മഞോ നോക്കാൻ പറഞ്ഞയച്ചുച്ചെന്നു റ്യു പ്ലുമെ ഭവനത്തിൽ പാർക്കുന്നതാരാണെന്നു പടിവാതിലിലൂടെ നോക്കിയറിഞ്ഞ എപ്പോനൈൻ ആ ഘാതുകന്മാരെ അങ്ങോട്ടയയ്ക്കാതെ കഴിച്ചുകൂട്ടുകയും, പിന്നെ മരിയുസ്സിനെ അവിടെ കൊണ്ടു പോയാക്കുകയും, അങ്ങനെ മരിയുസ് ആ വീട്ടുപടിക്കൽ വളരെ ദിവസം ആനന്ദ മൂർച്ഛയിലായി ചെലവഴിച്ചതിനുശേഷം, കാന്തത്തിലേക്ക് ഇരിമ്പിനെയും സ്വന്തം കാമിനിയുടെ വീടു നിർമ്മിച്ച കല്ലുകളിലേയ്ക്കു കാമുകനെയും ആകർഷിക്കുന്ന ആ ശക്തിയാൽ ആകൃഷ്ടനായിട്ടു കൊസെത്തിന്റെ പൂന്തോട്ടത്തിലേക്കു, ജൂലിയറ്റിന്റെ പൂന്തോട്ടത്തിലേക്കു റോമിയോ എന്നവിധം [1] കടന്നുകൂടുകയും ചെയ്ത വിവരം വായനക്കാർ പക്ഷേ, അറിഞ്ഞിരിക്കും. മരിയുസ്സിനു റൊമിയോവിനെക്കാളധികം എളുപ്പത്തിൽ കാര്യം സാധിച്ചു; റോമിയോവിന് ഒരു മതിൽ കയറിക്കടക്കേണ്ടിവന്നു; മരിയുസ്സിനാകട്ടെ, വൃദ്ധന്മാരുടെ പല്ലുകൾപോലെ, തുരുമ്പുപിടിച്ച കുഴിപ്പഴുതിൽ ചാഞ്ചാടിയിരുന്നു പഴയ പടിയുടെ ഒരഴിയിന്മേൽ അല്പം ബലം പ്രയോഗിക്കുക മാത്രമേ വേണ്ടിവന്നുള്ളു. മരിയുസ് കൃശനാണ്; പ്രയാസം കൂടാതെ അകത്തേക്കു കടന്നു.
തെരുവിൽ ആരും ഒരിക്കലും ഇല്ലാതിരുന്നതുകൊണ്ടും, രാത്രിയിലല്ലാതെ മരിയുസ് തോട്ടത്തിൽ കടക്കുകയുണ്ടായിട്ടില്ലാത്തതുകൊണ്ടും, അയാളെ ആരും കാണാതെ കഴിഞ്ഞു.
ഈ രണ്ടാത്മക്കളുടെ വിവാഹനിശ്ചയം ചെയ്ത ആ ഒരു ചുംബനത്തിന്റെ അനുഗൃഹീതവും പരിശുദ്ധവുമായ ജനനമുഹൂർത്തം മുതൽ മരിയുസ് എല്ലാ ദിവസവും വൈകുന്നേരം അവിടെ ഹാജർ കൊടുത്തു. കൊസെത്തിന്റെ ആ പ്രായത്തിൽ അവൾ അല്പമെങ്കിലും വികൃതിയോ വ്യഭിചാരിയോ ആയ ഒരാളിലാണ് ഹൃദയാർപ്പണം ചെയ്തിരുന്നതെങ്കിൽ, അവളുടെ കഥ തീർന്നേനേ; ക്ഷണത്തിൽ വശംവദമായിത്തീരുന്ന ചില പ്രകൃതിയുണ്ട്; കൊസെത്ത് അത്തരക്കാരിയായിരുന്നു. സ്ത്രീയുടെ മാഹാത്മ്യങ്ങളിൽ ഒന്നു വശംവദയാകലാണ്. കേവലത്വത്തിൽ എത്തുന്ന ആ ഉയർന്ന നിലയിൽ അനുരാഗം വിനയത്തിന്റെ എന്തോ അനിർവാച്യമായ ഒരു ദിവ്യാന്ധത്വവുമായി കെട്ടുപിണയുന്നു. പക്ഷേ, അല്ലയോ ഉത്കൃഷ്ടാത്മാക്കളേ, നിങ്ങൾ എന്താപത്തിൽപ്പെടുന്നു! പലപ്പോഴും നിങ്ങൾ ഹൃദയത്തെ ദാനം ചെയ്യുന്നു; ഞങ്ങൾ ദേഹത്തെ കൈയിലാക്കുന്നു. നിങ്ങളുടെ ഹൃദയം നിങ്ങളിൽത്തന്നെ നില്ക്കുന്നു; അന്ധകാരത്തിൽ നിങ്ങൾ അതിനെ ഒരു വിറയോടുകൂടി നോക്കുന്നു. അനുരാഗം ഒന്നുകിൽ നശിപ്പിക്കും; അല്ലെങ്കിൽ രക്ഷിക്കും; നടുവിലൂടെ അതിനു സഞ്ചാരമില്ല. എല്ലാ മാനുഷയോഗവും ഈ വിഷമസ്ഥിതിയിലാണ്. അനുരാഗത്തെക്കാളധികം നിഷ്ഠുരമായ വിധത്തിൽ ഈ വിഷമസ്ഥിതിയെ—നാശം അല്ലെങ്കിൽ രക്ഷ എന്ന നിലയെ—മറ്റൊരു ഗ്രഹപ്പിഴയും ഉണ്ടാക്കിത്തീർക്കുന്നില്ല. അനുരാഗം ജീവിതമാണ്, മരണമല്ലെങ്കിൽ. തൊട്ടിൽ; ശവമഞ്ചവും. ഒരേ വികാരം മനുഷ്യഹൃദയത്തിലിരുന്നു പറയുന്നു: ‘ഉവ്വ്’, ‘ഇല്ല’ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ള സകലത്തിലുംവെച്ചു മനുഷ്യഹൃദയം എന്ന ആ ഒന്നാണ് ഏറ്റവുമധികം വെളിച്ചം പുറപ്പെടുവിക്കുന്നത്—കഷ്ടം! ഏറ്റവുമധികം ഇരുട്ടും.
കൊസെത്ത് രക്ഷാകരങ്ങളായ അനുരാഗങ്ങളിൽ ഒന്നിനോട് എത്തിമുട്ടണമെന്നായിരുന്നു ഈശ്വരവിധി.
ആ 1832-ആം വർഷത്തിലെ മെയ്മാസം മുഴുവനും, ഓരോ രാത്രിയിലും, ദിവസം പ്രതി, ആ ഉപേക്ഷിക്കപ്പെട്ട മോശത്തോട്ടത്തിൽ, അധികമധികം കാടുപിടിക്കുന്നതും സുഗന്ധംകൂടുന്നതുമായ ആ കുറ്റിക്കാട്ടിന്റെ ചുവട്ടിൽ, എല്ലാ ചാരിത്രം കൊണ്ടും എല്ലാ നിഷ്കളങ്കതകൊണ്ടും നിറഞ്ഞു, സ്വർഗ്ഗത്തിലെ എല്ലാത്തരം ആഹ്ലാദവും നിറഞ്ഞു വഴിഞ്ഞു, മനുഷ്യജാതിയോടെന്നതിലധികം ദേവശ്രേഷ്ഠരോടടുക്കുന്നവരായി, പരിശുദ്ധരും, പരമാർത്ഥികളും, ലഹരിപിടിച്ചവരും, പ്രകാശമാനരും, നിഴലുകൾക്കിടയിൽ അന്യോന്യാവശ്യത്തിനുവേണ്ടി മിന്നുന്നവരുമായ ആ രണ്ടുപേരും കഴിഞ്ഞുകൂടി. മരിയുസ്സിന് ഒരു കിരീടമുണ്ടെന്നു കൊസെത്തിനു തോന്നി; കൊസെത്തിന് ഒരു പരിവേഷമുണ്ടെന്നു മരിയുസ്സിനും, അവർ അന്യോന്യം തൊട്ടു; അവർ അന്യോന്യം സൂക്ഷിച്ചുനോക്കി; അവർ അന്യോന്യം കൈപിടിച്ചു; അവർ അന്യോന്യം തൊട്ടുരുമ്മി—എങ്കിലും പിന്നിട്ടുകഴിയാത്ത ഒരകലം അവർക്കിടയിലുണ്ടായിരുന്നു, അവർ അതിനെ ശങ്കിച്ചില്ലെന്നല്ല, അവർ അതുണ്ടെന്നേ അറിഞ്ഞില്ല. ഒരു തടസ്സം മരിയുസ്സിനറിയാമായിരുന്നു—കൊസെത്തിന്റെ നിഷ്കളങ്കത; ഒരു രക്ഷ കൊസെത്തിനും—മരിയുസ്സിന്റെ വിശ്വസ്തത. ഒന്നാമത്തെ ചുംബനം തന്നെ ഒടുവിലത്തേതുമായി. അതുമുതല്ക്കു കൊസെത്തിന്റെ കൈയോ അവളുടെ കൈലേസ്സോ, അവളുടെ ഒരു തലനാരിഴയോ ചുണ്ടുകൊണ്ടു തൊടുക എന്നതിനപ്പുറത്തെയ്ക്കു മരിയുസ്സ് പ്രവേശിച്ചിട്ടില്ല. അയാളെസ്സംബന്ധിച്ചേടത്തോളം, കൊസെത്ത് ഒരു പരിമളമായി, ഒരു സ്ത്രീയല്ലാതായി. അയാൾ അവളെ ഘ്രാണിച്ചു. അവൾ യാതൊന്നും ഇല്ലെന്നു പറഞ്ഞില്ല; അയാൾ യാതൊന്നും ആവശ്യപ്പെട്ടില്ല. കൊസെത്തിനു സുഖമായി; മരിയുസ്സിനു തൃപ്തിയായി. ഒരാത്മാവു മറ്റൊരാത്മാവിനെക്കൊണ്ടു മയങ്ങി എന്നു പറയാവുന്ന ആ ഒരാനന്ദാധിക്യത്തിൽ അവർ കഴിഞ്ഞുകൂടി. ആദർശത്തിൽവെച്ചുള്ള രണ്ടു നിഷ്കളങ്കാത്മാക്കളുടെ അനിർവചനീയമായ പ്രഥമാലിംഗനമായിരുന്നു അത്. യങ്ഫ്രൗവിൽ [2] വെച്ചു കണ്ടുമുട്ടുന്ന രണ്ടരയന്നങ്ങൾ.
അനുരാഗത്തിന്റേതായ ആ ഒരു കാലത്ത്, ആനന്ദമൂർച്ഛയുടെ സർവ്വശക്തത്വത്തിൻകീഴിൽ വിഷയലമ്പടത്വം കേവലം മൂകമായിത്തീരുന്ന ആ സമയത്തു, മരിയുസ്, ശുദ്ധനും, ദേവതുല്യനുമായ മരിയുസ്, കൊസെത്തിന്റെ ഉടുപുട ഞെരിയാണിയോളം പൊന്തിച്ചു എന്നാവുന്നതിനു മുൻപ് ഒരു തേവിടിശ്ശിയുടെ അടുക്കൽ പോയി എന്നേ വരൂ. ഒരിക്കൽ, നിലാവത്ത്, നിലത്തുനിന്ന് എന്തോ എടുക്കാൻ വേണ്ടി കൊസെത്ത് കുമ്പിട്ടു; അവളുടെ കുപ്പായം നീങ്ങി, കഴുത്തിന്റെ ആരംഭഭാഗം കാണാറായി, മരിയുസ് കണ്ണെടുത്തു.
ഈ രണ്ടുപേർ എന്തു കാണിച്ചു?
ഒന്നുമില്ല. അവർ അന്യോന്യം ആരാധിച്ചു.
രാത്രിയിൽ, അവർ അവിടെ ഉള്ളപ്പോൾ, ആ തോട്ടം ദിവ്യവും സചേതനവുമായ ഒരു പ്രദേശമായിത്തോന്നി. എല്ലാ പുഷ്പങ്ങളും അവരുടെ ചുറ്റും വിരിഞ്ഞ് അവർക്കായി പരിമളമയച്ചു; അവരും തങ്ങളുടെ ആത്മാവുകളെ തുറന്നു പുഷ്പങ്ങൾക്കു മീതെ വിതറി. താന്തോന്നിത്തവും ചോരത്തിളപ്പുമുള്ള സസ്യപ്രകൃതി ശക്തികൊണ്ടും ലഹരികൊണ്ടും നിറയെ ആ രണ്ടു നിഷ്കളങ്കരുടെ ചുറ്റും നിന്നു വിറകൊണ്ടു; അവരിൽ നിന്നു പുറപ്പെടുന്ന അനുരാഗവാക്കുകൾ മരങ്ങളെ ഇട്ടുതുള്ളിച്ചു.
എന്തായിരുന്നു ആ വാക്കുകൾ? ശ്വാസങ്ങൾ, ഒട്ടും അധികമില്ല. ആ ശ്വാസങ്ങൾ ചുറ്റുമുള്ള പ്രകൃതിയെ മുഴുവനും സ്വാസ്ഥ്യം കെടുത്താനും പരിഭ്രമിപ്പിച്ചുകളയാനും ധാരാളം മതിയായിരുന്നു. ഇലകൾക്കിടയിൽ വ്യാപിച്ചു കാറ്റത്തു പുകച്ചുരുൾകൾപ്പോലെ ചിന്നിപ്പോവാൻവേണ്ടി സൃഷ്ടിക്കപ്പെട്ട ഈ സംഭാഷണങ്ങളെ ഒരു പുസ്തകത്തിൽ വായിക്കുന്നപക്ഷം മനസ്സിലാക്കാൻ പ്രയാസമായിപ്പോകുന്ന ഒരിന്ദ്രജാലപ്പണി. ഒരു കാമുകനും ഒരു കാമിനിയും കൂടിയുള്ള ആ മന്ത്രിക്കലുകളിൽനിന്ന്, ആത്മാവിൽനിന്നു പുറപ്പെട്ടതും ഒരു വീണപോലെ അവയെ പിന്തുടരുന്നതുമായ രാഗത്തെ കിഴിച്ചുനോക്കുക, ഒരു നിഴലല്ലാതെ മറ്റൊന്നും ബാക്കിയുണ്ടാവില്ല; നിങ്ങൾ പറയും, ‘എന്ത്! ഇതേ ഉള്ളു!’ ആ ആ! അതേ, പിഞ്ചുകുട്ടികളുടെ കൊഞ്ചൽ, ഒന്നുതന്നെ ഉരുവിടൽ, വെറുതെയുള്ള ചിരി, കമ്പം, ലോകത്തിൽവെച്ച് ഏറ്റവും അഗാധവും ഏറ്റവും ഉത്കൃഷ്ടവുമായ സകലവും! പറഞ്ഞിട്ടും കേട്ടിട്ടും ആകെ ഒരു ഫലമുള്ളവ.
ഈ കഥയില്ലായ്മകളെ, ഈ നിസ്സാരവാക്കുകളെ, ഒരിക്കലും കേട്ടിട്ടില്ലാത്ത മനുഷ്യൻ, ഒരിക്കലും ഉച്ചരിച്ചിട്ടില്ലാത്ത മനുഷ്യൻ, ഒരു ദുർബ്ബലനും ദുഷ്ടനുമാണ്.
കൊസെത്ത് മരിയുസ്സോടു പറഞ്ഞു: ‘അറിയാമോ? എന്റെ പേർ യൂഫ്രസി എന്നാണ്.’
‘യൂഫ്രസി? എന്ത്, അല്ല, കൊസെത്ത്.’
‘ഞാൻ ഇത്തിരിപോരുമ്പോൾ എനിക്കിട്ട ഒരു വല്ലാത്ത ചേട്ടപിടിച്ച പേരാണ് കൊസെത്ത്. എന്റെ ശരിക്കുള്ള പേർ യൂഫ്രസി എന്നാണ്. ആ പേരെങ്ങനെ, നന്നോ—യൂഫ്രസി?’
‘നന്ന്, പക്ഷേ, കൊസെത്ത് അത്ര ചീത്തയല്ല.’
‘യൂഫ്രസിയെക്കാളധികം നിങ്ങൾക്കിഷ്ടം കൊസെത്താണോ?’
‘എന്തേ, അതേ.’
‘എന്നാൽ എനിക്കും അതുതന്നെയാണ് അധികമിഷ്ടം. നേരാണ്, കൊസെത്ത് ഭംഗിയുണ്ട്. എന്നെ കൊസെത്തെന്നു വിളിക്കൂ.’
അതോടുകൂടി അവൾ പുറപ്പെടുവിച്ച പുഞ്ചിരി ഈ സംഭാഷണത്തെ സ്വർഗ്ഗത്തിലുള്ള ഒരു പുന്തോപ്പിലേക്കു പറ്റിയ ഒരു സരസകവിതയാക്കി വെച്ചു. മറ്റൊരിക്കൽ അവൾ അയാളെ സാകൂതമായി സൂക്ഷിച്ചുനോക്കി. കുറച്ചുറക്കെപ്പറഞ്ഞു: ‘മൊസ്യു, നിങ്ങൾ സുന്ദരനാണ്, നിങ്ങൾ കണ്ടാൽ നന്നു, നിങ്ങൾ ഫലിതക്കാരനാണ്, നിങ്ങൾ ഒട്ടും മന്തനല്ല. നിങ്ങൾക്ക് എന്നെക്കാൾ വളരെയധികം അറിവുണ്ട്; പക്ഷേ, ഈ ഒരു വാക്കുകൊണ്ട് ഞാൻ നിങ്ങളെ കവിച്ചുകളയുന്നു; എനിക്കു നിങ്ങളിൽ അനുരാഗമുണ്ട്!’
സ്വർഗ്ഗത്തിലെത്തിക്കഴിഞ്ഞിരുന്ന മരിയുസ്സിന് ഒരു നക്ഷത്രത്തിൽ ആലപിക്കപ്പെട്ട ഏതോ രാഗശകലം കേട്ടതുപോലെ തോന്നി.
അല്ലെങ്കിൽ അയാൾ ഒന്നു പതുക്കെ ചുമച്ചതുകൊണ്ട് അവൾ അയാളെ പുറത്തു കൊട്ടി പറഞ്ഞു: ‘സേർ, ചുമയ്ക്കരുത്; എന്റെ സമ്മതം കൂടാതെ എന്റെ രാജ്യത്തുവെച്ചു ചുമയ്ക്കാൻ ഞാൻ ആരേയും സമ്മതിക്കുകയില്ല. ചുമച്ചിട്ട് എന്നെ അലട്ടുന്നതു ശുദ്ധമേ പോക്കിരിത്തമാണ്. നിങ്ങൾക്കു സുഖമാവണം, എനിക്കത്യാവശ്യമുണ്ട്; ഒന്നാമത് നിങ്ങൾക്കു സുഖമില്ലെങ്കിൽ എനിക്കും വലിയ വ്യസനമാവും. ഞാനെന്തു ചെയ്യും പിന്നെ?’
ഇതു കേവലം ദിവ്യമായിരുന്നു.
ഒരിക്കൽ മരിയുസ് കൊസെത്തോടു പറഞ്ഞു: ‘നോക്കൂ, ഞാനൊരിക്കൽ നിങ്ങളുടെ പേർ ഉർസുൽ ആണെന്നു വിചാരിച്ചു.’
ഇത് അവരെ രണ്ടുപേരേയും അന്നുമുഴുവൻ ചിരിപ്പിച്ചു.
മറ്റൊരു സംഭാഷണത്തിനിടയ്ക്ക് അയാൾ യദൃച്ഛയാ പറഞ്ഞു: ‘ഹാ! ഒരു ദിവസം ലുക്സെംബുറിൽവെച്ചു ഞാനൊരു ഭടവൃദ്ധന്റെ കഥ കഴിക്കാൻ തുടങ്ങിയതാണ്!’ പക്ഷേ, അവിടെ നിർത്തി, അയാൾ മുൻപോട്ടു പോയില്ല. അയാൾക്കു കൊസെത്തോട് അവളുടെ കീഴ്കാലുറയെപ്പറ്റി പറയേണ്ടിവരും; അതു സാധ്യമല്ല. ഇത് അഭൂതപൂർവ്വമായ ഒരു വിഷയത്തിന്റെ, ശരീരത്തിന്റെ, വക്കത്തു ചെന്നു; അതിന്റെ സന്നിധിയിൽ ആ അപാരവും അകളങ്കവുമായ അനുരാഗം ഒരുതരം പരിശുദ്ധമായ അമ്പരപ്പോടുകൂടി പിൻവാങ്ങി.
കൊസെത്തുമായുള്ള ജീവിതത്തെ മരിയുസ് ഇങ്ങനെ മാത്രമായി—മറ്റൊന്നുമില്ല – സങ്കല്പിച്ചു. ദിവസംപ്രതി വൈകുന്നേരം റ്യു പ്ളു മെയിലേക്കു ചെല്ലുക. പ്രധാന ജഡ്ജിയുടെ പടിക്കലുള്ള ആ പഴയതും പാകത്തിലുള്ളതുമായ അഴി നീക്കുക, ആ ബഞ്ചിന്മേൽ അന്യോന്യം തൊട്ടുംകൊണ്ടിരിക്കുക, അടുത്തുവരുന്ന രാത്രിയുടെ ഒളിമിന്നലുകൾ മരങ്ങൾക്കിടയിലൂടെ നോക്കിക്കാണുക, തന്റെ കാലുറയുടെ കാൽമുട്ടിലുള്ള ഒരു മടക്കിനെ കൊസെത്തിന്റെ പുറങ്കുപ്പായത്തിന്റെ വലുപ്പമേറിയ ഒരു ചുളിവിലേക്കു തിരുകുക, അവളുടെ തള്ളവിരലിന്റെ നഖത്തെ ഓമനിക്കുക, നീ എന്നു വിളിക്കുക, ഒരു പുഷ്പത്തെത്തന്നെ ഘ്രാണിക്കുക, എന്നെന്നും ഇതുതന്നെ മാറിമാറി ഇളവില്ലാതെ ചെയ്യുക, ഇതിനിടയ്ക്ക് അവരുടെ തലയ്ക്കൽബ്ഭാഗത്തൂടെ മേഘങ്ങൾ സഞ്ചരിച്ചു. ഓരോ സമയത്തും കാറ്റടിക്കുമ്പോൾ അത് ആകാശത്തുള്ള മേഘങ്ങളേക്കാളധികം മനുഷ്യരുടെ മനോരാജ്യങ്ങളെയാണ് കൂടെ കൊണ്ടുപോകുന്നത്.
ഈ പരിശുദ്ധമായ, ഏതാണ്ടു നാണംകൂടിയ അനുരാഗം, ഒരു വിധത്തിലും. ശൃംഗാരശൂന്യമായിരുന്നില്ല. അവനവൻ സ്നേഹിക്കുന്ന സ്ത്രീയെ സ്തുതിക്കുന്നതു ലാളനത്തിന്റെ പ്രഥമരൂപമാണ്; അതു ചെയ്തുനോക്കുന്ന ആൾ ഏതാണ്ട് അധികപ്രസംഗിയാണ്. മൂടുപടത്തിനിടയിലൂടെയുള്ള ഒരു ചുംബനംപോലെ എന്തോ ഒന്നാണ് ഒരു സ്തുതിവാക്ക്. വിഷയലമ്പടത്വം ഒളിച്ചുനിന്നുകൊണ്ടു തന്റെ ചെറിയ ഓമനമട്ടിനെ അവിടെ കാണിക്കുന്നു. കുറെക്കൂടിയധികം ഊന്നി സ്നേഹിക്കാൻ മാത്രമാണ് വിഷയലമ്പടത്വത്തിന്റെ മുൻപിൽ ഹൃദയം പിൻവാങ്ങുന്നത്. മനോരാജ്യംകൊണ്ടു നിറഞ്ഞ മരിയുസ്സിന്റെ ലാളനകൾ ഏതാണ്ട് ആകാശമായിരുന്നു എന്നു പറയട്ടെ; അങ്ങോട്ടു, ദേവകളുടെ പാർപ്പിടത്തിനുനേരെ, പറന്നു പോകുന്ന പക്ഷികൾ ആ വാക്കുകൾ കേൾക്കുന്നുണ്ടാവണം. എന്തായാലും അവയോടു ജീവിതത്തിന്റേയും മനുഷ്യത്വത്തിന്റേയും സത്ത മരിയുസ്സിനെക്കൊണ്ടു കഴിയുന്നേടത്തോളം, കൂടിക്കലർന്നിരുന്നു. വള്ളിക്കുടിലിൽവെച്ചു പറയുന്നതായിരുന്നു അത്—അറയിൽവെച്ച് ഇനി പറയാനുള്ളതിന്റെ മുഖവുര: ഒരു പൊട്ടിപ്പുറപ്പെടുന്ന കീർത്തനകവിത, വഴിപ്പാടും ശൃംഗാരഗാനവും കൂടിക്കലർന്നത്, ഓമനവാക്കുകളുടെ കൊള്ളാവുന്ന അതിശയോക്തി, ഒരു പൂച്ചണ്ടൊയി കെട്ടിയവയും ദിവ്യമായ ഒരു പരിമളം വീശുന്നവയുമായ പരസ്പരാരാധനത്തിന്റെ സകലവൈശിഷ്ട്യങ്ങളും, ഹൃദയങ്ങൾ തമ്മിലുള്ള ഒരനിർവചനീയമായ കിലുകിലെച്ചിരി.
‘ഹാ!’ മരിയുസ് മന്ത്രിച്ചു. ‘നിങ്ങൾ എന്തു സുന്ദരിയാണ്! എനിക്കു നിങ്ങളുടെ മേലേക്കു നോക്കാൻ വയ്യാ. നിങ്ങളെ നോക്കിക്കാണുന്നതോടുകൂടി എന്റെ കഥ തീരുന്നു. നിങ്ങൾ ഒരു ഈശ്വരാനുഗ്രഹമാണ്. എനിക്കെന്തേ പറ്റിയതെന്നറിഞ്ഞു കൂടാ. നിങ്ങളുടെ പാപ്പാസിന്റെ തുമ്പു ചുവട്ടിലൂടെ പാളിനോക്കുമ്പോൾ, നിങ്ങളുടെ മേലുടുപ്പിന്റെ തൊങ്ങൾ എന്നെ, അകംപുറം മറിക്കുന്നു. പിന്നെ, നിങ്ങളുടെ വിചാരത്തെ അല്പമെങ്കിലും തുറന്നുകാണിച്ചാൽ എന്തൊരു മതിമറിക്കുന്ന വെളിച്ചം! നിങ്ങൾ അത്ഭുതകരമായവിധം കാര്യം പറയുന്നു. ചിലപ്പോൾ എനിക്കു നിങ്ങൾ ഒരു സ്വപ്നമാണെന്നു തോന്നും. സംസാരിക്കൂ, ഞാൻ ശ്രദ്ധിക്കുന്നുണ്ട്; ഞാൻ അഭിനന്ദിക്കുന്നുണ്ട്. ഹാ, കൊസെത്ത്! എന്തത്ഭുതകരം, എന്തു മനോഹരം! എനിക്കു വാസ്തവത്തിൽ തന്റേടമില്ല. ഹേ മദാംവ്വസേല്ല്, നിങ്ങൾ ആരാധിക്കേണ്ടവളാണ്. ഞാൻ നിങ്ങളുടെ കാലടികളെ സൂക്ഷ്മദർശിനികൊണ്ടു നോക്കിപ്പഠിക്കുന്നു; നിങ്ങളുടെ ആത്മാവിനെ ദൂരദർശിനികൊണ്ടും.’
കൊസെത്ത് മറുപടി പറഞ്ഞു: ‘ഇന്നു രാവിലെ മുതല്ക്കു ഞാൻ കുറച്ചുകൂടി യധികം സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.’
ഈ സംഭാഷണത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും താന്താങ്ങളുടെ കാര്യം താന്താങ്ങൾതന്നെ നടത്തിപ്പോന്നു; അവ രണ്ടും പരസ്പരസമ്മതത്തോടുകൂടി, ചെറിയ യന്ത്രപ്പാവകൾ അവയുടെ താങ്ങുതണ്ടിന്മേലേക്കു തിരിച്ചു ചെല്ലുന്നതുപോലെ, എപ്പോഴും അനുരാഗത്തിലേക്കുതന്നെ തിരിച്ചെത്തിക്കൊണ്ടിരുന്നു.
കൊസെത്ത് മുഴുവനും കുലീനതയായിരുന്നു—ചമൽക്കാരം, സ്വച്ഛത, വെളുപ്പ്, നിഷ്കപടത, പ്രകാശം; കൊസെത്തിനെപ്പറ്റി, അവൾ നിഴലില്ലാത്തതാണെന്നു പറയാം. അവളെ കാണുന്നവരുടെ മനസ്സിൽ അവൾ വസന്തത്തിന്റേയും പ്രഭാതത്തിന്റേയും അനുഭവമുണ്ടാക്കി. അവളുടെ കണ്ണിൽ മഞ്ഞുതുള്ളിയുണ്ട്. കൊസെത്ത് ഒരു സ്ത്രീരൂപത്തിൽ കൊഴുപ്പിച്ചു കട്ടിയാക്കിയ പുലർവെളിച്ചമായിരുന്നു.
മരിയുസ് അവളെ ഉള്ളുകൊണ്ടാരാധിച്ചിരുന്ന സ്ഥിതിക്ക്, അയാൾ അവളെ ബഹുമാനിച്ചുപോന്നതിൽ അത്ഭുതമില്ല. എന്നാൽ, വാസ്തവത്തിൽ കന്യകാമഠ വിദ്യാലയത്തിൽനിന്ന് അപ്പോൾ വിട്ടുപോന്ന ആ ചെറിയ സ്കൂൾകുട്ടി മനോഹരമായ വിവേകത്തോടുകൂടി സംസാരിക്കുകയും, ചിലപ്പോൾ സൂക്ഷ്മങ്ങളും വാസ്തവങ്ങളുമായ ചൊല്ലുകളെ ഉച്ചരിക്കുകയും ചെയ്തിരുന്നു. അവളുടെ കൊഞ്ചൽ സംഭാഷണമായിരുന്നു. അവൾ ഒന്നിലും ഒരിക്കലും അബദ്ധം കാണിച്ചിട്ടില്ല; അവൾ കാര്യങ്ങളെ ശരിക്കു കണ്ടു. ഹൃദയത്തിന്റെ ലളിതമായ സഹജജ്ഞാനത്തോടുകൂടി സ്ത്രീ അറിയുകയും സംസാരിക്കുകയും ചെയ്യുന്നു—അതു തെറ്റാത്തതാണ്.
ഒരേസമയത്തു മനോഹരവും ഗംഭീരവുമായിട്ടുള്ളവ പറയേണ്ടതെങ്ങനെയെന്നു സ്ത്രീകൾക്കെന്നപോലെ മറ്റാർക്കും അറിഞ്ഞുകൂടാ. മനോഹരതയും ഗംഭീരതയും—സ്ത്രീയായി; അവയാണ് സ്വർഗ്ഗം.
ഈ പരിപൂർണ്ണജ്ഞാനത്തിൽ; ഓരോ നിമിഷത്തിലും അവരുടെ കണ്ണുകളിലേക്കു കണ്ണീർ ഏന്തിവന്നു. ഒരു ചതഞ്ഞ മൂട്ടപ്പെണ്ണ്. പക്ഷിക്കൂട്ടിൽനിന്നു വീണ ഒരു തൂവൽ, മുറിഞ്ഞുവീണ ഒരു പൂച്ചെടിച്ചില്ല, അവരുടെ അനുകമ്പയെ ഇളക്കി വിടും; വ്യസനശീലത്തോടു ഭംഗിയിൽ കൂടിയിണങ്ങിയ അവരുടെ ആനന്ദമൂർച്ഛ കരച്ചിലിനെക്കാൾ നന്നായിട്ടു മറ്റൊന്നും കണ്ടിരുന്നില്ലെന്നു തോന്നും. അനുരാഗത്തിന്റെ അത്യുത്കൃഷ്ടമായ ലക്ഷണം ചിലപ്പോൾ ഏതാണ്ട് അസഹ്യമായിച്ചമയുന്ന ഒരു ദയാശീലമാണ്.
പിന്നെ, ഇതിനും പുറമെ—ഈ എല്ലാ പരസ്പരവിരുദ്ധതകളും അനുരാഗത്തിന്റെ മിന്നൽക്കളിയാണ്— അവർക്കു ചിരിക്കുന്നത് ഇഷ്ടമായിരുന്നു; ഒരു രസം പിടിച്ച സ്വാതന്ത്ര്യത്തോടുകൂടി അവർ മിണ്ടിയാൽ ചിരിക്കും; കണ്ടാൽ രണ്ടാൺ കുട്ടികളാണതെന്നു തോന്നുമാറ്, അത്രയും കൊഴുപ്പോടുകൂടിയും.
എങ്കിലും, ശുദ്ധതകൊണ്ടു ലഹരിപിടിച്ച ഹൃദയങ്ങൾ അറിയാതെയാണെങ്കിലും, പ്രകൃതിദേവി എപ്പോഴും അവിടെ സന്നിധാനംകൊള്ളും; വിസ്മരിക്കപ്പെടുകയില്ല. നിഷ്ഠുരവും വിശിഷ്ടവുമായ ഉദ്ദേശത്തോടുകൂടി അവിടുന്ന് അവിടെ ഉണ്ടായിരിക്കും; ആത്മാക്കളുടെ നിഷ്കളങ്കത എത്രതന്നെ മഹത്തായിരുന്നാലും, എത്രതന്നെ ലജ്ജാപൂർണ്ണമായ കൂടിക്കാഴ്ചയിലും, രണ്ടു സുഹൃത്തുക്കളിൽ നിന്നു രണ്ടു കാമിനീകാമുകന്മാരെ അകറ്റിനിർത്തുന്ന ആ ആരാധ്യവും അവ്യക്തവുമായ നിഴല്പാടു കാണപ്പെടുന്നു.
അവർ അന്യോന്യം ആരാധിച്ചു.
ശാശ്വതവും വികാരരഹിതവുമായതു സുസ്ഥിരമാണ്. അവർ കഴിയുന്നു, അവർ പുഞ്ചിരിക്കൊള്ളുന്നു, അവർ ചിരിക്കുന്നു, അവർ ചുണ്ടുകളുടെ അറ്റംകൊണ്ടു കുറേശ്ശെ കൊഞ്ഞനം കാട്ടുന്നു, അവർ കൈവിരലുകളെ കൂട്ടിമെടയുന്നു, അവർ അന്യോന്യം ഓമനപ്പേർ വിളിക്കുന്നു—ഇതൊന്നും ശാശ്വതത്വത്തെ തടയുന്നില്ല.
രണ്ടു കാമിനീകാമുകന്മാർ വൈകുന്നേരത്തിനുള്ളിൽ, സന്ധ്യാസമയത്തിനുള്ളിൽ, അദൃശ്യപ്രകൃതിയിൽ, പക്ഷികളോടുകൂടി, പനിനീർപ്പൂക്കളോടുകൂടി, ഒളിക്കുന്നു; അവർ കണ്ണുകളിലേക്കെറിയുന്ന തങ്ങളുടെ ഹൃദയങ്ങളെക്കൊണ്ട് അന്ധകാരത്തിൽവെച്ച് അന്യോന്യം മയക്കുന്നു, അവർ മന്ത്രിക്കുന്നു; അവർ പിറുപിറെ സ്സംസാരിക്കുന്നു; ഈയിടയ്ക്കു ഗ്രഹങ്ങളുടെ മഹത്തരങ്ങളായ തൂക്കമൊപ്പിക്കലുകൾ അപാരമായ പ്രപഞ്ചത്തിൽ നിറയുന്നു.
[1] റോമിയോവും ജൂലിയറ്റും എന്നു പേരായ ഷേക്സ്പിയറുടെ ഒരു പ്രസിദ്ധ നാടകത്തിലെ നായകനാണ് റോമിയോ, നായക ജൂലിയറ്റും.
[2] സ്വിറ്റ്സർലാണ്ടിൽ വളരെ ഉയരമുള്ള ഒരു പർവ്വതക്കൊടുമുടി. കന്യക എന്നർത്ഥമുള്ള ഒരു ജർമ്മൻ വാക്കിൽ നിന്നാണ് ഈ പേർ എന്നുകൂടി ഓർമ്മിക്കുന്നത് നന്ന്.