മഞോ നോക്കാൻ പറഞ്ഞയച്ചുച്ചെന്നു റ്യു പ്ലുമെ ഭവനത്തിൽ പാർക്കുന്നതാരാണെന്നു പടിവാതിലിലൂടെ നോക്കിയറിഞ്ഞ എപ്പോനൈൻ ആ ഘാതുകന്മാരെ അങ്ങോട്ടയയ്ക്കാതെ കഴിച്ചുകൂട്ടുകയും, പിന്നെ മരിയുസ്സിനെ അവിടെ കൊണ്ടു പോയാക്കുകയും, അങ്ങനെ മരിയുസ് ആ വീട്ടുപടിക്കൽ വളരെ ദിവസം ആനന്ദ മൂർച്ഛയിലായി ചെലവഴിച്ചതിനുശേഷം, കാന്തത്തിലേക്ക് ഇരിമ്പിനെയും സ്വന്തം കാമിനിയുടെ വീടു നിർമ്മിച്ച കല്ലുകളിലേയ്ക്കു കാമുകനെയും ആകർഷിക്കുന്ന ആ ശക്തിയാൽ ആകൃഷ്ടനായിട്ടു കൊസെത്തിന്റെ പൂന്തോട്ടത്തിലേക്കു, ജൂലിയറ്റിന്റെ പൂന്തോട്ടത്തിലേക്കു റോമിയോ എന്നവിധം [1] കടന്നുകൂടുകയും ചെയ്ത വിവരം വായനക്കാർ പക്ഷേ, അറിഞ്ഞിരിക്കും. മരിയുസ്സിനു റൊമിയോവിനെക്കാളധികം എളുപ്പത്തിൽ കാര്യം സാധിച്ചു; റോമിയോവിന് ഒരു മതിൽ കയറിക്കടക്കേണ്ടിവന്നു; മരിയുസ്സിനാകട്ടെ, വൃദ്ധന്മാരുടെ പല്ലുകൾപോലെ, തുരുമ്പുപിടിച്ച കുഴിപ്പഴുതിൽ ചാഞ്ചാടിയിരുന്നു പഴയ പടിയുടെ ഒരഴിയിന്മേൽ അല്പം ബലം പ്രയോഗിക്കുക മാത്രമേ വേണ്ടിവന്നുള്ളു. മരിയുസ് കൃശനാണ്; പ്രയാസം കൂടാതെ അകത്തേക്കു കടന്നു.
തെരുവിൽ ആരും ഒരിക്കലും ഇല്ലാതിരുന്നതുകൊണ്ടും, രാത്രിയിലല്ലാതെ മരിയുസ് തോട്ടത്തിൽ കടക്കുകയുണ്ടായിട്ടില്ലാത്തതുകൊണ്ടും, അയാളെ ആരും കാണാതെ കഴിഞ്ഞു.
ഈ രണ്ടാത്മക്കളുടെ വിവാഹനിശ്ചയം ചെയ്ത ആ ഒരു ചുംബനത്തിന്റെ അനുഗൃഹീതവും പരിശുദ്ധവുമായ ജനനമുഹൂർത്തം മുതൽ മരിയുസ് എല്ലാ ദിവസവും വൈകുന്നേരം അവിടെ ഹാജർ കൊടുത്തു. കൊസെത്തിന്റെ ആ പ്രായത്തിൽ അവൾ അല്പമെങ്കിലും വികൃതിയോ വ്യഭിചാരിയോ ആയ ഒരാളിലാണ് ഹൃദയാർപ്പണം ചെയ്തിരുന്നതെങ്കിൽ, അവളുടെ കഥ തീർന്നേനേ; ക്ഷണത്തിൽ വശംവദമായിത്തീരുന്ന ചില പ്രകൃതിയുണ്ട്; കൊസെത്ത് അത്തരക്കാരിയായിരുന്നു. സ്ത്രീയുടെ മാഹാത്മ്യങ്ങളിൽ ഒന്നു വശംവദയാകലാണ്. കേവലത്വത്തിൽ എത്തുന്ന ആ ഉയർന്ന നിലയിൽ അനുരാഗം വിനയത്തിന്റെ എന്തോ അനിർവാച്യമായ ഒരു ദിവ്യാന്ധത്വവുമായി കെട്ടുപിണയുന്നു. പക്ഷേ, അല്ലയോ ഉത്കൃഷ്ടാത്മാക്കളേ, നിങ്ങൾ എന്താപത്തിൽപ്പെടുന്നു! പലപ്പോഴും നിങ്ങൾ ഹൃദയത്തെ ദാനം ചെയ്യുന്നു; ഞങ്ങൾ ദേഹത്തെ കൈയിലാക്കുന്നു. നിങ്ങളുടെ ഹൃദയം നിങ്ങളിൽത്തന്നെ നില്ക്കുന്നു; അന്ധകാരത്തിൽ നിങ്ങൾ അതിനെ ഒരു വിറയോടുകൂടി നോക്കുന്നു. അനുരാഗം ഒന്നുകിൽ നശിപ്പിക്കും; അല്ലെങ്കിൽ രക്ഷിക്കും; നടുവിലൂടെ അതിനു സഞ്ചാരമില്ല. എല്ലാ മാനുഷയോഗവും ഈ വിഷമസ്ഥിതിയിലാണ്. അനുരാഗത്തെക്കാളധികം നിഷ്ഠുരമായ വിധത്തിൽ ഈ വിഷമസ്ഥിതിയെ—നാശം അല്ലെങ്കിൽ രക്ഷ എന്ന നിലയെ—മറ്റൊരു ഗ്രഹപ്പിഴയും ഉണ്ടാക്കിത്തീർക്കുന്നില്ല. അനുരാഗം ജീവിതമാണ്, മരണമല്ലെങ്കിൽ. തൊട്ടിൽ; ശവമഞ്ചവും. ഒരേ വികാരം മനുഷ്യഹൃദയത്തിലിരുന്നു പറയുന്നു: ‘ഉവ്വ്’, ‘ഇല്ല’ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ള സകലത്തിലുംവെച്ചു മനുഷ്യഹൃദയം എന്ന ആ ഒന്നാണ് ഏറ്റവുമധികം വെളിച്ചം പുറപ്പെടുവിക്കുന്നത്—കഷ്ടം! ഏറ്റവുമധികം ഇരുട്ടും.
കൊസെത്ത് രക്ഷാകരങ്ങളായ അനുരാഗങ്ങളിൽ ഒന്നിനോട് എത്തിമുട്ടണമെന്നായിരുന്നു ഈശ്വരവിധി.
ആ 1832-ആം വർഷത്തിലെ മെയ്മാസം മുഴുവനും, ഓരോ രാത്രിയിലും, ദിവസം പ്രതി, ആ ഉപേക്ഷിക്കപ്പെട്ട മോശത്തോട്ടത്തിൽ, അധികമധികം കാടുപിടിക്കുന്നതും സുഗന്ധംകൂടുന്നതുമായ ആ കുറ്റിക്കാട്ടിന്റെ ചുവട്ടിൽ, എല്ലാ ചാരിത്രം കൊണ്ടും എല്ലാ നിഷ്കളങ്കതകൊണ്ടും നിറഞ്ഞു, സ്വർഗ്ഗത്തിലെ എല്ലാത്തരം ആഹ്ലാദവും നിറഞ്ഞു വഴിഞ്ഞു, മനുഷ്യജാതിയോടെന്നതിലധികം ദേവശ്രേഷ്ഠരോടടുക്കുന്നവരായി, പരിശുദ്ധരും, പരമാർത്ഥികളും, ലഹരിപിടിച്ചവരും, പ്രകാശമാനരും, നിഴലുകൾക്കിടയിൽ അന്യോന്യാവശ്യത്തിനുവേണ്ടി മിന്നുന്നവരുമായ ആ രണ്ടുപേരും കഴിഞ്ഞുകൂടി. മരിയുസ്സിന് ഒരു കിരീടമുണ്ടെന്നു കൊസെത്തിനു തോന്നി; കൊസെത്തിന് ഒരു പരിവേഷമുണ്ടെന്നു മരിയുസ്സിനും, അവർ അന്യോന്യം തൊട്ടു; അവർ അന്യോന്യം സൂക്ഷിച്ചുനോക്കി; അവർ അന്യോന്യം കൈപിടിച്ചു; അവർ അന്യോന്യം തൊട്ടുരുമ്മി—എങ്കിലും പിന്നിട്ടുകഴിയാത്ത ഒരകലം അവർക്കിടയിലുണ്ടായിരുന്നു, അവർ അതിനെ ശങ്കിച്ചില്ലെന്നല്ല, അവർ അതുണ്ടെന്നേ അറിഞ്ഞില്ല. ഒരു തടസ്സം മരിയുസ്സിനറിയാമായിരുന്നു—കൊസെത്തിന്റെ നിഷ്കളങ്കത; ഒരു രക്ഷ കൊസെത്തിനും—മരിയുസ്സിന്റെ വിശ്വസ്തത. ഒന്നാമത്തെ ചുംബനം തന്നെ ഒടുവിലത്തേതുമായി. അതുമുതല്ക്കു കൊസെത്തിന്റെ കൈയോ അവളുടെ കൈലേസ്സോ, അവളുടെ ഒരു തലനാരിഴയോ ചുണ്ടുകൊണ്ടു തൊടുക എന്നതിനപ്പുറത്തെയ്ക്കു മരിയുസ്സ് പ്രവേശിച്ചിട്ടില്ല. അയാളെസ്സംബന്ധിച്ചേടത്തോളം, കൊസെത്ത് ഒരു പരിമളമായി, ഒരു സ്ത്രീയല്ലാതായി. അയാൾ അവളെ ഘ്രാണിച്ചു. അവൾ യാതൊന്നും ഇല്ലെന്നു പറഞ്ഞില്ല; അയാൾ യാതൊന്നും ആവശ്യപ്പെട്ടില്ല. കൊസെത്തിനു സുഖമായി; മരിയുസ്സിനു തൃപ്തിയായി. ഒരാത്മാവു മറ്റൊരാത്മാവിനെക്കൊണ്ടു മയങ്ങി എന്നു പറയാവുന്ന ആ ഒരാനന്ദാധിക്യത്തിൽ അവർ കഴിഞ്ഞുകൂടി. ആദർശത്തിൽവെച്ചുള്ള രണ്ടു നിഷ്കളങ്കാത്മാക്കളുടെ അനിർവചനീയമായ പ്രഥമാലിംഗനമായിരുന്നു അത്. യങ്ഫ്രൗവിൽ [2] വെച്ചു കണ്ടുമുട്ടുന്ന രണ്ടരയന്നങ്ങൾ.
അനുരാഗത്തിന്റേതായ ആ ഒരു കാലത്ത്, ആനന്ദമൂർച്ഛയുടെ സർവ്വശക്തത്വത്തിൻകീഴിൽ വിഷയലമ്പടത്വം കേവലം മൂകമായിത്തീരുന്ന ആ സമയത്തു, മരിയുസ്, ശുദ്ധനും, ദേവതുല്യനുമായ മരിയുസ്, കൊസെത്തിന്റെ ഉടുപുട ഞെരിയാണിയോളം പൊന്തിച്ചു എന്നാവുന്നതിനു മുൻപ് ഒരു തേവിടിശ്ശിയുടെ അടുക്കൽ പോയി എന്നേ വരൂ. ഒരിക്കൽ, നിലാവത്ത്, നിലത്തുനിന്ന് എന്തോ എടുക്കാൻ വേണ്ടി കൊസെത്ത് കുമ്പിട്ടു; അവളുടെ കുപ്പായം നീങ്ങി, കഴുത്തിന്റെ ആരംഭഭാഗം കാണാറായി, മരിയുസ് കണ്ണെടുത്തു.
ഈ രണ്ടുപേർ എന്തു കാണിച്ചു?
ഒന്നുമില്ല. അവർ അന്യോന്യം ആരാധിച്ചു.
രാത്രിയിൽ, അവർ അവിടെ ഉള്ളപ്പോൾ, ആ തോട്ടം ദിവ്യവും സചേതനവുമായ ഒരു പ്രദേശമായിത്തോന്നി. എല്ലാ പുഷ്പങ്ങളും അവരുടെ ചുറ്റും വിരിഞ്ഞ് അവർക്കായി പരിമളമയച്ചു; അവരും തങ്ങളുടെ ആത്മാവുകളെ തുറന്നു പുഷ്പങ്ങൾക്കു മീതെ വിതറി. താന്തോന്നിത്തവും ചോരത്തിളപ്പുമുള്ള സസ്യപ്രകൃതി ശക്തികൊണ്ടും ലഹരികൊണ്ടും നിറയെ ആ രണ്ടു നിഷ്കളങ്കരുടെ ചുറ്റും നിന്നു വിറകൊണ്ടു; അവരിൽ നിന്നു പുറപ്പെടുന്ന അനുരാഗവാക്കുകൾ മരങ്ങളെ ഇട്ടുതുള്ളിച്ചു.
എന്തായിരുന്നു ആ വാക്കുകൾ? ശ്വാസങ്ങൾ, ഒട്ടും അധികമില്ല. ആ ശ്വാസങ്ങൾ ചുറ്റുമുള്ള പ്രകൃതിയെ മുഴുവനും സ്വാസ്ഥ്യം കെടുത്താനും പരിഭ്രമിപ്പിച്ചുകളയാനും ധാരാളം മതിയായിരുന്നു. ഇലകൾക്കിടയിൽ വ്യാപിച്ചു കാറ്റത്തു പുകച്ചുരുൾകൾപ്പോലെ ചിന്നിപ്പോവാൻവേണ്ടി സൃഷ്ടിക്കപ്പെട്ട ഈ സംഭാഷണങ്ങളെ ഒരു പുസ്തകത്തിൽ വായിക്കുന്നപക്ഷം മനസ്സിലാക്കാൻ പ്രയാസമായിപ്പോകുന്ന ഒരിന്ദ്രജാലപ്പണി. ഒരു കാമുകനും ഒരു കാമിനിയും കൂടിയുള്ള ആ മന്ത്രിക്കലുകളിൽനിന്ന്, ആത്മാവിൽനിന്നു പുറപ്പെട്ടതും ഒരു വീണപോലെ അവയെ പിന്തുടരുന്നതുമായ രാഗത്തെ കിഴിച്ചുനോക്കുക, ഒരു നിഴലല്ലാതെ മറ്റൊന്നും ബാക്കിയുണ്ടാവില്ല; നിങ്ങൾ പറയും, ‘എന്ത്! ഇതേ ഉള്ളു!’ ആ ആ! അതേ, പിഞ്ചുകുട്ടികളുടെ കൊഞ്ചൽ, ഒന്നുതന്നെ ഉരുവിടൽ, വെറുതെയുള്ള ചിരി, കമ്പം, ലോകത്തിൽവെച്ച് ഏറ്റവും അഗാധവും ഏറ്റവും ഉത്കൃഷ്ടവുമായ സകലവും! പറഞ്ഞിട്ടും കേട്ടിട്ടും ആകെ ഒരു ഫലമുള്ളവ.
ഈ കഥയില്ലായ്മകളെ, ഈ നിസ്സാരവാക്കുകളെ, ഒരിക്കലും കേട്ടിട്ടില്ലാത്ത മനുഷ്യൻ, ഒരിക്കലും ഉച്ചരിച്ചിട്ടില്ലാത്ത മനുഷ്യൻ, ഒരു ദുർബ്ബലനും ദുഷ്ടനുമാണ്.
കൊസെത്ത് മരിയുസ്സോടു പറഞ്ഞു: ‘അറിയാമോ? എന്റെ പേർ യൂഫ്രസി എന്നാണ്.’
‘യൂഫ്രസി? എന്ത്, അല്ല, കൊസെത്ത്.’
‘ഞാൻ ഇത്തിരിപോരുമ്പോൾ എനിക്കിട്ട ഒരു വല്ലാത്ത ചേട്ടപിടിച്ച പേരാണ് കൊസെത്ത്. എന്റെ ശരിക്കുള്ള പേർ യൂഫ്രസി എന്നാണ്. ആ പേരെങ്ങനെ, നന്നോ—യൂഫ്രസി?’
‘നന്ന്, പക്ഷേ, കൊസെത്ത് അത്ര ചീത്തയല്ല.’
‘യൂഫ്രസിയെക്കാളധികം നിങ്ങൾക്കിഷ്ടം കൊസെത്താണോ?’
‘എന്തേ, അതേ.’
‘എന്നാൽ എനിക്കും അതുതന്നെയാണ് അധികമിഷ്ടം. നേരാണ്, കൊസെത്ത് ഭംഗിയുണ്ട്. എന്നെ കൊസെത്തെന്നു വിളിക്കൂ.’
അതോടുകൂടി അവൾ പുറപ്പെടുവിച്ച പുഞ്ചിരി ഈ സംഭാഷണത്തെ സ്വർഗ്ഗത്തിലുള്ള ഒരു പുന്തോപ്പിലേക്കു പറ്റിയ ഒരു സരസകവിതയാക്കി വെച്ചു. മറ്റൊരിക്കൽ അവൾ അയാളെ സാകൂതമായി സൂക്ഷിച്ചുനോക്കി. കുറച്ചുറക്കെപ്പറഞ്ഞു: ‘മൊസ്യു, നിങ്ങൾ സുന്ദരനാണ്, നിങ്ങൾ കണ്ടാൽ നന്നു, നിങ്ങൾ ഫലിതക്കാരനാണ്, നിങ്ങൾ ഒട്ടും മന്തനല്ല. നിങ്ങൾക്ക് എന്നെക്കാൾ വളരെയധികം അറിവുണ്ട്; പക്ഷേ, ഈ ഒരു വാക്കുകൊണ്ട് ഞാൻ നിങ്ങളെ കവിച്ചുകളയുന്നു; എനിക്കു നിങ്ങളിൽ അനുരാഗമുണ്ട്!’
സ്വർഗ്ഗത്തിലെത്തിക്കഴിഞ്ഞിരുന്ന മരിയുസ്സിന് ഒരു നക്ഷത്രത്തിൽ ആലപിക്കപ്പെട്ട ഏതോ രാഗശകലം കേട്ടതുപോലെ തോന്നി.
അല്ലെങ്കിൽ അയാൾ ഒന്നു പതുക്കെ ചുമച്ചതുകൊണ്ട് അവൾ അയാളെ പുറത്തു കൊട്ടി പറഞ്ഞു: ‘സേർ, ചുമയ്ക്കരുത്; എന്റെ സമ്മതം കൂടാതെ എന്റെ രാജ്യത്തുവെച്ചു ചുമയ്ക്കാൻ ഞാൻ ആരേയും സമ്മതിക്കുകയില്ല. ചുമച്ചിട്ട് എന്നെ അലട്ടുന്നതു ശുദ്ധമേ പോക്കിരിത്തമാണ്. നിങ്ങൾക്കു സുഖമാവണം, എനിക്കത്യാവശ്യമുണ്ട്; ഒന്നാമത് നിങ്ങൾക്കു സുഖമില്ലെങ്കിൽ എനിക്കും വലിയ വ്യസനമാവും. ഞാനെന്തു ചെയ്യും പിന്നെ?’
ഇതു കേവലം ദിവ്യമായിരുന്നു.
ഒരിക്കൽ മരിയുസ് കൊസെത്തോടു പറഞ്ഞു: ‘നോക്കൂ, ഞാനൊരിക്കൽ നിങ്ങളുടെ പേർ ഉർസുൽ ആണെന്നു വിചാരിച്ചു.’
ഇത് അവരെ രണ്ടുപേരേയും അന്നുമുഴുവൻ ചിരിപ്പിച്ചു.
മറ്റൊരു സംഭാഷണത്തിനിടയ്ക്ക് അയാൾ യദൃച്ഛയാ പറഞ്ഞു: ‘ഹാ! ഒരു ദിവസം ലുക്സെംബുറിൽവെച്ചു ഞാനൊരു ഭടവൃദ്ധന്റെ കഥ കഴിക്കാൻ തുടങ്ങിയതാണ്!’ പക്ഷേ, അവിടെ നിർത്തി, അയാൾ മുൻപോട്ടു പോയില്ല. അയാൾക്കു കൊസെത്തോട് അവളുടെ കീഴ്കാലുറയെപ്പറ്റി പറയേണ്ടിവരും; അതു സാധ്യമല്ല. ഇത് അഭൂതപൂർവ്വമായ ഒരു വിഷയത്തിന്റെ, ശരീരത്തിന്റെ, വക്കത്തു ചെന്നു; അതിന്റെ സന്നിധിയിൽ ആ അപാരവും അകളങ്കവുമായ അനുരാഗം ഒരുതരം പരിശുദ്ധമായ അമ്പരപ്പോടുകൂടി പിൻവാങ്ങി.
കൊസെത്തുമായുള്ള ജീവിതത്തെ മരിയുസ് ഇങ്ങനെ മാത്രമായി—മറ്റൊന്നുമില്ല – സങ്കല്പിച്ചു. ദിവസംപ്രതി വൈകുന്നേരം റ്യു പ്ളു മെയിലേക്കു ചെല്ലുക. പ്രധാന ജഡ്ജിയുടെ പടിക്കലുള്ള ആ പഴയതും പാകത്തിലുള്ളതുമായ അഴി നീക്കുക, ആ ബഞ്ചിന്മേൽ അന്യോന്യം തൊട്ടുംകൊണ്ടിരിക്കുക, അടുത്തുവരുന്ന രാത്രിയുടെ ഒളിമിന്നലുകൾ മരങ്ങൾക്കിടയിലൂടെ നോക്കിക്കാണുക, തന്റെ കാലുറയുടെ കാൽമുട്ടിലുള്ള ഒരു മടക്കിനെ കൊസെത്തിന്റെ പുറങ്കുപ്പായത്തിന്റെ വലുപ്പമേറിയ ഒരു ചുളിവിലേക്കു തിരുകുക, അവളുടെ തള്ളവിരലിന്റെ നഖത്തെ ഓമനിക്കുക, നീ എന്നു വിളിക്കുക, ഒരു പുഷ്പത്തെത്തന്നെ ഘ്രാണിക്കുക, എന്നെന്നും ഇതുതന്നെ മാറിമാറി ഇളവില്ലാതെ ചെയ്യുക, ഇതിനിടയ്ക്ക് അവരുടെ തലയ്ക്കൽബ്ഭാഗത്തൂടെ മേഘങ്ങൾ സഞ്ചരിച്ചു. ഓരോ സമയത്തും കാറ്റടിക്കുമ്പോൾ അത് ആകാശത്തുള്ള മേഘങ്ങളേക്കാളധികം മനുഷ്യരുടെ മനോരാജ്യങ്ങളെയാണ് കൂടെ കൊണ്ടുപോകുന്നത്.
ഈ പരിശുദ്ധമായ, ഏതാണ്ടു നാണംകൂടിയ അനുരാഗം, ഒരു വിധത്തിലും. ശൃംഗാരശൂന്യമായിരുന്നില്ല. അവനവൻ സ്നേഹിക്കുന്ന സ്ത്രീയെ സ്തുതിക്കുന്നതു ലാളനത്തിന്റെ പ്രഥമരൂപമാണ്; അതു ചെയ്തുനോക്കുന്ന ആൾ ഏതാണ്ട് അധികപ്രസംഗിയാണ്. മൂടുപടത്തിനിടയിലൂടെയുള്ള ഒരു ചുംബനംപോലെ എന്തോ ഒന്നാണ് ഒരു സ്തുതിവാക്ക്. വിഷയലമ്പടത്വം ഒളിച്ചുനിന്നുകൊണ്ടു തന്റെ ചെറിയ ഓമനമട്ടിനെ അവിടെ കാണിക്കുന്നു. കുറെക്കൂടിയധികം ഊന്നി സ്നേഹിക്കാൻ മാത്രമാണ് വിഷയലമ്പടത്വത്തിന്റെ മുൻപിൽ ഹൃദയം പിൻവാങ്ങുന്നത്. മനോരാജ്യംകൊണ്ടു നിറഞ്ഞ മരിയുസ്സിന്റെ ലാളനകൾ ഏതാണ്ട് ആകാശമായിരുന്നു എന്നു പറയട്ടെ; അങ്ങോട്ടു, ദേവകളുടെ പാർപ്പിടത്തിനുനേരെ, പറന്നു പോകുന്ന പക്ഷികൾ ആ വാക്കുകൾ കേൾക്കുന്നുണ്ടാവണം. എന്തായാലും അവയോടു ജീവിതത്തിന്റേയും മനുഷ്യത്വത്തിന്റേയും സത്ത മരിയുസ്സിനെക്കൊണ്ടു കഴിയുന്നേടത്തോളം, കൂടിക്കലർന്നിരുന്നു. വള്ളിക്കുടിലിൽവെച്ചു പറയുന്നതായിരുന്നു അത്—അറയിൽവെച്ച് ഇനി പറയാനുള്ളതിന്റെ മുഖവുര: ഒരു പൊട്ടിപ്പുറപ്പെടുന്ന കീർത്തനകവിത, വഴിപ്പാടും ശൃംഗാരഗാനവും കൂടിക്കലർന്നത്, ഓമനവാക്കുകളുടെ കൊള്ളാവുന്ന അതിശയോക്തി, ഒരു പൂച്ചണ്ടൊയി കെട്ടിയവയും ദിവ്യമായ ഒരു പരിമളം വീശുന്നവയുമായ പരസ്പരാരാധനത്തിന്റെ സകലവൈശിഷ്ട്യങ്ങളും, ഹൃദയങ്ങൾ തമ്മിലുള്ള ഒരനിർവചനീയമായ കിലുകിലെച്ചിരി.
‘ഹാ!’ മരിയുസ് മന്ത്രിച്ചു. ‘നിങ്ങൾ എന്തു സുന്ദരിയാണ്! എനിക്കു നിങ്ങളുടെ മേലേക്കു നോക്കാൻ വയ്യാ. നിങ്ങളെ നോക്കിക്കാണുന്നതോടുകൂടി എന്റെ കഥ തീരുന്നു. നിങ്ങൾ ഒരു ഈശ്വരാനുഗ്രഹമാണ്. എനിക്കെന്തേ പറ്റിയതെന്നറിഞ്ഞു കൂടാ. നിങ്ങളുടെ പാപ്പാസിന്റെ തുമ്പു ചുവട്ടിലൂടെ പാളിനോക്കുമ്പോൾ, നിങ്ങളുടെ മേലുടുപ്പിന്റെ തൊങ്ങൾ എന്നെ, അകംപുറം മറിക്കുന്നു. പിന്നെ, നിങ്ങളുടെ വിചാരത്തെ അല്പമെങ്കിലും തുറന്നുകാണിച്ചാൽ എന്തൊരു മതിമറിക്കുന്ന വെളിച്ചം! നിങ്ങൾ അത്ഭുതകരമായവിധം കാര്യം പറയുന്നു. ചിലപ്പോൾ എനിക്കു നിങ്ങൾ ഒരു സ്വപ്നമാണെന്നു തോന്നും. സംസാരിക്കൂ, ഞാൻ ശ്രദ്ധിക്കുന്നുണ്ട്; ഞാൻ അഭിനന്ദിക്കുന്നുണ്ട്. ഹാ, കൊസെത്ത്! എന്തത്ഭുതകരം, എന്തു മനോഹരം! എനിക്കു വാസ്തവത്തിൽ തന്റേടമില്ല. ഹേ മദാംവ്വസേല്ല്, നിങ്ങൾ ആരാധിക്കേണ്ടവളാണ്. ഞാൻ നിങ്ങളുടെ കാലടികളെ സൂക്ഷ്മദർശിനികൊണ്ടു നോക്കിപ്പഠിക്കുന്നു; നിങ്ങളുടെ ആത്മാവിനെ ദൂരദർശിനികൊണ്ടും.’
കൊസെത്ത് മറുപടി പറഞ്ഞു: ‘ഇന്നു രാവിലെ മുതല്ക്കു ഞാൻ കുറച്ചുകൂടി യധികം സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.’
ഈ സംഭാഷണത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും താന്താങ്ങളുടെ കാര്യം താന്താങ്ങൾതന്നെ നടത്തിപ്പോന്നു; അവ രണ്ടും പരസ്പരസമ്മതത്തോടുകൂടി, ചെറിയ യന്ത്രപ്പാവകൾ അവയുടെ താങ്ങുതണ്ടിന്മേലേക്കു തിരിച്ചു ചെല്ലുന്നതുപോലെ, എപ്പോഴും അനുരാഗത്തിലേക്കുതന്നെ തിരിച്ചെത്തിക്കൊണ്ടിരുന്നു.
കൊസെത്ത് മുഴുവനും കുലീനതയായിരുന്നു—ചമൽക്കാരം, സ്വച്ഛത, വെളുപ്പ്, നിഷ്കപടത, പ്രകാശം; കൊസെത്തിനെപ്പറ്റി, അവൾ നിഴലില്ലാത്തതാണെന്നു പറയാം. അവളെ കാണുന്നവരുടെ മനസ്സിൽ അവൾ വസന്തത്തിന്റേയും പ്രഭാതത്തിന്റേയും അനുഭവമുണ്ടാക്കി. അവളുടെ കണ്ണിൽ മഞ്ഞുതുള്ളിയുണ്ട്. കൊസെത്ത് ഒരു സ്ത്രീരൂപത്തിൽ കൊഴുപ്പിച്ചു കട്ടിയാക്കിയ പുലർവെളിച്ചമായിരുന്നു.
മരിയുസ് അവളെ ഉള്ളുകൊണ്ടാരാധിച്ചിരുന്ന സ്ഥിതിക്ക്, അയാൾ അവളെ ബഹുമാനിച്ചുപോന്നതിൽ അത്ഭുതമില്ല. എന്നാൽ, വാസ്തവത്തിൽ കന്യകാമഠ വിദ്യാലയത്തിൽനിന്ന് അപ്പോൾ വിട്ടുപോന്ന ആ ചെറിയ സ്കൂൾകുട്ടി മനോഹരമായ വിവേകത്തോടുകൂടി സംസാരിക്കുകയും, ചിലപ്പോൾ സൂക്ഷ്മങ്ങളും വാസ്തവങ്ങളുമായ ചൊല്ലുകളെ ഉച്ചരിക്കുകയും ചെയ്തിരുന്നു. അവളുടെ കൊഞ്ചൽ സംഭാഷണമായിരുന്നു. അവൾ ഒന്നിലും ഒരിക്കലും അബദ്ധം കാണിച്ചിട്ടില്ല; അവൾ കാര്യങ്ങളെ ശരിക്കു കണ്ടു. ഹൃദയത്തിന്റെ ലളിതമായ സഹജജ്ഞാനത്തോടുകൂടി സ്ത്രീ അറിയുകയും സംസാരിക്കുകയും ചെയ്യുന്നു—അതു തെറ്റാത്തതാണ്.
ഒരേസമയത്തു മനോഹരവും ഗംഭീരവുമായിട്ടുള്ളവ പറയേണ്ടതെങ്ങനെയെന്നു സ്ത്രീകൾക്കെന്നപോലെ മറ്റാർക്കും അറിഞ്ഞുകൂടാ. മനോഹരതയും ഗംഭീരതയും—സ്ത്രീയായി; അവയാണ് സ്വർഗ്ഗം.
ഈ പരിപൂർണ്ണജ്ഞാനത്തിൽ; ഓരോ നിമിഷത്തിലും അവരുടെ കണ്ണുകളിലേക്കു കണ്ണീർ ഏന്തിവന്നു. ഒരു ചതഞ്ഞ മൂട്ടപ്പെണ്ണ്. പക്ഷിക്കൂട്ടിൽനിന്നു വീണ ഒരു തൂവൽ, മുറിഞ്ഞുവീണ ഒരു പൂച്ചെടിച്ചില്ല, അവരുടെ അനുകമ്പയെ ഇളക്കി വിടും; വ്യസനശീലത്തോടു ഭംഗിയിൽ കൂടിയിണങ്ങിയ അവരുടെ ആനന്ദമൂർച്ഛ കരച്ചിലിനെക്കാൾ നന്നായിട്ടു മറ്റൊന്നും കണ്ടിരുന്നില്ലെന്നു തോന്നും. അനുരാഗത്തിന്റെ അത്യുത്കൃഷ്ടമായ ലക്ഷണം ചിലപ്പോൾ ഏതാണ്ട് അസഹ്യമായിച്ചമയുന്ന ഒരു ദയാശീലമാണ്.
പിന്നെ, ഇതിനും പുറമെ—ഈ എല്ലാ പരസ്പരവിരുദ്ധതകളും അനുരാഗത്തിന്റെ മിന്നൽക്കളിയാണ്— അവർക്കു ചിരിക്കുന്നത് ഇഷ്ടമായിരുന്നു; ഒരു രസം പിടിച്ച സ്വാതന്ത്ര്യത്തോടുകൂടി അവർ മിണ്ടിയാൽ ചിരിക്കും; കണ്ടാൽ രണ്ടാൺ കുട്ടികളാണതെന്നു തോന്നുമാറ്, അത്രയും കൊഴുപ്പോടുകൂടിയും.
എങ്കിലും, ശുദ്ധതകൊണ്ടു ലഹരിപിടിച്ച ഹൃദയങ്ങൾ അറിയാതെയാണെങ്കിലും, പ്രകൃതിദേവി എപ്പോഴും അവിടെ സന്നിധാനംകൊള്ളും; വിസ്മരിക്കപ്പെടുകയില്ല. നിഷ്ഠുരവും വിശിഷ്ടവുമായ ഉദ്ദേശത്തോടുകൂടി അവിടുന്ന് അവിടെ ഉണ്ടായിരിക്കും; ആത്മാക്കളുടെ നിഷ്കളങ്കത എത്രതന്നെ മഹത്തായിരുന്നാലും, എത്രതന്നെ ലജ്ജാപൂർണ്ണമായ കൂടിക്കാഴ്ചയിലും, രണ്ടു സുഹൃത്തുക്കളിൽ നിന്നു രണ്ടു കാമിനീകാമുകന്മാരെ അകറ്റിനിർത്തുന്ന ആ ആരാധ്യവും അവ്യക്തവുമായ നിഴല്പാടു കാണപ്പെടുന്നു.
അവർ അന്യോന്യം ആരാധിച്ചു.
ശാശ്വതവും വികാരരഹിതവുമായതു സുസ്ഥിരമാണ്. അവർ കഴിയുന്നു, അവർ പുഞ്ചിരിക്കൊള്ളുന്നു, അവർ ചിരിക്കുന്നു, അവർ ചുണ്ടുകളുടെ അറ്റംകൊണ്ടു കുറേശ്ശെ കൊഞ്ഞനം കാട്ടുന്നു, അവർ കൈവിരലുകളെ കൂട്ടിമെടയുന്നു, അവർ അന്യോന്യം ഓമനപ്പേർ വിളിക്കുന്നു—ഇതൊന്നും ശാശ്വതത്വത്തെ തടയുന്നില്ല.
രണ്ടു കാമിനീകാമുകന്മാർ വൈകുന്നേരത്തിനുള്ളിൽ, സന്ധ്യാസമയത്തിനുള്ളിൽ, അദൃശ്യപ്രകൃതിയിൽ, പക്ഷികളോടുകൂടി, പനിനീർപ്പൂക്കളോടുകൂടി, ഒളിക്കുന്നു; അവർ കണ്ണുകളിലേക്കെറിയുന്ന തങ്ങളുടെ ഹൃദയങ്ങളെക്കൊണ്ട് അന്ധകാരത്തിൽവെച്ച് അന്യോന്യം മയക്കുന്നു, അവർ മന്ത്രിക്കുന്നു; അവർ പിറുപിറെ സ്സംസാരിക്കുന്നു; ഈയിടയ്ക്കു ഗ്രഹങ്ങളുടെ മഹത്തരങ്ങളായ തൂക്കമൊപ്പിക്കലുകൾ അപാരമായ പ്രപഞ്ചത്തിൽ നിറയുന്നു.
[1] റോമിയോവും ജൂലിയറ്റും എന്നു പേരായ ഷേക്സ്പിയറുടെ ഒരു പ്രസിദ്ധ നാടകത്തിലെ നായകനാണ് റോമിയോ, നായക ജൂലിയറ്റും.
[2] സ്വിറ്റ്സർലാണ്ടിൽ വളരെ ഉയരമുള്ള ഒരു പർവ്വതക്കൊടുമുടി. കന്യക എന്നർത്ഥമുള്ള ഒരു ജർമ്മൻ വാക്കിൽ നിന്നാണ് ഈ പേർ എന്നുകൂടി ഓർമ്മിക്കുന്നത് നന്ന്.
സ്വന്തം സുഖത്തെ, കണ്ടുപേടിച്ച്, അവർ എങ്ങും തൊടാതെ കഴിഞ്ഞു. ശരിക്ക് അതേ മാസത്തിൽ പാരിസ് നഗരത്തെ ഇല്ലാതാക്കിയ നടപ്പുദീനം അവർ അറിഞ്ഞതേയില്ല. കഴിയുന്നേടത്തോളം അവർ അന്യോന്യം വിശ്വസിച്ചു; പക്ഷേ, അത് അവരുടെ പേരുകളിൽനിന്ന് അപ്പുറത്തേക്കെത്തിയിരുന്നില്ല. മരിയുസ് കൊസെത്തോടു താൻ അനാഥനാണെന്നും. പേർ മരിയുസ് പൊങ്മേർസി എന്നാണെന്നും, ഒരു വക്കീലാണെന്നും, അച്ചുക്കൂട്ടക്കാർക്ക് ഓരോന്നെഴുതിക്കൊടുത്തിട്ടാണ് കഴിഞ്ഞു കൂടുന്നതെന്നും, അച്ഛൻ ഒരു കെർണലായിരുന്നുവെന്നും, അദ്ദേഹം ഒരു ധീരോദാത്തനായിരുന്നുവെന്നും, ധനവാനായ മുത്തച്ഛനുമായി അനിഷ്ടത്തിലാണെന്നും പറഞ്ഞുകൊടുത്തിരുന്നു. അയാൾ ഒരു പ്രഭുവാണെന്നും സൂചിപ്പിച്ചിരുന്നു; പക്ഷേ, ഇതുകൊണ്ടു കൊസെത്തിൽ ഭാവഭേദമൊന്നുമുണ്ടായില്ല. അവൾക്കതിന്റെ അർത്ഥമറിഞ്ഞുകൂടാ. മരിയുസ് മരിയുസ്സാണ്. അവളാണെങ്കിൽ, താൻ പെത്തി-പിക്പ്യുവിലെ കന്യകാമഠത്തിലാണ് വളർന്നുപോന്നതെന്നും, അയാൾക്കെന്നപോലെ തനിക്കും അമ്മയില്ലെന്നും, അച്ഛന്റെ പേർ മൊസ്യു ഫൂഷൽവാങ് എന്നാണെന്നും, അദ്ദേഹം വളരെ നല്ല ആളാണെന്നും, അദ്ദേഹം സാധുക്കൾക്കു വളരെ ധർമ്മം കൊടുക്കുന്നുണ്ടെന്നും, പക്ഷേ, അദ്ദേഹമാണെങ്കിൽ ദരിദ്രനാണെന്നും, തനിക്കു വേണ്ടതു യാതൊന്നും വാങ്ങിത്തരാതെയില്ലെങ്കിലും അദ്ദേഹത്തിനായി യാതൊന്നും ചെലവിടാറില്ലെന്നും മരിയുസ്സിനു പറഞ്ഞുകൊടുത്തു.
അത്ഭുതമെന്നേ പറയേണ്ടു, കൊസെത്തിനെ പതിവായി കാണാൻ തുടങ്ങിയതു മുതൽ മരിയുസ് ജീവിച്ചുപോന്ന ആ ഒരുതരം മേളക്കൊഴുപ്പിനുള്ളിൽ, കഴിഞ്ഞതെല്ലാം, അടുത്തു കഴിഞ്ഞകുകൂടി, അത്രമേൽ അസ്പഷ്ടവും അത്രമേൽ ദൂരപ്പെട്ടതുമായിരുന്നതുകൊണ്ട്, കൊസെത്ത് പറഞ്ഞുകൊടുത്തതെന്തുണ്ടോ അതുകൊണ്ട് അയാൾക്കു ധാരാളം തൃപ്തിയായി. ചെറ്റപ്പുരയിൽവെച്ചുണ്ടായ രാത്രിസംഭവത്തെയും, തെനാർദിയരെയും, തീപ്പൊള്ളലിനെയും, അച്ഛന്റെ അസാധാരണനിലയേയും, അത്ഭുതകരമായ ചാടിപ്പോക്കിനേയും കുറിച്ച് അവളോടു പറയാൻ അയാൾക്കു തോന്നുകയുണ്ടായില്ല. തത്കാലത്തേക്കു മരിയുസ് ഇതൊക്കെ മറന്നിരുന്നു; വൈകുന്നേരമായിട്ടാലോചിച്ചാൽ അയാൾക്കു രാവിലെ എന്നൊന്നുണ്ടായിരുന്നുവെന്നും, അതുവരെ എന്താണ് പ്രവർത്തിച്ചതെന്നും ഓർമ്മയുണ്ടാവില്ല; മറ്റൊരു വിചാരവും കേൾക്കാതാക്കുന്ന പാട്ടുകളാണ് എപ്പോഴും അയാളുടെ ചെകിട്ടിൽ; കൊസെത്തിനെ കാണുമ്പോൾ മാത്രമേ അയാൾ ജീവിച്ചിരുന്നുള്ളു. അപ്പോൾ അയാൾ സ്വർഗ്ഗത്തിലായിരുന്നതുകൊണ്ട് ഭൂമിയെ മറന്നുകളഞ്ഞതിൽ അത്ഭുതമില്ല. അഭൗതികങ്ങളായ ആഹ്ലാദങ്ങളുടെ അനിർവചനീയമായ ഭാരം രണ്ടു പേരും പതുക്കെ പേറി. കാമിനീകാമുകന്മാരെന്നു പറയുന്ന ഈ സ്വപ്നാടനക്കാർ ഇങ്ങനെ കഴിഞ്ഞു കൂടി.
ഹാ! ഇതെല്ലാം അനുഭവിച്ചിട്ടില്ലാത്ത ആൾ ആരാണ്? ഈ അന്തരീക്ഷത്തിൽ നിന്ന് എന്തിന് ഒരിക്കൽ പുറത്തേക്കു കടക്കുന്നു? ജീവിതം പിന്നെ എന്തിനു മുൻപോട്ടു പോകുന്നു?
സ്നേഹിക്കൽ ഏതാണ്ട് ആലോചിക്കലിന്റെ സ്ഥാനമെടുക്കുന്നു. അനുരാഗം മറ്റു സകലത്തിന്റേയും ഒരു സശ്രദ്ധമായ വിസ്മൃതിയാണ്. അപ്പോൾ, വികാരത്തിന്റെ ന്യായം വേണമെങ്കിൽ ചോദിക്കാം. ആകാശത്തിലെ പരസ്പരചലനയന്ത്രത്തിൽ ഒരു ശരിയായ ക്ഷേത്രഗണിത സംബന്ധിരൂപം എത്രകണ്ടുണ്ടോ, അതിൽ ഒട്ടുമധികം മനുഷ്യഹൃദയത്തിൽ ശരിയായ ന്യായാനുവർത്തനമില്ല. കൊസെത്തിനും മരിയുസ്സിനും മരിയുസ്സും കൊസെത്തുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അവരുടെ ചുറ്റുമുള്ള പ്രപഞ്ചം ഒരു ദ്വാരത്തിലാണ്ടു. അവർ ഒരു തങ്കനിമിഷത്തിനുള്ളിലായി താമസം. അവരുടെ മുൻവശത്ത് ഒന്നുമില്ലായിരുന്നു, പിൻവശത്തും ഒന്നുമില്ല. കൊസെത്തിന് ഒരച്ഛനുണ്ടെന്നേ മരിയുസ്സിനോർമ്മയില്ല. അയാളുടെ തലച്ചോർ അഞ്ചുകയും തകരുകയും ചെയ്തു. പിന്നെ ഈ കാമിനീകാമുകന്മാർ എന്തിനെപ്പറ്റി സംസാരിച്ചു? നമ്മൾ കണ്ടതുപോലെ, പുഷ്പങ്ങളെപ്പറ്റിയും, കുയിലുകളെപ്പറ്റിയും, സൂര്യാസ്തമയത്തെപ്പറ്റിയും ചന്ദ്രോദയത്തെപ്പറ്റിയും എല്ലാ പ്രധാന സംഗതികളെപ്പറ്റിയും. സകലത്തേയും ഒഴിച്ചു സകലത്തെക്കുറിച്ചും അവർ അന്യോന്യം പറഞ്ഞു. കാമിനീകാമുകന്മാർക്കുള്ള സകലവും ഒന്നുമില്ലായ്കയാണ്. അപ്പോൾ, അച്ഛൻ, വാസ്തവാവസ്ഥകൾ, മട, ഘാതുകന്മാർ, ആ അപൂർവ്വസംഭവം— എന്താവശ്യത്തിന്? എന്നല്ല, ആ ഭയങ്കരസ്വപ്നം ശരിക്കുണ്ടായതാണെന്ന് അയാൾക്കു തികച്ചും തീർച്ചയുണ്ടോ? അവർ രണ്ടുപേരുണ്ട്; അവർ അന്യോന്യം ആരാധിച്ചിരുന്നു; അതിനപ്പുറത്തു പിന്നെ ഒന്നുമില്ല. ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ പിന്നിൽവെച്ചുള്ള നരകത്തിന്റെ ഈ തിരോഭാവം സ്വർഗ്ഗത്തിന്റെ ആവിർഭാവത്തിന് ആവശ്യമാണെന്നുവരാം. നമ്മൾ ചെകുത്താന്മാരെ കണ്ടുവോ? ആരെങ്കിലും അങ്ങനെയുണ്ടോ? നമ്മൾ പേടിച്ചുവോ? നമ്മൾ വ്യസനിച്ചുവോ? നമ്മളറിയാതായി. ഒരു പനിനീർപ്പൂമേഘം അതിനുമീതേ തൂങ്ങിക്കിടക്കുന്നു.
അപ്പോൾ ഈ രണ്ടുപേരും ഇങ്ങനെ, നന്നെ മുകളിൽ, പ്രകൃതിയിലുള്ള എല്ലാ അസംഭാവ്യതയോടുംകൂടി, കഴിഞ്ഞുപോന്നു—നന്നെ ചുവട്ടിലുമല്ല, ഒത്ത മുകളിലുമല്ല; മനുഷ്യന്റേയും ദേവന്റേയും നടുക്ക്; ചളിക്കു മുകൾബ്ഭാഗത്ത്, അന്തരീക്ഷത്തിനു ചുവട്ടിൽ, മേഘങ്ങൾക്കുള്ളിൽ; രക്തമാംസങ്ങളല്ലാതായി, ആപാദചൂഡം ആത്മാവും ആനന്ദമൂർച്ഛയുമായി; ഭൂമിയിൽ നടക്കാൻ വയ്യാത്തവിധം വൈശിഷ്ട്യം കൊണ്ടു നിറഞ്ഞുകഴിഞ്ഞു, ആകാശത്തിൽ മറഞ്ഞേക്കാൻ വയ്യാത്തവിധം മനുഷ്യത്വംകൊണ്ട് അപ്പോഴും കനത്തു, കീഴ്പോട്ടു വീഴാൻ കാത്തുംകൊണ്ടുള്ള ഏതോ രണ്ടു പരമാണുക്കളെപ്പോലെ തൂങ്ങി; സ്പഷ്ടമായി ഈശ്വരവിധിയുടെ അതിർത്തികൾക്കപ്പുറത്ത്; ആ ചക്രച്ചാൽ കാണാതെ; ഇന്നലെ, ഇന്നു, നാളെ, എന്നായി; അമ്പരന്ന്, ആഹ്ലാദം കേറി, മുകളിൽ പാറിക്കൊണ്ടു, പറന്നു പൊങ്ങിക്കൊണ്ട്, ചിലപ്പോൾ അപാരതയിലേക്കു പറന്നുകളയത്തക്കവിധം ലാഘവത്തോടുകൂടി; എല്ലാശാശ്വതത്വത്തിലേക്കും പൊങ്ങിപ്പറക്കാവുന്നവിധം ഏതാണ്ടൊരുങ്ങി; ഇങ്ങനെ ഓമനത്തത്തോടുകൂടി താരാട്ടപ്പെട്ട്, അവർ കണ്ണുംമിഴിച്ചു കിടന്നുറങ്ങി. ഹാ! ആദർശംകൊണ്ടും തന്റേടം മറിഞ്ഞ വാസ്തവാവസ്ഥയുടെ വിശിഷ്ടമായ ആലസ്യം!
ചിലപ്പോൾ, കൊസെത്ത് സുന്ദരിയായിരിക്കെ, അവളുടെ മുൻപിൽ മരിയുസ് കണ്ണു ചിമ്മും. ആത്മാവിലേക്കു നോക്കാനുള്ള ഉത്തമമാർഗ്ഗം അടഞ്ഞ കണ്ണുകളിലൂടെയാണ്.
ഇതെവിടെയ്ക്കാണെത്തിക്കുകയെന്നു മരിയുസ്സും കൊസെത്തും തീരെ ആലോചിച്ചില്ല. എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് അവർ കരുതി. അനുരാഗം എന്തോ ഒന്നിലേക്കെത്തിക്കും എന്നാശിക്കുന്നതു മനുഷ്യന്നുള്ള ഒരത്ഭുതാധികാരമാണ്.
ഴാങ് വാൽഴാങ് ഒന്നും ശങ്കിച്ചില്ല.
മരിയുസ്സോളംതന്നെ മനോരാജ്യക്കാരിയല്ലാതിരുന്ന കൊസെത്ത് ആഹ്ലാദവതിയാണ്; ഴാങ് വാൽഴാങ്ങിന്റെ സുഖത്തിന് അതു മതിയായിരുന്നു. കൊസെത്ത് കൊണ്ടാടിയിരുന്ന വിചാരങ്ങൾ, അവളുടെ ചില്ലറ കരുതലുകൾ, അവളുടെ ഹൃദയം നിറഞ്ഞിരുന്ന മരിയുസ്സിന്റെ രൂപം, അവളുടെ സുന്ദരവും ചാരിത്രമയവും സ്മേരതരവുമായ നെറ്റിത്തടത്തിന്റെ അതിരറ്റ പരിശുദ്ധിക്കു കുറവൊന്നും വരുത്തിയില്ല. ദേവൻ താമരപ്പൂവിനെയെന്നപോലെ കന്യക അനുരാഗത്തെ കൈയിൽ വെയ്ക്കുന്ന ആ ഒരു പ്രായമായിരുന്നു അവൾക്ക്. അതുകൊണ്ട് ഴാങ് വാൽഴാങ്ങിനു സ്വസ്ഥത കിട്ടി. എന്നല്ല, രണ്ടു കാമിനീകാമുകന്മാർ തങ്ങളുടെ അനുരാഗത്തെ അന്യോന്യം അറിയിച്ചു കഴിഞ്ഞാൽപ്പിന്നെ കാര്യങ്ങൾ എപ്പോഴും ഭംഗിയിൽ നടന്നുകൊള്ളും: തങ്ങളുടെ അനുരാഗത്തിന് അസുഖമുണ്ടാക്കിയേക്കാവുന്ന മൂന്നാമനെ അവർ, എല്ലാ കാമിനീ കാമുകൻമാരുടെ കാര്യത്തിലും, ശരിയായ കുറച്ചു ചില മുൻകരുതലുകൾകൊണ്ട്, എപ്പോഴും അന്ധകാരത്തിൽത്തന്നെ നിർത്തിപ്പോരും. അതുകൊണ്ട് ഴാങ് വാൽഴാങ് പറയുന്നതിനൊന്നും കൊസെത്ത് വിരോധം ഭാവിച്ചില്ല. അവൾ പുറത്തേക്കിറങ്ങുന്നുണ്ടോ? ഉവ്വ്, അച്ഛാ, ഞാനുമുണ്ട്.’ അവൾ പുറത്തേക്കില്ലേ? വളരെ നന്നായി. അയാൾക്ക് അന്നു വൈകുന്നേരം കൊസെത്തുമായി സംസാരിച്ചുകൂടണമെന്നാണോ? അവൾക്ക് ബഹുരസം. അയാൾ പതിവായി പത്തുമണിക്കു കിടക്കുന്നതുകൊണ്ട്, ആ സമയം കഴിഞ്ഞല്ലാതെ മരിയുസ് തോട്ടത്തിലേക്കു വരില്ല; അപ്പോൾ കൊസെത്ത് ഉമ്മറക്കോലായിലേക്കുള്ള നീണ്ട ചില്ലുവാതിൽ തുറക്കുന്നത് അയാൾക്കു തെരുവിൽ നിന്നാൽ കേൾകാകം. നിശ്ചയമായും, മരിയുസ്സിനെ ആരും പകൽ കണ്ടിട്ടില്ല. മരിയുസ് ജീവിച്ചിരിപ്പുണ്ടെന്നേ ഴാങ് വാൽഴാങ് കരുതാതായി. ഒരു ദിവസം രാവിലെ മാത്രം ഴാങ് വാൽഴാങ് കൊസെത്തോടു പറയുകയുണ്ടായി; ‘അപ്പോൾ പുറത്തതാ; കുമ്മായം!’ തലേ ദിവസം വൈകുന്നേരം ഒരാഹ്ലാദലഹരിയിൽ മരിയുസ് കൊസെത്തിനെ മതിലിന്മേലേക്കുന്തി.
നേരത്തെ കിടക്കാൻ പോകുന്ന കിഴവി തുസ്സാങ് ഉറക്കത്തെപ്പറ്റിയല്ലാതെ മറ്റൊന്നും ആലോചിച്ചിരുന്നില്ല; ഴാങ് വാൽഴാങ്ങിനെപ്പോലെതന്നെ അവളും അക്കാര്യത്തിൽ യാതൊന്നും അറിഞ്ഞിട്ടില്ല.
മരിയുസ് വീട്ടിലേക്കു കാലെടുത്തുകുത്തിയിട്ടില്ല. അയാൾ കൊസെത്തിന്റെ കൂടെയായിരിക്കുമ്പോൾ, തെരുവിൽനിന്ന് ആളുകൾ കാണുകയും ശബ്ദം കേൾക്കയും ചെയ്യാതിരിക്കാൻവേണ്ടി, അവർ ഒതുക്കുകൾക്കരികിലുള്ള ഒരു ചുമർമാടത്തിൽ ഒളിക്കും; അവിടെ അവർ പലപ്പോഴും സംസാരിക്കുന്നതിനു പകരമായി മരച്ചില്ലകളിലേക്കു സൂക്ഷിച്ചുനോക്കി, ഒരു നിമിഷത്തിൽ ഇരുപതു പ്രാവശ്യം അന്യോന്യം കൈയമർത്തിയതുകൊണ്ട് തൃപ്തിപ്പെട്ട്, അങ്ങനെ ഇരിക്കും. ആ സമയത്ത് അവരിൽനിന്നു മുപ്പതടി ദൂരെവെച്ച് ഒരിടിവെട്ടു നടന്നു എന്നുവെയ്ക്കുക, അവരറിഞ്ഞിരിക്കില്ല അത്; അത്രമേൽ ഒരാളുടെ മനോരാജ്യത്തിൽ മറ്റേ ആളുടെ മനോരാജ്യം ആണ്ടുമുങ്ങിയിരിക്കും.
സ്വച്ഛമായ പരിശുദ്ധി. മണിക്കൂറുകൾ മുഴുവനും വെളുത്തിട്ട്; ഏതാണ്ട് എല്ലാം ഒപ്പം; ഇത്തരം അനുരാഗം വെള്ളാമ്പലിന്റെ ഇതളുകളേയും വെള്ളപ്പിറാവിന്റെ തൂവലുകളേയും പറ്റിയുള്ള ഒരു സ്മരണയാണ്.
അവരുടേയും തെരുവിന്റെയും നടുക്കു തോട്ടം മുഴുവനുമുണ്ട്. മരിയുസ് വരികയും പോവുകയും ചെയ്യുന്ന ഓരോരിക്കലും പടിവാതിലിന്റെ അഴി നീക്കിയതു കാണാത്ത വിധത്തിൽ അതയാൾ സശ്രദ്ധം നേരെയാക്കും.
അയാൾ ഏകദേശം പാതിരയോടുകൂടിയാണ് മടങ്ങാറ്. നേരെ കുർഫെരാക്കിന്റെ താമസസ്ഥലത്തേക്കു ചെല്ലും. കുർഫെരാക് ബയോരെലോടു പറഞ്ഞു: ‘നിങ്ങൾ വിശ്വസിക്കുമോ? കുറച്ചു ദിവസമായിട്ടു രാത്രി ഒരു മണിക്കാണ് മരിയുസ് വീട്ടിലേക്കു വരാറ്.’
ബയോരെൽ മറുപടി പറഞ്ഞു: ‘നിങ്ങൾക്കെന്തു തോന്നുന്നു? ഒരു മതബോധക വിദ്യാർത്ഥിയിൽ എന്നും ഒരു തുരങ്കപ്പെട്ടിയുണ്ട്.’
ചിലപ്പോൾ കുർഫെരാക് കൈ കെട്ടി, ഒരു സഗൗരവമട്ടവലംബിച്ചു, മരിയുസ്സോടു പറയും: ‘ഹേ ചെറുപ്പക്കാരൻ നിങ്ങൾക്കു ചില വ്യവസ്ഥക്കേടു തുടങ്ങിയിട്ടുണ്ട്.’
കുർഫെരാക് ഒരു ലൗകികമനുഷ്യനായതുകൊണ്ടു, മരിയുസ്സിലുള്ള ഈ അദൃശ്യസ്വർഗ്ഗത്തിന്റെ പ്രതിഫലനം അയാൾക്കത്ര രസിച്ചില്ല; വികാരങ്ങളെ ഒളിച്ചു വെക്കുന്ന മട്ട് അത്രയൊന്നും അയാൾക്കില്ല; അതയാളെ അക്ഷമനാക്കി; ഇടയ്ക്കിടയ്ക്ക് അയാൾ മരിയുസ്സിനെ ഇഹലോകത്തേക്കു തിരിച്ചുവിളിക്കും.
ഒരു ദിവസം രാവിലെ, കുർഫെരാക് അയാൾക്ക് ഈയൊരുപദേശം ഇട്ടുകൊടുത്തു: ‘എന്റെ ചങ്ങാതി, നിങ്ങൾ ചന്ദ്രമണ്ഡലത്തിൽ, മനോരാജ്യലോകങ്ങളിൽ, കമ്പങ്ങളുടെ രാജ്യത്ത്, എണ്ണം പറഞ്ഞതിൽ, സോപ്പിൻപതയിൽ, താമസമാക്കിയിട്ടുള്ളതുപോലെ തോന്നുന്നു. ആട്ടെ, നല്ല കുട്ടിയല്ലേ, എന്നോടു പറയൂ, എന്താണവളുടെ പേര്?’
മരിയുസ്സിനെക്കൊണ്ടു ‘മിണ്ടിക്കാൻ’ യാതൊന്നിനും കഴിഞ്ഞില്ല. ആ കൊസെത്ത് എന്ന അനിർവചനീയനാമധേയത്തിന്റെ ദിവ്യാക്ഷരങ്ങളിൽ ഒന്നിനെപിഴുതെടുക്കുന്നതിനുമുൻപ് അവർ അയാളുടെ കൈനഖങ്ങളെ പറിച്ചെടുത്തു എന്നേ വരൂ. വാസ്തവാനുരാഗം പ്രഭാതത്തെപ്പോലെ പ്രകാശമാനവും ശവക്കല്ലറയെപ്പോലെ നിശ്ശബ്ദവുമാണ്. ഒന്നുമാത്രം, കുർഫെരാക് മരിയുസ്സിൽ ഈയൊരു മാറ്റം കണ്ടു; അയാളുടെ മൗനം ഒരു തിളങ്ങുന്ന തരത്തിലുള്ളതായിരുന്നു.
ഈ മനോഹരമായ മെയ്മാസത്തിൽ മരിയുസ്സും കൊസെത്തും അപാരങ്ങളായ ആഹ്ലാദങ്ങളെ അനുഭവിച്ചറിയാൻ പഠിച്ചു. പിന്നീട് നീ എന്നു പൂർവ്വാധികം ഭംഗിയിൽ പറയാൻവേണ്ടി, നീ എന്നതിനു പകരം നിങ്ങൾ എന്നു തമ്മിൽ തർക്കിച്ചു വിളിക്കുക, അവർക്ക് ഈ ലോകത്തിൽ യാതൊരു സംബന്ധവുമില്ലാത്ത ആളുകളെപ്പറ്റി ഒരു നിസ്സാരഭാഗവും വിടാതെ വളരെ നേരം സംസാരിക്കുക. അനുരാഗമെന്നു പറയപ്പെടുന്ന ആ ഉൾമയക്കുന്ന സംഗീതനാടകശാലയിൽ പാട്ടു പുസ്തകത്തിന്ന് ഒരു വിലയുമില്ലെന്നുള്ളതിന്റെ മറ്റൊരടയാളം.
മരിയുസ്സാണെങ്കിൽ, കൊസെത്ത് ഉടുപ്പിൻഭംഗികളെപ്പറ്റി സംസാരിക്കുന്നതു ശ്രദ്ധിച്ചു കേൾക്കുക;
കൊസെത്താണെങ്കിൽ, മരിയുസ് രാജ്യഭരണവിഷയത്തെപ്പറ്റി പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക.
കാൽമുട്ടോടു കാൽമുട്ടമർത്തി റ്യു ദ് ബബിലോങ്ങിലൂടെ സവാരിവണ്ടികൾ പാഞ്ഞുപോകുന്ന ശബ്ദം ശ്രദ്ധിക്കുക.
അന്തരീക്ഷത്തിലുള്ള ഒരേ ഗോളത്തെ മാത്രമോ, അല്ലെങ്കിൽ പുല്ക്കൊടിയിൽ മിന്നുന്ന ഒരേ മിന്നാമിനുങ്ങിനെ മാത്രമോ സൂക്ഷിച്ചുനോക്കുക;
ഒരുമിച്ചു രണ്ടുപേരും മിണ്ടാതിരിക്കുക; സംഭാഷണത്തേക്കാൾ കുറേക്കൂടി വലിയ ഒരു രസം;
മറ്റും, മറ്റും.
ഇതിനിടയിൽ നാനാപ്രകാരമുള്ള സമ്മിശ്രതകൾ വന്നുകൂടുന്നുണ്ടായിരുന്നു.
ഒരു ദിവസം മരിയുസ്, വൈകുന്നേരം, ദെ ആൻവലീദ് നടക്കാവിലൂടെ തന്റെ സങ്കേതസ്ഥലത്തേക്കു പോകയായിരുന്നു അയാൾ സാധാരണയായി തലയും താഴ്ത്തിയാണ് പോകാറ്. റ്യു പ്ളുമെയിലെ മൂലതിരിയുന്നേടത്തുവെച്ച്, ആരോ അടുക്കൽനിന്ന് ഇങ്ങനെ പറയുന്നതു കേട്ടു: ‘സലാം, മൊസ്യു മരിയുസ്.’
അയാൾ തല പൊക്കിനോക്കി; അത് എപ്പോനൈനാണ്.
ഇത് അയാളെ ഒന്നിളക്കിവിട്ടു. അവൾ തന്നെ റ്യു പ്ളുമെയിലേക്കു കൊണ്ടു പോയാക്കിയ ദിവസത്തിനുശേഷം ഒരിക്കലും അയാൾ ആ പെൺകിടാവിനെപ്പറ്റി ആലോചിച്ചിട്ടില്ല; അയാൾ അവളെ പിന്നെ കണ്ടിട്ടില്ല. അവൾ അയാളുടെ ഉള്ളിൽ നിന്നു പോയിരിക്കുന്നു. അവളെപ്പറ്റി അയാൾക്കു നന്ദിയല്ലാതെ മറ്റൊന്നും ഉണ്ടാവാൻ കാരണമില്ല; തന്റെ ഭാഗ്യത്തിന്ന് അയാൾ അവൾക്കു കടപ്പെട്ടിരിക്കുന്നു! എങ്കിലും, അവളെ കണ്ടുമുട്ടിയപ്പോൾ അയാൾ ഒന്നു സംഭ്രമിച്ചു.
ശുദ്ധവും സുഖസമൃദ്ധവുമായിരിക്കെ, കാമവികാരം മനുഷ്യനെ ഒരുതരം ഉത്തമത്വത്തിലെത്തിക്കുമെന്നു കരുതുന്നതു തെറ്റാണ്; ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, അതയാളെ ഒരുതരം വിസ്മൃതിയിലേക്കെത്തിക്കുന്നു. ഈ നിലയിൽ മനുഷ്യൻ ദുസ്സ്വഭാവിയാവാൻ മറക്കുന്നു; പക്ഷേ, സത്സ്വഭാവിയാവാനും അവൻ മറക്കുന്നു. നന്ദി, സ്വധർമ്മം ഓർമ്മിച്ചേ കഴിയൂ എന്നുള്ള ആവശ്യങ്ങളും പ്രധാനങ്ങളുമായ കാര്യങ്ങൾ എല്ലാം മറയുന്നു. മറ്റേതൊരു സമയത്തായാലും, മരിയുസ് ഒരിക്കലും ഇങ്ങനെയാവില്ല എപ്പൊനൈനോടു പെരുമാറുക. കൊസെത്തിൽ മുങ്ങി, ഈ എപ്പൊനൈന്ന് എപ്പൊനൈൻ തെനാർദിയെർ എന്നാണ് പേരെന്നും അച്ഛന്റെ മരണപത്രത്തിൽ എഴുതിയിട്ടുള്ള പേരാണ്—കുറച്ചുമാസം മുൻപാണെങ്കിൽ ഏതൊന്നിനുവേണ്ടി ജീവൻകൂടി കളയാൻ തയ്യാറാകുമായിരുന്നുവോ, ആ ഒരു പേരാണ്—അവൾക്കു കുടുംബപ്പേരെന്നും സ്പഷ്ടമായി ഓർമ്മിക്കുകകൂടി അയാൾ ചെയ്തില്ല. മരിയുസ്സിനെ ഞങ്ങൾ വാസ്തവമട്ടിൽ കാണിക്കുകയാണ്. അനുരാഗത്തിന്റെ പ്രകാശധോരണിയിൽ അയാളുടെ അച്ഛൻപോലും ആത്മാവിൽനിന്ന് ഏതാണ്ടു മങ്ങിമറഞ്ഞുപോയിരുന്നു.
അയാൾ അല്പം അമ്പരപ്പോടുകൂടി മറുപടി പറഞ്ഞു: ‘ഹോ! അപ്പോൾ നിങ്ങളാണല്ലേ, എപ്പൊനൈൻ?ട
‘എന്താണെന്നെ നിങ്ങൾ എന്നു വിളിക്കാൻ? ഞാൻ വല്ലതും തെറ്റു ചെയ്തുവോ?’
‘ഇല്ല’. അയാൾ ഉത്തരം പറഞ്ഞു.
നിശ്ചയമായും അയാൾക്കവളെ കുറ്റപ്പെടുത്താൻ യാതൊന്നുമില്ല. നേരേമറിച്ച് ഒന്നുമാത്രം, കൊസെത്തിനെ നീ എന്നു വിളിച്ച സ്ഥിതിക്ക് എപ്പൊനൈനോടു നിങ്ങൾ എന്നു പറകയല്ലാതെ വേറേ ഗതിയില്ലെന്ന് അയാൾക്കു തോന്നി.
അയാൾ മിണ്ടാതെ നിന്നപ്പോൾ അവൾ കുറച്ചുറക്കെ പറഞ്ഞു: ‘പറയൂ-’
അവൾ നിർത്തി. മുൻപ് അത്രമേൽ കൂസലറ്റവളും പ്രസരിപ്പുകാരിയുമായിരുന്ന പെണ്ണിനു വാക്കു കിട്ടാതായി എന്നു തോന്നി. അവൾ പുഞ്ചിരിയിടാൻ നോക്കി, സാധിച്ചില്ല. പിന്നീട് അവൾ തുടർന്നു: ‘അപ്പൊഴേ?’
പിന്നെയും അവൾ മിണ്ടാതായി; അവൾ കീഴ്പോട്ടും നോക്കി നിലവായി.
‘അങ്ങനെയാവട്ടെ, മിസ്റ്റർ മരിയുസ്.’ അവൾ പെട്ടെന്ന് അപ്രതീക്ഷിതമായി പറഞ്ഞു; അവൾ ഒരു നടകൊടുത്തു.
പിറ്റേദിവസം 1832 ജൂൺ 30-ആംനു യായിരുന്നു; മിന്നല്പിണർ തിങ്ങിയ മേഘങ്ങളുടെ മട്ടിൽ പാരിസ്സിന്റെ ആകാശാന്തത്തിൽ അക്കാലത്ത് തൂങ്ങിനിന്നിരുന്ന സഗൗരവസംഭവങ്ങൾ കാരണം എടുത്തുപറയേണ്ടുന്ന ഒരു തിയ്യതി. മരിയുസ്, തലേദിവസം വൈകുന്നേരത്തെപ്പോലെ, അതേവഴിക്കു മനസ്സിൽ അതേ സന്തോഷകരമങ്ങളായ വിചാരങ്ങളോടുകൂടി, അന്നും സന്ധ്യയ്ക്കു പോവുകയായിരുന്നു; എപ്പൊനൈൻ, അതാ, നടക്കാവിലെ മരക്കൂട്ടത്തിലൂടെ അയാൾക്കു നേരിട്ടുവരുന്നു; വഴിക്കുവഴിയെ രണ്ടു ദിവസം —ഇതു കുറച്ചേറി. അയാൾ ക്ഷണത്തിൽ ഒരു വശത്തേക്കു തിരിഞ്ഞു, നടക്കാവു വിട്ടു, വഴി മാറി, റ്യു മൊസ്യുവിലൂടേ റ്യു പ്ളുമെയിലേക്കു കടന്നു.
ഇതു കാരണം എപ്പൊനൈർ അയാളെ റ്യു പ്ളുമെവരെ പിൻതുടർന്നു—അവൾ അതേവരെ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒന്ന്. അന്നേവരെ, അയാൾ നടക്കാവിലൂടെ പോകുന്നതു നോക്കിക്കാണുകമാത്രം ചെയ്ത് അവൾ തൃപ്തിപ്പെട്ടിരുന്നു; അവൾ അയാളെ ചെന്നുകാണുകയുണ്ടായിട്ടില്ല. തലേദിവസം വൈകുന്നേരം മാത്രം അവൾ അയാളുമായി സംസാരിക്കാൻ നോക്കി.
അങ്ങനെ, അയാളറിയാതെ, എപ്പൊനൈൻ അയാളുടെ പിന്നാലെ പോന്നു. പടിവാതിലഴി മാറ്റി അയാൾ തോട്ടത്തിലേക്കു കടക്കുന്നത് അവൾ കണ്ടു.
അവൾ ആ വഴിവാതിലിന്റെ അടുത്തു ചെന്നു; ഓരോ അഴിയായി പിടിച്ചു നോക്കി, മരിയുസ് മാറ്റിവെച്ച അഴി ക്ഷണത്തിൽ കണ്ടുപിടിച്ചു.
ഒരു താഴ്ന്ന ശബ്ദത്തിലും നിരുന്മേഷമായ സ്വരത്തിലും അവൾ മന്ത്രിച്ചു: ‘അതൊന്നും പറ്റില്ല.’
അവൾ ആ അഴിവേലി കാക്കുകയാണെന്നപോലെ, അഴിക്കടുത്തു, ചുവട്ടിലെ അഴിത്തറയിന്മേൽ ഇരിപ്പായി. അത്, അഴിവേലി അടുത്തുള്ള മതിലിന്മേൽച്ചെന്നു മുട്ടുന്ന സ്ഥലത്തായിരുന്നു. അവിടെ ഒരിരുണ്ട മൂലയുണ്ട്; അതിൽ എപ്പൊനൈൻ തീരെ കാണാതായി.
അവിടെ ഒരു മണിക്കൂറുനേരം, അനങ്ങാതെ, ശ്വാസം കഴിക്കുകകൂടി ചെയ്യാതെ, ആലോചനകളിൽ മുങ്ങി, അവൾ അങ്ങനെ ഇരുന്നു.
വൈകുന്നേരം പത്തുമണിയോടുകൂടി, റ്യു പ്ളുമെയിലൂടെ കടന്നുപോകയുണ്ടായ രണ്ടോ മൂന്നോ പേരിലൊരാൾ, ആ ദുഷ്പേരുള്ള വിജനപ്രദേശത്തുനിന്നു രക്ഷപ്പെടാൻവേണ്ടി ബദ്ധപ്പെട്ടു പോകുന്ന ഒരു നേരംവൈകിയ വയസ്സൻ പ്രമാണി, തോട്ടവേലിക്കു കരയിട്ടു, മതിലുമായി കൂട്ടിമുട്ടുന്ന മൂല തിരിഞ്ഞുനടക്കുമ്പോൾ, കനം കൂടിയതും പേടിപ്പെടുത്തുന്നതുമായ ഒരൊച്ച ഇങ്ങനെ പറയുന്നതു കേട്ടു: ‘അദ്ദേഹം ദിവസംപ്രതി വൈകുന്നേരം ഇവിടെ വരുന്നതിൽ എനിക്കത്ഭുതമില്ലാതായി.’
വഴിപോക്കൻ ഒന്നു ചുറ്റും നോക്കി, ആരേയും കണ്ടില്ല; ആ ഇരുണ്ട മതിൽമാടത്തിലേക്കു നോക്കാൻ ധൈര്യപ്പെട്ടില്ല; അയാൾ വല്ലാതെ പരിഭ്രമിച്ചു. അയാൾ ഇരട്ടി വേഗത്തിൽ നടന്നു.
ഈ വഴിപോക്കൻ കുതികുതിച്ചതു വെറുതെയല്ല; കുറച്ചു നിമിഷങ്ങൾക്കുള്ളിൽ, വെവ്വേറെ ദൂരെ വിട്ടുവിട്ടു മതിലോരത്തിലൂടെ നടന്നുപോന്നിരുന്നവരും പാറാവുകാരെന്നു തോന്നാവുന്നവരുമായ ആറുപേർ റ്യു പ്ളുമെയിലേക്കു കടന്നു.
തോട്ടവേലിക്കടുത്തെത്തി ആദ്യത്തെ ആൾ നിന്നു, മറ്റുള്ളവരെ കാത്തു; ഒരു നിമിഷം, ആറുപേരും വീണ്ടും ഒത്തുകൂടി.
ഇവർ താഴ്ന്ന സ്വരത്തിൽ പറയാൻ തുടങ്ങി.
‘ഇതാണ് സ്ഥലം.’ ഒരാൾ പറഞ്ഞു.
‘തോട്ടത്തിൽ കൂലിവണ്ടി (നായ) യുണ്ടോ?’ മറ്റൊരാൾ ചോദിച്ചു.
‘എനിക്കറിഞ്ഞുകൂടാ. ഏതായാലും ഞാനൊരു പന്തുകൊണ്ടന്നിട്ടുണ്ട്; അതിനെക്കൊണ്ടു ഞാൻ തീറ്റും.’
‘കണ്ണാടിച്ചില്ലു പൊട്ടിച്ചെടുക്കാൻ കുറച്ചു പശക്കൂട്ടു കൈയിലുണ്ടോ?’
‘ഉണ്ട്.’
‘അഴി പഴയതാണ്.’ ഒരുദരഭാഷകന്റെ ഒച്ചയുള്ള അഞ്ചാമൻ, ഇടയിൽക്കടന്നു പറഞ്ഞു.
‘അത്രയും നന്നായി.’ രണ്ടാമതു സംസാരിച്ച ആൾ പറഞ്ഞു.
‘രാവിയാൽ ശബ്ദിക്കില്ല; മുറിക്കാൻ ഞെരുക്കമുണ്ടാവില്ല.’
അതേവരെ വായതുറക്കാത്ത ആറാമൻ അപ്പോൾ, ഒരു മണിക്കൂർ മുൻപ് എപ്പൊനൈൻ ചെയ്കയുണ്ടായതുപോലെ, ഓരോ അഴിയും വഴിക്കുവഴിയെ പിടിച്ചു സശ്രദ്ധം ഇളക്കിനോക്കിക്കൊണ്ടു പടിയുടെ പരീക്ഷണം ആരംഭിച്ചു.
അങ്ങനെ അയാൾ മരിയുസ് ഇളക്കിയെടുത്ത അഴിയിന്മേലെത്തി. മുൻപ് എപ്പൊനൈൻ ചെയ്കയുണ്ടായതുപോലെ, ഓരോ അഴിയും വഴിക്കുവഴിയെ പിടിച്ചു സശ്രദ്ധം ഇളക്കിനോക്കിക്കൊണ്ടു പടിയുടെ പരീക്ഷണം ആരംഭിച്ചു.
അങ്ങനെ അയാൾ മരിയുസ്സ് ഇളക്കിയെടുത്ത അഴിയിന്മേലെത്തി. ആ അഴിപിടിക്കാൻ തുടങ്ങുന്നതോടുകൂടി, ഇരുട്ടിൽ നിന്ന് അപ്രതീക്ഷിതമായി ആവിർഭവിച്ച ഒരു കൈ അയാളുടെ കൈയിന്മേൽ പതിച്ചു. നെഞ്ഞിന്റെ നടുക്കായി ശക്തിയിൽ ഒരുന്തുന്തി, ആരോ അയാളെ പിന്നോക്കം നീക്കി; ഒരു പരുക്കനൊച്ച, പക്ഷേ, വളരെ പതുക്കെ, അയാളോടു പറഞ്ഞു: ‘നായയുണ്ട്.’
അതോടുകൂടി, ഒരു വിളർത്ത പെൺകുട്ടി മുൻപിൽ നില്ക്കുന്നത് അയാൾ കണ്ടു.
അപ്രതീക്ഷിതമായതെന്തും എപ്പോഴും ഉണ്ടാക്കിത്തീർക്കുന്ന ആ ഒരു ഞെട്ടൽ അയാൾ ഞെട്ടി. ഒരു ഭയങ്കരമട്ടിൽ അയാളുടെ രോമം എടുത്തുപിടിച്ചു; അസ്വസ്ഥമായിത്തീർന്ന ഒരു നിഷ്ഠുരമൃഗത്തെപ്പോലെ കാഴ്ചയിൽ ഭയങ്കരമായിട്ടു മറ്റൊന്നുമില്ല; അവയുടെ ഭയപ്പെട്ട മട്ടു ഭയം തോന്നിക്കുന്നു.
അയാൾ പിന്നോട്ടു വാങ്ങി, വിക്കിപ്പറഞ്ഞു: ‘ഇതേതു പെണ്ണാണ്?’
‘സ്വന്തം മകൾ.’
വാസ്തവത്തിൽ തെനാർദിയെരോടു സംസാരിച്ചിരുന്നത് എപ്പൊനൈനാണ്.
എപ്പൊനൈന്റെ അപ്രതീക്ഷിതാവിർഭാവത്തോടുകൂടി മറ്റുള്ള അഞ്ചുപേർ—ക്ലക്സും ഗ്വെൽമെറും ബബെയും ബ്രുഴോങ്ങും മൊങ് പർനാസ്സും—ഒച്ചയില്ലാതെ, ദ്രുതഗതികൂടാതെ, ഒരക്ഷരവും മിണ്ടാതെ, ഇത്തരം രാത്രിഞ്ചരന്മാരുടെ സവിശേഷതയായ ഒരു വല്ലാത്ത മന്ദതയോടുകൂടി, അടുത്തെത്തിയിരുന്നു.
അവർണ്ണ്യങ്ങളും പക്ഷേ, ഭയങ്കരങ്ങളുമായ ചില ആയുധങ്ങൾ അവരുടെ കൈയിൽ കാണാനുണ്ട്. കള്ളന്മാർ ‘കുത്ത്യാലി’ എന്നു വിളിക്കുന്ന ഒരു കൂട്ടുവളയൻ ചവണ ഗ്വെൽമെർ കൈയിൽ പിടിച്ചിരുന്നു.
‘അപ്പോൾ നോക്കൂ, എന്താ നീയ്യിവിടെ കാട്ടുന്നത്? ഞങ്ങളെക്കൊണ്ടു നിനക്കെന്തു വേണം? നൊസ്സുണ്ടോ?’ കഴിയുന്നേടത്തോളം ഉച്ചത്തിലും പതുക്കെയുമായി തെനാർദിയെർ ചോദിച്ചു. ‘ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ നിയ്യെന്തിനിങ്ങോട്ടു വന്നു?’
എപ്പൊനൈർ പൊട്ടിച്ചിരിച്ച്, അച്ഛന്റെ കഴുത്തിൽ തൂങ്ങി.
‘എന്റെ അച്ഛാ, ഞാനിങ്ങോട്ടു വന്നതുകൊണ്ടു, ഞാനിങ്ങോട്ടു വന്നു. എന്ത്, ഇക്കാലത്ത് ആളുകൾക്കു കല്ലിന്മേൽ ഇരുന്നുകൂടേ? നിങ്ങളാണ് ഇവിടെ വരാൻ പാടില്ലാത്തത്. ബിസ്കോത്താണെന്നറിഞ്ഞിട്ടും നിങ്ങളെന്തിനിങ്ങോട്ടു പോന്നു? ഞാൻ അതു മഞോവിനോടു പറഞ്ഞിരുന്നു. ഇവിടെ ഒന്നും കാട്ടാനില്ല. ആട്ടെ, എന്റെ അച്ഛനല്ലേ, എന്നെ ഒന്നു പിടിച്ചുപൂട്ടു. എത്ര കാലമായി ഞാൻ അച്ഛനെ കണ്ടിട്ട്! അപ്പോൾ പുറത്തായി?’
എപ്പൊനൈന്റെ പിടിയിൽനിന്നു വിട്ടുപോരാൻ അയാൾ ശ്രമിച്ചു; ഇങ്ങനെ മുരണ്ടു; ‘അതു നന്ന്. നീയ്യെന്നെ പിടിച്ചുപൂട്ടി. ഉവ്വ്, ഞാൻ പുറത്തായി. ഞാനകത്തല്ല. ഇനി, പോയാട്ടെ.’
പക്ഷേ, എപ്പൊനൈൻ വിട്ടില്ല; എന്നല്ല താലോലിക്കൽ ഇരട്ടിച്ചു.
‘അച്ഛാ, എങ്ങനെ പറ്റിച്ചു അത്? അതിന്നുള്ളിൽനിന്നു പുറത്തു ചാടണമെങ്കിൽ അച്ഛൻ കുറെയേറെ സമർത്ഥനാവണം. അതൊന്നു പറഞ്ഞുതരൂ! എന്റെ അമ്മ? അമ്മയെവിടെ? അമ്മയുടെ കഥ പറയൂ.’
തെനാർദിയെർ മറുപടി പറഞ്ഞു: ‘അമ്മയ്ക്കു സുഖമാണ്. എനിക്കറിഞ്ഞുകൂടാ. എന്നെ വിട്ടു പോയാട്ടെ, ഞാൻ പറയുന്നു.’
‘ഞാൻ പോവില്ല, പോ-വി-ല്ല’, ഒരു ശാഠ്യംപിടിക്കുന്ന കുട്ടിയെപ്പോലെ അവൾ കിണുങ്ങിപ്പറഞ്ഞു. ‘അച്ഛൻ എന്നെ ആട്ടിയയച്ചു; നാലുമാസമായി ഞാനച്ഛനെ കണ്ടിട്ട്. ഒന്നുമ്മവെയ്യ്ക്കാൻകൂടി എനിക്ക് പിന്നെ കഴിഞ്ഞിട്ടില്ല.’
അവൾ പിന്നെയും അച്ഛന്റെ കഴുത്തിൽ പിടികൂടി.
‘അപ്പോൾ, ഇതെന്തു കഥയില്ലായ്മയാണ്!’ ബബെ പറഞ്ഞു.
‘വേഗമാകട്ടെ!’ ഗ്വെൽമെർ പറഞ്ഞു.
‘ആമക്കാർ കടന്നുപോവും.’
ഉദരഭാഷകന്റെ ശബ്ദം ഈ ഒരു ശ്ലോകാർദ്ധത്തെ ഉരുവിട്ടു:
‘കൊല്ലം തുടങ്ങലല്ലിന്നു
തന്ത തള്ളയെ നക്കുവാൻ.’
എപ്പൊനൈൻ അഞ്ചു ഘാതുകന്മാരുടെ അടുക്കലേക്കു തിരിഞ്ഞു.
‘അല്ല, ഇതു മൊസ്യു ബ്രൂഴോങ്ങാണ്. സലാം, മൊസ്യു ബബെ. സലാം, മൊസ്യു ക്ലക്സു. എന്നെ അറിയില്ലേ, മൊസ്യു ഗ്വെൽമെർ? സുഖംതന്നെയോ, മൊങ് പർനാസ്സ്?’
‘ഉവ്വുവ്വ്, അവർക്കറിയാം നിന്നെ!’ തെനാർദിയെർ ഉച്ചത്തിൽ പറഞ്ഞു. ‘പക്ഷേ, സലാം, നമസ്കാരം. നിയ്യവിടുന്നു പോയാട്ടെ! ഞങ്ങളെ വിടു!’
‘ഇതു കുറുക്കന്മാർക്കുള്ള സമയമാണ്, കോഴിക്കുട്ടികളുടേതല്ല.’
മൊങ്പർനാസ്സ് പറഞ്ഞു.
‘ഞങ്ങൾ ചെയ്യാൻ പോകുന്നതു കണ്ടില്ലേ?’ ബബെ തുടർന്നു.
എപ്പൊനൈർ മൊങ്പർസ്സിന്റെ കൈ പിടിച്ചു.
‘നോക്കണേ’, അയാൾ പറഞ്ഞു. ‘നിങ്ങളുടെ കൈ മുറിയും; എന്റെ കൈയിൽ ഒരു നിവർത്തിയ കത്തിയുണ്ട്.’
‘എന്റെ മൊങ്പർനാസ്സ് കുട്ടി’, എപ്പൊനൈർ വലിയ സൗമ്യസ്വരത്തിൽ പറഞ്ഞു. ‘നിങ്ങൾക്കാളുകളെ വിശ്വാസം വേണം. ഞാൻ, ഒരു സമയം, എന്റെ അച്ഛന്റെ മകളാണ്. മൊസ്യു ബബെ, മൊസ്യു ഗ്വെൽമെർ, ഈ കാര്യം അന്വേഷിക്കാൻ ഏല്പിച്ചിരുന്നത് എന്നെയാണ്.’
എപ്പൊനൈൻ കന്നഭാഷ സംസാരിച്ചിരുന്നില്ലെന്നുള്ളതു നോക്കേണ്ടതാണ്. മരിയുസ്സിനെ കണ്ടതിനുശേഷം ആ ഭയങ്കരഭാഷ അവൾക്കു പുറപ്പെടുവിക്കാൻ വയ്യാതായി.
അവൾ ഒരു കങ്കാളത്തിന്റേതുപോലെ ചെറുതും എല്ലുന്തിയതും ക്ഷീണിച്ചതുമായ തന്റെ കൈയിൽവെച്ചു ഗ്വെൽമെരുടെ പരുത്ത പോത്തൻവിരലുകളെ അമർത്തിക്കൊണ്ടു തുടർന്നു പറഞ്ഞു:
‘ഞാൻ വിഡ്ഢിയല്ലെന്നു നിങ്ങൾക്കു നല്ലപോലെയറിയാം. സാധാരണമായി നിങ്ങൾക്കെന്നെ വിശ്വാസമാണ്. പലതവണയും ഞാൻ നിങ്ങളെ സഹായിച്ചിട്ടുമുണ്ട്. അപ്പോൾ, ഞാനന്വേഷിച്ചു; ഒരാവശ്യവുമില്ലാതെ നിങ്ങൾ തല കാട്ടുകയാണ്, കേട്ടുവോ? ഞാൻ ശപഥം ചെയ്യുന്നു, ഈ വീട്ടിൽ യാതൊന്നുമില്ല.’
‘ഇവിടെ സ്ത്രീകൾ മാത്രമാണ്.’ ഗ്വെൽമെർ പറഞ്ഞു.
‘അല്ല, അവർ ഇവിടെനിന്നു മാറി.’
‘വിളക്കു പോയിട്ടില്ല, ഏതായാലും.’ ബബെ കുറച്ചുച്ചത്തിൽ പറഞ്ഞു.
മരങ്ങൾക്കു മുകളിലൂടെ അവൻ എപ്പൊനൈന്നു ബംഗ്ലാവിന്റെ തട്ടു മേല്പുരയിലൂടെ അങ്ങുമിങ്ങും നടക്കുന്ന ഒരു വെളിച്ചം കാണിച്ചുകൊടുത്തു. അതു ചില വസ്ത്രങ്ങൾ തോരാൻ വിരിക്കുന്ന തുസ്സാങ്ങായിരുന്നു.
എപ്പൊനൈൻ ഒടുവിൽ ഒരു വിദ്യയെടുത്തു.
‘ശരി’, അവൾ പറഞ്ഞു. ‘അതു വെറും പാവങ്ങളാണ്; ഇത് ഒരു സൂകൂടിയില്ലാത്ത ചെറ്റപ്പുരയാണ്.’
‘പോ കടന്നു!’ തെനാർദിയെർ പറഞ്ഞു. ‘ഞങ്ങൾ വീടു കീഴുമേലു മറിച്ചു, നിലവറ മുകളിലും തട്ടിൻപുറം ചുവട്ടിലുമാക്കിയതിനു ശേഷം പറയാം അതിലെന്തുണ്ടെന്ന്. ഫ്രാങ്കോ സൂവോ ഫാർതിങ്ങോ എന്തെന്ന്.’
അകത്തേക്കു കടക്കാനൊരുങ്ങി, അയാൾ അവളെ ഉന്തിനീക്കി.
‘എന്റെ പ്രിയപ്പെട്ട ചങ്ങാതി, മിസ്റ്റർ മൊങ്പർനാസ്സ്’, എപ്പൊനൈൻ പറഞ്ഞു, ‘ഞാനപേക്ഷിക്കുന്നു. നിങ്ങൾ നല്ലൊരാളാണ്, അകത്തേക്കു പോവരുത്.’
‘സൂക്ഷിക്കണേ, നിങ്ങളുടെ കൈ മുറിയും,’ മൊങ്പർനാസ്സ് മറുപടി പറഞ്ഞു.
തെനാർദിയെർ നിശ്ചയം കാണിക്കുന്ന തന്റെ സ്വരത്തിൽ വീണ്ടും തുടർന്നു: ‘പോയാട്ടെ, എന്റെ പെണ്ണേ, ആണുങ്ങൾ അവരുടെ പണി നോക്കിക്കൊള്ളട്ടെ.’
ഏപ്പൊനൈൻ, താൻ വീണ്ടും പിടികൂടിയിരുന്ന മൊങ്പർനാസ്സിന്റെ കൈവിട്ടു, പറഞ്ഞു: ‘അപ്പോൾ നിങ്ങൾ അകത്തേക്കു കടക്കാനുറച്ചു?’
‘ഏതാണ്ട്!’ ഉദരഭാഷകൻ പല്ലിളിച്ചു.
ഉടനെ അവൾ ആ പടിയുടെനേരെ പുറമാക്കിനിന്ന്, ആസകലം ആയുധം ധരിച്ചവരും രാത്രിയിൽനിന്നു വെറും പിശാചുക്കളുടെ മുഖാകൃതികൾ കടംകിട്ടിയിരുന്നവരുമായ ആ ആറു ഘാതുകന്മാരെയും നോക്കി, താഴ്ന്ന ദൃഢസ്വരത്തിൽപറഞ്ഞു; ‘എന്നാൽ, നിങ്ങൾ അതുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല.’
അവർ അമ്പരന്നു നിലവായി. എന്തായാലും ഉദരഭാഷകൻ തന്റെ ഇളി നിർത്തി. അവൾ തുടർന്നു: ‘കൂട്ടുകാരേ! നല്ലവണ്ണം കേട്ടോളൂ. ഇതല്ല നിങ്ങൾക്കു വേണ്ടത്, ഇതാ, ഞാൻ പറയുന്നു. ഒന്നാമതു നിങ്ങൾ ഈ തോട്ടത്തിൽ കടന്നാൽ, ഈ പടിവാതിലിന്മേൽ ഒരു കൈ വെച്ചാൽ, ഞാൻ നിലവിളിക്കും. ഞാൻ വാതിലിന്മേൽ തല്ലും. ഞാൻ എല്ലാവരേയും വിളിച്ചുണർത്തും. ഞാൻ നിങ്ങൾ ആറുപേരെയും പിടിപ്പിക്കും, ഞാൻ പൊല്ലീസ്സുകാരെ വിളിച്ചുവരുത്തും.’
‘അതവൾ ചെയ്യും താനും.’ തെനാർദിയെർ ഒരു താഴ്ന്ന സ്വരത്തിൽ ബ്രൂഴോങ്ങിനോടും ഉദരഭാഷകനോടുമായി പറഞ്ഞു. അവരും തല കുലുക്കി, തുടർന്നു: ‘ആദ്യം അച്ഛനെ.’
തെനാർദിയെർ അടുത്തു ചെന്നു.
‘ഹേ, എന്റെ കൊള്ളാവുന്ന മനുഷ്യാ, ഇതാ, അത്ര അടുത്തു വരേണ്ട.’
പല്ലുകൾക്കിടയിലൂടെ ഇങ്ങനെ മുരണ്ടുംകൊണ്ട് അയാൾ പിന്നോക്കം വാങ്ങി. ‘എന്ത്, എന്തേ ഇവൾക്കു പറ്റിപ്പോയത്?’ അയാൾ തുടർന്നു: ‘പട്ടി!’
അവൾ ഒരു ഭയങ്കരമട്ടിൽ ചിരിക്കാൻ തുടങ്ങി: ‘ഇഷ്ടം, പക്ഷേ, ഇങ്ങോട്ടു കടക്കാൻ പാടില്ല. ഞാൻ ചെന്നായയുടെ മകളായതുകൊണ്ടു. ഞാൻ ഒരു നായയുടെ മകളല്ല. നിങ്ങൾ ആറുപേരുണ്ട്; അതുകൊണ്ട് എനിക്കെന്ത്? നിങ്ങൾ പുരുഷന്മാരാണ്. ശരി, ഞാനൊരു സ്ത്രീയാണ്. നിങ്ങൾ എന്നെ പേടിപ്പിക്കുന്നില്ല. ഞാൻ പറയുന്നു, എനിക്കിഷ്ടമില്ലാത്തതുകൊണ്ടു നിങ്ങൾ ഈ വീട്ടിൽ കടക്കാൻ പാടില്ല; നിങ്ങൾ അടുത്തു വന്നാൽ ഞാൻ കുരയ്ക്കും. ഞാൻ പറഞ്ഞില്ലേ, ഞാൻ നായയാണ്; എനിക്കു നിങ്ങൾ ഒരു പുല്ലിനില്ല. നിങ്ങളുടെ പാട്ടിനു പൊയ്ക്കൊൾക: എന്നെ നിങ്ങൾ ശുണ്ഠിപിടിപ്പിക്കുന്നു! നിങ്ങൾക്ക് ഇഷ്ടമുള്ളേടത്തു പോവാം; പക്ഷേ, ഇങ്ങോട്ടു വരാൻ പാടില്ല. ഞാൻ സമ്മതിക്കില്ല! നിങ്ങൾക്കു നിങ്ങളുടെ കത്തിയുപയോഗിക്കാം; ഞാൻ എന്റെ ചവുട്ടും ഉപയോഗിക്കും; എനിക്കതു രണ്ടും ശരിയാണ്, വന്നോളിൻ!’
അവൾ ആ ഘാതുകന്മാരുടെ അടുക്കലേക്ക് ഒരടിവെച്ചു; അവൾ ഭയങ്കരിയായി, അവൾ പൊട്ടിച്ചിരിച്ചു പറഞ്ഞു ‘ഈശ്വര! എനിക്കു ഭയമില്ല. ഈ വേനൽക്കാലത്തു ഞാൻ പട്ടിണിക്കിടക്കും; ഈ മഴക്കാലത്തു ഞാൻ തണുത്തുകിടക്കും. ഈ പുരുഷന്മാരായ പൊണ്ണന്മാർ എന്തിനു കൊള്ളും, അവർക്ക് ഒരു പെൺകുട്ടിയെ പേടിപ്പെടുത്താമത്രേ! എന്ത്! പേടിപ്പെടുത്തുകയോ? ഓ, ഉവ്വ്, പെരുത്ത്! നിങ്ങൾ ഒന്നൊച്ച വലുതാക്കുമ്പോഴെയ്ക്കു കട്ടിലിനു ചുവട്ടിലൊളിക്കുന്ന ചില ശൃംഗാരപ്പാവകളായ വെപ്പാട്ടികൾ നിങ്ങൾക്കുണ്ട്. അതുകൊണ്ട്. നേര്! എനിക്കു യാതൊന്നിനേയും ഭയമില്ല, എനിക്കില്ല!’
അവൾ തെനാർദിയെരുടെ മേലേക്കു സശ്രദ്ധം ഊന്നിനോക്കിയിട്ടു പറഞ്ഞു: ‘ഇല്ല, അച്ഛനേയുമില്ല.’
എന്നിട്ട്, ആ ഘാതുകന്മാരുടെ നേർക്കു, വഴിക്കുവഴിയേ, ചോരതുടിച്ചു പിശാചിന്റെപോലുള്ള കൺകൊണ്ട് അവൾ ഓരോ നോട്ടം നോക്കി, വീണ്ടും തുടർന്നു: ‘എന്റെ അച്ഛന്റെ മുണ്ടൻവടികൊണ്ടുള്ള തല്ലേറ്റു റ്യു പ്ളുമെയിലെ കൽവിരിപ്പിൽ നിന്ന് എന്നെ നാളെ രാവിലെ പെറുക്കിയെടുക്കുകയോ, അല്ലെങ്കിൽ മുറിഞ്ഞുതുടങ്ങിയ പഴേ കെടേശ്ശങ്ങളുടേയും മുങ്ങിച്ചത്ത നായ്ക്കളുടേയും ഇടയിൽനിന്നു ഇന്നുമുതൽ ഒരു കൊല്ലം കഴിഞ്ഞിട്ടു സാങ് ക്ലോദിലേയോ സ്വാങ് ദ്വീപിലേയോ വല വീശലിൽ കുടുങ്ങിക്കിട്ടുകയോ ചെയ്താൽ എനിക്കെന്താണ്?’
അവൾക്കിവിടെ നിർത്തേണ്ടിവന്നു; അവൾക്ക് ഒരു ചുമ വന്നു. മരണഞെരക്കംപോലെ, അവളുടെ ക്ഷീണിച്ച് ഇടുങ്ങിയ മാറിടത്തിൽനിന്നു ശ്വാസം പൊന്തി.
അവൾ തുടർന്നു: ‘എനിക്ക് ഒന്നുറക്കെ നിലവിളിക്കുക മാത്രമേ വേണ്ടു, ആളുകൾ വരികയായി; അതാ; അടി, തീർന്നു! നിങ്ങൾ ആറു പേരുണ്ട്; ഞാൻ ലോകത്തിനു മുഴുവനും പകരമാണ്.’
തെനാർദിയെർ അവളുടെ അടുക്കലേക്കു ചെല്ലാൻ ഭാവിച്ചു.
‘അടുക്കരുത്!’ അവൾ നിലവിളിച്ചു.
അയാൾ നിന്നു, പതുക്കെ പറഞ്ഞു: ‘ശരി, ഇല്ല; ഞാനടുക്കില്ല; പക്ഷേ, ഇത്രയുറക്കെ പറയരുത്. അപ്പോൾ, എന്റെ മകളേ, നീ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ തന്നെയാണ് ഭാവം, അല്ലേ? പക്ഷേ, ഞങ്ങൾക്കു കഴിഞ്ഞുകൂടാനുള്ള വക നോക്കണമല്ലോ. നിന്റെ അച്ഛനെപ്പറ്റി നിനക്ക് ഒട്ടും ദയയില്ലാതായോ?’
‘നിങ്ങൾ എന്നെ അലട്ടുന്നു,’ എപ്പൊനൈൻ പറഞ്ഞു.
‘പക്ഷേ, ഞങ്ങൾക്കു കഴിഞ്ഞുകൂടണം, ഞങ്ങൾക്കു വല്ലതും തിന്നണം-’
‘ലഹള!’
ഇങ്ങനെ പറഞ്ഞ് അവൾ വേലിയുടെ അഴിത്തറമേൽ ഇരുന്നു പാടി:
‘എന്റെ കൈയോ തടിച്ചുകൊഴുത്തതാ,—ണെന്റെ കാൽകളോ നല്ക്കരുത്തുള്ളവ; നേരമാണീക്കളയുന്നതെല്ലാമേ.’
അവൾ കാൽമുട്ടുകളിന്മേൽ കൈമുട്ടൂന്നി, കൈകൊണ്ടു കവിൾ താങ്ങി. ഒരൌദാസീന്യത്തോടുകൂടി കാലടികളെ ഊഞ്ഞാലാട്ടിക്കൊണ്ട് ഇരിപ്പായി. അവളുടെ കീറിപ്പറിഞ്ഞ മേലുടുപ്പു മെലിഞ്ഞ ചുമലെല്ലുകളെ പുറത്തു കാണിച്ചിരുന്നു. അടുത്ത തെരുവിലുള്ള റാന്തൽ അവളുടെ മുഖാകൃതിയെയും സമ്പ്രദായത്തെയും തെളിയിച്ചു കാണിച്ചു. അതിലധികം നിശ്ചയദാർഢ്യവും അത്ഭുതകരത്വവുമുള്ള മറ്റൊന്നും കാണാൻ വയ്യാ.
ഒരു പെൺകുട്ടിയാൽ പിടിച്ചുനിർത്തപ്പെട്ടതുകൊണ്ടു നാക്കു പൊന്താതായി മുഖം കരുവാളിച്ചുപോയ ആ ആറു നികൃഷ്ടജന്തുക്കളും റാന്തൽവിളക്കിന്റെ നിഴലിലൂടെ പിന്നോക്കം മടങ്ങി, ഭയങ്കരങ്ങളും അവമാനമയങ്ങളുമായ തോൾ ചുളുക്കലുകളോടുകൂടി എന്തോ തമ്മിൽ കൂടിയാലോചിച്ചു.
ഈയിടയ്ക്ക് അവൾ ദൃഢമെങ്കിലും ശാന്തമായ നോട്ടത്തോടുകൂടി അവരെ സൂക്ഷിച്ചുനോക്കിയിരുന്നു.
‘എന്തോ അവൾക്കിതിലൊന്നുണ്ട്,’ ബബെ അഭിപ്രായപ്പെട്ടു. ‘ഒരു കാരണമുണ്ട്. അവൾ നായയുമായി അനുരാഗത്തിൽപ്പെട്ടുവോ? ഏതായാലും ഇതു പറഞ്ഞാൽ കുറവാണ്. രണ്ടു സ്ത്രീകൾ, പിന്നിലെ ചായ്ച്ചുകെട്ടിയിൽ താമസിക്കുന്ന ഒരു തന്ത, ജനാലകളിൽ അത്ര മോശമല്ലാത്ത തിരശ്ശീലയും, ആ തന്തക്കഴു ഒരു യഹൂദനായിരിക്കണം. കാര്യം നന്നെന്നാണ് എന്റെ ബോധ്യം.’
‘ആട്ടെ, എന്നാൽ, നിങ്ങളെല്ലാവരും അകത്തേക്കു പൊയ്ക്കോളിൻ.’ മൊങ്പർനാസ്സ് പറഞ്ഞു; ‘കാര്യം കഴിയട്ടെ. ഞാൻ ഇവിടെ ഈ പെണ്ണിനെ കാത്തും കൊണ്ട് നില്ക്കാം; അവൾ നമ്മെ തോല്പിക്കുന്ന പക്ഷം…’
അവൻ തന്റെ കൈയിൽ പിടിച്ചിരുന്ന കത്തി ആ റാന്തൽവെളിച്ചത്തിൽ ഒന്നുമിന്നിച്ചു.
തെനാർദിയെർ ഒന്നും മിണ്ടിയില്ല; മറ്റുള്ളവരുടെ ഇഷ്ടം പ്രവർത്തിക്കാൻ അയാൾ തെയ്യാറാണെന്നു തോന്നി.
ഏതാണ്ടൊരു പ്രതിഷ്ഠപോലെയിരുന്ന ബ്രൂഴോങ്—വായനക്കാർക്കറിവുള്ള വിധം ആ മനുഷ്യനാണല്ലോ ഈ ‘പണി എടുത്തിട്ടുള്ളത്’—അതേവരെ സംസാരിച്ചിട്ടില്ല. അയാൾ വിചാരമഗ്നനായിരുന്നു. യാതൊന്നിന്മേലും പിടിച്ചുനില്ക്കാത്തവനാണെന്ന് അയാളെപ്പറ്റി ഒരു പ്രസിദ്ധിയുണ്ട്; ഒരിക്കൽ വെറും തകൃതിക്കു വേണ്ടി അവൻ ഒരു പൊല്ലീസ്സുതാവളം കൊള്ളയിട്ടു എന്നാണ് കേൾവി. പോരാത്തതിന്ന് അയാൾ കവിതകളും പാട്ടുകളും ഉണ്ടാക്കിയിരുന്നു; അതുകൊണ്ട് അയാൾക്ക് ഒരു വലിയ പ്രമാണിത്തമുണ്ട്.
ബബെ അയാളോടു ചോദിച്ചു: ‘എന്താ ബ്രൂഴോങ്, നിങ്ങളൊന്നും പറയാത്തത്?’
ബ്രൂഴോങ് ഒരു നിമിഷംകൂടി മിണ്ടാതെ നിന്നു; എന്നിട്ടു തല പലപാടും ഇളക്കി, ഒടുവിൽ സംസാരിക്കാൻ നിശ്ചയിച്ചു: ‘നോക്കൂ; രാവിലെ ഞാൻ രണ്ടു കരുകിൽപ്പക്ഷികൾ ശണ്ഠകൂടുന്നത് കണ്ടു; രാത്രി ഇതാ ഒരു സ്ത്രീ ശുണ്ഠിയെടുക്കുന്നതുമായി കൂട്ടിമുട്ടി. ഇതൊക്കെ ചീത്തയാണ്, നമുക്കു പോയ്ക്കളയാം.’
അവർ പോയി.
പോകുന്നതിനിടയ്ക്കു മൊങ്പർനാസ്സ് പിറുപിറുത്തു: ‘പോട്ടെ, സാരമില്ല! അവർക്കു വേണമെങ്കിൽ, ഞാനവളുടെ കഴുത്തു നുറുക്കിയേനേ.’
ബബെ പറഞ്ഞു: ‘ഞാൻ ചെയ്യില്ല, ഞാൻ ഒരു സ്ത്രീയെ ദ്രോഹിക്കില്ല.’
തെരുവിന്റെ മൂലയ്ക്കൽ അവർ നിന്നു, താഴെ കാണുന്ന ഒരു ദുർഗ്രഹ സംഭാഷണം ഒരു താഴ്ന്ന സ്വരത്തിൽ നടത്തി: ‘നമ്മൾ ഇന്നു കിടക്കാൻ എവിടെ പോകും?’
‘പാരിസ്സിന്നടിയിൽ.’
‘തെനാർദിയെർ, നിങ്ങളുടെ പക്കൽ താക്കോലുണ്ടോ?’
‘ഉം.’
അവരുടെ മേൽനിന്നു കണ്ണെടുക്കാതിരുന്ന എപ്പൊനൈൻ എന്ന വഴിയേതന്നെ അവർ മടങ്ങിപ്പോകുന്നതു കണ്ടു. അവൾ എണീറ്റു, മതിലുകളേയും വീടുകളുടേയും ഓരത്തിലൂടെ അവരെ പിന്തുടർന്നുകൊണ്ട് അരിക്കാൻ തുടങ്ങി. അവൾ അവരെ നടക്കാവുവരെ പിൻതുടർന്നു.
അവിടെവെച്ച് അവർ പിരിഞ്ഞു; ആ ആറുപേരും ഇരുട്ടിനുള്ളിലേക്ക് ഊളിയിട്ടു, അവിടെ അവർ അലിഞ്ഞുപോയതുപോലെ തോന്നി.
ഘാതുകന്മാർ പോയതോടുകൂടി, റ്യു പ്ളുമെ അതിന്റെ ശാന്തമായ, നിശാസം ബന്ധിയായ, അവസ്ഥയെ അവലംബിച്ചു. ആ തെരുവിൽവെച്ച് അപ്പോൾ നടന്നത് ഒരു കാട്ടുപ്രദേശത്തെ അമ്പരപ്പിക്കുകയില്ല. ഉയർന്ന മരങ്ങൾ, ചുള്ളിക്കാടുകൾ, കുറ്റിക്കാടുകൾ, എങ്ങനെയൊക്കെയോ കൂട്ടി മെടയപ്പെട്ട മരച്ചില്ലകൾ, നീണ്ട പുല്ലുകൾ, ഒരു പ്രസന്നതയില്ലാതെ നില്ക്കുന്നു; കാടൻമട്ടിലുള്ള സംഘംകൂടൽ അവിടെ അദൃശ്യതയുടെ അപ്രതീക്ഷിതങ്ങളായ കാഴ്ചകളെ ഓരോ നോക്കു കാണുന്നു; മനുഷ്യന്നു ചുവട്ടിലുള്ളതെന്തോ അത്, മങ്ങലിലൂടേ, മനുഷ്യന്നപ്പുറത്തുള്ളതെന്തോ അതിനെ വേർതിരിക്കുന്നു; എന്നല്ല അവിടെവെച്ചു സജീവരായ നമുക്കാർക്കും അറിവില്ലാത്തവ രാത്രിയിൽ അന്യോന്യം കണ്ടുമുട്ടുന്നു. ധൃഷ്ടയും മൂർഖശീലയുമായ പ്രകൃതി ചില ആഗമനങ്ങളിൽ പരിഭ്രമിച്ചുപോകുന്നു; അവയിൽഅലൗകികമായതെന്തോ അത് അനുഭവപ്പെടുന്നതായി അവൾക്കു തോന്നുന്നു. ഇരുട്ടിന്റെ ഊക്കുകൾക്ക് അന്യോന്യമറിയാം; അതാതിനെക്കൊണ്ട് ഓരോന്നും അത്ഭുതകരമായ വിധം തൂക്കം ശരിയാക്കുന്നു. പല്ലുകളും നഖങ്ങളും അവയ്ക്കു പിടിയിൽക്കിട്ടാത്തവയെപ്പറ്റി ഭയപ്പെടുന്നു. ചോരകുടിയനായ മൃഗത്വം, അത്യഗ്നി പിടിച്ച ഭക്ഷണക്കൊതികൾ, ഇര തെണ്ടാനുള്ള ആർത്തി, മാർഗ്ഗവും ഉദ്ദേശവും വയറായിട്ടുള്ള നഖങ്ങളുടേയും വായകളുടേയും സായുധങ്ങളായ പ്രകൃതിജ്ഞാനങ്ങൾ, മങ്ങിയതും വിറക്കൊള്ളുന്നതുമായ നീലയങ്കിയിൽ നീണ്ടുനിവർന്ന ഒരു ശവത്തുണി മേലിട്ട് അലഞ്ഞുനടക്കുന്ന ക്ഷോഭരഹിതങ്ങളായ പ്രേതരൂപങ്ങളെ അസ്വസ്ഥമായി തുറിച്ചുനോക്കുകയും മണത്തറിയുകയും ചെയ്യുന്നു. ഭൗതിക പ്രകൃതി മാത്രമായ ഈ കൊടുംക്രൂരതകൾ ഒരജ്ഞാതസത്ത്വമായി ചുരുങ്ങിക്കൂടിയ അപാരതയോടു പെരുമാറേണ്ടിവരുന്നതിൽ എന്തെന്നില്ലാതെ ഭയപ്പെട്ടുപോകുന്നു. വഴിതടയുന്ന ഒരു കരുത്തരൂപം കാട്ടുമൃഗത്തെ ഒന്നമ്പരപ്പിച്ചു നിർത്തുന്നു. ശവക്കല്ലറയിൽനിന്നു കടന്നുവരുന്നതെന്തോ അതു, ഗുഹയ്ക്കുള്ളിൽനിന്നു കടന്നു വരുന്നതെന്തോ അതിനെ ഭയപ്പെടുകയും ബോധംകെടുത്തുകയും ചെയ്യുന്നു. കൊടുംക്രൂരമായതു ദുഷ്ടു കൂടിയതിനെ പേടിപ്പിക്കുന്നു; ഒരു ശവംതീനിപ്പിശാചിനെ കണ്ടെത്തിയാൽ ചെന്നായ്ക്കൾ പിൻവാങ്ങിപ്പോകുന്നു.
മനുഷ്യമുഖത്തോടുകൂടിയ ഇത്തരം ഒരു നായ പടിക്കൽ കാവൽ നില്ക്കുകയും ഒരു പെൺകുട്ടിയോട് ആറു ഘാതുകന്മാർ തോറ്റുമടങ്ങുകയും ചെയ്യുന്ന സമയത്തു മരിയുസ് കൊസെത്തിന്റെ അടുത്തായിരുന്നു.
അപ്പോഴത്തെതിലധികം ആകാശം നക്ഷത്രങ്ങളെകൊണ്ടു മിന്നിവെയ്ക്കപ്പെടുകയും മനോഹരമായിത്തീരുകയുമാവട്ടേ, മരങ്ങൾ തുള്ളിയാടുകയാവട്ടേ, പുല്ലുകളുടെ ഗന്ധം ഹൃദയസ്പൃക്കാവുകയാവട്ടേ, ഒരിക്കലും ഉണ്ടായിട്ടില്ല. അപ്പോഴത്തേതിലധികം ഹൃദയാകർഷകമായ ഒരു ശബ്ദത്തോടുകൂടി ഇലപ്പടർപ്പിന്നിടയിൽ പക്ഷികൾ കിടന്നുറങ്ങുക ഒരിക്കലും ഉണ്ടായിട്ടില്ല; പ്രാപഞ്ചികസ്വച്ഛതയുടെ സൌഭാഗ്യങ്ങൾ അനുരാഗത്തിന്റെ ആന്തരസംഗീതത്തെ അപ്പോഴത്തെതിലധികം തികച്ചും ഭംഗിയിൽ ഒരിക്കലും ഏറ്റുപാടുകയുണ്ടായിട്ടില്ല; മരിയുസ്സാണെങ്കിൽ അതിലധികം ഒരിക്കലും മയങ്ങുകയാവട്ടെ സുഖംകൊള്ളുകയാവട്ടെ ആഹ്ലാദിക്കുകയാവട്ടെ ഉണ്ടായിട്ടില്ല.
പക്ഷേ, കൊസെത്തിനെ അയാൾ ദുഃഖിതയായി കണ്ടു; കൊസെത്ത് കരയുകയായിരുന്നു. അവളുടെ കണ്ണുകൾ ചുകന്നിരുന്നു.
ആ അത്ഭുതകരമായ മനോരാജ്യത്തിലെ ഒന്നാമത്തെ മേഘമായിരുന്നു ഇത്.
മരിയുസ്സിന്റെ ഒന്നാമത്തെ വാക്കിതാണ്. ‘എന്താ വിശേഷിച്ച്?’
അവളുടെ മറുപടി ഇതും: ‘ഇത്.’
എന്നിട്ട് അവൾ ഒതുക്കുകൾക്കടുത്തുള്ള ബെഞ്ചിന്മേൽ ഇരുന്നു; അയാൾ വിറയോടുകൂടി അവളുടെ അടുത്തു ചെന്നിരുന്നതോടെ, അവൾ തുടർന്നു: ‘അച്ഛൻ ഇന്നു രാവിലെ, അദ്ദേഹത്തിന്ന് എന്തോ ജോലിയുള്ളതുകൊണ്ട്, എന്നോടു പോവാനുള്ള ഒരുക്കമെല്ലാം ചെയ്തുകൊള്ളാൻ പറഞ്ഞു, ഞങ്ങൾ ഇവിടം വിട്ടേയ്ക്കും.’
മരിയുസ് ആകെ വിറച്ചു.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന ആൾക്കു മരിക്കുക യാത്രപോവലാണ്; ജീവിതത്തിന്റെ ആദ്യഘട്ടത്തിലുള്ള ആൾക്കു യാത്രപോവുക മരിക്കലാണ്.
കഴിഞ്ഞ ആറാഴ്ചയായി മരിയുസ്, കുറേശ്ശക്കുറേശ്ശയായി, ക്രമത്തിൽ, കൊസെത്തിന്റെ ഹൃദയത്തെ ഓരോ ദിവസവും അധികമധികം കൈവശപ്പെടുത്തിവന്നു. ഞങ്ങൾ പറഞ്ഞുകഴിഞ്ഞതുപോലെ ആദ്യത്തെ അനുരാഗത്തിൽ ആത്മാവു കൈവശമാക്കപ്പെടുന്നു; പിന്നീടുള്ളതിൽ ആളുകൾ ശരീരത്തെ കൈവശമാക്കുന്നു; ചിലപ്പോൾ ആത്മാവിനെ കൈവശപ്പെടുത്തുകയേ ഇല്ലെന്നുവരും; ഫോബ്ലമാരും പ്രൂഢോംമാരും തുടർന്നുപറയുന്നു; ‘അങ്ങനെയൊന്നില്ലാത്തതുകൊണ്ട്’ പക്ഷേ, ഭാഗ്യത്തിന്ന്, ആ പരിഹാസം ഒരു ദൈവദൂഷണമാണ്; അങ്ങനെ; ഭൂതങ്ങൾ ആവേശിക്കുന്നതുപോലെ, മരിയുസ് കൊസെത്തിനെ കൈയിലാക്കി; പക്ഷേ, അയാൾ അവളെ തന്റെ ആത്മാവു മുഴുവനുംകൊണ്ടു മൂടുകയും അവിശ്വാസ്യമായ നിശ്ചയദാർഢ്യത്തോടുകൂടി അവളെ വിടാതെ പിടിച്ചുനിർത്തുകയും ചെയ്തു. അവളുടെ പുഞ്ചിരി, അവളുടെ ശ്വാസം, അവളുടെ സുഗന്ധം, അവളുടെ നീലച്ചകണ്ണുകളുടെ അഗാധദീപ്തി, അവളുടെ കൈ തൊട്ടപ്പോഴത്തെ ആ ശരീരത്തിന്റെ ഓമനത്തം, കഴുത്തിലുണ്ടായിരുന്ന അവളുടെ ആ മനോഹരമായ മറു. അവളുടെ ആലോചന മുഴുവൻ—എല്ലാം അയാൾക്കു കൈയിലായി. അതുകൊണ്ട് കൊസെത്തിന്റെ എല്ലാ മനോരാജ്യങ്ങളും അയാൾ കൈയടക്കി.
അവളുടെ പിൻകഴുത്തിലുള്ള കുറുനിരകളെ അയാൾ ഇളവില്ലാതെ നോക്കിക്കാണുകയും ചിലപ്പോൾ തന്റെ ശ്വാസഗതികൊണ്ട് അവയെ പതുക്കെ തൊടുകയും ചെയ്തു; തനിക്കു, മരിയുസ്സിനു, സ്വന്തമായിട്ടുള്ളതല്ലാതെ ഒരൊറ്റ തലനാരിഴപോലും ആ ചെറുമുടിച്ചുരുൾകളിലില്ലെന്ന് അയാൾ തന്നത്താൻ പറഞ്ഞു.
അവൾ ധരിക്കുന്നവയെയെല്ലാം—അവളുടെ നാടക്കെട്ട്, അവളുടെ കൈയുറകൾ, അവളുടെ കുപ്പായക്കൈകൾ, അവളുടെ പാപ്പാസ്സുകൾ, കുപ്പായക്കയ്യറ്റങ്ങൾ എന്നിവയെയൊക്കെ—അയാൾ, തന്റെ സ്വന്തമായിട്ടുള്ള വിശിഷ്ടവസ്തുക്കളെയെന്നപോലെ, സശ്രദ്ധം നോക്കിക്കാണുകയും മനസ്സുകൊണ്ടാരാധിക്കുകയും ചെയ്തിരുന്നു. അവൾ തലമുടിയിൽത്തിരുകുന്ന മനോഹരക്കൊമ്പുചീർപ്പുകളുടെയെല്ലാം ഉടമസ്ഥൻ താനാണെന്ന് അയാൾ മനോരാജ്യം വിചാരിച്ചു; എന്നല്ല, വിഷയ ലമ്പടത്വത്തിന്റെ വെളിച്ചത്തേക്കു വരാത്തവയും അസ്പഷ്ടങ്ങളും അമർക്കപ്പെട്ടവയുമായ മന്ത്രിക്കലുകൾക്കിടയിൽ അയാൾ തന്റെ ഉടമസ്ഥതയിൽപ്പെടാത്തതായി അവളുടെ പുറംകുപ്പായത്തിന്റെ ഒരൊറ്റ പട്ടുനാടക്കെട്ടും അവളുടെ കീഴ്ക്കാലുറകളിൽ ഒരൊറ്റ വലക്കണ്ണിയും, അവളുടെ ഉൾക്കുപ്പായത്തിൽ ഒരൊറ്റ ചുളിവും ഇല്ലെന്നു സ്വയം പറയുകയുണ്ടായി. കൊസെത്തിന്റെ അടുത്തു നില്ക്കുമ്പോൾ അയാൾ തന്റെ സ്വന്തം മുതലിന്റെ, തനിക്കുള്ളതിന്റെ, തന്റെ സ്വന്തം സ്വേച്ഛാനുസാരിയുടെ, തന്റെ സ്വന്തം അടിമയുടെ അടുത്താണെന്ന് അയാൾക്കു തോന്നിയിരുന്നു. അതാതു സാധനങ്ങളെ തിരിച്ചെടുക്കുവാൻ അവർക്കാഗ്രഹമുണ്ടെങ്കിൽക്കൂടി അതിനു നിർവ്വാഹമില്ലാതാകത്തക്കവിധം അവരുടെ ആത്മാക്കൾ തമ്മിൽ കൂടിപ്പിണഞ്ഞിരിക്കുന്നുവോ എന്നു തോന്നും ‘ഇതെന്റെയാണ്’ ‘അല്ല, ഇതെന്റെയാണ്.’ ‘നിങ്ങൾക്കു തെറ്റിപ്പോയി, ഞാൻ തീർത്തുപറയാം. ഇതെന്റെ വകയാണ്.’ ‘നിങ്ങൾ നിങ്ങളുടെയായിട്ടെടുക്കുന്നതെന്തോ അതുതന്നെയാണ് ഞാൻ.’ കൊസെത്തിന്റെ ഒരു ഭാഗമായ എന്തോ ഒന്നായിരുന്നു മരിയുസ്; അങ്ങനെത്തന്നെ, മരിയുസ്സിന്റെ ഒരു ഭാഗമായ എന്തോ ഒന്നായിരുന്നു കൊസെത്ത്. കൊസെത്ത് തന്റെ ഉള്ളിലുണ്ടെന്നു മരിയുസ്സിനു തോന്നി. കൊസെത്തിനെ കൈയിൽ വെക്കുക, കൊസെത്തിനെ കൈവശം വെക്കുക – ഇതയാൾക്കു തന്റെ ശ്വാസോച്ഛ ്വാസത്തിൽനിന്നു വേറിട്ടാക്കാൻ വയ്യായിരുന്നു. ഈ വിശ്വാസത്തിന്റെ, ഈ ലഹരിയുടെ, കേവലവും അപൂർവ്വവുമായ ഈ ഒരു കൂട്ടില്ലാത്ത കൈവശംവെപ്പിന്റെ, ഈ രാജത്വത്തിന്റെ, നടുക്കുവെച്ചാണ്, ‘ഞങ്ങൾ പോവുകയായി’ എന്നീ വാക്കുകൾ പെട്ടെന്ന് ഒരടിയായി വന്നുവീണത്; ഉടനെ വാസ്തവാവസ്ഥയുടെ പരുഷസ്വരം അയാളോടു വിളിച്ചുപറഞ്ഞു: ‘കൊസെത്ത് നിങ്ങളുടെയല്ല.’
മരിയുസ് ഉണർന്നു, ആറാഴ്ചയായിട്ടു മരിയുസ് ജീവിച്ചിരുന്നത്, ഞങ്ങൾ പറഞ്ഞതുപോലെ, ജീവിതത്തിന്റെ പുറത്താണ്; ആ വാക്ക്—‘പോവുകയായി!’—അയാളെപ്പിടിച്ചു വീണ്ടും അതിലേക്കുതന്നെ വലിച്ചിട്ടു.
അയാൾ ഒന്നും പറയാൻ കണ്ടില്ല. അയാളുടെ കൈ വല്ലാതെ തണുത്തതു മാത്രം കൊസെത്ത് ധരിച്ചു. അവൾ അയാളോടു ചോദിച്ചു: ‘എന്താണ് സുഖക്കേട്?’
കൊസെത്തിനു കേൾക്കാൻ കഴിയാത്തേടത്തോളം താഴ്ന്ന ഒരൊച്ചയിൽ അയാൾ മറുപടി പറഞ്ഞു: ‘എനിക്കു നിങ്ങൾ പറഞ്ഞതു മനസ്സിലായില്ല.’
അവൾ തുടർന്നു: ‘ഇന്നു രാവിലെ അച്ഛൻ എന്നോട് എന്റെ ചില്ലറക്കാര്യങ്ങളെല്ലാം ഒതുക്കി യാത്രയ്ക്കൊരുങ്ങണമെന്നും, അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം പെട്ടിയിൽ വെയ്ക്കാൻ എടുത്തുതരാമെന്നും, ഒരു ദീർഘയാത്ര ചെയ്യേണ്ട ആവശ്യം നേരിട്ടിരിക്കുന്നു എന്നും, ഞങ്ങൾ ഇവിടം വിടുകയായിയെന്നും, എനിക്ക് ഒരു വലിയ പെട്ടിയും അദ്ദേഹത്തിന് ഒരു ചെറിയ പെട്ടിയും ആവശ്യമാണെന്നും, ഇന്നു മുതൽ ഒരാഴ്ചയ്ക്കകം എല്ലാം തയ്യാറാവണമെന്നും, ഞങ്ങൾ ഇംഗ്ലണ്ടിലേക്കു പോയേയ്ക്കാമെന്നും പറകയുണ്ടായി.
‘പക്ഷേ, ഇതക്രമമാണല്ലോ!’ മരിയുസ് ഉച്ചത്തിൽപ്പറഞ്ഞു.
ആ സമയത്തു മരിയുസ്സിന്റെ അഭിപ്രായത്തിൽ യാതൊരധികാരപ്രമത്തതയും, യാതൊരു കയ്യേറ്റവും, ലോകത്തിൽവെച്ചു വലിയ പ്രജാപീഡകന്മാരുടെ യാതൊരസഹ്യപ്രവർത്തിയും. ബുസിറിസ്സോ [1] തിബരിയുസ്സോ എട്ടാമൻ ഹെന്ദ്രിയോ [2] ചെയ്തിട്ടുള്ള യാതൊന്നുംതന്നെ, മഹാപാതകനിലയ്ക്ക് ഇതിനോടടുക്കുകയില്ല; മൊസ്യു ഫൂഷൽവാങ് തന്റെ മകളെ തനിക്കവിടെ എന്തോ കാര്യമുള്ളതുകൊണ്ട് അങ്ങോട്ടു കൂട്ടിക്കൊണ്ടു പോവുക!
ഒരു നേർത്ത സ്വരത്തിൽ അയാൾ കല്പിച്ചു ചോദിച്ചു: ‘അപ്പോൾ എന്നാണ് നിങ്ങളുടെ യാത്ര?’
‘ഇന്നപ്പോൾ എന്നു പറകയുണ്ടായില്ല.’
‘എന്നു തിരിച്ചെത്തും?’ മരിയുസ് എഴുന്നേറ്റു നീരസത്തോടുകൂടി ചോദിച്ചു: ‘കൊസെത്ത്, നിങ്ങൾ പോവുമേ?’
കൊസെത്ത് കൊടുംവ്യസനംകൊണ്ടു നിറഞ്ഞ തന്റെ മനോഹരനോട്ടത്തെ അയാളിൽ പതിച്ച് ഒരുതരം സംഭ്രമത്തോടുകൂടി മറുപടി പറഞ്ഞു: ‘എവിടേക്ക്?’
‘ഇംഗ്ലണ്ടിലേക്ക്. നിങ്ങൾ പോവുമോ?’
‘എന്താണ് നിങ്ങൾ എന്നോടു നിങ്ങൾ എന്നു പറയുന്നത്?’
‘ഞാൻ ചോദിക്കുന്നു, നിങ്ങൾ പോവുമോ?’
‘ഞാൻ പിന്നെ എന്തു ചെയ്യുമെന്നാണ്?’ കൈകൊട്ടിക്കൊണ്ട് അവൾ പറഞ്ഞു.
‘അപ്പോൾ, നിങ്ങൾ പോവാതിരിക്കില്ല?’
‘അച്ഛൻ പോവുന്നുണ്ടെങ്കിൽ.’
‘അപ്പോൾ, നിങ്ങൾ പോവാതിരിക്കില്ല.’
കൊസെത്ത് മരിയുസ്സിന്റെ കൈ പിടിച്ച് ഉത്തരമൊന്നും പറയാതെ ഒന്നമർത്തി.
‘അങ്ങനെയാവട്ടെ.’ മരിയുസ് പറഞ്ഞു, ‘ഞാൻ മറ്റൊരിടത്തേക്കും പോവും.’
ആ വാക്കുകളുടെ അർത്ഥം കൊസെത്ത് അറിയുകയല്ല ഉണ്ടായത്. അനുഭവിച്ചു. അവളുടെ മുഖം ഇരുട്ടിൽ മിന്നുമാറ് അവൾ അത്രമേൽ വിളർത്തു. അവൾ വിക്കി: ‘എന്താണിപ്പറയുന്നത്?’
മരിയുസ് അവളുടെ മുഖത്തേക്കു നോക്കി; എന്നിട്ടു മുകൾഭാഗത്തേക്കു നോക്കി: ഇങ്ങനെ മറുപടി പറഞ്ഞു: ‘ഒന്നുമില്ല.’
അയാളുടെ നോട്ടം വീണ്ടും കീഴ്പോട്ടിറങ്ങിയപ്പോൾ, കൊസെത്ത് അയാളെ നോക്കി പുഞ്ചിരിയിടുകയാണെന്നു കണ്ടു. അവനവന്ന് അനുരാഗമുള്ള ഒരു സ്ത്രീയുടെ പുഞ്ചിരിക്കും രാത്രിയിൽക്കൂടിയും, ദൃശ്യമായ ഒരു പ്രകാശവിശേഷമുണ്ട്.
‘നമ്മൾ എന്തു വിഡ്ഢികളാണ്! മരിയുസ്, ഞാനൊന്നു പറയട്ടെ.’
‘എന്താണത്?’
‘ഞങ്ങൾ പോയ്ക്കഴിഞ്ഞാൽ നിങ്ങളും പോവുകയായി! ഞാൻ പറയാം എവിടേക്കെന്നു! ഞാൻ എവിടെയാണോ അവിടേക്കു നിങ്ങളും വരും.’
മരിയുസ് ഇപ്പോൾ തികച്ചും ഉണർന്ന ഒരാളായിരിക്കുന്നു. അയാൾ വാസ്തവാവസ്ഥയിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. അയാൾ കൊസെത്തോടു കുറച്ചുച്ചത്തിൽ പറഞ്ഞു: ‘നിങ്ങളോടുകൂടി പോരുക! ഭ്രാന്തുണ്ടോ? എന്ത്, എനിക്കു പണം വേണ്ടിയിരിക്കും; അതെനിക്കില്ല. ഇംഗ്ലണ്ടിലേക്കു പോരുക? പക്ഷേ, ഞാനിപ്പോൾ കടത്തിലാണ്; ഞാൻ കുർഫെരാക്കിന്ന്—നിങ്ങൾ അറിയില്ല, എന്റെ സ്നേഹിതന്മാരിൽ ഒരാൾക്ക് —ഇത്രയെന്നെനിക്കറിഞ്ഞുകൂടാ, പത്തു ലൂയിനാണ്യത്തിലധികം കൊടുക്കാനുണ്ട്! എനിക്ക് ഒരു മൂന്നുഫ്രാങ്ക് വിലവരാത്ത ഒരു തൊപ്പിയുണ്ട്! മുൻഭാഗത്തു കുടുക്കില്ലാത്ത ഒരു പുറംകുപ്പായമുണ്ട്; എന്റെ ഉൾക്കുപ്പായം മുഴുവനും പിഞ്ഞിയിരിക്കുന്നു; എന്റെ കുപ്പായക്കൈമുട്ടുകൾ കീറിയിരിക്കുന്നു; എന്റെ ബൂട്ടുസ്സുകളിൽ വെള്ളം കടക്കും. കഴിഞ്ഞ ആറാഴ്ചയായിട്ടു ഞാനവയെപ്പറ്റി ആലോചിച്ചിട്ടില്ല; ഞാനതിനെപ്പറ്റി പറകയുണ്ടായില്ല. നിങ്ങൾ എന്നെ രാത്രിമാത്രമേ കാണുന്നുള്ളു; നിങ്ങൾ എനിക്ക് അനുരാഗം തരുന്നു. നിങ്ങൾ എന്നെ പകൽ കണ്ടുപോയാൽ എനിക്ക് കാശെടുത്തു തരും! ഇംഗ്ലണ്ടിലേക്കു പോരുക! ഏ! ഒരു യാത്രാനുവാദപത്രം വാങ്ങേണ്ടതിനുള്ള വക കൂടി എന്റെ കൈയിലില്ല.’
അയാൾ അടുത്തുള്ള ഒരു മരത്തിന്മേലേക്കു വീണു; നിവർന്നു, നെറ്റിത്തടം ആ മരത്തൊലിയൊടുരുമ്മുമാറു, തന്റെ ദേഹത്തിലെ തോലുരിക്കുന്ന മരത്തേയോ തന്റെ ചെന്നികളിൽ മിടിച്ചുംകൊണ്ടുള്ള പനിയേയോ പറ്റി യാതൊന്നുമറിയാതെ, നിരാശതയുടെ ഒരു രൂപമെന്നപോലെ, ഒരനക്കമില്ലാതെ, അതാ വീണേക്കുമോ എന്നവിധം അവിടെ നിലവായി.
അങ്ങനെ അയാൾ കുറച്ചധികം നേരം നിന്നു. അത്തരം അഗാധ ഗുഹയ്ക്കുള്ളിൽ ഒരാൾക്കു വേണമെങ്കിൽ പ്രളയംവരെ നില്ക്കാം. ഒടുവിൽ അയാൾ തിരിഞ്ഞു. നേർത്തതും അമർത്തപ്പെട്ടതും മനോഹരമെങ്കിലും വ്യസനമയവുമായ ഒരു ശബ്ദം അയാൾ പിന്നിൽനിന്നു കേട്ടു.
അതു കൊസെത്ത് തേങ്ങിക്കരയുകയായിരുന്നു.
ധ്യാനത്തിലാണ്ടിരുന്ന മരിയുസ്സിന്റെ അടുത്തുനിന്ന് അവർ രണ്ടു മണിക്കൂറായി കരയുന്നു.
അയാൾ അവളുടെ അടുക്കലേക്കു ചെന്നു, മുട്ടുകുത്തിയിരുന്നു, പതുക്കെ മുൻപിൽ സാഷ്ടാംഗമായി വീണു, പുറമുടുപ്പിന്റെ ചുവട്ടിൽനിന്നു പുറത്തേക്കു പതുങ്ങിനോക്കുന്ന അവളുടെ കാലടിയുടെ തുമ്പുപിടിച്ചു ചുംബിച്ചു.
അവൾ ഒന്നും മിണ്ടാതെ അയാളുടെ ഇഷ്ടംപോലെ പ്രവർത്തിച്ചുകൊള്ളാൻ അനുവദിച്ചു. വ്യാകുലമായി സർവംസഹയായ ഒരീശ്വരിയെന്നപോലെ. ഒരു സ്ത്രീ അനുരാഗപരമായ ഭക്തിയോഗത്തെ കൈക്കൊള്ളുന്ന ചില ഘട്ടങ്ങളുണ്ട്.
‘കരയരുത്.’ അയാൾ പറഞ്ഞു.
അവൾ മന്ത്രിച്ചു: ‘ഞാൻ പോവുകയും നിങ്ങൾ പോരാതിരിക്കുകയും ചെയ്യുമ്പോഴോ!’
അയാൾ തുടർന്നു: ‘എന്നെ സ്നേഹിക്കുന്നുണ്ടോ?’
അവൾ, തേങ്ങിക്കരഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽനിന്നുള്ള ഈ വാക്കിനാൽ—കരച്ചലിനുള്ളിൽ നിന്നാവുമ്പോഴത്തെപ്പോലെ ഒരു മനോഹരത അതിനു മറ്റൊരിക്കലുമില്ല – അതിനു മറുപടി പറഞ്ഞു: ‘ഞാൻ പൂജിക്കുന്നു!’
അനിർവചനീയമായ ഓമനിക്കലാകുന്ന ഒരു സ്വരത്തിൽ അയാൾ തുടർന്നു പറഞ്ഞു: ‘കരയരുതേ, എന്നോടു പറയൂ. എനിക്കുവേണ്ടി ഇതു ചെയ്യുമോ, കരയാതിരിക്കുമോ?’
‘എന്നെ സ്നേഹിക്കുന്നുണ്ടോ?’ അവൾ ചോദിച്ചു.
അയാൾ അവളുടെ കൈ പിടിച്ചു.
‘കൊസെത്ത്, ഞാൻ ഇതുവരെ ഒരാളോട് ഒരു കാര്യം ഏറ്റുപറഞ്ഞിട്ടില്ല; എന്തു കൊണ്ടെന്നാൽ, അതെന്നെ പേടിപ്പെടുത്തും. എന്റെ അച്ഛൻ എന്റെ അടുത്തുണ്ടെന്ന് എനിക്കു തോന്നും. അപ്പോൾ, ഞാൻ ആണയിട്ട് ഏറ്റുപറയട്ടെ. നിങ്ങൾ പിരിഞ്ഞു പോയാൽ, എന്റെ കഥ തീരും.’
ഈ വാക്കുകളെ അയാൾ ഉച്ചരിച്ച സ്വരത്തിൽ അത്രമേൽ വിശിഷ്ടവും അത്രമേൽ ശാന്തതരവുമായ എന്തോ ഒന്നുണ്ടായിരുന്നു—കൊസെത്ത് വിറച്ചു. വാസ്തവവും വ്യസനമയവുമായ ഒന്ന് അടുക്കലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന ആ ഒരു മരവിക്കൽ അവൾക്കുണ്ടായി. ആ ക്ഷോഭം അവളെ കരയാതാക്കി.
‘ഇനി കേൾക്കൂ,’ അയാൾ പറഞ്ഞു, ‘ഞാൻ നാളെ വരില്ല.’
‘എന്തുകൊണ്ട്?’
‘മറ്റന്നാളും ഞാൻ വരികയുണ്ടാവില്ല.’
‘ഹാ! എന്തുകൊണ്ട്?’
‘അറിയാം.’
‘ഒരു ദിവസം നിങ്ങളെ കാണാതിരിക്കുക! അതു സാധ്യമല്ല!’
‘ഒരു സമയം നമ്മുടെ ആയുസ്സു മുഴുവനും സമ്പാദിക്കുവാൻവേണ്ടി ഒരു ദിവസം നമുക്കു ചെലവാക്കുക.’
എന്നിട്ടു മരിയുസ് ഒരു താഴ്ന്ന സ്വരത്തിലും ഒരാത്മഗതമായിട്ടും തുടർന്നു: ‘അദ്ദേഹം തന്റെ സമ്പ്രദായങ്ങൾക്ക് ഒരിക്കലും മാറ്റംവരുത്താത്ത ഒരാളാണ്. വൈകുന്നേരമല്ലാതെ ഒരാളെയും ഇതുവരെ അദ്ദേഹം അകത്തേക്കു കടത്തുകയുണ്ടായിട്ടില്ല.’
‘ആരെപ്പറ്റിയാണ് പറയുന്നത്? കൊസെത്?’ കൊസത്ത് ചോദിച്ചു.
‘ഞാനോ? ഞാനൊന്നും പറഞ്ഞില്ല.’
‘അപ്പോൾ എന്താണ് നിങ്ങൾക്കു പറയാനുള്ളത്?’
‘മറ്റന്നാൾവരെ ക്ഷമിച്ചിരിക്കുക.’
‘അങ്ങനെ ആവശ്യമുണ്ടോ?’
‘ഉവ്വ്, കൊസെത്ത്.’
അവൾ അയാളുടെ കൈ തന്റെ രണ്ടു കൈകൊണ്ടും പിടിച്ച്, ഉയരം ശരിപ്പെടുത്താൻവേണ്ടി എത്തിച്ചുനിന്ന്, ആശയ്ക്കു വഴിയുണ്ടോ എന്ന് അയാളുടെ കണ്ണുകളിൽ നോക്കിയറിയാൻ ശ്രമിച്ചു.
മരിയുസ് തുടർന്നു: ‘ഇപ്പോൾ എനിക്കു തോന്നുന്നു, എന്റെ മേൽവിലാസം നിങ്ങൾ അറിഞ്ഞിരിക്കണമല്ലോ; എന്തെങ്കിലും വന്നു എന്നുവരാം-ആർക്കും അറിഞ്ഞുകൂടാ; ഞാൻ എന്റെ ആ സ്നേഹിതൻ കുർഫെരാക് ഒരുമിച്ചു റ്യു ദ് ലവെറെറിയിൽ, 16-ാം നമ്പർ ഭവനത്തിൽ താമസിച്ചുവരുന്നു.’
അയാൾ കുപ്പായക്കീശയിൽ തപ്പി, പേനക്കത്തി പുറത്തേക്കെടുത്തു. മതിലിന്റെ കുമ്മായപ്പശയിന്മേൽ കുറിച്ചു.
ഇതിനിടയ്ക്കു കൊസെത്ത് ഒരിക്കൽക്കൂടി അയാളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കാൻ ശ്രമിച്ചു.
‘എന്താണ് വിചാരിക്കുന്നത്, എന്നോടു പറയു, മരിയുസ്, എന്തോ ഒന്ന് നിങ്ങൾ ആലോചിക്കുന്നുണ്ട്. അതെനിക്കു പറഞ്ഞുതരൂ. ഹാ! എന്നോടു പറയൂ. ഞാൻ സുഖമായി കിടന്നുറങ്ങിക്കൊള്ളട്ടെ.’
‘എന്റെ ആലോചന ഇതാണ് ഈശ്വരൻ നമ്മെ അകത്താൻ ആലോചിക്കുന്നുണ്ടെന്നു വരാൻ പാടില്ല. നില്ക്കൂ; എന്നെ മറ്റന്നാൾ കാണാം.’
‘അതുവരെ ഞാനെന്തു ചെയ്യും? നിങ്ങൾ വീട്ടിന്നു പുറത്താണ്; നിങ്ങൾക്കു വരാം, പോവാം. പുരുഷന്മാർ എന്തു ഭാഗ്യവാന്മാർ! ഞാൻ ഇവിടെ വെറും തനിച്ചാവും! ഹാ! ഞാനെന്തു കഷ്ടത്തിലാവും! നാളെ വൈകുന്നേരം നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്! എന്നോടു പറയൂ.’
‘ഞാൻ ഒരു കാര്യം ശ്രമിച്ചുനോക്കാനാണ് ഭാവം.’
‘എന്നാൽ നിങ്ങളുടെ ശ്രമം സഫലമാവട്ടെ എന്നു ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കും; ഇവിടെയിരുന്നു ഞാൻ നിങ്ങളെപ്പറ്റി വിചാരിക്കും.’ പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ടു, ഞാനിനി ചോദിക്കുന്നില്ല. നിങ്ങൾ എന്റെ എജമാനനാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നതും എന്റെ ജനാലയ്ക്കടുക്കൽ, ഒരു ദിവസം വൈകുന്നേരം, നിങ്ങൾ കേൾക്കാൻവേണ്ടി വന്നുനിന്നതുമായ ആ യുറിയാന്തെപാട്ടുപുസ്തകത്തിലെ പാട്ടെടുത്തു പാടി ഞാൻ രാത്രി കഴിച്ചുകൂട്ടും. മറ്റന്നാൾ നിങ്ങൾ നേരത്തേ വരുമല്ലോ. വൈകുന്നേരം ഒമ്പതു മണിയോടുകൂടി നിങ്ങളെ ഞാൻ കാത്തിരിക്കും. എന്റെ ഈശ്വരാ! ദിവസങ്ങളൊക്കെ ഇത്ര നീണ്ടും കൊണ്ടായത് എന്തു ഗ്രഹപ്പിഴയാണ്! ഒമ്പതടിക്കുമ്പോൾ, മനസ്സിലായില്ലേ, ഞാൻ തോട്ടത്തിലുണ്ടാവും.’
‘ഞാനും.’
ഒന്നും പറയാതെ, ഒരേ വിചാരത്താൽ പ്രേരിതമായി, കാമിനീകാമുകന്മാരെ ഇളവില്ലാതെ അന്യോന്യം കാര്യം ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ വിദ്യുച്ഛക്തി ചലനംകൊണ്ട് ഇളകിത്തീർന്നു. ദുഃഖത്തിനിടയിൽപ്പോലും സന്തോഷത്താൽ രണ്ടുപേർക്കും ലഹരിപിടിച്ചിരുന്നതുകൊണ്ട് അവർ, ആഹ്ലാദമൂർച്ഛ നിറഞ്ഞു വഴിഞ്ഞതും കണ്ണുനീരിടതിങ്ങിയതുമായ നോട്ടം നക്ഷത്രങ്ങളുടെ നേർക്കുയർത്തപ്പെട്ടിരിക്കെ, തങ്ങളുടെ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടിയത് മനസ്സിലാക്കാതെ, അന്യോന്യം പിടിച്ചാലിംഗനം ചെയ്തു.
മരിയുസ് പുറത്തെയ്ക്കു കടന്നപ്പോൾ തെരുവിൽ ആരുംതന്നെ ഇല്ല. എപ്പൊനൈൻ ഘാതുകന്മാരുടെകൂടെ നടക്കാവിലേക്കു ചെന്നിരുന്നത് ഈ സമയത്താണ്.
തല മരത്തോടു ചേർത്തുവെച്ചു മരിയുസ് മനോരാജ്യം വിചാരിച്ചിരുന്നതിനിടയ്ക്ക് ഒരാലോചന അയാളുടെ മനസ്സിലൂടെ കടന്നു; കഷ്ടം! അയാൾതന്നെ വിഡ്ഢിത്തവും അസാധ്യവുമാണെന്നു തീർച്ചപ്പെടുത്തിയ ഒരാലോചന. അയാൾ ഒരു നിരാശമായ തീർപ്പിൽ എത്തിച്ചേർന്നു.
അക്കാലത്തു ഗിൽനോർമാൻ മുത്തച്ഛന്നു തൊണ്ണൂറ്റൊന്നാമത്തെ പിറന്നാൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹം അന്നും മദാംവ്വസേല്ല് ഗിൽനോർമാനൊരുമിച്ചു റ്യു ദെഫിൽ ദ്യു കൽവേറിൽ 6-ആം നമ്പരായ സ്വന്തം പഴയ ഭവനത്തിൽത്തന്നെയാണ് താമസം. വായനക്കാർ ഓർമ്മിക്കുംപോലെ, തികച്ചും നിവർന്നുനിന്നുകൊണ്ടുതന്നെ മരണത്തെ കാത്തിരിക്കുന്നവരും പ്രായംകൊണ്ടു കുനിയാതെ കീഴ്പോട്ടിരുത്തുക മാത്രം ചെയ്യുന്നവരും ദുഃഖത്തിനുകൂടി പിടിച്ചുവളയ്ക്കാൻ കഴിയാത്തവരുമായി പണ്ടു ചില വൃദ്ധന്മാരുണ്ടായിരുന്നവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു അദ്ദേഹം.
എങ്കിലും, അദ്ദേഹത്തിന്റെ മകൾ കുറച്ചിട ഇങ്ങനെ പറഞ്ഞിരുന്നു: ‘എന്റെ അച്ഛൻ ക്ഷീണിച്ചുവരുന്നു.’ അദ്ദേഹം ഭൃത്യന്മാരുടെ ചെകിട്ടത്തടിക്കാതായി; വാതിൽ തുറക്കാൻ ബസ്ക് അല്പം താമസിച്ചുപോയാൽ, അദ്ദേഹം ഒതുക്കിന്മേൽ വടികൊണ്ട് അത്ര ശക്തിയോടുകൂടി ഇടിക്കാതായി. ജൂലായിയിലെ വിപ്ലവം അദ്ദേഹത്തെ കഷ്ടിച്ച് ഒരാറു മാസത്തേക്കുതന്നെ ശുണ്ഠിപിടിപ്പിച്ചില്ല. മൊനിത്യെ പത്രത്തിലുണ്ടായിരുന്ന ഈയൊരു പദസങ്കലനം അദ്ദേഹം ഏതാണ്ട് ശാന്തതയോടു കൂടിത്തന്നെ നോക്കിക്കണ്ടു ‘മൊസ്യു ഉം ബ്ലോത് കൊങ് തെ [1] ഫ്രാൻസിലെ പ്രഭു’ വാസ്തവത്തിൽ, അദ്ദേഹം വല്ലാത്ത ഭഗ്നാശനായി. അദ്ദേഹം കുനിഞ്ഞില്ല, അദ്ദേഹം കീഴടങ്ങിയില്ല; ഇത് അദ്ദേഹത്തിന്റെ ശരീരത്തിനെന്നപോലെത്തന്നെ മനസ്സിനും ഉണ്ടാവാൻ വയ്യാത്ത ഒന്നാണ്; പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിടിഞ്ഞപോലെ തോന്നി. ഇന്നല്ലെങ്കിൽ നാളെ, ഒരു ദിവസം, ആ കൊള്ളരുതാത്ത തെമ്മാടി തന്റെ വീട്ടുവാതില്ക്കൽ മുട്ടിവിളിക്കുമെന്നുള്ള പൂർണ്ണവിശ്വാസത്തിന്മേൽ ഊന്നിച്ചവുട്ടിക്കൊണ്ട്—അതേ, അതുതന്നെയാണ് വാക്ക്—അങ്ങനെ നാലുകൊല്ലമായി ആ വൃദ്ധൻ മരിയുസ്സിനെ കാത്തിരിക്കുന്നു; ഇപ്പോൾ, ചില രസമില്ലാത്ത സമയങ്ങളിൽ, അദ്ദേഹത്തിന് ഈയൊരാലോചന പിടിപെടും എന്നായി; മരിയുസ് തന്നെക്കൊണ്ട് ഇനിയും കാത്തിരിപ്പിക്കുമെന്നാണെങ്കിൽ! മരണമല്ല, അദ്ദേഹത്തിനു താങ്ങു പൊറുക്കാതുണ്ടായിരുന്നത്. മരിയുസ്സിനെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന വിചാരം അന്നേദിവസംവരെ അദ്ദേഹത്തിന്റെ ഉള്ളിൽ കടന്നിരുന്നില്ല; ഇന്ന് ആ വിചാരം അദ്ദേഹത്തെ ബാധിക്കാൻ തുടങ്ങി; അദ്ദേഹം മരവിച്ചു. അകൃത്രിമവും പ്രകൃതിസാധാരണവുമായ എല്ലാ വികാരങ്ങളെസ്സംബന്ധിച്ചും സർവദാ കാണാറുള്ളവിധം, അപ്രത്യക്ഷത ഒരിടിമിന്നൽപോലെ പാഞ്ഞുപോയ ആ നന്ദികെട്ട കുട്ടിയുടെമേൽ മുത്തച്ഛന്നുള്ള വാത്സല്യത്തെ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. തണുപ്പു പത്തു ഡിഗ്രിയായി നില്ക്കുന്ന ഡിസേമ്പർമാസത്തിലെ രാത്രികളിലാണ് അത്രയുമധികം തവണ മകനെക്കുറിച്ചു വിചാരമുണ്ടാവുക.
എന്തുതന്നെയായാലും, ദൗഹിത്രന്റെ അടുക്കലേക്ക് ഒരടിവെയ്ക്കുവാൻ മൊസ്യു ഗിൽനോർമാൻ ആളല്ലായിരുന്നു—അല്ലെങ്കിൽ, അങ്ങനെ അദ്ദേഹം വിചാരിച്ചു; ‘ഞാൻ മരിച്ചു എന്നേ വരു.’ അദ്ദേഹം പറഞ്ഞു: തന്റെ പക്കൽ അല്പമെങ്കിലും തെറ്റുണ്ടെന്ന ശങ്കയില്ല; പക്ഷേ, ഉള്ളിൽത്തട്ടിയ വാത്സല്യത്തോടും അന്ധകാരത്തിലേക്കു മറഞ്ഞുപോവാൻ നില്ക്കുന്ന ഒരു പ്രായംചെന്ന ദയാലുവായ വൃദ്ധന്റെ നിശ്ശബ്ദമായ നിരാശതയോടുകൂടി മാത്രമേ അദ്ദേഹം മരിയുസ്സിനെപ്പറ്റി വിചാരിച്ചിരുന്നുള്ളു.
അദ്ദേഹത്തിന്റെ പല്ലു പോയിത്തുടങ്ങി; ഇതദ്ദേഹത്തിന്റെ കുണ്ഠിതത്തെ വർദ്ധിപ്പിച്ചു.
മൊസ്യു ഗിൽനോർമാന്നു വാസ്തവത്തിൽ—ഇതദ്ദേഹം സ്വയം ഏറ്റുപറഞ്ഞിരുന്നില്ല; എന്തുകൊണ്ടെന്നാൽ അതദ്ദേഹത്തെ കലശലായി ശുണ്ഠിപിടിപ്പിക്കുകയും നാണംകെടുത്തുകയും ചെയ്യും—അദ്ദേഹത്തിന് ഒരിക്കലും ഒരു പത്നിയോടും മരിയുസ്സോടുള്ളപ്പോലെ സ്നേഹം തോന്നിയിട്ടില്ല.
അദ്ദേഹം തന്റെ അറയിൽ, കട്ടിലിന്റെ തലയ്ക്കൽബ്ഭാഗത്തിന് എതിർവശം, ഉണർന്നെണീറ്റാൽ ഒന്നാമതായി കണ്ണുചെല്ലുന്നത് അതിന്മേലായിരിക്കത്തക്കവിധം, മരിച്ചുപോയ തന്റെ മറ്റേ മകളുടെ, മദാംപൊങ്മേർസിയുടെ, ഒരു പഴയ ഛായാപടം—അവൾക്കു പതിനെട്ടു വയസ്സുള്ളപ്പോൾ എടുത്ത ഒരു ഛായാപടം— കൊണ്ടുവന്നുവെപ്പിച്ചിരുന്നു. അദ്ദേഹം ഇളവില്ലാതെ ആ ഛായാപടത്തിലേക്കു നോക്കും. ഒരു ദിവസം അതിന്മേലേക്കു നോക്കിയിട്ട്, അദ്ദേഹം ഇങ്ങനെ പറകയുണ്ടായി. ‘നല്ല ഛായയുണ്ടെന്നു തോന്നുന്നു.’
‘അനുജത്തിയുടെയല്ലേ?’ മദാംവ്വസേല്ല്ഗിൽനോർമാൻ ചോദിച്ചു. ‘ഉവ്വ്, തീർച്ചയായും ഉണ്ട്.’
വയസ്സൻ തുടർന്നു: ‘അവന്റേയും.’
ഒരിക്കൽ അദ്ദേഹം കാൽമുട്ടു രണ്ടും തമ്മിൽ കൂട്ടിയമർത്തി, കണ്ണുകൾ ഏതാണ്ടടച്ച്, ഒരു നിരാശന്റെ ഇരിപ്പിലിരിക്കയാണ്; മകൾ അതിനിടയ്ക്ക് അദ്ദേഹത്തോടുചോദിച്ചുകളഞ്ഞു: ‘അച്ഛാ, അച്ഛന്ന് ഇപ്പോഴും അവനോടുള്ള ദേഷ്യം കുറഞ്ഞിട്ടില്ലേ?’
അവിടുന്നങ്ങോട്ടു പറയാൻ ധൈര്യമില്ലാതെ അവൾ അവിടെ നിർത്തി.
‘ആരോട്?’ അദ്ദേഹം കല്പിച്ചുചോദിച്ചു.
‘ആ സാധു മരിയുസ്സോട്.’
അദ്ദേഹം തന്റെ പ്രായംചെന്ന തല പൊന്തിച്ചു. ചുളുങ്ങിയതും എല്ലുന്തിയതുമായ മുഷ്ടി മേശപ്പുറത്തുവെച്ചു. തികച്ചും ശുണ്ഠി കയറിയതും മുഴങ്ങിക്കൊണ്ടുള്ളതുമായ ശബ്ദത്തിൽ ഏതാണ്ട് അട്ടഹസിച്ചു: ‘സാധു മരിയുസ്സ്, അല്ലേ? ആ മാന്യൻ ഒരാനക്കള്ളനാണ്, ഒരു കൊള്ളരുതാത്ത തെമ്മാടി. ഒരു നന്ദികെട്ട കോമാളിച്ചെക്കൻ, ഒരു ഹൃദയമില്ലാത്ത, ആത്മാവില്ലാത്ത, അധികപ്രസംഗി ദുഷ്ടൻ!’
കണ്ണിൽ നിറഞ്ഞ കണ്ണുനീർത്തുള്ളി മകൾ കാണാതിരിക്കാൻവേണ്ടി അദ്ദേഹം പിന്നോക്കം തിരിഞ്ഞു.
മൂന്നു ദിവസം കഴിഞ്ഞിട്ട്, അദ്ദേഹം ഒരു നാലുമണിക്കൂർ നിന്ന മൗനവ്രതത്തിന്, ഇങ്ങനെ മകളോടു കുത്തിപ്പറയാൻവേണ്ടി, ഭംഗം വരുത്തി: ‘അവനെപ്പറ്റി ഇനി ഒരിക്കലും എന്നോടു മിണ്ടിപ്പോകരുതെന്നു ഞാൻ മദാംവ്വസേല്ല്ഗിൽ നോർമാനോട് ആവശ്യപ്പെട്ടുകൊള്ളുന്നു.’
ഗിൽനോർമാൻവലിയമ്മ പിന്നെ അനങ്ങിയില്ല; രോഗകാരണത്തെപ്പറ്റി ഈ ബുദ്ധികൂർമ്മ കൂടിയ ഒരഭിപ്രായം ഉച്ചരിച്ചു: ‘അച്ഛന്ന് അനുജത്തിയുടെ മേൽ അവളുടെ കഥയില്ലായ്മയ്ക്കുശേഷം ഒരിക്കലും വലിയ ഇഷ്ടമുണ്ടായിട്ടില്ല. അദ്ദേഹത്തിനു മരിയുസ്സിനെ കണ്ടുകൂടാ.’
‘അവളുടെ കഥയില്ലായ്മയ്ക്കുശേഷം,’ എന്നുവെച്ചാൽ: ‘അവൾ കേർണലെ കല്യാണം കഴിച്ചതിൽപ്പിന്നെ.’
ഏതായാലും വായനക്കാർക്കൂഹിക്കാൻ കഴിഞ്ഞിട്ടുള്ളതുപോലെ, മദാംവ്വസേല്ല് ഗിൽനോർമാനു തന്റെ കണ്ണിലുണ്ണിയായ കുന്തപ്പടയാളിത്തലവനെ മരിയുസ്സിന്റെ സ്ഥാനത്തിരുത്തിയാൽക്കൊള്ളാമെന്നുണ്ടായിരുന്ന ആഗ്രഹം ഫലിക്കാതെ പോയി. പകരക്കാരൻ തെയോദുൽ പറ്റിയ ആളല്ലായിരുന്നു. മൊസ്യു ഗിൽനോർമാൻ ആ പകരപ്പണ്ടം സ്വീകരിച്ചില്ല. ഹൃദയത്തിനു പറ്റുന്ന വിടവ് അടപ്പുപണികൊണ്ടു ശരിപ്പെടുന്ന ഒന്നല്ല. തെയോദുലിന്നാണെങ്കിൽ, പിന്തുടർച്ചാവകാശം താൻ ഉള്ളുകൊണ്ടു കണ്ടിരുന്നുവെങ്കിലും, പാകം നോക്കി നില്ക്കുന്ന പണി തീരെ ഇഷ്ടമല്ല. ആ നല്ല ആൾ കുന്തപ്പടയാളിയെ മുഷിപ്പിച്ചു: കുന്തപ്പടയാളി ആ നല്ല ആളെ വെറുപ്പിച്ചു. ലെഫിറ്റിനന്റ് തെയോദുൽ രസികനാണ്, സംശയമില്ല, പക്ഷേ, വായാടി; ഒരു നേരമ്പോക്കുകാരനാണ്, പക്ഷേ, കന്നൻ; ഒരു ധാരാളിയാണ്, പക്ഷേ, ആഭാസന്മാരുടെ കൂട്ടുകാരൻ, അയാൾക്കു വെപ്പാട്ടികളുണ്ട്, വാസ്തവമാണ്—അവരെപ്പറ്റി അയാൾക്ക് ഒരുപാടു പറയാനുണ്ട്, അതും വാസ്തവമാണ്, പക്ഷേ, അയാളുടെ സംസാരം നന്നല്ല. അയാളുടെ എല്ലാ സൗശീല്യങ്ങൾക്കുമുണ്ട് ഒരു കോട്ടം. റ്യു ദ് ബബിലോങ്ങിലെ പട്ടാളത്താവളങ്ങൾക്കു ചുറ്റുമുള്ള അനുരാഗ കഥകളെപ്പറ്റി അയാൾ പറയാറുള്ളതു കേട്ടു മൊസ്യു ഗിൽനോർമാന്നു മടുത്തു. പിന്നെ ലെഫ്റ്റിനന്റ് തെയോദുൽ ചിലപ്പോൾ മൂന്നു നിറമുള്ള അലങ്കാരനാടയോടുകൂടി ഉദ്യോഗസ്ഥവേഷത്തിൽ കടന്നുവരും. ഇതയാളെ തീരെ കാണാൻ വയ്യാതാക്കി. ഒടുവിൽ മൊസ്യു ഗിൽനോർമാൻ മകളോടു പറഞ്ഞു: ‘ആ തെയോദുലിനെക്കൊണ്ട് എനിക്കു മതിയായി. യുദ്ധമില്ലാത്ത കാലത്ത് എനിക്ക് പട്ടാളക്കാരെ കാണാൻ അത്ര ആർത്തിയില്ല, നിനക്കു വേണമെങ്കിൽ അവനെ വരുത്തിക്കൊള്ളൂ. എന്തോ എനിക്കറിഞ്ഞുകൂടാ, ഈ വാളും ഭേസി നടക്കുന്ന വകക്കാരെക്കാൾ എനിക്കിഷ്ടം നീണ്ട പിടിയൻകത്തികളാണ്. ആകപ്പാടെ, യുദ്ധസ്ഥലത്തുവെച്ചുള്ള വാളലകുകളുടെ കൂട്ടിമുട്ടലിനു നിലത്തു വാളുറത്തുമ്പു തട്ടുമ്പോഴത്തേതിനോളംതന്നെ ഭയങ്കരതയില്ല. എന്നല്ല, ഒരധികപ്രസംഗിയുടെ മട്ടിൽ നെഞ്ഞു മുൻപോട്ടുന്തിക്കാണിച്ച്, ഒരു പെൺകിടാവിനെപ്പോലെ നാടകളും വെച്ചുപിടിപ്പിച്ചു, മാർക്കവചത്തിനുള്ളിൽ പെണ്ണുങ്ങളുടെ മാർക്കുപ്പായവുമായി കണ്ടാൽ ‘ആയി’ എന്നു തോന്നും. ഒരാൾ ഒരു പുരുഷനാണെങ്കിൽ അയാൾക്ക് ഒരു ‘പത്രാസ്സു’ കാരനോടെന്നപോലെയുള്ള ഒരു വെറുപ്പു മേനിനാട്യക്കാരനോടുമുണ്ടാവും. അവൻ ഒരു തമാശക്കാരനുമല്ല, ഒരു മോടിക്കാരനുമല്ല. നിന്റെ തെയോദുൽ നിന്റെ കൈയിൽത്തന്നെ ഇരുന്നാൽ മതി.’
വെറുതെയാണ് മകൾ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുനോക്കിയത്: ‘എന്തായാലും അവൻ അച്ഛന്റെ മരുമകനാണല്ലോ.’ മൊസ്യു ഗിൽനോർമാൻ ഏതു ഭാഗത്തും ഒരെണ്ണംപറഞ്ഞ മുത്തച്ഛനായിരുന്നുവെങ്കിലു, മൂത്തമ്മാമൻ എന്ന നില ഒരു ലേശമെങ്കിലും അദ്ദേഹത്തിന്റെ ഒരു ഭാഗത്തും, സംഗതിവശാൽ, ഉണ്ടായിരുന്നില്ല.
വാസ്തവത്തിൽ, അദ്ദേഹത്തിനു ബുദ്ധിയുണ്ടായിരുന്നതുകൊണ്ടും രണ്ടുപേരേയും അദ്ദേഹം താരതമ്യപ്പെടുത്തിവെച്ചതുകൊണ്ടും മരിയുസ്സ് ഇല്ലാതിരുന്നതുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ പശ്ചാത്താപം ഒന്നുകൂടി വർദ്ധിപ്പിക്കുവാൻ മാത്രമേ തെയോദുലിനെക്കൊണ്ടു പ്രയോജനപ്പെട്ടുള്ളു.
ഒരു ദിവസം—അതു ജൂൺ 24-ാംനു-യാണ്; അതുകൊണ്ട് അടുപ്പിൽ കത്തുന്നതിയ്യിടുന്നതിൽ മൊസ്യു ഗിൽനോർമാന്നു വിരോധമൊന്നുമുണ്ടായിരുന്നില്ല – അദ്ദേഹം അടുത്തമുറിയിലിരുന്നു തുന്നിയിരുന്ന മകളെ അവിടെനിന്നു പറഞ്ഞയച്ചു. അദ്ദേഹം തന്റെ മുറിയിൽ, അതിലെ നാടൻമട്ടുകൾക്കിടയിൽ, രണ്ടു കാലും അടുപ്പരികിലെ ‘പാത്രംതാങ്ങി’ക്കാൽകളിലേക്കൂന്നി, കൊറൊമാണ്ടൽ പ്രദേശത്തെ ചിത്രവാർണ്ണീഷിട്ട തന്റെ കൂറ്റൻ ഒമ്പതുഞെറിത്തട്ടികകൊണ്ടു പകുതിയും മറഞ്ഞു. പച്ചമൂടിയോടുകൂടിയ രണ്ടു മെഴുതിരിവിളക്കുകൾ ഇരുന്നു കത്തുന്ന ഒരു മേശപ്പുറത്തു കൈമുട്ടു കുത്തി, ചിത്രത്തിരശ്ശീലയോടുകൂടിയ തന്റെ ചാരുകസേലയ്ക്കുള്ളിൽ മുങ്ങി, തീരെ വായിക്കുന്നില്ലാത്ത ഒരു പുസ്തകം കൈയിൽ വെച്ചു, തനിച്ചിരിക്കുകയാണ്. തന്റെ പതിവനുസരിച്ച് അദ്ദേഹം ഒരു കോമാളി വേഷക്കാരൻ പ്രഭുവിന്റെ ഉടുപ്പാണിട്ടിരുന്നത്. ഗരാ [2] എഴുതിയ ഒരു പഴമക്കാരന്റെ ചിത്രമാണെന്നു തോന്നും കണ്ടാൽ. പുറത്തേക്കിറങ്ങുമ്പോഴൊക്കെ അകശ്ശീലവെച്ച ഒരു മെത്രാന്റെ നിലയിങ്കികൊണ്ടു മകൾ അദ്ദേഹത്തെ മൂടിക്കെട്ടാറുള്ളതില്ലായിരുന്നുവെങ്കിൽ, ഈ വേഷം തെരുവിലുള്ള ആളുകളെയെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടിച്ചേനേ. വീട്ടിലാവുമ്പോൾ പുറംകുപ്പായം അദ്ദേഹം ധരിക്കാറില്ല; രാത്രി കിടക്കാൻ പോവുമ്പോൾ മാത്രം പതിവുണ്ട്. ‘അത് ഒരു വയസ്സന്റെ മട്ടുണ്ടാക്കുന്നു,’ അദ്ദേഹം പറയും.
മൊസ്യു ഗിൽനോർമാൻ മരിയുസ്സിനെപ്പറ്റി വാത്സല്യത്തോടും ശുണ്ഠിയോടും കൂടി വിചാരിക്കയായിരുന്നു; പതിവുപോലെ, ശുണ്ഠിതന്നെ മുൻനിന്നു. അദ്ദേഹത്തിന്റെ വാത്സല്യം ഒരിക്കൽ തകരാറായിപ്പോയാൽ പിന്നെ അതു തിളച്ചുമറിഞ്ഞു ശുണ്ഠിയായിത്തീർന്നേ എന്നും അവസാനിക്കൂ. എന്തെങ്കിലും വരട്ടെ എന്നു വെച്ചു, തന്റെ ഹൃദയത്തെ പിളർന്നുകളയുന്നതെന്തോ അതിനെ കൈക്കൊള്ളാൻ ശ്രമിക്കുന്ന ആ ഒരു ഘട്ടത്തിൽ അദ്ദേഹം എത്തിയിരിക്കുന്നു. മരിയുസ്സ് തിരിച്ചുവരാൻ യാതൊരു കാരണവുമില്ലെന്നും അങ്ങനെയാണെങ്കിൽ അതിന്നെത്രയോ മുൻപുതന്നെ വേണ്ടിയിരുന്നു എന്നും ഇനി അതാലോചിക്കാതിരിക്കയാണ് ഉത്തമമെന്നും അദ്ദേഹം തന്നത്താൻ പറഞ്ഞുനോക്കുകയാണ്. എല്ലാം അവസാനിച്ചു പോയിയെന്നും ‘ആ മാന്യനെ’ ഇനി കാണാതെതന്നെ മരിക്കേണ്ടിയിരിക്കുന്നു എന്നുമുള്ള വിചാരത്തോടു പരിചയപ്പെടുവാൻ അദ്ദേഹം ശ്രമിക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രകൃതി മുഴുവനും അതിനോടെതിർത്തു. അദ്ദേഹത്തിന്റെ പ്രായംകൂടിയ മുത്തച്ഛസ്ഥാനം അതിനു സമ്മതിച്ചില്ല ‘ശരി!’ അദ്ദേഹം പറഞ്ഞു—ഇതായിരുന്നു അദ്ദേഹത്തിന്റെ കുണ്ഠിതമയമായ പല്ലവി, ‘അവൻ തിരിച്ചുവരില്ല!’ അദ്ദേഹത്തിന്റെ കഷണ്ടിത്തല മാറത്തേക്കു ചാഞ്ഞു; വ്യസനമയവും ശുണ്ഠിപിടിച്ചതുമായ ഒരു നോട്ടം അദ്ദേഹം അടുപ്പിലുള്ള വെണ്ണീറിലേക്കു പതിച്ചു.
മനോരാജ്യത്തിന്റെ ഒത്ത നടുക്കുവെച്ച് അദ്ദേഹത്തിന്റെ കിഴവൻ ഭൃത്യൻ വന്നു ചോദിച്ചു: ‘ഇവിടുന്നു മൊസ്യു മരിയുസ്സിനെ കാണുമോ?’
ആ വൃദ്ധൻ. ഒരു വിദ്യുചക്തിപ്രയോഗംകൊണ്ട് എഴുന്നേറ്റിരുന്നു ഒരു ശവംപോലെ, വിളർത്തു. നേരെ നീണ്ടുനിവർന്ന്, ഇരിപ്പായി. അദ്ദേഹത്തിലുള്ള ചോരമുഴുവനും ഹൃദയത്തിലേക്കു മടങ്ങിയിരുന്നു. അദ്ദേഹം വിക്കിപ്പറഞ്ഞു: ‘മൊസ്യു മരിയുസ്—പിന്നത്തെ പേര്?’
‘എനിക്കറിഞ്ഞുകൂടാ,’ പേടിക്കയും എജമാനന്റെ മട്ടു കണ്ടു തികച്ചും അമ്പരക്കുകയും ചെയ്ത ബസ്ക് മറുപടി പറഞ്ഞു: ‘ഞാൻ ആളെ കണ്ടില്ല,’ നികൊലെത് വന്നുപറഞ്ഞു, ‘ഒരു ചെറുപ്പക്കാരൻ വന്നിട്ടുണ്ട്; മൊസ്യു മരിയുസ്സാണെന്നു പറഞ്ഞേയ്ക്കൂ’ എന്ന്.
മുത്തച്ഛൻ ഗിൽനോർമാൻ ഒരു താഴ്ന്ന സ്വരത്തിൽ വിക്കി: ‘ഇങ്ങോട്ടു വരട്ടെ.’
തല വിറച്ചുകൊണ്ടും വാതില്ക്കലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടും അദ്ദേഹം ആ നിലയിൽത്തന്നെ ഇരുന്നു. വാതിൽ ഒരിക്കൽക്കൂടി തുറന്നു. ഒരു ചെറുപ്പക്കാരൻ അകത്തേക്കു കടന്നു. അത് മരിയുസ്സായിരുന്നു. അടുത്തുവരാൻ പറഞ്ഞിട്ടാവാം എന്നുവെച്ചിട്ടെന്നപോലെ—മരിയുസ് വാതില്ക്കൽത്തന്നെ നിന്നു. വിളക്കിൻനിഴൽകൊണ്ടുള്ള മങ്ങലിൽ അയാളുടെ ഏതാണ്ട് മോശമായ ഉടുപ്പ് വെളിപ്പെട്ടിരുന്നില്ല. അയാളുടെ ശാന്തവും സഗൗരവവും, പക്ഷേ, അത്ഭുതകരമായ വിധം വ്യസനമയവുമായ മുഖമല്ലാതെ മറ്റൊന്നും കാണാൻ വയ്യായിരുന്നു.
അമ്പരപ്പുകൊണ്ടും അത്യാഹ്ലാദംകൊണ്ടും തന്റേടം കെട്ടുപോയ മുത്തച്ഛൻ ഗിൽനോർമാന്ന്, ഒരു പ്രേതത്തിന്റെ മുൻപിൽപ്പെട്ടാലത്തെപ്പോലെ, ഒരു പ്രകാശമല്ലാതെ മറ്റെന്തും കാണാറാവാൻ കുറച്ചു നിമിഷങ്ങൾ കഴിയേണ്ടിവന്നു. അദ്ദേഹം മോഹാലസ്യപ്പെടുക എന്ന ദിക്കായി; കണ്ണഞ്ചിക്കുന്ന ഒരു പ്രകാശത്തിന്നുള്ളിലൂടെയാണ് അദ്ദേഹം മരിയുസ്സിനെ കണ്ടത്. അതു നിശ്ചയമായും അയാളാണ്—അതു നിശ്ചയമായും മരിയുസ്സാണ്.
ഒടുക്കം! നാലു കൊല്ലത്തിനുശേഷം! അദ്ദേഹം മരിയുസ്സിനെ ഒരൊറ്റ നോട്ടത്തിൽ ആകെ കെട്ടിപ്പിടിച്ചു എന്നു പറയട്ടെ. അയാൾ തറവാടിയായി, സുഭഗനായി, മാന്യനായി, ഒത്ത ഉയരത്തോടും കൊള്ളാവുന്ന മുഖഭാവത്തോടും കൗതുകം തോന്നിക്കുന്ന മട്ടോടുംകൂടി ഒരാൾക്കു മാത്രം പോന്നവനായി കാണപ്പെട്ടു. അദ്ദേഹത്തിനു രണ്ടു കൈയും നീട്ടി, അയാളെ വിളിച്ചു, നേരെ മുൻപോട്ടു പാഞ്ഞുചെല്ലാൻ തോന്നി; പരമാനന്ദംകൊണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു; വാത്സല്യപൂർണ്ണങ്ങളായ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളിൽ തിളച്ചുപൊങ്ങുകയും നിറഞ്ഞു വഴിയുകയുമായി; ഒടുവിൽ അദ്ദേഹത്തിന്റെ വാത്സല്യമെല്ലാം വെളിച്ചത്തു വരികയും ചുണ്ടോളം എത്തിച്ചേരുകയും ചെയ്തു; പക്ഷേ, അദ്ദേഹത്തിന്റെ പ്രകൃതിവിശേഷത്തിനുള്ള തികഞ്ഞ അസ്തിവാരമായ ആ ഒരു വിരുദ്ധതകൊണ്ടു, പുറത്തേക്കു വന്നതു പരുഷതയാണ്, അദ്ദേഹം കടന്നുപറഞ്ഞു: ‘നീ എന്തിനിവിടെ വന്നു?’
മരിയുസ്സ് അമ്പരപ്പോടുകൂടി മറുപടി പറഞ്ഞു: ‘മൊസ്യു-’
മൊസ്യു ഗിൽനോർമാന്നു മരിയുസ് തന്റെ മാറത്തേക്കു വന്നുവീഴുകയായിരുന്നു ഇഷ്ടം. അദ്ദേഹത്തിനു മരിയുസ്സോടും തന്നോടുതന്നെയും ശുണ്ഠി വന്നു. അദ്ദേഹത്തിനു താൻ മര്യാദക്കുറവും മരിയുസ് ഉദാസീനതയും കാണിക്കുന്നതായി ബോധമുണ്ടായിരുന്നു. അതുകാരണം, ഉള്ളിൽ അത്രമേൽ വാത്സല്യവും ഗതിയില്ലായ്മയും ഉണ്ടായിരിക്കെ പുറമേയ്ക്കു വെറും പരുഷത കാണിക്കാനേ കഴിയുന്നുള്ളു എന്നതിൽ, ആ കൊള്ളാവുന്ന കിഴവന്നു സഹിക്കാൻ വയ്യാത്തതും ശുണ്ടി പിടിക്കുന്നതുമായ ഒരസ്വസ്ഥത തോന്നി. രസമില്ലായ്മ തിരിച്ചെത്തി അദ്ദേഹം ഒരു മുകറുവീർപ്പിക്കുന്ന സ്വരത്തിൽ മരിയുസ്സിനെ തടഞ്ഞു പറഞ്ഞു: ‘പിന്നെ നിയെന്തിനു വന്നു?’
ആ ‘പിന്നെ’യ്ക്കർത്ഥം: ‘എന്നെ പിടിച്ചു പൂട്ടാൻ വേണ്ടിയല്ല നീ വന്നതെങ്കിൽ.’ മരിയുസ് മുത്തച്ഛനെ സൂക്ഷിച്ചുനോക്കി; വിളർപ്പ് അദ്ദേഹത്തിനു വെണ്ണക്കല്ലുകൊണ്ടുള്ള ഒരു മുഖമുണ്ടാക്കി.
‘മൊസ്യു-’
‘എന്നോട് മാപ്പു ചോദിക്കുന്നതിനാണോ നീ വന്നത്? തെറ്റായിപ്പോയി എന്നു സമ്മതിക്കുന്നുവോ?
മരിയുസ്സിനെ നേർവഴിക്കാക്കുകയാണ് ചെയ്യുന്നതെന്നും ‘കുട്ടി’ വഴിപ്പെടുമെന്നും അദ്ദേഹം വിചാരിച്ചു. മരിയുസ് വിറച്ചു; അച്ഛനെ ഉപേക്ഷിക്കുകയാണ് ആ ആവശ്യപ്പെട്ടതിന്റെ സാരം; അയാൾ നോക്കി മറുപടി പറഞ്ഞു: ‘അല്ല, സേർ.’
‘പിന്നെ’, ആ വയസ്സൻ, മർമ്മത്തു കൊള്ളുന്നതും ശുണ്ഠി നിറഞ്ഞതുമായ ഒരു സങ്കടത്തോടുകൂടി, ഉച്ചത്തിൽ പറഞ്ഞു, ‘നിനക്കെന്നെക്കൊണ്ടു എന്തു വേണം?’
മരിയുസ് കൈ രണ്ടും കൂട്ടിപ്പിടിച്ച്, ഒരടികൂടി മുൻപോട്ടു വെച്ചു. ക്ഷീണിച്ചതും വിറക്കൊള്ളുന്നതുമായ ഒരു സ്വരത്തിൽ പറഞ്ഞു: ‘സേർ, എന്റെ മേൽ ദയവേണം.’
ഈ വാക്കു മൊസ്യു ഗിൽനോർമാന്റെ ഉള്ളിൽത്തട്ടി; കുറച്ചു മുൻപാണു പറഞ്ഞിരുന്നതെങ്കിൽ, അദ്ദേഹത്തിന്റെ മനസ്സലിയിച്ചേനേ; വൈകിപ്പോയി. മുത്തച്ഛൻ എഴുന്നേറ്റു; രണ്ടു കൈകൊണ്ടും വടിമേൽ ഊന്നിപ്പിടിച്ചു; ചുണ്ടു വിളർത്തു. നെറ്റി അലയടിച്ചു; പക്ഷേ, തല കുനിക്കുന്ന മരിയുസ്സിന്റെ മീതെ അദ്ദേഹത്തിന്റെ ഉയർന്ന ദേഹം നിവർന്നു നിന്നു.
‘സേർ, നിങ്ങളുടെ മേൽ ദയയോ? ചെറുപ്പമാണ് തൊണ്ണൂറ്റൊന്നു വയസ്സായ കിഴവനോടു ദയ ചോദിക്കുന്നത്; നീ ജീവിതത്തിലേക്കു കടക്കുന്നതേ ഉള്ളു; ഞാൻ അതിൽനിന്നു പോവുകയായി. നീ കളിക്കാൻ പോകുന്നു. കാപ്പിക്ലബ്ലിൽ പോകുന്നു. ബില്ലിയേർഡ് കളിക്കുന്നു; നിനക്കു രസികത്വമുണ്ട്; നീ പെണ്ണുങ്ങളെ രസിപ്പിക്കുന്നു; നീ സുഭഗനാണ്. ഞാനാണെങ്കിൽ, വേനല്ക്കാലത്തിന്റെ മധ്യത്തിൽ ഇരുന്നു സൂര്യനെ തുപ്പുന്നു. വാസ്തവത്തിലുള്ള സമ്പത്തെന്തോ അതു കൊണ്ടു നീ സമ്പന്നനാണ്; എനിക്കാണെങ്കിൽ പ്രായംകൊണ്ടുള്ള എല്ലാ ദാരിദ്ര്യവുമായി; ക്ഷീണം, ഏകാന്തത! നിനക്കു നിന്റെ മുപ്പത്തിരണ്ടു പല്ലുമുണ്ട്. നല്ല ദഹനമുണ്ട്, ഉശിരുള്ള നോട്ടമുണ്ട്, ശക്തിയുണ്ട്, രുചിയുണ്ട്, ആരോഗ്യമുണ്ട്, ആഹ്ലാദമുണ്ട്, കറുത്ത തലമുടിയുടെ ഒരു കാടുണ്ട്, എനിക്കാണെങ്കിൽ, വെളുത്ത തലമുടിയില്ല, പല്ലില്ല, കാലിനു ശക്തി കുറഞ്ഞു, ഓർമ്മ കുറഞ്ഞു; മൂന്നു തെരുവുപേരുകളുണ്ട്—എനിക്കെപ്പോഴും കുടിമറിഞ്ഞുപോകുന്നു, റ്യു ഷർലോ, റ്യു ദ്യു ഷോം, റ്യു സാങ്ക് ക്ലോദ്—ഇതാ, ഇങ്ങനെയാണ് എന്റെ കഥ; നിന്റെ മുൻപിൽ പകൽകൊണ്ടു നിറഞ്ഞ ഭാവി മുഴുവനുമുണ്ട്; എനിക്കു കണ്ണിന്റെ കാഴ്ച പോയിത്തുടങ്ങി— അത്രത്തോളമായി ഞാൻ രാത്രിയിലേക്കു കടക്കുന്നു; നിനക്ക് ആരുടേയും മേൽ അനുരാഗമുണ്ട്—അതങ്ങനെയേ വരൂ; എന്നെ ഭൂമിയിൽ ഒരാൾക്കും ഇഷ്ടമില്ല, എന്നിട്ടു, നിയ്യെന്നോടു ദയ ചോദിക്കുന്നു! ഭഗവാനേ! മോളിയേർ അതു മറന്നു; ഇങ്ങനെയാണ് നിങ്ങൾ, വക്കീലവർകൾമാർ, കോടതിയിൽവെച്ചു ഫലിതം പറയാറെങ്കിൽ, ഞാൻ നിങ്ങളെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു നീ കോമാളിയാണ്.’
ഉടനെ ആ പടുകിഴവൻ ഗൗരവമുള്ളതും അല്പരസം കൂടിയതുമായ ഒരു സ്വരത്തിൽ തുടർന്നു: ‘ആട്ടെ ചോദിക്കട്ടെ, ഞാൻ നിനക്ക് എന്തു ചെയ്യണം?’
‘സേർ,’ മരിയുസ് പറഞ്ഞു, ‘ഞാൻ ഇവിടെ നില്ക്കുന്നതു നിങ്ങൾക്കിഷ്ടമല്ലെന്നു ഞാനറിഞ്ഞു; പക്ഷേ, ഞാൻ വന്നിട്ടുള്ളത് നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ വേണ്ടി മാത്രമാണ്; അതു കഴിഞ്ഞാൽ ആ ക്ഷണത്തിൽ ഞാൻ പൊയ്ക്കൊള്ളാം.’
‘നിയ്യൊരു വങ്കനാണ്,’ വയസ്സൻ പറഞ്ഞു. ‘ആരു പറഞ്ഞു നിന്നോടു പോവാൻ?’
ഇത് അദ്ദേഹത്തിന്റെ മനസ്സിന്നടിയിൽക്കിടക്കുന്ന ഈ വാത്സല്യപൂർണ്ണങ്ങളായ വാക്കുകളുടെ തർജ്ജമയായിരുന്നു: ‘എന്നോടു മാപ്പു ചോദിക്ക്! എന്റെ കഴുത്തിൽ വന്നുവീണു കെട്ടിപ്പിടിക്ക്!’
മരിയുസ് കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ വിട്ടുപോകുമെന്ന്, ആ പരുഷമായ സ്വീകാരം കുട്ടിയെ വെറുപ്പിച്ചിരിക്കുന്നു എന്ന്, അയാളെ ആട്ടിയയയ്ക്കുന്നത് തന്റെ നിഷ്ഠുരസ്വഭാവമാണെന്ന്, അദ്ദേഹത്തിനു തോന്നി; ഇതെല്ലാം അദ്ദേഹം തന്നോടുതന്നെ പറഞ്ഞു; അദ്ദേഹത്തിന്റെ വ്യസനത്തെ വർദ്ധിപ്പിച്ചു; ആ വ്യസനം ശരിക്കു ശുണ്ഠിയായി മാറിവരുന്നതോടുകൂടി, അദ്ദേഹത്തിന്റെ പരുഷമട്ടു കുറെക്കൂടി വലുതായി. ആ കൊള്ളാവുന്ന വയസ്സനെ ശുണ്ഠിപിടിപ്പിക്കുന്നതെന്താണെന്നു മരിയുസ്സിനെ ധരിപ്പിച്ചാൽ കൊള്ളാമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു; മരിയുസ്സിന് അതു മനസ്സിലാകുന്നില്ല; അതദ്ദേഹത്തെ കോപിഷ്ഠനാക്കി.
അദ്ദേഹം പിന്നെയും ആരംഭിച്ചു: ‘എന്ത്! നിയ്യെന്നെ, നിന്റെ മുത്തച്ഛനെ, ഉപേക്ഷിച്ചു; എവിടേക്കെന്ന് ആർക്കും അറിഞ്ഞുകൂടാത്ത എങ്ങോട്ടോ പോവാൻവേണ്ടി നീ നിന്റെ മുത്തച്ഛന്റെ വീടു വിട്ടു; നീ നിന്റെ വലിയമ്മയെ നിരാശതപ്പെടുത്തി; വിവാഹം ചെയ്യാതെ കഴിക്കാൻ വേണ്ടി—അതാർക്കും എളുപ്പത്തിലൂഹിക്കാം —നീ ഒരു നട നടന്നു; ഒരു രസികന്റെ വേഷം കെട്ടി, എപ്പോഴും എവിടേയും ചെന്നു രസിച്ചു കൂടുകയാണ് അധികം എളുപ്പമുള്ള പണി; നീ ഒരാളാവുന്നുണ്ടെന്നതിന്റെ യാതൊരടയാളവും കാട്ടുന്നില്ല; കൊടുത്തുതീർക്കാൻ എന്നോടു പറകകൂടി ചെയ്യാതെ നീ പല കടങ്ങളിലും ചെന്നുചാടിയിട്ടുണ്ട്; നീ ഒരു ജനാലപൊളിയനും വായാടിയുമായിത്തീർന്നിരിക്കുന്നു; അങ്ങനെ ഒരു നാലു കൊല്ലം കഴിഞ്ഞതിനുശേഷം നീ എന്റെ അടുക്കലേക്കെത്തി; ഇതാണ് നിനക്കാകപ്പാടെ എന്നോടു പറയാനുള്ളത്!’
സ്വന്തം ദൗഹിത്രനെ പിതൃസ്നേഹത്തിലേക്കു വലിച്ചുവരുത്തുന്ന ഈ പരുക്കൻമട്ടു മരിയുസ്സിനെയാണെങ്കിൽ മിണ്ടിക്കാതാക്കുക മാത്രമേ ചെയ്തുള്ളു. മൊസ്യു ഗിൽനോർമാൻ കൈ കെട്ടി— അദ്ദേഹത്തെസ്സംബന്ധിച്ചേടത്തോളം ഏറ്റവും പ്രാഭവം കാണിക്കുന്ന ഒരാംഗ്യം; എന്നിട്ടു ശുണ്ഠിയോടുകൂടി മരിയുസ്സോടു കല്പിച്ചു; ‘നമുക്ക് ഇതവസാനിപ്പിക്കുക, നീ എന്തോ ഒന്നെന്നോടു ചോദിക്കാൻ വേണ്ടി വന്നതാണെന്നു പറയുന്നു? ശരി, എന്ത്? എന്താണത്? പറ!’
‘സേർ,’ ഒരഗാധക്കുഴിയിലേക്കു വിരണ്ടുവീഴുകയാണെന്നു തോന്നിയ ഒരാളുടെ ഭാവത്തോടുകൂടി മരിയുസ് പറഞ്ഞു, ‘വിവാഹം ചെയ്യുന്നതിനു സമ്മതം ചോദിക്കാൻ വേണ്ടിയാണ് ഞാൻ വന്നിട്ടുള്ളത്.’
മൊസ്യു ഗിൽനോർമാൻ മണിയടിച്ചു. ബസ്ക് വാതിലിന്റെ പകുതി തുറന്നു.
‘എന്റെ മകളെ വിളിക്കൂ.’
ഒരു നിമിഷംകൂടി കഴിഞ്ഞു. വാതിൽ തുറന്നു മാംസെൽ ഗിൽനോർമാൻ, അകത്തേക്കു വരികയല്ല ചെയ്തത്. വാതില്ക്കൽ മുഖം കാണിച്ചു; മരിയുസ് കൈയും തൂക്കിയിട്ടു ഒരു കുറ്റക്കാരന്റെ മുഖത്തോടുകൂടി മിണ്ടാതെ അവിടെ നില്ക്കുന്നുണ്ട്; മൊസ്യു ഗിൽനോർമാൻ ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തുകയാണ്, അദ്ദേഹം മകളുടെ നേരെ നോക്കി; അവളോടു പറഞ്ഞു: ‘ഒന്നുമില്ല. മൊസ്യു മരിയുസ്സാണ്. അയാൾക്കു മംഗളം ആശംസിച്ചേയ്ക്കു. മൊസ്യു വിവാഹം ചെയ്യാൻ വിചാരിക്കുന്നു. അത്രയേ ഉള്ളു. പോവാം.’
താഴ്ന്നതും പരുത്തതുമായ വയസ്സന്റെ ശബ്ദം ഒരഭൂതപൂർവ്വമായ ക്ഷോഭം ഉണ്ടായിട്ടുണ്ടെന്നു കാണിച്ചു. വലിയമ്മ ഒരു പേടിച്ച മട്ടിൽ മരിയുസ്സിനെ സൂക്ഷിച്ചു നോക്കി; അവൾക്ക് അയാളെ മനസ്സിലായതേ ഇല്ലെന്ന് തോന്നും; ഒരു ശബ്ദമെങ്കിലും പുറപ്പെടുവിക്കുകയോ ഒരാംഗ്യമെങ്കിലും കാണിക്കുകയോ അവൾ ചെയ്തില്ല; ഒരു കൊടുങ്കാറ്റിന്റെ മുൻപിൽ ഒരു വൈക്കോൽക്കൊടി എന്നതിലധികം വേഗത്തിൽ അവൾ അച്ഛന്റെ വാക്കു കേട്ടതോടുകൂടി മറഞ്ഞുകളഞ്ഞു.
ഈയിടയ്ക്കു മുത്തച്ഛൻ ഗിൽനോർമാൻ തിരിച്ചെത്തി. പുകക്കുഴലിന്മേല്ക്കു പുറംചാരി ഒരിക്കൽക്കൂടി നിലവായി.
‘നീ വിവാഹം ചെയ്യുന്നു! ഇരുപത്തൊന്നാമത്തെ വയസ്സിൽ! നീയതു ശരിപ്പെടുത്തിക്കഴിഞ്ഞു. ഒരു സമ്മതം മാത്രം ചോദിക്കണം! ഒരു മാമൂൽ, ഇരിക്കൂ, സേർ. അപ്പോൾ അങ്ങയെ ഞാൻ ഒടുവിൽക്കണ്ടതിനുശേഷം ചില പരിവർത്തനങ്ങളെല്ലാം നടന്നിരിക്കുന്നു. ജെക്കോബിൻ വർഗ്ഗക്കാർക്കുതന്നെ മെച്ചം. നിങ്ങൾക്കു രസം പിടിച്ചിരിക്കണം. ഒരു പ്രഭുവായിരിക്കുന്ന സ്ഥിതിക്കു നിങ്ങൾ ഒരു ഭരണ പരിവർത്തകനുമായിരിക്കണം. അതു രണ്ടുംകൂടി വേഗത്തിൽ കൂട്ടിയിണക്കാം. പ്രജാഭരണം പ്രഭുത്വത്തിന് ഒരു നല്ല കൂട്ടാണ്. ജൂലായി മാസംകൊണ്ടു സ്ഥാനചിഹ്നങ്ങൾ അണിയിക്കപ്പെട്ട ഒരാൾതന്നെയാണോ അങ്ങും? ഹേ, സേർ, നിങ്ങൾ ലുവൃകോട്ട പിടിച്ചുകഴിഞ്ഞുവോ? ഇവിടെത്തന്നെ അടുത്തു റ്യു സാങ് ആന്ത്വാങ്ങിൽ, റ്യു ദെ നൊനേൻദിയേറിന്നെതിരായി, ഒരു വീട്ടിന്റെ മൂന്നാം നിലയിലുള്ള ചുമരിന്മേൽ ഒരു പീരങ്കിയുണ്ട ഈയൊരു കൊത്തിയിടലോടുകൂടി അമഴ്ന്നിട്ടുണ്ട്; ‘ജൂലായി 28, 1830’ [3] പോയി അതൊന്നു നോക്കി വരൂ. അതുകൊണ്ടു വളരെ ഫലമുണ്ടാവും ഹാ! നിന്റെ ഈ ചങ്ങാതിമാർ വളരെ നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. കൂട്ടത്തിൽച്ചോദിക്കട്ടെ, മൊസ്യു ല് ദ്യുക് ദ് ബെറിയുടെ [4] പ്രതിമയുള്ളേടത്ത് അവർ ഒരുറവുകുഴൽ നാട്ടുന്നില്ലേ? അപ്പോൾ നിനക്കു കല്യാണം കഴിക്കണം? ആരെ? ചോദിക്കുന്നതു കൊണ്ടു വിരോധമൊന്നുമില്ലല്ലോ?’
അദ്ദേഹം നിർത്തി; മരിയുസ്സിനെ മറുപടി പറയാൻ ഇടകിട്ടുന്നതിനു മുൻപായി തുടർന്നു: ‘ആട്ടെ വരൂ, നിങ്ങൾക്ക് അപ്പോൾ ഒരുദ്യോഗമുണ്ട്; സമ്പാദ്യം ഒരുവിധമായോ? വക്കീൽപ്രവൃത്തി നടത്തിയിട്ടു നീയിപ്പോൾ എന്തു മുതലുണ്ടാക്കി?
‘ഒന്നുമില്ല.’ ഏതാണ്ടു ഭയങ്കരമായിരുന്ന ഒരുതരം ദൃഢതയോടും നിശ്ചയത്തോടുംകൂടി മരിയുസ് മറുപടി പറഞ്ഞു.
‘ഒന്നുമില്ലേ? അപ്പോൾ നിനക്ക് ആകെ കഴിയാനുള്ള വക ഞാൻ അയച്ചുതരാറുള്ള ആയിരത്തിരുനൂറു ലിവർ മാത്രമേ ഉള്ളു?’
മരിയുസ് ഉത്തരം പറഞ്ഞില്ല. മൊസ്യു ഗിൽനോർമാൻ തുടർന്നു: ‘അപ്പോൾ ആ പെൺകുട്ടി കുറെ സമ്പന്നയാണെന്നല്ലേ മനസ്സിലാക്കേണ്ടത്?’
‘എന്നെപ്പോലെതന്നെ സമ്പന്ന.’
‘എന്ത്! സ്ത്രീധനമില്ല?’
‘ഇല്ല.’
‘വല്ലതും കിട്ടാൻ വഴിയുണ്ടോ?’
‘ഉണ്ടെന്നു തോന്നുന്നില്ല.’
‘വെറും പൊള്ള! അച്ഛനു പ്രവൃത്തി?’
‘എനിക്കറിഞ്ഞുകൂടാ.’
‘അവളുടെ പേര്?’
‘മദാംവ്വസേല്ല് ഫൂഷൽവാങ്.’
‘ഫൂഷ്—എന്ത്?’
‘ഫൂഷൽവാങ്.’
‘ട ട ട!’ ആ മാന്യവൃദ്ധൻ ഉച്ചത്തിൽപ്പറഞ്ഞു.
‘സേർ! മരിയുസ് ഉച്ചത്തിൽ പറഞ്ഞു.
തന്നോടുതന്നെ പറയുന്ന ഒരാളുടെ സ്വരത്തോടുകൂടി മൊസ്യു ഗിൽനോർമാൻ അയാളെ തടഞ്ഞു; ‘അതു ശരി, വയസ്സിരുപത്തൊന്ന്, ഉദ്യോഗമില്ല, കൊല്ലത്തിൽ ആയിരത്തിരുനൂറു ലിവർ വരവ്; മദാം ല ബരോന്ന് [5] ദ് പൊങ് മേർസി പോയി പഴക്കച്ചവടക്കാരനോടു രണ്ടു സൂവിന്റെ കൊത്തമ്പാലരിച്ചീര വാങ്ങിക്കൊണ്ടുവരും.’
‘സേർ,’ മുൻപിൽനിന്നു മറഞ്ഞുതുടങ്ങുന്ന ഒടുവിലത്തെ ആശയെസ്സംബന്ധിച്ചേടത്തോളവും നിരാശനാവാൻ തുടങ്ങി, മരിയുസ് ആവർത്തിച്ചു, ‘ഞാൻ യാചിക്കുന്നു! ഈശ്വരനെ മുൻനിർത്തി, ഞാൻ തൊഴുതുംകൊണ്ടപേക്ഷിക്കുന്നു—ഞാൻ ഇതാ കാല്ക്കൽ വീഴുന്നു—അവളെ കല്യാണം കഴിക്കുവാൻ—എന്നെ അനുവദിക്കൂ.’
ആ വയസ്സൻ കർക്കശശബ്ദത്തോടുകൂടിയതും വ്യസനമയവുമായ ഒരു പൊട്ടിച്ചിരി ചിരിച്ചു—ചിരിയും ചുമയും ഒരുമിച്ചാണ്.
‘ഹാ! ഹാ! ഹാ! നീ വിചാരിച്ചു. ‘ഈശ്വര! ഞാൻ പോയി ആ കിഴവൻവങ്കനെ—ആ കൊള്ളരുതാത്ത പൊണ്ണച്ചാരെ—കണ്ടുപിടിക്കട്ടെ’. ഒരിരുപത്തഞ്ചു വയസ്സല്ലാത്തത് എന്തു നാണക്കേടായി! എന്നാൽ ഞാൻ ആ കഴുതയെ ഇങ്ങോട്ടു വരുത്തിയിരുന്നില്ലേ! ആ കിഴവനില്ലാതെതന്നെ ഞാൻ എത്ര സുഖമായി കഴിഞ്ഞേനേ! എനിക്കതൊന്നും സാരമില്ല; ഞാൻ അയാളോടു പറയും; ‘ഹേ തന്തക്കഴു, നിങ്ങൾക്ക് എന്നെ കാണുന്നതുതന്നെ വലിയ സുഖമാണ്; എനിക്കൊന്നു കല്യാണം കഴിക്കണം; മൊസ്യു ആരെന്നില്ലാത്തവന്റെ മകളായ മാംസെൽ ഇന്നവളെന്നില്ലാത്തവളെ വിവാഹം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു; എന്റെ കാലിൽ പാപ്പാസില്ല, അവളുടെമേൽ ഉള്ളങ്കിയില്ല – അതു നല്ല യോജിപ്പാണ്; എന്റെ ഭാവി, എന്റെ ഭാഗ്യം, എന്റെ യൗവനം, എന്റെ ജീവിതം, എനിക്കെടുത്തു നായയ്ക്കിട്ടുകൊടുക്കണം; എന്റെ കഴുത്തിൽ ഒരു പെണ്ണിനേയും കെട്ടിത്തൂക്കി കഷ്ടപ്പാടിലേക്ക് എനിക്കൊരു ‘മുതലക്കൂപ്പു കുത്തണം.’ എന്റെ ആവശ്യം അതാണ്; അതിനു സമ്മതം തരണം! അപ്പോൾ ആ തന്തക്കിഴവൻ അതു സമ്മതിക്കും.’ പൊയ്ക്കോളൂ, എന്റെ കുട്ടി; നിന്റെ ഇഷ്ടംപോലെ ചെയ്യൂ; നിന്റെ പാതവിരിക്കല്ലെടുത്തു കഴുത്തിൽ തൂക്കിക്കൊള്ളൂ; നിന്റെ ഫൂഷൽവാങ്ങിനെ, നിന്റെ കൂപ്പൽവാങ്ങിനെ, പോയി കല്യാണം കഴിച്ചോളു—ഒരിക്കലുമില്ല. സേർ ഒരിക്കലുമില്ല.’
‘അച്ഛാ-’
‘ഒരിയ്ക്കലുമില്ല.’
ആ ‘ഒരിയ്ക്കലുമില്ല’ എന്നുച്ചരിച്ചപ്പോഴത്തെ ഒച്ച മരിയുസ്സിന്റെ എല്ലാ ആശയേയും കളഞ്ഞു. തല താഴ്ത്തി ചാഞ്ചാടിക്കൊണ്ടു യാത്ര പറഞ്ഞു പോവുക മാത്രം ചെയ്യുന്ന ആളെക്കാൾ മരിക്കാൻ പോകുന്ന ഒരാളെപ്പോലായി, അയാൾ ആ മുറിക്കകത്തു പതുക്കെ ചില ചാലുകൾ ലാത്തി; മൊസ്യു ഗിൽനോർമാൻ കണ്ണുകൊണ്ട് അയാളെ പിന്തുടർന്നു; വാതിൽ തുറന്നു മരിയുസ് പുറത്തേക്കു പോവാൻ കാലെടുത്ത സമയത്ത് അദ്ദേഹം, അല്പരസക്കാരനും കൊള്ളരുതാത്തവനുമായ ഒരു മാന്യവൃദ്ധന്റെ കിഴവച്ചുണയോടുകൂടി, ഒരു നാലടി മുൻപോട്ടു വന്നു, മരിയുസ്സിന്റെ കഴുത്തുപട്ടമേൽ പിടികൂടി. മുറിയിലേക്കുതന്നെ വലിച്ചുകൊണ്ടുവന്നു. ഒരു ചാരുകസാലമേല്ക്കു തള്ളിയിട്ടു പറഞ്ഞു: ‘എല്ലാ വിവരവും എന്നോടു പറയൂ.’
ഈ പരിവർത്തനമുണ്ടാക്കിത്തീർത്തത് ആ ‘അച്ഛൻ’ എന്ന ഒരൊറ്റ വാക്കാണ്. മരിയുസ് അദ്ദേഹത്തെ അമ്പരപ്പോടുകൂടി നോക്കി. മൊസ്യു ഗിൽനോർമാന്റെ ക്ഷണത്തിൽ ഭാവഭേദം വരുന്ന മുഖത്തു പരുക്കൻമട്ടിലുള്ളതും പറഞ്ഞൊപ്പിക്കവയ്യാത്തതുമായ സൗശീല്യമല്ലാതെ മറ്റൊന്നും കണ്ടില്ല, മുത്തച്ഛന്റെ മുൻപിൽ, മുതുകാരണവർ പിൻവാങ്ങി.
‘വരൂ, കണ്ടില്ലേ, പറ, നിന്റെ അനുരാഗകഥകളെല്ലാം എന്നോടു പറ, പിറുപിറെ പറ, സകലവും എനിക്കു പറഞ്ഞുതരൂ! ഭഗവാനേ! എന്തു വിഡ്ഢികളാണ് ഈ ചെറുപ്പക്കാർ!’
‘അച്ഛാ-’ മരിയുസ് ആവർത്തിച്ചു.
വാചാതീതമായ ഒരു പ്രകാശംകൊണ്ട് ആ വയസ്സന്റെ മുഖം ആകെ മിന്നിത്തിളങ്ങി.
‘അതേ, അങ്ങനെത്തന്നെ, എന്നെ അച്ഛനെന്നു വിളിക്കൂ; കാണാം.’
നിരാശതയിൽനിന്ന്, ആശയിലേക്കു പെട്ടെന്നുണ്ടായ നിലമാറ്റത്തിൽ മരിയുസ് തന്റേടം കെടുകയും ലഹരിപിടിച്ചുപോകയും ചെയ്യുമാറ്—എന്നുപറയട്ടെ—ഈ പരുഷതയിൽ ഇപ്പോൾ അത്രമേൽ ദയയുള്ളതും അത്രമേൽ ഇണക്കം കൂടിയതും അത്രമേൽ നിഷ്കപടവും അത്രമേൽ വാത്സല്യപൂർവ്വവുമായ എന്തോ ഒന്നുണ്ടായിരുന്നു. അയാൾ ഇരുന്നിരുന്നതു മേശയ്ക്കടുത്താണ്; മെഴുതിരികളിൽനിന്നുള്ള വെളിച്ചം അയാളുടെ ഉടുപ്പിന്റെ കീറിപ്പറിഞ്ഞ നില തെളിയിച്ചു; മുത്തച്ഛൻ ഗിൽനോർമാൻ അതിനെ അമ്പരപ്പോടുകൂടി നോക്കി.
‘അപ്പോൾ, അച്ഛാ—’ മരിയുസ് പറഞ്ഞു.
‘ആഹാ! കൂട്ടത്തിൽ ചോദിക്കട്ടെ, ’ മൊസ്യു ഗിൽനോർമാൻ തടഞ്ഞുപറഞ്ഞു, ‘അപ്പോൾ വാസ്തവമായി നിന്റെ കൈയിൽ ഒരു കാശുമില്ലേ?’ നിയ്യൊരു കീശതപ്പിയുടെ വേഷത്തിലിരിക്കുന്നു.’
അദ്ദേഹം ഒരു മേശവലിപ്പിൽ കൈയിട്ടു തപ്പി, ഒരു പണസ്സഞ്ചി വലിച്ചെടുത്തു. മേശപ്പുറത്തിട്ടു; ‘ഇതാ, ഒരു നൂറു ലൂയി; ഒരു തൊപ്പി പോയി വാങ്ങിക്ക്.’
‘അച്ഛാ.’ മരിയുസ് തുടർന്നു, ‘എന്റെ അച്ഛാ, അച്ഛനറിഞ്ഞിരുന്നുവെങ്കിൽ! എനിക്ക് ആ സ്ത്രീയുടെ മേൽ അനുരാഗമുണ്ട്. അതു വിചാരിച്ചാൽ കിട്ടില്ല; ഞാൻ ഒന്നാമതായി അവളെ കണ്ടതു ലുക്സെംബുറിൽവെച്ചാണ്; അവൾ അവിടെ വന്നു; ആദ്യത്തിൽ ഞാനത്ര മനസ്സുവെച്ചിരുന്നില്ല; പിന്നെ എങ്ങനെയാണ് അതു വന്നുകൂടിയതെന്ന് എനിക്കറിഞ്ഞുകൂടാ—എനിക്കവളുടെമേൽ അനുരാഗമായി. ഹാ, അതുകൊണ്ടു ഞാനെന്തു കഷ്ടത്തിലായി! ഒടുവിൽ ഇപ്പോൾ ഞാനവളെ ദിവസംപ്രതി അവളുടെ വീട്ടിൽവെച്ചു കാണാറുണ്ട്; അവളുടെ അച്ഛൻ അതു ധരിച്ചിട്ടില്ല; നോക്കൂ, ഇപ്പോൾ അവർ അവിടെനിന്നു പോവുകയാണ്; വൈകുന്നേരം തോട്ടത്തിൽവെച്ചാണ് ഞങ്ങൾ തമ്മിൽ കാണുക; അവളുടെ അച്ഛൻ അവളെ ഇംഗ്ലണ്ടിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ ഭാവിക്കുന്നു; അപ്പോൾ ഞാൻ വിചാരിച്ചു: ‘ഞാൻ ചെന്നു മുത്തച്ഛനെ കണ്ടു വിവരമെല്ലാം പറയട്ടെ. എനിക്കു ഭ്രാന്തു പിടിച്ചുപോവും, ഞാൻ മരിക്കും, എനിക്കു ക്ഷയം പിടിക്കും, ഞാൻ വെള്ളത്തിൽച്ചാടും, എനിക്കവളെ കല്യാണം കഴിച്ചേ കഴിയൂ; ഇല്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിച്ചുപോവും. തീർച്ചയാണ്. ഇതാണ് ആകെയുള്ള വാസ്തവം; ഞാനൊന്നും വിട്ടിട്ടില്ലെന്നാണ് തോന്നുന്നത്. റ്യു പ്ളുമെയിൽ ഒരിരിമ്പുവേലിയുള്ള തോട്ടത്തിലായിട്ടാണ് അവളുടെ വീട്. അത് അനാഥപ്പുരയുടെ അയൽപക്കത്താണ്.’
മുത്തച്ഛൻ ഗിൽനോർമാൻ തെളിഞ്ഞുവരുന്ന മുഖത്തോടുകൂടി മരിയുസ്സിന്റെ അടുത്ത് ഇരിക്കുകയാണ്. അയാളുടെ വാക്കിൽ ശ്രദ്ധിക്കുകയും അയാളുടെ ഒച്ചവലിച്ചുകുടിക്കുകയും ചെയ്യുന്നതോടുകൂടി, അദ്ദേഹം ഒരു കുത്തു പൊടിയെടുത്തു രസിച്ചു വലിച്ചു. ‘റ്യു പ്ളുമെ’ എന്നു കേട്ടപ്പോൾ, അദ്ദേഹം പൊടിവലി നിർത്തി, കൈയിൽ ബാക്കിയുള്ള പൊടി കാൽമുട്ടിന്മേൽ കളഞ്ഞു.
‘റ്യു പ്ളുമെ, റ്യു പ്ളുമെ എന്നാണോ പറഞ്ഞത്?—നോക്കട്ടെ! അവിടെ അടുത്തു പട്ടാളത്താവളമില്ലേ?— അതേ, ഉവ്വ്, അതുതന്നെയാണ്. നിന്റെ ചാർച്ചക്കാരൻ തെയൊദുൽ എന്നോടു പറകയുണ്ടായി അതിനെപ്പറ്റി. ആ കുന്തപ്പടയാളി, ഉദ്യോഗസ്ഥൻ, ഒരു രസികത്തിപ്പെണ്ണ്, എന്റെ കൊള്ളാവുന്ന ചങ്ങാതി. ഒരു രസികത്തിപ്പെണ്ണ്; ഈശ്വര, അതേ, റ്യു പ്ളുമെ. അതാണ് റ്യു ബ്ലൊമെ എന്നു പറയാറുള്ള സ്ഥലം—അതൊക്കെ എനിക്കിപ്പോൾ ഓർമ്മവരുന്നുണ്ട്. റ്യു പ്ളുമെയിൽ ഇരിമ്പു വേലിക്കകത്തുള്ള ആ പെൺകിടാവിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. ഒരു തോട്ടത്തിനുള്ളിൽ, ഒരു പമീല. [6] നിന്റെ വാസന ദോഷമില്ല.
നല്ല വൃത്തിയുള്ള പെണ്ണാണെന്നാണ് കേൾവി. നമ്മൾ തമ്മിൽ പറകയാണെങ്കിൽ, ആ കുന്തപ്പടയാളി വങ്കൻ കുറേശ്ശ അവളുടെ അടുത്തു കൂടിയിട്ടുണ്ട്. എവിടെവെച്ചാണ് അവന്നതു തരപ്പെട്ടതെന്നു നിശ്ചയമില്ല. പോട്ടെ, അതല്ലല്ലോ ഇവിടെ കാര്യം. പിന്നെ, അവനെ ഒട്ടു വിശ്വസിച്ചുംകൂടാ. മരിയുസ്, അവൻ ‘ബടായി’ പറയും. നിന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരൻ അനുരാഗത്തിൽപ്പെടണം. അതു വേണ്ടതാണ്. നിന്റെ പ്രായത്തിൽ അതാവശ്യമാണ്. ഒരു ഭരണപരിവർത്തകനാവുന്നതിനെക്കാൾ നിയ്യൊരു കാമുകനാവുന്നതാണ് എനിക്കിഷ്ടം. മൊസ്യു റൊബെപിയരുടെമേൽ അനുരാഗിയാവുന്നതിനെക്കാൾ ഉത്തമം. നിയ്യൊരു റവുക്കയുടെമേൽ, ഒരിരുപതു റവുക്കകളുടെമേൽ, അനുരാഗിയാവുന്നതാണ്. എന്നെപ്പറ്റി പറകയാണെങ്കിൽ, ഈ ഭരണപരിവർത്തകന്മാരുടെ സമ്പ്രദായത്തിൽ, ഞാൻ പെണ്ണുങ്ങളെയല്ലാതെ മറ്റാരേയും ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്നു മേനി പറയട്ടെ. സൗന്ദര്യമുള്ള പെൺകിടാങ്ങൾ സൗന്ദര്യമുള്ള പെൺകിടാങ്ങൾ തന്നെയാണ്, സംശയമൊന്നുമില്ല! അതിന്നെതിർ പറയുക സാധ്യമല്ല. അപ്പോൾ, ആ പെൺകുട്ടി അച്ഛന്റെ സമ്മതം കൂടാതെ നിന്നെ സ്വീകരിക്കുന്നു. അതങ്ങനെത്തന്നെയാണ് വേണ്ടത്. അങ്ങനെയുള്ള പല കഥകളിലും ഞാൻതന്നെ പെട്ടിട്ടുണ്ട്. ഒന്നിലധികം. അപ്പോൾ എന്തു ചെയ്യുമെന്നറിഞ്ഞുവോ? അതത്ര എന്തെന്നില്ലാത്തവിധത്തിൽ തലയിൽക്കേറ്റില്ല; അതിലേക്കങ്ങോട്ടു തലകുത്തിമറിയുകയില്ല; കല്യാണം കഴിക്കാനും പട്ടുനാടകെട്ടിയ മതാചാര്യനെ തേടാനും ആലോചിക്കുകയില്ല. ഒരുശിരൻ കുട്ടിയെപ്പോലെ പ്രവർത്തിക്കും. വകതിരിവു കാണിക്കും. അല്ലയോ മരണമുള്ള മനുഷ്യരേ, ഉപായത്തിൽക്കഴിയുക; കല്യാണത്തിനു നില്ക്കരുത്. നിയ്യിങ്ങോട്ടു പോന്നു മുത്തച്ഛനെ കണ്ടുപിടിക്കുക; വാസ്തവത്തിൽ ആ മുത്തച്ഛൻ ഒരു നല്ല ആളാണ്; അയാളുടെ കൈയിൽ, ഒരു പഴയ വലിപ്പുമേശയ്ക്കുള്ളിൽ കുറച്ചു സ്വർണ്ണനാണ്യച്ചുരുൾ എപ്പോഴുമുണ്ട്; നീ അയാളോടു പറയും; ‘മുത്തച്ഛാ നോക്കൂ.’ ആ മുത്തച്ഛൻ പറയുന്നു: ‘അതു സാരമില്ല. യൗവ്വനം കളിക്കണം; വാർദ്ധക്യം ഇരുന്നു നരയ്ക്കണം. ഞാൻ ചെറുപ്പക്കാരനായിരുന്നു; നീ വയസ്സനാവും. അപ്പോൾ, എന്റെ കുട്ടീ, നീ ആ യൗവ്വനം നിന്റെ പൗത്രന്നു കൈമാറും. ഇതാ ഇരുനൂറു പിസ്റ്റോൾ, കളിച്ചോളു പോയിട്ട്. എടുത്തുകൊണ്ടു പൊയ്ക്കോ!’ ഇതിലധികം എന്തു വേണം! ഇങ്ങനെയാണ് കാര്യം നടത്തേണ്ടത്. നീ കല്യാണം കഴിക്കരുത്; പക്ഷേ, അതു കൊണ്ടു ദോഷമില്ല. മനസ്സിലായില്ലേ?’
അന്തംവിട്ടുപോയി, ഒരക്ഷരമെങ്കിലും മിണ്ടാൻ വയ്യാതായ മരിയുസ് ഇല്ലെന്ന അർത്ഥത്തിൽ തലയൊന്നിളക്കി.
വയസ്സൻ പൊട്ടിച്ചിരിച്ചു. പ്രായംചെന്ന കണ്ണ് ഒന്നു ചിമ്മി. കാൽമുട്ടിന്മേൽ ഒരടിയടിച്ചു, ദുർഗ്രഹവും പ്രകാശമാനവുമായ ഒരു ഭാവത്തോടുകൂടി മുഖത്തേക്ക് ഊന്നിനോക്കി, വാത്സല്യപൂർവ്വങ്ങളായ ചുമൽച്ചുളുക്കലുകളോടുകൂടി പറഞ്ഞു: ‘പൊട്ടാ, അവളെ നിന്റെ വെപ്പാട്ടിയാക്കൂ.’
മരിയുസ് വിളർത്തുപോയി. മുത്തച്ഛൻ ആ പറഞ്ഞുപോന്നതിൽ ഒരക്ഷരമെങ്കിലും അയാൾക്കു മനസ്സിലായിട്ടില്ല. റ്യു ബ്ലൊമെയിലെ ഈ പമീലയേയും പട്ടാളത്താവളങ്ങളേയും കുന്തപ്പടയാളിയേയും പറ്റിയുണ്ടായ ഈ ചിലയ്ക്കൽ മരിയുസ്സിന്റെ മുൻപിലൂടെ ഒരലിയുന്ന കാഴ്ചപ്പാടുപോലെ കടന്നുപോയി. അതിലൊന്നും ആ വെള്ളാമ്പൽപ്പൂവായ കൊസെത്തിനെ സംബന്ധിക്കാൻ വയ്യാ. ആ കൊള്ളാവുന്ന കിഴവൻ പേച്ചു പറകയാണ്. പക്ഷേ, ആ പേച്ച് ഒടുവിൽ മരിയുസ്സിനു നിശ്ചയമായും മനസ്സിലായ ചിലതിൽച്ചെന്നവസാനിച്ചു; അതു കൊസെത്തിനു തീരെ സഹിക്കാൻ വയ്യാത്ത ഒരവമാനമായിരുന്നു. ‘നിന്റെ വെപ്പാട്ടിയാക്കൂ’ എന്ന ആ വാക്കുകൾ സദാചാരനിഷ്ഠനായ ചെറുപ്പക്കാരന്റെ ഹൃദയത്തിൽ ഒരു വാളുപോലെ കടന്നു.
അയാൾ എണീറ്റു, നിലത്തു കിടന്നിരുന്ന തൊപ്പിയെടുത്തു, ഉറപ്പിച്ചതും ശക്തിമത്തുമായ കാൽവെപ്പോടുകൂടി വാതില്ക്കലേക്കു നടന്നു: ‘അഞ്ചു കൊല്ലം മുൻപുനിങ്ങൾ എന്റെ അച്ഛനെ അവമാനിച്ചു; ഇന്നു നിങ്ങൾ എന്റെ ഭാര്യയെ അവമാനിച്ചു. സേർ, ഇനി നിങ്ങളോടു യാതൊന്നും ഞാനാവശ്യപ്പെടുന്നില്ല. ഇതാ, ഞാൻ പോകുന്നു.’
തികച്ചും മലച്ചുപോയ മുത്തച്ഛൻ ഗിൽനോർമാൻ വായ പൊളിച്ചു. കൈനീട്ടി, എഴുന്നേല്ക്കാൻ നോക്കി; ഒരക്ഷരമെങ്കിലും മിണ്ടാൻ ഇടകിട്ടുന്നതിനു മുൻപായി വാതിൽ ഒരിക്കൽക്കൂടി അടഞ്ഞു; മരിയുസ് അന്തർദ്ധാനം ചെയ്തു.
ആ വയസ്സൻ ഒരനക്കമില്ലാതെ, ഇടിവെട്ടുകൊണ്ടിട്ടെന്നപോലെ, സംസാരിക്കാനോ ശ്വാസം കഴിക്കാനോ ശക്തനല്ലാതെ, തന്റെ കഴുത്തിൽ ഒരു മുറുകിയ പിടുത്തം പിടികൂടിയിട്ടുണ്ടെന്നപോലെ, കുറച്ചു നിമിഷങ്ങളോളം അങ്ങനെ ഇരുന്നു. ഒടുവിൽ അദ്ദേഹം തന്റെ ചാരുകസാലയിൽനിന്നു ചാടി. തൊണ്ണൂറ്റൊന്നു വയസ്സായ ഒരാൾക്ക് എത്ര കണ്ടാവാമോ അത്രകണ്ടും ദൂരം വാതില്ക്കലേക്കോടി അതു തുറന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ‘ഓടിവരിൻ! ഓടിവരിൻ!’
മകൾ വന്നെത്തി; ഉടനെ ഭൃത്യജനങ്ങളും, ഒരു ദയനീയമായ ചിലമ്പനൊച്ചയിൽ അദ്ദേഹം പിന്നെയും പറയുകതന്നെയാണ്: ‘പായുവിൻ അവന്റെ പിന്നാലെ! അവനെ കൂട്ടിക്കൊണ്ടു വരുവിൻ! ഞാനവനോട് എന്തു കാട്ടി? അവന്നു ഭ്രാന്താണ്! അവനതാ പോവുന്നു! ഹാ! എന്റെ ഈശ്വര! ഹാ! എന്റെ ഈശ്വര! ഇക്കുറി അവൻ തിരിച്ചുവരില്ല!’
അദ്ദേഹം തെരുവിലേക്കഭിമുഖമായ ജനാലയ്ക്കലേക്കു ചെന്നു. തന്റെ ചുക്കിച്ചുളിഞ്ഞതും വിറകയറിയതുമായ കൈകൊണ്ട് അതു തള്ളിത്തുറന്നു. പകുതിയിലധികവും മുൻപോട്ടു ചാഞ്ഞു—ഉടനെ ബസ്കും നികൊലെത്തും കൂടി അദ്ദേഹത്തെ പിന്നോക്കം വലിച്ചു—ഉച്ചത്തിൽ വിളിച്ചു: ‘മരിയുസ്! മരിയുസ്! മരിയുസ്! മരിയുസ്!’
പക്ഷേ, മരിയുസ് ആ വിളികേൾക്കാൻ വയ്യാ; അയാൾ ആ സമയത്തു റ്യു സാങ്ലൂയിയുടെ മൂല തിരിയുകയാണ്.
കഠിനമായ മനോവേദനയോടുകൂടി ആ പടുകിഴവൻ രണ്ടോ മൂന്നോ കുറി ചെന്നികളെ അമർത്തുപിടിച്ചു, ചാഞ്ചാടിക്കൊണ്ടു പിന്നോക്കം വാങ്ങി; മിടിപ്പറ്റു. ശബ്ദമറ്റു, വിറയ്ക്കുന്ന തലയോടും അന്തംവിട്ട മട്ടിലുള്ള ചുണ്ടുകളോടുംകൂടി, കണ്ണുകളിൽ യാതൊന്നുമില്ലാതെ, രാത്രിപോലെ ഇരുണ്ടതും ആഴമേറിയതുമായ എന്തോ ഒന്നല്ലാതെ മറ്റൊന്നും ഹൃദയത്തിലുമില്ലാതായി, ഒരു ചാരുകസാലയിലേക്കു മലച്ചുകെട്ടി വീണു.
[1] ജന്മനാ പ്രഭുവല്ലാതിരുന്ന ഇദ്ദേഹത്തെ ഭരണാധികാരത്തിൽനിന്നു പ്രഭുവാക്കി.
[2] ഫ്രാൻസിലെ പ്രസിദ്ധനായ ഒരു ഭരണപരിവർത്തകനും എഴുത്തുകാരനും.
[3] പാരിസ് ശത്രുക്കളാൽ വളയപ്പെട്ടിരിക്കുന്നു എന്നു വിളംബരം ചെയ്ത ദിവസം.
[4] പത്താം ഷാർൽമഹാരാജാവിന്റെ മകൻ ലോവൽ എന്നൊരാളുടെ കൈകൊണ്ടു മരിച്ചു.
[5] ബാറൻ എന്നതിന്റെ സ്ത്രീലിംഗം—പ്രദ്വി.
[6] റിച്ചേർഡ്സൺ എന്ന പ്രസിദ്ധ ഇംഗ്ലീഷ് നോവലെഴുത്തുകാരന്റെ പമീല എന്ന നോവലിലെ നായിക. ഒരു നാടൻസ്ത്രീ. എജമാനൻ അവളെ ചീത്തപ്പെടുത്താൻ നോക്കി; അതു തരപ്പെടാഞ്ഞ് ഒടുവിൽ അയാൾതന്നെ അവളെ കല്യാണം കഴിച്ചു.