SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/hugo-39.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.3.1
തക​ര​ത്ത​കി​ടു​കൊ​ണ്ടു​ള്ള മു​റി​ക്കെ​ട്ടോ​ടു​കൂ​ടിയ മരം വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​കു​ന്നു

ഞങ്ങള്‍ ഈ രേ​ഖ​പ്പെ​ടു​ത്തിയ സംഭവം നട​ന്നി​ട്ടു കു​റ​ച്ചു​നാള്‍ കഴി​ഞ്ഞ​തി​നു ശേഷം, സയൻ ബു​ലാ​ത്രു​യെല്‍ ഒരു സാം​ഭ്ര​മ​ത്തില്‍പ്പെ​ട്ടു.

ഈ പു​സ്ത​ക​ത്തി​ന്റെ വൃ​സ​ന​ക​ര​ങ്ങ​ളായ ഭാ​ഗ​ങ്ങ​ളില്‍ വാ​യ​ന​ക്കാര്‍ കണ്ടി​ട്ടു​ള്ള ആ മൊ​ങ്ഫേര്‍മി​യെ​യി​ലെ നി​ര​ത്തു​പ​ണി​ക്കാ​രന്‍ തന്നെ​യാ​ണ് സയൻ​ബൂ​ലാ​ത്രു​യെല്‍.

വാ​യ​ന​ക്കാര്‍ക്കു പക്ഷേ, ഓര്‍മ്മ​യു​ള്ള​വി​ധം നാ​നാ​വി​ധ​ത്തി​ലു​ള്ള അസ്വാ​സ്ഥ്യ​ക​ര​പ്ര​വൃ​ത്തി​ക​ളില്‍ ഏര്‍പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒരാ​ളാ​ണ് ബു​ലാ​ത്രു​യെല്‍. അയാള്‍ കല്ലു തച്ചു​ട​യ്ക്കു​ക​യും പെ​രു​വ​ഴി​പോ​ക്ക​രെ തക​രാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വഴി​പ്പ​ണി​ക്കാ​ര​നും തട്ടി​പ്പ​റി​ക്കാ​ര​നു​മായ ആ മനു​ഷു​ന്ന് ഒരു മനോ​രാ​ജ്യ​മു​ണ്ടാ​യി​രു​ന്നു. മൊ​ങ്ഫെര്‍മി​യെ​യി​ലെ കാ​ട്ടി​ന്നു​ള്ളില്‍ നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് അയാ​ളു​ടെ വി​ശ്വാ​സം. ഒരു ദിവസം ആ പണം ഒരു മര​ത്തി​ന്റെ ചു​വ​ട്ടില്‍വെ​ച്ച് കണ്ടെ​ത്തു​മെ​ന്ന് അയാള്‍ ആശി​ച്ചു; അതി​നി​ട​യ്ക്ക് അയാള്‍ വഴി​പോ​ക്ക​രു​ടെ കു​പ്പാ​യ​ക്കീ​ശ​ക​ളില്‍ തപ്പി​നോ​ക്കി കാലം കഴി​ച്ചു.

എന്താ​യാ​ലും, ഒരി​ക്കല്‍, അയാള്‍ വി​വേ​കം കാ​ണി​ച്ചു. അയാള്‍ നല്ല ഭം​ഗി​യില്‍ കെണി വി​ട്ടു​പോ​ന്നു. വാ​യ​ന​ക്കാര്‍ക്ക​റി​വു​ള്ള വിധം, മറ്റു ഘാ​തു​ക​ന്മാ​രു​ടെ​കൂ​ട്ട​ത്തില്‍ അയാ​ളും ഴൊന്‍ദ്രെ​ത്തി​ന്റെ ചെ​റ്റ​സ്ഥ​ല​ത്തു​നി​ന്നു പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു​വ​ല്ലോ. ഒരു ദു​ഷ്പ്ര​വൃ​ത്തി​യെ​ക്കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം; അയാ​ളു​ടെ കുടി അയാളെ രക്ഷി​ച്ചു. ഒരു തട്ടി​പ്പ​റി​ക്കാ​ര​ന്റെ നി​ല​യി​ലോ ഒരു തട്ടി​പ്പ​റി​ക്ക​പ്പെ​ട്ട​വ​ന്റെ നി​ല​യി​ലോ അയാള്‍ അവിടെ ഉണ്ടാ​യി​രു​ന്ന​തെ​ന്നു കണ്ടു​പി​ടി​ക്കാന്‍ ഭര​ണാ​ധി​കാ​രി​ക​ളെ​ക്കൊ​ണ്ട് ഒരു​വി​ധ​ത്തി​ലും കഴി​ഞ്ഞി​ല്ല. ആ പതി​യി​രു​പ്പു​ദി​വ​സം വൈ​കു​ന്നേ​രം കു​ടി​ച്ചു തന്റേ​ടം കെ​ട്ടി​രു​ന്നു എന്ന​തി​നു​ള്ള മതി​യായ തെ​ളി​വി​ന്മേൽ പു​റ​പ്പെ​ടു​വി​ച്ച ഒരു വ്യ​വ​ഹാ​ര​നി​രോ​ധ​ക്ക​ല്പന അയാളെ തട​വില്‍നി​ന്നു വി​ട്ട​യ​ച്ചു. അയാള്‍ ഒരു നട​കൊ​ടു​ത്തു. ഭര​ണാ​ധി​കാ​രി​ക​ളു​ടെ മേല്‍നോ​ട്ട​ത്തി​നു കീ​ഴില്‍ മു​ഖ​വും താ​ഴ്ത്തി, ഒരു കു​ണ്ഠി​ത​മ​ട്ടില്‍ മോ​ഷ​ണ​ത്തി​നു​ള്ള ഉത്സാ​ഹം കു​റെ​യൊ​ന്നു കെ​ട്ടു. രാ​ജ്യ​ഭ​ര​ണ​ത്തി​ന്റെ ഗു​ണ​ത്തി​നു​വേ​ണ്ടി ഇരു​ന്നു കല്ലു​ത​ല്ലി​യു​ട​യ്ക്കാ​നാ​യി അയാള്‍ ഗാ​ങി​യില്‍നി​ന്നു ലാ​ങി​യി​ലേ​ക്കു​ള്ള വഴി​യോ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ന്നു; എന്നാല്‍ തന്നെ രക്ഷ​പ്പെ​ടു​ത്തിയ വീ​ഞ്ഞി​ന്മേൽ മുന്‍പു​ണ്ടാ​യി​രു​ന്ന വാ​ത്സ​ല്യം ഒട്ടും കു​റ​ച്ചി​ല്ല.

വഴി​പ്പ​ണി​ക്കാ​ര​ന്റെ പു​ല്ലു​മേ​ഞ്ഞ കു​ടി​ലി​ലേ​ക്കു തി​രി​ച്ചെ​ത്തി​യി​ട്ട അധി​ക​ദി​വ​സം കഴി​യു​ന്ന​തി​നു​മുന്‍പ് അയാള്‍ അനു​ഭ​വി​ച്ചു സം​ഭ്ര​മ​ത്തി​ന്റെ കഥ ഇതാണ്.

ഒരു ദിവസം രാ​വി​ലെ, പതി​വു​പോ​ലെ ജോ​ലി​ക്കും ഒരു സമയം തന്റെ പതി​യി​രി​പ്പി​നും​കൂ​ടി പു​റ​ത്തേ​ക്കി​റ​ങ്ങിയ സമ​യ​ത്ത്, പു​ലര്‍ന്ന് അല്പം കഴി​ഞ്ഞ​പ്പോള്‍, ഒരാള്‍ മര​ക്കൊ​മ്പു​കള്‍ക്കി​ട​യി​ലൂ​ടെ പോ​കു​ന്ന​ത് അയാള്‍ കണ്ടു; പു​റം​മാ​ത്ര​മേ കാ​ണാ​നു​ണ്ടാ​യി​രു​ന്നു​ള്ളു; എങ്കി​ലും ദു​ര​ത്തും പ്ര​ഭാ​താ​രം​ഭ​ത്തി​ലെ മങ്ങ​ലി​ലും​വെ​ച്ചാ​ണെ​ങ്കി​ലും ആ മനു​ഷ്യ​ന്റെ ചു​മ​ലു​കള്‍ തനി​ക്കു തീരെ അപ​രി​ചി​ത​ങ്ങ​ള​ല്ലെ​ന്നു തോ​ന്നി. അപ്പോള്‍ ലഹ​രി​യില്‍ത്ത​ന്നെ​യാ​ണെ​ങ്കി​ലും ബു​ലാ​ത്രു​യെ​ലി​നു തെ​റ്റാ​ത്ത​തും തെ​ളി​വു​ള്ള​തു​മായ ഒരു ഓര്‍മ്മ​ശ​ക്തി​യു​ണ്ടാ​യി​രു​ന്നു—നി​യ​മ​ശാ​സ​ന​ങ്ങ​ളോ​ട് കൂ​ട്ടി​മൂ​ട്ടേ​ണ്ടി​വ​രു​ന്ന ഏവര്‍ക്കും ഒഴി​ച്ചു​കൂ​ടാ​ത്ത ഒരാ​യു​ധം.

‘എവി​ടെ​വെ​ച്ചാ​ണ് ഞാന്‍ അങ്ങ​നെ​യൊ​രു മനു​ഷ്യ​നെ കണ്ടി​ട്ടു​ള്ള​ത്?’ അയാള്‍ സ്വയം ചോ​ദി​ച്ചു. പക്ഷേ, തന്റെ ഓര്‍മ്മ​യില്‍ എന്തോ ഒര​സ്പ​ഷ്ട​ച​വു​ട്ട​ടി​യി​ട്ടു​കൊ​ണ്ട് പോ​യി​ട്ടു​ള്ള ഒരാ​ളു​ടെ ഛായ ആ മനു​ഷ്യ​ന്നു​ണ്ടെ​ന്ന​ല്ലാ​തെ മറ്റൊ​ന്നും അയാ​ളെ​ക്കൊ​ണ്ട് മറു​പ​ടി​യു​ണ്ടാ​ക്കാന്‍ കഴി​ഞ്ഞി​ല്ല.

ഏതാ​യാ​ലും, കണ്ടു​പി​ടി​ക്കാന്‍ കഴി​യാ​തി​രു​ന്ന ‘അതി​ന്ന​യാ​ളെ’ന്നു​ള്ള​തി​നെ എന്ന​പോ​ലെ, ബു​ലാ​ത്രു​യെല്‍ മറ്റു കാ​ര്യ​ങ്ങ​ളേ​യും പറ്റി ആലോ​ചി​ച്ചു, കണ​ക്കാ​ക്കി​നോ​ക്കി. ആ മനു​ഷ്യന്‍ നാ​ട്ടു​പു​റ​ത്തു​കാ​ര​ന​ല്ല. അയാള്‍ അപ്പോള്‍ എത്തി​യി​ട്ടേ​യു​ള്ളു. നട​ന്നി​ട്ടാ​ണ്, നി​ശ്ച​യം. ആ സമ​യ​ത്ത് മൊ​ങ്ഫേര്‍മി​യേ​യി​ലൂ​ടെ വണ്ടി​ക​ളൊ​ന്നും പോ​കു​ന്നി​ല്ല. രാ​ത്രി​മു​ഴു​വ​നും അയാള്‍ നട​ന്നി​രി​ക്കു​ന്നു. അയാള്‍ എവി​ടെ​നി​ന്നു വന്നു? വളരെ ദൂ​ര​ത്തു​നി​ന്ന​ല്ല; കെ​ട്ടോ ഭാ​ണ്ഡ​മോ അയാള പക്ക​ലി​ല്ല. പാ​രി​സ്സില്‍നി​ന്നാ​ണ്, സം​ശ​യ​മി​ല്ല. അയാള്‍ ഈ കാ​ട്ടി​ലേ​ക്ക് എന്തി​ന​വ​ന്നു? അയാള്‍ ഇങ്ങ​നെ​യൊ​രു സമ​യ​ത്ത് അവിടെ എന്തി​നെ​ത്തി? അവിടെ വന്നി​ട്ട അയാള്‍ക്കെ​ന്താ​ണാ​വ​ശ്യം?

ബു​ലാ​ത്രു​യെല്‍ നി​ക്ഷേ​പ​ത്തെ​പ്പ​റ്റി ആലോ​ചി​ച്ചു. ഓര്‍മ്മ​ശ​ക്തി​യെ ആകെ വലി​ച്ചി​ട്ടു തി​ര​ഞ്ഞു​നോ​ക്കി​യ​തില്‍, വള​രെ​ക്കൊ​ല്ല​ങ്ങള്‍ക്കു​മുന്‍പ് ഈ മനു​ഷ്യന്‍ തന്നെ​യാ​യി​രി​ക്കാ​വു​ന്ന ഒരാള്‍ ഉണ്ടാ​ക്കി​ത്തീര്‍ത്ത ശങ്ക​യെ​പ്പ​റ്റി അയാള്‍ക്ക് ഒരു നേരിയ ഓര്‍മ്മ വന്നു.

‘എട, ഗ്ര​ഹ​പ്പി​ഴേ!ബു​ലാ​രു​യെല്‍ പറ​ഞ്ഞു, ‘ഞാ​ന​യാ​ളെ കണ്ടു​പി​ടി​ക്കും. ആ ഗ്രാ​മ​ക്കാ​ര​ന്റെ ഗ്രാ​മം ഞാന്‍ മന​സ്സി​ലാ​ക്കും, പത്രൊ​ങ് മി​നെ​ത്തി​ലെ ഈ പതു​ങ്ങി​ക്ക​ള്ള​ന്ന് ഇവിടെ ഒരു കാ​ര്യ​മു​ണ്ട്; ഞാ​ന​ത​റി​യും. എനി​ക്കു പങ്കൊ​ന്നും തരാന്‍ ഭാ​വ​മി​ല്ലെ​ങ്കില്‍, എന്റെ കാ​ട്ടില്‍ ആളു​കള്‍ക്ക് ഗു​ഢ​കാ​ര്യ​മൊ​ന്നും വെ​ക്കാന്‍ പാ​ടി​ല്ല.

അയാള്‍ നല്ല മൂര്‍ച്ച​യു​ള്ള​താ​യി​രു​ന്ന തന്റെ പി​ക്കാ​സ്സെ​ടു​ത്തു.

‘അപ്പോള്‍,’ അയാള്‍ പി​റു​പി​റു​ത്തു, നി​ല​ത്തും ഒരു മനു​ഷ്യ​നി​ലും കു​ഴി​ച്ചു നോ​ക്കേ​ണ്ട എന്തോ ഒന്നു​ണ്ടാ​വും.’

ഒരു നൂ​ലോ​ട് മറ്റൊ​രു നൂല്‍ കൂ​ട്ടി​ക്കെ​ട്ടു​ന്ന​തു​പോ​ലെ ആ മനു​ഷ്യന്‍ പോ​യി​ട്ടു​ള്ള വഴി​യി​ലൂ​ടെ കഴി​യു​ന്ന​തും വേ​ഗ​ത്തില്‍ നട​ന്നു, കു​റ്റി​ക്കാ​ടു​ക​ളി​ലൂ​ടെ പാ​ഞ്ഞു.

ഒരു നൂറടി പോ​യ​പ്പോ​ഴേ​ക്ക് പു​ലർ​ന്നു​വ​ന്നി​രു​ന്ന ദിവസം അയാ​ളു​ടെ കൂ​ട്ടി​നെ​ത്തി. മണ​ലില്‍പ്പ​തി​ഞ്ഞി​ട്ടു​ള്ള കാ​ല​ടി​പ്പാ​ടു​ക​ളും, അവി​ട​വി​ടെ ചവു​ട്ടി​ച്ച​ത​ഞ്ഞി​ട്ടു​ള്ള പു​ല്ലു​ക​ളും, ഞെ​ങ്ങി​യി​ട്ടു​ള്ള കു​റ്റി​ക്കാ​ടു​ക​ളും, വള​യു​ക​യും ഉണ​രു​മ്പോള്‍ നീ​ട്ടി​പ്പി​ടി​ക്കു​ന്ന ഒരു സു​ന്ദ​രി​യു​ടെ കൈ​കള്‍ക്കു​ള്ള മനോ​ഹ​ര​മായ ഉറ​പ്പി​ക്ക​ലോ​ടു​കൂ​ടി വീ​ണ്ടും നി​വ​രാന്‍ തു​ട​ങ്ങു​ക​യും ചെ​യ്യു​ന്ന പൊ​ന്ത​യി​ലെ ഇളം​കൊ​മ്പു​ക​ളും ആ മനു​ഷ്യന്‍ പോ​യി​ട്ടു​ള്ള വഴി ഏതാ​ണ്ട് അയാള്‍ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. അയാള്‍ ആ വഴിയേ ചെ​ന്നു. അത് കാ​ണാ​തെ​യാ​യി. സമയം പാ​യു​ന്നു. അയാള്‍ കാ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ്ടു; ഒരു​ത​രം കു​ന്നിന്‍പു​റ​ത്തെ​ത്തി. ഗി​ല്ലെ​റി​യി​ലെ നാ​ടോ​ടി മൂ​ളി​പ്പാ​ട്ടു പാടി ഒരു വഴിയേ അക​ല​ത്തൂ​ടെ പോ​കു​ന്ന ഒരു നാ​യാ​ട്ടു​കാ​രന്‍ ഒരു മര​ത്തി​ന്മേല്‍ കയറി നോ​ക്കു​ക​ത​ന്നെ എന്ന യു​ക്തി തോ​ന്നി​ച്ചു. അയാള്‍ പ്രാ​യ​ക്കാ​ര​നാ​ണെ​ങ്കി​ലും ഉശി​ര​നാ​ണ്. തി​ത്തി​രു​സ്സി​നും [1] ബു​ലാ​ത്രു​യെല്‍ക്കും പറ്റിയ വി​ധ​ത്തി​ലു​ള്ള ഒരു കെ​ടേ​ശ്ശു​മ​രം അടു​ത്തു​ണ്ടാ​യി​രു​ന്നു. ബു​ലാ​ത്രു​യെല്‍ അതി​ന്മേല്‍ കഴി​യു​ന്ന​തും മു​ക​ളി​ലേ​ക്കു കയറി.

ആ യു​ക്തി നന്നാ​യി. തി​ക​ച്ചും പൊ​ന്ത​കെ​ട്ടി​യ​തും കാ​ടു​പി​ടി​ച്ച​തു​മായ കാ​ട്ടു​പ്ര​ദേ​ശ​ത്തി​ന്ന​പ്പു​റ​ത്തു തൊ​ട്ട​ടു​ത്തു​ള്ള ഏകാ​ന്ത​ത്ത​രി​ശു​സ്ഥ​ല​ത്ത് കണ്‍ന​ട​ത്തി​യ​പ്പോള്‍ ബു​ലാ​ത്രു​യെല്‍ പെ​ട്ടെ​ന്നു തനി​ക്കു വേണ്ട ആളെ കണ്ടെ​ത്തി.

അയാള്‍ കണ്ടു എന്നാ​യ​പ്പോ​ഴേ​ക്ക് ആ മനു​ഷ്യന്‍ മറ​ഞ്ഞു.

വലിയ മര​ങ്ങ​ളെ​ക്കൊ​ണ്ട് മൂ​ടു​പ​ട​മി​ട്ട് വളരെ ദൂ​ര​ത്തു​ള്ള ഒരു തു​റ​സ്സു​സ്ഥ​ല​ത്തേ​ക്ക് ആ മനു​ഷ്യന്‍ കട​ന്നു, അല്ലെ​ങ്കില്‍ ഊരി​പ്പോ​യി; പക്ഷേ, ഒരു വലിയ മു​ര​ട്ടു കല്ലിന്‍കൂ​മ്പാ​ര​ത്തി​ന​ടു​ത്ത് തൊ​ലി​യി​ന്മേല്‍ ഒരു തക​ര​പ്പ​ലക വെ​ച്ചു​ത​റ​ച്ചു മു​റി​വു കെ​ട്ടി​യി​ട്ടു​ള്ള ഒരു രോ​ഗ​ക്കാ​രന്‍ ചെ​സ്ന​ട്ട് മരം നോ​ക്കി​വെ​ച്ചി​രു​ന്ന​തു​കൊ​ണ്ട് ആ പ്ര​ദേ​ശം ബു​ലാ​ത്രു​യെ​ലി​നു തി​ക​ച്ചും പരി​ചി​ത​മാ​ണ്.

എന്താ​വ​ശ്യ​ത്തി​നു​ള്ള​തെ​ന്ന് ആര്‍ക്കും അറി​ഞ്ഞു​കൂ​ടാ​തെ മു​പ്പ​തു കൊ​ല്ല​ത്തി​നു മുന്‍പ് അവിടെ കാ​ണാ​നു​ണ്ടാ​യി​രു​ന്ന കല്ലിന്‍കൂ​ട്ടം നി​ശ്ച​യ​മാ​യും ഇപ്പോ​ഴു​മു​ണ്ടാ​വ​ണം. ഒരു പല​ക​വേ​ലി​യി​ല്ലെ​ങ്കില്‍പ്പി​ന്നെ, ഒരു കല്ലിന്‍കൂ​ട്ട​ത്തോ​ളം ആയു​സ്സു​ള്ള​താ​യി മറ്റൊ​ന്നു​മി​ല്ല. അവ താല്‍ക്കാ​ലി​കാ​വ​ശ്യ​ങ്ങ​ളാ​ണ്. നി​ല​നില്‍ക്കാ​നു​ള്ള എന്തൊ​രു കാരണം.

ആഹ്ലാ​ദ​ത്തി​ന്നു​ള്ള വേ​ഗ​ത്തോ​ടു​കൂ​ടി ബു​ലാ​ത്രു​യെല്‍ മര​ത്തി​ന്മേൽ നി​ന്ന്, ഇറ​ങ്ങി എന്ന​ല്ല പറ​യേ​ണ്ട​തു, താ​ഴ​ത്തേ​ക്കു വീണു. മട കണ്ടെ​ത്തി​പ്പോ​യി; ഇനി ജന്തു​വി​നെ പി​ടി​കൂ​ടു​ക​യേ വേ​ണ്ടു. അയാ​ളു​ടെ മനോ​രാ​ജ്യ​ത്തി​ലു​ള്ള നി​ക്ഷേ​പം ഒരു​സ​മ​യം അവി​ടെ​യു​ണ്ടാ​വാം.

ആ തു​റ​സ്സു​സ്ഥ​ല​ത്തെ​ത്തുക എളു​പ്പ​മു​ള്ള പണി​യ​ല്ല. ഒരാ​യി​രം വള​വോ​ടു​കൂ​ടി പോ​കു​ന്ന പതി​വു​വ​ഴി​യി​ലൂ​ടേ പോ​യാല്‍ അവി​ടെ​യെ​ത്താന്‍ ഒരു കാല്‍മ​ണി​ക്കൂര്‍ വേണം. ചി​ല്ല​കള്‍ക്കി​ട​യി​ലൂ​ടേ വല്ലാ​തേ കാ​ടു​പി​ടി​ച്ച​തും മു​ള്ളു​നി​റ​ഞ്ഞ​തും ആ പ്ര​ദേ​ശ​ത്തു​വെ​ച്ചു പ്ര​യാ​സം​കൂ​ടി​യ​തു​മായ ചൊ​വ്വു​വ​ഴി​ക്കു പോ​ക​യാ​ണെ​ങ്കില്‍ ഒര​ര​മ​ണി​ക്കൂര്‍ തി​ക​ച്ചും പി​ടി​ക്കും. ഇതു മന​സ്സി​ലാ​ക്കി​യി​ല്ലെ​ന്നു ബു​ലാ​ത്രു​യെല്‍ക്ക് ഒര​ബ​ദ്ധം പറ്റി. അയാള്‍ നേര്‍വ​ഴി​യെ വി​ശ്വ​സി​ച്ചു; പല ആളു​ക​ളേ​യും കഷ്ട​ത്തി​ലാ​ക്കി​യി​ട്ടു​ള്ള ഒരു ബഹു​മാ​ന്യ​മായ ദൃ​ഷ്ടി​ഭ്ര​മം. കു​ത്ത​നെ തി​ങ്ങി​നി​ല്ക്കു​ന്ന കു​റ്റി​ക്കാ​ടാ​ണ് നല്ല വഴി​യെ​ന്ന് അയാള്‍ക്കു തോ​ന്നി.

‘നമു​ക്കു നേരേ ചെ​ന്നാ​യ​ക്ക​ണ്ട​ത്തി​ലേ​ക്കു വെ​ച്ച​ടി​ക്കുക.’ അയാള്‍ പറ​ഞ്ഞു.

വളഞ്ഞ വഴി​യി​ലൂ​ടെ നട​ന്നു​ശീ​ലി​ച്ചി​ട്ടു​ള്ള ബു​ലാ​ത്രു​യെ​ലി​ന് ഈ ഘട്ട​ത്തില്‍ നേര്‍വ​ഴി​ക്കു​വെ​ച്ചു എന്ന തെ​റ്റു പറ്റി.

അയാള്‍ പു​ല്പൊ​ന്ത​യു​ടെ വല​പ്പ​ണി​യി​ലേ​ക്ക് ഉറ​പ്പി​ച്ചു ചാടി.

അയാള്‍ക്കു കാ​ര​മുള്‍ച്ചെ​ടി​ക​ളും, കൊ​ടു​ത്തൂ​വ​ക​ളും, മുള്‍പ്പൊ​ന്ത​ക​ളും പാ​റ​ക്കാ​ര​ക​ളും, വളരെ ശു​ണ്ഠി​പി​ടി​ച്ച മുള്‍ച്ചെ​ടി​ക​ളും ചവു​ട്ടി​ക്ക​ട​ക്കേ​ണ്ടി​വ​ന്നു. അയാള്‍ക്കു പല ദി​ക്കി​ലും മു​റി​വു പറ്റി.

മല​ങ്കു​ഴി​യു​ടെ അടി​യില്‍ വെ​ള്ള​മു​ണ്ട്; അതു കട​ക്ക​ണം.

നാ​ല്പ​തു മി​നി​ട്ടു കഴി​ഞ്ഞ​തി​ന്നു​ശേ​ഷം വി​യര്‍ത്തു​മു​ങ്ങി, നന​ഞ്ഞു, ശ്വാ​സം​മു​ട്ടി, പോ​റി​പ്പൊ​ളി​ഞ്ഞു, വല്ലാ​താ​യി, ഒരു​വി​ധ​ത്തില്‍ അയാള്‍ തു​റ​സ്സു​സ്ഥ​ല​ത്തെ​ത്തി.

അവി​ടെ​യെ​ങ്ങും ആരു​മി​ല്ല. ബു​ലാ​ത്രു​യെല്‍ ആ കല്ലിന്‍കു​ന്നി​ലേ​ക്കു പാ​ഞ്ഞു. അത് അതി​ന്റെ സ്ഥാ​ന​ത്തു​ണ്ട്. അതാ​രും കൊ​ണ്ടു​പോ​യി​ട്ടി​ല്ല.

ആ മനു​ഷ്യ​നാ​ണെ​ങ്കില്‍ കാ​ട്ടി​നു​ള്ളില്‍ മറ​ഞ്ഞു​ക​ഴി​ഞ്ഞു. അയാള്‍ ചാ​ടി​പ്പോ​യി. എവി​ടേ​ക്ക്? ഏതു ഭാ​ഗ​ത്തേ​ക്ക്? ഏതു പൊ​ന്ത​യി​ലേ​ക്ക്? ഈഹി​ക്കാന്‍ വയ്യാ.

അവിടെ—പറ​യാന്‍ വയ്യാ—ആ കല്ലിന്‍കൂ​ട്ട​ത്തി​നു പി​ന്നില്‍, തക​ര​പ്പ​ല​ക​യോ​ടു കൂടിയ മര​ത്തി​നു മുന്‍പി​ലാ​യി, പു​തു​താ​യി കി​ള​ച്ചു​മ​റി​ച്ചി​ട്ട മണ്ണും, ഉപേ​ക്ഷി​ച്ചി​ട്ട​തോ മറ​ന്നി​ട്ട​തോ ആയ ഒരു പി​ക്കാ​സ്സും, ഒരു കു​ഴി​യു​മു​ണ്ട്.

കു​ഴി​യില്‍ ഒന്നു​മി​ല്ല.

‘കള്ള!’ആകാ​ശാ​ന്ത​ത്തേ​ക്കു നോ​ക്കി മു​ഷ്ടി​യി​ള​ക്കി​ക്കൊ​ണ്ടു ബു​ലാ​ത്രു​യെല്‍ നി​ല​വി​ളി​ച്ചു.

കു​റി​പ്പു​കൾ

[1] ഗ്രീ​സ്സു​കാ​രു​ടെ സാ​ധാ​ര​ണ​യാ​യി നട​പ്പു​ള്ള ഒരാ​ട്ടി​ട​യ​പ്പേർ.

5.3.2
പൌ​ര​യു​ദ്ധ​ത്തില്‍നി​ന്നു വി​ട്ടു​പോ​ന്ന് മരി​യു​സ് കു​ടും​ബ​യു​ദ്ധ​ത്തി​നു തയ്യാ​റാ​യി

വളരെ ദി​വ​സ​മാ​യി, മരി​യു​സ് മരി​ക്കു​ന്നു​മി​ല്ല, ജീ​വി​ക്കു​ന്നു​മി​ല്ല എന്നാ​യി​ട്ട്; പല ആഴ്ച​ക​ളോ​ള​മാ​യി ഇട​യ്ക്കി​ട​യ്ക്കു തന്റേ​ടം കെ​ടു​ന്ന ഒരു പനി വി​ടാ​തെ കൂ​ടി​യി​ട്ട്; മറ്റു മു​റി​വു​ക​ളെ​ക്കാ​ള​ധി​കം തല​യി​ലെ മു​റി​വു​കള്‍കൊ​ണ്ടു​ള്ള പരി​ക്കു കാരണം തല​ച്ചോ​റി​നു സഗൗ​ര​വ​ങ്ങ​ളായ തക​രാ​റു​ക​ളു​മു​ണ്ട്.

പനി​യു​ടെ വ്യ​സ​ന​ക​ര​മായ പേ​പ​റ​യ​ലി​ലും മര​ണ​വേ​ദ​ന​യു​ടെ കു​ണ്ഠി​ത​മ​യ​മായ ശാ​ഠ്യ​ത്തി​ലും അയാള്‍ രാ​ത്രി മു​ഴു​വ​നും കൊ​സെ​ത്തി​നെ വി​ളി​ച്ചു. ചില ഉപ​ദ്ര​വ​ങ്ങള്‍ അപ​ക​ട​മാ​യേ​ക്കാം എന്നു​ത​ന്നെ തോ​ന്നി​ക്കും. വലിയ മു​റി​വു​ക​ളില്‍ നി​ന്നു ചലം​വ​രല്‍ പല​പ്പോ​ഴും പഴു​പ്പു വര്‍ദ്ധി​പ്പി​ച്ചു​ക​ള​യും; അങ്ങ​നെ ചില ശീ​തോ​ഷ്ണ​സ്ഥി​തി​യ​നു​സ​രി​ച്ച് അതു രോ​ഗി​യെ കൊ​ന്നു എന്നു വരാം; ആകാ​ശ​ത്തി​ന്റെ നി​ല​യൊ​ന്നു മാ​റി​യാല്‍, അല്പ​മെ​ങ്കി​ലും മഴ​യ്ക്കു​ള്ള പു​റ​പ്പാ​ടു കണ്ടാല്‍, വൈ​ദ്യന്‍ വ്യ​സ​ന​ത്തി​ലാ​യി.

“എല്ലാ​റ്റി​നും മുന്‍പാ​യി, വൈ​ദ്യന്‍ ആവര്‍ത്തി​ച്ചു, ”രോ​ഗി​ക്കു വലിയ വി​കാ​രാ​വേ​ഗ​ത്തി​നൊ​ന്നും ഇട​യാ​ക്കാ​തി​രി​ക്ക​ണം.’ മെ​ഴു​കു​തു​ണി​ക​ളെ​ക്കൊ​ണ്ടു സാ​മ​ഗ്രി​ക​ളും കെ​ട്ടു​ക​ളും ഉറ​പ്പി​ച്ചു​നിര്‍ത്തു​ന്ന സമ്പ്ര​ദാ​യം അന്ന്, അക്കാ​ല​ത്തു. കണ്ടു​പി​ടി​ച്ചു​ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ട് മു​റി​കെ​ട്ടല്‍ വളരെ മന​സ്സി​രു​ത്തി​ച്ചെ​യ്യേ​ണ്ട​തും പ്ര​യാ​സം കൂ​ടി​യ​തു​മാ​യി​രു​ന്നു. നി​കൊ​ലെ​ത്ത് ചണ​പ്പ​ഞ്ഞി​യു​ണ്ടാ​ക്കാന്‍ അവ​ളു​ടെ ഭാ​ഷ​യില്‍ ‘തട്ടോ​ളം വലു​പ്പ​മു​ള്ള ഒരു വിരി’യെ​ടു​ത്ത. ‘ക്ലോ​റിന്‍’ കലര്‍ത്തിയ മരു​ന്നു​ക​ളും ’സില്‍വര്‍നൈ​ട്രേ​റ്റും’ കൂടി പു​ണ്ണു മാ​റ്റാന്‍ കുറേ ബു​ദ്ധി​മു​ട്ടി. അപ​ക​ട​മു​ള്ള സമ​യ​ത്തു ദൗ​ഹി​ത്ര​ന്റെ തല​യ​ണ​യ്ക്ക​രി​കില്‍ മൊ​സ്യു ഗില്‍നോര്‍മാ​നും നി​രാ​ശ​നാ​യി, മരി​യു​സ്സി​നെ​പ്പോ​ലെ മരി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യാ​തെ ഇരി​ക്കും.

എല്ലാ ദി​വ​സ​വും, ചി​ല​പ്പോള്‍ ഒരു ദിവസം പല തവ​ണ​യും, നല്ല വൃ​ത്തി​യില്‍ ഉടു​പ്പി​ട്ട ഒരു നരച്ച തല​മു​ടി​ക്കാ​രന്‍ മാ​ന്യന്‍—ഇതാണ് വാ​തി​ല്ക്കാ​വ​ല്ക്കാ​രന്‍ വന്നു പറ​യാ​റു​ള്ള വി​വ​ര​ണം—മു​റി​വേ​റ്റു​കി​ട​ക്കു​ന്ന ആളുടെ സ്ഥി​തി​യെ​പ്പ​റ്റി അന്വേ​ഷി​ക്കാന്‍ വരി​ക​യും മു​റി​വു കെ​ട്ടു​വാന്‍ ഒരു വലിയ കെ​ട്ടു ചണ​പ്പ​ഞ്ഞി അവി​ടെ​വെ​ച്ചു പോ​വു​ക​യും ചെ​യ്തു.

ഒടു​വില്‍ സപ്തം​ബര്‍ 7-ാം ന്, അതാ​യ​ത് അയാള്‍ മരി​ച്ച​നി​ല​യില്‍ മു​ത്ത​ച്ഛ​ന്റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ര​പ്പെ​ട്ട ആ വ്യ​സ​ന​ക​ര​മായ രാ​ത്രി കഴി​ഞ്ഞു നാലു മാ​സ​വും ഒരു ദി​വ​സ​വു​മാ​യ​പ്പോള്‍, മരി​യു​സ്സി​ന്റെ സു​ഖ​ക്കേ​ടു താന്‍ മാ​റ്റി​ക്കൊ​ള്ളാ​മെ​ന്നു വൈ​ദ്യ​നേ​റ്റു. ആശ്വാ​സ​പ്പെ​ടല്‍ തു​ട​ങ്ങി. പക്ഷേ, തോ​ളെ​ല്ലു​ക​ളു​ടെ ചതവു കാ​ര​ണ​മു​ണ്ടായ തക​രാ​റു​കൊ​ണ്ടു മരി​യു​സ്സി​നു പി​ന്നേ​യും രണ്ടു മാ​സ​ത്തോ​ളം ഒരു ചാ​രു​ക​സേ​ല​യില്‍ മലർ​ന്നു​കി​ട​ന്നു കഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​ന്നു. ഒടു​വില്‍ ഒരു മു​റി​വു​കൂ​ടി​യു​ണ്ടാ​വും; അതു കൂ​ടു​ക​യി​ല്ല; അതു കെ​ട്ടല്‍ എന്താ​യാ​ലും അവ​സാ​നി​ക്കി​ല്ല; അങ്ങ​നെ രോ​ഗി​ക്കു മു​ഷി​ഞ്ഞു.

ഏതാ​യാ​ലും ഈ വള​രെ​ക്കാ​ല​ത്തെ രോ​ഗ​വും വള​രെ​ക്കാ​ല​ത്തേ​ക്കു പി​ടി​ച്ച​രോ​ഗ​ശ​മ​ന​വും​കൂ​ടി അയാളെ പൊ​ല്ലീ​സ്സ​ന്വേ​ഷ​ണ​ത്തില്‍നി​ന്നു രക്ഷി​ച്ചു. ഫ്രാന്‍സില്‍, എത്ര പൊ​തു​ജ​ന​സം​ബ​ന്ധി​യാ​യാ​ലും​കൂ​ടി, ആറു മാ​സ​ത്തി​ല​ധി​കം കാലം നി​ല്ക്കു​ന്ന ഒരു ദേ​ഷ്യ​മി​ല്ല. ലഹള ഇന്ന​ത്തെ സാ​മു​ദാ​യി​ക​വ്യ​വ​സ്ഥി​തി​ക്ക് എല്ലാ​വ​രു​ടേ​യും​കൂ​ടി​യു​ള്ള ഒരു കു​റ്റ​മാ​യ​തു​കൊ​ണ്ട് അതു കഴി​ഞ്ഞാല്‍ എല്ലാ​വ​രും ഒന്നു കണ്ണ​ട​യി​ക്കേ​ണ്ട ആവ​ശ്യം വരു​ന്നു.

ഞങ്ങള്‍ ഒന്നു​കൂ​ടി തു​റ​ന്നു​പ​റ​യ​ട്ടെ, മു​റി​വേ​റ്റു കി​ട​ക്കു​ന്ന​വ​രെ​പ്പ​റ്റി എല്ലാ​വി​വ​ര​വും തന്നു​കൊ​ള്ള​ണ​മെ​ന്നു വൈ​ദ്യ​ന്മാ​രോ​ടു​ണ്ടാ​യി​രു​ന്ന ഗി​സ്കെ​യു​ടെ ക്ഷ​ന്ത​വ്യ​മ​ല്ലാ​ത്ത ശാസനം ജന​ങ്ങ​ളെ മാ​ത്ര​മ​ല്ല രാ​ജാ​വി​ന്റെ​കൂ​ടി​യും ശു​ണ്ഠി​പി​ടി​പ്പി​ച്ച​തു​കൊ​ണ്ടു, മു​റി​പ്പെ​ട്ടി​രു​ന്ന​വ​രെ​യെ​ല്ലാം ഈ ശു​ണ്ഠി പു​ത​പ്പി​ച്ചി​ടു​ക​യും രക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു; ലഹ​ള​യില്‍ യു​ദ്ധ​ത്തി​നി​ട​യ്ക്കു പി​ടി​ച്ചി​ട്ടു​ള്ള​വ​രെ​യ​ല്ലാ​തെ മറ്റൊ​രാ​ളേ​യും ഉപ​ദ്ര​വി​ക്കാന്‍ യു​ദ്ധ​കാ​ര്യാ​ലോ​ചന സഭ ധൈ​ര്യ​പ്പെ​ട്ടി​ല്ല. അതു​കൊ​ണ്ട് മരി​യു​സ്സി​ന് അല​ട്ടൊ​ന്നും തട്ടി​യി​ല്ല.

മൊ​സ്യു ഗില്‍നോര്‍മാന്‍ ആദ്യ​ത്തില്‍ എല്ലാ​ത്ത​രം കഠി​ന​മ​നോ​വേ​ദ​ന​യി​ലൂ​ടേ​യും പി​ന്നീ​ട് എല്ലാ​ത്ത​രം ആഹ്ലാ​ദ​മൂര്‍ച്ഛ​യി​ലൂ​ടേ​യും സഞ്ച​രി​ച്ചു. ദി​വ​സം​പ്ര​തി​രാ​ത്രി മു​റി​വേ​റ്റ ആളുടെ അടു​ക്കല്‍ വന്നു​കൂ​ടു​ന്ന​തു കൂ​ടാ​തെ കഴി​ക്കാന്‍ അദ്ദേ​ഹ​ത്തോ​ട് എത്ര നിര്‍ബ​ന്ധി​ച്ചി​ട്ടും ഫല​മു​ണ്ടാ​യി​ല്ല; അദ്ദേ​ഹം തന്റെ വലിയ ചാ​രു​ക​സേല മരി​യു​സ്സി​ന്റെ കട്ടി​ലി​നോ​ട​ടു​ത്തു കൊ​ണ്ടി​ടു​വി​ച്ചു. അദ്ദേ​ഹം മക​ളോ​ടു വീ​ട്ടി​ലു​ള്ള​തില്‍വെ​ച്ച് ഏറ്റ​വു​മ​ധി​കം വി​ശേ​ഷ​പ്പെ​ട്ട തുണി അമര്‍ത്തി​വെ​യ്ക്കാ​നും മു​റി​വു​കെ​ട്ടാ​നും​വേ​ണ്ടി എടു​ത്തു ചീ​ന്താന്‍ പറ​ഞ്ഞു. അറി​വും പ്രാ​യ​വു​മു​ള്ള ഒരു​വ​ളെ​പ്പോ​ലെ, മദാം​വ്വ​സേ​ല്ല് ഗില്‍നോര്‍മാന്‍ മു​ത്ത​ച്ഛന്‍ പറ​ഞ്ഞ​തു കേ​ട്ടു എന്നു തോ​ന്നി​ച്ചു​കൊ​ണ്ടു നല്ല നല്ല വസ്ത്ര​ങ്ങ​ളൊ​ന്നും എടു​ക്കാ​തെ സൂ​ക്ഷി​ച്ചു​വെ​ച്ചു. ചണ​പ്പ​ഞ്ഞി​യു​ണ്ടാ​ക്കാന്‍ പരു​ത്ത പരു​ത്തി​ത്തു​ണി​യോ​ളം പട്ടു​വ​സ്ത്ര​ങ്ങള്‍ നന്ന​ല്ലെ​ന്നും പഴയ തു​ണി​യോ​ളം പു​തു​വ​സ്ത്രം നന്ന​ല്ലെ​ന്നും പറ​ഞ്ഞു ധരി​പ്പി​ക്കാന്‍ അദ്ദേ​ഹം ഒരാ​ളേ​യും സമ്മ​തി​ക്കി​ല്ല. എല്ലാ​യ്പോ​ഴും മു​റി​വു​കെ​ട്ടു​മ്പോള്‍ അദ്ദേ​ഹം അവിടെ കൂടെ നി​ല്ക്കും; മദാം വൃ​സേ​ട്ട ഗില്‍നോര്‍മാന്‍ മര്യാ​ദ​യ്ക്ക് അപ്പോ​ഴൊ​ക്കെ പു​റ​ത്തേ​ക്കു പോവും. ചീ​ഞ്ഞു​പോയ മാംസം കത്തി​രി​കൊ​ണ്ടു മു​റി​ച്ചു​ക​ള​യു​മ്പോള്‍ അദ്ദേ​ഹം പറ​ഞ്ഞു: “അയി അയി! അദ്ദേ​ഹം തന്റെ സൌ​മ്യ​വും വി​റ​കേ​റി​യ​തു​മായ കൈ​കൊ​ണ്ടു മു​റി​വേ​റ്റു​കി​ട​ക്കു​ന്ന ആള്‍ക്ക് കു​ടി​ക്കാന്‍ വെ​ള്ളം കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​തു​പോ​ലെ കണ്ടാല്‍ ഉള്ളില്‍ക്കൊ​ള്ളു​ന്ന മറ്റൊ​ന്നു​മി​ല്ല. അദ്ദേ​ഹം വൈ​ദ്യ​നെ ചോ​ദ്യം ചോ​ദി​ച്ചു കു​ഴ​ക്കി. ഒരി​ക്കല്‍ ചോ​ദി​ച്ച​തു​ത​ന്നെ​യാ​ണ് പി​ന്നെ​യും പി​ന്നെ​യും ചോ​ദി​ക്കു​ന്ന​തെ​ന്ന് അദ്ദേ​ഹം ഓര്‍ക്കി​ല്ല.

മരി​യു​സ്സി​നെ​പ്പ​റ്റി ഇനി ഭയ​പ്പെ​ടാ​നി​ല്ലെ​ന്നു വൈ​ദ്യന്‍ പറഞ്ഞ ദിവസം, അദ്ദേ​ഹ​ത്തി​നു ഭ്രാ​ന്താ​യി. വാ​തി​ല്ക്കാ​വ​ല്ക്കാ​ര​ന്നു മൂ​ന്നു ലൂയി സമ്മാ​നി​ച്ചു. അന്നു വൈ​കു​ന്നേ​രം അദ്ദേ​ഹം തന്റെ മു​റി​യി​ലേ​ക്കു തി​രി​ച്ചു​വ​ന്ന​പ്പോള്‍, തന്റെ തള്ള​വി​രല്‍കൊ​ണ്ടും ചു​ണ്ടാ​ണി​വി​രല്‍കൊ​ണ്ടും ഞൊ​ടി​ച്ചു താളം പി​ടി​ച്ചു​കൊ​ണ്ട് ഒരു നൃ​ത്തം​വെ​ച്ച് ഈ പാ​ട്ടു​പാ​ടി:

ഴാ​ന്ന് ജനി​ച്ച​തു ഫുഗേ-​റിലാ-

ണസ്സ​ലി​ട​യ​ന്റെ കൂ​ട്ടില്‍.

ആരാധിക്കുന്നേനവള്‍തൻ-​ റൗക്ക

ഞാ; നതെ​ന്തോ​മല്‍വി​കൃ​തി.

കാ​മ​ദേവ, നീയവദി-​ലല്ലോ

താ​മ​സി​ക്കു​ന്ന​തെ​ന്നെ​ന്നും;

കള്ള​ത്തെ​മ്മാ​ടി, നിന്നാവ-​നാഴി

തല്‍ക്ക​ട​ക്ക​ണ്ണു​ക​ള​ല്ലി?

ഞാനവളെപ്പറ്റിപ്പാടും-​ദേവ-

സു​ന്ദ​രി​യ​ങ്ങു നി​ല്ക്ക​ക്കെ;

ഴാന്നിലാണെന്നനുരാഗം-​ഴാന്നിൻ

ബ്രി​ട്ടീ​ഷ്മു​ല​ക​ളി​ന്മേ​ലും

എന്നി​ട്ട് അദ്ദേ​ഹം ഒരു കസാ​ല​യില്‍ മു​ട്ടു​കു​ത്തി; പകുതി തു​റ​ന്ന വാ​തി​ല്ക്ക​ലൂ​ടേ നോ​ക്കി​ക്ക​ണ്ടി​രു​ന്ന ബസ്കി​ന്ന് അദ്ദേ​ഹം ഈശ്വ​ര​വ​ന്ദ​നം ചെ​യ്തു എന്ന​തില്‍ സം​ശ​യ​മി​ല്ല.

അതേ​സ​മ​യം​വ​രെ, അദ്ദേ​ഹം ഈശ്വ​ര​നില്‍ വി​ശ്വ​സി​ച്ചി​ട്ടി​ല്ല.

അടി​ക്ക​ടി നല്ല​വ​ണ്ണം തെ​ളി​ഞ്ഞു​വ​ന്ന രോ​ഗ​ശ​മ​ന​ത്തി​ന്റെ ഓരോ പടി​യി​ലും മു​ത്ത​ച്ഛ​നും ഭ്രാ​ന്തു​കൂ​ടി. അദ്ദേ​ഹം താ​ന​റി​യാ​തെ സന്തോ​ഷം​കൊ​ണ്ടു നി​റ​ഞ്ഞ ഒരാ​യി​രം കൂ​ട്ടം​ചെ​യ്തു. എന്തി​നെ​ന്ന​റി​യാ​തെ, അദ്ദേ​ഹം കോണി കയറി, കീ​ഴ്പോ​ട്ടി​റ​ങ്ങി. അയല്‍പ​ക്ക​ക്കാ​രി​യായ ഒരു സു​ന്ദ​രി ഒരു ദിവസം രാ​വി​ലെ ഒരു വലിയ പൂ​ച്ചെ​ണ്ട് അയ​ച്ചു​കി​ട്ടി​യ​തു കണ്ട് അത്ഭു​ത​പ്പെ​ട്ടു​പോ​യി: അത് മൊ​സ്യു ഗില്‍നോര്‍മാ​ന്റെ വക​യാ​യി​രു​ന്നു. ഭര്‍ത്താ​വ് ശു​ണ്ഠി​യെ​ടു​ത്തു. മൊ​സ്യു ഗില്‍നോര്‍മാന്‍ ഒരു ദിവസം നി​കൊ​ലെ​ത്തി​നെ പി​ടി​ച്ചു മടി​യില്‍വെ​യ്ക്കാന്‍ ശ്ര​മി​ച്ചു. അദ്ദേ​ഹം മരി​യു​സ്സി​നെ “മൊ​സ്യു ല്‍ ബാ​റണ്‍’ എന്നു വി​ളി​ച്ചു. അദ്ദേ​ഹം ആര്‍ത്തു പറ​ഞ്ഞു: ’പ്ര​ജാ​ധി​പ​ത്യ​ത്തി​നു ദീര്‍ഗ്ഘാ​യു​സ്സു ഭവി​ക്ക​ട്ടെ!”

ഓരോ നി​മി​ഷ​ത്തി​ലും അദ്ദേ​ഹം വൈ​ദ്യ​നോ​ട് ചോ​ദി​ക്കും: ’ഇനി പേ​ടി​ക്കാ​നി​ല്ല​ല്ലോ, ഉവ്വോ? ഒരു മു​ത്ത​ശ്ലീ​യു​ടെ നോ​ട്ട​ത്തോ​ടു​കൂ​ടി അദ്ദേ​ഹം മരി​യു​സ്സി​നെ നോ​ക്കി​ക്ക​ണ്ടു. അയാള്‍ ഭക്ഷ​ണം കഴി​ക്കു​മ്പോള്‍ അദ്ദേ​ഹം നോ​ക്കി​ക്കൊ​ണ്ടി​രി​ക്കും. അദ്ദേ​ഹ​ത്തി​നു തന്നെ​പ്പ​റ്റി ഒരു വി​വ​ര​വു​മി​ല്ലാ​താ​യി; അദ്ദേ​ഹം തന്നെ​പ്പ​റ്റി ഒരു കണ​ക്കും വെ​യ്ക്കാ​താ​യി. മരി​യു​സ്സാ​യി അവി​ടു​ത്തെ എജ​മാ​നന്‍; അദ്ദേ​ഹ​ത്തി​ന്റെ സന്തോ​ഷ​ത്തില്‍ വാ​ഴ്ച​യൊ​ഴി​യ​ലു​ണ്ടാ​യി​രു​ന്നു; അദ്ദേ​ഹം തന്റെ ദൌ​ഹി​ത്ര​ന്റെ ദൌ​ഹി​ത്ര​നാ​യി.

അപ്പോ​ഴ​ത്തെ സന്തോ​ഷാ​ധി​ക്യ​ത്താല്‍ അദ്ദേ​ഹം ഒരു വെറും കു​ട്ടി​യാ​യി. ആശ്വാ​സം കി​ട്ടി​വ​രു​ന്ന രോ​ഗി​യെ ക്ഷീ​ണി​പ്പി​ക്കു​ക​യോ മു​ഷി​പ്പി​ക്കു​ക​യോ ചെ​യ്തു​പോ​യാ​ലോ എന്നു പേ​ടി​ച്ചു, പി​ന്നി​ലേ​ക്കു മറ​ഞ്ഞു നി​ന്നേ അദ്ദേ​ഹം പു​ഞ്ചി​രി​യി​ടു. അദ്ദേ​ഹം തൃ​പ്ത​നാ​യി, സന്തു​ഷ്ട​നാ​യി, ആഹ്ലാ​ദ​മ​യ​നാ​യി, മനോ​ഹ​ര​നാ​യി, യു​വാ​വാ​യി. അദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ത്തു​ള്ള മനോ​ഹ​ര​പ്ര​കാ​ശ​ത്തി​ന് അദ്ദേ​ഹ​ത്തി​ന്റെ വെ​ളു​ത്ത തല​മു​ടി ഒരു സമ്യ​പ്ര​ഭാ​വം കൂ​ട്ടി, സന്തോ​ഷ​ശീ​ലം ജര​യോ​ടു​കു​ടി കല​രു​മ്പോള്‍ അതാ​രാ​ധ്യ​മാ​യി​ത്തീ​രു​ന്നു, പ്ര​സ​ന്ന​മായ പ്രാ​യാ​ധി​ക്യ​ത്താല്‍ ഒര​നിര്‍വ​ച​നീ​യ​മായ അരു​ണോ​ദ​യ​മു​ണ്ട്.

മരി​യു​സ്സി​നാ​ണെ​ങ്കില്‍, മറ്റു​ള്ള​വ​രെ മു​റി​കെ​ട്ടാ​നും ശു​ശ്രൂ​ഷി​ക്കാ​നും സമ്മ​തി​ച്ചു​കൊ​ണ്ട് കി​ട​ക്കു​മ്പോ​ഴെ​ല്ലാം അയാള്‍ക്ക് ഒറ്റ വി​ചാ​ര​മേ​യു​ള്ളു—കൊ​സെ​ത്ത്.

പനി​യും തന്റേ​ടം​മ​റി​യ​ലും ആശ്വാ​സ​പ്പെ​ട്ട​തി​നു​ശേ​ഷം അയാള്‍ ആ വാ​ക്ക് മി​ണ്ടി​യി​ട്ടി​ല്ല. അയാള്‍ക്ക് ആ വി​ചാ​ര​മി​ല്ലാ​താ​യി എന്നു തോ​ന്നും. അയാള്‍ മി​ണ്ടാ​താ​യി; അയാ​ളു​ടെ ആത്മാ​വ് അവി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു​വ​ല്ലോ, അതു​കൊ​ണ്ട്.

കൊ​സെ​ത്തി​ന്റെ കഥ​യെ​ന്താ​യി എന്ന് അയാള്‍ക്ക​റി​ഞ്ഞു​കൂ​ടാ! റ്യൂ ദ് ല ഷങ്വ്രെ​റി​യില്‍ നട​ന്ന​തെ​ല്ലാം അയാ​ളു​ടെ സ്മ​ര​ണ​യില്‍ ഒരു മേ​ഘം​പോ​ലെ​യേ ഉള്ളു; ഏതാ​ണ്ട അസ്പ​ഷ്ട​ങ്ങ​ളാ​യി​രു​ന്നു നി​ഴ​ലു​കള്‍— എപ്പൊ​നൈന്‍, ഗവ്രോ​ഷ്, മബേ, തെ​നാര്‍ദി​യെര്‍മാര്‍, എല്ലാം—അയാ​ളു​ടെ മന​സ്സില്‍ പാ​റി​ന​ട​ന്നി​രു​ന്നു; അയാ​ളു​ടെ സു​ഹൃ​ത്തു​ക​ളെ​ല്ലാം വഴി​ക്കോ​ട്ട​യി​ലെ പു​ക​യോ​ടു വൃ​സ​ന​ക​ര​മായ വിധം കൂ​ടി​മ​റി​ഞ്ഞു; മൊ​സ്യു ഫൂ​ു​ഷല്‍വാ​ങ്ങി​ന്റെ ആ തി​ര​ക്കി​ലൂ​ടെ​യു​ണ്ടായ സഞ്ചാ​രം ഒരു കൊ​ടു​ങ്കാ​റ്റി​നു​ള്ളി​ലെ പരി​ഭ്ര​മം​പോ​ലെ അയാ​ളു​ടെ ഉള്ളില്‍ നി​ല​നി​ന്നു; തന്റെ ജീ​വി​ത​ത്തെ സം​ബ​ന്ധി​ച്ച ഒരു വി​വ​ര​വും അയാള്‍ക്കി​ല്ലാ​താ​യി, ആരാണ് എങ്ങ​നെ​യാ​ണ് തന്നെ രക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് അയാള്‍ക്കും അറി​ഞ്ഞു​കൂ​ടാ, അവി​ടെ​യു​ള്ള മറ്റാര്‍ക്കും അറി​ഞ്ഞു​കൂ​ടാ; അന്നു രാ​ത്രി അയാള്‍ ഒരു കൂ​ലി​വ​ണ്ടി​യില്‍ റ്യൂ ദെ ഫില്‍ദ്യു കല്‍വേ​റില്‍ എത്തി​ച്ചേര്‍ന്നു എന്നു മാ​ത്ര​മേ അവ​രെ​ക്കൊ​ണ്ടു പറ​ഞ്ഞു​കൊ​ടു​ക്കാന്‍ കഴി​ഞ്ഞു​ള്ളു; ഒര​സ്പ​ഷ്ട​വി​ചാ​ര​ത്തി​ന്റെ പു​ക​യെ​ക്കാള്‍ ഒട്ടു​മ​ധി​ക​മു​ണ്ടാ​യി​രു​ന്നി​ല്ല അയാൾ​ക്ക് ഭൂ​ത​വും വര്‍ത്ത​മാ​ന​വും ഭാ​വി​യും, ഒന്നും; എങ്കി​ലും ആ മഞ്ഞിന്‍പു​ക​യ്ക്കു​ള്ളില്‍ അച​ഞ്ച​ല​മാ​യി ഒന്നു​ണ്ടാ​യി​രു​ന്നു, സ്പ​ഷ്ട​വും കണി​ശ​വു​മായ ഒരു കാ​ര്യം, കരി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള ഒന്ന്, ഒരു തീര്‍പ്പ്, ഒരു ദൃ​ഡ​മായ ആഗ്ര​ഹം; കൊ​സെ​ത്തി​നെ ഒരി​ക്കല്‍ക്കൂ​ടി കണ്ടു​പി​ടി​ക്ക​ണം. അയാള്‍ക്ക് ആയു​സ്സും കൊ​സെ​ത്തും തമ്മില്‍ ഭി​ന്ന​മ​ല്ല. ഒന്ന് മറ്റ​തി​നോ​ടു​കൂ​ടാ​തെ കൈ​ക്കൊ​ള്ളി​ല്ലെ​ന്ന് അയാള്‍ മന​സ്സു​കൊ​ണ്ട് വി​ധി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. എന്ന​ല്ല, അയാളെ ജീ​വി​ച്ചി​രു​ത്താന്‍ നോ​ക്കു​ന്ന ഏതൊ​രാ​ളില്‍നി​ന്നും—മു​ത്ത​ച്ഛ​നാ​വ​ട്ടെ, ഈശ്വ​ര​വി​ധി​യാ​വ​ട്ടേ, നര​ക​മാ​വ​ട്ടേ, ആരില്‍നി​ന്നും—തന്റെ മറ​ഞ്ഞു​പോയ സ്വര്‍ഗ്ഗ​ത്തെ​ക്കൂ​ടി വാ​ങ്ങി​ക്കാന്‍ അയാള്‍ ഇനി ഇള​ക്ക​മി​ല്ലെ​ന്ന​വി​ധം തീര്‍ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തട​സ്സു​ങ്ങ​ളു​ണ്ടെ​ന്നു​ള്ള വാ​സ്ത​വം അയാള്‍ കാ​ണാ​തി​രു​ന്നി​ട്ടി​ല്ല.

മു​ത്ത​ച്ഛ​ന്റെ ഈ ശു​ശ്രൂ​ഷ​ക​ളെ​ക്കൊ​ണ്ടും വാ​ത്സ​ല്യ​ഭാ​വ​ങ്ങ​ളെ​ക്കൊ​ണ്ടും അയാളെ കീ​ഴ​ട​ക്കു​വാ​നോ മെ​രു​ക്കു​വാ​നോ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള ഒരു കാ​ര്യം ഞങ്ങള്‍ ഇവിടെ ഊന്നി​പ്പ​റ​യ​ട്ടെ. ഒന്നാ​മ​ത് അതൊ​ന്നും അയാ​ള​റി​ഞ്ഞി​ട്ടി​ല്ല; പി​ന്നെ, അപ്പോ​ഴും സം​ഭ്രാ​ന്ത​ങ്ങ​ളാ​യി​ത്ത​ന്നെ​യി​രി​ക്കു​ന്ന ഒരു രോ​ഗി​യു​ടെ ആലോ​ച​ന​കള്‍ക്കു​ള്ളില്‍ ആ വാ​ത്സ​ല്യ​ഭാ​വ​ത്തെ അയാള്‍ത​ന്നെ വശ​പ്പെ​ടു​ത്തു​വാന്‍ വേ​ണ്ടി കാ​ണി​ക്ക​പ്പെ​ടു​ന്ന പു​തി​യ​തും അസാ​ധാ​ര​ണ​വു​മായ ഒരു സം​ഗ​തി​യെ​ന്നാ​യി അവി​ശ്വ​സി​ച്ചു എന്നും വരാം; അയാള്‍ അനി​ഷ്ട​പ​ക്ഷ​ത്തില്‍ത്ത​ന്നെ നി​ന്നു. മു​ത്ത​ച്ഛന്‍ വെ​റു​തേ തന്റെ സാ​ധു​ക്കി​ഴ​വന്‍പു​ഞ്ചി​രി ചെ​ല​വ​ഴി​ച്ചു. അയാള്‍, മരി​യു​സ്, ഒന്നും മി​ണ്ടാ​തി​രി​ക്കു​ന്നേ​ട​ത്തോ​ളം അതൊ​ക്കെ ശരി​ക്കു നട​ക്കു​മെ​ന്നും, കൊ​സെ​ത്തി​ന്റെ കാ​ര്യം വന്നാല്‍ അപ്പോള്‍ തര​മൊ​ന്നു മാ​റി​ക്കാ​ണാ​മെ​ന്നും, മു​ത്ത​ച്ഛ​ന്റെ വാ​സ്ത​വ​ത്തി​ലു​ള്ള വേഷം അപ്പോള്‍ വെ​ളി​പ്പെ​ടു​മെ​ന്നും അയാള്‍ സ്വയം പറ​ഞ്ഞു. അപ്പോള്‍ ഒരു ശണ്ഠ വേ​ണ്ടി​വ​രും; കു​ടും​ബ​സ്ഥി​തി​ക​ളെ​പ്പ​റ്റി​യു​ള്ള അന്വേ​ഷ​ണം, സ്ഥി​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ട്ടി​വെ​ച്ചു ചോ​ദി​ക്കല്‍, ഒരു​മി​ച്ചു​ത​ന്നെ എല്ലാ​ത്ത​ര​ത്തി​ലൂ​മു​ള്ള കൊ​ള്ളി​വാ​ക്കു​ക​ളും എല്ലാ​വി​ധ​ത്തി​ലു​മു​ള്ള തട​സ്സ​ങ്ങ​ളും, ഫൂ​ഷല്‍വാ​ണ​ങ്, കൂ​പ്പല്‍വാ​ണ്, സമ്പ​ന്നത, ദാ​രി​ദ്യം, ഒരു ഭാരം, ഭാവി—എല്ലാം. ഊക്കന്‍ തട​സ്സം; തീര്‍പ്പ്, സമ്മ​തി​ക്കാ​യ്ക. മരി​യു​സ് മുന്‍കൂ​ട്ടി​ത്ത​ന്നെ അതിനു വേണ്ട ഉറ​പ്പി​ക്കല്‍ ചെ​യ്തു ശരി​പ്പെ​ടു​ത്തി.

അങ്ങ​നെ ജീ​വന്‍ വീ​ണ്ടു​കി​ട്ടി​വ​രു​ന്ന​തോ​ടു​കൂ​ടി അയാ​ളു​ടെ ഓര്‍മ്മ​യി​ലു​ള്ള പഴയ വ്ര​ണ​ങ്ങള്‍ ഒരി​ക്കല്‍ക്കൂ​ടി വാ​യ​പൊ​ളി​ച്ചു; അയാള്‍ പി​ന്നെ​യും കഴി​ഞ്ഞ​തി​നെ​പ്പ​റ്റി ആലോ​ചി​ച്ചു; മൊ​സ്യു ഗില്‍നോര്‍മാ​ന്റേ​യും അയാ​ളു​ടേ​യും ഇട​യ്ക്ക് ഒരി​ക്കല്‍ക്കൂ​ടി കേര്‍ണല്‍ പോ​ങ്മേര്‍സി വന്നു​നി​ന്നു; തന്റെ അച്ഛ​നോട അത്ര​മേല്‍ അനീ​തി​യും കഠി​ന​ത​യും കാ​ണി​ച്ച ഒരാ​ളില്‍നി​ന്നു വാ​സ്ത​വ​ത്തില്‍ യാ​തൊ​രു ദയയും ആശി​ക്കാ​നി​ല്ലെ​ന്ന് അയാള്‍ നി​ശ്ച​യി​ച്ചു. ആരോ​ഗ്യ​ത്തോ​ടു​കൂ​ടി, മു​ത്ത​ച്ച​ന്റെ നേര്‍ക്കു​ള്ള ആ ഒരു​ത​രം പരു​ഷ​ത​യും അയാ​ളില്‍ തി​രി​ച്ചെ​ത്തി. ഇത് ആ വയ​സ്സ​നെ അലപം വേ​ദ​ന​പ്പെ​ടു​ത്തി. അതു പു​റ​ത്തേ​ക്കു വരാന്‍ സമ്മ​തി​ക്കാ​തെ​ത​ന്നെ, മരി​യു​സ് അങ്ങോ​ട്ട് തി​രി​ച്ചു​വ​രി​ക​യും ബോധം വീ​ണ്ടു​കി​ട്ടി​ത്തു​ട​ങ്ങു​ക​യും ചെ​യ്ത​തി​നു​ശേ​ഷം ഒരി​ക്ക​ലെ​ങ്കി​ലും അയാള്‍ തന്നെ അച്ഛ​നെ​ന്നു വി​ളി​ക്കു​ക​യു​ണ്ടാ​ട്ടി​ല്ലെ​ന്ന് അദ്ദേ​ഹം ഓര്‍മ്മി​ച്ചു. ’മൊ​സ്യു’ എന്നും വി​ളി​ക്കു​ക​യു​ണ്ടാ​യി​ട്ടി​ല്ല. വാ​സ്ത​വം​ത​ന്നെ; വാ​ക്കു​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​പോ​യി അയാള്‍ അതും, മറ്റ​തും വി​ളി​ക്കാ​തെ കഴി​ച്ചു​കൂ​ട്ടി. നി​ശ്ച​യ​മാ​യും ഒരു ശണ്ഠ​യ്ക്കു​ള്ള കാ​ല​മ​ടു​ത്തു.

ഈവക സം​ഗ​തി​ക​ളില്‍ പതി​വു​ള്ള​വി​ധം, യു​ദ്ധ​ത്തി​ന് അങ്ങോ​ട്ടു ചെ​ല്ലാ​തെ തന്റെ നില നോ​ക്കി​ക്കൊ​ണ്ട് മരി​യു​സ് പതി​യി​രു​ന്ന​തേ​യു​ള്ളു. ഇതിനു ’ചു​വ​ടു​റ​പ്പി​ക്കുക’എന്നു പറയും. ഒരു ദിവസം രാ​വി​ലെ, തന്റെ കൈ​യില്‍ വന്നു​പെ​ട്ട ഒരു പത്രം കാ​ര​ണ​മാ​യി മൊ​സ്യു ഗില്‍നോര്‍മാന്‍ സഭാ​യോ​ഗ​ത്തെ​പ്പ​റ്റി വക​വെ​ക്കാ​തെ സം​സാ​രി​ക്കു​ക​യും ദന്തോ​ങ്ങി​നേ​യും സാ​ങ്ഴു​സ്തി​നേ​യും റൊ​ബെ​പി​യെ​റേ​യും പറ്റി ഒരു രാ​ജ​ര​ക്ഷി​പ്ര​സം​ഗ​ത്തി​നു ഭാ​വി​ക്കു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി—’1793-ലെ ആളു​കള്‍ അസാ​മാ​ന്യ​ന്മാ​രാ​യി​രു​ന്നു.’ മരി​യു​സ് നി​ഷ​ഠു​ര​ത​യോ​ടു​കൂ​ടി പറ​ഞ്ഞു. കി​ഴ​വന്‍ ഒന്നും പറ​ഞ്ഞി​ല്ല; അന്ന​ത്തെ ദിവസം മു​ഴു​വ​നും അദ്ദേ​ഹം ഒര​ക്ഷ​ര​വും പി​ന്നെ മി​ണ്ടു​ക​യു​ണ്ടാ​യി​ട്ടി​ല്ല.

പഴയ കാ​ല​ങ്ങ​ളി​ലെ ആ ദു​ശ്ശാ​ഠ്യ​ക്കാ​ര​നായ മു​ത്ത​ച്ഛ​നെ​ത്ത​ന്നെ മന​സ്സില്‍ വെ​ച്ചു കൊ​ണ്ടി​രു​ന്ന മരി​യു​സ് ആ മൗ​ന​ത്തെ ഒരു കല​ശ​ലായ ദേ​ഷ്യ​ത്തി​ന്റെ ഒരു​ക്കു കൂ​ട്ട​ലാ​യി കണ​ക്കാ​ക്കി, ഒരു കൊ​ടും​ക​ല​ഹം അതില്‍നി​ന്നും ഉണ്ടാ​കു​മെ​ന്ന് മുന്‍കൂ​ട്ടി ഉറ​ച്ചു. മന​സ്സി​ന്ന​ടി​യില്‍വെ​ച്ച് ആ ശണ്ഠ​യ്ക്കു​വേ​ണ്ട ഒരു​ക്ക​ങ്ങ​ളെ​ല്ലാം ശരി​ക്കു ചെ​യ്തു​തു​ട​ങ്ങി.

സമ്മ​തി​ക്കാ​തി​രി​ക്ക​യാ​ണെ​ങ്കില്‍, അയാള്‍ തന്റെ മു​റി​വു​കെ​ട്ടു​ക​ളെ​ല്ലാം വലി​ച്ചു ചി​ന്തി, തോ​ളെ​ലു പി​ടി​ച്ചൊ​ടി​ച്ചു, കൂ​ടി​പ്പോയ മു​റി​വു​ക​ളെ​യെ​ല്ലാം വീ​ണ്ടും വാ​യ​പൊ​ളി​പ്പി​ക്കു​മെ​ന്നും, പി​ന്നെ ഭക്ഷ​ണ​മൊ​ന്നും വാ​ങ്ങി​ക്ക​ഴി​ക്കു​ക​യി​ല്ലെ​ന്നും ഉറ​ച്ചു. അയാ​ളു​ടെ മു​റി​വു​ക​ളാ​ണ് യു​ദ്ധ​ത്തി​നു​ള്ള മരു​ന്ന്. അയാള്‍ക്ക് കൊ​സെ​ത്തി​നെ കി​ട്ട​ണം. അല്ലെ​ങ്കില്‍ മരി​ക്ക​ണം.

രോ​ഗി​യു​ടെ ഉപാ​യ​പൂർ​വ്വ​മായ ക്ഷ​മ​യോ​ടും​കൂ​ടി മരി​യു​സ്സ് ആ മു​ഹൂര്‍ത്ത​വും കാ​ത്തു​കി​ട​ന്നു.

ആ മു​ഹൂര്‍ത്തം വന്നു.

5.3.3
മരി​യു​സ് എതിര്‍ക്ക​പ്പെ​ട്ടു

ഒരു ദിവസം, മൊ​സ്യു ഗില്‍നോര്‍മാന്‍, തന്റെ മകള്‍ വലി​പ്പു​പെ​ട്ടി​യു​ടെ മീതെ കു​പ്പി​ക​ളും കപ്പു​ക​ളും അടു​ക്കി ഒതു​ക്കി​വെ​യ്ക്കു​ന്ന സമ​യ​ത്ത്, മരി​യു​സ്സി​ന്റെ അടു​ക്ക​ലേ​ക്ക് കു​നി​ഞ്ഞു​നി​ന്നു തന്റെ ഏറ്റ​വു​മ​ധി​കം വാ​ത്സ​ല്യ​മ​യ​മായ സ്വ​ര​ത്തില്‍ പറ​ഞ്ഞു; ’അപ്പോള്‍, എന്റെ മരി​യു​സ്കു​ട്ടി, ഞാ​നാ​ണ് നി​ന്റെ സ്ഥാ​ന​ത്തെ​ങ്കില്‍, ഞാ​നി​പ്പോള്‍ മത്സ്യ​ത്തി​നു പകരം മാം​സ​മേ കഴി​ക്കു. രോ​ഗം​മാ​റ​ലി​ന്റെ ആരം​ഭ​ത്തില്‍ ഒരു പൊ​രി​ച്ച മാ​ന്തല്‍മ​ത്സ്യം അസ്സ​ലാ​ണ്; പക്ഷേ, രോ​ഗി​ക്ക് എണീ​യ്ക്കാ​റാ​വ​ണ​മെ​ങ്കില്‍ ഒരു നല്ല മാംസ ’ക്ക​ട്ളൈ​റ്റ്’ വേണം

അപ്പോ​ഴേ​ക്ക് നല്ല​വ​ണ്ണം ശക്തി​വെ​ച്ചി​രു​ന്ന മരി​യു​സ് കാ​ര്യം മു​ഴു​വ​നും മന​സ്സി​ലാ​ക്കി, എഴു​ന്നേ​റ്റി​രു​ന്നു, കി​ട​യ്ക്ക​വി​രി​യി​ന്മേല്‍ മു​റു​ക്കി​പ്പി​ടി​ച്ച രണ്ടു കൈ​മു​ഷ്ടി​ക​ളും ഊന്നി, മു​ത്ത​ച്ഛ​ന്റെ മു​ഖ​ത്തേ​ക്ക് സൂ​ക്ഷി​ച്ചു​നോ​ക്കി, ഒരു ഭയ​ങ്ക​ര​മ​ട്ട​വ​ലം​ബി​ച്ചു പറ​ഞ്ഞു: അപ്പോള്‍ എനി​ക്കൊ​രു കാ​ര്യം പറ​യാ​നു​ണ്ട്.

“എന്താ​ണ​ത്?”

’എനി​ക്കു കല്യാ​ണം കഴി​ക്ക​ണം.”

’സമ്മ​തം’, മു​ത്ത​ച്ഛന്‍ പറ​ഞ്ഞു—അദ്ദേ​ഹം പൊ​ട്ടി​ച്ചി​രി​ച്ചു.

എങ്ങ​നെ സമ്മ​തം?”

’അതേ, സമ്മ​തം. നി​ന​ക്കു നി​ന്റെ പെണ്‍കി​ടാ​വി​നെ കല്യാ​ണം കഴി​ക്കാം.”

നടു​ങ്ങു​ക​യും ആ പറ​പ്പി​ച്ചു​ക​ള​യു​ന്ന അടി തട്ടി കി​ഴു​മേല്‍ മറി​യു​ക​യും ചെയ്ത മരി​യു​സ് ആകെ കി​ടു​കി​ടെ വി​റ​ച്ചു.

മൊ​സ്യു ഗില്‍നോര്‍മാന്‍ തു​ട​ങ്ങി: “അതേ, നി​ന​ക്ക് ആ നി​ന്റെ സു​ന്ദ​രി​യായ പെണ്‍കി​ടാ​വി​നെ കല്യാ​ണം കഴി​ക്കാം. അവള്‍ ദി​വ​സം​പ്ര​തി ഒരു മാ​ന്യ​വൃ​ദ്ധ​ന്റെ രൂ​പ​ത്തില്‍ നി​ന്റെ സ്ഥി​തി​യ​ന്വേ​ഷി​ക്കാന്‍ ഇവിടെ വരാ​റു​ണ്ട്. നി​യ്യി​വി​ടെ മു​റി​വേ​റ്റു കി​ട​പ്പാ​യ​തു​മു​ത​ല്ക്ക് അവള്‍ക്ക് കര​യു​ക​യും ചണ​പ്പ​ഞ്ഞി​യു​ണ്ടാ​ക്കു​ക​യും മാ​ത്ര​മാ​ണ് പണി. ഞാ​ന​ന്വേ​ഷി​ച്ചു. അവ​ളു​ടെ താമസം റ്യു ദ് ലോം അര്‍മേ​യില്‍ 7-൦ നമ്പര്‍ വീ​ട്ടി​ലാ​ണ്. ഹാ! അപ്പോ​ഴോ, ഞങ്ങ​ള​റി​ഞ്ഞു, ശരി, നി​ന​ക്ക​വ​ളെ കി​ട്ട​ണം. ആട്ടെ, നി​യ്യ​വ​ളെ എടു​ത്തോ! നീ കു​ടു​ങ്ങി​പ്പോ​യി. നീ നി​ന്റെ ചെ​റു​സൂ​ത്രം ആലോ​ചി​ച്ചു ശരി​പ്പെ​ടു​ത്തി​യി​രു​ന്നു; നീ നി​ന്നോ​ടു പറ​ഞ്ഞു: “ഞാ​നി​തു നേരേ എന്റെ മു​ത്ത​ച്ഛ​നോ​ട്, ആ നാ​ടു​വാ​ഴി​സ്ഥാ​ന​ത്തെ​ക്കും പ്ര​ഭു​സ​ഭ​യി​ലെ​ക്കും ചേര്‍ന്ന ജീ​വ​ച്ഛ​വ​ത്തോ​ട്, ആ കി​ഴ​വന്‍ശ്യം​ഗാ​രി​യോ​ട്, ആഴെ​രൊ​ന്തെ [1] യായി മാറിയ ദൊ​രാ​ന്തോ​ടു [2]: പറ​യാന്‍ പോ​കു​ന്നു; അയാള്‍ക്ക് അയാ​ളു​ടെ വക നേ​ര​മ്പോ​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. ഉവ്വ്; അയാ​ളു​ടെ വക അനു​രാ​ഗ​ക​ഥ​ക​ളു​ണ്ട്; അയാ​ളു​ടെ ഗ്രി​സെ​ത്ത് (— ധൂ​ളി​ത്ത​മു​ള്ള ഒരു പാ​രി​സ്സു​കാ​രി പെണ്‍കി​ടാ​വു) മാരും കൊ​സെ​ത്തു​മാ​രു​മു​ണ്ടാ​യി​രു​ന്നു. അയാ​ളും കി​രു​കി​രു​പ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്, അയാള്‍ക്കും ചി​റ​കു​ണ്ടാ​യി​രു​ന്നു, അയാ​ളും വസ​ന്ത​ത്തി​ന്റെ സദ്യ​യു​ണ്ടി​ട്ടു​ണ്ട്; അയാള്‍ക്കും അതോർ​മ്മ​യു​ണ്ടാ​വ​ണം.”ഹാ, നീ ഒരു തു​ള​യന്‍വ​ണ്ടി​ന്റെ കൊ​മ്പു കട​ന്നു​പി​ടി​ച്ചു. അതു നന്നാ​യി. ഞാന്‍ നി​ന​ക്ക് ഒരു കട്ളൈ​റ്റ് കാ​ണി​ക്കു​മ്പോള്‍ നീ പറ​യു​ക​യാ​ണ്; ’കൂ​ട്ട​ത്തില്‍പ്പ​റ​യ​ട്ടെ, എനി​ക്കു കല്യാ​ണം കഴി​ക്ക​ണം!” അതാ, നി​യ്യൊ​രു മറി​ച്ചില്‍ മറി​യു​ന്നു! നി​യ്യൊ​രു ചെ​റു​പ​ട​യു​ണ്ടാ​വു​മെ​ന്ന് കണ​ക്കാ​ക്കി! ഞാ​നൊ​രു തന്ത​പ്പേ​ടി​ത്തൊ​ണ്ട​നാ​ണെ​ന്നു നീ മന​സ്സി​ലാ​ക്കി​യി​ല്ല. അപ്പോള്‍ ഇതി​നെ​ന്തു പറ​യു​ന്നു? നീ മു​ഷി​ഞ്ഞു​വോഃ നി​ന്നെ​ക്കാള്‍ വങ്ക​നാ​യി​ക്കാ​ണും നി​ന്റെ മു​ത്ത​ച്ഛ​നെ എന്നു നീ കരു​തി​യി​ല്ല; ഹേ വക്കീ​ല​വര്‍കള്‍, നി​ങ്ങള്‍ എന്നോ​ടു പറ​യാന്‍ തെ​യ്യാ​റാ​ക്കി​യി​രു​ന്ന പ്ര​സം​ഗം ആവ​ശ്യ​മി​ല്ലാ​താ​യി; അതു മു​ഷി​പ്പ​നാ​ണ്. ശരി, അതു ചീ​ത്ത​ത​ന്നെ. ശു​ണ്ഠി കടി​ച്ചോ; എട, ധാ​തു​പു​ഷ്ടി​യി​ല്ലാ​ത്ത​വ​നേ, ഞാന്‍ നി​ന​ക്കാ​വ​ശ്യ​മു​ള്ള​തു ചെ​യ്യാന്‍ പോ​കു​ന്നു; അപ്പോള്‍ പണി ചു​രു​ങ്ങി! കേ​ട്ടോ, ഞാന്‍ അന്വേ​ഷ​ണം നട​ത്തി; ഞാന്‍ ഉപാ​യി​യാ​ണ്. അവള്‍ സു​ന്ദ​രി​യാ​ണ്, സൂ​ത്ര​ക്കാ​രി​യാ​ണ്; കു​ന്ത​പ്പ​ട​യാ​ളി​യെ​പ്പ​റ്റി കേ​ട്ട​തു നേ​ര​ല്ല; അവള്‍ ഒരു​പാ​ടു ചണ​പ്പ​ഞ്ഞി​യു​ണ്ടാ​ക്കി​ക്കൂ​ട്ടി; അവള്‍ക്കാ​ഭ​ര​ണ​മു​ണ്ട്, അവള്‍ക്കു നി​ന്റെ മേല്‍ കമ്പ​മു​ണ്ട്; നീ മരി​ച്ചാല്‍ നമ്മള്‍ മൂ​ന്നു​പേര്‍ ചാവും. അവ​ളു​ടെ ശവ​മ​ഞ്ച​വും എന്റേ​തി​നോ​ടൊ​പ്പ​മു​ണ്ടാ​വും. നി​ന​ക്ക് ആശ്വാ​സം കണ്ടു​തു​ട​ങ്ങി​യ​തു​മു​തല്‍ എനി​ക്കൊ​രു യു​ക്തി തോ​ന്നി​യി​രു​ന്നു. അവളെ നി​ന്റെ കട്ടി​ലി​ന്ന​രി​കെ കൊ​ണ്ടു​ന​ടു​കു”പക്ഷേ, കെ​ട്ടു​ക​ഥ​ക​ളില്‍ മാ​ത്ര​മേ പെണ്‍കി​ടാ​ങ്ങ​ളെ അവ​രില്‍ താ​ത്പ​ര്യ​മു​ള്ള സു​ന്ദ​ര​ന്മാ​രായ യു​വാ​ക്ക​ന്മാര്‍ മു​റി​വേ​റ്റു കി​ട​ക്കു​ന്നേ​ട​ത്തേ​ക്ക് വരു​ത്ത​ലു​ള്ളു. അതു​കൊ​ണ്ടു​ണ്ടാ​യി​ല്ല. നി​ന്റെ അച്ചന്‍ പെ​ങ്ങള്‍ എന്തു പറയും? എന്റെ ചങ്ങാ​തി. നീ മു​ക്കാല്‍സ്സ​മ​യ​ത്തും നൂല്‍ബ​ന്ധ​മി​ല്ലാ​താ​യി​രു​ന്നു. നി​ന്നെ ഒരി​ക്ക​ലും വി​ട്ടു​പി​രി​യു​ക​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത നി​കൊ​ലെ​ത്തോ​ടു ചോ​ദി​ക്ക്, ഒരു സ്ത്രീ​യെ ഇങ്ങോ​ട്ടു വരു​ത്താന്‍ പാ​ടു​ണ്ടാ​യി​രു​ന്നു​വോ എന്ന്. പി​ന്നെ, വൈ​ദ്യ​നെ​ന്തു പറയും? ഒരു സു​ന്ദ​രി​യായ പെണ്‍കി​ടാ​വ് ഒരു പു​രു​ഷ​ന്റെ പനി ആശ്വാ​സ​പ്പെ​ടു​ത്തു​ക​യി​ല്ല. ചു​രു​ക്കി​പ്പ​റ​ഞ്ഞാല്‍, അതൊ​ക്കെ ശരി, നമു​ക്കി​നി അതി​നെ​പ്പ​റ്റി ഒന്നും പറ​യാ​തി​രി​ക്കുക, എല്ലാം പറ​ഞ്ഞു​ക​ഴി​ഞ്ഞു, ഒക്കെ ചെ​യ്തു​ക​ഴി​ഞ്ഞു, അതു തീര്‍ച്ച​യാ​യി, അവള്‍ നി​ന്റെ, ഇങ്ങ​നെ​യാ​ണ് എന്റെ നി​ഷ്ഠു​രത. കണ്ടു​വോ? നി​ന​ക്കെ​ന്നെ ഇഷ്ട​മി​ല്ലെ​ന്ന് എനി​ക്കു മന​സ്സി​ലാ​യി. ഞാന്‍ പറ​ഞ്ഞു: “അപ്പോള്‍ ഇതാ, എന്റെ കൊ​സ്സെ​ത്ത്കു​ട്ടി എന്റെ കക്ഷ​ത്തി​ലു​ണ്ട്; ഞാ​ന​വ​ളെ അവ​ന്നു സമ്മാ​നി​ക്കാന്‍ പോ​കു​ന്നു; അപ്പോള്‍ അവ​ന്നു കു​റ​ച്ചെ​ന്നെ സ്നേ​ഹി​ക്കാ​തെ നിര്‍വ്വാ​ഹ​മി​ല്ലെ​ന്നു​വ​രും, അല്ലെ​ങ്കില്‍ അതി​ന്നു​ള്ള കാരണം പറ​യേ​ണ്ടി​യി​രി​ക്കും.’ ഹാ, അപ്പോള്‍ കി​ഴ​വന്‍ ലഹ​ള​ക്കൂ​ട്ടാൻ നി​ല്ക്കും, വലിയ ഒച്ച​യി​ടും; പാ​ടി​ല്ല എന്നു​ച്ച​ത്തില്‍ പറയും, ആ അരു​ണോ​ദ​യ​ത്തി​നു നേര്‍ക്ക് വടി​യോ​ങ്ങും എന്നൊ​ക്കെ നീ വി​ചാ​രി​ച്ചു. അതൊരു വസ്തു​വു​മി​ല്ല. കൊ​സെ​ത്ത്, അങ്ങ​നെ​യാ​വ​ട്ടേ, അനു​രാ​ഗം, അങ്ങ​നെ​യാ​വ​ട്ടെ; ഇതി​ലും നല്ല​തൊ​ന്നും ഞാന്‍ ചോ​ദി​ക്കു​ന്നി​ല്ല; സാര്‍, ദയ​ചെ​യ്തു വേ​ഗ​ത്തില്‍ ഒന്നു കല്യാ​ണം കഴി​ക്കു​മോ? എന്റെ ഓമ​ന​ക്കു​ട്ടി, നീ കു​റ​ച്ചു സു​ഖി​ക്ക്.’

ഇങ്ങ​നെ പറ​ഞ്ഞ് ആ വയ​സ്സന്‍ തേ​ങ്ങി​ക്ക​ര​ഞ്ഞു.

അദ്ദേ​ഹം മരി​യു​സ്സി​ന്റെ തല​പി​ടി​ച്ചു. രണ്ടു കൈ​ക​ളെ​ക്കൊ​ണ്ടും അതു മാ​റ​ത്തേ​ക്ക​മര്‍ത്തി, രണ്ടു​പേ​രും കര​യാന്‍ തു​ട​ങ്ങി. ഇതാണ് വി​ശി​ഷ്ട​മായ സു​ഖ​ത്തി​ന്റെ രൂ​പ​ങ്ങ​ളി​ലൊ​ന്ന്.

“അച്ഛാ! മരി​യു​സ് വി​ളി​ച്ചു.

“ഹാ, അപ്പോള്‍ നി​ന​ക്കെ​ന്നെ ഇഷ്ട​മു​ണ്ട്!” ആ വയ​സ്സന്‍ പറ​ഞ്ഞു.

ഒര​നിര്‍വ​ച​നീ​യ​മായ ഘട്ടം വന്നു. അവര്‍ക്കു രണ്ടു​പേര്‍ക്കും ശ്വാ​സ​മു​ട്ടി. സം​സാ​രി​ക്കാന്‍ വയ്യാ​താ​യി.

—ഒടു​വില്‍ കി​ഴ​വന്‍ വി​ക്കി: “ആട്ടെ ഒടു​വില്‍ അവ​ന്റെ വാ​യ​യ​ട​പ്പു നീ​ങ്ങി. അവന്‍ അച്ഛ എന്നെ​ന്നോ​ടു പറ​ഞ്ഞു.”

മരി​യു​സ് മു​ത്ത​ച്ഛ​ന്റെ കൈ​യില്‍നി​ന്നു തല വേര്‍പെ​ടു​ത്തി പതു​ക്കെ​പ്പ​റ​ഞ്ഞു: അച്ഛ, ഇപ്പോള്‍ എന്റെ രോ​ഗ​മൊ​ക്കെ മാ​റി​യി​രി​ക്കു​ന്ന സ്ഥി​തി​ക്ക്, ഇനി എനി​ക്ക് അവളെ കാ​ണാ​മെ​ന്നു തോ​ന്നു​ന്നു.”

“പി​ന്നെ​യും സമ്മ​തം; നി​ന​ക്ക​വ​ളെ നാളെ കാണാം.”

“അച്ഛാ!”

“എന്താ​ണ്?”

“എന്തു​കൊ​ണ്ട് ഇന്നു വയ്യാ?”

“ശരി, എന്നാല്‍ ഇന്നു​ത​ന്നെ, ഇന്നു​ത​ന്നെ​യാ​വ​ട്ടെ. നീ എന്നെ മൂ​ന്നു പ്രാ​വ​ശ്യം ’അച്ഛാ’ എന്നു വി​ളി​ച്ചു; അതിനു അതു സമ്മാ​നം തരണം. ഞാന്‍ ശ്ര​മി​ക്കു​ക​യാ​യി. അവള്‍ ഇവിടെ വരും. ഞാന്‍ പറ​ഞ്ഞി​ല്ലേ, സമ്മ​തം. അതി​പ്പോള്‍ത്ത​ന്നെ കവി​ത​യി​ലാ​യി​ക്ക​ഴി​ഞ്ഞു. ആങ്ദ്രെ​ഷെ​നി​യെ, 1793-ലെ തെ അസാ​മാ​ന്യ​ന്മാര്‍, കഴു​ത്തു മു​റി​ച്ചു​വി​ട്ട ആങ്ദ്രെ​ഷൈ​നി​യെ, ഉണ്ടാ​ക്കിയ ഴൂന്‍മ​ല​ദി​ന്റെ ചര​മ​ത്തി​ലെ അവസാന ഭാ​ഗ​മാ​ണി​ത്.”

മരി​യു​സ്സി​ന്റെ മുഖം അല്പ​മൊ​ന്ന് വീര്‍ത്ത​താ​യി മൊ​സ്യു ഗില്‍നോര്‍മാന്‍ സ്വ​പ്നം കണ്ടു. വാ​സ്ത​വ​ത്തില്‍ അയാള്‍ അദ്ദേ​ഹ​ത്തി​ന്റെ വാ​ക്ക് ശ്ര​ദ്ധി​ച്ചി​രു​ന്ന​ല്ലെ​ന്നും 1793-​നെക്കാളധികം കൊ​സെ​ത്തി​നെ​പ്പ​റ്റി​യാ​ണ് അയാള്‍ വി​ചാ​രി​ച്ചി​രു​ന്ന​തെ​ന്നും ഞങ്ങള്‍ സമ്മ​തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

വെറും അസ​ന്ദർ​ഭ​ത്തിൽ ആങ്ദ്രെ​ഷെ​നി​യെ​യെ കൊ​ണ്ടു​വ​ന്ന​തി​നെ​പ്പ​റ്റി ഭയ​പ്പെ​ട്ടു മു​ത്ത​ച്ഛന്‍ ഉപാ​യ​ത്തില്‍ ഇങ്ങ​നെ പറ​ഞ്ഞു​വി​ട്ടു; കഴു​ത്തു മു​റി​ച്ചു​വി​ട്ടു എന്ന​ല്ലാ​യി​രു​ന്നു പറ​യേ​ണ്ട​ത്. ഭര​ണ​പ​രി​വര്‍ത്ത​ന​ത്തി​ലെ അതി​ബു​ദ്ധി​മാ​ന്മാര്‍—അവര്‍ ദു​രു​ദ്ദേ​ശ​ക്കാ​ര​ല്ലാ​യി​രു​ന്നു. അതിനു വാ​ദ​മി​ല്ല; അവര്‍ ധീ​രോ​ദാ​ത്ത​ന്മാ​രാ​ണ്, സം​ശ​യ​മി​ല്ല ആങ്ദ്രെ​ഷെ​നി​യെ തങ്ങ​ളെ അല്പം അല​ട്ടി​യി​രു​ന്ന​താ​യി​ക്ക​ണ്ട് അയാളെ ശി​ര​ച്ഛേ​ദം… എന്നു​വെ​ച്ചാല്‍ ആ തെര്‍മി​ദോര്‍ 7-ാം ന് ത്തെ മഹാ​ന്മാര്‍ അയാ​ളോ​ട് പൊ​തു​ജ​ന​ര​ക്ഷ​യ്ക്കു​വേ​ണ്ടി, ഇവി​ടെ​നി​ന്നു പോ​യ്ക്കൊ​ള്ള​ണ​മെ​ന്ന​പേ​ക്ഷി​ച്ചു…’

സ്വ​ന്തം വാ​ക്കു​ക​ളാല്‍ കഴു​ത്തില്‍ മു​റു​ക്കി​പ്പി​ടി​കൂ​ട​പ്പെ​ട്ട മൊ​സ്യു ഗില്‍നോര്‍മാ​ന്ന് അവി​ടു​ന്ന​ങ്ങോ​ട്ട് പറ​യാന്‍ വയ്യാ​താ​യി. അതു മു​ഴു​മി​പ്പി​ക്കാ​നോ പറ​ഞ്ഞി​ല്ലെ​ന്നാ​ക്കാ​നോ കഴി​യാ​തെ, അസം​ഖ്യം വി​കാ​ര​ങ്ങ​ളെ​ക്കൊ​ണ്ടു കു​ഴ​ങ്ങു​ന്ന മരി​യു​സ്സി​ന്റെ പി​ന്നി​ലു​ള്ള തലയണ അദ്ദേ​ഹ​ത്തി​ന്റെ മകള്‍ നേ​രെ​യാ​ക്കി​വെ​ക്കു​ന്ന​തി​നി​ട​യ്ക്കു വയ​സ്സന്‍ തന്റെ പ്രാ​യാ​ധി​ക്യം​കൊ​ണ്ട് കഴി​യു​ന്നേ​ട​ത്തോ​ളം വേ​ഗ​ത്തില്‍ കി​ട​പ്പു​മു​റി​യില്‍നി​ന്ന് ഒരോ​ട്ടം കൊ​ടു​ത്തു. വാ​തില്‍ പി​ന്നോ​ക്ക​മ​ട​ച്ചു. തു​ടു​ത്തു ശ്വാ​സ​മു​ട്ടി വാ​യില്‍നി​ന്നു പത ചാ​ടു​മാ​റ് കണ്ണു​തു​റി​ക്കു​ന്ന അദ്ദേ​ഹം, തള​ത്തി​ലി​രു​ന്നു ബൂ​ട്ടു​സ്സു​കള്‍ കറു​പ്പി​ക്കു​ന്ന ബസ്കി​നോ​ട് കൂ​ട്ടി​മു​ട്ടി. അദ്ദേ​ഹം ബസ്കി​ന്റെ കഴു​ത്തു​പ​ട്ട പി​ടി​ച്ചു അവ​ളു​ടെ മു​ഖ​ത്തേ​ക്കു നോ​ക്കി ശു​ണ്ഠി​യെ​ടു​ത്തു​ച്ച​ത്തില്‍പ്പ​റ​ഞ്ഞു: ’ചെ​കു​ത്താന്‍സഭ മു​ഴു​വ​നും പി​ടി​ച്ചു ഞാന്‍ ശപഥം ചെ​യു​ന്നു, അവറ്റ അയാളെ കൊ​ല​പ്പെ​ടു​ത്തുക തന്നെ​യാ​ണ് ചെ​യ്ത​ത്.”

“ആരേ, സേര്‍?”

“ആങ്ദ്രെ​ഷെ​നി​യെ​യെ.’

“അതേ, സേര്‍.”ബസ്ക് ഭയ​പ്പാ​ടോ​ടു​കൂ​ടി പറ​ഞ്ഞു.

കു​റി​പ്പു​കൾ

[1] കൊര്‍നീ​ലി​യു​ടെ Le Meuteur എന്ന നാ​ട​ക​ത്തി​ലും മോ​ളി​യേ​രു​ടെ Le Medicinelgr എന്ന നാ​ട​ക​ത്തി​ലും മറ്റു ഫ്ര​ഞ്ച് നാ​ട​ക​ങ്ങ​ളി​ലു​മു​ള്ള ഒരു നി​ഷ്ക​ള​ങ്ക​ഹൃ​ദ​യ​നായ സാ​ധു​ക്കി​ഴ​വൻ.

[2] മോ​ളി​യേ​രു​ടെ ഒന്നി​ല​ധി​കം നാ​ട​ക​ങ്ങ​ളി​ലു​ള്ള ഒമു കഥാ​പാ​ത്രം ബഹു​ശാ​ഠൃ​ക്കാ​രന്‍.

5.3.4
മൊ​സ്യു ഫൂ​ഷല്‍വാ​ങ് കക്ഷ​ത്തില്‍ എന്തോ ഒന്നും​കൊ​ണ്ടു​വ​രു​ന്ന​തു തെ​റ്റാ​ണെ​ന്നു വി​ചാ​രി​ക്കല്‍ മദാം വ്വ​സേ​ല്ല ഗില്‍നോര്‍മാന്‍ ഒടു​വില്‍ വേ​ണ്ടെ​ന്നു​വെ​ച്ചു

കൊ​സെ​ത്തും മരി​യു​സ്സും ഒരി​ക്കല്‍ക്കൂ​ടി അന്യോ​ന്യം കണ്ടു:

ആ കൂ​ടി​ക്കാ​ഴ്ച എന്തു​പോ​ലെ​യാ​യി​രു​ന്നു എന്നു ഞങ്ങള്‍ പറ​യു​ക​യി​ല്ല. ഒരാള്‍ വി​വ​രി​ക്കാന്‍ പാ​ടി​ല്ലെ​ന്നു വെ​യ്ക്കേ​ണ്ട ചി​ല​തു​ണ്ട്; അവ​യി​ലൊ​ന്നാ​ണ് സൂ​ര്യന്‍.

കൊ​സെ​ത്ത് അക​ത്തേ​ക്കു കടന്ന സമ​യ​ത്തു കു​ടും​ബം മു​ഴു​വ​നും, ബസ്കും നി​കൊ​ലെ​ത്തും​കൂ​ടി, മരി​യു​സ്സി​ന്റെ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു.

അതേ സമ​യ​ത്തു, മു​ത്ത​ച്ഛന്‍ മൂ​ക്കു കു​റ​ക്കാ​നു​ള്ള ഭാ​വ​മാ​യി​രു​ന്നു; കൈ​യില്‍ കൈ​യു​റു​മാ​ലോ​ടു​കൂ​ടി. അതിനു മു​ക​ളി​ലൂ​ടെ കൊ​സെ​ത്തി​നെ സൂ​ക്ഷി​ച്ചു​നോ​ക്കി​ക്കൊ​ണ്ട്, അദ്ദേ​ഹം നിര്‍ത്തി​വെ​ച്ചു.

അവള്‍ വാ​തി​ല്ക്ക​ലെ​ത്തി; അവ​ളു​ടെ ചു​റ്റും ഒരു പ്ര​ഭ​യു​ണ്ടെ​ന്ന് അദ്ദേ​ഹ​ത്തി​നു തോ​ന്നി.

“ഒന്നാ​ന്ത​രം.”അദ്ദേ​ഹം ഉച്ച​ത്തില്‍പ്പ​റ​ഞ്ഞു.

എന്നി​ട്ട് അദ്ദേ​ഹം ശക്തി​യില്‍ മൂ​ക്കു കറ​ന്നു.

കൊ​സെ​ത്തി​നു ലഹരി കയ​റി​യി​രു​ന്നു, സന്തോ​ഷം നി​റ​ഞ്ഞി​രു​ന്നു. പേടി കയ​റി​യി​രു​ന്നു, സ്വര്‍ഗ്ഗം വന്നി​രു​ന്നു. സു​ഖം​കൊ​ണ്ട് ഒരാള്‍ക്ക് എത്ര​ക​ണ്ട പേ​ടി​ക്കാ​മോ അത്ര​ക​ണ്ടും അവള്‍ പേ​ടി​ച്ചി​രു​ന്നു. അവള്‍ വി​ളര്‍ത്തും​കൊ​ണ്ട് എന്തോ വി​ക്കി​പ്പ​റ​യാന്‍ നോ​ക്കി; പക്ഷേ, ലജ്ജി​ച്ചു​പോ​യി; അവള്‍ക്ക് മരി​യു​സ്സി​ന്റെ മാ​റ​ത്തേ​ക്കു ചെ​ന്നു വീ​ഴ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു, ധൈ​ര്യ​മു​ണ്ടാ​യി​ല്ല. ഇക്ക​ണ്ട ആളു​ക​ളു​ടെ​യെ​ല്ലാം മുന്‍പില്‍വെ​ച്ച് സ്നേ​ഹി​ക്കാന്‍ നാണം. സു​ഖി​ത​രായ കാ​മി​നീ​കാ​മു​ക​ന്മാ​രു​ടെ കാ​ര്യ​ത്തില്‍ ജന​ങ്ങള്‍ നിര്‍ദ്ദ​യ​രാ​ണ്; ആ രണ്ടു​പേര്‍ക്കും തനി​ച്ചാ​ക​ണ​മെ​ന്നു​ള്ള​പ്പോള്‍ അവര്‍ വി​ടാ​തെ കൂ​ടു​ന്നു. കാ​മി​നീ​കാ​മു​ക​ന്മാര്‍ക്കു മറ്റാ​രെ​ക്കൊ​ണ്ടും ആവ​ശ്യ​മി​ല്ല.

കൊ​സെ​ത്തോ​ടു​കൂ​ടി, അവ​ളു​ടെ പി​ന്നാ​ലെ, സഗൗ​ര​വ​നെ​ങ്കി​ലും അസ്പ​ഷ്ട​വും ഹൃ​ദ​യ​ഭേ​ദ​ക​വു​മായ ഒരു പു​ഞ്ചി​രി​യോ​ടു​കൂ​ടി തല​മു​ടി നരച്ച ഒരാ​ളും അക​ത്തേ​ക്കു കട​ന്നു. അത് ’മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങാ’യി​രു​ന്നു; അത് ഴാങ് വാല്‍ ഴാ​ങ്ങാ​യി​രു​ന്നു.

കറു​ത്ത നി​റ​ത്തില്‍ പു​തി​യ​തും ഒരു വെ​ളു​ത്ത കണ്ഠ​വ​സ്ത്ര​ത്തോ​ടു​കൂ​ടി​യ​തു​മാ​യി, വാ​തി​ല്ക്കാ​വ​ല്ക്കാ​രന്‍ പറ​ഞ്ഞ​തു​പോ​ലെ, അയാള്‍ നല്ല അന്ത​സ്സില്‍ ഉടു​പ്പി​ട്ടി​രു​ന്നു.

ഈ എണ്ണം​പ​റ​ഞ്ഞ നാ​ടു​വാ​ഴി​യില്‍, ഒരു സമയം ‘നോ​ട്ട​റി’യില്‍ അന്നു ജൂണ്‍ 7-ാംനു രാ​ത്രി തന്റെ വാ​തി​ല്ക്കല്‍ കീ​റ​ലു​ടു​പ്പി​ട്ട്, ചളി​യാ​ണ്ടു വല്ലാ​താ​യി, കണ്ണും നട്ടും മു​ഖ​ത്തു മു​ഴു​വ​നും ചോ​ര​യും ചളി​യു​മാ​യി, മരി​യു​സ്സി​നെ കൈ​കൊ​ണ്ടു താ​ങ്ങി​യെ​ടു​ത്ത് പ്ര​ത്യ​ക്ഷീ​ഭ​വി​ച്ച ആ ഭയ​ങ്ക​ര​നായ ശവ​വാ​ഹ​ക​നെ കണ്ട​റി​യു​ന്ന​തില്‍നി​ന്ന് ഒരാ​യി​രം കാതം ദൂ​രെ​യാ​യി​രു​ന്നു വാ​തി​ല്ക്കാ​വ​ല്ക്കാ​ര​ന്റെ നില;എങ്കി​ലും അയാ​ളു​ടെ ദ്വാ​ര​പാ​ല​ബു​ദ്ധി ഒന്നി​ള​കി​ത്തീര്‍ന്നി​രു​ന്നു. മൊ​സ്യു ഫൂ​ഷല്‍വാ​ങ് കൊ​സെ​ത്തോ​ടു​കൂ​ടി വന്നെ​ത്തി​യ​പ്പോള്‍ അയാള്‍ തന്റെ ഭാ​ര്യ​യോ​ട് ഇങ്ങ​നെ ഒരു ജനാ​ന്തി​കം നട​ത്തി; “എന്താ​ണ​തെ​ന്ന് എനി​ക്ക​റി​ഞ്ഞു​കൂ​ടാ, പക്ഷേ, ഞാ​ന​ദ്ദേ​ഹ​ത്തെ എവി​ടെ​വെ​ച്ചോ കണ്ടി​ട്ടു​ണ്ട്.”

മരി​യു​സ്സി​ന്റെ മു​റി​യിൽ മൊ​സ്യു ഫു​ഷല്‍വാ​ങ് വാ​തി​ലി​ന്റെ അടു​ത്തു ദൂ​ര​ത്തേ​ക്ക് മാ​റി​നി​ന്നു. ഒരു ‘ഓക്ടാ​വോ’ വലു​പ്പ​ത്തി​ലു​ള്ള പൂ​സ​ത​ക​ത്തി​ന്റെ നല്ല ഛാ​യ​യു​ള്ള ഒരു കട​ലാ​സ്സിന്‍പൊ​തി അയാ​ളു​ടെ കക്ഷ​ത്തി​ലു​ണ്ട്. കട​ലാ​സ്സു പച്ച​നി​റ​മാ​ണ്; പൂ​പ്പല്‍പി​ടി​ച്ച​തു​പോ​ലെ തോ​ന്നും.

അദ്ദേ​ഹം എപ്പോ​ഴും ഇങ്ങ​നെ കക്ഷ​ത്തില്‍ പു​സ്ത​ക​വും​കൊ​ണ്ടാ​യി​രി​ക്കു​മോ നട​ക്കുക? പു​സ്ത​ക​ങ്ങ​ളോ​ട് ഇഷ്ട​മി​ല്ലാ​ത്ത മദാം വ്വ​സേ​ല് ഗില്‍നോര്‍മാന്‍ ഒരു താ​ഴ​ന്ന സ്വ​ര​ത്തില്‍ നി​കൊ​ലെ​ത്തോ​ട് ചോ​ദി​ച്ചു;

’ആവ​ട്ടെ’. അവ​ളു​ടെ ചോ​ദ്യം കേ​ട്ടു​പോയ മൊ​സ്യു ഗില്‍നോര്‍മാന്‍ അതേ സ്വ​ര​ത്തില്‍ തി​രി​ച്ച​ടി​ച്ചു, ’അദ്ദേ​ഹം ഒരു പണ്ഡി​ത​നാ​ണ്. അതു​കൊ​ണ്ട്? അത​ദ്ദേ​ഹ​ത്തി​ന്റെ കു​റ്റ​മാ​ണോ? എന്റെ പരി​ച​യ​ക്കാ​രില്‍ ഒരാ​ളായ മൊ​സ്യു ബു​ലാര്‍ കക്ഷ​ത്തില്‍ ഒരു പു​സ്ത​ക​ത്തോ​ടു​കൂ​ടി​യ​ല്ലാ​തെ ഒരി​ക്ക​ലും പു​റ​ത്തേ​ക്കി​റ​ങ്ങാ​റി​ല്ല; അതു​പോ​ലെ ഏതെ​ങ്കി​ലും ഒരു പഴയ പു​സ്ത​കം നെ​ഞ്ചി​ലും ചേര്‍ത്തു വെ​ച്ചി​രി​ക്കും.

എന്നി​ട്ട് ഒന്നു​പ​ചാ​ര​പൂര്‍വ്വം തല കു​നി​ച്ച് അദ്ദേ​ഹം ഉറ​ക്കെ​പ്പ​റ​ഞ്ഞു: ‘മൊ​സ്യു​ത്രാ​ങ്ഷെല്‍വാ​ങ്…’

ഗില്‍നോര്‍മാന്‍ മു​ത്ത​ച്ഛന്‍ അത് മനഃ​പൂര്‍വം ചെ​യ്ത​ത​ല്ല; പേ​രു​ക​ളു​ടെ കാ​ര്യ​ത്തില്‍ ഒര​ശ്ര​ദ്ധ അദ്ദേ​ഹ​ത്തി​ന്റെ പ്ര​ഭു​ത്വോ​ചി​ത​ങ്ങ​ളായ മട്ടു​ക​ളില്‍ ഒന്നാ​യി​രു​ന്നു.

‘മൊ​സ്യു ത്രാ​ങ്ഷെല്‍ഷാ​ങ്, ഞാന്‍ എന്റെ ദൗ​ഹി​ത്ര​നായ ബാ​റണ്‍ മരി​യു​സ് പൊ​ങ്മേര്‍സി​ക്കു​വേ​ണ്ടി മദാം​വ്വ​സേ​ല്ലി​നെ കല്യാ​ണം​ക​ഴി​ച്ചു​ത​രാന്‍ അപേ​ക്ഷി​ച്ചു​കൊ​ള്ളു​ന്നു.’

മൊ​സ്യു ത്രാ​ങ്ഷെല്‍വാ​ങ് തല കു​നി​ച്ചു.

‘അതു തീര്‍ച്ച​പ്പെ​ട്ടു.’ മു​ത്ത​ച്ഛന്‍ പറ​ഞ്ഞു.

എന്നി​ട്ട് മരി​യു​സ്സി​നേ​യും കൊ​സെ​ത്തി​നേ​യും നോ​ക്കി. അനു​ഗ്ര​ഹി​ക്ക​ലാ​യി കൈ രണ്ടും മേ​ല​പോ​ട്ടു​യര്‍ത്തി, അദ്ദേ​ഹം പറ​ഞ്ഞു: ‘അന്യോ​ന്യം ആരാ​ധി​ച്ചു തു​ട​ങ്ങു​ന്ന​ത് സമ്മ​തം!’

അവര്‍ക്ക് അദ്ദേ​ഹം രണ്ടു​പ്രാ​വ​ശ്യം പറ​ഞ്ഞു​കി​ട്ടേ​ണ്ട ആവ​ശ്യ​മി​ല്ലാ​യി​രു​ന്നു. അത്ര​യും അപകടം! സല്ലാ​പം തു​ട​ങ്ങി, അവര്‍ പതു​ക്ക​യേ സം​സാ​രി​ച്ചു​ള്ളൂ. ചാ​രി​ക്കി​ട​ക്കാ​നു​ള്ള കസാ​ല​യില്‍ കൈ​മു​ട്ടു കു​ത്തി കി​ട​ന്നു​കൊ​ണ്ട് മരി​യു​സ്സും അയാ​ളു​ടെ അടു​ക്കല്‍ നി​ന്നു​കൊ​ണ്ട് കൊ​സെ​ത്തും. ‘എന്റെ ഈശ്വ​രാ!’ കൊ​സെ​ത്ത് മന്ത്രി​ച്ചു; “ഞാന്‍ നി​ങ്ങ​ളെ ഒരി​ക്കല്‍ക്കൂ​ടി​ക്കാ​ണു​ന്നു! ഇത​ങ്ങാ​ണു്! ഇതു നി​ങ്ങ​ളാ​ണ്! അമ്മാ​തി​രി​ക്കു കട​ന്നു​ചെ​ന്നു യു​ദ്ധം ചെ​യ്യാന്‍ തോ​ന്നി​യ​ത്! എന്തി​നേ അത്? കഷ്ടം. ഞാന്‍ നാലു മാ​സ​മാ​യി​ട്ടു ചത്തി​രി​ക്ക​യാ​യി​രു​ന്നു. ആ യു​ദ്ധ​ത്തി​ന് നി​ങ്ങള്‍ പോയത് നി​ങ്ങ​ളു​ടെ പക്കല്‍ എന്ത് ദയ​യി​ല്ലാ​യ്മ​യാ​യി! എന്തേ ഞാന്‍ നി​ങ്ങ​ളോ​ടു ചെ​യ്ത​ത്? ഞാന്‍ നി​ങ്ങള്‍ക്കു മാ​പ്പു തരു​ന്നു; പക്ഷേ, നി​ങ്ങള്‍ ഇനി​യൊ​രി​ക്ക​ലും അതു ചെ​യ്യ​രു​ത്. കു​റ​ച്ചു മുന്‍പ്, നി​ങ്ങ​ളു​ടെ അടു​ക്ക​ലേ​ക്കു വരാന്‍ അവര്‍ എന്നെ വന്നു​വി​ളി​ച്ച​പ്പോള്‍ ഞാന്‍ മരി​ക്കു​ക​യാ​യെ​ന്നു തീര്‍ച്ച​പ്പെ​ടു​ത്തി—പക്ഷേ, അത് സന്തോ​ഷം​കൊ​ണ്ടാ​യി​രു​ന്നു. എനി​ക്ക​ത്ര വ്യ​സ​ന​മു​ണ്ടാ​യി​രു​ന്നു! ഞാന്‍ ഉടു​പ്പി​ടാന്‍കൂ​ടി നി​ന്നി​ല്ല. എന്റെ മട്ട് ആളു​ക​ളെ പേ​ടി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വ​ണം. ഒരു ചു​ളി​ഞ്ഞു മട​ങ്ങിയ കഴു​ത്തു​പ​ട്ട​യും കെ​ട്ടി എന്നെ കണ്ടാല്‍ നി​ങ്ങ​ളു​ടെ ചാര്‍ച്ച​ക്കാര്‍ എന്തു പറയും? ഒന്നു സം​സാ​രി​ക്കു! ഞാന്‍ വേണം സം​സാ​രി​ക്കാന്‍ മു​ഴു​വ​നും. ഞങ്ങള്‍ ഇപ്പോ​ഴും റ്യൂ ദ് ലോം അര്‍മേ​യില്‍ത്ത​ന്നെ​യാ​ണ്. നി​ങ്ങ​ളു​ടെ ചു​മല്‍ വല്ലാ​താ​യി​രു​ന്നു എന്നു തോ​ന്നു​ന്നു. നി​ങ്ങ​ളു​ടെ കൈ മട​ക്കി അതില്‍ തി​രു​കാ​മാ​യി​രു​ന്നു എന്നു കേ​ട്ടു. പി​ന്നെ അവര്‍ നി​ങ്ങ​ളു​ടെ മാംസം കത്തി​രി​കൊ​ണ്ട മു​റി​ച്ചു എന്നു തോ​ന്നു​ന്നു. വലിയ കഷ്ടം. എനി​ക്ക് കണ്ണി​ല്ലാ​താ​കു​ന്ന​തു​വ​രെ ഞാന്‍ കര​ഞ്ഞു. ഒരാള്‍ക്ക് ഇങ്ങ​നെ ദുഃ​ഖി​ക്കേ​ണ്ടി​വ​രു​ന്നു​വ​ല്ലോ! നി​ങ്ങ​ളു​ടെ മു​ത്ത​ച്ഛന്‍ ഒരു നല്ല ദയാ​ലു​വാ​ണെ​ന്നു തോ​ന്നും. അന​ങ്ങാ​തെ കി​ട​ക്കു, കൈ​മു​ട്ടു കു​ത്തി എഴു​ന്നേ​ല്ക്കേ​ണ്ട, നി​ങ്ങള്‍ക്ക് വേ​ദ​ന​യാ​വും. ഹാ! എനി​ക്കെ​ന്ത് സുഖം തോ​ന്നു​ന്നു! അപ്പോള്‍ നമ്മു​ടെ ദു​ഷ്കാ​ലം തീര്‍ന്നു! ഞാ​നൊ​രു വി​ഡ്ഡി​യാ​ണ്. എനി​ക്കു നി​ങ്ങ​ളോട പലതും പറ​യാ​നു​ണ്ടാ​യി​രു​ന്നു; ഇപ്പോള്‍ എനി​ക്കു യാ​തൊ​ന്നും ഒരു ലേ​ശ​മെ​ങ്കി​ലും ഓര്‍മ്മ​യി​ല്ലാ​താ​യി. നി​ങ്ങള്‍ ഇപ്പോ​ഴും എന്നെ സ്നേ​ഹി​ക്കു​ന്നു​ണ്ടോ? ഞങ്ങള്‍ വ്യു ദ് ലോം അര്‍മേ​യി​ലാ​ണ് താമസം. തോ​ട്ട​മി​ല്ല. ചണ​പ്പ​ഞ്ഞി​യു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു എനി​ക്കു പണി; നി​ല്ക്കു, ഇതാ, സേര്‍, ഇത് നി​ങ്ങ​ളു​ടെ കു​റ്റ​മാ​ണ്; എന്റെ കൈ​വി​ര​ലു​ക​ളില്‍ ഒരു കല്ല​പ്പ്.’

“ഓമനേ! മരി​യു​സ് പറ​ഞ്ഞു.

ഓമന, എത്ര​യു​പ​യോ​ഗി​ച്ചാ​ലും പുതുമ പോ​കാ​തെ ഭാ​ഷ​യില്‍ ഇങ്ങ​നെ ഒരു വാ​ക്കേ ഉള്ളൂ. കാ​മി​നീ​കാ​മു​ക​ന്മാ​രു​ടെ ദയ​യി​ല്ലാ​ത്ത ഉപ​യോ​ഗി​ക്ക​ലി​നെ മറ്റൊ​രു വാ​ക്കി​നും തടു​ത്തു​നി​ല്ക്കാന്‍ വയ്യാ.

എന്നി​ട്ട് അവിടെ കാ​ണി​ക​ളു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് അവര്‍ നിര്‍ത്തി, പി​ന്നെ​യൊ​ന്നും പറ​ഞ്ഞി​ല്ല; അന്യോ​ന്യം പതു​ക്കെ കൈ​യ​മര്‍ത്തി​യ​തു​കൊ​ണ്ടു തൃ​പ്തി​പെ​ട്ടു.

മൊ​സ്യു ഗില്‍നോര്‍മാന്‍ ആ മു​റി​യില്‍ ബാ​ക്കി​യു​ള്ള ആളു​ക​ളെ നോ​ക്കി ഉച്ച​ത്തില്‍പ്പ​റ​ഞ്ഞു: “നി​ങ്ങ​ളൊ​ക്കെ ഉറ​ക്കെ സം​സാ​രി​ക്കു​വിന്‍. രം​ഗ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ​ല്ലാം ഒരൊ​ച്ചു​യു​ണ്ടാ​ക്കു​വിന്‍. വരു, എട ഗ്ര​ഹ​പ്പിഴ) കു​റ​ച്ചു ലഹള കൂ​ട്ടു​വിന്‍! കു​ട്ടി​കള്‍ അവിടെ സ്വൈ​ര​മാ​യി സല്ല​പി​ച്ചു​കൊ​ള്ള​ട്ടെ.”

എന്നി​ട്ട് മരി​യു​സ്സി​ന്റേ​യും കൊ​സെ​ത്തി​ന്റേ​യും അടു​ത്തു ചെ​ന്ന് അദ്ദേ​ഹം താ​ഴ്‌​ന്ന സ്വ​ര​ത്തില്‍ അവ​രോ​ട് പറ​ഞ്ഞു “അന്യോ​ന്യം നീ എന്നു വി​ളി​ക്കിന്‍. ആചാ​ര​മൊ​ന്നും നോ​ക്കേ​ണ്ടാ.”

ഗില്‍നോര്‍മാന്‍ വലി​യ​മ്മ തന്റെ പ്രാ​യം​ചെ​ന്ന കു​ടും​ബ​ത്തി​ലേ​ക്കു പെ​ട്ടെ​ന്ന് കട​ന്നു​വ​ന്ന ഈ കാ​ന്തി​ധോ​ര​ണി​യെ അമ്പ​ര​പ്പോ​ടു​കൂ​ടി നോ​ക്കി​നി​ന്നു. ആ അമ്പ​ര​പ്പില്‍ കല​ശ​ലി​ന്റെ യാ​തൊ​ന്നു​മി​ല്ല; രണ്ടു കാ​ട്ടു​പ്രാ​വു​ക​ളു​ടെ നേരെ നോ​ക്കു​ന്ന ഒരു കൂ​മ​ന്റെ അധി​ക്ഷേ​പ​ത്തോ​ടും അസൂ​യ​യോ​ടും കൂടിയ നോ​ട്ട​ത്തി​ന്റെ യാ​തൊ​ന്നും അതി​ലി​ല്ലാ​യി​രു​ന്നു; അത് എഴു​പ​ത്ത​ഞ്ചു വയ​സ്സു ചെന്ന ഒരു നിര്‍ദ്ദോ​ഷി​യായ സാ​ധു​വി​ന്റെ ഒന്നി​നും കൊ​ള്ള​രു​താ​ത്ത നോ​ട്ട​മാ​യി​രു​ന്നു; ഒര​പ​ജ​യ​മാ​യി​ക്ക​ഴി​ഞ്ഞ ഒരു ജീ​വി​തം ആ വി​ജ​യ​ത്തെ, അനു​രാ​ഗ​ത്തെ, നോ​ക്കി​ക്കാ​ണ​ലാ​യി​രു​ന്നു അത്.

‘ഹേ മദാം​വ്വ​സേ​ല്ല് ഗില്‍നോര്‍മാന്‍ജ്യേ​ഷ്ഠ​ത്തി’ അവ​ളു​ടെ അച്ഛന്‍ അവ​ളോ​ടു പറ​ഞ്ഞു, ’ഞാന്‍ പറ​ഞ്ഞി​ട്ടി​ല്ലേ, ഇതാണ് നി​ന​ക്കൊ​ടു​വില്‍ വന്നു​കൂ​ടുക എന്ന്.

അദ്ദേ​ഹം ഒരു നി​മി​ഷ​നേ​രം ഒന്നും മി​ണ്ടാ​തെ നി​ന്നു. എന്നി​ട്ട്: ‘മറ്റു​ള്ള​വ​രു​ടെ സുഖം നോ​ക്കി​ക്ക​ണ്ടോ​ളൂ.’

എന്നി​ട്ട് അദ്ദേ​ഹം കൊ​സെ​ത്തി​നെ നോ​ക്കി​ക്ക​ണ്ടു.

‘അവ​ളു​െ​ന്തു സു​ന്ദ​രി അവ​ളെ​ന്തു സു​ന്ദ​രി! അവള്‍ ഒരു ത്രൈ​ലോ​ക്യ​സു​ന്ദ​രി​യാ​ണ്. അപ്പോള്‍, എട തെ​മ്മാ​ടി നി​യ്യ​വ​ളെ മു​ഴു​വ​നും കൈ​യില്‍ വെ​യ്ക്കാന്‍ തന്നെ​യാ​ണ​ല്ലോ ഭാവം! അ എന്റെ കള്ള, നി​യ്യെ​ന്നെ നല്ല തോല്‍പി​ക്കല്‍ തോല്‍പി​ച്ചു; നീ സു​ഖി​ക്കു​ന്നു, എനി​ക്കൊ​രു പതി​ന​ഞ്ചു വയ​സ്സു കു​റ​വാ​ണെ​ങ്കില്‍, അവളെ ആരാ​ണെ​ടു​ക്കുക എന്നു നമു​ക്ക് വാ​ളു​കൊ​ണ്ട് തീര്‍ച്ച​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. ആവ​ട്ടേ; ഹേ മദാം​വ്വ​സേ​ല്ല്, എനി​ക്കു നി​ങ്ങ​ളു​ടെ​മേല്‍ അനു​രാ​ഗ​മു​ണ്ട്. അത് വളരെ സാ​ധാ​ര​ണ​മാ​ണ്. നി​ന​ക്ക​തി​ന്ന​വ​കാ​ശ​മു​ണ്ട്. നീ ചെ​യ്ത​താ​ണ് ശരി, ഹാ! ഇതെ​ന്തു രസം​പി​ടി​ച്ച ഒരൊ​ന്നാ​ന്ത​രം കൊ​ച്ചു​വി​വാ​ഹ​മാ​യി​ത്തീ​രും. നമ്മു​ടെ പള്ളി സാ​ങ്ദെ​നി​യി​ലേ​താ​ണ്; പക്ഷേ, ഞാന്‍ നി​ങ്ങ​ളു​ടെ കല്യാ​ണം സാ​ങ്പോ​ളില്‍ വെ​ച്ചു കഴി​ക്കാന്‍ സമ്മ​തം വാ​ങ്ങും. ആ പള്ളി കു​റേ​ക്കൂ​ടി നന്ന്, അത് ജെ​സൂ​ട്ടു​കാ​രാ​ണ് ഉണ്ടാ​ക്കി​ച്ചി​ട്ടു​ള്ള​ത്. അതിനു കു​റേ​ക്കൂ​ടി തേ​വി​ടി​ശ്ശി​ത്ത​മു​ണ്ട്. അത് കുര്‍ദി​ബി​റ​ഗു​വി​ലെ ഉഴ​വു​കു​ഴ​ലി​നു നേരേ എതിര്‍വ​ശ​ത്താ​ണ്. ജെ​സൂ​ട്ടു​കാര്‍ ഉണ്ടാ​ക്കി​ച്ചി​ട്ടു​ള്ള പള്ളി​ക​ളില്‍വെ​ച്ചു നന്നാ​യി​ട്ടു​ള്ള​ത് നമൂ​റി​ലേ​താ​ണ്. അതിനു പേര്‍ സാ​ങ്ലൂ എന്നാ​ണ്. കല്യാ​ണം കഴി​ഞ്ഞി​ട്ട് നി​ങ്ങള്‍ അവി​ടെ​യൊ​ന്നു പോവണം. ആ യാ​ത്ര​കൊ​ണ്ട് നഷ്ടം​വ​രി​ല്ല. മദാം​വ്വ​സേല, ഞാന്‍ നി​ങ്ങ​ളു​ടെ അഭി​പ്രാ​യ​ക്കാ​ര​നാ​ണ്; പെണ്‍കി​ടാ​ങ്ങള്‍ കല്യാ​ണം കഴി​ക്ക​ണം; അവര്‍ അതി​ന്നു​ണ്ടാ​യി​ട്ടു​ള്ള​വ​രാ​ണ്. ഒരു സാ​ങ്ത്ക​തെ​റീ​നു​ണ്ട്; എനി​ക്ക​വ​ളു​ടെ തൊ​പ്പി​യ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. [1] അവി​വാ​ഹി​ത​യാ​യി​രി​ക്കു​ന്ന​തു നല്ല​താ​ണ്; പക്ഷേ, രസ​മി​ല്ല. വേ​ദ​പു​സ്ത​കം പറ​യു​ന്നു; എണ്ണം വര്‍ദ്ധി​പ്പി​ക്കുക. ആളു​ക​ളെ രക്ഷ​പ്പെ​ടു​ത്തു​വാന്‍ ഴാ​ന്ന്ദാ​യ്ക്കു ആവ​ശ്യ​മാ​ണ്; പക്ഷേ, ആളു​ക​ളെ ഉണ്ടാ​ക്കി​ത്തീര്‍ക്കാന്‍ വി​ഡ്ഢി​പ്പെ​ണ്ണു​ങ്ങള്‍ വേണം. അതു​കൊ​ണ്ട് എന്റെ സു​ന്ദ​രി​മാ​രേ, കല്യാ​ണം കഴി​ക്കു​വിന്‍, അവി​വാ​ഹി​ത​യാ​യി കഴി​യു​ന്ന​തു​കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം വാ​സ്ത​വ​ത്തില്‍ ഞാന്‍ കാ​ണു​ന്നി​ല്ല; അവര്‍ക്ക് പള്ളി​യില്‍ വേറെ ഈശ്വ​ര​വ​ന്ദ​ന​സ്ഥ​ല​മു​ണ്ട്, അവര്‍ ദി​വ്യ​ക​ന്യ​കാ​സം​ഘ​ത്തില്‍ ഒടു​ക്കം ചെ​ന്നു​കൂ​ടു​ന്നു; പക്ഷേ, ഹാ! ഒരു സു​ന്ദ​ര​നായ ഭര്‍ത്താ​വ്, ഒര) രസി​കന്‍; അങ്ങ​നെ ഒരു കൊ​ല​ത്തി​നു​ള്ളില്‍, മുല വലി​ച്ചു​കു​ടി​ക്കു​ക​യും, നല്ല ഉരു​ണ്ടു മാം​സ​മു​ഴു​പ്പു​ള്ള തു​ട​ക​ളോ​ടു​കൂ​ടി, നി​ങ്ങ​ളു​ടെ മൂല തന്റെ ചെറിയ പനി​നീര്‍പ്പൂ​പി​ഞ്ചു​കൈ​കള്‍കൊ​ണ്ടു പി​ടി​ച്ചു തി​രു​മ്മു​ക​യും, അപ്പോ​ഴൊ​ക്കെ പു​ലര്‍കാ​ലം​പോ​ലെ ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒരു തടി​ച്ച മി​ടു​ക്കന്‍കു​ട്ടി​യും—ഇതാണ് സന്ധ്യാ​സ​മ​യ​ത്ത് ഒരു മെ​ഴു​തി​രി​യും കത്തി​ച്ചു​പി​ടി​ച്ചി ‘ആന​ക്കൊ​മ്പു ഗോ​പു​രം’ [2] എന്ന സ്തു​തി പാടി കഴി​ഞ്ഞു​കൂ​ടു​ന്ന​തി​നേ​ക്കാള്‍ വളരെ ഭേദം!

മു​ത്ത​ച്ഛന്‍ തന്റെ എണ്‍പ​തു വയ​സ്സു കഴി​ഞ്ഞ കാല്‍മ​ട​മ്പു​ക​ളെ​ക്കൊ​ണ്ട് ഒരു തി​രി​ഞ്ഞു​ക​ളി കളി​ച്ചു; ഒരി​ക്കല്‍ക്കൂ​ടി അയ​ഞ്ഞു​പോയ ഒരു കമ്പി​യെ​പ്പോ​ലെ പി​ന്നേ​യും സം​സാ​രി​ക്കാന്‍ തു​ട​ങ്ങി:

“നി​ന്മ​നോ​രാ​ജ്യ​ത്തി​ലി​ങ്ങി​നെ മൂളിക്കൊ-​

ണ്ടല്‍സി​പ്പു​സ്, നീ​യു​ടന്‍ വേ​ട്ടു​കൊ​ള്ളും.

“കൂ​ട്ട​ത്തില്‍ച്ചോ​ദി​ക്ക​ട്ടെ!’

“അച്ഛാ, എന്താ​ണ്?”

“നി​ന​ക്കൊ​രു പ്രി​യ​സു​ഹൃ​ത്തു​ണ്ടാ​യി​രു​ന്നി​ല്ലേ?”

“ഉവ്വ്, കുര്‍ഫെ​രാ​ക്.”

“അയാള്‍ എവി​ടെ​പ്പോ​യി?”

മരി​ച്ചു.”

“അതു നന്നാ​യി.”

അദ്ദേ​ഹം അവ​രു​ടെ അടു​ക്ക​ലി​രു​ന്നു, കൊ​സെ​ത്തി​നേ​യും ഇരു​ത്തി, എന്നി​ട്ട് ആ നാലു കൈ​ക​ളേ​യും തന്റെ പ്രാ​യം​കൂ​ടി​യ​തും ചു​ക്കി​ച്ചു​ളി​ഞ്ഞ​തു​മായ രണ്ടു കൈ​കൊ​ണ്ടും കൂ​ട്ടി​പ്പി​ടി​ച്ചു പറ​ഞ്ഞു: “ഇവള്‍ സു​ന്ദ​രി​ത​ന്നെ​യാ​ണ്, ഈ ഓമന. ഇതൊരു വി​ശി​ഷ്ട​കൃ​തി​യാ​ണ്, ഈ കൊ​സെ​ത്ത്! ഇവള്‍ ഒരു ചെ​റു​പെണ്‍കി​ടാ​വാ​ണ്, ഒരു മാ​ന്യ​പ്രൗ​ഢ​യും, അവള്‍ ഒരു ബാ​റ​ണ്ണ​സ് മാ​ത്ര​മേ ആവു; അത​വള്‍ക്കു താ​ഴ്ച​യാ​ണ്; അവ​ളൊ​രു മാര്‍ക്കി​സ്സാ​വേ​ണ്ട​താ​ണ്. എന്തു കണ്‍പോ​ള​ക​ളാ​ണ് അവ​ളു​ടെ. എന്റെ കു​ട്ടി​ക​ളേ, നി​ങ്ങള്‍ നേര്‍വ​ഴി​ക്കാ​ണെ​ന്ന് നി​ങ്ങ​ളു​ടെ തല​യില്‍ ഉറ​പ്പി​ച്ചു നിര്‍ത്തി​ക്കൊ​ള്ളൂ. അന്യോ​ന്യം സ്നേ​ഹി​ക്കുക. അതില്‍ എന്ത് വങ്ക​ത്ത​വും കാ​ണി​ക്കാം. അനു​രാ​ഗം മനു​ഷ്യ​രു​ടെ വങ്ക​ത്ത​വും ഈശ്വ​ര​ന്റെ സാ​മര്‍ത്ഥ്യ​വു​മാ​ണ്. അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ആരാ​ധി​ക്കുക. ഒന്നു​മാ​ത്രം.“പെ​ട്ടെ​ന്നു മു​ഖ​ഭാ​വം മാറി അദ്ദേ​ഹം തു​ടര്‍ന്നു, ’എന്തു ഗ്ര​ഹ​പ്പിഴ! എനി​ക്കി​പ്പോ​ഴാ​ണ് അതോര്‍മ്മ​വ​ന്ന​ത്, എന്റെ സ്വ​ത്തില്‍ പകു​തി​യി​ല​ധി​ക​വും ഒരാ​ളു​ടെ വാ​യ​യി​ലാ​ണ്; ഞാ​നു​ള്ള കാ​ല​ത്തു ദോ​ഷ​മൊ​ന്നും വരാ​നി​ല്ല; ഞാന്‍ മമ​രി​ച്ചി​ട്ട ഒരി​രു​പ​തും കൊ​ല്ലം കഴി​ഞ്ഞാല്‍ ഹാ! എന്റെ കു​ട്ടി​ക​ളേ, നി​ങ്ങള്‍ക്ക് ഒരു കാ​ശു​ണ്ടാ​വി​ല്ല. ഹേ പ്ര​ഭ്വി, നി​ങ്ങ​ളു​ടെ ഈ വെ​ളു​ത്ത സു​ന്ദ​ര​ങ്ങ​ളായ കൈ​യു​കള്‍ക്ക് ഉല​യ്ക്കു പി​ടി​ക്കേ​ണ്ടി​വ​രും.”

ഈ സമ​യ​ത്ത ശാ​ന്ത​വും സഗൗ​ര​വ​വു​മായ ഒരു ശബ്ദം പറ​യു​ന്ന​ത് കേ​ട്ടു; ‘മദാം​വ്വ​സേ​ല്ല് യൂ​ഫ്ര​സി ഫൂ​ഷല്‍വാ​ങ്ങി​നു സ്വ​ന്ത​മാ​യി ആറു ലക്ഷം ഫ്രാ​ങ്ക്: മു​ത​ലു​ണ്ട്.’

അത് ഴാങ് വാല്‍ഴാ​ങ്ങാ​യി​രു​ന്നു.

അതേ​വ​രെ അയാള്‍ ഒര​ക്ഷ​ര​വും മി​ണ്ടി​യി​ട്ടി​ല്ല; അയാള്‍ അവി​ടെ​യു​ണ്ടെ​ന്നു തന്നെ ആരു അറി​ഞ്ഞി​ട്ടി​ല്ലെ​ന്നു തോ​ന്നും; അയാള്‍ നി​വര്‍ന്ന് അന​ങ്ങാ​തെ ആ സു​ഖി​ത​രായ ആളു​ക​ളു​ടെ​യെ​ല്ലാം പി​ന്നില്‍ നില്‍പു​ണ്ടാ​യി​രു​ന്നു.

ഇക്കാ​ര്യ​ത്തില്‍ മദാം​വ്വ​സേ​ല്ല് യു​ഫ്ര​സി​ക്കെ​ന്താ​ണ് സം​ബ​ന്ധം?”

സം​ഭ്ര​മി​ച്ചു​പോയ മു​ത്ത​ച്ഛന്‍ ചോ​ദി​ച്ചു.

‘അതു ഞാ​നാ​ണ്.’ കൊ​സെ​ത്ത് മറു​പ​ടി പറ​ഞ്ഞു.

“ആറു ലക്ഷം ഫ്രാ​ങ്കോ? മൊ​സ്യു ഗില്‍നോര്‍മാന്‍ പി​ന്നെ​യും തു​ട​ങ്ങി.

ഒരു​സ​മ​യം പതി​ന്നാ​ലാ​യി​ര​മോ പതി​ന​യ്യാ​യി​ര​മോ കു​റ​ഞ്ഞേ​ക്കാം.“ഴാങ് വാല്‍ഴാ​ങ് പറ​ഞ്ഞു.

ഗില്‍നോര്‍മാന്‍വ​ലി​യ​മ്മ ഒരു പു​സ്ത​ക​മെ​ന്നു തെ​റ്റി​ദ്ധ​രി​ക്കു​ക​യു​ണ്ടായ ആ കെ​ട്ട് അയാള്‍ മേ​ശ​പ്പു​റ​ത്ത് വെ​ച്ചു.

ഴാങ് വാല്‍ഴാ​ങ് തന്നെ കെ​ട്ട​ഴി​ച്ചു; അതൊരു നോ​ട്ടിന്‍കെ​ട്ടാ​യി​രു​ന്നു. അവ എണ്ണി​യെ​ണ്ണി മറി​ച്ചു. അതില്‍ ആയിരം,ഫ്രാ​ങ്കി​ന്റെ അഞ്ഞൂ​റു നോ​ട്ടു​ണ്ട്; അഞ്ഞു​റു ഫ്രാ​ങ്കി​ന്റെ ഒരു നൂ​റ്റ​റു​പ​ത്തെ​ട്ടും. ആകെ അഞ്ചു​ല​ക്ഷ​ത്തെൺ​പ​ത്തി​നാ​ലാ​യി​രം ഫ്രാ​ങ്ക്

“ഈ പു​സ്ത​കം ഒട്ടു​കൊ​ള്ളാം.’ മൊസ്യ ഗില്‍നോര്‍മാന്‍ പറ​ഞ്ഞു.

’അഞ്ചു​ല​ക്ഷ​ത്തെൺ​പ​ത്തി​നാ​ലാ​യി​രം ഫ്രാ​ങ്കോ?”ആ വലി​യ​മ്മ പി​റു​പി​റു​ത്തു.

’ഹേ മദാം​വ്വ​സേ​ല് ഗില്‍നോര്‍മാന്‍ വലി​യ​മ്മേ, ഇതു കാ​ര്യം നന്നാ​ക്കു​ന്നു​ണ്ട്. ഇല്ലേ?’ മു​ത്ത​ച്ഛന്‍ ചോ​ദി​ച്ചു. ‘ആ വി​കൃ​തി​ച്ചെ​ക്കന്‍ മരി​യു​സ് തന്റെ മനോ​രാ​ജ്യ​വൃ​ക്ഷ​ത്തി​നു മു​ക​ളില്‍ ഒരു കോ​ടി​ശ്വ​രി​പ്പെ​ണ്ണി​ന്റെ കൂ​ടാ​ണ് കണ്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്! ഇനി​യെ​ങ്കി​ലും ചെ​റു​പ്പ​ക്കാ​രു​ടെ അനു​രാ​ഗ​ക​ഥ​ക​ളില്‍ നീ വി​ശ്വ​സി​ക്കൂ: അത് ചെ​യ്യു​മോ? വി​ദ്യാര്‍ത്ഥി​കള്‍ ആറു ലക്ഷം ഫ്രാ​ങ്ക് മു​ത​ലു​ള്ള വി​ദ്യാര്‍ത്ഥി​നി​ക​ളെ കൈ​യി​ലാ​ക്കു​ന്നു. ഒരു ചര​മ​സു​ന്ദ​രി ഒരു കോ​ടീ​ശ്വ​ര​നെ​ക്കാ​ള​ധി​കം പണി​യെ​ടു​ക്കു​ന്നു.’

’അഞ്ചു​ല​ക്ഷ​ത്തെൺ​പ​ത്തി​നാ​ലാ​യി​രം ഫ്രാ​ങ്ക്’ മദാം​വ്വ​സേ​ല്ല! ഗില്‍നോര്‍മാന്‍ ഒരു താ​ഴ്‌​ന്ന സ്വ​ര​ത്തില്‍ ആവര്‍ത്തി​ച്ചു. ’അഞ്ചു​ല​ക്ഷ​ത്തെണ്‍പ​ത്തി​നാ​ലാ​യി​രം! ആറു​ല​ക്ഷം എന്നു​ത​ന്നെ പറയാം!’

മരി​യു​സ്സും കൊ​സെ​ത്തു​മാ​ണെ​ങ്കില്‍, അവര്‍ ഇതൊ​ക്കെ നട​ക്കു​മ്പോള്‍ അന്യോ​ന്യം നോ​ക്കി​ക്കാ​ണു​ക​യാ​യി​രു​ന്നു; അവര്‍ ഇക്കാ​ര്യ​ത്തില്‍ അത്ര ശ്ര​ദ്ധി​ച്ചി​ല്ല.

കു​റി​പ്പു​കൾ

[1] സാ​ങ്ത്ക​തെ​റിന്‍തൊ​പ്പി വെ​യ്ക്കുക എന്നു​വെ​ച്ചാല്‍ കല്യാ​ണം കഴി​ക്കാ​തി​രി​ക്കുക എന്നൊ​രു വാ​ക്കു​ള്ള​തി​നെ​യാ​ണ് ഇവിടെ സൂ​ചി​പ്പി​ക്കു​ന്ന​ത്.

[2] ക്രി​സ്തു​വി​ന്റെ അമ്മ​യെ​യാ​ണ് ഈ വാ​ക്യ​കൊ​ണ്ടു സൂ​ചി​പ്പി​ക്കു​ന്ന​ത്.

5.3.5
ഒരു ‘നോ​ട്ട​റി’യെ ഏല്പി​ക്കു​ന്ന​തി​നു പകരം നി​ങ്ങ​ളു​ടെ പണം ഒരു കാ​ട്ടില്‍ കൊ​ണ്ടു​പോ​യി സൂ​ക്ഷി​ച്ചു​വെ​യ്ക്കുക

ഒരു നീണ്ട വി​വ​ര​ണ​മൊ​ന്നും വേ​ണ്ടി​വ​രാ​തെ​ത​ന്നെ, ഴാങ് വാല്‍ഴാ​ങ്ങി​ന് ഷാ​ങ്മാ​ത്തി​യോ​കാ​ര്യം കഴി​ഞ്ഞ​തി​നു ശേഷം, കു​റ​ച്ചു ദി​വ​സ​ത്തെ ഒരു ചാ​ടി​പ്പോ​ക്കു കാരണം, പാ​രി​സ്സില്‍ച്ചെ​ല്ലാ​നും എം. പട്ട​ണ​ത്തില്‍വെ​ച്ചു മൊ​സ്യു​മ​ദ​ലി​യേ​നെ​ന്ന പേ​രില്‍ താന്‍ സമ്പാ​ദി​ച്ചി​ട്ടി​രു​ന്ന പണം ലത്തീ​ഫി​ന്റെ കൈ​യില്‍നി​ന്നു​ന​ല്ല, പാ​ക​ത്തില്‍ കൈ​യി​ലാ​ക്കാ​നും, വീ​ണ്ടും പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ഭയം​കൊ​ണ്ട് അത് പി​ന്നീ​ടു​ണ്ടാ​യി—ആ സംഖ്യ മൊ​ങ്ഫേര്‍മി​യേ​യി​ലെ കാ​ട്ടില്‍ കു​ഴി​ച്ചി​ടാ​നും സാ​ധി​ച്ചു. എല്ലാം നോ​ട്ടാ​യി​രു​ന്നു. ആറു​ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം ഫ്രാ​ങ്ക് ഒന്നി​ച്ചു കൂ​ടി​യാല്‍ അധി​ക​മു​ണ്ടാ​വാ​നി​ല്ല; അയാള്‍ അതൊരു പെ​ട്ടി​യി​ലാ​ക്കി; പെ​ട്ടി തു​രു​മ്പു​പി​ടി​ച്ചു ദ്ര​വി​ക്കാ​തി​രി​ക്കാന്‍ അത് ചെ​സ്ന​ട്ട് കാ​യ​യു​ടെ തോ​ടു​ക​ളി​ട്ടു നി​റ​ച്ച ഒരു പെ​ട്ടി​ക്കു​ള്ളില്‍ സു​ക്ഷി​ച്ചു. ആ പെ​ട്ടി​ക്കു​ള്ളില്‍ അയാള്‍ മറ്റു വി​ല​പ്പെ​ട്ട സാ​മാ​ന​ങ്ങ​ളും—മ്രാ​ന്റെ മെ​ഴു​തി​രി​ക്കാ​ലു​ക​ളും—ഇട്ടു​വെ​ച്ചു. എം. പട്ട​ണ​ത്തിൽ​നി​ന്നു പോയ കാ​ല​ത്ത് അയാള്‍ ആ മെ​ഴു​തി​രി​ക്കാ​ലു​കള്‍ കൈ​യില്‍ വെ​യ്ക്കു​ക​യു​ണ്ടാ​യെ​ന്നു വാ​യ​ന​ക്കാര്‍ ഓര്‍മ്മി​ക്കു​മ​ല്ലോ. ഒരു ദിവസം വൈ​കു​ന്നേ​രം ബു​ലാ​ത്രു​യെല്‍ ഒന്നാ​മ​താ​യി കണ്ടെ​ത്തു​ക​യു​ണ്ടായ ആ മനു​ഷ്യന്‍ ഴാങ് വാൽ​ഴാ​ങ്. പി​ന്നീ​ടു പണം ആവ​ശ്യ​മാ​യി വരു​മ്പോ​ഴെ​ല്ലാം അയാള്‍ അങ്ങോ​ട്ടു പോവും. ഞങ്ങള്‍ മുന്‍പു പറ​ഞ്ഞി​ട്ടു​ള്ള​വി​ധം അയാൾ ചി​ല​പ്പോള്‍ വീ​ട്ടി​ലു​ണ്ടാ​കാ​തി​രി​ക്കാ​റു​ള്ള​ത് അപ്പോ​ഴാ​ണ്. തനി​ക്കു മാ​ത്ര​മ​റി​യാ​മാ​യി​രു​ന്ന ഒരു കു​റ്റി​ക്കാ​ട്ടില്‍ അയാള്‍ ഒരു പി​ക്കാ​സ് ഒളി​ച്ചു​വെ​ച്ചു. മരി​യു​സ്സി​ന്റെ ദീനം ശമി​ച്ചു​തു​ട​ങ്ങി​യ​പ്പോള്‍, ആ പണം കൊ​ണ്ട് ആവ​ശ്യ​മു​ണ്ടാ​വു​മെ​ന്നു കണ്ട്, അയാള്‍ അതെ​ടു​ത്തു​കൊ​ണ്ടു​വ​രാന്‍ പോയി. പി​ന്നേ​യും അയാ​ളെ​ത്ത​ന്നെ​യാ​ണ് ബു​ലാ​ത്രു​യെല്‍ കാ​ട്ടില്‍വെ​ച്ചു കാ​ണു​ക​യു​ണ്ടാ​യ​ത്; പക്ഷേ, ഇത്ത​വണ വൈ​കു​ന്നേ​ര​മ​ല്ലാ​യി​രു​ന്നു, രാ​വി​ലെ​യാ​ണ്. ബു​ലാ​ത്രു​യെ​ലി​നു ആ പി​ക്കാ​സ് കി​ട്ടി.

ശരി​ക്കു​ള്ള സംഖ്യ അഞ്ചു​ല​ക്ഷ​ത്തെ​ണ്പ​ത്തി​നാ​ലാ​യി​ര​ത്ത​ഞ്ഞു​റാ​യി​രു​ന്നു. അതില്‍നി​ന്നു അഞ്ഞൂ​റ് അയാള്‍ തനി​ക്കാ​യി എടു​ത്തു​വെ​ച്ചു– ‘നമു​ക്കി​നി കാണാം,’ അയാള്‍ വി​ചാ​രി​ച്ചു.

ആ സം​ഖ്യ​യും ലഫീ​ത്തി​ന്റെ കൈ​യില്‍നി​ന്നു മേ​ടി​ച്ച ആറു ലക്ഷ​ത്തി മു​പ്പ​തി​നാ​യി​ര​വും തമ്മി​ലു​ള്ള അന്ത​രം 1823 മു​തല്‍ 1833 വരെ പത്തു കൊ​ല്ല​ത്തേ​ക്ക് അയാള്‍ക്കു വേ​ണ്ടി​വ​ന്ന ഉപ​ജീ​വ​ന​ച്ചെ​ല​വാ​ണ്. കന്യ​കാ​മ​ഠ​ത്തി​ലെ അഞ്ചു​കൊ​ല്ല​ത്തെ​ത്താ​മ​സ​ത്തി​നു അയാ​ളു​ടെ കൈ​യില്‍നി​ന്ന് അയ്യാ​യി​രം ഫ്രാ​ങ്കേ വേ​ണ്ടി​വ​ന്നു​ള്ളൂ.

ഴാങ് വാല്‍ഴാ​ങ് തന്റെ രണ്ടു മെ​ഴു​തി​രി​ക്കാ​ലു​ക​ളും അടു​പ്പിന്‍തി​ണ്ണ​മേൽ വെ​ച്ചു; തു​സ്സാ​ങ്ങി​ന്റെ അഭി​ന​ന്ദ​നം അനു​ഭ​വി​ച്ചു​കൊ​ണ്ട് അത​വി​ടെ​നി​ന്നു കു​ത്തി.

പി​ന്നെ, ഴാ​വേ​റെ​ക്കൊ​ണ്ടു​ള്ള ശല്യ​ത്തില്‍നി​ന്നു താന്‍ മു​ക്ത​നാ​യി​യെ​ന്നും ഴാങ് വാല്‍ഴാ​ണ് മന​സ്സി​ലാ​ക്കി. ആ കഥ അയാള്‍ കേള്‍ക്കു​ക​യു​ണ്ടാ​യി; പി​ന്നീ​ട് ഴാ​വേര്‍ എന്നു പേരായ ഒരു പൊ​ല്ലീ​സ്സിന്‍സ്പെ​ക്ടര്‍ പോ​ങ്ഒ​ഷാ​ങ്ങി​നും പോ​ങ്നെ​യ്ക്കും മധ്യ​ത്തില്‍വെ​ച്ചു ചില അല​ക്കു​കാ​രി​ക​ളു​ടെ വക ഒരു വഞ്ചി​യു​ണ്ടാ​യി​രു​ന്ന​തി​ന്ന​ടി​യില്‍ മു​ങ്ങി​ച്ച​ത്തു എന്നും, മറ്റൊ​രു​വി​ധ​ത്തി​ലും മേ​ല​ധി​കാ​രി​കള്‍ക്കു യാ​തൊ​രു ദോ​ഷ​വും കണ്ടെ​ത്താന്‍ കഴി​യാ​തി​രു​ന്ന​വ​നും വളരെ ബഹു​മാ​ന്യ​നു​മാ​യി അദ്ദേ​ഹ​ത്തി​നു ഒടു​വില്‍ എന്തോ ചി​ത്ത​ഭ്ര​മം വന്നു​പെ​ട്ട് ആത്മ​ഹ​ത്യ ചെ​യ്യാന്‍ തോ​ന്നി എന്നും മൊ​നി​ത്യേ പത്ര​ത്തില്‍ വാ​യി​ച്ച​പ്പോള്‍ സം​ശ​യ​വും തീര്‍ന്നു ‘വാ​സ്ത​വ​ത്തില്‍’ഴാങ് വാല്‍ഴാ​ങ് വി​ചാ​രി​ച്ചു. ‘എന്നെ ഒരി​ക്കല്‍ പി​ടി​കി​ട്ടി​യി​ട്ടു വി​ട്ട​യ​ച്ച​പ്പോള്‍ അയാള്‍ക്കു നി​ശ്ച​യ​മാ​യും ചി​ത്ത​ഭ്ര​മം​ത​ന്നെ ബാ​ധി​ച്ചി​ട്ടു​ണ്ടാ​വ​ണം.’

5.3.6
കൊ​സെ​ത്തി​നു സു​ഖ​മാ​വാന്‍വേ​ണ്ടി രണ്ടു കി​ഴ​വ​ന്മാ​രും അതാതു മട്ട​നു​സ​രി​ച്ച് എല്ലാം ചെ​യ്യു​ന്നു

വി​വാ​ഹ​ത്തി​നു വേ​ണ്ട​തെ​ല്ലാം ഒരു​ങ്ങി. വൈ​ദ്യ​നോ​ടാ​ലോ​ചി​ച്ച​തില്‍ ഫി​ബ്ര​വ​രി​മാ​സ​ത്തി​ലാ​വാ​മെ​ന്നു സമ്മ​തം കി​ട്ടി. അതു ഡി​സേം​ബ​റാ​യി​രു​ന്നു. തി​ക​ഞ്ഞ പര​മാ​ന​ന്ദം​കൊ​ണ്ടു കമ്പം​പി​ടി​ച്ച ചില ആഴ്ച​കള്‍ കഴി​ഞ്ഞു.

മു​ത്ത​ച്ഛ​ന്ന് അവ​രില്‍നി​ന്ന് ഒട്ടും കു​റ​ച്ച​ല്ല ആന​ന്ദ​മു​ള്ളൂ. അദ്ദേ​ഹം ഒരു കാല്‍ മണി​ക്കൂ​റു​നേ​രം ഒന്നാ​യി കൊ​സെ​ത്തി​നെ സൂ​ക്ഷി​ച്ചു നോ​ക്കി​ക്കൊ​ണ്ടി​രി​ക്കും.

എന്തെ​ണ്ണം​പ​റ​ഞ്ഞ സു​ന്ദ​രി!’ അദ്ദേ​ഹം ഉച്ച​ത്തില്‍ പറ​ഞ്ഞു, ’അവ​ളു​ടെ ആക​പ്പാ​ടെ​യു​ള്ള മട്ടും നന്ന്, നല്ല രസ​മു​ണ്ട്! ഞാ​നെ​ന്റെ ജീ​വി​ത​കാ​ല​ത്തി​നു​ള്ളില്‍ കണ്ടി​ട്ടു​ള്ള പെണ്‍കി​ടാ​ങ്ങ​ളില്‍വെ​ച്ച് ഇവള്‍ത​ന്നെ​യാ​ണ് മീതെ, വാ​ദ​മി​ല്ല. ഇനി നല്ല മു​ല്ല​പ്പു​വി​ന്റെ വാ​സ​ന​യോ​ടു​കു​ടിയ സൗ​ശീ​ല്യ​ങ്ങള്‍ വഴിയേ വരും. എന്തു ചന്തം! ഇങ്ങ​നെ​യൊ​രു പെ​ണ്ണ​ടു​ത്തു​ണ്ടാ​യി​രി​ക്കു​മ്പോള്‍ ആര്‍ക്കും മര്യാ​ദ​ക്കാ​ര​നാ​വാ​തെ വയ്യാ. മരി​യു​സ്, എന്റെ കു​ട്ടി, നി​യൊ​രു പ്ര​ഭു​വാ​ണ്, നീ ധന​വാ​നാ​ണ് ഞാന്‍ പറ​യു​ന്നു, വക്കീല്‍പ്പ​ണി​ക്കു പോ​വ​രു​തേ!”

മരി​യു​സ്സും കൊ​സെ​ത്തും ശവ​മ​ഞ്ച​ത്തില്‍നി​ന്നു നേരേ സ്വര്‍ഗ്ഗ​ത്തി​ലേ​ക്കു കട​ന്നു. ആ അവ​സ്ഥാ​ന്ത​രം വന്ന​തു പതു​ക്കെ​യാ​യി​ട്ട​ല്ല; അവര്‍ക്കു കണ്ണ​ഞ്ചി​യി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കില്‍, തല ചു​റ്റി​പ്പോ​യേ​നേ.

’നി​ങ്ങള്‍ക്ക​തി​നെ​പ്പ​റ്റി വല്ല​തും അറി​യാ​മോ?’മരി​യു​സ് കൊ​സെ​ത്തോ​ടു ചോ​ദി​ച്ചു.

ഇല്ല.‘കൊ​സെ​ത്ത് മറു​പ​ടി പറ​ഞ്ഞു. നല്ല​വ​നായ ഈശ്വ​രന്‍ നമ്മെ കാ​ക്കു​ന്നു​ണ്ടെ​ന്നു​മാ​ത്ര​മ​റി​യാം.’

ഴാങ് വാല്‍ഴാ​ങ് എല്ലാം നോ​ക്കി​യി​രു​ന്നു, എല്ലാ ബു​ദ്ധി​മു​ട്ടു​ക​ളും ശരി​പ്പെ​ടു​ത്തി​യി​രു​ന്നു, എല്ലാ​റ്റി​ലും മന​സ്സു​വെ​ച്ചി​രു​ന്നു, എല്ലാം സു​ഖ​മാ​ക്കി​യി​രു​ന്നു. കൊ​സെ​ത്തി​നെ​പ്പോ​ലെ​ത്ത​ന്നെ അയാ​ളും അത്ര​മേല്‍ ശ്ര​ദ്ധ​യോ​ടും അത്ര​മേല്‍ സന്തോ​ഷ​ത്തോ​ടും​കൂ​ടി കൊ​സെ​ത്തി​ന്റെ സു​ഖ​ത്തി​നു യത്നി​ച്ചു.

അയാള്‍ ഒരു മേ​യര്‍കൂ​ടി​യാ​യി​രു​ന്നു​കൊ​ണ്ടു, കൊ​സെ​ത്തി​ന്റെ സാ​മു​ദാ​യി​ക​സ്ഥി​തി, അയാള്‍ക്കു​മാ​ത്ര​മ​റി​വു​ണ്ടാ​യി​രു​ന്ന ആ ഗ്ര​ഹ​പ്പിഴ പി​ടി​ച്ച കാ​ര്യം, എങ്ങ​നെ​യാ​ണ് വേ​ണ്ട​പോ​ലെ​യാ​ക്കേ​ണ്ട​തെ​ന്നു് അയാള്‍ക്ക​റി​യാ​മാ​യി​രു​ന്നു. അവ​ളു​ടെ ഉത്ഭ​വം ഇന്ന​വി​ധ​ത്തി​ലാ​ണെ​ന്നു കണ്ണു ചി​മ്മി​പ്പ​റ​ഞ്ഞാല്‍, ഒരു സമയം കല്യാ​ണം നട​ന്നി​ല്ലെ​ന്നു വരും, ആര്‍ക്ക​റി​യാം? അയാള്‍ കൊ​സെ​ത്തി​നെ എല്ലാ അപ​ക​ട​ങ്ങ​ളില്‍നി​ന്നും വേര്‍പെ​ടു​ത്തി. നശി​ച്ചു​പോയ ഒരു കു​ടും​ബ​ത്തെ അയാള്‍ ഉണ്ടാ​ക്കി; പി​ന്നെ തട​സ്സ​മൊ​ന്നും ഉണ്ടാ​വാന്‍ വയ്യാ, തീര്‍ച്ച​യാ​ണ​ല്ലോ.

കു​റ്റി​യ​റ്റു​പോയ ഒരു കു​ടും​ബ​ത്തി​ലെ ഏക​സ​ന്ത​തി​യാ​ണ് കൊ​സെ​ത്ത്; കൊ​സെ​ത്ത് അയാ​ളു​ടെ മക​ള​ല്ല. പക്ഷേ, മറ്റേ ഫൂ​ഷല്‍വാ​ങ്ങി​ന്റെ മക​ളാ​ണ്. പെ​ത്തി​പി​ക്പ്യു​വി​ലെ കന്യ​കാ​മ​ഠ​ത്തില്‍ തോ​ട്ട​ക്കാ​രാ​യി​രു​ന്നു രണ്ടു ഫു​ഷല്‍വാ​ങ് സഹോ​ദ​ര​ന്മാ​രും. ആ കന്യ​കാ​മ​ഠ​ത്തില്‍ അന്വേ​ഷ​ണം നട​ത്തി; ഒന്നാ​ന്ത​രം അഭി​പ്രാ​യ​ങ്ങ​ളും വളരെ ബഹു​മ​തി​പ​ത്ര​ങ്ങ​ളും കു​ന്നു​കൂ​ടി; പി​തൃ​ത്വ​ത്തെ​പ്പ​റ്റി അന്വേ​ഷ​ണം നട​ത്താന്‍ താ​ത്പ​ര്യ​വും ശ്ര​ദ്ധ​യു​മു​ള്ള​വ​ര​ല്ലാ​ത്ത അവി​ടു​ത്തെ കൊ​ള്ളാ​വു​ന്ന കന്യ​കാ​മ​ഠ​സ്ത്രീ​കള്‍ ഏതു ഫു​ഷല്‍വാ​ങ്ങി​ന്നാ​ണ് കൊ​സെ​ത്ത് മക​ളാ​യി​രു​ന്ന​തെ​ന്ന് ഒരി​ക്ക​ലും ശരി​യാ​യി മന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല. അതൊ​രാ​വ​ശ്യ​മു​ള്ള സം​ഗ​തി​യാ​യി കരു​തി​യി​ട്ടു​മി​ല്ല. ആവ​ശ്യ​മു​ണ്ടാ​യി​രു​ന്ന​ത് അവര്‍ പറ​ഞ്ഞു​കൊ​ടു​ത്തു; അതു വളരെ ഹൃ​ദ​യ​പൂര്‍വ്വ​മാ​യും, അറി​വു​ള്ള വിവരം എഴു​തി​യു​ണ്ടാ​ക്കി. കൊ​സെ​ത്ത് രാ​ജ്യ​നി​യ​മ​ത്തി​ന്റെ ദൃ​ഷ്ടി​യില്‍, മദാം​വ്വ​സേ​ല്! യൂ​ഫ്ര​സി ഫൂ​ഷല്‍ വാ​ങ്ങാ​യി. അച്ഛ​നും അമ്മ​യും മരി​ച്ചു​പോ​യി​രു​ന്ന​തു​കൊ​ണ്ട് അവളെ ഒര​നാ​ഥ​യാ​ക്കി​ച്ചേര്‍ത്തു. ഫു​ഷല്‍വാ​ങ് എന്ന പേ​രില്‍ത്ത​ന്നെ കൊ​സെ​ത്തി​ന്റെ രക്ഷി​താ​വാ​യും മൊ​സ്യു ഗില്‍നോര്‍മാ​നെ തന്റേ​യും രക്ഷി​താ​വാ​യും നി​ശ്ച​യി​ച്ചു. ഴാങ് വാല്‍ഴാ​ങ് കാ​ര്യം ഭം​ഗി​യാ​ക്കി.

അഞ്ചു​ല​ക്ഷ​ത്തെണ്‍പ​തി​നാ​യി​രം ഫ്രാ​ങ്കി​നെ​പ്പ​റ്റി​യാ​ണെ​ങ്കില്‍, അജ്ഞാ​ത​നാ​യി​ത്ത​ന്നെ​യി​രി​ക്കാന്‍ ഇഷ്ട​പ്പെ​ടു​ന്ന ഒരു പരേ​തന്‍ കൊ​സെ​ത്തി​നു കൊ​ടു​ത്ത സ്വ​ത്താ​യി അത​വര്‍ ശരി​പ്പെ​ടു​ത്തി. ആദ്യ​ത്തെ ആ സംഖ്യ അഞ്ചു​ല​ക്ഷ​ത്തി​ത്തൊ​ണ്ണൂ​റ്റി​നാ​ലാ​യി​രം ഫ്രാ​ങ്കാ​യി​രു​ന്നു; പക്ഷേ, പതി​നാ​യി​രം ഫ്രാ​ങ്ക് മദാം​വ്വ​സേ​ല്ല് യൂ​ഫ്ര​സി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു ചെ​ല​വാ​യി; അയ്യാ​യി​രം ഫ്രാ​ങ്ക് കന്യ​കാ​മാ​ഠ​ത്തി​ലേ​ക്കു​ത​ന്നെ​യാ​ണ് കൊ​ടു​ത്തി​ട്ടു​ള്ള​ത്. മൂ​ന്നാ​മ​തൊ​രാ​ളു​ടെ പക്കല്‍ ഏല്‍പി​ച്ചി​രു​ന്ന​തായ ഈ സ്വ​ത്ത് കൊ​സെ​ത്തി​നു പ്രാ​യം തി​ക​ഞ്ഞാല്‍, അല്ലെ​ങ്കില്‍ കൊ​സെ​ത്തി​ന്റെ കല്യാ​ണ​സ​മ​യ​ത്ത്, അവള്‍ക്കു കി​ട്ടു​ന്ന​താ​യി​രി​ക്കും. ആക​പ്പാ​ടെ ഇതു വളരെ വി​ശ്വാ​സ്യ​മാ​യി​രു​ന്നു; വി​ശേ​ഷി​ച്ചും, സംഖ്യ അഞ്ചു​ല​ക്ഷ​ത്തി​നു​മേ​ലേ കട​ക്കു​ന്ന കാ​ര്യ​മാ​യ​തു​കൊ​ണ്ട്. അവി​ട​വി​ടെ ചില അസാ​ധാ​ര​ണ​ത​ക​ളു​ണ്ടാ​യി​രു​ന്നു; പക്ഷേ, അവ​യാ​രും ശ്ര​ദ്ധി​ച്ചി​ല്ല; ഒരാ​ളു​ടെ കണ്ണ് അനു​രാ​ഗം​കൊ​ണ്ട് അന്ധ​മാ​യി, മറ്റു​ള്ള​വ​രു​ടേ​ത് ആറു​ല​ക്ഷം ഫ്രാ​ങ്ക് കൊ​ണ്ടും.

അതേ​വ​രെ അച്ഛ​നെ​ന്ന് വി​ളി​ച്ചു​വ​ന്നി​രു​ന്ന ആ വയ​സ്സ​ന്റെ മക​ള​ല്ല താ​നെ​ന്നു കൊ​സെ​ത്ത് ധരി​ച്ചു. അദ്ദേ​ഹം ഒരു ചാര്‍ച്ച​ക്കാ​രന്‍ മാ​ത്രം; മറ്റൊ​രു ഫൂ​ഷല്‍ വാ​ങ്ങാ​ണ് അവ​ളു​ടെ അച്ഛന്‍, ഇത് മറ്റൊ​രു സമ​യ​ത്താ​യി​രു​ന്നു എങ്കില്‍ അവ​ളു​ടെ ഹൃദയം തകര്‍ന്നേ​നേ. പക്ഷേ, അവ​ള​പ്പോള്‍ അനു​ഭ​വി​ച്ചി​രു​ന്ന ആ അനിര്‍വ​ച​നീ​യ​ഘ​ട്ട​ത്തില്‍, അതൊരു നേരിയ നി​ഴല്‍മാ​ത്ര​മേ ഉണ്ടാ​ക്കി​യു​ള്ളൂ. ഒരു മങ്ങിയ മേഘം; അവള്‍ അത്ര​മേല്‍ ആഹ്ലാ​ദ​ത്തി​ലാ​യി​രു​ന്ന​തു​കൊ​ണ്ട്, ആ ഒരു മേ​ഘം​ത​ന്നെ നി​ല​നി​ന്ന​തു​മി​ല്ല. അവള്‍ക്ക് മരി​യു​സ്സി​നെ കി​ട്ടി. ചെ​റു​പ്പ​ക്കാ​രന്‍ വന്നു, കി​ഴ​വന്‍ വി​സ്മൃ​ത​നാ​യി; ഇതാണ് ജീ​വി​തം.

പി​ന്നെ, വള​രെ​ക്കാ​ല​മാ​യി​ട്ട് കൊ​സെ​ത്തി​നു തന്റെ ചു​റ്റും കടം​ക​ഥ​കള്‍ കണ്ടു പരി​ച​യ​മാ​യി​ട്ടു​ണ്ട്; ഒര​സാ​ധാ​ര​ണ​മായ ബാ​ല്യ​കാ​ലം കഴി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള ഏതൊ​രാ​ളും ചില ത്യാ​ഗ​ങ്ങള്‍ക്ക് സന്ന​ദ്ധ​നാ​യി​രി​ക്കും.

എങ്കി​ലും അവള്‍ ഴാങ് വാല്‍ഴാ​ങ്ങി​നെ “അച്ഛാ’ എന്നു​ത​ന്നെ പി​ന്നെ​യും വി​ളി​ച്ചു​പോ​ന്നു.

ദേ​വ​ക​ളെ​പ്പോ​ലെ സു​ഖി​ത​യായ കൊ​സെ​ത്തി​നു ഗില്‍നോര്‍മാന്‍ മു​ത്ത​ച്ഛ​നെ വള​രെ​പ്പി​ടി​ച്ചു. അദ്ദേ​ഹം അവളെ സൗ​ന്ദ​ര്യ​സ്തു​തി​കള്‍കൊ​ണ്ടും സമ്മാ​ന​ങ്ങള്‍ കൊ​ണ്ടും മൂടി. ഴാങ് വാല്‍ഴാ​ങ് കൊ​സെ​ത്തി​നു സാ​മു​ദാ​യി​ക​സ്ഥി​തി നന്നാ​ക്കു​ക​യും അനു​ല്ലം​ഘ്യ​മായ ഒരു​യര്‍ന്ന പദവി ഉറ​പ്പി​ക്കു​ക​യും ചെ​യ്യാൻ നോ​ക്കു​മ്പോള്‍, മൊ​സ്യു ഗില്‍നോര്‍മാന്‍ അവ​ളു​ടെ വി​വാ​ഹ​സ​മ്മാ​ന​ങ്ങ​ളു​ടെ മേല്‍നോ​ട്ടം ചെ​യ്തു. അന്ത​സ്സ് കാ​ണി​ക്കു​ന്ന​തു​പോ​ലെ അദ്ദേ​ഹ​ത്തി​ന്ന് രസം​പി​ടി​ച്ച പണി​യി​ല്ല. അദ്ദേ​ഹം തന്റെ മു​ത്ത​ശ്ശി​യു​ടെ കൈ​യില്‍നി​ന്ന് കി​ട്ടി​യ​തായ ഒരു മെ​ട​ച്ചില്‍പ്പൂ​ന​യു​ടു​പ്പ് കൊ​സെ​ത്തി​ന് സമ്മാ​നി​ച്ചു.

“ഈ പരി​ഷ്കാ​ര​ങ്ങള്‍ വീ​ണ്ടും നട​പ്പില്‍ വരു​ന്നു.” അദ്ദേ​ഹം പറ​ഞ്ഞു: പഴയ സാ​മാ​ന​ങ്ങ​ളു​ടെ​മേ​ലാ​ണ് ഇപ്പോ​ഴ​ത്തെ കമ്പം; “എന്റെ പ്രാ​യാ​ധി​കൃ​ത്തി​ലു​ള്ള ചെ​റു​പ്പ​ക്കാ​രി​കള്‍ എന്റെ കു​ട്ടി​ക്കാ​ല​ത്തെ കി​ഴ​വി​ക​ളു​ടെ ഉടു​പ്പു​ക​ള​ണി​യു​ന്നു.”

സമ്മാ​ന​ങ്ങള്‍ തി​ങ്ങി​നി​ല്ക്കു​ന്ന​വ​യും വള​രെ​ക്കൊ​ല്ല​മാ​യി തു​റ​ക്കാ​തെ കി​ട​ന്നി​രു​ന്ന​വ​യു​മായ എല്ലാ വാര്‍ണ്ണീ​ഷി​ട്ട വലി​പ്പു​പെ​ട്ടി​ക​ളും അദ്ദേ​ഹം കൊ​ള്ള​യി​ട്ടു—നമു​ക്ക് ഈ സ്വ​കാ​ര്യ​സ്വ​ത്തു​കാ​രി​കള്‍ക്കെ​ന്താ​ണ് പറ​യാ​നു​ള്ള​തെ​ന്നു നോ​ക്കുക, അദ്ദേ​ഹം പറ​ഞ്ഞു; അവ​രു​ടെ വയ​റ്റി​നു​ള്ളില്‍ എന്തു​ണ്ടെ​ന്ന് കാ​ണാ​മ​ല്ലോ.” അദ്ദേ​ഹം ആകു​മ്പ കയറിയ വലി​പ്പു​പെ​ട്ടി​ക​ളില്‍നി​ന്ന് തന്റെ എല്ലാ ഭാ​ര്യ​മാ​രേ​യും ഉപ​പ​ത്നി​ക​ളേ​യും മു​ത്ത​ശ്ലി​മാ​രേ​യും വലി​ച്ചു പു​റ​ത്തി​ട്ടു. വരി​യന്‍ പൊന്‍പ​ട്ടു​കള്‍, പൂ​മ്പ​ട്ടു​കള്‍, പട്ടു​തി​ര​ശ്ലീ​ല​കള്‍, ചി​ത്ര​പ്പ​ണി​പ്പ​ട്ടു​കള്‍, തങ്ക​പ്പു​മ്പ​ട്ടു​കൊ​ണ്ടു​ള്ള ഉടു​പ്പു​കള്‍, സ്വര്‍ണ്ണ​ക്ക​സ​വി​ട്ട​വ​യും അല​ക്കാ​വു​ന്ന​വ​യു​മായ ഇന്ത്യന്‍ കൈ​ലേ​സ്സു​കള്‍; കൂ​ത്തു​ക​ളില്‍ ‘മു​ഖ​വ​ട്ട’മി​ല്ലാ​ത്ത പട്ടു​സാ​ല്വ​കള്‍, ജെ​നോ​വ​യി​ലേ​യും അലെന്‍കോ​ണി​ലേ​യും പൊ​ടി​പ്പു​നാ​ട​കള്‍, പഴ​യ​ത​രം തങ്ക​പ്പ​ണി​ക​ളായ തൊ​ങ്ങല്‍ മണി​കള്‍, സൂ​ക്ഷ്മ​ത​ര​ങ്ങ​ളായ യു​ദ്ധ​പ​ട​ങ്ങ​ളു​ള്ള ആന​ക്കൊ​മ്പു പല​ഹാ​ര​പ്പെ​ട്ടി​കള്‍ കളി​ക്കോ​പ്പു​കള്‍, പട്ടു​നാ​ട​കള്‍—സക​ല​വും അദേഹം കൊ​സെ​ത്തി​ന്റെ മേല്‍ വര്‍ഷി​ച്ചു. അമ്പ​ര​ന്നു, മരി​യു​സ്സി​ന്റെ മേല്‍ എന്തെ​ന്നി​ല്ലാ​ത്ത അനു​രാ​ഗ​ത്തോ​ടു​കൂ​ടി, മൊ​സ്യു ഗില്‍നോര്‍മാ​നോ​ടു​ള്ള കൃ​ത​ജ്ഞ​ത​കൊ​ണ്ട് കമ്പം കയറിയ കൊ​സെ​ത്ത് പട്ടും വി​ല്ലീ​സ്സു​മ​ണി​ഞ്ഞു അവ​സാ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഒരു സു​ഖ​ത്തെ​പ്പ​റ്റി സ്വ​പ്നം കണ്ടു. അവ​ളു​ടെ വി​വാ​ഹ​സ​മ്മാ​ന​പ്പെ​ട്ടി ദേ​വ​ക​ളാ​ണ് എടു​ത്തു​നി​ല​ക്കു​ന്ന​തെ​ന്നു തോ​ന്നി. മേ​ത്ത​രം പട്ടു​നാ​ട​ക​ളോ​ടു​കൂ​ടിയ ചി​റ​കു​ക​ളും പര​ത്തി അവ​ളു​ടെ ആത്മാ​വ് ആകാ​ശ​ത്തേ​ക്കു പറ​ന്നു.

കാ​മി​നീ​കാ​മു​ക​ന്മാ​രു​ടെ ആഹ്ലാ​ദ​ല​ഹ​രി​യോ​ട്, ഞങ്ങള്‍ പറ​ഞ്ഞി​ട്ടു​ള്ള​തു​പോ​ലെ, മു​ത്ത​ച്ഛ​ന്റെ ആഹ്ലാ​ദ​മൂര്‍ച്ഛ​യൊ​ന്നേ കി​ട​പി​ടി​ക്കു. വ്യു ദെ ഫില്‍ദ്യു കല്‍വേ​റില്‍ ഒരു കാ​ഹ​ള​നാ​ദം മു​ഴ​ങ്ങി.

ഓരോ ദി​വ​സ​വും രാ​വി​ലെ കൊ​സെ​ത്തി​ന് മു​ത്ത​ച്ഛ​ന്റെ വക ഒരു വി​ചി​ത്ര വസ്തു സമ്മാ​ന​മു​ണ്ട്. എല്ലാ​ത്ത​രം കളി​സ്സാ​മാ​ന​ങ്ങ​ളും അവ​ളു​ടെ ചു​റ്റും മി​ന്നി​ത്തി​ള​ങ്ങി.

ആന​ന്ദാ​വേ​ഗ​ത്തി​ന്റെ ഇട​യ്ക്ക് ഗയ​ര​വ​ത്തോ​ടു​കൂ​ടി സം​സാ​രി​ക്കു​വാന്‍ രസ​മു​ള്ള ആളായ മരി​യു​സ് ഒരു ദിവസം, എന്തു സം​ഭ​വ​ത്തെ​പ്പ​റ്റി​യെ​ന്നു എനി​ക്ക​റി​ഞ്ഞു​കൂ​ടാ, പറ​ഞ്ഞു: “ഭര​ണ​പ​രി​വര്‍ത്ത​ന​ത്തി​ലെ ആളു​കള്‍ അത്ര മഹാ​ന്മാ​രാ​ണ്; കൈ​റ്റോ​വി​ന്നും ഫോ​ഷി​യോ​ണി​നു​മെ​ന്ന​പോ​ലെ അവര്‍ക്ക് എന്നെ​ന്ന​ത്തേ​യും ബഹു​മ​തി​യു​ണ്ട്; അവ​രില്‍ ഓരോ​രു​ത്ത​നും ഓരോ പു​രാ​ണ​സ്മ​ര​ണ​യാ​ണ്.’

‘പഴയ പൂ​മ്പ​ട്ട്!’ വയ​സ്സന്‍ ഉച്ച​ത്തില്‍പ്പ​റ​ഞ്ഞു; ‘ശരി​യാ​ണ് മരി​യു​സ്, ഞാനും ഈ ആശയം തന്നെ​യാ​ണ് അന്വേ​ഷി​ച്ചു നട​ന്നി​രു​ന്ന​ത്.’

പി​റ്റേ​ദി​വ​സം രാ​വി​ലെ ഒരു സവി​ശേ​ഷ​പ്പ​നി​നീര്‍പ്പൂ​നി​റ​ത്തി​ലു​ള്ള പഴയ പട്ടു തു​ണി​കൊ​ണ്ട് ഒരൊ​ന്നാ​ന്ത​രം ഉടു​പ്പ് കൊ​സെ​ത്തി​ന്റെ വി​വാ​ഹ​സ​മ്മാ​ന​ക്കൂ​ട്ട​ത്തില്‍ച്ചേര്‍ന്നു.

ഈ പഴ​ന്തു​ണി​സ്സാ​മാ​ന​ങ്ങ​ളില്‍നി​ന്ന് മു​ത്ത​ച്ഛന്‍ ഈയൊരു തത്ത്വ​ജ്ഞാ​നം കൈ​യി​ലാ​ക്കി.

‘അനു​രാ​ഗം വളരെ നല്ല​താ​ണ്; പക്ഷേ, അതി​നോ​ടു​കൂ​ടി വേ​റേ​യൊ​ന്നും വേണം. പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​ത് സു​ഖ​ത്തോ​ടു കൂ​ടി​ച്ചേ​ര​ണം. സു​ഖം​മാ​ത്ര​മാ​ണ് ആവ​ശ്യം. എനി​ക്കു​വേ​ണ്ടി ആവ​ശ്യ​മി​ല്ലാ​ത്ത​തി​നെ അതു​കൊ​ണ്ടു രുചി പി​ടി​പ്പി​ക്കും ഒരു രാ​ജ​ധാ​നി​യും അവ​ളു​ടെ ഹൃ​ദ​യ​വും. അവ​ളു​ടെ ഹൃ​ദ​യ​വും ലു​വൃ​ക്കൊ​ട്ടാ​ര​വും. അവ​ളു​ടെ അനു​രാ​ഗ​വും വേര്‍സെ​യില്‍സി​ലെ ചു​മര്‍ച്ചി​ത്ര​ങ്ങ​ളും എനി​ക്കെ​ന്റെ ഇട​യ​പ്പെ​ണ്ണി​നെ തന്നി​ട്ട് അവളെ തമ്പു​രാ​ട്ടി​യാ​ക്കാന്‍ സമ്മ​തി​ക്കൂ. ചോ​ള​പ്പു​ങ്കുല കൊ​ണ്ടു കി​രീ​ട​മ​ണി​ഞ്ഞ ഒരു ഗ്രാ​മീ​ണ​സു​ന്ദ​രി​യെ എനി​ക്കു പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നു​ത​രൂ. കൊ​ല്ല​ത്തില്‍ ഒരു ലക്ഷം ഫ്രാ​ങ്ക് വരവും. ഒരു വെ​ണ്ണ​ക്കല്‍സ്തം​ഭ​മാ​ട​ത്തി​ന്റെ അടി​യി​ലൂ​ടേ കണ്ണെ​ത്താ​വു​ന്നേ​ട​ത്തോ​ളം ദൂ​ര​ത്തേ​ക്കു​ള്ള ഒരി​ട​യ​സ്ഥി​തി സു​ക്ഷ്മ​ചി​ത്രം എനി​ക്ക് തു​റ​ന്നു കാ​ട്ടി​ത്ത​രൂ. എനി​ക്ക് ഇട​യ​ത്ത​ര​വും സമ്മ​ത​മാ​ണ്, സ്വര്‍ണ്ണം​കൊ​ണ്ടും വെ​ണ്ണു​ക്ക​ല്ലു​കൊ​ണ്ടു​മു​ള്ള പണി​ത്ത​ര​വും സമ്മ​ത​മാ​ണ്. ഉണ​ങ്ങി​ക്ക​ടി​ച്ച സുഖം ഉണ​ങ്ങി​ക്ക​ടി​ച്ച അപ്പ​മാ​ണ്. ഭക്ഷി​ക്കു​ന്നു​ണ്ടാ​വും, സദ്യ​യി​ലു​ണ്ണു​ന്നു​ണ്ടാ​വി​ല്ല. എനി​ക്ക് ഉപ​യോ​ഗ​മി​ല്ലാ​ത്തവ, പ്ര​യോ​ജ​ന​ശു​ന്യ​ങ്ങ​ളാ​യവ, അനാ​വ​ശ്യ​ങ്ങ​ളാ​യവ, ധാ​രാ​ളി​ത്ത​ത്തില്‍പ്പെ​ട്ടവ, കി​ട്ടി​യേ കഴിയു. സ്ട്രാ​സ്ബര്‍ഗ്ഗി​ലെ വല്യ​പ​ള്ളി​യില്‍ ഒരു മൂ​ന്നു​നില വീ​ടി​ന്റെ ഉയ​ര​മു​ള്ള ഒരു നാ​ഴി​ക​മ​ണി ഞാന്‍ കാ​ണു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്, അതു സമയം കു​റി​ക്കാ​റു​ണ്ട്, ഓരോ മണി​ക്കു​റും അടി​ച്ചു​കാ​ണി​ക്കാന്‍ അതിനു ദയ​യു​ണ്ടാ​കാ​റു​ണ്—പക്ഷേ, അത​തി​ന്നു​വേ​ണ്ടി നിര്‍മ്മി​ക്ക​പ്പെ​ട്ട​താ​ണെ​ന്നു തോ​ന്നി​ല്ല; അതു നട്ടു​ച്ച​യോ നി​റ​കൊ​ണ്ട പാ​തി​ര​യോ അടി​ച്ചു​കാ​ണി​ച്ച​തി​നു​ശേ​ഷം—അതേ, ഉച്ച​സു​ര്യ​ന്റെ സമ​യ​മാ​ണ്, പാതിര അനു​രാ​ഗ​ത്തി​ന്റെ​യും—അല്ലെ​ങ്കില്‍ നി​ങ്ങള്‍ക്കി​ഷ്ട​മു​ള്ള ഒരു സമയം കു​റി​ച്ച​തി​നു ശേഷം, നി​ങ്ങള്‍ക്കു ചന്ദ്ര​നേ​യും നക്ഷ​ത്ര​ങ്ങ​ളേ​യും, കര​യേ​യും സമു​ദ്ര​ത്തേ​യും, പക്ഷി​ക​ളേ​യും മത്സ്യ​ങ്ങ​ളേ​യും, ഒരു ചു​മര്‍മാ​ട​ത്തി​നു​ള്ളില്‍നി​ന്നു പു​റ​ത്തു കട​ക്കു​ന്ന ഒരു​പാ​ടു സാ​ധ​ന​ങ്ങ​ളേ​യും, പന്ത്ര​ണ്ട് അപ്പോ​സ്ത​ല​ന്മാ​രേ​യും അഞ്ചാ​മന്‍ ഷാര്‍ല്‍ മഹാ​രാ​ജാ​വി​നേ​യും സബി​നു​സ്സി​നേ​യും, പോ​രാ​ത്ത​തി​നു നാ​ഗ​സ്വ​ര​വും വാ​യി​ച്ചു​കൊ​ണ്ടു​ള്ള ഒരു​കൂ​ട്ടം കൊ​ള്ളാ​വു​ന്ന ആളു​ക​ളേ​യും നി​ങ്ങള്‍ക്കു സമ്മാ​നി​ക്കു​ന്നു. അത് ഓരോ സമ​യ​ത്തും ആകാ​ശ​മ​ണ്ഡ​ല​ത്തി​ലൂ​ടെ, എന്തി​നാ​ണെ​ന്ന് ആര്‍ക്കും അറി​ഞ്ഞു​കൂ​ടാ​തെ, മനോ​ഹ​ര​ങ്ങ​ളായ മണി​നാ​ദ​ക്കൊ​ഴു​പ്പു​ക​ളെ വ്യാ​പി​പ്പി​ക്കു​ന്ന​തു കണ​ക്കാ​ക്കാ​തെ​യാ​ണി​ത്. സമയം ഇന്ന​തെ​ന്നു നി​ങ്ങ​ളോ​ട് പറ​യു​ക​മാ​ത്രം ചെ​യ്യു​ന്ന ഒരു പൊട്ട നാ​ഴി​ക​മ​ണി​യു​ടെ കഷ​ണ്ടി കയറിയ മുകറ് അതിനു സമ​മാ​വു​മോ? എന്നെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം, ആ കു​റും​കാ​ട്ടി​ലെ ഒരു കു​രു​കില്‍നാ​ഴി​ക​മ​ണി​യെ​ക്കാൾ എനി​ക്കി​ഷ്ടം സ്ട്രാ​സ്ബർ​ഗ്ഗി​ലെ ആ കു​റ്റന്‍ മണി​യാ​ണ്.’

വി​വാ​ഹ​ത്തെ​പ്പ​റ്റി മൊ​സ്യു ഗില്‍നോര്‍മാന്‍ പല വി​ഡ്ഢി​ത്ത​വും പറ​ഞ്ഞു: അദ്ദേ​ഹ​ത്തി​ന്റെ കമ്പ​പ്പാ​ട്ടു​ക​ളി​ലൂ​ടെ പതി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ലെ എല്ലാ പഴ​ന്തു​ണി​സ്സാ​മാ​ന​ങ്ങ​ളും കശ​പി​ശ​യാ​യി പറ​ഞ്ഞു​ന​ട​ന്നു.

‘നി​ങ്ങള്‍ക്കു സവി​ശേ​ഷ​ദി​വ​സ​ങ്ങള്‍ കൊ​ണ്ടാ​ടേ​ണ്ട വി​ദ്യ​യ​റി​ഞ്ഞു​കൂ​ടാ. ഇക്കാ​ല​ത്ത് എങ്ങ​നെ​യാ​ണ് ഒരു ദി​വ​സ​ത്തെ ആഘോ​ഷി​ക്കേ​ണ്ട​തെ​ന്നു നി​ങ്ങള്‍ക്ക​റി​വി​ല്ല. നി​ങ്ങ​ളു​ടെ പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ന് ഉശി​രി​ല്ല. അതില്‍ ധാ​രാ​ളി​ത്ത​മി​ല്ല. അതു സമ്പ​ന്ന​ത​യെ വി​ല​വെ​ക്കു​ന്നി​ല്ല, അതു പ്ര​ഭു​ത്വ​ത്തെ വി​ല​വെ​ക്കു​ന്നി​ല്ല. എല്ലാ കാ​ര്യ​ത്തി​ലും അതു മൊ​ട്ട​ത്ത​ല​യ​നാ​ണ്. നി​ങ്ങ​ളു​ടെ പൊ​തു​ജ​നം മു​ഷി​പ്പ​നാ​ണ്, നി​റ​പ്പ​റ്റി​ല്ലാ​ത്ത​താ​ണ്. ഗന്ധ​മി​ല്ലാ​ത്ത​താ​ണ്. രൂ​പ​മി​ല്ലാ​ത്ത​താ​ണ്. അവര്‍ പറ​യു​മ്പോ​ലെ, മു​ള​ച്ചു​വ​രു​ന്ന നി​ങ്ങ​ളു​ടെ നാ​ടു​വാ​ഴി​ക​ളു​ടെ മനോ​രാ​ജ്യം; വീ​ട്ടി​കൊ​ണ്ടും കാ​ലി​ക്കോ​കൊ​ണ്ടും മോടി കൂടിയ ഒരു നല്ല മണിയറ. ഇതാ, വഴി! വഴി! പി​ശു​ക്കന്‍ തി​രു​മേ​നി പണം​പി​ടു​ങ്ങി​ക്കൊ​ച്ച​മ്മ​യെ വേ​ളി​ക​ഴി​ക്കാന്‍ പോ​കു​ന്നു. ആഡം​ബ​ര​വും അന്ത​സ്സും. ഒരു മെ​ഴു​തി​രി​യി​ന്മേല്‍ ഒരു ലൂ​യി​നാ​ണ്യം ഒട്ടി​പ്പി​ടി​ച്ചു. ഇതാണ് നി​ങ്ങ​ളു​ടെ കാലം. എനി​ക്കാ​വ​ശ്യം ഇതില്‍നി​ന്നു ക്ഷ​ണ​ത്തില്‍ പമ്പ​ക​ട​ക്ക​ണ​മെ​ന്നാ​ണ്. ഹാ 1787-ല്‍ ദ്യു​ക് ദ് രൊ​ഹാ​ങ്ങും രാ​ജ​കു​മാ​രന്‍ ദ് ലെ​യോ​ങ്ങും, ദ്യു​ക് ദ് മോണ്‍ബ​സോ​ങ്ങും, മക്കി​ദ് സൂ​ബി​സ്സും വിം​കോ​ത് ദ് തൂ​വാ​റും—ഫ്രാന്‍സി​ലെ പ്ര​ഭു​ക്ക​ന്മാര്‍— ഒരു​ന്തു​വ​ണ്ടി​യില്‍ക്ക​യ​റി സഭാ​സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന​തു കണ്ട​പ്പോള്‍ ഞാന്‍ നി​ശ്ച​യി​ച്ചു, കാ​ര്യം പോയി. അങ്ങ​നെ തന്നെ. ഈ നൂ​റ്റാ​ണ്ടില്‍ ആളു​കള്‍ കാ​ര്യം നോ​ക്കു​ന്നു, ഉണ്ടി​ക​ക്ക​ച്ച​വ​ടം ചെ​യ്യു​ന്നു, പണ​മു​ണ്ടാ​ക്കു​ന്നു, ചെ​റ്റ​ത്തം കാ​ണി​ക്കു​ന്നു. ആളു​കള്‍ മു​കള്‍ബ്ഭാ​ഗ​ത്തില്‍ മാ​ത്രം ശ്ര​ദ്ധി​ക്കു​ന്നു, അതു പൂശി നന്നാ​ക്കു​ന്നു; ഒരു ഉത്സ​വ​സ്ഥ​ല​ത്തു​നി​ന്ന് അപ്പോള്‍ പു​റ​ത്തു​ക​ട​ന്ന​തേ​യു​ള്ളൂ എന്ന​പോ​ലെ അവര്‍ ഉടു​പ്പി​ടു​ന്നു, കു​ളി​ക്കു​ന്നു, സോ​പ്പു തേ​യ്ക്കു​ന്നു, മി​നു​സ​പ്പെ​ടു​ത്തു​ന്നു, ക്ഷൗ​രം ചെ​യ്യു​ന്നു, ചീ​ന്തി​വെ​ക്കു​ന്നു, ഉശിര്‍ കാ​ണി​ക്കു​ന്നു, മി​നു​ക്കി വെ​യ്ക്കു​ന്നു, ഉര​ച്ചു ശരി​പ്പെ​ടു​ത്തു​ന്നു, തു​ട​ച്ചു നന്നാ​ക്കു​ന്നു, പു​റ​മൊ​ക്കെ വൃ​ത്തി​യാ​ക്കു​ന്നു, ഒരു കോ​ട്ട​മി​ല്ലാ​താ​ക്കു​ന്നു, ഒരു വെ​ള്ളാ​ര​ങ്ക​ല്ലു​പോ​ലെ രാകി മി​നു​ക്കു​ന്നു, സാ​മര്‍ത്ഥ്യം കാ​ണി​ക്കു​ന്നു മേന്മ നടി​ക്കു​ന്നു—പക്ഷേ, അതോ​ടൊ​പ്പം​ത​ന്നെ ഞാന്‍ ചത്താ​ലും ശരി, അവ​രു​ടെ അന്തഃ കര​ണ​ത്തി​ന​ടി​യില്‍ നോ​ക്കി​യാല്‍ കൈ​വി​ര​ലു​ക​ളി​ലേ​ക്ക് മൂ​ക്കു കറ​ക്കു​ന്ന ഒരു കന്നാ​ലി​ച്ചെ​ക്ക​ന്നു​കൂ​ടി അറ​പ്പു തോ​ന്നി​ക്കാന്‍ പോന്ന ചാ​ണ​ക​ക്കു​ന്നു​ക​ളും ചളി​ക്കു​ഴി​ക​ളു​മാ​ണ്. ഇക്കാ​ല​ത്തെ മു​ദ്രാ​വാ​ക്യം, ഞാന്‍ പറയുക ഇതാണ്: ‘വൃ​ത്തി​കെ​ട്ട ശു​ചി​ത്വം.’ മു​ഷി​യേ​ണ്ടാ മരി​യു​സ്, എന്നെ സം​സാ​രി​ക്കാന്‍ സമ്മ​തി​ക്കു; ഞാന്‍ നി​ങ്ങള്‍ കാ​ണു​ന്ന​വി​ധ​മു​ള്ള ആളു​ക​ളെ​പ്പ​റ്റി ദോഷം പറ​യു​ന്നി​ല്ല; ഞാന്‍ നി​ങ്ങ​ളു​ടെ പൊ​തു​ജ​ന​ങ്ങ​ളെ​പ്പ​റ്റി എപ്പോ​ഴും പറയും; എന്നാല്‍ എനി​ക്കി​പ്പോ​ഴ​ത്തെ നാ​ടു​വാ​ഴി​ക​ളെ ചെ​കി​ട്ട​ത്തോ​രോ​ന്നു പൊ​ട്ടി​ക്കു​ന്ന​തു ബഹു​ര​സ​മാ​ണ്. ഞാ​ന​തില്‍പ്പെ​ട്ട ആളാണ്. സ്നേ​ഹ​മു​ള്ള ആള്‍ തല്ലു​ക​യും ചെ​യ്യും. അതു​കൊ​ണ്ടു, ഞാന്‍ തു​റ​ന്നു​പ​റ​യാം, ആളു​കള്‍ കല്യാ​ണം കഴി​ക്കു​ന്നു​ണ്ട്; പക്ഷേ, എങ്ങ​നെ​യാ​ണ് കല്യാ​ണം കഴി​ക്കേ​ണ്ട​തെ​ന്ന് അവര്‍ക്ക​റി​ഞ്ഞു​കൂ​ടാ. ഹാ! വാ​സ്ത​വ​ത്തില്‍ പണ്ട​ത്തെ അന്ത​സ്സു​കള്‍ പൊ​യ്പോ​യ​ല്ലോ എന്നു ഞാൻ വ്യ​സ​നി​ക്കു​ന്നു. പണ്ട​ത്തെ ആളു​ക​ളു​ടെ സക​ല​വും— അവ​രു​ടെ അന്ത​സ്സും, അവ​രു​ടെ തറ​വാ​ടി​ത്ത​വും, ആ മര്യാ​ദ​യോ​ടും ഓദാ​ര്യ​ത്തോ​ടും കൂടിയ സമ്പ്ര​ദാ​യ​ങ്ങ​ളും, ഓരോ​രു​ത്ത​നു​മു​ണ്ടാ​യി​രു​ന്ന ആ ആഹ്ലാ​ദ​പൂര്‍വ്വ​മായ ധാ​രാ​ളി​ത്ത​വും, കല്യാ​ണ​ത്തി​ന്റെ ഒരം​ഗ​മാ​യി​രു​ന്ന സം​ഗീ​ത​വും, മാ​ളി​ക​മേല്‍വെ​ച്ചു​ള്ള മേ​ള​ക്കൊ​ഴു​പ്പും, ചു​വ​ട്ടില്‍വെ​ച്ചു​ള്ള ചെ​ണ്ട​കൊ​ട്ടും, നൃ​ത്ത​വി​നോ​ദ​ങ്ങ​ളും, ഭക്ഷ​ണ​മേ​ശ​യ്ക്കു ചു​റ്റു​മു​ള്ള പ്ര​സ​ന്ന​മു​ഖ​ങ്ങ​ളും, രസം​പി​ടി​ച്ച ഒന്നാ​ന്ത​രം കു​ശ​ലം​പ​റ​യ​ലും, പാ​ട്ടു​ക​ളും, വെ​ടി​ക്കെ​ട്ടു​ക​ളും, പൊ​ട്ടി​ച്ചി​രി​യും, കു​ടി​ച്ചു​കു​ണ്ഡ​ലം മറി​യ​ലും, പട്ടു​നാ​ട​യു​ടെ കൂ​റ്റന്‍കെ​ട്ടു​ക​ളും എല്ലാം—പൊ​യ്പോ​യ​ല്ലോ എന്നു ഞാന്‍ വൃ​സ​നി​ക്കു​ന്നു. കല്യാ​ണ​പ്പെ​ണ്ണി​ന്റെ കാ​ലു​റ​ക്കെ​ട്ടു പോ​യ​ല്ലോ എന്നു ഞാന്‍ വ്യ​സ​നി​ക്കു​ന്നു. വീ​ന​സ്സി​ന്റെ ഉട​ഞ്ഞാ​ണു​മാ​യി ചാര്‍ച്ച​യു​ള്ള​താ​ണ് കല്യാ​ണ​പ്പെ​ണ്ണി​ന്റെ കാ​ലു​റ​ക്കെ​ട്ട്. ട്രോ​യി​യു​ദ്ധം എന്തില്‍നി​ന്നാ​ണ് പു​റ​പ്പെ​ട്ട​ത്; വാ​സ്ത​വ​മാ​യി​ട്ടും ഹെ​ല​ന്റെ കാ​ലു​റ​ക്കെ​ട്ടില്‍നി​ന്ന്. അവര്‍ എന്തി​നു​വേ​ണ്ടി​യാ​ണ് യു​ദ്ധം ചെ​യ്ത​ത്? എന്തി​നു​വേ​ണ്ടി ദി​വ്യ​നായ ദയോ​മെ​ദ് ആ മെ​രി​യോ​ണെ​സ്സി​ന്റെ നി​റു​ക​യി​ലെ ആ പത്തു മു​ഖ​ങ്ങ​ളു​ള്ള പി​ച്ച​ള​ത്തൊ​പ്പി തച്ചു​ട​ച്ചു? കു​ന്ത​ക്കു​ത്തു​ക​ളെ​ക്കൊ​ണ്ട് എഷില്‍സും ഹെ​ക​ട​റും അന്യോ​ന്യം അരി​പ്പ​കു​ത്തി; കാരണം? ഹെ​ലന്‍ തന്റെ കാ​ലു​റ​ക്കെ​ട്ട​ഴി​ച്ചെ​ടു​ക്കു​വാന്‍ പരിയെ അനു​വ​ദി​ച്ചു. കൊ​സെ​സ​ത്തി​ന്റെ കാ​ലു​റ​ക്കെ​ട്ടു​കൊ​ണ്ടു ഹോ​മര്‍ ഇല്ലി​യാ​ഡ് മഹാ​കാ​വ്യം നിര്‍മ്മി​ക്കും. അദ്ദേ​ഹം തന്റെ കാ​വ്യ​ത്തില്‍ എന്നെ​പ്പോ​ലെ ഒരു വാ​യാ​ടി​ക്കി​ഴ​വ​നെ കൊ​ണ്ടു​വ​രും; അയാള്‍ക്കു നെ​സ്തോ [1] എന്നു​പേര്‍ കൊ​ടു​ക്കും. എന്റെ കൂ​ട്ട​രെ, പണ്ട​ത്തെ കാ​ല​ത്തു, ആ പഴ​യ​കൊ​ള്ളാ​വു​ന്ന കാ​ല​ങ്ങ​ളില്‍, ആളു​കള്‍ ബു​ദ്ധി​പൂര്‍വം വി​വാ​ഹം ചെ​യ്തി​രു​ന്നു; അവര്‍ നല്ല ഒരു കരാര്‍ ചെ​യ്യും; എന്നി​ട്ട് ഒന്നാ​ന്ത​രം ഒരു കുടി കു​ടി​ക്കും. അപ്പോള്‍ വാ​സ്ത​വ​ത്തില്‍ വയറും അതിനു വേ​ണ്ട​താ​വ​ശ്യ​പ്പെ​ടു​ന്ന ഒരു കൊ​ള്ളാ​വു​ന്ന ജന്തു​വാ​ണ്, അതി​നും വേണം അതി​ന്റെ വി​വാ​ഹം. ആളു​കള്‍ നല്ല​വ​ണ്ണം ഭക്ഷ​ണം കഴി​ച്ചി​രു​ന്നു. ഭക്ഷ​ണ​ത്തി​ന് ഒരു സ്വര്‍ണ്ണ​നാ​ണ്യ​വു​മ​ണി​യാ​ത്ത ഒര​യല്‍പ​ക്ക​ക്കാ​രി സു​ന്ദ​രി​യു​മു​ണ്ടാ​വും; അതു​കൊ​ണ്ട് അവ​ളു​ടെ കഴു​ത്തു മര്യാ​ദ​ക്കേ മൂ​ടി​യി​രി​ക്കു. ഹാ! ആ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന വലിയ വാ​യ​കള്‍! ഞങ്ങള്‍ അക്കാ​ല​ത്ത് എങ്ങ​നെ ആഹ്ലാ​ദി​ച്ചി​രു​ന്നു! യൗ​വ്വ​നം ഒരു പൂ​ച്ചെ​ണ്ടാ​യി​രു​ന്നു; ഏതൊരു ചെ​റു​പ്പ​ക്കാ​ര​നും ഒരു ഊത​ച്ചെ​ടി​ത്തു​പ്പി​ലോ അല്ലെ​ങ്കില്‍ ഒരു പനി​നീര്‍പ്പൂ​ച്ചെ​ണ്ടി​ലോ ചെ​ന്ന​വ​സാ​നി​ച്ചി​രു​ന്നു; അയാള്‍ ആട്ടി​ട​യ​നാ​യാ​ലും ശരി, യു​ദ്ധ​ഭ​ട​നാ​യാ​ലും ശരി; സം​ഗ​തി​വ​ശാല്‍ ഒരാള്‍ കു​തി​ര​പ്പ​ട​യാ​ളി​ക്കൂ​ട്ട​ത്തി​ന്റെ തല​വ​നാ​യി​യെ​ങ്കില്‍, അയാള്‍ ഫ്ളോ​റി​യാ​ങ് [2] എന്നു തന്ന​ത്താന്‍ പേര്‍ വി​ളി​ക്കും. ആളു​കള്‍ക്ക് നല്ല​വ​ണ്ണം നട​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു, അവര്‍ മോ​ടി​കൂ​ട്ടു​ക​യും നി​റ​പ്പ​റ്റു തോ​ന്നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒരു നാ​ടു​വാ​ഴി​ക്ക് ഒരു പു​ഷ്പ​ത്തി​ന്റെ മട്ടു​ണ്ടാ​വും; ഒരു പ്ര​ഭു​വി​ന് ഒരു രത്ന​ത്തി​ന്റേ​യും. ആളു​കള്‍ക്ക് ബൂ​ട്ടൂ​സ്സി​ന്മേല്‍ നാ​ട​ക്കെ​ട്ടി​ല്ല. ബൂ​ട്ടു​സ്നേ ഇല്ല. അവര്‍ വൃ​ത്തി​യില്‍ച്ച​മ​ഞ്ഞു, മി​ന്നി​ക്കൊ​ണ്ട്, ആടി​യു​ല​ഞ്ഞു, നി​റം​കൂ​ടി, അന്ത​സ്സില്‍, രസി​ക​ന്മാ​രാ​യി, വി​ഷ​യ​ല​മ്പ​ട​ന്മാ​രാ​യി​രി​ക്കും; അതു കാരണം അര​ക്കെ​ട്ടില്‍ വാ​ളു​ണ്ടാ​വാന്‍ പാ​ടി​ല്ലെ​ന്നു​മി​ല്ല. മൂ​ളി​പ്പാ​ട്ടു​പാ​ടു​ന്ന പക്ഷി​ക്കും കൊ​ക്കും നഖ​ങ്ങ​ളു​മു​ണ്ടാ​വും. അതു രസി​ക​ക്കു​ട്ട​പ്പ​ന്മാ​രു​ടെ കാ​ല​മാ​യി​രു​ന്നു. ആ നൂ​റ്റാ​ണ്ടി​ന്റെ ഒരു ഭാഗം സൗ​മ്യ​മാ​ണ്, മറ്റ​തു വി​ശി​ഷ്ട​വും; എന്ന​ല്ല, രസമേ! ആളു​കള്‍ അന്നു കു​ത്ത​ടി​ക്ക​യാ​യി​രു​ന്നു. ഇന്ന്, ആളു​കള്‍ ഗൗ​ര​വ​ക്കാ​രാ​യി, നാ​ടു​വാ​ഴി​കള്‍ പി​ശു​ക്ക​ന്മാ​രാ​യി, നാ​ടു​വാ​ഴി​കള്‍ നാണം കു​ണു​ങ്ങി​ക​ളാ​യി; നി​ങ്ങ​ളു​ടെ കാലം മോശം, ആളു​ക​ളു​ടെ കഴു​ത്തു കു​ടു​ങ്ങി​യി​ട്ട് അന്ത​സ്സ് എന്ന​തു പോ​യ്പോ​യി. കഷ്ടം! വൈ​രു​പ്യ​മാ​ണെ​ന്ന മാ​തി​രി സൗ​ന്ദ​ര്യം ഒളി​ച്ചു​വ​യ്ക്ക​പ്പെ​ടു​ന്നു. ഭര​ണ​പ​രി​വര്‍ത്ത​ന​ത്തി​നു​ശേ​ഷം സക​ല​ത്തി​നും, തേ​വി​ടി​ശ്ശി​കള്‍ക്കു​കൂ​ടി​യും, ആയി​പ്പോ​യി കാ​ലു​റ​കള്‍; തകൃ​തി​ക്കാര്‍ അട്ട​ക്കാര്‍കൂ​ടി ഗൗ​ര​വ​ത്തില്‍ നട​ക്ക​ണം; പ്രാ​ഭ​വം ആവ​ശ്യ​മാ​ണ്. കവി​ളു​ക​ളെ കണ്ഠ​വ​സ്ത്ര​ത്തി​നു​ള്ളില്‍ ഇറ​ക്കി​യി​ല്ലെ​ങ്കില്‍ ആളു​കള്‍ വല്ലാ​തെ മു​ഷി​യും. ഇരു​പ​തു വയ​സ്സു​ള്ള ഒരു ചെ​ക്ക​നും കല്യാ​ണം കഴി​ക്കു​മ്പോ​ളു​ള്ള വി​ചാ​രം മൊ​സ്യു റോ​യല്‍ക്കൊ​ള്ളാർ [3] പോ​ലെ​യാ​വ​ണ​മെ​ന്നാ​ണ്. എന്നി​ട്ടു ആ പ്രാ​ഭ​വ​വും കൊ​ണ്ട് ഒരു​വന്‍ ചെ​ന്നു​ചേ​രു​ന്ന​തെ​വി​ടെ​യാ​ണെ​ന്ന​റി​യാ​മോ? ചെ​റ്റ​ത്ത​ത്തില്‍. ഇതു പഠി​ച്ചോ​ളൂ: സന്തോ​ഷം സന്തു​ഷ്ട​മാ​വു​ക​മാ​ത്ര​മ​ല്ല ചെ​യ്യു​ന്നു​ള്ളു; അതു വി​ശി​ഷ്ട​വു​മാ​വു​ന്നു. അതു​കൊ​ണ്ട് ആഹ്ലാ​ദ​ത്തോ​ടു​കൂ​ടി സ്നേ​ഹി​ക്കുക; കല്യാ​ണം കഴി​ക്ക​യാ​ണെ​ങ്കില്‍, ഞാന്‍ പറ​യ​ട്ടെ, സു​ഖ​ത്തി​ന്റെ ഭ്രാ​ന്തോ​ടും തല ചു​റ്റ​ലോ​ടും, ലഹ​ള​യോ​ടും, ലഹ​രി​യോ​ടും​കൂ​ടി കല്യാ​ണം കഴി​ക്കുക! പള്ളി​യില്‍ നി​ങ്ങള്‍ സഗൗ​ര​വ​രാ​യി​രി​ക്ക​ണം, അതു വേ​ണ്ട​തും നല്ല​തു​മാ​ണ്. പക്ഷേ, ഈശ്വ​ര​വ​ന്ദ​നം കഴി​ഞ്ഞ ഉടനെ, ഒരടി! ഭാ​ര്യ​യു​ടെ നാലു പു​റ​ത്തും ഒരു മനോ​രാ​ജ്യ സ്വര്‍ഗ്ഗം പാ​ഞ്ഞു​ക​ളി​ക്ക​ണം. ഒരു കല്യാ​ണം രാ​ജ​കീ​യ​വും മനോ​രാ​ജ്യ​പ​ര​വു​മാ​യി​രി​ക്ക​ണം; അത​തി​ന്റെ അടി​യ​ന്തി​രം നട​ത്തല്‍ റീം​സി​ലെ പള്ളി​യില്‍നി​ന്ന് ഷാ​ന്തെ​വു​പ്പി​ലെ ദേ​വാ​ല​യ​ത്തി​ലേ​ക്കു മാ​റ്റ​ണം. മോ​ശ​ക്ക​ല്യാ​ണം എനി​ക്കി​ഷ്ട​മി​ല്ല. ആ ഒരൊ​റ്റ ദി​വ​സ​മെ​ങ്കി​ലും നി​ങ്ങള്‍ സ്വര്‍ഗ​ത്തില്‍ കൂ​ത്തു​മ​റി​യു​വിന്‍, നി​ങ്ങള്‍ ദേ​വ​ന്മാ​രില്‍ച്ചേ​ര​ട്ടെ. ഹാ! ആളു​കള്‍ ഗന്ധര്‍വ്വ​ന്മാ​രാ​വ​ണം. കളി​യും ചി​രി​യും, ലഹ​ള​ത​ന്നെ; ആളു​കള്‍ വങ്ക​ന്മാ​രാ​ണ്. എന്റെ ചങ്ങാ​തി​മാ​രേ, പു​തു​താ​യി കല്യാ​ണം കഴി​ച്ച ഓരോ വരനും എണ്ണം​പ​റ​ഞ്ഞ രാ​ജ​കു​മാ​ര​നാ​വ​ണം. നാളെ തവ​ള​ക​ളു​ടെ നാ​ടു​വാ​ഴി​ക്കു​ട്ട​ത്തി​ലേ​ക്കു മറി​ഞ്ഞു​വീ​ഴേ​ണ്ടി​യി​രു​ന്നാല്‍ ക്കൂ​ടി, ജീ​വി​ത​ത്തി​ലെ ആ അസാ​ധാ​ര​ണ​നി​മി​ഷ​ത്തെ തഞ്ച​മാ​ക്കി അര​യ​ന്ന​ങ്ങ​ളോ​ടും കഴു​കു​ക​ളോ​ടും​കു​ടി നേരേ ആകാ​ശ​ത്തേ​ക്കു പറ​ക്കുക. വി​വാ​ഹ​ദി​വ​സ​ങ്ങ​ളില്‍ മി​ത​വ്യ​യം നോ​ക്ക​രു​ത്; അവ​യു​ടെ അന്ത​സ്സു​ക​ളെ​യൊ​ന്നും കാ​ത്തി​രി​ക്കാന്‍ പോ​ക​രു​ത്;നി​ങ്ങള്‍ മി​ന്നി​ത്തി​ള​ങ്ങു​ന്ന ആ നാ​ളില്‍ പി​ശു​ക്കു കാ​ണി​ക്ക​രു​തു്. വി​വാ​ഹം തറ​വാ​ട്ടു​ഭ​ര​ണ​മ​ല്ല. ഹാ എന്റെ ആഗ്ര​ഹം സാ​ധി​ച്ചി​രു​ന്നു​വെ​ങ്കില്‍ അത് രസം​പി​ടി​ക്കും; ഓരോ മര​ച്ചു​വ​ട്ടില്‍നി​ന്നും കേള്‍ക്കും വീ​ണ​വാ​യന. ഇതാണ് എന്റെ കാ​ര്യ​പ​രി​പാ​ടി; ആകാ​ശ​നീ​ലി​മ​യും വെ​ള്ള​നി​റ​വും. നാ​ടന്‍ ഈശ്വ​ര​ന്മാ​രെ​യെ​ല്ലാം ഞാന്‍ ആ ഉത്സ​വ​ത്തി​നു കൂ​ട്ടും; ഞാന്‍ വന​ദേ​വ​ത​മാ​രേ​യും ജല​ദേ​വ​ത​മാ​രേ​യും ആവാ​ഹി​ച്ചു​വ​രു​ത്തും. ഗന്ധര്‍വ​ന്മാ​രു​ടെ വി​വാ​ഹം, ഒരു പനി​നീര്‍പ്പൂ​മേ​ഘം, തല​മു​ടി ഭം​ഗി​യില്‍ അല​ങ്ക​രി​ച്ചു തി​ക​ച്ചും നഗ്ന​ങ്ങ​ളായ അപ്സ​ര​സ്സു​കള്‍. ഒരു പണ്ഡി​ത​യോ​ഗാം​ഗം അര്‍പ്പി​ക്കു​ന്ന ഭഗ​വ​തീ​സ്തു​തി​കള്‍, സമു​ദ്ര​ച്ചെ​കു​ത്താ​ന്മാര്‍ വലി​ച്ചു​കൊ​ണ്ടോ​ടു​ന്ന ഒരു തേര്‍,

മുൻ​പി​ലേ നട​ക്കു​ന്നു ത്രി​ത്തോൺ [4]: താ​നു​തും ശംഖു

മയ​ക്കീ നാ​ദാ​കൊ​ണ്ടു സര്‍വ്വ​ജീ​വി​ക​ളേ​യും.

ഇതാണ് ആഘോ​ഷ​മെ​ന്നു വെ​ച്ചാല്‍; അതു കൊ​ള്ളാം; ഇല്ലെ​ങ്കി​ലോ എനി​ക്കീ വി​ഷ​യ​ത്തി​ലൊ​ന്നും അറി​ഞ്ഞു​കൂ​ടാ. മണ്ണാ​ങ്ക​ട്ട!

കവി​ത​യില്‍ കമ്പം പി​ടി​ച്ചു മു​ത്ത​ച്ഛന്‍ താന്‍ പറ​യു​ന്ന​തി​നെ​ത്ത​ന്നെ ശ്ര​ദ്ധി​ച്ചി​രി​ക്കെ, കൊ​സെ​ത്തി​നും മരി​യു​സ്സി​നും അന്യോ​ന്യം നോ​ക്കി​നോ​ക്കി ലഹരി കയറി.

ഗില്‍നോര്‍മാന്‍വ​ലി​യ​മ്മ ഇതെ​ല്ലാം തന്റെ അക്ഷോ​ഭ്യ​മായ ശാ​ന്ത​ത​യോ​ടു​കൂ​ടി നോ​ക്കി​ക്ക​ണ്ടു. കഴി​ഞ്ഞ അഞ്ചോ ആറോ മാ​സ​ത്തി​നി​പ്പു​റം വെ​ച്ച് അവള്‍ക്കു ചില വി​കാ​രാ​വേ​ഗ​ങ്ങള്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. മരി​യു​സ്സി​ന്റെ തി​രി​ച്ചു​വ​ര​വു്, മരി​യു​സ്സി​നെ ഒരു വഴി​ക്കോ​ട്ട​യില്‍നി​ന്ന് എടു​ത്തു​കൊ​ണ്ടു​വ​രല്‍, മരി​യു​സ് മരി​ക്കല്‍, പി​ന്നെ ജീ​വി​ക്കല്‍, മരി​യു​സ്സു​മാ​യി യോ​ജി​ക്കല്‍, മരി​യു​സ്സി​ന്റെ വി​വാ​ഹ​നി​ശ്ച​യം, മരി​യു​സ് ഒരു കോ​ടീ​ശ്വ​രി​യെ വി​വാ​ഹം ചെ​യ്യാന്‍ പോ​കല്‍. ആറു​ല​ക്ഷം ഫ്രാ​ങ്കാ​ണ് അവ​ളു​ടെ ഒടു​വി​ല​ത്തെ ഞെ​ട്ടി​ത്തെ​റി​ക്കല്‍. ഒന്നാ​മ​ത്തെ തി​രു​വ​ത്താ​ഴ​ത്തി​നു ചേര്‍ന്ന ഒരു പെണ്‍കി​ടാ​വി​ന്റേ​തായ അവ​ളു​ടെ ഉദാ​സീ​നത അവള്‍ക്കു തി​രി​ച്ചു​കി​ട്ടി. അവള്‍ പതി​വിന്‍പ​ടി പള്ളി​യി​ലേ​ക്കു പോയി, മാ​ല​യെ​ടു​ത്തു ജപി​ച്ചു. കുര്‍ബ്ബാ​ന​പ്പു​സ്ത​കം വാ​യി​ച്ചു; വീ​ട്ടി​ന്റെ ഒരു മൂ​ല​യില്‍ച്ചെ​ന്നി​രു​ന്നു, മറ്റൊ​രു ഭാ​ഗ​ത്തു​വെ​ച്ച് ’എനി​ക്കു നി​ന്നില്‍ അനു​രാ​ഗ​മു​ണ്ടെ​ന്നു’ള്ള മന്ത്രി​ക്കല്‍ നട​ക്കെ, ഈശ്വ​ര​സ്തു​തി​കള്‍ വി​ഴു​ങ്ങി​ച്ചൊ​ല്ലി; മരി​യു​സ്സി​നേ​യും കൊ​സെ​ത്തി​നേ​യും രണ്ടു നി​ഴ​ലു​ക​ളെ എന്ന​പോ​ലെ അവ്യ​ക്ത​മ​ട്ടി​ലേ അവള്‍ കണ്ടി​രു​ന്നു​ള്ളൂ. നി​ഴല്‍ അവള്‍ത​ന്നെ​യാ​യി​രു​ന്നു.

തരി​പ്പു​കൊ​ണ്ട് നി​ശ്ചേ​ഷ്ട​മായ ആത്മാ​വു, ജീ​വി​ത​ത്തി​ലെ കാ​ര്യ​ത്തോ​ടെ​ല്ലാം ഒര​പ​രി​ചി​ത​നെ​ന്ന നി​ല​യില്‍, ഭൂ​ക​മ്പ​ങ്ങ​ളോ അത്യാ​പ​ത്തു​ക​ളോ വന്നു​കൊ​ണ്ടാല്‍ മാ​ത്ര​മ​ല്ലാ​തെ, മാ​നു​ഷി​ക​മാ​യോ ദുഃ​ഖ​ക​ര​മാ​യോ സു​ഖ​ക​ര​മാ​യോ യാ​തൊ​രു ക്ഷോ​ഭ​വും അനു​ഭ​വി​ക്കാ​തി​രി​ക്കു​ന്ന അങ്ങി​നെ​യൊ​രു ഉദാ​സീ​ന​മായ സന്ന്യാ​സ​മു​ണ്ട്. അച്ഛന്‍ ഗില്‍നോര്‍മാന്‍ മക​ളോ​ടു പറ​ഞ്ഞ​തു​പോ​ലെ ഈ ഭക്തി തല​യ്ക്കു പി​ടി​ച്ച ഒരു ജല​ദോ​ഷം​പോ​ലെ​യാ​ണ്. ജീ​വി​ത​ത്തി​ന്റെ ഒരു ഗന്ധ​വും നി​ങ്ങള്‍ അനു​ഭ​വി​ക്കാ​താ​വു​ന്നു. ചീത്ത ഗന്ധ​വു​മി​ല്ല, നല്ല ഗന്ധ​വു​മി​ല്ല.

പി​ന്നെ, ആറു​ല​ക്ഷം ഫ്രാ​ങ്ക്: ആ അവി​വാ​ഹി​ത​വൃ​ദ്ധ​യു​ടെ മന​ശ്ചാ​ഞ്ച​ല്യ​ത്തെ ഇല്ലാ​താ​ക്കി. അവ​ളു​ടെ അച്ഛന്‍ അവളെ ഒട്ടും​ത​ന്നെ കാ​ര്യ​മാ​ക്കാ​തി​രു​ന്ന​തു​കൊ​ണ്ട് മരി​യു​സ്സി​ന്റെ വി​വാ​ഹ​ത്തെ​പ്പ​റ്റി അദ്ദേ​ഹം അവ​ളോ​ടാ​ലോ​ചി​ച്ച​തേ​യി​ല്ല. ഒരടിമ എന്ന​തു​പോ​യി സ്വേ​ച്ഛാ​ധി​കാ​രി​യായ അദ്ദേ​ഹം പതി​വു​പോ​ലെ അപ്പോള്‍ തോ​ന്നി​യ​ത് ചെ​യ്യും; ഒരൊ​റ്റ വി​ചാ​ര​മേ അദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു​ള്ളു—മരി​യു​സ്സി​നെ സന്തോ​ഷി​പ്പി​ക്ക​ണം. വലി​യ​മ്മ​യെ​പ്പ​റ്റി​യാ​ണെ​ങ്കില്‍—അങ്ങ​നെ​യൊ​രാള്‍ അവി​ടെ​യു​ണ്ടെ​ന്നും അവള്‍ക്കും സ്വ​ന്ത​മാ​യി ചില അഭി​പ്രാ​യ​മു​ണ്ടാ​വാ​മെ​ന്നും അദ്ദേ​ഹം ആലോ​ചി​ട്ടി​ല്ല; വെറും പി​ട​യാ​ടാ​ണെ​ങ്കി​ലും അവ​ളേ​യും അതു ശു​ണ്ഠി​പി​ടി​പ്പി​ച്ചു. പുറമേ ക്ഷോ​ഭ​ര​ഹി​ത​യാ​യി​രു​ന്നു​വെ​ങ്കി​ലും, അക​ത്ത് ഏതാ​ണ്ടു ക്രോ​ധം കയറിയ അവള്‍ സ്വയം പറ​ഞ്ഞു: ‘എന്നോ​ടു ചോ​ദി​ക്കാ​തെ എന്റെ അച്ഛന്‍ കല്യാ​ണം നി​ശ്ച​യി​ച്ചു; അദ്ദേ​ഹ​ത്തോ​ടു ചോ​ദി​ക്കാ​തെ ഞാന്‍ സ്വ​ത്തി​ന്റെ കാ​ര്യം നി​ശ്ച​യി​ക്കും.’ വാ​സ്ത​വ​ത്തില്‍ അവള്‍ സമ്പ​ന്ന​യാ​യി​രു​ന്നു; അച്ഛന്‍ സമ്പ​ന്ന​ന​ല്ല​താ​നും. ഈ കാ​ര്യം അവളും മന​സ്സു​കൊ​ണ്ടു​റ​ച്ചു. ഒരു സാ​ധു​സ്ത്രീ​യെ​യാ​ണ് കല്യാ​ണം ചെ​യ്യാ​നു​റ​ച്ചി​രു​ന്ന​തെ​ങ്കില്‍ അവള്‍ അയാളെ ഇര​പ്പി​ച്ചേ​നേ. അത്ര​യും ദോഷം അവ​ന്നു തന്നെ! അവന്‍ ഒരി​ര​പ്പാ​ളി​ച്ചി​യെ കല്യാ​ണം കഴി​ക്കു​ന്നു; അവനും ഇര​പ്പാ​ളി​യാ​യി​രി​ക്ക​ട്ടെ.’ പക്ഷേ, കൊ​സെ​ത്തി​ന്റെ അഞ്ചു​ല​ക്ഷം വലി​യ​മ്മ​യെ രസി​പ്പി​ച്ചു; ഈ ദമ്പ​തി​ക​ളെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം വലി​യ​മ്മ തന്റെ നി​ശ്ച​യ​ത്തെ ഒന്നു ഭേ​ദ​പ്പെ​ടു​ത്തി, ആറു ലക്ഷം ഫ്രാ​ങ്കി​നെ ആര്‍ക്കും വി​ല​വെ​ക്കാ​തെ കഴി​യി​ല്ല; അതു​കൊ​ണ്ട്, ചെ​റു​പ്പ​ക്കാര്‍ക്ക് ആവ​ശ്യ​മി​ല്ലെ​ന്നു വന്ന സ്ഥി​തി​ക്ക്, അവള്‍ക്കു തന്റെ വക സ്വ​ത്തും അവര്‍ക്കു കൊ​ടു​ക്കു​ക​യ​ല്ലാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്നു വന്നു.

ദമ്പ​തി​കള്‍ മു​ത്ത​ച്ഛ​ന്റെ കൂ​ടെ​ത്ത​ന്നെ താ​മ​സി​ക്കുക എന്നു തീര്‍ച്ച​പ്പെ​ടു​ത്തി—വീ​ട്ടില്‍വെ​ച്ച് ഒന്നാ​ന്ത​രം സ്ഥ​ല​മായ സ്വ​ന്തം മുറി മൊ​സ്യു ഗില്‍നോര്‍മാന്‍ അവ​രോ​ടെ​ടു​ക്ക​ണ​മെ​ന്നു നിര്‍ബ​ന്ധി​ച്ചു—അതെ​ന്നെ ഒരി​ക്കല്‍ക്കൂ​ടി യു​വാ​വാ​ക്കും, അദ്ദേ​ഹം പറ​ഞ്ഞു: “അതെ​ന്റെ ഒരു പഴയ യു​ക്തി​യാ​ണ്. എന്റെ മു​റി​യില്‍വെ​ച്ച ഒരു വി​വാ​ഹം നട​ത്ത​ണ​മെ​ന്നു​വ​ള​രെ​ക്കാ​ല​മാ​യി ഞാ​ഗ്ര​ഹി​ച്ചു​വ​രു​ന്നു.

അദ്ദേ​ഹം ആ മുറി ഒരു​പാ​ടു മോ​ടി​സ്സാ​മാ​ന​ങ്ങ​ളെ​ക്കൊ​ണ്ടു് അല​ങ്ക​രി​ച്ചു. വള​രെ​ക്കാ​ല​മാ​യി കൈ​യി​ലു​ള്ള​തും മഞ്ഞ​ളി​പ്പു​നി​റ​ത്തി​ലു​ള്ള പട്ടു​ശീ​ല​യി​ന്മേൽ വി​ല്ലീ​സ് പൂ​വു​കള്‍ തു​ന്നി​പ്പി​ടി​പ്പി​ച്ച​തു​മാ​യി ഹോ​ള​ണ്ടു രാ​ജ്യ​ത്തു​നി​ന്നു വന്ന​തെ​ന്ന് അദ്ദേ​ഹം വി​ശ്വ​സി​ച്ചു​പോ​രു​ന്ന ഒര​സാ​ധാ​ര​ണ​ത്തു​ണി​കൊ​ണ്ടു് തട്ടും ചു​മ​രു​ക​ളും മൂ​ടി​യ​ണി​ഞ്ഞു— അദ്ദേ​ഹം പറ​ഞ്ഞു; “ഈ തു​ണി​കൊ​ണ്ടാ​ണ് ലറോ​ഷ്ഗ്വി​യോ​ങ് കൊ​ട്ടാ​ര​ത്തില്‍ ദാ​ങ്വില്‍ഡ​ച്ച​സ്സി​ന്റെ കട്ടില്‍ അല​ങ്ക​രി​ച്ചി​രു​ന്ന​ത്—അടു​പ്പു​തി​ണ്ണി മേല്‍ മേ​ത്ത​രം പി​ഞ്ഞാ​ണം​കൊ​ണ്ടു, നഗ്ന​മായ വയ​റ്റ​ത്ത് ഒരുവക കൈ​യു​റു​മാല്‍ പി​ടി​ച്ചു ഒരു ചെ​റു​രൂ​പം അദ്ദേ​ഹം ഉണ്ടാ​ക്കി​ച്ചു.

മൊ​സ്യു ഗില്‍നോര്‍മാ​ന്റെ വാ​യ​ന​മു​റി മരി​യു​സ്സി​ന്നാ​വ​ശ്യ​മു​ള്ള ഒരു വക്കീല്‍ വാ​യ​ന​സ്ഥ​ല​മാ​യി; ഭര​ണ​സ​ഭാം​ഗ​ത്തി​ന് ഒരു വാ​യ​ന​സ്ഥ​ലം ആവ​ശ്യ​മാ​ണ​ല്ലോ.

കു​റി​പ്പു​കൾ

[1] പരമ ജ്ഞാ​നി​യായ ഗ്രീ​ക്ക് മോ​ജാ​വി മഹാ​ജ്ഞാ​നി​യെ നെ​സ്തോര്‍ എന്നു വി​ളി​ക്കാ​റു​ണ്ട്.

[2] കെ​ട്ടു​ക​ഥ​ക​ളും മറ്റും ഉണ്ടാ​ക്കി​യി​ട്ടു​ള്ള ഒരു ഫ്ര​ഞ്ച് എഴു​ത്തു​കാ​രൻ.

[3] ഒരു പ്ര​സി​ദ്ധ​നായ ഫ്ര​ഞ്ച് തത്ത്വ​ജ്ഞാ​നി​യും രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും.

[4] ഒരു ശംഖു വി​ളി​ച്ചു സമു​ദ്ര​ത്തി​ര​ക​ളെ വര്‍ദ്ധി​പ്പി​ക്കു​ക​യോ ഇല്ലാ​താ​ക്കു​ക​യോ ചെ​യ്യു​ന്ന ഒരു സമു​ദ്ര​ദേ​വത.

5.3.7
സു​ഖ​ത്തോ​ടു കൂ​ടി​ച്ചേര്‍ന്ന മനോ​രാ​ജ്യ​ത്തി​ന്റെ ഫലം

കാ​മി​നീ​കാ​മു​ക​ന്മാര്‍ ദി​വ​സം​പ്ര​തി തമ്മില്‍ക്ക​ണ്ടി​രു​ന്നു. കൊ​സെ​ത്ത് മൊ​സ്യൂ​ഫൂ​ഷല്‍വാ​ങ്ങോ​ടു​കൂ​ടി വരും—“ഇതു കീ​ഴ്മേല്‍ മറി​യ​ലാ​ണ്.’ മദാം​വ്വ​സേ​ല്ല് ഗില്‍നോര്‍മാന്‍ അഭി​പ്രാ​യ​പ്പെ​ട്ടു. ‘വധു വര​ന്റെ വീ​ട്ടി​ലേ​ക്കു വി​വാ​ഹ​പ്രാര്‍ത്ഥ​ന​യ്ക്കു വരിക.’ പക്ഷേ, മരി​യു​സ്സി​ന്റെ രോഗം ശമി​ച്ചു​തു​ട​ങ്ങി​യ​തോ​ടു​കൂ​ടി ആ സമ്പ്ര​ദാ​യം ബല​പ്പെ​ട്ടു; കൂ​ടി​ക്കാ​ഴ്ച​കള്‍ക്കു റ്യൂ ദ് ലോം അര്‍മേ​യി​ലെ വൈ​ക്കോല്‍ക്ക​സാ​ല​ക​ളെ​ക്കാള്‍ റ്യൂ ദെ ഫില്‍ദ്യു കല്‍വേ​റി​ലെ ചാ​രു​ക​സാ​ല​കള്‍ യോ​ജി​ച്ച​താ​ക​കൊ​ണ്ട് അത​ങ്ങ​നെ വേര്‍പി​ടി​ച്ചു. മരി​യു​സ്സും മൊ​സ്യു ഷു​ഷല്‍വാ​ങ്ങും തമ്മില്‍ക്കാ​ണാ​റു​ണ്ടെ​ങ്കി​ലും ഒന്നും സം​സാ​രി​ക്കാ​റി​ല്ല. അവര്‍ ആലോ​ചി​ച്ചു​റ​ച്ചി​ട്ടാ​ണെ​ന്നു തോ​ന്നും, ഓരോ പെണ്‍കി​ടാ​വി​നും വേണം ഒരു സഹ​ചാ​രി​ണി. കൊ​സെ​ത്തി​നു മൊ​സ്യു​ഫൂ​ഷല്‍വാ​ങ്ങി​ല്ലാ​തെ വരാന്‍ വയ്യാ. മരി​യു​സ്സി​ന്റെ കണ്ണില്‍, മൊ​സ്യു ഫൂ​ഷല്‍വാ​ങ് കൊ​സെ​ത്തി​ന്റെ ഒരു ലക്ഷ​ണ​മാ​യി​ത്തീര്‍ന്നു. അയാള്‍ അതു സമ്മ​തി​ച്ചു. എല്ലാ മനു​ഷ്യ​രു​ടേ​യും ജീ​വി​ത​സ്ഥി​തി നന്നാ​ക്കി​ത്തീര്‍ക്കുക എന്ന വിഷയം പി​ടി​ച്ച് അസ്പ​ഷ്ട​മാ​യും അങ്ങു​മി​ങ്ങും തൊ​ടാ​തെ​യും രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി തര്‍ക്കി​ച്ചു​തര്‍ക്കി​ച്ചു് അവര്‍ ‘അതേ’ ‘അല്ല’ എന്നു പറയുക എന്ന​തില്‍ നി​ന്നു കു​റ​ച്ചു കവി​ഞ്ഞു. സൗ​ജ​ന്യ​മാ​യും ഐച്ചി​ക​മാ​യും എല്ലാ​ത്ത​ര​ത്തി​ലും എല്ലാ മനു​ഷ്യ​ന്നും, കാ​റ്റും വെ​യി​ലു​മെ​ന്ന​പോ​ലെ കി​ട്ട​ത്ത​ക്ക​വി​ധം എല്ലാ ജന​ങ്ങള്‍ക്കും അനു​ഭ​വി​ക്കാ​വു​ന്ന വി​ധ​ത്തില്‍, വി​ദ്യാ​ഭ്യാ​സം നട​പ്പാ​ക്ക​ണ​മെ​ന്ന് ആഗ്ര​ഹ​മു​ള്ള മരി​യു​സ്സി​നോ​ട് അക്കാ​ര്യ​ത്തില്‍ കൊ​സെ​ത്തും യോ​ജി​ച്ചു. രണ്ടാ​ളും ഒന്നാ​യി. മൊ​സ്യു​ഫൂ​ഷല്‍വാ​ങ്ങും നല്ല​വ​ണ്ണം, ഏതാ​ണ്ടു സാ​ഹി​ത്യ ഭം​ഗി​യോ​ടു​കൂ​ടി​ത്ത​ന്നെ, സം​സാ​രി​ച്ചി​രു​ന്നു—എങ്കി​ലും അനിര്‍വ​ച​നീ​യ​മായ എന്തോ ഒന്നു് അയാള്‍ക്കു പോ​രാ​യ്മ​യു​ണ്ട്. ഒരു ലൗ​കി​ക​മ​നു​ഷ്യ​നെ​ക്കാള്‍ മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങി​ന് എന്തോ ഒന്ന് കു​റ​വു​ണ്ട്, അല്ലെ​ങ്കില്‍ അധി​ക​മു​ണ്ട്.

മരി​യു​സ് ഹൃ​ദ​യാ​ന്തര്‍ഭാ​ഗ​ത്തു​വെ​ച്ച്, തന്റെ ആലോ​ച​ന​യ്ക്ക​ടി​യില്‍ വെ​ച്ച്, ഈ മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങി​നെ, അയാളെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം ഉദാ​ര​നും ഉന്മേ​ഷ​ര​ഹി​ത​നു​മാ​യി​രു​ന്ന ആ മനു​ഷ്യ​നെ, എല്ലാ​ത്ത​രം മൗ​ന​ചോ​ദ്യ​ങ്ങ​ളെ​ക്കൊ​ണ്ടും വള​ഞ്ഞി​ട്ടി​രു​ന്നു. ചി​ല​പ്പോള്‍ അയാള്‍ക്കു തന്റെ സ്വ​ന്തം സ്മ​ര​ണ​ക​ളെ​പ്പ​റ്റി​ത്ത​ന്നെ സംശയം ജനി​ക്കും. അയാ​ളു​ടെ ഓര്‍മ്മ​യില്‍ ഒരു ഗു​ഹ​യു​ണ്ടാ​യി​രു​ന്നു, ഒരി​രുള്‍ സ്ഥലം, നാ​ലു​മാ​സ​ത്തെ മര​ണ​വേ​ദ​ന​യാല്‍ കു​ഴി​ച്ചു​ണ്ടാ​ക്ക​പ്പെ​ട്ട ഒര​ഗാ​ധ​സ്ഥ​ലം—അതി​നു​ള്ളില്‍ പലതും ആണ്ടു​പോ​യി. അത്ര​മേല്‍ സഗൗ​ര​വ​നും ശാ​ന്ത​നു​മാ​യി കാ​ണ​പ്പെ​ടു​ന്ന ആ മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങി​നെ വഴി​ക്കോ​ട്ട​യില്‍വെ​ച്ച് കാ​ണു​ക​യു​ണ്ടാ​യെ​ന്നു​ള്ള​തു വാ​സ്ത​വം​ത​ന്നെ​യോ എന്നു​കൂ​ടി അയാള്‍ ഒരി​ക്കല്‍ സ്വയം ചോ​ദി​ക്കു​ക​യു​ണ്ടാ​യി.

എന്താ​യാ​ലും കഴി​ഞ്ഞ​കാ​ല​ത്തെ ആവിര്‍ദാ​വ​ങ്ങ​ളും തി​രോ​ഭാ​വ​ങ്ങ​ളും​കൂ​ടി ഈയൊ​ര​മ്പ​ര​പ്പു മാ​ത​മ​ല്ല അയാ​ളില്‍ ഉണ്ടാ​ക്കി​യി​രു​ന്നു​ള്ളൂ. നമ്മള്‍ സു​ഖി​ത​രാ​യി​രി​ക്കു​മ്പോ​ഴും, നമ്മള്‍ സം​തൃ​പ്ത​രാ​യി​രി​ക്കു​മ്പോ​ഴും, നമ്മെ​ക്കൊ​ണ്ട് കഴി​ഞ്ഞ സം​ഗ​തി​ക​ളി​ലേ​ക്കു കു​ണ്ഠി​ത​ത്തോ​ടു​കൂ​ടി നോ​ക്കി​ക്കു​ന്ന ആ ഓര്‍മ്മ​യു​ടെ അപ​സ്മാ​ര​വി​കൃ​തി​യില്‍നി​ന്ന് അയാള്‍ രക്ഷ​പ്പെ​ട്ടി​രു​ന്നു എന്ന് ശങ്കി​ക്കേ​ണ്ട. മറ​ഞ്ഞു പോയ ആകാ​ശാ​ന്ത​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​ത്ത തല​യെ​ക്കൊ​ണ്ട് ആലോ​ചി​ക്കാ​നാ​വ​ട്ടെ സ്നേ​ഹി​ക്കാ​നാ​വ​ട്ടെ കഴി​യി​ല്ല. ചില സമ​യ​ങ്ങ​ളില്‍ മരി​യു​സ് രണ്ടു കൈ​കൊ​ണ്ടും മുഖം അമർ​ത്തി​പ്പി​ടി​ക്കും; അവ്യ​ക്ത​വും ക്ഷു​ഭി​ത​വു​മായ ഭൂ​ത​കാ​ലം അയാ​ളു​ടെ തല​ച്ചോ​റില്‍ തങ്ങി​നി​ല്ക്കു​ന്ന മങ്ങ​ലി​ലൂ​ടേ പാ​ഞ്ഞു​പോ​വും. ഒരി​ക്കല്‍ക്കൂ​ടി അയാള്‍ മബെ മരി​ച്ചു​വീ​ഴു​ന്ന​തു കാണും, വെ​ടി​യു​ണ്ട​ക​ളു​ടെ നടു​ക്കു​വെ​ച്ച് ഗവ്രോ​ഷ് പാ​ടു​ന്ന​തു കേള്‍ക്കും, തന്റെ ചു​ണ്ടു​കള്‍ക്കു മുന്‍പില്‍ എപ്പൊ​നൈ​ന്റെ തണു​ത്ത നെ​റ്റി​ത്ത​ടം അനു​ഭ​വ​പ്പെ​ടും; ആന്‍ഷൊല്‍രാ, കൂര്‍ഫെ​രാ​ക്, ഴാ​ങ്പ്രൂ​വേര്‍, കൊം​ബ്ഫേര്‍, ബ്രൊ​സ്സ്വെ, ഗ്ര​ന്തേര്‍—തന്റെ എല്ലാ സു​ഹൃ​ത്തു​ക്ക​ളും അയാ​ളു​ടെ മുന്‍പില്‍ എഴു​ന്നേ​റ്റു നി​വര്‍ന്നു​നി​ന്നു, വീ​ണ്ടും നേര്‍ത്ത വാ​യു​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു മറയും. ഈ പ്രി​യ​പ്പെ​ട്ട​വ​രോ, ദുഃ​ഖ​ശീ​ല​ന്മാ​രോ, ധീ​ര​ന്മാ​രോ, രസി​ക​ന്മാ​രോ അല്ലെ​ങ്കില്‍ വ്യ​സ​ന​ക​ര​ന്മാ​രോ ആയ എല്ലാ​വ​രും വെറും മനോ​രാ​ജ്യ​ങ്ങള്‍ മാ​ത്ര​മാ​വു​മോ? ഇവ​രൊ​ക്കെ വാ​സ്ത​വ​ത്തില്‍ ജീ​വി​ച്ചി​രു​ന്നു​വോ? ലഹള സക​ല​ത്തേ​യും അതി​ന്റെ പു​ക​യില്‍ മൂടി. ഇത്ത​രം വലിയ സന്നി​പാ​ത​ജ്വ​ര​ങ്ങള്‍ വലിയ സ്വ​പ്ന​ങ്ങ​ളെ തോ​ന്നി​ക്കു​ന്നു. അയാള്‍ സ്വയം അന്വേ​ഷി​ച്ചു; അയാള്‍ സ്വയം അനു​ഭ​വി​ച്ചു; ഈ തി​രോ​ഭൂ​ത​ങ്ങ​ളായ വാ​സ്ത​വ​സ്ഥി​തി​കള്‍ അയാ​ളു​ടെ തല​ചു​റ്റി​ച്ചു; അവ​രെ​ല്ലാം അപ്പോള്‍ എവി​ടെ​യാ​യി​രു​ന്നു? എല്ലാ​വ​രും മരി​ച്ചു​പോ​യി​രി​ക്കു​ന്നു എന്ന​തു വാ​സ്ത​വ​മാ​ണോ? നി​ഴല്‍പാ​ടു​ക​ളി​ലേ​ക്കു​ള്ള ഒരു വീഴ്ച അയാളെ ഒഴി​ച്ചു ബാ​ക്കി സക​ല​വും​കൊ​ണ്ടു നട​ന്നു. അതെ​ല്ലാം ഒരു നാ​ട​ക​ത്തില്‍ തി​ര​ശ്ശീ​ല​യില്‍ മറ​ഞ്ഞ​തു​പോ​ലെ അയാള്‍ക്കു തോ​ന്നി. ജീ​വി​ത​ത്തില്‍, താ​ഴ​ത്തേ​ക്കു വീ​ണു​ക​ള​യു​ന്ന ഇത്ത​രം തി​ര​ശ്ലീ​ല​ക​ളു​ണ്ട്. ഈശ്വ​രന്‍ പി​ന്ന​ത്തെ അങ്ക​ത്തി​ലേ​ക്കു കട​ക്കു​ന്നു.

അയാള്‍ത​ന്നെ—താന്‍ വാ​സ്ത​വ​ത്തില്‍ അന്ന​ത്തെ ആളാണോ? ദരി​ദ്ര​നാ​യി​രു​ന്ന താന്‍ ധന​വാ​നാ​യി; ഉപേ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന താൻ കു​ടും​ബി​യാ​യി; നി​രാ​ശ​നാ​യി​രു​ന്ന താന്‍ കൊ​സെ​ത്തി​നെ വി​വാ​ഹം ചെ​യ്യാന്‍ പോ​കു​ന്നു. അയാള്‍ക്കു താ​നൊ​രു ശവ​ക്ക​ല്ല​റ​യെ കട​ന്നു​പോ​കു​ന്ന​താ​യും, കറു​ത്തും​കൊ​ണ്ട അങ്ങോ​ട്ടു ചെന്ന താന്‍ വെ​ളു​ത്തും​കൊ​ണ്ട് അതില്‍നി​ന്നു തി​രി​ച്ചു​പോ​ന്ന​താ​യും, താ​ന​ല്ലാ​തെ ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം അതില്‍ത്ത​ന്നെ താ​മ​സ​മാ​ക്കി​യ​താ​യും തോ​ന്നി. ചില സമ​യ​ത്ത് ഈ കഴി​ഞ്ഞു​പോയ എല്ലാ​വ​രും തി​രി​ച്ചു​വ​ന്ന് അയാ​ളു​ടെ നാ​ലു​പു​റ​വും​കൂ​ടി, അയാളെ കാ​ണാ​താ​ക്കും; അപ്പോള്‍ അയാള്‍ കൊ​സെ​ത്തി​നെ​പ്പ​റ്റി വി​ചാ​രി​ച്ചു തന്റെ പ്ര​ശാ​ന്ത​മ​ഹി​മ​യെ വീ​ണ്ടെ​ടു​ക്കും; എന്നാല്‍ ആ അത്യാ​പ​ത്തി​നെ മന​സ്സില്‍നി​ന്നു മാ​ച്ചു​ക​ള​യാന്‍ ഈയൊ​രാ​ന​ന്ദാ​വേ​ഗ​ത്തെ​ക്കൊ​ണ്ട​ല്ലാ​തെ സാ​ധി​ക്കു​ക​യു​മി​ല്ല.

ഈ തി​രോ​ഭൂ​ത​ങ്ങ​ളായ സത്ത്വ​ങ്ങള്‍ക്കി​ട​യില്‍ മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങി​ന് ഏതാ​ണ്ടൊ​രു സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. വഴി​ക്കോ​ട്ട​യി​ലെ മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങും കൊ​സെ​ത്തി​ന്റെ അടു​ത്ത് അത്ര​യും സഗൗ​ര​വ​നാ​യി​രി​ക്കു​ന്ന ഈ മനു​ഷ്യ​ദേ​ഹ​മു​ള്ള മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങും ഒരാള്‍ത​ന്നെ​യാ​ണെ​ന്നു വി​ശ്വ​സി​ക്കാന്‍ അയാള്‍ ഞെ​രു​ങ്ങി. ആദ്യ​ത്തേ​തു പക്ഷേ, തന്റെ മോ​ഹാ​ല​സ്യ​ങ്ങ​ളി​ലൊ​ന്നില്‍ ഉണ്ടാ​യി​ത്തീര്‍ന്ന ഒരു ദു​സ്സ്വ​പ്ന​മാ​യി​രി​ക്കാം. എന്താ​യാ​ലും രണ്ടു​പേ​രു​ടേ​യും പ്ര​കൃ​തി പരു​ഷ​മാ​യി​രു​ന്നു; അതി​നെ​പ്പ​റ്റി മരി​യു​സ്സില്‍നി​ന്നു മൊ​സ്യു ഫു​ഷല്‍വാ​ങ്ങി​ലേ​ക്ക് ഒരു ചോ​ദ്യം ചെ​ല്ലുക എന്ന​തു​ണ്ടാ​വാന്‍വ​യ്യാ. അയാള്‍ക്ക് അങ്ങ​നെ​യൊ​രു വി​ചാ​രം ഉണ്ടാ​യി​ട്ടേ​യി​ല്ല. ഞങ്ങള്‍ ഈ സവി​ശേ​ഷ​വി​വ​രം മുന്‍പേ​ത​ന്നെ സു​ചി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്.

ഒരു ഗു​ഢ​കാ​ര്യം രണ്ടു​പേ​രു​ടേ​യും ഉള്ളില്‍ ഉണ്ടാ​യി​രി​ക്ക​യും, ഒരു മൗ​ന​ക്ക​രാ​റ​നു​സ​രി​ച്ചെ​ന്ന​പോ​ലെ, അതി​നെ​പ്പ​റ്റി അന്യോ​ന്യം ഒന്നും മി​ണ്ടാ​തി​രി​ക്ക​യും ചെ​യ്യു​ന്ന രണ്ടാള്‍ ഉണ്ടാ​വു​ന്ന​തു, സാ​ധാ​ര​ണ​മാ​യി വി​ചാ​രി​ക്കു​ന്നേ​ട​ത്തോ​ളം തന്നെ, അസാ​ധാ​ര​ണ​മ​ല്ല.

ഒരി​ക്കല്‍ മാ​ത്ര​മേ, മരി​യു​സ് അതിനു ശ്ര​മി​ക്കു​ക​യു​ണ്ടാ​യു​ള്ളു. അയാള്‍ സം​സാ​ര​ത്തി​നി​ട​യില്‍ റ്യു ദ് ല ഷങ്വ്രെ​റി​യെ കൊ​ണ്ടു​വ​ന്നു: എന്നി​ട്ട് മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങോ​ടു തി​രി​ഞ്ഞു ചോ​ദി​ച്ചു; ’നി​ശ്ച​യ​മാ​യും ആ തെ​രു​വു നി​ങ്ങൾ​ക്ക​റി​യാ​മ​ല്ലോ!’

‘ഏതു തെ​രു​വ്?’

‘റ്യു ദ് ല ഷങ്വ്രെ​റി?”

‘എനി​ക്കാ​ത്തെ​രു​വി​ന്റെ പേ​രി​നെ​പ്പ​റ്റി അറി​വൊ​ന്നു​മി​ല്ല.” ലോ​ക​ത്തില്‍വെ​ച്ച് ഏറ്റ​വു​മ​ധി​കം സാ​ധാ​ര​ണ​മായ മട്ടില്‍ മൊ​സ്യൂ ഫൂ​ഷല്‍വാ​ങ്ങ് മറു​പ​ടി പറ​ഞ്ഞു.

തെ​രു​വി​നെ​പ്പ​റ്റി​യ​ല്ല, തെ​രു​വി​ന്റെ പേ​രി​നെ​പ്പ​റ്റി​ത്ത​ന്നെ ഈയൊരു മറു​പ​ടി വന്ന​പ്പോള്‍, മരി​യു​സ്സി​ന് അതു കു​റേ​ക്കൂ​ടി വി​ശ്വാ​സ്യ​മാ​യി​ത്തോ​ന്നി.

‘നി​ശ്ച​യ​മാ​യും, ഞാന്‍ സ്വ​പ്നം കണ്ട​താ​ണ്. എന്നെ ഒരു ചി​ത്ത​ഭ്ര​മം ബാ​ധി​ച്ചു. അത അയാ​ളു​ടെ ഛാ​യ​യി​ലു​ള്ള മറ്റാ​രോ ആയി​രി​ക്ക​ണം. മൊ​സ്യു ഫൂ​ഷല്‍വാ​ങ് അവിടെ വന്നി​ട്ടി​ല്ല.’

5.3.8
കണ്ടെ​ത്താന്‍ പ്ര​യാ​സ​മു​ള്ള രണ്ടു പേര്‍

മരി​യു​സ്സി​ന്റെ മതി​മ​യ​ക്ക​ത്തെ​ക്കൊ​ണ്ട്, അതെ​ത്ര​ത​ന്നെ വലു​താ​യി​രു​ന്നു​വെ​ങ്കി​ലും, അയാ​ളു​ടെ മറ്റു വി​ചാ​ര​ങ്ങ​ളെ ഉള്ളിൽ​നി​ന്നു മാ​ച്ചു​ക​ള​യാന്‍ കഴി​ഞ്ഞി​ല്ല. വി​വാ​ഹാ​ഘോ​ഷ​ത്തി​നു​ള്ള ഒരു​ക്ക​ങ്ങള്‍ നട​ക്കെ, ആ ദിവസം വന്നു​കി​ട്ടാന്‍ കാ​ത്തും​കൊ​ണ്ടി​രി​ക്കെ, അയാള്‍ ബു​ദ്ധി​മു​ട്ടി നി​ഷ്കര്‍ഷി​ച്ചു പല അന്വേ​ഷ​ണ​ങ്ങ​ളും ചെ​യ്യേ​ണ്ട​തു ചെ​യ്തു.

. അയാള്‍ പല ദി​ക്കി​ലും നന്ദി കാ​ണി​ക്കേ​ണ്ട​തു​ണ്ട്; തന്റെ അച്ഛ​ന്നു വേ​ണ്ടി​യും സ്വ​ന്തം നി​ല​യ്ക്കും അതു വേ​ണ്ടി​യി​രി​ക്കു​ന്നു.

തെ​നാര്‍ദി​യെ​രു​ണ്ട്; അയാളെ, മരി​യു​സ്സി​നെ, മൊ​സ്യൂ ഗില്‍നോര്‍മാ​ന്റെ അടു​ക്കല്‍ കൊ​ണ്ടു​വ​ന്നാ​ക്കിയ ആ അജ്ഞാ​ത​മ​നു​ഷ്യ​നു​ണ്ട്, പി​ന്നെ.

കല്യാ​ണം കഴി​ച്ചു. സു​ഖ​മാ​യി. ഇവരെ രണ്ടു​പേ​രേ​യും മറ​ന്നു​ക​ള​യാന്‍ വി​ചാ​രി​ച്ചി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടും, ഈ കട​പ്പാ​ടു തീര്‍ത്തി​ട്ടി​ല്ലെ​ങ്കില്‍, അത്ര​യും ഭാ​വി​യില്‍ പ്ര​കാ​ശ​മാ​ന​മാ​വാ​തി​രി​ക്കു​ന്ന തന്റെ ജീ​വി​ത​ത്തില്‍ ഇവര്‍ ഒരു നി​ഴല്‍ വീ​ശി​യേ​ക്കു​മെ​ന്ന ഭയ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടും, മരി​യു​സ് ഈ രണ്ടു​പേ​രേ​യും കണ്ടു​പി​ടി​ക്കാന്‍ യത്നി​ച്ചു.

ഈ ദുഃ​ഖ​ക്കൂ​ടി​ശ്ശി​ക​ക​ളെ​യെ​ല്ലാം തള്ളി​ക്ക​ള​യുക അയാള്‍ക്ക് അസാ​ധ്യ​മാ​യി​രു​ന്നു; ഭാ​വി​യി​ലേ​ക്ക് ആഹ്ലാ​ദ​പൂര്‍വം പ്ര​വേ​ശി​ക്കു​ന്ന​തി​നു മുന്‍പാ​യി ഭൂ​ത​കാ​ല​ത്തി​ന്റെ കൈ​യില്‍നി​ന്ന് തി​ക​ച്ചും വി​ട്ടു​പോ​ര​ണ​മെ​ന്ന് അയാള്‍ക്കു​ണ്ടാ​യി​രു​ന്നു.

തെ​നാര്‍ദി​യെര്‍ ഒരു കള്ള​നാ​ണെ​ന്നു​ള്ള​തു​കൊ​ണ്ട് അയാള്‍ കേര്‍ണല്‍ പൊ​ങ്മേര്‍സി​യെ രക്ഷി​ച്ചു എന്നു​ള്ള​ത് പോ​യ്പോ​കു​ന്നി​ല്ല. മരി​യു​സ്സി​ന്റെ​യൊ​ഴി​ച്ചു ലോ​ക​ത്തി​ന്റെ മു​ഴു​വ​നും, കണ്ണി​ന് തെ​നാര്‍ദി​യെര്‍ ഒരു ഘാ​തു​ക​നാ​യി​രു​ന്നു.

പി​ന്നെ വാ​ട്ടര്‍ലൂ യു​ദ്ധ​ഭൂ​മി​യില്‍വെ​ച്ചു വാ​സ്ത​വ​ത്തി​ലു​ണ്ടാ​യ​തി​ന്ന​തെ​ന്ന് മരി​യു​സ്സി​ന് അറി​ഞ്ഞു​കൂ​ടാ​ത്ത​തു​കൊ​ണ്ട്, അയാ​ളു​ടെ അച്ഛന്‍, തെ​നാര്‍ദി​യെ​രെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം, യാ​തൊ​രു കൃ​ത​ജ്ഞ​ത​യ്ക്കും അവ​കാ​ശ​മി​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് ജീ​വ​നോ​ടു​കൂ​ടി അവി​ടെ​നി​ന്ന് പോ​ന്നി​ട്ടു​ള്ള​തെ​ന്ന ആ സവി​ശേഷ വിവരം അയാള്‍ മന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല.

മരി​യു​സ് ഏര്‍പ്പെ​ടു​ത്തിയ പല ആളു​ക​ളില്‍ ആരെ​ക്കൊ​ണ്ടും തെ​നാര്‍ദി​യെ​രെ സ്സം​ബ​ന്ധി​ച്ച് ഒരു വി​വ​ര​വും ഉണ്ടാ​ക്കി​ക്കൊ​ണ്ടു​വ​രാന്‍ കഴി​ഞ്ഞി​ല്ല. ആ ഭാഗം തീരേ നശി​ച്ചു​പോ​യി​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി. മദാം തെ​നാര്‍ദി​യെര്‍ കേ​സ്സു​വി​ചാ​ര​ണ​യ്ക്കു മുന്‍പാ​യി തട​വില്‍വെ​ച്ചു മരി​ച്ചു. ആ കു​ടും​ബ​ത്തില്‍ ശേ​ഷി​പ്പു​ണ്ടാ​യി​രു​ന്ന തെ​നാര്‍ദി​യെ​രും അസെല്‍മ​യും അന്ധ​കാ​ര​ത്തി​ലേ​ക്കു​ത​ന്നെ ആണ്ടു. സാ​മു​ദാ​യി​ക​മായ അജ്ഞാ​ത​ത്വ​ത്തി​ലെ അഗാ​ധ​ഗുഹ ആ രണ്ടു സത്ത്വ​ങ്ങ​ളെ​യും അക​ത്താ​ക്കി. മു​കള്‍ബ്ഭാ​ഗ​ത്ത് ആ ഒരു വി​റ​യെ​ങ്കി​ലും, ആ ഒര​ന​ക്ക​മെ​ങ്കി​ലും, എന്തോ ഒന്ന​ക​ത്ത് വീ​ണി​ട്ടു​ണ്ടെ​ന്നും ആഴ​മ​ള​ക്കു​ന്ന ഈയ​ക്ക​ട്ടി ഇനി ഇട്ടു​നോ​ക്കാ​മെ​ന്നും കാ​ണി​ക്കു​ന്ന ആ അസ്പ​ഷ്ട​ങ്ങ​ളായ മണ്ഡ​ല​ങ്ങ​ളു​ടെ ഒരു വട്ടം​വീ​ശ​ലെ​ങ്കി​ലു​മാ​വ​ട്ടേ കാ​ണാ​നി​ല്ല.

മദാം തെ​നാർ​ദി​യെർ മരി​ച്ചു​പോ​ക​യും, ബു​ലാ​ത്രു​യെ​ലി​നെ വി​ചാ​ര​ണ​യില്‍ നി​ന്നൊ​ഴി​വാ​ക്കു​ക​യും, ക്ല​ക്സു​വി​നെ കാ​ണാ​താ​വു​ക​യും, പ്ര​ധാ​ന​രെ​ല്ലാം തട​വില്‍നി​ന്നു ചാ​ടി​പ്പോ​വു​ക​യും ചെയ്ത സ്ഥി​തി​ക്ക് ഗോര്‍ബോ ഭവ​ന​ത്തില്‍വെ​ച്ചു​ണ്ടായ കള്ള​പ്പ​തി​യി​രി​പ്പി​ന്റെ വി​ചാ​രണ സാ​ര​മാ​വാ​തെ പോയി.

ആ കാ​ര്യം അങ്ങ​നെ മോ​ശ​മാ​യി​ക്കി​ട​ന്നു. സെ​ഷ്യന്‍കോ​ട​തി​ക്കി രണ്ടു നി​സ്സാ​ര​ന്മാ​രെ, പ്രിന്‍ത​നി​യേര്‍ എന്നും ബി​ഗ്ര​നെ​യി എന്നും​കൂ​ടി പേ​രു​ള്ള പങ്ഷോ​വി​നേ​യും​ദൊ​മി​ലി​യാര്‍ എന്നു​കൂ​ടി പേ​രു​ള്ള ദെ​മി​ലി​യാ​രേ​യും, പത്തു​കൊ​ല്ല​ത്തേ​ക്ക് തണ്ടു​വ​ലി​ശ്ശി​ക്ഷ​സ്ഥ​ല​ത്തേ​ക്ക​യ​ച്ച​തു​കൊ​ണ്ട് തൃ​പ്തി​പ്പെ​ട​ണ്ടി​വ​ന്നു. ജീ​വ​പ​ര്യ​ന്തം കഠി​ന​ത​ട​വാ​ണ്. ആ ചാ​ടി​പ്പോ​യ​വ​രും ദു​ശ്ലാ​ഠ്യ​ക്കാ​രു​മായ അവ​രു​ടെ കൂ​ട്ടു​കാര്‍ക്കു വി​ധി​ച്ചി​ട്ടു​ള്ള ശിക്ഷ.

നേ​താ​വും തല​വ​നു​മായ തെ​നാര്‍ദി​യെ​രെ, ദു​ശ്ശാ​ഠ്യ​ത്തി​ന്റെ ഫല​മാ​യി, ശി​ര​ച്ഛേ​ദം ചെ​യ്വാ​നും വി​ധി​യാ​യി.

ഒരു ശവ​മ​ഞ്ച​ത്തി​നു പി​ന്നില്‍നി​ന്ന് ഒരു മെ​ഴു​തി​രി​പോ​ലെ ആ സം​സ്ക​രി​ക്ക​പ്പെ​ട്ട പേ​രി​ന്മേ​ലേ​ക്കു് തന്റെ വ്യ​സ​ന​ക​ര​മായ പ്ര​കാ​ശ​നാ​ള​ത്തെ വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് ഈ ശി​ക്ഷാ​വി​ധി മാ​ത്ര​മേ തെ​നാര്‍ദി​യെ​രെ​പ്പ​റ്റി ഒരു വി​രാ​മ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളു.

എന്ന​ല്ല, വീ​ണ്ടും പി​ടി​ക്ക​പ്പെ​ട്ടു​പോ​യാ​ലോ എന്നു​ള്ള ഭയ​ത്തോ​ടു​കു​ടി തെ​നാര്‍ദി​യെ​രെ അങ്ങേ അറ്റ​ത്തെ അഗാ​ധ​ത​ക​ളി​ലേ​ക്കു പി​ടി​ച്ചു​ന്തി, ഈ ശി​ക്ഷാ​വി​ധി ആ മനു​ഷ്യ​നെ മൂ​ടി​യി​രു​ന്ന നി​ഴ​ലു​ക​ളു​ടെ കട്ടി​ത്ത​ത്തി​നു ഒന്നു​കൂ​ടി ശക്തി​വെ​പ്പി​ച്ചു.

മറ്റെ​യാ​ളെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം, മരി​യു​സ്സി​നെ രക്ഷ​പ്പെ​ടു​ത്തിയ അജ്ഞാ​ത​മ​നു​ഷ്യ​ന്റെ കാ​ര്യ​ത്തില്‍, അന്വേ​ഷ​ണം ആദ്യ​ത്തില്‍ ഏറ​ക്കു​റെ വി​ജ​യ​ക​ര​മാ​യി വന്നി​ട്ടു പെ​ട്ടെ​ന്ന് ഒരു വീ​ഴ്ച​വീ​ണു. ജൂണ്‍ 6-ാംനു വൈ​കു​ന്നേ​രം മരി​യു​സ്സി​നെ​റ്യൂ ദെ ഫില്‍ദ്യു കല്‍വേ​റി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കൂ​ലി​വ​ണ്ടി ഇന്ന​തെ​ന്ന് അവര്‍ കണ്ടു​പി​ടി​ച്ചു.

ജൂണ്‍മാ​സം 6-ാംനു, ഒരു പൊ​ല്ലീ​സ്സു​ദ്യോ​ഗ​സ്ഥ​ന്റെ ആജ്ഞ​പ്ര​കാ​രം ഉച്ച​തി​രി​ഞ്ഞു മൂ​ന്നു​മ​ണി​മു​തല്‍ സന്ധ്യ​വ​രെ ഷാം​സെ​ലി​സെ​പാ​താ​റില്‍ വലിയ ഓവു​ചാ​ലി​ന്റെ പ്ര​വേ​ശ​ദ്വാ​ര​ത്തി​നു മു​ക​ളില്‍ താന്‍ കാ​ത്തു​നില്‍ക്കു​ക​യു​ണ്ടാ​യെ​ന്നും; ഒമ്പ​തു മണി​യോ​ടു​കൂ​ടി പു​ഴ​യി​ലേ​ക്കു​ന്തി​നി​ല്ക്കു​ന്ന ഓവു​ചാ​ലി​ന്റെ അഴി​വാ​തില്‍ തു​റ​ക്ക​പ്പെ​ട്ടു എന്നും; കാ​ഴ്ച​യില്‍ മരി​ച്ചി​രി​ക്കു​ന്ന മറ്റൊ​രാ​ളെ പു​റ​ത്തേ​റ്റി ഒരാള്‍ അതി​ന്നു​ള്ളില്‍നി​ന്നു പു​റ​ത്തു കട​ന്നു എന്നും; അവിടെ കാ​വല്‍ നി​ന്നി​രു​ന്ന പൊ​ല്ലീ​സ്സു​ദ്യോ​ഗ​സ്ഥന്‍ ജീ​വ​നു​ള്ള ആളെ പി​ടി​ക്കു​ക​യും മരി​ച്ചു​പോയ ആളെ കൈ​യി​ലാ​ക്കു​ക​യും ചെ​യ്തു എന്നും; പൊ​ല്ലീ​സ്സു​ദ്യോ​ഗ​സ്ഥ​ന്റെ കല്പ​ന​പ്ര​കാ​രം താന്‍, വണ്ടി​ക്കാ​രന്‍, ‘ആ എല്ലാ കൂ​ട്ട​രേ​യും’ തന്റെ വണ്ടി​യില്‍ കേ​റ്റി​യെ​ന്നും; അവര്‍ റ്യൂ ദെ കല്‍വേ​റി​ലേ​ക്ക് വണ്ടി​യോ​ടി​ച്ചു എന്നും; അവിടെ അവര്‍ മരി​ച്ച ആളെ ഇറ​ക്കി എന്നും; ആ മരി​ച്ച ആള്‍ മൊ​സ്യു മരി​യു​സ്സാ​ണെ​ന്നും; ‘ഇക്കു​റി ജീ​വ​നോ​ടു​കൂ​ടി​യി​ട്ടാ​ണെ​ങ്കി​ലും അന്ന​ത്തെ ആള്‍ അതു​ത​ന്നെ​യാ​ണെ​ന്ന് താന്‍ കണ്ട​റി​യു​ന്നു​ണ്ടെ​ന്നും, എന്നി​ട്ട് അവര്‍ വീ​ണ്ടും വണ്ടി​യില്‍ക്ക​യ​റി, താന്‍ കു​തി​ര​ക​ളെ അടി​ച്ചു പാ​യി​ച്ചു എന്നും; റി​ക്കാര്‍ട്ടാ​പ്പീ​സി​ന്റെ പടി​ക്കല്‍നി​ന്ന് കു​റ​ച്ച​ക​ലെ​യെ​ത്തി​യ​പ്പോള്‍ അവര്‍ വണ്ടി നിര്‍ത്താന്‍ പറ​ഞ്ഞു​വെ​ന്നും; അവിടെ, തെ​രു​വില്‍, വെ​ച്ച് അവര്‍ തനി​ക്കു​ള്ള കൂലി തന്നു പി​രി​ഞ്ഞു​വെ​ന്നും; പൊ​ല്ലി​സ്സു​ദ്യോ​ഗ​സ്ഥന്‍ മറ്റെ​യാ​ളെ​യും പി​ടി​ച്ച് അവി​ടെ​നി​ന്നു കൊ​ണ്ടു​പോ​യി​യെ​ന്നും; പി​ന്നെ​ത്തെ കഥ യാ​തൊ​ന്നും തനി​ക്ക​റി​ഞ്ഞു​കൂ​ടാ എന്നും; രാ​ത്രി നല്ല ഇരു​ട്ടു​ള്ള​താ​യി​രു​ന്നു എന്നും വണ്ടി​ക്കാ​രന്‍ മൊ​ഴി​കൊ​ടു​ത്തു.

ഞങ്ങള്‍ പറ​ഞ്ഞി​ട്ടു​ള്ള​വി​ധം മരി​യു​സ്സി​ന് യാ​തൊ​ന്നും ഓര്‍മ്മ​യി​ല്ല. വഴി​ക്കോ​ട്ട​യില്‍വെ​ച്ച് താന്‍ പി​ന്നോ​ക്കം മറി​യു​മ്പോള്‍ പി​ന്നില്‍നി​ന്ന് ഒരു ശക്തി​യു​ള്ള കൈ തന്നെ പി​ടി​ക്കു​ക​യു​ണ്ടാ​യെ​ന്നു മാ​ത്ര​മേ അയാള്‍ക്കോര്‍മ്മ​യു​ള്ളു; പി​ന്നെ അയാ​ളെ​സ്സം​ബ​ന്ധി​ച്ചു​ള്ള സര്‍വ്വ​വും മറ​ഞ്ഞു​ക​ള​ഞ്ഞു.

മൊ​സ്യൂ ഗില്‍നോര്‍മാ​ന്റെ വീ​ട്ടില്‍വെ​ച്ചാ​ണ് അയാള്‍ക്കു പി​ന്നെ തന്റേ​ടം വന്നി​ട്ടു​ള്ള​ത്.

അയാള്‍ ഈഹി​ച്ചു കു​ഴ​ങ്ങി.

അയാള്‍ക്ക് സ്വ​ന്തം വ്യ​ക്തി​ബോ​ധം നി​ശ്ച​യ​മാ​യും വന്നു. എങ്കി​ലും, റ്യു ദ് ലഷ​ങ്വ്രെ​റി​യില്‍വെ​ച്ചു മോ​ഹാ​ല​സ്യ​പ്പെ​ട്ടു വീണ അയാളെ സെ​യിന്‍ന​ദി​യു​ടെ കര​യ്ക്ക്, പോ​ങ്ദെ ആന്‍വാ​ലി​ദി​ന്ന​ടു​ത്തു, വെ​ച്ചു ഒരു പൊ​ല്ലീ​സ്സു​ദ്യോ​ഗ​സ്ഥന്‍ എങ്ങ​നെ കൈ​യി​ലാ​ക്കി;

ആരോ ഒരാള്‍ അയാളെ ഹാല്‍പ്ര​ദേ​ശ​ത്തു​നി​ന്നെ​ടു​ത്തു ഷാം സെ​ലി​സെ​യില്‍ കൊ​ണ്ടു​വ​ന്നാ​ക്കി​യി​രി​ക്ക​ണം! എങ്ങ​നെ? ഓവു​ചാ​ലി​ലൂ​ടേ.

അശ്രു​ത​പൂര്‍വ്വ​മായ വാ​ത്സ​ല്യം!

ആരോ ഒരാള്‍? ആര്?

ഈയാ​ളെ​യാ​ണ് മരി​യു​സ്സു​ന്വേ​ഷി​ക്കു​ന്ന​ത്.

അയാളെ രക്ഷി​ച്ചു ഈ മനു​ഷ്യ​നെ​പ്പ​റ്റി യാ​തൊ​ന്നു​മി​ല്ല; ഒരു വി​വ​ര​വു​മി​ല്ല; എത്ര ചെറിയ സൂചന പോ​ലു​മി​ല്ല.

ഈയൊരു കാ​ര്യ​ത്തില്‍ വളരെ സൂ​ക്ഷി​ച്ചു പ്ര​വര്‍ത്തി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും, മരി​യു​സ് പൊ​ല്ലീ​സ്സു​ധ്യ​ക്ഷ​ന്റെ ആപ്പീ​സ്സില്‍പ്പോ​ലും അന്വേ​ഷ​ണം ചെ​യ്തു. മറ്റു ദി​ക്കു​ക​ളി​ലെ​ന്ന​പോ​ലെ​ത​ന്നെ അവി​ടെ​യും ആ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വിവരം കൊ​ണ്ടു വി​ശേ​ഷി​ച്ചു ഗു​ണ​മൊ​ന്നും കണ്ടി​ല്ല.

പൊ​ല്ലീ​സ്സ​ധ്യ​ക്ഷ​ന്റെ ആപ്പീ​സ്സില്‍ കൂ​ലി​വ​ണ്ടി​ക്കാ​ര​ന്നു​ണ്ടാ​യി​രു​ന്ന അറി​വു​കൂ​ടി​യി​ല്ല. ജൂണ്‍ 6-ാനു വലിയ ഓവു​ചാ​ലി​ന്റ മു​ഖ​ത്തു​വെ​ച്ച് ഒരാ​ളെ​യും പോ​ലീ​സ്സു​കാര്‍ പി​ടി​ച്ചി​ട്ടു​ള്ള​താ​യി അവിടെ വി​വ​ര​മി​ല്ല.

ഇക്കാ​ര്യ​ത്തില്‍ യാ​തൊ​രു വി​വ​ര​ണ​ക്കു​റി​പ്പും ആപ്പീ​സ്സില്‍ കി​ട്ടി​യി​ട്ടി​ല്ല. ഇതൊരു കു​ള്ള​ക്ക​ഥ​യാ​ണെ​ന്ന് അവി​ടെ​യു​ള്ള​വര്‍ തീര്‍ച്ച​പ്പെ​ടു​ത്തി. ഈ കള്ള​ക്കഥ വണ്ടി​ക്കാ​രന്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ​താ​വ​ണ​മെ​ന്ന് അവര്‍ വി​ധി​ച്ചു.

പണം കി​ട്ടാ​നു​ള്ള കാ​ര്യ​ത്തില്‍ ഒരു വണ്ടി​ക്കാ​രന്‍ എന്തും കാ​ണി​ക്കും—കവി​ത​കൂ​ടി കെ​ട്ടും. എന്താ​യാ​ലും കാ​ര്യം തീര്‍ച്ച​പ്പെ​ട്ടു; മരി​യു​സ്സി​ന് ഞങ്ങള്‍ പറ​ഞ്ഞ​തു​പോ​ലെ, താന്‍ മരി​യു​സ്സ​ല്ലെ​ന്ന് സം​ശ​യി​ക്കാന്‍ കഴി​യു​മെ​ങ്കി​ല​ല്ലാ​തെ, ഇനി ഇക്കാ​ര്യ​ത്തില്‍ സം​ശ​യി​ക്കാന്‍ വയ്യാ.

ഈ സാ​ധാ​ര​ണ​ക​ട​ങ്ക​ഥ​യെ​സ്സം​ബ​ന്ധി​ച്ച് സക​ല​വും അജേ​ഞ​യ​മാ​യി​രു​ന്നു.

തന്റേ​ടം​കെ​ട്ട മരി​യു​സ്സി​നേ​യും പു​റ​ത്തേ​റ്റി വലിയ ഓവു​ചാ​ലി​ന്റെ അഴി​വാ​തി​ലില്‍നി​ന്ന് പു​റ​ത്തു കട​ക്കു​ന്ന​താ​യി വണ്ടി​ക്കാ​രന്‍ കാ​ണു​ക​യും ലഹ​ള​ക്കാ​ര​നെ രക്ഷ​പ്പെ​ടു​ത്തിയ കു​റ്റ​ത്തി​ന്മേല്‍ പൊ​ല്ലീ​സ്സു​ദ്യോ​ഗ​സ്ഥന്‍ പി​ടി​ക്കു​ക​യും ചെയ്ത ആ മനു​ഷ്യന്‍, ആ നി​ഗു​ഡ​മ​നു​ഷ്യന്‍, പി​ന്നെ എന്താ​യി? ആ പൊ​ല്ലീ​സ്സു​കാ​രന്‍ തന്നെ എവി​ടെ​പ്പോ​യി?

എന്തു​കൊ​ണ്ട് ആ പൊ​ല്ലീ​സ്സു​കാ​രന്‍ മി​ണ്ടാ​തി​രു​ന്നു? ആ തട​വു​പു​ള്ളി ചാ​ടി​പ്പോ​യി എന്നു​ണ്ടോ? അയാള്‍ പൊ​ല്ലീ​സ്സു​കാ​ര​നെ കൈ​ക്കൂ​ലി കൊ​ടു​ത്തു കീ​ഴ​ട​ക്കി​യോ? മരി​യു​സ്സി​ന്റെ സര്‍വ്വ​സ്വ​വും കട​പ്പെ​ട്ടി​രി​ക്കു​ന്ന ആ മനു​ഷ്യന്‍ എന്തു​കൊ​ണ്ട് അയാ​ളു​ടെ മുന്‍പില്‍ ഒര​ന​ക്ക​വും കാ​ണി​ക്കു​ന്നി​ല്ല? അയാ​ളു​ടെ വാ​ത്സ​ല്യ​ത്തില്‍ നി​ന്ന് ഒട്ടും കു​റ​ഞ്ഞ മഹ​ത്ത്വ​മ​ല്ല അയാ​ളു​ടെ സ്വാര്‍ത്ഥ​രാ​ഹി​ത്യ​ത്തി​നു​മു​ള്ളൂ. എന്തു​കൊ​ണ്ട് ആ മനു​ഷ്യന്‍ പി​ന്നെ വന്നി​ല്ല? ഒരു സമയം അയാള്‍ പ്ര​തി​ഫ​ലം വേണ്ട ആള​ല്ലാ​യി​രി​ക്കും; കൃ​ത​ജ്ഞത വേ​ണ്ടാ​ത്ത ആളി​ല്ല. അയാള്‍ മരി​ച്ചി​രി​ക്കു​മോ? ആരാ​ണ​ത്? അയാ​ളു​ടെ മുഖം എന്തു മട്ടാ​ണ്? ഇത​യാള്‍ക്ക് ആരെ​ക്കൊ​ണ്ടും പറ​ഞ്ഞു​കൊ​ടു​ക്കാന്‍ കഴി​ഞ്ഞി​ല്ല.

വണ്ടി​ക്കാ​രന്‍ മറു​പ​ടി പറ​ഞ്ഞു: രാ​ത്രി വല്ലാ​ത്ത ഇരു​ട്ടു​പി​ടി​ച്ച​താ​യി​രു​ന്നു.” പരി​ഭ്ര​മ​ത്തില്‍പ്പെ​ട്ടി​രു​ന്ന ബസ്കും നി​കൊ​ലെ​ത്തും ചോ​ര​യില്‍ ആകെ മു​ഴു​കി​യി​രു​ന്ന ചെറിയ എജ​മാ​ന​ന്റെ സ്ഥി​തി മാ​ത്ര​മേ അപ്പോള്‍ നോ​ക്കി​യു​ള്ളൂ.

മരി​യു​സ്സി​ന്റെ വ്യ​സ​ന​ക​ര​മായ തി​രി​ച്ചു​വ​ര​വു വി​ള​ക്കു കൊ​ളു​ത്തി കണ്ടി​ട്ടു​ള്ള വാ​തി​ല്ക്കാ​വല്‍ക്കാ​രന്‍ മാ​ത്ര​മേ ആ ഒരാളെ നോ​ക്കി​ക്ക​ണ്ടി​രി​ക്കാന്‍ വഴി​യു​ള്ളു; അയാ​ളു​ടെ വി​വ​ര​ണം ഇതാണ്: ‘ആ മനു​ഷ്യ​നെ കണ്ടാല്‍ പേ​ടി​യാ​വും.’

അന്വേ​ഷ​ണ​ത്തില്‍ വല്ല പ്ര​യോ​ജ​ന​വു​മു​ണ്ടാ​വു​മെ​ന്നു കരുതി മരി​യു​സ് താ​ന​ന്നു മു​ത്ത​ച്ഛ​ന്റെ അടു​ക്ക​ലെ​ക്കു കൊ​ണ്ടു​വ​ര​പ്പെ​ട്ട ദിവസം ധരി​ച്ചി​രു​ന്ന ചോര പു​ര​ണ്ട ഉടു​പ്പു സൂ​ക്ഷി​ച്ചു​വെ​ച്ചു.

ആ കു​പ്പാ​യ​ത്തെ പരീ​ക്ഷ​ണം ചെ​യ്ത​തില്‍, അതി​ന്റെ ഒരു തൊ​ങ്ങല്‍ത്തു​മ്പ് അസാ​ധാ​ര​ണ​മാ​യ​വി​ധം അരി​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​താ​യി കണ്ടു. ഒരു കഷ്ണം കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഒരു ദിവസം വൈ​കു​ന്നേ​രം, കൊ​സെ​ത്തും ഴാങ് വാല്‍ഴാ​ങ്ങു​മു​ള്ള​പ്പോള്‍, അന്ന​ത്തെ ആ അസാ​ധാ​ര​ണ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അതി​നെ​സ്സം​ബ​ന്ധി​ച്ചു ചെയത അന്വേ​ഷ​ണ​ങ്ങ​ളേ​യും അവ​യു​ടെ പ്ര​യോ​ജ​ന​ശൂ​ന്യ​ത​യേ​യും കു​റി​ച്ചു​മെ​ല്ലാം സം​സാ​രി​ച്ചു; മൊ​സ്യു ഫൂ​ഷല്‍വാ​ങ്ങി​ന്റെ’ ന്റെ ഉദാ​സീ​ന​ഭാ​വം അയാളെ ദേ​ഷ്യം പി​ടി​പ്പി​ച്ചു.

ശു​ണ്ഠി​യു​ടെ എന്തോ ഒന്നു​ള്ള​തായ ഒരു ചൊ​ടി​യോ​ടു​കൂ​ടി അയാള്‍ ഉച്ച​ത്തില്‍ പറ​ഞ്ഞു: ‘അതേ, ആ മനു​ഷ്യന്‍, ആരു​ത​ന്നെ​യാ​യാ​ലും മഹാ​നാ​ണ്. അദ്ദേ​ഹം എന്താ​ണ് ചെ​യ്ത​തെ​ന്ന​റി​യാ​മോ, സേര്‍? അദ്ദേ​ഹം ഒരു ദേ​വ​നെ​പ്പോ​ലെ പ്ര​തൃ​ക്ഷീ​ഭ​വി​ച്ചു. അദ്ദേ​ഹം യു​ദ്ധ​ത്തി​ന്റെ ഇട​യി​ലേ​ക്ക് പാ​ഞ്ഞെ​ത്തി, എന്നെ​യും തട്ടി​യെ​ടു​ത്തു, ഓവു​ചാ​ലി​ന്റെ മൂടി തു​റ​ന്ന്, എന്നെ​യും വഹി​ച്ചു​കൊ​ണ്ടെ അതി​ലേ​ക്കി​റ​ങ്ങി, അതി​ലൂ​ടേ എന്നെ കൊ​ണ്ടു​പോ​ന്നു! അദ്ദേ​ഹം കു​നി​ഞ്ഞും, ഭാ​ര​വും താ​ങ്ങി. ആ ഭയ​ങ്ക​ര​ങ്ങ​ളായ ഭൂ​ഗര്‍ഭ​ത്തി​ലെ പട​വു​ക​ളി​ലൂ​ടെ ഇരു​ട്ട​ത്ത് ചളി​ക്കു​ഴി​യി​ലൂ​ടെ നാ​ലു​നാ​ലര നാഴിക പോ​ന്നി​ട്ടു​ണ്ടാ​വ​ണം—സേര്‍, പു​റ​ത്ത് ഒരു ശവ​വു​മേ​റ്റി നാ​ലു​നാ​ലര നാ​ഴി​ക​യി​ല​ധി​കം! എന്തു​ദ്ദേ​ശ​ത്തി​ന്മേല്‍? ആ ശവ​ത്തെ രക്ഷി​ക്ക​ണ​മെ​ന്നു​ള്ള ഏകോ​ദ്ദേ​ശ​ത്തി​ന്മേല്‍, ആ ശവം ഞാ​നാ​ണ്. അദ്ദേ​ഹം സ്വയം പറ​ഞ്ഞി​രി​ക്കും: ഒരു സമയം അതി​ന്നു​ള്ളില്‍ ഒരു മി​ടി​പ്പു​ണ്ടെ​ങ്കി​ലോ! ആ നി​സ്സാ​ര​മായ ജീ​വാം​ശ​ത്തി​നു​വേ​ണ്ടി ഞാ​നെ​ന്റെ ആയു​സ്സു കളയും! ഒരി​ക്ക​ല​ല്ല അദ്ദേ​ഹം ആയു​സ്സ​പ​ക​ട​ത്തി​ലാ​ക്കി​യി​ട്ടു​ള്ളൂ. ഒരി​രു​പ​തു കുറി. ഓരോ കാല്‍വെ​പ്പും അപ​ക​ട​മാ​യി​രു​ന്നു. അതിനു തെ​ളി​വ്; ഓവു​ചാ​ലില്‍നി​ന്ന് പു​റ​ത്തു​ക​ട​ന്ന ഉടനേ അയാള്‍ പി​ടി​ക്ക​പ്പെ​ട്ടു. നി​ങ്ങള്‍ക്ക​റി​യാ​മോ, സേര്‍? ആ ഒരാള്‍ ഇതൊ​ക്കെ​ച്ചെ​യ്തു. എന്നി​ട്ടോ, ഒരു പ്ര​തി​ഫ​ല​വും അദ്ദേ​ഹ​ത്തി​ന്നാ​വശ മില്ല. ഞാ​നാ​രാ​യി​രു​ന്നു? ഒരു ലഹ​ള​ക്കാ​രന്‍. ഞാ​നാ​രാ​യി​രു​ന്നു? യു​ദ്ധ​ത്തില്‍ത്തോ​റ്റ ഒരാള്‍. ഹാ! കൊ​സെ​ത്തി​നു​ള്ള ആറു ലക്ഷം ഫ്രാ​ങ്ക് എന്റെ​യാ​യി​രു​ന്നു​വെ​ങ്കിൽ…

‘അതു നി​ങ്ങ​ളു​ടെ​യാ​ണ്’ ഴാങ് വാല്‍ഴാ​ങ് തട​ഞ്ഞു പറ​ഞ്ഞു.

‘ശരി’, മരി​യു​സ് തു​ടര്‍ന്നു: ‘അതു മു​ഴു​വ​നും ഞാന്‍ ആ ഒരു മനു​ഷ്യ​നെ കണ്ടു പി​ടി​ക്കാന്‍ വേ​ണ്ടി ചെ​ല​വാ​ക്കും.’

ഴാങ് വാല്‍ഴാ​ങ് ഒന്നും മി​ണ്ടി​യി​ല്ല.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 23; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.