SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.2
അക്കാ​ല​ത്തെ ഭയ​ങ്ക​ര​ന്മാ​രിൽ ഒരാൾ

ഇക്കാ​ല​ത്തു വെർ​നോ​ങ് എന്ന ചെ​റു​പ​ട്ട​ണ​ത്തി​ലൂ​ടെ, ഏതെ​ങ്കി​ലും കാണാൻ കൊ​ള്ള​രു​താ​ത്ത ഒരി​രി​മ്പു​ക​മ്പി​പ്പാ​ല​മാ​യി മാറാനിരിക്കുന്ന-​ഇങ്ങനെ നമു​ക്കു വിചാരിക്കുക-​ആ കൗ​തു​ക​ക​ര​മായ പാലം കട​ന്നു് ആരെ​ങ്കി​ലും സം​ഗ​തി​വ​ശാൽ പോ​കു​ന്നു​ണ്ടെ​ങ്കിൽ, അയാൾ ആൾ​മ​റ​യ്ക്കു മീതെ കു​റ​ച്ച​കാ​ല​ത്തേ​ക്കു നോ​ക്കു​ന്ന​പ​ക്ഷം, ഒരു തോൽ​ത്തൊ​പ്പി​യും കാ​ലു​റ​യും, നര​യു​ടെ നി​റ​ത്തിൽ പരു​ക്കൻ തു​ണി​കൊ​ണ്ടു​ള്ള​തും ഒരി​ക്കൽ ചു​ക​പ്പു​നാ​ട​യാ​യി​രു​ന്ന എന്തോ ഒരു മഞ്ഞ​ച്ച​സാ​ധ​നം തു​ന്നി​ക്കു​ത്തി​യി​ട്ടു​ള്ള​തായ ഒരുൾ​ക്കു​പ്പാ​യ​വു​മി​ട്ടു് വെ​യിൽ​കൊ​ണ്ടു് ഊറ​യ്ക്കി​ട്ട പോലായ മര​ച്ചെ​രി​പ്പും ധരി​ച്ച്, മുഖം ഏതാ​ണ്ടു കറു​ത്തു, തല​മു​ടി മി​ക്ക​വാ​റും വെ​ളു​ത്തു, നെ​റ്റി​മേൽ കവി​ളു​വ​രെ എത്തു​ന്ന ഒരു വലിയ കല​യോ​ടു​കൂ​ടി, കൂ​ന്നു വള​ഞ്ഞ്, ഉള്ള​തി​ല​ധി​കം പ്രാ​യം തോ​ന്നി​ച്ചു​കൊ​ണ്ടു് ഏക​ദേ​ശം അമ്പ​തു​വ​യ​സ്സു​ള്ള ഒരാൾ, പാ​ല​ത്തോ​ടു തൊ​ട്ടും ഒരു വെൺ​മാ​ട​ച്ച​ങ്ങ​ല​കൊ​ണ്ടു സെയിൻ നദി​യു​ടെ ഇട​ത്തേ വക്ക​ത്തു വേലി കെ​ട്ടി​യു​മു​ള്ള മതി​ലു​ക​ളാൽ ചു​റ്റ​പ്പെ​ട്ട ആ പറമ്പുകള്ളികളിൽ-​മുഴുവനും പു​ഷ്പ​ങ്ങ​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു, കു​റേ​ക്കൂ​ടി വലു​തെ​ങ്കിൽ പൂ​ന്തോ​ട്ട​വും, കു​റേ​ക്കൂ​ടി ചെ​റു​തെ​ങ്കിൽ പൂ​ച്ചെ​ണ്ടു​മാ​ണെ​ന്നു കാ​ണി​കൾ പറ​ഞ്ഞു​പോ​കു​ന്ന​വി​ധ​മു​ള്ള ആ മന​സ്സു മയ​ക്കു​ന്ന മതിലകങ്ങളിൽ-​ഒന്നിൽ ഏതാ​ണ്ടു ദിവസം തോറും കൈയിൽ അരി​വാ​ളും കൈ​ക്കോ​ട്ടു​മാ​യി നട​ക്കു​ന്ന​തു കാ​ണ​പ്പെ​ട്ടേ​ക്കാം. ഈ മതി​ല​ക​ങ്ങ​ളെ​ല്ലാം ഒര​റ്റ​ത്തു പു​ഴ​യോ​ടും മറ്റേ അറ്റ​ത്തു് ഒരു വീ​ട്ടി​നോ​ടും ചെ​ന്നു​മു​ട്ടു​ന്നു. ഉൾ​ക്കു​പ്പാ​യ​ത്തോ​ടും മര​ച്ചെ​രി​പ്പോ​ടും​കൂ​ടി​യു​ള്ള ആ പറ​യ​പ്പെ​ട്ട മനു​ഷ്യൻ, 1817-ൽ ഇങ്ങ​നെ​യു​ള്ള വേ​ലി​യ്ക്ക​ക​ങ്ങ​ളിൽ വെ​ച്ച് ഏറ്റ​വും ചെ​റി​യ​തൊ​ന്നിൽ, അതു​ക​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം​വെ​ച്ച് ഏറ്റ​വും നി​സ്സാ​ര​മായ ഒരു കു​ടി​ലിൽ താ​മ​സി​ച്ചു​വ​ന്നു. അവിടെ ഈയാൾ കു​ടും​ബ​മൊ​ന്നു​മി​ല്ലാ​തെ, ഒതു​ങ്ങി, നന്നേ കി​ഴി​ഞ്ഞ നി​ല​യിൽ, തന്റെ കൂടെ പരി​ചാ​ര​ക​പ്ര​വൃ​ത്തി​ക്കു ചെ​റു​പ്പ​ക്കാ​രി​യോ കി​ഴ​വി​യോ, സാ​ധാ​ര​ണ​ക്കാ​രി​യോ സു​ന്ദ​രി​യോ, കൃ​ഷി​ക്കാ​രി​യോ സ്ഥാ​ന​മാ​ന​ക്കാ​രി​യോ അല്ലാ​ത്ത ഒരു സ്ത്രീ​യു​മാ​യി കഴി​ച്ചു​കൂ​ട്ടു​ന്നു. തന്റെ തോ​ട്ട​മെ​ന്നു പറ​ഞ്ഞി​രു​ന്ന ആ പറ​മ്പിൻ​തു​ണ്ടം, അതിൽ അയാൾ നി​ഷ്കർ​ഷി​ച്ചു​ണ്ടാ​ക്കി​യി​രു​ന്ന പു​ഷ്പ​ങ്ങ​ളു​ടെ ഭം​ഗി​കൊ​ണ്ടു പട്ട​ണ​ത്തിൽ പേ​രെ​ടു​ത്തു. ആ പു​ഷ്പ​ക്കൃ​ഷി​യാ​ണു് അയാ​ളു​ടെ പ്ര​വൃ​ത്തി.

അധ്വാ​ന​ത്തി​ന്റേ​യും സ്ഥി​രോ​ത്സാ​ഹ​ത്തി​ന്റേ​യും ശ്ര​ദ്ധ​യു​ടേ​യും വെ​ള്ളം നി​റ​ച്ച കു​ട​ങ്ങ​ളു​ടേ​യും പ്രാ​ബ​ല്യം​കൊ​ണ്ടു, സൃ​ഷ്ടി​കർ​ത്താ​വി​നെ​പ്പോ​ലെ, അയാൾ​ക്കും സൃ​ഷ്ടി​ക്കാൻ സാ​ധി​ച്ചു; പ്ര​കൃ​തീ​ദേ​വി മറ​ന്നു​ക​ള​ഞ്ഞു​വോ എന്നു തോ​ന്നു​ന്ന ചില ചെ​ടി​ക​ളെ അയാൾ കണ്ടു​പി​ടി​ച്ചു; അയാൾ ബു​ദ്ധി​മാ​നാ​ണു്; അമേ​രി​ക്ക​യി​ലും ചൈ​ന​യി​ലു​മു​ള്ള അപൂർ​വ​ങ്ങ​ളും അനർ​ഘ​ങ്ങ​ളു​മായ ചെ​ടി​ക​ളെ നട്ടു​വ​ളർ​ത്തു​വാൻ വേ​ണ്ട​വി​ധം മണ്ണു പാ​ക​പ്പെ​ടു​ത്തി ചെറിയ തട​ങ്ങൾ പി​ടി​ച്ചു​ണ്ടാ​ക്കു​ന്ന​തിൽ സു​ലാ​ങ്ഷ് ബൊ​ദി​നെ അയാൾ മു​ന്നി​ട്ടു. വേ​ന​ല്ക്കാ​ല​ത്തു നട്ടും ചില്ല വെ​ട്ടി​യും കി​ള​ച്ചും നന​ച്ചും ദയ​യോ​ടും കു​ണ്ഠി​ത​ത്തോ​ടും പു​ഞ്ചി​രി​യോ​ടു​കൂ​ടി തന്റെ പു​ഷ്പ​ങ്ങൾ​ക്കി​ട​യി​ലൂ​ടെ സഞ്ച​രി​ച്ചും, ചി​ല​പ്പോൾ ചില മണി​ക്കൂ​റു​ക​ളോ​ളം അന​ങ്ങാ​തെ മനോ​രാ​ജ്യ​ത്തിൽ മു​ഴു​കി​നി​ന്നും, മര​ങ്ങ​ളിൽ​നി​ന്നു​ള്ള ഒരു പക്ഷി​യു​ടെ പാ​ട്ടോ ഒരു വീ​ട്ടിൽ​നി​ന്നു​ള്ള ഒരു കു​ട്ടി​യു​ടെ കൊ​ഞ്ച​ലോ മന​സ്സി​രു​ത്തി​ക്കേ​ട്ടും, സൂ​ര്യൻ ഒരു മാ​ണി​ക്യ​ക്ക​ല്ലാ​ക്കി​ത്തീർ​ക്കു​ന്ന പു​ല്ലിൻ​ത​ല​യ്ക്ക​ലെ മഞ്ഞു​തു​ള്ളി​യിൽ കൺ​പ​തി​പ്പി​ച്ചും, അയാൾ നേരം പു​ലർ​ന്നാൽ തന്റെ പറ​മ്പു​വ​ഴി​ക​ളിൽ ചെ​ന്നു​കൂ​ടും. അയാ​ളു​ടെ ഭക്ഷ​ണം ചു​രു​ക്കം ചി​ല​തു​കൊ​ണ്ടു കഴി​യും; വീ​ഞ്ഞി​നെ​ക്കാ​ള​ധി​കം പാൽ കു​ടി​ക്കും. ഒരു കു​ട്ടി​ക്ക് അയാ​ളെ​ക്കൊ​ണ്ടു പറ​ഞ്ഞ​തു കേൾ​പ്പി​ക്കാം; ഭൃത്യ അയാളെ ശകാ​രി​ക്കും, അയാൾ അത്ര​യും ഭീ​രു​വാ​യ​തു​കൊ​ണ്ടു് മറ്റു​ള്ള​വർ​ക്കു മുൻ​പിൽ ബഹു​നാ​ണം​കു​ണു​ങ്ങി​യാ​ണു്; വളരെ ചു​രു​ക്ക​മേ അയാൾ പു​റ​ത്തേ​ക്കു പോ​കാ​റു​ള്ളു; വീ​ട്ടിൽ വന്നു വി​ളി​ക്കു​ന്ന സാ​ധു​ക്ക​ളേ​യും ഒരു കൊ​ള്ളാ​വു​ന്ന കി​ഴ​വ​നായ മതാ​ചാ​ര്യ​നേ​യും മാ​ത്ര​മേ അയാൾ കണ്ടി​രു​ന്നു​മു​ള്ളു. എങ്കി​ലും, പട്ട​ണ​നി​വാ​സി​ക​ളോ, അപ​രി​ചി​ത​ന്മാ​രോ, യദൃ​ച്ഛ​യാ കണ്ടു​മു​ട്ടിയ വേറേ വല്ല​വ​രു​മോ ആ അപൂർ​വ​ച്ചെ​ടി​ക​ളെ നോ​ക്കി​ക്കാ​ണാൻ തന്റെ ചെ​റു​ഭ​വ​ന​ത്തിൽ വന്നു​വി​ളി​ക്കു​ന്ന​പ​ക്ഷം ഉടനെ അയാൾ പു​ഞ്ചി​രി​യോ​ടു​കൂ​ടി വാതിൽ തു​റ​ക്കും. ഈയാ​ളാ​ണു് ‘ല്വാർ​യു​ദ്ധ​ത്തി​ലെ തട്ടി​പ്പ​റി​ക്കാ​രൻ.’

എന്നാൽ യു​ദ്ധ​സം​ബ​ന്ധി​ക​ളായ സ്മ​ര​ണ​ക​ളും ജീ​വ​ച​രി​ത്ര​ങ്ങ​ളും മോ​നി​ത്യെ​പ​ത്ര​വും വി​വ​ര​ണ​ക്കു​റി​പ്പു​ക​ളും വാ​യി​ച്ചു​നോ​ക്കി​യി​ട്ടു​ള്ള ആരും​ത​ന്നെ ഇട​വി​ടാ​തെ അവയിൽ കാ​ണ​പ്പെ​ടു​ന്ന യോർഷ് പൊ​ങ്മേർ​സി എന്ന ഒരു പേർ കണ്ടു് അത്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ടാ​വാ​തെ വയ്യാ. ചെ​റു​പ്പ​ത്തിൽ ഈ യോർഷ് പൊ​ങ്മേർ​സി സാ​ങ്തോ​ങ്ഷി​ന്റെ സൈ​ന്യ​ത്തിൽ ഒരു ഭട​നാ​യി​രു​ന്നു. ഭര​ണ​പ​രി​വർ​ത്ത​നം വന്നു. സാ​ങ്തോ​ങ്ഷി​ന്റെ പട്ടാ​ള​വ​കു​പ്പു റൈൽ​സൈ​ന്യ​ത്തി​ന്റെ ഒരു ഭാ​ഗ​മാ​യി, രാ​ജ​വാ​ഴ്ച​കാ​ല​ത്തു​ള്ള പട്ടാ​ള​വ​കു​പ്പു​കൾ, രാ​ജ​വാ​ഴ്ച​ക്കാ​ലം അവ​സാ​നി​ച്ചി​ട്ടും അതതു സം​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രു​ക​ളെ വി​ടാ​തെ വെ​ച്ചു​പോ​ന്നി​രു​ന്നു; 1794-ൽ മാ​ത്ര​മേ ഓരോ സേ​നാ​മു​ഖ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു​ള്ളൂ. സ്പീ​റി​ലും, വോർ​രി​ലും, നൊ​യ്സ്താ​തി​ലും, തുർ​ക്ക്ഹൈ​മി​ലും, ആൽ​സെ​യി​ലും, മയാ​ങ്സി​ലും പോ​ങ്മേർ​സി യു​ദ്ധം ചെ​യ്തി​ട്ടു​ണ്ടു്; ഒടു​വിൽ പറ​ഞ്ഞ​തിൽ ഷാ​റി​ന്റെ പിൻ​കാ​വൽ​സ്സൈ​ന്യ​മാ​യി​രു​ന്ന ഇരു​നൂ​റു പേരിൽ ഒരു​വ​നാ​യി​രു​ന്നു അയാൾ. അതാ​ണു് എസെ രാ​ജ​കു​മാ​ര​ന്റെ സൈ​ന്യ​ങ്ങ​ളോ​ടു് അന്ദർ​നാ​ക്കി​ലെ പഴയ കോ​ട്ട​മ​തി​ലി​നു പി​ന്നിൽ​നി​ന്നു പന്ത്ര​ണ്ടാ​മ​ത്തെ തവണ യു​ദ്ധം​വെ​ട്ടി​യ​തും ശത്രു​ക്ക​ളു​ടെ പീ​ര​ങ്കി​മ​ല​ഞ്ചെ​രു​വി​ന്റെ അടി​വാ​ര​ത്തി​ലു​ള്ള അഴി​ത്ത​ട്ടു​ച​ര​ടിൽ ഒരു വി​ട​വു​ണ്ടാ​ക്കി​യ​പ്പോൾ​മാ​ത്രം പ്ര​ധാ​ന​സൈ​ന്യ​വി​ഭാ​ഗ​ത്തിൽ ചെ​ന്നു​ചേർ​ന്ന​തു​മായ പട്ടാ​ള​വ​കു​പ്പു്. കാർ​ഷീ​ന്നെ​യിൽ ക്ല​ബെ​റ​യു​ടെ കീ​ഴി​ലും മൊങ്-​പാലിസ്സേൽ യു​ദ്ധ​ത്തി​ലും അയാ​ളു​ണ്ടാ​യി​രു​ന്നു; ഒടു​വിൽ പറ​ഞ്ഞ​തിൽ​വെ​ച്ച് ഒരു​ണ്ട അയാ​ളു​ടെ കൈ മു​റി​ച്ചു; പി​ന്നീ​ടു് അയാൾ ഇറ്റ​ലി​യി​ലേ​ക്കു പോയി; ഴൂ​ബെ​റോ​ടു​കൂ​ടി കൊൽ​ദു് താ​ങ്ദു് കാ​ത്തു​നി​ന്ന മു​പ്പ​തു പട​യാ​ളി​ക​ളിൽ ഒരാൾ അയാ​ളാ​യി​രു​ന്നു. ഴൂബെർ അഡ്ജു​ന്റു് - ജന​റ​ലാ​യി; പൊ​ങ്മേർ​സി സബ്ലെ​ഫ്റ്റി​ന​ന്റും. ബോ​നാ​പ്പാർ​ത്തി​നെ​ക്കൊ​ണ്ടു, ‘ബെർ​ത്തി​യെ [1] പീ​ര​ങ്കി​പ്പ​ട​യാ​ളി​യു​മാ​ണു്, കു​തി​ര​പ്പ​ട​യാ​ളി​യു​മാ​ണു്, കു​ന്ത​പ്പ​ട​യാ​ളി​യു​മാ​ണു്,’ എന്നു പറ​യി​ച്ച ആ ദിവസം, ലോ​ദി​യിൽ പീ​ര​ങ്കി​യു​ണ്ട​ക​ളു​ടെ നടു​ക്ക് ബെർ​ത്തി​യെ​യു​ടെ അടു​ക്കൽ പൊ​ങ്മേർ​സി​യു​മു​ണ്ടാ​യി​രു​ന്നു. വാൾ പൊ​ന്തി​ച്ചു​പി​ടി​ച്ച് അത്യു​ച്ച​ത്തിൽ ‘മു​മ്പോ​ട്ടു’ എന്നു വി​ളി​ച്ചു​പ​റ​യു​ന്ന സമ​യ​ത്തു് അയാൾ തന്റെ പണ്ട​ത്തെ മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഴൂബെർ മരി​ച്ചു​വീ​ഴു​ന്ന​തു​ക​ണ്ടു. അയാൾ സം​ഘ​ത്തോ​ടു​കൂ​ടി യു​ദ്ധ​ത്തി​ലു​ള്ള ആവേ​ശ​ങ്ങൾ​ക്കി​ട​യിൽ ജെ​നോ​വ​യിൽ​നി​ന്നു കടൽ​ത്തീ​ര​ത്തു​ള്ള ഏതോ ഒരു നി​സ്സാ​ര​മായ തു​റ​മു​ഖ​ത്തി​ലേ​ക്കു പോ​കു​ന്ന ഒരു പട​ക്ക​പ്പൽ​ത്തോ​ണി​യിൽ കയ​റി​പ്പോ​കു​മ്പോൾ ഏഴോ എട്ടോ ഇം​ഗ്ലീ​ഷു​ക​പ്പ​ലു​ക​ള​ട​ങ്ങിയ ഒരു കു​ട​ന്നൽ​ക്കൂ​ട്ടിൽ പെ​ട്ടു. ജെ​നോ​വ​ക്കാ​രൻ കപ്പൽ​സ്സൈ​ന്യാ​ധി​പൻ അയാ​ളോ​ടു, പീ​ര​ങ്കി കട​ലി​ലി​ട്ടു, പട്ടാ​ള​ക്കാ​രെ മേൽ​ത്ത​ട്ടി​ലൊ​ളി​പ്പി​ച്ച്, ഒരു കച്ച​വ​ട​ക്ക​പ്പൽ​പോ​ലെ അതി​നു​ള്ളിൽ​നി​ന്നു് ഉപാ​യ​ത്തിൽ ഊരി​പ്പോ​കു​വാൻ ആവ​ശ്യ​പ്പെ​ട്ടു; പൊ​ങ്മേർ​സി കൊ​ടി​ക്കൂ​റ​യെ കൊ​ടി​മ​ര​ത്തി​നു മു​ക​ളിൽ പാ​റി​ച്ചു. ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ന്റെ പീ​ര​ങ്കി​യു​ണ്ട​കൾ​ക്കു​ള്ളി​ലൂ​ടെ സാ​ഹ​കാ​ര​മാ​യി കട​ന്നു​പോ​ന്നു. കു​റ​ച്ചു ദൂ​ര​ത്തെ​ത്തി​യ​പ്പോൾ അയാ​ളു​ടെ ധൃ​ഷ്ടത വർ​ദ്ധി​ച്ചു; തന്റെ പട​ക്ക​പ്പൽ​ത്തോ​ണി​യും​വെ​ച്ച് ആ ഇം​ഗ്ലീ​ഷ് കപ്പൽ​സ്സൈ​ന്യ​ത്തോ​ടേ​റ്റു, സി​സി​ലി​യി​ലേ​ക്കു സൈ​ന്യ​ത്തെ കൊ​ണ്ടു​പോ​കു​ന്ന​തും സമു​ദ്ര​ത്തി​ന്റെ നി​ല​യ്ക്കൊ​പ്പം താ​ഴു​മാ​റു് ആളു​ക​ളേ​യും കു​തി​ര​ക​ളേ​യും​കൊ​ണ്ടു കു​ത്തി​നി​റ​ച്ച​തു​മായ ഒരു വലിയ കപ്പൽ പി​ടി​ച്ച​ട​ക്കി. 1805-ൽ ആർ​ച്ച് ഡ്യു​ക്ഫെർ​ദി​നാ​ന്ദി​ന്റെ പക്കൽ​നി​ന്നു ഗു​ങ്സു് ബർഗ് കൈ​വ​ശ​പ്പെ​ടു​ത്തിയ ആ മൽ​ഹ​രു​ടെ സൈ​ന്യ​വി​ഭാ​ഗ​ത്തിൽ അയാ​ളു​ണ്ടാ​യി​രു​ന്നു. വെൽ​ത്തിൻ​ഗെ യു​ദ്ധ​ത്തിൽ അയാൾ, ഒരു വെ​ടി​യു​ണ്ട​മ​ഴ​യു​ടെ നടു​ക്കു​വെ​ച്ചു, മര​ണ​പ്പ​രി​ക്കു പറ്റി മറി​ഞ്ഞ കേർണൽ മൊ​പെ​ത്തി​യെ കൈ​കൊ​ണ്ടു താ​ങ്ങി​യെ​ടു​ത്തു. ഓസ്തെർ​ലി​ത്സു് യു​ദ്ധ​ത്തിൽ ശത്രു​ക്ക​ളു​ടെ വെ​ടി​ക്കു​ള്ളി​ലൂ​ടെ​യു​ണ്ടായ ആ അഭി​ന​ന്ദ​നീ​യ​മായ പോ​ക്കിൽ അയാൾ ഒരു മാ​ന്യ​നേ​താ​വാ​യി​രു​ന്നു. നാലാം സൈ​ന്യ​വി​ഭാ​ഗ​ത്തി​ലെ ഒരു വകു​പ്പി​നെ റഷ്യാ ചക്ര​വർ​ത്തി​യു​ടെ രക്ഷി​സം​ഘ​ത്തിൽ​പ്പെ​ട്ട കു​തി​ര​പ്പ​ട്ടാ​ളം ചത​ച്ച​തി​നു്, അതി​നോ​ടു പകരം ചോ​ദി​ച്ചു. രക്ഷി​സം​ഘ​ത്തെ തോ​ല്പി​ച്ചു​വി​ട്ട​വ​രു​ടെ കൂ​ട്ട​ത്തിൽ പൊ​ങ്മേർ​സി ഉൾ​പ്പെ​ട്ടി​ട്ടു​ണ്ടു്. നെ​പ്പോ​ളി​യൻ ചക്ര​വർ​ത്തി അയാൾ​ക്കു കു​രി​ശു​മു​ദ്ര കൊ​ടു​ത്തു. മാൻ​ച്വ​യി​ലും മേ​ലാ​സ്സി​ലും അലെ​ക്സാ​ന്ദ്രി​യ​യി​ലും വെ​ച്ചു വേം​സ​റേ​യും ഉൾമിൽ വെ​ച്ചു മാ​ക്ക​നേ​യും കണ്ടു, വഴി​ക്കു വഴിയേ തട​വു​കാ​രാ​ക്കി​യ​തു പൊ​ങ്മേർ​സി​യാ​ണു്. മോർ​ത്തി​യേ നേ​തൃ​ത്വം വഹി​ച്ചി​രു​ന്ന​തും ഹം​ബർ​ഗ്പ​ട്ട​ണ​ത്തെ പി​ടി​ച്ച​ട​ക്കി​യ​തു​മായ മഹാ​സൈ​ന്യ​ത്തി​ന്റെ എട്ടാ​മ​ത്തെ വകു​പ്പിൽ അയാൾ ഒരം​ഗ​മാ​യി​രു​ന്നു; പി​ന്നീ​ടു് അയാൾ 55-ആം വകു​പ്പി​ലേ​ക്കു മാറി; അതാ​ണു് ഫ്ളാൻ​ഡേർ​സി​ലെ യു​ദ്ധ​ത്തിൽ​പ്പെ​ട്ട പഴയ സൈ​ന്യം. ഈ പു​സ്ത​ക​കർ​ത്താ​വി​ന്റെ അമ്മാ​മൻ, ധീ​രോ​ദാ​ത്ത​നായ കാ​പ്റ്റൻ ലൂയി യൂഗോ, രണ്ടു മണി​ക്കൂർ നേ​ര​ത്തോ​ളം തന്റെ കൂ​ട്ട​ത്തിൽ​പ്പെ​ട്ട എൺ​പ​ത്തി​മൂ​ന്നു പേ​രോ​ടു​കൂ​ടി ശത്രു​സൈ​ന്യ​ത്തി​ന്റെ സർ​വ​വി​ധാ​ക്ര​മ​ണ​ങ്ങ​ളേ​യും തടു​ത്തു​നി​ല്ക്കു​ക​യു​ണ്ടായ ആ ഐലോ​വി​ലെ ചു​ടു​കാ​ട്ടിൽ അയാ​ളും ഉണ്ടാ​യി​രു​ന്നു. അതിൽ​നി​ന്നു ജീ​വ​നോ​ടു​കൂ​ടി പോന്ന മൂ​ന്നു പേരിൽ ഒരാ​ള​ത്രേ പൊ​ങ്മേർ​സി. അയാൾ ഫ്രീ​ദ്ലാ​ങ് യു​ദ്ധ​ത്തിൽ പെ​ട്ടി​രു​ന്നു; പി​ന്നീ​ടു് മോ​സ്കോ യു​ദ്ധ​ത്തിൽ കൂടി; പി​ന്നെ ലാ ബെ​റെ​സി​നെ; പി​ന്നെ ലട്സൻ, ബോസൻ, ഡ്രെ​സ്ഡൻ, വാ​ച്ചോ, ലീ​പ്സി​ഗ്; പി​ന്നെ മോ​ങ്മി​രെ, തി​യെ​റി; ക്ര​യോൺ, മാൺ നദീ​തീ​രം, എയിൻ​ന​ദീ​തീ​രം; പി​ന്നെ ലയോൺ, ആർനെ-​ല്-ദുക്കിൽവെച്ച്-അന്നയാൾ കാപ്റ്റനാണ്-​പത്തു യു​ദ്ധ​വീ​ര​ന്മാ​രെ കൊ​ത്തി​നു​റു​ക്കി, അയാൾ, തന്റെ മേ​ലു​ദ്യോ​ഗ​സ്ഥ​നെ​യ​ല്ല, ഒരു കീ​ഴ്ജീ​വ​ന​ക്കാ​ര​നെ രക്ഷ​പ്പെ​ടു​ത്തി. അന്നു് ഒരു​മാ​തി​രി അയാൾ കീ​റ​പ്പെ​ട്ടു; ഇരു​പ​ത്തേ​ഴു കു​ന്ത​ത്തു​മ്പു​കൾ അയാ​ളു​ടെ ഇട​ത്തെ കൈ​യി​ന്മേൽ​നി​ന്നു​ത​ന്നെ എടു​ക്കു​ക​യു​ണ്ടാ​യി. പാ​രി​സു് പി​ടി​ച്ച​തി​നു് എട്ടു ദിവസം മു​മ്പു​വെ​ച്ച് അയാൾ ഒരു കൂ​ട്ടു​കാ​ര​നു​മാ​യി ഉദ്യോ​ഗ​മാ​റ്റം ചെ​യ്തു കു​തി​ര​പ്പ​ട്ടാ​ള​ത്തിൽ ചേർ​ന്നു. അയാൾ​ക്ക് ഒരു ഭാ​ഷ​യിൽ പറ​യു​മ്പോൾ സവ്യസാചിത്വമുണ്ടായിരുന്നു-​എന്നുവെച്ചാൽ, ഒരു ഭട​നെ​പോ​ലെ വാളോ തോ​ക്കൊ എടു​ക്കു​ക​യും ഒരു മേ​ലു​ദ്യോ​ഗ​സ്ഥ​നെ​പ്പോ​ലെ കു​തി​ര​പ്പ​ട്ടാ​ള​ങ്ങ​ളെ​ക്കൊ​ണ്ടോ സാ​ദി​വ​കു​പ്പു​ക​ളെ​ക്കൊ​ണ്ടോ പെ​രു​മാ​റു​ക​യും ചെ​യ്വാൻ അയാൾ​ക്ക് ഒരേ​മാ​തി​രി സാ​മർ​ഥ്യ​മു​ണ്ടാ​യി​രു​ന്നു. ഈ സാ​മർ​ഥ്യ​ത്തിൽ​നി​ന്നാ​ണു്, യു​ദ്ധ​സം​ബ​ന്ധി​യായ വി​ദ്യാ​ഭ്യാ​സം​കൂ​ടി തി​ക​ഞ്ഞാൽ ഒരു​മി​ച്ചു​ത​ന്നെ സാ​ദി​ക​ളാ​യും കു​ന്ത​പ്പ​ട​യാ​ളി​ക​ളാ​യും പേ​രെ​ടു​ക്കു​ന്ന യു​ദ്ധ​വി​ദ​ഗ്ധ​ന്മാ​രു​ണ്ടാ​യി​ത്തീ​രു​ന്ന​തു്. അയാൾ നെ​പ്പോ​ളി​യ​ന്റെ കൂടെ എൽ​ബ​യി​ലേ​ക്കു പോയി. വാ​ട്ടർ​ലൂ യു​ദ്ധ​ത്തിൽ അയാൾ ദ്യു​ബൊ​വി​ന്റെ സൈ​ന്യ​വ​കു​പ്പിൽ​പ്പെ​ട്ട ഒരു കവ​ച​ധാ​രി​ഭ​ട​സം​ഘ​ത്തി​ന്റെ നേ​താ​വാ​യി​രു​ന്നു ല്യൂ നൽ​ബർ​ഗ് സൈ​ന്യ​ത്തി​ന്റെ കൊടി പി​ടി​ച്ചെ​ടു​ത്ത​തു പൊ​ങ്മേർ​സി​യാ​ണു്. അയാൾ ചെ​ന്നു് ആ കൊടി ചക്ര​വർ​ത്തി​യു​ടെ കാൽ​ക്കൽ ഇട്ടു​കൊ​ടു​ര്ത്തു. അയാൾ രക്ത​ത്തിൽ മു​ഴു​കി​യി​രു​ന്നു. ആ കൊടി തട്ടി​പ്പ​റി​ക്കു​ന്ന സമ​യ​ത്തു് അയാ​ളു​ടെ ചക്ര​വർ​ത്തി ഉച്ച​ത്തിൽ പറ​ഞ്ഞു: ‘നി​ങ്ങൾ ഒരു കേർ​ണ​ലാ​ണു്, ഒരു പ്രഭു, ബഹു​മ​തി​പ​ട്ട​ത്തി​ന്നർ​ഹ​നായ ഒരു മേ​ലു​ദ്യോ​ഗ​സ്ഥൻ!’ പൊ​ങ്മേർ​സി മറു​പ​ടി പറ​ഞ്ഞു: ‘തി​രു​മേ​നി, എന്റെ വൈ​ധ​വ്യം വന്ന പത്നി​ക്കു​വേ​ണ്ടി ഞാൻ അങ്ങ​യോ​ടു നന്ദി പറ​യു​ന്നു.’ ഒരു മണി​ക്കൂർ​കൂ​ടി കഴി​ഞ്ഞു. ഒഹെ​ങ്ങി​ലെ കു​ണ്ടു​വ​ഴി​യിൽ അയാൾ തല​കു​ത്തി. അപ്പോൾ ആരാ​യി​രു​ന്നു ഈ യോർഷ് പോ​ങ്മെർ​സി? അയാൾ തന്നെ​യാ​ണു് ‘ല്വാർ​യു​ദ്ധ​ത്തി​ലെ തട്ടി​പ്പ​റി​ക്കാ​രൻ.’

അയാ​ളു​ടെ ചരി​ത്ര​ത്തിൽ ചിലതു നാം കണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഒഹെ​ങ്ങി​ലെ കു​ണ്ടു​വ​ഴി​യിൽ​നി​ന്നു, വാ​യ​ന​ക്കാർ​ക്കോർ​മ​യു​ള്ള​വി​ധം, വലി​ച്ചെ​ടു​ക്ക​പ്പെ​ട്ട പൊ​ങ്മേർ​സി​ക്കു വാ​ട്ടർ​ലൂ​യു​ദ്ധ​ത്തി​നു ശേഷം വീ​ണ്ടും സൈ​ന്യ​ത്തിൽ ചേരാൻ സാ​ധി​ച്ചു; ഒരു ചി​കി​ത്സാ​ഗൃ​ഹ​ത്തിൽ​നി​ന്നു മറ്റൊ​രു ചി​കി​ത്സാ​ഗൃ​ഹ​ത്തി​ലേ​ക്കാ​യി നീ​ങ്ങി​നീ​ങ്ങി ല്വാ​റി​ലെ പട്ടാ​ള​ത്താ​വ​ളം വരെ അയാൾ എത്തി.

രാ​ജ​ത്വ​പു​നഃ​സ്ഥാ​പ​ന​ത്തോ​ടു​കൂ​ടി അയാ​ളു​ടെ ശമ്പ​ളം പകു​തി​പ്പെ​ട്ടു; പൊ​ല്ലീ​സു് നോ​ട്ട​ത്തിൻ​കീ​ഴിൽ വെർ​നൊ​ങ്ങി​ലു​ള്ള സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് അയാളെ ഭര​ണാ​ധി​കാ​രി​കൾ പറ​ഞ്ഞ​യ​ച്ചു. നെ​പ്പോ​ളി​യൻ എൽ​ബ​യിൽ​നി​ന്നു വന്ന​തി​നു ശേ​ഷ​മു​ണ്ടായ നൂറു ദി​വ​സ​ക്കാ​ല​ങ്ങ​ളി​ലെ സം​ഭ​വ​ങ്ങ​ളൊ​ന്നും ഉണ്ടാ​യി​ട്ടു​ള്ള​താ​യി കൂ​ട്ടാ​തി​രു​ന്ന പതി​നെ​ട്ടാ​മൻ ലൂയി, ബഹു​മ​തി​പ്പ​ട്ടം കി​ട്ടിയ ഉദ്യോ​ഗ​സ്ഥ​നാ​യി​ട്ടോ കേർ​ണ​ലാ​യി​ട്ടോ പ്ര​ഭു​വാ​യി​ട്ടോ അയാളെ കണ​ക്കാ​ക്കി​യി​ല്ല. പൊ​ങ്മേർ​സി​യാ​വ​ട്ടെ, ‘കേർണൽ ബാറൺ പൊ​ങ്മേർ​സി’ എന്നൊ​പ്പി​ടു​വാൻ കി​ട്ടിയ അവ​സ​ര​മൊ​ന്നും വെ​റു​തെ വി​ട്ടി​ല്ല​താ​നും. അയാൾ​ക്ക് ഒരു പഴയ നീ​ല​ക്കു​പ്പാ​യ​മേ ഉണ്ടാ​യി​രു​ന്നു​ള്ളു; അതി​ന്മേൽ ഒരി​ക്ക​ലെ​ങ്കി​ലും ബഹു​മ​തി​പ്പ​ട്ടം കാ​ണി​ക്കു​ന്ന ചു​വ​പ്പു​നാട പി​ടി​പ്പി​ക്കാ​തെ അയാൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യി​ല്ല നി​യ​മ​വി​രു​ദ്ധ​മാ​യി ഈ അല​ങ്കാ​ര​മു​ദ്ര വഹി​ക്കു​ന്ന​തി​നു് അയാളെ ഭര​ണാ​ധി​കാ​രി​കൾ ശി​ക്ഷി​ക്കു​ന്ന​താ​ണെ​ന്നു ഗവർ​മ്മെ​ണ്ടു​വ​ക്കീൽ ഓർ​മ​പ്പെ​ടു​ത്തി ഈ നോ​ട്ടീ​സ്സും​കൊ​ണ്ടു് ഒരു​ദ്യോ​ഗ​സ്ഥൻ അയാ​ളു​ടെ അടു​ക്കൽ ചെ​ന്ന​പ്പോൾ, ഒരു സന്തോ​ഷ​സൂ​ച​ക​മ​ല്ലാ​ത്ത പു​ഞ്ചി​രി​യോ​ടു​കൂ​ടി പൊ​ങ്മേർ​സി മറു​പ​ടി പറ​ഞ്ഞു: ‘എനി​ക്ക് ഫ്ര​ഞ്ചു ഭാഷ തി​രി​യാ​താ​യി​ട്ടോ നി​ങ്ങൾ ആ ഭാ​ഷ​യി​ലു​ള്ള സം​സാ​രം നിർ​ത്തി​യി​ട്ടോ എന്നെ​നി​ക്ക​റി​വി​ല്ല, പക്ഷേ, എനി​ക്ക​തു മന​സ്സി​ലാ​വു​ന്നി​ല്ലെ​ന്നു​ള്ള കാ​ര്യം വാ​സ്ത​വ​മാ​ണു്.’ അതി​നു​ശേ​ഷം എട്ടു ദിവസം ഒരു​പോ​ലെ ആ മു​ദ്ര​യും ധരി​ച്ച് അയാൾ പു​റ​ത്തേ​ക്കു പോയി. അയാളെ ഉപ​ദ്ര​വി​ക്കാൻ അവർ ധൈ​ര്യ​പ്പെ​ട്ടി​ല്ല രണ്ടോ മൂ​ന്നോ തവണ യു​ദ്ധ​മ​ന്ത്രി അയാൾ​ക്ക് ‘മൊ​സ്സ്യു ലു് കൊ​മാൺ​ഡ​ന്റു് = (സൈ​ന്യ​നേ​താ​വു്), പൊങ് മേർസി’ എന്ന മേൽ​വി​ലാ​സ​ത്തിൽ കത്ത​യ​യ്ക്കു​ക​യു​ണ്ടാ​യി; അതൊ​ക്കെ പു​റ​ത്തെ അര​ക്കു​കൂ​ടി കേ​ടു​വ​രു​ത്താ​തെ അയാൾ അങ്ങോ​ട്ടു​ത​ന്നെ മട​ക്കി​യ​യ​ച്ചു. ആ സമ​യ്ത്തു​ത​ന്നെ, സെ​ന്റു് ഹെ​ലീ​ന​ദ്വീ​പിൽ​വെ​ച്ചു സർ​ഹ​ഡ്സൺ ലോ​വി​ന്റെ ‘ജെനറൽ ബോ​നാ​പ്പാർ​ത്തു് എന്ന മേൽ​വി​ലാ​സ​ത്തിൽ അയ​ച്ചി​രു​ന്ന കത്തു​ക​ളോ​ടു നെ​പ്പോ​ളി​യ​നും ആവി​ധം​ത​ന്നെ പെ​രു​മാ​റി​യി​രു​ന്നു. ചക്ര​വർ​ത്തി​യു​ടെ വാ​യി​ലു​ണ്ടാ​യി​രു​ന്ന ഉമിനീർതന്നെ-​ഈ പറ​യു​ന്ന​തി​നെ വാ​യ​ന​ക്കാർ ക്ഷമിക്കണം-​പൊങ്മേർസി തന്റെ വാ​യി​ലും വെ​ച്ചു​കൊ​ണ്ടി​രു​ന്നു.

ഇതേ മാ​തി​രി, ഫ്ളെ​മി​നി​യ​സ്സി​നെ [2] ബഹു​മാ​നി​ക്കാ​തി​രു​ന്ന കാർ​ത്തി​ജീ​നി​യ​ക്കാർ തു​ട​വു​പു​ള്ളി​കൾ റോ​മി​ലും ഉണ്ടാ​യി​ട്ടു​ണ്ടു്; ഹാ​നി​ബോ​ളി​ന്റെ ചു​ണ​യു​ടെ ഒരു ചെ​റു​ഭാ​ഗം അവ​രി​ലും പ്ര​കാ​ശി​ച്ചു.

ഒരു ദിവസം ജി​ല്ലാ​ക്കോ​ട​തി​യി​ലെ ഗവർ​മ്മെ​ണ്ടു​വ​ക്കീ​ലി​നെ വെർ​നോ​ങ് പട്ട​ണ​ത്തി​ലെ ഒരു തെ​രു​വീ​ഥി​യിൽ​വെ​ച്ചു കണ്ടു​മു​ട്ടിയ സമ​യ​ത്തു് അയാൾ അടു​ത്തു ചെ​ന്നു ചോ​ദി​ച്ചു: ‘ഹേ ഗവർ​മ്മേ​ണ്ടു​വ​ക്കീ​ല​വർ​ക​ളേ, എനി​ക്ക് എന്റെ വെ​ടി​ക്കല കൊ​ണ്ടു​ന​ട​ക്കു​വാൻ സമ്മ​തം തന്നി​ട്ടു​ണ്ടോ?’

ഒരു ചെറിയ പട്ടാ​ള​മേ​ലു​ദ്യോ​ഗ​സ്ഥ​ന്റെ പകു​തി​ശ്ശ​മ്പ​ള​മ​ല്ലാ​തെ അയാൾ​ക്ക് മറ്റൊ​രു​പ​ജീ​വ​ന​മാർ​ഗ​വും ഉണ്ടാ​യി​രു​ന്നി​ല്ല. വെർ​നോ​ങ്ങിൽ​വെ​ച്ചു കി​ട്ടാൻ കഴി​യു​ന്ന ഏറ്റ​വും ചെറിയ ഒരു വീടു് അയാൾ വാ​ട​ക​യ്ക്കു വാ​ങ്ങി നാ​മി​പ്പോൾ കണ്ടു കഴി​ഞ്ഞ​തു​പോ​ലെ, അവിടെ അയാൾ താ​മ​സ​മാ​ക്കി. ചക്ര​വർ​ത്തി​വാ​ഴ്ച​ക്കാ​ല​ത്തു, രണ്ടു യു​ദ്ധ​ങ്ങ​ളു​ടെ ഇട​യ്ക്കു​വെ​ച്ചു, മാം​സ്സെൻ ഗിൽ​നോർ​മാ​നെ കല്യാ​ണം കഴി​പ്പാൻ അയാൾ സമയം കണ്ടു. മന​സ്സിൽ തി​ക​ച്ചും ശു​ണ്ഠി കയറിയ ആ കിഴവൻ നാ​ടു​വാ​ഴി ഒരു നെ​ടു​വീർ​പ്പോ​ടു​കൂ​ടി ഇങ്ങ​നെ പറ​ഞ്ഞും​കൊ​ണ്ടു് അനു​വാ​ദം കൊ​ടു​ത്തു: ‘വലിയ തറ​വാ​ടു​കൾ​ക്ക് ചി​ല​പ്പോൾ ഇതു പറ്റി​യി​ട്ടു​ണ്ടു്.’ എല്ലാ​വി​ധ​ത്തി​ലും അഭി​ന​ന്ദ​നീ​യ​യും ഒരു​ത്ത​മ​സ്ത്രീ​യും അസാ​മാ​ന്യ​യും ഭർ​ത്താ​വി​നു യോ​ജി​ച്ച​വ​ളു​മായ മദാം പൊ​ങ്മേർ​സി, ഒരാൺ​കു​ട്ടി​യെ പ്ര​സ​വി​ച്ച​തി​നു​ശേ​ഷം 1815-ൽ പര​ലോ​ക​പ്രാ​പ്ത​യാ​യി. ആ വി​ജ​ന​വാ​സ​ത്തിൽ കേർണൽ പൊ​ങ്മേർ​സി​യു​ടെ സന്തോ​ഷം മു​ഴു​വ​നും ആ ഒരു കു​ട്ടി​യാ​യി​രു​ന്നു; പക്ഷേ, മു​ത്ത​ച്ഛൻ ആ കു​ട്ടി​യെ തനി​ക്കു കി​ട്ട​ണ​മെ​ന്നു് അധി​കാ​ര​പൂർ​വം ആജ്ഞാ​പി​ച്ചു. കൊ​ടു​ക്കാ​ത്ത പക്ഷം കു​ട്ടി​ക്കു തന്റെ വക യാ​തൊ​രു സ്വ​ത്തി​നും അവ​കാ​ശ​മി​ല്ലാ​താ​ക്കി​ത്തീർ​ക്കു​മെ​ന്നു് അദ്ദേ​ഹം സി​ദ്ധാ​ന്തി​ച്ചു. കു​ട്ടി​യു​ടെ ഗുണം നോ​ക്കി അച്ഛൻ അത​നു​സ​രി​ച്ചു; അയാൾ തന്റെ സ്നേ​ഹ​ത്തെ പു​ഷ്പ​ങ്ങ​ളു​ടെ മേ​ലേ​ക്കാ​ക്കി.

അത്ര​യ​ല്ല, അയാൾ സർ​വ​വും ഉപേ​ക്ഷി​ച്ചു; അപ​ക​ട​ങ്ങ​ളെ ഉണ്ടാ​ക്കി​ത്തീർ​ക്കാ​നോ തീർ​ത്ത​തിൽ പങ്കെ​ടു​ക്കാ​നോ അയാൾ നി​ല്ക്കാ​താ​യി. അപ്പോൾ ചെ​യ്തു പോ​രു​ന്ന നിർ​ദ്ദോ​ഷ​സം​ഗ​തി​കൾ​ക്കും, ചെ​യ്തു​ക​ഴി​ഞ്ഞ മഹാ​കാ​ര്യ​ങ്ങൾ​ക്കു​മാ​യി അയാൾ സ്വ​ന്തം വി​ചാ​ര​ങ്ങ​ളെ പങ്കി​ട്ടു​കൊ​ടു​ത്തു. ഒരു പൂ​മൊ​ട്ടു​ണ്ടാ​കു​ന്ന​തു​കാ​ത്തും ഓസ്തെർ​ലി​ത്സു് യു​ദ്ധ​ത്തെ ഓർ​മി​ച്ചും അയാൾ സമയം കഴി​ച്ചു.

മൊ​സ്സ്യു ഗിൽ​നോർ​മാ​ന്നു് തന്റെ ജാ​മാ​താ​വി​നെ​പ്പ​റ്റി ഒരു വി​ചാ​ര​വും ഉണ്ടാ​യി​രു​ന്നി​ല്ല. അദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം കേർണൽ ‘ഒരു തട്ടി​പ്പ​റി’ ക്കാ​ര​നാ​യി​രു​ന്നു. കേർ​ണ​ലി​ന്റെ പരി​ഹാ​സ്യ​മായ പ്ര​ഭു​പ​ട്ട​ത്തെ​പ്പ​റ്റി അപ്പോൾ നേ​രം​പോ​ക്കു പറ​യു​മ്പോ​ഴ​ല്ലാ​തെ മൊ​സ്സ്യു ഗിൽ​നോർ​മാൻ അയാ​ളെ​പ്പ​റ്റി ഒന്നും മി​ണ്ടാ​റേ ഇല്ല. മകനെ തി​ക​ച്ചും നിർ​ധ​ന​നാ​ക്കി തി​രി​ച്ചേ​ല്പി​ക്കു​മെ​ന്ന ശിക്ഷ കാ​ണി​ച്ചു പൊ​ങ്മേർ​സി​യെ​ക്കൊ​ണ്ടു മക​നു​മാ​യി മേലാൽ കാ​ണാ​തി​രു​ന്നു​കൊ​ള്ളാ​മെ​ന്നു് അദ്ദേ​ഹം ഉട​മ്പ​ടി ചെ​യ്യി​ച്ചു. ഗിൽ​നോർ​മാൻ​വം​ശ​ക്കാ​രെ​സ്സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം, പൊ​ങ്മേർ​സി പ്ലേ​ഗു​രോ​ഗം പി​ടി​ച്ച​വ​നാ​ണു്, ഈ ശാ​ഠ്യ​ങ്ങൾ​ക്കു കീ​ഴ​ട​ങ്ങി​യ​തിൽ കേർ​ണൽ​ക്കു പക്ഷേ, തെ​റ്റു പറ്റി​യി​രി​ക്കാം; പക്ഷേ, ആ ചെ​യ്യു​ന്ന​തു ധർ​മ​മാ​ണെ​ന്നും തന്നെ​യ​ല്ലാ​തെ മറ്റാ​രേ​യും അതിനു ബലി കൊ​ടു​ക്കു​ന്നി​ല്ല​ല്ലോ എന്നും കരുതി അയാൾ അവയെ അനു​സ​രി​ച്ചു.

മൊ​സ്സ്യു ഗിൽ​നോർ​മാ​ന്റെ സ്വ​ത്തു് അധി​ക​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു; പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ മൂത്ത മക​ളു​ടെ സ്വ​ത്തു് അത്ര കു​റ​ച്ചൊ​ന്നു​മ​ല്ല. അപ​രി​ണീ​ത​യാ​യി​രു​ന്ന ആ സ്ത്രീ​ക്ക് അമ്മ​യു​ടെ വഴി​യാ​യി വളരെ മു​ത​ലു​ണ്ടാ​യി​രു​ന്നു; അതി​ന്നെ​ല്ലാം ശരി​യായ അവ​കാ​ശി, ആ അനു​ജ​ത്തി​യു​ടെ മക​ന​ല്ലാ​തെ മറ്റാ​രു​മ​ല്ല​താ​നും. മരി​യു​സു് എന്നു പേരായ ആ ആൺ​കു​ട്ടി​ക്ക് ഒര​ച്ഛൻ തനി​ക്കു​ണ്ടെ​ന്ന​ല്ലാ​തെ വേ​റെ​യൊ​ന്നും അറി​വി​ല്ലാ​യി​രു​ന്നു. അതി​നെ​പ്പ​റ്റി ആരും അവ​നോ​ടു മി​ണ്ടാ​റി​ല്ല. ഏതാ​യാ​ലും മു​ത്ത​ച്ഛൻ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​റു​ള്ള ഓരോ ഇട​ങ്ങ​ളിൽ​നി​ന്നു മന്ത്രി​ക്ക​ലു​ക​ളും സൂ​ച​ന​ക​ളും കൺ​ചി​മ്മ​ലു​ക​ളു​മാ​യി ക്ര​മേണ ആ കു​ട്ടി​യു​ടെ ഉള്ളിൽ കാ​ര്യം തെ​ളി​ഞ്ഞു​വ​ന്നു​തു​ട​ങ്ങി; ഒടു​വിൽ വാ​സ്ത​വ​സ്ഥി​തി​യു​ടെ ചില ഭാ​ഗ​ങ്ങ​ളൊ​ക്കെ മന​സ്സി​ലാ​യി; ആ ചെ​റു​കു​ട്ടി ശ്വ​സി​ക്കു​ന്ന വാ​യു​ത​ന്നെ​യാ​ണെ​ന്നു പറ​യാ​വു​ന്ന ആവക ആലോ​ച​ന​ക​ളും അഭി​പ്രാ​യ​ങ്ങ​ളും അക​ത്തേ​ക്കൂ​റി​വീ​ണു. പതു​ക്കെ തു​ള​ഞ്ഞു കട​ന്നു, മന​സ്സിൽ പറ്റി​യ​തോ​ടു​കൂ​ടി, ലജ്ജ​യോ​ടും വേ​ദ​ന​യോ​ടും​കൂ​ടി മാ​ത്ര​മേ അച്ഛ​നെ​പ്പ​റ്റി വി​ചാ​രി​ക്കാൻ കഴിയൂ എന്ന നില വന്നു​കൂ​ടി.

ഇങ്ങ​നെ വളർ​ന്നു​വ​രു​മ്പോൾ രണ്ടോ മൂ​ന്നോ ദിവസം കൂ​ടു​മ്പോൾ ഒരു ദിവസം കേർണൽ പതു​ക്കെ പു​റ​പ്പെ​ട്ടു. തട​വിൽ​നി​ന്നു ചാ​ടി​പ്പോ​രു​ന്ന ഒരു കള്ള​പ്പു​ള്ളി​യെ​പ്പോ​ലെ, ഉപാ​യ​ത്തിൽ പാ​രി​സ്സിൽ വന്നു, മരി​യു​സ്സി​ന്റെ വലി​യ​മ്മ മരി​യു​സ്സി​നേ​യും കൂ​ട്ടി പള്ളി​യി​ലേ​ക്കു പോ​കു​ന്ന സമയം നോ​ക്കി സാ​ങ്സുൽ പി​സ്സി​ന്ന​ടു​ത്തു് ഒരു ഭാ​ഗ​ത്തു വന്നു​കൂ​ടും. അവിടെ, ആ വലി​യ​മ്മ തി​ര​ഞ്ഞു​നോ​ക്കി​യാ​ലോ എന്നു ഭയ​പ്പെ​ട്ടു​കൊ​ണ്ടു്, അന​ങ്ങാ​തെ, ശ്വാ​സം കഴി​ക്കാൻ​കൂ​ടി ധൈ​ര്യ​മി​ല്ലാ​തെ, ഒരു തൂ​ണി​നു പി​ന്നിൽ ഒളി​ച്ചു​നി​ന്നു് ആ കു​ട്ടി​യെ സൂ​ക്ഷി​ച്ചു നോ​ക്കും. കല​കെ​ട്ടിയ യു​ദ്ധ​ഭ​ട​ന്നു് ആ അപ​രി​ണീ​ത​വൃ​ദ്ധ​യെ പേ​ടി​യാ​യി​രു​ന്നു.

ഈ വര​വിൽ​നി​ന്നാ​ണു് അയാ​ളും വെർ​നോ​ങ്ങി​ലെ മതാ​ചാ​ര്യ​നു​മാ​യി കൂ​ട്ടു​കെ​ട്ടു തു​ട​ങ്ങി​യ​തു്.

സാ​ങ്സുൽ​പി​സ്സി​ലെ ഒരു കീ​ഴു​ദ്യോ​ഗ​സ്ഥൻ അയാൾ ആ കു​ട്ടി​യെ നോ​ക്കി​ക്കാ​ണു​ന്ന​തും, അയാ​ളു​ടെ കവി​ള​ത്തു​ള്ള കലയും, കണ്ണിൽ കണ്ണീർ നി​റ​യ​ലും കണ്ടു മന​സ്സി​ലാ​ക്കാ​റു​ണ്ടു്. ആ കാ​വ​ല്ക്കാ​ര​ന്റെ സഹോ​ദ​ര​നാ​യി​രു​ന്നു മതാ​ചാ​ര്യൻ. അത്ര​യും പു​രു​ഷ​ത്വ​മു​ള്ള ആ മനു​ഷ്യൻ ഒരു സ്ത്രീ​യെ​പ്പോ​ലെ കര​യു​ന്ന​തു കണ്ടു് ആ കാ​വ​ല്ക്കാ​ര​നു ദയ തോ​ന്നി. ആ മനു​ഷ്യ​ന്റെ മുഖം അയാ​ളു​ടെ ഉള്ളിൽ പതി​ഞ്ഞു, ഒരു ദിവസം ആ കാ​വ​ല്ക്കാ​രൻ വെർ​നോ​ങ്ങി​ലു​ള്ള മതാ​ചാ​ര്യ​നെ കാണാൻ ചെ​ന്നി​രു​ന്ന സമ​യ​ത്തു കേർണൽ പൊ​ങ്മേർ​സി​യെ പാ​ല​ത്തി​ന്മേൽ വെ​ച്ചു യദൃ​ച്ഛ​യാ കണ്ടു​മു​ട്ടി, സാങ് സുൽ​പി​സ്സിൽ വെ​ച്ചു കാ​ണാ​റു​ള്ള ആളാ​ണ​തെ​ന്നു മന​സ്സി​ലാ​ക്കി, അയാൾ വി​വ​ര​മെ​ല്ലാം മതാ​ചാ​ര്യ​നോ​ടു പറ​ഞ്ഞു; അവർ രണ്ടു​പേ​രും​കൂ​ടി എന്തോ ഉപാ​യ​ത്തി​ന്മേൽ കേർ​ണ​ലി​നെ വീ​ട്ടിൽ ചെ​ന്നു കണ്ടു. അങ്ങ​നെ അവർ പി​ന്നെ​യും ഇട​യ്ക്കി​ട​യ്ക്കു ചെ​ല്ലാൻ തു​ട​ങ്ങി. ആദ്യ​ത്തിൽ അധി​ക​മൊ​ന്നും മി​ണ്ടാ​തി​രു​ന്ന കേർണൽ, ഒടു​വിൽ തന്റെ മന​സ്സി​ലു​ള്ള​തെ​ല്ലാം തു​റ​ന്നു പറ​ഞ്ഞു; ക്ര​മ​ത്തിൽ കാ​വ​ല്ക്കാ​ര​നും മതാ​ചാ​ര്യ​നും ചരി​ത്രം മു​ഴു​വൻ അറി​യാ​നി​ട​യാ​യി; സ്വ​ന്തം മക​ന്റെ ഭാ​വി​ക്ഷേ​മ​പൂർ​ണ​മാ​കു​വാൻ​വേ​ണ്ടി അയാൾ തന്റെ സു​ഖ​ത്തെ ബലി​ക​ഴി​ക്കു​ക​യാ​ണെ​ന്നു് അവർ കണ്ടു. ഇതു​കാ​ര​ണം മതാ​ചാ​ര്യൻ അയാളെ സ്നേ​ഹ​ത്തോ​ടും ബഹു​മാ​ന​ത്തോ​ടു​കൂ​ടി കരു​തി​പ്പോ​ന്നു; പോ​ങ്മേർ​സി​ക്കും മതാ​ചാ​ര്യ​ന്റെ മേൽ ഇഷ്ടം തോ​ന്നി. അത്ര​യ​ല്ല, രണ്ടു പേരും നല്ല സ്ഥി​ര​ത​യും സൗ​ശീ​ല്യ​മു​ള്ള​വ​രാ​യ​തു​കൊ​ണ്ടു്, ഒരു വൃ​ദ്ധ​നായ മതാ​ചാ​ര്യ​നും ഒരു വൃ​ദ്ധ​നായ യു​ദ്ധ​ഭ​ട​നു​മെ​ന്ന​പോ​ലെ അത്ര​മേൽ അന്യോ​ന്യം കൂ​ടി​ച്ചേ​രു​ക​യും ഒന്നാ​യി യോ​ജി​ക്കു​ക​യും ചെ​യ്യു​ന്ന വേറെ രണ്ടു​പേർ ഉണ്ടാ​വാൻ തര​മി​ല്ല. ഒരാൾ ഈ ഭൂ​മി​യി​ലു​ള്ള തന്റെ രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വി​തം ഉഴി​ഞ്ഞു​വെ​ച്ചു; മറ്റേ ആൾ സ്വർ​ഗ​ത്തി​ലു​ള്ള തന്റെ രാജ്യത്തിനുവേണ്ടി-​ഇതേ വ്യ​ത്യാ​സ​മു​ള്ളൂ.

കൊ​ല്ല​ത്തിൽ രണ്ടു തവണ, വർ​ഷാ​രം​ഭ​ദി​വ​സ​വും സെ​യ്ന്റു ് ജോർ​ജ്ജ് പെ​രു​ന്നാൾ ദി​വ​സ​വും മരി​യൂ​സു് അച്ഛ​ന്നു മു​റ​യ​നു​സ​രി​ച്ച് ഓരോ കത്തെ​ഴു​തും; അതിലെ വാ​ച​ക​ങ്ങൾ വലി​യ​മ്മ​യാ​ണു് പറ​ഞ്ഞു​കൊ​ടു​ക്കാ​റു്. അവ​യെ​ല്ലാം ഏതോ ഒരു പഴ​ഞ്ചൊൽ​പ്പു​സ്ത​ക​ത്തിൽ​നി​ന്നു പകർ​ത്തി​യ​വ​യാ​ണെ​ന്നേ തോ​ന്നു. ഇതിനു മാ​ത്ര​മേ മൊ​സ്സ്യു ഗിൽ​നോർ​മാ​ന്റെ അനു​വാ​ദ​മു​ള്ളു. അവ​യ്ക്ക് അച്ഛൻ അയ​യ്ക്കാ​റു​ള്ള വാ​ത്സ​ല്യ​പൂർ​ണ​ങ്ങ​ളായ മറു​പ​ടി​ക​ളെ​യെ​ല്ലാം മകൻ വാ​യി​ച്ചു​നോ​ക്കാ​തെ കീ​ശ​യി​ലേ​ക്കു തി​രു​കും.

കു​റി​പ്പു​കൾ

[1] നെ​പ്പോ​ളി​യ​ന്റെ രക്ഷി​സം​ഘാ​ധി​പൻ.

[2] ഒരു റോമൻ സൈ​ന്യാ​ധി​പൻ, മൂ​ന്നു തവണ രാ​ജ്യ​ഭാ​ര​മേ​റ്റെ​ടു​ത്തു ഒടു​വിൽ ഹാ​നി​ബോ​ളു​മാ​യു​ള്ള യു​ദ്ധ​ത്തിൽ മരി​ച്ചു​പോ​യി.

Colophon

Title: Les Miserables (ml: പാ​വ​ങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വി​ക്തോർ യൂഗോ, പാ​വ​ങ്ങൾ, നാ​ല​പ്പാ​ട്ടു് നാ​രാ​യണ മേനോൻ, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.