ഴാങ് വാൽഴാങ്ങിന്റെ പണസ്സഞ്ചി മൊസ്യു മബേയ്ക്ക് ഉപയോഗപ്പെട്ടില്ല. മൊസ്യു മബേ, തന്റെ ബഹുമാന്യമായ ബാലിശ തപോനിഷ്ഠമൂലം, ആ നക്ഷത്രങ്ങളുടെ സമ്മാനത്തെ കൈക്കൊണ്ടില്ല; ഒരു നക്ഷത്രത്തെ സ്വയം ലൂയിനാണ്യമായിത്തീരുവാൻ അയാൾ സമ്മതിച്ചില്ല; സ്വർഗ്ഗത്തിൽനിന്നു വീണ ആ സാധനം ഗവ് രോഷിന്റെ സമ്മാനമാണെന്ന് അയാളറിഞ്ഞില്ല. അയാൾ ആ പണസ്സഞ്ചി, അവകാശികൾക്ക് തിരിച്ചുകൊടുക്കാനായി കണ്ടുകിട്ടിയ ആൾ ഏല്പിച്ചുകൊടുക്കുന്ന ഒരു കളഞ്ഞുപോയ സാധനം എന്ന നിലയിൽ, ആ പ്രദേശത്തുള്ള പൊല്ലീസ് മേലധികാരിയുടെ വശം കൊണ്ടുക്കൊടുത്തു. അങ്ങനെ ആ പണസ്സഞ്ചി വാസ്തവത്തിൽ പോയി. അതാരും അവകാശപ്പെടുകയുണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ; അതു മൊസ്യു മബേയ്ക്ക് ഉപകാരപ്പെട്ടുമില്ല.
എന്നല്ല, മൊസ്യു മബേയുടെ അധോഗതി പിന്നെയും തുടർന്നു.
അമരിച്ചെടിക്കൃഷിയെസ്സംബന്ധിച്ചുള്ള അയാളുടെ പരീക്ഷണങ്ങളൊന്നും ഓസ്തർലിത്സ് തോട്ടത്തിൽവെച്ചുണ്ടായതിലധികം ഴാർദാങ് ദ് പ്ലാന്തിലും ഫലപ്രദമായില്ല. മുൻകൊല്ലത്തിൽ അയാൾക്കു വീട്ടുപണിക്കാരിയുടെ ശമ്പളബാക്കി മാത്രമേ കടമുണ്ടായിരുന്നുള്ളു; ഇപ്പോൾ, നമ്മൾ കണ്ടതുപോലെ, മൂന്നുമാസത്തെ വീട്ടുവാടക അയാൾ കൊടുക്കാൻ ബാക്കിയായി. പതിമ്മൂന്നു മാസം കഴിഞ്ഞപ്പോൾ അയാളുടെ പുഷ്പസഞ്ചയ ഗ്രന്ഥത്തിലെ ചെമ്പുചിത്രപ്പലകകളെല്ലാം പണയം വാങ്ങിയിരുന്നവർ ലേലം ചെയ്തു. അവയെക്കൊണ്ട് ഏതോ ചെമ്പുകൊട്ടി കലങ്ങളുണ്ടാക്കി. ചെമ്പുചിത്രപ്പലകകളെല്ലാം പോയി, ബാക്കി കൈവശമുള്ള അപൂർണ്ണഗ്രന്ഥപ്രതികളൊന്നും പൂർണ്ണമാക്കാൻ കഴിവില്ലെന്നായപ്പോൾ, ആ അച്ചടിക്കടലാസ്സുകളെല്ലാം അയാൾ ഒരു പഴയ പുസ്തകവ്യാപാരിക്കു മോശവിലയ്ക്കു, കീറക്കടലാസ്സെന്ന മട്ടിൽ, തൂക്കിവിറ്റു. അയാളുടെ ജീവിതയത്നത്തിൽ യാതൊന്നും ശേഷിച്ചില്ല. ആ പുസ്തകങ്ങൾ വിറ്റുകിട്ടിയ പണം കുറേശ്ശയെടുത്ത് അയാൾ ഭക്ഷിച്ചുതീർത്തു. ആ നിസ്സാരമുതൽ കഴിഞ്ഞുതുടങ്ങിയപ്പോൾ, അയാൾ, തോട്ടം നോക്കാതായി, അതു കിടന്നു തരിശാവാൻ വിട്ടു. അതിനുമുൻപായി, വളരെ മുൻപുമുതല്ക്ക് ഇടയ്ക്കിടയ്ക്കു താൻ കഴിക്കാറുണ്ടായിരുന്ന കോഴിമുട്ടകളും പശുമാംസക്കഷ്ണവും അയാൾ ഉപേക്ഷിച്ചിരിക്കുന്നു. അയാൾ അപ്പവും ഉരുളക്കിഴങ്ങുമായി കഴിച്ചുകൂട്ടി. വീട്ടുസാമാനങ്ങളെല്ലാം അയാൾ വിറ്റുതീർത്തു; പിന്നെ ഇരട്ടവിരിപ്പുകൾ, ഉടുപ്പുകൾ, കമ്പിളികൾ, ഒടുവിൽ ശുഷ്കസസ്യശേഖരങ്ങളും, അച്ചടിച്ച പുസ്തകങ്ങളും; പക്ഷേ, അയാൾ തന്റെ ഏറ്റവും വിലപിടിച്ച പുസ്തകങ്ങൾ പിന്നേയും സൂക്ഷിച്ചു; അവയിൽ പലതും വളരെ അപൂർവ്വങ്ങളായിരുന്നു— ‘ചരിത്രക്രമത്തിലുള്ള ബൈബിളിലെ നാലു ഭാഗങ്ങൾ’ 1560-ലെ പതിപ്പ്; പിയേർ ദ് ബെസ്സിന്റെ ബൈബിളിലെ കഥപ്പൊരുത്തം; നവർ മഹാരാജ്ഞിക്ക് ഒരു സമർപ്പണമുള്ള ഴാങ് ദ്ലഹയെയുടെ ‘മുത്തുകളുടെ മുത്ത്’; സിയെ യുദ് വില്ലിയേർ ഓത്ഴാങ്ങിന്റെ ‘ഒരു രാജപ്രതിനിധികളുടെ ഉദ്യോഗത്തിലും സ്ഥാനത്തിലും’ എന്ന പുസ്തകം 1644-ലെ റബ്ബിഭാഷയിലെ പുഷ്പങ്ങൾ; വെനിസ്സിൽ മനുഷ്യായുസ്സിന്റെ ഗൃഹത്തിൽ എന്ന വിശിഷ്ടക്കുറിപ്പോടുകൂടിയ 1567-ലെ ഒരു തിബുലിയസ്സ് കൃതി; ഒടുവിൽ, വത്തിക്കാനിൽ [1] പതിമ്മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ആ സുപ്രസിദ്ധമായ 411-ആം കയ്യെഴുത്തുകോപ്പിയും ആങ്റി എസ്തിയേന്ന് അത്രമേൽ പ്രയോജനം കണ്ട വെനിസ്സിലെ 393-ഉം 394-ഉം കയ്യെഴുത്തുകോപ്പികളും, നേപ്പിൾസിലെ ഗ്രന്ഥശാലയിൽ പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ആ പ്രസിദ്ധക്കയ്യെഴുത്തുകോപ്പിയിൽ മാത്രം കാണപ്പെടുന്ന ഡോറിക് [2] ലിപിയിലെ എല്ലാ വരികളും അടങ്ങിയതായി 1644-ൽ ലയോൺസ് പട്ടണത്തിൽ അച്ചടിച്ച ഒരു ഡയോജിനിസ് ലയേർഷിയുസ്കൃതിയും. മൊസ്യു മബേയുടെ അറയിൽ ഒരു സമയത്തും തിയ്യുണ്ടാവലില്ല; മെഴുതിരി ചെലവാക്കാതിരിക്കാൻ വേണ്ടി അയാൾ സന്ധ്യയോടുകൂടി ചെന്നുകിടക്കും. അയാൾക്ക് അയൽപക്കക്കാരില്ലാതായെന്നു തോന്നുന്നു; അയാൾ പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ് പതിവ്; അയാൾക്കതു മനസ്സിലായി. ഒരു കുട്ടിയുടെ കഷ്ടസ്ഥിതി ഒരമ്മയുടെ ശ്രദ്ധയെ ആകർഷിക്കുന്നു; ഒരു ചെറുപ്പക്കാരന്റെ കഷ്ടസ്ഥിതി ഒരു പെൺകിടാവിന്റെ ശ്രദ്ധയെ ആകർഷിക്കുന്നു; ഒരു കിഴവന്റെ കഷ്ടസ്ഥിതി ആരുടെ ശ്രദ്ധയേയും ആകർഷിക്കുന്നില്ല. അതാണ് എല്ലാ കഷ്ടസ്ഥിതികളിലും വെച്ചു കഠിനം. എങ്കിലും ഫാദർ മബേ തന്റെ ബാലിശമായ ഗൗരവത്തെ തീരെ വിട്ടില്ല. അയാളുടെ കണ്ണുകൾക്കു സ്വന്തം പുസ്തകങ്ങളെ നോക്കിക്കാണുമ്പോൾ ഒരു ചൊടി വെയ്ക്കും; ഒരദ്ലിതീയഗ്രന്ഥമായ ഡയോജിനിസ് ലയേർഷിയുസ്സിന്റെ കൃതി നോക്കിക്കാണുമ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി ഉദിച്ചുകാണാം. ഒരിക്കലും കൂടാതെ കഴിയില്ലെന്നുള്ളവയ്ക്ക് പുറമേ ചില്ലുവാതിലുള്ള പുസ്തകാളുമാരി മാത്രമേ അയാൾ ബാക്കി വെച്ചിരുന്നുള്ളു.
ഒരു ദിവസം മദർ പ്ളുത്താർക്ക് അയാളോടു പറഞ്ഞു: ‘ഭക്ഷണത്തിനു വല്ലതും വാങ്ങിക്കാൻ എന്റെ കൈയിൽ യാതൊന്നുമില്ല.’
അവൾ ഭക്ഷണം എന്നു പറഞ്ഞത് ഒരപ്പവും നാലോ അഞ്ചോ ഉരുളൻകിഴങ്ങുമാണ്.
‘കടമായിട്ട്?’ മൊസ്യു മബേ പറഞ്ഞുകൊടുത്തു.
‘ആരും എനിക്കു കടം തരുന്നില്ലെന്നറിയാമല്ലോ.
മൊസ്യു മബേ തന്റെ പുസ്തകാളുമാരി തുറന്നു. ഒരു കുട്ടിയെ തിരഞ്ഞെടുക്കാൻ വേണ്ടി തന്റെ മക്കളെ വെവ്വേറെ നോക്കിക്കാണുന്ന ഒരച്ഛനെന്നപോലെ, അയാൾ ഓരോന്നായി, തന്റെ പുസ്തകങ്ങൾ മുഴുവനും ഒന്നൂന്നിനോക്കി; എന്നിട്ടു ക്ഷണത്തിൽ ഒന്നിനെ വലിച്ചെടുത്തു, കക്ഷത്തിൽത്തീരുകി, പുറത്തേക്കിറങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ കക്ഷത്തിൽ യാതൊന്നുമില്ലാതെ, അയാൾ തിരിച്ചെത്തി, മുപ്പതു സൂ മേശപ്പുറത്തുവെച്ചു, പറഞ്ഞു: ‘എന്തെങ്കിലും ഭക്ഷണത്തിനു വാങ്ങിക്കാം.’
പിന്നീട് ഒരിക്കലും നീങ്ങിയിട്ടില്ലാത്ത ഒരു വ്യസനമയമായ മൂടുപടം അന്നുമുതൽ ആ വയസ്സന്റെ കലവറയില്ലാത്ത മുഖത്തു തൂങ്ങിയതായി മദർ പ്ളുത്താർക്ക് കണ്ടു.
പിറ്റേ ദിവസവും, അതിന്റെ പിറ്റേ ദിവസവും, അതിന്റെ പിറ്റേ ദിവസവും ഇതു തന്നെ തുടർന്നു.
മൊസ്യു മബേ ഒരു പുസ്തകവുംകൊണ്ടു പുറത്തേയ്ക്കു പോവും, ഒരു നാണ്യവുംകൊണ്ടു തിരിച്ചുവരും. അയാൾക്കു വില്ക്കാതെ നിവൃത്തിയില്ലെന്നു കണ്ടതുകൊണ്ടു, ചിലപ്പോൾ അതേ പീടികകളിൽവെച്ചുതന്നെ ഇരുപതു ഫ്രാങ്ക് കൊടുത്തു മേടിച്ചിട്ടുള്ള പുസ്തകത്തിനുകൂടി കച്ചവടക്കാർ അയാൾക്ക് ഇരുപതു സൂ വിലകൊടുത്തു. പുസ്തകം പുസ്തകമായി ആ ഗ്രന്ഥശാല മുഴുവനും ഒരേ വഴിക്കു നടന്നു. ചിലപ്പോൾ അയാൾ പറയും: ‘ആട്ടെ, എനിക്കെൺപതായല്ലോ.’ പുസ്തകങ്ങൾ അവസാനിക്കുന്നതിനുമുൻപായി ആയുസ്സവസാനിക്കുമെന്ന് അയാൾ നിഗൂഢമായി ആശിച്ചിരുന്നു എന്നു തോന്നും. അയാളുടെ വ്യസനശീലം വർദ്ധിച്ചു. എന്തായാലും ഒരിക്കൽ അയാൾക്കൊരു സുഖം തോന്നി. റൊബർത് എസ്തിയെന്നിന്റെ കൃതിയുംകൊണ്ട് അയാൾ ഒരു ദിവസം പുറത്തേക്കിറങ്ങി; അതു മലക്കെപാതാറിൽ വെച്ചു മുപ്പത്തഞ്ചു സൂവിനു വിറ്റു. റ്യു ദെ ഗ്രേയിൽനിന്നു നാല്പതു സൂവിന് ഒരു അൽദുസ്സിന്റെ കൃതിയും വാങ്ങി തിരിച്ചുപോന്നു—‘എനിക്ക് അഞ്ചു സൂ കടമുണ്ട്’, മദർ പ്ളുത്താർക്കോട് അയാൾ ഒരു മുഖപ്രസാദത്തോടുകൂടി പറഞ്ഞു. അന്ന് അയാൾ ഭക്ഷണം കഴിക്കുകയുണ്ടായില്ല.
അയാൾ തോട്ടക്കൃഷിക്കാരുടെ സംഘത്തിൽ ഒരംഗമാണ്. അയാളുടെ ദരിദ്രസ്ഥിതി അവിടെ അറിഞ്ഞു. സംഘാധ്യക്ഷൻ അയാളെ വീട്ടിൽച്ചെന്നു കണ്ടു, കൃഷി—കച്ചവടമന്ത്രിയോട് അയാളെപ്പറ്റി പറയാമെന്നേറ്റു; അതുപ്രകാരം പറകയും ചെയ്തു—‘എന്ത്, ആഹാ!’ മന്ത്രി അത്ഭുതപ്പെട്ടു പറഞ്ഞു, ‘ആലോചിക്കാം! ഒരു വൃദ്ധജ്ഞാനി! ഒരു സസ്യശാസ്ത്രജ്ഞൻ! ഒരാൾക്കും ഉപദ്രവമില്ലാത്ത സാധു! എന്തെങ്കിലും അയാൾക്കു ചെയ്തുകൊടുക്കണം!’ പിറ്റേ ദിവസം ഭക്ഷണത്തിനു ചെല്ലാൻ വേണ്ടി മൊസ്യു മബേയ്ക്കു മന്ത്രിയുടെ ഒരു ക്ഷണം കിട്ടി. ആഹ്ലാദം കൊണ്ടു വിറയ്ക്കെ, അയാൾ ആ കത്തു മദർ പ്ളുത്താർക്കിനു കാണിച്ചു കൊടുത്തു. ‘നമ്മുടെ കുഴക്കു തീർന്നു!’ അയാൾ പറഞ്ഞു. ആ നിശ്ചിതദിവസം അയാൾ മന്ത്രിയുടെ വീട്ടിലെത്തി. തന്റെ കീറിപ്പൊളിഞ്ഞ കണ്ഠവസ്ത്രവും നീണ്ടു ചതുരത്തിലുള്ള പുറംകുപ്പായവും പഴകിയ പാപ്പാസ്സുകളുംകൂടി വാതില്ക്കാവല്ക്കാരെ അമ്പരപ്പിച്ചതായി അയാൾ ധരിച്ചു. ആരും അയാളോടു സംസാരിച്ചില്ല; മന്ത്രിയുമില്ല. ഏകദേശം രാത്രി പത്തുമണിക്ക്, എന്തെങ്കിലും ഒരു വാക്കു പറഞ്ഞുകേൾപ്പാൻവേണ്ടി അപ്പോഴും കാത്തുനില്ക്കേ, മന്ത്രിയുടെ ഭാര്യ, കഴുത്തു കുറേ കീഴ്പോട്ടിറങ്ങിയിട്ടുള്ള ഒരു നിലയങ്കിയോടുകൂടിയ ഒരു സൗഭാഗ്യമുള്ള സ്ത്രീ—അയാൾക്ക് അവരുടെ അടുത്തു ചെന്നു സംസാരിക്കാൻ ധൈര്യമുണ്ടായില്ല – ചോദിക്കുന്നതു കേട്ടു: ‘ആ മാന്യവൃദ്ധൻ ആരാണ്?’ ഇരമ്പിയടിക്കുന്ന കാറ്റത്തും മഴയത്തും, അർദ്ധരാത്രിയോടുകൂടി, കാൽനടയായി അയാൾ വീട്ടിലേക്കു മടങ്ങി. അങ്ങോട്ടു പോവാനുള്ള വണ്ടിക്കൂലിക്ക് അയാൾ ഒരു എൽസീവീർ [3] വിറ്റിരിക്കുന്നു.
രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി, ദിവസംതോറും അയാൾക്കു തന്റെ ഡയോജിനിസ് ലയേർഷിയുസ്സിന്റെ കൃതിയിലെ ചില ഏടുകൾ വായിക്കുക പതിവുണ്ട്. കൈവശമുള്ള പുസ്തകത്തിലെ മൂലത്തിനുള്ള സവിശേഷതകൾ നോക്കി യാനന്ദിക്കുന്നതിനുമാത്രമുള്ള ഗ്രീക്ക് ഭാഷാജ്ഞാനം അയാൾക്കുണ്ടായിരുന്നു. മറ്റൊരു വിനോദവും അയാൾക്കില്ല. പല ആഴ്ചകൾ കഴിഞ്ഞു. പെട്ടെന്നു മദർ പ്ളുത്താർക്ക് രോഗത്തിൽപ്പെട്ടു. അപ്പക്കച്ചവടക്കാരന്റെ പീടികയിൽനിന്ന് അപ്പം വാങ്ങാൻ കാശില്ലെന്നാകുന്നതിനെക്കാൾ വ്യസനകരമായി മറ്റൊന്നുണ്ട്. അത് വൈദ്യന്റെ പക്കൽനിന്നു മരുന്നു വാങ്ങാൻ കാശില്ലെന്നാകുന്നതാണ്. ഒരു ദിവസം വൈകുന്നേരം ഡോക്ടർ വളരെ വിലപിടിച്ച ഒരു മരുന്നു വാങ്ങിക്കാൻ കല്പിച്ചു. രോഗം വർദ്ധിക്കുകയാണ്; ഒരു ശുശ്രൂഷക്കാരി വേണം. മൊസ്യു മബേ തന്റെ പുസ്തകാളുമാറി തുറന്നു; അതിലൊന്നുമില്ല. ഒടുവിലത്തെ പുസ്തകവും യാത്ര തിരിച്ചിരിക്കുന്നു. ആ ഡയോജിനിസ് ലയേർഷിയുസ് മാത്രമേ ബാക്കിയുള്ളു. അയാൾ ആ അദ്വിതീയഗ്രന്ഥവുമെടുത്തു കക്ഷത്തിൽത്തിരുകി, പുറത്തേക്കിറങ്ങി. അന്ന് 1832 ജൂൺ 4-ആംനു-യാണ്: അയാൾ പോർത്സാങ്ഴാക്കിലുള്ള രൊയലിന്റെ പിന്തുടർച്ചാവകാശിയുടെ പീടികയിലേക്കു ചെന്നു. ഒരു നൂറു ഫ്രാങ്കുംകൊണ്ടു തിരിച്ചുവന്നു. ആ അയ്യഞ്ചു ഫ്രാങ്ക് നാണ്യങ്ങളെ കിഴവിയുടെ മേശത്തട്ടിനു മീതെ കുന്നുകൂട്ടി, ഒരക്ഷരവും മിണ്ടാതെ സ്വന്തം മുറിയിലേക്കു നടന്നു.
പിറ്റേ ദിവസം രാവിലെ, അയാൾ തന്റെ തോട്ടത്തിൽ മറിഞ്ഞുകിടക്കുന്ന കല്ലിന്മേൽ ചെന്നിരിക്കുകയാണ്; തല കീഴ്പോട്ടു തൂങ്ങി, വാടിയ പൂച്ചെടികളുടെ ചട്ടികളിലേക്ക് അന്തംവിട്ടു നോക്കിക്കൊണ്ടു, രാവിലെനേരം മുഴുവനും ആ ഇരിപ്പിൽ, അനങ്ങാതെ ഇരുന്നിരുന്നതു വേലിക്കുമീതെ നോക്കിയാൽ കാണാം. ഇടയ്ക്കിടയ്ക്കു മഴ പെയ്തിരുന്നു; അക്കാര്യം വയസ്സൻ അറിഞ്ഞിരുന്നു എന്നു തോന്നിയില്ല.
ഉച്ചയോടുകൂടി പാരിസ്സിൽ ചില അപൂർവ്വശബ്ദങ്ങൾ പുറപ്പെട്ടു; അവയ്ക്കു വെടിയുടേയും ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികളുടേയും ഛായയുണ്ടായിരുന്നു.
ഫാദർ മബേ തല പൊന്തിച്ചു. ഒരു തോട്ടക്കാരൻ അതിലെ പോകുന്നതു കണ്ടു; അയാൾ ചോദിച്ചു: ‘എന്താണത്?’
‘എന്തു ലഹള?’
‘അതേ, അവർ യുദ്ധം ചെയ്യുന്നു?’
‘അവർ എന്തിനു യുദ്ധം ചെയ്യുന്നു?’
‘ഹാ, എന്റെ ഈശ്വര!’ തോട്ടക്കാരൻ ഉച്ചത്തിൽ പറഞ്ഞു.
‘എവിടെ വെച്ച്?’
‘ആയുധശാലയുടെ അയൽപക്കത്തു വെച്ച്.’
ഫാദർ മബേ തന്റെ മുറിയിലേക്കു ചെന്നു. തൊപ്പിയെടുത്തു; കക്ഷത്തിൽത്തിരുകാൻ വേണ്ടി പതിവനുസരിച്ചു പുസ്തകം തിരഞ്ഞു, ഒന്നും കണ്ടില്ല; ഇങ്ങനെ പറഞ്ഞു: ‘ഹാ! ശരിതന്നെ!’ ഒരമ്പരപ്പോടുകൂടി ഇറങ്ങിനടന്നു.
[1] പോപ്പിന്റെ അരമന.
[2] ഗ്രീസ്സിലെ ഒരു ഭാഗത്തു നടപ്പുണ്ടായിരുന്ന ഭാഷ.
[3] ആംസ്റ്റേർഡാമിലും ലെയ്ഡനിലും 1592 മുതൽ 1681 വരെ, ഭംഗിയിൽ ചെറുപുസ്തകങ്ങളായി എല്ലാ ഉത്തമകൃതികളും അച്ചടിച്ചു പുറത്തിറക്കിക്കൊണ്ടിരുന്ന എൽസീവീർ എന്ന പ്രസിദ്ധീകരണശാലക്കാരുടെ വക ഒരു പുസ്തകം.