SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
ഫ്ര​ഞ്ച്—മലയാള സംഗമം
മം​ഗ​ലാ​ട്ട് രാഘവൻ

ഫ്ര​ഞ്ചിൽ നി​ന്നു ഞാൻ പരി​ഭാ​ഷ​പ്പെ​ടു​ത്തിയ ഈ എൺ​പ​ത്തൊ​ന്ന് കവി​ത​കൾ മു​ഴു​വ​നും ആദ്യ​മാ​യി വെ​ളി​ച്ചം കാ​ണു​ന്ന​വ​യ​ല്ല. പലതും വള​രെ​മു​മ്പ് ‘മാ​തൃ​ഭൂ​മി’ ആഴ്ച​പ്പ​തി​പ്പി​ലും ഇട​ക്കാ​ല​ത്ത് ‘കു​ങ്കുമ’ത്തി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വ​യാ​ണ്. അമ്പ​ത്തൊ​ന്ന് കവി​ത​ക​ളോ​ടെ പു​സ്ത​ക​ത്തി​ന്റെ അച്ച​ടി തു​ട​ങ്ങി​യ​തി​നു​ശേ​ഷം അതി​ന്റെ പ്രാ​തി​നി​ദ്ധ്യ​സ്വ​ഭാ​വം വി​പ​ലീ​ക​രി​ക്കാൻ എന്റെ സഹൃ​ദ​യ​സു​ഹൃ​ത്ത് കെ. എം. അഹ​മ്മ​ദി​ന്റെ നിർ​ബ​ന്ധ​പൂർ​വ​മായ നിർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് കഴി​ഞ്ഞ ചില മാ​സ​ങ്ങൾ​ക്കു​ള്ളിൽ തർ​ജ്ജ​മ​ചെ​യ്തു ചേർ​ത്ത​താ​ണ് ബാ​ക്കി​യു​ള്ളവ.

എന്നെ ആകർ​ഷി​ച്ച ഫ്ര​ഞ്ച് കവി​ത​ക​ളിൽ പരി​ഭാ​ഷ​യ്ക്കു വഴ​ങ്ങു​മെ​ന്ന് കണ്ട​വ​യാ​ണ് ഞാൻ തി​ര​ഞ്ഞെ​ടു​ത്ത​ത് — ലോ​ക​ത്തി​ന്റെ എത് കോ​ണി​ലു​ള്ള മനു​ഷ്യ​നും അന്യ​മാ​യി തോ​ന്നാ​തെ വാ​യി​ച്ചാ​സ്വ​ദി​ക്കാ​വു​ന്ന സാർവ ജനീന സ്വ​ഭാ​വ​മു​ള്ള കവി​ത​കൾ. എന്റെ ജന്മ​ദേ​ശ​മായ മയ്യ​ഴി​യി​ലെ സെൻ​ട്രൽ ഫ്ര​ഞ്ച് സ്ക്കൂ​ളി​ലെ ബെ​ഞ്ചി​ലി​രു​ന്ന് ഞാ​നുൾ​ക്കൊ​ണ്ട ഫ്ര​ഞ്ച് ഭാ​ഷ​യും അതിലെ സാ​ഹി​ത്യ​വും — വി​ശേ​ഷി​ച്ചും കവിത — എനി​ക്കെ​ന്നും പ്രി​യ​ങ്ക​ര​വും പ്ര​ചോ​ദ​ന​പ്ര​ദ​വു​മായ ഒരു സാം​സ്കാ​രിക സ്രോ​ത​സ്സാ​ണ്. ഇന്ത്യ​യും ഫ്രാൻ​സും തമ്മി​ലു​ണ്ടായ ബന്ധം കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ ചരി​ത്ര​വു​മാ​യി ബന്ധ​പ്പെ​ട്ട​താ​ണെ​ങ്കി​ലും അന്നും ഇന്നും യൂ​റോ​പ്പി​ന്റെ സാം​സ്കാ​രിക ഭാ​ഷ​യായ ഫ്ര​ഞ്ചി​ന്റെ പഠ​ന​ത്തി​ന് മയ്യ​ഴി​യുൾ​പ്പെ​ടെ പഴയ ഫ്ര​ഞ്ചി​ന്ത്യൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന സം​വി​ധാ​നം, പി​ന്തി​രി​ഞ്ഞു നോ​ക്കു​മ്പോൾ, ഒരു ഉർ​വ​ശീ​ശാ​പ​മാ​യി​രു​ന്നു​വെ​ന്ന് പറയാൻ തോ​ന്നു​ന്നു. നാ​മെ​ന്നും വി​ല​മ​തി​ക്കു​ന്ന സാം​സ്കാ​രി​ക​സം​ഗ​മ​ത്തി​ന്റെ​യും അതി​ലൂ​ടെ​യു​ള്ള സമ​ന​യ്വ​ത്തി​ന്റെ​യും ഒരു​പാ​ധി​യാ​യി അത് പ്ര​യോ​ജ​ന​പ്പെ​ട്ട് (മയ്യ​ഴി​പോ​ലു​ള്ള മുൻ ഫ്ര​ഞ്ച് പ്ര​ദേ​ശ​ങ്ങൾ സം​ര​ക്ഷ​ണാർ​ഹ​മായ ഫ്ര​ഞ്ച് സം​സ്കാ​ര​ത്തി​ന്റെ വാ​താ​യ​ന​ങ്ങ​ളാ​യി തു​ട​രു​മെ​ന്ന് സം​സ്കാ​ര​പ്രേ​മി​യായ നമ്മു​ടെ പ്രഥമ പ്ര​ധാ​ന​മ​ന്ത്രി പണ്ഡി​റ്റ് നെഹറു പ്ര​ഖ്യാ​പി​ച്ച​ത് ഇവിടെ ഓർ​മി​ക്കാ​വു​ന്ന​താ​ണ്). ചന്ദ്ര​ന​ഗ​ര​ത്തി​ലൂ​ടെ ബം​ഗാ​ളി​യിൽ, പു​തു​ശ്ശേ​രി​യി​ലൂ​ടെ​യും കാ​രി​ക്കാ​ലി​ലൂ​ടെ​യും തമി​ഴിൽ, യാ​ന​ത്തി​ലൂ​ടെ തെ​ലു​ങ്കിൽ, മയ്യ​ഴി​യി​ലൂ​ടെ മല​യാ​ള​ത്തിൽ — ഇതാണ് ഇന്ത്യൻ ഭാ​ഷ​ക​ളു​മാ​യി ഫ്ര​ഞ്ചി​നു​ണ്ടായ പ്ര​ത്യ​ക്ഷ​സ​മ്പർ​ക്ക​ത്തി​ന്റെ ചി​ത്രം. ഈ ഭാ​ഷ​ക​ളി​ലെ​ല്ലാം ഏറി​യും കു​റ​ഞ്ഞു​മു​ള്ള അളവിൽ ഫ്ര​ഞ്ചി​ന്റെ സ്വാ​ധീ​നം അനു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. എന്നാൽ ഇതൊരു ഏകമുഖ പ്ര​ക്രിയ ആയി​രു​ന്നി​ല്ല. പരി​മി​ത​മായ തോ​തി​ലാ​ണെ​ങ്കി​ലും ഈ ഇന്ത്യൻ ഭാഷകൾ ഫ്ര​ഞ്ചി​നേ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ഫ്രാ​ങ്കോ— മല​യാ​ള​സം​ഗ​മ​ത്തി​ന്റെ ഹി​ത​ക​ര​മായ പരി​ണി​ത​ഫ​ല​ങ്ങ​ളി​ലൊ​ന്നാ​യി മല​യാ​ള​ത്തി​ലെ ഈ ഫ്ര​ഞ്ച് കവി​താ​സ​മാ​ഹാ​ര​ത്തെ കണ​ക്കാ​ക്കു​ന്ന​തിൽ തെ​റ്റി​ല്ല.

ഇവിടെ സ്വ​ല്പം സ്വ​ന്തം കാ​ര്യം പറ​യു​ന്ന​ത് പൊ​റു​ക്ക​ണം. മയ്യ​ഴി​യി​ലെ ഫ്ര​ഞ്ച് വാ​ഴ്ച​യെ കട​പു​ഴ​ക്കിയ പോ​രാ​ട്ട​ത്തിൽ പങ്കെ​ടു​ത്ത ഒരാ​ളാ​ണ് ഞാൻ. ഞങ്ങ​ള​ന്നു പൊ​രു​തി​യ​ത് ഫ്ര​ഞ്ച് സാ​മ്രാ​ജ്യ​ത്വ​ത്തി​ന്നെ​തി​രാ​യി​ട്ടാ​ണ്. ഫ്ര​ഞ്ച് ജന​ത​യ്ക്കോ ഫ്ര​ഞ്ച് സം​സ്കാ​ര​ത്തി​നോ എതി​രാ​യി​ട്ട​ല്ല. ആ സമ​ര​ത്തിൽ ഫ്ര​ഞ്ച് ജന​ത​യും ഫ്ര​ഞ്ച് സാ​ഹി​ത്യ​വും ഞങ്ങ​ളു​ടെ ഭാ​ഗ​ത്താ​യി​രു​ന്നു. റു​സ്സോ​വും വൊൽ​ത്തേ​റും വിക് തോർ ഹ്യു​ഗോ​വും റൊമേൻ റൊ​ലാ​നു​മെ​ല്ലാം കു​റ​ച്ചൊ​ന്നു​മ​ല്ല ഞങ്ങൾ​ക്ക് പ്ര​ചോ​ദ​ന​മ​രു​ളി​യ​ത്. ദുഷ് പ്ര​ഭു​ത്ത്വ​ത്തി​ന്നെ​തി​രായ പോ​രാ​ട്ട​ത്തിൽ മറ്റെ​ല്ലാ​വ​രും പിൻ​വാ​ങ്ങി ‘ഒരാൾ മാ​ത്രം അവ​ശേ​ഷി​ക്കു​ന്നു​വെ​ങ്കിൽ ആ ഒരാൾ ഈ ഞാ​നാ​യി​രി​ക്കും’ (S̀il nèn reste quùn, je serai celui–la) എന്ന ഹ്യൂ​ഗോ​വി​ന്റെ ‘അന്ത്യ​വ​ചന’ത്തി​ലെ (Ultima Verba) അന​ശ്വ​ര​മായ അവ​സാ​ന​വ​രി മയ്യ​ഴി​പ്പു​ഴ​യു​ടെ മറു​ക​ര​യിൽ നട​ത്ത​പ്പെ​ട്ട സമ​ര​യോ​ഗ​ങ്ങ​ളിൽ അന്ന​ത്തെ ഫ്ര​ഞ്ച് സർ​ക്കാ​രി​ന്റെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യായ ഞാൻ പല​പ്പോ​ഴും ഉദ്ധ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇതു​പോ​ലെ ഫ്ര​ഞ്ച് ദേ​ശീ​യ​ഗാ​ന​മായ ലാ മർ​സെ​യ്യേ​സി​ലെ (La Marseillaise) ‘പൗ​ര​ജ​ന​ങ്ങ​ളേ പട​ക്കോ​പ്പ​ണി​യു​വിൻ, പട​യ​ണി​കൾ പടു​ക്കു​വിൻ’ (Aux armes citoyens, formez vosbataillons) എന്ന ഉത്തേ​ജ​ക​മായ പല്ല​വി​യും ഉച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മയ്യ​ഴി​യിൽ ഫ്ര​ഞ്ച് ഭര​ണാ​ധി​കാ​രി​ക​ളു​ടെ കാ​തു​ക​ളിൽ ചെ​ന്ന​ല​ച്ചി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​ത്തി​നും സമ​ത്വ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​ന്നും​വേ​ണ്ടി ഏറ്റ​വും ശക്തി​മ​ത്തായ ആഹ്വാ​ന​ങ്ങൾ മു​ഴ​ങ്ങി​യ​ത് ഫ്ര​ഞ്ച് സാ​ഹി​ത്യ​ത്തി​ലാ​ണ്. സ്വ​ന്തം സർ​ക്കാ​രി​ന്റെ സാ​മ്രാ​ജ്യ​ത്വ നയ​ത്തി​ന്നെ​തി​രെ ഏറ്റ​വും ശക്തി​മ​ത്തായ പ്ര​ക്ഷോ​ഭം നട​ത്തി​യ​ത് ഫ്ര​ഞ്ച് ജന​ത​യാ​ണ്. ആധു​നിക ഫ്രാൻ​സി​ന്റെ യു​ഗ​പു​രു​ഷ​നായ ജനറൽ ദ് ഗോൽ (De Gaule) ഫ്ര​ഞ്ച് സാ​മ്രാ​ജ്യം പി​രി​ച്ചു​വി​ടാൻ (decolonisation) തീ​രു​മാ​നി​ച്ച​തി​നു പി​ന്നി​ലു​ള്ള പ്രേ​ര​ക​ശ​ക്തി​ക​ളി​ലൊ​ന്നു ഫ്ര​ഞ്ച് ജന​ത​യു​ടെ കടു​ത്ത സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ നി​ല​പാ​ടാ​ണ്. ഫ്ര​ഞ്ച് ജന​ത​യോ​ടും അവ​രു​ടെ സം​സ്കാ​ര​ത്തോ​ടും ഒര​ള​വിൽ കട​പ്പെ​ട്ട​വ​നാ​ണ് ഞാൻ. സാം​സ്കാ​രിക ഫ്രാൻ​സി​ന്റെ — La Belle France — ‘വാർ​മ​ണ​വും വർ​ണ്ണാ​ഭ​യും’ വഹി​ക്കു​ന്ന കവി​ത​ക​ളു​ടെ വി​വർ​ത്തിത രൂ​പ​ത്തി​ലു​ള്ള ഈ സമാ​ഹാ​രം എന്നെ സം​ബ​ന്ധി​ച്ചേ​ടു​ത്തോ​ളം ഒരു കടം​വീ​ട്ടൽ​കൂ​ടി​യാ​ണ്.

എക്കാ​ല​ത്തും തു​ട​രു​ന്ന പരീ​ക്ഷ​ണ​ങ്ങ​ളു​ടേ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യും വേ​ലി​യേ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​കൂ​ടി ഫ്ര​ഞ്ച് കവിത അതി​ന്റെ സാ​രാം​ശ​ത്തിൽ മനു​ഷ്യ​ഗ​ന്ധി​യാ​ണ്. പ്ര​കൃ​തി പാ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള മനു​ഷ്യ​നാ​ണ് അതി​ന്റെ കേ​ന്ദ്ര​പ്ര​മേ​യം. ഈ സമാ​ഹാ​ര​ത്തിൽ വി​ക്തോർ ദ് ലപ്രാ​ദി​ന്റെ ‘യു​വ​ക​വ​യി​ത്രി’ എന്ന കവി​ത​യി​ലെ

അക്ഷ​യ​നി​ധി​യു​ണ്ട് രണ്ടെ​ണ്ണ​മ​നർ​ഘ​ങ്ങൾ
ഇച്ഛ​പോ​ല​ഖി​ലർ​ക്കു മുൽ​ഖ​ന​ന​ത്തി​ന്നാ​യി.
സാ​ഹി​തി സമ​സ്ത​വു​മുർ​ന്നൊ​ഴു​കീ​ടു​ന്ന​താം
വാ​ഹി​നി രണ്ടു​ണ്ട​തി​പാ​വ​ന​മ​നി​രു​ദ്ധം.
ഗാ​ന​സ​ങ്ക​ല​മാ​കും രണ്ടു ദി​വ്യാ​ര​ണ്യ​മു—
ണ്ടാ​ര​മ്യ​പ്ര​കൃ​തി​യും മാ​ന​വ​ഹൃ​ദ​യ​വും

ഈ വരികൾ മറ്റേ​തു കവി​ത​യ്ക്കു​മെ​ന്ന​പോ​ലെ ഫ്ര​ഞ്ച് കവി​ത​യ്ക്കും ബാ​ധ​ക​മായ ഒരു തത്വ പ്ര​ഖ്യാ​പ​ന​മാ​ണ്. ക്ലാ​സി​ക്ക്, റൊ​മാൻ​ടി​ക്ക്, പർ​ണാ​സ്യേൻ (Parnassien) സി​മ്പോ​ളി​സ്റ്റ്, സർ​റീ​യ​ലി​സ്റ്റ് എന്നി​ങ്ങ​നെ വിവിധ വി​ഭാ​ഗ​ങ്ങ​ളി​ലും അവാ​ന്തര വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ടു​ന്ന കവി​ത​ക​ളെ​ല്ലാം വി​ക്തോർ​ദ് ലപ്രാ​ദ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ആ രണ്ടു അക്ഷ​യ​നി​ധി​ക​ളിൽ​നി​ന്ന് തങ്ങൾ​ക്ക് വേണ്ട കരു​ക്കൾ ഖനനം ചെ​യ്തെ​ടു​ത്തി​ട്ടു​ള്ള​വ​രാ​ണെ​ന്നു കാണാൻ വി​ഷ​മ​മി​ല്ല. ആവി​ഷ്ക്കാര രീ​തി​യിൽ മാ​ത്ര​മേ അവർ വ്യ​ത്യ​സ്ത​രാ​യി വർ​ത്തി​ക്കു​ന്നു​ള്ളൂ.

ഫ്ര​ഞ്ച് സാ​ഹി​ത്യം അതത് കാ​ല​ത്തു​ണ്ടായ പുതു പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​റം​ലോ​ക​ത്തി​ന്റെ ശ്ര​ദ്ധ കൂ​ടു​ത​ലാ​യും പി​ടി​ച്ചു​പ​റ്റി​യ​ത്. പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ത്തി​ലെ നവ​പ്ര​വ​ണ​ത​കൾ മി​ക്ക​തും നാ​മ്പി​ട്ട​ത് ഫ്ര​ഞ്ചി​ലാ​ണ്. നീ​ണ്ടു​നി​ന്ന ക്ലാ​സി​ക്ക് യു​ഗ​ത്തി​ന് വി​രാ​മം കു​റി​ച്ചു​കൊ​ണ്ട് വി​ക്തോർ ഹ്യൂ​ഗോ​വി​ന്റെ നാ​യ​ക​ത്വ​ത്തിൽ നടന്ന സർ​വ​പ്ര​ധാ​ന​മായ റൊ​മാൻ​ടി​ക്ക് വി​പ്ല​വ​വും പി​ന്നീ​ട് നി​ല​വിൽ​വ​ന്ന പുതു പ്ര​സ്ഥാ​ന​ങ്ങ​ളും ഫ്രാൻ​സി​ന് വെ​ളി​യിൽ ചെ​ലു​ത്തിയ സ്വാ​ധീ​നം ഗണ്യ​മാ​ണ്. പക്ഷെ ഈ പ്ര​സ്ഥാ​ന​ങ്ങ​ളൊ​ന്നും ഇന്ന് പ്ര​സ്ഥാ​ന​ങ്ങ​ളാ​യി നി​ല​നി​ല്ക്കു​ന്നി​ല്ല. അവ ഫ്ര​ഞ്ച് സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഓരോ പ്ര​സ്ഥാ​ന​ത്തി​ലേ​യും കവികൾ അതതു പ്ര​സ്ഥാ​ന​ത്തി​ന്റേ​താ​യി ഉയർ​ത്തി​പ്പി​ടി​ക്ക​പ്പെ​ട്ട പ്ര​മാ​ണ​ങ്ങ​ളും ചട്ട​ങ്ങ​ളും പൂർ​ണ്ണ​മാ​യി പാ​ലി​ച്ച് കാ​വ്യ​ര​ചന നട​ത്തി​യി​രു​ന്നു​മി​ല്ല. തു​ട​ക്ക​ത്തിൽ ഒരു കൊ​ടി​യ​ട​യാ​ള​ത്തിൻ കീഴിൽ ഒന്നി​ച്ചു​നി​ന്ന് ഏകാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​വ​രിൽ മി​ക്ക​വ​രും പി​ന്നീ​ടു താ​ന്താ​ങ്ങ​ളു​ടെ വഴി​ക്കു പോ​യി​ട്ടു​ള്ള​വ​രാ​ണ്. പക്ഷെ ഒന്നു​ണ്ട്. വിവിധ പ്ര​സ്ഥാ​ന​ക്കാ​രിൽ യഥാർ​ത്ഥ കവി​ത്വ​മു​ള്ള​വ​രു​ടെ കവി​ത​കൾ പ്ര​സ്ഥാ​ന​ഭേ​ദ​ങ്ങൾ​ക്കു​പ​രി​യാ​യി ഇന്നും ജീ​വി​ക്കു​ന്നു.

പ്രാ​ചീ​ന​കാ​ലം മുതൽ ആധു​നിക കാ​ലം​വ​രെ​യു​ള്ള എല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യും പൊതു പരി​ധി​ക​ളിൽ പെ​ടു​ന്ന കവി​ത​കൾ​ക്കു ഈ സമാ​ഹാ​ര​ത്തിൽ പ്രാ​തി​നി​ദ്ധ്യ​മു​ണ്ട്. ആ നി​ല​യ്ക്കു ഫ്ര​ഞ്ച് കവി​ത​യു​ടെ ഒരു പരി​ച്ഛേ​ദ​മാ​ണി​തെ​ന്നു പറയാം. ആധു​നിക ഫ്ര​ഞ്ച് കവി​ത​യിൽ വലി​യൊ​രു വി​ഭാ​ഗം ബു​ദ്ധി​പ​ര​മായ അഭ്യാസ പ്ര​ക​ട​ന​മാ​ണ്. ശ്ലേ​ഷം, യമകം, അനു​ലോമ പ്ര​തി​ലോ​മ​ങ്ങൾ മു​ത​ലാ​യവ പോ​ലു​ള്ള ബു​ദ്ധി​പ​ര​മായ വ്യാ​യാ​മ​ങ്ങ​ളിൽ അഭി​ര​മി​ക്കു​ന്ന​വ​രാ​ണ് ആധു​നിക യു​വ​ക​വി​ക​ളിൽ പലരും. അഞ്ചാ​റ് ദശ​ക​ങ്ങൾ​ക്കു മു​മ്പേ നാം പഴ​ഞ്ച​ര​ക്കാ​യി തള്ളി​ക്ക​ള​ഞ്ഞ പദ്യ​ക്ക​സ​റു​ത്തു​കൾ, എക്കാ​ല​ത്തും പു​തു​മ​യു​ടെ ഈ റി​ല്ല​മായ ഫ്ര​ഞ്ച് കവി​ത​യിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് കാണാൻ കൗ​തു​ക​മു​ള്ള കാ​ഴ്ച​യാ​ണ്. ഹൃ​ദ​യ​ത്തി​ന്റെ ഭാഷ സം​സാ​രി​ക്കാ​ത്ത സങ്കേ​ത​ജ​ടി​ല​മായ ഇത്ത​രം കവി​ത​കൾ ഇതി​ലുൾ​പ്പെ​ടു​ത്താൻ കഴി​ഞ്ഞി​ട്ടി​ല്ല. പരി​ഭാ​ഷ​യി​ലൂ​ടെ ആശ​യ​സം​ക്ര​മ​ണം സാ​ദ്ധ്യ​മ​ല്ലെ​ന്ന കാ​ര​ണ​ത്താൽ തന്നെ.

ഇതി​ലുൾ​പ്പെ​ട്ട കവി​ത​കൾ മാ​ന​വീ​യ​ത​യെ​ന്ന പൊ​തു​ഘ​ട​ക​ത്തി​ലൂ​ടെ ഇതര ഭാ​ഷ​ക​ളി​ലെ കവി​ത​ക​ളു​മാ​യി സാ​മ്യ​മോ സാ​മീ​പ്യ​മോ പു​ലർ​ത്തു​ന്നു​വെ​ങ്കിൽ അത്ഭു​ത​പ്പെ​ടാ​നി​ല്ല. മനു​ഷ്യൻ ഒന്നാ​ണ്. കവിത മനു​ഷ്യ​ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യാ​ണ്. മനു​ഷ്യ​ന്റെ മൗ​ലി​ക​വി​കാ​ര​ങ്ങൾ എങ്ങും എന്നും ഒന്നാ​ണ് താനും. ‘… ഏതു ജാ​തി​യും കലരും പ്രാ​കൃ​ത​ചി​ന്ത​യൊ​ന്നു താൻ’ (ആശാൻ). കാ​ട്ട​രു​വി പാ​ട്ടു​പാ​ടു​ന്ന​തും പുലരി കണ്ണു​നീർ വാർ​ക്കു​ന്ന​തും ഇഷ്ട​ജ​ന​വി​യോ​ഗ​ത്തിൽ വി​ര​ഹി​യ്ക്കു ലോകം ഇരു​ണ്ടു​പോ​കു​ന്ന​തു​മെ​ല്ലാം സാർ​വ​ലൗ​കി​ക​ങ്ങ​ളായ കവി​ക​ല്പ​ന​ക​ളാ​ണ്. സർ​വ​സാ​ധാ​ര​ണ​മെ​ന്നു​കൂ​ടി വേ​ണ​മെ​ങ്കിൽ ഇവയെ വി​ശേ​ഷി​പ്പി​ക്കാം. ലോ​ക​ക​വി​ത​യു​ടെ പൊ​തു​നി​ധി​യിൽ പെ​ടാ​ത്ത​വ​ണ്ണം സ്വ​ന്തം കവി​ക​ളു​ടെ തന​തെ​ന്നു ഓരോ ഭഷ​ക്കാ​രും കരു​തു​ന്ന വി​ശി​ഷ്ട​ങ്ങ​ളായ പല ആശ​യ​ങ്ങ​ളും കല്പ​ന​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്. ഇവയിൽ പലതും ചി​ല്ലറ വ്യ​ത്യാ​സ​ങ്ങ​ളോ​ടെ​യോ ഒളി​ഞ്ഞോ തെ​ളി​ഞ്ഞോ ഇതര ഭാഷാ കവി​ത​ക​ളിൽ കാ​ണു​മെ​ന്ന​ത് പര​ക്കെ അറി​യ​പ്പെ​ടാ​ത്ത ഒരു സാ​ഹി​ത്യ സത്യ​മ​ത്രെ.

‘ഒരേ വി​കാ​ര​ങ്ങ​ളു​ദി​ച്ചു​പൊ​ന്താം
രണ്ടാ​ളി​ല​ന്യോ​ന്യ​മ​റി​ഞ്ഞി​ടാ​തെ
… … …
സർ​വർ​ക്കു​മേ​കു​ന്ന​തി​നു​ണ്ടു കെ​ട്ടി—
യി​രി​പ്പു വി​ശ്വേ​ശ്വ​രി​തൻ കര​ത്തിൽ’

നമ്മു​ടെ അനു​ഗൃ​ഹീത കവി പി. കു​ഞ്ഞ​രാ​മൻ നായർ ഈ സത്യ​ത്തി​ലേ​യ്ക്കു ഇങ്ങ​നെ വിരൽ ചൂ​ണ്ടു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.

ലോ​ക​ക​വി​ത​ക​ളു​ടെ താ​ര​ത​മ്യ​പ​ഠ​നം ഈ സത്യം മന​സ്സി​ലാ​ക്കാ​നും അതി​ലൂ​ടെ ദേ​ശ​കാ​ലാ​തീ​ത​നായ സാർ​വ​ലൗ​കിക മാ​ന​വ​നെ കണ്ടെ​ത്താ​നും അനു​വാ​ച​ക​നെ സഹാ​യി​ക്കും, തീർ​ച്ച. വലിയ അക​ല​ങ്ങ​ളി​ലു​ള്ള വി​ഭി​ന്ന ഭാ​ഷ​ക​ളി​ലെ കവി​താ​സാ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ സഞ്ച​രി​ക്കു​ന്ന സഹൃ​ദ​യ​ഹൃ​ദ​യം ഏക​മാ​ന​വി​ക​ത​യു​ടെ മാ​ന​സ​സ​ര​സ്സി​ലാ​ണ് എത്തി​ച്ചേ​രു​ന്ന​ത്. സാ​ഹി​ത്യ​സ​ര​ണി​യി​ലൂ​ടെ​യു​ള്ളു ഇത്ത​രം തീർ​ത്ഥ​യാ​ത്ര ഏത് സഹൃ​ദ​യ​നാ​ണ് സ്പൃ​ഹ​ണീ​യ​മ​ല്ലാ​ത്ത​ത്?

ഫ്ര​ഞ്ച് കവി​ത​കൾ കൂ​ട്ടി​ക്കെ​ട്ടിയ ഈയൊരു പൂ​ച്ചെ​ണ്ട് കേ​ര​ളീയ സഹൃ​ദ​യ​ലോ​ക​ത്തി​ന്റെ മു​മ്പാ​കെ സമർ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം, ഫ്ര​ഞ്ച്–മലയാള കവി​ത​ക​ളി​ലൂ​ടെ നട​ത്തിയ ഒരു തീർ​ത്ഥാ​ട​ന​ത്തി​ന്റെ അനു​ഭൂ​തി​കൾ ഞാ​ന​വ​രു​മാ​യി പങ്കി​ടു​ക​കൂ​ടി ചെ​യ്യു​ന്നു​ണ്ട്. ഇതിലെ കവി​ത​ക​ളു​മാ​യി സാ​ദൃ​ശ്യ സാ​മീ​പ്യ​മു​ള്ള മലയാള കവി​താ​ഭാ​ഗ​ങ്ങൾ — എന്റെ പരി​ച​യ​സീ​മ​യിൽ പെ​ട്ടവ — താ​ര​ത​മ്യ​ത്തി​ന്നു അതത് കവി​ത​യോ​ടൊ​പ്പം അടി​ക്കു​റി​പ്പാ​യി ഉദ്ധ​രി​ച്ച് ചേർ​ത്തി​രി​ക്കു​ന്നു. പല സന്ദർ​ഭ​ങ്ങ​ളി​ലും പ്ര​സ​ക്ത​മായ ഇം​ഗ്ലീ​ഷ് കവി​താ​ശ​ക​ല​ങ്ങ​ളും കൊ​ടു​ത്തി​ട്ടു​ണ്ട്. ടാ​ഗോ​റി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള ഉദ്ധ​ര​ണ​ങ്ങൾ മഹാ​ക​വി മര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ​ത്തെ മാ​സ​ങ്ങ​ളിൽ എഴു​തി​യ​തും അപ്ര​കാ​ശി​ത​വു​മായ കവി​ത​ക​ളിൽ​നി​ന്നാ​ണ്. പ്രീ​തീ​ഷ് നന്ദി​യാ​ണ് ഈ കവി​ത​ക​ളു​ടെ പരി​ഭാ​ഷ​കൻ (Illustrated Weekly of india, സപ്തം​ബർ 7–13, 1991).

തോതു വ്യ​ത്യാ​സ​ങ്ങ​ളു​ള്ള ഈ സമാ​ന​ത​ക​ളും സാ​മീ​പ്യ​ങ്ങ​ളും സഹൃ​ദ​യ​രിൽ കൗ​തു​ക​മു​ണർ​ത്തു​ക​യും അവ​രു​ടെ ആസ്വാ​ദ​നൗ​ത്സു​ക്യ​ത്തെ കൂ​ടു​തൽ ഉത്തേ​ജി​പ്പി​ക്കു​ക​യും അങ്ങ​നെ ലോ​ക​ക​വി​ത​യു​ടെ പുതിയ ചക്ര​വാ​ള​ങ്ങ​ളി​ലേ​യ്ക്കു പറ​ന്നു​യ​രാൻ അവർ​ക്കു പ്ര​ചോ​ദ​ന​മ​രു​ളു​ക​യും ചെ​യ്യു​മെ​ന്ന് ഞാൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ഫ്ര​ഞ്ച് കവി​ത​ക​ളു​ടെ ഒരു പേ​ട​ക​മെ​ന്ന​തി​നു പുറമെ, ഫ്ര​ഞ്ച്, ഇം​ഗ്ലീ​ഷ്, മലയാള കവി​ത​ക​ളു​ടെ ഒരു താ​ര​ത​മ്യ പഠനം കൂ​ടി​യാ​ണി​ത്. മലയാള കവി​ത​യെ സം​ബ​ന്ധി​ച്ചേ​ടു​ത്തോ​ളം ഇത് പു​തി​യൊ​രു കാൽ​വെ​പ്പാ​ണെ​ന്ന് ഞാൻ കരു​തു​ന്നു.

ഫ്ര​ഞ്ച്–മലയാള കവി​ത​ക​ളി​ലെ സാ​ദൃ​ശ്യ​ങ്ങൾ ഈ സമാ​ഹാ​ര​ത്തി​ലെ കവി​ത​ക​ളി​ലോ, ഉദ്ധ​ര​ണ​ങ്ങ​ളി​ലോ ഒതു​ങ്ങു​ന്നി​ല്ലെ​ന്ന് പറ​യേ​ണ്ട​താ​യി​ട്ടി​ല്ല. കണ്ടെ​ത്താൻ താ​ല്പ​ര്യ​മു​ള്ള​വർ​ക്കു അവ പര​ക്കെ കി​ട​പ്പു​ണ്ടെ​ന്ന് കാണാം. കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച വി​ക്തോർ ഹ്യൂ​ഗോ​വി​ന്റേ​യും ബാ​ലാ​മ​ണി​യ​മ്മ​യു​ടേ​യും കവി​ത​ക​ളി​ലെ ആശ​യൈ​ക്യ​ത്തെ​ക്കു​റി​ച്ച് ബാ​ലാ​മ​ണി​യ​മ്മ​യു​ടെ ഷഷ്ടി​പൂർ​ത്തി വർ​ഷ​ത്തിൽ 1968 ആഗ​സ്റ്റ് 4-ന്റെ ‘മാ​തൃ​ഭൂ​മി’യിൽ ഞാൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തിയ ലഘു​പ​ഠ​ന​മെ​ന്ന​പോ​ലെ ഇതും വി​പു​ല​മായ ഒരു പഠ​ന​ത്തി​ന്റെ ഭാഗം മാ​ത്ര​മെ ആകു​ന്നു​ള്ളൂ. ഈയൊരു യത്നം ഞാൻ മു​ഴു​മി​ച്ചു​വ​രി​ക​യാ​ണ്.

ഫ്ര​ഞ്ചിൽ നി​ന്ന് മല​യാ​ള​ത്തി​ലേ​ക്കു​ള്ള പരി​ഭാഷ നിർ​വ​ഹി​ച്ചി​ട്ടു​ള്ള​ത് സം​വേ​ദ​ന​ത്തി​ന് പര​മ​പ്രാ​ധാ​ന്യം കല്പി​ച്ചു​കൊ​ണ്ടാ​ണ്. എങ്ങ​നെ പറ​ഞ്ഞാൽ ഏറ്റ​വും ഫല​പ്ര​ദ​മാ​ക​ണ​മെ​ന്ന് തോ​ന്നി​യോ അങ്ങ​നെ​യാ​ണ് പറ​ഞ്ഞി​ട്ടു​ള്ള​ത് — പദാ​നു​പ​ദ​മാ​യോ, ശൈ​ലി​യ്ക്കു പകരം ശൈ​ലി​യാ​യോ, വി​ശ​ദീ​ക​രി​ച്ചോ. എന്നി​ട്ടും എവി​ടെ​യെ​ങ്കി​ലും മൂ​ല​ക​വി​യും മലയാള വാ​യ​ന​ക്കാ​ര​നും തമ്മിൽ ഹൃ​ദ​യ​സം​വാ​ദം നട​ക്കാ​തെ പോ​കു​ന്നു​വെ​ങ്കിൽ അത് എന്റെ കേ​വ​ല​മായ കഴി​വു​കേ​ടു​കൊ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഏറ്റു​പ​റ​യു​ന്നു.

സാ​ഹി​ത്യ​പ​രി​ഭാഷ സങ്കീർ​ണ്ണ​മായ ഒരു പ്ര​ക്രി​യ​യാ​ണ്. മൂ​ല​കൃ​തി​യു​ടെ ജീ​വ​ത്തായ ചില അം​ശ​ങ്ങൾ വി​വർ​ത്ത​ന​ത്തിൽ എങ്ങ​നെ​യാ​യാ​ലും നഷ്ട​പ്പെ​ടും. ‘പരി​ഭാ​ഷ​കൻ വഞ്ച​കൻ’ — Traduttore traditore എന്ന ലത്തീൻ ചൊ​ല്ല് ഈ സത്യ​വും ഉൾ​ക്കൊ​ള്ളു​ന്നു. കവി​ത​യാ​ണെ​ങ്കിൽ മൂ​ല​ഭാ​ഷ​യിൽ നി​ന്ന് ലക്ഷ്യ​ഭാ​ഷ​യി​ലേ​ക്കു​ള്ള ചോർ​ച്ച കൂടും. മൂ​ല​ക​വി​ത​യു​ടെ സം​ഗീ​തം നി​ശ്ലേ​ഷം നഷ്ട​പ്പെ​ടു​ന്നു. മൂ​ല​കൃ​തി​യു​ടെ കർ​ത്താ​വ് തന്നെ പരി​ഭാഷ നിർ​വ​ഹി​ച്ചാ​ലും വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. സന്ദർ​ഭാ​നു​ഗു​ണ​മായ സം​ഗീ​താ​ത്മ​കത പരി​ഭാ​ഷ​യ്ക്കു​ണ്ടാ​യാ​ലും അത് മൂ​ല​ത്തി​ന്റെ കാ​വ്യ​സം​ഗീ​ത​ത്തി​ന് പക​ര​മാ​കു​ന്നി​ല്ല. ഒരു തരം നഷ്ട പരി​ഹാ​രം മാ​ത്ര​മേ ആവു​ക​യു​ള്ളൂ. വാ​സ്ത​വ​ത്തിൽ മൂ​ല​ക​വി​ത​യു​ടെ ആശ​യ​സം​ക്ര​മ​ണം മാ​ത്ര​മാ​ണ് പരി​ഭാ​ഷ​യിൽ സാ​ധി​ത​മാ​കു​ന്ന​ത്. ഇവി​ടേ​യും പരി​ഭാ​ഷ​യ്ക്ക് പരി​മി​തി​ക​ളു​ണ്ട്. മൂ​ല​ക​വി​ത​യി​ലെ എല്ലാ പദ​ങ്ങൾ​ക്കും തു​ല്യ​പ​ദ​ങ്ങൾ ലക്ഷ്യ​ഭാ​ഷ​യിൽ ഉണ്ടാ​വു​ക​യി​ല്ല. തുല്യ പദ​ങ്ങൾ​ക്ക് തന്നെ​യും അവ​യു​ടെ വ്യ​ഞ്ജ​ക​ത്വ​ത്തിൽ ഏറ്റ​ക്കു​റി​ച്ചി​ലു​കൾ ഉണ്ടാ​കും. ‘പാ​വ​ങ്ങൾ’ തന്നെ ഒരു​ദാ​ഹ​ര​ണം. ഫ്ര​ഞ്ചിൽ നി​ന്ന് ഇം​ഗ്ലീ​ഷിൽ പ്ര​വേ​ശി​ച്ച Miserable — മി​സെ​റാ​ബ്ല് — എന്ന വാ​ക്കി​ന് ഫ്ര​ഞ്ചി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള അർ​ത്ഥ​വ്യാ​പ്തി മല​യാ​ള​ത്തി​ലെ ‘പാവ’ത്തി​ന്നി​ല്ല. നമ്മു​ടെ പാവം ഏഴു​മാ​ത്ര​മാ​ണ്. ഫ്ര​ഞ്ചി​ലും ഇം​ഗ്ലീ​ഷി​ലും Miserables-​ൽ നി​ന്ദി​ത​രും പീ​ഡി​ത​രു​മെ​ന്ന​പോ​ലെ നി​ന്ദ്യ​രും നീ​ച​രും പെടും. പക്ഷെ മെ​ച്ച​പ്പെ​ട്ട മറ്റൊ​രു വാ​ക്കി​ന്റെ അഭാ​വ​ത്തിൽ നാ​ല​പ്പാ​ടൻ ‘പാ​വ​ങ്ങ’ളെ തി​ര​ഞ്ഞെ​ടു​ത്തു. അതാ​ക​ട്ടെ ഒരു ഗ്ര​ന്ഥ​നാ​മം എന്ന നി​ല​യിൽ കു​റി​ക്കു കൊ​ണ്ടി​ട്ടു​ണ്ടു​താ​നും. ഇത്ത​രം സന്ദർ​ഭ​ങ്ങ​ളിൽ ‘തമ്മിൽ ഭേദം’ തന്നെ പ്ര​മാ​ണം. ഏറ്റ​വും മി​ക​ച്ച പരി​ഭാ​ഷ​കൾ​പോ​ലും ഭാ​ഷാ​വ്യ​ത്യാ​സ​ങ്ങ​ളിൽ നി​ന്നു​ണ്ടാ​കു​ന്ന പദാർ​ത്ഥ​പ​ര​മായ പൊ​രു​ത്ത​ക്കു​റ​വു​ക​ളിൽ​നി​ന്ന് വി​മു​ക്ത​മാ​വു​ക​യി​ല്ല.

വി​ശു​ദ്ധ ബൈ​ബി​ളി​ന്റെ പരി​ഭാ​ഷ​യിൽ​പോ​ലും പദാർ​ത്ഥ​പ​ര​മായ വ്യ​ത്യാ​സ​ങ്ങൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ‘ഈ നീ​തി​മാ​ന്റെ രക്ത​ത്തിൽ എനി​ക്കു കു​റ്റം ഇല്ല’ (I am innocent of the blood of this just man) എന്ന പി​ലാ​ത്തോ​സി​ന്റെ വി​ശ്രു​ത​വാ​ക്യ​ത്തി​ന്ന്, നമു​ക്കെ​ല്ലാം കു​റ​ച്ച് മന​പ്ര​യാ​സം തോ​ന്നു​മാ​റ്, പുതിയ ഇം​ഗ്ലീ​ഷ് പരി​ഭാ​ഷ​യിൽ മാ​റ്റം വന്നി​രി​ക്കു​ന്നു. ലണ്ട​നി​ലെ British and Foreign Bible Society-​ക്കാർ മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച ബൈ​ബി​ളി​ലു​ള്ള​തും നമ്മു​ടെ ഹൃ​ദ​യ​ങ്ങ​ളിൽ ആഴ​ത്തിൽ പതി​ഞ്ഞു​കി​ട​ക്കു​ന്ന​തു​മായ ഈ വാ​ക്യം അവ​രു​ടെ തന്നെ പുതിയ ഇം​ഗ്ലീ​ഷ് പരി​ഭാ​ഷ​യിൽ ‘ഈ മനു​ഷ്യ​ന്റെ രക്ത​ത്തിൽ എനി​ക്കു കു​റ്റ​മി​ല്ല’ (I am innocent of this man’s blood) എന്നാ​യി മാ​റി​യി​ട്ടു​ണ്ട്. കത്തോ​ലി​ക്കാ സഭ​യു​ടെ അം​ഗീ​കാ​ര​മു​ള്ള മോൺ​സി​ഞ്ഞോർ നോ​ക്സി​ന്റെ (Mgr. Knox) പുതിയ ഇം​ഗ്ലീ​ഷ് പരി​ഭാ​ഷ​യിൽ ഇത് ‘I have no part in the death of this innocent man’ എന്ന രൂ​പ​ത്തി​ലാ​ണു​ള്ള​ത്. നീ​തി​മാൻ (just man) നി​ര​പ​രാ​ധി (innocent man) ആയി മാ​റി​യി​രി​ക്കു​ന്നു. കേരള കത്തോ​ലി​ക്കാ ബി​ഷ​പ്പ്സ് കോൺ​ഫ​റൻ​സി​ന്റെ അം​ഗീ​കാ​ര​മു​ള്ള മലയാള പരി​ഭാ​ഷ​യിൽ ‘ഈ നീ​തി​മാ​ന്റെ രക്ത​ത്തിൽ എനി​ക്കു പങ്കി​ല്ല’ എന്ന് നമു​ക്ക് സു​പ​രി​ചി​ത​മായ ആദ്യ​രൂ​പം ഒരൊ​റ്റ വാ​ക്കി​ന്റെ വ്യ​ത്യാ​സ​ത്തോ​ടെ നി​ല​നിർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. പുതിയ ബൈബിൾ പരി​ഭാ​ഷ​ക​ളിൽ ഇതു​പോ​ലു​ള്ള ഭേ​ദ​ഗ​തി​കൾ പല​തു​മു​ണ്ട്.

വാ​ക്കു​ക​ളു​ടെ നാ​നാർ​ത്ഥ​മൂ​ല്യം (valeur polysemique) ആണ് വി​വർ​ത്ത​ന​ത്തി​ലെ മറ്റൊ​രു വൈ​ത​ര​ണി. നാ​നാർ​ത്ഥ​മൂ​ല്യ​ത്തി​ലൂ​ടെ മൂ​ല​ക​വി​ത​യ്ക്ക് അല്ലെ​ങ്കിൽ കവി​താ​സ​ന്ദർ​ഭ​ത്തി​ന് ഒന്നി​ലേ​റെ അർ​ത്ഥ​വി​താ​നം ഉണ്ടാ​യെ​ന്നു വരും. വാ​ല്മീ​കി രാ​മാ​യ​ണ​ത്തി​ലെ

‘രാമം ദശരഥം വി​ദ്ധിം
മാം വി​ദ്ധി ജന​കാ​ത്മക
അയോ​ദ്ധ്യാ​മ​ട​വിം വി​ദ്ധിം
ഗച്ഛ താത യഥാ​സു​ഖം’

എന്ന ശ്ലോ​കം പത്തി​ലേ​റെ അർ​ത്ഥ​ങ്ങ​ളിൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു കണ്ടി​ട്ടു​ണ്ട്. ഇതെ​ല്ലാം ഒരു പരി​ഭാ​ഷ​യിൽ എങ്ങ​നെ വരു​ത്താ​നാ​കും? ഇതി​നെ​ല്ലാം പു​റ​മെ​യാ​ണ് വാ​ച്യാർ​ത്ഥ​ത്തി​ന്ന​തീ​ത​മായ ഭാ​വാം​ശ​വു​മാ​യി ബന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ധ്വനി. ഇതും പല​പ്പോ​ഴും നഷ്ട​പ്പെ​ട്ടു​വെ​ന്നു വരും. റെ​മ്പോ​വി​ന്റെ ഒരു കവി​ത​യു​ടെ യാ​ഥാർ​ത്ഥ​മായ അർ​ത്ഥം എന്തെ​ന്ന ചോ​ദ്യ​ത്തി​ന് അദ്ദേ​ഹം നല്കിയ മറു​പ​ടി അർ​ത്ഥ​ഗർ​ഭ​മാ​ണ്: ‘അതെ​ന്താ​ണോ പറ​യു​ന്ന​ത് അതാണ് ഞാൻ പറ​ഞ്ഞി​ട്ടു​ള്ള​ത് — അക്ഷ​രാർ​ത്ഥ​ത്തി​ലും എല്ലാ അർ​ത്ഥ​ത്തി​ലും’ (J’ai voulu dire ce que ça dit, littéralement et dans tous les sens). പരി​ഭാ​ഷ​യു​മാ​യി ബന്ധ​പ്പെ​ട്ട ഈ പരി​മി​തി​ക​ളെ​ല്ലാം എല്ലാ ഭാ​ഷ​കൾ​ക്കു​മു​ണ്ട്. ‘ഇങ്ങു ഭാ​ഷ​യി​ത​പൂർ​ണ്ണം’ എന്ന​തു അങ്ങേ​യ​റ്റം വി​ക​സി​ച്ച ഭാ​ഷ​കൾ​ക്കും ബാ​ധ​ക​മാ​ണ്. മൂ​ല​കൃ​തി​യെ സ്വാം​ശീ​ക​രി​ച്ച് സ്വ​ഭാ​ഷ​യിൽ അതി​ന്റെ ഭാ​വാം​ശം, മൂ​ല​കൃ​തി​യു​ടെ വാ​ച്യാർ​ത്ഥ​ത്തി​ന്റെ പിൻ​ബ​ല​ത്തോ​ടെ, ആവി​ഷ്ക​രി​ക്കു​ന്ന​തി​ലാ​ണ് ഒരു പരി​ഭാ​ഷ​കൻ വി​ജ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന​ത്.

അസാ​മാ​ന്യ പ്ര​തി​ഭ​യു​ള്ള കവി​യും പരി​ഭാ​ഷ​യിൽ വേ​ണ്ട​ത്ര ശോ​ഭി​ച്ചി​ല്ലെ​ന്നു വരാം. മല​യാ​ള​ത്തിൽ ശാ​കു​ന്ത​ള​ത്തി​ന്റെ ഏറ്റ​വും മു​ന്തിയ തർ​ജ്ജമ വള്ള​ത്തോ​ളി​ന്റേ​ത​ല്ല​ല്ലോ, വി​ക്തോർ ഹ്യൂ​ഗോ​വി​ന്റെ കവി​ത​കൾ ഇം​ഗ്ലീ​ഷി​ലേ​യ്ക്ക് വി​ജ​യ​ക​ര​മാ​യി വി​വർ​ത്ത​നം ചെ​യ്തി​ട്ടു​ള്ള​ത് John L. O’Sullivan, Andrew Lang, H. Hooper എന്നി​ങ്ങ​നെ ഇം​ഗ്ലീ​ഷ് കാ​വ്യ​ലോ​ക​ത്തിൽ സ്വ​ന്തം നി​ല​യ്ക്കു സ്ഥാ​ന​മൊ​ന്നു​മി​ല്ലാ​ത്ത ചി​ല​രാ​ണ്. രണ്ടു വാ​ക്കു​ള്ള വരി​യിൽ ആരം​ഭി​ച്ച് കൂ​ടു​തൽ കൂ​ടു​തൽ പദ​ങ്ങ​ളോ​ടെ വരികൾ അനു​ക്ര​മ​മാ​യി വി​ക​സി​ച്ച് അതേ ക്ര​മ​ത്തിൽ സങ്കോ​ചി​ച്ച് പര്യ​വ​സാ​നി​ക്കു​ന്ന ഹ്യൂ​ഗോ​വി​ന്റെ ‘ജി​ന്നു​കൾ’ (Les Djinns) എന്ന അസാ​ധാ​ര​ണ​വും അതി​മ​നോ​ഹ​ര​വു​മായ കവി​ത​യ്ക്ക് അതേ ആരോ​ഹാ​വാ​രോ​ഹ​ക്ര​മ​ത്തിൽ John L. O’Sullivan വി​ര​ചി​ച്ച വി​വർ​ത്ത​നം വി​ഖ്യാ​ത​മാ​ണ്. ഫ്ര​ഞ്ച് കവി​താ​വി​വർ​ത്ത​ന​ത്തിൽ വിജയം വരി​ച്ച തോരു ദത്ത് (1856–1877) ഇവിടെ അനു​സ്മ​ര​ണാർ​ഹ​യാ​ണ്. കഴി​ഞ്ഞ നൂ​റ്റാ​ണ്ടിൽ ഇം​ഗ്ലീ​ഷി​ലും ഫ്ര​ഞ്ചി​ലും തുല്യ വൈ​ദ​ഗ്ദ്ധ്യ​ത്തോ​ടെ കവി​ത​ക​ളും കഥ​ക​ളും രചി​ച്ചു ലോ​ക​ത്തി​ന്റെ ആദ​ര​വാർ​ജ്ജി​ക്കേ മരണം പെ​ട്ടെ​ന്നു തട്ടി​ക്കൊ​ണ്ടു​പോയ ബം​ഗാ​ളി​ന്റെ ഈ പ്ര​തി​ഭാ​ശാ​ലി​നി​യായ പു​ത്രി ഇം​ഗ്ലീ​ഷി​ലേ​ക്കു വി​വർ​ത്ത​നം ചെയ്ത ഫ്ര​ഞ്ച് കവി​ത​ക​ളു​ടെ സമാ​ഹാ​രം — A Shief gleaned from the French fields — അക്കാ​ല​ത്ത് ഇന്ത്യ​യി​ലും യൂ​റോ​പ്പി​ലും പര​ക്കെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇപ്പ​റ​ഞ്ഞ പരാ​ധീ​ന​ത​കൾ​ക്കെ​ല്ലാം വി​ധേ​യ​മാ​ണ് ഏതു മി​ക​ച്ച പരി​ഭാ​ഷ​യും. ‘അപൂ​ണ്ണ’ ഭാ​ഷ​യു​ടെ അതി​രു​കൾ​ക്കു​ള്ളിൽ ആകാ​വു​ന്നേ​ട​ത്തോ​ളം കൃ​ത്യത പാ​ലി​ക്കു​ക​യെ​ന്ന​തേ ഒരു പരി​ഭാഷ കന്ന് ലക്ഷീ​ക​രി​ക്കാൻ ആവു​ക​യു​ള്ളൂ. ഈ കൃ​ത്യ​ത​യു​ടെ ഏറ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ്പ​രി​ഭാ​ഷ​യു​ടെ വി​ജ​യാ​പ​ജ​യ​ങ്ങൾ നിർ​ണ്ണ​യി​ക്കു​ന്ന​ത്.

ഒരു അന്യ​ഭാ​ഷാ​കൃ​തി വാ​യി​ച്ചാ​സ്വ​ദി​ക്കാൻ ആ ഭാ​ഷ​യ​റി​യാ​ത്ത സാ​ഹി​ത്യ​പ്രേ​മി​ക്ക് ആശ്ര​യി​ക്കാ​വു​ന്ന ദോഷം കു​റ​ഞ്ഞ ഉപാധി അതി​ന്റെ ആദ്യ​പ​രി​ഭാ​ഷ​യാ​ണെ​ന്ന​ത് നി​സ്തർ​ക്ക​മ​ത്രെ. ഒന്നാം തർ​ജ്ജ​മ​യിൽ സം​ഭ​വി​ക്കു​ന്ന​തി​നേ​ക്കാൾ കൂ​ടു​തൽ ചോർ​ച്ച തർ​ജ്ജ​മ​യു​ടെ തർ​ജ്ജ​മ​യിൽ സം​ഭ​വി​ക്കു​ന്ന വി​വർ​ത്ത​ന​ത്തി​ന്റെ ആവർ​ത്തി കൂ​ടു​ന്തോ​റും മൂ​ല​വു​മാ​യു​ള്ള അക​ലി​ച്ച കൂ​ടി​ക്കൂ​ടി വരും, പരി​ഭാ​ഷ​കൻ എത്ര പ്ര​ഗ​ത്ഭ​നാ​യാ​ലും. ഇപ്പ​റ​ഞ്ഞ​തു​കൊ​ണ്ട് ആദ്യ​പ​രി​ഭാഷ എല്ലാ​യ്പ്പോ​ഴും ദോഷം കു​റ​ഞ്ഞ​താ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. പരി​ഭാ​ഷ​യി​ലെ ദോ​ഷാ​ധി​ക്യം കാരണം പരി​ഭാ​ഷാ​പു​സ്ത​കം തന്നെ പിൻ​വ​ലി​ക്ക​പ്പെ​ട്ട ഒരു സംഭവം സാർ​വ​ദേ​ശീയ സാ​ഹി​ത്യ രം​ഗ​ത്ത് ഇയ്യി​ടെ ഉണ്ടാ​യ​ല്ലോ. പെൻ​ഗ്വിൻ പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക്കാർ പ്ര​ചാ​ര​ത്തിൽ നി​ന്ന് പിൻ​വ​ലി​ച്ച ടാഗോർ കഥ​ക​ളു​ടെ കാ​ര്യ​മാ​ണ് പറ​യു​ന്ന​ത്. ലണ്ടൻ സർ​വ്വ​ക​ലാ​ശാ​ല​യി​ലെ ബം​ഗാ​ളി പ്രൊ​ഫ​സർ William Radice ആണ് പര​ഭാ​ഷ​കൻ. അദ്ദേ​ഹം മു​മ്പ് ടാ​ഗോർ​ക്ക​വി​ത​കൾ തർ​ജ്ജമ ചെ​യ്തു പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. അന്നു പരാ​തി​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. പക്ഷെ ഇപ്പോ​ഴ​ത്തെ കഥാ​പ​രി​ഭാഷ അബ​ദ്ധ​ജ​ടി​ല​മാ​ണെ​ന്ന് ബം​ഗാ​ളി സാ​ഹി​ത്യ​ലോ​ക​ത്തിൽ ആക്ഷേ​പ​മു​യർ​ന്നു. ഇതി​നെ​ത്തു​ടർ​ന്നാ​ണ് പെൻ​ഗ്വിൻ കഥാ​ഗ്ര​ന്ഥം പിൻ​വ​ലി​ച്ച​ത്. വി​ചാ​രി​ച്ച​തി​ലും കൂ​ടു​തൽ തെ​റ്റു​കൾ തർ​ജ്ജ​മ​യിൽ വന്നു​പോ​യി​ട്ടു​ണ്ടെ​ന്ന് പ്രൊ​ഫ​സർ റാ​ഡി​സ് ഏറ്റു​പ​റ​യു​ക​യു​മു​ണ്ടാ​യി.

പരി​ഭാഷ ഏതു സാ​ഹി​ത്യ​ത്തി​ന്റെ​യും ഒരു ആവശ്യ ഘട​ക​മാ​ണെ​ന്ന​തിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​വി​ല്ല. പരി​ഭാ​ഷ​യു​ടെ തണ​ലി​ലാ​ണ് വി​ശ്വ​സാ​ഹി​ത്യം പു​ല​രു​ന്ന​ത്. ദേ​ശീ​യ​സാ​ഹി​ത്യ​ങ്ങ​ളെ അത് കൂ​ട്ടി​യി​ണ​ക്കു​ന്നു. പരി​ഭാ​ഷ​ക​രാ​ണ് വി​ശ്വ​സാ​ഹി​ത്യ​ത്തി​ന്റെ പ്ര​ചാ​ര​കർ. ഈ കാ​ര്യ​ങ്ങ​ളെ​ല്ലാം ഞാ​നി​വി​ടെ കു​റ​ച്ചൊ​ന്ന് വി​സ്ത​രി​ച്ചു പറ​ഞ്ഞി​ട്ടു​ള്ള​ത് ഈ ‘ഫ്ര​ഞ്ച് കവിത’ കളെ വി​ല​യി​രു​ത്തു​ന്ന​തിൽ ഇതെ​ല്ലാം വാ​യ​ന​ക്കാ​ക്കു പശ്ചാ​ത്തല വി​ഭ​വ​ങ്ങൾ ആക​ണ​മെ​ന്ന വി​ചാ​ര​ത്തോ​ടു​കൂ​ടി​ത്ത​ന്നെ​യാ​ണ്. ഈ വി​വർ​ത്തന സം​രം​ഭ​ത്തിൽ ഞാൻ ആരെ​യെ​ങ്കി​ലും മാതൃക ആക്കി​യി​ട്ടു​ണ്ടെ​ങ്കിൽ അത് മൂ​ന്നോ നാലോ ഇം​ഗ്ലീ​ഷ് കവി​ത​കൾ മാ​ത്രം മല​യാ​ള​ത്തി​ലേ​യ്ക്കു പരി​ഭാ​ഷ​പ്പെ​ടു​ത്തിയ വൈ​ലോ​പ്പി​ള്ളി​യെ​യാ​ണ്. ഷെ​ല്ലി​യു​ടെ Ode to a skylark എന്നു​ള്ള അദ്ദേ​ഹ​ത്തി​ന്റെ പരി​ഭാഷ (വാ​ന​ന്വാ​ടി​യോ​ട്) വി​ശേ​ഷി​ച്ചും എനി​ക്കു വി​വർ​ത്ത​ന​ത​ന്ത്ര​ത്തിൽ വെ​ളി​ച്ചം നല്കിയ ഒരു വഴി​വി​ള​ക്കാ​ണ്. അദ്ദേ​ഹ​ത്തി​ന്റെ മാതൃക അനു​സ​രി​ച്ച​തിൽ ഞാൻ വി​ജ​യി​ച്ചു​വോ എന്ന​ത് വേറെ കാ​ര്യം.

മൂ​ല​ക​വി​ത​ക​ളു​ടെ തല​ക്കെ​ട്ടു​കൾ ആധി​കാ​രി​ക​ത​യെ മുൻ​നിർ​ത്തി അതതു കൃ​തി​യു​ടെ ഒടു​വിൽ ഫ്ര​ഞ്ചിൽ തന്നെ കൊ​ടു​ത്തി​രി​ക്കു​ന്നു. ചിലത്, കൂ​ടു​തൽ സം​വേ​ദ​ന​ക്ഷ​മത കൈ​വ​രു​മെ​ന്നു കരുതി, പരി​ഭാ​ഷ​യിൽ ഭേ​ദ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആദ്യ​വ​രി തന്നെ തല​ക്കെ​ട്ടാ​യു​ള്ള കവി​ത​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് മി​ക്ക​വാ​റും ഈങ്ങി​നെ ചെ​യ്തി​ട്ടു​ള്ള​ത്.

കവി​ക​ളു​ടെ പട​ങ്ങ​ള​ധി​ക​വും എന്റെ മാ​ന്യ​സു​ഹൃ​ത്ത് കൊ​ല്ലേ​രി നാ​രാ​യ​ണ​ന്റെ ശ്ര​മ​ഫ​ല​മാ​യി പാ​രീ​സി​ലെ ഫ്ര​ഞ്ച് ദേശീയ ഗ്ര​ന്ഥ​ശാ​ല​യു​ടെ (Bibliotheque Nationale) ഫോ​ട്ടോ–കയ്യെ​ഴു​ത്ത് വി​ഭാ​ഗ​ത്തിൽ നി​ന്ന് പി​ടി​പ്പ​തു പണ​ചി​ല​വിൽ ശേ​ഖ​രി​ച്ച​വ​യാ​ണ്. മറ്റു​ള്ളവ പ്രി​യ​ങ്ക​ര​നായ എം. മു​കു​ന്ദ​ന്റെ സഹ​ക​ര​ണ​ത്തോ​ടെ ദി​ല്ലി​യി​ലെ ഫ്ര​ഞ്ച് എം​ബ​സ്സി​യു​ടെ സാം​സ്കാ​രിക വകു​പ്പിൽ നി​ന്നാ​ണ് സമ്പാ​ദി​ച്ച​ത്. ഫെ​ലി​ക്സ് അർ​വേ​റി​ന്റെ​തും ലൂയി മെൻ​സി​യെ​യു​ടേ​തു​മൊ​ഴി​കെ, മറ്റെ​ല്ലാ​വ​രു​ടേ​യും പടം കൊ​ടു​ക്കാൻ കഴി​ഞ്ഞ​ത് വലി​യൊ​രു കാ​ര്യ​മാ​യി ഞാൻ കണ​ക്കാ​ക്കു​ന്നു. വി​ക്തോർ ഹ്യൂ​ഗോ​വി​ന്റെ രണ്ടു പട​ങ്ങ​ളു​ണ്ട്. അർ​വേ​റി​ന്റേ​യും മെർ​സി​യേ​യു​ടേ​യും പട​ങ്ങൾ കി​ട്ടാ​നി​ല്ല.

പല കവി​ക​ളു​ടേ​യും പേ​രു​കൾ ഫ്ര​ഞ്ചു​ച്ചാ​ര​ണ​ത്തിൽ മല​യാ​ള​ത്തി​ലെ​ഴു​തുക ദു​ഷ്ക​ര​മ​ത്രെ. ഫ്ര​ഞ്ചു​ച്ചാ​ര​ണ​വു​മാ​യി ഏറ്റ​വും അടു​ത്ത് നി​ല്ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പേ​രു​കൾ എഴു​തി​യി​ട്ടു​ള്ള​ത്. Victor Hugo-​വിന്റെ പേർ വി​ക്തോർ ഹ്യൂ​ഗോ എന്ന് കൊ​ടു​ത്തി​ട്ടു​ള്ള​ത് ശരി​യ്ക്കു പറ​ഞ്ഞാൽ ശരി​യ​ല്ല. ഫ്ര​ഞ്ചിൽ ‘H‘ നി​രു​ച്ചാ​ര​ണ​മാ​ണ്. വി​ക്തോ​റ്യൂ​ഗൊ എന്നേ ഫ്ര​ഞ്ചു​കാ​രൻ പറ​യു​ക​യു​ള്ളൂ. പക്ഷെ വള​രെ​ക്കാ​ല​മാ​യി ‘ഹ്യൂ​ഗൊ’ മല​യാ​ള​ത്തിൽ ലബ്ദ​പ്ര​തി​ഷ്ഠ​നാ​ണ്. പേരും കു​ടും​ബ​പ്പേ​രും കൂ​ട്ടി​ച്ചേർ​ത്തു വി​ക്തോ​റ്യൂ​ഗൊ എന്നെ​ഴു​തി​യാൽ ആളാ​രെ​ന്ന് വാ​യ​ന​ക്കാർ​ക്കു സംശയം തേ​ാ​ന്നാ​നി​ട​യു​ണ്ടെ​ന്ന് ഞാൻ ആശ​ങ്കി​ച്ചു. അതു​കൊ​ണ്ട് ഹ്യു​ഗൊ​വി​നെ അന​ക്കി​യി​ല്ല. ഹാംറി ദ് റെ​ഞ്ഞി​യെ​യു​ടെ പേരും ഇങ്ങ​നെ​ത​ന്നെ. കവി​ത​കൾ​ക്കു കൽ​പി​ക്ക​പ്പെ​ട്ട അനു​ക്ര​മ​ത്തി​ന്ന് കവി​ക​ളു​ടെ ജീ​വി​ത​കാ​ല​മാ​ണ് അവ​ലം​ബ​നം.

എന്റെ ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ലെ ഈ സാ​ഹി​ത്യ സം​രം​ഭ​ത്തി​ന് ധാർ​മ്മി​ക​സ​ഹാ​യം നല്കി​യ​വ​രെ​ല്ലാം എനി​ക്ക് പ്രി​യ​പ്പെ​ട്ട​വ​രും വേ​ണ്ട​പ്പെ​ട്ട​വ​രു​മാ​ണ്. പതി​വിൻ പടി പേ​രെ​ടു​ത്തു പറ​ഞ്ഞു​കൊ​ണ്ടു​ള്ള ഒരു കൃ​ത​ജ്ഞ​താ​പ്ര​ക​ട​നം, അനാ​വ​ശ്യം മാ​ത്ര​മ​ല്ല അനു​ചി​തം കൂ​ടി​യാ​കു​മാ​റ്, ഞങ്ങ​ളു​ടെ സൗ​ഹൃ​ദം എല്ലാ ഔപ​ചാ​രി​ക​ത​കൾ​ക്കും അതീ​ത​മാ​യി​ട്ടു​ള്ള​താ​ണെ​ന്നു​മാ​ത്രം പറ​ഞ്ഞു​കൊ​ള്ള​ട്ടെ.

മം​ഗ​ലാ​ട്ട് രാഘവൻ

Colophon

Title: French Poems (ml: ഫ്ര​ഞ്ച് കവി​ത​കൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മം​ഗ​ലാ​ട്ട് രാഘവൻ, ഫ്ര​ഞ്ച് കവി​ത​കൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 19, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.