്ടു. അവിടെ കട​ത്തിൽ​പ്പെ​ടു​വാൻ അയാൾ​ക്കി​ഷ്ട​മി​ല്ലാ​യി​രു​ന്നു.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.