SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-37.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.1.12
മു​ത്ത​ച്ഛന്‍

ബസ്കും വാ​തി​ല്ക്കാ​വ​ല്ക്കാ​ര​നും​കൂ​ടി മരി​യു​സ്സി​നെ അയാള്‍ വന്ന ഉടനേ അന​ക്ക​മ​റ്റു നീ​ണ്ടു​നി​വര്‍ന്നു കി​ട​ക്കു​ന്ന സോ​ഫ​യോ​ടു​കൂ​ടി എടു​ത്ത് ഇരി​പ്പു​മു​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ആള്‍ ചെ​ന്നു വി​ളി​ച്ച വൈ​ദ്യന്‍ ക്ഷ​ണ​ത്തി​ലെ​ത്തി. ഗില്‍നോര്‍മാന്‍വ​ലി​യ​മ്മ ഉണര്‍ന്നു​വ​ന്നി​രി​ക്കു​ന്നു.

ഗില്‍നോര്‍മാന്‍വ​ലി​യ​മ്മ പരി​ഭ്ര​മ​ത്തോ​ടു​കൂ​ടി കൈ ഞെ​രി​ച്ചു​കൊ​ണ്ടും ഇങ്ങ​നെ പറ​യാ​ന​ല്ലാ​തെ മറ്റൊ​ന്നി​നും കഴി​യാ​തെ​യും അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പോ​കു​ന്നു, വരു​ന്നു: ഈശ്വര! അതു വരുമോ?” ചി​ല​പ്പോള്‍ ഇതും അവള്‍ തു​ടര്‍ന്നു പറയും; “സക​ല​വും ചോ​ര​യില്‍ മു​ങ്ങും.” ആദ്യ​ത്തെ അമ്പ​ര​പ്പു തീര്‍ന്ന​പ്പോള്‍, അപ്പോ​ഴ​ത്തെ സ്ഥി​തി​യെ​പ്പ​റ്റി കു​റ​ച്ചു തത്ത്വ​ജ്ഞാ​നം അവ​ളു​ടെ ഉള്ളി​ലേ​ക്കു തു​ള​ച്ചു​ക​ട​ന്ന്, ഈയൊരു വാ​ക്യ​ത്തി​ന്റെ രൂ​പ​മെ​ടു​ത്തു: അതി​ങ്ങ​നെ​യേ ഒടു​വില്‍ അവ​സാ​നി​ക്കൂ.. അവള്‍ “ഞാന്‍ പറ​ഞ്ഞി​ല്ലേ?” എന്ന അത്ര​ത്തോ​ളം ചെ​ന്നി​ല്ല; ഈ വക​സ​ന്ദര്‍ഭ​ങ്ങ​ളില്‍ അതൊരു പതി​വു​വാ​ക്യ​മാ​ണ്. വൈ​ദ്യ​ന്റെ കല്പ​ന​പ്ര​കാ​രം സോ​ഫ​യു​ടെ അടു​ത്താ​യി ഒരു മട​ക്കു​ക​ട്ടില്‍ ശരി​പ്പെ​ടു​ത്തി. വൈ​ദ്യന്‍ മരി​യു​സ്സി​നെ പരീ​ക്ഷി​ച്ചു: ഹൃദയം അപ്പോ​ഴും മി​ടി​ക്കു​ന്നു​ണ്ടെ​ന്നും മു​റി​വേ​റ്റ ആശ​ക്കു മാ​റ​ത്തെ മു​റി​വി​നു വലിയ ആഴ​മി​ല്ലെ​ന്നും വാ​യ​യു​ടെ അറ്റ​ത്തു​ള്ള ചോര മൂ​ക്കില്‍നി​ന്നു​വ​രു​ന്ന​താ​ണെ​ന്നും മന​സ്സി​ലാ​ക്കി​യ​തി​ന്നു​ശേ​ഷം, അയാള്‍ മരി​യു​സ്സി​നെ തലയണ കൂ​ടാ​തെ ഉട​ലി​ന്റെ നി​ര​പ്പില്‍ത്ത​ന്നെ, കു​റ​ച്ചു​കൂ​ടി താ​ഴ്ത്തി, തല വെ​ച്ചു കി​ട​ത്തി; ശ്വാ​സോ​ച്ഛ ്വാ​സ​ത്തി​ന്റെ എളു​പ്പ​ത്തി​നു​വേ​ണ്ടി മാ​റില്‍നി​ന്നു കു​പ്പാ​യ​ങ്ങ​ളെ​ല്ലാം നീ​ക്കി. മരി​യു​സ്സി​ന്റെ ഉടു​പ്പ​ഴി​ക്കാ​നു​ള്ള ഭാ​വ​മു​ണ്ടെ​ന്നു കണ്ട​പ്പോള്‍ മദാം​വ്വ​സേ​ല്ല് ഗില്‍നോര്‍മാന്‍ അവി​ടെ​നി​ന്നു മാറി. അവള്‍ സ്വ​ന്തം മു​റി​യില്‍ച്ചെ​ന്നി​രു​ന്നു മാ​ല​യെ​ടു​ത്തു ജപം തു​ട​ങ്ങി.

അര​യ്ക്കു മേ​ല്പോ​ട്ടു​ള്ള ഭാ​ഗ​ത്തു വലിയ ആന്ത​ര​മായ കേ​ടൊ​ന്നും പറ്റി​യി​ട്ടി​ല്ല; പോ​ക്ക​റ്റു​പു​സ്ത​ക​ത്തില്‍ത്ത​ട്ടി പതം​വ​ന്ന ഒരു വെ​ടി​യു​ണ്ട തി​രി​ഞ്ഞു​വെ​ച്ചു, ഭയ​ങ്ക​ര​മായ ഒരു മു​റി​വു​ണ്ടാ​ക്കി​ക്കൊ​ണ്ടു് വാ​രി​യെ​ല്ലു​ക​ളി​ലൂ​ടെ സഞ്ച​രി​ച്ചു. ആ മു​റി​വു വലിയ ആഴ​മു​ള്ള​ത​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ട്, അപ​ക​ട​മൊ​ന്നും ശങ്കി​ക്കാ​നി​ല്ല. അടി​യി​ലൂ​ടെ​യു​ള്ള ആ ദീര്‍ഘ​യാ​ത്ര മു​റി​വേ​റ്റി​രു​ന്ന തോ​ളെ​ല്ലി​ന്റെ കഥ നന്നേ കഷ്ട​ത്തി​ലാ​ക്കി; അവിടെ പറ്റി​യി​ട്ടു​ള്ള കേടു സാ​ര​മു​ള്ള​തു​ത​ന്നെ​യാ​ണ്. വാള്‍ വെ​ട്ടു​ക​ളെ​ക്കൊ​ണ്ടു രണ്ടു കൈയും പി​ളര്‍ന്നി​രി​ക്കു​ന്നു. മു​ഖ​ത്തു കല വീ​ഴ​ത്ത​ക്ക മു​റി​വൊ​ന്നു​മി​ല്ല; പക്ഷേ, തല​യില്‍ മു​ഴു​വ​നും വെ​ട്ടു​ക​ളാ​ണ്: ആ തല​യി​ലു​ള്ള മു​റി​വു​ക​ളെ​ക്കൊ​ണ്ട് എന്തു പറ്റി​പ്പോ​വും? അവ രോ​മ​ങ്ങ​ളു​ള്ള പു​റം​തോ​ലി​നു മാ​ത്ര​മേ ബാ​ധി​ച്ചി​ട്ടു​ള്ളു​വോ, അതോ തല​ച്ചോ​റി​ലെ​ക്കെ​ത്തി​യി​ട്ടു​ണ്ടോ? അതി​നി​യും തീര്‍ച്ച​പ്പെ​ടു​ത്താ​റാ​യി​ട്ടി​ല്ല. മോ​ഹാ​ല​സ്യ​മു​ണ്ടാ​ക്കി എന്നു​ള്ള​താ​ണ് ഒരു ദുര്‍ല്ല​ക്ഷ​ണം; അങ്ങ​നെ​യു​ള്ള മോ​ഹാ​ല​സ്യ​ങ്ങ​ളില്‍നി​ന്ന് ആളു​കള്‍ പി​ന്നെ ഉണ​രാ​റി​ല്ല. എന്ന​ല്ല, മു​റി​വേ​റ്റ ആള്‍ രക്ത​വാര്‍ച്ച​കൊ​ണ്ടു തളര്‍ന്നി​ട്ടു​മു​ണ്ട്. അര​യ്ക്കു കീ​ഴ്പോ​ട്ടു വഴി​ക്കോ​ട്ട​ച്ചു​മര്‍കാ​ര​ണം തക​രാ​റൊ​ന്നും പറ്റി​യി​ട്ടി​ല്ല.

ബസ്കും നി​കൊ​ലെ​ത്തും​കൂ​ടി പരു​ത്തി​ത്തു​ണി ചീ​ന്തി കെ​ട്ടു​ക​ളു​ണ്ടാ​ക്കു​ക​യാ​ണ്. നി​കൊ​ലെ​ത്ത് തു​ന്നി​ശ്ശ​രി​യാ​ക്കു​ന്നു, ബസ്ക് ചു​രു​ട്ടി​ത്തെ​റു​ക്കു​ന്നു. ചണ​പ്പ​ഞ്ഞി തല്‍ക്കാ​ലം ഇല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് വൈ​ദ്യന്‍ പഴ​ന്തു​ണി​മ​ട​ക്കു​ക​ളെ​ക്കൊ​ണ്ട് ചോ​ര​ച്ചാ​ട്ടം നിര്‍ത്തി. കട്ടി​ലി​നോ​ട​ടു​ത്ത്, വൈ​ദ്യ​സാ​മ​ഗ്രി​കള്‍ പര​ന്നു​കി​ട​ക്കു​ന്ന മേ​ശ​പ്പു​റ​ത്തു മൂ​ന്നു മെ​ഴു​തി​രി​വി​ള​ക്കു​കള്‍ ഇരു​ന്നു കത്തു​ന്നു​ണ്ട്. വൈ​ദ്യന്‍ മരി​യു​സ്സി​ന്റെ മു​ഖ​വും ശി​ര​സ്സും പച്ച​വെ​ള്ളം​കൊ​ണ്ടു കഴുകി. ഒരു വെ​ള്ള​പ്പാ​ത്രം മു​ഴു​വ​നും ഒരു നി​മി​ഷം​കൊ​ണ്ടു ചു​ക​ന്നു. വാ​തി​ല്ക്കാ​വ​ല്ക്കാ​രന്‍ വി​ള​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ട്.

വൈ​ദ്യന്‍ വ്യ​സ​ന​പൂര്‍വ്വം ആലോ​ചി​ക്കു​ക​യാ​ണ്. ഇട​യ്ക്കി​ട​യ്ക്കു സ്വയം ചോ​ദി​ക്കു​ന്ന എന്തോ ചില ചോ​ദ്യ​ങ്ങള്‍ക്കു മറു​പ​ടി പറ​യു​ക​യാ​ണെ​ന്നു തോ​ന്നു മാറ് അയാള്‍ ഇല്ലെ​ന്നര്‍ത്ഥ​ത്തില്‍ തല​യോ​രോ​ന്നി​ള​ക്കും.

വൈ​ദ്യന്‍ തന്നോ​ടു​ത​ന്നെ​യാ​യി ചെ​യ്യു​ന്ന ഈ അസാ​ധാ​ര​ണ​സം​ഭാ​ഷ​ണ​ങ്ങള്‍ രോ​ഗി​ക്ക് ഒരു ദുര്‍ല്ല​ക്ഷ​ണ​മാ​ണ്.

വൈ​ദ്യന്‍ മരി​യു​സ്സി​ന്റെ മുഖം തു​ട​യ്ക്കു​ക​യും അപ്പോ​ഴും അട​ഞ്ഞി​രി​ക്കു​ന്ന കണ്‍പോ​ള​ക​ളെ വി​രല്‍കൊ​ണ്ടു പതു​ക്കെ തൊ​ടു​ക​യും ചെ​യ്യു​ന്ന സമ​യ​ത്ത് ഇരി​പ്പു​മു​റി​യു​ടെ അറ്റ​ത്തെ ഒരു വാ​തില്‍ തു​റ​ന്ന് ഒരു നീണ്ട വി​ളര്‍ത്ത സ്വ​രൂ​പം ആവിർ​ഭ​വി​ച്ചു.

അതു മു​ത്ത​ച്ഛ​നാ​യി​രു​ന്നു.

കഴി​ഞ്ഞ രണ്ടു ദി​വ​സ​മാ​യി ലഹള മൊ​സ്യു ഗില്‍നോര്‍മാ​ന്റെ മന​സ്സി​നെ കല​ശ​ലാ​യി ക്ഷോ​ഭി​പ്പി​ക്കു​ക​യും ശു​ണ്ഠി​പി​ടി​പ്പി​ക്കു​ക​യും ആക്ര​മി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. തലേ ദിവസം രാ​ത്രി അദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഉറ​ങ്ങാന്‍ കഴി​ഞ്ഞി​ട്ടി​ല്ല; പകല്‍ മു​ഴു​വ​നും പരി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നു. വൈ​കു​ന്നേ​രം വീ​ട്ടി​ലു​ള്ള സക​ല​വും സൂ​ക്ഷി​ച്ചു​വെ​ച്ചു​കൊ​ള്ള​ണ​മെ​ന്നേ​ല്പി​ച്ച് അദ്ദേ​ഹം വളരെ നേ​ര​ത്തെ ചെ​ന്നു​കി​ട​ന്നു; വല്ലാ​ത്ത ക്ഷീ​ണം​കൊ​ണ്ട് ഒന്നു മയ​ങ്ങി.

വയ​സ്സ​ന്മാര്‍ കു​റ​ച്ചേ ഉറ​ങ്ങു; മൊ​സ്യു ഗില്‍നോര്‍മാ​ന്റെ കി​ട​പ്പറ ഇരി​പ്പു​മു​റി​യോ​ടു, തൊ​ട്ട​താ​ണ്; എത്ര​യ​ധി​കം മന​സ്സു വെ​ച്ചു​നോ​ക്കി​യി​ട്ടും അവി​ടു​ത്തെ ശബ്ദം അദ്ദേ​ഹ​ത്തെ ഉണര്‍ത്തി​ക്ക​ള​ഞ്ഞു. വാ​തി​ലി​ന്റെ അടി​യി​ലൂ​ടേ കട​ന്നി​രു​ന്ന വെ​ളി​ച്ച​പ്പൊ​ളി​വു കണ്ട​ത്ഭു​ത​പ്പെ​ട്ട അദ്ദേ​ഹം കി​ട​യ്ക്ക​യില്‍നി​ന്നെ​ഴു​ന്നേ​റ്റ് ഇരി​പ്പു മു​റി​യി​ലേ​ക്കു തപ്പി​ത്ത​ട​ഞ്ഞു ചെ​ന്നു.

പകുതി തു​റ​ന്ന വാ​തി​ല്ക്കല്‍ ഓടാ​മ്പ​ലില്‍ കൈ​വെ​ച്ച്, അല്പം മുന്‍പോ​ട്ടു ചാ​ഞ്ഞു തല​യോ​ടു​കൂ​ടി, വി​റ​ച്ചും​കൊ​ണ്ട്, ചൊ​വ്വു​ള്ള​തും ഒരു ശവ​മൂ​ടു​തു​ണി പോലെ ഒരു മട​ക്ക​മി​ല്ലാ​ത്ത​തു​മായ ഒരു നേരിയ വെ​ള്ള​യ​ങ്കി​കൊ​ണ്ട് ദേഹം മൂടി അദ്ദേ​ഹം അമ്പ​ര​ന്നു കു​റ​ച്ചിട ഉമ്മ​റ​പ്പ​ടി​യി​ന്മേല്‍ത്ത​ന്നെ നി​ന്നു.

അദ്ദേ​ഹം കട്ടില്‍ കണ്ടു; കോ​സ​രി​യി​ട്ടു​ള്ള​തില്‍ ചോ​ര​യൊ​ലി​ച്ച്, ഒരു മെ​ഴു​കിന്‍വി​ളര്‍പ്പു​കൊ​ണ്ടു വി​ളര്‍ത്ത്, അടഞ്ഞ കണ്ണു​ക​ളോ​ടും തു​റ​ന്ന വാ​യ​യോ​ടും നി​റം​കെ​ട്ട ചു​ണ്ടു​ക​ളോ​ടും​കൂ​ടി, അരവരെ ഉടു​പ്പി​ല്ലാ​തെ, തു​ടു​ത്ത മു​റി​വു​ക​ളെ​ക്കൊ​ണ്ട് ആകെ കൊ​ത്തി​മു​റി​ക്ക​പ്പെ​ട്ട, അന​ക്ക​മ​റ്റും വെ​ളി​ച്ച​ത്തു കി​ട​ക്കു​ന്ന ആ ചെ​റു​പ്പ​ക്കാ​ര​നേ​യും.

എല്ലാ​യി​ത്തീര്‍ന്ന കൈ​കാ​ലു​കള്‍ക്ക് എത്ര​ക​ണ്ടാ​കാ​മോ അത്ര​ക​ണ്ടും ശക്തി​യില്‍ ആ മു​ത്ത​ച്ഛന്‍ അടി​മു​തല്‍ മു​ടി​വ​രെ വി​റ​ച്ചു; പ്രാ​യാ​ധി​ക്യം​കൊ​ണ്ട് ശു​ക്ല​ചര്‍മ്മം മഞ്ഞ​ച്ചു​പോയ അദ്ദേ​ഹ​ത്തി​ന്റെ കണ്ണു​കള്‍ ഒരു​ത​രം പളു​ങ്കു​വര്‍ണ്ണം​കൊ​ണ്ടു മൂ​ടി​യി​രു​ന്നു; ഒരു നി​മി​ഷം​കൊ​ണ്ട് അദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ത്താ​കെ ഒരു തല​യോ​ടി​ന്റെ മണ്ണ​ടി​ഞ്ഞ ഉന്തി​ച്ച​കള്‍ വ്യാ​പി​ച്ചു; ഒരു കമ്പി പൊ​ട്ടി​പ്പോ​യി​ട്ടെ​ന്ന​പോ​ലെ അദ്ദേ​ഹ​ത്തി​ന്റെ കൈ​കള്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു; ആകെ വി​റ​യ്ക്കു​ന്ന കൈ​വി​ര​ലു​ക​ളു​ടെ നീ​ട്ടി​യ​ക​ത്തി​പ്പി​ടി​ക്കല്‍ അദ്ദേ​ഹ​ത്തി​ന്റെ അമ്പ​ര​പ്പി​നെ വെ​ളി​പ്പെ​ടു​ത്തി; നേരിയ നി​ല​യ​ങ്കി​യു​ടെ പഴു​തി​ലൂ​ടേ വെ​ളു​ത്ത രോ​മ​ങ്ങള്‍ എടു​ത്തു​പി​ടി​ച്ചു​നി​ല്ക്കു​ന്ന അദ്ദേ​ഹ​ത്തി​ന്റെ മെ​ലി​ഞ്ഞ നഗ്ന​ങ്ങ​ളായ കാ​ലു​ക​ളെ കാ​ണി​ച്ചു​കൊ​ണ്ട് കാല്‍മു​ട്ടു​കള്‍ മുന്‍പില്‍ ഒരു കോണ്‍ വെ​ട്ടി​യി​രി​ക്കു​ന്നു; അദ്ദേ​ഹം മന്ത്രി​ച്ചു.

‘മരി​യു​സ്!’

‘സേര്‍, ബസ്ക് പറ​ഞ്ഞു, ’മൊ​സ്യു​വി​നെ, ഇതാ, ഇപ്പോള്‍ ഇവിടെ കൊ​ണ്ടു​വ​ന്നു. അദ്ദേ​ഹം വഴി​ക്കോ​ട്ട​യി​ലേ​ക്കു പോ​യി​രു​ന്നു; എന്നി​ട്ട്...’

‘അദ്ദേ​ഹം മരി​ച്ചു!’ ഒരു ഭയ​ങ്ക​ര​ശ​ബ്ദ​ത്തില്‍ ആ വൃ​ദ്ധന്‍ നി​ല​വി​ളി​ച്ചു. ‘ഹാ! എന്റെ തെ​മ്മാ​ടി!’

ഒരു​ത​രം ശ്മ​ശാ​ന​സം​ബ​ന്ധി​യായ രൂ​പാ​ന്ത​ര​പ്പെ​ടല്‍ ആ നൂ​റു​വ​യ​സ്സു​കാ​ര​നെ പി​ടി​ച്ചു നി​വര്‍ത്തി; അദ്ദേ​ഹ​ത്തി​ന് ഒരു ചെ​റു​പ്പ​ക്കാ​ര​ന്റെ ദേ​ഹ​ച്ചൊ​വ്വു​ണ്ടാ​ക്കി.

“സേര്‍, ” അദ്ദേ​ഹം പറ​ഞ്ഞു, “നി​ങ്ങ​ളാ​ണ് വൈ​ദ്യന്‍. ആദ്യം​ത​ന്നെ എന്നോ​ട് ഒരു കാ​ര്യം പറയൂ. അവന്‍ മരി​ച്ചി​രി​ക്കു​ന്നു. ഇല്ലേ?

ആശ​ങ്ക​യു​ടെ അങ്ങേ അറ്റ​ത്തെ​ത്തി​യി​രു​ന്ന വൈ​ദ്യന്‍ മി​ണ്ടാ​തെ നി​ന്നു.

ഒരു ഭയ​ങ്ക​ര​ച്ചി​രി​യോ​ടു​കൂ​ടി മൊ​സ്യു ഗില്‍നോര്‍മാന്‍ കൈ ഞെ​രി​ച്ചു.

“അവൻ മരി​ച്ചു! അവന്‍ മരി​ച്ചു! അവന്‍ മരി​ച്ചു! അവന്‍ വഴി​ക്കോ​ട്ട​യില്‍ക്ക​ട​ന്നു ചെ​ന്നു തല കള​ഞ്ഞു! എന്നോ​ടു​ള്ള ദേ​ഷ്യം​കൊ​ണ്ട്! എന്നോ​ടു​ള്ള വി​രോ​ധം കാ​ണി​ക്കാ​നാ​ണ് അവനതു ചെ​യ്ത​ത്! ഹാ, എന്റെ അറു​പോ​ക്കി​രി: ഇങ്ങ​നെ​യാ​ണ് എന്റെ അടു​ക്ക​ലേ​ക്കു​ള്ള അവ​ന്റെ തി​രി​ച്ചു​വ​ര​വ്! എന്റെ ഗ്ര​ഹ​പ്പി​ഴേ, അവര്‍ മരി​ച്ചു!”

അദ്ദേ​ഹം ജനാ​ല​യു​ടെ അടു​ക്ക​ലേ​ക്കു ചെ​ന്നു, ശ്വാ​സം​മു​ട്ടു​ന്നു​ണ്ടെ​ന്നു തോ​ന്നു മാറു ജനാ​ല​വാ​തില്‍ മലര്‍ക്കെ ഉന്തി​ത്തു​റ​ന്ന്, അന്ധ​കാ​ര​ത്തി​നു മുന്‍പില്‍ നീ​ണ്ടു നി​വര്‍ന്നു നി​ന്നു തെ​രു​വീ​ഥി​യെ നോ​ക്കി, രാ​ത്രി​യെ നോ​ക്കി, സം​സാ​രി​ക്കാന്‍ തു​ട​ങ്ങി:

“കു​ത്തി​ത്തു​ള​യ്ക്ക​പ്പെ​ട്ടു, വെ​ട്ടി​യ​രി​യ​പ്പെ​ട്ടു, കഥ​ക​ഴി​ക്ക​പ്പെ​ട്ടു, കൊ​ത്തി നൂ​റു​ക്ക​പ്പെ​ട്ടു, കഷ്ണം കഷ്ണ​മാ​യി മു​റി​ക്ക​പ്പെ​ട്ട! നോ​ക്ക​ണേ, ആ വി​കൃ​തി ഞാ​ന​വ​നെ അന്വേ​ഷി​ച്ചും​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്നും, അവ​ന്റെ മുറി ഞാന്‍ ശരി​പ്പെ​ടു​ത്തി വെ​ച്ചി​ട്ടു​ണ്ടെ​ന്നും, അവന്‍ ഒരു കു​ട്ടി​യാ​യി​രു​ന്ന കാ​ല​ത്തെ​ടു​പ്പി​ച്ചി​ട്ടു​ള്ള ഛായ ഞാ​നെ​ന്റെ കട്ടി​ലി​നു തല​യ്ക്കല്‍ബ്ഭാ​ഗ​ത്തു തൂ​ക്കി​യി​ട്ടു​ണ്ടെ​ന്നും അവ​ന്നു നല്ല​വ​ണ്ണ​മ​റി​യാം! അവ​നി​ങ്ങോ​ട്ടു വരി​ക​യേ വേ​ണ്ടു എന്നും, അവനെ ഞാന്‍ വള​രെ​ക്കൊ​ല്ല​ങ്ങ​ളോ​ള​മാ​യി കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നും എന്താ​ണ് വേ​ണ്ട​തെ​ന്ന​റി​ഞ്ഞു കൂ​ടാ​തെ കാല്‍മു​ട്ടു​ക​ളില്‍ കൈ​യു​മൂ​ന്നി ഞാ​നെ​ന്റെ തീ​ത്തി​ണ്ണ​യ്ക്ക​ടു​ക്കല്‍ കു​ത്തി​യി​രി​ക്ക​യാ​ണെ​ന്നും, എനി​ക്ക​തു വി​ചാ​രി​ച്ചു കമ്പം​പി​ടി​ച്ചി​രി​ക്കു​ന്നു എന്നും അവനു നല്ല​വ​ണ്ണ​മ​റി​യാം! ഇങ്ങോ​ട്ടു തി​രി​ച്ചു​വ​ന്ന് “ഇതു ഞാ​നാ​ണ്” എന്നൊ​ന്നു പറകയേ വേ​ണ്ടു എന്നും, നി​യ്യി​വി​ടു​ത്തെ എജ​മാ​ന​നാ​യി എന്നും, ഞാന്‍ നി​ന്റെ ചൊ​ല്പ​ടി​ക്കു നി​ല്ക്കു​മെ​ന്നും ആ നി​ന്റെ വങ്കന്‍ത​ന്ത​യായ മു​ത്ത​ച്ഛ​നെ നി​ന്റെ ഇഷ്ടം​പോ​ലെ നി​ന​ക്കു കൊ​ണ്ടു​ന​ട​ത്താ​മെ​ന്നും നി​ന​ക്കു നല്ല​വ​ണ്ണ​മ​റി​യാം! നി​ന​ക്ക​തു നല്ല​വ​ണ്ണ​മ​റി​യാം; നീ പറ​ഞ്ഞു: “ഇല്ല, അയാള്‍ രാ​ജ​ര​ക്ഷി​ക്കാ​ര​നാ​ണ്; ഞാന്‍ പോ​വി​ല്ല!” നീ വഴി​ക്കോ​ട്ട​യി​ലേ​ക്കു നട​ന്നു; എന്നോ​ടു​ള്ള പക​കൊ​ണ്ടു നീ നി​ന്റെ തല വെ​ടി​ക്കു കൊ​ടു​ത്തു! മൊ​സ്യു ല് ദ്യു​ക്ദ് ബെ​റി​യെ​പ്പ​റ്റി ഞാന്‍ പറ​ഞ്ഞ​തി​നു പകരം വീ​ട്ടാന്‍! ഇതു തെ​മ്മാ​ടി​ത്ത​മാ​യി! ആട്ടെ കി​ട​യ്ക്ക​മേല്‍ച്ചെ​ന്നു കി​ട​ന്നു സു​ഖ​മാ​യി ഉറ​ങ്ങ്! അവന്‍ മരി​ച്ചു; ഇതെ​ന്റെ കണ്ണു മി​ഴി​പ്പി​ച്ചു.”

രണ്ടാ​ളെ​പ്പ​റ്റി​യും ആശ പി​ടി​ക്കാന്‍ തു​ട​ങ്ങിയ വൈ​ദ്യന്‍ മരി​യു​സ്സി​നെ വി​ട്ടു​മൊ​സ്യു​ഗില്‍നോര്‍മാ​ന്റെ അടു​ക്ക​ലേ​ക്കു ചെ​ന്നു കൈ പി​ടി​ച്ചു. മു​ത്ത​ച്ഛൻ ഒന്നു തി​രി​ഞ്ഞു, ഉള്ള​തി​ല​ധി​കം വലു​പ്പം വെ​യ്ക്കു​ക​യും ചോ​ര​യ്ക്കു​ക​യും ചെ​യ്ത​താ​യി​ത്തോ​ന്നിയ കണ്ണു​ക​ളെ​ക്കൊ​ണ്ട് അയാളെ സൂ​ക്ഷി​ച്ചു നോ​ക്കി, ശാ​ന്ത​മാ​യി പറ​ഞ്ഞു.

“സേര്‍, നി​ങ്ങള്‍ക്കു വന്ദ​നം. എനി​ക്കു തന്റേ​ട​മു​ണ്ട്; ഞാ​നൊ​രു പു​രു​ഷ​നാ​ണ്. ഞാന്‍ പതി​നാ​റാ​മന്‍ ലൂ​യി​യു​ടെ മരണം കണ്ടി​ട്ടു​ള്ള​വ​നാ​ണ്; എനി​ക്ക​റി​യാം എങ്ങ​നെ​യാ​ണ് ഓരോ സം​ഗ​തി​കള്‍ കണ്ടു സഹി​ക്കേ​ണ്ട​തെ​ന്ന്. ഒന്നാ​ണ് സഹി​ച്ചു​കൂ​ടാ​ത്ത​ത്, ഈ ആപ​ത്തൊ​ക്കെ ഉണ്ടാ​ക്കി​ത്തീര്‍ക്കു​ന്ന​തു നി​ങ്ങ​ളു​ടെ വര്‍ത്ത​മാ​ന​പ​ത്ര​ങ്ങ​ളാ​ണ്. നി​ങ്ങള്‍ക്കു ഗ്ര​ന്ഥ​കാ​ര​ച്ചെ​ക്ക​ന്മാര്‍ വേണം, വാ​യാ​ടി​കള്‍ വേണം. വക്കീല്‍മാര്‍ വേണം, പ്രാ​സം​ഗി​ക​ന്മാര്‍ വേണം, സദ​സ്സു​കള്‍ വേണം, വാ​ദ​പ്ര​തി​വാ​ദം വേണം, അഭി​വൃ​ദ്ധി വേണം, പരി​ഷ്കാ​രം വേണം, മനു​ഷ്യാ​വ​കാ​ശം വേണം. പത്ര​സ്വാ​ത​ന്ത്ര്യം വേണം എന്നി​ട്ട് ഇങ്ങ​നെ​യാ​ണ് നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രിക. ഹാ, മരി​യു​സ്! ഇതു മോ​ശ​മാ​യി! കൊ​ല്ല​പ്പെ​ട്ടു! എന്നെ​ക്കാള്‍ മുന്‍പു മരി​ച്ചു! ഒരു വഴി​ക്കോ​ട്ട! എന്റെ തെ​മ്മാ​ടി​ച്ചെ​ക്കാ! ഡോ​ക്ടര്‍. നി​ങ്ങള്‍ ഈ പ്പ​ര​ദേ​ശ​ത്തു​കാ​ര​നാ​യി​രി​ക്കും? അതേ, ഞാന്‍ നല്ല​വ​ണ്ണ​മ​റി​യും നി​ങ്ങ​ളു​ടെ വണ്ടി എന്റെ ജനാ​ല​യു​ടെ ചു​വ​ട്ടി​ലൂ​ടെ പോ​കാ​റു​ള്ള​തു ഞാന്‍ കണ്ടി​ട്ടു​ണ്ട്. ഞാന്‍ നി​ങ്ങ​ളോ​ടു പറ​യ​ട്ടെ, എനി​ക്കു ശു​ണ്ഠി പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നു നി​ങ്ങള്‍ വി​ചാ​രി​ക്കു​ന്ന​തു തെ​റ്റാ​ണ്. ഒരു ചത്ത ആളെ​പ്പ​റ്റി ആളു​കള്‍ ശു​ണ്ഠി​യെ​ടു​ക്കാ​റി​ല്ല. അതു വങ്ക​ത്ത​മാ​ണ്. ഇതു ഞാന്‍ വളർ​ത്തി​പ്പോ​ന്ന ഒരു കു​ട്ടി​യാ​ണ് അവ​ന്നു ചെ​റു​പ്പ​മാ​യി​രി​ക്കു​മ്പോള്‍ത്ത​ന്നെ ഞാ​നൊ​രു കി​ഴ​വ​നാ​യി​ക്ക​ഴി​ഞ്ഞു അവന്‍ ത്വി​ലെ​റി​ക്കൊ​ട്ടാ​ര​ത്തി​ലെ മു​റ്റ​ത്ത് അവ​ന്റെ ചെ​റു​കൈ​ക്കോ​ട്ടോ​ടും നീ​ള​മി​ല്ലാ​ത്ത തല​മു​ടി​യോ​ടും കൂടി പാ​ഞ്ഞു​ക​ളി​ച്ചി​രു​ന്നു; ഇന്‍സ്പെ​ക്ടര്‍മാര്‍ പി​റു​പി​റു​ക്കാ​തി​രി​ക്കാന്‍വേ​ണ്ടി അവന്‍ നി​ല​ത്തു കൈ​ക്കോ​ട്ടു​കൊ​ണ്ടു കു​ഴി​ച്ചു​ണ്ടാ​ക്കി​യി​രു​ന്ന കു​ഴി​കള്‍ ഞാ​നെ​ന്റെ വടി​കൊ​ണ്ടു തട്ടി​മൂ​ടും. ഒരു ദിവസം അവന്‍ ആര്‍ത്തു; പതി​നെ​ട്ടാ​മന്‍ ലൂയി പോ​യ്ച്ചാ​വ​ട്ടെ! അതാ, ഒരൊ​റ്റ നട. അതെ​ന്റെ കു​റ്റ​മ​ല്ല. അവ​ന്നു ചെ​റു​പ്പ​മാ​യി​രു​ന്നു. മി​ടു​ക്കന്‍. അവ​ന്റെ അമ്മ മരി​ച്ചു. നി​ങ്ങള്‍ നോ​ക്കി​യി​ട്ടു​ണ്ടോ, എല്ലാ കു​ട്ടി​ക​ളും മി​ടു​ക്ക​ന്മാ​രാ​ണ്? എന്താ അത്? അവന്‍ ആല്വാര്‍യു​ദ്ധ​ത്തി​ലെ തട്ടി​പ്പ​റി​ക്കാ​രില്‍ ഒരു​വ​ന്റെ മക​നാ​ണ്; പക്ഷേ, മക്ക​ളില്‍ അച്ഛ​ന്മാ​രു​ടെ ദു​ഷ്പ്ര​വൃ​ത്തി​കള്‍ കാ​ണാ​റി​ല്ല. അവന്‍ ഇതാ, ഇതി​ലൊ​ട്ടു​മ​ധി​ക​മി​ല്ലാ​തി​രു​ന്ന​ത് എനി​ക്കോര്‍മ്മ​യു​ണ്ട്. അവ​ന്ന് ’അച്ഛന്‍ എന്നു പറ​യാന്‍ത​ന്നെ വയ്യാ. അവ​ന്ന് ആര്‍ക്കും മന​സ്സി​ലാ​വാ​ത്ത ഒരു​ത​രം ഭാഷ കൊ​ഞ്ചി​പ്പ​റ​യാ​നു​ണ്ട്; ഒരു പക്ഷി ചി​ല​യ്ക്കു​ക​യാ​ണെ​ന്നേ പറയൂ! എനി​ക്കോര്‍മ്മ​യു​ണ്ട്, ഒരു ദിവസം പൂ​ന്തോ​ട്ട​ത്തില്‍ ആളു​കള്‍ അവ​ന്റെ ചു​റ്റും അവനെ ഓമ​മ​നി​ച്ചു​കൊ​ണ്ടും വാ​ഴ്ത്തി​ക്കൊ​ണ്ടും വള​ഞ്ഞു​കൂ​ടി. അവ​ന​ത്ര ചന്ത​മു​ണ്ട്. ആ കു​ട്ടി​യാ​ണി​ത്! നി​ങ്ങള്‍ ചി​ത്ര​ങ്ങ​ളില്‍ക്കാ​ണു​ന്ന ഒരു തല​യാ​ണ​വ​ന്ന്. ഞാ​നൊ​രു ദിവസം ഉറ​ക്കെ എന്തോ പറ​ഞ്ഞു; എന്റെ വടി​യോ​ങ്ങി ഞാ​ന​വ​നെ പേ​ടി​പ്പെ​ടു​ത്തി; പക്ഷേ, അവ​ന്നു നല്ല​വ​ണ്ണ​മ​റി​യാം, ഞാ​ന​വ​നെ ചി​രി​പ്പി​ക്കാ​നാ​ണെ​ന്ന്. രാ​വി​ലെ എന്റെ മു​റി​യി​ലേ​ക്കു കട​ന്ന​പ്പോള്‍ ഞാ​ന​വ​നെ ദേ​ഷ്യ​പ്പെ​ട്ടു; പക്ഷേ, എന്താ​യാ​ലും എനി​ക്ക​വന്‍ പകല്‍വെ​ളി​ച്ചം​പോ​ലെ​യാ​ണ്. ഈ പി​ള്ളേ​രോ​ട് ഒരു നി​വൃ​ത്തി​യു​മി​ല്ല. അവര്‍ നി​ങ്ങ​ളെ പി​ടി​കൂ​ടു​ന്നു, അവര്‍ നി​ങ്ങ​ളെ മു​റു​ക്കി​പ്പി​ടി​ക്കു​ന്നു, അവര്‍ വി​ടി​ല്ല. വാ​സ്ത​വ​ത്തില്‍, ആ കു​ട്ടി​യെ​പ്പോ​ലെ ഒരു കാ​മ​ദേ​വ​നും ഉണ്ടാ​യി​രു​ന്നി​ല്ല. അപ്പോള്‍ അവനെ കൊ​ന്നു​ക​ള​ഞ്ഞ നി​ങ്ങ​ളു​ടെ ലഫ​യേ​ത്ത്മാ​രേ​യും, ബെ​ഞ്ച​മിന്‍ കോണ്‍സ്റ്റാ​ന്റ് മാ​രേ​യും നി​ങ്ങ​ളു​ടെ തിര്‍കൂര്‍ ദ് കൊര്‍സെല്‍മാ​രേ​യും പറ്റി നി​ങ്ങള്‍ക്കെ​ന്തു പറ​യാന്‍ കഴി​യും? ഇതീ നി​ല​യില്‍ നട​ക്കാന്‍ സമ്മ​തി​ച്ചു​കൂ​ടാ.”

അദ്ദേ​ഹം അപ്പോ​ഴും വി​ളര്‍ത്തും നി​ശ്ചേ​ഷ്ട​മാ​യും കി​ട​ക്കു​ന്ന മരി​യു​സ്സി​ന്റെ അടു​ക്ക​ലേ​ക്കു ചെ​ന്നു—വൈ​ദ്യന്‍ അയാളെ ശു​ശ്രൂ​ഷി​ക്കാന്‍ വീ​ണ്ടും തു​ട​ങ്ങി​യി​രി​ക്കു​ന്നു—ഒരി​ക്കല്‍ക്കൂ​ടി കൈ രണ്ടും പി​ടി​ച്ചു ഞെ​രി​ച്ചു. ഒരു യന്ത്ര​പ്പ​ണി​കൊ​ണ്ടെ​ന്ന​പോ​ലെ ആ വയ​സ്സ​ന്റെ വി​ളര്‍ത്ത ചു​ണ്ടു​കള്‍ ഇളകി, മര​ണ​വേ​ദ​ന​യി​ലെ ശ്വാ​സം​വ​ലി​കള്‍ പോലെ കഷ്ടി​ച്ചു കേള്‍ക്കാ​മെ​ന്ന നി​ല​യി​ലു​ള്ള ഈ വാ​ക്കു​ക​ളെ പു​റ​ത്തേ​ക്കു കട​ത്തി​യ​യ​ച്ചു: “ഹാ എന്റെ ഹൃ​ദ​യ​മി​ല്ലാ​ത്ത കു​ട്ടി! ഹാ, സഭാ​യോ​ഗ​ക്കാര! ഹാ, ഭാ​ഗ്യം​കെ​ട്ട മനു​ഷ്യാ! ഹാ, ഗജ​പോ​ക്കി​രി!’

മര​ണ​വേ​ദ​ന​യില്‍പ്പെ​ട്ട ഒരു മനു​ഷ്യന്‍ ഒരു ശവ​ത്തോ​ടു പതു​ക്കെ​ച്ചെ​യ്യു​ന്ന ശകാ​ര​ങ്ങള്‍.

ആന്ത​ര​ങ്ങ​ളായ ക്ഷോ​ഭ​ങ്ങള്‍ എപ്പോ​ഴും പു​റ​ത്തു വരാതെ കഴി​യാ​ത്ത​തു കൊ​ണ്ടു കു​റേ​ശ്ശ​ക്കു​റേ​ശ്ശ​യാ​യി വാ​ക്കു​കള്‍ക്ക് അന്വ​യം തി​രി​ച്ചു​വ​ന്നു; പക്ഷേ, മു​ത്ത​ച്ഛ​ന്ന് അവയെ ഉച്ച​രി​ക്കാ​നു​ള്ള ശക്തി​യി​ല്ലാ​താ​യി; അയാ​ളു​ടെ ഒച്ച അത്ര​മേല്‍ ക്ഷീ​ണി​ച്ച​തും കെ​ട്ട​തു​മാ​യി; വാ​ക്കു​കള്‍ ഒര​ഗാ​ധ​കു​ണ്ഡ​ത്തില്‍നി​ന്നാ​ണ് വരു​ന്ന​തെ​ന്നു തോ​ന്നി.

“എനി​ക്ക​തൊ​ക്കെ ഒന്ന്; ഞാനും മരി​ക്കു​ക​ത​ന്നെ​യാ​ണ്; അതേ. ഞാനും ഈ ഭാ​ഗ്യം​കെ​ട്ട​വ​നെ സു​ഖി​പ്പി​ക്കാന്‍ തെ​യ്യാ​റി​ല്ലാ​ത്ത ഒരൊ​റ്റ കൊ​ഞ്ചി​പ്പെ​ണ്ണും പാ​രി​സി​ലി​ല്ലെ​ന്ന​റി​യ​ണം! അപ്പോള്‍ രസി​ക്കു​ക​യും ജീ​വി​തം അനു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​പ​ക​രം ഒരു തെ​മ്മാ​ടി യു​ദ്ധം ചെ​യ്യാന്‍ പോയി അവി​ടെ​ക്കി​ട​ന്ന് ഒരു നാ​യ​യെ​പ്പോ​ലെ വെ​ടി​യേ​റ്റു! ആര്‍ക്കു​വേ​ണ്ടി? എന്തി​നു​വേ​ണ്ടി? പ്ര​ജാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി ഷോ​മി​യേ​റില്‍പ്പോ​യി നൃ​ത്ത​വി​നോ​ദം ആസ്വ​ദി​ക്കു​ന്ന​തി​നു​പ​ക​രം ഇതാണ് ചെ​റു​പ്പ​ക്കാ​രു​ടെ കര്‍ത്ത​വ്യ​കര്‍മ്മ​മെ​ന്നു തോ​ന്നും! എന്താ​ണ് ഇരു​പ​തു വയ​സ്സു പ്രാ​യ​മാ​യി​ട്ടു കാ​ര്യം? പ്ര​ജാ​ധി​പ​ത്യം, കു​രു​ത്തം​കെ​ട്ട ഒര​സ്സല്‍ വങ്ക​ത്തം! സാ​ധു​ക്ക​ളായ അമ്മ​മാ​രേ, കൊ​ള്ളാ​വു​ന്ന മക്ക​ളെ​യു​ണ്ടാ​ക്കിന്‍, അതു ചെ​യ്യിന്‍! ആട്ടെ, അവന്‍ മരി​ച്ചു. അത് ഒരേ വണ്ടി​പ്പ​ടി​യി​ലൂ​ടേ രണ്ടു ശവ​മ​ഞ്ചം കൊ​ണ്ടു​പോ​വി​ക്കും. ജന​റല്‍ ലമാര്‍ക്കി​ന്റെ കൊ​ള്ളാ​വു​ന്ന നോ​ട്ടം ഭ്ര​മി​ച്ചു നീ നി​ന്നെ ഈ നി​ല​യി​ലാ​ക്കി​ത്തീര്‍ത്തു. ആ ജെ​ന​റല്‍ ലമാര്‍ക്ക് നി​ന​ക്കെ​ന്തു ചെ​യ്തു​ത​ന്നു? ഒരു വെ​ട്ടി​ക്കീ​റി! ഒരു വാ​യാ​ടി! ഒരു മരി​ച്ചാള്‍ക്കു​വേ​ണ്ടി ആയു​സ്സു കളയുക! ഇതു പോരേ ആര്‍ക്കും ഭ്രാ​ന്തു പി​ടി​ക്കാന്‍! ഒന്നാ​ലോ​ചി​ച്ചു​നോ​ക്കൂ. ഇരു​പ​താ​മ​ത്തെ വയ​സ്സില്‍! ഇവിടെ ചിലതു കി​ട​ക്കെ​യ​ല്ലേ യാത്ര പോ​കു​ന്ന​തെ​ന്നു നോ​ക്കാൻ​കൂ​ടി അവന്‍ തല​യൊ​ന്നു തി​രി​ച്ചി​ല്ല. ഇങ്ങ​നെ​യാ​ണ് സാ​ധു​ക്ക​ളായ പടു​കി​ഴ​വ​ന്മാ​രെ ഇക്കാ​ല​ത്ത് ആളു​കള്‍ തനി​ച്ചു കി​ട​ന്നു മരി​ച്ചു​കൊ​ള്ളാന്‍ വി​ടു​ന്ന​ത്. ആ നി​ന്റെ മൂ​ല​യ്ക്കല്‍ക്കി​ട​ന്നു ചത്തോ, കൂമ! ആട്ടെ. ആക​പ്പാ​ടെ അതു പി​ന്ന​ത്ത​ത്തില്‍ ഭേദം; എനി​ക്കും അതു​ത​ന്നെ​യാ​ണ് വേ​ണ്ട​ത്;ഇതെ​ന്നെ ഒര​ടി​ക്കു കൊ​ന്നു​കൊ​ള്ളും. ഞാന്‍ പടു കി​ഴ​വ​നാ​യി, എനി​ക്കു നൂറു വയ​സ്സു കഴി​ഞ്ഞു. എനി​ക്കൊ​രു നൂ​റാ​യി​രം വയ​സ്സു കഴി​ഞ്ഞു; അവ​കാ​ശ​പ്ര​കാ​രം ഞാ​നി​തി​ന് എത്ര​യോ മുന്‍പു മരി​ക്കേ​ണ്ട​താ​ണ്. ഈ അടി അത​വ​സാ​നി​പ്പി​ക്കു​ന്നു. അപ്പോള്‍ ഒക്കെ​ത്തീര്‍ന്നു, എന്തു സുഖം! നവ​സാ​രം അവ​ന്റെ മു​ക്കില്‍ക്ക​യ​റ്റി​യി​ട്ടു പ്ര​യോ​ജ​ന​മെ​ന്താ​ണ്? എന്തി​നാ​ണ് ആക്ക​ണ്ട മരു​ന്നിന്‍പെ​ട്ടി​യൊ​ക്കെ? ഹേ, എന്റെ വങ്കന്‍ വൈ​ദ്യാ, വെ​റു​തേ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇതാ, അവന്‍ ചത്തു, ചത്തു വെ​റു​ങ്ങ​ലി​ച്ചു. എനി​ക്ക​റി​യാം അതൊ​ക്കെ; ഞാനും മരി​ച്ചി​രി​ക്കു​ന്നു. അവന്‍ കാ​ര്യം പകു​തി​ക്കു​വെ​ച്ച​നിര്‍ത്തി​യി​ല്ല. അതേ, ഈ കാലം അസ​ത്താ​ണ്; നീയും, നി​ന്റെ അഭി​പ്രാ​യ​ങ്ങ​ളും, നി​ന്റെ സ്ഥാ​പ​ന​ങ്ങ​ളും, നി​ന്റെ ഉപ​ദേ​ഷ്ടാ​ക്ക​ളും, നി​ന്റെ ദീര്‍ഘ​ദര്‍ശി​ക​ളും, നി​ന്റെ വൈ​ദ്യ​ന്മാ​രും, നി​ന്റെ തെ​മ്മാ​ടി​യെ​ഴു​ത്തു​കാ​രും, നി​ന്റെ രണ്ടും​കെ​ട്ട തത്ത്വ​ജ്ഞാ​നി​ക​ളും, കഴി​ഞ്ഞ അറു​പ​തു കൊ​ല്ല​ത്തോ​ള​മാ​യി ത്വീ​ലെ​രി​ക്കൊ​ട്ടാ​ര​ത്തി​ലെ കാ​ക്ക​ക്കൂ​ട്ട​ങ്ങ​ളെ​യൊ​ക്കെ പേ​ടി​പ്പി​ച്ചു പോ​രു​ന്ന നി​ന്റെ ഭര​ണ​പ​രി​വര്‍ത്ത​ന​ങ്ങ​ളൊ​ക്കെ​യും, എല്ലാം അസ​ത്ത്; അതേ. അങ്ങ​നെ​യാ​ണ് എനി​ക്കു തോ​ന്നി​യി​ട്ടു​ള്ള​ത്! പക്ഷേ, ഇങ്ങ​നെ നീ നി​ന്നെ കൊ​ണ്ടു​പോ​യി കഥ തീര്‍പ്പി​ച്ച​ത് കഷ്ട​മാ​യി; എനി​ക്കു നി​ന്നെ​പ്പ​റ്റി ഒരു സങ്ക​ട​വു​മി​ല്ല. മന​സ്സി​ലാ​യോ, എടാ, ആളെ​ക്കൊ​ല്ലി?

ആ സമ​യ​ത്തു മരി​യു​സ് പതു​ക്കെ കണ്ണു തു​റ​ന്നു; മോ​ഹാ​ല​സ്യ​ത്തി​ലെ അമ്പ​ര​പ്പു​കൊ​ണ്ട് അപ്പോ​ഴും മങ്ങി​യി​രു​ന്നു​വെ​ങ്കി​ലും അയാ​ളു​ടെ നോ​ട്ടം മൊ​സ്്യു ഗില്‍നോര്‍മാ​ന്റെ​മേല്‍ പതി​ഞ്ഞു. “മരി​യു​സി” ആ കി​ഴ​വന്‍ നി​ല​വി​ളി​ച്ചു പറ​ഞ്ഞു. ’മരി​യു​സ്! എന്റെ കു​ട്ടി മരി​യു​സ്! എന്റെ കു​ട്ടി! എന്റെ ഓമ​ന​മ​ക​നേ! നീ നി​ന്റെ കണ്ണു തു​റ​ക്കു​ന്നു, നി​യ്യെ​ന്നെ നോ​ക്കി​ക്കാ​ണു​ന്നു, നി​ന​ക്കു ജീ​വ​നു​ണ്ട്, ഞാന്‍ നന്ദി പറ​യു​ന്നു!”

അദ്ദേ​ഹം മോ​ഹാ​ല​സ്യ​പ്പെ​ട്ടു വീണു.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.