അന്ധകാരത്തിലിരിക്കുന്നവരുടെ ഭാഷയാണ് കന്നഭാഷ.
അത്രമേൽ ശുഷ്കവും കലഹപരവുമായ ആ ദുർഗ്രഹഭാഷയുടെ മുൻപിൽ, ആലോചന അതിന്റെ ഏറ്റവും ഇരുണ്ട അഗാധതകളിലോളം ഇളകിത്തീരുകയും സാമുദായികതത്ത്വജ്ഞാനം അതിന്റെ ഏറ്റവുമധികം രൂക്ഷങ്ങളായ മനോരാജ്യങ്ങളിലോളം വിളിച്ചുവരുത്തപ്പെടുകയും ചെയ്യുന്നു. അവിടെയാണ് ദൃശ്യമായിത്തീർന്ന ശിക്ഷ കിടക്കുന്നത്. ഓരോ അക്ഷരത്തിനും അടയാളമുള്ളതുപോലെ തോന്നും. ആഭാസഭാഷയിലെ വാക്കുകൾ കൊലയാളിയുടെ പഴുത്ത ഇരിമ്പുതട്ടിയിട്ടെന്നപോലെ ചുരുണ്ടും ചുക്കിച്ചുളിഞ്ഞും കാണപ്പെടുന്നു. ചിലത് അപ്പോഴും പുകയുന്നുണ്ടെന്നു തോന്നും. ചില വാക്യങ്ങൾ സ്ഥാനമുദ്രച്ചുടിട്ടിട്ടുള്ള ഒരു കള്ളന്റെ ചുമൽ പെട്ടെന്നു നഗ്നമായാലത്തെ മട്ടുണ്ടാക്കും. നീതിന്യായത്തിന്റെ മുൻപിൽ നിന്നു ചാടിപ്പോന്ന ഈ ക്രിയാധാതുക്കളിലൂടെ തങ്ങളെ വെളിപ്പടുത്തിക്കുവാൻ ആലോചനകൾ പ്രായേണ കൂട്ടാക്കുന്നില്ല. കഴുത്തിൽ ഇരിമ്പുവട്ടക്കണ്ണിയിട്ടിട്ടുണ്ടെന്നവിധം രൂപകാതിശയോക്തി ചിലപ്പോൾ അത്ര നാണംകെട്ടതാണ്.
എന്നല്ല, ഇതെല്ലാമിരുന്നിട്ടും ഇതെല്ലാം കാരണമായിട്ടും, തുരുമ്പുപിടിച്ച ചെമ്പുതുട്ടിനെന്നപോലെ സ്വർണ്ണംകൊണ്ടുള്ള ബിരുദമുദ്രയ്ക്കും ഇടമുള്ള ആ മഹത്തും പക്ഷപാതരഹിതവുമായ കള്ളറക്കൂട്ടിൽ, സാഹിത്യമെന്നു പറയപ്പെടുന്നതിൽ, ഈ അസാധാരണഭാഷയ്ക്കും സ്വന്തം അറയുണ്ട്. ജനങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും, കന്നഭാഷയ്ക്ക് അതിന്റെ വക വാക്യരചനാശാസ്ത്രവും അതിന്റെവക കവിതയുമുണ്ട്. അതൊരു ഭാഷയാണ്. അതേ,ചില വാക്കുകളുടെ വൈരൂപ്യംകൊണ്ടു മാൻദ്രാങ് അതിനെ ചവച്ചിട്ടുണ്ടെന്ന വാസ്തവം നമുക്കു മനസ്സിലാവുകയും, ചില അജഹല്ലക്ഷണകളുടെ അന്തസ്സുകൊണ്ടു വിയോങ് അതു സംസാരിച്ചിട്ടുണ്ടെന്നു നമുക്കു ബോധപ്പെടുകയും ചെയ്യുന്നു:
ആ മനോഹരവും സുപ്രസിദ്ധവുമായ വരി
‘എങ്കിലും പോയ കൊല്ലങ്ങളിലെത്തൂമഞ്ഞെങ്ങു?’
കന്നഭാഷയിലെ ഒരു കവിതാശകലമാണ്. ഇതിലെ ‘പോയ കൊല്ലങ്ങൾ’ മൂന്നാണ്ടുകൾ എന്നർത്ഥത്തിലുള്ളതാണെങ്കിലും ലക്ഷണകൊണ്ടു പണ്ടത്തെ എന്നാവുന്നു, മുപ്പത്തഞ്ചുകൊല്ലം മുൻപ്, ആ വമ്പിച്ച തണ്ടുവലിശ്ശിക്ഷപ്പുള്ളികളുടെ കൂട്ടത്തിന്റെ യാത്രാകാലത്ത്, ബിസെത്തൃകാരാഗൃഹത്തിലെ കുണ്ടറകളിൽ ഒന്നിന്റെ ചുമരിന്മേൽ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ട ത്യൂണിലെ ഒരു രാജാവ് നഖംകൊണ്ടു കൊത്തിയിട്ട ഈ പ്രമാണം നോക്കിവായിക്കാമായിരുന്നു: ‘കഴിഞ്ഞു പോയ കാലങ്ങളിൽ രാജാക്കന്മാർ എന്നും ചെന്നു തങ്ങളെ അഭിഷേകം കഴിപ്പിക്കൽ തണ്ടുവലിശ്ശിക്ഷയിൽ കിടക്കലാണ്.
കനംകൂടിയ വാഹനങ്ങളുടെ വേഗത്തിലുള്ള പാച്ചിൽ കാണിക്കുന്ന ദെകരാദ് (Decarade) എന്ന വാക്കു വിയോങ്ങിന്റേയായിട്ടാണ് വെപ്പ്; അതദ്ദേഹത്തിനു യോജിച്ചതുമാണ്. നാലു കാലുകൊണ്ടും തീപ്പറപ്പിക്കുന്ന ഈ വാക്കു ലഫോങ് തേങ്ങിന്റെ. [1]
‘ശക്തിയുള്ളാറശ്വങ്ങൾ വലിച്ചിതൊരു വണ്ടി.’
എന്ന കവിതാവരിയെ മുഴുവനും ഒരു മേലേക്കിടയിലുള്ള അനുകരണരൂപണത്തിനുള്ളിൽ ഒതുക്കിയിരിക്കുന്നു.
വെറും സാഹിത്യത്തെപ്പറ്റിമാത്രം ആലോചിച്ചാൽ, കന്നഭാഷ പഠിക്കുന്നതിലധികം രസപ്രദവും പ്രയോജനകരവുമായി മറ്റൊന്നില്ല. അതൊരു ഭാഷയുടെ ഉള്ളിൽ ഒരു ഭാഷയാണ്; ഒരു തരം അസുഖകരമായ മുഴ; ഒരു സസ്യപ്രകൃതിയെ ഉണ്ടാക്കിത്തീർത്ത ഒരു കൊള്ളരുതാത്ത ഒട്ടുമരം; പണ്ടത്തെ പരന്ത്രീസ്സുഭാഷത്തടിയിൽ വേരൂന്നിയതും വല്ലാത്ത ഇലപ്പടർപ്പോടുകൂടി ഭാഷയുടെ ഒരു ഭാഗം മുഴുമനും ഇഴഞ്ഞുകയറിയതുമായ ഒരിത്തിക്കണ്ണി, ഇതാണ് കന്നഭാഷയുടെ ആദ്യത്തെ ആഭാസസ്ഥിതി. പക്ഷേ, ഭാഷയെ പഠിക്കേണ്ടവിധത്തിൽ, അതായതു ഭൂപ്രകൃതിശാസ്ത്രജ്ഞന്മാർ ഭൂമിയെപ്പറ്റി പഠിക്കുന്നവിധത്തിൽ, പഠിക്കുന്നവർക്ക് കന്നഭാഷ ശരിക്ക് ആറ്റുകരവെപ്പിനുള്ള ഒരു ഊറൽക്കൂട്ടുപോലെ തോന്നും. അതിൽ കുഴിക്കുന്നതിന്റെ ആഴവ്യത്യാസമനുസരിച്ചു പഴയ നാടോടിഭാഷയുടെ അടിയിൽ ദേശ്യഭാഷയും സ്പാനിഷ് ഭാഷയും ഫ്രഞ്ചുഭാഷയും ഗ്രീക്കു ഭാഷയും ഒടുവിൽ ബസ്ക് ഭാഷയും കണ്ടെത്തുന്നു. അഗാധവും അദ്വിതീയവുമായ ഒരു നിർമ്മാണം. എല്ലാ പാവങ്ങളുംകൂടി പൊതുവിലുള്ള ഉപയോഗത്തിനുവേണ്ടി കെട്ടിയുണ്ടാക്കിയ ഒരു തുരങ്കക്കോട്ട, ഓരോ നികൃഷ്ടവർഗ്ഗവും അതിന്റെ അട്ടിയെ അതിൽ കുഴിച്ചിട്ടുണ്ട്; ഓരോ കഷ്ടപ്പാടും അതിന്റെ കല്ലിനെ അതിലിട്ടിട്ടുണ്ട്; ഓരോ ഹൃദയവും അതിന്റെ പളുങ്കുകല്ലിനെ അതിനു വരി കൊടുത്തിട്ടുണ്ട്. ജീവിതം മുഴുവനും പിന്നിട്ടു ശാശ്വതത്വത്തിൽച്ചെന്നുമറഞ്ഞ നീചമോ നികൃഷ്ടമോ ക്രുദ്ധമോ ആയ ഒരുകൂട്ടം ആത്മാക്കളെല്ലാം ഏതോ ഒരു പൈശാചികവാക്കിന്റെ അടിയിൽ ഇപ്പോഴും ഏതാണ്ടു തികച്ചും കാണാവുന്നവിധം പതുങ്ങിനില്ക്കുന്നുണ്ട്.
സ്പാനിഷ് വേണമോ? പണ്ടത്തെ പരന്ത്രീസ് കന്നഭാഷയിൽ അതു ധാരാളമുണ്ട്. ഇനി, ബൊഫെത്തോങ് എന്നതിൽനിന്നുണ്ടായ ചെകിട്ടത്ത് ഒരടി എന്നർത്ഥത്തിലുള്ള ബോഫത്ത്; വൻതാനയിൽ നിന്നുണ്ടായ വൻതാൻ, ജനാല; ഗതോ എന്നതിന്റെ രൂപാന്തരമായ ഗത്, പൂച്ച ഇറ്റാല്യൻ വേണമോ? ഇതാ, സ്പദാ എന്നതിൽനിന്നു വന്ന സ്പദ്, വാൾ; കരവല്ലായിൽനിന്നുണ്ടായ കരവെൽ, വഞ്ചി. ഇംഗ്ലീഷു വേണമോ? ഇതാ, ബിഷോപ്പിൽനിന്നു വന്ന ബിഷോ, മെത്രാൻ; റാസ്കൽ എന്നതിൽനിന്നുണ്ടായ റെയിൽ, ഒറ്റുകാരൻ ജർമ്മൻ വേണമോ? ഇതാ, കെൽനെറിൽനിന്നു വന്ന കലെർ, ഭൃത്യൻ; എരസോഗി (Herazo =പ്രഭു)ൽനിന്നുള്ള എർ, എജമാനൻ. ലത്തീൻഭാഷ വേണമോ? ഇതാ, ഫ്രൻഗിയറിൽനിന്നു ഫ്രങ്ങിർ, പൊട്ടിക്കുക;’ ഫൂറിൽനിന്നു അഫുറെ, കക്കുക; കറ്റെനയിൽനിന്നു കദെൻ, ചങ്ങല. യൂറോപ്പിലെ എല്ലാ ഭാഷകളിലും ഒരത്ഭുതകരമായ ശക്തിയോടും അധികാരത്തോടുംകൂടി മുളച്ചുപൊന്തിയിട്ടുള്ള ഒരു വാക്കുണ്ട്, മാഗ്നസ് = മഹത്ത്; സ്കോട്ലണ്ടുകാരൻ അതിനെക്കൊണ്ടു മാക് എന്ന വാക്കുണ്ടാക്കി—നാടുവാഴിക്ക് അതു സ്ഥാനപ്പേരായിത്തീർന്നു; മാക്ഫർലേൻ, മാക് കല്ലുമോർ—മഹാനായ ഫർലേൻ, മഹാനായ കല്ലുമോർ; [2] ഫ്രഞ്ച് കന്നഭാഷ അതിനെ മെക് എന്നും പിന്നീട് ല്മെഗ് എന്നുമാക്കിത്തീർത്തു—എന്നുവെച്ചാൽ ഈശ്വരൻ എന്നാക്കി. ബസ്ക് ഭാഷ ഇഷ്ടമുണ്ടോ? ഇതാ, പാവം എന്ന അർത്ഥമുള്ള ഗെസ്തോ എന്നതിൽനിന്നുണ്ടായ ഗയിസ്തോ, ചെകുത്താൻ. കെൽറ്റിക് ആവശ്യമുണ്ടോ? ഇതാ, വെള്ളത്തള്ളിച്ച എന്നർത്ഥമുള്ള ബ്ളവെത് എന്നതിൽനിന്നു വന്ന ബ്ളവാങ്, കൈയറുമാൽ. ഒടുവിൽ ചരിത്രം വേണമോ ഇനി? മാൽറ്റദ്വീപിലെ തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളിൽ പ്രചരിച്ചിരുന്ന ഒരു നാണ്യത്തിന്റെ സ്മാരകമായ കന്നഭാഷ കിരീടങ്ങളെ വാൽക്കോതമ്പങ്ങൾ എന്നുവിളിക്കുന്നു.
ഈ സൂചിപ്പിച്ച വ്യാകരണസംബന്ധികളായ ഉത്പത്തികൾക്കു പുറമേ, കന്ന ഭാഷയിൽ വേറേയും കുറേക്കൂടി പ്രകൃത്യനുകൂലങ്ങളായ ധാതുക്കളുണ്ട്; അവ മനുഷ്യന്റെ മനസ്സിൽനിന്നുതന്നെ പുറപ്പെടുന്നവയാണെന്നു പറയാം.
ഒന്നാമതായി, വാക്കുകളുടെ ഋജുവായ നിർമ്മാണം. അതിലാണ് ഭാഷകളുടെ ഗൂഢഭാഗം കിടക്കുന്നത്. എങ്ങനെയുണ്ടായി എന്നോ എന്തിനുണ്ടായി എന്നോ ആർക്കും അറിഞ്ഞുകൂടാത്ത രൂപങ്ങളായ വാക്കുകളെക്കൊണ്ടു ചിത്രമെഴുതുകയാണ് എല്ലാ മനുഷ്യഭാഷകളുടേയും അസ്തിവാരം; അതിനെ അവയുടെ കരിങ്കല്ലെന്നു പറയാം.
ഈവിധത്തിലുള്ള വാക്കുകൾ, അപ്രതീക്ഷിതങ്ങളായ വാക്കുകൾ, എവിടെ വെച്ചുണ്ടാക്കിയെന്നോ ആരുണ്ടാക്കിയെന്നോ ആർക്കും നിശ്ചയമില്ലാതെ, ശബ്ദ ശാസ്ത്രമില്ലാതെ, മറ്റൊന്നിനോടും ആനുരൂപ്യമില്ലാതെ, ഉത്പന്നപദങ്ങളില്ലാതെ, പെട്ടെന്നു സൃഷ്ടിക്കപ്പെട്ടവയായ വാക്കുകൾ, ഏകാന്തങ്ങളും അപരിഷ്കൃതങ്ങളും ചിലപ്പോൾ ഭയങ്കരങ്ങളുമായ വാക്കുകൾ, ഏകാന്തങ്ങളും അപരിഷ്കൃതങ്ങളും ചിലപ്പോൾ ഭയങ്കരങ്ങളുമായ വാക്കുകൾ, ഏകാന്തങ്ങളിൽ അപരിഷ്കൃതങ്ങളും ചിലപ്പോൾ ഭയങ്കരങ്ങളുമായ വാക്കുകൾ, ചില സമയത്ത് അർത്ഥം വെളിവാക്കുന്നതിൽ ഒരസാധാരണ ശക്തിയുള്ളവയും ജീവനുള്ളവയുമായ വാക്കുകൾ, കന്നഭാഷയിൽ ധാരാളമാണ്. Lesabrl = കാട്, Taf = ഭയം, Larabouin = ചെകുത്താൻ എന്നും മറ്റും. പാഴ്മോന്ത വെയ്ക്കുകയും എടുത്തുകളയുകയും ചെയ്യുന്ന ഈ വാക്കുകളെക്കാളധികം അത്ഭുതകരമായി മറ്റൊന്നില്ല. ചിലത് ഉദാഹരണത്തിനു La rabouin = ചെകുത്താൻ—ഒരേസമയത്തു വികൃതവും ഭയങ്കരവുമായിരിക്കുന്നു; ഒരതിഭയങ്കരമായ ഇളിച്ചുകാട്ടൽ നിങ്ങൾക്കനുഭവപ്പെടുത്തുന്നു.
രണ്ടാമതു, രൂപകാതിശയോക്തി, എല്ലാം പറയുന്നതിനും എന്നാൽ എല്ലാം ഒളിച്ചുവെയ്ക്കുന്നതിനും ആഗ്രഹിക്കുന്ന ഒരു ഭാഷയുടെ സവിശേഷത അതിൽ അലങ്കാരങ്ങൾ കൂടിയിരിക്കുമെന്നുള്ളതാണ്. രൂപകാതിശയോക്തി ഒരു കടങ്കഥയാണ്. ഒരു കളവുനടത്തിപ്പോരാൻ നോക്കുന്ന കള്ളനും ചാടിപ്പോരാനുള്ള വഴിയെടുക്കുന്ന തടവുപുള്ളിയും അതിന്നുള്ളിൽച്ചെന്നു രക്ഷപ്രാപിക്കുന്നു. കന്നഭാഷയെക്കാളധികം ഒരു ഭാഷാശൈലിയും രൂപകാതിശയോക്തിമയമല്ല; ചെപ്പു തിരിച്ചെടുക്കുക, കഴുത്തു പിടിച്ചു പിരിക്കുക; ഞെളിയുക, മതിയാവോളം തിന്നുക, എലി, അപ്പക്കള്ളൻ. ചിലപ്പോൾ കന്നഭാഷ ഒന്നാമത്തെ ഘട്ടത്തിൽനിന്നു രണ്ടാമത്തെ ഘട്ടത്തിലേക്കു കടക്കുന്നതോടുകൂടി, ആദ്യകാലത്തെ അപരിഷ്കൃതാർത്ഥത്തിൽനിന്നു വാക്കുകൾ രൂപകാതിശയോക്തിയിലേക്കു കടക്കുന്നു. ചെകുത്താൻ എന്നർത്ഥമുള്ള വാക്കു കന്നഭാഷയിൽ അപ്പക്കാരൻ, അടുപ്പിലെക്ക് അപ്പമിടുന്നവൻ, എന്നർത്ഥമുള്ള ല്ബുലാംഗെർ എന്നായിത്തീരുന്നു. ഇതിനു കുറച്ചധികം ഫലിതം കൂടുമെങ്കിലും മഹത്ത്വം കുറയും; കൊർണീലിക്കുശേഷം ജനിച്ച റസീൻ, എസ്കിലസ്സിനു ശേഷം ജനിച്ച യൂറിപ്പിഡിസ്. രണ്ടു ഘട്ടത്തിലേയും മട്ടുകൾ കൂടിയിട്ടുള്ള—ഒരേസമയത്ത് അപരിഷ്കൃതവും രൂപകാതിശയോക്തിപരവുമായിട്ടുള്ള —ചില കന്നഭാഷാവാക്യങ്ങൾക്ക് ഒരു ചലച്ചിത്രദർശനത്തിന്റെ ഛായയുണ്ട്. ‘പതുങ്ങിക്കള്ളന്മാർ രാത്രി കുതിരകളെ കക്കാൻ ഭാവമുണ്ട്’ എന്നർത്ഥത്തിലുള്ള ഈയൊരു വാചകം (Les Sorgulners…) ഒരു പ്രേതസംഘംപോലെ, മനസ്സിൻ മുൻപിലൂടെ പോകുന്നു. കാണുന്നതെന്താണെന്നു മനസ്സിലാകാതാവുന്നു.
മൂന്നാമതു പ്രയോജനകരത്വം. കന്നഭാഷ സാഹിത്യത്തിന്മേൽ ഉപജീവിക്കുന്നു. അത് അതിൽ ഇടയ്ക്കിടയ്ക്കു മുങ്ങുന്നു; തരംകിട്ടുമ്പോൾ അതിനെ വികൃതമാക്കാൻവേണ്ടി പലപ്പോഴും അതു ചടഞ്ഞുകൂടുന്നു. ചിലപ്പോൾ ശരിക്കുള്ള കന്നഭാഷയുമായി കൂടിമറിഞ്ഞ് ഈവിധം വൈകൃതപ്പെട്ട സാധാരണവാക്കുകളിൽനിന്നു മനോഹരങ്ങളായ ചൊല്ലുകൾ ഉണ്ടായിവരുന്നു; അവയിൽ മുൻ പറഞ്ഞ രണ്ടു പ്രധാന ഗുണങ്ങളും, ഋജുനിർമ്മാണവും അലങ്കാരവും കാണാം; നായ കുരയ്ക്കുന്നു, പാരിസ്സിലെ നാലുരുൾ വണ്ടി കാട്ടിലൂടേ പായുന്നുണ്ടെന്നു തോന്നുന്നു. ശ്രോതാക്കളെ വഴിപിഴപ്പിക്കാൻവേണ്ടി, സാധാരണമായി, ഭാഷയിലെ എല്ലാ വാക്കുകൾക്കും, വ്യത്യാസം കൂടാതെ, കന്നഭാഷ ഒരു നികൃഷ്ടമായ വാൽ വെച്ചുവിടുന്നു—ഔർഗ്യു, എയിൽ, ഉഷ് എന്നീ ഓരോ പ്രത്യയം. ആ ആട്ടിൻകാൽ നന്നായിട്ടുണ്ടോ? (വോസി യേർഗ്യുത്രുവേൽ...)—ഈ വാചകം, കർത്തുഷ് തനിക്ക് ഒളിച്ചുചാടുവാൻ വേണ്ടുന്ന സാഹായ്യം ചെയ്തുതരുവാൻ വേണ്ടി ഒരു കാരാഗൃഹഭൃത്യന്നു കൊടുത്ത കൈക്കൂലി അവന്നു തൃപ്തിപ്പെട്ടുവോ എന്നറിവാൻ ഉപയോഗിച്ചുനോക്കിയതാണ്.
കന്നഭാഷ വഷളത്തിന്റെ ഭാഷയായതുകൊണ്ടു ക്ഷണത്തിൽ അതുതന്നെ വഷളായിത്തീരുന്നു. പിന്നെ, എപ്പോഴും ഒളിക്കാൻ നോക്കുന്ന ഒന്നാകകൊണ്ട്, അതിനെ മനസ്സിലായി എന്നു കണ്ട മാത്രയിൽ, അതു തന്റെ ആകൃതി മാറ്റിക്കളയുന്നു, മറ്റേതു സ്ഥാവരത്തിലും കാണുന്നതിന്നെതിരായി, അതിന്മേൽത്തട്ടുന്ന ഏതു പ്രകാശനാളവും, അതിനെ നശിപ്പിക്കുന്നു. അങ്ങനെ എപ്പോഴും നശിക്കുകയും മുളയ്ക്കുകയും ചെയ്തുകൊണ്ടാണ് കന്നഭാഷ; ഒരിക്കലും ഇളവില്ലാത്ത ഒരു ദ്രുതവും നിഗൂഢവുമായ ജോലി. ഒരു ഭാഷ പത്തു നൂറ്റാണ്ടുകൾകൊണ്ടു കടന്നിട്ടില്ലാത്ത സ്ഥലത്തെ അത് പത്തു കൊല്ലംകൊണ്ടു പിന്നിടുന്നു. പതിനേഴാം നൂറ്റാണ്ടിൽ യുദ്ധം ചെയ്ക എന്നുവെച്ചാൽ ‘അന്യോന്യം പൊടി കൊടുക്കുക’യായിരുന്നു; പത്തൊമ്പതാംനൂറ്റാണ്ടിൽ അത് ‘അന്യോന്യം കഴുത്തു ചവച്ചിറക്കുക’യായി. ഈ രണ്ടറ്റങ്ങൾക്കിടയിൽ ഒരിരുപതു വാക്യങ്ങളുണ്ട്. കർത്തൂഷിന്റെ സംസാരം ലസിനേർക്കു [3] ഹിന്തുസ്ഥാനിയായിരിക്കും. ഈ ഭാഷയിലുള്ള എല്ലാ വാക്കുകളും, അവയെ ഉച്ചരിക്കുന്ന മനുഷ്യരെപ്പോലെതന്നെ, എപ്പോഴും പാഞ്ഞുനടക്കുകയാണ്.
എങ്കിലും, ഇടയ്ക്കിടയ്ക്ക്, ഈ പാച്ചലിന്റെ ഫലമായി, പണ്ടത്തെ കന്നഭാഷ പിന്നെയും മുളച്ചുവരികയും വീണ്ടും പുതുതാവുകയും ചെയ്യുന്നു. ചില തലസ്ഥാനങ്ങളുണ്ട്, അവിടങ്ങളിൽ അതു പൂർണ്ണാധികാരം നടത്തുന്നു. തെംപ്ല് പതിനേഴാം നൂറ്റാണ്ടിലെ കന്നഭാഷ സൂക്ഷിച്ചുപോരുന്നുണ്ട്. ജെയിൽസ്ഥലമായിരുന്നപ്പോൾ ബിസൊത്ത്രാകട്ടെ ത്യൂണിലെ കന്നഭാഷ കരുതിവെച്ചു. പണ്ടത്തെ ത്യൂൺകാരന്റെ വാക്കുകളിലെ പ്രത്യയം (Anche എന്നത്) അവിടെ പറഞ്ഞുകേൾക്കാം. എന്തായാലും ഇളവില്ലാത്ത ചലനമാണ് അതിന്റെ ശാശ്വതനിയമം.
ഇളവില്ലാതെ ആവിയായിപ്പോകുന്ന ഈയൊരു ഭാഷയെ ഒരു നിമിഷനേരത്തേക്കു നോക്കിപ്പഠിക്കാൻവേണ്ടി ഒന്നു പിടിച്ചുനിർത്തുവാൻ തത്ത്വജ്ഞാനിക്കു കഴിയുന്നപക്ഷം, അയാൾ ഉടനെ വ്യസനമയവും പ്രയോജനകരവുമായ മനോരാജ്യത്തിൽ പെട്ടുപോകുന്നു. മറ്റൊരു പഠിപ്പിലും, അറിവുണ്ടാക്കുന്ന കാര്യത്തിൽ, ഇതിലധികം ഫലസിദ്ധിയും സന്താനവൃദ്ധിയുമില്ല. ഒരു പാഠം അന്തർഭവിച്ചിട്ടില്ലാത്ത ഒരു രൂപകാതിശയോക്തിയോ ഒരുപമയോ കന്നഭാഷയിലില്ല. ഈ ഭാഷക്കാർക്കിടയിൽ അടിക്കുക സൂത്രത്തിൽക്കയ്യിലാക്കുകയാണ്; അവൻ പണമടിച്ചു; ഉപായമാണ് അവരുടെ ശക്തി.
അവർക്കിടയിൽ, മനുഷ്യനെപ്പറ്റിയുള്ള വിചാരം ഇരുട്ടിനെപ്പറ്റിയുള്ള വിചാരത്തിൽനിന്നു ഭിന്നമല്ല; രാത്രിയെ അവർ ലസോർഗെ എന്നു വിളിക്കുന്നു; മനുഷ്യനെ ലോർഗെ എന്നും. മനുഷ്യൻ രാത്രിയിൽനിന്നുണ്ടായ ഒരു പദമാണ്.
സമുദായത്തെ അവർ തങ്ങളെ നശിപ്പിച്ചുകളയുന്ന, അപായകരമായ, ഒരു വായുമണ്ഡലമായി കരുതിപ്പോരുന്നു; മറ്റുള്ളവർ ആരോഗ്യത്തിൽപ്പറ്റി പറയും പോലെയാണ് അവർ സ്വാതന്ത്ര്യത്തെപ്പറ്റി പറയാറ്. പൊല്ലീസ്സിന്റെ പിടിയിൽപ്പെട്ട ആൾ രോഗക്കാരനാണ്; ശിക്ഷിക്കപ്പെട്ടവൻ മരിച്ചവനും.
ഒരു തടവുപുള്ളിക്കു താൻ കുഴിച്ചുമൂടപ്പെട്ടിട്ടുള്ള അറയ്ക്കുള്ളിൽക്കിടക്കുമ്പോഴത്തെ പരമസങ്കടം ഒരുതരം കട്ടപ്പിടിച്ച ചാരിത്രമാണ്; അവൻ കുണ്ടറത്തടവിനെ ഉടയെടുക്കലെന്നു പറയുന്നു. ആ ശ്മശാനസ്ഥലത്തിരിക്കുമ്പോൾ പുറമെയുള്ള ജീവിതം തികച്ചും പുഞ്ചിരിക്കൊണ്ടുനില്ക്കുന്നു. തടവുപുള്ളിയുടെ കാലിന്മേൽ ചങ്ങലയുണ്ട്; കാലുകൊണ്ടു നടക്കാമല്ലോ എന്നാവും അവന്റെ ആലോചനയെന്നു, പക്ഷേ, നിങ്ങൾ കരുതുന്നു? അല്ല; കാലുകൊണ്ടു നൃത്തം വെക്കാമല്ലോ എന്നാണ് അവന്റെ ആലോചന; അതുകൊണ്ട്, കാലിലുള്ള ചങ്ങല പൊട്ടിച്ചുകളയാൻ കഴിഞ്ഞാൽ ഉടനെ അവന്നു തോന്നുന്നത്, ഇനി നൃത്തം വെക്കാമല്ലോ എന്നാണ്; അതിനാൽ ഈർച്ചവാളിന് അവൻ ചാരായക്കടനൃത്തം എന്നു പേരിട്ടു. ഒരു പേർ ഒരു കേന്ദ്രമാണ്; തികഞ്ഞ ദഹനം. ഒരു ഘാതകന്നു രണ്ടു തലയുണ്ട്—അവന്റെ പ്രവൃത്തികളെപ്പറ്റി ആലോചിക്കുകയും ജീവിതയാത്രയിൽ അവനെകൊണ്ടുനടക്കുകയും ചെയ്യുന്ന ഒന്നും, വധസമയത്ത് അവന്റെ ചുമലിൽക്കാണാറുള്ള മറ്റൊന്നും; ദുഷ്പ്രവൃത്തികൾക്കു വേണ്ട ഉപദേശം കൊടുക്കുന്ന തലയ്ക്കു മുഖ്യസർവ്വകലാശാല എന്നും അവയ്ക്കു പരിഹാരം ചെയ്യുന്ന തലയ്ക്കു പീപ്പപ്പണിമുട്ടി എന്നും അവൻ പേരിട്ടു. ഒരാൾക്കു ദേഹത്തിൽ കീറത്തുണികളും ഹൃദയത്തിൽ ദുഷ്ടതകളുമല്ലാതെ മറ്റൊന്നുമില്ലെന്നായാൽ, തെമ്മാടി എന്ന വാക്കുകൊണ്ടു സൂചിപ്പിക്കുന്ന സാമ്പത്തികമായും സദാചാരപരമായുള്ള രണ്ടധഃപതനത്തിലും ഒരാൾ എത്തിക്കഴിഞ്ഞാൽ, അവൻ ദുഷ്പ്രവൃത്തികൾക്ക് അർഹനായി; അവൻ നല്ലവണ്ണം ഊട്ടുചെന്ന ഒരു കത്തിപോലെയായി; അവന്നു മൂർച്ചയുള്ള രണ്ടു വക്കുണ്ട്—കഷ്ടപ്പാടും ദ്രോഹബുദ്ധിയും; അതുകൊണ്ടു കന്നഭാഷ ഒരിക്കലും തെമ്മാടി എന്നു പറയില്ല, കത്തിയലക് എന്നേ പറയൂ. തണ്ടുവലിശ്ശിക്ഷസ്ഥലം എന്താണ്? ശിക്ഷാവിധിത്തീച്ചട്ടി, ഒരു നരകം. തടവുപുള്ളി അവനെ ഒരു ചുള്ളൽ എന്നു പറയുന്നു. ഒടുവിൽ പറയട്ടെ, ദുഷ്പ്രവൃത്തിക്കാർ തങ്ങളുടെ കാരാഗൃഹത്തിന്ന് എന്തു പേർ വിളിക്കുന്നു? ‘കോളേജ്.’ ആ വാക്കിൽനിന്ന് ഒരു കാരാഗൃഹനിയമം മുഴുവനും ഉണ്ടാക്കാം.
തണ്ടുവലിശ്ശിക്ഷാസ്ഥലങ്ങളിലെ പാട്ടുകൾ മിക്കതും എവിടെനിന്നാണുത്ഭവിച്ചതെന്നു വായനക്കാർക്കു അറിയണമെന്നുണ്ടോ?
അവർ ഇതൊന്നു മനസ്സിരുത്തി വായിക്കട്ടെ; പാരിസ്സിൽ ഷാത്തലെ എന്ന സ്ഥലത്തു നീണ്ടതും വിസ്താരമേറിയതുമായ ഒരു കുണ്ടറയുണ്ടായിരുന്നു. സെയിൻനദിയുടെ അടിയിൽനിന്ന് എട്ടടി ചുവട്ടിലാണ് ഈ കുണ്ടറ. അതിനു ജനാലകളാവട്ടെ കാറ്റിൻപഴുതുകളാവട്ടെ ഇല്ല; ആകെയുള്ള ഒരു ദ്വാരം വാതിലാണ്; മനുഷ്യർക്ക് അങ്ങോട്ടു കടന്നുചെല്ലാം; വായുവിനു വയ്യാ. ഈ നിലവറയ്ക്കു തട്ടായി ഒരു കല്ലുകമാനവുമുണ്ട്; നിലമായി പത്തിഞ്ചു ചേറും. അതിൽ കല്ലുപാവിയിട്ടുണ്ട്; പക്ഷേ, ആ കൽവിരി വെള്ളം കിനിഞ്ഞു ദ്രവിച്ചു വിണ്ടിരിക്കുന്നു. നിലത്തു നിന്ന് എട്ടടി മുകളിൽ ഒരു നീണ്ടു കനത്ത തുലാം ഈ ഭുഗർഭഗുഹയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ മുട്ടിനില്ക്കുന്നു; ഈ തുലാത്തിൽനിന്ന് അടുത്തടുത്തായി, മൂന്നടിനീളത്തിലുള്ള ചങ്ങലകൾ തൂങ്ങിക്കിടപ്പുണ്ട്; ഓരോ ചങ്ങലയുടെയും തുമ്പത്തു കഴുത്തിന്റെ വട്ടത്തിൽ ഓരോ വട്ടക്കണ്ണിയും. ഈ നിലവറക്കുണ്ടിൽ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ടവരെ, തുലോങ്ങിലെക്കു കൊണ്ടുപോകുന്നതിനുമുൻപ് തടവിലിടുന്നു. അവരെ ഈ തുലാത്തിന്റെ ചുവട്ടിലേക്ക് ഉന്തിയാക്കും; അവിടെ ഓരോരുത്തനും തനിക്കുള്ള ചങ്ങല ഇരുട്ടത്ത് ആടിക്കളിച്ചുകൊണ്ട് കാത്തുനില്ക്കുന്നതു കാണാം.
ചങ്ങലകളും—ആ തൂങ്ങിക്കിടക്കുന്ന കൈകൾ—കഴുത്തുവട്ടക്കണ്ണികളും—ആ തുറന്ന കൈപ്പടങ്ങൾ— അവിടെക്കെത്തുന്ന നിർഭാഗ്യസത്ത്വങ്ങളെ കഴുത്തിൽ പിടികൂടുന്നു. അവിടെ അവരെ ആണിക്കിട്ടുകളയും. ചങ്ങല നീളം പോരാത്തതുകൊണ്ട് അവർക്കു കിടക്കാൻ വയ്യാ. അവർ അനങ്ങാതെ ആ ഗുഹയിൽ, ആ അന്ധകാരത്തിൽ, ആ തുലാത്തിനു ചുവട്ടിൽ, ഏതാണ്ടു തൂങ്ങിക്കൊണ്ടു, തങ്ങൾക്കുള്ള അപ്പമോ വെള്ളപ്പാത്രമോ തലയ്ക്കു മുകളിലെ കമാനത്തട്ടോ, തൊടാൻ ആരും കേൾക്കാത്ത യത്നങ്ങളെല്ലാം ചെയ്യാൻ നിർബന്ധരായി, ചളി പകുതിക്കാൽവരെയായി, കാൽച്ചണ്ണകളിലെക്കുതന്നെ ഒലിച്ചുകേറുന്ന ചേറോടുകൂടി, ക്ഷീണം കൊണ്ടു തകർന്നു, തുടകളും കാൽമുട്ടുകളും കഴച്ചു വേറിട്ടു, കുറച്ചൊരു വിശമം കിട്ടാൻ കൈകൊണ്ടു ചങ്ങല മുറുകെപ്പിടിച്ചു, നിവർന്നുനിന്നുംകൊണ്ടല്ലാതെ ഉറങ്ങാൻ വയ്യാതെ, കഴുത്തുപട്ടയുടെ ഇറുക്കംകൊണ്ട് ഓരോ നിമിഷത്തിലും ഞെട്ടിയുണർന്ന്—ചിലർ ഇനി ഉണരില്ലെന്നാവും—അങ്ങനെ നില്ക്കുക. ചുളിയിലേക്ക് എറിഞ്ഞുകൊടുക്കപ്പെടുന്ന അപ്പം ഭക്ഷിക്കുവാൻ പതുക്കെ കയ്യേറ്റത്തിന്റെ ഉയരത്തേക്കു കാൽമടമ്പുകൊണ്ടു നീക്കിനീക്കി കാലിന്മേലൂടെ പൊന്തിക്കണം.
ഇങ്ങനെ അവർ എത്ര കാലം നില്ക്കും? ഒരു മാസം. രണ്ടു മാസം, ചിലപ്പോൾ ആറുമാസം; ഒരാൾ ഒരു കൊല്ലം നിന്നു. ഇതു തണ്ടുവലിശ്ശിക്ഷസ്ഥലത്തിന്റെ പുറത്തളമാണ്. രാജാവിന്റെ ഒരു മുയലിനെ മോഷ്ടിച്ചതിന്ന് ആളുകളെ ഇതിൽ പിടിച്ചിടുന്നു. ഈ ശവക്കുഴിനരകത്തിൽ അവർ എന്തു കാണിക്കും? ശവക്കുഴിയിൽ മനുഷ്യന്ന് എന്തുചെയ്യാൻ കഴിയുമോ അത്—അവർ മരണവേദനകളെ അനുഭവിച്ചുതീർക്കും; നരകത്തിൽ മനുഷ്യന്നു എന്തു ചെയ്യാൻ കഴിയുമോ അതും—അവർ പാട്ടുപാടും; എന്തുകൊണ്ടെന്നാൽ, ഒരാശയും ഇല്ലാതായേടത്തു പാട്ടു പറ്റി നില്ക്കുന്നു. മാൽറ്റയിലെ കടലിലൂടെ ഒരു തണ്ടുവലിശ്ശിക്ഷത്തോണി വന്നിരുന്നപ്പോൾ, തണ്ടുവലികളുടെ ശബ്ദത്തിനും മീതെയായി പാട്ടിന്റെ ഒച്ചകേട്ടു. ഷാത്തെലെയിലെ തടവുകുണ്ടറയിൽ പോയിപ്പോന്നിട്ടുള്ള ആ ഒളിവേട്ടക്കാരൻ സാധു സുർവാങ്സാങ് പറയുകയുണ്ടായി: ‘പാട്ടാണ് എന്നെ നിലനിർത്തിയത്.’ കവിതയുടെ പ്രയോജനശൂന്യത, പദ്യംകൊണ്ട് എന്തുകാര്യം?
ഈ കുണ്ടറയിലാണ് ഏതാണ്ട് എല്ലാ ആഭാസപ്പാട്ടുകളുടേയും ജനനം. പാരിസ്സിലെ ഗ്രാങ്ഷാത്തെലയിലെ കുണ്ടറത്തടവിൽനിന്നാണ് മോങ് ഗോമറിയിലെ തണ്ടുവലിശ്ശിക്ഷസ്ഥലത്തു നടപ്പുള്ള (…) ഈ വ്യസനമയമായ പല്ലവി പുറപ്പെട്ടത്. ഈ പാട്ടുകളിൽ അധികഭാഗവും വ്യസനമയമാണ്; ചിലതു നേരംപോക്കുള്ളതായിട്ടുണ്ട്; ഒന്ന് അനുരാഗപരവും:
‘പുഷ്പചാപന്നിതേ കേളീരംഗം.’
എന്തുതന്നെ ചെയ്താലും മനുഷ്യഹൃദയത്തിലുള്ള ആ ശാശ്വതമായ സ്മാരകവസ്തുവെ, അനുരാഗത്തെ, ഇല്ലാതാക്കാൻ നിങ്ങൾക്കു ത്രാണിയില്ല.
ഈ ദുഷ്പ്രവൃത്തികളുടെ ലോകത്തിൽ, ആളുകൾ തങ്ങളുടെ ഗോപ്യങ്ങളെ സൂക്ഷിക്കുന്നു. ഗോപ്യമാണ് മറ്റെല്ലാറ്റിനും മീതെയുള്ളത്. ഈ ദുഷ്ടന്മാരുടെ കണ്ണിൽ ഗോപ്യം ഐകമത്യമാണ്; അത് ഐകമത്യത്തിനുള്ള ഒരസ്തിവാരമായി ഉപയോഗപ്പെടുന്നു. ഒരു ഗോപ്യത്തെ പുറത്താക്കുന്നത് ഈ ഭയങ്കരവർഗ്ഗത്തിന്റെ ഒരംഗത്തിൽനിന്നു തനതു വ്യക്തിവിശേഷത്തിന്റേതായ എന്തോ ഒന്നിനെ അടർത്തിയെടുക്കുകയാണ്. ഉന്മേഷമയമായ കന്നഭാഷയിൽ, രഹസ്യം പുറത്താക്കുക എന്നതിനു പേർ ‘കഷ്ണം തിന്നുകയാണ്.’ ആ കള്ളിവെളിച്ചത്താക്കുന്നവൻ എല്ലാവർക്കുംകൂടിയുള്ളതിന്റെ ഒരംശം കൈയിലാക്കുകയും ഓരോരുത്തന്റേയും മാംസത്തിന്റെ ഒരു കഷ്ണം തിന്നു നന്നാവാൻ നോക്കുകയുമാണെന്നാവാം അതിന്റെ സാരം
ചെകിട്ടത്ത് ഒരടികൊള്ളുക എന്നുവെച്ചാൽ എന്താണർത്ഥം? സാധാരണ രൂപകാതിശയോക്തി മറുപടി പറയുന്നു; ‘അതു മുപ്പത്താറു മെഴുതിരിവെളിച്ചം കാണുകയാണ്.’ ഇവിടെ കന്നഭാഷ ഇടയിൽക്കടന്ന് അതു കൈയിലാക്കുന്നു; മെഴുതിരി, കമുഫ്ള്, അതു പിടിച്ചു, സാധാരണ ഭാഷ സുഫ്ളെ (മുഖത്ത് അടി) എന്നതിന്റെ പര്യായമായി കമൂഫ്ളെ [4] സമ്മാനിക്കുന്നു. ഇങ്ങനെ, ചുവട്ടിൽനിന്നു മുകളിലേക്കുള്ള ഒരുതരം അരിച്ചെടുക്കൽകൊണ്ടു രൂപകാതിശയോക്തിയുടെ സാഹായ്യത്തോടുകൂടി, ആ അഗണ്യമായ വളയൻ കന്നഭാഷ ചാരായക്കടയിൽനിന്നു പണ്ഡിതയോഗത്തിലേക്കു കയറിച്ചെല്ലുന്നു. ‘ഞാൻ എന്റെ മെഴുതിരി കത്തിക്കുന്നു’ എന്നു പുലെയെ പറഞ്ഞതു കാരണം, വോൾത്തെയർ എഴുതി: ‘ലാംഗ്ല്വിയെ ലബോമെൽ ഒരു നൂറു പുകയൂത്തിനെ (കമുഫ്ളെയെ) അർഹിക്കുന്നുണ്ട്.
കന്നഭാഷയിൽ നടത്തുന്ന അന്വേഷണം ഓരോ അടിവെപ്പിലും പുതുവസ്തുക്കളെ കണ്ടുപിടിക്കലാണ്. ഈ അത്ഭുതകരമായ ഭാഷാശൈലി പഠിക്കുകയും അന്വേഷിച്ചറിയുകയും ചെയ്യുന്നതുകൊണ്ട് സാധാരണ ജനസമുദായവും ആ ശപിക്കപ്പെട്ട ജനസമുദായവുംകൂടിയുള്ള നിഗൂഢമായ വിലങ്ങുമുറിവിൽ എത്തിച്ചേരുന്നു.
കന്നഭാഷ എന്നതു ഭാഷ തടവുപുള്ളിയായതാണ്.
മനുഷ്യന്റെ ആലോചനാശക്തിക്ക് അത്രമേൽ താഴാമല്ലോ എന്നത്, ദൈവഗതിയുടെ നിഗൂഢമായ ദ്രോഹശീലത്തിന് അതിനെ അത്രത്തോളം വലിച്ചുകൊണ്ടുപോയി അവിടെ തളച്ചിടാൻ കഴിയുന്നുവല്ലോ എന്നത്, ആ അന്ധകാരകുണ്ഡത്തിൽ അതിനെ എന്തു ചങ്ങലകളെക്കൊണ്ടോ കെട്ടിയിടാറാകുന്നുവല്ലോ എന്നത്, ആരേയും അമ്പരപ്പിക്കത്തക്കതാണ്.
ഹാ, നിർഭാഗ്യസത്ത്വങ്ങളുടെ മോശവിചാരം!
ഹാ, ആ കൂരിരുട്ടിൽപ്പെട്ട മനുഷ്യാത്മാവിനെ സഹായിക്കാൻ ആരും വരില്ലെന്നുണ്ടോ? മനസ്സിനെ, മോചനമരുളുന്ന ആ ദേവനെ, ആകാശത്തുനിന്നു രണ്ടു ചിറകുകളോടുകൂടി ഇറങ്ങിവരുന്ന ആ ദിവ്യപരാക്രമിയെ, പ്രകാശമാനനായ ആ ഭാവിഭടനെ, എന്നെന്നും ഇങ്ങനെ കാത്തിരിക്കണമെന്നാണോ അതിന്റെ ഈശ്വരവിധി? ആദർശപുരുഷന്റെ തേജോമയമായ കുന്തത്തെ തുണയ്ക്കു കിട്ടാൻവേണ്ടി അത് എന്നെന്നും നിന്നു കെഞ്ചുകതന്നെയെന്നോ? പാതാളത്തിന്റെ ഇരുട്ടിലൂടെയുള്ള ദൗർഭാഗ്യത്തിന്റെ ഭയങ്കരമായ പാഞ്ഞുവരവ് എന്നെന്നും നിന്നുകേൾക്കുകയും, ഭയങ്കരമായ പുഴവെള്ളത്തിന്റെ അടിയിൽ ആ ഘോരസർപ്പത്തിന്റെ തലയും വെള്ളപ്പതകൊണ്ടു വരയിട്ട ആമാശയവും നഖങ്ങളുടേയും അലകളുടേയും മണ്ഡലങ്ങളുടേയും ഞെളിഞ്ഞുപിരിയുന്ന ഓളംമറിച്ചിലുകളും പിന്നെയും പിന്നെയും അടുക്കുന്നതായി ഇടയ്ക്കിടക്കു കാണുകയും ചെയ്തുകൊണ്ടിരിക്കണമെന്നോ? ഇങ്ങനെ അത് ഒരു വെളിച്ചത്തിന്റെ നാളവുമില്ലാതെ, ആശയ്ക്കു വഴിയില്ലാതെ, ആ ഭയങ്കരാപത്തിന്നുഴിഞ്ഞിടപ്പെട്ടു. പേടിച്ചുതുള്ളി, മുടിചിന്നി, കൈ തിരുമ്മിക്കൊണ്ടു, രാത്രിയാകുന്ന പാറയോട് എന്നെന്നും ചങ്ങലക്കിടപ്പെട്ടു, നിഴല്പാടുകൾക്കുള്ളിൽ വെളുത്തു നഗ്നമായി ഒരു വ്യസനകരമായ ആൻഡ്രോമിഡിയായി [5] അങ്ങനെ കിടന്നുകൊള്ളണമെന്നോ?
[1] ഒരു ഫ്രഞ്ചു കവിയും കഥാകാരനും.
[2] ഇതിന്നു കെൽറ്റിക്ഭാഷയിൽ മകൻ എന്നർത്ഥം.
[3] അർവ്വാചീനനായ ഫ്രഞ്ചു തട്ടിപ്പറിക്കാരൻ.
[4] ഉറങ്ങുന്ന ആളുടെ മുഖത്തേയ്ക്കൂതിയ ഒരൂത്തുപുക.
[5] ഒരിതിഹാസകഥാപാത്രം. ഈ സുന്ദരിയെ ഒരു രാക്ഷസൻ വളരെക്കാലം ഒരു പാറമേൽ ചങ്ങലയ്ക്കിട്ടു.