SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.1
തറ​പ്പ​ണി മു​തൽ​ക്കു​ള്ള കൊ​രി​ന്തി​ന്റെ ചരി​ത്രം

ഇന്ന​ത്തെ കാ​ല​ത്തു റ്യു രം​ബു​ത്തൊ​വി​ലേ​ക്കു ചെ​ല്ലു​ന്ന പാ​രി​സ്സു​കാർ അറ്റ​ത്തു ഹാ​ലി​ന്ന​രി​കി​ലാ​യി, വല​തു​വ​ശ​ത്തു, റ്യു മൊ​ങ്ദെ തു​രി​ന്നെ​തി​രാ​യി,

പഞ്ഞി​ക്ക​ട​ച്ചിൽ യന്ത്രം​കൊ​ണ്ടാ​ണ്

നെ​പ്പോ​ളി​യ​നെ ഉണ്ടാ​ക്കി​യി​ട്ടു​ള്ള​ത്

എന്ന എഴു​ത്തോ​ടു​കൂ​ടി, മഹാ​നായ നെ​പ്പോ​ളി​യ​ന്റെ ആകൃ​തി​യി​ലു​ള്ള ഒരു കൊട്ട അട​യാ​ള​മു​ദ്ര​യായ ഒരു കൊ​ട്ട​പ്പ​ണി​ക്കാ​ര​ന്റെ പീടിക നോ​ക്കി​ക്കാ​ണു​ന്ന സമ​യ​ത്ത്, ഒരു മു​പ്പ​തു കൊ​ല്ല​ത്തി​നി​പ്പു​റം ആ അതേ സ്ഥ​ല​ത്തു​വെ​ച്ചു നട​ന്നി​ട്ടു​ള്ള ഭയ​ങ്ക​ര​സം​ഭ​വ​ങ്ങ​ളെ​പ്പ​റ്റി ലേ​ശ​മെ​ങ്കി​ലും സം​ശ​യി​ക്കി​ല്ല.

ഇവി​ടെ​യാ​യി​രു​ന്നു, പഴയ പാ​ട്ടു​കൾ ഷാങ് വെ​റ്റി എന്നു​ച്ച​രി​ച്ചു​പോ​ന്ന റ്യു ദ് ല ഷെ​ങ്വ്രെ​റി എന്ന സ്ഥ​ല​വും കൊ​രി​ന്ത് എന്നു പേ​രു​ള്ള പ്ര​സി​ദ്ധ​ച്ചാ​രാ​യ​ക്ക​ട​യും.

ഈ സ്ഥ​ല​ത്തേർ​പ്പെ​ടു​ത്തി​യി​രു​ന്ന​തും സാ​ങ്മെ​റി​യി​ലേ​തു​കൊ​ണ്ടു വി​ല​കെ​ട്ട​തു​മായ വഴി​ക്കോ​ട്ട​യെ​പ്പ​റ്റി പറ​ഞ്ഞി​ട്ടു​ള്ള​തെ​ല്ലാം വാ​യ​ന​ക്കാർ ഓർ​മ്മി​ക്കു​ന്നു​ണ്ടാ​വും. റ്യു ദ് ല ഷങ്വ്രെ​റി​യി​ലെ ഈ പേർ കേട്ട വഴി​ക്കോ​ട്ട​യി​ലേ​ക്ക്—അതേ, ഇന്ന് അന്ധ​കാ​ര​ത്തിൽ​പ്പെ​ട്ടു​പോയ അതി​ലേ​ക്ക്—ഒരു വെ​ളി​ച്ചം കൊ​ണ്ടു​ചെ​ല്ലാ​നാ​ണ് ഞങ്ങ​ളു​ടെ ഇപ്പോ​ഴ​ത്തെ പു​റ​പ്പാ​ട്.

പറ​യു​ന്ന​തു വ്യ​ക്ത​മാ​ക്കി​ത്ത​രാൻ​വേ​ണ്ടി, വാ​ട്ടർ​ലൂ​വി​ന്റെ കാ​ര്യ​ത്തിൽ ഞങ്ങൾ എടു​ത്ത വി​ദ്യ​ത​ന്നെ ഇവി​ടെ​യും ആവർ​ത്തി​ച്ചു​കൊ​ള്ള​ട്ടെ. അക്കാ​ല​ത്തു പ്വാ​ന്ത് സാങ് തു​സ്താ​ഷി​നോ​ട​ടു​ത്ത്, ഇന്നു റ്യു രം​ബൂ​ത്തൊ​വി​ലെ പീ​ര​ങ്കി​വായ നി​ല്ക്കു​ന്നേ​ട​ത്ത്, ഹാ​ലി​ന്റെ വട​ക്കു കി​ഴ​ക്കെ മൂ​ല​യ്ക്ക​ലു​ള്ള വീ​ടു​ക​ളു​ടെ നില നല്ല​പോ​ലെ മന​സ്സിൽ വര​ച്ചു​വെ​യ്ക്ക​ണ​മെ​ന്നു​ള്ള​വർ N (എൻ) എന്ന അക്ഷ​രാ​കൃ​തി ഒന്നോർ​മ്മി​ച്ചാൽ മതി; മു​കൾ​ഭാ​ഗം​കൊ​ണ്ടു സാങ് ദെ​നി​യും അടി​കൊ​ണ്ടു ഹാലും തൊ​ടു​ന്നു​ണ്ടെ​ന്നും, അതി​ന്റെ രണ്ടു നേർ​വ​ര​കൾ റ്യു ദ് ല ഗ്രാൻ​ദ് ത്രു​വാ​ങ്ദെ​റി​യും റ്യു ദ് ല ഷങ്വ്രെ​റി​യു​മാ​ണെ​ന്നും, വി​ല​ങ്ങ​ത്തി​ലു​ള്ള വര റ്യു ദ് ല പെ​തി​ത് ത്രു​വാ​ങ്ദെ നി​യാ​ണെ​ന്നും സങ്ക​ല്പി​ക്ക​ണം. പഴയ റ്യു മൊ​ങ്ദെ​തുർ N-​ന്റെ ഏറ്റ​വും ഇടു​ങ്ങിയ മൂ​ല​ക​ളെ മു​റി​ക്കു​ന്നു. അങ്ങ​നെ ഈ നാലു തെ​രു​വു​ക​ളും കൂ​ടി​ച്ചേർ​ന്നു​ണ്ടാ​കു​ന്ന വി​ഷ​മ​ത​യ്ക്ക് ഒരു പതി​നെ​ട്ട​ടി ചതു​ര​ത്തി​നു​ള്ളിൽ, ഒരു വശ​ത്തു ഹാ​ലി​ന്നും റ്യു സാങ് ദെ​നി​ക്കും മധ്യ​ത്തിൽ​വെ​ച്ചും മറു​വ​ശ​ത്തു റ്യു ദ്യു സി​ഞി​ന്നും റ്യു ദെ പ്രെ​ഷൂ​റി​ന്നും മധ്യ​ത്തിൽ​വെ​ച്ചു​മാ​യി, പലേ വലു​പ്പ​ത്തിൽ വി​കൃ​ത​മാ​യി ചെ​ത്തി​മു​റി​ച്ചു. വി​ല​ങ്ങ​ടി​ച്ചും അതാ​തി​ന്റെ യോഗം പോ​ലേ​യും പെ​റു​ക്കി​ക്കൂ​ട്ടി, കപ്പൽ​ക്കോ​തി​യി​ലെ കല്ലിൻ​മു​റി​കൾ​പോ​ലെ, ഇടു​ങ്ങിയ വി​ള്ള​ലു​ക​ളാൽ മാ​ത്രം വേർ​പെ​ടു​ത്ത​പ്പെ​ട്ട വീ​ടു​ക​ളു​ടെ ഏഴു ദ്വീ​പു​കൾ ഉണ്ടാ​ക്കി​ത്തീർ​ക്കാൻ കഴി​ഞ്ഞു.

ഇടു​ങ്ങിയ വി​ള്ള​ലു​ക​ളെ​ന്നാ​ണ് ഞങ്ങൾ പറ​ഞ്ഞ​ത്—അതേ, ആ ഇരു​ണ്ടു ചു​രു​ങ്ങി​ക്കൂ​ടി, അസം​ഖ്യം മൂലകൾ ചി​ന്നി, എട്ടു​നില മാ​ളി​ക​ക​ളെ​ക്കൊ​ണ്ടു വക്കു​ക​ര​യി​ട്ട ഇട​വ​ഴി​ക​ളെ​പ്പ​റ്റി ഇങ്ങ​നെ​യ​ല്ലാ​തെ മറ്റൊ​രു​വി​ധ​ത്തി​ലും വി​വ​രി​ക്കാൻ വയ്യാ. റ്യു ദ് ല ഷങ്വ്രെ​റി​യി​ലും റ്യു ദ് ല പെ​തി​ത്ത്രു​വാ​ങ്ദെ​റി​യി​ലു​മു​ള്ള വീ​ടു​ക​ളു​ടെ മുൻ​ഭാ​ഗം മു​ഴു​വ​നും ഒരു വീ​ട്ടിൽ​നി​ന്നു മറ്റൊ​ന്നി​ലേ​ക്കു കട​ന്നു​നി​ല്ക്കു​ന്ന തു​ലാ​ങ്ങ​ളെ​ക്കൊ​ണ്ട് ഊന്നു​കൊ​ടു​ത്തും​കൊ​ണ്ടാ​ക​ത്ത​ക്ക​വി​ധം, ആ മാ​ളി​ക​ക​ളെ​ല്ലാം അത്ര​മേൽ പഴ​കി​യ​വ​യാ​ണ് തെ​രു​വു​കൾ ഇടു​ങ്ങി​യും ഓവു​ചാ​ലു​കൾ വി​സ്താ​രം കൂ​ടി​യു​മി​രു​ന്നു, അതിലെ നട​ന്നു​പോ​കു​ന്നർ നി​ല​വ​റ​ക​ളെ​പ്പോ​ലു​ള്ള ചെറു പീ​ടി​ക​കൾ​ക്കും, ഇരി​മ്പു​പ​ട്ട​ക​ളെ​ക്കൊ​ണ്ടു ചു​റ്റി​ക്കെ​ട്ടിയ കൂ​റ്റൻ കാ​ലു​കൾ​ക്കും, അടി​ച്ചു​വാ​രി​ക്ക​ള​ഞ്ഞവ കു​ന്നു​കൂ​ടി​യ​തി​നും, നൂറു വയ​സ്സു ചെന്ന വമ്പി​ച്ച ഇരു​മ്പ​ഴി​ക​ളെ​ക്കൊ​ണ്ട് ആയു​ധ​ധാ​രി​ക​ളായ പടി​കൾ​ക്കും, അരു​വെ​ച്ചു​കൊ​ണ്ട് എപ്പോ​ഴും ഈറൻ​പി​ടി​ച്ചു കി​ട​ക്കു​ന്ന പാ​ത​വി​രി​യിൽ കാൽ​വെ​ച്ചു പോവണം. റ്യു രം​ബു​ത്തൊ അതൊ​ക്കെ നശി​പ്പി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.

ആ തെ​രു​വിൻ​കൂ​ട്ട​ത്തി​ന്റെ വള​വു​ക​ളെ​യെ​ല്ലാം മൊ​ങ്ദെ​തൂർ എന്ന പേർ അത്ഭു​ത​ക​ര​മാ​യ​വി​ധം വി​വ​രി​ക്കു​ന്നു​ണ്ട്. കു​റ​ച്ചു​കൂ​ടി നട​ന്നാൽ റ്യു മൊ​ങ്ദെ​തൂ​റി​ലേ​ക്കു ചെ​ന്നു​കൂ​ടു​ന്ന റ്യു പി​രു​വെ​ത് (Pirouette = പമ്പ​രം തി​രി​ച്ചൽ) എന്ന​ത് അവയെ കു​റെ​ക്കൂ​ടി സ്പ​ഷ്ട​മാ​യി​ക്കാ​ണി​ക്കു​ന്നു.

റ്യു സാ​ങ്ദെ​നി​യിൽ​നി​ന്നു റ്യു ദ് ലഷ​ങ്വ്രെ​റി​യി​ലേ​ക്കു ചെ​ന്നു കു​ടു​ങ്ങി​പ്പോയ വഴി​പോ​ക്ക​ന്നു, താൻ ഏതോ ഒരു നീണ്ട കു​ഴ​ലി​നു​ള്ളിൽ എത്തി​ച്ചേർ​ന്ന​തു​പോ​ലെ, അതു ക്ര​മ​ത്തിൽ ചു​രു​ങ്ങി​ച്ചു​രു​ങ്ങി വരു​ന്ന​താ​യി​ക്കാ​ണാം. നന്നേ നീളം കു​റ​ഞ്ഞ ആ തെ​രു​വി​ന്റെ അറ്റ​ത്താ​യി, ഹാ​ലി​ന്റെ ആ ഭാ​ഗ​ത്ത്, ഏറ്റ​വും ഉയ​ര​മു​ള്ള ഒരു വരി വീ​ടു​കൊ​ണ്ടു മുൻ​പോ​ട്ടു​ള്ള അയാ​ളു​ടെ വഴി മു​ട്ടി​പ്പോ​വും; എന്ന​ല്ല, ഉപാ​യ​ത്തിൽ​ക്ക​ട​ന്നു രക്ഷ​പ്പെ​ടു​വാൻ ഇട​തു​വ​ശ​ത്തും വല​തു​വ​ശ​ത്തും ഓരോ കരി​മ്പ​ഴു​തു​ക​ളു​ള്ള​തു കണ്ടെ​ത്താ​ത്ത​പ​ക്ഷം ഒരി​രു​ണ്ട ഇട​വ​ഴി​ക്കു​ള്ളിൽ​പ്പെ​ട്ട​താ​യി അയാൾ അമ്പ​ര​ന്നേ​ക്കും ആ സ്ഥലം റ്യു മൊ​ങ്ദെ​തു​റാ​ണ്; ഒരു ഭാ​ഗ​ത്തൂ​ടേ പോയാൽ റ്യു ദ് പ്രെ​ഷൂ​റി​ലേ​ക്കും മറ്റേ ഭാ​ഗ​ത്തൂ​ടെ പോയാൽ റ്യു ദ് സി​ഞി​ലേ​ക്കും, പെ​തി​ത് ത്രു​വാ​ങ്ദെ​റി​യി​ലേ​ക്കും ചെ​ല്ലാം. ഈയൊ​രു​ത​രം വഴി​ക്കെ​ണി​യു​ടെ അറ്റ​ത്തു, വല​ത്തോ​ട്ടു​ള്ള പഴു​തി​ന്റെ മൂ​ല​യ്ക്കൽ, മറ്റു​ള്ള​വ​പോ​ലെ​ത്ത​ന്നെ ഉയ​ര​മി​ല്ലാ​തെ, ആ തെ​രു​വിൽ ഒരു മു​ന​മ്പു​പോ​ലെ നി​ല്ക്കു​ന്ന ഒരു വീ​ടു​ണ്ടാ​യി​രു​ന്നു രണ്ടു​നി​ല​മാ​ത്ര​മു​ള്ള ഈയൊരു വീ​ട്ടി​ലാ​ണ് മു​ന്നൂ​റു കൊ​ല്ലം​മുൻ​പ് ഒരു സു​പ്ര​സി​ദ്ധ​മായ ചാ​രാ​യ​ക്കട ആഹ്ലാ​ദ​മ​യ​മാ​യി കഴി​ഞ്ഞു​പോ​ന്നി​രു​ന്ന​ത്. ഈ ചാ​രാ​യ​ക്കട കിഴവൻ തി​യോ​ഫി​ലു​സ്

കെ​ട്ടി​ത്തൂ​ങ്ങി മരി​ച്ചോ​രു സാ​ധു​വാം കാ​മു​ക​ന്നു​ടെ

കൊ​ടും​ക​ങ്കാ​ള​മി​വി​ടെ​യൂ​ഞ്ഞാ​ലാ​ടി​യി​രു​ന്നു​തേ

എന്ന ഒരു ശ്ലോ​കം​കൊ​ണ്ടു വി​വ​രി​ച്ച ആ സ്ഥ​ല​ത്തു​ത​ന്നെ, ഒരു വലിയ പൊ​ട്ടി​ച്ചി​രി​യു​ണ്ടാ​ക്കി.

ആ കട​യു​ടെ സ്ഥാ​നം നന്നാ​യി​രു​ന്നു: അച്ഛ​നും മക​നു​മാ​യി മാ​റി​മാ​റി അവിടെ കച്ച​വ​ടം ചെ​യ്തു​പോ​ന്നു.

റെ​ന്യെ [1] യുടെ കാ​ല​ത്ത് ഈ ചാ​രാ​യ​ക്ക​ട​യ്ക്കു പനി​നീർ​പ്പൂ​ക്കൊ​ട്ട എന്നാ​യി​രു​ന്നു പേർ; അന്നു ചി​ത്ര​ലി​പി ഒരു പരി​ഷ്കാ​ര​മാ​യി​രു​ന്ന​തു​കൊ​ണ്ട് അതി​ന്റെ അട​യാ​ള​മു​ദ്ര​യാ​യി പനി​നീർ​പ്പൂ​നി​റ​ത്തിൽ ചാ​യ​മി​ട്ട ഒരു തൂ​ണു​ണ്ടാ​യി​രു​ന്നു. കഴി​ഞ്ഞു​പോയ നൂ​റ്റാ​ണ്ടിൽ, ഇന്ന​ത്തെ ധാടി കൂടിയ പ്ര​സ്ഥാ​ന​വി​ശേ​ഷ​ങ്ങൾ വി​ല​വെ​യ്ക്കാ​താ​യി​പ്പോയ പണ്ട​ത്തെ ചി​ത്ര​മെ​ഴു​ത്തു​കാ​രിൽ ഒരു പ്ര​മു​ഖൻ, റെ​ന്യേ, ഇരു​ന്നു കു​പ്പി ചെ​രി​ക്കാ​റു​ള്ള അതേ മേ​ശ​പ്പു​റ​ത്തു​വെ​ച്ചു, പല​പ്പോ​ഴും കു​ടി​ച്ചു​മ​ത്ത​യാ​യി, ആ ഒരു കൃ​ത​ജ്ഞ​ത​കൊ​ണ്ട് ആ ചു​ക​ന്ന തൂ​ണി​ന്മേൽ ഒരു കൊ​രി​ന്ത് മു​ന്തി​രി​ങ്ങ​ക്കുല വര​ച്ചു​ണ്ടാ​ക്കി. ചാ​രാ​യ​ക്ക​ട​യു​ട​മ​സ്ഥൻ ആ സന്തോ​ഷാ​വേ​ഗ​ത്തിൽ തന്റെ അട​യാ​ള​മു​ദ്ര മാ​റ്റി ആ മു​ന്തി​രി​ങ്ങ​ക്കു​ല​യു​ടെ താഴെ ‘കൊ​രി​ന്ത് മു​ന്തി​രി​ങ്ങ​ക്കു​ല​യിൽ’ എന്ന പേർ തങ്ക​മ​ഷി​കൊ​ണ്ടു കൊ​ത്തി​യി​ടു​വി​ച്ചു. ഇങ്ങ​നെ​യാ​ണ് കൊ​രി​ന്ത് എന്ന പേർ വന്ന​ത്. കള്ളു​കു​ടി​യ​ന്മാർ​ക്ക് അധ്യാ​രോ​പം സാ​ധാ​ര​ണ​മാ​ണ​ല്ലോ. അധ്യാ​രോ​പ​മെ​ന്ന​തു വാ​ക്യ​ത്തി​ലെ അധ്യാ​രോ​പ​മാ​ണ്. കൊ​രി​ന്ത് ക്ര​മ​ത്തിൽ പനി​നീർ​പ്പൂ​ക്കൊ​ട്ട​യെ സിം​ഹാ​സ​ന​ത്തിൽ​നി​ന്നു തള്ളി. ആ ഉട​മ​സ്ഥ​വം​ശ​ത്തി​ലെ അവ​സാ​നാം​ഗം, ഫാദർ യു​ഷെ​ലൂ, ഇതി​ഹാ​സ​ത്തെ​പ്പ​റ്റി കേ​ട്ടു​കേൾ​വി​കൂ​ടി​യി​ല്ലാ​താ​ക്കി, ആ തൂ​ണി​നു നീ​ല​ച്ചാ​യം കൊ​ടു​ത്തു​ക​ള​ഞ്ഞു.

കു​ടി​സ്ഥ​ല​മായ ഒരു താ​ഴ​ത്തെ മുറി, ബി​ല്ലി​യേർ​ഡ് കളി​മേ​ശ​യു​ള്ള മു​ക​ളി​ലെ മുറി, തട്ടിൻ​പു​റ​ത്തേ​ക്കു തു​ള​ഞ്ഞു​പോ​കു​ന്ന ഒരു മര​പ്പി​രി​വു​കോ​ണി, മേ​ശ​പ്പു​റ​ത്തു വീ​ഞ്ഞു, ചു​മ​രി​ന്മേൽ പു​ക​വ​ലി​ക്കു​ഴൽ, പച്ച​പ്പ​കൽ മെ​ഴു​തി​രി​വി​ള​ക്ക്—ഇങ്ങ​നെ​യാ​ണ് ആ ചാ​രാ​യ​ക്ക​ട​യു​ടെ രീതി. താ​ഴ​ത്തെ മു​റി​യിൽ​നി​ന്നു തട്ടു​വാ​തി​ലോ​ടു​കൂ​ടിയ ഒരു കോണി നി​ല​വ​റ​യി​ലേ​ക്കു​മു​ണ്ട്. ഒത്ത മു​കൾ​നി​ല​യി​ലാ​ണ് യു​ഷെ​ലൂ കു​ടും​ബ​ത്തി​ന്റെ താമസം. കോ​ണി​യെ​ന്ന​തി​ല​ധി​കം ഏണി എന്നു പറ​യാ​വു​ന്ന ഒന്ന് അങ്ങോ​ട്ടു​ണ്ട്; ഒന്നാം​നി​ല​യി​ലെ വലിയ മു​റി​യിൽ​നി​ന്ന് ആ കോണി മു​റി​യി​ലേ​ക്ക് ഒരു വാ​തിൽ​ക്കീ​റും. തട്ടിൻ​പു​റ​ത്തു മേ​ല്പു​ര​ത്ത​ട്ടോ​ടു​കൂ​ടിയ രണ്ടു മു​റി​ക​ളു​ള്ള​തി​ലാ​ണ് ഭൃ​ത്യ​ജ​ന​ങ്ങ​ളു​ടെ താമസം. കു​ടി​മു​റി​ക്കു തൊ​ട്ട​തു​ത​ന്നെ അടു​ക്കള.

ഒരു സമയം ഫാദർ യു​ഷെ​ലൂ ജനനാൽ ഒരു രസാ​യ​ന​ശാ​സ്ത്ര​ജ്ഞ​നാ​യി​രി​ക്കാം; പക്ഷേ, അയാൾ വാ​സ്ത​വ​ത്തിൽ ഒരു വെ​പ്പു​കാ​ര​നാ​യി​ത്തീർ​ന്നു; അയാ​ളു​ടെ ചാ​രാ​യ​ക്ക​ട​യിൽ​വെ​ച്ച് ആളുകൾ കു​ടി​ക്കുക മാ​ത്ര​മ​ല്ല ചെ​യ്തി​രു​ന്നു​ള്ളു, തി​ന്നു​ക​യും ചെ​യ്യും. യു​ഷെ​ലൂ ഒരു സവി​ശേ​ഷ​സാ​ധ​നം കണ്ടു​പി​ടി​ച്ചു; അത് അയാ​ളു​ടെ വീ​ട്ടിൽ​നി​ന്ന​ല്ലാ​തെ മറ്റെ​വി​ടെ​നി​ന്നും കി​ട്ടു​ക​യി​ല്ല—മരു​ന്നി​ട്ട പരൽ​മ​ത്സ്യം (കാർ​പ്സ്: Carps); അതി​ന്ന​യാൾ കാർ​പ്സ് ഓഗ്രാ​സ് (പരൽ​മ​ത്സ്യ​വും മാം​സ​വും) എന്നു പേ​രി​ട്ടു. മേ​ശ​ത്തു​ണി​കൾ​ക്കു പകരം മെ​ഴു​ത്തു​ണി ആണി​യി​ട്ടു​റ​പ്പി​ച്ച മേ​ശ​പ്പു​റ​ത്തു​വെ​ച്ച് ഒരു കൊ​ഴു​പ്പു​മെ​ഴു​തി​രി​യോ പതി​നാ​റാ​മൻ ലൂ​യി​യു​ടെ കാ​ല​ത്തു​ള്ള ഒരു വി​ള​ക്കോ കത്തി​ച്ചു​വെ​ച്ച്, ആളുകൾ അതി​രു​ന്നു ഭക്ഷി​ക്കും. ജന​ങ്ങൾ ദൂ​ര​ത്തു​നി​ന്നു വരി​ക​യാ​യി. ഒരു ദിവസം രാ​വി​ലെ യു​ഷെ​ലൂ​വി​നു തന്റെ ‘സവി​ശേഷ ഭക്ഷ​ണ​സാ​ധന’ത്തെ​പ്പ​റ്റി വഴി​പോ​ക്കർ​ക്ക​റി​വു​കൊ​ടു​ക്ക​ണ​മെ​ന്നു തോ​ന്നി; കറു​ത്ത ചാ​യ​മു​ള്ള ഒരു പാ​ത്ര​ത്തിൽ ഒരു ബ്ര​ഷ്ഷെ​ടു​ത്തു മു​ക്കി, താൻ തന്റെ ആവ​ശ്യ​മ​നു​സ​രി​ച്ച് ഒര​ക്ഷ​ര​ശാ​സ്ത്ര​ജ്ഞ​നും തന്റെ സ്ഥി​തി​യ​നു​സ​രി​ച്ച് ഒരു വെ​പ്പു​കാ​ര​നു​മാ​യി​രു​ന്ന​തു​കൊ​ണ്ടു, വാ​തി​ലി​നു മുൻ​പിൽ ഈ സ്മ​ര​ണീ​യ​ങ്ങ​ളായ വാ​ക്കു​കൾ കു​റി​ച്ചി​ട്ടു: കാർ​പ്സ് ഹോ ഗ്രാ​സ്. [2]

ഒരു മഴ​ക്കാ​ല​ത്തു മഴ​യ്ക്കും കാ​റ്റി​നും​കൂ​ടി അതിലെ ആദ്യ​ത്തെ വാ​ക്ക​വ​സാ​നി​ക്കു​ന്ന സ് (S) എന്ന​ക്ഷ​ര​ത്തേ​യും മൂ​ന്നാ​മ​ത്തെ വാ​ക്കാ​രം​ഭി​ക്കു​ന്ന ഗ് (G) എന്ന​ക്ഷ​ര​ത്തേ​യും മാ​ച്ചു​ക​ള​യാൻ ഒരു രസം തോ​ന്നി; അപ്പോൾ അതി​ങ്ങ​നെ​യാ​യി​ക്ക​ലാ​ശി​ച്ചു: കാർപ് ഹൊ​രാ​സ് (ലത്തീൻ​ഭാ​ഷ​യിൽ = മണി​ക്കൂ​റു​ക​ളെ അനു​ഭ​വി​ക്കുക).

മഴ​യു​ടേ​യും കാ​റ്റി​ന്റേ​യും സാ​ഹാ​യ്യം​കൊ​ണ്ട് ഒരു നി​സ്സാ​ര​മായ ഭക്ഷ​ണ​പ്രിയ പര​സ്യം ഒരു സഗൌ​ര​വ​മായ ഉപ​ദേ​ശ​വാ​ക്യ​മാ​യി​ത്തീർ​ന്നു.

ഇങ്ങ​നെ ഫ്ര​ഞ്ച​റി​ഞ്ഞു​കൂ​ടെ​ങ്കി​ലും ഫാദർ യു​ഷെ​ലൂ​വി​നു ലത്തീൻ മന​സ്സി​ലാ​വു​മെ​ന്നും, അയാൾ അടു​ക്ക​ള​യിൽ​നി​ന്നു തത്ത്വ​ജ്ഞാ​ന​ത്തെ ആവാ​ഹി​ച്ചു വരു​ത്തി​യെ​ന്നും നോൽ​മ്പു​കാ​ല​ത്തെ ഇല്ലാ​യ്മ ചെ​യ്വാൻ നോ​ക്കി​യി​ട്ട് അയാൾ ഹോ​ര​സ്സി​നു സമ​നാ​യി​യെ​ന്നും വന്നു​കൂ​ടി അതിൽ വി​ശേ​ഷി​ച്ചും എടു​ത്തു​പ​റ​യേ​ണ്ട ഭാ​ഗ​മെ​ന്തെ​ന്നാൽ, അതിന് ‘എന്റെ വീ​ഞ്ഞു​ക​ട​യി​ലേ​ക്കു വരിക’ എന്നു​കൂ​ടി അർ​ത്ഥ​മാ​യി.

ഇതൊ​ന്നു​മി​ല്ല ഇപ്പോൾ. ആ മൊ​ങ്ദെ​തൂർ​കു​ടർ​മാല മു​ഴു​വ​നും 1847-ൽ വെ​ട്ടി​പ്പൊ​ളി​ച്ചു വായ തു​റ​ന്നും​കൊ​ണ്ടാ​ക്കി; ഒരു സമയം അതി​പ്പോൾ ഇല്ലെ​ന്നു​ത​ന്നെ വന്നി​രി​ക്കാം. റ്യു ദ് ല ഷങ്വ്രെ​റി​യും കൊ​രി​ന്തും റ്യു രം​ബൂ​ത്തൊ​വി​ലെ പാ​ത​വി​രി​ക്ക​ടി​യിൽ ആണ്ടു​പോ​യി.

കുർ​ഫെ​രാ​ക്കി​ന്റേ​യും കൂ​ട്ടു​കാ​രു​ടേ​യും യോ​ഗം​കൂ​ട​ലി​ന്നു​ള്ള സ്ഥ​ല​മ​ല്ലെ​ങ്കി​ലും കണ്ടു സം​സാ​രി​ക്കാ​നു​ള്ള സ്ഥ​ല​മാ​യി​രു​ന്നു കൊ​രി​ന്തെ​ന്നു ഞങ്ങൾ പറ​ഞ്ഞി​ട്ടു​ണ്ട് ഗ്ര​ന്തേ​റാ​ണ് ഒന്നാ​മ​താ​യി കൊ​രി​ന്ത് കണ്ടു​പി​ടി​ച്ച​ത്. മണി​ക്കൂ​റു​ക​ളെ അനു​ഭ​വി​ക്കുക (കാർ​പ്ഹോ രാസ്) എന്ന​തു കാ​ര​ണ​മാ​ണ് അയാൾ ആദ്യ​മാ​യി അങ്ങോ​ട്ടു ചെ​ന്ന​ത്, അങ്ങോ​ട്ടു വീ​ണ്ടും തി​രി​ച്ചു​ചെ​ന്ന​ത് പരൽ​മ​ത്സ്യ​വും മാം​സ​വും (കാർ​പ്സ് ഹോ ഗ്രാ​സ്) എന്ന​തു കാ​ര​ണ​വും അവിടെ അവ​രി​രു​ന്നു കു​ടി​ക്കും, ഭക്ഷി​ക്കും, ഒച്ച​യി​ടും, അവർ അധി​ക​മൊ​ന്നും കൊ​ടു​ത്തി​രു​ന്നി​ല്ല; കണി​ശ​മാ​യി കൊ​ടു​ത്തി​രു​ന്നി​ല്ല, കൊ​ടു​ത്തി​രു​ന്ന​തേ​യി​ല്ല, എങ്കി​ലും അവർ​ക്ക് എപ്പോ​ഴും അവിടെ സന്തോ​ഷ​പൂർ​വ്വം ചെ​ല്ലാം. ഫാദർ യു​ഷെ​ലൂ ഒരു നേ​രം​പോ​ക്കു​കാ​ര​നായ ആതി​ഥേ​യ​നാ​ണ്.

യു​ഷെ​ലൂ, ഇപ്പോൾ​ത്ത​ന്നെ പറ​ഞ്ഞ​തു​പോ​ലെ ആ നേ​രം​പോ​ക്കു​കാ​ര​നായ മനു​ഷ്യൻ, ഒരു മേൽ​മീ​ശ​യോ​ടു​കൂ​ടിയ വീ​ഞ്ഞു​ക​ച്ച​വ​ട​ക്കാ​ര​നാ​ണ്; ഒരു നേ​രം​പോ​ക്കു​ള്ള വർ​ഗ്ഗം അയാൾ എപ്പോ​ഴും ശു​ണ്ഠി​ക​ടി​ച്ചും​കൊ​ണ്ടാ​ണ്; അയാൾ​ക്കു തന്റെ കക്ഷി​ക​ളെ പേ​ടി​പ്പി​ക്കു​ക​യാ​ണ് രസ​മെ​ന്നു തോ​ന്നും, അയാൾ തന്റെ ചാ​രാ​യ​ക്ക​ട​യിൽ ചെ​ല്ലു​ന്ന​വ​രോ​ടൊ​ക്കെ പി​റു​പി​റു​ക്കും; അവർ​ക്കു സൂ​പ്പു വി​ള​മ്പി​ക്കൊ​ടു​ക്കാ​നു​ള്ള​തി​ല​ധി​കം അവ​രോ​ടു ശണ്ഠ​കൂ​ടാ​നാ​യി​രു​ന്നു അയാ​ളു​ടെ നി​ല്പ് എങ്കി​ലും, ഞങ്ങൾ ഊന്നി​പ്പ​റ​യു​ന്നു, ആളു​കൾ​ക്ക് എപ്പോ​ഴും അവിടെ സ്വാ​ഗ​ത​മു​ണ്ട് ഈ വി​കൃ​ത​ശീ​ലം ആളു​ക​ളെ അയാ​ളു​ടെ കട​യി​ലേ​ക്കാർ​ഷി​ച്ചു; ചെ​റു​പ്പ​ക്കാ​രെ അങ്ങോ​ട്ടു വരു​ത്തി; അവർ ഇങ്ങ​നെ തമ്മിൽ​പ്പ​റ​യും: ‘വരൂ, ഫാദർ യു​ഷെ​ലൂ മു​ര​ളു​ന്ന​തു നോ​ക്കൂ,’ അയാൾ ഒരു തല്ലാ​ശാ​നാ​യി​രു​ന്നു. ഉട​നെ​ത്ത​ന്നെ, അയാൾ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തു കേൾ​ക്കാം. ഒരു കൂ​റ്റ​നൊ​ച്ച, ഒരു നല്ല മനു​ഷ്യൻ വ്യ​സ​ന​ക​ര​മായ ഒരു പു​റം​ഭാ​ഗ​ത്തി​ന്റെ അടി​യിൽ അയാൾ​ക്ക് ഒരു സന്തോ​ഷ​ക​ര​മായ അസ്തി​വാ​ര​മു​ണ്ടാ​യി​രു​ന്നു, നി​ങ്ങ​ളെ ഒന്നു ഭയ​പ്പെ​ടു​ത്തു​ക​യ​ല്ലാ​തെ മറ്റൊ​ന്നും അയാൾ​ക്കാ​വ​ശ്യ​മി​ല്ല; കൈ​ത്തോ​ക്കി​ന്റെ ആകൃ​തി​യി​ലു​ള്ള ആ പൊ​ടി​ഡ​പ്പി​കൾ പോലെ, മു​ഴ​ക്കം കേ​ട്ടാൽ ആളുകൾ തു​മ്മി​പ്പോ​വും.

അയാ​ളു​ടെ ഭാര്യ, മദർ യു​ഷെ​ലൂ, താ​ടി​മീ​ശ​യു​ള്ള ഒരു വെറും സാ​ധാ​ര​ണ​ക്കാ​രി​യാ​ണ്.

ഏക​ദേ​ശം 1830-ൽ ഫാദർ യു​ഷെ​ലൂ മരി​ച്ചു. അതോ​ടു​കൂ​ടി മരു​ന്നി​ട്ട പരൽ മത്സ്യ​ത്തി​ന്റെ വെ​പ്പു​ര​ഹ​സ്യം പൊ​യ്പോ​യി. അതി​ദുഃ​ഖി​ത​യായ അയാ​ളു​ടെ വിധവ വീ​ഞ്ഞു​കട പി​ന്നെ​യും നട​ത്തി​പ്പോ​ന്നു. പക്ഷേ, വെ​പ്പു​പ​ണി മോ​ശ​മാ​യി, നന്നേ ചീ​ത്ത​യാ​യി; എന്നും മോ​ശ​മാ​യി​ത്ത​ന്നെ​യി​രു​ന്ന വീ​ഞ്ഞു വള​രെ​യ​ധി​കം മോ​ശ​മാ​യി. എന്താ​യി​ട്ടും കുർ​ഫെ​രാ​ക്കും കൂ​ട്ടു​കാ​രും കൊ​രി​ന്തി​ലേ​ക്കു​ള്ള പോ​ക്കു​വേ​ണ്ടെ​ന്നു വെ​ച്ചി​ല്ല—അനു​ക​മ്പ​കൊ​ണ്ട്, ബൊ​സ്സ്വെ പറ​ഞ്ഞു.

യു​ഷെ​ലൂ വിധവ ശ്വാ​സം മു​ട്ടി, വി​കൃ​ത​യാ​യി, നാ​ട്ടു​പു​റ​സ്മ​ര​ണ​ക​ളിൽ മു​ങ്ങി​ക്കൊ​ണ്ടാ​ണ്. അവ​യു​ടെ സ്വ​ര​ല​ഘു​ത്വ​ത്തെ അവൾ തന്റെ ഉച്ചാ​ര​ണ​വി​ശേ​ഷം കൊ​ണ്ട് ഇല്ലാ​താ​ക്കി. അവ​ളു​ടെ കഥ​പ​റ​യ​ലി​ന് ഒരു സവി​ശേ​ഷ​മ​ട്ടു​ണ്ട്; കാ​മ​ത്തേ​യും യൗ​വ്വ​നാ​രം​ഭ​ത്തേ​യും കു​റി​ച്ചു​ള്ള അവ​ളു​ടെ സ്മ​ര​ണ​കൾ​ക്ക് അതു രൂ​ചി​പി​ടി​പ്പി​ച്ചു. ചെ​റു​പ​ക്ഷി​കൾ മര​ക്കൊ​മ്പി​ലി​രു​ന്നു പാ​ടു​ന്ന​തു കേൾ​ക്കാൻ പണ്ടു ബഹു​ര​സ​മാ​ണെ​ന്ന് ആ വിധവ ശപഥം ചെ​യ്യാ​റു​ണ്ട്.

മു​കൾ​നി​ല​യി​ലെ തളം—ഇവി​ടെ​യാ​ണ് ഭക്ഷ​ണ​സ്ഥ​ലം—നീ​ണ്ടു, വലു​താ​യി, മു​ക്കാ​ലി​കൾ​കൊ​ണ്ടും കസാ​ല​കൾ​കൊ​ണ്ടും ബെ​ഞ്ചു​കൾ​കൊ​ണ്ടും മേശകൾ കൊ​ണ്ടും കാൽ മു​ട​ന്തി കൂ​ന്നു പ്രാം​ചെ​ന്ന ഒരു ബി​ല്ലി​യേർ​ഡ് മേ​ശ​കൊ​ണ്ടും കെ​ട്ടി​മ​റി​ഞ്ഞ ഒര​ക​മാ​ണ്. അങ്ങോ​ട്ടു മു​റി​മൂ​ല​യ്ക്ക​ലാ​യി, കപ്പ​ലി​ലെ ചര​ക്ക​റ​വാ​തിൽ​പോ​ലു​ള്ള ഒരു ചതു​ര​ദ്വാ​ര​ത്തിൽ​ച്ചെ​ന്ന​വ​സാ​നി​ക്കു​ന്ന ഒരു പി​രി​യൻ​കോ​ണി​യു​ണ്ട്.

ഒരൊ​റ്റ ചെ​റു​ജ​നാ​ല​കൊ​ണ്ടും എപ്പോ​ഴും കത്തു​ന്ന ഒരു വി​ള​ക്കു​കൊ​ണ്ടും ഇരു​ട്ട​ക​ന്ന ആ മു​റി​ക്ക് ഒരു തട്ടിൻ​പു​റ​ത്തി​ന്റെ ഛാ​യ​യു​ണ്ട്. എല്ലാ നാ​ല്ക്കാ​ലി​സ്സാ​മാ​ന​ങ്ങ​ളും മു​മ്മൂ​ന്നു കാലേ ഉള്ളൂ എന്ന​പോ​ലെ​യാ​ണ് അവിടെ കഴി​ഞ്ഞു​കൂ​ടി​യി​രു​ന്ന​ത്; വെ​ള്ള​യ​ടി​ച്ച ചു​മ​രു​കൾ​ക്ക് അല​ങ്കാ​ര​മാ​യി മദാം യു​ഷെ​ലൂ​വി​നെ സ്തു​തി​ച്ചെ​ഴു​ത​പ്പെ​ട്ട ഈ കവിത മാ​ത്ര​മു​ണ്ട്

പത്ത​ടി ദൂരത്തായാലമ്പരപ്പിക്കുമവ-​

ളത്ര​മേൽ​പ്പേ​ടി​പ്പി​ക്കും രണ്ട​ടി​യ​ക​ന്നാ​യാൽ;

അവൾ​ത​ന്നാ​പൽ​ക്ക​ര​മായ മൂക്കത്തുണ്ടിരു-​

ന്ന​രു​ളീ​ടു​ന്നി​തൊ​രു പോ​ത്ത​നാ​മ​രി​മ്പാറ;

അവളാ മൂ​ക്കു നേർ​ക്കാ​യ്ച്ചീ​റ്റി​യേ​യ്ക്കു​മോ എന്നു-​

മവൾതൻ വാ​യി​ല​തു ചാ​ടു​മോ എന്നും തോ​ന്നും.

ഇതു ചു​മ​രി​ന്മേൽ കരി​കൊ​ണ്ടു കു​റി​ച്ചി​ട്ടി​രു​ന്നു.

ആ വി​വ​ര​ണ​ത്തി​നു ശരി​യായ മദാം യു​ഷെ​ലൂ രാ​വി​ലെ മുതൽ അർ​ദ്ധ​രാ​ത്രി​വ​രെ എത്ര​യും പരി​പൂർ​ണ്ണ​മായ ശാ​ന്ത​ത​യോ​ടു​കൂ​ടി ആ കവി​താ​ശ​ക​ല​ത്തി​നു മുൻ​പി​ലൂ​ടേ വന്നും​പോ​യു​മി​രി​ക്കും. മതെ​ലോ​ത്ത് എന്നും ഗി​ബെ​ലോ​ത്ത് എന്നും [3] പേ​രു​ള്ള രണ്ടു ദാ​സി​കൾ—ഇവർ​ക്കു വേറെ വല്ല പേ​രു​മു​ണ്ടാ​യി​രു​ന്നു​വോ എന്ന​റി​ഞ്ഞു​കൂ​ടാ—മേ​ശ​പ്പു​റ​ത്തു മോ​ശ​വീ​ഞ്ഞു നി​റ​ഞ്ഞ പി​ടി​പ്പാ​ത്ര​ങ്ങ​ളും വി​ശ​ന്ന കൂ​ട്ടർ​ക്കു മണ്ണു​പാ​ത്ര​ങ്ങ​ളിൽ വി​ള​മ്പി​ക്കൊ​ടു​ക്കാ​നു​ള്ള പലതരം മാം​സ​ക്ക​ഷാ​യ​ങ്ങ​ളും കൊ​ണ്ടു​വെ​ക്കു​ന്ന​തിൽ മദാം യു​ഷെ​ലൂ​വി​നെ സഹാ​യി​ക്കും. വലു​താ​യി, തടി​ച്ചു, തല​മു​ടി ചു​ക​ന്ന്, ഒച്ച​യി​ട്ടു​കൊ​ണ്ടു​ള്ള ആ അന്ത​രി​ച്ചു​പോയ യു​ഷെ​ലൂ​വി​ന്റെ പ്രി​യ​പ്പെ​ട്ട അന്തഃ​പു​ര​സ്ത്രീ മതെ​ലോ​ത്ത്, പു​രാ​ണ​ങ്ങ​ളി​ലെ രക്ഷ​സ്സു​ക​ളെ​ക്കാ​ളെ​ല്ലാം— എന്തൊ​ന്നു​ത​ന്നെ​യാ​യാ​ലു​മാ​വ​ട്ടെ—അധികം വി​രൂ​പ​യാ​യി​രു​ന്നു; എങ്കി​ലും, എപ്പോ​ഴും ദാസി എജ​മാ​ന​ത്തി​യു​ടെ പി​ന്നിൽ നി​ല്ക്കു​ന്ന​തു മര്യാ​ദ​യാ​യ​തു​കൊ​ണ്ട്, അവൾ വൈ​രൂ​പ്യ​ത്തിൽ മദാം യു​ഷെ​ലൂ​വി​നേ​ക്കാൾ താ​ഴെ​യാ​യി​രു​ന്നു. നീ​ണ്ടു മെ​ലി​ഞ്ഞു നീ​രു​പി​ടി​ച്ചി​ട്ടു​ള്ള വി​ളർ​പ്പു​കൊ​ണ്ടെ​ന്ന​പോ​ലെ വെ​ളു​ത്തു, കണ്ണു​കൾ​ക്കു ചു​റ്റും വർ​ണ്ണ​വൃ​ത്ത​ങ്ങ​ളോ​ടും തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കൺ​പോ​ള​ക​ളോ​ടും​കൂ​ടി, എപ്പോ​ഴും തളർ​ന്നും, ക്ഷീ​ണി​ച്ചും, മാ​റാ​ദ്ദീ​ന​മായ ഒരാ​ല​സ്യം​കൊ​ണ്ടു രോ​ഗി​ണി​യാ​യി എന്നു പറ​യ​ട്ടെ, ആ വീ​ട്ടിൽ​വെ​ച്ച് ആദ്യം എഴു​ന്നേ​ല്ക്കാ​നും ഒടു​വിൽ​ക്കി​ട​ക്കാ​നും ഉള്ള​വ​ളായ ഗി​ബെ​ലോ​ത്ത് തന്റെ ക്ഷീ​ണ​ത്തി​നു​ള്ളി​ലൂ​ടെ അസ്പ​ഷ്ട​വും നി​ദ്രാ​പ​ര​വു​മായ ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി, മി​ണ്ടാ​തെ, ശാ​ന്ത​മാ​യി, സക​ല​രേ​യും, മറ്റേ ദാ​സി​യെ​ക്കൂ​ടി, ഉപ​ച​രി​ച്ചു​പോ​ന്നി.

ഭക്ഷ​ണ​സ്ഥ​ല​ത്തേ​ക്കു കട​ക്കു​ന്ന​തി​നു മുൻ​പാ​യി അതി​ഥി​ക്കു വാ​തി​ല്ക്കൽ കുർ​ഫെ​രാ​ക് ചോ​ക്കു​കൊ​ണ്ടെ​ഴു​തി​യി​ട്ടു​ള്ള ഈയൊരു വരി വാ​യി​ക്കാം;

ആവു​മെ​ങ്കിൽ വി​രു​ന്നേ​കൂ, ഭക്ഷി​ക്കൂ ധീ​ര​നെ​ങ്കി​ലോ.

കു​റി​പ്പു​കൾ

[1] ഒരു ഫ്ര​ഞ്ചു​ക​വി​യും പരി​ഹാ​സ​ക​വ​ന​ക്കാ​ര​നും.

[2] ഈ വാ​ക്കു തോ​ന്നു​ന്ന എന്ന് ഏതാ​ണ്ടർ​ത്ഥം കാ​ണി​ക്കു​ന്ന ഒര​വ്യ​യ​ശ​ബ്ദ​മാ​ണ്. ഓ (മൗ) എന്ന​തി​ന്ന് ‘ഓട്’ എന്നർ​ത്ഥം.

[3] മതെ​ലോ​ത്ത് * പല മത്സ്യ​ങ്ങ​ളും കൂ​ടി​യു​ള്ള ഒരു കറി ഗി​ബെ​ലോ​ത്ത് = മു​യൽ​കൊ​ണ്ടു​ള്ള ഇസ്റ്റു.

4.9.2
ആരം​ഭ​ത്തി​ലെ ആഹ്ലാ​ദ​ങ്ങൾ

വാ​യ​ന​ക്കാർ​ക്ക​റി​വു​ള്ള​വി​ധം ലെയ്ൽ ദ് മോ മറ്റി​ട​ങ്ങ​ളി​ലേ​ക്കാ​ള​ധി​കം ഴൊ​ലി​യു​ടെ കൂ​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പക്ഷി​ക്കു മര​ക്കൊ​മ്പ​ത്ത് ഒരു കൂ​ടു​ള്ള​തു​പോ​ലെ, അയാൾ​ക്കും ഒരു താ​മ​സ​സ്ഥ​ല​മു​ണ്ട് ആ രണ്ടു സു​ഹൃ​ത്തു​ക്കൾ ഒരു​മി​ച്ചു താ​മ​സി​ക്കും, ഒരു​മി​ച്ചു ഭക്ഷി​ക്കും, ഒരു​മി​ച്ചു കി​ട​ക്കും അവർ എല്ലാം ഒരു​മി​ച്ച​നു​ഭ​വി​ക്കും—ഏതാ​ണ്ടൊ​ക്കെ മ്യു​സി​ഷെ​ത്ത​യേ​യും, പ്ര​ധാ​ന​സ​ന്ന്യാ​സി​ക​ളു​ടെ കൂടെ നട​ക്കു​ന്ന കീ​ഴ്സ​ന്ന്യാ​സി​ക​ളെ വി​ളി​ക്കാ​റു​ള്ള​പോ​ലെ, അവർ ഇര​ട്ട​യാ​ണ്. ജൂൺ 5-ആം നു രാ​വി​ലെ അവർ പ്രാ​തൽ കഴി​ക്കാൻ കൊ​രി​ന്തി​ലേ​ക്കു പോയി. വയർ കു​ത്തി​നി​റ​യ്ക്ക​പ്പെ​ട്ടി​രു​ന്ന ഴൊ​ലി​ക്ക് ഒരു ജല​ദോ​ഷ​മു​ണ്ടാ​യി​രു​ന്നു; അതു ലെയ്ൽ പകർ​ത്തെ​ടു​ക്കാ​നു​ള്ള ഭാ​വ​മു​ണ്ട്. ലെ​യ്ലി​ന്റെ പു​റം​കു​പ്പാ​യം പി​ഞ്ഞി​യി​രി​ക്കു​ന്നു, പക്ഷേ, ഴൊളി നന്നാ​യി​ട്ട് ഉടു​പ്പി​ട്ടി​രു​ന്നു.

അവർ കൊ​രി​ന്തി​ന്റെ വാതിൽ ചെ​ന്നു​തു​റ​ന്ന​പ്പോൾ രാ​വി​ലെ ഏക​ദേ​ശം ഒമ്പ​തു മണി​യാ​യി

അവർ മു​ക​ളി​ലേ​ക്കു കയറി.

മതെ​ലോ​ത്തും ഗി​ബെ​ലോ​ത്തും അവരെ എതി​രേ​റ്റു.

‘കക്ക​ക​ളും, പാ​ല്ക്ക​ട്ടി​യും, പന്നി​ത്തു​ട​യും’, ലെയ്ൽ ആവ​ശ്യ​പ്പെ​ട്ടു.

അവർ ഒരു മേ​ശ​യ്ക്ക​രി​കിൽ​ച്ചെ​ന്ന് ഇരു​ന്നു.

ചാ​രാ​യ​ക്കട ഒഴി​ഞ്ഞു​കി​ട​ന്നി​രു​ന്നു; അവിടെ അവ​ര​ല്ലാ​തെ മറ്റാ​രു​മി​ല്ല.

ഴൊ​ലി​യേ​യും ലെ​യ്ലി​നേ​യും കണ്ട​റി​ഞ്ഞു ഗി​ബെ​ലോ​ത്ത് ഒരു കു​പ്പി വീ​ഞ്ഞു മേ​ശ​പ്പു​റ​ത്തു കൊ​ണ്ടു​വെ​ച്ചു.

അവർ ആദ്യ​ത്തെ കക്ക​ക​ളിൽ പി​ടു​ത്തം​കൂ​ടു​മ്പോ​ഴേ​യ്ക്ക് ഒരു തല കോ​ണി​യു​ടെ അറ​വാ​തി​ല്ക്കൽ പ്ര​ത്യ​ക്ഷീ​ഭ​വി​ച്ചു; ഒരു ശബ്ദം പറ​ഞ്ഞു: ‘ഞാ​നി​തി​ലേ കട​ന്നു​പോ​ക​യാ​യി​രു​ന്നു. പാ​ല്ക്ക​ട്ടി​യു​ടെ ഒരു സു​ഖ​ക​ര​മായ ഗന്ധം ഞാൻ തെ​രു​വിൽ​നി​ന്നു കേ​ട്ടു. ഞാൻ അക​ത്തേ​ക്കു വന്നു.’ അതു ഗ്ര​ന്തേ​റാ​ണ്.

ഗ്ര​ന്തേർ ഒരു മു​ക്കാ​ലി​യെ​ടു​ത്തു. മേ​ശ​യ്ക്ക​രി​കി​ലേ​ക്കു നീ​ക്കി​യി​ട്ട്, ഇരു​ന്നു.

ഗ്ര​ന്തേ​റെ കണ്ട​തോ​ടു​കൂ​ടി ഗി​ബെ​ലോ​ത്ത് രണ്ടു കു​പ്പി വീ​ഞ്ഞ് മേ​ശ​പ്പു​റ​ത്തു കൊ​ണ്ടു​വെ​ച്ചു.

അപ്പോൾ മൂ​ന്നാ​യി.

‘ആ രണ്ടു കു​പ്പി വീ​ഞ്ഞും നി​ങ്ങൾ കു​ടി​ക്കാൻ​ത​ന്നെ​യാ​ണോ ഭാവം?’ ലെയ്ൽ ഗ്ര​ന്തേ​റോ​ടു ചോ​ദി​ച്ചു.

ഗ്ര​ന്തേർ മറു​പ​ടി പറ​ഞ്ഞു: ‘എല്ലാ​വ​രും സമർ​ത്ഥ​ന്മാ​രാ​ണ്; നീ മാ​ത്രം നി​ഷ്ക​പ​ടൻ. രണ്ടു കു​പ്പി ഒരി​ക്ക​ലും ഒരു മനു​ഷ്യ​നെ അമ്പ​ര​പ്പി​ച്ചി​ട്ടി​ല്ല.’

മറ്റു​ള്ള​വർ തി​ന്നാൻ തു​ട​ങ്ങി; ഗ്ര​ന്തേർ കു​ടി​ക്കാ​നും. അര​ക്കു​പ്പി ഒരി​റ​ക്കു​കൊ​ണ്ടു തീർ​ന്നു.

‘അപ്പോൾ നി​ങ്ങ​ളു​ടെ വയ​റ്റിൽ ഒരു കു​ഴി​യു​ണ്ട്?’ ലെയ്ൽ വീ​ണ്ടും ആരം​ഭി​ച്ചു.

‘നി​ങ്ങൾ​ക്ക് ഒന്നു​ള്ള​തു കൈ​മു​ട്ടി​ലാ​ണ്,’ ഗ്ര​ന്തേർ പറ​ഞ്ഞു.

അയാൾ വീ​ണ്ടും തന്റെ ഗ്ലാ​സ്സൊ​ഴി​ച്ച​തി​നു​ശേ​ഷം തു​ടർ​ന്നു: ‘അപ്പോൾ, കൂ​ട്ട​ത്തിൽ​പ്പ​റ​യ​ട്ടെ, ഹേ ശവ​സം​സ്കാ​ര​പ്രാ​സം​ഗി​കൻ ലെയ്ൽ, നി​ങ്ങ​ളു​ടെ കു​പ്പാ​യം പഴ​താ​യി​രി​ക്കു​ന്നു.’

‘ഉവ്വെ​ന്നു കരു​തു​ന്നു.’ ലെയ്ൽ തി​രി​ച്ച​ടി​ച്ചു. ‘അതു​കൊ​ണ്ടാ​ണ് ഞങ്ങൾ രണ്ടു​പേ​രും, എന്റെ കു​പ്പാ​യ​വും ഞാനും, തമ്മിൽ ഇത്ര പത്ഥ്യം. അതി​ന്ന് എന്റെ മട​ക്കു​ക​ളെ​ല്ലാം കി​ട്ടി​യി​ട്ടു​ണ്ട്. അതെ​ന്നെ ഒരി​ട​ത്തും കു​ടു​ക്കു​ന്നി​ല്ല; അത് എന്റെ വൈ​രൂ​പ്യ​ങ്ങ​ളിൽ​വെ​ച്ചു മെ​ഴു​പ്പി​ടി​ച്ചു​ണ്ടാ​ക്കി​യ​താ​ണ്; അത് എന്റെ എല്ലാ നട​പ​ടി​ക​ളോ​ടും പറ്റി​ച്ചേ​രു​ന്നു, അതെ​നി​ക്കു ചൂ​ടു​ണ്ടാ​ക്കി​ത്ത​രു​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മേ ഞാനതു മേ​ലു​ണ്ടെ​ന്ന​റി​യു​ന്നു​ള്ളൂ. പഴയ കു​പ്പാ​യ​ങ്ങൾ പഴയ സ്നേ​ഹി​ത​ന്മാ​രെ​പ്പോ​ലെ​യാ​ണ്.’

‘ശരി​യാ​ണ്,’ സം​ഭാ​ഷ​ണ​ത്തി​ലേ​ക്കു കയ​റി​ക്കൂ​ടി, ഴൊലി ഉച്ച​ത്തിൽ പറ​ഞ്ഞു, ‘ഒരു പഴയ കു​പ്പാ​യം ഒരു പഴയ സ്നേ​ഹി​തൻ​ത​ന്നെ.’

‘തല​നി​റ​ഞ്ഞി​ട്ടു​ള്ള ഒരു മനു​ഷ്യൻ പറ​യു​മ്പോൾ, വി​ശേ​ഷി​ച്ചും,’ ഗ്ര​ന്തേർ പറ​ഞ്ഞു.

‘ഗ്ര​ന്തേർ,’ ലെയ്ൽ കല്പി​ച്ചു ചോ​ദി​ച്ചു. ‘നി​ങ്ങൾ ഇപ്പോൾ വരു​ന്ന​തു കോ​ട്ട​പ്പു​റ​ത്തു​നി​ന്നാ​ണോ?’

‘അല്ല’.

‘ഞങ്ങൾ ഇപ്പോൾ​ത്ത​ന്നെ​യാ​ണ് ഘോ​ഷ​യാ​ത്ര​യു​ടെ മുൻതല കട​ന്നു​പോ​കു​ന്ന​തു കണ്ട​ത്—ഴൊ​ലി​യും ഞാനും.’

‘അതൊ​ര​ത്ഭു​ത​ക​ര​മായ കാ​ഴ്ച​യാ​ണ്.’ ഴൊലി അഭി​പ്രാ​യ​പ്പെ​ട്ടു.

‘ഈ തെ​രു​വ് എത്ര ശാ​ന്തം,’ ലെയ്ൽ അത്ഭു​ത​ത്തോ​ടു​കൂ​ടി പറ​ഞ്ഞു ‘പാ​രി​സ് കീ​ഴു​മേൽ മറി​ഞ്ഞു​വെ​ന്ന് ആരെ​ങ്കി​ലും ശങ്കി​ക്കു​മോ? പണ്ടു​കാ​ല​ത്ത് ഈ പ്ര​ദേ​ശ​ത്തു കന്യ​കാ​മ​ഠ​ങ്ങ​ള​ല്ലാ​തെ മറ്റൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് എത്ര വേ​ഗ​ത്തിൽ മന​സ്സി​ലാ​ക്കാം. ഈ ഭാ​ഗ​ത്തൊ​ക്കെ റ്യു ബ്രു​ലും സോ​വ​ലും അവ​യു​ടെ ഒരു പട്ടിക കൊ​ടു​ക്കു​ന്നു​ണ്ട്; അബെ​ലെ​ബോ​വും. ഇവിടെ ചു​റ്റു​മാ​യി​രു​ന്നു ആ കൂ​ട്ട​രൊ​ക്കെ—ബൂ​ട്ടു​സ്സി​ട്ടും, ഇടാ​തെ​യും, ക്ഷൗ​രം ചെ​യ്തും, താടി വളർ​ത്തി​യും, ചാ​ര​നി​റ​ത്തി​ലും കറു​ത്തും വെ​ളു​ത്തു​മു​ള്ള ആ വർ​ഗ്ഗ​ക്കാർ മു​ഴു​വ​നും ഇവിടെ പു​റ്റു​കൂ​ടി​യി​രു​ന്നു; ഫ്രാൻ​സി​സ്കൻ, [1] മിനിം, [2] കപൂ​ഷിൻ; [3] കാർ​മി​ലൈ​റ്റ്, ചെറിയ അഗ​സ്തീൻ, വലിയ അഗ​സ്തീൻ, പഴയ അഗ​സ്തീൻ —ഇങ്ങ​നെ സന്ന്യാ​സി​മ​ഠ​ഭേ​ദ​ങ്ങൾ​ക്ക് അവ​സാ​ന​മി​ല്ല.’

‘നമു​ക്കു സന്ന്യാ​സി​ക​ളെ​പ്പ​റ്റി സം​സാ​രി​ക്കാ​തി​രി​ക്കുക’, ഗ്ര​ന്തേർ പറ​ഞ്ഞു: ‘അതാ​ളു​ക​ളെ​ക്കൊ​ണ്ട് ആത്മാ​വിൽ മാ​ന്താൻ തോ​ന്നി​ക്കു​ന്നു.’

എന്നി​ട്ട് അയാൾ ഉച്ച​ത്തിൽ പറ​ഞ്ഞു. ‘ഫൂ! ഞാ​നൊ​രു കെട്ട കക്ക വി​ഴു​ങ്ങി​ക്ക​ള​ഞ്ഞു എനി​ക്കു പി​ന്നേ​യും മി​ഥ്യാ​രോ​ഗ​ഭ​യം പി​ടി​ക്കു​ന്നു, കക്ക​കൾ കെ​ട്ടി​രി​ക്കു​ന്നു: വെ​പ്പു​കാ​രി​കൾ വി​രൂ​പ​ക​ളു​മാ​ണ്, ഞാൻ മനു​ഷ്യ​വർ​ഗ്ഗ​ത്തെ വെ​റു​ക്കു​ന്നു. ഞാ​നി​താ ഇപ്പോൾ റ്യു റി​ഷെ​ല്യു​വി​ലൂ​ടെ പോ​രു​മ്പോൾ ആ വലിയ ഗ്ര​ന്ഥ​ശാ​ല​യു​ടെ മുൻ​പി​ലൂ​ടെ കട​ന്നു. ഗ്ര​ന്ഥ​ശാല എന്നു പറ​യ​പ്പെ​ടു​ന്ന ആ കക്ക​ത്തോ​ടു കു​ന്നു വി​ചാ​രി​ച്ചാൽ​ത്ത​ന്നെ ദേ​ഷ്യം വരും എത്ര കട​ലാ​സ്സ്! എത്ര മഷി! എത്ര കു​ത്തി​വ​ര​യ്ക്കൽ! അതൊ​ക്കെ എഴു​തി​യ​താ​ണ​ല്ലോ! തൂവലി [4] ല്ലാ​ത്ത ഇരു​കാ​ലി​യാ​ണ് മനു​ഷ്യ​നെ​ന്ന് ഏതു തെ​മ്മാ​ടി​യാ​ണ് പറ​ഞ്ഞ​ത്? പി​ന്നെ, വസ​ന്തം​പോ​ലെ സൗ​ഭാ​ഗ്യ​മു​ള്ള​വ​ളും പൂ​ച്ചെ​ണ്ടെ​ന്നു വി​ളി​ക്ക​പ്പെ​ടാൻ അർ​ഹ​യു​മായ എന്റെ ഒരു പരി​ച​യ​ക്കാ​രി​സ്സു​ന്ദ​രി​പ്പെ​ണ്ണി​നെ ഞാൻ കാ​ണു​ക​യു​ണ്ടാ​യി; അവൾ​ക്ക് എന്തു സന്തോ​ഷം, എന്തു പര​മാ​ന​ന്ദം, ദേ​വ​കൾ​ക്കെ​ന്ന​പോ​ലെ എന്തു സുഖം! എന്തു​കൊ​ണ്ട്? ഇന്ന​ലെ ഒരു ദു​ഷ്ട​ന്ന്, ആകെ മസൂ​രി​ക്കു​ത്തു​ള്ള ഒരു വല്ലാ​ത്ത പണ​ക്ക​ച്ച​വ​ട​ക്കാ​ര​ന്ന്, അവ​ളു​ടെ മേൽ ഒരു രസം തോ​ന്നി​യ​ത്രേ! കഷ്ടം! ഒരു കാ​മു​ക​നെ പി​ടി​കൂ​ടാ​നെ​ന്ന​പോ​ലെ​ത്ത​ന്നെ ഒരു രക്ഷ​ക​നെ കൈ​യി​ലാ​ക്കാ​നും സ്ത്രീ​കൾ കാ​ത്തു​നി​ല്ക്കു​ന്നു, പൂ​ച്ച​കൾ പക്ഷി​ക​ളെ എന്ന​പോ​ലെ​ത്ത​ന്നെ എലി​ക​ളേ​യും വേ​ട്ട​യാ​ടു​ന്നു രണ്ടു മാ​സം​മുൻ​പ് ആ ചെ​റു​പ്പ​ക്കാ​രി​പ്പെ​ണ്ണ് ഒരു തട്ടിൻ​പു​റ​ത്തു ചാ​രി​ത്ര​വ​തി​യാ​യി കഴി​ഞ്ഞി​രു​ന്നു; അടി​ക്കു​പ്പാ​യ​ത്തി​ന്റെ ചെ​രു​കു​ഴ​ക​ളിൽ അവൾ​ക്കു പി​ച്ചള വെ​ച്ചു​പി​ടി​പ്പി​ക്ക​യാ​യി​രു​ന്നു പണി—എന്താ​ണ​തി​നു നി​ങ്ങൾ പേരു പറ​യാ​റ്? അവൾ തു​ന്നി​യി​രു​ന്നു! അവൾ​ക്കൊ​രു പാ​ള​യ​ക്കി​ട​യ്ക്ക​യു​ണ്ട്; പൂ​ക്കൾ നി​റ​ഞ്ഞ ഒരു പൂ​ച്ച​ട്ടി​യു​ടെ അടു​ത്താ​ണ് അവ​ളു​ടെ താമസം; അവൾ​ക്കു സു​ഖ​മാ​യി​രു​ന്നു. ഇതാ, അവ​ളി​പ്പോൾ ഒരു മി​സ്സി​സ് പണ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യി ഈ ജന്മം​മാ​റൽ ഇന്ന​ലെ രാ​ത്രി​യാ​ണു​ണ്ടാ​യ​ത് ഈ ഗ്ര​ഹ​പ്പി​ഴ​യിൽ ചാ​ടി​യ​വ​ളെ ഞാൻ ഇന്നു രാ​വി​ലെ വലിയ ആഹ്ലാ​ദ​വ​തി​യാ​യി കണ്ടു. അതി​ലു​ള്ള അവ​ല​ക്ഷണ ഭാഗം എന്തെ​ന്നാൽ, ഇന്ന​ല​ത്തെ​പ്പോ​ലെ​ത​ന്നെ ഇന്നും അവൾ സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു. അവ​ളു​ടെ ഭണ്ഡാ​ര​വി​ചാ​ര​ക​നെ അവ​ളു​ടെ മു​ഖ​ത്തു കാ​ണാ​നി​ല്ല. സ്ത്രീ​കൾ​ക്കി​ല്ലാ​ത്ത​തായ ഈയൊരു ഗുണമോ ദോഷമോ പനി​നീർ​പ്പൂ​ക്കൾ​ക്കു​ണ്ട്. അവ​യു​ടെ മേൽ കമ്പി​ളി​പ്പു​ഴു​ക്കൾ ഉണ്ടാ​ക്കി​യി​ടു​ന്ന പാ​ടു​നോ​ക്കി​യാൽ കാണാം ഹാ! സദാ​ചാ​ര​നി​ഷ്ഠ​ഭൂ​മി​യി​ലി​ല്ല. അനു​രാ​ഗ​ത്തി​ന്റെ അട​യാ​ള​മായ കൊ​ഴു​ന്തു ചെ​ടി​യും, അഭി​മാ​ന​ത്തി​ന്റെ അട​യാ​ള​മായ പൂ​വ​ല്ലി​യും, സമാ​ധാ​ന​ത്തി​ന്റെ അട​യാ​ള​മായ ആ വി​ടു​വി​ഡ്ഢി ‘ഒലിവു’ ചെ​ടി​യും, വി​ത്തു​ക​ളോ​ടും​കൂ​ടി ആദാ​മി​നെ ഏതാ​ണ്ടു പാ​ക​പ്പെ​ടു​ത്തിയ ആപ്പിൾ​മ​ര​വും, റവു​ക്ക​ക​ളു​ടെ മു​ത്ത​ച്ഛ​നായ അത്തി​മ​ര​വും ഞാൻ തെ​ളി​വു​ത​രാം. ധർ​മ്മ​ത്തെ​പ്പ​റ്റി​യാ​ണെ​ങ്കിൽ, നി​ങ്ങൾ​ക്ക​റി​യാ​മോ എന്താ​ണ് ധർ​മ്മ​മെ​ന്ന്? പണ്ട​ത്തെ ഫ്രാൻ​സു​കാർ​ക്കു ക്ളു​സി​യം​പ്ര​ദേ​ശം കി​ട്ടി​യേ കഴിയൂ; റോം ക്ളു​സി​യ​ത്തെ കാ​ത്തു​നി​ന്നു; ക്ളു​സി​യം എന്താ​ണ് തെ​റ്റു​ചെ​യ്തി​ട്ടു​ള്ള​തെ​ന്നു റോം ഫ്രാൻ​സി​നോ​ടു ചോ​ദി​ച്ചു. ബ്രെൻ​സ് [5] മറു​പ​ടി പറ​ഞ്ഞു ‘ആൽബ നി​ങ്ങ​ളോ​ടെ​ന്തു തെ​റ്റു​ചെ​യ്തു ഫിഡനെ നി​ങ്ങ​ളോ​ടെ​ന്തു തെ​റ്റു ചെ​യ്തു, അതു​ത​ന്നെ. അവർ നി​ങ്ങ​ളു​ടെ അയൽ​പ​ക്ക​ക്കാ​രാ​ണ്; ക്ളു​സി​യ​ക്കാർ ഞങ്ങ​ളു​ടേ​യും, അയൽ​പ​ക്ക​ക്കാ​രെ നോ​ക്കി​ക്കാ​ണു​ന്ന​തിൽ നി​ങ്ങ​ളെ​പ്പോ​ലെ തന്നെ​യാ​ണ് ഞങ്ങ​ളും. നി​ങ്ങൾ ആൽബ കട്ടെ​ടു​ത്തു; ഞങ്ങൾ ക്ളു​സി​യ​വും കൈ​യി​ലാ​ക്കും.’ റോം പറ​ഞ്ഞു: ‘നി​ങ്ങൾ​ക്കു ക്ളു​സി​യം തരി​ല്ല,’ ബ്രെ​നു​സ് റോം പി​ടി​ച്ചെ​ടു​ത്തു, എന്നി​ട്ട് അദ്ദേ​ഹം കല്പി​ച്ചു ‘തോ​റ്റ​വൻ നശി​ക്ക​ട്ടെ.’ ഇതാണ് ധർ​മ്മ​മെ​ന്നു​വെ​ച്ചാൽ, ഹാ! ഈ ലോ​ക​ത്തിൽ എന്തു ശവം​തീ​നി​ക​ളാ​ണ്! എന്തു കഴു​ക്കൾ! എനി​ക്ക​താ​ലോ​ചി​ക്കു​മ്പോൾ ചോര തി​ള​യ്ക്കു​ന്നു.’

അയാൾ തന്റെ ഗ്ലാ​സ് ഴൊ​ലി​ക്കു കാ​ണി​ച്ചു; ഴൊലി അതു നി​റ​ച്ചു​കൊ​ടു​ത്തു; ഉടനെ അത​ക​ത്താ​ക്കി, അയാൾ വീ​ണ്ടും തു​ട​ങ്ങി—ആ ഒരു ഗ്ലാ​സ് വീ​ഞ്ഞു​കൊ​ണ്ടു വി​ശേ​ഷ​മൊ​ന്നു​മു​ണ്ടാ​യി​ല്ല; അതി​നെ​പ്പ​റ്റി ആരും, അയാൾ​കൂ​ടി​യും, വലി​വെ​ച്ചി​ല്ല.

‘റോം പി​ടി​ച്ചെ​ടു​ത്ത ബ്രെ​നു​സ് ഒരു കഴു​വാ​ണ്; ആ പെൺ​കി​ടാ​വി​നെ​പ്പി​ടി​ച്ചെ​ടു​ത്ത പണ​ക്ക​ച്ച​വ​ട​ക്കാ​ര​നും ഒരു കഴു​വാ​ണ്! ആ പെൺ​കി​ടാ​വി​നെ​പ്പി​ടി​ച്ചെ​ടു​ത്ത പണ​ക്ക​ച്ച​വ​ട​ക്കാ​ര​നും ഒരു കഴു​വാ​ണ്! ഒന്നിൽ മര്യാ​ദ​യി​ല്ലെ​ങ്കിൽ മറ്റ​തി​ലും ഒട്ടു​മ​ധി​ക​മി​ല്ല; അതു​കൊ​ണ്ടു നമു​ക്കു യാ​തൊ​ന്നും വി​ശ്വ​സി​ക്കാ​തി​രി​ക്കുക. ഒന്നു​മാ​ത്രം വാ​സ്ത​വ​മാ​യി​ട്ടു​ണ്ട്—കുടി. യു​റി​പ്ര​ദേ​ശ​ക്കാ​രെ​പ്പോ​ലെ നി​ങ്ങൾ​ക്കു മെ​ലി​ഞ്ഞ പൂ​വ​ങ്കോ​ഴി നന്നാ​യാ​ലും, അല്ലെ​ങ്കിൽ ഗ്ലറി പ്ര​ദേ​ശ​ക്കാ​രെ​പ്പോ​ലെ നി​ങ്ങൾ​ക്കു തടി​ച്ച പൂ​വ​ങ്കോ​ഴി നന്നാ​യാ​ലും ശരി, കു​ടി​ക്കൂ. നി​ങ്ങൾ എന്നോ​ട് കോ​ട്ട​പ്പു​റ​ത്തെ​പ്പ​റ്റി​യും ഘോ​ഷ​യാ​ത്ര​യെ​പ്പ​റ്റി​യും മറ്റും മറ്റും പറ​ക​യു​ണ്ടാ​യി. ആട്ടെ ചോ​ദി​ക്ക​ട്ടെ, മറ്റൊ​രു ഭര​ണ​പ​രി​വർ​ത്ത​നം ഭാ​വ​മു​ണ്ടോ? നല്ല​വ​നായ ഈശ്വ​ര​ന്റെ ഈ ആയു​ധ​ദുർ​ഭി​ക്ഷം എന്നെ അമ്പ​ര​പ്പി​ക്കു​ന്നു. ഓരോ നി​മി​ഷ​ത്തി​ലും അദ്ദേ​ഹ​ത്തി​നു സം​ഭ​വ​ങ്ങ​ളു​ടെ ആണി​ക്കു മെ​ഴു​ക്കി​ട്ടു​കൊ​ണ്ടി​രി​ക്ക​ണം. അതാ ഒരു കരട്. ചക്ര​മി​ള​കാ​താ​യി. ട്ടും, ഭര​ണ​പ​രി​വർ​ത്ത​നം! നല്ല​വ​നായ ഈശ്വ​ര​ന്നു വണ്ടി​മെ​ഴു​ക്കി​ന്റെ കറ​കൊ​ണ്ട് എപ്പോ​ഴും കൈ കറു​പ്പി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം. ഞാ​നാ​ണ് അദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​ന​ത്തെ​ങ്കിൽ, എളു​പ്പ​ത്തിൽ കാ​ര്യം കഴി​ക്കും: ഓരോ നി​മി​ഷ​ത്തി​ലും യന്ത്ര​ത്തി​നു താ​ക്കോൽ കൊ​ടു​ക്കേ​ണ്ടി​വ​രി​ല്ല; മനു​ഷ്യ​സ​മു​ദാ​യ​ത്തെ ഞാൻ നേരേ നട​ത്തി​ക്കൊ​ണ്ടു​പോ​വും; ചര​ട​റാ​ന​യ​യ്ക്കാ​തെ, ഞാൻ കാ​ര്യ​ങ്ങ​ളെ കണ്ണി​ക​ണ്ണി​യാ​യി കെ​ട്ടി​ക്കൊ​ണ്ടു​പോ​വും; അപ്പ​പ്പോൾ മാ​റ്റി ശരി​യാ​ക്കേ​ണ്ട ആവ​ശ്യ​മു​ണ്ടാ​വി​ല്ല: വി​ശേ​ഷി​ച്ചൊ​രു ഖജാ​ന​യൊ​ന്നും എനി​ക്കു വേ​ണ്ടി വരി​ല്ല. ബാ​ക്കി​യു​ള്ള നി​ങ്ങ​ളൊ​ക്കെ അഭി​വൃ​ദ്ധി എന്നു പറ​യു​ന്ന​തു രണ്ടു പ്ര​വർ​ത്ത​ന​ശ​ക്തി​ക​ളെ​ക്കൊ​ണ്ടാ​ണ് നട​ക്കു​ന്ന​ത്—മനു​ഷ്യ​രും സം​ഭ​വ​പ​ര​മ്പര പക്ഷേ. വ്യ​സ​ന​ക​രം എന്നേ പറ​യേ​ണ്ടു. ഇട​യ്ക്കി​ട​യ്ക്കു ചില വ്യ​ത്യ​സ്ത​ത​കൾ ആവ​ശ്യ​മാ​യി​വ​രു​ന്നു. സാ​ധാ​രണ നാ​ട​ക​യോ​ഗം രണ്ടു​കൂ​ട്ടർ​ക്കും മതി​യാ​വു​ന്നി​ല്ല, സം​ഭ​വ​ങ്ങൾ​ക്കു​മി​ല്ല, മനു​ഷ്യർ​ക്കു​മി​ല്ല; മനു​ഷ്യർ​ക്കി​ട​യിൽ അതി​ബു​ദ്ധി​മാ​ന്മാർ ആവ​ശ്യ​മാ​യി​വ​രു​ന്നു. സം​ഭ​വ​ങ്ങൾ​ക്കി​ട​യിൽ ഭര​ണ​പ​രി​വർ​ത്ത​ന​ങ്ങ​ളും. മഹ​ത്ത​ര​ങ്ങ​ളായ യദൃ​ച്ഛാ​സം​ഭ​വ​ങ്ങ​ളാ​ണ് നിയമം; സം​ഗ​തി​ക​ളു​ടെ പു​രോ​ഗ​തി​ക്ക് അവ കൂ​ടി​യേ കഴിയു. എന്ന​ല്ല ധൂ​മ​കേ​തു​ക്ക​ളു​ടെ ആവിർ​ഭാ​വം​കൊ​ണ്ടു നോ​ക്കു​മ്പോൾ, ആകാ​ശ​ത്തി​ന്നു​ത​ന്നെ അതി​ന്റെ കഥാ​ഭി​ന​യ​ത്തി​നു പുതിയ നട​ന്മാർ ആവ​ശ്യ​മാ​യി വരു​ന്നു​ണ്ടെ​ന്നു തോ​ന്നും. ആളുകൾ ലേ​ശ​മെ​ങ്കി​ലും സം​ശ​യി​ക്കാ​തി​രി​ക്കു​ന്ന സമ​യ​ത്ത്, ഈശ്വ​രൻ ആകാ​ശ​മ​തി​ലി​ന്മേൽ കൊ​ള്ളി​മീ​നു​ക​ളെ വി​ളം​ബ​രം ചെ​യ്യു​ന്നു. ഒരു കൂ​റ്റൻ വാൽ​കൊ​ണ്ടു കീ​ഴ്‌​വ​ര​യി​ട്ട ഏതോ വി​കൃ​ത​ന​ക്ഷ​ത്രം, അതാ, അര​ങ്ങ​ത്തെ​ത്തി, അതു സീ​സർ​ച​ക്ര​വർ​ത്തി​യെ കൊ​ന്നു​ക​ള​ഞ്ഞു. ബ്രൂ​ട്ട​സ് അദ്ദേ​ഹ​ത്തെ ഒരു കത്തി​കൊ​ണ്ട് ഒരു കു​ത്ത്: ഈശ്വ​രൻ ഒരു ധൂ​മ​കേ​തു​വെ​ക്കൊ​ണ്ടും, ട്ടും, അതാ ഒരു ധ്രു​വ​തേ​ജ​സ്സ്, അതാ ഒരു ഭര​ണ​പ​രി​വർ​ത്ത​നം, അതാ ഒരു മഹാൻ; 1793 വലി​യ​ക്ഷ​ര​ത്തിൽ, നെ​പ്പോ​ളി​യ​നാ​യി പാ​റാ​വ്, പര​സ്യ​ത്തി​നു മു​ക​ളിൽ 1818-ലെ ധൂ​മ​കേ​തു. ഹാ! അപ്ര​തീ​ക്ഷി​ത​ങ്ങ​ളായ മി​ന്ന​ല്പി​ണ​രു​ക​ളെ​ക്കൊ​ണ്ടു തി​ങ്ങി നി​റ​ഞ്ഞ എന്തൊ​രു കൗ​തു​ക​ക​ര​മായ നീ​ല​രം​ഗം! ഭൂം!ഭൂം! അത്ഭു​ത​ക​ര​മായ കാഴ്ച! ഹേ, പൊ​ട്ട​ന്മാ​രേ, കൺ​മി​ഴി​ച്ചു നോ​ക്കു​വിൻ. ഒക്കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞി​രി​ക്കു​ന്നു, നക്ഷ​ത്ര​വും നാ​ട​ക​വും. എന്റെ ജഗ​ദീ​ശ്വ​രാ, ഇതു കുറേ ഏറി, ഇനി​യും പോരാ. വ്യ​ത്യ​സ്ത​ത​യിൽ​നി​ന്നെ​ടു​ത്തു​കൂ​ട്ടിയ ഈ മു​ത​ലു​കൾ അന്ത​സ്സി​നേ​യും ദാ​രി​ദ്ര്യ​ത്തേ​യും കാ​ണി​ക്കു​ന്നു ചങ്ങാ​തി​മാ​രേ, ഈശ്വ​ര​ന്ന് ഉപായം നോ​ക്ക​ണ​മെ​ന്നാ​യി​ട്ടു​ണ്ട് ഒരു ഭര​ണ​പ​രി​വർ​ത്ത​നം എന്തി​നെ കാ​ണി​ക്കു​ന്നു? ഈശ്വ​രൻ അമ്പ​ര​പ്പി​ലാ​യി​ട്ടു​ണ്ടെ​ന്ന​തി​നെ, കഴി​ഞ്ഞു​കൂ​ടാൻ നി​വൃ​ത്തി കാ​ണാ​ത്ത​തു​കൊ​ണ്ട് അദ്ദേ​ഹം, ഈശ്വ​രൻ, രാ​ജ്യ​ഭ​ര​ണ​ത്തെ പെ​ട്ടെ​ന്നു പി​ടി​ച്ചൊ​രു തിരി തി​രി​ക്കു​ന്നു. വാ​സ്ത​വ​ത്തിൽ, ഇതു​കാ​ര​ണം, ഈശ്വ​ര​ന്റെ സമ്പ​ന്ന​ത​യെ​പ്പ​റ്റി എനി​ക്കു​ള്ള സംശയം ഉറ​ച്ചു പോ​കു​ന്നു ആകാ​ശ​ത്തും ഭൂ​മി​യി​ലും, ഒരു നെ​ല്ലി​ന്മ​ണി​പോ​ലു​മി​ല്ലാ​ത്ത പക്ഷി മുതൽ കൊ​ല്ല​ത്തിൽ ഒരു ലക്ഷം ലി​വർ​നാ​ണ്യം വര​വി​ല്ലാ​ത്ത ഞാൻ​വ​രെ സക​ല​ത്തി​ലും, ഇത്ര​യ​ധി​കം ആപ​ത്തു കാ​ണു​മ്പോൾ, ഒട്ടും​ത​ന്നെ നന്നാ​യി​ട്ടി​ല്ലാ​ത്ത ഉടു​പ്പി​ട്ട മനു​ഷ്യ​ന്റെ യോ​ഗ​വും ആകെ പി​ഞ്ഞി​പ്പ​റി​ഞ്ഞ ഉടു​പ്പി​ട്ട ഈശ്വ​ര​ന്റെ യോ​ഗ​വും കാ​ണു​മ്പോൾ, ദ് കോ​ങ്ദെ രാ​ജ​കു​മാ​രൻ തൂ​ക്കു​മ​ര​ത്തി​ലേ​റി​യ​തു കാ​ണു​മ്പോൾ ഉള്ളി​ലൂ​ടെ കൊ​ടു​ങ്കാ​റ്റു കട​ക്കു​ന്ന മു​കൾ​ബ്ഭാ​ഗ​ത്തി​ന്റെ ഒരു കീ​റൽ​പ്പ​ഴു​ത​ല്ലാ​തെ മറ്റൊ​ന്നു​മ​ല്ലാ​ത്ത തി​ക​ഞ്ഞ പു​ത്തൻ ചക്ര​വർ​ത്തി​യു​ടു​പ്പി​ന്മേൽ​ക്കൂ​ടി​യും അത്ര​യ​ധി​കം കീ​റ​ത്തു​ണി​കൾ കാ​ണു​മ്പോൾ, ആ കള്ള​മു​ത്തു​ക​ളായ മഞ്ഞിൻ​തു​ള്ളി​കൾ കാ​ണു​മ്പോൾ, ആ കു​ഴ​മാ​വാ​കു​ന്ന മഞ്ഞിൻ​പുക കാ​ണു​മ്പോൾ, മനു​ഷ്യ സമു​ദാ​യ​ത്തെ ചീ​ന്തി​പ്പൊ​ളി​ച്ചും സം​ഭ​വ​പ​ര​മ്പ​ര​യെ കഷ്ണം​വെ​ച്ചു തു​ന്നി​യും കാ​ണു​മ്പോൾ, സൂ​ര്യ​നിൽ അത്ര​യ​ധി​കം പു​ള്ളി​ക്കു​ത്തു​ക​ളും ചന്ദ്ര​നിൽ അത്ര​യ​ധി​കം ദ്വാ​ര​ങ്ങ​ളും കാ​ണു​മ്പോൾ, എല്ലാ​യി​ട​ത്തും അത്ര​യ​ധി​കം കഷ്ട​പ്പാ​ടു കാ​ണു​മ്പോൾ, എനി​ക്ക് ഈശ്വ​രൻ ധന​വാ​ന​ല്ലെ​ന്നു തോ​ന്നി​പ്പോ​കു​ന്നു. പു​റം​മോ​ടി കാ​ണി​ക്കു​ന്നു​ണ്ട്, വാ​സ്ത​വം​ത​ന്നെ; പക്ഷേ, അദ്ദേ​ഹ​ത്തി​നു വലിയ കൈ​മു​ട്ടു​ണ്ടെ​ന്നാ​ണ് തോ​ന്നു​ന്ന​ത് പണ​പ്പെ​ട്ടി​യൊ​ഴി​ഞ്ഞ ഒരു കച്ച​വ​ട​ക്കാ​രൻ നൃ​ത്ത​വി​നോ​ദം കഴി​ക്കു​ന്ന​തു​പോ​ലെ, ഈശ്വ​രൻ ഒരു ഭര​ണ​പ​രി​വർ​ത്ത​നം നട​ത്തു​ന്നു. പു​റം​കാ​ഴ്ച​ക​ളെ​ക്കൊ​ണ്ട് ഈശ്വ​ര​ന്റെ സ്ഥി​തി നി​ശ്ച​യി​ച്ചു​കൂ​ടാ. സ്വർ​ഗ്ഗ​ത്തി​ന്റെ പു​റം​പൂ​ച്ചി​ന്ന​ടി​യിൽ ഞാൻ ദാ​രി​ദ്ര്യം​പി​ടി​ച്ച ലോ​ക​ത്തെ കാ​ണു​ന്നു. സൃ​ഷ്ടി​കർ​ത്താ​വു ദീ​പാ​ളി​പി​ടി​ച്ചി​രി​ക്കു​ന്നു. അതാണ് എനി​ക്കു സ്വ​സ്ഥ​ത​യി​ല്ലാ​ത്ത​ത്. ഇന്നു ജൂൺ 4-​ാംനു-യാണ്, ഏക​ദേ​ശം രാ​ത്രി​യാ​യി; ഇന്നു പു​ല​രാൻ​കാ​ലം​മു​ത​ല്ക്കു തു​ട​ങ്ങി​യ​താ​ണ് ഞാൻ പകൽ​വെ​ളി​ച്ച​വും കാ​ത്തി​രി​ക്കാൻ; അതി​തു​വ​രെ വന്നി​ട്ടി​ല്ല; ഞാൻ വാ​തു​വെ​ക്കാം, അതിനി വരി​ക​യു​മി​ല്ല. ശമ്പ​ളം കു​റ​ഞ്ഞ ഗു​മ​സ്ത​ന്റെ വാ​ക്കു തെ​റ്റി​ക്ക​ലാ​ണി​ത്. അതേ, ഒക്കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞി​രി​ക്കു​ന്നു; ഒന്നും മറ്റൊ​ന്നി​നു പാ​ക​ത്തി​ല​ല്ല; ഈ പഴ​ക്കം​ചെ​ന്ന ലോകം ആകെ കോ​ടി​ക്ക​ഴി​ഞ്ഞു; ഞാൻ വാ​ദി​ക്കു​ന്നു, സക​ല​വും ചെ​രി​ഞ്ഞു​പോ​യി; ഈ പ്ര​പ​ഞ്ചം ഒരു​പ​ദ്ര​വി​യാ​ണ്. അതു കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ് —വേ​ണ​മെ​ന്നു​ള്ള​വർ​ക്ക് കു​ട്ടി​ക​ളെ കി​ട്ടി​ല്ല. വേ​ണ്ടാ​ത്ത​വർ​ക്ക് കു​ട്ടി​ക​ളേ ഉള്ളൂ. ആക​ത്തുക; എനി​ക്ക് മു​ഷി​ഞ്ഞു. പി​ന്നെ ലെയ്ൽ ദ് മോ, ആ കഷ​ണ്ടി​ത്തല എന്നെ ശു​ണ്ഠി​പി​ടി​പ്പി​ക്കു​ന്നു. എനി​ക്കും ആ കഷ​ണ്ടി​ത്ത​ല​യോ​ളം​ത​ന്നെ പ്രാ​യ​മെ​ന്നാ​ലോ​ചി​ക്കു​മ്പോൾ, പോ​രാ​യ്മ തോ​ന്നു​ന്നു. ഏതാ​യാ​ലും, ഞാൻ ഗു​ണ​ദോ​ഷം പറ​ക​യാ​ണ്, പരി​ഹ​സി​ക്കു​ക​യ​ല്ല. പ്ര​പ​ഞ്ചം ഇങ്ങ​നെ​ത​ന്നെ​യി​രി​ക്കും. ഒരു ദു​രു​ദ്ദേ​ശ​വു​മി​ല്ലാ​തെ, എന്റെ മന​സ്സാ​ക്ഷി​യെ ആശ്വ​സി​പ്പി​ക്കാൻ​വേ​ണ്ടി മാ​ത്ര​മാ​ണ്, ഞാനീ പറ​യു​ന്ന​ത്. എന്റെ ശാ​ശ്വ​ത​പി​താ​വേ, എന്റെ വി​ല​യേ​റിയ ബഹു​മാ​ന​ത്തെ കൈ​ക്കൊ​ള്ളുക. ഹാ! സ്വർ​ഗ്ഗ​ത്തി​ലെ എല്ലാ മഹർ​ഷി​മാ​രേ​യും വൈ​കു​ണ്ഠ​ത്തി​ലെ എല്ലാ ദേ​വ​ന്മാ​രേ​യും പി​ടി​ച്ചു ഞാൻ സത്യം ചെ​യ്യു​ന്നു, ഞാൻ പാ​രി​സ്സു​കാ​ര​നാ​വേ​ണ്ട​വ​ന​ല്ല! എന്നു​വെ​ച്ചാൽ, രണ്ടു പന്ത​ടി​ക്കോ​രി​ക​കൾ​ക്കി​ട​യിൽ, മടി​യ​ന്മാ​രു​ടെ കൂ​ട്ട​ത്തിൽ​നി​ന്നു തണ്ടു​ത​പ്പി​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക്, എന്നെ​ന്നും തെ​റി​ച്ചും​കൊ​ണ്ടി​രി​ക്കാ​നു​ള്ള ഒരു കളി​പ്പ​ന്ത​ല്ല ഞാൻ. പകൽ​നേ​രം മു​ഴു​വ​നും സു​ന്ദ​രി​മാ​രായ അന്തഃ​പു​ര​സ്ത്രീ​ക​ളെ നോ​ക്കി​ക്ക​ണ്ടു​കൊ​ണ്ട്, ഒരു ചാ​രി​ത്ര​നി​ഷ്ഠ​ന്റെ സ്വ​പ്നം​പോ​ലെ കാ​മ​വി​കാ​ര​പൂർ​ണ്ണ​ങ്ങ​ളായ ഈജി​പ്തി​ലെ ആ മനോ​ഹ​ര​നൃ​ത്ത​ങ്ങ​ളു​മാ​ടി കഴി​യു​ന്ന ഒരു തുർ​ക്കി​ക്കാ​ര​നോ, അല്ലെ​ങ്കിൽ ഒരു ബോ​സ​റോൺ കൃ​ഷി​ക്കാ​ര​നോ, അല്ലെ​ങ്കിൽ മാ​ന്യ​സ്ത്രീ​ക​ളാൽ ചു​റ്റ​പ്പെ​ട്ട വെ​നി​സ്സി​ലെ മാ​ന്യ​നോ, അല്ലെ​ങ്കിൽ ഒരു കാ​ലാൾ​ക്ക​ഷ്ണ​ത്തെ രാ​ജ്യ​ഭ​ര​ണ​ത്തി​ന്നു​ണ്ടാ​ക്കി​ക്കൊ​ടു​ത്തും, വേ​ലി​ക്കു മു​ക​ളിൽ​വെ​ച്ച്, അതാ​യ​തു രാ​ജ്യ​ത്തി​ന്റെ അതിർ​ത്തി​യിൽ​വെ​ച്ച്, ഇട​യു​ള്ള സമ​യ​ത്തെ​ല്ലാം കാ​ലു​റ​യു​ണ​ക്കി​യും കഴി​യു​ന്ന ഒരു ജർ​മ്മൻ രാ​ജ​കു​മാ​ര​നോ ആയി​രി​ക്കേ​ണ്ട​വ​നാ​ണ് ഞാൻ. ഞാൻ ജനി​ച്ചി​ട്ടു​ള്ള​ത് ഈ വക സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​വേ​ണ്ടി​യാ​ണ്; അതേ ഞാ​നൊ​രു തുർ​ക്കി​ക്കാ​ര​നാ​വ​ണ​മെ​ന്നാ​ണു പറ​ഞ്ഞ​ത്, ഞാനതു തി​രി​ച്ചെ​ടു​ക്കു​ക​യി​ല്ല. തുർ​ക്കി​ക്കാ​രിൽ ദോഷം മാ​ത്ര​മേ ആളുകൾ കാ​ണു​ന്നു​ള്ളൂ എന്ന​ത് എന്തു​കൊ​ണ്ടാ​ണെ​ന്ന് എനി​ക്കു മന​സ്സി​ലാ​വു​ന്നി​ല്ല; മു​ഹ​മ്മ​ദി​നു നല്ല ഭാ​ഗ​ങ്ങ​ളു​ണ്ട്; സു​ന്ദ​രി​മാ​രോ​ടു​കൂ​ടിയ അര​മ​ന​ക​ളു​ടേ​യും തേ​വി​ടി​ശ്ശി​ക​ളോ​ടു​കൂ​ടിയ സ്വർ​ഗ്ഗ​ങ്ങ​ളു​ടേ​യും കണ്ടു​പി​ടി​ത്ത​ക്കാ​ര​നു കൂ​പ്പു​കൈ? നമു​ക്കു മു​ഹ​മ്മ​ദു​മ​ത​ത്തെ, കോ​ഴി​ക്കൂ​ടി​നാൽ അലം​കൃ​ത​മായ ആ ഏക​മ​ത​ത്തെ, അധി​ക്ഷേ​പി​ക്കാ​തി​രി​ക്കുക! അപ്പോൾ എനി​ക്കൊ​രു കടി കൂ​ടി​യേ കഴിയൂ. ഭൂമി ഒരു വമ്പി​ച്ച വി​ഡ്ഢി​ത്ത​ക്ക​ഷ്ണ​മാ​ണ്. അപ്പോൾ ആ ധാ​തു​ബ​ല​മി​ല്ലാ​ത്ത​വ​രെ​ല്ലാം​കൂ​ടി, ഈ വേ​ന​ല്ക്കാ​ല​ത്തി​ന്റെ ഒത്ത നടു​ക്കു, ജൂൺ​മാ​സ​ത്തിൽ, ഒരു പെൺ​കി​ടാ​വി​നു കൈയും കൊ​ടു​ത്തു വയ​ലു​ക​ളി​ലെ പു​തു​കൊ​യ്ത്തു കഴി​ഞ്ഞ വൈ​ക്കോൽ​മ​ണം അനു​ഭ​വി​ക്കു​ന്ന​തി​നു യാത്ര തി​രി​ക്കേ​ണ്ട സമ​യ​ത്തു യു​ദ്ധം ചെ​യ്യാ​നും അന്യോ​ന്യം ചെ​ത്തി​മു​റി​ക്കാ​നും കൊ​ത്തി​നു​റു​ക്കാ​നു​മു​ള്ള പു​റ​പ്പാ​ടാ​ണെ​ന്നു തോ​ന്നു​ന്നു! വാ​സ്ത​വ​ത്തിൽ ആളുകൾ ആക​പ്പാ​ടെ വേ​ണ്ട​തി​ല​ധി​കം വങ്ക​ത്ത​ങ്ങൾ കാ​ണി​ക്കു​ന്നു. ഞാ​നി​പ്പോൾ​ത്ത​ന്നെ കണ്ടു​പോ​ന്ന ഒരു വി​ചി​ത്ര​വ​സ്തു​വ്യാ​പാ​രി​യു​ടെ പീ​ടി​ക​യി​ലെ ഒരു പഴയ മു​റി​യൻ റാ​ന്തൽ എന്റെ മന​സ്സിൽ ഒരു സംഗതി ഉദി​പ്പി​ച്ചു; മനു​ഷ്യ​ജാ​തി​യെ വെ​ളി​ച്ചം​വെ​പ്പി​ക്കേ​ണ്ട കാ​ല​മാ​യി. അതാ, ഞാൻ പി​ന്നെ​യും ദുഃ​ഖ​ത്തി​ലാ​ഴു​ന്നു. ഇതാണ് ഒരു കക്ക​യും ഭരണ പരി​വർ​ത്ത​ന​വും വേ​ണ്ട​പോ​ലെ​യ​ല്ലാ​തെ എടു​ത്തു​വി​ഴു​ങ്ങി​യാ​ലു​ള്ള ഫലം! ഒരി​ക്കൽ​ക്കൂ​ടി ഞാൻ ദുഃ​ഖി​ത​നാ​വു​ന്നു. ഹാ! വല്ലാ​ത്ത​തായ കി​ഴ​വൻ​ലോ​കം. ആളുകൾ അധ്വാ​നി​ക്കു​ന്നു, അന്യോ​ന്യം ആട്ടി​പ്പാ​യി​ക്കു​ന്നു, അവ​ര​വ​രെ ചീ​ത്ത​പ്പെ​ടു​ത്തു​ന്നു, തമ്മിൽ കൊ​ല്ലു​ന്നു, അങ്ങ​നെ അതൊരു ശീ​ല​മാ​യി.’

ഈ പ്ര​സം​ഗ​മൂർ​ച്ഛ​യ്ക്കു​ശേ​ഷം ഗ്ര​ന്തേർ ചു​മ​മൂർ​ച്ഛ​യിൽ​പ്പെ​ട്ടു; അതു വേ​ണ്ട​താ​ണു​താ​നും.

‘ഭര​ണ​പ​രി​വർ​ത്ത​ന​ത്തെ​പ്പ​റ്റി പറ​യു​മ്പോൾ,’ ഴൊലി അഭി​പ്രാ​യ​പ്പെ​ട്ടു, ‘ബരി​യു​സ് ഒര​നു​രാ​ഗ​ത്തിൽ​പ്പെ​ട്ടി​ട്ടു​ണ്ട്, തീർ​ച്ച​യാ​ണ്.’

‘ആരെ​ക്കു​റി​ച്ചാ​ണെ​ന്നു പറ​യു​വാൻ കഴി​യു​മോ?’ ലെയ്ൽ കല്പി​ച്ചു ചോ​ദി​ച്ചു.

‘കഴി​യും.’

‘ഇല്ല?’

‘കഴി​യും; ഞാൻ പറ​ഞ്ഞു​ത​രാം.’

‘മരി​യു​സ്സി​ന്റെ അനു​രാ​ഗ​കഥ!’ ഗ്ര​ന്തേർ ഉച്ച​ത്തിൽ പറ​ഞ്ഞു, ‘എനി​ക്ക​തൂ​ഹി​ക്കാൻ കഴി​യും. മരി​യു​സ്സ് ഒരു മൂ​ടൽ​മ​ഞ്ഞാ​ണ്; അയാൾ ഒരാവി കണ്ടി​ട്ടു​ണ്ടാ​വ​ണം. മരി​യു​സ്സ് കവി​വർ​ഗ്ഗ​ത്തിൽ​പ്പെ​ട്ട ആളാണ്; കവി എന്നു​വെ​ച്ചാൽ, വി​ഡ്ഢി, നൊ​സ്സൻ. മരി​യു​സ്സും അല്ലെ​ങ്കിൽ അയാ​ളു​ടെ മരി​യോ​ങ്ങും അല്ലെ​ങ്കിൽ അയാ​ളു​ടെ മറി​യ​യും അല്ലെ​ങ്കിൽ അയാ​ളു​ടെ മരി​യ​ത്തും. അവർ രണ്ടു​പേ​രും കൂ​ടി​യാൽ നേ​ര​മ്പോ​ക്കു​ക​ളു​ള്ള ഒരേ കാ​മി​നീ​കാ​മു​ക​ന്മാ​രാ​വ​ണം. അതെ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് എനി​ക്ക​റി​യാം ചും​ബി​ക്കാൻ മറ​ന്നു​പോ​കു​ന്ന ആന​ന്ദ​മൂർ​ച്ഛ​കൾ. ഭൂ​മി​യിൽ ബ്ര​ഹ്മ​ചാ​രി​കൾ, സ്വർ​ഗ്ഗ​ത്തിൽ വി​വാ​ഹി​തർ. അവർ ഇന്ദ്രി​യ​ങ്ങ​ളോ​ടു​കൂ​ടിയ ആത്മാ​ക്ക​ളാ​യി​രി​ക്കും. അവർ നക്ഷ​ത്ര​ങ്ങ​ളു​ടെ ഇട​യിൽ​ച്ചെ​ന്നു കി​ട​ക്കു​ന്നു.’

ഗ്ര​ന്തേർ തന്റെ രണ്ടാ​മ​ത്തെ കു​പ്പി​യിൽ പി​ടി​കൂ​ടു​ക​യും ഒരു സമയം രണ്ടാ​മ​ത്തെ പ്ര​സം​ഗ​ത്തിൽ കൈ​വ​യ്ക്കു​ക​യു​മാ​യി; അപ്പോൾ ഒരു പുതിയ ആൾ കോ​ണി​പ്പ​ടി​യു​ടെ ചതു​ര​ദ്വാ​ര​ത്തിൽ​നി​ന്ന് ആവിർ​ഭ​വി​ച്ചു. അതു, പത്തു​വ​യ​സ്സു പ്രാ​യ​മാ​വാ​തെ, കീ​റ​ത്തു​ണി​യു​ടു​ത്തു, ചെ​റു​താ​യി. മഞ്ഞ​ച്ച്, ഒരു വി​കൃ​ത​മോ​ന്ത​യോ​ടും ഒരു ചു​ണ​യു​ള്ള കണ്ണോ​ടും മഴ നന​ഞ്ഞ് ഈറനായ ഒരു​പാ​ടു തല​മു​ടി​യോ​ടും ഒരു സം​തൃ​പ്ത​ഭാ​വ​ത്തോ​ടു​കൂ​ടിയ ഒരു കു​ട്ടി​യാ​യി​രു​ന്നു.

കു​ട്ടി ആ മൂ​ന്നു​പേ​രിൽ​വെ​ച്ചു തനി​ക്കു​വേ​ണ്ട ആളെ സം​ശ​യം​കൂ​ടാ​തെ തി​ര​ഞ്ഞു​പി​ടി​ച്ചു, ലെയ്ൽ ദ് മോ​വോ​ടു പറ​ഞ്ഞു: നി​ങ്ങ​ളാ​ണോ മൊ​സ്യു ബൊ​സ്സ്വെ?’

‘അതെ​ന്റെ ശകാ​ര​പ്പേ​രാ​ണ്’, ലെയ്ൽ മറു​പ​ടി പറ​ഞ്ഞു, ‘എന്താ​ണ് കാ​ര്യം?’

‘ഇതു​ത​ന്നെ, ചെ​മ്പൻ​മു​ടി​യും നീ​ല​ക്ക​ണ്ണു​മു​ള്ള ഒരു നീണ്ട മനു​ഷ്യൻ കോ​ട്ട​പ്പു​റ​ത്തു​വെ​ച്ച് എന്നോ​ടു ചോ​ദി​ച്ചു: ‘നി​ങ്ങൾ മതർ യൂ​ഷെ​ലൂ​വി​നെ അറി​യു​മോ?’ ഞാൻ പറ​ഞ്ഞു: ‘ഉവ്വ്, റ്യു ഷങ് വ്രെ​റി​യിൽ ആ വയ​സ്സ​ന്റെ വിധവ.’ അയാൾ എന്നോ​ടു പറ​ഞ്ഞു: ‘അങ്ങോ​ട്ടു ചെ​ല്ലൂ. അവിടെ മൊ​സ്യു ബൊ​സ്സ്വെ​യെ കാണാം. അയാ​ളോ​ട് ഞാൻ പറ​ഞ്ഞ​താ​യി പറയൂ, ‘എ ബി സി’ എന്ന്. അവർ നി​ങ്ങ​ളെ കളി​യാ​ക്കു​ക​യാ​ണ്, അല്ലേ? അയാൾ എനി​ക്കു പത്തു സൂ തന്നു.’

‘ഴൊലി, എനി​ക്കു പത്തു സൂ കടം തരു’ ലെയ്ൽ പറ​ഞ്ഞു; ഗ്ര​ന്തേ​റെ നോ​ക്കി​യി​ട്ട്, ‘ഗ്ര​ന്തേർ, പത്തു സൂ കടം​ത​രൂ.’

അപ്പോൾ ഇരു​പ​തു സൂ​വാ​യി; അത് ലെയ്ൽ ആ കു​ട്ടി​ക്കു കൊ​ട​ത്തു.

‘നന്ദി പറ​യു​ന്നു, സേർ’, ആ ചെ​ക്കൻ പറ​ഞ്ഞു.

‘എന്താ​ണ് പേർ?’, ലെയ്ൽ ചോ​ദി​ച്ചു.

‘നവെ, ഗവ്രോ​ഷി​ന്റെ സ്നേ​ഹി​തൻ.’

‘ഞങ്ങ​ളു​ടെ കൂടെ കൂടൂ,’ ലെയ്ൽ പറ​ഞ്ഞു.

‘ഞങ്ങ​ടെ ഒന്നി​ച്ചു പ്രാ​തൽ കഴി​ക്ക്,’ ഗ്ര​ന്തേർ പറ​ഞ്ഞു.

കു​ട്ടി മറു​പ​ടി പറ​ഞ്ഞു: ‘നി​വൃ​ത്തി​യി​ല്ല, ഞാൻ ഘോ​ഷ​യാ​ത്ര​യിൽ ചേർ​ന്നാ​ളാ​ണ്. ഞാ​നാ​ണ് ‘പൊ​ളി​ന്യാ​ക് പോ​യ്ച്ചാ​വ​ട്ടെ’ എന്നു വി​ളി​ച്ചു​പ​റ​യു​ന്ന​ത്.’

പി​ന്നി​ലേ​ക്കു കാൽ നീ​ട്ടി കു​റ​ച്ചിട നി​ല​ത്തു​ര​ച്ചു​ക​ഴി​ഞ്ഞ​തി​നു​ശേ​ഷം—ഇത് എല്ലാ​ത്ത​രം ഉപ​ചാ​ര​ങ്ങ​ളി​ലും​വെ​ച്ച് അത്യ​ധി​കം ബഹു​മാ​ന​പൂർ​വ്വ​മാ​ണ്—അവൻ ഒരു നട നട​ന്നു.

കു​ട്ടി പോ​യ​പ്പോൾ, ഗ്ര​ന്തേർ ആരം​ഭി​ച്ചു: ‘അത് ഒരെ​ണ്ണം​പ​റ​ഞ്ഞ തെ​മ്മാ​ടി​ച്ചെ​ക്ക​നാ​ണ്. തെ​മ്മാ​ടി​ച്ചെ​ക്ക​ന്മാർ പല​ത​ര​ത്തി​ലു​ണ്ട്. ആധാരം സാ​ക്ഷി​പ്പെ​ടു​ത്തു​ന്ന ആളുടെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ പേർ ഓവു​ചാൽ ചാടി എന്നാ​ണ്: വെ​പ്പു​കാ​രി​യു​ടെ തെ​മ്മാ​ടി​ച്ചെ​ക്ക​നു​ള്ള പേർ ചെ​റു​വെ​ങ്കാ​യം: അപ്പ​ക്കാ​ര​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്ന് അടു​പ്പു​തോ​ണ്ടി; പരി​ചാ​ര​ക​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ പേ​രാ​ണ് ചെ​ക്കൻ; കപ്പ​ലി​ലെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു കപ്പൽ​ച്ചെ​റു​ക്കൻ; പട്ടാ​ള​ക്കാ​ര​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു പേർ ചെ​ണ്ട​ക്കാ​രൻ; ചി​ത്ര​മെ​ഴു​ത്തു​കാ​ര​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റേ​തു ചാ​യ​മ​ര​വു​കാ​രൻ: കച്ച​വ​ട​ക്കാ​ര​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു പേർ കി​ങ്ക​രൻ; കൊ​ട്ടാ​ര​ത്തി​ലെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ പേർ സേവൻ; രാ​ജാ​വി​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു പേർ യു​വ​രാ​ജാ​വ്: ഈശ്വ​ര​ന്റെ തെ​മ്മാ​ടി​ച്ചെ​ക്ക​ന്നു പേർ കു​ട്ടി​ക്രി​സ്തു.’

ഈയി​ട​യ്ക്കു ലെയ്ൽ മനോ​രാ​ജ്യ​ത്തി​ലാ​യി; അയാൾ ഏതാ​ണ്ടു​ച്ച​ത്തിൽ പറ​ഞ്ഞു: ‘എ, ബി, സി, എന്നു​വെ​ച്ചാൽ: ലാ​മാർ​ക്കി​ന്റെ ശവ​സം​സ്കാ​രം.’

‘ആ ചെ​മ്പൻ​മു​ടി​യും നീ​ല​ക്ക​ണ്ണു​മു​ള്ള നീണ്ട മനു​ഷ്യൻ ആൻ​ഷൊൽ​രാ; അയാൾ നി​ങ്ങൾ​ക്കു മു​ന്ന​റി​വു തരു​ന്നു.’

‘നമു​ക്കു പോവുക,’ ബൊ​സ്സ്വെ ഉച്ച​ത്തിൽ​പ്പ​റ​ഞ്ഞു.

‘കൊള്ള തു​ട​ങ്ങി’, ഴൊലി അഭി​പ്രാ​യ​പ്പെ​ട്ടു. ‘ഞാൻ തി​യ്യി​ലൂ​ടെ നട​ക്കാ​മെ​ന്ന് ഏറ്റി​ട്ടു​ണ്ട്; വെ​ള്ള​ത്തി​ലൂ​ടെ​യി​ല്ല. എനി​ക്കു പണം ആവ​ശ്യ​മി​ല്ല.’

‘ഞാ​നി​വി​ടെ കൂടാം’, ഗ്ര​ന്തേർ പറ​ഞ്ഞു, ‘ശവ​മ​ഞ്ച​ത്തെ​ക്കാൾ എനി​ക്കി​ഷ്ടം പ്രാ​ത​ലാ​ണ്.’

‘ഉപ​സം​ഹാ​രം: നമു​ക്കു പോ​കേ​ണ്ട,’ ലെയ്ൽ പറ​ഞ്ഞു, ‘ആട്ടെ, അപ്പോൾ, നമു​ക്കു കു​ടി​ക്കുക. എന്ന​ല്ല, കൊ​ള്ള​യി​ടൽ കാ​ണു​ക​യും ചെ​യ്യാം, ശവ​സം​സ്കാ​രം കാ​ണു​ക​യും വേ​ണ്ടാ.’

‘ഹാ! കൊ​ള്ള​യി​ടൽ, ഞാ​നു​മു​ണ്ട് കൂടെ,’ ഴൊലി പറ​ഞ്ഞു. ലെയ്ൽ കൈ തി​രു​മ്മി.

‘അപ്പോൾ നമ്മൾ 1830-ലെ ഭര​ണ​പ​രി​വർ​ത്ത​ന​ത്തിൽ​ച്ചെ​ന്നു മു​ട്ടു​ക​യാ​യി. വാ​സ്ത​വ​ത്തിൽ അത് ആളു​ക​ളു​ടെ സന്ധി​കൾ തക​രാ​റാ​ക്കു​ന്നു.’

‘ഞാൻ നി​ങ്ങ​ളു​ടെ ഭര​ണ​പ​രി​വർ​ത്ത​ന​ത്തെ​പ്പ​റ്റി അത്ര​യൊ​ന്നും ആലോ​ചി​ക്കു​ന്നി​ല്ല,’ ഗ്ര​ന്തേർ പറ​ഞ്ഞു, ‘എനി​ക്ക് ഈ ഗവർ​മ്മേ​ണ്ടോ​ടു വെ​റു​പ്പി​ല്ല. അതു പരു​ത്തി​കൊ​ണ്ടു​ള്ള രാ​ത്രി​ത്തൊ​പ്പി​യാൽ പതം​പി​ടി​പ്പി​ക്ക​പ്പെ​ട്ട കി​രീ​ട​മാ​ണ്. ഒരു കു​ട​യാ​യി​ട്ട​വ​സാ​നി​ക്കു​ന്ന ഒരു ചെ​ങ്കോൽ. വാ​സ്ത​വ​ത്തിൽ ഇപ്പോ​ഴ​ത്തെ കാ​ല​സ്ഥി​തി​ക്കു, ഞാൻ വി​ചാ​രി​ക്കു​ന്ന​തു ലൂയി ഫി​ലി​പ്പ് തന്റെ രാ​ജ​ത്വ​ത്തെ രണ്ടു വഴി​ക്കു​പ​യോ​ഗി​ച്ചാൽ നന്നാ​യി​രി​ക്കു​മെ​ന്നാ​ണ്— ചെ​ങ്കോൽ​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്തെ ജന​ങ്ങ​ളു​ടെ മേ​ലെ​യ്ക്ക​ടു​പ്പി​ക്കു​ക​യും കു​ട​യാ​യി​ട്ടു​ള്ള ഭാ​ഗ​ത്തെ ആകാ​ശ​ത്തി​ന്റെ നേരെ നി​വർ​ത്തു​ക​യും ചെ​യ്യ​ട്ടെ.’

മുറി ഇരു​ണ്ടി​രു​ന്നു: വലിയ മേ​ഘ​ങ്ങൾ വന്നു പക​ലി​ന്റെ ബാ​ക്കി​ഭാ​ഗ​വും നശി​പ്പി​ച്ചു​ക​ഴി​ച്ചു. വീ​ഞ്ഞു​ക​ട​യി​ലാ​വ​ട്ടേ തെ​രു​വി​ലാ​വ​ട്ടേ ഒരാ​ളു​മി​ല്ല; എല്ലാ​വ​രും എന്താ​ണു നട​ക്കു​ന്ന​തെ​ന്നു നോ​ക്കാൻ പോ​യി​രി​ക്കു​ന്നു.

‘ഉച്ച​യോ അർ​ദ്ധ​രാ​ത്രി​യോ ഇപ്പോൾ?’ ബൊ​സ്സ്വെ ഉച്ച​ത്തിൽ പറ​ഞ്ഞു, ‘മു​ഖ​ത്തു കു​ത്തി​യാ​ല​റി​യി​ല്ല. ഗി​ബെ​ലോ​ത്ത്, ഒരു വെ​ളി​ച്ചം കൊ​ണ്ടു​വ​രൂ.’

ഗ്ര​ന്തേർ ഒരു വ്യ​സ​ന​ഭാ​വ​ത്തി​ലി​രു​ന്നു കു​ടി​ക്കു​ക​യാ​ണ്.

‘ആൻ​ഷൊൽ​രാ എന്നെ അധി​ക്ഷേ​പി​ക്കു​ക​യാ​ണ്,’ അയാൾ പതു​ക്കെ​പ്പ​റ​ഞ്ഞു. ‘ആൻ​ഷൊൽ​രാ പറ​ഞ്ഞി​രി​ക്കും, ‘ഴൊലി രോ​ഗ​ത്തി​ലാ​ണ്. ഗ്ര​ന്തേർ കു​ടി​യി​ലും. ബൊ​സ്സ്വൊ​യ്ക്കാ​ണ് അയാൾ നവെയെ അയ​ച്ച​ത്. അവൻ വന്ന​ത് എന്നെ വി​ളി​ക്കാ​നാ​ണെ​ങ്കിൽ ഞാൻ പോ​യേ​നേ. അത്ര​യും ആൻ​ഷൊൽ​രാ​യു​ടെ വി​ഡ്ഢി​ത്തം! ഞാ​ന​യാ​ളു​ടെ ശവ​സം​സ്കാ​ര​ത്തി​നു പോ​കു​ന്നി​ല്ല.’

ഇങ്ങ​നെ തീർ​ച്ച​പ്പെ​ടു​ത്തി. ബൊ​സ്സ്വെ​യും ഴൊ​ലി​യും ഗ്ര​ന്തേ​റും വീ​ഞ്ഞു​ക​ട​യിൽ​നി​ന്നി​ള​കി​യി​ല്ല. ഉച്ച തി​രി​ഞ്ഞു രണ്ടു മണി​യാ​യ​പ്പോ​ഴേ​യ്ക്ക്, അവ​രു​ടെ മേ​ശ​പ്പു​റ​ത്തു മു​ഴു​വ​നും ഒഴി​ഞ്ഞു കു​പ്പി​ക​ളാ​യി. തി​ക​ച്ചും പച്ച​ച്ചി​രു​ന്ന ഒരു പരന്ന ചെ​മ്പു​മെ​ഴു​തി​രി​ക്കാ​ലിൽ ഒന്നും ഒരു​ട​ഞ്ഞ കു​പ്പി​യു​ടെ കഴു​ത്തിൽ മറ്റൊ​ന്നു​മാ​യി രണ്ടു മെ​ഴു​തി​രി​കൾ ആ മേ​ശ​മേൽ ഇരു​ന്നു കത്തു​ന്നു​ണ്ട്. ഗ്ര​ന്തേർ ഴൊ​ലി​യേ​യും ബൊ​സ്സ്വെ​യേ​യും കു​ടി​യി​ലേ​ക്കു പി​ടി​ച്ചു തി​രി​ച്ചു: ബൊ​സ്സ്വെ​യും ഴൊ​ലി​യും കൂടി ഗ്ര​ന്തേ​റെ ആഹ്ലാ​ദ​ത്തി​ലേ​ക്കും.

ഗ്ര​ന്തേ​റാ​ണെ​ങ്കിൽ, ഉച്ച​മു​ത​ല്ക്കു തു​ട​ങ്ങി അയാൾ മനോ​രാ​ജ്യ​ങ്ങ​ളു​ടെ സാ​മാ​ന്യ​പ്ര​വർ​ത്ത​കൻ മാ​ത്ര​മായ വീ​ഞ്ഞി​നെ കവ​ച്ചു​ക​ട​ന്നി​ട്ട്, ഒന്നാ​ന്ത​രം കു​ടി​യ​ന്മാ​രു​ടെ ഇടയിൽ വീ​ഞ്ഞി​ന് ഒരു സാ​മാ​ന്യ​പ്പേ​രേ ഉള്ളൂ. വാ​സ്ത​വ​ത്തിൽ ലഹ​രി​യു​ടെ കാ​ര്യ​ത്തി​ലു​മു​ണ്ട് നല്ല മന്ത്ര​വാ​ദ​വും ചീത്ത മന്ത്ര​വാ​ദ​വും; വീ​ഞ്ഞു നല്ല മന്ത്ര​വാ​ദം മാ​ത്ര​മാ​ണ് ഗ്ര​ന്തേർ ഒരു കടന്ന കു​ടി​യ​നാ​യി​രു​ന്നു. അയാ​ളു​ടെ മുൻ​പിൽ വായ പി​ളർ​ത്തു​ന്ന ഒരു ഭയ​ങ്ക​ര​ല​ഹ​രി​യു​ടെ കൊ​ടും​ക​റു​പ്പ് അയാളെ അമ്പ​ര​പ്പി​ക്കു​ന്ന​തി​നു പകരം ആകർ​ഷി​ച്ചു. അയാൾ വീ​ഞ്ഞു​കു​പ്പി തട്ടി ബീർ​ഗാ​സ് കൈ​യി​ലെ​ടു​ത്തു. ബീർ​ഗ്ലാ​സ് അഗാ​ധ​ഗു​ഹ​യാ​ണ്. കറ​പ്പോ കഞ്ചാ​വോ കൈ​യി​ലി​ല്ലാ​തി​രി​ക്ക​യും തന്റെ തല കൊ​ണ്ടു​പി​ടി​ച്ചു തി​രി​ഞ്ഞാൽ കൊ​ള്ളാ​മെ​ന്നു​ണ്ടാ​യി​രി​ക്ക​യും ചെ​യ്ത​തു​കൊ​ണ്ട് അയാൾ ഏറ്റ​വും ഭയ​ങ്ക​ര​മായ മോ​ഹാ​ല​സ്യ​മു​ണ്ടാ​ക്കു​ന്ന ബ്രാ​ണ്ടി​യും വി​സ്കി​യും ബീറും ചേർ​ത്തു​ള്ള ആ വല്ലാ​ത്ത മരു​ന്നു​കൂ​ട്ടു തെ​യ്യാ​റാ​ക്കു​വാൻ നി​ശ്ച​യി​ച്ചു. ബ്രാ​ണ്ടി, വി​സ്കി, ബീർ എന്നീ മൂ​ന്നു പു​ക​ക​ളെ​ക്കൊ​ണ്ടാ​ണ് ആത്മാ​വി​ന്റെ കട​ഞ്ഞാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. അവ മൂ​ന്നും മൂ​ന്നി​രു​ട്ടാ​ണ്; ദി​വ്യ​പ്പൂ​മ്പാ​റ്റ അവ​യി​ലാ​ണ്ടു​പോ​കു​ന്നു; അവിടെ കട​വാ​തി​ലി​ന്റെ ചി​റ​കാ​യി കൊ​ഴു​പ്പി​ച്ചു കട്ടി​യാ​ക്കിയ ഒരം​ഗ​സം​ബ​ന്ധി​പ്പു​ക​യ്ക്കു​ള്ളിൽ​വെ​ച്ചാ​ണ് ഉറ​ങ്ങിയ ആത്മാ​വിൻ​മീ​തെ ചു​റ്റി​പ്പ​റ്റു​ന്ന ദു​സ്സ്വ​പ്നം, രാ​ത്രി, മരണം എന്നീ മൂ​ന്നു മി​ണ്ടാ​സ്സം​ഭ്ര​മ​ങ്ങൾ ഉണ്ടാ​യി​ത്തീ​രു​ന്ന​ത്.

ഗ്ര​ന്തേർ ആ ദയ​നീ​യ​സ്ഥി​തി​യിൽ എത്തി​ക്ക​ഴി​ഞ്ഞി​ട്ടി​ല്ല; അതിനു നന്നേ ഇപ്പു​റ​ത്താ​ണ്. അയാൾ എന്തെ​ന്നി​ല്ലാ​ത്ത ആഹ്ലാ​ദ​ത്തി​ലാ​യി; ബൊ​സ്സ്വെ​യും ഴൊ​ലി​യും അതു തി​രി​ച്ച​ടി​ച്ചു. അവർ ഗ്ലാ​സ്സു​കൾ എടു​ക്കു​ക​യും വെ​യ്ക്കു​ക​യും​ത​ന്നെ. വാ​ക്കു​ക​ളു​ടേ​യും വി​ചാ​ര​ങ്ങ​ളു​ടേ​യും ഉറ​പ്പി​ക്ക​ലോ​ടു ഗ്ര​ന്തേർ സവി​ശേ​ഷ​ത​രം ആം​ഗ്യ​ങ്ങ​ളും കൂ​ട്ടി​ച്ചേർ​ത്തു: അയാൾ ഇടഞ്ഞ കൈ​മു​ഷ്ടി ധാ​ടി​യോ​ടു​കൂ​ടി കാൽ​മു​ട്ടി​ന്മേൽ വെ​ച്ചു, ഭു​ജം​കൊ​ണ്ട് ഒരു സമ​ക്കോ​ണു​ണ്ടാ​ക്കി, അഴി​ഞ്ഞ കണ്ഠ​വ​സ്ത്ര​ത്തോ​ടു​കൂ​ടി, ഒരു മു​ക്കാ​ലി​ന്മേൽ വി​ല​ങ്ങ​നെ ഇരു​ന്നു, വല​ത്തേ കൈയിൽ മദ്യം നി​റ​ച്ച ഗ്ലാ​സ്സും പി​ടി​ച്ചു, ആ പോ​ത്തൻ​ദാ​സി​യു​ടെ, മതെ​ലോ​ത്തി​ന്റെ, നേരെ ആ സഗൗ​ര​വ​വാ​ക്കു​കൾ വലി​ച്ചെ​റി​ഞ്ഞു; ‘അര​മ​ന​യു​ടെ വാ​തി​ലു​ക​ളൊ​ക്കെ മലർ​ക്കെ​ത്തു​റ​ന്നി​ടുക! ഓരോ​രു​ത്ത​നും ഫ്ര​ഞ്ചു​പ​ണ്ഡി​ത​മ​ഹാ​യോ​ഗ​ത്തി​ന്റെ അം​ഗ​മാ​യി​രി​ക്ക​ട്ടെ; ഓരോ​രു​ത്ത​നും യൂ​ഷെ​ലൂ​വി​നെ ആലിം​ഗ​നം ചെ​യ്വാൻ അവ​കാ​ശ​മു​ണ്ടാ​വ​ട്ടെ. നമു​ക്കു കു​ടി​ക്കുക.’

എന്നി​ട്ടു മദാം യൂ​ഷെ​ലൂ​വി​നു നേരെ തി​രി​ഞ്ഞ്, അയാൾ തു​ടർ​ന്നു പറ​ഞ്ഞു. പ്രാ​യം​ചെ​ന്ന​വ​ളും ഉപ​യോ​ഗി​ക്ക​പ്പെ​ടൽ​കൊ​ണ്ടു വന്ദ്യത കൂ​ടി​യ​വ​ളു​മായ ഹേ അമ്മേ, ഇങ്ങോ​ട്ട​ടു​ത്തു വരൂ: ഞാൻ നി​ങ്ങ​ളെ നോ​ക്കി​ക്കാ​ണ​ട്ടേ!’

ഴൊലി ഉച്ച​ത്തിൽ പറ​ഞ്ഞു: ‘മതെ​ലോ​ത്ത്, ഗി​ബെ​ലോ​ത്ത്, നി​ങ്ങൾ രണ്ടു​പേ​രും ഗ്ര​ന്തേർ​ക്ക് ഇനി യാ​തൊ​ന്നും കു​ടി​ക്കാൻ കൊ​ടു​ക്ക​രു​ത്. ഈ ഇരു​പ്പിൽ അയാൾ, വല്ലാ​ത്ത ധാ​രാ​ളി​ത്ത​ത്തോ​ടു​കൂ​ടി, രണ്ടു ഫ്രാ​ങ്കും തൊ​ണ്ണൂ​റ്റ​ഞ്ചു സെ​ന്റൈ​മും അക​ത്താ​ക്കി​ക്ക​ഴി​ഞ്ഞു.’

ഗ്ര​ന്തേർ വീ​ണ്ടും തു​ട​ങ്ങി. ‘എന്റെ സമ്മ​തം കൂ​ടാ​തെ ആരാണ് നക്ഷ​ത്ര​ങ്ങ​ളെ അഴി​ച്ചെ​ടു​ത്തു മെ​ഴു​തി​രി​ക​ളു​ടെ വേ​ഷ​ത്തിൽ മേ​ശ​പ്പു​റ​ത്തു നി​ര​ത്തി​യ​ത്?’

നല്ല കുടി കു​ടി​ച്ചു​വെ​ങ്കി​ലും ബൊ​സ്വെ​യ്ക്കു തല​യ്ക്കു പി​ടി​ച്ചി​രു​ന്നി​ല്ല.

അയാൾ, പു​റം​മ​ഴ​യേ​റ്റു നന​ഞ്ഞും​കൊ​ണ്ടു ജനാ​ല​യു​ടെ കട്ടി​ള​പ്പ​ടി​യി​ലി​രു​ന്നു, തന്റെ രണ്ടു ചങ്ങാ​തി​ക​ളേ​യും നോ​ക്കി​ക്കാ​ണു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്ന് അയാൾ പി​ന്നിൽ​നി​ന്ന് ഒരു ലഹള കേ​ട്ടു; ‘ആയു​ധ​മെ​ടു​ക്കു​വിൻ’ എന്നു​ള്ള ആർ​ത്തു​വി​ളി, ആളു​ക​ളു​ടെ പാ​ഞ്ഞു​വ​ര​വ്. അയാൾ തി​രി​ഞ്ഞു​നോ​ക്കി, റ്യു സാ​ങ്ദെ​നി​യിൽ റ്യു ദ് ല ഷങ്വ്രെ​റി​യു​ടെ അറ്റ​ത്താ​യി കൈയിൽ തോ​ക്കോ​ടു കൂടി ആൻ​ഷൊൽ​ര​യേ​യും കൈ​ത്തോ​ക്കോ​ടു​കൂ​ടി ഗവ് രോ​ഷി​നേ​യും, വാ​ളോ​ടു​കൂ​ടി ഫെ​യ്ലി​യേ​യും വാ​ളോ​ടു​കൂ​ടി കുർ​ഫെ​രാ​ക്കി​നേ​യും, ചെ​റു​തോ​ക്കോ​ടു​കൂ​ടി ഴാ​ങ്പ്രു​വേ​റെ​യും, തോ​ക്കോ​ടു​കൂ​ടി കൊം​ബ്ഫെ​റേ​യും, തോ​ക്കോ​ടു​കൂ​ടി ബയോ​രെ​ലേ​യും, പി​ന്നാ​ലെ ആയു​ധ​ധാ​രി​ക​ളാ​യി ലഹ​ള​കൂ​ട്ടി​ക്കൊ​ണ്ടു​ള്ള ജന​സം​ഘ​ത്തേ​യും കണ്ടു.

റ്യു ദ് ഷങ്വ്രെ​റി​യി​ലേ​ക്ക് ഒരു വെ​ടി​പ്പാ​ട് ദൂ​ര​മി​ല്ല. അയാൾ രണ്ടു കൈ​കൊ​ണ്ടും​കൂ​ടി ഒരു​ച്ച​വാ​ദി​നി​യ​ന്ത്ര​മു​ണ്ടാ​ക്കി വാ​യോ​ട​ടു​പ്പി​ച്ചു പി​ടി​ച്ചു. ഉച്ച​ത്തിൽ കൂ​ക്കി: ‘കുർ​ഫെ​രാ​ക്! കുർ​ഫെ​രാ​ക്! ഹേ ഹേ!’

കുർ​ഫെ​രാ​ക് വിളി കേ​ട്ടു, ബൊ​സ്സ്വെ​യെ കണ്ടു, റ്യു ദ് ല ഷങ് വ്രെ​റി​യി​ലേ​ക്കു കു​റ​ച്ച​ടി ഇങ്ങ​നെ വി​ളി​ച്ചു​പ​റ​ഞ്ഞും​കൊ​ണ്ട് അടു​ത്തു​ചെ​ന്നു: ‘എന്തു വേണം?’ അത്, എവി​ടേ​ക്കു പോ​കു​ന്നു’ എന്നു​ള്ള​തി​നോ​ടു വി​ല​ങ്ങ​നെ ചെ​ന്നു​മു​ട്ടി.

‘ഒരു വഴി​ക്കോ​ട്ട​യു​ണ്ടാ​ക്കാൻ’ കുർ​ഫെ​രാ​ക് മറു​പ​ടി പറ​ഞ്ഞു.

‘ആട്ടെ, ഇവിടെ! ഇതൊരു നല്ല സ്ഥ​ല​മാ​ണ്! ഇവി​ടെ​യു​ണ്ടാ​ക്കൂ.’

‘അത് ശരി​യാ​ണ്, എയ്ൽ’, കുർ​ഫെ​രാ​ക് പറ​ഞ്ഞു.

കുർ​ഫെ​രാ​കി​ന്റെ ഒരാം​ഗ്യം കണ്ട​തോ​ടു​കൂ​ടി, ആ ആൾ​ക്കൂ​ട്ടം മു​ഴു​വ​നും റ്യു ദ് ല ൽഘ്വ്രെ​റി​യി​ലേ​ക്ക് തള്ളി​ക്ക​യ​റി.

കു​റി​പ്പു​കൾ

[1] ഫ്രാൻ​സി​സ് ദ് അസ്സി​സി എന്ന സന്ന്യാ​സി​ശ്രേ​ഷ്ഠ​നാൽ സ്ഥാ​പി​ക്ക​പ്പെ​ട്ട സന്യാ​സി​സം​ഘാം​ഗം.

[2] 15-ആം നൂ​റ്റാ​ണ്ടിൽ പയോ​ള​യി​ലെ ഫ്രാൻ​സി​സ് സന്ന്യാ​സി ഏർ​പ്പെ​ടു​ത്തിയ സന്ന്യാ​സി​മ​ഠ​ത്തിൽ ചേർ​ന്ന ആൾ.

[3] മത്തി​യോ ദി ബസ്സി എന്ന ഒരു സന്ന്യാ​സി ഫ്രാൻ​സി​സ്കൻ​മ​ഠ​ത്തെ പരി​ഷ്ക​രി​ച്ച​താ​ണ് കപൂ​ഷിൻ സന്ന്യാ​സി​മ​ഠം.

[4] ചി​റ​കെ​ന്നും എഴു​തു​ന്ന തൂ​വ​ലെ​ന്നും.

[5] ക്രി. മൂ 300-ൽ റോം മു​ഴു​വ​നും തകർ​ത്തു​ക​ള​ഞ്ഞ ഒരു ഫ്ര​ഞ്ച് പ്രഭു ‘തോ​റ്റ​വൻ നശി​ക്ക​ട്ടെ’ എന്ന ചൊ​ല്ലി​ന്റെ ആദി​കർ​ത്താ​വ്.

4.9.3
ഗ്ര​ന്തേർ ഇരു​ട്ടിൽ​പ്പെ​ടാൻ പോ​കു​ന്നു

വാ​സ്ത​വ​ത്തിൽ ഈ സ്ഥലം നന്ന്; തെ​രു​വി​ലേ​ക്കു​ള്ള വഴി വി​സ്താ​ര​മു​ള്ള​തും അങ്ങേ ഭാഗം പു​റ​ത്തേ​ക്കു പഴു​തി​ല്ലാ​ത്ത ഒരു കീ​ശ​യി​ലേ​ക്കു ചു​രു​ങ്ങി​ക്കൂ​ടു​ന്ന​തു​മാ​യി​രു​ന്നു. കൊ​രി​ന്ത് ഒരു തട​സ്സ​മാ​യി​രു​ന്നു; മൊങ് ദെ​തു​റി​ന്റെ ഇട​ത്തും വല​ത്തും ഭാ​ഗ​ങ്ങൾ ക്ഷ​ണ​ത്തിൽ മു​ട്ടി​ക്കാം; സാ​ങ്ദെ​നി​യിൽ​നി​ന്ന​ല്ലാ​തെ, എന്നു​വെ​ച്ചാൽ മുൻ​പി​ലൂ​ടെ—തി​ക​ച്ചും കാ​ണാ​വു​ന്നേ​ട​ത്തൂ​ടേ—അല്ലാ​തെ, എതിർ​ക്ക​പ്പെ​ടാൻ നി​വൃ​ത്തി​യി​ല്ല.

ബൊ​സ്സ്വെ​ക്ക് ഒരു വ്രതം കൊ​ള്ളു​ന്ന ഹാ​നി​ബാ​ളി​ന്റെ വി​വേ​ക​ദൃ​ഷ്ടി​യു​ണ്ട്.

ആൾ​ക്കൂ​ട്ട​ത്തി​ന്റെ തള്ളി​ക്കേ​റ്റ​ത്തോ​ടു​കൂ​ടി തെ​രു​വു മു​ഴു​വ​നും പേ​ടി​ച്ചു. ഒരൊ​റ്റ വഴി​പോ​ക്ക​നും മാ​റി​ക്ക​ള​യാ​തെ​യി​ല്ല. ഒരി​ടി​മി​ന്ന​ലി​ന്റെ ഇട​കൊ​ണ്ടു പി​ന്നി​ലും വല​ത്തും ഇട​ത്തു​മു​ള്ള പീ​ടി​ക​ക​ളും, കു​തി​ര​പ്പ​ന്തി​ക​ളും, വാ​തി​ലു​ക​ളും, ജനാ​ല​ക​ളും, മറ​ക​ളും, തട്ടി​മ്പു​റ​ക്കി​ള​വാ​തി​ലു​ക​ളും, എല്ലാ​ത്ത​രം അഴി​വാ​തി​ലു​ക​ളും, താ​ഴ​ത്തേ നില തു​ട​ങ്ങി മേൽ​പു​ര​വ​രേ​ക്കു​ള്ള സക​ല​വും, അട​ഞ്ഞു കഴി​ഞ്ഞു. പേ​ടി​ച്ചു​പോയ ഒരു കിഴവി വെ​ടി​യൊ​ച്ച ഒന്നു ശമി​പ്പി​ക്കാൻ​വേ​ണ്ടി, വസ്ത്ര​ങ്ങൾ തോ​രാ​നി​ടു​ന്ന തന്റെ ജനാ​ല​യ്ക്കു മുൻ​പി​ല​ത്തെ അയ​ക്കോ​ലി​ന്മേൽ ഒരു കോസരി കൊ​ണ്ടി​ട്ടു കെ​ട്ടി. വീ​ഞ്ഞു​ക​ട​മാ​ത്ര​മു​ണ്ട് അട​യ്ക്കാ​തെ; അതിനു പി​ന്നെ മതി​യായ കാ​ര​ണ​മു​ണ്ട്. ആൾ​ക്കൂ​ട്ടം അങ്ങോ​ട്ടു പാ​ഞ്ഞു​കേ​റി—‘അയ്യോ, എന്റെ ഈശ്വര! അയ്യോ, എന്റെ ഈശ്വര’. മാദം യൂ​ഷെ​ലു നി​ല​വി​ളി​ച്ചു.

കുർ​ഫെ​രാ​ക്കി​നെ എതി​രേ​ല്ക്കാൻ ബൊ​സ്സ്വെ താ​ഴ​ത്തേ​ക്കു ചെ​ന്നു.

ജനാ​ല​യ്ക്കൽ നി​ന്നി​രു​ന്ന ഴൊലി ഉച്ച​ത്തിൽ പറ​ഞ്ഞു: ‘കുർ​ഫെ​രാ​ക്, നി​ങ്ങൾ ഒരു കുട കൊ​ണ്ടു​വ​രേ​ണ്ടി​യി​രു​ന്നു. നി​ങ്ങൾ​ക്കു ചല​തോ​ഴം പി​ടി​ക്കും.’

ഈയി​ട​യ്ക്കു, കു​റ​ച്ചു നി​മി​ഷം​കൊ​ണ്ടു. വീ​ഞ്ഞു​ക​ട​യു​ടെ മുൻ​പു​റ​ത്തു​ള്ള ഇരി​മ്പ​ഴി​ക​ളിൽ​നി​ന്ന് ഇരു​പ​തെ​ണ്ണം പറി​ച്ചെ​ടു​ത്തു​ക​ഴി​ഞ്ഞു; തെ​രു​വീ​ഥി​യിൽ അറു​പ​ത​ടി അക​ലം​വ​രേ​ക്കു​ള്ള വി​രി​ക​ല്ലു​കൾ പു​ഴ​ക്കി​യെ​ടു​ത്തു; ഗവ്രോ​ഷും ബയോ​രെ​ലും​കൂ​ടി ആങ്സോ എന്നു പേരായ ഒരു കു​മ്മാ​യ​ക്ക​ച്ച​വ​ട​ക്കാ​ര​ന്റെ സാ​മാ​ന​വ​ണ്ടി പി​ടി​ച്ചു മറി​ച്ചി​ട്ടു; ആ വണ്ടി​യിൽ മൂ​ന്നു പീപ്പ കു​മ്മാ​യ​മു​ണ്ടാ​യി​രു​ന്ന​ത് അവർ വി​രി​ക​ല്ലു​കു​ന്നു​ക​ളു​ടെ അടി​യി​ലി​ട്ടു; ആൻ​ഷൊൽ​രാ ചെ​ന്നു നി​ല​വ​റ​ക്കു​ണ്ടി​ന്റെ മൂടി തു​റ​ന്നു മദാം യു​ഷെ​ലു​വി​ന്റെ എല്ലാ ഒഴി​ഞ്ഞ ഭര​ണി​ക​ളു​മെ​ടു​ത്തു കു​മ്മാ​യ​പ്പീ​പ്പ​കൾ​ക്കു തട​വു​വെ​ച്ചു; വി​ശ​റി​പ്പി​ടി​കൾ​ക്കു ചാ​യ​മി​ടാൻ വി​ദ​ഗ്ധ​ങ്ങ​ളായ കൈ​വി​ര​ലു​കൾ​കൊ​ണ്ടു ബയോ​രെൽ പടു​ചെ​ത്തു ചെ​ത്തിയ രണ്ടു കല്ലിൻ കു​ന്നു​കൾ പീ​പ്പ​കൾ​ക്കും സാ​മാ​ന​വ​ണ്ടി​ക്കും പി​ന്നി​ലു​റ​പ്പി​ച്ചു. മറ്റു​ള്ള​വ​പോ​ലെ തന്നെ കല്ലു​ക​ളൊ​ക്കെ എവി​ടെ​നി​ന്നെ​ത്തി​ച്ചു​വെ​ന്ന് ആർ​ക്കും അറി​ഞ്ഞു​കൂ​ടാ​താ​ങ്ങു​ക​ളാ​യി ഉപ​യോ​ഗ​പ്പെ​ട്ട തു​ലാ​ങ്ങ​ളെ അടു​ത്ത വീ​ട്ടു​മ്മ​റ​ങ്ങ​ളിൽ​നി​ന്നു പറി​ച്ചെ​ടു​ത്തു. പീ​പ്പ​കൾ​ക്കു മു​ക​ളിൽ നി​ര​ത്തി ബൊ​സ്സ്വെ​യും കുർ​ഫെ​രാ​ക്കും തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ഴേ​ക്ക് ഒരാ​ളി​ല​ധി​കം ഉയ​ര​മു​ള്ള കോ​ട്ട​മ​തിൽ​കൊ​ണ്ടു തെ​രു​വു പകു​തി​യും മു​ട​ങ്ങി. മറ്റൊ​ന്നു ഇടി​ച്ചു​ത​കർ​ത്തു പണി​ചെ​യ്യ​പ്പെ​ടു​ന്ന സക​ല​വും ഉണ്ടാ​ക്കി​ത്തീർ​ക്കാൻ പൊ​തു​ജ​ന​ക്കൂ​ട്ട​ത്തി​ന്റെ കൈ​പോ​ലെ മറ്റൊ​ന്നു​മി​ല്ല.

മതെ​ലോ​ത്തും ഗി​ബെ​ലോ​ത്തും പണി​ക്കാ​രു​ടെ കൂ​ട്ട​ത്തിൽ​ക്കൂ​ടി. ചപ്പു​ച​വ​റു സാ​മാ​ന​ങ്ങൾ ഗി​ബെ​ലോ​ത്തു പോയി ഏറ്റി​ക്കൊ​ണ്ടു​വ​ന്നു. അവ​ളു​ടെ ആല​സ്യം വഴി​ക്കോ​ട്ട കെ​ട്ടാ​നു​പ​യോ​ഗ​പ്പെ​ട്ടു, ഒരു​റ​ക്കം​തൂ​ങ്ങ​ളോ​ടു​കൂ​ടി വീ​ഞ്ഞു കൊ​ണ്ടു​ക്കൊ​ടു​ക്കാ​റു​ള്ള​തു​പോ​ലെ, അവൾ വഴി​ക്കോ​ട്ട​പ്പ​ണി​ക്കു സാ​മാ​ന​ങ്ങ​ളെ​ത്തി​ച്ചു.

രണ്ടു വെ​ള്ള​ക്കു​തി​ര​കൾ പൂ​ട്ടിയ സവാ​രി​വ​ണ്ടി തെ​രു​വി​ന്റെ അക​ത്തൂ​ടെ പാ​ഞ്ഞു.

ബൊ​സ്സ്വെ ആ വി​രി​ക​ല്ലു​കൾ​ക്കു മു​ക​ളി​ലൂ​ടെ പാ​ഞ്ഞു; അതി​ന്റെ അടു​ത്തെ​ത്തി, വണ്ടി തെ​ളി​ക്കു​ന്ന​വ​നെ തട​ഞ്ഞു​നിർ​ത്തി, യാ​ത്ര​ക്കാ​രെ താ​ഴ​ത്തി​റ​ക്കി. ‘മാന്യ സ്ത്രീ​ക​ളെ’ കൈ​പി​ടി​ച്ചു താ​ഴ​ത്തി​റ​ക്കി, വണ്ടി​ക്കാ​ര​നെ പണി​യിൽ​നി​ന്നു പി​രി​ച്ചു. കു​തി​ര​ക​ളു​ടെ കടി​ഞ്ഞാൺ പി​ടി​ച്ചു വണ്ടി​യും​കൊ​ണ്ടു തി​രി​ച്ചെ​ത്തി.

‘സവാ​രി​വ​ണ്ടി കൊ​രി​ന്തി​ലൂ​ടെ പോവാൻ പാ​ടി​ല്ല.’ അയാൾ കല്പി​ച്ചു.

ഒരു നി​മി​ഷം കഴി​ഞ്ഞു, മെ​യ്ക്കോ​പ്പു​ക​ളെ​ല്ലാം അഴി​ച്ചെ​ടു​ത്തു സ്വ​ത​ന്ത്ര​രായ കു​തി​ര​കൾ റ്യു മൊ​ങ്ദെ​തു​റി​ലൂ​ടെ പാ​ടു​നോ​ക്കി നട​ന്നു; വണ്ടി ചെ​രി​ഞ്ഞു കി​ട​ന്നു തെ​രു​വി​ലൂ​ടെ​യു​ള്ള വഴി​മു​ട​ക്കം മു​ഴു​മി​പ്പി​ച്ചു.

തി​ക​ച്ചും അമ്പ​ര​ന്നു​പോയ മദാം യു​ഷെ​ലു മു​കൾ​നി​ല​യിൽ​ച്ചെ​ന്നു രക്ഷ​പ്രാ​പി​ച്ചി​രി​ക്കു​ന്നു.

അവ​ളു​ടെ കണ്ണു​കൾ നി​റം​കെ​ട്ടു; യാ​തൊ​ന്നും കാ​ണാ​തെ അവൾ തു​റി​ച്ചു നോ​ക്കി; ഒരു താ​ഴ്‌​ന്ന സ്വ​ര​ത്തിൽ നി​ല​വി​ളി​ക്കു​ന്നു​മു​ണ്ട്. അവ​ളു​ടെ പേ​ടി​ച്ചി​ട്ടു​ള്ള നി​ല​വി​ളി​ക്കു തൊ​ണ്ട​യിൽ​നി​ന്നു പു​റ​ത്തേ​ക്കു കട​ക്കാൻ ധൈ​ര്യ​മു​ണ്ടാ​യി​ല്ല.

‘ലോ​ക​ത്തി​ന്റെ അവ​സാ​ന​മാ​യി’ അവൾ പി​റു​പി​റു​ത്തു

ഴൊലി കട​ന്നു മദാം യു​ഷെ​ലു​വി​ന്റെ തടി​ച്ചു ചു​ക​ന്നു ജര​ക​യ​റിയ കഴു​ത്തിൽ ഒരു ചും​ബ​നം വെ​ച്ചു​കൊ​ടു​ത്തു; അയാൾ ഗ്ര​ന്തേ​റോ​ടു പറ​ഞ്ഞു. ‘എന്റെ പ്രി​യ​പ്പെ​ട്ട ചങ്ങാ​തി, എന്റെ എന്നെ​ത്തേ​യും അഭി​പ്രാ​യം ഒരു സ്ത്രീ​യു​ടെ കഴു​ത്തു പോലെ എന്തെ​ന്നി​ല്ലാ​തെ മി​നു​സ​മു​ള്ള ഒന്നു വേ​റെ​യി​ല്ല എന്നാ​ണ്’

പക്ഷേ, ഗ്ര​ന്തേർ ആഭാ​സ​പ്പാ​ട്ടു​ക​ളു​ടെ അങ്ങേ അറ്റ​ത്തെ ലോ​ക​ത്തിൽ എത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. മതെ​ലോ​ത്ത് ഒരി​ക്കൽ​ക്കൂ​ടി മു​കൾ​നി​ല​യി​ലേ​ക്കു കയ​റി​വ​ന്നു; ഗ്ര​ന്തേർ അവ​ളു​ടെ അര​ക്കെ​ട്ടിൽ ചു​റ്റി​പ്പി​ടി​ച്ച് ആ വി​ധ​വ​യെ​പ്പ​റ്റി ഉറ​ക്കെ പൊ​ട്ടി​ച്ചി​രി തു​ട​ങ്ങി.

‘മതെ​ലോ​ത്ത് സു​ന്ദ​രി​യ​ല്ല!’ അയാൾ ഉറ​ക്കെ​പ്പ​റ​ഞ്ഞു, ‘മതെ​ലോ​ത്ത് ഒരു വൈ​രൂ​പ്യ​സ്വ​പ്ന​ത്തിൽ​പ്പെ​ട്ട​താ​ണ്. മതെ​ലോ​ത്ത് ഒരു മനോ​രാ​ജ്യ​മാ​ണ്. ഇവ​ളു​ടെ ജന​ന​ത്തി​ലു​ള്ള ഗൂ​ഢ​സം​ഗ​തി ഇത​ത്രേ: വലിയ പള്ളി​കൾ​ക്കു വി​കൃ​ത​ക്കു​മ്പാ​ര​ങ്ങൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന ഒരു മു​ണ്ട​ന്ന്, ഒരു കൊ​ള്ളാ​വു​ന്ന ദിവസം രാ​വി​ലെ, അവ​യിൽ​വെ​ച്ചു വല്ലാ​ത്ത​തായ ഒന്നി​നോ​ട്, അനു​രാ​ഗം തോ​ന്നി. അതിനു ജീവൻ കൊ​ടു​ക്കു​വാൻ അയാൾ അനു​രാ​ഗ​ദേ​വ​ത​യോ​ട​ഭ്യർ​ത്ഥി​ച്ചു; അതിൽ​നി​ന്നു മതെ​ലോ​ത്ത് ജനി​ച്ചു. ഹേ പൌ​ര​ന്മാ​രേ, ഇവളെ നോ​ക്കി​ക്കാ​ണു​വിൻ! തി​ഷെ​ന്റെ [1] ഉപ​പ​ത്നി​ക്കു​ള്ള​തു​പോ​ലെ നാ​നാ​നി​റ​ത്ത​ല​മു​ടി​യാ​ണ് ഇവൾ​ക്ക്; ഇവൾ നല്ല​പോ​ലെ യു​ദ്ധം​ചെ​യ്യും. ഓരോ നല്ല പെൺ​കി​ടാ​വി​ന്നു​ള്ളി​ലു​മു​ണ്ട് ഓരോ ധീ​രോ​ദാ​ത്തൻ. മതർ യു​ഷെ​ലു​വാ​ണെ​ങ്കിൽ, അവ​ളൊ​രു വയ​സ്സൻ ഭട​നാ​ണ്. അവ​ളു​ടെ മേൽ​മാശ നോ​ക്കൂ! അവൾ​ക്ക​തു ഭർ​ത്താ​വിൽ​നി​ന്നു കി​ട്ടി​യ​താ​ണ്! ഒരൊ​ന്നാ​ന്ത​രം കു​തി​ര​പ്പ​ട​യാ​ളി! അവൾ പൊ​രു​തു​ക​യും ചെ​യ്യും. കോ​ട്ട​പ്പു​റ​ത്തി​ന്റെ ഉള്ളി​ല് പേടി കട​ക്ക​ണ​മെ​ങ്കിൽ ഈ രണ്ടു പേർ തനി​ച്ചു​ണ്ടാ​യാൽ മതി. മർ​ഗ​റി​ക് ആസി​ഡി​നും ഫോർ​മി​ക് ആസി​ഡി​നും ഇട​യ്ക്കു പതി​ന​ഞ്ചു ദ്രാ​വ​ക​വി​ശേ​ഷ​ങ്ങ​ളു​ള്ള​തു​പോ​ലെ സത്യ​മാ​യി​ട്ടു നമു​ക്കു ഭര​ണാ​ധി​കാ​ര​ത്തെ തകി​ടം​മ​റി​ക്ക​ണം; ഏതാ​യാ​ലും ഞാ​ന​തിൽ തി​ക​ച്ചും ഉദാ​സീ​ന​നാ​ണ്, മാ​ന്യ​രേ, എനി​ക്കു കണ​ക്കു​ശാ​സ്ത്രം പഠി​യാ​തി​രു​ന്ന​തു​കൊ​ണ്ട് അച്ഛ​ന്ന് എന്നോ​ടു ബഹു​ശു​ണ്ഠി​യാ​യി​രു​ന്നു. എനി​ക്ക് അനു​രാ​ഗ​വും സ്വാ​ത​ന്ത്ര്യ​വും മാ​ത്ര​മേ മന​സ്സി​ലാ​വൂ. ഞാൻ ആ കൊ​ള്ളാ​വു​ന്ന ചങ്ങാ​തി ഗ്ര​ന്തേ​റാ​ണ്. ഒരി​ക്ക​ലും പണ​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടു, ഞാനതു ശീ​ലി​ച്ചു; അതു​കൊ​ണ്ടെ​ന്തു​വ​ന്നു എന്നു​വെ​ച്ചാൽ, എനി​ക്ക് ഒരു സമ​യ​ത്തും അതി​ല്ലാ​യ്ക​യി​ല്ല; പക്ഷേ, ഞാൻ ധന​വാ​നാ​യി​രു​ന്നു​വെ​ങ്കിൽ, ദരി​ദ്ര​രി​ല്ലാ​താ​യേ​നേ! നി​ങ്ങൾ​ക്കു കാ​ണാ​മാ​യി​രു​ന്നു! ഹാ, ദയ​യു​ള്ള ഹൃ​ദ​യ​ങ്ങ​ളു​ടെ കൈ​യി​ലാ​ണ് തടി​ച്ച പണ​സ്സ​ഞ്ചി​ക​ളെ​ങ്കിൽ, കാ​ര്യം എത്ര ഭം​ഗി​യിൽ നട​ന്നേ​നേ. റോ​ത്സ് ചൈൽ​ഡി​ന്റെ [2] മു​ത​ലോ​ടു കൂടിയ ഒരു യേ​ശു​ക്രി​സ്തു​വി​നെ​യാ​ണ് ഞാൻ ധ്യാ​നി​ക്കാ​റ്! അദ്ദേ​ഹം എന്തൊ​ക്കെ ഗുണം ചെ​യ്യും! മതെ​ലോ​ത്ത്, എന്നെ പി​ടി​ച്ചു​പൂ​ട്ടൂ! നി​ങ്ങൾ വി​കാ​ര​മു​ള്ള​വ​ളും നാ​ണം​കു​ണു​ങ്ങി​യു​മാ​ണ്! ഒരു സഹോ​ദ​രി​യു​ടെ ചും​ബ​ന​ത്തെ ക്ഷ​ണി​ക്കു​ന്ന കവി​ളു​ക​ളും ഒരു കാ​മു​ക​ന്റെ ചും​ബ​ന​ത്തെ അവ​കാ​ശ​പ്പെ​ടു​ന്ന ചു​ണ്ടു​ക​ളു​മാ​ണ് നി​ങ്ങൾ​ക്കു​ള്ള​ത്.’

‘ഹേ മദ്യ​പ്പീ​പ്പേ, മി​ണ്ടാ​തി​രി​ക്കൂ!’ കുർ​ഫെ​രാ​ക് പറ​ഞ്ഞു.

ഗ്ര​ന്തേർ തി​രി​ച്ച​ടി​ച്ചു; ‘ഞാൻ തു​ലൂ​സ്സി​ലെ മു​നി​സി​പ്പാ​ലു​ദ്യോ​ഗ​സ്ഥ​നാ​ണ്; പു​ഷ്പ​വി​നോ​ദ​ങ്ങ​ളു​ടെ നേ​താ​വും.’

വഴി​ക്കോ​ട്ട​യു​ടെ നി​റു​ക​യിൽ കൈയിൽ തോ​ക്കു​മാ​യി നി​ന്നി​രു​ന്ന ആൻ​ഷൊൽ​രാ തന്റെ സു​ന്ദ​ര​വും സഗൗ​ര​വ​വു​മായ മുഖം പൊ​ന്തി​ച്ചു, വാ​യ​ന​ക്കാർ​ക്ക​റി​വു​ള്ള​തു​പോ​ലെ, ആൻ​ഷൊൽ​ര​യിൽ യു​ദ്ധ​വീ​ര​ന്റേ​യും സദാ​ചാ​ര​നി​ഷ്ഠ​ന്റേ​യും കൂ​ട്ടു​ണ്ട്. അയാൾ ലി​യോ​ണി​ദാ​സ്സൊ​രു​മി​ച്ചു തെർ​മോ​പ്പി​ലി​യിൽ [3] വെ​ച്ചു മി​ക്കു​ക​യും ക്രോം​വ​ലോ​ടൊ​രു​മി​ച്ചു ഡ്രോ​യെ​ഡ​യിൽ [4] വെ​ച്ചു സം​സ്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തേ​നേ.

‘ഗ്ര​ന്തേർ,’ അയാൾ ഉച്ച​ത്തിൽ പറ​ഞ്ഞു. ‘നി​ങ്ങ​ളു​ടെ മദ്യ​പ്പു​ക​യെ​ല്ലാം വേ​റെ​വ​ല്ലേ​ട​ത്തും ഊതി​ക്ക​ള​ഞ്ഞേ​ക്കു. ഇത് ഉന്മേ​ഷ​ത്തി​ന്നു​ള്ള സ്ഥ​ല​മാ​ണ്. ലഹ​രി​ക്കു​ള്ള​ത​ല്ല. വഴി​ക്കോ​ട്ട​യെ അവ​മാ​നി​ക്ക​രു​ത്.’

ഈ ശു​ണ്ഠി​യെ​ടു​ത്തു പ്ര​സം​ഗം ഗ്ര​ന്തേ​റു​ടെ ഉള്ളിൽ​ക്കൊ​ണ്ടു. അയാ​ളു​ടെ മു​ഖ​ത്തേ​ക്ക് ഒരു ഗ്ലാ​സ് പച്ച​വെ​ള്ളം പകർ​ന്നു​പോ​യി എന്നു പറയാൻ തോ​ന്നും. പെ​ട്ടെ​ന്ന് അയാൾ​ക്ക് ലഹ​രി​യി​റ​ങ്ങിയ മട്ടാ​യി

അയാൾ ഇരു​ന്നു, ജനാ​ല​യ്ക്ക​ലു​ള്ള ഒരു മേ​ശ​പ്പു​റ​ത്തു കൈ​മു​ട്ടൂ​കൾ കു​ത്തി, അനിർ​വാ​ച്യ​മായ ഒരു സൌ​മ്യ​ഭാ​വ​ത്തോ​ടു​കൂ​ടി ആൻ​ഷൊൽ​രാ​യെ സൂ​ക്ഷി​ച്ചു നോ​ക്കി, അയാ​ളോ​ടു പറ​ഞ്ഞു: ‘ഞാ​നി​വി​ടെ ഒന്നു​റ​ങ്ങ​ട്ടെ.’

‘മറ്റെ​വി​ടെ​യെ​ങ്കി​ലും ചെ​ന്നു കി​ട​ന്നു​റ​ങ്ങൂ.’ ആൻ​ഷൊൽ​രാ ഉച്ച​ത്തിൽ പറ​ഞ്ഞു.

സൌ​മ്യ​ങ്ങ​ളും സം​ഭ്രാ​ന്ത​ങ്ങ​ളു​മായ നോ​ട്ട​ങ്ങ​ളെ വീ​ണ്ടും ആൻ​ഷൊൽ​ര​യു​ടെ മേൽ​ത്ത​ന്നെ ഊന്നി മറു​പ​ടി പറ​ഞ്ഞു: ‘ഞാ​നി​വി​ടെ​ത്ത​ന്നെ കി​ട​ന്നു​റ​ങ്ങ​ട്ടെ—മരി​ക്കു​ന്ന​തു​വ​രെ’

ആൻ​ഷൊൽ​രാ പു​ച്ഛ​ത്തോ​ടു​കൂ​ടി ആ മനു​ഷ്യ​നെ നോ​ക്കി.

‘ഗ്ര​ന്തേർ, നി​ങ്ങൾ​ക്കു വി​ശ്വ​സി​ക്കാ​നോ, വി​ചാ​രി​ക്കാ​നോ, ഇച്ഛി​ക്കാ​നോ, ജീ​വി​ക്കാ​നോ, മരി​ക്കാ​നോ യാ​തൊ​ന്നി​നു​മാ​വി​ല്ല.’

ഗ്ര​ന്തേർ ഒരു സഗൌ​ര​വ​സ്വ​ര​ത്തിൽ മറു​പ​ടി പറ​ഞ്ഞു: ‘നി​ങ്ങൾ​ക്കു കാണാം.’

കു​റ​ച്ചു​കൂ​ടി ചില തി​രി​യാ​ത്ത വാ​ക്കു​കൾ അയാൾ വി​ക്കി​പ്പ​റ​ഞ്ഞ്, ആ മേ​ശ​പ്പു​റ​ത്തു​ത​ന്നെ കെ​ട്ടി​മ​റി​ഞ്ഞു​വീ​ണു, മദ്യ​ല​ഹ​രി​യു​ടെ രണ്ടാ​മ​ത്തെ ഘട്ട​ത്തി​ലെ​ത്തി​യാൽ പതി​വു​ള്ള​തു​പോ​ലെ—ആൻ​ഷൊൽ​രാ അയാളെ പെ​ട്ടെ​ന്നും അപ്ര​തീ​ക്ഷി​ത​മാ​യും അതി​ലെ​യ്ക്ക​ന്തി​ക്ക​ള​ഞ്ഞു—ഒരു നി​മി​ഷം​കൊ​ണ്ടു ഗാ​ഢ​നി​ദ്ര​യിൽ​പ്പെ​ട്ടു

കു​റി​പ്പു​കൾ

[1] വെ​നി​സ്സിൽ ജനി​ച്ച ചി​ത്ര​കാ​ര​പ്ര​മു​ഖൻ: എണ്ണ​ച്ചാ​യ​പ്ര​യോ​ഗ​ത്തി​ലാ​ണ് അതി​പ്ര​സി​ദ്ധി.

[2] വലിയ കോ​ടീ​ശ്വ​ര​ത്വം വള​രെ​ക്കാ​ല​മാ​യി നി​ല​നിർ​ത്തി​പ്പോ​രു​ന്ന ഒരു യഹൂ​ദ​കു​ടും​ബ​ത്തി​ന്റെ പ്ര​സി​ദ്ധ​പ്പേർ.

[3] തെ​സ്സ​ലി​യിൽ നി​ന്നു ഗ്രീ​സ്സി​ലേ​ക്കു​ള്ള പർ​വ്വ​ത​മാർ​ഗ്ഗ​മായ തെർ​മോ​ഷി​ലി​യെ ശത്രു​ക്ക​ളു​ടെ ആക്ര​മ​ണ​ത്തിൽ​നി​ന്നു രക്ഷ​പ്പെ​ടു​ത്തു​വാൻ​വേ​ണ്ടി ധീ​രോ​ദാ​ത്ത​ത​യോ​ടു​കൂ​ടി യു​ദ്ധം​വെ​ട്ടി മരി​ച്ചു​പോയ പ്ര​സി​ദ്ധ രാ​ജാ​വ്.

[4] ഐർ​ലാ​ണ്ടി​ലെ ഒരു തു​റ​മു​ഖം, ക്രോം​വെൽ ഇതു പി​ടി​ച്ചെ​ടു​ത്തു.

4.9.4
യു​ഷെ​ലൂ​വി​ധ​വ​യെ ആശ്വ​സി​പ്പി​ക്കാ​നു​ള്ള ഒരു ശ്രമം

വഴി​ക്കോ​ട്ട​യെ​ക്കു​റി​ച്ചു​ള്ള ആഹ്ലാ​ദ​മൂർ​ച്ഛ​യിൽ ബയോ​രെൽ വി​ളി​ച്ചു​പ​റ​ഞ്ഞു: ‘ഇതാ, നമ്മു​ടെ തെ​രു​വ് അതി​ന്റെ കഴു​ത്തി​ടു​ങ്ങിയ ഉടു​പ്പു​മി​ട്ടു നി​ല്ക്കു​ന്നു! എന്തു ഭംഗി കാണാൻ!’

വീ​ഞ്ഞു​കട ഏതാ​ണ്ടു മു​ഴു​വ​നും ഇടി​ച്ചു​പൊ​ളി​ച്ച​ശേ​ഷം കുർ​ഫെ​രാ​ക് വി​ധ​വ​യായ ഉട​മ​സ്ഥ​യെ ആശ്വ​സി​പ്പി​ക്കാൻ ശ്ര​മി​ച്ചു.

‘മതർ യു​ഷെ​ലു, നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വർ​ത്തി​ച്ച​തി​നു, നി​ങ്ങ​ളു​ടെ ജനാ​ല​യി​ലൂ​ടേ പു​റ​ത്തേ​ക്കു ഗി​ബെ​ലോ​ത്ത് ഒരു കട്ടിൽ​വി​രി​പ്പു കു​ട​ഞ്ഞ​തി​നു, നി​ങ്ങൾ​ക്കു നോ​ട്ടീ​സ്സു കി​ട്ടി​യ​തി​നെ​പ്പ​റ്റി ഇന്നാ​ള​ല്ലേ നി​ങ്ങൾ ആവ​ലാ​തി പറ​ഞ്ഞി​രു​ന്ന​ത്?’

‘അതേ, എന്റെ കൊ​ള്ളാ​വു​ന്ന മൊ​സ്യു കുർ​ഫെ​രാ​ക്, ഹാ! എന്റെ ഈശ്വര, നി​ങ്ങ​ളു​ടെ ലഹ​ള​ക്കാ​ര​ണ​ക്കൂ​ട്ട​ത്തിൽ എന്റെ ആ കാ​ര്യ​വും നി​ങ്ങൾ ചേർ​ക്കാ​നാ​ണോ ഭാവം? ആ കട്ടിൽ​വി​രി​ക്കും തട്ടിൻ​പു​റ​ത്തെ കി​ളി​വാ​തി​ലി​ലൂ​ടെ തെ​രു​വി​ലേ​ക്കു വീ​ണു​പോയ ഒരു പൂ​ച്ച​ട്ടി​ക്കും​കൂ​ടി ഭര​ണാ​ധി​കാ​ര​ത്തിൽ​നി​ന്ന് എന്നോ​ടു ഒര​ഞ്ഞൂ​റു ഫ്രാ​ങ്ക് പി​രി​ച്ചു, അത് തോ​ന്നി​വാ​സ​മ​ല്ലെ​ങ്കിൽ​പ്പി​ന്നെ എന്താ​ണ്?’

‘ശരി, മതർ യു​ഷെ​ലു, ഞങ്ങൾ അതിനു പകരം ചോ​ദി​ക്ക​യാ​ണ്.’

തനി​ക്കു​വേ​ണ്ടി ചെ​യ്യു​ന്ന ഈ പകരം ചോ​ദി​ക്ക​ലു​കൾ​കൊ​ണ്ടു തനി​ക്കു​ണ്ടാ​വു​ന്ന ഗുണം എന്താ​ണെ​ന്നു മതർ യു​ഷെ​ലു​വി​നു നല്ല​പോ​ലെ മന​സ്സി​ലാ​യി എന്നു തോ​ന്നി​യി​ല്ല. ഭർ​ത്താ​വി​ന്റെ പക്കൽ​നി​ന്നു ചെ​കി​ട്ട​ത്ത് ഒരടി കി​ട്ടി​യി​ട്ട് അച്ഛ​ന്റെ അടു​ക്കൽ​ച്ചെ​ന്നു ആവ​ലാ​തി​പ്പെ​ടു​ക​യും, ‘അച്ഛാ, എന്റെ ഭർ​ത്താ​വു കാ​ണി​ച്ച താ​ന്തോ​ന്നി​ത്ത​ത്തി​ന്ന് അച്ഛൻ അദ്ദേ​ഹ​ത്തോ​ടു പകരം കാ​ണി​ക്ക​ണം’ എന്നാ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്ത അറ​ബി​ക്കാ​രി​യെ​പ്പോ​ലെ അവളും തൃ​പ്തി​പ്പെ​ട്ടു. അച്ഛൻ ചോ​ദി​ച്ചു​വ​ത്രേ: ‘ഏതു ചെ​കി​ട്ട​ത്താ​ണ് നി​ന​ക്ക​ടി കി​ട്ടി​യ​ത്?’ ‘ഇട​ത്തേ,’ അച്ഛൻ അവ​ളു​ടെ വല​ത്തേ ചെ​കി​ട്ട​ത്ത് ഒന്നു കൊ​ടു​ത്തി​ട്ടു പറ​ഞ്ഞു: ‘ഇപ്പോൾ തൃ​പ്തി​യാ​യ​ല്ലോ, ചെ​ന്നു നി​ന്റെ ഭർ​ത്താ​വോ​ടു പറ, അയാൾ എന്റെ മക​ളു​ടെ ചെ​കി​ട്ട​ത്ത​ടി​ച്ചു. ഞാൻ അയാ​ളു​ടെ ഭാ​ര്യ​യു​ടേ​യും ചെ​കി​ട്ട​ത്ത​ടി​ച്ചു എന്ന്.’

മഴ നി​ന്നു. പു​തു​താ​യി ആളുകൾ വന്നു​ചേ​രു​ന്നു​ണ്ട്. കൂ​ലി​പ്പ​ണി​ക്കാർ തങ്ങ​ളു​ടെ ഉടു​പ്പി​നു​ള്ളിൽ മറ​ച്ച് ഒരു കു​റ്റി വെ​ടി​മ​രു​ന്നും, ഗന്ധ​ദ്രാ​വ​ക​ക്കു​പ്പി​കൾ നി​റ​ഞ്ഞ ഒരു കൊ​ട്ട​യും, രണ്ടോ മൂ​ന്നോ തമാ​ശ​ച്ചൂ​ട്ടു​ക​ളും, ‘രാ​ജാ​വി​ന്റെ ഉത്സ​വ​ത്തിൽ ബാ​ക്കി കി​ട​ന്ന’ വെ​ടി​പ്പെ​ട്ടി​കൾ​കൊ​ണ്ടു തി​ങ്ങിയ ഒരു കൊ​ട്ട​യും​കൊ​ണ്ടെ​ത്തി. ഈ ഉത്സ​വം അടു​ത്തു​ക​ഴി​ഞ്ഞ​താ​യി​രു​ന്നു. മെയ് 1-ാം തീയതി. ഈ വെ​ടി​സ്സാ​മാ​ന​ങ്ങൾ സാങ്-​ആന്ത്വാങ്ങിലുള്ള പെ​പ്പിൻ എന്നു പേരായ ഒരു ചി​ല്ല​റ​ക്ക​ച്ച​വ​ട​ക്കാ​ര​ന്റെ കൈ​യിൽ​നി​ന്നു കി​ട്ടി​യ​താ​ണ​ത്രേ. അവർ റ്യു ദ് ല ഷങ്വ്രെ​റി​യിൽ ആകെ​യു​ള്ള ആ ഒരു തെ​രു​വു​റാ​ന്ത​ലും—അതു സങ്ദെ​നി​യി​ലു​ള്ള​തി​നു സമ​മാ​ണ്—അടു​ത്തു ചു​റ്റു​മു​ള്ള ദ് മൊ​ങ്ദെ​തൂർ, ദ്യു സിഞ്, ദെ പ്രെ​ഷൂർ ദ് ല ഗ്രാൻ​ദ്, ദ് ലപെത്-​ത്രുവാങ്ദെറി എന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ എല്ലാ റാ​ന്ത​ലു​ക​ളും തച്ചു​ട​ച്ചു.

ആൻ​ഷൊർ​രാ​യും കുർ​ഫെ​രാ​ക്കും കൊം​ബ്ഫേ​റു​മാ​ണ് എല്ലാം കൊ​ണ്ടു​ന​ട​ത്തു​ന്ന​ത്. പെ​ട്ടെ​ന്നു രണ്ടു വഴി​ക്കോ​ട്ട​കൾ കെ​ട്ടി​ത്തീർ​ന്നു; രണ്ടും കൊ​രി​ന്ത് ഭവ​ന​ത്തി​നു ചേർ​ന്നി​ട്ടാ​ണ്; രണ്ടും​കൂ​ടി ഒരു സമ​ക്കോ​ണു​ണ്ടാ​ക്കി​യി​രു​ന്നു; അവയിൽ വലി​യ​തു​കൊ​ണ്ടു റ്യു ദ് ല ഷങ്വ്രെ​റി​യിൽ​നി​ന്നു​ള്ള വഴി​യും മറ്റേ​തു​കൊ​ണ്ട് റ്യു ദ് സി​ഞ്ഞി​ന്റെ ഭാ​ഗ​ത്തു റ്യു മൊ​ങ്ദെ​തു​റിൽ​നി​ന്നു​ള്ള വഴി​യും മു​ട്ടി. ഈ രണ്ടാ​മ​തു പറഞ്ഞ ആ വളരെ ഇടു​ങ്ങിയ വഴി​ക്കോ​ട്ട പീ​പ്പ​ക​ളെ​ക്കൊ​ണ്ടും വി​രി​ക​ല്ലു​ക​ളെ​ക്കൊ​ണ്ടും മാ​ത്രം ഉണ്ടാ​ക്ക​പ്പെ​ട്ട​താ​ണ്. അതിൽ ഏക​ദേ​ശം ഐമ്പ​തു പണി​ക്കാർ പണി​യെ​ടു​ത്തു; മു​പ്പ​തു പേർ​ക്കു തോ​ക്കു​ണ്ടാ​യി​രു​ന്നു; എന്തു​കൊ​ണ്ടെ​ന്നാൽ പോ​രും​വ​ഴി​ക്ക് അവർ ഒരു കവ​ച​പ്പ​ണി​ക്കാ​ര​ന്റെ പീ​ടി​ക​യിൽ ഉണ്ടാ​യി​രു​ന്നേ​ട​ത്തോ​ള​മെ​ല്ലാം ഉട​മ​സ്ഥ​നെ​ക്കൊ​ണ്ട് കടം തരു​വി​ക്ക​യു​ണ്ടാ​യി.

ഈ സൈ​ന്യ​ത്തെ​ക്കാ​ള​ധി​കം നേ​രം​പോ​ക്കു​ന്ന​തും വി​ചി​ത്ര​നി​റം കലർ​ന്ന​തു​മാ​യി മറ്റൊ​ന്നു​മു​ണ്ടാ​വാൻ വയ്യാ. ഒരാൾ​ക്ക് ഒരു​രു​ളൻ കു​റും​കു​പ്പാ​യ​വും. ഒരു സാ​ദി​ഭ​ട​ന്റെ വാളും, രണ്ടു ചെ​റു​കൈ​ത്തോ​ക്കു​ക​ളു​മാ​ണ്; മറ്റൊ​രാൾ​ക്ക് ഉൾ​ക്കു​പ്പാ​യ​വും, ഒരു വട്ട​ത്തൊ​പ്പി​യും, ചു​മ​ലിൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന മരു​ന്നു​പെ​ട്ടി​യു​മാ​ണു​ള്ള​ത്; മൂ​ന്നാ​മ​തൊ​രാൾ ഒമ്പ​തു പായ മഞ്ഞ​ക്ക​ട​ലാ​സ്സു​കൊ​ണ്ടു​ള്ള ഒരു മാർ​ക്ക​വ​ചം ധരി​ച്ച് ഒരു ജീ​നി​പ്പ​ണി​ക്കാ​ര​ന്റെ തോ​ലു​ളി​യും പി​ടി​ച്ചു​കൊ​ണ്ടാ​ണ്. ഒരാൾ നി​ന്ന് ഉറ​ക്കെ​പ്പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു: ‘നമു​ക്ക​വ​റ്റ​യെ സക​ല​വും കൊ​ത്തി​നു​റു​ക്കി നമ്മു​ടെ കു​ന്തം കൊ​ണ്ട് ചാവണം.’ ഈ മനു​ഷ്യ​ന്നു കു​ന്ത​മി​ല്ലാ​യി​രു​ന്നു. മറ്റൊ​രാൾ തന്റെ പു​റം​കു​പ്പാ​യ​ത്തി​നു മീതേ ഒരു രാ​ഷ്ട്രീ​യ​ര​ക്ഷി​ഭ​ട​ന്റെ കു​രി​ശു​പ​ട്ട​യും വെ​ടി​ത്തെ​ര​പ്പെ​ട്ടി​യും പര​ത്തി​വെ​ച്ചി​രു​ന്നു; ആ വെ​ടി​ത്തെ​ര​പ്പെ​ട്ടി ചു​ക​ന്ന രോ​മ​നൂൽ​കൊ​ണ്ടു സമാ​ധാ​ന​ര​ക്ഷ എന്നു തു​ന്നി​പ്പി​ടി​പ്പി​ച്ച​തി​നാൽ അലം​കൃ​ത​മാ​യി​രു​ന്നു. പട്ടാ​ള​ക്കാ​രു​ടെ നമ്പ​റോ​ടു​കൂ​ടിയ പല തോ​ക്കു​ക​ളു​മു​ണ്ട്; തൊ​പ്പി​യി​ല്ല; കണ്ഠ​വ​സ്ത്ര​മി​ല്ല; അസം​ഖ്യം നഗ്ന​ഭൂ​ജ​ങ്ങൾ, ഏതാ​നും കു​ന്ത​ങ്ങൾ, ഇതി​നോ​ടു​കൂ​ടി എല്ലാ​ത്ത​രം പ്രാ​യ​ത്തേ​യും, എല്ലാ​ത്ത​രം മു​ഖ​ത്തേ​യും വി​ളർ​ത്ത് വലി​പ്പം കു​റ​ഞ്ഞ ചെ​റു​പ്പ​ക്കാ​രേ​യും കരു​വാ​ളി​ച്ച ചു​മ​ട്ടു​കാ​രേ​യും കൂ​ട്ട​ണം. എല്ലാ​വ​രും വെ​മ്പ​ലി​ലാ​ണ്; അന്യോ​ന്യം സഹാ​യി​ക്കു​ന്ന​തോ​ടു​കൂ​ടി വരാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി അവർ സം​സാ​രി​ച്ചി​രു​ന്നു. പു​ല​രാൻ മൂ​ന്നു മണി​യോ​ടു​കൂ​ടി അവർ​ക്ക് തുണ കി​ട്ടും—ഒരു പട്ടാ​ള​വ​കു​പ്പു തീർ​ച്ച​യാ​യും വന്നെ​ത്തും. പാ​രി​സ്സ് മു​ഴു​വ​നും ഇളകും, ഇങ്ങ​നെ. ഒരു​ത​രം നേ​രം​പോ​ക്കു​ള്ള ആഹ്ലാ​ദ​ത്തോ​ടു കൂ​ടി​ക്ക​ലർ​ന്ന ഭയ​ങ്ക​ര​വാ​ക്കു​കൾ. അവർ സഹോ​ദ​ര​ന്മാ​രാ​ണെ​ന്നു തോ​ന്നി​പ്പോ​കും; പക്ഷേ, അവർ​ക്ക് അന്യോ​ന്യം പേ​ര​റി​ഞ്ഞു​കൂ​ടാ. അത്യാ​പ​ത്തു​കൾ​ക്ക് ഇങ്ങ​നെ​യൊ​രു നല്ല സവി​ശേ​ഷ​ത​യു​ണ്ട് അപ​രി​ചി​ത​ന്മാ​രു​ടെ സാ​ഹോ​ദ​ര്യ​ത്തെ അവ വെ​ളി​ച്ച​ത്തു വരു​ത്തും. അടു​ക്ക​ള​യിൽ തീ പൂ​ട്ടി​യി​ട്ടു​ണ്ട്, അവിടെ വെ​ച്ച് അർ ഓട്ടു​പി​ടി​മൊ​ന്ത​ക​ളും, ഓട്ടു​ക​യിൽ​ക​ളും, മു​ള്ളു​ക​ളും, ഹോ​ട്ട​ലി​ലു​ള്ള മറ്റു ലോ​ഹ​സ്സാ​മാ​ന​ങ്ങ​ളൊ​ക്കെ​യു​മെ​ടു​ത്തു വെ​ടി​യു​ണ്ട​യു​ണ്ടാ​ക്കു​ക​യാ​ണ്. ഈ തി​ര​ക്കി​ന്നി​ട​യി​ലെ​ല്ലാം അവർ കു​ടി​ക്കു​ന്നു​ണ്ട്. വീ​ഞ്ഞു​ഗ്ലാ​സ്സു​ക​ളു​ടെ ഇട​യ്ക്കു മേ​ശ​പ്പു​റ​ത്തൊ​ക്കെ കേ​പ്പു​ക​ളും തെ​ര​ക​ളും ചി​ന്നി ബി​ല്ലി​യേർ​ഡ് കളി​സ്ഥ​ല​ത്തി​രു​ന്നു ഭയം​കൊ​ണ്ടു പല മട്ടി​ലായ മദാം യു​ഷെ​ലു​വും മതെ​ലോ​ത്തും ഗി​ബെ​ലോ​ത്തും കൂടി—ഒരാൾ അമ്പ​ര​ന്നി​രി​ക്കു​ന്നു. മറ്റാൾ​ക്കു ശ്വാ​സ​മി​ല്ല. മറ്റാൾ​ക്കു ഉശി​രു​ക​യ​റി—പഴയ കൈ​ത്തു​ണി​ക​ളെ​ല്ലാം പി​ച്ചി​ച്ചീ​ന്തി, ചണ​പ്പ​ഞ്ഞി​യു​ണ്ടാ​ക്കു​ക​യാ​ണ്; മൂ​ന്നു രാ​ജ​ദ്രോ​ഹി​കൾ താ​ടി​മീ​ശ​ക​ളും മേൽ​മീ​ശ​ക​ളു​മു​ള്ള മൂ​ന്നു ചപ്ര​ത്ത​ല​യ​ന്മാർ, അവരെ സഹാ​യി​ക്കു​ന്നു​ണ്ട്; തു​ന്നൽ​പ്പ​ണി​ക്കാ​രി​യു​ടെ​യായ കൈ​വി​ര​ലു​ക​ളെ​ക്കൊ​ണ്ട് ആ ലഹ​ള​ക്കാർ തുണി കട​ന്നു​വാ​ങ്ങി​ക്കും—അവർ സ്ത്രീ​ക​ളെ പേ​ടി​പ്പി​ച്ചു.

റ്യു ദെ ബി​ല്ലെ​ത്തി​ന്റെ മൂ​ല​യ്ക്കൽ​വെ​ച്ച് ആൾ​ക്കൂ​ട്ട​ത്തിൽ​ച്ചേർ​ന്ന സമ​യ​ത്തു കുർ​ഫെ​രാ​ക്കും കൊം​ബ്ഫേ​രും ആൻ​ഷൊൽ​ര​യും നോ​ക്കി​ക്ക​ണ്ട ആ നീണ്ട മനു​ഷ്യൻ ചെറിയ വഴി​ക്കോ​ട്ട​യിൽ പണി​യെ​ടു​ക്കു​ക​യാ​ണ്; അയാൾ ഓരോ​ന്നു സഹാ​യി​ക്കു​ന്നു​ണ്ട്. ഗവ്രോ​ഷ് വലി​യ​തി​ലാ​ണ് കുർ​ഫെ​രാ​ക്കി​നെ കാണാൻ വീ​ട്ടിൽ​ച്ചെ​ന്നു കാ​ത്തി​രി​ക്കു​ക​യും മൊ​സ്യു മരി​യു​സ്സി​നെ​പ്പ​റ്റി അന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന ചെ​റു​പ്പ​ക്കാ​രൻ ആ സവാ​രി​വ​ണ്ടി മറി​ക്ക​ലു​ണ്ടാ​യ​തോ​ടു​കൂ​ടി മറ​ഞ്ഞു.

തി​ക​ച്ചും ലഹ​രി​യും ആഹ്ലാ​ദ​വും കയ​റി​യി​രു​ന്ന ഗവ്രോ​ഷ് സക​ല​വും ശരി​പ്പെ​ടു​ത്തു​ക​യാ​ണ് അവൻ പോവും, വരും, പൊ​ത്തി​പ്പി​ടി​ച്ചു കയറും. കീ​ഴ്പോ​ട്ടി​റ​ങ്ങും, വീ​ണ്ടും കയറും, ചൂളം വി​ളി​ക്കും, തു​ള്ളി​ച്ചാ​ടും എല്ലാ​വ​രേ​യും ഉത്സാ​ഹ​പ്പെ​ടു​ത്താ​നാ​ണ് അവ​ന​വി​ടെ എന്നു തോ​ന്നും അവ​ന്നു വല്ല പ്രേ​ര​ക​ശ​ക്തി​യു​മു​ണ്ടോ? നി​ശ്ച​യ​മാ​യു​മു​ണ്ട്. അവ​ന്റെ ദാ​രി​ദ്ര്യം; അവ​ന്നു ചി​റ​കു​ണ്ടോ? നി​ശ്ച​യ​മാ​യു​മു​ണ്ട്. അവ​ന്റെ സന്തോ​ഷം. ഗവ്രോ​ഷ് ഒരു കൊ​ടു​ങ്കാ​റ്റാ​യി​രു​ന്നു എപ്പോ​ഴും അവനെ കാണാം എപ്പോ​ഴും അവ​ന്റെ ഒച്ച കേൾ​ക്കാം എല്ലാ​യി​ട​ത്തും ഒരേ​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് അവൻ അന്ത​രീ​ക്ഷ​ത്തിൽ നി​റ​ഞ്ഞു; ഒരു​ത​രം പൊ​റു​തി​യി​ല്ലാ​ത്ത സർ​വ​വ്യാ​പി​ത്വ​മാ​യി​രു​ന്നു അവ​ന്റേ​ത്; അവ​ന്ന് ഒരു നി​ല​നി​ല്പ്പി​ല്ല. ആ വമ്പി​ച്ച വഴി​ക്കോ​ട്ട അവ​ന്റെ മു​തു​ക​ത്തു​ന്തി. അവൻ മടി​യ​ന്മാ​രെ സ്വാ​സ്ഥ്യം കെ​ടു​ത്തി. അല​സ​ന്മാ​രെ ഉശിരു പി​ടി​പ്പി​ച്ചു. ക്ഷീ​ണി​ച്ച​വ​രെ ജീ​വൻ​വെ​പ്പി​ച്ചു. ആലോ​ച​നാ​മ​ഗ്നൻ​മാ​രെ തട്ടി​യു​ണർ​ത്തി; ചിലരെ ആഹ്ലാ​ദ​പ്പെ​ടു​ത്തി, മറ്റു ചി​ലർ​ക്ക് ശ്വാ​സം വെ​പ്പി​ച്ചു വേറെ ചിലരെ ശു​ണ്ഠി​പി​ടി​പ്പി​ച്ചു എല്ലാ​വ​രേ​യും, ഇള​ക്കി​ത്തീർ​ത്തു; ചി​ല​പ്പോൾ ഒരു വി​ദ്യാർ​ത്ഥി​യെ നു​ള്ളും, ചി​ല​പ്പോൾ ഒരു കൗ​ശ​ല​പ്പ​ണി​ക്കാ​ര​നെ കടി​ക്കും; അവൻ കീ​ഴ്പോ​ട്ടി​റ​ങ്ങും, നി​ല്ക്കും, വീ​ണ്ടും പറ​പ​റ​ക്കും, ലഹ​ള​യു​ടെ മു​ക​ളിൽ ചു​റ്റി​പ്പ​റ്റി നി​ല്ക്കും, പി​റു​പി​റു​ത്തു​കൊ​ണ്ടും ചൂ​ളം​വി​ളി​ച്ചു​കൊ​ണ്ടും ഒരു ഭാ​ഗ​ത്തു​നി​ന്നു മറു​ഭാ​ഗ​ത്തേ​ക്ക് എടു​ത്തു​ചാ​ടും, സം​ഘ​ത്തെ മു​ഴു​വ​നും സ്വാ​സ്ഥ്യം കെ​ടു​ത്തും; ആ വമ്പി​ച്ച ഭര​ണ​പ​രി​വർ​ത്ത​ന​വ​ണ്ടി​യി​ലെ ഒരീ​ച്ച.

അവ​ന്റെ ചെറിയ കൈ​ക​ളിൽ എപ്പോ​ഴും ശാ​ശ്വ​ത​മായ അധ്വാ​നം; അവ​ന്റെ ചെറിയ ശ്വാ​സ​കോ​ശ​ങ്ങ​ളിൽ ശാ​ശ്വ​ത​മായ അലർ​ച്ച​യും.

‘ഉശിര് പി​ടി​ക്കിൻ! ഇനി​യും വി​രി​ക​ല്ല്! ഇനി​യും പീപ്പ! ഇനി​യും യന്ത്രം! എവി​ടെ​യാ​ണ് നി​ങ്ങൾ? ഈ ഓട്ട​യ​ട​യ്ക്കാൻ എനി​ക്കൊ​രു തൊ​ട്ടി​ക്കു​മ്മാ​യ​ക്കൂ​ട്ട്! നി​ങ്ങ​ളു​ടെ വഴി​ക്കോ​ട്ട നന്നേ ചെ​റു​ത്. അതു വേഗം തീർ​ക്ക​ണം. ഒക്കെ അതിൽ​ക്കൊ​ണ്ടു വന്ന് ഇടൂ, ഒക്കെ അതി​ലേ​ക്കു വലി​ച്ചെ​റി​യൂ, ഒക്കെ അതിൽ​ക്കൊ​ണ്ടൊ​ട്ടി​ക്കൂ. വീടു തകർ​ക്കൂ. വഴി​ക്കോ​ട്ട മതർ ഗി​ബൊ​ല​ത്തി​ന്റെ ചാ​യ​യാ​ണ്. ഏഹേ, അതാ ഒരു ചി​ല്ലു​വാ​തിൽ.’

ഇതു പണി​ക്കാ​രിൽ​നി​ന്ന് ഒരു​ച്ച​ശ​ബ്ദ​മു​ണ്ടാ​ക്കി.

‘ഒരു ചി​ല്ലു​വാ​തിൽ? ഒരു ചി​ല്ലു​വാ​തിൽ​കൊ​ണ്ടു ഞങ്ങൾ എന്തു ചെ​യ്യാ​നാ​ണ്, എന്റെ ഉണലേ?’

‘നി​ങ്ങൾ വലിയ ഹെർ​ക്കു​ല​സ്സു​മാർ!’ ഗവ്രോ​ഷ് തി​രി​ച്ച​ടി​ച്ചു. ‘വഴി​ക്കോ​ട്ട കെ​ട്ടാൻ ചി​ല്ലു​വാ​തിൽ വളരെ ആവ​ശ്യ​മു​ള്ളൊ​ന്നാ​ണ്. ആക്ര​മി​ക്കു​ന്ന​തി​നെ അതു തട​യി​ല്ല; പക്ഷേ, കയ​റി​ക്ക​ട​ക്കു​ന്ന​തി​നെ അതു തടയും. അപ്പോൾ കു​പ്പി​ത്തു​ണ്ട​ങ്ങൾ വെ​ച്ചി​ട്ടു​ള്ള മതി​ലി​ന്മേൽ നി​ങ്ങൾ ആപ്പിൾ​പ്പ​ഴം​കൊ​ണ്ടു തി​രു​കി​വെ​ച്ചി​ട്ടി​ല്ല​ല്ലോ? വഴി​ക്കോ​ട്ട കയ​റി​ക്ക​ട​ക്കാൻ നോ​ക്കു​ന്ന രക്ഷി​ഭ​ട​ന്റെ കാൽ​മ​ട​മ്പി​നെ ചി​ല്ലു​വാ​തിൽ കൊ​ത്തി​നു​റു​ക്കും. ഹാ! ചി​ല്ല് ഒരു ചതി​യ​നാ​ണ്. ആട്ടെ, ചങ്ങാ​തി​മാ​രേ, നി​ങ്ങൾ​ക്കാ​ലോ​ചി​ക്കാൻ ബു​ദ്ധി പോരാ.’

എന്താ​യാ​ലും കൊ​ത്തി​യി​ല്ലാ​ത്ത തന്റെ കൈ​ത്തോ​ക്ക് അവനെ വല്ലാ​തെ ശു​ണ്ഠി പി​ടി​പ്പി​ച്ചു. അവൻ ഓരോ​രു​ത്ത​രോ​ടും നട​ന്ന് ആവ​ശ്യ​പ്പെ​ട്ടു: ‘ഒരു തോ​ക്ക്! എനി​ക്കൊ​രു തോ​ക്കു വേണം! എന്താ. നി​ങ്ങ​ളെ​നി​ക്കൊ​രു തോ​ക്കു തരാ​ത്ത​ത്?!

‘നി​ങ്ങൾ​ക്കൊ​രു തോ​ക്ക്!’ കൊം​ബ്ഫേർ പറ​ഞ്ഞു.

‘ആട്ടെ ചോ​ദി​ക്ക​ട്ടെ,’ ഗവ്രോ​ഷ് തി​ര​ക്കി, ‘എന്തു​കൊ​ണ്ടു വേ​ണ്ടാ? പത്താം ഷാർ​ലു​മാ​യി നമ്മൾ ശണ്ഠ​കൂ​ടിയ 1830-ൽ എനി​ക്കൊ​രു തോ​ക്കു​ണ്ടാ​യി​രു​ന്നു.’

ആൻ​ഷൊൽ​രാ ചു​മ​ലൊ​ന്നു ചു​ളു​ക്കി.

‘വലി​യാ​ളു​കൾ​ക്ക് വേ​ണ്ടി​ട​ത്തോ​ളം തോ​ക്കാ​യാൽ ഞങ്ങൾ കു​ട്ടി​കൾ​ക്കും കൊ​ടു​ക്കും.’

ഗവ്രോ​ഷ് അഹ​ങ്കാ​ര​ത്തോ​ടു​കൂ​ടി പി​ന്നോ​ക്കം ഒരു തി​രി​ച്ചിൽ തി​രി​ഞ്ഞു, മറു​പ​ടി പറ​ഞ്ഞു: ‘എന്നെ​ക്കാൾ മുൻപു നി​ങ്ങൾ മരി​ച്ചാൽ ഞാൻ നി​ങ്ങ​ളു​ടെ തോ​ക്കെ​ടു​ക്കും.’

‘തെ​മ്മാ​ടി​ച്ചെ​ക്ക!’ ആൻ​ഷൊൽ​രാ പറ​ഞ്ഞു.

‘പൊട്ട!’ ഗവ്രോ​ഷ് പറ​ഞ്ഞു.

വഴി​തെ​റ്റി തെ​രു​വി​ന്റെ അറ്റ​ത്തൂ​ടെ കട​ന്നു​പോയ ഒരു പച്ച​സ്സു​ന്ദ​രൻ ആളു​ക​ളു​ടെ ശ്ര​ദ്ധ​യെ അങ്ങോ​ട്ടു തി​രി​ച്ചു. ഗവ്രോ​ഷ് അയാ​ളോ​ടു വി​ളി​ച്ചു പറ​ഞ്ഞു: ‘ഹേ, ചെ​റു​പ്പ​ക്കാ​രൻ ചങ്ങാ​തി, ഞങ്ങ​ളു​ടെ കൂ​ട്ട​ത്തിൽ​ക്കൂ​ടു! അപ്പോൾ ഞങ്ങൾ നമ്മു​ടെ പഴയ രാ​ജ്യ​ത്തി​ന്റെ ഗു​ണ​ത്തി​ന്ന് ഒന്നും ചെ​യ്യു​ക​യ​ല്ലേ?’

പച്ച​സ്സു​ന്ദ​രൻ പറ​പ​റ​ന്നു.

4.9.5
ഒരു​ക്ക​ങ്ങൾ

ആ റ്യു ദ് ല ഷങ്വ്ര​റി വഴി​ക്കോ​ട്ട​യെ​പ്പ​റ്റി അന്ന​ത്തെ വർ​ത്ത​മാ​ന​പ​ത്ര​ങ്ങൾ അത് -​അവരുടെ അഭി​പ്രാ​യ​ത്തിൽ ആ ഏതാ​ണ്ട് അനു​ല്ലം​ഘ്യ​മായ എടു​പ്പ്—ഉയരം കൊ​ണ്ട് ഒന്നാം​നില മു​ഴു​വ​നും എത്തി​യി​രു​ന്നു എന്നു പറ​ഞ്ഞ​ത് അബ​ദ്ധ​മാ​ണ്. വാ​സ്ത​വ​ത്തിൽ, അതി​ന്ന് ആറോ ഏഴോ അടി​യി​ല​ധി​കം ഉയ​ര​മി​ല്ല. യു​ദ്ധ​ഭ​ട​ന്മാർ​ക്ക് ഇഷ്ടം​പോ​ലെ വേ​ണ​മെ​ങ്കിൽ അതി​ന്റെ പി​ന്നിൽ ഒളി​ക്കു​ക​യോ അല്ലെ​ങ്കിൽ ചവി​ട്ടു​പ​ടി​കൾ​പോ​ലെ മൂ​ന്നു​നാ​ലു വി​രി​ക​ല്ലു​കൾ മീ​തെ​യ്ക്കു​മീ​തേ അട​ക്കി​വെ​ച്ച​തു​കൊ​ണ്ട് അക​ത്തു​നി​ന്ന് അപ്പു​റ​ത്തേ​ക്കു കയ​റി​ക്ക​ട​ക്കു​ക​യോ ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു അതി​ന്റെ പണി. ആങ്സോ​വി​ന്റെ കു​മ്മാ​യ​വ​ണ്ടി​യു​ടേ​യും മറി​ച്ചി​ട്ട സവാ​രി​വ​ണ്ടി​യു​ടേ​യും ചക്ര​ങ്ങൾ​കൊ​ണ്ടു കെ​ട്ടു​പി​ണ​ഞ്ഞ തു​ലാ​ങ്ങ​ളാ​ലും പല​ക​ക​ളാ​ലും കൂ​ട്ടി​ച്ചേർ​ക്ക​പ്പെ​ട്ട വി​രി​ക​ല്ലു​ക​ളും പീ​പ്പ​ക​ളു​മായ വഴി​ക്കോ​ട്ട​യു​ടെ മുൻ​വ​ശ​ത്തി​നു രോമം എടു​ത്തു​പി​ടി​ച്ചും വി​ടുർ​ത്തി​യെ​ടു​പ്പാൻ വയ്യാ​തെ​യു​ള്ള ഒരു മട്ടു​ണ്ട്.

വീ​ട്ടു​ചു​മ​രു​ക​ളു​ടേ​യും വീ​ഞ്ഞു​ക​ട​യോ​ട് ഏറ്റ​വു​മ​ധി​കം അക​ന്നു നി​ല്ക്കു​ന്ന വഴി​ക്കോ​ട്ട​യു​ടെ ആ ഭാ​ഗ​ത്തി​ന്റേ​യും മധ്യേ ഒരാൾ​ക്കു കട​ക്കാ​വു​ന്ന പാ​ക​ത്തിൽ ഒരു പൊ​ത്തു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്; അതി​നാൽ വേ​ണ​മെ​ങ്കിൽ അതിലേ പു​റ​ത്തേ​ക്കു പോവാം സവാ​രി​വ​ണ്ടി​യു​ടെ ഏർ​ക്കാൽ മു​ക​ളി​ലേ​ക്കു പൊ​ന്തി​നി​ന്നി​രു​ന്ന​തി​നെ കയർ​കൊ​ണ്ട് അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വലി​ച്ചു​കെ​ട്ടി ഉറ​പ്പി​ച്ചി​രു​ന്നു; ആ ഏർ​ക്കാ​ലി​ന്റെ മു​ക​ളിൽ കെ​ട്ടി​ത്തൂ​ക്കി​യി​ട്ടു​ള്ള ഒരു ചു​ക​ന്ന കൊടി വഴി​ക്കോ​ട്ട​യു​ടെ മീതേ പാ​റി​ക്ക​ളി​ക്കു​ന്നു.

വീ​ഞ്ഞു​ക​ട​യു​ടെ പി​ന്നിൽ ഒളി​ച്ചു​നി​ല്ക്കു​ന്ന മൊ​ങ്ദെ​തൂർ ചെ​റു​വ​ഴി​ക്കോ​ട്ട​നോ​ക്കി​യാൽ കാ​ണു​ക​യി​ല്ല. ആ രണ്ടു വഴി​ക്കോ​ട്ട​കൾ കൂ​ടി​ച്ചേർ​ന്ന് ഒരൊ​ന്നാ​ന്ത​രം കാ​വൽ​ക്കോ​ട്ട​ത​ന്നെ​യാ​യി. ബഹിർ​ല്ലോ​ക​വു​മാ​യു​ള്ള ഇട​പാ​ടു നി​ല്ക്കാ​തെ കഴി​യ​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ടും, അപകടം പി​ടി​ച്ച​തും വൈ​ഷ​മ്യ​മേ​റി​യ​തു​മായ റ്യു ദെ പ്രെ​ഷൂ​റി​ലൂ​ടെ ഒരാ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്നു ഭയ​പ്പെ​ടാൻ കാ​ര​ണ​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടും, ഹാ​ലി​ലെ​ക്കു ദ്യു ദെ പ്രെ​ഷ​റി​ലൂ​ടെ ഒരു വഴി​യി​ടു​ന്ന മൊ​ങ്ദെ​തൂ​റി​ലെ ആ ഒരു ഭാഗം അട​യ്ക്കു​വാൻ ആൻ​ഷൊൽ​ര​യും കുർ​ഫെ​രാ​ക്കും വി​ചാ​രി​ക്കു​ക​യു​ണ്ടാ​യി​ല്ല.

തട​യാ​തെ​യി​ട്ടി​രു​ന്ന​തും ഫൊലാർ [1] തന്റെ ഉപാ​യ​രീ​തി​യിൽ ഒരു കൊ​മ്പെ​ന്നു നാ​മ​ക​ര​ണം ചെ​യ്തേ​ക്കാ​വു​ന്ന​തു​മായ ഈയൊരു ഭാ​ഗ​മൊ​ഴി​ച്ചാൽ റ്യു ദ് ല ഷങ് വ്രെ​റി​യി​ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള ആ ഒരി​ടു​ങ്ങിയ പഴു​തും ഓർ​മ്മി​ച്ചു​കൊ​ണ്ടു​ത​ന്നെ പറ​ഞ്ഞാൽ, വീ​ഞ്ഞു​കട ഒരു​ന്തി​നി​ല്ക്കു​ന്ന കോ​ണാ​യി​ട്ടു​ള്ള വഴി​ക്കോ​ട്ട​യു​ടെ ഉള്ളു​ഭാ​ഗം മു​ഴു​വ​നും അടഞ്ഞ ഒരു ചൊ​വ്വ​റ്റ ചതു​ര​ത്തി​ന്റെ മട്ടു​ണ്ടാ​ക്കി​യി​രു​ന്നു. വലിയ വഴി​മു​ട​ക്ക​ത്തി​ന്റേ​യും തെ​രു​വി​ന്റെ പിൻ​വ​ശ​ത്തു​ള്ള വമ്പി​ച്ച ഭവ​ന​ങ്ങ​ളു​ടേ​യും ഇട​യ്ക്ക് ഒരി​രു​പ​ത​ടി​യോ​ളം ഒന്നു​മി​ല്ല; അതു കാരണം ആ വഴി​ക്കോ​ട്ട ആളുകൾ നി​റ​ഞ്ഞ​തും അടി​മു​തൽ അറ്റം​വ​രെ അട​ഞ്ഞ​തു​മായ ഭവ​ന​പ​ര​മ്പ​ര​മേൽ ചാ​രി​നി​ല്ക്കു​ന്നു എന്നു പറയാം

ഈ പണി​ക​ളൊ​ക്കെ ഒരു മണി​ക്കൂർ​കൊ​ണ്ടു മു​ഴു​മി​ച്ചു; ഇട​യ്ക്കു യാ​തൊ​രു കര​ടു​മു​ണ്ടാ​യി​ല്ല – ആ ധീ​ര​സം​ഘം ഒരൊ​റ്റ കര​ടി​ത്തോൽ​ത്തൊ​പ്പി [2] യെ​ങ്കി​ലും കാ​ണു​ക​യോ ആ സ്ഥ​ല​ത്ത് ഒരൊ​റ്റ തോ​ക്കിൻ​കു​ന്ത​മെ​ങ്കി​ലും പ്ര​ത്യ​ക്ഷീ​ഭ​വി​ക്ക​യോ ഉണ്ടാ​യി​ല്ല. ഈ ഘട്ട​ത്തി​ലും റ്യൂ​സാ​ങ് ദനി​യി​ലൂ​ടെ പോ​യി​രു​ന്ന പ്ര​മാ​ണി​കൾ റ്യു ദ് ല ഷങ് വ്രെ​റി​യി​ലേ​ക്ക് ഒരു നോ​ട്ടം നോ​ക്കി, ആ വഴി​ക്കോ​ട്ട കണ്ട​തോ​ടു​കൂ​ടി നട​ത്ത​ത്തി​നു വേഗം കൂ​ട്ടി.

രണ്ടു വഴി​ക്കോ​ട്ട​ക​ളു​ടെ​യും പണി മു​ഴു​മി​ച്ചു, കൊ​ടി​ക്കൂറ തൂ​ക്കി​ക്ക​ഴി​ഞ്ഞ​തി​നു​ശേ​ഷം, വീ​ഞ്ഞു​ക​ട​യിൽ​നി​ന്ന് ഒരു മേശ വലി​ച്ചു​കൊ​ണ്ടു​വ​ന്നു പു​റ​ത്തി​ട്ടു, കുർ​ഫെ​രാ​ക് അതി​ന്മേൽ കയ​റി​നി​ന്നു. ആൻ​ഷൊൽ​രാ ചതു​ര​പ്പെ​ട്ടി എടു​ത്തു​കൊ​ണ്ടു​വ​ന്നു; കുർ​ഫെ​രാ​ക് അതു തു​റ​ന്നു. ആ ചതു​ര​പ്പെ​ട്ടി​യി​ലൊ​ക്കെ വെ​ടി​ത്തെ​ര​ക​ളാ​യി​രു​ന്നു. ജന​സം​ഘ​ത്തി​നു വെ​ടി​ത്തെര കണ്ട​തോ​ടു​കൂ​ടി, അതിൽ വെ​ച്ചു വലിയ ധീ​ര​ന്മാർ​ക്കു​പോ​ലും, ഒരു വിറ കയറി; ഒരു ക്ഷ​ണ​നേ​ര​ത്തേ​ക്ക് ആരും മി​ണ്ടാ​താ​യി.

കുർ​ഫെ​രാ​ക് ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി അവ എല്ലാ​വർ​ക്കും പങ്കി​ട്ടു​കൊ​ടു​ത്തു.

ഓരോ​രു​ത്ത​ന്നു മു​പ്പ​തു വീതം കി​ട്ടി. മരു​ന്ന് പല​രു​ടേ​യും കൈ​യി​ലു​ണ്ട്. ഒരു ഭാ​ഗ​ത്തു വാ​തി​ലി​ന്ന​രി​കെ​യു​ള്ള മേ​ശ​പ്പു​റ​ത്തു മരു​ന്നു​പീ​പ്പ​യു​ണ്ട്; അതു മറ്റു​ള്ള​തെ​ല്ലാം തീർ​ന്നാൽ എടു​ക്കാ​നു​ള്ള​താ​ണ്.

പാ​രി​സ്സി​ലെ​ങ്ങും വ്യാ​പി​ച്ചു​വ​രു​ന്ന ആ അപ​ക​ട​സൂ​ച​ക​മായ പെ​രും​പ​റ​യ​ടി അപ്പോ​ഴും നി​ന്നി​ട്ടി​ല്ല; പക്ഷേ, അതൊ​ടു​വിൽ ഒരു മു​ഷി​പ്പൻ​ശ​ബ്ദം മാ​ത്ര​മാ​യി; ആളുകൾ അതിനു ചെ​വി​കൊ​ടു​ക്കേ​ണ്ടെ​ന്നു വെ​ച്ചു. വ്യ​സ​ന​ക​ര​ങ്ങ​ളായ ഓളം മറി​ച്ചി​ലു​ക​ളോ​ടു​കൂ​ടെ, ആ ശബ്ദം ചി​ല​പ്പോൾ അക​ന്നു​പോ​വും, ചി​ല​പ്പോൾ അടു​ത്തു​വ​രും.

ബദ്ധ​പ്പാ​ടി​ല്ലാ​തെ, വി​ശി​ഷ്ട​മായ ഗൗ​ര​വ​ത്തോ​ടു​കൂ​ടി, എല്ലാ​വ​രും ഒപ്പം തോ​ക്കു​ക​ളും ചെ​റു​തോ​ക്കു​ക​ളും നി​റ​ച്ചു. ആൻ​ഷൊൽ​രാ ചെ​ന്ന് ഒരാളെ റ്യു ദ് ല ഷങ്വ്രെ​റി​യി​ലും, മറ്റൊ​രാ​ളെ റ്യു ദെ പ്രെ​ഷു​റി​ലും മറ്റൊ​രാ​ളെ റ്യു ദ് ല പെ​തി​ത് ത്രു​വാ​ങ്ദെ​റി​യി​ലു​മാ​യി, മൂ​ന്നു പേരെ വഴി​ക്കോ​ട്ട​യ്ക്കു പുറമെ കാവൽ നിർ​ത്തി.

എന്നി​ട്ടു, വഴി​ക്കോ​ട്ട​ക​ളു​ടെ പണി കഴി​ഞ്ഞു, നി​ല​യു​റ​പ്പി​ച്ചു, തോ​ക്കു നി​റ​ച്ച പാ​റാ​വു​കാ​രെ നിർ​ത്തി, എല്ലാം കഴി​ഞ്ഞ​തി​നു​ശേ​ഷം, ആരും വഴി​ന​ട​ക്കാ​തായ ആ ഭയ​ങ്ക​ര​ത്തെ​രു​വു​ക​ളിൽ തനി​ച്ചു. ചത്ത​പോ​ലെ മനു​ഷ്യ​സ​ഞ്ചാ​രം​കൊ​ണ്ടു​ള്ള ചല​ന​മ​റ്റ മി​ണ്ടാ​ബ്ഭ​വ​ന​ങ്ങ​ളാൽ ചു​റ്റ​പ്പെ​ട്ട്, അധി​ക​മ​ധി​ക​മാ​യി സന്ധ്യ​യു​ടെ കനം പി​ടി​ക്കു​ന്ന അന്ധ​കാ​ര​ത്തി​നു​ള്ളിൽ, എന്തോ ഒന്ന്—ആക​പ്പാ​ടെ വ്യ​സ​ന​ക​ര​വും ഭയ​ങ്ക​ര​വും ഏകാ​ന്ത​വും യു​ദ്ധ​സ​ന്ന​ദ്ധ​വും ദൃ​ഢ​നി​ശ്ചി​ത​വും ശാ​ന്ത​വു​മായ ഒരു വസ്തു ചു​ഴ​ന്നു​കൊ​ണ്ടു​ള്ള എന്തോ ഒന്നു—യാ​തൊ​ന്നി​ലൂ​ടെ അടു​ത്ത​ടു​ത്തു​വ​രു​ന്ന​താ​യി തോ​ന്നു​ന്നു​വോ, ആ നി​ശ്ശ​ബ്ദ​ത​യ്ക്കു​ള്ളിൽ മു​ഴു​കി​ക്കൊ​ണ്ട് അവർ കാ​ത്തു​നി​ല്പാ​യി.

കു​റി​പ്പു​കൾ

[1] സൈ​ന്യ​വി​ന്യാ​സ​ത്തെ​പ്പ​റ്റി ഗ്ര​ന്ഥ​മെ​ഴു​തി​യി​ട്ടു​ള്ള ഒരു പ്ര​സി​ദ്ധ യു​ദ്ധ​ഭ​ടൻ.

[2] പട്ടാ​ള​ക്കാ​രു​ടെ ശി​രോ​ല​ങ്കാ​രം.

4.9.6
കാ​ത്തു​നി​ല്പ്

ഈ കാ​ത്തു​നി​ല്പി​ന്നി​ട​യിൽ അവർ എന്തു ചെ​യ്തു?

ഇതു ചരി​ത്ര​മാ​യ​തു​കൊ​ണ്ടു ഞങ്ങൾ പറ​ഞ്ഞേ കഴയൂ.

പു​രു​ഷ​ന്മാർ ഉണ്ട​ക​ളും സ്ത്രീ​കൾ ചണ​പ്പ​ഞ്ഞി​യു​മു​ണ്ടാ​ക്കു​മ്പോൾ, ഉണ്ട​ക​ളാ​യി മാ​റാ​നു​ള്ള പി​ച്ച​ള​യും ഈയവും ഉരു​കി​ക്കി​ട​ക്കു​ന്ന ഒരു വലിയ ചട്ടി ഒരു തി​ള​ങ്ങു​ന്ന അടു​പ്പി​നു​മീ​തേ പു​ക​യു​മ്പോൾ, കൈയിൽ ആയു​ധ​വു​മാ​യി പാ​റാ​വു ഭട​ന്മാർ വഴി​ക്കോ​ട്ട​യിൽ കാവൽ നി​ല്ക്കു​മ്പോൾ, നേ​രം​പോ​ക്കെ​ന്നൊ​ന്നി​ല്ലാ​ത്ത ആൻ​ഷൊൽ​രാ പാ​റാ​വു​കാ​രു​ടെ മേൽ​നി​ന്നു നോ​ട്ട​മെ​ടു​ക്കാ​തെ​യി​രി​ക്കെ, കൊം​ബ്ഫേർ, കുർ​ഫെ​രാ​ക്, ഴാ​ങ്പ്രു​വേർ, ഫെ​യ്ലി, ബൊ​സ്സ്വെ, ഴൊലി, ബയോ​രെൽ എന്നി​വ​രും മറ്റു ചി​ല​രും അന്യോ​ന്യം എത്തി​ക്കൂ​ടി, ഏറ്റ​വും സമാ​ധാ​ന​പ​ര​ങ്ങ​ളായ സമ​യ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഒത്തു​ചേർ​ന്നു, തങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തെ സം​ഭാ​ഷ​ണ​ങ്ങൾ ആരം​ഭി​ച്ചു, എന്ന​ല്ല, ആ വീ​ഞ്ഞു​ക​ട​യു​ടെ ഒരു മു​ക്കിൽ, സ്വയം നിർ​മ്മി​ച്ച കാ​വ​ല്ക്കോ​ട്ട​യിൽ​നി​ന്ന് ഒന്നോ രണ്ടോ വാര ദൂരെ, തോ​ക്കു​ക​ളൊ​ക്കെ നി​റ​ച്ചു തങ്ങ​ളി​രി​ക്കു​ന്ന കസാ​ല​യ്ക്കു പി​ന്നിൽ ചാ​രി​വെ​ച്ച്, ആ കൊ​ള്ളാ​വു​ന്ന ചെ​റു​പ്പ​ക്കാർ, ഒരു മഹ​ത്ത​ര​മായ സന്ദർ​ഭ​ത്തോ​ട് അത്ര​യും തൊ​ട്ടും​കൊ​ണ്ടു​ള്ള​പ്പോൾ, അനു​രാ​ഗ​ക​വി​ത​കൾ പാ​ടു​ക​യാ​യി.

എന്തു കവി​ത​കൾ? ഇവ

ഓമ​ലോർ​മ്മി​ക്കു​ന്നോ നമ്മു​ടെ​യ​ന്ന​ത്തെ

പ്രേ​മ​മ​നോ​ഹ​ര​ജീ​വി​ത​ത്തെ.

കു​ട്ടി​കൾ നാം, നമു​ക്ക​ന്ന​സ്സൽ​വേ​ഷ​ങ്ങൾ

കെ​ട്ട​ണം, തങ്ങ​ളിൽ സ്നേ​ഹി​ക്ക​ണം.

നി​ന്റെ​യു​മെ​ന്റെ​യും പ്രാ​യ​ങ്ങൾ കൂ​ട്ടി​യാൽ

നാ​ല്പ​തി​ലി​പ്പു​റ​മെ​ന്നി​രി​ക്കെ,

നമ്മു​ടെ സാ​ധു​വാം സുന്ദരഗേഹത്തി-​

ലമ്മ​ഴ​ക്കാ​ല​വും തൂ​വ​സ​ന്തം.

‘മാ​നു​വെൽ’ മാ​നി​യും ബു​ദ്ധി​മാ​നും: ‘പരി’

മാ​നു​ഷ​ദുർ​ല്ല​ഭം സദ്യ​കൂ​ട്ടും;

‘ഫ്വാ’ ശു​ണ്ഠി കൂ​ട്ടി​ടും; നിന്നുള്ളുടുപ്പിലെ-​

സ്സൂ​ചി​യെൻ ദേ​ഹ​ത്തിൽ​പ്പോ​റൽ ചേർ​ക്കും.

ഒക്കെ​യും നി​ന്നെ​ത്താൻ നോ​ക്കി​നി​ല്ക്കും; ഒരു

ചു​ക്കും പണി​യി​ല്ല​യെ​ന്ന വക്കീൽ

ഞാ​ന​ന്നു നി​ന്നെ​യും കൊ​ണ്ടു​പോ​യി ‘പ്രദോ’-

വി​ങ്ക​ലേ മു​ത്താ​ഴ​മെ​ന്നു നണ്ണി,

നി​യ്യ​ത്ര സു​ന്ദ​രി​യാ​യി​രു​ന്നു; പനി-

നീർ​പ്പൂ​ക്ക​ളൊ​ക്കെ​ത്തി​രി​ഞ്ഞു നോ​ക്കി

ഇങ്ങ​നെ തങ്ങ​ളിൽ​ച്ചൊ​ല്ലി​യി​രു​ന്നി ‘താ-

പ്പെൺ​കി​ടാ​വെ​ങ്ങി​നെ, സു​ന്ദ​രി​യോ?’

എന്തു സു​ഗ​ന്ധ​മാ​ണെ​ന്തു മു​ടി​ച്ചു​രുൾ!

തങ്ക​ച്ചി​റ​ക​ണ്ടു​ടു​പ്പി​നു​ള്ളിൽ!

കൺ​കു​ളുർ​ത്തീ​ടു​മ​വൾ​ക്കു​ള്ള പൂന്തൊപ്പി-​

യി​പ്പോൾ വി​രി​ഞ്ഞ​തേ​യു​ള്ളു​വ​ല്ലോ.

ഞാൻ നി​ന്റെ കോമളക്കയ്യുമമർത്തുകൊ-​

ണ്ടൊ​ന്നി​ച്ചു ചു​റ്റി​ന​ട​ന്നി​രു​ന്നു.

കാ​ണി​ക​ളോർ​ത്തീ​ടു, മുൾ മയ​ങ്ങീ​ടിന

രാഗം സു​ഖി​ത​രാം നമ്മ​ളാ​ലേ

വേ​ളി​ക​ഴി​പ്പി​ച്ചി​തോ​മൽ​ശ്ശ​ര​ത്തി​നെ

ശ്രീ​ല​വ​സ​ന്ത​ത്തെ​ക്കൊ​ണ്ടെ​ന്നാ​യി.

നമ്മൾ നി​ഗൂ​ഢ​മാ​യ്പ്പാർ​ത്തു സം​തൃ​പ്ത​രാ​യ്,

വാ​തി​ലും കൊ​ട്ടി​യ​ട​ച്ചോ​രേ​ടം.

തി​ന്നു​വാൻ പാ​ടി​ല്ലാ​തു​ള്ളാ​പ്പ​ഴ​ത്തി​നെ,

നല്ല​നു​രാ​ഗ​ത്തൊ​ത്തൻ, വി​ഴു​ങ്ങി,

നി​ന്നു​ടെ​യു​ള്ളു​ടൻ കൈക്കൊണ്ടിടാത്തൊന്നു-​

മെ​ന്നു​ടെ ചു​ണ്ട​ന്നു മി​ണ്ടി​ട്ടീ​ല്ല.

‘സൊർ​ബൊ​ന്നി’ൽ വെ​ച്ചാ​ണ് കാ​ല​ത്തു​തൊ​ട്ടു ഞാ-

നന്തി​യോ​ളം നി​ന്നെ​യാ​രാ​ധി​ക്കൽ,

ലത്തീൻപ്രദേശത്തോടാമട്ടനുരക്ത-​

ചി​ത്ത​മാ​ത്മാ​വ​വ​കാ​ശ​ത്തെ​ക്കാ​ട്ടി,

നീ​യ്യ​പ്പു​തു​വ​സ​ന്തോ​പ​മ​മാം കുടി-

യ്ക്കു​ള്ളിൽ​വെ​ച്ചോ​മ​ന​ക്കാ​ലു​ക​ളിൽ

കീ​ഴ്ക്കാ​ലു​റ​ക​ളി​റ​ക്കു​മ്പോൾ​ക്ക​ണ്ടു ഞാൻ

നക്ഷ​ത്ര​മൊ​ന്നു മു​ക​ള​റ​യിൽ.

പ്ലേ​റ്റോ [1] വി​നെ​പ്പ​റ്റി​യെ​ത്ര​യോ വാ​യി​ച്ചു:

യാ​തൊ​ന്നു​മി​ല്ലി​പ്പോ​ളെ​ന്നോർ​മ്മ​യിൽ,

ധർമ്മോപദേഷ്ടാക്കളാകുമാരെക്കാളു-​

മെ​ന്മ​ന​സ്സി​ങ്ക​ല​മർ​ത്തി​ക്കാ​ട്ടി

നീ തന്നെ​യീ​ശ്വ​ര​കാ​രു​ണ്യ, മെന്നെനി-​

യ്ക്കാ​യി നീ നല്കിയ കൊ​ച്ചു​പൂ​വാൽ.

ഞാൻ നി​ന്റെ ചൊ​ല്പ​ടി നി​ന്നു, നീ നിന്നെത്താ-​

നെ​ന്നു​ടെ കൈ​യി​ലേ​ക്കാ​യർ​പ്പി​ച്ചു.

തങ്ക​പ്പൂ​ച്ചി​ട്ടു​ള്ള മേൽ​മ​ച്ചേ, ഹാ നിന്നെ-​

പ്പൂ​നാട കെ​ട്ടി​പ്പ​തെ​ന്തു ചന്തം!

കാ​ല​ത്തു​തൊ​ട്ടു നീ നി​ന്നു​ള്ളു​ടു​പ്പു​മാ​യ്

നി​ന്റെ പഴകിയ കണ്ണാ​ടി​യിൽ

താ​രു​ണ്യ​ത്തൂ​നെ​റ്റി നോക്കിയുംകൊണ്ടങ്ങു-​

മി​ങ്ങും നട​പ്പ​തു കണ്ടീ​ടാ​വൂ!

ആർ​ക്കു മറ​ന്നി​ടാം മുറ്റുമനുരാഗ-​

മോ​മ​ന​ഗ്ഗാ​ന​ത്തെ​ക്കൊ​ഞ്ചി​ടും​നാൾ,

പൂ​ക്ക​ളും പൂ​മ്പ​ട്ടു​മാ​കാ​ശ​വീ​ഥി​യും

നൽ​പ്പു​ലർ​വേ​ള​യു​മു​ള്ള കാലം?

നമ്മു​ടെ തോ​ട്ട​ങ്ങ​ള​ന്നു നാനാനിറ-​

പ്പൂ​ച്ചെ​ടി​ത്തൊ​ട്ടി​യൊ​ന്നാ​യി​രു​ന്നു,

നീ നിൻ​ജ​നാ​ല​യ്ക്കു മൂ​ടു​പ​ട​മി​ട്ടൂ

നി​ന്നു​ടെ പട്ടു​റ​വു​ക്ക​യാ​ലേ;

ഞാ​നൊ​രു മൺ​പി​ടി​പ്പാ​ത്ര​മെ​ടു​ത്തു നൽ-

‘ജ്ജാ​പ്പ​നീ​സ്’ക്ക​പ്പു നി​ന​ക്കു നല്കീ.

നമ്മെ​ച്ചി​രി​പ്പി​ച്ചൊ​ര​ന്ന​ത്തെ​ദ്ദുഃ​ഖ​ങ്ങൾ!

പൊ​ള്ളി നിൻകൈ! നി​ന്റെ പാ​മ്പു പോയീ!

അത്താ​ഴ​ത്തി​ന്നു നാം വി​റ്റൂ പ്രിയപ്പെട്ടൊ-​

രദ്ദി​വ്യൻ ഷേ​ക്സ്പി​യർ​തൻ പട​ത്തെ;

ഞാ​നൊ​രി​ര​പ്പാ​ളി, നീ ധർ​മ്മ​ശീ​ല​യും;

ഞാൻ നി​ന്നു​രു​ണ്ട കൈ​യു​മ്മ​വെ​ച്ചു.

ദാ​ന്തേ​മ​ഹാ​ഗ്ര​ന്ഥം മേ​ശ​യാ​ക്കീ നമ്മൾ

കാ​ശി​ന്റെ ചെ​സ്ന​ട്ടു വെ​ച്ചു തി​ന്നാൻ.

ആഹ്ലാ​ദ​പൂർ​ണ്ണ​മാ​മെ​ന്നു​ടെ പൊത്തിൽവെ-​

ച്ചാ​ദ്യ​മാ​യ്ച്ചു​ട്ട നിൻ​ചു​ണ്ടിൽ​നി​ന്നേ

ഞാ​നൊ​രു ചും​ബ​നം തട്ടി​യെ​ടു​ത്ത നാ-

ളാ​കെ​ത്ത​ല​മു​ടി ചി​ന്നി​പ്പാ​റി,

മു​റ്റും തു​ടു​ത്തു പോ​യ്പോ​യ്; വി​ളർ​ത്തു

ഞാ​നീ​ശ്വ​രൻ​ത​ന്നെ നമ​സ്ക​രി​ച്ചു

എണ്ണ​മി​ല്ലാ​സ്സു​ഖ​മോർ​മ്മ​യു​ണ്ടോ, തുണി-

ക്ക​ഷ്ണ​മാ​യ് മാറിയ പട്ടു​ത​ട്ടം

നമ്മുടെയുള്ളിൽനിന്നത്രയുമസ്വാസ്ഥ്യ-​

മാ​ണ്ടു​ള്ള ദീർ​ഗ്ഘ​നി​ശ്വാ​സ​മെ​ത്ര

ആഹന്ത! പാ​ടി​പ്പ​റ​ന്നു കട​ന്നു നേർ-

ക്കാ​കാ​ശ​ത്തി​ന്റെ​യ​ഗാ​ധ​ത​യിൽ!

സമയം, സ്ഥലം, ചെ​റു​പ്പ​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഈ സ്മ​ര​ണ​കൾ, ആകാ​ശ​ത്തിൽ മി​ന്നാൻ തു​ട​ങ്ങിയ ചുല നക്ഷ​ത്ര​ങ്ങൾ, ആ ഏകാ​ന്ത​വീ​ഥി​ക​ളി​ലെ ശ്മ​ശാന സം​ബ​ന്ധി​യായ നി​ശ്ശ​ബ്ദത, ഒരു​ങ്ങി​വ​രു​ന്ന നി​ഷ്ഠു​ര​സം​ഭ​വ​ത്തി​ന്റെ അനു​ല്ലം​ഘ്യത ഇവ, ഇരു​ട്ട​ത്തു​വെ​ച്ചു ഴാ​ങ്പ്രു​വേർ—ഞങ്ങൾ പറ​ഞ്ഞി​ട്ടു​ള്ള​തു​പോ​ലെ ഈയാൾ ഒരു സൗ​മ്യ​ക​വി​യാ​ണ്—പതു​ക്കെ പാടിയ ഈ കവി​ത​യ്ക്ക് ഒരു വ്യ​സ​ന​ക​ര​മായ മനോ​ഹ​ര​ത​യു​ണ്ടാ​ക്കി

ഈയി​ട​യ്ക്കു ചെറിയ വഴി​ക്കോ​ട്ട​യിൽ ഒരു വി​ള​ക്കു കൊ​ളു​ത്തി; നോ​ല്മ്പിൻ തലേ​ദി​വ​സം ല കുർ​ത്തി​ലി​ലേ​ക്കു നി​റ​ച്ചും പേ​മു​ഖ​ങ്ങ​ളോ​ടു​കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മുൻ​പു​റ​ത്തു കാ​ണാ​റു​ള്ള മെ​ഴു​ച്ചൂ​ട്ടു​ക​ളിൽ ഒന്നു വലി​യ​തി​ലും കൊ​ളു​ത്തി​ക്ക​ണ്ടു. വാ​യ​ന​ക്കാർ​ക്ക​റി​വു​ള്ള​വി​ധം ഈ ചൂ​ട്ടു​കൾ സാങ് ആന്ത്വാ​ങ്ങിൽ​നി​ന്നു വന്ന​വ​യാ​ണ്.

കാ​റ്റു​കൊ​ണ്ടു കെ​ടാ​തി​രി​പ്പാൻ മൂ​ന്നു ഭാ​ഗ​വും മു​ട്ടി​ച്ചു പടു​ത്ത ഒരു​ത​രം വി​രി​ക​ല്ലു​കൂ​ട്ടി​ലാ​ണ് ചൂ​ട്ടു വെ​ച്ചി​ട്ടു​ള്ള​ത്; അതി​ന്റെ നില, വെ​ളി​ച്ചം മു​ഴു​വ​നും കൊ​ടി​ക്കൂ​റ​മേൽ തട്ടു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു തെ​രു​വും വഴി​ക്കോ​ട്ട​യും ഇരു​ട്ടി​ലാ​ണ്ടി​ട്ടാ​ണ്, ഒരു കൂ​റ്റൻ ഇരു​ട്ടു​റാ​ന്തൽ​കൊ​ണ്ടെ​ന്ന​പോ​ലെ ഭയ​ങ്ക​ര​മാം​വി​ധം വെ​ളി​ച്ചം കൊ​ള്ളു​ന്ന ചു​ക​പ്പു​കൊ​ടി​യൊ​ഴി​കെ യാ​തൊ​ന്നും കാണാൻ വയ്യാ.

ഈ വെ​ളി​ച്ചം കൊ​ടി​യു​ടെ ചു​ക​പ്പു​നി​റ​ത്തി​നു വാ​ചാ​തീ​ത​വും ഭയ​ങ്ക​ര​വു​മായ ഒരു തു​ടു​പ്പു കൂ​ട്ടി

കു​റി​പ്പു​കൾ

[1] കാ​മ​സ്പർ​ശ​മി​ല്ലാ​തെ അനു​രാ​ഗ​മു​ണ്ടാ​വാ​മെ​ന്നു പ്ലേ​റ്റോ ഉപ​ദേ​ശി​ച്ചു അത്ത​രം വി​ശി​ഷ്ടാ​നു​മാ​ഗ​ത്തി​നു ‘പ്ലേ​റ്റോ അനു​രാ​ഗം’ എന്നു പേർ പറ​യു​ന്നു.

4.9.7
റ്യു ദെ ബി​ല്ലെ​ത്തിൽ​വെ​ച്ചു കൂടിയ പു​തു​ഭ​ടൻ

നല്ല​വ​ണ്ണം രാ​ത്രി​യാ​യി; വി​ശേ​ഷി​ച്ചു യാ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. ചില അസ്പ​ഷ്ട ശബ്ദ​ങ്ങൾ മാ​ത്രം കേൾ​ക്കാം; ഇട​യ്ക്കു കൂ​ട്ട​വെ​ടി​ക​ളും. പക്ഷേ, അവ ഇട​യ്ക്കും കു​റ​ച്ചു​നേ​ര​ത്തേ​ക്കും അക​ല​ത്തു​നി​ന്നും മാ​ത്ര​മാ​യി​രു​ന്നു. അത്ര​യും നീ​ണ്ടു​നി​ല്ക്കു​ന്ന ഈ താ​മ​സം​കൊ​ണ്ടു ഭര​ണാ​ധി​കാ​രി​കൾ ഇട​യെ​ടു​ക്കു​ക​യാ​ണെ​ന്നും സൈ​ന്യ​ങ്ങ​ളെ പതു​ക്കെ വി​ളി​ച്ചു​കൂ​ട്ടു​ക​യാ​ണെ​ന്നും വരു​ന്നു. അറു​പ​തി​നാ​യി​രം പേ​രു​ടെ വര​വി​നെ ഈ അമ്പ​തു​പേർ കാ​ത്തു​നി​ന്നു.

ഭയ​ങ്ക​ര​സം​ഭ​വ​ങ്ങ​ളു​ടെ ഉമ്മ​റ​ത്തു​വെ​ച്ചു ശക്ത​ങ്ങ​ളായ ആത്മാ​ക്ക​ളെ പി​ടി​കൂ​ടാ​റു​ള്ള ആ അക്ഷ​മത ആൻ​ഷൊൽ​രാ​യെ ബാ​ധി​ച്ചു. അയാൾ ഗവ്രോ​ഷി​നെ തി​ര​ഞ്ഞു ചെ​ന്നു; അവൻ കു​ടി​മു​റി​യിൽ, മേ​ശ​പ്പു​റ​ത്തെ​ല്ലാം വെ​ടി​മ​രു​ന്നാ​യ​തു​കൊ​ണ്ടു മുൻ​ക​രു​ത​ലോ​ടു​കൂ​ടി പണ​ത്ത​ട്ടി​ന്മേൽ കൊ​ളു​ത്തി​വെ​ച്ചി​രു​ന്ന രണ്ടു മെ​ഴു​തി​രി​ക​ളു​ടെ മങ്ങിയ വെ​ളി​ച്ച​ത്തു​വെ​ച്ചു, വെ​ടി​ത്തി​ര​യു​ണ്ടാ​ക്കു​ക​യാ​ണ്. ഈ രണ്ടു മെ​ഴു​തി​രി​കൾ പു​റ​ത്തേ​ക്കു വെ​ളി​ച്ചം കാ​ണി​ച്ചി​രു​ന്നി​ല്ല. എന്ന​ല്ല മു​കൾ​നി​ല​യി​ലെ​ങ്ങും വെ​ളി​ച്ച​മി​ല്ലാ​തി​രി​ക്കാൻ ലഹ​ള​ക്കാർ നി​ഷ്കർ​ച്ചി​രു​ന്നു​താ​നും.

ആ സമ​യ​ത്തു ഗവ്രോ​ഷ് അധി​ക​വും മു​ങ്ങി​യി​രു​ന്ന​ത് ആലോ​ച​ന​യി​ലാ​ണ്; വെ​ടി​ത്തി​ര​ക​ളു​ണ്ടാ​ക്കു​ന്ന പണി​യി​ല​ല്ല. റ്യു ദെ ബി​ല്ലെ​ത്തിൽ​വെ​ച്ചു കണ്ട ആൾ ആ സമ​യ​ത്തു കു​ടി​മു​റി​യി​ലേ​ക്കു കട​ന്നു​വ​ന്നു മേ​ശ​യ്ക്ക​ടു​ക്കൽ ഏറ്റ​വും വെ​ളി​ച്ചം കു​റ​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടി. വലു​പ്പ​മേ​റിയ ഒരു തോ​ക്ക് അയാൾ​ക്കും പങ്കി​ട്ട​തിൽ കി​ട്ടി​യി​രു​ന്നു; അതയാൾ കാ​ലി​ന്ന​ടി​യിൽ ഇറു​ക്കി​പ്പി​ടി​ച്ചി​ട്ടു​ണ്ട്, അതേ​വ​രെ ഒരു​നൂ​റു​നേ​രം​പോ​ക്കു​ക​ളെ​പ്പ​റ്റി മനോ​രാ​ജ്യം വി​ചാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഗവ്രോ​ഷ് ഈ മനു​ഷ്യ​നെ കണ്ടി​ല്ല.

അയാൾ അക​ത്തേ​ക്കു കടന്ന ഉടനെ, ഗവ്രോ​ഷ്, അയാ​ളു​ടെ തോ​ക്കി​നെ അഭി​ന​ന്ദി​ച്ചു​കൊ​ണ്ട്, ഒരു പാ​വ​പോ​ലെ, അങ്ങോ​ട്ടു​ത​ന്നെ നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു; പി​ന്നീ​ടു പെ​ട്ടെ​ന്ന്, ആ മനു​ഷ്യൻ ഇരു​ന്ന​പ്പോൾ, തെ​രു​വു​തെ​ണ്ടി ഒരു ഞെ​ട്ടൽ ഞെ​ട്ടി. ആ നി​മി​ഷം​വ​രെ ആ മനു​ഷ്യ​ന്റെ മട്ടു​കൾ നോ​ക്കി​ക്കാ​ണു​ന്ന ആൾ, അയാൾ വഴി​ക്കോ​ട്ട​യി​ലും ലഹ​ള​ക്കാ​രു​ടെ സം​ഘ​ത്തി​ലു​മു​ള്ള സക​ല​വും അത്യ​ധി​കം നി​ഷ്കർ​ഷ​യോ​ടു​കൂ​ടി നോ​ക്കി​പ്പ​ഠി​ക്ക​യാ​യി​രു​ന്നു എന്നു കണ്ടി​രി​ക്ക​ണം; പക്ഷേ, ആ മു​റി​യി​ലേ​ക്കു കടന്ന ഉടനെ അയാൾ ഒരു​ത​രം ധ്യാ​ന​ത്തിൽ​പ്പെ​ട്ടു; യാ​തൊ​ന്നും കാ​ണാ​തെ​യാ​യി. തെ​മ്മാ​ടി​ച്ചെ​ക്കൻ ആ മനോ​രാ​ജ്യ​ക്കാ​ര​ന്റെ അടു​ത്തു ചെ​ന്ന്, ഉണർ​ത്ത​പ്പെ​ട്ടു​പോ​യെ​ങ്കി​ലോ എന്നു ഭയ​മു​ള്ള ഒരാ​ളു​ടെ അടു​ത്തു നട​ക്കു​ന്ന​തു​പോ​ലെ, പെ​രു​വി​രൽ​മാ​ത്രം നി​ലം​തൊ​ടു​വി​ച്ചു​കൊ​ണ്ട് അയാ​ളു​ടെ നാ​ലു​ഭാ​ഗ​വും നട​ക്കാൻ തു​ട​ങ്ങി. ആ സമ​യ​ത്തു​ത​ന്നെ, അത്ര​യും ധൃ​ഷ്ട​വും സഗൗ​ര​വ​വും, അത്ര​യും ചപ​ല​വും അഗാ​ധ​വും, അത്ര​യും സാ​ഹ്ലാ​ദ​വും ഹൃ​ദ​യ​ഭേ​ദ​ക​വു​മായ അവ​ന്റെ ബാ​ല​ക​മു​ഖ​ത്ത് ഈ വി​ചാ​ര​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്ന ഒരു വൃ​ദ്ധ​ന്റെ എല്ലാ ഭാ​വ​വൈ​ല​ക്ഷ​ണ്യ​ങ്ങ​ളും പ്ര​കാ​ശി​ച്ചു— ഹാ, ഹാ! അതു വരാൻ വയ്യാ! എന്റെ നോ​ട്ടം തെ​റ്റി! ഞാൻ സ്വ​പ്നം കാ​ണു​ക​യാ​ണ്! അങ്ങ​നെ വരുമോ? ഇല്ല, അതി​ല്ല! പക്ഷേ, അതേ! എയ്, അല്ല! മറ്റും മറ്റും. ഗവ്രോ​ഷ് കാൽ​മ​ട​മ്പു​ക​ളിൽ കു​ന്തി​ച്ചു നി​ന്നു, രണ്ടു കൈ​മു​ഷ്ടി​ക​ളും കീ​ശ​യിൽ മു​റു​ക്കി​ത്തി​രു​കി, ഒരു പക്ഷി​യെ​പ്പോ​ലെ കഴു​ത്തു തി​രി​ച്ചു, തന്റെ ചു​വ​ട്ടി​ലെ ചു​ണ്ടി​നു​ള്ള ചതുരത മു​ഴു​വ​നും ഒരു കൂ​റ്റൻ കി​ണു​ങ്ങ​ലിൽ ചെ​ല​വാ​ക്കി, അവൻ അമ്പ​ര​ന്നു, പരി​ഭ്ര​മി​ച്ചു, സം​ശ​യ​ത്തി​ലാ​യി, ഉറ​ച്ചു​ക​ഴി​ഞ്ഞു, പക​ച്ചു​പോ​യി. അടി​മ​ച്ച​ന്ത​യി​ലു​ള്ള ഒരു പരു​ക്കൻ​സ്ത്രീ​യിൽ സൗ​ന്ദ​ര്യ​ദേ​വ​ത​യെ കണ്ടു​മു​ട്ടിയ ഒരു നപും​സ​ക​പ്ര​മാ​ണി​യു​ടെ മു​ഖ​ഭാ​വ​വും, പൂ​ച്ചു​സാ​മാ​ന​ക്കു​ന്നു​കൾ​ക്കു​ള്ളിൽ രഫേ​ലി​നെ കണ്ട​റി​ഞ്ഞ ഒരു ചി​ത്ര​കാ​രൻ​കു​ട്ടി​യു​ടെ മട്ടും അവ​ന്നു​ണ്ടാ​യി. മണ​ത്ത​റി​യാൻ ശക്തി​യു​ള്ള തി​ര്യ​ഗ്ബു​ദ്ധി​യും, കൂ​ട്ടി​യോ​ജി​പ്പി​ക്കാൻ ത്രാ​ണി​യു​ള്ള മനു​ഷ്യ​ബു​ദ്ധി​യും, അവ​നി​ലു​ള്ള​തു രണ്ടും, പ്ര​വർ​ത്തി​ക്കു​ക​യാ​യി, ഗവ്രോ​ഷി​ന്റെ ജീ​വി​ത​ത്തിൽ ഒരു മഹ​ത്തായ സംഭവം വന്നു എന്നു തീർ​ച്ച​യാ​ണ്.

ഈ ആലോ​ച​ന​യു​ടെ മൂർ​ദ്ധ​ന്യ​ത്തി​ലാ​ണ് ആൻ​ഷൊൽ​രാ അവനെ വി​ളി​ക്കാൻ ചെ​ന്ന​ത്.

‘നി​ങ്ങൾ കു​ട്ടി​യാ​ണ്,’ ആൻ​ഷൊൽ​രാ പറ​ഞ്ഞു, ‘നി​ങ്ങ​ളെ ആരും കാ​ണി​ല്ല. വഴി​ക്കോ​ട്ട കട​ന്നു​പോ​യി, വീ​ട്ടോ​ര​ങ്ങ​ളി​ലൂ​ടേ ഉപാ​യ​ത്തിൽ​ച്ചെ​ന്നു, തെ​രു​വീ​ഥി​ക​ളിൽ പതി​യി​രു​ന്ന്, എന്താ​ണ് നട​ക്കു​ന്ന​തെ​ന്ന് എന്നോ​ടു വന്നു പറയു.’

ഗവ്രോ​ഷ് നി​ന്ന​നി​ല​യിൽ ഒരു പൊ​ന്തൽ പൊ​ന്തി.

‘അപ്പോൾ ചെ​ക്ക​ന്മാ​രെ​ക്കൊ​ണ്ടും ചില പ്ര​യോ​ജ​ന​മു​ണ്ട്! അതു ഭാ​ഗ്യം തന്നെ! ഞാൻ പോവാം! കൂ​ട്ട​ത്തിൽ​പ്പ​റ​യ​ട്ടെ, കു​ട്ടി​ക​ളെ വി​ശ്വ​സി​ച്ചോ​ളൂ; വലി​യ​വ​രെ വി​ശ്വ​സി​ക്ക​രു​ത്.’ ഉടനെ ഗവ്രോ​ഷ് തല പൊ​ന്തി​ച്ച്, ഒച്ച താ​ഴ്ത്തി, റ്യു ദെ ബി​ല്ലെ​ത്തി​ലെ ആളെ ചൂ​ണ്ടി​ക്കാ​ണി​ച്ചു, തു​ടർ​ന്നു പറ​ഞ്ഞു; ‘ആ ഇരി​ക്കു​ന്ന കൂ​റ്റ​നെ കണ്ട​വോ?’

‘എന്നി​ട്ട്?’

‘അയാൾ ഒരു പൊ​ല്ലി​സ്സൊ​റ്റു​കാ​ര​നാ​ണ്.’

‘തീർ​ച്ച​യു​ണ്ടോ?’

‘രണ്ടാ​ഴ്ച​യേ ആയു​ള്ളു, ഞാൻ പൊർ​ത്റോ​യ​ലി​ലെ മു​ക്കിൽ കാ​റ്റു കൊ​ള്ളു​മ്പോൾ അയാൾ എന്റെ ചെവി പി​ടി​ച്ചു പൊ​ന്തി​ച്ചി​ട്ട്.’

ആൻ​ഷൊൽ​രാ ഉടനെ ആ തെ​മ്മാ​ടി​ച്ചെ​ക്ക​ന്റെ അടു​ക്കൽ​നി​ന്നു പോയി, വീ​ഞ്ഞു​ക​ല​വ​റ​യിൽ ആദ്യം കണ്ടെ​ത്തിയ ഒരു ചു​മ​ട്ടു​കാ​ര​നോ​ടു നന്നേ താ​ഴ്‌​ന്ന​സ്വ​ര​ത്തിൽ എന്തോ മന്ത്രി​ച്ചു. ആ മനു​ഷ്യൻ ഉടനെ അവി​ടെ​നി​ന്നു പോയി, വേറെ മൂ​ന്നു​പേ​രെ​യും കൂ​ട്ടി തി​രി​ച്ചെ​ത്തി. ആ നാ​ലു​പേ​രും, പരന്ന ചു​മ​ലു​ക​ളോ​ടു​കൂ​ടിയ ആ നാലു കാ​വു​കാ​രും, കൂ​ടി​ച്ചെ​ന്നു റ്യു ദെ ബി​ല്ലെ​ത്തി​ലെ ആൾ കൈ​മു​ട്ടും കു​ത്തി തല താ​ഴ്ത്തി​യി​രി​ക്കു​ന്ന മേ​ശ​യ്ക്കു പി​ന്നി​ലാ​യി, ആ മനു​ഷ്യ​ന്റെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന യാ​തൊ​ന്നും കാ​ണി​ക്കാ​തെ നി​ല​ക്കൊ​ണ്ടു. അയാ​ളു​ടെ മേ​ലേ​ക്ക് ഒര​ടി​യാ​യി പാ​ഞ്ഞു​വീ​ഴാൻ നാ​ലു​പേ​രും തയ്യാ​റാ​യി.

ഉടനെ ആൻ​ഷൊൽ​രാ ആ മനു​ഷ്യ​ന്റെ അടു​ക്ക​ലേ​ക്കു ചെ​ന്ന് അയാ​ളോ​ടു കല്പി​ച്ചു ചോ​ദി​ച്ചു: ‘നി​ങ്ങ​ളാ​രാ​ണ്?’

അപ്ര​തീ​ക്ഷി​ത​മായ ഈ ചോ​ദ്യം കേ​ട്ട് ആ മനു​ഷ്യൻ ഞെ​ട്ടി​പ്പോ​യി. അയാൾ ആൻ​ഷൊൽ​രാ​യു​ടെ തെ​ളി​ഞ്ഞ ദൃ​ഷ്ടി​ക​ളി​ലേ​ക്കു തന്റെ നോ​ട്ട​ത്തെ ആഴ്ത്തി​പ്പ​തി​പ്പി​ച്ചു; അതി​ലു​ള്ള കാ​ര്യം ഇന്ന​തെ​ന്നു മന​സ്സി​ലാ​ക്കി​യെ​ന്നു തോ​ന്നു​ന്നു. ഒന്നു പു​ഞ്ചി​രി​യി​ട്ടു—ആ പു​ഞ്ചി​രി​യെ​ക്കാൾ പു​ച്ഛം നി​റ​ഞ്ഞ​തും ചു​റു​ചു​റു​ക്കു കൂ​ടി​യ​തും നി​ശ്ച​യ​ദാർ​ഢ്യം കാ​ണി​ക്കു​ന്ന​തു​മായ മറ്റൊ​ന്നും ഭൂ​മി​യി​ലു​ണ്ടാ​വാൻ വയ്യാ; എന്നി​ട്ട് അഭി​മാ​ന​മ​യ​മായ ഗൗ​ര​വ​ത്തോ​ടേ മറു​പ​ടി പറ​ഞ്ഞു: ‘എനി​ക്കു കാ​ര്യം മന​സ്സി​ലാ​യി, ആവ​ട്ടെ, ശരി!’

‘നി​ങ്ങൾ ഒരു പൊ​ല്ലീ​സ്സൊ​റ്റു​കാ​ര​നാ​ണ്, അല്ലേ?’

‘ഞാൻ ഭര​ണാ​ധി​കാ​രി​ക​ളു​ടെ ഒരാ​ളാ​ണ്.’

‘പേര്?’

‘ഴാവേർ.’

ആൻ​ഷൊൽ​രാ ആ നാ​ലു​പേ​രോ​ട് ഒരാം​ഗ്യം കാ​ണി​ച്ചു. ഒരു ഞൊ​ടി​യി​ട​കൊ​ണ്ട്, ഴാ​വേർ​ക്ക് ഒന്നു തി​രി​യു​വാൻ ഇട കി​ട്ടു​ന്ന​തി​നു​മുൻ​പാ​യി, അവർ അയാളെ കഴു​ത്തു​പ​ട്ട​മേൽ​പ്പി​ടി​കൂ​ടി. തട്ടി​മ​റി​ച്ചി​ട്ടു, കൈകാൽ പി​ടി​ച്ച​മർ​ത്തി ദേ​ഹ​പ​രീ​ക്ഷ​ണം കഴി​ച്ചു.

രണ്ടു ചി​ല്ലു​ക​ഷ്ണ​ത്തി​ന്മേൽ പശ​വെ​ച്ചൊ​ട്ടി​ച്ച​തും ഒരു പു​റ​ത്തു ഫ്രാൻ​സി​ന്റെ ഭര​ണ​മു​ദ്ര കൊ​ത്തി മേൽ​നോ​ട്ട​വും കാ​വ​ലും എന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടു​കൂ​ടി​യ​തും, മറു​ഭാ​ഗ​ത്തു ‘ഴാവേർ പൊ​ല്ലീ​സ്സിൻ​സ്പെ​ക്ടർ, വയ​സ്സ് 55’ എന്ന കു​റി​പ്പും അന്ന​ത്തെ പൊ​ല്ലീ​സ് സൈ​ന്യാ​ധ്യ​ക്ഷ​നായ മൊ​സ്യു ഗി​സ്കെ​യു​ടെ ഒപ്പു​മു​ള്ള​തു​മായ ഒരു ചെറിയ വട്ട​ക്കാർ​ഡ് അവർ അയാ​ളു​ടെ പക്കൽ കണ്ടു.

ഇതി​നു​പു​റ​മേ ഗഡി​യാ​ളും അസം​ഖ്യം സ്വർ​ണ്ണ​നാ​ണ്യ​ങ്ങ​ളു​ള്ള പണ​സ്സ​ഞ്ചി​യു​മു​ണ്ടാ​യി​രു​ന്നു. പണ​സ്സ​ഞ്ചി​യും ഗഡി​യാ​ളും അവർ അയാൾ​ക്കു​ത​ന്നെ കൊ​ടു​ത്തു. ഗഡി​യാൾ​ക്കീ​ശ​യു​ടെ അടി​യിൽ ഗഡി​യാ​ളി​നു ചു​വ​ട്ടിൽ അവർ തപ്പി​നോ​ക്കി, ഒരു ലക്കോ​ട്ടി​നു​ള്ളിൽ ഒരു കട​ലാ​സ്സു കണ്ടു, പു​റ​ത്തേ​ക്കെ​ടു​ത്തു. അത് ആൻ​ഷൊൽ​രാ നി​വർ​ത്തി​നോ​ക്കി; അതിൽ പൊ​ല്ലീ​സ് സൈ​ന്യാ​ധ്യ​ക്ഷ​ന്റെ കൈ​യ​ക്ഷ​ര​ത്തിൽ​ത്ത​ന്നെ ഈ നാലു വരി എഴു​തി​യി​ട്ടു​ണ്ട്

‘രാ​ഷ്ട്രീ​യ​പ്ര​വൃ​ത്തി കഴി​ഞ്ഞാൽ ഇൻ​സ്പെ​ക്ടർ ഴാവേർ സവി​ശേ​ഷ​മാ​യി പരി​ശോ​ധി​ച്ചു സയിൻ​ന​ദി​യു​ടെ വല​ത്തു​വ​ശ​ത്തു ഴെനാ പാ​ല​ത്തി​ന​ടു​ക്കൽ രാ​ജ​ദ്രോ​ഹി​കൾ ചില കള്ള​പ്പ​ണി​കൾ ഏർ​പ്പെ​ടു​ത്തി​വെ​ച്ചി​ട്ടു​ള്ള​തു വാ​സ്ത​വ​മാ​ണോ എന്ന​റി​യ​ണം.’

പരീ​ക്ഷ​ണം കഴി​ഞ്ഞ് അവർ ഴാ​വേ​റെ എഴു​ന്നേ​ല്പി​ച്ചു നിർ​ത്തി, കൈ രണ്ടും പി​ടി​ച്ചു പി​ന്നോ​ക്കം കെ​ട്ടി, വീ​ഞ്ഞു​ക​ട​യ്ക്കു പണ്ട് അതി​ന്റെ പേർ സമ്പാ​ദി​ച്ചു കൊ​ടു​ത്ത ആ പ്ര​സി​ദ്ധ​സ്തം​ഭ​ത്തോ​ട് അയാളെ മു​റു​ക്കി​ക്കെ​ട്ടി​യി​ട്ടു.

ഇതെ​ല്ലാം നോ​ക്കി​ക്കാ​ണു​ക​യും നി​ശ്ശ​ബ്ദ​മാ​യി തല​യൊ​ന്നി​ള​ക്കി സക​ല​വും അഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഗവ്രോ​ഷ് ഉടനെ ഴാ​വേ​രു​ടെ അടു​ക്ക​ലേ​ക്കു ചെ​ന്നു പറ​ഞ്ഞു: ‘പൂ​ച്ച​യെ പി​ടി​ച്ച​ത് എലി​യാ​ണ്.’

വീ​ഞ്ഞു​ക​ട​യി​ലു​ള്ള മറ്റു പേർ അറി​യു​മ്പോ​ഴേ​ക്ക് സക​ല​വും കഴി​യു​മാ​റ് അത്ര​യും ജാ​ഗ്ര​ത​യോ​ടു​കൂ​ടി ഇതെ​ല്ലാം നട​ന്നു.

ഴാവേർ ഒരു ശബ്ദ​വും പു​റ​പ്പെ​ടു​വി​ച്ചി​ല്ല.

ഴാ​വേ​റെ തൂ​ണി​നോ​ടു കൂ​ട്ടി​ക്കെ​ട്ടി​യി​ടു​ന്ന​തു കണ്ടു കുർ​ഫെ​രാ​ക്കും ബൊ​സ്സ്വെ​യും ഴൊ​ലി​യും കൊം​ബ്ഫേ​രും രണ്ടു വഴി​ക്കോ​ട്ട​ക​ളി​ലും അവി​ട​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആളു​ക​ളു​മെ​ല്ലാം പാ​ഞ്ഞെ​ത്തി.

തൂ​ണി​ന്മേ​ല്ക്കു പു​റം​ചേർ​ന്നും ഒന്ന​ന​ങ്ങാൻ​പോ​ലും വയ്യാ​ത്ത​വി​ധം കയ​റു​കൊ​ണ്ടു വരി​യ​പ്പെ​ട്ടും നി​ല്ക്കു​ന്ന ഴാവേർ ഒരി​ക്ക​ലും നു​ണ​പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത ഒരു മനു​ഷ്യ​ന്റെ നിർ​ഭ​യ​മായ ഗം​ഭീ​ര​ത​യോ​ടു​കൂ​ടി തല​യു​യർ​ത്തി.

‘ഈയാൾ ഒരു പൊ​ല്ലീ​സ്സൊ​റ്റു​കാ​ര​നാ​ണ്,’ ആൻ​ഷൊൽ​രാ പറ​ഞ്ഞു. ഴാ​വേ​രു​ടെ നേർ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടു: ‘വഴി​ക്കോ​ട്ട പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു പത്തു​മി​നു​ട്ടു മുൻപു നി​ങ്ങ​ളെ വെ​ടി​വ​യ്ക്കു​ന്ന​താ​ണ്.’

ഴാവേർ തന്റെ ഏറ്റ​വു​മ​ധി​കം അഭി​മാ​ന​മു​ള്ള സ്വ​ര​ത്തിൽ മറു​പ​ടി പറ​ഞ്ഞു: ‘എന്തു​കൊ​ണ്ട് ഇപ്പോൾ​ത്ത​ന്നെ വയ്യാ?’

‘ഞങ്ങൾ വെ​ടി​മ​രു​ന്നു ലാഭം പി​ടി​ക്കു​ക​യാ​ണ്.’

‘എന്നാൽ ഒരു കത്തി​കൊ​ണ്ടു കഥ​ക​ഴി​ച്ചു​കൂ​ടേ?’

‘ഹേ, ഒറ്റു​കാ​രാ,’ സു​ഭ​ഗ​നായ ആൻ​ഷൊൽ​രാ പറ​ഞ്ഞു, ‘ഞങ്ങൾ നീ​തി​ന്യാ​യാ​ധി​പ​ന്മാ​രാ​ണ്, കൊ​ല​പാ​ത​കി​ക​ള​ല്ല.’

എന്നി​ട്ട് അയാൾ ഗവ്രോ​ഷി​നെ വി​ളി​ച്ചു: ‘ഇതാ, നോ​ക്കൂ, പോയി കാ​ര്യം നോ​ക്കൂ! ഞാൻ പറ​ഞ്ഞ​തു ചെ​യ്തു​വ​രൂ.’

‘ഞാൻ പോ​ക​യാ​യി!’ ഗവ്രോ​ഷ് ഉച്ച​ത്തിൽ പറ​ഞ്ഞു.

പു​റ​പ്പെ​ട്ടി​റ​ങ്ങി, ഉട​നെ​ത്ത​ന്നെ അവൻ ഇങ്ങ​നെ പറയാൻ നി​ന്നു: ‘കൂ​ട്ട​ത്തിൽ​ച്ചോ​ദി​ക്ക​ട്ടെ, എനി​ക്ക​യാ​ളു​ടെ തോ​ക്കു തരാമോ?’ അവൻ തു​ടർ​ന്നു: ‘ഭാ​ഗ​വ​ത​രെ ഞാൻ നി​ങ്ങൾ​ക്കു തന്നു, തം​ബു​രു എനി​ക്കു കി​ട്ട​ണം.’

തെ​മ്മാ​ടി​ച്ചെ​ക്കൻ ഒരു പട്ടാ​ള​സ്സ​ലാം വെ​ച്ചു, വലിയ വഴി​ക്കോ​ട്ട​യു​ടെ പഴു​തി​ലൂ​ടെ ആഹ്ലാ​ദ​പൂർ​വ്വം ഒരു നട കൊ​ടു​ത്തു.

4.9.8
ല് കബുക് എന്നു പേ​രാ​വ​ണ​മെ​ന്നി​ല്ലാ​ത്ത ഒരു ല് കബു​ക്കി​നെ​സ്സം​ബ​ന്ധി​ച്ചു പല ചോ​ദ്യ​ങ്ങൾ

ഗവ്രോ​ഷ് പോയ ഉട​നെ​ത്ത​ന്നെ​യു​ണ്ടായ ആ കാ​വ്യ​സം​ബ​ന്ധി​യും പൈ​ശാ​ചി​ക​വു​മായ ഭയ​ങ്ക​ര​ത​കൊ​ണ്ടു നി​റ​ഞ്ഞ സംഭവം ഇവിടെ കൊ​ടു​ത്തു​വ​രു​ന്ന വി​വ​ര​ണ​ത്തിൽ ചേർ​ക്കാ​തെ വി​ടു​ന്ന​പ​ക്ഷം ഞങ്ങൾ എഴു​തി​വ​രു​ന്ന ചി​ത്രം മു​ഴു​വ​നാ​കാ​തെ പോ​വു​ക​യും വേ​ദ​ന​യോ​ടും മു​ക്ക​ലോ​ടും കൂടിയ ഒരു ഭര​ണ​പ​രി​വർ​ത്തന പ്ര​സ​വ​ത്തി​ലെ സാ​മു​ദാ​യി​ക​ങ്ങ​ളായ ഈറ്റു​നോ​വു​കൾ ശരി​യാ​യും വാ​സ്ത​വ​മാ​യു​മു​ള്ള വി​ധ​ത്തിൽ വാ​യ​ന​ക്കാർ ഗ്ര​ഹി​ക്കാ​തെ​പോ​വു​ക​യും ചെ​യ്യും.

വാ​യ​ന​ക്കാർ​ക്ക​റി​വു​ള്ള​വി​ധം പൊ​തു​ജ​ന​ക്കൂ​ട്ട​ങ്ങൾ ആലി​പ്പ​ഴം​പോ​ലെ​യാ​ണ്; ഉരു​ണ്ടു​രു​ണ്ട് പോ​കു​ന്ന​തോ​ടു​കൂ​ടി ഒരു​കൂ​ട്ടം ലഹ​ള​ക്കാ​രെ അതൊ​രു​മി​ച്ചു കൂ​ട്ടു​ന്നു. എവി​ടു​ന്നു വരു​ന്നു എന്ന് ആരും അന്യോ​ന്യം ചോ​ദി​ക്കാ​റി​ല്ല. ആൻ​ഷൊൽ​രാ​യും കൊം​ബ്ഫേ​രും കുർ​ഫെ​രാ​ക്കും കൂടി കൊ​ണ്ടു​പോ​കു​ന്ന ലഹ​ള​സ്സം​ഘ​ത്തിൽ എത്തി​ക്കൂ​ടിയ വഴി​പോ​ക്ക​രു​ടെ കൂ​ട്ട​ത്തിൽ. ചു​മ​ലിൽ വെ​ച്ചു പി​ഞ്ഞി​പ്പൊ​ളി​ഞ്ഞ ഒരു ചു​മ​ട്ടു​കാ​രൻ​കു​പ്പാ​യ​മി​ട്ട് ആം​ഗ്യം കാ​ണി​ച്ചു​കൊ​ണ്ടും കൂ​ക്കി​വി​ളി​ച്ചു കൊ​ണ്ടും ഒരു കു​ടി​യൻ​കാ​ട​ന്റെ മട്ടു​ള്ള ഒരു സത്ത്വ​വു​മു​ണ്ടാ​യി​രു​ന്നു. പേരോ ശകാ​ര​പ്പേ​രോ ല് കബുക് എന്നാ​യി​രു​ന്ന ആളും അറി​യു​മെ​ന്നു നടി​ക്കു​ന്ന​വർ​ക്കു കൂടി തി​ക​ച്ചും അപ​രി​ചി​ത​നു​മായ ഈ മനു​ഷ്യ​ന്നു കു​ടി​ച്ചി​ട്ടു ലേ​ശ​മെ​ങ്കി​ലും തന്റേ​ട​മി​ല്ല; അല്ലെ​ങ്കിൽ അങ്ങ​നെ​യാ​യി​രു​ന്നു അയാ​ളു​ടെ നാ​ട്യം; അയാൾ മറ്റു പലരും കൂടി വീ​ഞ്ഞു​ക​ട​യിൽ​നി​ന്നു പു​റ​ത്തേ​ക്കു വലി​ച്ചു​കൊ​ണ്ടു​വ​ന്നി​ട്ടി​രു​ന്ന ഒരു മേ​ശ​യ്ക്ക​ടു​ക്ക​ലാ​യി ഇരി​ക്കു​ക​യാ​ണ്. ഈ കബുക് തന്നോ​ടു തി​ര​ക്കാൻ നിന്ന സർ​വ്വ​രേ​യും കു​ടി​ച്ചു തന്റേ​ടം മറ​പ്പി​ക്കു​ന്ന​തോ​ടു​കൂ​ടി, വഴി​ക്കോ​ട്ട​യു​ടെ അങ്ങേ അറ്റ​ത്തു തെ​രു​വു മു​ഴു​വ​നും കീ​ഴ​ട​ക്കു​മാ​റ് അഞ്ചു നി​ല​യു​യ​ര​ത്തിൽ പൊ​ങ്ങി റ്യു സാ​ങ്ദെ​നി​ക്ക​ഭി​മു​ഖ​മാ​യി നി​ല്ക്കു​ന്ന ആ വലിയ വീട് ഒരാ​ലോ​ച​ന​യോ​ടു​കൂ​ടി നോ​ക്കി​ക്കാ​ണു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അയാൾ ഉച്ച​ത്തിൽ പറ​ഞ്ഞു: ‘ഹേ, ചങ്ങാ​തി​മാ​രേ, ആ കാ​ണു​ന്ന വീ​ട്ടിൽ നമ്മൾ ജനാ​ല​യ്ക്കൽ നി​ന്നാൽ പി​ന്നെ തെ​രു​വി​ലൂ​ടെ ഒരാൾ കാ​ലെ​ടു​ത്തു കു​ത്തു​ന്ന​തു കാ​ണാ​മ​ല്ലോ!

‘ശരി, പക്ഷേ, വീ​ട​ട​ച്ചി​ട്ടി​രി​ക്കു​ന്നു.’ കു​ടി​യ​ന്മാ​രിൽ ഒരാൾ പറ​ഞ്ഞു.

‘നമു​ക്കു മു​ട്ടി​വി​ളി​ക്കുക!’

‘അവർ വാതിൽ തു​റ​ക്കി​ല്ല.’

‘നമു​ക്കു വാതിൽ ഇടി​ച്ചു തു​റ​ക്കുക!’

ല് കബുക് വാ​തി​ല്ക്ക​ലേ​ക്കു പാ​ഞ്ഞു—ഒരു പെ​രും​കൂ​റ്റൻ ദ്വാ​ര​താ​ഡ​നി​യാ​ണ് അതി​ന്നു​ള്ള​ത്, അയാൾ അതു പി​ടി​ച്ചു മു​ട്ടി. വാതിൽ തു​റ​ന്നി​ല്ല. അയാൾ രണ്ടാ​മ​തും മു​ട്ടി​വി​ളി​ച്ചു. മറു​പ​ടി​യി​ല്ല. മൂ​ന്നാ​മ​തും അതേ നി​ശ്ശ​ബ്ദത.

‘ഇവിടെ ആരെ​ങ്കി​ലു​മു​ണ്ടോ?’ കബുക് വി​ളി​ച്ചു ചോ​ദി​ച്ചു.

ഒര​ന​ക്ക​വു​മി​ല്ല.

ഉടനെ അയാൾ ഒരു തോ​ക്കെ​ടു​ത്തു, ചട്ട​കൊ​ണ്ടു വാതിൽ ഇടി​ച്ചു​പൊ​ളി​ക്കു​ക​യാ​യി അത് ഉയരം കു​റ​ഞ്ഞു, കമാ​നാ​കൃ​തി​യിൽ, ഇടു​ങ്ങി, കന​ത്തിൽ, ഓക്കു​മ​രം കൊ​ണ്ട്, അക​ത്ത് ഒരി​രു​മ്പു​വാ​റോ​ടും ഇരി​മ്പു​താ​ങ്ങു​ക​ളോ​ടും​കൂ​ടി, ഒരെ​ണ്ണം പറഞ്ഞ കാ​രാ​ഗൃ​ഹ​പ്പിൻ​വാ​തി​ലായ ഒരു പഴയ നട​വാ​തി​ലാ​ണ്. തോ​ക്കിൻ​ച​ട്ട​കൊ​ണ്ടു​ള്ള ഇടി​കൊ​ണ്ടു വാതിൽ കു​ലു​ങ്ങി; പക്ഷേ, ഇള​കി​യി​ല്ല.

എന്താ​യാ​ലും അതിൽ താ​മ​സി​ക്കു​ന്ന​വർ ഭയ​പ്പെ​ട്ടി​രി​ക്ക​ണം; എന്തു​കൊ​ണ്ടെ​ന്നാൽ, മൂ​ന്നാം​നി​ല​യി​ലു​ള്ള ഒരു ചെറിയ ചതു​ര​ജ്ജ​നാല തു​റ​ന്നു; വന്ദ്യ​വും ഭയ​പൂർ​ണ്ണ​വു​മായ ഒരു നരച്ച കി​ഴ​വൻ​തല ആ പഴു​തിൽ ആവിർ​ഭ​വി​ച്ചു; ആ മനു​ഷ്യൻ വാ​തി​ല്ക്കാ​വ​ല്ക്കാ​ര​നാ​ണ്; അയാൾ ഒരു മെ​ഴു​തി​രി പി​ടി​ച്ചി​ട്ടു​ണ്ട്.

വാ​തി​ല്ക്കൽ മു​ട്ടി​യി​രു​ന്ന ആൾ വിളി നിർ​ത്തി.

‘മാ​ന്യ​രേ!’ വാ​തി​ല്ക്കാ​വ​ല്ക്കാ​രൻ ചോ​ദി​ച്ചു: ‘നി​ങ്ങൾ​ക്കെ​ന്തു വേണം?’

‘തു​റ​ക്കൂ!’ കബുക് പറ​ഞ്ഞു.

‘മാ​ന്യ​ന്മാ​രേ, അതിനു നി​വൃ​ത്തി​യി​ല്ല.’

‘എന്താ​യാ​ലും തു​റ​ക്കൂ.’

‘സാ​ധ്യ​മ​ല്ല.’

ല് കബുക് തോ​ക്കെ​ടു​ത്തു വാ​തി​ല്ക്കാ​വ​ല്ക്കാ​ര​നെ ഉന്നം​വെ​ച്ചു; കബുക് താ​ഴ​ത്താ​യ​തു​കൊ​ണ്ടും നേരം നല്ല​വ​ണ്ണം ഇരു​ട്ടാ​യി​രു​ന്ന​തു​കൊ​ണ്ടും വാ​തി​ല്ക്കാ​വ​ല്ക്കാ​രൻ അതു കണ്ടി​ല്ല.

‘തു​റ​ക്കു​മോ, ഇല്ല​യോ?’

‘ഇല്ല, നി​വൃ​ത്തി​യി​ല്ല.’

‘ഇല്ല എന്നാ​ണോ?’

‘ഇല്ല. എന്റെ കൊള്ളാവുന്ന-​’

വാ​തി​ല്ക്കാ​വ​ല്ക്കാ​രൻ മു​ഴു​വ​നാ​ക്കി​യി​ല്ല. വെടി പൊ​ട്ടി; ഉണ്ട ആ മനു​ഷ്യ​ന്റെ കവി​ളി​നു ചു​വ​ട്ടി​ലൂ​ടെ കട​ന്നു കഴു​ത്തി​ന്റെ പിൻ​പു​റ​ത്തൂ​ടെ കണ്ഠ​ര​ക്ത​നാ​ഡി തു​ള​ച്ചു​കേ​റി പു​റ​ത്തേ​ക്കു പോയി.

കിഴവൻ ഒരു ഞെ​ര​ക്കം​കൂ​ടി​യി​ല്ലാ​തെ മറി​ഞ്ഞു​വീ​ണു. മെ​ഴു​തി​രി താ​ഴ​ത്തു വീണു, കെ​ട്ടു; ചെ​റു​ജ​നാ​ല​യു​ടെ കട്ടി​ള​പ്പ​ടി​യിൽ അന​ക്ക​മ​റ്റു കി​ട​ക്കു​ന്ന ഒരു തലയും മേ​ല്പു​ര​യി​ലേ​ക്കു പറ​ന്നു​പോയ ഒരു ചെറിയ വെ​ള്ള​പ്പു​ക​യു​മ​ല്ലാ​തെ മറ്റൊ​ന്നും കാ​ണാ​നി​ല്ല.

‘അതു​ത​ന്നെ!’ തോ​ക്കിൻ​ച​ട്ട പാ​ത​വി​രി​യിൽ കു​ത്തി​ല് കബുക് പറ​ഞ്ഞു.

ഈ വാ​ക്കു പറ​ഞ്ഞി​ല്ല പറ​ഞ്ഞു എന്നാ​കു​മ്പോ​ഴേ​ക്കു കഴു​കി​ന്റെ കാൽ​ന​ഖം പോലെ കന​മു​ള്ള ഒരു കൈ ആ മനു​ഷ്യ​ന്റെ ചു​മ​ലിൽ​പ്പ​തി​ഞ്ഞു; ഒരു ശബ്ദം അയാ​ളോ​ടു പറ​യു​ന്ന​തു കേ​ട്ടു: ‘മു​ട്ടു കു​ത്തൂ!’

കൊ​ല​പാ​ത​കി തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോൾ കണ്ട​ത് ആൻ​ഷൊൽ​രാ​യു​ടെ സഗൌ​ര​വ​മായ വെ​ളു​ത്ത മു​ഖ​മാ​ണ്.

ആൻ​ഷൊൽ​രാ​യു​ടെ കൈയിൽ ഒരു കൈ​ത്തോ​ക്കു​ണ്ട്.

വെടി പൊ​ട്ടു​ന്ന ഒച്ച കേ​ട്ട് ആൻ​ഷൊൽ​രാ അങ്ങോ​ട്ടു ചെ​ന്ന​താ​ണ്.

അയാൾ കബു​ക്കി​ന്റെ കഴു​ത്തു​പ​ട്ട​യും കു​റും​കു​പ്പാ​യ​വും ഉൾ​ക്കു​പ്പാ​യ​വും ചു​മ​ല്പ​ട്ട​യും ഇട​ത്തെ കൈ​കൊ​ണ്ടു കൂ​ട്ടി​പ്പി​ടി​ച്ചു.

‘മു​ട്ടു കു​ത്തൂ!’ അയാൾ ആവർ​ത്തി​ച്ചു.

ഒരു പി​ടി​ച്ചു​താ​ഴ്ത്ത​ലിൽ ആ ഇരു​പ​തു വയ​സ്സു​ള്ള മെ​ലി​ഞ്ഞ ചെ​റു​പ്പ​ക്കാ​രൻ തടി​ച്ച് ഇരി​മ്പു​പോ​ലു​ള്ള ചു​മ​ട്ടു​കാ​ര​നെ, ഒരു ഞങ്ങ​ണ​പ്പു​ല്ലി​നെ എന്ന​പോ​ലെ, വള​ച്ചു ചളി​യിൽ മു​ട്ടു കു​ത്തി​ച്ചു.

ല് കബുക് എതിർ​ത്തു​നോ​ക്കി; പക്ഷേ, ഒര​മാ​നു​ഷ​ശ​ക്തി അയാളെ പി​ടി​കൂ​ടി​യി​ട്ടു​ള്ള​തു​പോ​ലെ തോ​ന്നി.

വി​ളർ​ത്തു നഗ്ന​മായ കഴു​ത്തോ​ടും പാ​റി​പ്പ​ര​ത്തി​യി​ട്ട തല​മു​ടി​യോ​ടും ഒരു സ്ത്രീ​യു​ടെ മു​ഖ​ത്തോ​ടു​കൂ​ടി​യു​ള്ള ആൻ​ഷൊൽ​രാ​യ്ക്ക് ആ സമ​യ​ത്തു പണ്ട​ത്തെ തെ​മി​സ്സി​ന്നു​ള്ള [1] എന്തോ ഒന്നു​ണ്ടാ​യി​രു​ന്നു. അയാ​ളു​ടെ വി​ടർ​ന്ന നാ​സാ​ദ്വാ​ര​ങ്ങ​ളും കീ​ഴ്പോ​ട്ടു തൂ​ങ്ങിയ നോ​ട്ട​ങ്ങ​ളും, അയാ​ളു​ടെ സൗ​മ്യ​ത​യി​ല്ലാ​ത്ത ഗ്രീ​സ്സു​കാ​രൻ മു​ഖ​ത്തി​നു, പു​രാ​ണ​കാ​ല​ങ്ങ​ളി​ലെ അഭി​പ്രാ​യ​മ​നു​സ​രി​ച്ചു, നീ​തി​ന്യാ​യ​ത്തി​നു യോ​ജി​ച്ച ശു​ണ്ഠി​യു​ടെ ആ ഭാ​വ​വി​ശേ​ഷ​ത്തേ​യും ഉണ്ടാ​ക്കി​ക്കൊ​ടു​ത്തു.

വഴി​ക്കോ​ട്ട​യി​ലു​ള്ള​വ​രെ​ല്ലാം പാ​ഞ്ഞെ​ത്തി. ദൂ​ര​ത്തു വട്ടം​കൂ​ടി, തങ്ങൾ കാണാൻ പോ​കു​ന്ന സം​ഭ​വ​ത്തി​നു മുൻ​പിൽ ഒര​ക്ഷ​ര​മെ​ങ്കി​ലും മി​ണ്ടാൻ സാ​ധ്യ​മ​ല്ലെ​ന്ന ബോ​ധ​ത്തോ​ടു​കൂ​ടി നി​ല​വാ​യി

തോ​റ്റു​ക​ഴി​ഞ്ഞൽ കബുക് എതിർ കാ​ണി​ക്കാ​താ​യി. ആസകലം വി​റ​കൊ​ണ്ടു.

ആൻ​ഷൊൽ​രാ അയാളെ വി​ട്ടു, തന്റെ ഗഡി​യാൾ കൈ​യി​ലെ​ടു​ത്തു.

‘തന്റേ​ടം വരു​ത്തി​ക്കൊൾക.’ അയാൾ പറ​ഞ്ഞു. ‘ധ്യാ​നി​ക്കാം. അല്ലെ​ങ്കിൽ പ്രാർ​ത്ഥി​ക്കാം. നി​ങ്ങൾ​ക്കി​നി ഒരു നി​മി​ഷ​മേ ആയു​സ്സു​ള്ളൂ.’

‘രക്ഷി​ക്ക​ണേ?’ ആ കൊ​ല​പാ​ത​കി മന്ത്രി​ച്ചു; അയാ​ളു​ടെ തല കീ​ഴ്പോ​ട്ടു തൂ​ങ്ങി, എന്തോ അസ്പ​ഷ്ട​മാ​യി ചിലതു പതു​ക്കെ വി​ക്കി​നോ​ക്കി.

ആൻ​ഷൊൽ​രാ​യു​ടെ നോ​ട്ടം അയാ​ളിൽ​നി​ന്ന് ഒരി​ക്ക​ലും മാ​റി​യി​ട്ടി​ല്ല; ഒരു മി​നു​ട്ട് അനു​വ​ദി​ച്ചു​കൊ​ടു​ത്ത ഇട കഴി​ഞ്ഞു, അയാൾ ഗഡി​യാൾ കു​പ്പാ​യ​ക്കീ​ശ​യി​ലേ​ക്കു തി​രു​കി. എന്നി​ട്ട് അയാൾ ല് കബു​ക്കി​ന്റെ തല​മു​ടി പി​ടി​ച്ചു —ആ മനു​ഷ്യൻ അയാ​ളു​ടെ കാൽ​മു​ട്ടു​കൾ​ക്കി​ട​യിൽ ഒരു പന്തു​പോ​ലെ ചു​രു​ണ്ടും​കൊ​ണ്ടു നി​ല​വി​ളി​ച്ചു— കൈ​ത്തോ​ക്കി​ന്റെ വായ ചെ​വി​ക്കു​റ്റി​യി​ലേ​ക്ക​മർ​ത്തി. ഏറ്റ​വും ഭയ​ങ്ക​ര​ങ്ങ​ളായ സം​ഭ​വ​ങ്ങൾ അനു​ഭ​വി​ച്ചി​ട്ടു​ള്ള പല ധീ​രോ​ദാ​ത്ത​ന്മാ​രും തല തി​രി​ച്ചു.

ഒരു വെടി കേ​ട്ടു, ആ കൊ​ല​പാ​ത​കി കല്ലു​വി​രി​യിൽ ദൃ​ഢ​നി​ശ്ച​യ​വു​മായ ഒരു നോ​ട്ട​ത്തെ നാ​ലു​പു​റ​വും വ്യാ​പ​രി​പ്പി​ച്ചു. എന്നി​ട്ട് അയാൾ ശവ​ത്തെ കാൽ​കൊ​ണ്ട് ഒരു തട്ടു തട്ടി പറ​ഞ്ഞു. ‘അതു പു​റ​ത്തെ​ക്കു കളയൂ.’

ആ ഭാ​ഗ്യം​കെ​ട്ട മനു​ഷ്യ​ന്റെ ശവ​ത്തെ—ജീവൻ പോയ ഉട​നെ​യു​ള്ള പി​ട​ച്ചി​ലു​കൾ അപ്പോ​ഴും അതി​ന്ന​വ​സാ​നി​ച്ചി​ട്ടി​ല്ല – മൂ​ന്നു​പേർ കൂ​ടി​യെ​ടു​ത്തു ചെറിയ വഴി​ക്കോ​ട്ട​യു​ടെ മീതെ റ്യു മൊങ് ദെ തു​റി​ലേ​ക്കു വലി​ച്ചെ​റി​ഞ്ഞു.

ആൻ​ഷൊൽ​രാ ആലോ​ച​ന​യിൽ​പ്പെ​ട്ടു. അയാ​ളു​ടെ പരാ​ക്ര​മ​മ​യ​മായ ഗാം​ഭീ​ര്യ​ത്തി​നു​മീ​തെ എന്തെ​ല്ലാം സഗൗ​ര​വ​നി​ഴ​ല്പാ​ടു​ക​ളാ​ണ് പതു​ക്കെ വ്യാ​പി​ച്ച​തെ​ന്നു പറയാൻ വയ്യാ പെ​ട്ടെ​ന്ന് അയാൾ പറ​യു​ക​യാ​യി.

എല്ലാ​വ​രും മി​ണ്ടാ​തെ നി​ന്നു.

‘പൗ​ര​ന്മാ​രേ,’ ആൻ​ഷൊൽ​രാ ആരം​ഭി​ച്ചു, ‘ആ മനു​ഷ്യൻ ചെ​യ്ത​തു ബീ​ഭ​ത്സ​മാ​ണ്, ഞാൻ ചെ​യ്ത​തു നി​ഷ്ഠു​ര​വും. അയാൾ കൊ​ന്നു; അതിനു ഞാൻ അയാ​ളേ​യും കൊ​ന്നു എനി​ക്ക​തു ചെ​യ്യേ​ണ്ടി​വ​ന്നു. രാ​ജ്യ​ക​ല​ഹ​ത്തി​ന്ന് അതി​ന്റെ അനു​സ​ര​ണ​ശീ​ലം നി​ല​നിർ​ത്ത​ണം. കൊ​ല​പാ​ത​കം മറ്റു സ്ഥ​ല​ങ്ങ​ളി​ലു​ള്ള​തി​ല​ധി​കം കു​റ്റ​മാ​ണ് ഇവിടെ; നമ്മൾ നി​ല്ക്കു​ന്ന​തു ഭര​ണ​പ​രി​വർ​ത്ത​ന​ത്തി​ന്റെ നോ​ട്ട​ത്തി​നു മുൻ​പി​ലാ​ണ്; നമ്മൾ ജനാ​ധി​പ​ത്യ​ത്തി​ലെ മതാ​ചാ​ര്യ​ന്മാ​രാ​ണ്; നമ്മൾ ധർ​മ്മ​ത്തി​ന്റെ കി​ങ്ക​ര​ന്മാ​രാ​ണ്; നമ്മു​ടെ പ്ര​വൃ​ത്തി​യെ ദു​ഷി​ക്കു​വാൻ ഇട​വ​രു​ത്തി​ക്കൂ​ടാ. അതു​കൊ​ണ്ടു ഞാൻ ആ മനു​ഷ്യ​നെ വി​ചാ​ര​ണ​ചെ​യ്തു; അയാൾ​ക്കു മര​ണ​ശി​ക്ഷ​വി​ധി​ച്ചു. എന്നെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ള​മാ​ണെ​ങ്കിൽ, കേവലം അനി​ഷ്ട​മാ​ണെ​ങ്കി​ലും അതു ചെ​യ്യാ​തെ എനി​ക്കു ഗത്യ​ന്ത​ര​മി​ല്ലാ​തെ വന്ന​തു​കൊ​ണ്ടു ഞാൻ എന്നെ​യും വി​ചാ​ര​ണ​ചെ​യ്തി​രി​ക്കു​ന്നു; എന്തു ശി​ക്ഷ​യാ​ണ് ഞാ​നെ​നി​ക്കു വി​ധി​ച്ചി​ട്ടു​ള്ള​തെ​ന്നു നി​ങ്ങൾ വഴിയേ അറി​യും.’

അയാ​ളു​ടെ ശ്രോ​താ​ക്ക​ളെ​ല്ലാം വി​റ​ച്ചു.

‘നി​ങ്ങ​ളു​ടെ കർ​മ്മ​ഗ​തി​യിൽ ഞങ്ങ​ളും പങ്കു​ചേ​രും,’ കൊം​ബ്ഫേർ പറ​ഞ്ഞു.

‘അങ്ങ​നെ​യാ​വ​ട്ടെ’, ആൻ​ഷൊൽ​രാ മറു​പ​ടി പറ​ഞ്ഞു. ‘ഒരു വാ​ക്കു​കൂ​ടി. ഈ മനു​ഷ്യ​നെ ശി​ക്ഷി​ച്ച​തിൽ, ഞാ​നൊ​രാ​വ​ശ്യ​ത്തി​ന്റെ കല്പന ചെ​യ്തു; പക്ഷേ, ആവ​ശ്യം പഴയ കാ​ല​ത്തെ ഒരു രാ​ക്ഷ​സ​നാ​ണ്; ആവ​ശ്യ​ത്തി​ന്റെ പേർ ഗ്ര​ഹ​പ്പി​ഴ​യെ​ന്നാ​ണ്. എന്നാൽ, അഭി​വൃ​ദ്ധി​യു​ടെ നി​യ​മ​മെ​ന്തെ​ന്നാൽ, രാ​ക്ഷ​സ​ന്മാർ ദേ​വ​ന്മാ​രു​ടെ മുൻ​പിൽ നി​ല്ക്ക​രു​തെ​ന്നും ഗ്ര​ഹ​പ്പിഴ സാ​ഹോ​ദ​ര്യ​ത്തി​നു മുൻ​പിൽ കാ​ണാ​താ​യ്ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ്. സ്നേ​ഹം എന്ന വാ​ക്കു​ച്ച​രി​ക്കാൻ തീരെ നന്ന​ല്ലാ​ത്ത ഒരു സന്ദർ​ഭ​മാ​ണി​ത്. എങ്കി​ലു​മാ​വ​ട്ടെ, ഞാ​ന​തു​ച്ച​രി​ക്കു​ന്നു. ഞാ​ന​തി​നെ വാ​ഴ്ത്തു​ക​യും ചെ​യ്യു​ന്നു. സ്നേ​ഹ​മേ, ഭാവി അവി​ടു​ത്തെ​യാ​ണ്. മരണമേ, ഞാൻ നി​ന്നെ ഉപ​യോ​ഗ​പ്പെ​ടു​ത്തു​ന്നു; പക്ഷേ, എനി​ക്കു നി​ന്നോ​ടു വെ​റു​പ്പാ​ണ്. പൗ​ര​ന്മാ​രേ, ഭാ​വി​യിൽ ഒരി​ക്ക​ലും ഇരു​ട്ടും ഇടി​വെ​ട്ടു​മി​ല്ല; നി​ഷ്ഠു​ര​മായ അജ്ഞ​ത​യും ക്രൂ​ര​മായ പ്ര​തി​കാ​ര​വു​മി​ല്ല. ഇനി​യ​ത്തെ​ക്കാ​ല​ത്ത് ആരും ആരേ​യും കൊ​ല്ലു​ക​യി​ല്ല; ഭൂമി പ്ര​കാ​ശ​മാ​ന​മാ​യി ശോ​ഭി​ക്കും; മനു​ഷ്യ​ജാ​തി അന്യോ​ന്യം സ്നേ​ഹി​ക്കും. പൗ​ര​ന്മാ​രെ, എല്ലാ​യി​ട​ത്തും മൈ​ത്രി​യും യോ​ജി​പ്പും വെ​ളി​ച്ച​വും ആഹ്ലാ​ദ​വും ജീ​വ​നു​മായ ഒരു കാലം വരും; അതു വരും; അതു വരാൻ​വേ​ണ്ടി​യാ​ണ് നാ​മി​പ്പോൾ ചാവാൻ പോ​കു​ന്ന​ത്.’

ആൻ​ഷൊൽ​രാ നിർ​ത്തി. അയാ​ളു​ടെ നി​ഷ്ക​ള​ങ്ക​ച്ചു​ണ്ടു​കൾ കൂടി; വെ​ണ്ണ​ക്ക​ല്ലി​ന്റെ സ്ഥി​ര​ത​യോ​ടു​കൂ​ടി, അയാൾ ആ മര​ണ​ശി​ക്ഷ നട​ന്നേ​ട​ത്തു കു​റ​ച്ചിട നി​ന്നു. അയാ​ളു​ടെ സൂ​ക്ഷ്മ​നോ​ട്ടം നാലു പു​റ​ത്തു​മു​ള്ള​വ​രെ പതു​ക്കെ​സ്സം​സാ​രി​പ്പി​ച്ചു.

ഴാ​ങ്പ്രു​വേ​രും കൊം​ബ്ഫേ​രും അന്യോ​ന്യം മി​ണ്ടാ​തെ കൈ പി​ടി​ച്ച​മർ​ത്തി; വഴി​ക്കോ​ട്ട​യു​ടെ ഒരു മൂ​ല​യിൽ അന്യോ​ന്യം ചാ​രി​നി​ന്ന് ഏതാ​ണ്ട് അനു​ക​മ്പാ​സ​ഹി​ത​മായ ബഹു​മാ​ന​ത്തോ​ടു​കൂ​ടി ആ ചെ​റു​പ്പ​ക്കാ​ര​നെ, സ്ഫ​ടി​ക​ക്ക​ഷ്ണം പോ​ലെ​യും പാ​റ​ക്ക​ല്ലു​പോ​ലെ​യും പ്ര​കാ​ശം​കൊ​ണ്ടു നി​റ​ഞ്ഞ ആ മര​ണ​ശി​ക്ഷ നട​ത്തി​യ​വ​നെ, ആ മതാ​ചാ​ര്യ​നെ, നോ​ക്കി​ക്ക​ണ്ടു

ഞങ്ങൾ ഇപ്പോൾ​ത്ത​ന്നെ പറ​ഞ്ഞു​വെ​യ്ക്ക​ട്ടെ, പി​ന്നീ​ടു കാ​ര്യ​മെ​ല്ലാം കഴി​ഞ്ഞ​തി​നു​ശേ​ഷം ശവ​ങ്ങ​ളെ​ല്ലാം ശവ​ദർ​ശ​ന​ശാ​ല​യി​ലേ​ക്ക് എടു​ത്തു​കൊ​ണ്ടും​പോ​യി പരി​ശോ​ധി​ച്ച​പ്പോൾ, ഒരു പൊ​ല്ലീ​സ്സൊ​റ്റു​കാ​ര​ന്റെ കാർഡ് ല് കബു​ക്കി​ന്റെ കീ​ശ​യിൽ​നി​ന്നു കണ്ടെ​ടു​ക്കു​ക​യു​ണ്ടാ​യി. ഈ വി​ഷ​യ​ത്തെ​ക്കു​റി​ച്ചു 1832-ൽ പൊ​ല്ലീ​സ് സൈ​ന്യാ​ധ്യ​ക്ഷ​ന്ന​യ​ച്ചു​കൊ​ടു​ക്ക​പ്പെ​ട്ട സവി​ശേ​ഷ​വി​വ​ര​ണ​ക്കു​റി​പ്പ് 1848-ൽ ഇതെ​ഴു​തു​ന്ന ആളുടെ പക്ക​ലു​ണ്ട്.

പൊ​ല്ലീ​സ്സു​കാ​രു​ടെ ഇടയിൽ നട​പ്പു​ള്ള ഒരി​തി​ഹാ​സം—അസാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും അതു നല്ല തെ​ളി​വു​ക​ളോ​ടു​കൂ​ടി​യ​താ​ണ്—വി​ശ്വ​സി​ക്കാ​മെ​ങ്കിൽ, ഈ ല് കബുക് ക്ല​ക്സു​വാ​യി​രു​ന്നു. വാ​സ്ത​വ​മെ​ന്തെ​ന്നാൽ ഈ കബു​ക്കി​ന്റെ മര​ണ​ത്തി​നു​ശേ​ഷം ക്ല​ക്സു​വി​നെ​പ്പ​റ്റി​യു​ള്ള സം​സാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. ക്ല​ക്സു എവി​ടെ​പ്പോ​യി മറ​ഞ്ഞു എന്ന​തി​ന്റെ യാ​തൊ​രു പാടും ഒരി​ട​ത്തു​മി​ല്ല; അയാൾ അദൃ​ശ്യ വസ്തു​വോ​ടു​കൂ​ടി സ്വയം ലയി​ച്ചി​രി​ക്കു​മെ​ന്നു തോ​ന്നു​ന്നു. അയാ​ളു​ടെ ജീ​വി​തം മു​ഴു​വ​നും നി​ഴ​ലു​ക​ളി​ലാ​യി​രു​ന്നു; മരണം രാ​ത്രി​യാ​യി.

അത്ര വേ​ഗ​ത്തിൽ വി​ചാ​ര​ണ​ചെ​യ്യ​പ്പെ​ട്ട​തും വിധി നട​ത്ത​പ്പെ​ട്ട​തു​മായ ആ വ്യ​സ​ന​ക​ര​ക്കേ​സ്സിൽ​നി​ന്നു​ണ്ടായ വി​കാ​രാ​വേ​ഗ​ങ്ങൾ ആ ലഹ​ള​സ്സം​ഘ​ത്തിൽ അപ്പോ​ഴും മാ​റ്റൊ​ലി​ക്കൊ​ണ്ടി​രി​ക്കേ, അന്നു രാ​വി​ലെ വന്നു മരി​യു​സ്സി​നെ​പ്പ​റ്റി അന്വേ​ഷി​ച്ച ആ ചെറിയ യു​വാ​വി​നെ കുർ​ഫെ​രാ​ക് വീ​ണ്ടും വഴി​ക്കോ​ട്ട​യിൽ കണ്ടു.

ധൈ​ര്യ​വും സാ​ഹ​സ​വും നി​റ​ഞ്ഞ ഭാ​വ​വി​ശേ​ഷ​ത്തോ​ടു​കൂ​ടി ആ കു​ട്ടി രാ​ത്രി​യിൽ ലഹ​ള​സ്സം​ഘ​ത്തോ​ടു ചേ​രു​വാൻ വന്നു.

കു​റി​പ്പു​കൾ

[1] യവ​നേ​തി​ഹാ​സ​പ്ര​കാ​രം ദൈ​വി​ക​മായ നീ​തി​ന്യാ​യ​ത്തി​ന്റെ അധി​ദേ​വത.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.