‘നിശ്ചയമായും രാഷ്ട്രീയഭിപ്രായങ്ങളെ ഞാൻ ശരിവെക്കുന്നു’ എന്നു മൊസ്സ്യു മബെ മരിയുസ്സോടു പറഞ്ഞ ദിവസം മനസ്സിന്റെ യഥാർഥസ്ഥിതിതന്നെയാണു് അയാൾ പ്രസ്താവിച്ചതു്. എല്ലാ രാഷ്ട്രീയാഭിപ്രായങ്ങളും അയാൾക്കു ചില ഉദാസീനവസ്തുക്കളാണു്, വ്യത്യാസമൊന്നും കൂടാതെ സകലത്തെയും അയാൾ ശരിവെച്ചു- ഒന്നുമാത്രം അയാൾക്കപകടമൊന്നും അതുകൊണ്ടു വരരുത്- എന്നുവെച്ചാൽ, ഗ്രീസ്സുകാർ റോംകാരുടെ മൂർഖദേവതകളെ ‘സൗന്ദര്യവും സൗഭാഗ്യവും സൗശീല്യവുമുള്ള’ നല്ലവർ എന്നു നാമകരണം ചെയ്തിട്ടുള്ളതുപോലെ, ചെടികളെക്കുറിച്ചും എല്ലാറ്റിനും മീതെ പുസ്തകങ്ങളെക്കുറിച്ചുമുള്ള ഒരതിപ്രതിപത്തിയിലൊതുങ്ങി. മൊസ്സ്യു മബെയുടെ രാഷ്ട്രീയാഭിപ്രായം. ലോകത്തിലുള്ള മറ്റെല്ലാവരേയുംപോലെ അയാളും ഒരു കക്ഷിയാണു്. അതില്ലാതെ അക്കാലത്തു് ആർക്കും കഴിഞ്ഞു കൂടാൻ വയ്യ; പക്ഷേ, അയാൾ രാജകക്ഷിയും ബെനാപ്പാർത്തു് കക്ഷിയും അവകാശപത്ര കക്ഷിയും അരാചക കക്ഷിയും ഒന്നുമല്ല; അയാൾ ഗ്രന്ഥ കക്ഷിയായിരുന്നു-പഴയ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നാൾ. ആളുകൾ ലോകത്തിൽ തങ്ങൾക്കു നോക്കിക്കാണുവാൻ എല്ലാത്തരം പൂപ്പൽകളും പുല്ലുകളും ചെടികളും മറിച്ചുനോക്കുവാൻ കൂട്ടംകൂട്ടമായി പഴയ ഗ്രന്ഥവരികളും ഉണ്ടായിരിക്കെ, അവകാശപത്രം, പ്രജാധിപത്യം, രാജവാഴ്ച, പ്രാതിനിധ്യഭരണം,അതു് ഇതു് എന്നീ ഓരോ നിസ്സാരവസ്തുക്കളെപ്പിടിച്ച് എന്തിനാണു് തമ്മിൽത്തല്ലി കാലം കഴിക്കുന്നതെന്നു് അയാൾക്കാലോചിച്ചിട്ടു് കിട്ടിയിട്ടില്ല. അയാൾ ഒരുപയോഗശൂന്യവസ്തുവായിത്തീരാതിരിപ്പാൻ നന്നെ ശ്രമിക്കുന്നുണ്ടു്; പുസ്തകമുണ്ടെന്നുള്ളതു് അയാളുടെ വായനയെ തടഞ്ഞില്ല; സസ്യശാസ്ത്രജ്ഞനാണെന്നുള്ളതു് ഒരു തോട്ടക്കാരനാവുന്നതിലും അയാളെ തടഞ്ഞില്ല. പൊങ്ങ്മേർസിയുമായി പരിചയപ്പെടുന്ന കാലത്ത്- ഇങ്ങനെയൊരു യോജിപ്പു് കേർണലും അയാളുമായിട്ടുണ്ടായിരുന്നു- പൂക്കൾക്കുവേണ്ടി കേർണൽ എന്തു് ചെയ്തിരുന്നുവെന്നോ അതു കായകൾക്കുവേണ്ടി അയാളും ചെയ്തിരുന്നു. കരുവേപ്പിനെന്നപോലെ ‘സബർജൽ’ മരത്തിനു തൈയുണ്ടാക്കാൻ അയാൾക്കു സാധിച്ചിട്ടുണ്ടു്; അയാളുടെ ശ്രമത്തിന്റെ ഫലമാണു് വേനൽ ‘മിരബെൽ’ ച്ചെടിയിൽനിന്നും ഒട്ടും കുറയാതെ വാസനയുള്ളതും ഇപ്പോൾ പേരുകേട്ടുകഴിഞ്ഞതുമായ ഒക്റ്റോബർ ‘മിരബെൽ’ച്ചെടി. ഭക്തിയെക്കാളധികം മര്യാദകൊണ്ടാണു് അയാൾ കുർബ്ബാനയ്ക്കു പോയിരുന്നതു്; അയാൾക്കു മനുഷ്യരുടെ മുഖം നോക്കിക്കാണുന്നതു് ഇഷ്ടവും ഒച്ച കേൾക്കുന്നതു് അനിഷ്ടവുമായിരുന്നു; എന്നാൽ പള്ളിയിൽ മാത്രമേ അവർ ഒന്നിച്ചുകൂടുകയും ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്നതായി അയാൾ കണ്ടുള്ളൂ. രാജ്യത്തു് എന്തെങ്കിലും ഒരേർപ്പാടിൽ താനും ഉൾപ്പെട്ടിരിക്കണമെന്നുവെച്ച് അയാൾ കാവല്ക്കാരന്റെ ഉദ്യോഗമെടുത്തു. ഏതായാലും ഒരു പൂവരശിന്റെ മൊട്ടിനോളം ഒരു സ്ത്രീയെ സ്നേഹിക്കാൻ അയാളെക്കൊണ്ടു സാധിച്ചിട്ടില്ല; ഭംഗിയിൽക്കെട്ടിയ ഒരു പുസ്തകത്തോളം ഒരു പുരുഷനേയും, അയാൾക്കു ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടു കുറെ കൊല്ലങ്ങളായി; ഒരു ദിവസം ആരോ അയാളോടു ചോദിച്ചു: ‘നിങ്ങൾ വിവാഹം ചെയ്കയുണ്ടായിട്ടില്ലേ?’ ‘ഞാൻ മറന്നു,’ ഇതായിരുന്നു ഉത്തരം. ചിലപ്പോൾ അയാളും, ‘ഹേ! ഞാൻ ധനവാനായിരുന്നുവെങ്കിൽ!’ എന്നു ചോദിച്ചു എന്നു വരും- ആരാണു് അതു ചെയ്തിട്ടില്ലാത്തതു്? എന്നാൽ അതു, മൊസ്സ്യു ഗിൽനോർമാനെപ്പോലെ, ഒരു ചന്തമുള്ള പെൺകുട്ടിയെ കടാക്ഷിക്കുമ്പോഴല്ല; ഒരു പഴയ പുസ്തകത്തെപ്പറ്റി വിചാരിക്കുമ്പോഴാണു്. ഒരു പ്രായംചെന്ന വീട്ടുവിചാരിപ്പുകാരിയോടുകൂടി അയാൾ തനിച്ചു താമസിച്ചുപോന്നു അയാൾക്ക് അല്പം വാതരോഗമുണ്ടു്. ഉറക്കത്തിൽ, വാതം കൊണ്ടു വെറുങ്ങലിച്ച അയാളുടെ പ്രായംചെന്ന വിരലുകൾ പുതപ്പിന്റെ മടക്കുകൾക്കിടയിൽ വലിഞ്ഞുംകൊണ്ടു കിടക്കും. അയാൾ ഒരു സസ്യശാസ്ത്രഗ്രന്ഥമെഴുതി വലിയ ചിത്രങ്ങളോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു; അതിനെപ്പറ്റി അളുകൾക്കു് സാമാന്യം ബഹുമാനമുണ്ടു്; അതു ധാരാളം വിറ്റിരുന്നുതാനും. ആ പുസ്തകം ചോദിച്ചു ദിവസത്തിൽ രണ്ടും മൂന്നും തവണ ദ്യു മെസിയേറിൽ അയാളുടെ വീട്ടുവാതില്ക്കൽ വന്നു മുട്ടും. ആ പുസ്തകത്തിൽനിന്നു് കൊല്ലത്തിൽ രണ്ടായിരം ഫ്രാങ്ക് കിട്ടിയിരുന്നു; ഏതാണ്ടു് ഇതായിരുന്നു അയാളുടെ സ്വത്തു്. ദരിദ്രനാണെങ്കിലും ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും കാലക്രമേണ എല്ലാതരത്തിലുള്ള അനവധി അപൂർവഗ്രന്ഥങ്ങൾ ശേഖരിച്ചുവെക്കാൻ അയാൾക്കു ത്രാണിയുണ്ടായി. കൈയിൽ ഒരു പുസ്തകമില്ലാതെ ഒരു സമയത്തും അയാൾ പുറത്തേക്കിറങ്ങിയിട്ടില്ല. പലപ്പോഴും രണ്ടെണ്ണവുംകൊണ്ടു് തിരിച്ചുവരും. അയാൾ ഉപയോഗിച്ചുപോരുന്ന താഴത്തെ നിലയിലെ നാലു മുറികളിൽ ആകപ്പാടെ അലങ്കാരമായി കൂടിട്ട ശുഷ്കസസ്യശേഖരങ്ങളും പുരാതനചിത്രകാരന്മാരുടെ കൊത്തുപണികളും മാത്രമാണുള്ളതു്. ഒരു വാളോ ഒരു തോക്കോ കണ്ടാൽ ആ മനുഷ്യൻ സ്തംഭിച്ചു. ഒരു പീരങ്കിയുടെ അടുക്കലേക്കു, സൂക്ഷിപ്പുസ്ഥലത്തേക്കായാലും ശരി, അയാൾ ആയുസ്സിനുള്ളിൽ പോയിട്ടില്ല. അയാൾക്ക് ഒരു കൊള്ളാവുന്ന കുമ്പയും, മതാചാര്യനായ ഒരു സോദരനും, തികച്ചും വെളുത്ത തലമുടിയും, വായിലോ മനസ്സിലോ ഒരൊറ്റപ്പല്ലില്ലായ്കയും കൈയിനും കാലിനും ഒരു വിറയും, ഒരു നാടൻ ഉച്ചാരണവും, ഒരു പിഞ്ചുകുട്ടിയുടെ ചിരിയും, ഒരു മുത്തനാടിന്റെ മട്ടും ഉണ്ടായിരുന്നു; അയാൾ എളുപ്പത്തിൽ പേടിക്കും. ഇതോടുകൂടി, പോർത്ത്- സാങ്ങ്-ഴാക്ക് എന്ന പ്രദേശത്തു രൊയൽ എന്നു പേരായ ഒരു കിഴവൻ പുസ്തക വ്യാപാരിയൊഴിച്ചു് ഒരു സ്നേഹിതനോ, ജീവിച്ചിരിപ്പുള്ളവരിൽ ഏതെങ്കിലും ഒരുവനുമായി പരിചയമോ അയാൾക്കില്ലെന്നുംകൂടിയിട്ടുണ്ടു് അമരിച്ചെടി ഫ്രാൻസിൽ നടപ്പാക്കാണമെന്നാണു് അയാളുടെ മനോരാജ്യം.
അയാളുടെ വേലക്കാരിയും ഒരുതരം സാധുവാണു്. ആ പാവമായ മുത്തശ്ശിയമ്മ വിവാഹം ചെയ്തിട്ടില്ല. സുൽത്താൽ എന്നു പേരായി, സിസ്റ്റെൻ ചെറുപള്ളിയിൽ [1] വെച്ച് അല്ലെങ്ങിയുടെ [2] മൂളിപ്പാട്ടു് പാടിയേയ്ക്കാവുന്ന ഒരു സ്വന്തം പൂച്ചയെ ധാരാളം മതിയായിരുന്നു. ഒരു മനുഷ്യനിലോളം ദൂരത്തേക്ക് ഒരിക്കലും അവളുടെ മനോരാജ്യം എത്തിയിട്ടില്ല. തന്റെ പൂച്ചയിൽനിന്നു് അപ്പുറത്തേക്കു കടക്കാൻ അവളെക്കൊണ്ടു കഴിഞ്ഞിട്ടില്ല. അയാളെപ്പോലെ അവൾക്കും ഒരു മേൽമീശയുണ്ടു് അവളുടെ അന്തസ്സു മുഴുവൻ നില്ക്കുന്നതു് തൊപ്പിയിലാണു്; അതു് എപ്പോഴും വെളുത്തിരിക്കും ഞായറാഴ്ച ദിവസം കുർബ്ബാന കഴിഞ്ഞാൽപ്പിന്നെ, അവൾ സമയം പോക്കുക പെട്ടിയിലുള്ള വസ്ത്രങ്ങൾ എണ്ണിനോക്കിയിട്ടും താൻ മേടിച്ചതും ഒരിക്കലും തുന്നിക്കഴിയാത്തതുമായ ഉടുപ്പുതുണി കിടക്കയിൽ വിരിച്ചിട്ടിട്ടുമാണു് അവൾക്കു വായിക്കാനറിയാം. മൊസ്സ്യു മബെ അവൾക്കു മദർ പ്ളുതാർക് എന്നൊരു ശകാരപ്പേരിട്ടിരുന്നു.
മൊസ്സ്യു മബെയ്ക്കു മരിയുസ്സിന്റെമേൽ ഒരിഷ്ടം തോന്നി, എന്തുകൊണ്ടെന്നാൽ, മരിയുസു് ചെറുപ്പക്കാരനും സൗമ്യശീലനുമായതുകൊണ്ടു് അയാൾ മൊസ്സ്യു മബെയുടെ നാണംകുണുങ്ങിമട്ടിനെ കുലുക്കിമറിക്കാതെ ആ വയസ്സനു് ഒരുന്മേഷമുണ്ടാക്കി. യൗവനം സൗമ്യശീലത്തോടുകൂടിയാൽ, പ്രായംചെന്നവർക്ക് കാറ്റോടുകൂടാത്ത വെയിലിന്റെ ഒരു സുഖം കൊടുക്കുന്നു. യുദ്ധസംബന്ധിയായ മേന്മയും വെടിമരുന്നും സൈന്യയാത്രകളും പിൻതിരിയലുകളും അച്ഛൻ വാങ്ങിയിട്ടുള്ളതും തിരിച്ചുകൊടുത്തിട്ടുള്ളതുമായ അത്തരം കൊടുംവെട്ടുകളോടുകൂടിയ ആ കൂറ്റൻ യുദ്ധങ്ങളും മനസ്സിൽ നിറഞ്ഞുവഴിഞ്ഞാൽ മരിയൂസു് ആ മൊസ്സ്യൂ മബെ കാണാൻ ചെല്ലും; മൊസ്സ്യു മബെയാവട്ടെ, തന്റെ ആരാധനാമൂർത്തിയെപ്പറ്റി, അദ്ദേഹം പുഷ്പങ്ങളുണ്ടാക്കിയിരുന്നതിനെ മുൻനിർത്തി, സംസാരിക്കും
അയാളുടെ സഹോദരനായ മതാചാര്യൻ ഏതാണ്ടു് 1830-ൽ മരിച്ചു; ഉത്തരക്ഷണത്തിൽത്തന്നെ, സന്ധ്യയായാലത്തെ മാതിരി, മൊസ്സ്യു മബെയ്ക്ക് ആകാശാന്തമെങ്ങും ഇരുട്ടടഞ്ഞു. ഒരാധാരമെഴുത്തുകാരന്റെ കൈത്തെറ്റുകൊണ്ടു് അയാൾക്കു പതിനായിരം ഫ്രാങ്ക് നഷ്ടം വന്നു; സഹോദരന്റെയും തന്റേയും അവകാശവഴിയ്ക്ക് അതേ ആകപ്പാടെ അയാൾക്കുണ്ടായിരുന്നുള്ളൂ. ജൂലായി വിപ്ലവം പുസ്തക പ്രസിദ്ധീകരണത്തിനു ഗുണമില്ലാതാക്കി. ക്ഷോഭസമയത്തു സസ്യവർണന ഗ്രന്ഥമാണു് ഒന്നാമതായി ആരും മേടിക്കാതാവുന്നതു്. മബെയുടെ പുസ്തകം വില്ക്കാതായി. പല ആഴ്ചകൾ കഴിഞ്ഞു, പുസ്തകം വാങ്ങാൻ ഒരാളില്ല. ചിലപ്പോൾ മൊസ്സ്യു മബെ പുറത്തെ വാതില്ക്കലെ മുട്ടു കേട്ടു പരിഭ്രമിക്കും മദർ പ്ളുതാർക് വ്യസനത്തോടുകൂടി പറയും, ‘മൊസ്സ്യു, അതു വെള്ളം കൊണ്ടുവരുന്നവനാണു്.’ ചുരുക്കിപ്പറഞ്ഞാൽ മൊസ്സ്യു മബെ ഒരു ദിവസം റ്യു മെസിയെൻ പ്രദേശം വിട്ടു, കാവല്ക്കാരന്റെ പണി രാജിവെച്ചു, പുസ്തകങ്ങളിലല്ല ചിത്രങ്ങളിൽ ഒരു ഭാഗം- അയാൾക്കു ഏറ്റവും പ്രതിപത്തി കുറഞ്ഞ സാധനം-വിറ്റു, ദ്യു മൊങ്ങ് പർനാസ്സു് എന്ന ദിക്കിൽ ചെന്നു താമസമാക്കി; ഏതായാലും അവിടെ രണ്ടുമൂന്നു മാസമേ താമസിച്ചുള്ളൂ; അതിനു രണ്ടു കാരണമുണ്ടു്; ഒന്നാമതു്, താഴത്തെ നിലയ്ക്കും തോട്ടത്തിനുംകൂടി മുന്നൂറു ഫ്രാങ്ക് വാടകയുണ്ടായിരുന്നു; വാടകയ്ക്കായി ഇരുനൂറു് ഫ്രാങ്കിലധികം ചെലവിടാൻ അയാൾ ധൈര്യപ്പെട്ടില്ല; രണ്ടാമതു്, ആ സ്ഥലം ഫതുവിന്റെ വെടിസ്ഥലത്തിനടുത്തായതുകൊണ്ടു് അവിടെ വെടിയുടെ ശബ്ദം കേൾക്കും; അതയാൾക്ക് അസഹ്യമാണു്.
അയാൾ തന്റെ കൃതിയും ശുഷ്കസസ്യശേഖരങ്ങളും ഗ്രന്ഥങ്ങളും പുസ്തകങ്ങളും എല്ലാം എടുത്തു സാൽപെത്രിയേർക്കടുത്തു് ഓസ്തെർലിത്സു് ഗ്രാമത്തിൽ ഒരുതരം ഓലമേഞ്ഞ വീട്ടിൽ താമസമുറപ്പിച്ചു; അവിടെ കൊല്ലത്തിൽ അമ്പതു് ക്രൗണിനു [3] മൂന്നു മുറിയും ഒരു കിണറുമുള്ള വേലിക്കകം തോട്ടവും കിട്ടി. ഈ താമസമാറ്റത്തോടുകൂടി വീട്ടുസാമാങ്ങൾ ഒട്ടുമുക്കാലും വില്ക്കാൻ തരംവന്നു. പുതുഭവനത്തിൽ താമസമാക്കിയ ദിവസം അയാൾക്കു വലിയ ഉന്മേഷമായിരുന്നു; തന്റെ ചിത്രപടങ്ങളും കൂടിട്ട ശുഷ്കസസ്യശേഖരങ്ങളും തൂക്കുവാൻ അയാൾ തന്റെ കൈകൊണ്ടുതന്നെ ആണി തറച്ചു; ബാക്കി പകൽസ്സമയം മുഴുവനും തോട്ടത്തിൽ കിളച്ചു; രാത്രി മാർ പ്ളുതാർക് ഒരു കുണ്ഠിതത്തോടുകൂടി ആലോചനയിൽ മുങ്ങിയിരിക്കുന്നതു് കണ്ടു് അവളുടെ ചുമലിൽ കൈവച്ച് അയാൾ ഒരു പുഞ്ചിരിയിട്ടു പറഞ്ഞു: ‘നമുക്ക് അമരിയായി.’
ഓസ്തെർലിത്സിലെ ഓലമേഞ്ഞ വീട്ടിൽ അയാൾ പൊർത്തസാങ്ങ്-ഴാക്കിലെ പുസ്തകവ്യാപാരിയേയും മരിയുസ്സിനേയും മാത്രമേ കാണാൻ സമ്മതിച്ചിരുന്നുള്ളു-വാസ്തവം പറഞ്ഞാൽ ആ ഓസ്തെർലിത്സു് എന്ന തകരാറുപിടിച്ച പേരു് അയാൾക്ക് ഒട്ടും രസിച്ചിരുന്നില്ല.
ഏതായാലും, ഞങ്ങൾ മുൻപു സൂചിപ്പിച്ചതുപോലെ ഒരു കഷ്ണം ജ്ഞാനത്തിലോ കഥയില്ലായ്മയിലോ, അല്ലെങ്കിൽ പലപ്പോഴും കാണുന്നതുപോലെ ഒരേ സമയത്തു രണ്ടിലും കൂടിയോ മുഴുകിയിരിക്കുന്ന തലച്ചോറുകൾ ലൗകികസംഗതികളിലേക്കു വളരെ പതുക്കെയേ കടക്കാറുള്ളൂ. സ്വന്തം കർമഫലംതന്നെ അവർക്കു വളരെ ദൂരപ്പെട്ട ഒന്നാണു്. ബുദ്ധിയുടെ അത്തരം ഏകാഗ്രതയിൽ ഒരൗദാസീന്യം പുറപ്പെടുന്നു; അതു് ആലോചനയുടെ ഫലമായിരുന്നുവെങ്കിൽ തത്ത്വജ്ഞാനത്തോടൊത്തേനേ, മോശമാവുന്നു, കീഴ്പോട്ടിടിയുന്നു, ചോർന്നുപോവുന്നു, ഉതിർന്നുപോകുകകൂടി ചെയ്യുന്നു. എന്തായാലും അയാൾ അതറിയുന്നില്ല. അതെപ്പോഴും ഒരുണർവിൽ ചെന്നവസാനിക്കുന്നു, വാസ്തവം തന്നെ; പക്ഷേ, ആ ഉണർവു് മന്ദഗതിക്കാരനാണു്. ആയിടയ്ക്കു നമ്മുടെ സുഖവും നമ്മുടെ ദുഃഖവുമായി നടക്കുന്ന ചൂതുകളിൽ നാം ഉദാസീനരായി നിന്നു എന്നു് തോന്നിപ്പോവും, പണയം നമ്മളാണു്; എന്നിട്ടും കളി നമ്മൾ ഉദാസീനമായി നോക്കുന്നു.
ഇങ്ങനെയാണു്, മൊസ്സ്യു മബെ തന്റെ ചുറ്റും വന്നടിഞ്ഞ മേഘപടലത്തിനിടയിൽ തന്റെ എല്ലാ ആഗ്രഹങ്ങളും ഒന്നൊന്നായി നശിച്ചുപോയിട്ടും കൂട്ടാക്കാതെ തികച്ചും ഗൗരവത്തോടുകൂടി നിന്നുപോന്നതു്. അയാളുടെ മനോവൃത്തികൾക്ക് ഒരു ഘടികാരക്കട്ടിയുടെ ആട്ടക്രമമുണ്ടു്. ഒരു കമ്പത്തിന്മേൽ കയറിയാൽപ്പിന്നെ, ആ കമ്പം പൊയ്ക്കഴിഞ്ഞാലും വളരെക്കാലത്തേക്ക് അയാൾ ആ നിലയ്ക്കേ ആടും. താക്കോൽ കൊടുത്തു കഴിഞ്ഞു എന്നുവെച്ചു നാഴികമണി ആ ക്ഷണത്തിൽത്തന്നെ നിന്നുകൊള്ളണമെന്നില്ല.
മൊസ്സ്യു മബെയ്ക്കു ചില നിരുപദ്രവങ്ങളായ വിനോദങ്ങളുമുണ്ടു്. ഈ വിനോദങ്ങൾ ചെലവില്ലാത്തവയും തീരേ ആലോചിച്ചിരിക്കാത്തവയുമാണു്. ഒരു ദിവസം മദർ പ്ളുതാർക് മുറിയുടെ ഒരു മൂലയ്ക്കിരുന്നു് ഒരു കെട്ടുകഥ വായിക്കുകയാണു് കാര്യം മനസ്സിലാവാൻ അധികം നന്നെന്നുവെച്ച് അവൾ ഉറക്കെ വായിക്കുന്നുണ്ടു് ഉറക്കെയുള്ള വായന എന്താണു് വായിക്കുന്നതെന്നുള്ളതിനെ സ്വയം ഉറപ്പിക്കലാണു് അത്യുച്ചത്തിൽ വായിക്കുന്ന ചിലരുണ്ടു്; അവർ വായിച്ചു മനസ്സിലാക്കുന്നതു് ഇന്നതാണെന്നു് സ്വയം സത്യം ചെയ്യുകയാണെന്നു തോന്നും.
ഇത്തരം ശ്രമത്തോടുകൂടിയാണു് മദർ പ്ളുതാർക് തന്റെ കൈയിലുള്ള കഥാഗ്രന്ഥം വായിച്ചിരുന്നതു്. വായിക്കുന്നതിൽ ചെവി കൊടുക്കാതെ മൊസ്സ്യുമബെ അവളുടെ വായന കേട്ടു.
വായനയ്ക്കിടയിൽ മദർ പ്ളുതാർക് ഇങ്ങനെയൊരു വാക്യമധ്യത്തിലെത്തി. കുതിരപ്പട്ടാളത്തിലെ ഒരു മേലുദ്യോഗസ്ഥനേയും ഒരു സുന്ദരിയേയും സംബന്ധിച്ച ഒന്നാണു് വിഷയം.
‘-സുന്ദരി (ബ്യൂട്ടി) ചുണ്ടു പിളുത്തി; കുതിരപ്പടയാളി (ഡ്രാഗൂൺ)-’ ഈ ഘട്ടത്തിൽ അവൾ കണ്ണടച്ചില്ലു തുടയ്ക്കുവാൻ വായന നിർത്തി. ‘ബുദ്ധനും പൊട്ടിപ്പിശാചും,’ മബെ ഒരു താന്ന സ്വരത്തിൽ തിരക്കിക്കൂട്ടി പറഞ്ഞു, ‘അതേ, വാസ്തവത്തിൽ ഒരു പൊട്ടിപ്പിശാചുണ്ടായിരുന്നു; അതു ഗുഹയുടെ ഉള്ളിൽനിന്നു് ആമാശയത്തിലൂടെ തീജ്വാലവമിച്ച് ആകാശം മുഴുവനും കത്തിച്ചു. ഈ പിശാചു പല നക്ഷത്രങ്ങളേയും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; പോരാത്തതിനു നരിയുടെ നഖങ്ങളും അതിന്നുണ്ടു്. ബുദ്ധൻ ആ ചെകുത്താന്റെ ഗുഹയിലേക്കു ചെന്നു; ആ പിശാചിനെ ‘മാർഗംകൂട്ടി.’ മദർ പ്ളുകാർക്, നിങ്ങൾ വായിക്കുന്ന പുസ്തകം തരക്കേടില്ല. ഇതിലധികം നല്ല ഇതിഹാസം ഭൂമിയിലില്ല.’ മൊസ്സ്യു മബെ ഒരു പരമാനന്ദമയമായ മനോരാജ്യത്തിൽ മുഴുകി.
[1] പോപ്പിന്റെ അരമനയിൽ സിറ്റെൻ എന്ന പോപ്പു് പണിചെയ്തിട്ടുള്ളതും പിന്നീടു് മൈക്കൽ ഏൻജൊലൊവും മറ്റുകൂടി ചിത്രപടങ്ങളെക്കൊണ്ടു ഭംഗിയിൽ അലങ്കരിച്ചിട്ടുള്ളതുമായ ഒരു സുപ്രസിദ്ധ പള്ളി.
[2] ഗ്രിഗെറിയൊ അല്ലെഗ്രി- ഒരു ഇല്ലാറ്റിയൻ ഗ്രന്ഥകർത്താവ്.
[3] രണ്ടര ഉറുപ്പികയ്ക്കുള്ള ഒരു നാണ്യം.